രാമന്റെ പേരിൽ ഇല്ലാതാകുന്ന രാജ്യം

രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ബോധപൂർവ്വം വിസ്മൃതിയിലാഴ്ത്തപ്പെടുന്നത് ചരിത്ര യാഥാർഥ്യങ്ങളാണ്. ചരിത്രത്തെ വളച്ചൊടിച്ചും തമസ്ക്കരിച്ചും മുന്നേറുന്ന ഹിന്ദുത്വ ശക്തികളെ നേരിടാൻ ചരിത്രത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ചരിത്രത്തിലെ ഇരുണ്ട ഏടുകൾ നമ്മൾ മറക്കാതിരിക്കേണ്ടതുണ്ട്. മുഗൾ രാജാവായ ബാബറിന്റെ നിർദ്ദേശപ്രകാരം 1528-ൽ നിർമ്മിച്ച മൂന്ന് താഴികക്കുടങ്ങളുള്ള ഒരു സ്മാരകമാണ് ബാബറി മസ്ജിദ്. പത്തൊൻപതാം നൂറ്റാണ്ട് മുതൽ, ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലമായ ഒരു ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമ്മിച്ചതെന്ന് ഒരു വിഭാഗം ഹിന്ദുക്കൾ അവകാശപ്പെടുന്നു. ആർ.എസ്.എസ്സുമായി ബന്ധമുള്ള ഹിന്ദുത്വ ദേശീയതാ പ്രസ്ഥാനമായ ഹിന്ദു മഹാസഭയിലെ അംഗങ്ങൾ 1949 ഡിസംബറിൽ മസ്ജിദിനുള്ളിൽ രാമന്റെ വിഗ്രഹം കടത്തിക്കൊണ്ടുപോയി. താമസിയാതെ, മസ്ജിദ് സർക്കാർ സീൽ ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ, ആർ.എസ്.എസ്സ്-അനുബന്ധ ഗ്രൂപ്പുകളിലെ അംഗങ്ങൾ സ്ഥലത്ത് ഒരു ക്ഷേത്രം സ്ഥാപിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി.

1949 ഡിസംബറിൽ ഹിന്ദുത്വ സംഘടനകൾ സ്‌പോൺസർ ചെയ്‌ത അക്രമികൾ അർദ്ധരാത്രി ബാബറി മസ്ജിദിൽ അതിക്രമിച്ച് കയറി രാമവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചതോടെ അരങ്ങേറിയ മതേതര ജനാധിപത്യത്തിനെതിരായ ഹീനമായ ഗൂഢാലോചനയുടെ പരിസമാപ്തിയാണ് അയോധ്യയിലെ രാമക്ഷേത്രം എന്ന് നമ്മൾ ഇന്ന് വിളിക്കുന്നത്. ആ സമയത്ത് കുട്ടിയായ രാമനെ ബാബറി മസ്ജിദിന്റെ അകത്ത് കണ്ടു എന്ന ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. മസ്ജിദിനുള്ളിലെ മുസ്ലീം പ്രാർത്ഥനകൾ നിർത്തി, തർക്കം പരിഹരിച്ചുകഴിഞ്ഞാൽ ഉടൻ പ്രാർത്ഥന പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് മുസ്ലീം പുരോഹിതനോട് അധികാരികൾ അന്ന് പറഞ്ഞെങ്കിലും അത് ഒരിക്കലും സംഭവിച്ചില്ല. ബാബറി മസ്ജിദിൽ കൊണ്ടുവച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അതിന് വിസമ്മതിച്ച മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കടങ്ങലത്തിൽ കരുണാകരൻ നായരാണ് (കെ.കെ നായർ) അവരെ അന്ന് സഹായിച്ചത്. കെ.കെ നായർ ജില്ലാ മജിസ്‌ട്രേറ്റായി വിരമിച്ച ശേഷം ജനസംഘം എം.എൽ.എയായി തന്റെ ഹിന്ദുത്വ ബന്ധം വെളിപ്പെടുത്തുകയുണ്ടായി.

എൽ.കെ.അദ്വാനിയുടെ രഥ യാത്ര, രാം കെ നാം ഡോക്യുമെന്ററിയിൽ നിന്ന്

മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ച അക്രമികളിൽ ഒരാളായ മഹന്ത് രാംസേവക്‌ദാസ് ശാസ്ത്രി (Mahant Ramsevakdas Shastry,) 1990-ൽ ഞങ്ങളോട് ക്യാമറയിൽ സംസാരിച്ചിരുന്നു (രാം കെ നാം ഡോക്യൂമെന്ററിയിൽ). 1949-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഒടുവിൽ, 1992 ഡിസംബർ 6ന് ബി.ജെ.പിയുടെയും ആർ.എസ്.എസ് അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കൾ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായി മസ്ജിദ് തകർക്കപ്പെട്ടു. കുറഞ്ഞത് 2,000 പേർ, കൂടുതലും മുസ്ലീങ്ങൾ, അതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളിൽ മരിച്ചു. 1992 ഡിസംബർ 7ന് ഫൈസാബാദിൽ ബാബറിയിലെ മുസ്ലീം പുരോഹിതന്റെ മകൻ കർസേവകരാൽ കൊലചെയ്യപ്പെട്ടു. കൂടാതെ പ്രത്യക്ഷപ്പെട്ടതുപോലെ തന്നെ നിഗൂഢമായി, ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ രാമ വിഗ്രഹങ്ങൾ അവിടെനിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. ആധുനിക ഇന്ത്യ കണ്ട വിഭാഗീയ സംഘർഷങ്ങളുടെ ഏറ്റവും ഹീനമായ അധ്യായങ്ങളിലൊന്നാണത്.

രാം കെ നാം, പോസ്റ്റർ

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അവിടെ കൊണ്ടുവച്ച രാമ വിഗ്രഹം അപ്രത്യക്ഷമായി എന്ന് പറഞ്ഞല്ലോ. അതിനുശേഷം പുതിയ വിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചു. ഇപ്പോൾ വീണ്ടും പുതിയ വിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അപ്പോൾ വിഗ്രഹങ്ങൾക്കൊന്നും യാതൊരു വിശുദ്ധിയും ഇല്ല എന്നതാണ്. ഓരോ ആവശ്യങ്ങൾക്കായി കൊണ്ടുവയ്ക്കുകയും എടുത്തുകൊണ്ടുപോവുകയും ചെയ്യുന്ന ഒന്ന്. അതായത് രാമക്ഷേത്ര നിർമ്മാണത്തിനും അതിന്റെ ഉദ്ഘാടനത്തിനും മതവുമായി ഒരു ബന്ധവുമില്ല. തികച്ചും രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് ഭൂരിപക്ഷം സാധാരണ ജനങ്ങളും മനസിലാക്കുന്നില്ലന്നേയുള്ളൂ.

ഉത്തരവാദിത്തം മറന്ന മതേതര പ്രസ്ഥാനങ്ങൾ

ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കുന്നതിന്റെ ചരിത്ര മുഹൂർത്തങ്ങളെ രേഖപ്പെടുത്തിയ എന്റെ ഡോക്യുമെന്ററി ആയിരുന്നു രാം കെ നാം. വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് അത് മുന്നോട്ടുവയ്ക്കുന്നു.1990 കളിൽ നിർമ്മിച്ച ഡോക്യുമെന്ററി ഇപ്പോഴും പ്രസക്തമായിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്നതാണ്. ആ ചിത്രത്തിന്റെ പ്രസക്തി ഈ കാലത്ത് പൂർണ്ണമായും നഷ്ടപ്പെടണമായിരുന്നു. 1991 ൽ പൂർത്തിയാക്കിയ ആ ചിത്രം ദൂരദർശനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളിലെക്ക് എത്തിക്കേണ്ടതായിരുന്നു. മതേതര സർക്കാർ എന്ന് അവകാശപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ആയിരുന്നു ആ ചിത്രം എല്ലാ ജനങ്ങളെയും കാണിക്കുക എന്നത്. ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ അവർക്ക് ശക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ അന്നത്തെ ഭരണകൂടം മുൻകൈ എടുത്ത് ജനങ്ങളിലെത്തിക്കണമായിരുന്നു. നിർഭാഗ്യവശാൽ അന്ന് ഭരിച്ച കോൺഗ്രസ് സർക്കാർ ‘രാം കെ നാം’ ടെലിവിഷനിൽ കാണിക്കാൻ ഭയപ്പെട്ടു. ഒടുവിൽ1995 ൽ കോടതി ഉത്തരവിലൂടെയാണ് ദൂരദർശനിൽ അത് സംപ്രേഷണം ചെയ്തത്. എന്റെ ചിത്രം ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിലുള്ള സൗഹാർദ്ദത്തിന് കളങ്കം ഏൽപ്പിച്ചേക്കാം എന്ന വിചിത്രവാദമാണ് അവർ അന്ന് പറഞ്ഞത്. അത് മനുഷ്യരെ കൂട്ടിയിണക്കുന്ന ചിത്രമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതേ മതേതര സർക്കാർ ചെയ്‌തത്‌ രാമായണം സീരിയൽ പ്രൈം ടൈമിൽ സംപ്രേഷണം ചെയ്ത് ജനങ്ങളെ കാണിക്കുകയായിരുന്നു. രാമജന്മ ഭൂമി മൂവ്മെന്റ് സജീവമാകുന്നതിനു മുമ്പ് അതിനുവേണ്ട സാംസ്ക്കാരിക പശ്ചാത്തലം ഒരുക്കുകയാണ് അതിലൂടെ ചെയ്തത്. നമ്മൾ ഇന്ന് കാണുന്ന ഹൈന്ദവ ഫാസിസം എങ്ങനെ നമ്മുടെ രാജ്യത്ത് ശക്തിയാർജ്ജിച്ചു എന്ന് പറയാനാണ് ഞാൻ ഈ കാര്യങ്ങൾ പറഞ്ഞത്.

കർസേവകർ അയോധ്യയിൽ,‍ രാം കെ നാം ഡോക്യുമെന്ററിയിൽ നിന്ന്

രാഷ്‌ടീയം എങ്ങനെയാണ് മതത്തെ ഹൈജാക്ക് ചെയ്‍തത് എന്നതിന്റെ പശ്ചാത്തലമാണ് ഞാൻ പരാമർശിച്ചത്. രാമജന്മഭൂമി മൂവ്മെന്റിന് രാമനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അത് രാഷ്ട്രീയ അധികാരം നേടാനുള്ള കുറുക്കുവഴി മാത്രമായിരുന്നു. ജനാധിപത്യത്തിലും നീതിയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും രാം കെ നാം പോലുള്ള സിനിമകൾ ഗൗരവത്തിലെടുക്കാനോ ഭൂരിപക്ഷ വർഗീയതയെ ഫലപ്രദമായി നേരിടാനോ തയ്യാറാകാത്തതിന്റെ പരിണിതഫലമാണ് ഇന്ന് നമ്മൾ ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം വലതുപക്ഷ വർഗീയ ശക്തികൾ എല്ലാ ടൂളുകളും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ വലതുപക്ഷ രാഷ്ട്രീയത്തിന് നമ്മുടെ രാജ്യത്ത് ഇത്രയും മേൽക്കൈ നേടാൻ കഴിയുമായിരുന്നില്ല.

രാം കേ നാം, ഡോക്യുമെന്ററി കാണാം

ഇതിഹാസത്തെ യാഥാർഥ്യമാക്കുന്ന രാഷ്ട്രീയം

രാമന്റെ കഥ ഒരു ഇതിഹാസ വൃത്തമാണ്. അതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. വാല്മീകി രചിച്ച രാമായണം ഭൂരിപക്ഷം ജനങ്ങൾക്കും അജ്ഞാതമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തുളസീദാസ് രചിച്ച രാമചരിത മാനസം ആണ് ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് രാമനെ പരിചയപ്പെടുത്തിയത്. ബാബർ ബാബരി മസ്ജിദ് നിർമ്മിക്കുന്ന പതിനാറാം നൂറ്റാണ്ടിൽ വളരെ അപൂർവ്വം രാമക്ഷേത്രങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പള്ളിയുടെ സ്ഥാനത്ത് അമ്പലം ഉണ്ടായിരുന്നു എന്നുള്ള കഥകളൊക്കെ പിന്നീട് ഉണ്ടാക്കിയെടുത്തതാണ്. രാം കെ നാം ഡോക്യുമെന്ററിയിൽ കർസേവകരോടും മത പുരോഹിതരോടും രാമന്റെ ജനന കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും ചോദിക്കുന്നുണ്ട്. അവർ ആയിരക്കണക്കിനെന്നും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പെന്നും ത്രേതായുഗത്തിലെന്നും മറ്റുമാണ് മറുപടി പറഞ്ഞത്. അതായത് ചരിത്രം രേഖപ്പെടുത്തുന്ന കാലത്തിനും മുമ്പാണ് രാമന്റെ ജനനം എന്ന്. ഇങ്ങനെയുള്ള പല അസംബന്ധങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത്രയും വലിയ രാഷ്ട്രീയ മുതലെടുപ്പും തട്ടിപ്പും ചില രാഷ്ട്രീയകക്ഷികൾ നടത്തുന്നത്. ജനങ്ങളുടെ വിശാസത്തെ ആരും ചോദ്യം ചെയ്യുന്നില്ല. വിശ്വാസമുള്ളവർ രാമനെ ആരാധിക്കട്ടെ. എന്നാൽ വിശ്വാസത്തെ ചരിത്ര യാഥാർഥ്യങ്ങളുമായി കൂട്ടിക്കെട്ടരുത്. പുരാവസ്തു ഗവേഷണത്തിൽ രാമന്റെ ജന്മ സ്ഥലവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും തന്നെ ഇല്ല. ബുദ്ധ കാലഘട്ടത്തിൽ സാകേത് എന്നറിയപ്പെട്ട സ്ഥലമാണ് ഇന്നത്തെ അയോധ്യ.

ഇസ്ലാമിക പൈതൃകത്തിന് കൂടുതൽ ഭീഷണി

അയോധ്യയിലെ സംഭവങ്ങൾ മറ്റിടങ്ങളിലും സമാനമായ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ, ഒന്നിലധികം ഇസ്ലാമിക പൈതൃക കേന്ദ്രങ്ങൾ, പ്രത്യേകിച്ച് പള്ളികൾ, ഹിന്ദു ദേശീയവാദികളുടെ ഭീഷണിയിലാണ്. 2019-ന്റെ തുടക്കത്തിൽ, ഉത്തർപ്രദേശിലെ ഒരുകൂട്ടം ആളുകൾ നന്ദിയുടെ പ്രതിമ (പുരാതന ഹിന്ദു ഗ്രന്ഥമനുസരിച്ച് ശിവന്റെ വാസസ്ഥലത്തേക്കുള്ള പ്രവേശനത്തിന് കാവൽ നിൽക്കുന്ന ഒരു കാളയുടെ പ്രതിമ) കാശി വിശ്വനാഥ ക്ഷേത്രവുമായി അതിർത്തി പങ്കിടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജ്ഞാൻവാപി മസ്ജിദിന് (Gyanvapi mosque) സമീപം കുഴിച്ചിടാൻ ശ്രമിച്ചു. സമാന രീതിയിൽ 2023 സെപ്തംബറിൽ, മധ്യപ്രദേശിലെ കമൽ മൗല പള്ളിയുടെ (Kamal Maula mosque) പരിസരത്ത് ഹിന്ദു ദേവതയായ സരസ്വതിയുടെ വിഗ്രഹം സ്ഥാപിക്കാൻ ശ്രമിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ജ്ഞാൻവാപി മസ്ജിദ്

2022-ൽ, ഉത്തർപ്രദേശ് സംസ്ഥാനത്തെ ബൗഡൗണിലെ (Budaun) 800 വർഷം പഴക്കമുള്ള ദേശീയ പൈതൃക കേന്ദ്രമായ ഷംസി ജുമാ മസ്ജിദ് (Shamsi Jama mosque) പത്താം നൂറ്റാണ്ടിലെ തകർക്കപ്പെട്ട ശിവക്ഷേത്രത്തിന്മേൽ പണിത നിയമാനുസൃതമല്ലാത്ത ആരാധനാലമാണെന്ന് ആരോപിച്ച് ഹിന്ദു മഹാസഭയുടെ പിന്തുണയുള്ള ഒരു പ്രാദേശിക കർഷകൻ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതേവർഷം തന്നെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു ഹൈവേയിൽ ഉണ്ടായിരുന്ന 300 പഴക്കമുള്ള മുസ്ലീം പള്ളി നശിപ്പിക്കപ്പെട്ടു. 2023 ജനുവരിയിൽ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തിലെ പതിനാറാം നൂറ്റാണ്ടിലെ ഷാഹി മസ്ജിദ്, റോഡ് വീതി കൂട്ടൽ പദ്ധതിയുടെ പ്രകാരം ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. ഏറ്റവും ഒടുവിൽ, 2023 ഡിസംബർ 24ന്, ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (NDMC) മുഗൾ കാലഘട്ടത്തിലെ നിർമ്മിതിയായ സുനെഹ്‌രി ബാഗ് മസ്ജിദ് (Sunehri Bagh mosque ) പൊളിക്കുന്നതിന് നഗര വികസന മന്ത്രാലയത്തിന്റെ പൈതൃക സംരക്ഷണ സമിതിക്ക് (HCC) അപേക്ഷ നൽകിയതായി വാർത്ത വന്നു.

രാമൻ കണ്ണ് തുറക്കുമ്പോൾ

1990 കളിൽ ആസുരമായ വർഗീയത വ്യാപകമായി ഉണ്ടായിരുന്നത് മധ്യവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ ആയിരുന്നു. എല്ലാ വിഭാഗങ്ങളുമായി ജീവിതം പങ്കിട്ടിരുന്ന സാധാരണ ജനങ്ങൾക്കിടയിൽ അത് ആഴത്തിലുള്ള സ്വാധീനം ഉണ്ടാക്കിയിരുന്നില്ല. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് രാം കെ നാം പോലുള്ള ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ പറ്റുമെന്ന് തന്നെ തോന്നുന്നില്ല. അന്ന് പ്രതികരിച്ച പോലെ ആളുകൾ തുറന്ന മനസോടെ പ്രതികരിക്കണം എന്നില്ല. അന്ന് ഫൈസാബാദിലൊക്കെ ഹിന്ദുക്കളും മുസ്ലിങ്ങളും അയൽപക്കക്കാരായി കഴിഞ്ഞിരുന്നു. അവർ പരസ്പരം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയും ഭക്ഷണം ഒന്നിച്ച് കഴിക്കുകയും ചെയ്തിരുന്നു. ആ ജീവിതം ഇന്ന് അവിടെ കാണാൻ സാധ്യമല്ല. വർഗീയത മനുഷ്യ മനസുകളെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. ഇത് ഉത്തരേന്ത്യയിൽ വളരെ പ്രബലമാണ്.

ആനന്ദ് പട്‌വർദ്ധൻ

നമ്മുടെ ദേശം പഴയ ഇന്ത്യ അല്ല. ഇന്ന് നിർമ്മാണം പൂർത്തിയാകാത്ത രാമക്ഷേത്രത്തിനുള്ളിൽ ശ്രീരാമന്റെ പുതിയ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ജനുവരി 22 ന് മതേതര ജനാധിപത്യ രാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി പുതിയ രാമ വിഗ്രഹത്തിന്റെ കണ്ണുകൾ തുറക്കും. എന്നാൽ നിർല്ലജ്ജമായ കീഴടങ്ങലിലേക്ക് വ്യവസ്ഥാപിതമായി ഹിപ്നോട്ടിസ് ചെയ്യപ്പെടുന്ന ഒരു രാജ്യത്തിന്റെ കണ്ണ് ആരാണ് തുറക്കുക?

(തയ്യാറാക്കിയത്: എ.കെ ഷിബുരാജ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read