Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size

പാരിസ്ഥിതിക ചരിത്രപണ്ഡിതരായ പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്, പ്രൊഫ. റോഹൻ ഡിസൂസ എന്നിവർ തമ്മിലുള്ള ഈ സംഭാഷണം, ഉന്നതവിദ്യാഭ്യാസം കേവലമായ നൈപുണ്യ വികസനത്തിലേക്ക് ചുരുങ്ങുമ്പോൾ വിമർശനാത്മക ചിന്തയ്ക്കും സ്വതന്ത്രമായ ബൗദ്ധികാന്വേഷണത്തിനും സംഭവിക്കുന്ന അപചയത്തെ പ്രധാന ചർച്ചാവിഷയമാക്കുന്നു. പരിസ്ഥിതി ചരിത്രപഠനത്തിലൂടെ പാരിസ്ഥിതിക പൗരത്വം രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകൾക്കൊപ്പം, പോൾ വിരിലിയോയുടെ വേഗതയുടെ രാഷ്ട്രീയം (Politics of Speed) എന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിലൂടെ വികസനത്തിന്റെ ത്വരിതഗതിയും പ്രകൃതിയുടെ ദീർഘകാല പാരിസ്ഥിതിക താളങ്ങളും തമ്മിലുള്ള വൈരുധ്യവും സംഭാഷണം വിശകലനം ചെയ്യുന്നു. വിദ്യാഭ്യാസം, ചരിത്രബോധം, പാരിസ്ഥിതിക നീതി എന്നിവ തമ്മിലുള്ള പരസ്പരബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ഒരു ബൗദ്ധികാന്വേഷണമാണിത്. നിലവിൽ ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഏഷ്യൻ ആൻഡ് ആഫ്രിക്കൻ ഏരിയ സ്റ്റഡീസിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് പ്രൊഫ. റോഹൻ ഡിസൂസ. കോട്ടയത്തെ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (TIES) എന്ന സ്ഥാപനത്തിലെ എൻവയോൺമെന്റൽ ഹിസ്റ്ററി ആൻഡ് ആന്ത്രോപോസീൻ സ്റ്റഡീസ് (EHAS) വിഭാഗത്തിന്റെ മേധാവിയും പരിസ്ഥിതി ചരിത്രം, ചലച്ചിത്ര ചരിത്രം എന്നീ മേഖലകളിൽ സജീവമായി ഇടപെടുന്ന ചരിത്രകാരനും പ്രഭാഷകനുമാണ് ഡോ. സെബാസ്റ്റ്യൻ ജോസഫ്.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
പ്രൊഫസർ റോഹൻ ഡിസൂസ, ഉയർന്ന സാക്ഷരതാനിരക്കുള്ളതും ഉന്നതവിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിച്ചുകൊണ്ടിരിക്കുന്നതുമായ കേരളത്തെ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള താങ്കളുടെ പഠനങ്ങൾ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച്, ഉന്നതവിദ്യാഭ്യാസ രംഗത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച അതിവേഗ മാറ്റങ്ങളെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന കാര്യം. പ്ലാറ്റ്ഫോം എഡ്യൂക്കേഷനെക്കുറിച്ചും (platform education) പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തെക്കുറിച്ചും (platform capitalism) താങ്കൾ എഴുതിയ ലേഖനം വളരെ പ്രസക്തമായി എനിക്ക് തോന്നി. അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ടും, ആ മാറ്റങ്ങൾ ധനിക-ദരിദ്ര രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ ചൂഷണത്തിന് എങ്ങനെ വഴിവെച്ചു എന്നതും ഉൾപ്പെടെ ഘടനാപരമായ പരിവർത്തനങ്ങളുടെ വേറിട്ടൊരു ചിത്രം താങ്കൾ നൽകുന്നുണ്ട്. ആ ലേഖനത്തിലെ പ്രധാന വാദങ്ങൾ വിശദീകരിക്കാമോ?
പ്രൊഫ. റോഹൻ ഡിസൂസ:
ഇക്കാര്യം ഞാൻ ചുരുക്കത്തിൽ അവതരിപ്പിക്കാം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം രാഷ്ട്രനിർമ്മാണത്തിലാണ് ഊന്നിയിരുന്നത്. ജനങ്ങൾ വലിയ തോതിൽ വിദ്യാഭ്യാസം നേടാൻ തുടങ്ങുന്നതോടെ രാഷ്ട്രം കൂടുതൽ ശക്തമാകുമെന്നായിരുന്നു കാഴ്ചപ്പാട്. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സാങ്കേതിക അറിവുകളുള്ളവരെയും വിദ്യാസമ്പന്നരെയും നമുക്ക് ധാരാളമായി ആവശ്യമായിരുന്നു. എന്നാൽ ഏതോ ഒരു ഘട്ടത്തിൽ വാണിജ്യവൽക്കരണത്തിലേക്ക് നിർണായകമായൊരു വഴിതിരിയലുണ്ടായി. രാഷ്ട്രനിർമ്മാണത്തിന് പകരം വിദ്യാഭ്യാസം ‘ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പായി’ അവതരിപ്പിക്കപ്പെടാൻ തുടങ്ങി. ഇന്ന് മാതാപിതാക്കളോട് സംസാരിച്ചാൽ, അവർ പലപ്പോഴും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നത് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത്, റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് (ROI). ഒരു ജോലി നേടുന്നതിലൂടെ കൂടുതൽ വരുമാനം ലഭിക്കാൻ എത്ര പണം നിക്ഷേപിക്കണമെന്നാണ് അവർ ചോദിക്കുന്നത്. വിദ്യാഭ്യാസം ഒരു ദേശീയ ലക്ഷ്യത്തിനോ ലോകത്തെക്കുറിച്ചുള്ള വിശാലമായ ധാരണയ്ക്കോ വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അത് ഒരു കേവല വാണിജ്യ ഇടപാടായി മാറിയിരിക്കുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത്, വിദ്യാഭ്യാസത്തെ ഒരു ഉപഭോക്തൃ സേവനമായോ സ്വകാര്യ സേവനമായോ കാണുന്ന സമീപനവും രാഷ്ട്രനിർമ്മാണത്തിനുള്ള പൊതുവിദ്യാഭ്യാസമായി കാണുന്ന സമീപനവും തമ്മിലുള്ള മത്സരം തീവ്രമായി. മഹാമാരി ചെയ്തത് ഒരു പുതിയ വാണിജ്യ മാതൃകയെ (ഓൺലൈൻ മാതൃകയെ) അവതരിപ്പിക്കുകയായിരുന്നു. ഈ ഓൺലൈൻ മാതൃക യഥാർത്ഥത്തിൽ ബിരുദ കോഴ്സിൽ നിന്ന് സർട്ടിഫിക്കേഷൻ തന്ത്രത്തിലേക്ക് ശ്രദ്ധ വഴിമാറ്റി. ഉന്നതവിദ്യാഭ്യാസത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്ന ആളുകളെ ഇപ്പോൾ കൂടുതലായി നിങ്ങൾക്ക് കാണാം. ചെലവ് വളരെ കൂടുതലാണെന്നും രണ്ടുവർഷത്തെ എം.എ. പ്രോഗ്രാം ഒരാളുടെ ജോലി ചെയ്യാനും പണമുണ്ടാക്കാനുമുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്നും അവർ പറയും. പകരം, നേരിട്ട് ജോലിയിൽ പ്രവേശിക്കുകയും അതോടൊപ്പം ചെറിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യണമെന്നും അവർ നിർദേശിക്കുന്നു. ഈ ഓൺലൈൻ തന്ത്രം ബിരുദത്തിന് പകരം സർട്ടിഫിക്കേഷനെയാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്.

ഒരു ബിരുദ കോഴ്സിൽ നിന്ന് എങ്ങനെയുള്ള വ്യക്തിയെയാണ് സമൂഹത്തിന് ലഭിക്കേണ്ടത് എന്നതിനെക്കുറിച്ച് കുറഞ്ഞപക്ഷം ഒരു ചർച്ചയെങ്കിലും ഇവിടെ ഉണ്ടായിരുന്നു. അവിടെ വായനയും എഴുത്തും പഠനവും ഇടപെടലും ചോദ്യങ്ങൾ ചോദിക്കലും വിമർശനാത്മകമായ മനസ്സ് രൂപപ്പെടുത്തലുമെല്ലാമുണ്ട്. എന്നാൽ സർട്ടിഫിക്കേഷനിൽ ‘ഒരു കഴിവ് നേടുക’ എന്നത് മാത്രമായി പ്രധാനം. ആളുകളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതിനെക്കാൾ അവർക്ക് തൊഴിൽ നൈപുണ്യം (skill) നൽകുക എന്നതിനെക്കുറിച്ചാണ് ഇന്ന് കൂടുതൽ സംസാരിക്കുന്നത്.
വിദ്യാഭ്യാസം എന്താണെന്ന് ആളുകളോട് ചോദിച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള വിശദീകരണങ്ങൾ ലഭിച്ചേക്കാം. എന്നാൽ അടിസ്ഥാനപരമായി, പൊതുബോധത്തെ ചോദ്യം ചെയ്യുന്നതാണ് വിദ്യാഭ്യാസം. അത് വളരെ പ്രധാനമാണ്. പൊതുബോധം മാത്രം മതിയെങ്കിൽ നിങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. പൊതുബോധത്തെ ചോദ്യം ചെയ്യുക എന്നതിന്റെ അർത്ഥം, വിദ്യാഭ്യാസത്തിലൂടെ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യാൻ കഴിയുക എന്നതാണ്. ഉദാഹരണത്തിന്, നാനൂറ് വർഷങ്ങൾക്കുമുമ്പ് ലോകം പരന്നതാണെന്നും സൂര്യൻ ഭൂമിയെ ചുറ്റുകയാണെന്നും കരുതുന്നത് പൊതുവായ ധാരണയായിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിലൂടെ ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന് ഇപ്പോൾ നമുറിയാം. സ്വയം പരിവർത്തനം ചെയ്യാൻ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കുന്നു. യാഥാർത്ഥ്യമെന്ന് തോന്നുന്ന കാര്യങ്ങളെ അത് ചോദ്യം ചെയ്യുന്നു. യാഥാർത്ഥ്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ആഴത്തിലുള്ള അടിസ്ഥാന തത്വങ്ങൾ കണ്ടെത്താൻ അത് സഹായിക്കുന്നു. വിദ്യാഭ്യാസം നിങ്ങളെ ഒരു പുതിയ വ്യക്തിയായി മാറാൻ പ്രേരിപ്പിക്കുന്ന പരിവർത്തനാത്മകമായ പ്രക്രിയയാണ്. മാതാപിതാക്കളുടെ അധികാരത്തിൽ നിന്നും, സാമ്പത്തിക സാഹചര്യങ്ങളുടെ നിയന്ത്രണത്തിൽ നിന്നും മാറിനിൽക്കാനും പുതിയൊരു വ്യക്തിത്വം സ്വയം സൃഷ്ടിക്കാനുമുള്ള അവസരം അത് നൽകുന്നു.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
വിദ്യാഭ്യാസവും നൈപുണ്യവും (education and skilling) തമ്മിൽ താങ്കൾ നടത്തുന്ന വേർതിരിവുമായി ഇതിനെ ബന്ധപ്പെടുത്തിയാൽ, നൈപുണ്യ വികസനത്തോടുള്ള കേവലമായ പ്രയോജനവാദ സമീപനം (utilitarian approach) പരിസ്ഥിതി ചൂഷണത്തിലധിഷ്ഠിതമായ പ്രവൃത്തികളെ ശക്തിപ്പെടുത്താൻ ഇടയാക്കുമോ? ഉദാഹരണത്തിന്, ലാൻഡ്സ്കേപ്പുകളുടെ ചരിത്രപരമായ മാറ്റങ്ങൾ, പാരിസ്ഥിതിക ആഘാതങ്ങൾ, ചൂഷണത്തിന്റെ സാമൂഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഒരാളെ ജെ.സി.ബി പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുന്നതോ, ഭൂഗർഭ വിഭവങ്ങൾ വേർതിരിച്ചെടുക്കാൻ ഒരു എഞ്ചിനീയർക്ക് സാങ്കേതിക നൈപുണ്യം നൽകുന്നതോ സാങ്കേതിക ശേഷിയെ പാരിസ്ഥിതിക ഉത്തരവാദിത്തത്തിൽ നിന്ന് വേർപെടുത്താനുള്ള സാധ്യതയുണ്ട്. പാരിസ്ഥിതിക ചരിത്രത്തിന്റെ കാഴ്ചപ്പാടിൽ, ഉന്നതവിദ്യാഭ്യാസത്തിന്റെ ഇത്തരം മാതൃകകൾ പരിസ്ഥിതിയോട് സംവേദനക്ഷമതയില്ലാത്ത വിജ്ഞാനരൂപങ്ങൾ സൃഷ്ടിക്കുകയും ഉത്തരവാദിത്തമുള്ള പാരിസ്ഥിതിക പൗരത്വത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമോ?
പ്രൊഫ. റോഹൻ ഡിസൂസ:
ഒരു പ്രതിസന്ധിയുടെ കാതലിലേക്കാണ് നിങ്ങൾ വിരൽചൂണ്ടിയിരിക്കുന്നത്. ഒരാൾക്ക് ഒരു നൈപുണ്യം ലഭിക്കുകയും എന്നാൽ അതിനോടൊപ്പം വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രതിസന്ധി ഉണ്ടാകുന്നത്. എനിക്ക് ഒരു നൈപുണ്യം മാത്രമേയുള്ളൂവെന്നും വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവില്ലെന്നും കരുതുക. അങ്ങനെയെങ്കിൽ, വിശാലമായ പാരിസ്ഥിതിക ചോദ്യങ്ങളോട് എനിക്ക് തീർച്ചയായും സംവേദനക്ഷമതയുണ്ടാകില്ല. കാരണം, കാര്യങ്ങളെ വിശാല പശ്ചാത്തലത്തിൽ കാണാനുള്ള കഴിവ് എനിക്കില്ല. മരങ്ങൾ മുറിക്കാൻ എനിക്കറിയാം. പക്ഷേ, അതിനപ്പുറമുള്ള വലിയ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നില്ല.
നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള മറ്റൊരു സങ്കീർണതയും ഉയർന്നുവരുന്നുണ്ട്. ഇന്ന് ഏതൊരു തൊഴിലിലും കാലഹരണപ്പെടലും പ്രസക്തി നഷ്ടപ്പെടലും അന്തർലീനമാണ്. എന്റെ ജീവിതകാലത്ത്, ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്കും അതിന്റെ വിവിധ പതിപ്പുകളിലേക്കുമുള്ള മാറ്റം ഞാൻ കണ്ടിട്ടുണ്ട്. സാങ്കേതികവിദ്യയിൽ സമൂലവും പ്രകടവുമായ മാറ്റങ്ങൾ എല്ലായ്പ്പോഴും സംഭവിക്കുന്നതിനാൽ, ഒരാളുടെ നൈപുണ്യങ്ങൾ അയാളുടെ ജീവിതകാലം മുഴുവൻ നിലനിൽക്കണമെന്നില്ല. നൈപുണ്യങ്ങളെ മാത്രം വിദ്യാഭ്യാസമായി കണക്കാക്കാൻ നമുക്കാവില്ല. നൈപുണ്യങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു വിമർശനാത്മക ചിന്താശേഷി നമുക്കുണ്ടായിരിക്കണം. ഒരു നൈപുണ്യം കൊണ്ടുമാത്രം ഒരാളുടെ മുഴുവൻ വ്യക്തിത്വത്തെയും നിർവചിക്കാനാവില്ല. കാരണം, ആ നൈപുണ്യങ്ങൾ പിന്നീട് ഇല്ലാതാകുകയോ കാലഹരണപ്പെടുകയോ ചെയ്യും.
മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് ഇന്ന് ഈ കാലഹരണപ്പെടൽ സംഭവിക്കുന്നത്. ഐ.ടി. വിപ്ലവം നോക്കൂ; നിർമിതബുദ്ധി (AI) കടന്നുവന്നതോടെ അത് ഏതാണ്ട് അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, നൈപുണ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെ വിദ്യാഭ്യാസത്തെ നമുക്ക് കാണാനാവില്ല.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
കേരളീയം നിർമ്മിച്ച ‘കാണാതായ പുഴ’ എന്ന ഡോക്യുമെന്ററി താങ്കൾ ഇവിടെ കണ്ടല്ലോ. ആ പശ്ചാത്തലത്തിൽ ചോദിക്കട്ടെ, ഇത്തരം ഡോക്യുമെന്ററികളും ഡോക്യു-ഫിക്ഷനുകളും ലഘുചിത്രങ്ങളും സർവ്വകലാശാലാ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് താങ്കൾ കരുതുന്നുണ്ടോ? പരമ്പരാഗത ക്ലാസ്റൂം പഠൻ രീതികളേക്കാൾ കൂടുതൽ ആഴത്തിൽ, ചരിത്ര പ്രക്രിയകളിലേക്കും ധാർമ്മിക ചോദ്യങ്ങളിലേക്കും വിദ്യാർത്ഥികളെ എത്തിക്കാൻ ഇത്തരം ദൃശ്യാവിഷ്ക്കാരങ്ങൾക്ക് കഴിയുമോ? ഉന്നതവിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നതിൽ ദൃശ്യമാധ്യമങ്ങളുടെയും (visual media) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) പങ്കിനെ താങ്കൾ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്?
പ്രൊഫ. റോഹൻ ഡിസൂസ:
പ്രൊഫസർ എന്ന നിലയിൽ ഒരു ക്ലാസ്മുറിയിൽ ഞാനെന്താണ് ചെയ്യുന്നത് എന്ന ചോദ്യം എപ്പോഴും ആലോചിക്കാറുള്ളതാണ്. വിവരങ്ങളും വസ്തുതകളും നൽകുക മാത്രമാണ് ചെയ്യുന്നതെങ്കിൽ, ഗൂഗിളിന് എന്നേക്കാൾ നന്നായി അത് ചെയ്യാൻ കഴിയും. അപ്പോൾ, ഒരു സർവകലാശാലാ ക്ലാസ്മുറിയിൽ പ്രൊഫസർ നൽകുന്ന വിദ്യാഭ്യാസം യഥാർഥത്തിൽ എന്താണ്? ഒരാളെ സ്വന്തമായി ചിന്തിക്കാൻ സഹായിക്കുന്ന വ്യക്തിയാണ് പ്രൊഫസർ എന്നാണ് അതിന്റെ ഉത്തരം. ക്ലാസ്മുറിയിലേക്ക് വരുന്ന ഒരു വിദ്യാർത്ഥിക്ക് വസ്തുതകൾ കൈമാറുകയല്ല വേണ്ടത്. പസിലിന്റെ (puzzle) വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് അതിന്റെ അർത്ഥം കണ്ടെത്തുന്നതുപോലെ, സ്വന്തം നിലയിൽ ചിന്തിക്കാൻ വിദ്യാർത്ഥിയെ സഹായിക്കുകയാണ് വേണ്ടത്.
എങ്ങനെ ചിന്തിക്കണമെന്ന് പഠിക്കുന്ന ഈ പ്രക്രിയയിൽ, ചിന്തയെ ഉണർത്താനും പ്രകോപിപ്പിക്കാനും സഹായിക്കുന്ന പലതരം ദൃശ്യസഹായങ്ങളുണ്ട്. ‘കാണാതായ പുഴ’ പോലുള്ള ഡോക്യുമെന്ററി ഒരു പുഴയെ നമ്മുടെ മുന്നിലെത്തിക്കുകയും അതിന്റെ സങ്കീർണമായ ചരിത്രവും ദൃശ്യങ്ങളും കാണിച്ചുതരികയും ചെയ്യുന്നു. അത്തരം ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ, ആ പുഴയ്ക്ക് എന്തുകൊണ്ടാണ് അത്തരമൊരു രൂപം വന്നതെന്ന് എനിക്ക് മനസ്സിലാകുമായിരുന്നില്ല. പുഴയെക്കുറിച്ച് പരാതിപ്പെടുന്നത് എന്തിനാണെന്നും എനിക്ക് അറിയുമായിരുന്നില്ല. കാരണം, അവിടെ വെള്ളമുണ്ടല്ലോ എന്ന് ഞാൻ ചിന്തിച്ചേക്കാം. എന്നാൽ, ആ വെള്ളം വളരെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. സ്കൂളിൽ വിദ്യാർത്ഥികൾ അധികാരത്തെ അനുസരിക്കാനാണ് പഠിക്കുന്നത്; സ്വതന്ത്രമായി ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാറില്ല. സ്വന്തമായി ചിന്തിക്കുക എന്നത് പ്രധാനമാണ്. വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്താശേഷി ഉണർത്തുന്നതിനായി അവരെ പ്രേരിപ്പിക്കേണ്ടത് പ്രൊഫസറുടെ ഉത്തരവാദിത്തമാണ്.
പരിസ്ഥിതി ചരിത്രം പഠിപ്പിക്കണമെങ്കിൽ ഫോട്ടോഗ്രാഫുകളോ ഡോക്യുമെന്ററികളോ ഇല്ലാതെ അത് ഒരിക്കലും പഠിപ്പിക്കാനാവില്ല. കാരണം, അത് മനുഷ്യരുടെ സഞ്ചാരത്തെയും ഭൂപ്രകൃതിയിൽ സംഭവിക്കുന്ന പരിവർത്തനത്തെയും കുറിച്ചുള്ള പഠനമാണ്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ, ചിന്തയെ ഉണർത്തുന്നതിനായി ചിത്രങ്ങളും വാക്കുകളും ശബ്ദവും കൂട്ടിച്ചേർക്കുന്ന അധ്യാപനരീതിയാണ് ഞങ്ങൾ പിന്തുടരുന്നത്. ഡോക്യുമെന്ററി പ്രദർശനം ഒരാളെ ക്ലാസ്മുറിക്ക് പുറത്തുള്ള ലോകത്തേക്ക് കൊണ്ടുപോകുകയും ലോകം എങ്ങനെയാണെന്ന ബോധ്യം നൽകുകയും ചെയ്യുന്നു.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
താങ്കളുടെ സമീപകാല പ്രഭാഷണത്തിൽ, ‘പരിസ്ഥിതി’ (environment) എന്ന ആശയത്തെ ചോദ്യം ചെയ്യുകയും ‘എർത്ത് സിസ്റ്റംസ്’ (Earth systems) എന്ന രീതിയിൽ ചിന്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നല്ലോ. മനുഷ്യനും സമൂഹവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങളുടെ വലിയ ചരിത്രം ഉൾക്കൊള്ളുന്നതാണ് ‘പരിസ്ഥിതി’ എന്ന ആശയം എന്നിരിക്കെ, ഈയൊരു മാറ്റത്തെ താങ്കൾ എങ്ങനെയാണ് ന്യായീകരിക്കുന്നത്? ‘എർത്ത് സിസ്റ്റംസ്’ എന്ന ആശയം സ്വീകരിക്കുന്നത് ‘പരിസ്ഥിതി’ എന്ന ആശയത്തിൽ അന്തർലീനമായിട്ടുള്ള ചരിത്രപരമായ പ്രാധാന്യത്തെ കുറച്ചുകാണിക്കുമോ?
പ്രൊഫ. റോഹൻ ഡിസൂസ:
കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി ചരിത്രത്തിന് ആശയപരമായ ഒരു പുതിയ വെല്ലുവിളി ഉയർത്തുന്നുവെന്നാണ് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മുമ്പ്, പരിസ്ഥിതി ചരിത്രം മറ്റൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. വനങ്ങൾ, നദികൾ, മൃഗങ്ങൾ തുടങ്ങിയ പ്രാദേശികമോ മേഖലാപരമോ ആയ കാര്യങ്ങളായിട്ടാണ് അന്ന് പരിസ്ഥിതിയെ കണ്ടിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ്. ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാൻ സാധിക്കുന്ന അവസ്ഥകൾ ഒരുക്കുന്ന ആവരണമാണ് അന്തരീക്ഷം.
ഈ വെല്ലുവിളി നേരിടാൻ നമ്മുടെ ചിന്തയുടെ വ്യാപ്തി വർധിപ്പിക്കേണ്ടതുണ്ട്. അതിനർത്ഥം പ്രാദേശികതയെ ഉപേക്ഷിക്കണമെന്നോ പരിസ്ഥിതിയെ അവഗണിക്കണമെന്നോ അല്ല. മറിച്ച്, ‘ഭൂവ്യവസ്ഥകൾ’ (Earth systems) എന്ന കൂടുതൽ വിശാലമായ ആശയത്തിന്റെ ഭാഗമായി പരിസ്ഥിതിയെ കാണേണ്ടിവരുന്നു. ഭൂവ്യവസ്ഥ അഞ്ച് മണ്ഡലങ്ങളെയാണ് പരിഗണിക്കുന്നത്: ക്രയോസ്ഫിയർ (ഹിമമണ്ഡലം), ബയോസ്ഫിയർ (ജീവമണ്ഡലം), അറ്റ്മോസ്ഫിയർ (അന്തരീക്ഷം), ലിത്തോസ്ഫിയർ (ശിലാമണ്ഡലം), ഹൈഡ്രോസ്ഫിയർ (ജലമണ്ഡലം).
ഈ വ്യത്യസ്ത മണ്ഡലങ്ങൾ പരസ്പരം എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്ന് ശാസ്ത്രം പരിശോധിക്കുന്നു. അന്തരീക്ഷത്തിന്റെ അവസ്ഥകളിൽ ഏതെങ്കിലും തരത്തിലുള്ള തകർച്ച സംഭവിച്ചാൽ അത് എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഈ സമീപനം സൂചിപ്പിക്കുന്നു. അന്തരീക്ഷവുമായി ബന്ധപ്പെട്ട ഈ വെല്ലുവിളിയെക്കുറിച്ച് മനസ്സിലാക്കാൻ പുതിയ ചരിത്രങ്ങളും പുതിയ ധാരണകളും ആവശ്യമാണ്.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ഇന്ത്യയിലെ പാരിസ്ഥിതിക ചരിത്രരചനയിലേക്ക് (historiography of environmental history) വരാം. ഈ മേഖലയിൽ രാമചന്ദ്ര ഗുഹയുടെ ‘ദിസ് ഫിഷർഡ് ലാൻഡ്: ആൻ ഇക്കോളജിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന പുസ്തകവും, റിച്ചാർഡ് ഗ്രോവ്, വിനിത ദാമോദരൻ, താങ്കൾ എന്നിവരുടെ എഴുത്തുകളും പ്രധാന സംഭാവനകളാണ്. എങ്കിലും ഈ പഠനങ്ങളിലെല്ലാം വലിയൊരു വിടവ് എനിക്ക് കാണാൻ കഴിയുന്നുണ്ട്. അത് ജാതിപ്രശ്നമാണ്. ഉൽപ്പാദന രീതികൾ, വിഭവ ഉപയോഗം, ഉപരിതലത്തിൽ നിന്നോ അടിത്തട്ടിൽ നിന്നോ ഉള്ള സംരക്ഷണം എന്നിവ ചർച്ച ചെയ്യപ്പെടുമ്പോൾ പോലും, പാരിസ്ഥിതിക അസമത്വത്തിന്റെ ഒരു കേന്ദ്ര ഘടനയായി ജാതി ഉയർന്നുവരുന്നില്ല. പരിസ്ഥിതി സംരക്ഷണം എന്ന ഭാഷ തന്നെ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ പാരിസ്ഥിതിക സുസ്ഥിരതയുടെ പേരിൽ കഠിനമായതോ താഴ്ന്നതോ ആയ ജോലികൾ ചെയ്യേണ്ടതുണ്ട് എന്ന ജാതിയധിഷ്ഠിത തൊഴിൽ വിഭജനത്തെ സ്വാഭാവികവൽക്കരിക്കാൻ ഇടയാക്കുന്നുണ്ടോ? അജന്ത സുബ്രഹ്മണ്യൻ, മുകുൾ ശർമ്മ തുടങ്ങിയ പണ്ഡിതർ ശ്രമിച്ചതുപോലെ, പരിസ്ഥിതി ചരിത്രഗവേഷകർ അധികാരം, അധ്വാനം, പാരിസ്ഥിതിക അനീതി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി ജാതിയെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്?
പ്രൊഫ. റോഹൻ ഡിസൂസ:
താങ്കൾ ഉന്നയിച്ചിരിക്കുന്നത് വളരെ വിശാലമായൊരു ചോദ്യമാണ്. ആദ്യംതന്നെ പറയട്ടെ; പരിസ്ഥിതി ചരിത്രത്തിലെ ഇടപെടലുകളിൽ ‘ജാതി’ എന്ന പദവുമായി അർത്ഥവത്തായ രീതിയിൽ ഇടപെടാൻ ഞങ്ങളിൽ പലർക്കും കഴിഞ്ഞിട്ടില്ലെന്ന താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണ്. അതിന് പല കാരണങ്ങളുണ്ട്. എന്നാൽ ഞാൻ ഇതിനെ അല്പം പിന്നിലേക്ക് പോയി വിശദീകരിക്കാം.
പരിസ്ഥിതി ചരിത്രത്തിനെതിരായ വിമർശനങ്ങളിലൊന്ന് ആധുനികവൽക്കരണത്തെയും വ്യവസായവൽക്കരണത്തെയും സംബന്ധിച്ചുള്ളതാണ്. യഥാർത്ഥത്തിൽ, ആധുനിക മനുഷ്യനെയാണ് ഇവിടെ വിചാരണയ്ക്ക് വിധേയനാക്കുന്നത്. പരിസ്ഥിതിയെയും പാരിസ്ഥിതിക വ്യവസ്ഥയെയും നശിപ്പിക്കുന്നത് ആധുനിക മനുഷ്യനാണെന്ന വിചിത്രമായ ധാരണ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി, ആധുനികപൂർവ്വ മനുഷ്യരാണ് പ്രകൃതിയെ കൂടുതൽ നന്നായി സംരക്ഷിക്കുന്നതെന്ന ആശയവും പരോക്ഷമായി ഉയർന്നുവരുന്നു.
ഈ യുക്തിയെ വളച്ചൊടിച്ച്, ആധുനിക മനുഷ്യരേക്കാൾ പരിസ്ഥിതിയോട് കൂടുതൽ സംവേദനക്ഷമതയും പാരിസ്ഥിതികമായ ശരിതെറ്റുകളെക്കുറിച്ച് കൂടുതൽ ബോധ്യവുമുള്ള ഒരു ജീവിതരീതിയായി ജാതിയെ കൊണ്ടുവരുന്നു. എന്നാൽ പുതിയ രചനകൾ, ജാതിയെ സാമൂഹിക ആധിപത്യത്തിന്റെ പ്രശ്നമായിട്ടാണ് കാണേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.
മുതലാളിത്തത്തെ അപേക്ഷിച്ച് ഫ്യൂഡലിസത്തിൽ പാരിസ്ഥിതിക ആഘാതം കുറവായിരുന്നു എന്നതിൽ സംശയമില്ല. അതുകൊണ്ട് നമുക്ക് ഫ്യൂഡലിസത്തിലേക്ക് തിരിച്ചുപോകാനാകില്ല. അതുകൊണ്ടാണ് ചിലർ ‘Reflexive Modernity’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ, അതുമായി ബന്ധപ്പെട്ട എഴുത്തുകാരൻ ഉൽറിച്ച് ബെക്ക് ആയിരിക്കാം. ആധുനികത സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് ഭൂതകാലത്തിലേക്ക് തിരിച്ചുപോകാതെയായിരിക്കണം എന്നാണ് ഈ ആശയം പറയുന്നത്. ഭൂതകാലത്തെ ഒരു ഘടകമായോ സംഭാവനയായോ പരിഗണിക്കാം. എന്നാൽ സ്വന്തം പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ആധുനികതയ്ക്ക് സ്വയം വിമർശനാത്മകമായി പരിശോധിക്കാനുള്ള കഴിവുണ്ടാകണം.
സംരക്ഷണം, പരിപാലനം, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ, പാരിസ്ഥിതിക ബോധം എന്നിവയിലൂടെ പ്രകൃതിയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്ന ഒരു ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാകും. അതോടൊപ്പം, ജാതിയെ വിമർശനാത്മകമായി പരിശോധിക്കുന്നതിനുള്ള നല്ലൊരു സമീപനമായും ‘Reflexive Modernity’യെ കാണാം.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ഈ ഉത്തരം പാരിസ്ഥിതിക ചരിത്രത്തിലെ ബൗദ്ധിക നിലപാടുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിലേക്കാണ് എന്നെ നയിക്കുന്നത്. ഞാൻ ഏറ്റവും കൂടുതൽ മൂല്യം കൽപ്പിക്കുന്ന പാരിസ്ഥിതിക ചരിത്രകാരനാണ് റിച്ചാർഡ് ഗ്രോവ് (Richard Grove). രാമചന്ദ്ര ഗുഹ, മഹേഷ് രംഗരാജൻ തുടങ്ങിയവരുടെ പ്രധാന സംഭാവനകളെ വിലമതിച്ചുകൊണ്ട് തന്നെയാണ്, ഞാൻ റിച്ചാർഡ് ഗ്രോവിനെ തിരഞ്ഞെടുക്കുന്നത്. ആദ്യകാല യൂറോപ്യൻ കമ്പനി ജീവനക്കാർ, പാരിസ്ഥിതിക നിരീക്ഷണങ്ങൾ, ഡെസിക്കേഷനിസ്റ്റ് ചിന്തകൾ (desiccationist thinking) എന്നിവയെക്കുറിച്ചുള്ള വിവരണത്തിൽ ശാസ്ത്രത്തിനും ശാസ്ത്ര ചിന്തയ്ക്കും ഗ്രോവ് നൽകുന്ന പ്രാധാന്യമാണ് എന്നെ ആകർഷിക്കുന്നത്. എന്നാൽ സബാൾട്ടേൺ (subaltern), പാർശ്വവത്കൃത ചരിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാമചന്ദ്ര ഗുഹ, അജയ് സ്കറിയ തുടങ്ങിയ ചരിത്രകാരന്മാരിൽ നിന്ന് ഈ സമീപനത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നത് എന്തു കൊണ്ടാണ്.

പ്രൊഫ. റോഹൻ ഡിസൂസ:
എന്റെ കാഴ്ചപ്പാട് പറയാം. ഗ്രോവിന്റെ പുസ്തകം 1995-ൽ പുറത്തുവന്നപ്പോൾ, അദ്ദേഹം തന്റെ കാലഘട്ടത്തേക്കാൾ അല്പം മുന്നിൽ നിൽക്കുന്ന ഒരു കാര്യമാണ് ചെയ്തത്. അത് വലിയൊരു പുസ്തകമായതിനാൽ, പലർക്കും അതിന്റെ സമഗ്രമായ ചിത്രം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നാണ് ഞാൻ കരുതുന്നത്. കോളനിവൽക്കരണത്തെക്കുറിച്ച് കറുപ്പും വെളുപ്പും മാത്രമുള്ള ലളിതമായ ചട്ടക്കൂടുകൾക്കപ്പുറത്തേക്കാണ് ഗ്രോവ് പോകുന്നത്. ശാസ്ത്രമാണ് അതിന് കാരണം. വിഭവങ്ങളുടെ ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും കഥ മാത്രമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതിന് പകരം, പ്രതിസന്ധിയുടെ സങ്കീർണമായ സ്വഭാവം മനസ്സിലാക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നത്. നിരവധി ആളുകൾ ഇങ്ങനെ ചിന്തിച്ചിരുന്നു: “ഇത് വെറും വിഭവചൂഷണത്തിന്റെ പ്രശ്നമല്ല. ജീവിവർഗങ്ങളുടെയും മനുഷ്യരുടെയും നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണിത്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം എങ്ങനെയായിരിക്കണം എന്നതാണ്.” കാരണവും ഫലവും അന്വേഷിക്കുന്ന വിമർശനാത്മക ചിന്താരീതിയായതിനാൽ, ശാസ്ത്രത്തിന് ഈ ചോദ്യം ഉന്നയിക്കാനാകും. കാരണവും ഫലവും അന്വേഷിക്കുന്നതിനാൽ, ലാഭത്തിന്റെ പ്രശ്നത്തിന് ശാസ്ത്രം എല്ലായ്പ്പോഴും പ്രാധാന്യം നൽകിയിരുന്നില്ല. യൂറോപ്യന്മാർ വ്യത്യസ്ത സമൂഹങ്ങളുമായി ഇടപെട്ടപ്പോൾ മുൻവിധികളും അക്രമങ്ങളും പക്ഷപാതങ്ങളും നിലനിന്നിരുന്നെങ്കിലും, ശാസ്ത്രം അതിനപ്പുറത്തേക്കും നോക്കാൻ ശ്രമിച്ചു.
പരിസ്ഥിതി ചരിത്രത്തെക്കുറിച്ച് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനും ഗ്രോവ് വളരെ പ്രയോജനകരമായൊരു മാതൃക നമുക്ക് നൽകുന്നു. അദ്ദേഹത്തിന്റെ ചിന്ത കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അത് സ്വാഭാവികമായൊരു പരിണതിയായിരുന്നു; കാരണം, അദ്ദേഹത്തിന്റെ പഠനത്തിന്റെ വ്യാപ്തി ആഗോളവും ഭൂമി സംബന്ധവുമായിരുന്നു (planetary). ശാസ്ത്രത്തെ അദ്ദേഹം അതിന്റെ കേന്ദ്രത്തിൽ നിർത്തുകയും പാരിസ്ഥിതിക അവബോധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
‘എർത്ത് സിസ്റ്റ’ത്തെക്കുറിച്ചുള്ള താങ്കളുടെ ആശയധാരയെ ഗ്രോവിന്റെ കൃതികൾ സ്വാധീനിച്ചിട്ടുണ്ടോ?
പ്രൊഫ. റോഹൻ ഡിസൂസ:
പൂർണമായും അങ്ങനെയല്ല. റിച്ചാർഡ് ഗ്രോവിനെ ഞാൻ തുടക്കത്തിൽ വളരെ വിമർശനാത്മകമായാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ, അദ്ദേഹത്തിന്റെ സംഭാവന കൂടുതൽ സമ്പന്നവും സങ്കീർണവുമാണെന്ന് എനിക്ക് കൂടുതൽ ബോധ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ മനസ്സിലാക്കുന്നതിനായി നാം തുറക്കേണ്ട വാതിൽ ഒരുപക്ഷേ ഗ്രോവ് ആയിരിക്കാം.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ശാസ്ത്രം രാഷ്ട്രീയപരവുമാണ്; പ്രയോഗത്തിൽ അത് എല്ലായ്പ്പോഴും നിഷ്പക്ഷമല്ല. ശാസ്ത്രീയ വിജ്ഞാനം വസ്തുനിഷ്ഠ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കാം. എന്നാൽ അതിന്റെ സാങ്കേതികപരമായ ഉപയോഗം ചരിത്രപരമായി രൂപപ്പെടുന്നതാണ്. ഇത് ചരിത്രത്തിലെ വേഗതയെക്കുറിച്ചുള്ള (speed in history) ചോദ്യത്തിലേക്ക് എന്നെ എത്തിക്കുന്നു. പോൾ ക്രൂറ്റ്സനെപ്പോലുള്ള (Paul Crutzen) ശാസ്ത്രജ്ഞരുടെ പഠനങ്ങൾക്കൊപ്പം ജോൺ മക്നീലിന്റെ (John McNeill) ‘ഗ്രേറ്റ് ആക്സിലറേഷൻ’ (Great Acceleration) എന്ന ഗ്രന്ഥം 1950-ന് ശേഷമുള്ള ലോകത്തിന്റെ ത്വരിതഗതിയിലുള്ള മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ഈ വേഗത തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ചെറിയ ന്യൂനപക്ഷം ഈ വേഗതയുടെ പ്രയോജനം അനുഭവിക്കുമ്പോൾ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ‘അടിച്ചേൽപ്പിക്കപ്പെട്ട മന്ദഗതി’ (enforced slowness) അനുഭവിക്കുന്നു. മുതലാളിത്തത്തിന്റെ ത്വരിതഗതിയിലുള്ള താളവും നഗരാതിർത്തികളിലും ഗ്രാമപ്രാന്തങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ നിശ്ചലതയും (immobilisation) തമ്മിലുള്ള ബന്ധത്തെ താങ്കൾ എങ്ങനെ വ്യാഖ്യാനിക്കും?
പ്രൊഫ. റോഹൻ ഡിസൂസ:
താങ്കളുടെ ഈ ചോദ്യം പോൾ വിരിലിയോയെ (Paul Virilio) വായിച്ചതിൽ നിന്നാണ് വരുന്നത്, അല്ലേ?
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
അതെ, തീർച്ചയായും. പാരിസ്ഥിത ചരിത്രത്തിൽ വിരിലിയോയുടെ പഠനങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം.

പ്രൊഫ. റോഹൻ ഡിസൂസ:
കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ ലഭിക്കുമ്പോൾ, അതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് നാം മനസ്സിലാക്കണമെന്ന് വിരിലിയോ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് മറ്റൊരു ഉദാഹരണമായി നഗരത്തിലെ കാറിനെക്കുറിച്ച് ചിന്തിക്കാം. കാർ ജനാധിപത്യപരമായ ഒന്നല്ല. വേഗത്തിൽ സഞ്ചരിക്കണമെന്ന ആഗ്രഹത്താലാണ് പലരും കാറുകൾ വാങ്ങുന്നത്. എന്നാൽ, എല്ലാവരും വേഗത്തിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഫലമായി റോഡുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. അങ്ങനെ, ഗതാഗതക്കുരുക്ക് കാരണം അവർക്ക് വേഗത നഷ്ടപ്പെടുന്നു. അതേസമയം, സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ, പൊതുഗതാഗതം ഉപയോഗിക്കുന്നവർ എന്നിവരെല്ലാം പാർശ്വവൽക്കരിക്കപ്പെടുന്നു. അതുകൊണ്ട്, ഒരാൾ വേഗത സ്വന്തമാക്കുകയും മറ്റൊരാൾ സ്വാഭാവികമായിത്തന്നെ മന്ദഗതിയിലായിരിക്കുകയും ചെയ്യുന്നു എന്നതല്ല കാര്യം. ഒരാൾ വേഗത സ്വന്തമാക്കുന്നത് മറ്റുള്ളവരെ മന്ദഗതിയിലാക്കിക്കൊണ്ടാണ്. കാറിന്റെ വേഗത സൈക്കിൾ യാത്രക്കാരെയും കാൽനടയാത്രക്കാരെയും മന്ദഗതിയിലാക്കുന്നു. എല്ലാ വിഭവങ്ങളും കാറിനെ കേന്ദ്രീകരിച്ചാണ് വിനിയോഗിക്കപ്പെടുന്നത്. സർക്കാർ റോഡുകളും ഹൈവേകളും പാർക്കിങ് സ്ഥലങ്ങളും അതിനായി നിർമ്മിക്കുന്നു. കാറിന് വേഗത നിലനിർത്താൻ വേണ്ടിവരുന്ന ഊർജവും വിഭവങ്ങളും വളരെ വലുതാണ്.
അതിനാൽ, വേഗതയ്ക്ക് അതിന്റേതായ രാഷ്ട്രീയമുണ്ട്. അത് ഒരു ശൂന്യമായ ഇടത്തിൽ നിലനിൽക്കുന്ന സാങ്കേതികവിദ്യ മാത്രമല്ല. വേഗത കൈവരിക്കുന്നതിനായി രാഷ്ട്രീയവും സാമൂഹികവുമായ ക്രമീകരണങ്ങൾ ആവശ്യമാണ്. അനീതിയും ആ സംവിധാനത്തിനുള്ളിൽത്തന്നെ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. വേഗതയെക്കുറിച്ച് നാം ജാഗ്രത പുലർത്തണം. കാരണം, മറ്റുള്ളവരെ മന്ദഗതിയിലാക്കുന്നതിനാൽ തന്നെ വേഗതയ്ക്ക് രാഷ്ട്രീയപരമായ സ്വഭാവമുണ്ട്. അതാണ് താങ്കൾ പറഞ്ഞതിന്റെ കാതൽ.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
പോൾ വിറിലിയോയുടെ (Paul Virilio) ‘വേഗത’ അല്ലെങ്കിൽ ‘ഡ്രോമോളജി’ (dromology) എന്ന ആശയം നാം പാരിസ്ഥിതിക ചരിത്രത്തിലേക്ക് കൊണ്ടുവരികയാണെങ്കിൽ, ത്വരിതഗതിയിലുള്ള മാറ്റങ്ങളും (acceleration) ദീർഘകാല ചരിത്ര പ്രക്രിയകളും (longue durée) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുനർചിന്തനം നടത്താൻ സാധിക്കും. പർവ്വതങ്ങൾക്കും വനങ്ങൾക്കും പുഴകൾക്കുമെല്ലാം ദീർഘ സമയക്രത്തിൽ വികസിക്കുന്ന പാരിസ്ഥിതിക താളമാണുള്ളത് (ecological rhythms). എന്നാൽ മുതലാളിത്ത വികസനമാകട്ടെ, വിഭവ ചൂഷണത്തിന്റെയും രൂപാന്തരീകരണത്തിന്റെയും അതിവേഗത്തിലുള്ള താളക്രമത്തെയാണ് ഇവയ്ക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പാരിസ്ഥിതിക സമയവും (ecological time) മുതലാളിത്ത നഗരനാഗരികതയുടെ വേഗതയും തമ്മിലുള്ള ഈ വൈരുദ്ധ്യത്തെ താങ്കൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
പ്രൊഫ. റോഹൻ ഡിസൂസ:
ഇതിന് മറ്റൊരു ഉദാഹരണം പറയാം. 200 വർഷം പഴക്കമുള്ള വനം മുറിച്ച് ഒരു കപ്പൽ നിർമ്മിക്കുന്നുവെന്ന് കരുതുക. അത്തരം ഒരു കപ്പലിൽ 200 വർഷം പഴക്കമുള്ള നിരവധി മരങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. ആ കപ്പൽ 200 വർഷത്തെ സമയത്തിന്റെ സാന്ദ്രീകൃത രൂപമാണ്. അതിനുശേഷം എന്താണ് സംഭവിക്കുന്നത്? മറ്റൊരു കപ്പൽ നിർമ്മിക്കുന്നതിനാവശ്യമായ മരങ്ങൾ വീണ്ടും വളരാൻ 200 വർഷം കാത്തിരിക്കണം. അതിനാൽ, വേഗതയും സമയത്തിന്മേലുള്ള അതിന്റെ പ്രത്യാഘാതങ്ങളും നാം എപ്പോഴും പഠിക്കേണ്ടതുണ്ട്. ഒരു വനത്തെ കാലത്തിന്റെ തന്നെ ഒരു ശേഖരമായി കാണാം. ചില മരങ്ങൾ പതുക്കെ വളരുന്നു; ചിലത് വേഗത്തിൽ വളരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളുടെയും വളർച്ചാരീതികളുടെയും വലിയൊരു ശേഖരമാണ് വനം. ആ വനം മുറിക്കാൻ തുടങ്ങുമ്പോൾ, വീണ്ടും വേഗതയുടെ ചോദ്യം ഉയർന്നുവരുന്നു. കാത്തിരിക്കാതെ ആ മരങ്ങളെ പുനഃസൃഷ്ടിക്കാനാവില്ല. എന്നാൽ ഉടനടി പ്രയോജനം ലഭിക്കുന്ന ഒരു ആവശ്യത്തിനുവേണ്ടിയാണ് നാം അവയെ ഉപയോഗിക്കുന്നത്. ഒരർത്ഥത്തിൽ, കാലത്തിന്റെ ദൈർഘ്യത്തെ ഇല്ലാതാക്കിക്കൊണ്ടാണ് നാം ദുർബലമായൊരു ഭാവി സൃഷ്ടിക്കുന്നത്.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ചരിത്രത്തെ പ്രായോഗിക ഉപയോഗമില്ലാത്ത ഒരു വിഷയമായി പലപ്പോഴും തള്ളിക്കളയാറുണ്ട്. ചരിത്രകാരന്മാർക്കും അധ്യാപകർക്കും പാഠ്യപദ്ധതി തയ്യാറാക്കുന്നവർക്കും ഈ ധാരണയെ എങ്ങനെ മറികടക്കാൻ സാധിക്കും? പുതിയ രീതികൾ പരിചയപ്പെടുത്തുന്നതിനപ്പുറം, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിമർശനാത്മക ഉപയോഗം തുടങ്ങിയ പ്രായോഗിക രീതികൾക്ക് വർഗീയ പ്രചാരണങ്ങളെ ചെറുക്കാനും, വൈവിധ്യമാർന്ന ചരിത്ര അനുഭവങ്ങളെ അഭിസംബോധന ചെയ്യാനും, ഭൂതകാലവുമായി കൂടുതൽ ചിന്തോദ്ദീപകമായ ബന്ധം വളർത്തിയെടുക്കാനും വിദ്യാർത്ഥികളെ സഹായിക്കാൻ കഴിയുമോ? ചരിത്ര വിദ്യാഭ്യാസത്തിലുണ്ടായ പുതിയ മാറ്റങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
പ്രൊഫ. റോഹൻ ഡിസൂസ:
ഈ ചോദ്യത്തിന് അല്പം വളഞ്ഞ വഴിയിലൂടെ മറുപടി നൽകേണ്ടിവരും. ഒരു വർഷം ഞാൻ ഒരു എഞ്ചിനീയറിങ് സർവകലാശാലയിൽ പഠിപ്പിച്ചിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ പേര് ഞാൻ പറയുന്നില്ല. എഞ്ചിനീയറിങ് വിദ്യാർഥികൾ എന്റെ ക്ലാസിൽ വരുമ്പോൾ വളരെ അസന്തുഷ്ടരായിരുന്നു. കാരണം, ഞാൻ പഠിപ്പിക്കുന്ന വിഷയം വളരെ ലളിതമാണെന്നും അവർ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളുമായി അതിന് ബന്ധമില്ലെന്നും അവർ കരുതി. അവർ ക്ലാസിൽ വരുന്നത് ഉറങ്ങാനോ സമയം പാഴാക്കാനോ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനോ ആയിരുന്നു. അവരുടെ എഞ്ചിനീയറിങ് പഠനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഞാൻ തുടങ്ങിയത്. ഞാൻ അവരോട് ചോദിച്ചു: “എഞ്ചിനീയർമാർ റോഡുകളും അണക്കെട്ടുകളും കെട്ടിടങ്ങളും നിർമിക്കുന്നു; സ്ഥാപനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നു. എന്നാൽ ചരിത്രകാരന്മാർ എന്താണ് നിർമിക്കുന്നത്?”
ഉത്തരം നിശ്ശബ്ദതയായിരിക്കും. അപ്പോൾ ഞാൻ അവരോട് പറയും: ചരിത്രകാരന്മാർ രാഷ്ട്രങ്ങളെ നിർമ്മിക്കുന്നു. കാരണം, ചരിത്രസ്മരണയില്ലാതെ ഒരു രാഷ്ട്രമില്ല. ആ സ്മരണകൾ തെറ്റായതോ മോശമായതോ തെറ്റായി മനസ്സിലാക്കപ്പെട്ടതോ ആണെങ്കിൽ, രാഷ്ട്രം തന്നെ തകർന്നുപോകാം. ആധുനിക ചരിത്രത്തിന്റെ ആവിർഭാവം രാഷ്ട്രനിർമ്മാണവുമായും ഭരണകൂടനിർമ്മാണവുമായും വളരെ അടുത്ത ബന്ധമുള്ളതാണ്. ഒരു സമൂഹത്തെ രാഷ്ട്രമായി ഒരുമിച്ചുനിർത്താൻ കഴിയുന്ന പശയാണ് ചരിത്രം.
ചരിത്രപഠനം പ്രായോഗിക പ്രയോജനം ലക്ഷ്യമിട്ടുള്ള പ്രവർത്തനമായിരിക്കരുത്. രാഷ്ട്രത്തെ നിർവചിക്കുന്നത് ഒരു രാഷ്ട്രീയ സമൂഹമായിട്ടാണ്. ആ സമൂഹത്തെ ഒരുമിച്ചുനിർത്താൻ ആവശ്യമായ രാഷ്ട്രീയത്തിന് ചരിത്രം വേണം. ചരിത്രത്തെ എഞ്ചിനീയറിങ്ങുമായോ ശാസ്ത്രവുമായോ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ചരിത്രത്തെ അതിന്റേതായ മാനദണ്ഡങ്ങളിൽ മനസ്സിലാക്കണം. രാഷ്ട്രനിർമ്മാണത്തിൽ ചരിത്രത്തിന്നി ർണായകമായ പങ്കുണ്ട്. രാഷ്ട്രങ്ങൾ നിലനിൽക്കേണ്ടതില്ലെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ചരിത്രപഠനം അവസാനിപ്പിക്കാം. കേരളം പോലുള്ള ഒരു സമൂഹമോ സംസ്ഥാനമോ നിലനിൽക്കേണ്ടതില്ല എന്ന് കരുതുന്നുണ്ടെങ്കിൽ ചരിത്രപഠനം അവസാനിപ്പിക്കാം. എന്നാൽ ഒരു സമൂഹം മുന്നോട്ടുപോകണമെന്നും രാഷ്ട്രം മുന്നോട്ടുപോകണമെന്നും കരുതുന്നുണ്ടെങ്കിൽ, തീർച്ചയായും ചരിത്രം ആവശ്യമാണ്.
അപ്പോൾ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉയർന്നുവരുന്നു: നാം പഠിക്കേണ്ട ചരിത്രം ഏതാണ്? ചരിത്രം വെറും ഭാവനയോ സൃഷ്ടിയോ അല്ല. അതിന് തെളിവുകൾ ആവശ്യമാണ്. ഒരു ചരിത്രവിവരണം വിശ്വസനീയമാണോ അല്ലയോ എന്ന് വിലയിരുത്താൻ ചില മാനദണ്ഡങ്ങളുണ്ട്. ചരിത്രകാരന്മാർ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്നാമതായി, ഒരു സ്രോതസ്സിന്റെ ഉത്ഭവവും ആധികാരികതയും സ്ഥാപിക്കുന്നു. ആ സ്രോതസ്സ് വിശ്വസനീയമാണോ? അതിന് തെളിവെന്താണ്? ഉദാഹരണത്തിന്, ഗാന്ധിയുടെ ഡയറിക്കുറിപ്പുകൾ ക്രിക്കറ്റ് ചരിത്രമെഴുതാൻ എന്തുകൊണ്ട് അനുയോജ്യമല്ല എന്ന് ചിന്തിക്കണം.
രണ്ടാമതായി, അവർ വർത്തമാനകാലത്തെയും ഭൂതകാലത്തെയും വേർതിരിക്കുന്നു. സമയം കടന്നുപോയെന്ന് തിരിച്ചറിയിക്കണം. ചരിത്രകാരന് പറയേണ്ടിവരും: “അശോകന്റെ മൊബൈൽ ഫോൺ നമ്പറോ നെപ്പോളിയന്റെ പാൻ കാർഡോ ഞാൻ ചോദിക്കില്ല; കാരണം കാലം മാറിയിരിക്കുന്നു.” ചർച്ച ചെയ്യുന്ന കാലഘട്ടത്തിന് അനുയോജ്യമായ ആശയങ്ങളായിരിക്കണം ചരിത്രത്തിൽ ഉപയോഗിക്കേണ്ടത്. ഭൂതകാലം സജീവമായി നിർമ്മിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഞാൻ പ്രായമാകുന്നതിനനുസരിച്ച് എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ മാറുന്നു. മാതാപിതാക്കളുമായുള്ള എന്റെ ബന്ധവും മാറുന്നു.
‘മുസ്ലിം അധിനിവേശം’ എന്നൊരു പ്രയോഗം ഇവിടെയുണ്ട്. എന്നാൽ ഒരു രാഷ്ട്രം നിലവിലില്ലാതിരുന്ന കാലത്ത് അധിനിവേശങ്ങൾ നടന്നു എന്ന് പറയുന്നത് ശരിയല്ല. അന്ന് സാമ്രാജ്യങ്ങളും രാജവാഴ്ചകളും രാജ്യങ്ങളുമാണ് ഉണ്ടായിരുന്നത്. സാമ്രാജ്യങ്ങൾക്കും രാജവാഴ്ചകൾക്കും ഇന്നത്തെ അർത്ഥത്തിലുള്ള രാഷ്ട്രീയ അതിർത്തികളല്ല ഉണ്ടായിരുന്നത്. മറിച്ച്, അതിർത്തിപ്രദേശങ്ങളാണ് ഉണ്ടായിരുന്നത്. അവ വികസിക്കുകയും ചുരുങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കാരണം, സാമ്രാജ്യത്തിന്റെ അധികാരം ഭരണഘടനയിലല്ല, രാജാവിന്റെ വ്യക്തിത്വത്തിലും ശക്തിയിലുമാണ് അധിഷ്ഠിതമായിരുന്നത്. രാജാവിന്റെ ശക്തിയാണ് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ വ്യാപ്തി നിർണയിച്ചത്. അതിനാൽ സാമ്രാജ്യങ്ങൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് സ്വാഭാവികമായിരുന്നു.
എന്നാൽ ഒരു രാഷ്ട്രത്തിൽ രാഷ്ട്രീയ അതിർത്തികൾ — അല്പം സങ്കീർണമായൊരു വാക്കുപയോഗിച്ചാൽ — പവിത്രമാണ് (sacred). അവ ചർച്ച ചെയ്ത് മാറ്റാവുന്നവയല്ല. അവ പവിത്രവും മാറ്റാനാകാത്തതുമായിരിക്കുന്നത് രാജാവിന്റെ വ്യക്തിത്വം കാരണമല്ല, ഭരണഘടന കാരണമാണ്. അതായത്, അധികാരം രാജാവിന്റെ വ്യക്തിശരീരത്തിൽ നിന്ന്, അമൂർത്തമായ ഒരു രേഖയിലേക്കോ രേഖാമൂലമുള്ള സംവിധാനത്തിലേക്കോ മാറിയിരിക്കുന്നു.
ഞാൻ പറയാൻ ശ്രമിക്കുന്നത് ഇതാണ്: ചരിത്രം എഴുതുമ്പോൾ ഒരു സമൂഹത്തെയും രാഷ്ട്രത്തെയും എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്നതുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾ വളരെ നിർണായകമാണ്. ഒരു സമൂഹം സ്വന്തം ഭൂതകാലത്തെക്കുറിച്ച് തെറ്റായ ധാരണകൾ സ്വീകരിച്ചാൽ, അത് രാഷ്ട്രത്തിന്റെ നിലനിൽപ്പിനെത്തന്നെ അസ്ഥിരപ്പെടുത്തും. അതുകൊണ്ട് ചരിത്രവും രാഷ്ട്രനിർമ്മാണവും പരസ്പരം ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ ആശയം വേണ്ടത്ര ആളുകളിലേക്ക് എത്തിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.
നല്ല ചരിത്രഗവേഷകർ ഏതൊരു രാഷ്ട്രത്തിന്റെയും അമൂല്യമായ സമ്പത്താണ്. രാഷ്ട്രങ്ങൾ സ്വന്തം ചരിത്രത്തെ വീണ്ടും പരിശോധിക്കാറുണ്ട്. അത് അനാവശ്യമോ തെറ്റായതോ ആയ പ്രവർത്തനമല്ല. എന്നാൽ ആ ചരിത്രത്തെ എങ്ങനെയാണ് പുനഃപരിശോധിക്കുന്നത് എന്നതിലാണ് രാഷ്ട്രീയം കടന്നുവരുന്നത്. ഇന്ന് സ്ത്രീകളുടെ നിർണായകമായ പങ്ക് ഉൾപ്പെടുത്തുന്നതിനും ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പുനഃപരിശോധിക്കുന്നതിനുമായി ചരിത്രം വീണ്ടും എഴുതാൻ നാം ആഗ്രഹിക്കുന്നു. ചരിത്രം മാറിക്കൊണ്ടിരിക്കുന്നു. ഓർമ്മകൾ എപ്പോഴും പുനഃപരിശോധനയ്ക്കായി തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു. അവ ഒരിക്കലും സ്ഥിരമായി ഉറയ്ക്കുന്നില്ല.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
സമകാലിക ഇന്ത്യയിൽ, ചരിത്ര സ്ഥാപനങ്ങൾക്കും പൊതു ഓർമ്മകൾക്കും നേരെയുള്ള ആക്രമണങ്ങൾക്കൊപ്പം ചരിത്രത്തിന്റെ മാറ്റിയെഴുത്തുകൾക്കും, വികൃതമാക്കലുകൾക്കും, വ്യാജനിർമ്മിതികൾക്കും നാം സാക്ഷ്യം വഹിക്കുകയാണ്. ഇത്തരം പ്രവണതകൾ അവസാനം ചരിത്ര ബോധനത്തെത്തന്നെ ഇല്ലാതാക്കിയേക്കാം. സോഷ്യൽ സയൻസ് വിഷയങ്ങൾക്കുള്ള സർക്കാർ പിന്തുണ കുറയുന്നതിനെക്കുറിച്ച് ജപ്പാനിലുണ്ടായ ആശങ്കകളെക്കുറിച്ചും ഞാൻ വായിച്ചിട്ടുണ്ട്. ആ താരതമ്യം ശരിയാണോ?
പ്രൊഫ. റോഹൻ ഡിസൂസ:
ഭൂതകാലത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ എന്ന ആശയം രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ആ ആശയം മാറ്റണമെങ്കിൽ, ഭൂതകാലത്തെക്കുറിച്ചുള്ള ധാരണയും മാറ്റേണ്ടിവരും. വിചിത്രമെന്ന് പറയട്ടെ, താങ്കൾ പറഞ്ഞതുപോലെ, ‘ചരിത്രത്തെ ഒഴിവാക്കാം’ എന്ന് പറയുന്ന ശക്തികൾ ഉയർന്നുവരുന്നുണ്ട്. അത് രാഷ്ട്രം എന്ന ആശയത്തെ ദുർബലപ്പെടുത്തുന്നുണ്ട്.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ജെയ്സൺ സ്റ്റാൻലി (Jason Stanley) ഫാസിസത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ചരിത്രം തുടച്ചുനീക്കപ്പെടുന്നതിനെക്കുറിച്ചും ഈ അടുത്ത കാലത്ത് എഴുതിയിട്ടുണ്ടല്ലോ.
പ്രൊഫ. റോഹൻ ഡിസൂസ:
അതെ. ഇവിടെ ഹന്ന ആരെൻഡിന്റെ (Hannah Arendt) ആശയം ഞാൻ ഓർമിപ്പിക്കട്ടെ: വസ്തുതയെയും കെട്ടുകഥയെയും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയാതെ വരുമ്പോൾ, നിങ്ങൾ അപകടകരമായ ഒരു ഏകാധിപത്യഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിയും.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
തീർച്ചയായും. സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയാൻ ആളുകൾക്ക് കഴിയാതെ വരുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
പ്രൊഫ. റോഹൻ ഡിസൂസ:
അപ്പോഴാണ് ഫാസിസവും ഏകാധിപത്യവും രൂപപ്പെടുന്നത്. എന്റെ വാദം ഇതാണ്: ചരിത്രപഠനത്തിൽ നാം കൂടുതൽ നിക്ഷേപം നടത്തണം. നാം ഒരു രാഷ്ട്രമെന്ന നിലയിൽ നാം ആരാണെന്നും നമ്മുടെ ആശയങ്ങൾ എന്താണെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന കൂടുതൽ ആളുകൾ ഉണ്ടാകണം. ഓരോ രാഷ്ട്രവും ചില പ്രത്യേക ആശയങ്ങൾ മുന്നോട്ടുവയ്ക്കാറുണ്ട്. സ്വന്തം തെറ്റുകളും ദുഷ്പ്രവൃത്തികളും മറച്ചുവയ്ക്കാൻ പോലും അത് ശ്രമിച്ചേക്കാം. അതുകൊണ്ട് നമുക്ക് നല്ല ചരിത്രകാരന്മാർ ആവശ്യമാണ്.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഹ്യുമാനിറ്റീസിലും മറ്റ് വിഷയങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്ക, യുകെ, ഓസ്ട്രേലിയ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രവണതയെ താങ്കൾ എങ്ങനെ കാണുന്നു? വർദ്ധിച്ചുവരുന്ന ഈ അന്താരാഷ്ട്ര അക്കാദമിക് കുടിയേറ്റത്തിന്റെ വിപുലമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
പ്രൊഫ. റോഹൻ ഡിസൂസ:
ഇതിനെ പല രീതികളിൽ കാണാനാകും. ഇതിന് ഒരൊറ്റ വിശദീകരണമില്ല. ഈ കുടിയേറ്റത്തിന്റെ കഥ ആധുനിക വ്യക്തിയുടെ കഥ കൂടിയാണ്. മുമ്പും കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ ഞാൻ പറയുന്നത്, ആളുകൾ സ്വയം പുനർനിർമിക്കാനായി മറ്റിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രത്യേകതരം കുടിയേറ്റത്തെക്കുറിച്ചാണ്. കുടുംബത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് കടന്ന്, എന്നാൽ കുടുംബബന്ധങ്ങൾ നിലനിർത്തിക്കൊണ്ട്; കേരളീയനായിരിക്കുമ്പോഴും കേരളീയതയ്ക്കപ്പുറമുള്ള ഒരാളായി മാറിക്കൊണ്ട്; പുതിയ സാധ്യതകളായി സ്വയം രൂപപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. കുടിയേറ്റത്തിലൂടെ വലിയൊരു സാധ്യതയാണ് അവർ പരീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ ഇതിനെ ഒരു നെഗറ്റീവ് കാര്യമായി കാണില്ല. എന്നാൽ ഇതിന് ചില പ്രത്യാഘാതങ്ങളുമുണ്ട്. നിങ്ങളുടെ പണം തീർന്നുപോകാം. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ കഴിഞ്ഞെന്നുവരില്ല. മറ്റൊരു രാജ്യത്തും മറ്റൊരു സമ്പദ്വ്യവസ്ഥയിലും വ്യത്യസ്ത നിയമങ്ങൾക്ക് കീഴിൽ നിങ്ങൾ കുടുങ്ങിപ്പോയേക്കാം. ഒടുവിൽ, നിങ്ങൾക്ക് പ്രതീക്ഷിച്ചത്ര വിജയിക്കാനാകാതെയും വരാം. അതേസമയം, വിജയകരമായ കുടിയേറ്റത്തിന്റെ കഥകളുമുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയ കേരളീയർ ധാരാളം പണം സമ്പാദിച്ചു. അവർ നാട്ടിലേക്ക് മടങ്ങിവന്ന് ആഡംബരമുള്ള വീടുകൾ നിർമിച്ചു. അവരുടെ മക്കൾ അവരെക്കാൾ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറി. എന്നാൽ ഒരു ഘട്ടത്തിൽ, അടുത്തതായി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്ന് അവർക്ക് അറിയാതെയായി. അപ്പോൾ അവർ ചിന്തിച്ചു: “പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മറ്റൊരു പുതിയ സാധ്യതയാണ്.” അതുകൊണ്ട് ഈ കുടിയേറ്റം നല്ലതാണെന്നോ മോശമാണെന്നോ പറയാൻ കഴിയില്ല.
എന്നാൽ കുടിയേറ്റത്തിന്റെ മറ്റൊരുവശം, കേരളത്തിൽ ജീവിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന ധാരണയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. കേരളത്തിലുള്ള ആളുകൾതന്നെ അതിന് മാറ്റം വരുത്തേണ്ടതുണ്ട്. മെച്ചപ്പെട്ട ജീവിതനിലവാരം, കൂടുതൽ ജനാധിപത്യം, കൂടുതൽ നീതി, കൂടുതൽ സമത്വം — ഇവയെല്ലാം ആളുകളെ കേരളത്തിലേക്ക് തിരിച്ചാകർഷിക്കുന്ന ഘടകങ്ങളായി മാറണം.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
ഇവിടെയൊരു പ്രശ്നം ഞാൻ കാണുന്നുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ, താങ്കൾ വിവരിക്കുന്ന തരത്തിൽ വ്യക്തിപരമായി വികസിക്കാനോ ആധുനിക വ്യക്തിത്വത്തിന്റെ സാധ്യതകൾ തിരിച്ചറിയാനോ അത് വ്യക്തികളെ പര്യാപ്തരാക്കിയിട്ടില്ല. വിദ്യാർത്ഥികൾ നാടുവിടാനുള്ള ഒരു കാരണം അതായിരിക്കാം. അടുത്തിടെ ലണ്ടനിലേക്ക് കുടിയേറിയ ഒരു യുവാവിനോട് എന്തുകൊണ്ട് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിക്കൂടാ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമായിരുന്നു: ഇന്ത്യയിലെ പൊതുജീവിതത്തിൽ പൗരബോധം കുറവാണെന്നും, വിയോജിപ്പ് പ്രകടിപ്പിക്കാനും ആശയങ്ങൾ പറയാനും അധികാരത്തെ ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം കൂടുതൽ പരിമിതമാണെന്നും അദ്ദേഹത്തിന് തോന്നി. ഇത് എല്ലാ കുടിയേറ്റക്കാരുടെയും അനുഭവത്തെ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, ബൗദ്ധിക സ്വാതന്ത്ര്യത്തിനും ജനാധിപത്യപരമായ പൊതുജീവിതത്തിനും വേണ്ടിയുള്ള തെരച്ചിൽ വിദ്യാഭ്യാസ കുടിയേറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള ഈ കുടിയേറ്റ മാനത്തെ താങ്കൾ എങ്ങനെ വ്യാഖ്യാനിക്കും?
പ്രൊഫ. റോഹൻ ഡിസൂസ:
ചിലപ്പോൾ ആളുകൾ നൽകുന്ന വിശദീകരണങ്ങൾ അവർ പൂർണമായി വിശ്വസിക്കുന്നവയാകണമെന്നില്ല. എന്നാൽ ആ വ്യക്തി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹം പറയുന്നതിൽ കുറെയൊക്കെ സത്യമുണ്ട്. എന്നാൽ അതുമാത്രമല്ല മുഴുവൻ സത്യം. കുടിയേറ്റത്തിന്റെ കഥ സങ്കീർണമാണ്. ചിലപ്പോൾ അത് ജീവിതനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ വിവാഹം പോലുള്ള വ്യക്തിപരമായ കാരണങ്ങളാലും കുടിയേറ്റം സംഭവിക്കുന്നു. എന്റെ കാര്യത്തിൽ, വിവാഹമാണ് ഞാൻ പുറത്തുപോയതിന്റെ കാരണം. അതേസമയം, പരമ്പരാഗതമായ അധികാരശ്രേണികളെ നിരാകരിക്കുന്ന ഒരു തലമുറ ഇപ്പോൾ ഉയർന്നുവരുന്നുണ്ട് എന്നത് വസ്തുതയാണ്. മാതാപിതാക്കളെ അനുസരിക്കുന്നതാണ് ബുദ്ധിയെന്ന് അവർ കരുതുന്നില്ല. ഇന്നലെപ്പോലും എന്റെ പ്രായത്തിലുള്ള ഒരാളുമായി ഞാൻ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ അനുസരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കുട്ടികൾ അതിന് തയ്യാറല്ല. ആ അധികാരശ്രേണിയെ ഇനി അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പഴയകാലത്തെ കൂട്ടുകുടുംബങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഇന്നത്തെ കാലത്ത് അത്തരമൊരു കൂട്ടുകുടുംബം സാധ്യമാണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? അത് ഏറെക്കുറെ അസാധ്യമാണ്. ഇന്ന് ആളുകൾക്ക് തങ്ങളുടെ വ്യക്തിപരമായ ഇടത്തെക്കുറിച്ചും തങ്ങൾ ആരാണെന്നതിനെക്കുറിച്ചും കൂടുതൽ ശക്തമായ ബോധ്യമുണ്ട്. അവർ നിരന്തരം സ്വയം നിർവചിക്കുകയും സ്വയം ചോദ്യം ചെയ്യുകയും ചെയ്യുന്നു. കുടിയേറ്റത്തെ ഈ കാഴ്ചപ്പാടിലൂടെയും കാണാനാകും.
മറ്റൊരു കാര്യം, വിദേശത്ത് ജീവിക്കുന്നതിലൂടെയാണ് ഒരാളുടെ മൂല്യം അളക്കപ്പെടുന്നതെന്ന ധാരണ പലരിലും രൂപപ്പെട്ടിട്ടുണ്ട് എന്നതാണ്. ഈ ധാരണ ഇവിടെ ശക്തമായിരിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും അവയെക്കുറിച്ച് ധാരണയിലെത്തുകയും വേണം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് എനിക്ക് അധികം അറിവില്ല. എന്നാൽ അത് നല്ല നിലയിലല്ലെന്ന് പറയാൻ ആവശ്യമായ അറിവ് എനിക്കുണ്ട്. നിരവധി ആളുകളുമായി സംസാരിക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണയിൽ, അത് പൊതുബോധത്തെ ചോദ്യം ചെയ്യുന്ന പ്രക്രിയയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം പരിവർത്തനത്തെക്കുറിച്ചുള്ളതാണ്. നിലവിലുള്ള അവസ്ഥയെ അതേപടി സാധാരണമാക്കി നിലനിർത്തുന്നതല്ല വിദ്യാഭ്യാസം. നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാനാകുമെന്നും മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും സമൂഹത്തെ പരിവർത്തിപ്പിക്കാനാകുമെന്നും ആളുകളോട് പറയുന്നതാണ് വിദ്യാഭ്യാസം. പുതിയ ആശയങ്ങൾ ലഭിക്കുമ്പോൾ, അവ നിങ്ങളെ പരിവർത്തിപ്പിക്കണം. എന്നാൽ പരിവർത്തനാത്മക വിദ്യാഭ്യാസത്തിൽ താൽപര്യമില്ലാത്ത ഒരു വിദ്യാഭ്യാസസംവിധാനം നിലവിൽ വരുമ്പോൾ, ഇത്തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാകുക. കൂടുതൽ വിമർശനാത്മക ചിന്ത ആവശ്യമാണ്. കൂടുതൽ ചലനാത്മകത ആവശ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചുള്ള പുതിയ ആശയം മുന്നോട്ടുവയ്ക്കാൻ യുവാക്കളെ അനുവദിക്കണം, അതിനെ നിങ്ങൾ എന്തു പേരിൽ വിളിച്ചാലും.
വിദ്യാഭ്യാസം എന്ന ഏറ്റവും നിർണായകമായ വെല്ലുവിളിയിലേക്ക് താങ്കൾ വിരൽചൂണ്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. അത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. കാരണം, വിദ്യാഭ്യാസത്തെ ഇന്ന് സമ്പദ്വ്യവസ്ഥയുടെ ഒരു അനുബന്ധവിഷയമായിട്ടാണ് നാം കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ, വിദ്യാഭ്യാസമില്ലാതെ മറ്റ് പല പ്രശ്നങ്ങളും കൂടുതൽ കഠിനവും ഗുരുതരവുമാകും.
പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്:
കൂടാതെ, ‘ജ്ഞാന സമ്പദ്വ്യവസ്ഥ’ (knowledge economy) എന്ന ആശങ്കാജനകമായ പ്രയോഗവും നിലനിൽക്കുന്നുണ്ടല്ലോ.
പ്രൊഫ. റോഹൻ ഡിസൂസ:
തീർച്ചയായും. എന്തായാലും, ഇതെല്ലാം വളരെ വിപുലമായ ഒരു ചർച്ചയുടെ ഭാഗമാണ്. ഇത്തരം ചർച്ചകൾ ഇനിയും നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ സൂചിപ്പിച്ചതുപോലെ, ഈ ചോദ്യങ്ങളെക്കുറിച്ചുതന്നെയാണ് ഞാൻ എഴുതുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നത്. നന്ദി.
(2026 സെപ്തംബർ 17, 18 തീയതികളിൽ കാലിക്കറ്റ് സർവകലാശാലയിൽ വച്ച് നടന്ന The fourth annual international conference of the Society for the History of Science, Kolkata എന്ന പരിപാടിയിൽ സംസാരിക്കാൻ എത്തിയപ്പോഴാണ് ഇവർ കേരളീയത്തിന് വേണ്ടി ഈ സംഭഷണം നടത്തിയത്).

