പ്രമുഖ ക്ലൈമറ്റ് ആക്ടിവിസ്റ്റായ സൗമ്യ ദത്ത് ഐക്യരാഷ്ട്ര സഭയുടെ ക്ലൈമറ്റ് ടെക്നോളജി സെന്റർ ആൻഡ് നെറ്റ് വർക്ക് അഡ്വൈസറി ബോർഡിന്റെ മുൻ അംഗമായിരുന്നു. ഫ്രണ്ട്സ് ഓഫ് ഏർത്ത് ഇന്ത്യയുടെ എക്സിക്യൂട്ടീവ് മെമ്പറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 42 സംഘടനകളുടെ കൂട്ടായമയായ MAUSAM മിന്റെ ട്രസ്റ്റിയുമാണ്. കൂടാതെ ഗ്രീൻപീസ് ഇന്ത്യ എൻവിയോണ്മെന്റ് ട്രസ്റ്റിന്റെ ബോർഡ് മെമ്പറും സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് (SAPACC) ന്റെ കോ-കൺവീനറും. ഫ്രണ്ട്സ് ഓഫ് ഏർത് ഇന്ത്യയുടെയും MAUSAM ത്തിന്റെയും പ്രതിനിധിയായി അദ്ദേഹം ഗ്ലാസ്ഗോയിൽ ഒക്ടോബർ 31 മുതൽ നവംബർ 12 വരെ നടന്ന COP26 സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. Global Climate Justice Constituencyയെ പ്രതിനിധീകരിച്ച് പീപ്പിൾസ് പ്ലീനറി ഹാളിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. COP26 സമ്മേളനത്തിൽ നടന്ന ചർച്ചകളെ വിലയിരുത്തി പ്രതീക്ഷകളും ആശങ്കകളും കേരളീയത്തോട് പങ്കുവയ്ക്കുന്നു സൗമ്യ ദത്ത്.
“COP26 നാളിതുവരെ നടന്ന COP-കളെ പോലെ തന്നെയാണ് – അത് ഞങ്ങളെ എവിടേക്കും നയിച്ചിട്ടില്ല.” ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചപ്പോൾ ഏറെ നിരാശയോടെ ഗ്രെറ്റ തുംബെർഗ് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. ഗ്രെറ്റയുടെ ഈ നിരീക്ഷണത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത് ?
മുമ്പ് നടന്ന COP മീറ്റിംഗുകൾ പോലെതന്നെയാണ് ഇത്തവണത്തേതും എന്ന സാമാന്യവൽക്കരണം ഞാൻ ശരിവയ്ക്കുന്നില്ല. ചെറിയ തോതിലുള്ള പുരോഗമനപരമായ കാര്യങ്ങൾ നടന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. പാരീസ് ഉച്ചകോടിക്ക് ശേഷം കഴിഞ്ഞ അഞ്ചു വർഷമായി സിവിൽ സമൂഹം നടത്തിയ മുന്നേറ്റങ്ങൾ വെറുതെയായില്ല എന്ന് ഇത് തെളിയിക്കുന്നു. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. അതേസമയം ഒരുപാട് നിരാശാജനകമായ സംഭവങ്ങൾക്കും ഈ മീറ്റിംഗ് സാക്ഷ്യം വഹിച്ചു. രാഷ്ട്രങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് യാതൊരു നിയമ പ്രാബല്യവുമില്ലെന്നും അവരെ അത് നടപ്പാക്കാൻ നിർബന്ധിക്കുന്ന നിബന്ധനകൾ ഇല്ലെന്നും നമ്മൾ മനസിലാക്കേണ്ടതുണ്ട്. കൂടാതെ നിരവധി പഴുതുകളുള്ളതും വാഗ്ദാനങ്ങൾ ലംഘിക്കുമ്പോൾ ശിക്ഷാനടപടികൾക്ക് സാധ്യതയില്ലാത്തതുമാണ് പല പ്രഖ്യാപനങ്ങളും. 2030 ആകുമ്പോഴേക്കും വന നശീകരണം നിയന്ത്രിക്കാനും മീഥെയിൻ ഉദ്‌വമനം കുറയ്ക്കാനുമുള്ള തീരുമാനം ആശാവഹമാണ്. കൂടാതെ ചില രാജ്യങ്ങൾ കൂടുതൽ മികച്ച ‘ദേശീയ നിർണ്ണീത സംഭാവനകൾ’ (National Determined Contributions) നൽകി എന്നതും ആശാവഹമായ കാര്യങ്ങളാണ്. ഇതുവരെയുള്ള COP സമ്മേളങ്ങളിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം പരാമർശിക്കുമ്പോൾ അതിന്റെ ഉറവിടം പരാമർശിക്കാറുണ്ടായിരുന്നില്ല. ഇത്തവണ ആദ്യമായി അത് ഖനിജ ഇന്ധനങ്ങൾ ആണെന്ന് വ്യക്തമായി പറയുകയുണ്ടായി. ഇതും വളരെ പോസിറ്റീവായ ഒരു കാര്യമായി ഞാൻ കാണുന്നു. അതിന്റെ ഭാഗമായി കൽക്കരിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി കൂടുതൽ വ്യക്തമായ ധാരണയിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഈ മീറ്റിംഗ് ഒരു പരാജയമായിരുന്നെകിലും നേരത്തേതിൽ നിന്നും നേരിയ പുരോഗതി കൈവരിച്ചു എന്ന് പറയാം. അതേസമയം COP26ൽ ഉണ്ടായ തീരുമാനങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ അപര്യാപ്തവുമാണ്.
തീർച്ചയായും, ഓരോ വർഷവും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികൾ പലതരത്തിലുള്ള പ്രതീക്ഷകൾ ലോകത്തിന് നൽകാറുണ്ട്. എന്നാൽ ഈ പ്രതീക്ഷകൾ കൈവിട്ടുപോകുന്നതരത്തിൽ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്നു. COP 26-ൽ ഉണ്ടായ വാഗ്ദാനങ്ങളും പ്രതിബദ്ധതകളും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനായി ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകാൻ പര്യാപ്തമാണോ?
2009 ൽ നടന്ന കോപ്പൻഹേഗൻ, 2010 ൽ നടന്ന കാൻകൂൺ സമ്മേളനങ്ങൾക്ക് ശേഷം United Nations Framework Convention on Climate Change (UNFCC) സംവിധാനത്തിന്റെ ഘടന മാറിയിട്ടുണ്ട്. കോപ്പൻഹേഗൻ വരെ എന്താണ് സയൻസ് പറയുന്നത് എന്നതിനെ അനുസരിച്ചായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നത്. അതുപോലെ ക്യോട്ടോ പ്രോട്ടോകോൾ രാജ്യങ്ങളെ നിയമപരമായി തീരുമാനങ്ങൾ നടപ്പാക്കാൻ നിർബന്ധിക്കുന്നത് ആയിരുന്നു. അതിനുശേഷമാണ് പ്രതിജ്ഞയും അവലോകനവും (system of pledge and review) എന്ന രീതിയിലേക്ക് മാറുന്നത്. ഇത് വളരെ അയഞ്ഞ ഒരു സംവിധാനമാണ്. ഇപ്പോൾ ഏറ്റവും വലിയ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും യാതൊരു നിയമപരമായ ബാധ്യതയും ഇല്ലാതെ തീരുമാനിക്കുന്നതാണ് പരിഹാരമാർഗങ്ങൾ. അല്ലാതെ അവരുടെ മലിനീകരണത്തിന്റെ അളവിനനുസരിച്ച് അവർ നിർബന്ധമായും ചെയ്തിരിക്കേണ്ട പരിഹാരമാർഗങ്ങൾ അല്ല ഇതെന്നാണ് പ്രധാനകാര്യം. ഇങ്ങനെ വളരെ അയഞ്ഞതും നിയമപരമായി നിലനിൽക്കാത്തതുമായ പ്രഖ്യാപനങ്ങൾക്ക് വേദിയായിക്കൊണ്ടിരിക്കുകയാണ് യു.എൻ കാലാവസ്ഥാ ഉച്ചകോടി. അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ നടന്ന COP26 സമ്മേളനവും. നമ്മൾ വലിയ പ്രതീക്ഷകൾ വച്ച് പുലർത്തുന്നതിൽ അർത്ഥമില്ലെന്ന് സാരം.
കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യാൻ ലോക രാജ്യങ്ങൾ മുന്നോട്ടുവച്ച സാമ്പത്തികവും സാങ്കേതികവുമായ പരിഹാരങ്ങൾ മതിയാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? താങ്കളുടെ വീക്ഷണത്തിൽ, കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ബിസിനസ് ലോബികളും എത്രത്തോളം ഗൗരവത്തോടെയാണ് ഇടപെടുന്നത്?
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സാമ്പത്തിക വ്യവഹാരം (ക്ലൈമറ്റ് ഫിനാൻസ് ) ആണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള COP യോഗങ്ങളിലുള്ള ഒരു പ്രധാന വിഷയം. പാരീസ് ഉച്ചകോടിയിൽ ഓരോ വർഷവും 100 ബില്യൺ ഡോളർ ആയിരുന്നു വികസിത രാഷ്ട്രങ്ങൾ തങ്ങളുടെ സാമ്പത്തിക നീക്കിവയ്പ്പായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 89 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ Oxfarm കണക്ക് പറയുന്നത് 29-30 ബില്യൺ ഡോളർ എന്നാണ്. ആഗോളതലത്തിൽ കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങൾക്ക് വേണ്ടിയാണ് ഇത്. 508 കി.മീ ദൂരമുള്ള അഹമ്മദാബാദിനും മുംബൈക്കും ഇടയിലുള്ള മോദിയുടെ ബുള്ളെറ്റ് ട്രെയിനിന് 17-18 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് താരതമ്യം ചെയ്യുമ്പോൾ ലോകത്തുള്ള വികസ്വര-അവികസിത രാജ്യങ്ങൾക്കുള്ള വിഹിതം എന്ന 100 ബില്യൺ ഡോളർ എത്ര ചെറിയ തുകയാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു ട്രില്യൺ ഡോളർ ഓരോ വർഷവും വേണ്ടിവരും എന്നാണ് യു.എൻ തന്നെ കണക്കാക്കുന്നത്. വികസിത രാജ്യങ്ങൾ സഹായമായി നൽകിയ തുകയിൽ വലിയ ഒരു ശതമാനം വാണിജ്യ ആവശ്യങ്ങൾക്കുള്ള ലോൺ ആയിരുന്നു എന്നതാണ് വസ്തുത. ഇത് പാരീസ് ഉച്ചകോടി തീരുമാനത്തിന് വിരുദ്ധമാണ്. പാരമ്പര്യേതര ഊർജസ്രോതസുകൾക്കു വേണ്ടി നൽകിയ ലോൺ ആയാലും അത് ലാഭാധിഷ്ഠിമായ സാമ്പത്തിക വ്യവഹാരം മാത്രമാണ്.
നമുക്ക് ഇന്ന് ആവശ്യമായ ഹരിത സാങ്കേതിക വിദ്യകൾ നമുക്ക് ലഭ്യമാണ്. ചെറിയ രാജ്യങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കും അത് മാർക്കറ്റിൽ നിന്നും സ്വായത്തമാക്കാനുള്ള സാമ്പത്തികം ഇല്ല എന്നതാണ് പ്രതിസന്ധി. അതേസമയം വന വിസ്തൃതി നിരീക്ഷിക്കാനുള്ള സാറ്റലൈറ്റ് സാങ്കേതിക വിദ്യകൾ ഓരോ രാജ്യത്തിനും സ്വന്തമായി ആവശ്യമില്ലാത്തതും ആണ്. അത്തരം ഡാറ്റകൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്. അവിടെയാണ് വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായം ആവശ്യമായി വരുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കോർപ്പറേറ്റ് ഭീമൻമാരാണ് രാഷ്ട്രീയ രംഗത്തെ സ്വാധീനിക്കുന്നത്. വോട്ടു ചെയ്യുന്ന പൊതു ജനങ്ങളേക്കാൾ അവർക്കാണ് സ്വാധീന ശക്തിയായി നിൽക്കാൻ കഴിയുന്നത്. ഈ ലോബികൾക്ക് അവരുടെ ലാഭം കുറയ്ക്കാനോ ഒഴിവാക്കാനോ യാതൊരു താൽപ്പര്യവും ഇല്ല. നേരത്തെ വലിയ പണം മുടക്കിയ ഖനിജ ഇന്ധന മേഖലകളിൽ നിന്നും പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്നും ഒരേ സമയം അവർക്ക് വലിയ ലാഭം ഉണ്ടാക്കണം. അവർ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനെക്കുറിച്ച് ഒട്ടും പ്രതിബദ്ധതയുള്ളവരല്ല. രാഷ്ട്രീയക്കാർ പൊതുജനങ്ങളിൽ നിന്ന് സമ്മർദ്ദം നേരിടുമ്പോൾ തന്നെ കോർപ്പറേറ്റുകളുടെ സ്വാധീനവലയത്തിലും ആണ്. എന്നാൽ സർക്കാരുകൾ പൊതുജന താൽപ്പര്യങ്ങളെ ഒട്ടും മാനിക്കുന്നില്ല എന്ന് പറയാനും കഴിയില്ല.
കമ്മ്യൂണിറ്റികൾക്കിടയിൽ സമത (Equity) നിലനിർത്താതെ നമുക്ക് എങ്ങനെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടാനും ഭാവി തലമുറകൾക്ക് സുരക്ഷിതത്വം ഉറപ്പുനൽകാനും കഴിയും? സമത എന്ന നിർണായക കാര്യത്തിന് COP 26 അർഹമായ പ്രാധാന്യം നൽകിയെന്ന് താങ്കൾ കരുതുന്നുണ്ടോ?
സമത നീതിപൂർവ്വമായ സാമൂഹ്യ നിർമ്മിതിക്ക് വളരെ പ്രധാനമായ ഒരു കാര്യംതന്നെയാണ്. എന്നാൽ മനുഷ്യ ചരിത്രത്തിൽ അത് പ്രായോഗികമായി ഒരുകാലത്തും നിലനിന്നിരുന്നില്ല എന്ന് വേണം കരുതാൻ. എല്ലാ ഉടമ്പടികളും സമതയെ പരിഗണിച്ചു തന്നെയാണ് തയാറാക്കപ്പെടുന്നത്. സിവിലൈസേഷന്റെ നീണ്ടകാലം, അടിമവ്യവസ്ഥയും ജന്മിത്വവും നിലനിന്ന സമൂഹത്തിൽ സമതയെക്കുറിച്ച് ഒരു ആലോചനപോലും ഉണ്ടായിരുന്നില്ല. മനുഷ്യർ വേട്ടയാടി ജീവിച്ച കാലത്ത് സമത നിലനിന്നു എന്ന് പറയാം. കാർഷികവ്യവസ്ഥ നിലവിൽ വരുന്നതോടെയാണ് അത് തകരുന്നത്. കൂടുതൽ ഭൂമിയും വളർത്തു മൃഗങ്ങളും ഉണ്ടായിരുന്നവർ ഉയർന്നവർ ആയി. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം പേരും സമതയിൽ വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവിടെയാണ് പുരുഷാധിപത്യവ്യവസ്ഥ ഒക്കെ നിലനിൽക്കുന്നത്. മനുഷ്യ സമൂഹം മുന്നോട്ടുപോകുന്നത് സമത കൈവരിക്കാതെ തന്നെയാണ്. അത് ഒരു ആധുനിക സമൂഹത്തിന്റെ യാഥാർത്ഥ്യമാകാത്ത സ്വപ്നം മാത്രമാണ്. അത് പ്രകൃതിയിലും നിലനിൽക്കുന്നില്ല. പിന്നെ എങ്ങനെയാണ് COP 26ൽ സമതയ്ക്ക് പ്രാധാന്യം കിട്ടാൻ പോകുന്നത്
COP 26-ൽ, 2030 ഓടെ കാർബൺ പുറന്തള്ളൽ 33-35 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കുമെന്നും 2070 ഓടെ നെറ്റ് കാർബൺ ഉദ്‌വമനം പൂജ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഐ.പി.സി.സിയുടെ അപായസൂചനകളുടെ അടിസ്ഥാനത്തിൽ മിക്ക രാജ്യങ്ങളും അത്തരമൊരു ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി മാറുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. ഈ സുപ്രധാന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ എത്രത്തോളം തയ്യാറാണ്?
പ്രധാനമന്ത്രി ഒരിക്കലും ഇന്ധ്യയുടെ കാർബൺ ഉദ്‌വമനം 40 ശതമാനം കുറയ്ക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് കാർബൺ ഉദ്‌വമനത്തിന്റെ തീവ്രത (carbon intensity) കുറയ്ക്കുമെന്നാണ്. അതായത് പുറത്തുവിടുന്ന കാർബണിന്റെ അളവിൽ കുറവുവരുത്തുമെന്നല്ല. മാധ്യമങ്ങൾ ഇത് തെറ്റായാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യ അതിന്റെ തീവ്രത 28 ശതമാനത്തോളം ഇപ്പോൾ തന്നെ കുറച്ചിട്ടുണ്ട്. അത് വ്യാവസായിക പ്രക്രിയയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ഉദാഹരണത്തിന് സി.എഫ്.എൽ ബൾബുകൾ ഉപയോഗിക്കുമ്പോൾ കാർബൺ ഉദ്‌വമനത്തിന്റെ തീവ്രതയിൽ കുറവുവരും. അത് എൽ.ഇ.ഡി ബൾബിലേക്ക് വരുമ്പോൾ കൂടുതൽ അളവിൽ സംഭവിക്കും. ഇത് എല്ലാ മേഖലയിലും സ്വാഭാവികമായി നടക്കുന്നതാണ്. അല്ലാതെ കാലാവസ്ഥ പ്രതിസന്ധിയെ നേരിടാൻ ഒരു രാജ്യം പ്രത്യേകമായി നേടിയെടുക്കുന്നതല്ല. ഇങ്ങനെ തീവ്രതയിൽ കുറവ് വരുമ്പോഴും മൊത്തം അളവ് കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരം തട്ടിപ്പു പ്രഖാപനം നടത്തിയത് ഇന്ത്യ മാത്രമാണ്. ചൈന അടക്കമുള്ള മറ്റ് രാഷ്ടങ്ങൾ കാർബണിന്റെ മൊത്തം ഉദ്‌വമനത്തിൽ കുറവ് വരുത്തുന്നതിനെക്കുറിച്ചാണ് വാഗ്ദാനങ്ങൾ നൽകിയത്. അതുപോലെയാണ് നെറ്റ് സീറോ സംബന്ധിച്ച കാര്യവും. ഒരു കൽക്കരി പ്ലാന്റ് നെറ്റ് സീറോ കൈവരിക്കും എന്ന് പറഞ്ഞാൽ ആ പ്ലാന്റ് സീറോ ഉദ്‌വമനം കൈവരിക്കും എന്ന് അർത്ഥമില്ല. മറിച്ച്, ആ പ്ലാന്റ് പുറത്തുവിടുന്ന കാർബൺ വലിച്ചെടുക്കാൻ മരങ്ങൾ വച്ചുപിടിപ്പിക്കുകയോ മറ്റെന്തെങ്കിലും സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യും എന്നാണ്. ഇത് വലിയ ഒരു തട്ടിപ്പു തന്നെയാണ്. കാരണം ഒരു രാജ്യം എത്ര മരങ്ങൾ വച്ച് പിടിപ്പിച്ചു എന്നോ അല്ലെങ്കിൽ മറ്റു മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയെന്നോ പരിശോധിക്കാൻ കൃത്യമായ മാർഗങ്ങൾ ഒന്നും തന്നെ ഇല്ല. ഇതൊക്കെ ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള തന്ത്രങ്ങളുടെ ഭാഗം മാത്രമാണ്. മാത്രവുമല്ല 2070 വെറും പരിഹാസ്യമാണ്. കാരണം 2070 ആകുമ്പോഴേക്കും കാലാവസ്ഥാ പ്രതിസന്ധി നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കുകയില്ല.
സമ്പന്ന രാജ്യങ്ങൾ 2030 ഓടെ കൽക്കരി ഊർജ ഉൽപ്പാദനം അവസാനിപ്പിക്കുമെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ 2040 ആകുമ്പോഴേക്കും ഇത് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമല്ല. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ആഗോള ശ്രമത്തെ ഇത് എങ്ങനെ ബാധിക്കും?
അമേരിക്ക അവസാനം എന്ത് തീരുമാനമാണ് എടുത്തതെന്ന് പരിശോധിക്കേണ്ടി വരും. കൽക്കരിയും എണ്ണയും ആണ് പ്രധാന ഹരിതഗൃഹ വാതക സ്രോതസ്സുകൾ. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ, പ്രത്യേകിച്ച് യൂറോപ്പും യു.കെയും അവരുടെ കൽക്കരി ശേഖരം ഏതാണ്ട് ഉപയോഗിച്ച് തീർത്തിരിക്കുന്നു. അവർ എണ്ണയിലേക്കും വാതക ഇന്ധനത്തിലേക്കും മാറിയിരിക്കുന്നു. അവരാണ് ഇപ്പോൾ കൽക്കരി ഘട്ടം ഘട്ടമായി ഉപയോഗം നിർത്താൻ ആവശ്യപ്പെടുന്നത്. എന്നാൽ അവർ ഗ്യാസും എണ്ണയും ഉപയോഗിക്കുന്നത് നിർത്തുന്നതിനെപ്പറ്റി മിണ്ടുന്നില്ല എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നു. ഇന്ത്യക്കും ചൈനക്കും കൽക്കരി ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സാണ്. ഇന്ത്യയും ചൈനയും ഇതിനെ എതിർക്കാൻ കാരണവും ഇതാണ്. ആസ്‌ട്രേലിയ കൽക്കരി വിൽക്കുകയും വലിയ ലാഭം കൊയ്യുകയും ചെയ്യുന്ന രാജ്യമാണ്. ഇന്ത്യയിലും ചൈനയിലും ലക്ഷക്കണക്കിന് ആളുകളാണ് കൽക്കരി ഖനനത്തിന് ഇരകളായിക്കൊണ്ടിരിക്കുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം. കൽക്കരി കാലാവസ്ഥാ പ്രതിസന്ധി മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് വായു , ജല മലിനീകരണത്തിലൂടെ ഗൗരവമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുറച്ചു ദിവസം മുമ്പാണ് വായു മലിനീകരണം കാരണം ഡൽഹിയിൽ കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആളുകൾക്ക് 5 മുതൽ 8 വർഷം വരെ ആയുസ് കുറയാൻ കൽക്കരി കാരണമാകുന്നുണ്ട്. കൽക്കരിയുടെ കാര്യത്തിൽ ഫേസ് ഔട്ടിന് പകരം ഫേസ് ഡൗണിന് വേണ്ടി വാദിക്കുന്നതിന് COP 26ൽ നേതൃത്വം നൽകിയത് ഇന്ത്യയായിരുന്നു. എന്നാൽ ഇന്ത്യയെയും ചൈനയും മാത്രം കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. അടിസ്ഥാനപരമായി ഓരോ രാജ്യവും അവരവരുടെ സാമ്പത്തിക താല്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
2022 ഓടെ ഇന്ത്യയിലെ പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 175 ജിഗാവാട്ട് വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. ഈ ഒക്ടോബർ 31 വരെ 96 ജിഗാവാട്ട് മാത്രമാണ് പൂർത്തിയായത്. 2030-ഓടെ ഇത് 500 ജിഗാവാട്ടായി ഉയർത്താൻ ലക്ഷ്യമിടുന്നത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒമ്പത് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കണമെങ്കിൽ പ്രതിവർഷം 45 ജിഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് പ്രായോഗികമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഈ കണക്ക് മൊത്തം ഊർജ ഉൽപ്പാദനത്തിന്റെ അല്ല എന്ന് ആദ്യം നമ്മൾ ഓർക്കണം. അത് ഉൽപ്പാദന കേന്ദ്രത്തിന്റെ സ്ഥാപിതശേഷിയാണ് (instaled capacity ) ആണ്. ഒരു ജിഗാവാട് ശേഷിയുള്ള ഒരു പ്ലാന്റ് മുഴുവൻ സമയവുവും പ്രവർത്തിച്ചാൽ മാത്രമേ അതിന്റെ സ്ഥാപിത ശേഷിയിലുള്ള ഒരു ജിഗാവാട് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയൂ. എന്നാൽ ഒരു പ്ലാന്റിനും വർഷം മുഴുവൻ തുടർച്ചയായി പ്രവർത്തിക്കാൻ പ്രായോഗികമായി കഴിയില്ല. അപ്പോൾ സ്ഥപിത ശേഷിയുടെ 60 ശതമാനത്തോളം മാത്രമേ ഒരു പ്ലാന്റിന് ഉൽപ്പാദിപ്പിക്കാൻ പറ്റിയെന്ന് വരികയുള്ളൂ. ഇന്ത്യയിൽ ഇതിനെ പ്ലാന്റ് ലോഡ് ഫാക്റ്റർ എന്നാണ് പറയുന്നത്. അതുപോലെ ഒരു സോളാർ പാനലിൽ എപ്പോഴും ഒരേ അളവിൽ സൂര്യപ്രകാശം ലഭിക്കണം എന്നില്ല. കാറ്റിന്റെയും കാര്യവും ഇങ്ങനെത്തന്നെ. അതുകൊണ്ട് എത്ര ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നത് വിവിധങ്ങളായ ബാഹ്യഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നർത്ഥം. യഥാർത്ഥ ഉൽപ്പാദനം അതിന്റെ സ്ഥാപിതശേഷിയേക്കാൾ കുറവായിരിക്കും എന്നർത്ഥം. ഏതായാലും 2022 ആകുമ്പോഴേക്കും പ്രഖ്യാപിച്ച അളവിലുള്ള ഊർജ ഉൽപ്പാദനം പ്രായോഗികമായി സാധ്യമല്ല എന്നർത്ഥം. സോളാറിന്റെ കേന്ദ്രികൃത ഉപയോഗം വലിയ കോർപ്പറേഷനുകൾക്ക് വലിയ ലാഭം ഉണ്ടാക്കുകയും കർഷകർക്കും മറ്റുള്ളവർക്കും വലിയ നഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നു. വികേന്ദ്രീകൃത രീതിയിൽ ഓരോ വീടുകളുടെയും മുകളിൽ സൗരോർജം ഉൽപ്പാദിപ്പിക്കുകയായിരിക്കും കൂടുതൽ നല്ലത്. ഇത്തരം പ്രഖ്യാപങ്ങൾ ഒക്കെ കൈയടിക്കു വേണ്ടിയുള്ളതാണെന്ന് സാരം .
197 യു.എൻ അംഗരാജ്യങ്ങളിൽ 40 ശതമാനത്തിലധികം തങ്ങളുടെ കാർബൺ ഉദ്‌വമനത്തെക്കുറിച്ചുള്ള ‘ദേശീയ നിർണായക സംഭാവനകൾ’ (NDC) റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ നാൽപ്പത് ശതമാനത്തിൽ ചൈന ഉൾപ്പെടെയുള്ള പ്രധാന മലിനീകരണ രാജ്യങ്ങളും ഉൾപ്പെടുന്നു എന്നത് അതിലും ഗൗരവമുള്ളതാണ്. ഇന്ത്യയുടെ എൻ.ഡി.സികളിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കാർബൺ പുറന്തള്ളുന്നതിൽ തങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നുമാണ് ഇന്ത്യയുടെ നിലപാട്. താങ്കളുടെ നിരീക്ഷണത്തിൽ ഈ വിഷയം എത്രത്തോളം ഗൗരവമുള്ളതാണ്?
ഇത് ആഗസ്ത് മാസം അവസാനം വരെയുള്ള കണക്കാണ്. അതിനു ശേഷം ചെറിയ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. ദേശീയ നിർണായക സംഭാവനകൾ (NDC) ഓരോ രാജ്യങ്ങളും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യും എന്നുള്ളതിനുള്ള പ്ലാൻ ആണ്. പക്ഷെ പലപ്പോഴും അത്തരം പ്ലാനുകൾ യാഥാർഥ്യമാകാറില്ല എന്നതാണ് നമ്മുടെ അനുഭവം. പാരീസ് ഉച്ചകോടിയിൽ ഇന്ത്യ അതിന്റെ ‘ദേശീയ നിർണ്ണീത സംഭാവനകൾ’ (National Determined contributions) അവതരിപ്പിച്ചിട്ട് ആറ് വർഷം ആകാൻ പോകുന്നു. ഇപ്പോൾ ഇന്ത്യ പറയുന്നത് ഇനി പുതിയ ഒരു NDC സമർപ്പിക്കേണ്ടതില്ല എന്നാണ്. അതിനർത്ഥം പുതിയതായി ഒന്നും ചെയ്യാൻ പോകുന്നില്ല എന്നുകൂടിയാണ്. ഇന്ത്യ നേരത്തെ 2.523 ടൺ കാർബൺ ആഗിരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വൻതോതിലുള്ള വനനശീകരണമാണ് നടന്നത്. ശരിയായ ഡാറ്റ നൽകാതിരിക്കൽ, വലിയ പ്രഖ്യാപനങ്ങൾ നടത്തൽ തുടങ്ങിയവ കുറേകാലമായി നടന്നുവരികയാണ്. എല്ലാ രാജ്യങ്ങളും ഇങ്ങനെ ചെയ്യുന്നു എന്നും പറയാൻ കഴിയില്ല. ഒരുപാട് രാജ്യങ്ങൾ അവരുടെ NDC പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. അതിനർത്ഥം എല്ലാ രാജ്യങ്ങളും അത് ചെയ്തു എന്നല്ല. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറിയ രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ അത്രയും വലിയ നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. ആഫ്രിക്കയിലെ എറിത്രിയ പോലുള്ള ഒരു പിന്നോക്ക രാജ്യം സ്വന്തമായി നടപടികൾ എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ വയ്യ. എന്നാൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പലതും ചെയ്യാൻ കഴിയും. അതിനുള്ള സാങ്കേതികവിദ്യയും മനുഷ്യ വിഭവശേഷിയും ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഒരു വിദഗ്ധസമിതിയെ നിയോഗിച്ച് ആറു മാസം കൊണ്ട് ഒരു റിപ്പോർട്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നു. പക്ഷെ അദാനിയും അംബാനിയും അടങ്ങിയ ഭീമന്മാർ കൽക്കരിയിൽ നിന്നും എണ്ണയിൽ നിന്നും സൗരോജത്തിൽ നിന്നും വലിയ ലാഭം ഉണ്ടാക്കുമ്പോൾ എന്തിന് മാറ്റത്തെക്കുറിച്ചു ചിന്തിക്കണം. ഏറ്റവും വലിയ മൂന്നാമത്തെ മലിനീകരണത്തിന് കാരണക്കാരായ ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ NDC സമർപ്പിക്കാത്തത് വലിയ ദുരന്തം തന്നെ ആയിരുന്നു. ചൈന ചെറിയ മാറ്റങ്ങൾ വരുത്തിയ ഒരു NDC, വിശദശാംശങ്ങൾ ഇല്ലാതെ നൽകിയിട്ടുണ്ട് എന്നാണ് ഞാൻ മനസായിലാക്കുന്നത്. എന്നാൽ ചൈന അതിന്റെ ആഭ്യന്തര കാർബൺ പുറന്തള്ളലിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. അത് വളരെ പോസിറ്റീവ് ആയ ഒരു നടപടിയാണ്. അതുകൊണ്ടാണ് ചൈനയിൽ വലിയ ഊർജ പ്രതിസന്ധി ഉണ്ടായത്. ചൈനീസ് സെൻട്രൽ ഗവണ്മെന്റ് കാർബൺ ഉദ്‌വമനം കുറയ്ക്കാൻ വേണ്ടി എല്ലാ പ്രൊവിൻസുകൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. ഇപ്പോൾ ചൈനയിലെ കൽക്കരി ലോബിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഒരു പോരാട്ടവും നടക്കുന്നുണ്ട്. കൽക്കരിയുണ്ടാക്കുന്ന ആരോഗ്യപ്രശ്ങ്ങൾ മാത്രമല്ല ചൈനയുടെ പരിഗണന, തങ്ങൾക്ക് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളുടെ ഉൽപ്പാദനത്തിൽ ലോകത്തെ നയിക്കാൻ കഴിയും എന്നും അവർ വിശ്വസിക്കുന്നു. സോളാറിന്റെ കാര്യത്തിൽ ഇപ്പോൾ തന്നെ ലോകത്തെ ഏറ്റവും വലിയ ഉപകരണ വിതരണക്കാർ അവരാണ്. അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ തന്നെയാണ് ഈ നയമാറ്റത്തിനും കാരണം. എന്നാൽ ഇന്ത്യ ഇത്തരത്തിലുള്ള പ്രായോഗിക നടപടികൾ ഒന്നും എടുക്കുന്നില്ല. കാര്യമായ നടപടികൾ എടുക്കാൻ അശക്തരാണെന്ന പഴയ പല്ലവി ആർത്തിക്കുകയാണ് നമ്മൾ. അതിന്റെ ഫലമായി നരേന്ദ്ര മോദിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഗ്ലാസ്‌ഗോ സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന് മാനസിക രോഗം ആണെന്ന് വരെ പലരും പറയുന്ന അവസ്ഥയുണ്ടായി. എന്നാൽ മോദിയുടെ പ്രസംഗത്തിനെതിരെ വന്ന ആ വലിയ വിമർശനങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിരിക്കില്ല.
പാരീസ് റൂൾസ് ബുക്കിനെ സംബന്ധിച്ച് പ്രധാനമായ കാര്യം അത് മാർക്കറ്റ് മെക്കാനിസത്തിൽ ഇടപെടുന്നു എന്നതാണ്. പാരീസ് ഉടമ്പടിയുടെ കാലത്ത് തന്നെ തയ്യാറാക്കാൻ നിർദ്ദേശിച്ച ‘പാരീസ് റൂൾസ് ബുക്കി’ന്റെ കാര്യത്തിൽ COP 26ലും ഒരു അന്തിമ തീരുമാനം ഉണ്ടായില്ല. COP26 ന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്നായി ഇതിനെ വിലയിരുത്താമോ?
അത് ശരിയല്ല. പാരീസ് റൂൾ ബുക്ക് അവസാന ദിവസം അന്തിമ തീരുമാനത്തിലേക്കെത്തിയിരുന്നു. ചില വിവാദപരമായ കാര്യങ്ങളിൽ തീരുമാനം എടുത്തില്ല എന്നത് ശരിയാണ്. പാരീസ് എഗ്രിമെന്റ് പ്രായോഗികമായി നടപ്പിലാക്കാനുള്ള മാർഗ നിർദേശങ്ങളും നിയമങ്ങളും ആണ് പാരീസ് റൂൾ ബുക്ക്. ആർട്ടിക്കിൾ ആറ് ആയിരിന്നു അവസാന ദിവസം ചർച്ച ചെയത ഭാഗം. കാർബൺ വിപണിയും വിപണിയിതര കാര്യങ്ങളും ആയിരുന്നു അത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ ആ ചർച്ചകളിൽ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ റൂൾ ബുക്കിൽ ഖനിജ ഇന്ധന ലോബിക്ക് അനുകൂലമായ ഒരുപാട് പഴുതുകൾ ഉണ്ട് എന്നത് സത്യമാണ്. ഇത് അതിന്റെ വലിയ പോരായ്മായായി നിലനിൽക്കുന്നു. ഇതിന്റെ ഭാഗമായി വന്ന മറ്റൊരു ചർച്ച വലിയ രാജ്യങ്ങൾ ഉണ്ടാക്കിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് (Loss and Damage) ചെറിയ രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നല്കുന്നതിനെക്കുറിച്ചാണ്. എന്നാൽ അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങൾ ഇതിനെ എതിർത്തു. എന്നാൽ സാമ്പത്തിക കൈമാറ്റത്തിന് പകരം സാങ്കേതിക സഹായം നൽകാൻ ഉദ്ദേശിച്ചുള്ള ‘സാന്റിയാഗോ മെക്കാനിസം’ നടപ്പാക്കാൻ ശ്രമിക്കാം എന്നായിരുന്നു അവരുടെ നിലപാട്.
ക്യോട്ടോ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള കാർബൺ മാർക്കറ്റ് ക്ലീൻ ഡെവലപ്മെന്റ് മെക്കാനിസം (സി.ഡി.എം) എന്നറിയപ്പെടുന്നു. ക്ലീൻ ഡെവലപ്‌മെന്റ് മെക്കാനിസത്തിൽ നിന്ന് (സി.ഡി.എം) സുസ്ഥിര വികസന സംവിധാനത്തിലേക്കുള്ള (എസ്.ഡി.എം) UNFCCയുടെ മാറ്റം എന്തെല്ലാം അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തുന്നതിൽ ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ വിജയം നിർണായകമാകുമെന്ന് പൊതുവെ നിരീക്ഷിക്കപ്പെട്ടിരുന്നു. COP26-ന് ഇതിൽ എത്തിച്ചേരാൻ കഴിഞ്ഞ നിഗമനങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായം പറയാമോ?
ക്ലീൻ ഡെവലപ്മെന്റ് മെക്കാനിസം (സി.ഡി.എം) മാറി സുസ്ഥിര വികസന സംവിധാനം (എസ്.ഡി.എം) എന്നത് പാരീസ് ഉച്ചകോടിയിൽ എടുത്ത തീരുമാനം ആണ്. എന്നാൽ സി.ഡി.എം ൽ തന്നെ പ്രാദേശിക സമൂഹത്തിന് ഗുണപാരപമായ നേട്ടങ്ങൾ ഉണ്ടാകുന്നതായിരിക്കണം ഓരോ പദ്ധതിയും എന്ന് പറയുന്നുണ്ട്. ആ സമൂഹങ്ങളുടെ സുസ്ഥിരമായ പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക ആരോഗ്യത്തെ പരിഗണിച്ചുകൊണ്ടു മാത്രമേ വികസന പ്രവർത്തനങ്ങൾ നടത്താവൂ എന്ന് വ്യക്തമായി പറയുന്നുണ്ട്. സുസ്ഥിരത എന്ന പ്രധാന കാര്യം നേരത്തെ തന്നെ സി.ഡി.എം ൽ ഉണ്ടായിരുന്നതാണ്. എന്നാൽ എന്റെ തന്നെ അനുഭവത്തിൽ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവും ആയ ഘടകങ്ങൾ പരിഗണിക്കാതെയാണ് മിക്ക സി.ഡി.എം പ്രൊജെക്ടുകളും നടപ്പാക്കപ്പെട്ടത്. സി.ഡി.എം ൽ ഉണ്ടായിരുന്ന കാര്യങ്ങൾ കൂടുതൽ ഫോർമലായ രീതിയിൽ അവതരിപ്പിക്കാനാണ് എസ്.ഡി.എം ശ്രമിക്കുന്നത്. ഇതിലേക്കുള്ള മാറ്റം വലിയതരത്തിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവരുന്നില്ല എന്ന് കാണാം. എന്നാൽ കൽക്കരി ഖനനം എസ്.ഡി.എം മെക്കാനിസത്തിന്റെ ഭാഗമായി വരുന്നില്ല എന്നത് പുതിയ കാര്യമാണ്.
ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരും എൻ.ജി.ഒകളും ശാസ്ത്രജ്ഞരും ഉൾപ്പെടെ 6,000-ത്തിലധികം കാലാവസ്ഥാ പ്രവർത്തകർ ഗ്ലാസ്‌ഗോയിലെ ഗ്രീൻ സോണിൽ വിവിധ പ്രതിഷേധങ്ങളിലും മുന്നറിയിപ്പുകളിലും പങ്കെടുത്തിരുന്നു. താങ്കളും ആ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. പ്രതിഷേധങ്ങളുടെ പ്രാധാന്യത്തെയും അത് സൃഷ്ടിച്ച പ്രതിഫലനങ്ങളെയും കുറിച്ച് പറയാമോ?
ഔദ്യോഗിക ചർച്ചകൾ നടന്ന ബ്ലൂ സോണിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഇത്തവണ അരങ്ങേറിയത്. ഒരു ലക്ഷത്തിലധികം ആളുകൾ അവിടെ എത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സർക്കാരുകൾക്കും ബിസിനസ്സ് ലോബികൾക്കും മുകളിൽ വലിയ സമ്മർദ്ദം ആണ് സൃഷ്ടിച്ചത്. ശക്തമായ മഴയെയും തണുപ്പിനെയും അവഗണിച്ചാണ് ഇത്രയും ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നും അവിടെ എത്തിച്ചേർന്നത്. ചിലർ ലണ്ടനിൽ നിന്നും കാൽനടയായാണ് എത്തിയത്. യാതൊരു സാമ്പത്തിക സഹായവും അതിനുവേണ്ടി ലഭിക്കാതെയാണ് ഈ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. പല കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞത് ഈ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. ക്ലൈമറ്റ് ജസ്റ്റിസ് ആക്ഷൻ ഗ്രൂപ്പിന് സാധാരണക്കാരായ ഒട്ടനവധി ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞു. അവിടെ നടന്ന പീപ്പിൾസ് പ്ലീനറിയിൽ ഗ്ലോബൽ ക്ലൈമറ്റ് ജസ്റ്റിസ് മൂവേമെന്റിന്റെ ഭാഗമായി ഞാനും സംസാരിച്ചു. ഔദ്യോഗിക അത്താഴ ചടങ്ങിൽ നിരവധിപേർ പ്രതിഷേധത്തിന്റെ ഭാഗമായി ഇറങ്ങിപ്പോക്ക് നടത്തി. ഇതെല്ലാം സർക്കാരുകളെ സമ്മർദ്ദത്തിലാക്കി. കൂടാതെ ഈ വലിയ പ്രതിഷേധങ്ങൾ പൊതു സമൂഹത്തിന് കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അതിനെ നേരിടുന്നതിനായി എടുക്കുന്ന തെറ്റായ തീരുമാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ സഹായിച്ചു.
COP-26 ന് ഫോസിൽ ഇന്ധന കമ്പനികളിൽ നിന്ന് മാത്രം 503 പ്രതിനിധികൾ ഉണ്ടായിരുന്നു എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു, ഇത് ഒരു രാജ്യത്തിന്റെ പ്രാതിനിധ്യത്തേക്കാൾ വളരെ ഉയർന്നതാണ്. വൻകിട മലിനീകരണമുണ്ടാക്കുന്ന കോർപ്പറേറ്റുകൾക്കും വികസിത രാജ്യങ്ങൾക്കും ഗ്ലാസ്‌ഗോ ഒരു പുറം വെളുപ്പിക്കലാണെന്ന് പല കാലാവസ്ഥാ പ്രവർത്തകരും പരിസ്ഥിതി ഗ്രൂപ്പുകളും അഭിപ്രായപ്പെട്ടു. COP26 ലെ സാമ്പത്തിക പദ്ധതികൾ വൻകിട ബിസിനസുകാർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നതരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു. എന്താണ് ഈ വാദങ്ങളോടുള്ള താങ്കളുടെ പ്രതികരണം?
ഞാനും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. ഖനിജ ഇന്ധന ലോബികൾ ലാഭം കൊയ്യുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് COP26 ൽ പങ്കെടുത്തത്. എണ്ണയും വാതകങ്ങളും പൂർണ്ണമായും ഒഴിവാക്കുന്ന തീരുമാനങ്ങൾ തടഞ്ഞുവയ്ക്കാൻ അവർക്ക് കഴിഞ്ഞു. തീർച്ചയായും തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവർ അവിടെ എത്തിച്ചേർന്നത്. ചില നയപരിപാടികൾ തീരുമാനിക്കുന്നിടത്ത് അവർക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നത് വലിയ പ്രശ്നം തന്നെയാണ്.
(ഫീച്ചേർഡ് ഇമേജ്: Global Climate Justice Constituencyയെ പ്രതിനിധീകരിച്ച് COP26 പീപ്പിൾസ് പ്ലീനറി ഹാളിൽ സൗമ്യ ദത്ത് സംസാരിക്കുന്നു).