റോജയും കാശ്മീർ ഫയൽസും അപര സങ്കൽപ്പങ്ങളും

രാജ്യമെന്ന രാഷ്ട്രീയ സങ്കല്പം എങ്ങനെയാണ് ശത്രു-മിത്രം ദ്വന്ദ്വങ്ങളുടെ നിർമ്മിതിയായി മാറുന്നതെന്ന വിഷയത്തിൽ Carl Schmitt തന്റെ പ്രസിദ്ധമായ പുസ്തകം, The Concept of Politics (1932) ൽ വളരെ വിശദമായി അവതരിപ്പിക്കുന്നുണ്ട്. ഷിമിറ്റിന്റെ വാദപ്രകാരം, രാജ്യമെന്നത് The state is the political status of an organised people in an enclosed territorial unit, എന്നാണ് വിശദീകരിക്കുന്നത്. രാജ്യമെന്നത് ജനങ്ങളാണ്, ഒരു പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളും അവരുടെ ജീവിതവും തന്നെയാണ് രാജ്യമെന്ന പരികല്പനയിൽപ്പെടുക. അതാണ് ഭരണസംവിധാനത്തെ ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ എന്നിങ്ങനെ വിശേഷിക്കപ്പെടുന്നത്. ജനങ്ങളില്ലാതെ രാജ്യമില്ല തന്നെ. 

കാൾ ഷ്മിറ്റ് കടപ്പാട് : wordpress.com

എന്തും ചെയ്യാൻ അനുവാദവും അവകാശവുമുള്ള, എന്നാൽ ഒന്നും ചെയ്യാൻ അനുവദിക്കാത്ത ഒരു സംവിധാനം കൂടിയാണ് രാജ്യം\ഭരണകൂടമെന്ന സങ്കല്പം. ഭരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടായിരിക്കെ ജനങ്ങൾക്ക് ഒന്നും ചെയ്യാനുള്ള അധികാരമില്ലാത്ത, സ്റ്റേറ്റിന്റെ പരമാധികാരത്തിന് വെയിലും മഴയുമേൽക്കാതെ സംരക്ഷിക്കുക മാത്രമാണ് –What men want more than anything else is to participate in the excercise of power, Carl Schmitt – ജനങ്ങൾക്ക് ചെയ്യാനാകുക. ഭരണകൂടം പതിനായിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് വലിയ കെട്ടിടങ്ങളും പ്രതിമകളുമുണ്ടാക്കും. എന്നിട്ട് അത് ജനങ്ങൾക്ക് വേണ്ടിയെന്ന് പറഞ്ഞാൽ തല കുലുക്കി സമ്മതിക്കുക മാത്രമാണ് ജനങ്ങൾക്ക് ചെയ്യാനാകുക. 

ദി കൺസപ്റ്റ് ഓഫ് പൊളിറ്റിക്കൽ

അപ്പോൾ, ആരാണ് ശത്രു, മിത്രം? സ്റ്റേറ്റ് തീരുമാനിക്കും, അതാരാണെന്ന്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു സംഗതി കൂടിയാണ് ഈ ശത്രു\മിത്രം ദ്വന്ദ്വം-സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ലെന്ന് സാരം. രാജ്യമെന്നത് ഒരു പ്രദേശത്ത് ജീവിക്കുന്ന ആകെത്തുക വിളിക്കുമ്പോൾത്തന്നെ അതിന് ചില കാര്യങ്ങൾക്കൂടി ആവശ്യമുണ്ടെന്ന് തിരിച്ചറിയണം. ഭാഷയുടെയോ മറ്റേതെങ്കിലും മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ ആവും സ്റ്റേറ്റിന്റെ രൂപപ്പെടൽ. ഇന്ത്യയുടെ കാര്യമെടുത്താൽ, കോളനീവത്കരണം, സ്വാതന്ത്ര്യസമരം, വിഭജനം എന്നിങ്ങനെ അത്രയെളുപ്പത്തിൽ വായിച്ചെടുക്കാൻ ആവാത്ത, കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രമുള്ള ഒരു രാജ്യത്തിന്റെ മുഴുവൻ വൈവിധ്യങ്ങളോടെയും ഒരു രാജ്യമെന്ന് വിളിക്കുമ്പോൾ, സ്വാതന്ത്ര്യത്തോടെ നമുക്ക് സ്വന്തമായൊരു ശത്രുവിനെയും കൂടി കിട്ടിയെന്ന് പറയേണ്ടിവരും. അതുവരെ രാജ്യത്തിന്റെ ഭാഗമായിരുന്ന, ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രമായൊരു രാജ്യമെന്ന സങ്കല്പംകൂടി ഇന്ത്യൻ സ്വതന്ത്ര്യത്തോടെ രൂപപ്പെട്ടപ്പോൾ, ഈ ശത്രുനിർമ്മിതിയെന്നത് എളുപ്പമായിട്ടുണ്ട്. 

രാജ്യം, അതിനുള്ളിൽ പലതരം ഗ്രൂപ്പുകളെ ഈ ശത്രു\മിത്രം ദ്വന്ദ്വത്തിലുള്ളിൽ പരിഗണിക്കുകയും അസ്വസ്ഥതകളുടെ പലതരം വിന്യാസങ്ങളായി കാര്യങ്ങളെ മാറ്റിയെടുക്കുകയും ചെയ്തുകൊണ്ടാണ് ഭരണയന്ത്രമെന്ന അങ്ങേയറ്റം കുഴപ്പം പിടിച്ച സംഗതിയെ കൊണ്ടുപോകുന്നത്. അതിനിപ്പോൾ ഗുജറാത്തും ശഹീൻ ബാഗും മണിപ്പൂരുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

മണിപ്പൂർ കലാപത്തിൽ നിന്നുള്ള ദൃശ്യം

ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ ആകെത്തുകയായ ഒരു രാജ്യത്തെ നയിക്കാൻ (മുന്നോട്ടും പിന്നോട്ടും) ഹിന്ദുത്വമെന്ന ഒറ്റ അജണ്ട മാത്രം പോരെന്ന് സംഘപരിവാറിന് പോലും കൃത്യമായി അറിയാം. അതിന് പലതരം ആഘോഷങ്ങൾ വേണ്ടിവരും. എല്ലാവർക്കും എളുപ്പത്തിൽ ഇഷ്ടപ്പെടുന്ന ഒരാഘോഷമായ യുദ്ധം ഈ അവസരത്തിലാണ് പ്രസക്തമാകുന്നത്. ചിലവേറിയതെങ്കിലും യുദ്ധം, ഭരണകൂടങ്ങൾക്ക് ഒരാശ്രയം തന്നെയാണ്. സർജ്ജിക്കൽ സ്‌ട്രൈക്കായും, ഓപ്പറേഷൻ പുൽവാമയായും യുദ്ധവീര്യത്തിന്റെ കഥകൾ മുഴുവൻ മനുഷ്യരെയും പുളകംകൊള്ളിക്കു‌മെന്ന് ഭരണകൂടത്തിന് നന്നായി അറിയാം. യുദ്ധത്തിൽ പുളകം കൊള്ളാത്തവരെ എന്തിന് കൊള്ളാമെന്ന ചൊല്ലുകൾ വരെയുണ്ടത്രേ! മനുഷ്യചരിത്രം യുദ്ധവെറിയുടെ ചരിത്രം കൂടിയാണെന്ന് ചരിത്രം തന്നെയാണ് സാക്ഷി. 

ഇന്ത്യനവസ്ഥയിൽ യുദ്ധത്തെക്കാൾ പുളകംകൊള്ളിക്കുന്ന മറ്റൊരു സംഗതിയാണ് തിവ്രവാദം/തീവ്രവാദി. ആരാണ് തീവ്രവാദിയെന്ന് ചോദിച്ചാൽ കൊച്ചു കുട്ടികൾക്ക് വരെയറിയാം. അവരുടെ രൂപം, തലേക്കെട്ടും ശരീരഭാഷയും മുതൽ എല്ലാം കൃത്യമായി അളന്നുതൂക്കി വിതരണം ചെയ്തിട്ടുണ്ട്. ഈ കച്ചവടത്തിൽ ദൃശ്യമാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ ടിവി അടക്കമുള്ള ദൃശ്യമാധ്യമങ്ങൾ ഈ വിഷയത്തിൽ മേധാവിത്വം പുലർത്തുന്നതിന് മുമ്പുതന്നെ സിനിമ വലിയ തോതിലാണ് തീവ്രവാദവും യുദ്ധവും വിഷയമാക്കാൻ തുടങ്ങിയത്. ഈ വിഷയത്തിൽ, ദേശസ്‌നേഹത്തിന്റെ പേരിൽ നിരന്തരം പള്ളുകേൾക്കുന്ന തെക്കേ ഇന്ത്യയിൽനിന്നാണ് രാജ്യത്തിന് ആകമാനം അഭിമാനിക്കാവുന്ന യുദ്ധ\തീവ്രവാദ സിനിമകൾ നിർമ്മിക്കപ്പെട്ടത്. മണിരത്‌നം സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങൾ, ടെററിസ്റ്റ് ട്രിലജിയെന്ന പേരിൽതന്നെ വാഴ്ത്തപ്പെടുകയും, കൊണ്ടാടപ്പെടുകയും ചെയ്ത, റോജ (1992), ബോംബെ (1995), ദിൽ സേ (1998) എന്നീ ചിത്രങ്ങളാണ്, ഒരുപക്ഷേ ഈ നിരയിലെ നിർണ്ണായക  നീക്കങ്ങൾ. ഇതിൽ ദിൽസേയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷവേളയിൽ, യുദ്ധം\തീവ്രവാദം എന്നീ വിഷയങ്ങൾ സിനിമയിലൂടെ ആഘോഷിക്കപ്പെട്ടതും, ദേശീയതവാദങ്ങളെ എങ്ങനെയാണ് സിനിമ പ്രതിനിധീകരിക്കുന്നതും എന്നതാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.

റോജ, ബോംബോ, ദിൽ സേ സിനിമകളുടെ പോസ്റ്ററുകൾ കടപ്പാട് : N.F.A.I /fb.

ഇന്ത്യൻ ജനപ്രിയ സങ്കല്പത്തെ (Popular Imagination) നിർമ്മിക്കുന്നതിൽ, 1962ലെ ഇന്ത്യ-ചൈന യുദ്ധം, 1971ലെ ഇന്ത്യ-പാക്ക് യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം എന്നിവ വഹിച്ച പങ്കിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്, Bollywood Does Battle എന്ന പുസ്തകം ആരംഭിക്കുന്നത്. ബ്രുക്ക്‌ലിൻ കോളേജ് ഫിലോസഫി പ്രൊഫസറായ സമീർ ചോപ്രയെഴുതിയ പുസ്തകം, എങ്ങനെയാണ് യുദ്ധം ഇന്ത്യൻ മനസിനെ രൂപപ്പെടുത്തിയതെന്ന് വിശദമായി പറഞ്ഞുവെയ്ക്കുന്നു.

ഒരുപരിധിവരെ കാൾ ഷിമിറ്റ് പറഞ്ഞതിന്റെ തുടർച്ചയാണ് സമീർ ചോപ്ര പറഞ്ഞുവെയ്ക്കുന്നത്. ശത്രുവിനെ നിർമ്മിക്കുക, ശത്രുവുമായി നിരന്തരം ഏറ്റുമുട്ടുക, ശത്രുതയെന്നത് ഒരു ഭരണകൂട സവിശേഷതയായി കൊണ്ടുനടക്കുക, ഇതാണ് ഭൂരിപക്ഷം ഭരണസംവിധാനങ്ങളുടെയും പൊതുസ്വഭാവം. ഇതിനെ പിൻപറ്റുകയോ നിർമ്മിക്കുകയോ കൊണ്ടാടുകയോ ചെയ്യുകയാണ് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും വലിയ ജനപ്രിയ മാധ്യമമായ സിനിമ ചെയ്യുന്നത്.

ബോളിവുഡ് ഡൊസ് ബാറ്റിൽ

പട്ടാളത്തെ ഇന്ത്യൻ മനസ്സിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കുകയാണ് കാലങ്ങളായി ഭരണകൂടം ചെയ്ത് വന്നിട്ടുള്ളത്. പട്ടാളത്തിന്റെ ത്യാഗനിർഭരവും വീരേതിഹാസികവുമായ കഥകളുടെ ഉൾപുളകങ്ങൾ, ഭരണകൂടത്തിന് നൽകിയ ഊർജ്ജം, അത് എത്രമേൽ വിപണിസാധ്യതയുള്ള ഒന്നാണെന്ന് കാലങ്ങളായി ഇറങ്ങിയിട്ടുള്ള സിനിമകൾ തന്നെയാണ് ഉദാഹരണം. പട്ടാളത്തിന്റെ ജീവിതത്തെയും പ്രതിരോധത്തെയും കാല്പനികവത്കരിച്ച ബോർഡർ (1997) എന്ന ചിത്രം കണ്ട് കണ്ണുനീർ വീഴ്ത്തി എത്ര ചെറുപ്പക്കാരാണ് പട്ടാളത്തിൽ ചേർന്നിട്ടുള്ളത്? രാജ്യത്തിന്റെ ഹൃദയം തുടിക്കുന്നത് അതിന്റെ ജനതയിലല്ല, പകരം അതിർത്തിയിലാണെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിയെടുക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്.

ബോർഡർ

ജയ് കിസാൻ, ജയ് ജവാനെന്ന മുദ്രാവാക്യത്തിൽ ജവാൻ മാത്രമാണ് ജീവിക്കുന്നത്, കർഷകൻ ഓരോ ദിവസവും ആത്മഹത്യ ചെയ്യുകയാണ്. കർഷകനല്ല, പട്ടാളക്കാരനാണ് ഭരണയന്ത്രത്തെ തിരിക്കുന്നത്. ഭരണകൂടം ഒരു യന്ത്രമാണ്, അതിന് പ്രവർത്തിക്കാൻ ഭക്ഷണമല്ല വേണ്ടത്. അതുകൊണ്ടാണ് പട്ടാളക്കാരന്റെ മരണം ആഘോഷിക്കുകപ്പെടുകയും, പട്ടാളക്കാരൻ വീരനായ വാഴ്ത്തപ്പെടുകയും ചെയ്യുമ്പോൾ കർഷകന്റെ ആത്മഹത്യ ആരാലും അറിയപ്പെടാതെ പോകുന്നത്. 

1965ലെ ഇന്ത്യ-പാക്ക് യുദ്ധാനന്തരമാണ്, യുദ്ധമെന്ന പ്രാഗ്മരൂപത്തിന്റെ (Archetype) നിർമ്മിതി ഇന്ത്യയിൽ സംഭവിച്ചതെന്നാണ് സമീർ ചോപ്രയുടെ വാദം. What always matters is only the possibilty of conflict എന്ന് ഷിമ്മിറ്റ് പറയുന്ന സംഗതി ഭരണകൂടദൗത്യമായി മാറുകയാണ് ഈ യുദ്ധാനന്തരം നടന്നത്. എപ്പോൾ വേണമെങ്കിലും ഇരച്ച് കയറാവുന്ന ഒരു യുദ്ധനീക്കത്തിന്റെ ഭീതി ജനതയിൽ സൃഷ്ടിക്കുകയെന്നത് അത്രയെളുപ്പമുള്ള സംഗതിയല്ല. ഭരണകൂടം അതിന് പലതരം സാധ്യതകൾ ഉപയോഗിക്കും. അതിൽ പാട്ടും, റൊമാൻസും, അല്പം ഗൃഹാതുരതയും ചേർത്ത് സിനിമയാക്കാൻ പറ്റിയാൽ, ജനങ്ങൾ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് കാണും. ഏറ്റവുമവസാനം, അരിസ്റ്റോട്ടിൽ പറഞ്ഞുവെച്ച കഥാർട്ടിക് അനുഭവത്തിലൂടെ കടന്നുപോകും. അവർ ഭരണകൂടത്തിന്റെ പാദങ്ങളിൽ നമസ്‌കരിക്കും.

അരിസ്റ്റോട്ടിൽ കടപ്പാട്: ഫ്രാൻസെസ്കോ ഹയസ്

ഭരണകൂടത്തിന് തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാധ്യമം മാത്രമായിട്ടാണ് പലപ്പോഴും സിനിമ പ്രവർത്തിക്കുക. മണിരത്‌നം (അല്ലെങ്കിൽ മറ്റൊരാൾ) വളരെ സ്വതന്ത്രമായെടുത്ത ചിത്രം ഭരണകൂടത്തിന്റെ ആശയങ്ങളെ പിന്താങ്ങുന്ന ഒന്നായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം അത്രയെളുപ്പത്തിൽ സാധ്യമല്ല.

ഒരു ജനപ്രിയ മാധ്യമമെന്ന നിലയിൽ, ജനപ്രിയ സങ്കല്പത്തെ നിർമ്മിക്കുകയാണോ, നിർമ്മിക്കപ്പെട്ട സങ്കല്പങ്ങളെ പാട്ടും റൊമാൻസും ചേർത്ത്, ആവി പോകാതെ വിളമ്പുകയാണോ ചെയ്യുന്നതെന്നത് മനസിലാക്കുക അത്രയെളുപ്പം സാധ്യമല്ല തന്നെ.

യുദ്ധചിത്രങ്ങളുടെ ഒരു പ്രത്യേകത, അതിൽ നമ്മളും (Us) അവരും (Them) ഉണ്ടെന്നതാണ്. സമീൻ ചോപ്ര മുന്നോട്ട് വെയ്ക്കുന്ന ഈ വാദം, ഷിമിറ്റിന്റെ വാദങ്ങളുടെ തുടർച്ച തന്നെയാണ്. ശത്രുവിനെ നിർമ്മിക്കുക, നമ്മളോളം വളർത്തുക, അടിയുണ്ടാക്കുക. അതൊക്കെ തന്നെ. പട്ടാളം നടത്തുന്ന നീക്കങ്ങൾക്ക് അംഗീകാരം കിട്ടുന്നത്, നേതാവിന്റെ നെഞ്ചളവിനാണ്. കരുത്തനായ നേതാവിന് വേണ്ടി, കൂലിപ്പട്ടാളം ചടുലമായ നീക്കങ്ങൾ നടത്തുന്നു. ഇതാണ് പട്ടാളനീക്കങ്ങളുടെ ഏറ്റവും അപകടകരമായ സാധ്യത. ഭരണകൂടത്തിന്റെ നെഞ്ചുറപ്പിന് ദൃശ്യത നൽകുകയാണ് അതിർത്തിയിലെ പട്ടാളനീക്കങ്ങൾ. അതിനെ പൊടിപ്പും തൊങ്ങലും ചാർത്തി, പാട്ടും റൊമാൻസും ചേർത്ത്, വിറ്റഴിക്കുകയാണ് സിനിമ ചെയ്യുന്നത്.

ബോർഡർ സിനിമയിൽ കണ്ടതെന്താണോ, അതിന്റെയൊരു മൾട്ടിമീഡിയ കവറേജാണ് 1999ലെ കാർഗിൽ യുദ്ധത്തിലുണ്ടായത്. സമീൻ ചോപ്ര, കാർഗിൽ യുദ്ധത്തെ ഇന്ത്യയുടെ ആദ്യത്തെ ‘ആധുനികയുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിന് കിട്ടിയ മാധ്യമ സ്വീകാര്യതയും ദൃശ്യതയും യുദ്ധത്തിന്റെ, ശത്രുനീക്കങ്ങളുടെ ഭരണകൂട\വിപണിസാധ്യതയാണ് തുറന്നത്. യുദ്ധത്തെ വോട്ടാക്കി മാറ്റാനാകുമെന്ന തിരിച്ചറിവ്, ഭരണകൂടങ്ങളുടെ ഏറ്റവും വലിയ തിരിച്ചറിവാണ്. ആ തിരിച്ചറിവിലാണ് ദേശീയത വലിയൊരു സംഭവമായി മാറുന്നത്. പട്ടാളക്കാരെ ആദരിക്കുന്നത് ദേശീയതെ ആദരിക്കുന്നതിന് തുല്യവും അതുവഴി ദേശസ്നേഹിയാകാനുള്ള സാധ്യതയുമാണ് തുറന്നിടുന്നത്. 

സമീൻ ചോപ്ര

ഷിമിറ്റിന്റെ വാദപ്രകാരം, ഭരണകൂടം രണ്ടുതരം ശത്രുനിർമ്മിതയാണ് നടത്തുക. ശത്രുരാജ്യ നിർമ്മിതയാണ് ഇതിൽ ആദ്യത്തേത്. അതിൽ ഇന്ത്യ എന്തുകൊണ്ടും ഭാഗ്യം ചെയ്ത രാജ്യമാണ്. രണ്ട് ശത്രുക്കളാണ് ഇന്ത്യയ്ക്കുള്ളത്. ഒന്ന് എപ്പോഴും കലഹപ്രിയനായ പാക്കിസ്ഥാനും, രണ്ട് അടുക്കാൻ പറ്റാത്ത ചൈനയും. ഇതിൽ പാക്കിസ്ഥാനെ, പണ്ട് ലാലേട്ടൻ ധാരാവി ഒഴിപ്പിച്ചപോലെ ഒറ്റ രാത്രികൊണ്ട് തീർത്തുകളയുമെന്നാണ് വാദമെങ്കിൽ, ചൈന അങ്ങനല്ല. നെഞ്ചളവിന്റെ കഥയുംകൊണ്ട് അങ്ങോട്ട് ചെന്നാൽ അവര് കൂമ്പ് വാട്ടും. ഈ രണ്ട് ശത്രുരാജ്യങ്ങൾക്കിടയിൽ വിളഞ്ഞ് പാകമാകുന്ന ഒരു യുദ്ധഭൂമിയാണ് ഇന്ത്യയെന്ന് ആദ്യനോട്ടത്തിൽ പറയാമെങ്കിൽ, രണ്ടാമത്തെ ശത്രുനിർമ്മിതി രാജ്യത്തിനകത്തു തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങൾക്കുള്ളിൽ രൂപപ്പെട്ട് വന്നിട്ടുള്ള, രണ്ട് സമുദായങ്ങൾക്കിടയിലെ മുറിവുകളെ ഒരിക്കലുമുണങ്ങാത്ത ഒന്നാക്കി നിലനിർത്തുകയാണ്. ഈ ശത്രുനിർമ്മിതി, അതിന്റെ പാരമ്യത്തിലാണ് ഇപ്പോൾ. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വിളവെടുക്കാൻ പാകത്തിന്, ക്രോധത്തിന്റെ പഴങ്ങൾ നിറഞ്ഞിരിക്കുന്നു. നോർത്തീസ്റ്റിൽ വെടിയേറ്റ് വീണവന്റെ നെഞ്ചിൽ ചവിട്ടിയാടിയ ആനന്ദദൃശ്യത്തിന്റെ വീഡിയോ ഇപ്പോഴുമുണ്ടല്ലോ നെറ്റിൽ. ദാ, പുതിയൊരു വീഡിയോ വന്നിട്ടുണ്ട്. ഇതിൽ ടീച്ചറാണ് കഥാപാത്രം. അവർക്ക് തല്ലാൻ വയ്യാത്തതുകൊണ്ട്, ക്ലാസിലെ തന്നെ ഒരു കുട്ടിയെക്കൊണ്ട് തല്ലിക്കുകയാണ്. തല്ല് കൊള്ളുന്നത് ഒരു സമുദായത്തിലെ കുട്ടി, തല്ലുന്നത് മറ്റൊരു സമുദായത്തിലെ കുട്ടി. ഭരണകൂട ഒത്താശയോടെ നിർമ്മിക്കപ്പെട്ട ശത്രു\മിത്രം ദ്വന്ദ്വത്തിന്റെ അനുരണനങ്ങളാണ് ഇവയൊക്കെ. ബീഫും, പശുക്കടത്തുമൊക്കെ ആളുകളെ തല്ലിക്കൊല്ലാൻ ഉപയോഗിക്കുന്ന കാരണങ്ങൾ മാത്രമാണ്. 

ഈ ശത്രുനിർമ്മിതിയും ദേശീയതയുടെ ഭാഗമാണ്. ദേശീയതയും ദേശസ്‌നേഹവും തന്നെയാണ് ഉപകരണം. വന്നുവന്ന്, സ്വാതന്ത്ര്യദിനത്തിന് ദേശീയപതാക വാട്‌സ്ആപ്പ് ഡീപിയാക്കാത്തവരും ദേശവിരുദ്ധരാകും. താടിയും മുടിയും നാലഞ്ച് പുസ്തകങ്ങളുമുണ്ടെങ്കിൽ ആരെ വേണമെങ്കിലും അർബൻ നക്‌സലാക്കാവുന്ന സാമൂഹിക സാഹചര്യം ഒരുവശത്ത്, ഒരു സമുദായത്തിലെ അംഗമായാൽ ദേശസ്‌നേഹിയാണെന്ന് ഉറക്കെയുറക്കെ പറയേണ്ടുന്ന സാഹചര്യം മറുവശത്ത്. എങ്ങനെ നോക്കിയാലും റോജ വളർന്ന് ബോംബെയും പിന്നെ ദിൽസേയും ആയി മാറിയ ഇന്ത്യൻ ‘ദേശീയത’  ഇപ്പോൾ ബജ്‌റങ്കി ബായിജാനിലും (2015), കാശ്മീർ ഫയൽസിലുമാണ് എത്തി നിൽക്കുന്നത്. റോജയ്ക്കും ബോംബെയ്ക്കും രാജ്യം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് നൽകിയിട്ടുണ്ട്. ആ നിരയിലേക്ക് കാശ്മീർ ഫയൽസും എത്തിനിൽക്കുന്നു. യുദ്ധ\തീവ്രവാദ ചിത്രങ്ങളെ ഭരണകൂടം എത്രമേൽ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇതിലൂടെ കാണാം.  

ബജ്‌റങ്കി ബായിജാൻ

ഇന്ത്യൻ ദേശീയത ഇപ്പോൾ പല തട്ടുകളായി തിരിഞ്ഞു കിടക്കുന്ന ഒന്നാണ്. കാലങ്ങൾക്കൊണ്ട് വളർത്തിയെടുത്ത ഹിന്ദു-മുസ്ലിം സംഘടനങ്ങളുടെ ഒരു പശ്ചാത്തലം അതിലുണ്ട്. എന്നാൽ അതിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അതിന്റെ പശ്ചാത്തലം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഭരണകൂടം തീരുമാനിച്ചാൽ തമ്മിൽ തല്ലി ചാകുക മാത്രമാണ് ജനതയ്ക്ക് ചെയ്യാനാകുക. ഷിമിറ്റ് മുന്നെ പറഞ്ഞ, ഭരണകൂടത്തിന് ഓശാന പാടുക മാത്രമാണ് ചിലപ്പോഴെങ്കിലും ജനതയ്ക്ക് ചെയ്യാനാകുക. ഭരണകൂടത്തിന്റെ കരുത്തിന്റെ ലക്ഷണമെന്നത്, ദുർബലരായ ജനതയാണ്. തമ്മിൽ തല്ലുന്ന, അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തമ്മിൽ തല്ലാവുന്ന ഒരു ജനതയാണ്, ഭരണകൂടം ആഗ്രഹിക്കുക. ചെറുതീയാൽ ആളിക്കത്തുന്ന വിദ്വേഷത്തിലാണ് ഭരണകൂടത്തിന്റെ കണ്ണ്. ഇത്രയും കാലത്തെ ഭരണം വളരെ എളുപ്പത്തിൽ അതുണ്ടാക്കിയിട്ടുണ്ട്. ഇന്നിപ്പോൾ സിനിമ തന്നെ വേണമെന്നില്ല കാര്യങ്ങൾ നീക്കാൻ. ദൃശ്യമാധ്യമങ്ങൾതന്നെ, പണ്ട് സിനിമ ചെയ്തിരുന്ന പ്രവർത്തി ചെയ്യുന്നുണ്ട്.  

ദി കാശ്മീർ ഫയൽസ്

ആശയപ്രചരണ വാഹനമെന്നാണ് സമീർ ചോപ്ര സിനിമയെ വിശേഷിപ്പിക്കുന്നത്. യുദ്ധ\തീവ്രവാദ സിനിമകൾ കണ്ട് തഴമ്പിച്ച കണ്ണുകൾക്ക് യുദ്ധമെന്നത് ഭക്ഷണം പോലെ തന്നെ അവശ്യവസ്തുവായി തോന്നാം. അത് ഭരണകൂടത്തിനുള്ള ഭക്ഷണമാണെങ്കിലും, സാമാന്യജനം അതിനുംകൂടിയുള്ള നികുതി കൊടുത്ത് മുടിയുമെങ്കിലും, യുദ്ധം അനിവാര്യമാണെന്നൊരു പൊതുധാരണ ഉണ്ടാക്കിയെടുക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനിയും തുടരും.

എന്തുകൊണ്ടാവാം ഇത്രമേൽ യുദ്ധ\തീവ്രവാദ സിനിമകൾ ഉണ്ടാകുന്നത്? വിപണിയെന്ന തരത്തിൽ സമീപിച്ചാൽ, ഷിമ്മിറ്റ് പറയുന്നത് പോലെ, സാമ്പത്തിക ലോകത്തിൽ ശത്രുക്കളില്ല, മത്സരം മാത്രമാണുള്ളത്. വിപണിയിൽ ഏറ്റവും മികച്ച ഉത്പന്നം ഇറക്കുക മാത്രമാണ് വിപണി കീഴടക്കാനുള്ള എളുപ്പ മാർഗ്ഗം. സിനിമ ഉത്പന്നമാണ്. പാട്ടും ആട്ടവും റൊമാൻസും തല്ലും കുതികാൽവെട്ടുമൊക്കെയായി നിറഞ്ഞാടുന്ന പടപ്പുകൾ, ഉത്പന്നം തന്നെയാണ്. എന്നാൽ ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണത്തിനും ആശയാഭിലാഷങ്ങൾക്കും എതിരെയൊരു നീക്കം, സിനിമ പോലൊരു കലാരൂപത്തിന്, പ്രത്യേകിച്ചും ജനപ്രിയ സിനിമയ്ക്ക് സാധ്യമല്ല തന്നെ. ഇവിടെയാണ് ജർമ്മൻ ചരിത്രകാരനും ചിന്തകനുമായ Eric Hobsbawm ന്റെ Fractured Times എന്ന ഗ്രന്ഥത്തിലെ Art and Power എന്ന ലേഖനത്തിന്റെ പ്രസക്തി. കലയും അധികാരവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ലേഖനത്തിന്റെ വിഷയം.

എറിക് ഹൊബ്സ്ബോം കടപ്പാട് : newyorker.com

Art has been used to reinforce the power of political rulers and states since the ancient Egyptians, though the relationship between power and art has not always been smooth എന്ന് പറഞ്ഞാണ് ഹോബ്‌സവാം ലേഖനം ആരംഭിക്കുന്നത് തന്നെ. ഇടഞ്ഞും ഇഴിപിരിഞ്ഞുമാണ് കലയും അധികാരവും അതിന്റെ ബന്ധം തുടരുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ഭരണകൂടാശയങ്ങളെ പുൽകുന്നതും അതിനോട് ഇടയുന്നത് രണ്ടുതരം വിപണി സാധ്യതയാണ്. റോക്കട്രീ: ദ നമ്പി എഫ്ക്ടിന്റെ പ്രേക്ഷകസമൂഹമാവണമെന്നില്ല കാശ്മീർ ഫയൽസിനുള്ളത്. ജയ് ഭീം ഒഴിവാക്കപ്പെട്ടയിടത്താണ് കാശ്മീർ ഫയൽസ് അംഗീകരിക്കപ്പെടുന്നത്. ഇതൊരു രോഗാതുരമായ ഭരണകൂടത്തിന്റെ ലക്ഷണമാണ്. ജനതയ്ക്ക അതിനർഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്ന് പറഞ്ഞൊഴിയാനാവില്ല തന്നെ. 

ഫ്രാക്ചേർഡ് ടൈംസ്എറിക് ഹൊബ്സ്ബോം

കാശ്മീർ ഫയൽസും റോക്രട്രീയും, രണ്ടും രണ്ടുതരം ആശയങ്ങളെ പിന്തുണയ്ക്കുകയും മുന്നോട്ട് വെയ്ക്കുകയും ചെയ്യുമ്പോൾ, അതിനെ പിൻപറ്റുന്ന രണ്ടുതരം വിപണികളെയും കണ്ടെത്തുന്നുണ്ട്. അധികാരത്തിൽനിന്ന് കലയ്ക്ക് മാറിനിൽക്കാനാവില്ല എന്നൊരു ആശയമാണ് ഹോബ്‌സ് വാം മുന്നോട്ട് വെയ്ക്കുന്നത്. ഹോബ്‌സ്‌വാന്റെ ലേഖനത്തിലെ ഒരു പ്രസ്താവന ഒരുപക്ഷേ, കാര്യങ്ങളെ കുറച്ചുകൂടി വ്യക്തമാക്കും. The major function of art [cinema] under power was to organise it as public drama. Ritual and ceremony are essential to the political process, and with the democratisation of politics, power increasingly became public theatre, with the people as audience as organised participanst എന്ന് ഹോബ്‌സ്‌വാം എഴുതുമ്പോൾ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാണ്. രാഷ്ട്രീയ-സാമൂഹിക അന്തർനാടകങ്ങൾക്ക് പൊടിച്ചും തൊങ്ങലും ചാർത്തി, അതിന്റെ ആഘാതങ്ങളെ ലഘൂകരിക്കുകയോ പർവ്വതീകരിക്കുകയോ ആണ് സിനിമ ചെയ്യുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല തന്നെ. ജനങ്ങൾ ഈ വക ചിത്രങ്ങളെ എങ്ങനെ ഏറ്റെടുക്കുന്നു എന്നതൊരു പ്രശ്നവും പരിഗണനാ വിഷയവും ആകുമ്പോൾ തന്നെ, ഭരണകൂടത്തിന് ഈ ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിന് വ്യക്തത വരുന്നതും അപകടകരമായ സാമൂഹിക- രാഷ്ട്രീയ പ്രശ്നമായി തന്നെയാണ് കാണേണ്ടത്.   

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read