Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഭരണഘടനാ സമർപ്പണ വേളയിൽ ഡോ. ബി.ആർ അംബേദ്കർ പ്രസ്താവിച്ചത് ഇന്ത്യ വൈരുദ്ധ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നു എന്നാണ്. ഭരണഘടന ഉറപ്പു വരുത്തുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങൾ ഒരു ഭാഗത്തും അതിനെതിരായി ഇന്ത്യയെ കാർന്നുതിന്നുന്ന ബ്രാഹ്മണ്യ മൂല്യങ്ങൾ മറ്റൊരു ഭാഗത്തും. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന അന്നു മുതൽ തന്നെ ഭരണഘടന വിഭാവനം ചെയ്ത അടിസ്ഥാന മൂല്യങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഹ്മണ്യശക്തികൾ ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ നിറയെ വിദേശ ആശയങ്ങളാണെന്ന് ഹിന്ദുത്വ ശക്തികൾ പ്രചരിപ്പിക്കാൻ കാരണം ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ദർശന പ്രയോഗ വഴികൾക്കെതിരായിരുന്നു അവർ എന്നതുകൊണ്ടാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന്റെ അടിസ്ഥാനം മനുസ്മൃതി ആണെന്നും അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ത്യയുടെ ആധാരമെന്നും സവർക്കർ സിദ്ധാന്തിക്കാൻ ഹേതു മനു അവതരിപ്പിക്കുന്ന ചാതുർവർണ്യ ശ്രേണീകൃത വ്യവസ്ഥയാണ്. ഭരണഘടന പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് സവിശേഷ പരിഗണനയും പരിരക്ഷയും ഉറപ്പു വരുത്തുമ്പോൾ മനുസ്മൃതി പാർശ്വവൽക്കരണങ്ങളെ സാധൂകരിക്കുന്നു. ഇന്ത്യയിൽ ദലിത് ജനസമുദായങ്ങളെ മനുസ്മൃതിയുടെ പാരമ്പര്യം കീഴമർത്തി ദമനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഭരണഘടന ദലിത മഹാജനതക്ക് പരിരക്ഷ നൽകി അവർക്ക് അവകാശങ്ങൾ ഉറപ്പു വരുത്തുന്നു. ഇക്കാരണത്താലാണ് ഹിന്ദുത്വർ ഭരണഘടനയെ കടന്നാക്രമിക്കുന്നത്. ഈ ആക്രമണം നിഗൂഢ ഭരണകൂട ക്രമത്തിലൂടെയാണ് നിർവഹിക്കപ്പെടുന്നത്. ഭരണഘടന സംവരണാവകാശങ്ങളിലൂടെ പാർശ്വവൽകൃത ജനതക്ക് ഭരണകൂട അധികാര രംഗങ്ങളിൽ പ്രവേശനവും പ്രാതിനിധ്യവും ഉറപ്പാക്കുന്നു. ഈ സംവരണത്തെ അട്ടിമറിച്ചുകൊണ്ടാണ് ഭരണഘടനയുടെ സമത്വ സാഹോദര്യ ദർശനങ്ങളെ നിഗൂഢ ഭരണകൂടം അട്ടിമറിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളിലെ അധ്യാപക തസ്തികകളിൽ 97 ശതമാനവും സവർണർ ആധിപത്യം സ്ഥാപിക്കുന്നത് ഭരണഘടനയുടെ പ്രാതിനിധ്യ വ്യവസ്ഥയെ പരസ്യമായി അട്ടിമറിച്ചുകൊണ്ടാണ്. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 96 ശതമാനം അധ്യാപക തസ്തികകളും സവർണ കേന്ദ്രിതമാകാൻ കാരണം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനാലാണ്.
ശബരിമല കലാപകാലം ഭരണഘടനയുമായി യുദ്ധം ചെയ്യുന്ന തന്ത്രസമുച്ചയത്തെയാണ് കണ്ടത്. തന്ത്ര സമുച്ചയം ബ്രാഹ്മണരെ മാത്രം പൂജാരിയായി തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ ഭരണഘടന തുല്യാവകാശങ്ങളെ ഉയർത്തി പിടിക്കുന്നു. ഈ സമത്വദർശനത്തെ ഉയർത്തി പിടിച്ചതു കൊണ്ടാണ് കേരളത്തിൽ ബ്രാഹ്മണരല്ലാത്ത സമുദായങ്ങളിൽ പെട്ടവർക്ക് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മേൽശാന്തിയായി നിയമനം നൽകിയത്. എന്നിട്ടും ശബരിമലയിൽ ഇന്നും ഒരു അബ്രാഹ്മണന് മേൽശാന്തിയാകാൻ കഴിയുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായി തന്ത്രസമുച്ചയത്തിന്റെ ബ്രാഹ്മണിക മൂല്യങ്ങൾ ശബരിമലയെയും വിഴുങ്ങാൻ ശ്രമിക്കുന്നു. അയിത്തം നിയമം മൂലം നിരോധിച്ച ഇന്ത്യയിൽ ഭരണഘടനയെ അപഹസിക്കും വിധം അയിത്തവും അസ്പൃശ്യതയും തുടരുന്നു. ഇന്ത്യയിൽ നിന്നും സാർവത്രികമായി അയിത്തം ഇന്നും ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. ദലിതർ പ്രവേശിച്ചതിനാൽ ക്ഷേത്രവിഗ്രഹവുമായി സവർണർ കടന്നു കളഞ്ഞ സംഭവം വരെ സമകാലിക ഇന്ത്യയിൽ സംഭവിച്ചു. ദേവസ്വം മന്ത്രിയായിരുന്ന രാധാകൃഷ്ണനോടും ബ്രാഹ്മണ്യം അയിത്ത വിവേചനം കാണിച്ചു.
പീഢനം ഏൽക്കുകയും അപമാനിതരാവുകയും ചെയ്യുന്ന മനുഷ്യരിൽ സ്ത്രീകളുടെ എണ്ണത്തിൽ ഇന്ത്യയിൽ കുറവില്ല. വർണജാതി മൂല്യങ്ങളുടെ പാരമ്പര്യം ഇന്ത്യയെ ഇന്നും വിടാതെ ഭരിക്കുന്നു. കീഴാളരായി മുദ്ര കുത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവരെ വിവാഹം കഴിച്ചാൽ അതിലേർപ്പെട്ട ദമ്പതികളെ കൊല്ലാൻ ഒരു മടിയുമില്ലാത്തവരായി ജാതിവാദികൾ നിലനിൽക്കുന്നു.
നൂറ്റാണ്ടുകളായി ഇന്ത്യയെ നിയന്ത്രിച്ച് ഭരിച്ച വർണജാതിമേൽക്കോയ്മാ വ്യവസ്ഥക്കെതിരായാണ് ഭരണഘടന നിലവിൽ വന്നത്. ഈ ഭരണഘടന സ്മൃതി പാരമ്പര്യങ്ങളെ തകർത്തു കൊണ്ട് ദലിതർക്കും സ്ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട മുഴുവൻ ജനസമുദായങ്ങൾക്കും നീതി ഉറപ്പു വരുത്തുന്നു. ഇതിനാൽ തന്നെ ബ്രാഹ്മണ്യം ഭരണഘടനയെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ വിദഗ്ദനും നിയമ പണ്ഡിതനുമായ പ്രൊഫ. ഡോ. മോഹൻ ഗോപാൽ നിരീക്ഷിച്ചതു പോലെ സുപ്രീം കോടതി അതിന്റെ തിയോക്രാറ്റിക് വിധിപ്രസ്താവങ്ങളിലൂടെ വർണജാതി മൂല്യങ്ങളെ ഉറപ്പിക്കുന്നു. പീഢനം ഏറ്റ സ്ത്രീ നീതിക്കായി കോടതിയിലെത്തുമ്പോൾ അവരുടെ ജാതകം പരിശോധിക്കാൻ വിധിക്കുന്ന കോടതി ഭരണഘടനക്ക് പകരം ബ്രാഹ്മണ്യ വിശ്വാസങ്ങളെ ആശ്രയിക്കുന്നു. അയോദ്ധ്യാവിധി പ്രസ്താവിച്ച ജഡ്ജി, തന്റെ വിധി പ്രസ്താവത്തെ നയിച്ചത് ദൈവമാണെന്ന് പരസ്യമായി പ്രസ്താവിക്കുന്നു. ഇത് തെളിയിക്കുന്നത് ഭരണഘടനാ ധാർമികതക്ക് പകരം ബ്രാഹ്മണ്യ ധാർമികതയാണ് ഇത്തരം ജഡ്ജിമാരിൽ സ്വാധീനം ചെലുത്തുന്നത് എന്നാണ്.
ഇന്ത്യയിലെ പാർശ്വവൽകൃത ദലിത പിന്നോക്ക ജനതക്ക് അഭിമാനത്തോടെ ജീവിക്കാൻ ധീരതയുടെ പ്രതലം സൃഷ്ടിച്ചത് ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയുടെ ഈ സമത്വ സാഹോദര്യ ദർശനങ്ങളുടെ സ്രോതസ് ഇന്ത്യയിലെ സാമൂഹ്യ പരിഷ്ക്കരണ സമരങ്ങളും പ്രസ്ഥാനങ്ങളും കർത്തൃത്വങ്ങളുമാണ്. ബുദ്ധനിൽ നിന്നും നാരായണ ഗുരുവിൽ നിന്നും ഊർജം ഉൾക്കൊള്ളുന്ന നമ്മുടെ ഭരണഘടന ജാതി മൂല്യങ്ങൾക്കെതിരായുള്ള അനേകമനേകം സമരങ്ങളുടെ ആന്തരിക ഊർജത്താലാണ് സൃഷ്ടിക്കപ്പെട്ടത്. ഡോ. അംബേദ്കർ പ്രസ്താവിച്ച വൈരുദ്ധ്യങ്ങളുടെ ആഴം വർദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് ഇന്ത്യൻ ജനതയുടെ വിമോചനസ്വപ്നത്തിന്റെ അടിയടരായ ഭരണഘടനയെ ഉയർത്തി പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരരുടെയും കടമയാണ്.
ജനാധിപത്യ സംസ്ക്കാരത്തെ ലജ്ജിപ്പിച്ചുകൊണ്ട് മുസ്ലീം ജനതക്കെതിരായി വിദ്വേഷ പ്രചാരണങ്ങൾക്ക് ഭരണകൂടം തന്നെ നേതൃത്വം വഹിക്കുമ്പോൾ ഭരണഘടനയുടെ സാഹോദര്യ മൂല്യങ്ങളാണ് നിർവീര്യമാക്കപ്പെടുന്നത്. ബുൾഡോസർ രാജിന് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് അതിന്റെ ബ്രാഹ്മണ്യ മൂല്യങ്ങളാണ്. ഇന്ത്യൻ ബ്രാഹ്മണ്യം മുസ്ലീം ജനസമുദായത്തെ മ്ലേച്ഛരായും രാക്ഷസരായും പൈശാചികവൽക്കരിക്കുന്നു. ഈ പൈശാചികവൽക്കരണത്തിന്റെ തുടർ ഫലമാണ് ഭീകരമായ മുസ്ലീം അപരവൽക്കരണം.
ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കുന്നത് ഭരണഘടനാ മൂല്യങ്ങളാണ്. ഭരണഘടനാ ധാർമികത ഇന്ത്യൻ ജനതയുടെ ആത്മഭാവമായിത്തീരുമ്പോൾ മാത്രമേ ഭരണഘടനക്കൊത്ത ജനതയായി നാം മാറിത്തീരു. ഭരണഘടനക്കെതിരായ ബ്രാഹ്മണ്യത്തിന്റെ നിരന്തര നിഗൂഢയുദ്ധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് മാത്രമേ ഭരണഘടനയുടെ അടിസ്ഥാന ദർശനങ്ങളായ സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും സംരക്ഷിക്കാൻ കഴിയൂ.