അച്ചടിയിൽ നിന്നും ഡിജിറ്റൽ ലിപികളിലേക്ക് വ്യാപിച്ചിരിക്കുന്നു മലയാളം. ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും വെബ് പോർട്ടലുകളും ഉൾപ്പെടെ പല പ്രതലങ്ങളിൽ ഇന്ന് മലയാളം വായിക്കപ്പെടുന്നു. ഡിജിറ്റൽ മലയാളത്തിന്റെ എഴുത്തും പ്രസാധനവും വായനയും അച്ചടിയിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും വായനയെ അത് എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും അന്വേഷിക്കുകയാണ് ഈ വായനവാരത്തിൽ കേരളീയം.
ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം – 4
മലയാളത്തിലെ ക്വിയർ നോവലുകളെ ആസ്പദമാക്കിയാണ് ഞാന്‍ എന്റെ പി.എച്ച്.ഡി ഗവേഷണവിഷയം തിരഞ്ഞെടുത്തത്. വളരെ മുന്നേ തന്നെ ക്വിയര്‍ സാഹിത്യം എന്റെ സ്വകാര്യ ഗവേഷണത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുകൂടിയാണ് പി.എച്ച്.ഡി.ക്ക് ഈ മേഖലയെ ആസ്പദമാക്കി ഗവേഷണ വിഷയം തിരഞ്ഞെടുത്തതും. മലയാളത്തില്‍ എത്രത്തോളം ക്വിയര്‍ സാഹിത്യമുണ്ട് എന്ന ചോദ്യം ഇടയ്ക്കിടെ കേള്‍ക്കുന്ന ഒരാളാണ് ഞാന്‍. ‘ആവശ്യത്തിന്’ എന്ന് പലരോടും ഒറ്റവാക്കില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഓരോരുത്തരോടും വിശദീകരിക്കേണ്ടതിന്റെ മടുപ്പ് കൊണ്ടാണത്. എല്‍.ജി.ബി.ടി.+ സാഹിത്യവും ക്വിയര്‍ സാഹിത്യവും തമ്മില്‍ വ്യത്യാസമുണ്ട്, അത് വിശദീകരിക്കാതെ ‘ക്വിയര്‍ മലയാള സാഹിത്യം’ എന്തെന്ന് വെളിപ്പെടുത്താന്‍ പറ്റില്ല എന്നതും വായനയ്ക്ക് ലിസ്റ്റ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തില്‍ മാത്രം ക്വിയര്‍ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരോട് വിശദമായി മറുപടിപറയാതിരിക്കാൻ കാരണമാകാറുണ്ട്. അങ്ങനെയാണ് ഫേസ്ബുക്കിൽ ക്വിയര്‍ സാഹിത്യത്തെ കുറിച്ച് വല്ലപ്പോഴുമൊക്കെയായി എഴുതി തുടങ്ങുന്നത്. തോന്നുമ്പോഴും, സമയം കിട്ടുമ്പോഴുമെല്ലാം എഴുതിയിടാറുണ്ട്. എഴുതിയേതീരൂ എന്ന നിർബന്ധം എനിക്കില്ല. എഴുതാനും, എഴുതാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് സോഷ്യൽ മീഡിയ എഴുത്തിന്റെ സുഖം.
എല്‍.ജി.ബി.ടി+ രാഷ്ട്രീയം സ്വത്വരാഷ്ട്രീയത്തില്‍ ഊന്നിനില്‍ക്കുന്ന ഒന്നാണ്. എല്‍.ജി.ബി.ടി.+ സാഹിത്യസങ്കല്‍പ്പത്തില്‍ അതുകൊണ്ടുതന്നെ നിശ്ചിതസ്വത്വങ്ങള്‍ സ്വയം കല്‍പ്പിച്ച മനുഷ്യരുടെയും അത്തരം സ്വത്വപ്രകാശനത്തിന്റെയും മാര്‍ഗങ്ങള്‍ ആരായുന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ആണുള്ളത്. എന്നാല്‍ ക്വിയര്‍ സാഹിത്യം സ്വത്വരാഷ്ട്രീയത്തെ വലിയൊരു പരിധി വരെ നിരാകരിക്കുകയും മനുഷ്യരെ നിശ്ചിത സ്വത്വങ്ങളില്‍ തളച്ചിടുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. സ്ത്രീക്കും പുരുഷനും പുറമേ സ്വത്വങ്ങളുണ്ട് എന്ന നിലപാട് എല്‍.ജി.ബി.ടി.+ രാഷ്ട്രീയവും സാഹിത്യവും പുലര്‍ത്തുമ്പോള്‍ മനുഷ്യര്‍ ഒരു വര്‍ണരാജിയില്‍ എന്ന പോലെ ലൈംഗികതയും പ്രണയവും ജെന്‍റര്‍ ബോധവും ഉള്ളവരാണ്, കാലവും സംസ്കാരവും സാഹചര്യവും മാറുന്നതിന് അനുസരിച്ച് അവയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ മാറി വരും എന്ന നിലപാട് ക്വിയര്‍ പുലര്‍ത്തുന്നു. ഈ രീതിയില്‍ ക്വിയര്‍ രാഷ്ട്രീയ അവബോധം സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നു. പുറമേ ഉള്ളവരെ നവീകരിക്കുക എന്നതിനേക്കാള്‍ ‘എല്‍.ജി.ബി.ടി.+ മനുഷ്യരില്‍ ക്വിയര്‍ അവബോധം ഉണ്ടാവുക എന്നതാണ് എന്റെ സോഷ്യല്‍ മീഡിയ സങ്കല്‍പ്പത്തിലെ പ്രധാനസമീപനം.
ഇന്റര്‍നെറ്റിന്റെ പ്രചാരം ആണ് ആഗോള എല്‍.ജി.ബി.ടി.+ മനുഷ്യര്‍ക്കും ക്വിയര്‍ മനുഷ്യര്‍ക്കും ഇടയില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കിയത്. പുതിയ ഒരു ജീവിതം സാധ്യമാണെന്നും, ഒറ്റക്കല്ലെന്നും തിരിച്ചറിയാൻ സോഷ്യൽ മീഡിയയിലൂടെ ക്വിയർ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. വിർച്വലായ ഒരു കമ്യൂണിറ്റിയുടെ ഭാഗമാകാൻ സോഷ്യൽ മീഡിയ കാരണമായി. 2000ങ്ങളില്‍ ചാറ്റ്റൂമുകള്‍ വഴി ആരംഭിച്ച ക്വിയര്‍ വിര്‍ച്വല്‍ കൂടിച്ചേരലുകള്‍ ഇന്ന് വിവിധ സോഷ്യല്‍ മീഡിയകളില്‍ എത്തി നില്‍ക്കുന്നു. കേരളത്തിനും, ഇന്ത്യയ്ക്കും അപ്പുറം പല രാജ്യങ്ങളിലുമുള്ള സഹൃദയരുമായുള്ള സംവാദങ്ങൾക്ക് സോഷ്യൽ മീഡിയ സഹായിച്ചിട്ടുണ്ട്. ഇത്തരം സംവാദങ്ങൾ പലരിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ക്വിയർ ജീവിതം ഒരു പാശ്ചാത്യ ഇറക്കുമതിയല്ല, ഇവിടെ മുമ്പും ഇത്തരം മനുഷ്യരുണ്ട്, ആ മനുഷ്യർക്ക് ജീവിതാനുഭവങ്ങളുണ്ട്, ഇതൊരു മോഡേൺ അർബൺ കാര്യമല്ല. അല്ലാത്ത ഇടങ്ങളിലും ക്വിയർ മനുഷ്യരുണ്ട് എന്നെല്ലാം അറിയിക്കുന്ന തരത്തിൽ ഒരുപാട് ആളുകൾ വന്നിട്ടുണ്ട്. അതിന് ഒരു മാധ്യമമായി സോഷ്യൽ മീഡിയ പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം പല ഡിജിറ്റൽ പോർട്ടലുകളിലും കൗതുക വാർത്തകൾ എന്ന നിലക്കാണ് ക്വിയർ സംബന്ധമായ വാർത്തകൾ കൊടുക്കാറുള്ളത്. വളരെ കുറച്ചു മാത്രമെ പോസിറ്റീവ് ആയ വാർത്തകൾ വന്നു തുടങ്ങിയിട്ടുള്ളു. ക്വിയർ ഫോബിക്ക് ആയ മനുഷ്യരുടെ കമന്റുകളും ചർച്ചകളും കൂടുതൽ റീച്ചിന് കാരണമാകും എന്നു മനസ്സിലാക്കിക്കൊണ്ട് അത്തരത്തിൽ ഫോബിക്ക് ആയ ആളുകൾ കമന്റ് ചെയ്യുന്ന തരത്തിലുള്ള ടൈറ്റിലും, ക്ലിക്ക് ബെയ്റ്റും, ഫോട്ടോസും ഒക്കെയായിട്ടാണ് പല ഓൺലൈൻ പോർട്ടലുകളും ക്വിയർ വാർത്തകൾ പ്രസിദ്ധീകരിക്കാറുള്ളത്. പോസിറ്റീവ് റിപ്പോർട്ടുകളിൽ പോലും ഈ രീതി കണ്ടുവരാറുണ്ട്. അച്ചടി മാധ്യമങ്ങൾ അവരുടെ ഇടങ്ങൾ പരസ്യങ്ങൾ കിട്ടുന്ന രീതിക്കും പരസ്യങ്ങൾ നഷ്ടപ്പെടാത്ത രീതിക്കും ഇപ്പോഴും കൊണ്ടുപോകുന്നുണ്ട്. അച്ചടിമാധ്യമങ്ങൾ ക്വിയർ വിഷയങ്ങളെ ഇപ്പോഴും ഗൗരവത്തോടെ അവതരിപ്പിച്ചു തുടങ്ങിയിട്ടില്ല. വളരെ കുറച്ചു മാത്രമാണ് അച്ചടിമാധ്യമങ്ങളിൽ അത്തരം വിവരങ്ങളും വാര്‍ത്തകളും ഉണ്ടാവുന്നത്. തീരെ കാണാതിരുന്ന ഒരിടത്തു നിന്നും ക്വിയർ ജീവിതങ്ങളെ പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യുന്നതും, പ്രൈഡ് മാസത്തിൽ കുറച്ചു പേരെങ്കിലും ആർട്ടിക്കിൾ എഴുതുന്നതും ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സ്വന്തം ജീവിതത്തിലൂടെ തന്നെ ക്വിയർ മനുഷ്യർ ഇത്തരം സംവാദങ്ങളെ ലൈവായി നിലനിർത്തുന്നുണ്ട്.
പ്രൈഡ് എന്ന ആശയം കേരളത്തില്‍ ഇന്ന് കാണുന്നപോലെ പ്രചരിക്കുന്നതിനും, പ്രൈഡ് മാസത്തിൽ നിരവധി പരിപാടികൾ നടക്കുന്നതിനും പ്രധാന കാരണം സോഷ്യൽ മീഡിയ തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിട്ടുള്ള പ്രേക്ഷകരും ചർച്ചകളും തന്നെയാണ് ഈ മുന്നേറ്റത്തിനു കാരണം. ലോക്ഡൗൺ കാലത്തെ പ്രൈഡ് മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ പരിപാടികൾ നടന്നത്. അതെല്ലാം ഓൺലൈനിലായിരുന്നു. ഒരുപാട് പേർക്ക് അതിൽ പങ്കെടുക്കാനും കഴിഞ്ഞു. പുതിയ പുതിയ ശബ്ദങ്ങൾ ഉയർന്നു വന്നു, ഒരുപാട് അഭിപ്രായങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. അതിന്റെ തുടർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. അന്നുണ്ടായ ചർച്ചകൾ വികസിക്കുന്നുണ്ട്. പ്രൈഡും, അതിന്റെ രാഷ്ട്രീയവും ഇത്രയേറെ ചർച്ചയാവുന്നത് സോഷ്യൽ മീഡിയയിലൂടെ ക്വിയർ ആയ മനുഷ്യർ നടത്തിയ സംവാദങ്ങളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയുമാണ്.
എന്നാൽ സ്ത്രീ വിഷയങ്ങളെ കുറിച്ച് ഇത്രയും കാലം സംസാരിച്ചിട്ടും സത്രീ വിരുദ്ധരായ നിരവധി ആളുകളുണ്ട്. അധ്യാപകർ തൊട്ട് സാംസ്കാരിക നായകന്മാരിൽ വരെ എല്ലാ വിഭാഗത്തിൽ നിന്നുള്ള ആളുകളിലും അതുണ്ട്. ഇപ്പോഴും സാംസ്കാരിക നായകന്മാർ എന്നേ നമുക്ക് പറയാൻ കഴിയുന്നുള്ളു. സാംസ്കാരിക നായികമാർ എന്നു പോലും നമ്മുടെ പൊതു ഇടത്തിൽ കേട്ടു തുടങ്ങിയിട്ടില്ല. സ്ത്രീവിരുദ്ധമായ അഭിപ്രായങ്ങൾ പറയുന്ന സാംസ്കാരിക നായികമാർ പോലും ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. അതിനാൽ പൊതു ഇടത്തിൽ ഇത്തരം പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല. മാറ്റമുണ്ടാകുന്നത് എപ്പോഴും ഒരു ന്യൂനപക്ഷത്തിന് മാത്രമായിരിക്കും. ആ ന്യൂനപക്ഷം എല്ലാ കാലത്തുമുണ്ട്. എല്ലാവരും ഒരു വിഷയത്തിന്റെ പേരിൽ ചലനാത്മകമായി മാറുന്ന ഒരനുഭവം സാധാരണമല്ല, ഒരു ഫാസിസ്റ്റ് ഗവൺമെന്റ് വരുമ്പോഴൊക്കെയെ അത്തരം ഒരനുഭവം ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം, ജനാധിപത്യം നിലനിൽക്കുന്ന ഒരിടത്തിൽ ഓരോരുത്തരും ഓരോ വിശ്വാസങ്ങൾ പുലർത്തുന്നവരായിരിക്കും. മറ്റൊരാളുടെ ജീവിതത്തെ പ്രശ്നകരമായി ബാധിക്കാത്തിടത്തോളം ആ സംവാദങ്ങൾ നടക്കട്ടെ. എന്നാൽ സോഷ്യൽ മീഡിയയിലെ ക്വിയർ ഫോബിക്കായ പോസ്റ്റുകളും കമന്റുകളും ചർച്ചകളുമെല്ലാം ക്വിയർ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതൊന്നും കേൾക്കേണ്ട ബാധ്യത ഒരു ക്വിയർ മനുഷ്യനും ഇല്ല. തങ്ങളുടേതല്ലാത്ത ജീവിതത്തെ കുറിച്ച് വളരെ വെറുപ്പ് കലർത്തുന്ന രീതിയിൽ പറഞ്ഞിട്ടു പോകുന്നവർക്ക് അത് ഒരു നിമിഷത്തെ കാര്യമാണ്. അത് വായിക്കുന്നവരിലുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ഞാൻ അത്തരം കാര്യങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാനാണ് ശ്രമിക്കാറ്. അത്തരം സംവാദങ്ങളോട് എനിക്ക് താത്പര്യമില്ല. സംവാദങ്ങളിൽ ഒരു എതിർവാദമുണ്ട്. അവരുടെ എതിർവാദത്തിന് എതിരെ പറഞ്ഞ് ജയിച്ച് അവരെ തോൽപ്പിക്കുവാൻ എനിക്ക് യാതൊരു താത്പര്യവുമില്ല. അവരുടെമേൽ എന്റെ വാദം സ്ഥാപിക്കേണ്ട ഒരാവശ്യവും എനിക്കില്ല.
സോഷ്യൽ മീഡിയയിലെ ക്വിയർ ഫോബിക്ക് കമന്റുകളോട് രാഷ്ട്രീയപരമായ പ്രതിപക്ഷ ബഹുമാനം എനിക്കില്ല, അതിന്റെ ആവശ്യവുമില്ല. ചർച്ചകളിൽ മാത്രമെ ഞാൻ പങ്കെടുക്കാറുള്ളൂ. ക്വിയർ വിഷയങ്ങൾ, സ്ത്രീ വിഷയങ്ങൾ, ദലിത് വിഷയങ്ങൾ അങ്ങനെയുള്ള ന്യൂനപക്ഷങ്ങളുടേതായിട്ടുള്ള വിഷയങ്ങളിൽ കൂടുതൽ എതിർപ്പും കൂടുതൽ വെറുപ്പും വളരെ കുറച്ച് അംഗീകാരവുമാണ് ലഭിക്കാറ്. ഡിസബിലിറ്റി വിഷയങ്ങളില്‍ സഹതാപവും. ക്വിയർ വിഷയങ്ങളിൽ ഉള്ള എതിർപ്പ് വളരെ കൂടുതലാണ്. അത് സ്വന്തം അനുഭവങ്ങളിൽ നിന്നു തന്നെ എനിക്ക് അറിയാവുന്നതാണ്. അതിന്റെ സിദ്ധാന്തം, സാഹിത്യം, ജീവിതാനുഭവങ്ങൾ, ക്വിയർ ആയിട്ടുള്ള ആളുകളുടെ നിലനിൽപ്പ്, രാഷ്ട്രീയം ഇതെല്ലാം തന്നെ എതിർക്കുന്ന ആൾക്കൂട്ടം ഇപ്പോഴുമുണ്ട്, എപ്പോഴുമുണ്ട്, എല്ലായിടത്തുമുണ്ട്. ഏറ്റവും പുരോഗമിച്ച രാജ്യം എന്നു പറയുന്നിടത്തുതൊട്ട് പുരോഗമിക്കാത്ത രാജ്യങ്ങൾ എന്നു പറയുന്നിടത്തു വരെ വലിയ വ്യത്യാസമില്ല. സോഷ്യൽ മീഡിയിയിലൂടെ കുറച്ചൊക്കെ മാറ്റങ്ങളുണ്ടായി എന്നു പറയുമ്പോഴും എതിർപ്പ് സൂക്ഷിക്കുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞിട്ടില്ല. വ്യക്തിപരമായി ഞാൻ അത്തരം വിഷയങ്ങളോട് പ്രതികരിക്കാറില്ല എന്നു മാത്രമല്ല എന്റെ പ്രൊഫൈലിൽ നിന്നും അവ നീക്കം ചെയ്യാറുമുണ്ട്. എന്റെ ഇടങ്ങളിൽ വെറുപ്പ് സൂക്ഷിക്കാൻ ഞാൻ ആരെയും അനുവദിക്കാറില്ല.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഞാൻ വായിക്കാൻ ആഗ്രഹിക്കുന്നതും ഫോളോ ചെയ്യുന്നതുമായ എഴുത്തുകൾ കഥകളോ പുസ്തകങ്ങളോ ഒന്നും എഴുതിയിട്ടില്ലാത്ത സ്വന്തം ജീവിതാനുഭവങ്ങൾ എഴുതുന്നവരെയാണ്. നല്ല വായനയുള്ള ആളുകളുടെ അഭിപ്രായങ്ങളും, വായനാ ഗ്രൂപ്പുകളിലെ ചർച്ചകളും, രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭ്രപായങ്ങളുള്ളവരെയും അതോടൊപ്പം ശ്രദ്ധിക്കാറുണ്ട്. അനാവശ്യമായ എഴുത്തുകൾ വന്നു കുമിയുന്ന ഒരിടത്ത് ആവശ്യമായവ തിരഞ്ഞെടുത്ത് വായിക്കുക എന്നുള്ളതാണ് സോഷ്യൽ മീഡിയയിലെ വായനയുടെ വെല്ലുവിളി. എല്ലാവരും ‘പൊട്ടന്‍ഷ്യല്‍’ എഴുത്തുകാരായ ഒരിടത്ത് ആരോടും എഴുതരുതെന്നോ ഞാൻ എഴുതുന്നത് എല്ലാവരും വായിക്കണമെന്നോ പറയാനാവില്ല. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമെ വഴിയുള്ളൂ. അതേസമയം അഭിപ്രായ പ്രകടനങ്ങളെ മുൻനിർത്തിയും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ സോഷ്യൽ മീഡിയയിലുണ്ട്. ഞാൻ എന്റെ ഇടത്തിൽ എനിക്കിഷ്ട്ടമുള്ളത് എഴുതും അത് സ്വീകാര്യമല്ലാത്തവർ അതു വായിക്കുകയും അഭിപ്രായം പറയുകയും വേണ്ട എന്ന നിലപാടുള്ളവരും പൊതുവിടത്തിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തിന് ആർക്കും എന്തും അഭിപ്രായം പറയാം എന്ന നിലപാടുള്ളവരും തമ്മിലുള്ള ഇടർച്ചകൾ തുടർച്ചയായി നടക്കുന്ന ഒരിടം കൂടിയാണിത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ ജനാധിപത്യം നമ്മൾ ഇതുവരെ പഠിച്ചിട്ടുള്ള രാഷ്ട്രീയ ബോധത്താൽ മാത്രം അഭിസംബോധനം ചെയ്യാനാവുന്നതല്ല.
ഏകോപനം : ആദിൽ മഠത്തിൽ