വയനാട് വന്യജീവിസങ്കേതത്തിൽ ഏപ്രിൽ 11ന് ഉണ്ടായ കാട്ടുതീ കവർന്നത് 28 ഹെക്ടർ വനം. ഉണങ്ങിയ മൂളങ്കൂട്ടങ്ങളും അടിക്കാടുകളുമാണ് ഏറെയും കത്തിയമർന്നത്. സുൽത്താൻബത്തേരി റേഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ വനമേഖലയായ കാരശ്ശേരിയിലാണ് കാട്ടുതീ പടർന്നത്. രാവിലെ പത്ത് മണി മുതൽ നാല് മണി വരെയാണ് തീ ആളിക്കത്തിയത്. പ്രദേശത്തെ ആദിവാസികൾ നൽകിയ വിവരമനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ബത്തേരി ഫയർ ഫോഴ്സും എത്തി തീ അണയ്ക്കാൻ ശ്രമിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ കാരശ്ശേരി, കുമ്പുറംകൊല്ലി, കൊട്ടനോട്, വെള്ളക്കോട്, ഏഴേക്കർ, നാരകകൊല്ലി പ്രദേശങ്ങളിലേക്ക് തീ പടർന്നു. ഈ പ്രദേശങ്ങളിലെ ഉണങ്ങിയ മുളങ്കൂട്ടത്തിലേക്ക് അതിവേഗം തീ പടർന്നതാണ് ഇത്രയേറെ സ്ഥലം കത്തിയമരാൻ കാരണമായത്. കത്തിയമർന്ന മുളങ്കൂട്ടങ്ങൾ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റുണ്ടായാൽ ഇതിൽ നിന്ന് തീപ്പൊരി പാറി സമീപത്തെ മറ്റ് മുളങ്കൂട്ടങ്ങൾക്കും തീപിടിക്കാനുള്ള സാധ്യത ഏറെയാണ്. 2023 ഫെബ്രുവരിയിലും ഈ സ്ഥലത്തിനടുത്ത് മൂലങ്കാവ് ഓടപ്പള്ളം വനത്തിലുണ്ടായ അഗ്നിബാധയില്‍ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തിനശിച്ചിരുന്നു. 2019-ലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വടക്കനാട്, കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, ഏഴുചാല്‍കുന്ന്, പച്ചാടി, പള്ളിവയല്‍, പണയമ്പം, ചെതലയം പുല്ലുമല എന്നിവിടങ്ങളിൽ കാട്ടുതീ ഉണ്ടായി. ഏകദേശം 75 ഏക്കറില്‍ അടിക്കാടും മുളങ്കാടും അന്ന് ചാമ്പലായിരുന്നു. വേനൽ കടുത്തതും മഴ ഇല്ലാതായതും വയനാട് വന്യജീവി സങ്കേതത്തിന് എല്ലാ വർഷവും ഭീഷണിയായി മാറിയിരിക്കുകയാണ്.
എഴുത്തും ചിത്രങ്ങളും: വിജയൻ തിരൂർ