ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നതായി അറിയിച്ചുകൊണ്ട് കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത് നവംബര്‍ 18നാണ്. പുതിയ ഉത്തരവ് പ്രകാരം 2011 ഒക്ടോബർ 25ന് ശേഷം ജനിച്ചവരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല. 2005 ഒക്‌ടോബർ 25ന് കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചതായും കീടനാശിനിയുടെ വിനാശകരമായ ഫലങ്ങൾ ആറുവർഷമേ നിലനിൽക്കൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. ന്യൂഡൽഹി എയിംസ്, ബാംഗ്ലൂർ നിംഹാൻസ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, വെല്ലൂർ സി.എം.സി ന്യൂറോളജിസ്റ്റ് ഉൾപ്പെടെ ഒമ്പതംഗ ഡോക്ടർമാരുടെ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
ഉത്തരവിലെ മാനദണ്ഡങ്ങള്‍/മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതികമായി ബാക്കി നില്‍ക്കുന്നത് എങ്ങനെയെല്ലാമാണ് എന്നതിനെ കുറിച്ച് പല പഠനങ്ങളിലും വ്യത്യസ്തമായ ഫലങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ സാധ്യമായ നിലനില്‍പ് ആറു വര്‍ഷങ്ങളാണ് എന്നാണ്. 2005 ഒക്ടോബർ 25ന് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ നിരോധനം പരിഗണിച്ചാല്‍, പരിസ്ഥിതിയില്‍ എന്‍ഡോസള്‍ഫാന്റെ നിലനില്‍പ് 2011 ഒക്ടോബർ 25 വരെ മാത്രമാണ്. അതിനാല്‍, 1980 മുതല്‍ 2011 വരെ ഈ കാലയളവില്‍ ഈ പ്രദേശത്ത് ജീവിച്ചവരോ ഗര്‍ഭാവസ്ഥയില്‍ അതിനോട് സമ്പർക്കത്തിൽ വന്നവരോ ‘എക്‌സ്‌പോസ്ഡ്’ എന്ന് നിര്‍വ്വചിക്കപ്പെടും.
എന്ഡോസള്ഫാന് ഇരകളെ തിരിച്ചറിയുന്നതിനായി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗും, ഡിസബിലിറ്റി ബോഡുമായി സഹകരിച്ചുകൊണ്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി എക്‌സ്‌പേര്‍ട്ട് പാനലിന്റെ നേതൃത്വത്തില്‍ വിശദ പരിശോധനയും നടത്തേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താനുള്ള സ്‌ക്രീനിംഗിനായി അല്‍ഗോരിതം തയ്യാറാക്കിയിട്ടുണ്ട്. അഞ്ചോളം രോഗാവസ്ഥകള്‍ വെച്ചാണ് അല്‍ഗോരിതം തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് അനുസരിച്ചാണ് സ്‌ക്രീനിംഗ് നടക്കുക എന്നും രോഗാവസ്ഥകള്‍ ഏതെന്ന് ഉത്തരവിന്റെ പൂര്‍ണരൂപത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉത്തരവിന്റെ സംഗ്രഹത്തിൽ പറയുന്നു. ഉത്തരവിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തിരഞ്ഞെങ്കിലും അത് ലഭ്യമായില്ല.
ഈ ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവുമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ 2023 ഡിസംബർ 1ന് പ്രതിഷേധിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതയും ഡിസബിലിറ്റി അവകാശ പ്രവർത്തകയുമായ ആയ മുനീസ അമ്പലത്തറ ഈ ഉത്തരവിനോട് ഇപ്രകാരം പ്രതികരിച്ചു.
“2017ലെ ക്യാംപിൽ 1905 പേരെ കണ്ടെത്തുകയും പിന്നീട് പട്ടിക വെട്ടിച്ചുരുക്കുകയും ചെയ്തപ്പോൾ 1031 പേർ പട്ടികയിൽ ഉൾപ്പെടാതെ പോയി. അവരെ കൂടി എടുക്കുക എന്ന ആവശ്യമുന്നയിച്ചാണ് ഡിസംബർ എട്ടാം തീയ്യതി സെക്രട്ടേറിയേറ്റ് പടിക്കൽ മാർച്ച് നടത്താൻ തീരുമാനിച്ചത്. അതിന് മുമ്പായി ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിക്ക് പ്രതിഷേധം നടത്തേണ്ടിവന്ന സാഹചര്യം ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയതോടെയാണ് ഉണ്ടായത്. 2011ന് ശേഷം ജനിച്ചവർ ആരും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടേണ്ടതില്ല എന്ന രീതിയിൽ ആണ് ഉത്തരവ്. അതിനൊരു കാരണമായി പറയുന്നത്, 2005ൽ കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചു. ആറുവർഷം മാത്രമേ എൻഡോസൾഫാന്റെ കെടുതികൾ ഉണ്ടാവൂ. അങ്ങനെ വരുമ്പോൾ 2011ന് ശേഷമുള്ളവർ ലിസ്റ്റിൽ വേണ്ടതില്ല എന്നാണ്. പക്ഷേ കാസർഗോഡ് ജില്ലയിൽ ഏതാണ്ട് 1998ൽ തന്നെ എൻഡോസൾഫാൻ നിരോധിച്ചിരുന്നു. അതുകഴിഞ്ഞ് 2005ൽ പൂർണമായും എൻഡോസൾഫാന് നിരോധനം ഏർപ്പെടുത്തി. അങ്ങനെ നോക്കിയാൽ 2006ന് ശേഷം ജനിച്ചവരൊന്നും ലിസ്റ്റിൽ ഉൾപ്പെടേണ്ടവർ അല്ല എന്നുവേണമെങ്കിൽ പറയാം. ആ രീതിയിൽ ഈ ഉത്തരവ് വലിയ പ്രശ്നമുണ്ടാക്കും. 2009ൽ ആണെന്നാണ് ഓർക്കുന്നത്, അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ ഉത്തരവ് പ്രകാരം തലമുറകളോളം ഇതിന്റെ കെടുതികൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അങ്ങനെ രണ്ടുരീതിയിലുള്ള ഉത്തരവുകളിറക്കിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ഞങ്ങൾക്കറിയില്ല.
2012ൽ ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ, അന്നത്തെ സർക്കാർ ഒരു ഉത്തരവ് ഇറക്കിയിരുന്നു. കൊടുത്തുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടെ എല്ലാം അഞ്ചുവർഷം കൊണ്ട് നിർത്തിവെക്കും എന്നാണ് ആ ഉത്തരവിൽ പറഞ്ഞിരുന്നത്. അതിനെതിരെ പീഡിത ജനകീയ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആ ഉത്തരവ് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധമൊക്കെ നടത്തിയിരുന്നു. അന്ന് ഞങ്ങളുടെ കൂടെനിന്ന്, അത് തെറ്റാണ്, തലമുറകളോളം ഇതിന്റെ കെടുതികൾ ഉണ്ടാകും എന്ന് വാദിക്കുകയും വേദികളിൽ പ്രസംഗിക്കുകയും ചെയ്തവർ അധികാരത്തിൽ വരുമ്പോൾ അഭിപ്രായം മാറ്റുന്നത് ഞങ്ങൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കുക എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.” മുനീസ പറഞ്ഞു.
“ഒരുപാട് കുഞ്ഞുങ്ങൾ പട്ടികയ്ക്ക് പുറത്താകും, ചികിത്സയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾ – ആനുകൂല്യങ്ങൾ എന്ന് ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തൊരാളാണ് ഞാൻ, അവകാശങ്ങൾ എന്നേ പറയുകയുള്ളൂ – കിട്ടുന്ന കുട്ടികളും പട്ടികയ്ക്ക് പുറത്താകും. 2012ന് ശേഷം ജനിച്ച, 2013ലെ മെഡിക്കൽ ക്യാമ്പിലും 2017ലെ ക്യാമ്പിലുമായി ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളുണ്ട്, ഇനിയും ലിസ്റ്റിൽ പെടേണ്ടതായ കുട്ടികൾ ഉണ്ട്. 2010ലെ ക്യാംപിൽ 20,000ത്തോളം അപേക്ഷകളാണ് വന്നിട്ടുള്ളത്. അതിൽ നിന്നും 4182 പേരെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20,000 പേരെയും പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അതിന്റെ മാനദണ്ഡങ്ങൾ അവരാണ് തീരുമാനിക്കുന്നത്. 2011ൽ വന്നപ്പോൾ 1318 പേരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി. അന്നും പതിനായിരക്കണക്കിന് അപേക്ഷകൾ വന്നിട്ടുണ്ടായിരുന്നു, ഞങ്ങളാരും പറഞ്ഞിട്ടില്ല ഈ മുഴുവൻ പേരെയും എടുക്കൂ എന്ന്. സർക്കാർ എടുത്ത പട്ടികയിൽ നമുക്ക് വിശ്വാസമാണ്. 2013ലെ ക്യാമ്പിൽ പതിനായിരക്കണക്കിന് അപേക്ഷകൾ ഉണ്ടായിരുന്നു, അന്നെടുത്തത് 348 പേരെ മാത്രമാണ്. അപ്പോഴും ഞങ്ങൾ ചോദിച്ചില്ല, എന്തുകൊണ്ടാണ് അത്രയും കുറച്ചുപേരെ ഉൾപ്പെടുത്തിയതെന്ന്. അപ്പോഴും സർക്കാരിനെ വിശ്വസിച്ചു. 2017ൽ ക്യാമ്പ് നടന്നപ്പോൾ 1905 പേരുടെ പട്ടിക തയ്യാറാക്കാൻ സെല്ലിൽ തീരുമാനമെടുക്കുന്നുവെന്ന് സെപ്തംബർ മാസത്തിൽ ഒരു പത്രവാർത്ത ഈ കണ്ടു. ഞാനന്ന് സെല്ലിൽ മെമ്പറാണ്. 1905 പേരെ എടുക്കും എന്നു പറയുമ്പോൾ നമ്മൾ ഒന്നും പറഞ്ഞില്ല. പക്ഷേ സെൽ യോഗം ചേർന്ന് പട്ടിക പുറത്തുവന്നപ്പോൾ 287 പേരായി ചുരുക്കി. 1905 പേരിൽ നിന്നും 287 പേരെ മാത്രമായി ചുരുക്കിയത് എന്തിന് എന്നായി പിന്നീട് ഞങ്ങളുടെ അന്വേഷണം. ആ ലിസ്റ്റ് നമുക്ക് കിട്ടി അത് പരിശോധിച്ചപ്പോൾ, കുട്ടികളെ പരമാവധി അതിൽനിന്നും ഒഴിവാക്കിയതായി കാണുന്നുണ്ട്. അതിൽത്തന്നെ ഒരു അട്ടിമറി സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ സംശയിക്കുന്നത്.”
ദുരിത ബാധിതർക്കുള്ള പട്ടികയിൽ രോഗികളെ ഉൾപ്പെടുത്തുന്നതിൽ തുടർച്ചയായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മുനീസ വിശദമാക്കി.
“1905 എന്നു പറഞ്ഞിട്ട് 287 ആക്കി ചുരുക്കിയതുകൊണ്ട് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വലിയരീതിയിലുള്ള പ്രക്ഷോഭം നടന്നു. അവർ 76 പേരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. 76 പേരെ എടുത്ത് പിന്നീട് നോക്കിയപ്പോഴും അതിനകത്ത് കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. വീണ്ടും തിരുവനന്തപുരത്ത് പ്രക്ഷോഭം നടത്തി, അതിന്റെ ഭാഗമായാണ് 511 പേരെ എടുക്കാൻ തീരുമാനിച്ചത്, ആ സമയത്ത് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം കിട്ടി. അന്ന് മുഖ്യമന്ത്രി പറഞ്ഞത് 18 വയസ്സിന് താഴെയുള്ളവരെ നമ്മൾ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തും, ബാക്കിവരുന്നവരെ അവരുടെ മെഡിക്കൽ രേഖ പരിശോധിച്ച് അർഹതയുണ്ടെങ്കിൽ ഉൾപ്പെടുത്തും എന്നാണ്. ഒരു വീട്ടിൽ തന്നെ ഒന്നിലധികം രോഗികളുണ്ടെങ്കിൽ, ഒരാളെ മാത്രമാണ് നിലവിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിൽ മറ്റുള്ളവരെയും ഉൾപ്പെടുത്തും എന്നും പറഞ്ഞു. സമരം വിജയിച്ചതായി പ്രഖ്യാപിച്ച് ഞങ്ങൾ തിരിച്ചുവന്നു. അതിനുശേഷം ഈ പറഞ്ഞതൊന്നും പാലിക്കപ്പെട്ടില്ല. പക്ഷേ 511 പേരെ പട്ടികയിൽ എടുക്കുകയും ചെയ്തു. അങ്ങനെ കുട്ടികളെ എടുത്ത ശേഷം ഇതിനൊരു മാനദണ്ഡം വെച്ചത് എന്തുകൊണ്ട്? ആനുകൂല്യങ്ങളൊക്കെ കൊടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല.
ഇനിയൊരു മെഡിക്കൽ ക്യാംപിന്റെ ആവശ്യകത എന്ത് എന്നാണ് എന്നാണ് ഇവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് അടക്കം ചോദിച്ചു. ക്യാമ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കുമ്പോൾ ഇത്തരം ഉത്തരവിറക്കി ആളുകളെ സമ്മർദ്ദത്തിലാക്കുക എന്നതായിരിക്കാം സർക്കാരിന്റെ തന്ത്രം. ഈ നിലയ്ക്ക് പോയാൽ ഈ അപേക്ഷകൾ പരിഗണിക്കപ്പെടാൻ സാധ്യതയില്ല. എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സെൽ രണ്ടുമാസത്തിലൊരിക്കൽ ചേരുന്ന പതിവുണ്ടായിരുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിൽപിന്നെ ഒന്നരവർഷം അത് പുനഃസംഘടിപ്പിച്ചിട്ടില്ല. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം മാറുമ്പോൾ അത് പൊളിക്കാറുണ്ടല്ലോ. രണ്ട് ദിവസം സെക്രട്ടേറിയേറ്റിൽ പോയി അവിടെ സമരം ചെയ്താണ് അത് പുനസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇന്നത്തെ സിപിഐഎം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് അന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹം ചെയർമാൻ ആയി സെൽ രൂപീകരിച്ചു, ഒരു തവണ യോഗം ചേർന്നു. പിന്നീട് നാലഞ്ചുമാസത്തേക്ക് യോഗം ചേർന്നില്ല. പിന്നെ വീണ്ടും സെല്ലിന് ചെയർമാൻ ഇല്ലാതായി അപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെയർമാൻ ആയിക്കൊണ്ട് സെൽ യോഗം ചേരാൻ തീരുമാനിക്കുന്നത്. 2023 ജനുവരി എട്ടാം തീയ്യതി സെൽ യോഗം ചേരുന്നു, ഡിസംബറിൽ പതിനൊന്ന് മാസങ്ങൾ പിന്നിടുകയാണ്. അന്നും പറഞ്ഞത് രണ്ടുമാസത്തിനുള്ളിൽ മെഡിക്കൽ ക്യാമ്പ് വയ്ക്കണം എന്നാണ്. മാസങ്ങളായി സെൽ യോഗമില്ല, സെൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനും ഉള്ളതല്ലേ?” മുനീസ ചോദിക്കുന്നു.
“മിനിസ്റ്റർ ചെയർമാനും കലക്ടർ കൺവീനറുമായ സെൽ ആണ്, അതിൽ നമ്മളെപോലുള്ളവർ മെമ്പർമാരാണ്, പഞ്ചായത്ത് പ്രസിഡന്റ് ഉണ്ട്, എം.പി ഉണ്ട്, അഞ്ച് എം.എൽ.എമാരുണ്ട്, സാമൂഹ്യപ്രവർത്തകരുണ്ട്. സെൽ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പോലും കാര്യമായി നമ്മുടെ പ്രശ്നങ്ങൾ പറയാറില്ല, മരുന്ന് ഇല്ലാതായാൽ ഒരു പഞ്ചായത്ത് പ്രസിഡന്റും എന്റെ പഞ്ചായത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നില്ല എന്ന് പറയുന്നതായി അറിവില്ല.” മുനീസ പറഞ്ഞു.
ഡിസംബര്‍ എട്ടിലെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും 1031 പേര്‍ പുറത്താക്കപ്പെട്ടതിനെതിരെ മാസങ്ങളായി സമരം നടക്കുന്നുണ്ട്. അവരെ പട്ടികയിലേക്ക് തിരിച്ചെടുക്കുക എന്ന ആവശ്യമുന്നയിച്ച് ഡിസംബർ 8ന് നടത്താനിരുന്ന മാര്‍ച്ചിലേക്ക് മറ്റൊരു ആവശ്യം കൂടി സമരസമിതിക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വന്നു, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുക എന്നത്.
സെക്രട്ടേറിയേറ്റ് മാര്‍ച്ചിനെത്തിയ എന്‍ഡോസള്‍ഫാന്‍ ബാധിതയായ ഒരു യുവതി, ആള്‍ക്കൂട്ടത്തില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും മാറി കണ്ണുകളടച്ച്, ഒരു ചുമല്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ചെവിയമർത്തി ഇരിക്കുകയാണ്. ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍ തുടര്‍ച്ചയായി അവരുടെ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കുന്നു. കൂടെയുണ്ടായിരുന്ന സഹോദരിയോട് ചോദിച്ചപ്പോള്‍ അറിഞ്ഞത്, അവര്‍ ശബ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ ചെവി പൊത്തുകയാണ് ചെയ്യുന്നത് എന്ന്.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ലിസ്റ്റിൽ ഉൾപ്പെടാതെ പോയ അഖിലും അമ്മ ഗീതയും സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തിരുന്നു. ചീമേനിയിൽ നിന്ന് ഷിജ എത്തിയത് ഓട്ടോ ഡ്രൈവറായ ഭർത്താവും രണ്ട് മക്കളെയും കൊണ്ടാണ്. പതിനാലാം വയസ് മുതൽ മുപ്പത്തിയഞ്ച് വയസ്സുവരെ ഷിജ വയറുവേദന അനുഭവിക്കുകയാണ്. 2012ലും 2017ലും മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്ത് എൻഡോസൾഫാൻ ബാധിതയായി ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട 1031 പേരിൽ ഒരാൾ ആണ് വേദന കാരണം ഉറങ്ങാൻ പറ്റാതായ ഷിജ. എൻമകജെയിൽ നിന്ന് വന്ന നാൽപ്പത്തിയെട്ടുകാരിയായ ചന്ദ്രിക ഏഴു മാസത്തോളം പെൻഷൻ മുടങ്ങിയ പ്രശ്‌നമാണ് ഉന്നയിച്ചത്. ചന്ദ്രികയുടെ കാഴ്ച്ചയെയും കൈകാലുകളെയും എൻഡോസൾഫാൻ ബാധിച്ചിട്ടുണ്ട്.
“ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ, അല്ലെങ്കില്‍ നീക്കങ്ങളെ അട്ടിമറിക്കാന്‍ പോകുന്നതാണ്.” എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു. “2011ന് ശേഷം ജനിക്കുന്ന കുട്ടികള്‍ ഇതില്‍ പെടില്ല എന്നതിന് കാരണമായി, 2005ല്‍ കേരള സര്‍ക്കാര്‍ എൻഡോസൾഫാൻ നിരോധിച്ചു, ആറുവര്‍ഷം കൊണ്ട് ഇതിന്റെ തിക്ത ഫലങ്ങള്‍ ഇല്ലാതാകും എന്ന് പറയുന്നത് അബദ്ധമാണ്. ഇത് മെഡിക്കല്‍ സയന്‍സിനോടുള്ള വെല്ലുവിളി എന്നുതന്നെ പറയാം. 2010ല്‍ നടക്കുന്ന ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം മുലപ്പാലിലൊക്കെ കണ്ടെത്തുന്നുണ്ട്, അതിന്റെ ഫലങ്ങള്‍ എത്രകാലം മുന്നോട്ടുപോകും എന്ന് നിര്‍വ്വചിക്കാന്‍ പറ്റില്ല. കർണ്ണാടകയിലെ ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ് പറയുന്നത് അടുത്ത അഞ്ച് തലമുറകളിലേക്ക് ഇതിന്റെ ഫലം പോകുമെന്നാണ്. 2011ന് ശേഷം ജനിച്ചവരും അല്ലെങ്കില്‍ 2005ന് ശേഷം ജനിച്ചവരും വരെ ഈ ഉത്തരവ് പ്രകാരം അനര്‍ഹരായിത്തീരും, അങ്ങനെ വന്നാല്‍ അവര്‍ പുറത്താക്കപ്പെടും. സര്‍ക്കാരിന് നഷ്ടം വരുന്നതിന്റെ ഭാഗമായാണ് ഇതൊക്കെ. 2017ലെ ഡി.വൈ.എഫ്.ഐയുടെ വിധിയില്‍ വളരെ കൃത്യമായി പറയുന്നത് ഈ പണം മുഴുവന്‍ കമ്പനിയോട് വാങ്ങാം എന്നാണ്. ആജീവനാന്തം ചികിത്സ കൊടുക്കാനുള്ള പണം കമ്പനിയോട് വാങ്ങാം, ഇനി കമ്പനിയില്‍നിന്ന് കിട്ടുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങാം. കേന്ദ്രത്തിലേക്ക് പോയി യാചിക്കേണ്ടതില്ല, സുപ്രീംകോടതിയില്‍ പോയാല്‍ മതി. കമ്പനികളുടെ താല്‍പര്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെ സുപ്രീം കോടതിയില്‍ പോലും പോകാതെ പട്ടിക അട്ടിമറിക്കാന്‍ നോക്കുന്നത്.” കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
പഠനങ്ങളുടെയും വിദഗ്ധരുടെയും കണ്ടെത്തലുകൾ
2010-ലാണ് ആദ്യം വിദഗ്ധ സമിതിയുടെ പഠനം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായി വിരമിച്ച ഡോ. ടി ജയകൃഷ്ണൻ, അന്ന് അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ഉദയഭാസ്കർ, ഡോ. ഗോപാലൻ എന്നിവരുൾപ്പെട്ടതായിരുന്നു സമിതി. ചീമേനിയിലും മുളിയാറിലും എൻമകജെയിലുമടക്കം ദുരിതബാധിതർ ഏറെയുള്ള ഗ്രാമങ്ങളിലെല്ലാം സഞ്ചരിച്ച് മണ്ണുംവെള്ളവും ദുരിതബാധിതരുടെ രക്തവും പരിശോധിച്ചു. ഇതിലെല്ലാം എൻഡോസൾഫാന്റെ അംശമുണ്ടെന്നാണ് അവർ കണ്ടെത്തിയത്. ഇതിന്റെ ഭവിഷ്യത്ത് വർഷങ്ങളോളം അനുഭവിക്കേണ്ടിവരുമെന്നാണ് സമിതിയംഗങ്ങൾ അന്ന് പറഞ്ഞിരുന്നത്. 2005 കഴിഞ്ഞ് പിന്നെയും അഞ്ചുവർഷത്തിന് ശേഷം പഠനം നടത്തിയ വിദഗ്ധ സമിതി ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുടെ രക്തം പരിശോധിച്ചാണ് എൻഡോസൾഫാന്റെ അളവുണ്ടെന്ന് പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നതിനായി ഇപ്പോൾ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ ഈ പഠനം വീണ്ടും ചർച്ചയാവുകയാണ്. പഠനത്തിന് നേതൃത്വം നൽകിയ കോഴിക്കോട് മെഡിക്കല്‍ കൊളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി ജയകൃഷ്ണന്‍ സർക്കാർ ഉത്തരവിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
“എന്‍ഡോസള്‍ഫാന്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് (POP) ആണ്. ഒരു ലെവലില്‍ കൂടുതലായാല്‍ മാത്രമേ അതിന് ടോക്‌സിസിറ്റി ഉള്ളൂ. എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് ഞാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതും ലിറ്ററേച്ചര്‍ പറയുന്നതും അത് പ്രത്യുല്‍പാദന കാലഘട്ടത്തിൽ അല്ലെങ്കില്‍ ഗര്‍ഭിണികളില്‍ കുട്ടികള്‍ എംബ്രിയോജെനിക് ആയ സമയത്താണെങ്കില്‍ കൂടുതല്‍ ജന്മവൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ്. ഉപയോഗിച്ചിരുന്ന കാലത്ത് ലഭ്യമായ ശാസ്ത്രീയ തെളിവുകള്‍ അങ്ങനെയാണ് പറയുന്നത്. കാസര്‍ഗോഡ് 2000ല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിയിട്ടുണ്ട്. 2005ല്‍ അത് പൂര്‍ണമായും നിരോധിച്ചിട്ടുമുണ്ട്. ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിയതുകൊണ്ട് അതിന്റെ ഇഫക്ട് കുറഞ്ഞുകുറഞ്ഞ് വന്നിട്ടുണ്ട്. ഗര്‍ഭിണികളിലും ചെറിയ കുട്ടികളിലും ശിശുക്കളിലുമാണ് അതിന്റെ എഫക്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഗര്‍ഭാവസ്ഥയിലുള്ളൊരാള്‍ ഇതുമായി എക്‌സ്‌പോസ്ഡ് ആവുന്നില്ല. ഇപ്പോഴത്തെ ഉത്തരവിൽ, 2011ല്‍ ഗര്‍ഭിണിയായിരുന്ന ഒരാള്‍ അതിനോട് എക്‌സ്‌പോസ്ഡ് ആവുന്നില്ല എന്ന് പറഞ്ഞത് അതുകൊണ്ടായിരിക്കും എന്നാണ് തോന്നുന്നത്. മുമ്പ് അതിന്റെ മാനദണ്ഡങ്ങള്‍ കൊടുക്കുന്ന കമ്മിറ്റികളില്‍ ഞാന്‍ ഉണ്ടായിരുന്നു, 2008ലും 2013ലും. വയസ്സ്, അസുഖങ്ങള്‍, പ്ലാന്റേഷന്‍ കോര്‍പറേഷനുമായുള്ള ദൂരപരിധി ഇതൊക്കെ നോക്കിയിട്ടാണ് എടുക്കേണ്ടത് എന്നെല്ലാം അതിൽ കൃത്യമായി പറയുന്നുണ്ട്. 2011ന് ശേഷം ജനിച്ചവര്‍ക്ക് അതിന്റെ എഫക്ട് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആ അര്‍ത്ഥത്തിലായിരിക്കും ഇതെന്നാണ് എന്റെ അനുമാനം. ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്, സാമൂഹ്യ സുരക്ഷാ വകുപ്പ് വഴി അത് നടത്തേണ്ടതാണ്.”
ഇതുവരെ നടന്ന പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും വിരുദ്ധമാണ് നിലവിലെ ഉത്തരവ് എന്നാണ് എൻഡോസൾഫാൻ ഇരകളുടെ സമരത്തിൽ പങ്കുചേരുന്ന സാമൂഹ്യപ്രവർത്തകൻ എൻ സുബ്രഹ്മണ്യൻ പറയുന്നത്. “കാലിക്കറ്റ് മെഡിക്കല്‍ കൊളേജിന്റെ പഠനം നടക്കുന്നത് തന്നെ 2010-11ലാണ്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയിട്ട് ഏതാണ്ട് പതിനൊന്ന് വർഷം കഴിഞ്ഞ്. മണിപ്പാല്‍ മെഡിക്കല്‍ കൊളേജിന്റെ ഒരു പഠനം 2003ലും 2006ലും നടക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടത്തിയ പഠനത്തിലും, അതിന് ശേഷം പത്തോ പതിനൊന്നോ വര്‍ഷത്തിന് ശേഷം നടത്തിയ പഠനത്തിലും പല സ്ഥലത്ത് നിന്നും എടുത്ത സാംപിളുകളില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടിട്ടുണ്ട്. അതിനര്‍ത്ഥം എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് ഇവര്‍ പറയുന്ന ശാസ്ത്രം എന്നത് നമ്മുടെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പൊരുത്തപ്പെടുന്ന ഒന്നല്ല എന്നാണ്. ശാസ്ത്രത്തിന്റെ നേരത്തെയുള്ള കണ്ടെത്തലിന് വിരുദ്ധമായൊരു റിസല്‍റ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ചാണ് ശാസ്ത്രം അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ട്രോപിക്കല്‍ കാലാവസ്ഥയില്‍ പന്ത്രണ്ട് ദിവസം കൊണ്ട് വിഘടിച്ചുപോകും എന്നു പറയുന്ന ഒരു കെമിക്കല്‍ ഈ പ്രദേശത്ത് വിഘടിക്കാതെ മണ്ണിലും ജലത്തിലും കണ്ടെത്തുന്നത് എന്നാണ് ശാസ്ത്രം അന്വേഷിക്കേണ്ടത്. പകരം ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇവരുടെ വാദം ഊന്നിപ്പറഞ്ഞ് ഈ അനുഭവത്തെ നിരാകരിക്കുകയാണ്. ശാസ്ത്രീയമായ ഒരുപാട് പഠനങ്ങള്‍ക്കുള്ള ലിവിങ് ലബോറട്ടറിയായി മാറിയ ഒരു പ്രദേശമാണ് എന്‍ഡോസള്‍ഫാന്‍ ഏരിയ. പക്ഷേ ആ രീതിയിലുള്ള ഒരു തുടര്‍പഠനവും ആ മേഖലയില്‍ നടന്നിട്ടില്ല, 2010-11ല്‍ പഠനം നടത്തിയ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് സംഘവും അതിന് ശേഷം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠന സംഘവും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് സ്ഥിരമായുള്ള ഇടവേളകളില്‍ ഇതിന്റെ റിവ്യൂ നടക്കണമെന്നാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തിന്റേത് അടക്കം നിരവധി പഠനങ്ങള്‍ നിരന്തര പഠനം നടത്തേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ അത്തരത്തില്‍ തുടര്‍പഠനങ്ങള്‍ നടത്താതെ,ഇതൊരു അടഞ്ഞ അധ്യായമാക്കാനുള്ള നിശബ്ദ ഗൂഢാലോചന എല്ലാ കാലത്തും എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ നടന്നിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാര്യത്തില്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തും അത് നടന്നിട്ടുണ്ട്. 2011ന് ശേഷവും, നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നടന്നിട്ടുണ്ട്. അതിലൊക്കെ തന്നെ പല രീതിയിലുള്ള ജനിതക പ്രശ്‌നങ്ങൾക്ക് എൻഡോസൾഫൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ തന്നെ ആണെന്ന് തോന്നുന്നു ഇത് നിരോധിക്കാന്‍ തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ അതിന്റെ ഉദ്ദേശങ്ങളില്‍ പറയുന്ന ഒരു കാര്യം, ആര്‍ക്ടിക് പ്രദേശങ്ങളിലും അന്റാര്‍ട്ടിക്കയിലും ഒക്കെ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം കണ്ടു എന്നാണ്. വളരെ ദൂരത്തില്‍ സഞ്ചരിച്ചെത്താനുള്ള ശേഷി ഇതിനുണ്ട്. അതുപോലെ ഈ പ്രദേശത്തെ കാലാവസ്ഥ, രാത്രിയിലും പകലും ഉള്ള അന്തരീക്ഷ ഊഷ്മാവിലെ വ്യത്യാസം, ഇതൊക്കെ എങ്ങനെയൊക്കെയാണ് എന്‍ഡോസള്‍ഫാന്റെ വ്യാപനത്തിന് കാരണമായിട്ടുള്ളത് എന്ന പഠനങ്ങളൊന്നും നടന്നിട്ടില്ല. വെള്ളത്തില്‍ ഇതിന്റെ ഹാഫ് ലൈഫിനെക്കുറിച്ച് പറയും, പക്ഷേ ആല്‍കഹോളില്‍ ഇതിന്റെ ഹാഫ് ലൈഫ് വളരെ കൂടുതലാണ് എന്ന് പഠനമുണ്ട്. ഞാന്‍ നിരീക്ഷിച്ചൊരു കാര്യമാണ്, ഇതൊരു പറങ്കിമാവ് തോട്ടമാണ്. ഈ പറങ്കിമാവ് തോട്ടത്തില്‍ ഉണ്ടാകുന്ന പറങ്കിമാങ്ങയൊന്നും പുറത്തേക്ക് കൊണ്ടുപോകുന്നില്ല. കശുവണ്ടി എടുത്തതിന് ശേഷം ഈ പറങ്കിമാങ്ങയെല്ലാം തോട്ടത്തില്‍തന്നെ കൂട്ടിയിടുകയാണ് ചെയ്യുക. ഇതില്‍ ആല്‍കഹോള്‍ ഫോര്‍മേഷന്‍ നടക്കും. ഇലകളിലും വെള്ളത്തിലുമൊക്കെ ആല്‍ക്കഹോള്‍ അംശം കൂടുതലായിരിക്കും. ഇതും പഠിക്കേണ്ടതാണ്. പലപ്പോഴും പറയുന്നത് എന്‍ഡോസള്‍ഫാന്‍ തളിച്ച മറ്റു പ്രദേശങ്ങളിലൊന്നും ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ്, ചായത്തോട്ടത്തില്‍ തളിക്കുന്നത് പോലെയല്ല ഒരു പറങ്കിമാവിന്‍ തോട്ടത്തില്‍ തളിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം. പറങ്കിമാവിന്റെ ഇലയ്ക്കും പ്രത്യേകതയുണ്ട്, പറങ്കിമാവിന്റെ ഇല തോട്ടങ്ങളില്‍ ഒരു ബെഡ് പോലെ കൂടിക്കിടക്കും. യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ കശുമാവിന്റെ ഇലകളില്‍ എന്‍ഡോസള്‍ഫാന്റെ ഹാഫ് ലൈഫ് എത്രയാണ് എന്ന് ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടുണ്ടാവില്ല. ലാബ് കണ്ടീഷനില്‍ ആണ് ഇവര്‍ പറയുന്ന പല കാര്യങ്ങളുടെയും അടിസ്ഥാനം. പക്ഷേ ലാബ് കണ്ടീഷന്‍ അല്ല നാച്വറല്‍ കണ്ടീഷന്‍. നാച്വറല്‍ കണ്ടീഷന്‍ തന്നെ ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഇങ്ങനെ ശാസ്ത്രത്തെ തന്നെ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയി വളരെ സൈറ്റ് സ്‌പെസിഫിക് ആയ പഠനം നടത്തേണ്ടുന്ന വലിയ ലിവിങ് ലബോറട്ടറിയായിരുന്നു യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങള്‍. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പ് ഇത്തരത്തിലുള്ള പഠനത്തിന്റെ പ്രൊപ്പോസല്‍ വച്ചിട്ടുണ്ടായിരുന്നു. ശാസ്ത്രം എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണ്. അറിയപ്പെടുന്ന വസ്തുതയ്ക്ക് വിരുദ്ധമായ ഡാറ്റ കിട്ടുകയാണെങ്കില്‍ അതിനെ വിശകലനം ചെയ്ത് നിഗമനങ്ങളിലേക്ക് എത്തുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി.” എന്‍ഡോസള്‍ഫാനെ വിഷയത്തിൽ തുടര്‍പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത സുബ്രഹ്‌മണ്യന്‍ വിശദമാക്കി.
മറ്റൊരു പ്രധാന പഠനം
2014ല്‍ കറന്റ് സയന്‍സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച Persistence of Endosulfan in Selected Areas of Kasaragod District, Kerala എന്ന, പി.എസ് ഹരികുമാര്‍, കെ ജെസിത, ടി മേഘ, കമലാക്ഷന്‍ കൊക്കാല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിലും വെള്ളത്തിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു. പഠനം മുന്നോട്ടുവെക്കുന്ന ചില നിരീക്ഷണങ്ങളും വസ്തുതകളും ഇങ്ങനെയാണ്: കീടനാശിനികളുടെ നശീകരണ തോത് അളക്കുന്നതിനായി പരിസ്ഥിതിയില്‍ അതിന്റെ തുടര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇവ പരിസ്ഥിതിയില്‍ നിന്നും അപ്രത്യക്ഷമാകുന്നത് നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ph, അന്തരീക്ഷ ഊഷ്മാവ്, പ്രകാശം, ഓക്‌സിജന്‍, നശീകരണ തോതിനെ മാറ്റാന്‍ കഴിവുള്ള ജൈവാംശത്തിന്റെ അളവ് എന്നിവ അതില്‍ ചിലതാണ്. ഹൈഡ്രോഫോബിക് സ്വഭാവം കാരണം മണ്ണില്‍ അലിഞ്ഞുകിടക്കാനുള്ള പ്രവണത എന്‍ഡോസള്‍ഫാനുണ്ട്. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റായി രൂപപ്പെടാനും സാധ്യത കൂടുതലാണ്. എന്‍ഡോസള്‍ഫാന്റെ അത്രയും തന്നെ വിഷലിപ്തവും അന്തരീക്ഷത്തില്‍ തുടരാന്‍ ശേഷിയുള്ളതുമാണ് എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും. ഭൂഗര്‍ഭജലത്തിലേക്കെത്താനും എന്‍ഡോസള്‍ഫാന് കഴിയും.”
ചൈന, പശ്ചിമ ബംഗാള്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മണ്ണില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യത്തെ പരാമര്‍ശിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന് മണ്ണില്‍ തുടരുവാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പേപ്പര്‍ പറയുന്നത്. കാസര്‍ഗോഡ് പതിനൊന്ന് പഞ്ചായത്തുകളില്‍ നാല് ഘട്ടങ്ങളിലായാണ് ഇവര്‍ പഠനം നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നപരിഹാര സെല്‍ അംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് സാമ്പിളുകൾ ശേഖരിക്കാനുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചത്.
2010ല്‍ 11 പഞ്ചായത്തുകളിൽ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്, മണ്ണ്, വെള്ളം, സെഡിമെന്റ് എന്നിവയാണ് പഠനത്തിനായി ശേഖരിച്ചത്. 2012 മാര്‍ച്ചില്‍ രണ്ടാംഘട്ട സാമ്പിളിംഗ് പഠനവും 2012 സെപ്തംബറില്‍ മൂന്നാംഘട്ട സാമ്പിളിംഗ് പഠനവും നടന്നു. മൂന്നു ഘട്ടങ്ങളിലും മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയതോടെ നാലാം ഘട്ട സാമ്പിളിംഗ് 2013 ഏപ്രിലിൽ നടത്തി. ഓരോ ഘട്ടത്തിലും ലഭ്യമായ മഴയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അംശം കുറഞ്ഞു വന്നതായും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്.
മണ്ണിലും സെഡിമെന്റിലും ഉള്ള എന്‍ഡോസള്‍ഫാന്‍ അംശത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് പഠനം നിരീക്ഷിക്കുന്നത് മണ്ണില്‍ എത്രത്തോളം എന്‍ഡോസള്‍ഫാന്‍ നിലനിലനില്‍ക്കുന്നു എന്നത് മണ്ണിലെ ജൈവിക ഘടകങ്ങളെ ആശ്രയിച്ചാണ് എന്നാണ്. മണ്ണിലെ ഓര്‍ഗാനിക് കാര്‍ബണിനോട് ഒട്ടിനില്‍ക്കാനുള്ള വലിയ പ്രവണത (binding tendency) എന്‍ഡോസള്‍ഫാന്‍ മോളിക്യൂളുകള്‍ കാണിക്കുന്നുണ്ട്. മണ്ണിലുള്ള കളിമണ്ണിന്റെ അംശവും എന്‍ഡോസള്‍ഫാന്‍ മോളിക്യൂളുകളെ ഇളക്കാനാകാത്തവിധം ഉറപ്പിക്കുന്നു (immobilize) എന്നും പഠനം നിഗമനത്തിലെത്തുന്നു.
പഠനത്തിന് നേതൃത്വം നൽകിയ Centre for Water Resources Development and Management (CWRDM)ലെ ശാസ്ത്രജ്ഞൻ പി.എസ് ഹരികുമാര്‍ പഠനത്തെക്കുറിച്ച് വിശദമാക്കി. “കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫണ്ട് ചെയ്തിട്ടാണ് അങ്ങനെയൊരു പ്രൊജക്ട് ചെയ്തത്. തുടര്‍ന്ന് അത് ഫോളോഅപ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം സാമ്പിളിംഗ് ചെയ്തപ്പോള്‍ പല സ്ഥലത്തും എന്‍ഡോസള്‍ഫാന്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ ഘട്ടത്തില്‍ കുറവാണ് കണ്ടെത്തിയത്, മൂന്നാം ഘട്ടത്തില്‍ വളരെ കുറച്ച് സാമ്പിളുകളിലാണ് എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം കണ്ടെത്തിയത്. ഇങ്ങനെയൊരു പഠനം ആരോഗ്യപ്രവര്‍ത്തകരോ മെഡിക്കല്‍ കൊളേജിലുള്ളവരോ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. ഈ പ്രോജക്ടിന് സഹായമുണ്ടായിരുന്ന സമയത്ത് മാത്രമേ പഠനം നടത്താന്‍ കഴിഞ്ഞുള്ളൂ എന്നൊരു പരിമിതിയുണ്ട്. എന്‍ഡോസള്‍ഫാന്‍ ഒരു ഓര്‍ഗാനിക് കോംപൗണ്ട്‌സ് ആയത് കൊണ്ട് ഡീഗ്രേഡ് ചെയ്ത് പോകേണ്ടതാണ്. ഡീഗ്രേഡ് ചെയ്ത് പോകേണ്ട ഒരു സമയത്തിനുള്ളില്‍ വേറെ ഉപയോഗം ഉണ്ടായിട്ടില്ലെങ്കില്‍ അത് ഡീഗ്രേഡ് ചെയ്തുപോകുമെന്നാണ് ഈ സ്റ്റഡി പറയുന്നത്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്‍വെയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ വെബ്‌സൈറ്റിലും ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലുമെല്ലാം നിങ്ങള്‍ക്ക് കാണാന്‍ പറ്റും എന്‍ഡോസള്‍ഫാന്റെ ഡീഗ്രേഡിങ് സംബന്ധിച്ച വിവരങ്ങള്‍. അവര്‍ അത് പറയുന്നത് തുടര്‍ച്ചയായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ പഠനങ്ങളെ മാത്രമല്ലേ നമുക്ക് ആശ്രയിക്കാന്‍ കഴിയൂ.”
ഡോ. രവീന്ദ്ര ഷാന്‍ബാഗിന്റെ നിരീക്ഷണങ്ങൾ
“എന്‍ഡോസള്‍ഫാന്‍ മോളിക്യൂളുകളുടെ ഡീഗ്രേഡേഷന്‍ സംഭവിക്കുന്നത് രണ്ട് രീതിയിലാണ്, ഒന്ന് കെമിക്കല്‍ ഡീഗ്രേഡേഷന്‍ ആണ്, മറ്റേത് മൈക്രോബയോളജിക്കല്‍ ഡീഗ്രേഡേഷന്‍. കെമിക്കല്‍ ഡീഗ്രേഡേഷന് ശേഷം എന്‍ഡോസള്‍ഫാന്‍, എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് ആയി മാറും. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും എന്‍ഡോസള്‍ഫാന് തുല്യമായ രീതിയില്‍ അപകടകാരി തന്നെയാണ്.” മണിപ്പാല്‍ മെഡിക്കല്‍ കൊളേജില്‍ ഫാര്‍മകോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന ഡോ. രവീന്ദ്ര ഷാന്‍ബാഗ് പറയുന്നു.
കേരളത്തിന്റെ കാര്യമെടുത്താല്‍ 2005ലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം അവസാനിപ്പിച്ചത് എന്ന് പറയുന്നു, 2011ന് ശേഷം ദുരിതബാധിതരാകുന്നവരെ കണക്കിലെടുക്കില്ല എന്നാണവര്‍ പറയുന്നത്. വളരെ പെട്ടെന്ന് അവര്‍ക്ക് അങ്ങനെ 2011 എന്നൊരു വര്‍ഷം പറയാന്‍ കഴിയില്ല. കീടനാശിനിയുടെ ഹാഫ് ലൈഫ് എത്രത്തോളം കീടനാശിനി കാസര്‍ഗോഡ് തളിച്ചിട്ടുണ്ട് എന്നതിനെയും ആശ്രയിച്ചിരിക്കും. ഹാഫ് ലൈഫ് മാത്രമല്ല, എത്രത്തോളം കോണ്‍സണ്‍ട്രേഷനിലാണ് എന്‍ഡോസള്‍ഫാന്‍ മണ്ണിലും വെള്ളത്തിലും ബാക്കിയായിരിക്കുന്നത് എന്നതും അതില്‍ നിര്‍ണ്ണായകമാണെന്നും ഡോ. രവീന്ദ്ര ഷാൻബാഗ് പറയുന്നു.
“1999 മുതല്‍ 2000 വരെ ഞാന്‍ കാസര്‍ഗോഡ് പഠനം നടത്തിയിട്ടുണ്ട്. കര്‍ണാടകയിലും സമാനപ്രശ്‌നം നേരിടുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഇവിടെയും പഠനങ്ങള്‍ നടത്തി. കര്‍ണാടകത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചത് 2000ലാണ്. കേരളത്തില്‍ 2005 വരെ ഉപയോഗം തുടര്‍ന്നു. കര്‍ണാടക കാഷ്യൂ ഡെവലപ്‌മെന്റ് ഓഫീസുകള്‍ എല്ലാം എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തുന്നതായി ജനങ്ങള്‍ക്ക് എഴുതി നല്‍കി. പക്ഷേ കേരളത്തിന്റെ കാര്യത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പ്രതികരിച്ചിട്ടില്ല, നമ്മള്‍ പല തവണ പ്രതികരണങ്ങള്‍ ആവശ്യപ്പെട്ടപ്പോഴൊന്നും അവരില്‍ നിന്നും പ്രതികരണം ലഭിച്ചിരുന്നില്ല.” ഡോ.രവീന്ദ്ര ഷാന്‍ബാഗ് പറഞ്ഞു.
“2001ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കൊളേജ് മണിപ്പാല്‍ ഒരു പ്രൊജക്റ്റ് ചെയ്തു, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ആണ് അത് നടത്തിയത്. ഗൈനക്കോളജി ഡിപാര്‍ട്ട്‌മെന്റ് ഒരു പഠനം നടത്തി, എന്‍ഡോസള്‍ഫാന്‍ വ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നുള്ള 300 രോഗികളെ, കാസര്‍ഗോഡ് ജില്ലയില്‍ത്തന്നെ ഉള്ള കുമ്പളയിലെ ജനങ്ങളുടെ ആരോഗ്യവുമായി താരതമ്യം ചെയ്തപ്പോള്‍ കണ്ടെത്തിയത് എന്‍ഡോസള്‍ഫാന്‍ ജനിതകമായി ബാധിക്കുന്നുണ്ടെന്നാണ്. മൂന്ന് രീതിയിലാണ് എന്‍ഡോസള്‍ഫാന്‍ മനുഷ്യരെ ബാധിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ്, പ്രായമായ ആളുകള്‍, ക്യാന്‍സര്‍, ആസ്ത്മ, നാഡീസംബന്ധമായ രോഗങ്ങള്‍, ഇരുപതോ ഇരുപത്തഞ്ചോ വയസ്സിലും കൗമാര പ്രായത്തിലും സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ കീടനാശിനിയുമായി എക്‌സ്‌പോഷര്‍ ഉണ്ടായ ആളുകള്‍. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്തുനിന്നുള്ള ഒരാള്‍ വിവാഹശേഷം മറ്റൊരിടത്ത് പോയി താമസിച്ചാലും അവര്‍ക്ക്, എന്‍ഡോസള്‍ഫാന്‍ സ്‌പ്രേയിങ് നടന്ന പ്രദേശത്ത് ആ സമയത്ത് താമസിച്ചിരുന്നു എന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ കഴിഞ്ഞാല്‍ ആ വ്യക്തിക്കും അവരുടെ കുഞ്ഞിനും നഷ്ടപരിഹാരം നല്‍കുന്നുണ്ട് കര്‍ണാടകത്തില്‍. ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ 43 വര്‍ഷങ്ങളായി ഉഡുപ്പിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1998 മുതല്‍ തുടര്‍ച്ചയായി ലാബില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച 600 പേപ്പറുകള്‍ എന്റെ കയ്യിലുണ്ട്. ഇത് ഞാന്‍ കേരള മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുണ്ട്, ആരോഗ്യവകുപ്പിനും നല്‍കിയിട്ടുണ്ട്. സര്‍വ്വേ നടത്തണമെന്ന് കഴിഞ്ഞ പത്തുവര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരള മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ അവര്‍ ചോദിച്ചത് എത്രപേര്‍ ബാധിതരാണ് എന്നാണ്. കര്‍ണാടകയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം എനിക്ക് പറയാന്‍ കഴിയും, പക്ഷേ കേരളത്തില്‍ എത്രപേരാണ് ഉള്ളതെന്ന് എനിക്കറിയില്ല. കാസര്‍ഗോഡ് ദുതിരബാധിതരുടെ എണ്ണം എത്രയാണ് എന്ന് കണ്ടെത്താന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചിരുന്നു.” ഡോ. ഷാൻബാഗ് വിശദമാക്കി. ലിസ്റ്റുകളുടെ അസ്ഥിരമായ സ്വഭാവം കാരണം ദുരിതബാധിതരുടെ എണ്ണം കണ്ടെത്താന്‍ കഴിയാത്തതിന്റെ പ്രയാസം കൂടിയാണ് അദ്ദേഹം പങ്കുവച്ചത്.
പരിഹാരം തേടുന്ന അതിജീവന പ്രശ്‌നങ്ങള്‍
ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ ദുർബലമാണ് എന്നതും എൻഡോസൾഫാൻ ബാധിതരുടെ സഹനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. മരുന്നുകൾ വിതരണം ചെയ്തിരുന്ന നീതി മെഡിക്കൽസിന് സർക്കാർ കടബാധ്യത തീർക്കാനുണ്ടെന്നും അതിനാൽ മരുന്ന് കിട്ടാനില്ലെന്നും ദുരിതബാധിതയായ യുവതിയുടെ അമ്മ ചന്ദ്രാവതി മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സൗജന്യമായ മരുന്നു വിതരണം നിർത്തിയതും ചികിത്സയ്ക്ക് പോകാനുള്ള വാഹന സൗകര്യം നിർത്തിയതും എന്തുകൊണ്ടാണ് എന്ന് ചന്ദ്രാവതി ഇന്നും ചോദിക്കുന്നു.
“നമ്മുടെ ജില്ലയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ നമ്മുടെ കുട്ടികളെ പരിയാരം, മംഗലാപുരം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകേണ്ട സാഹചര്യമാണ്. രണ്ടോ മൂന്നോ മാസത്തെ ഇടവേളകളില്‍ ചെക്ക് അപ്പിന് പോകും. അവിടെ നിന്ന് എഴുതിയ മരുന്നുകള്‍ ഞാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് വാങ്ങുന്നത്. ഹോസ്പിറ്റലിലുള്ള ഒന്നോ രണ്ടോ മരുന്നുകള്‍ മാത്രം അവര്‍ തരും. അല്ലാത്ത മരുന്നുകള്‍ നീതി മെഡിക്കല്‍സില്‍ നിന്ന് വാങ്ങിക്കാന്‍ അവര്‍ എഴുതിത്തരും. ഫയല്‍ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കും. ഒരു മാസത്തേക്ക് വേണ്ട എല്ലാ മരുന്നുകളും നീതി മെഡിക്കല്‍സില്‍ നിന്നാണ് കിട്ടാറുള്ളത്. ഒരു മരുന്ന് ഇല്ലെങ്കില്‍ അവര്‍ എവിടെനിന്നായാലും ഒരാഴ്ച വൈകിയാണെങ്കിലും എത്തിക്കാറുണ്ട്. ചെക്കപ്പിന് പോകാനുള്ള വാഹന സൗകര്യം സൗജന്യമായാണ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോൾ കുട്ടികളെ കൊണ്ടുപോകാനുള്ള വാഹന സൗകര്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു. പള്ളിക്കര പഞ്ചായത്തിലും പുല്ലൂര്‍-പെരിയ പഞ്ചായത്തിലും ഉള്ളവര്‍ മരുന്നുവാങ്ങുന്ന നീതി മെഡിക്കല്‍സിന് ഇപ്പോള്‍ ലക്ഷങ്ങൾ കടബാധ്യത ആയിട്ടുണ്ട്. അത്രയും തുക അവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുണ്ട്. സെപ്തംബര്‍ 23ന് മുഖ്യമന്ത്രി ജില്ലയില്‍ വന്നപ്പോള്‍ മൂന്ന് അമ്മമാര്‍ പോയി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇതും പെൻഷൻ മുടങ്ങുന്ന കാര്യവും പറഞ്ഞു. അത് ശരിയാക്കിത്തരാം എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. നവംബര്‍ മാസത്തില്‍ ഏഴ് മാസത്തെ കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ വന്നു. നവകേരള സദസ് ജില്ലയിലേക്ക് വരുന്നതിന് കുറച്ച് മുന്നേയായിട്ടാണ് കുടിശ്ശികയുള്ള പെന്‍ഷന്‍ തന്നത്.” ചന്ദ്രാവതി പറഞ്ഞു.
“മരുന്ന് മാത്രമല്ല കിടപ്പിലായ കുട്ടികള്‍ക്കുള്ള ഡയപ്പര്‍ ഒക്കെ അത്യാവശ്യമാണ്, കൂടുതല്‍ കുട്ടികളും കിടപ്പിലാണല്ലോ. അത്തരത്തിലുള്ള കുട്ടികളൊക്കെ കഷ്ടപ്പാടനുഭവിക്കുകയാണ്. മരുന്നാണ് ഏറ്റവും പ്രധാനം. ഒരു നേരം പോലും മരുന്നില്ലാതെ ഇവരെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല. എന്റെ മകള്‍ക്ക് തന്നെ രാവിലെ നാല് ഗുളികയും രാത്രിയില്‍ ആറു ഗുളികയും കൊടുക്കുന്നുണ്ട്. ആ മരുന്ന് കൊടുക്കാതിരിക്കുമ്പോള്‍ അപസ്മാരം വരുന്നുണ്ട്. ഇതോടൊപ്പം മറ്റൊരസുഖം വന്നാല്‍ ഇവര്‍ക്കത് നിയന്ത്രിക്കാന്‍ കഴിയില്ല. പനി വന്നാല്‍ അപസ്മാരം കൂടും. എനിക്ക് ജോലിക്ക് പോകാന്‍ കഴിയില്ല, മകളെ നോക്കാന്‍ 24 മണിക്കൂറും കൂടെ വേണം. ആകെ ആശ്വാസം ബഡ്‌സ് സ്‌കൂളില്‍ വിടാം എന്നതാണ്, അവധി ദിവസങ്ങളില്‍ എനിക്ക് അവളെ തനിച്ചാക്കി ടോയ്‌ലറ്റില്‍ പോകാന്‍ പോലും പേടിയാണ്. മകളുടെ മരുന്നിന് 5,700 രൂപ ഒരു മാസത്തേക്ക് വേണം. ഇത്രയും മരുന്നുകള്‍ കൊടുക്കുന്ന സമയത്ത് അവള്‍ക്ക് പോഷകാഹാരം കൊടുക്കുന്നത് ഉറപ്പാക്കണം. അവളിപ്പോള്‍ രണ്ട് മൂന്ന് മണിക്കൊക്കെ ഉണരും, നല്ല വിശപ്പുണ്ടാകും, ആ സമയത്ത് നേന്ത്രപ്പഴമാണ് കൊടുക്കുന്നത്. ഇതിനിടയിലാണ് 2011ന് ശേഷമുള്ളവര്‍ ലിസ്റ്റിൽ പെടുകയില്ല എന്ന ഉത്തരവ് വരുന്നത്.” ദുരിതബാധിതരുടെ ജീവിത പ്രയാസങ്ങൾ ചന്ദ്രാവതി വിശദമാക്കി.
പല തവണ ഉന്നയിച്ച ഈ പ്രശ്നങ്ങൾ 2023 ഡിസംബർ 8ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിലും എന്‍ഡോസള്‍ഫാന്‍ ബാധിതർ വീണ്ടും ഉയർത്തുകയാണ്. അതില്‍ സംസ്ഥാനത്തേക്ക് അനുവദിക്കപ്പെട്ട എയിംസ് സെന്റര്‍ കാസര്‍ഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരവും ജില്ലാ ആശുപത്രി മുതല്‍ മെഡിക്കല്‍ കൊളേജ് വരെയുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സുസ്ഥിരവും സജീവവും ആക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളും ഉള്‍പ്പെടും. നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക എന്ന വലിയൊരു വെല്ലുവിളി കൂടിയാണ് ഇന്ന് ഈ സമൂഹം നേരിടുന്നത്.