“എന്നെ സംബന്ധിച്ച് എന്റെ അക്കൗണ്ടിലുള്ള രണ്ടര ലക്ഷം രൂപ പോയതല്ല സങ്കടം, നിങ്ങൾ എന്തോ ക്രൈം ചെയ്തുവെന്നുള്ള രീതിയിൽ മാനേജർ എന്നോട് സംസാരിച്ചു. ഒരു ക്രിമിനൽ കുറ്റം എന്റെ പേരിൽ ആരോപിച്ചിട്ടാണ് എന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തത്. അതാണ് എനിക്ക് അറിയേണ്ടത്. ഇത് അൺഫ്രീസ് ചെയ്യാൻ എത്ര രൂപ ചിലവായാലും, എന്റെ വീടും സ്ഥലവും എന്ത് വിറ്റിട്ടാണെങ്കിലും അത് ഞാൻ ചെയ്യും. ഞാനീകാര്യത്തിൽ കുറ്റക്കാരനല്ല എന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ആ രീതിക്കാണ് ഞാൻ നിയമപരമായി മുന്നോട്ടുപോകുന്നത്.” പാലക്കാട് മണ്ണാർക്കാട് സ്വദേശി അബു റജയുടെ വാക്കുകളിൽ ഒരിക്കലും ചെയ്തിട്ടില്ലാത്ത കുറ്റം ആരോപിക്കപ്പെട്ടതിന്റെ ദേഷ്യവും നിസഹായതയും നിറഞ്ഞുനിന്നു. യു.പി.ഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) ഇടപാടിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നു എന്ന പരാതി അടുത്തിടെ കേരളത്തിൽ വ്യാപകമാവുയുണ്ടായല്ലോ. അക്കൂട്ടത്തിൽ പെട്ടുപോയ ഒരാളാണ് അബു റജ. ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിലെ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് കേരളത്തിലടക്കം നിരവധി പേരുടെ അക്കൗണ്ടുകൾ പല ബാങ്കുകളും മരവിപ്പിക്കുന്നത്. നിയമപരമല്ലാത്ത പണം യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി പലതവണ കൈമാറി വന്ന് കച്ചവടക്കാരുടേയും മറ്റും അക്കൗണ്ടിൽ എത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. എന്നാൽ ഈ പരാതി സംബന്ധിച്ച് വ്യക്തമായ ഒരുത്തരവും ഇവർക്ക് ബാങ്കിൽ നിന്നോ പൊലീസിൽ നിന്നോ കിട്ടുന്നുമില്ല. അത്തരം ഒരനുഭവമാണ് അബു റജയ്ക്കും പറയാനുള്ളത്.
വാറംഗലിലേക്ക് പോയ അബു റജ
2022 ഡിസംബറിലാണ് ചെറുകിട ബിസിനസുകാരനായ അബു റജയുടെ പാലക്കാട് മണ്ണാർക്കാട് ഐ.സി.ഐ.സി.ഐ ബാങ്കിലെ 12 വർഷമായി ഉപയോഗിക്കുന്ന അക്കൗണ്ട് ഫ്രീസ് ആയത്. നാല് മാസമായി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ല. ഇലക്ട്രോണിക്സ്, കേബിൾ ടി.വി, ഡി.റ്റി.എച്ച് സംബന്ധിച്ച ബിസിനസ് ആയതുകൊണ്ട് ഫ്രീസായ അക്കൗണ്ടിലേക്ക് ഇപ്പോഴും പലരും പണമടക്കുന്ന സാഹചര്യമുണ്ട്. ബാങ്കിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദിത്തപരമായ സമീപനമാണുണ്ടായതെന്ന് അബു റജ ആരോപിക്കുന്നു. “ബാങ്കുകാർ പറഞ്ഞത് ഇങ്ങനെ ചില കേസ് വരാറുണ്ട്, എന്തേലും സംശയപരമായ കാര്യങ്ങൾ വരുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ്. അന്ന് ഞാനത് വിട്ടു. ശരിയാകട്ടെ എന്ന് കരുതി രണ്ട് മൂന്ന് ദിവസമൊക്കെ കാത്തിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് മണ്ണാർകാട് ബ്രാഞ്ച് തുടങ്ങിയ സമയത്ത് അക്കൗണ്ട് എടുത്ത വ്യക്തിയാണ് ഞാൻ. അന്ന് മുതൽ ആ ബാങ്കുമായി നല്ല രീതിയിൽ ഇടപാട് നടത്തിക്കൊണ്ടിരുന്നതാണ്. ബാങ്കിൽ ഇൻഫോർമേഷൻ വന്ന ശേഷമാണ് ഇവരിത് ഫ്രീസ് ചെയ്യുന്നത്. മുകളിൽ നിന്നുള്ള ഇൻഫോർമേഷൻ അനുസരിച്ചേ ഫ്രീസ് ചെയ്യാൻ പാടുള്ളൂ. എന്നിട്ടും എന്നെ അവർ ഇക്കാര്യം അറിയിച്ചിരുന്നില്ല. പക്ഷെ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ കസ്റ്റമറെ അറിയിച്ചിട്ടാണ് ഫ്രീസ് ചെയ്തതെന്ന പച്ചക്കള്ളം ബാങ്ക് പറഞ്ഞു.”


ബാങ്ക് ആരോപിച്ച കുറ്റം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ അബു റജയ്ക്ക് അവിടെ നിന്നും ലഭ്യമായില്ല. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാനായി തെലുങ്കാന വരെ പോയി കേസിന്റെ വിവരങ്ങൾ അന്വേഷിച്ച കഥ കൂടി പറയാനുണ്ട് അബു റജക്ക്. ബാങ്ക് പറയാൻ തയ്യാറായില്ലെങ്കിലും താൻ ചെയ്ത കുറ്റം എന്താണെന്നറിയാൻ അബു റജ ഇറങ്ങിത്തിരിച്ചു. “ഞാൻ സുഹൃത്തക്കളുമായി കാറിൽ തെലുങ്കാനയിൽ പോയി. യാത്രയ്ക്ക് ഒരു ലക്ഷം രൂപക്ക് മുകളിൽ ചിലവായി. സ്ഥലത്ത് എത്തിപ്പെടാൻ നല്ല ബുദ്ധിമുട്ടായിരുന്നു. അവിടെ ഒരു അഡ്വക്കേറ്റിനെ കണ്ടെത്തി, സഹായം ആവശ്യപ്പെട്ട് വക്കാലത്ത് കൊടുത്തു. വക്കീൽ വഴിയാണ് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടയത്. തെലുങ്കാനയിലെ വാറംഗൽ ജില്ലയിലെ ജഗവേൽ എന്ന പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ ഇട്ടതെന്ന് കണ്ടെത്തി. ആ പൊലീസ് സ്റ്റേഷനിൽ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായത്. ജഗവേലിൽ പോയെങ്കിലും പരാതിക്കാരനായ സായ് സുനീത്ത് റെഡിയെ കാണാൻ സാധിച്ചില്ല. അഡ്വക്കേറ്റ് പറഞ്ഞത് നിങ്ങളുടെ പേരോ വിവരങ്ങളോ അക്കൗണ്ട് നമ്പറോ ഇവിടെയില്ല എന്നാണ്. അതൊക്കെ ഐ.സി.ഐ.സി ബാങ്ക് അങ്ങോട്ട് കൊടുത്തതാണെന്നാണ് അറിഞ്ഞത്. ക്രൈം നമ്പർ നമ്പർ എനിക്ക് തന്നതും ഐ.സി.ഐ.സി.ഐ ബാങ്കാണ്. സായ് സുനീത്ത് റെഡി എന്നയാൾ തെലുങ്കാന കേന്ദ്രീകരിച്ച ഒരു പണം ഇരട്ടിപ്പിക്കൽ ആപ്പിൽ ഒരു ലക്ഷത്തിലധികം പണം നിക്ഷേപിച്ച് വഞ്ചിതനായിരുന്നു എന്നാണ് അറിഞ്ഞത്.” നിയമപരമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് അബു റജ.
കൈക്കൂലി വാങ്ങിയ രാജസ്ഥാൻ പൊലീസ്
സുഹൃത്തിന്റെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജയ്പൂരിൽ പോയി കൈക്കൂലി കൊടുക്കേണ്ടി വന്ന കഥയാണ് നരിക്കുനി സ്വദേശി അസ്ഹറിന് പറയാനുള്ളത്. “ബാങ്കിൽ നിന്ന് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ദില്ലിയിലെ നോയിഡയിലുള്ള സൈബർ സെല്ലിൽ നിന്നും കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ 10,000 യാണ് അവർ ആവശ്യപ്പെട്ടത്. അതുകൊണ്ട് ഒരു വക്കീലിന്റെ സഹായത്തോടെ അക്കൗണ്ട് ഫ്രീസിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് രാജസ്ഥാനിൽ നിന്നാണ് അക്കൗണ്ടിനെതിരെ പരാതി ലഭിച്ചതെന്ന് അറിഞ്ഞത്. ജയ്പൂരിനടുത്തുള്ള ആ സ്റ്റേഷൻ കണ്ടുപിടിച്ച് അവിടേക്ക് പോയി. അവിടെയുള്ള ഏതോ ഒരു വ്യക്തിക്ക് രണ്ട് ലക്ഷം രൂപയോ മറ്റോ നഷ്ടപ്പെട്ടു. ആ നഷ്ടപ്പെട്ട പൈസയിൽ 58,000 രൂപ ഒരുപാട് അക്കൗണ്ട് കേറി ഇറിങ്ങി 13 മത്തെ ഇടപാടിൽ എന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് അവർ പറയുന്നത്. സുഹൃത്തിന്റെ അക്കൗണ്ടിൽ 1,40,000 രൂപ ബ്ലോക്കായി കിടക്കുവാണ്. സൈബർ പൊലീസ് ആ 58,000 രൂപ അവർക്ക് കൊടുക്കണമെന്ന് പറഞ്ഞു. നമ്മൾ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആരോ സുഹൃത്തിന് കടം വാങ്ങിയത് തിരിച്ച് നൽകിയ പൈസയാണ് അക്കൗണ്ടിലുള്ളത്. നമ്മൾ ഒന്നും അറിയാത്ത സംഭവമാണ്. എങ്കിലും ഞാൻ പൊലീസുകാരോട് പണം പോയ ആളുമായി സംസാരിക്കാൻ പറ്റുമോയെന്ന് ചോദിച്ചു. ആളുടെ വിവരം പുറത്ത് വിടാൻ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങൾ കോടതി വഴി പോകുമെന്ന് പറഞ്ഞപ്പോൾ അത് ഒരുപാട് സമയം എടുക്കുമെന്നും 25,000 രൂപ തന്നാൽ നമുക്കിതങ്ങ് സെറ്റിൽ ചെയ്യാമെന്നും പൊലീസ് പറഞ്ഞു. പെരുന്നാൾ വരുന്നതുകൊണ്ട് ഫ്രീസായ അക്കൗണ്ടിലെ പൈസ അത്യാവശ്യമായിരുന്നു. അപ്പോൾ ആ പൈസ റിലീസായി കിട്ടിയാലോന്നുള്ള ചിന്തയിൽ അവരോട് വിലപേശി നോക്കാമെന്ന് കരുതി.


മാക്സിമം 10,000 രൂപ എന്ന് പറഞ്ഞപ്പോ അവർ അത് നടക്കൂല്ലാന്ന് പറഞ്ഞു. വീണ്ടും ഞങ്ങൾ കോടതി വഴി തന്നെ പോകാമെന്ന് കരുതി അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. അപ്പോൾ അവർ 15,000 രൂപ തന്നാൽ അക്കൗണ്ട് അൺഫ്രീസ് ചെയ്യാമെന്ന് പറഞ്ഞു. 15,000 രൂപ കൊടുത്താൽ ഒന്നര ലക്ഷം റിലീസായി കിട്ടും, ഈ തലവേദന ഒന്ന് ഒഴിഞ്ഞ് കിട്ടുമല്ലോ എന്നാണ് അപ്പോൾ ചിന്തിച്ചത്. അങ്ങനെയാണ് പൊലീസിന് കൈക്കൂലി കൊടുത്തത്.” നിയമപരമായി പോയാൽ കാലതാമസം എടുക്കും, മറ്റൊരു സംസ്ഥാനത്തെ കേസാണ്, ആർ.ബി.ഐക്ക് പരാതി കൊടുക്കണം എന്നിങ്ങനെയൊക്കെ കേട്ടതുകൊണ്ടാണ് ഇത്തരത്തിൽ കൈക്കൂലി കൊടുത്തതെന്നും ബാങ്കിന്റെ ഭാഗത്ത് നിന്നും വളരെ മോശം പെരുമാറ്റമായിരുന്നുവെന്നും അസ്ഹർ പറയുന്നു. “പൈസയുടെ സുരക്ഷക്കല്ലേ അത് ബാങ്കിലിടുന്നത്. ഇതിപ്പോൾ എന്ത് സുരക്ഷയാണ് പൈസക്കുള്ളത്? കസ്റ്റമേഴ്സിന്റെ പൈസ വെച്ചിട്ടല്ലേ ബാങ്കിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്? ബാങ്കിന്റെ അസറ്റ് കസറ്റമേഴ്സിന്റെ പൈസയല്ലേ?” അസ്ഹർ ചോദിക്കുന്നു. 2022 ഒക്ടോബറിൽ നടന്ന ഇടപാടിന്റെ പേരിലാണ് 2023 ജനുവരിയിൽ അസ്ഹറിന്റെ സുഹൃത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.


സ്കൂളിനും രക്ഷയില്ല
രണ്ട് വിദ്യാർത്ഥികളുടെ സ്കൂൾ ഫീസ് ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ചതിനെ തുടർന്നാണ് മലപ്പുറം ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിന്റെ അക്കൗണ്ട് ഫ്രീസായതെന്ന് സ്കൂൾ മാനേജർ റഹീം കേരളീയത്തോട് പറഞ്ഞു. “മാർച്ച് 13 നാണ് കുട്ടിയുടെ രക്ഷിതാവ് രണ്ട് കുട്ടികളുടെ ഫീസായ 13,200 രൂപ അവരുടെ ഫെഡറൽ ബാങ്കിൽ നിന്ന് സ്കൂളിന്റെ ഗ്രാണീൺ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്. എന്നാൽ മാർച്ച് 24 ന് ബാങ്കിൽ നിന്ന് വിളിച്ച് സ്കൂളിന്റെ അക്കൗണ്ട് ഫ്രീസായിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ ഗുജറാത്തിൽ ഒരു കോടി രൂപയുടെ കവർച്ച നടന്നിട്ടുണ്ട്. അത് വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടന്നു. അത് ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഈ അക്കൗണ്ടിലേക്ക് പൈസ അയച്ച അക്കൗണ്ടിന് അതുമായി ബന്ധമുണ്ട് എന്നാണ് ബാങ്ക് നൽകിയ വിശദീകരണം. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ ഗുജറാത്ത് സൈബർ പൊലീസിന്റെ നമ്പർ തന്നു. അവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് മറുപടി ഇല്ല. കേരളത്തിലെ സൈബർ പൊലീസിനെ ബന്ധപ്പെട്ടു. പരാതി നൽകാൻ പറഞ്ഞത് പ്രകാരം ആവശ്യമായ രേഖകൾ കൊടുത്ത് അപേക്ഷ നൽകിയിട്ടുണ്ട്.” റഹീം വ്യക്തമാക്കി. അവധിക്കാലം ആയതിനാൽ അക്കൗണ്ട് ഫ്രീസ് ചെയ്തത് വലിയ രീതിയിൽ സ്കൂളിനെ ബാധിച്ചിട്ടില്ല. സ്കൂളിന് വേറെയും അക്കൗണ്ടുകൾ ഉണ്ട്. ഫീസ് അയച്ച രക്ഷിതാവുമായി സംസാരിച്ചപ്പോൾ അവരുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്തിരുന്നുവെന്നും പിന്നീട് അൺഫ്രീസ് ചെയ്തുവെന്നുമാണ് റഹീമിന് അറിയാൻ കഴിഞ്ഞത്. നിയമപരമായി മുന്നോട്ടുപോകുന്നതിന്റെ ആലോചനയിലാണ് സ്കൂൾ അധികൃതർ. ധനകാര്യ മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടതിൽ പ്രതീക്ഷയുണ്ടെന്നും റഹീം പറഞ്ഞു. യു.പി.ഐ ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ വ്യാപകമാകുന്ന മാധ്യമ വാർത്തകളെ തുടർന്ന് വിഷയം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇവരുടേത് ഒറ്റപ്പെട്ട അനുഭവങ്ങളല്ല. ഏതൊക്കെയോ അക്കൗണ്ടുകളെപ്പറ്റി പരാതികൾ ഉണ്ട് എന്ന പേരിൽ അനേകം ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത നിരവധി സംഭവങ്ങളാണ് കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അരിപ്പത്തിരി വിറ്റപ്പോൾ യു.പി.ഐ ഇടപാടിലൂടെ കൈപറ്റിയ 300 രൂപയുടെ പേരിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആലപ്പുഴ ആറാട്ടുപുഴയിലെ ഇസ്മയിൽ എന്നയാളുടെ അക്കൗണ്ട് വിഷയം വിവാദമായതോടെ ബാങ്ക് തുറന്നുകൊടുത്ത അനുഭവവും ഉണ്ടായി.
അക്കൗണ്ട് ഫ്രീസായവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്‌താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ചോദിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട കോടതി റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതിന്റെ പ്രതീക്ഷയിലാണ് അക്കൗണ്ട് ഫ്രീസായ ഉപഭോക്താക്കൾ. സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ കഴിയുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും നിർദ്ദേശിച്ചു.
എവിടെ സി.ആർ.പി.സി 102 ?
ഒരു കുറ്റകൃത്യം രജിസ്റ്റർ ചെയ്യുമ്പോൾ, സൈബർ ക്രൈം ആകാം അല്ലാത്ത ക്രൈം ആകാം ആ കുറ്റകൃത്യത്തിന് മേലെ പോലീസ് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു. ആ കുറ്റകൃത്യത്തിന്റെ ഭാഗമായി വരുന്ന ഏതൊരു വസ്തുവും കണ്ടുകെട്ടാനുള്ള പൊലീസിന്റെ അധികാരമാണ് സി.ആർ.പി.സി 102 എന്ന വകുപ്പ്. അതുപ്രകാരം ഒരു ബാങ്ക് അക്കൗണ്ട് വേണമെങ്കിലും ഫ്രീസ് ചെയ്യാൻ പൊലീസിന് ആവശ്യപ്പെടാം. ഈ കേസുകളിലും സി.ആർ.പി.സി 102 പ്രകാരമുള്ള നോട്ടീസാണ് ബാങ്കിന് പൊലീസ് നൽകേണ്ടത്. അക്കൗണ്ട് ഫ്രീസായവർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് വാദിക്കുന്ന അഡ്വക്കേറ്റ് അമീൻ ഹസൻ ഇക്കാര്യം വ്യക്തമാക്കുന്നു. “അങ്ങനെ ഒരു നോട്ടീസ് വന്നാൽ ബാങ്കിന് അത് ഫ്രീസ് ചെയ്യാതെ വേറെ മാർഗമില്ല. അന്വേഷണം പൂർത്തിയായി ഒരാളുടെ വസ്തു തിരിച്ചുകൊടുക്കുമ്പോൾ കച്ചീട്ടിലാണ് കൊടുക്കുക. അതുപോലെ ബാങ്കിനോട് പറഞ്ഞിട്ട് അക്കൗണ്ട് ഡീഫ്രീസ് ചെയ്തു കൊടുക്കാം. എന്നാൽ മറ്റ് വസ്തുക്കൾ പിടിച്ചെടുത്താൽ മജിസ്ട്രേറ്റിനെ അറിയിക്കുന്നതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്ന കാര്യവും മജിസ്ട്രേറ്റിനെ അറിയിക്കണം. അപ്പോൾ റിലീസ് ചെയ്യാൻ വേണമെങ്കിൽ മജിസ്ട്രേറ്റിന് അപേക്ഷ കൊടുക്കാം. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാത് ഹൈക്കോടതിയിൽ ചലഞ്ച് ചെയ്യാം.”


എന്നാൽ ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്ന കേസുകൾ ഒന്നും അങ്ങനെയല്ല എന്ന് അഡ്വ. അമീൻ ഹസൻ വ്യക്തമാക്കുന്നു. “നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ ഒരു പരാതി വരുന്നു. ആ പരാതി അതാത് സൈബർ പൊലീസിന് കിട്ടുന്നു. അതിന്മേൽ പൊലീസ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ ബാങ്കിനോട് ആവശ്യപ്പെടുന്നു. ക്രൈം രജിസ്റ്റർ ചെയ്യുന്നില്ല, ഇൻവെസ്റ്റിഗേഷൻ ഇല്ല. ആ പരാതി അയച്ചിട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പൊലീസ് പറയുമ്പോൾ ബാങ്ക് ഫ്രീസ് ചെയ്തു കൊടുക്കുന്നു. ഇത് നിയമപരമല്ല. അങ്ങനെ പറയാൻ പൊലീസിനും അധികാരമില്ല. പൊലീസ് നിയമ വിരുദ്ധമായി പറയുന്ന കാര്യങ്ങൾ ചെയ്യാൻ ബാങ്കിനും അധികാരമില്ല. ബാങ്കിന് ഉപഭോക്താവിനോട് ഒരു ഉത്തരവാദിത്തമുണ്ട്. ബാങ്കിങ് റെഗുലേഷൻ ആക്ടിൽ അത് കൃത്യമായി പറയുന്നുണ്ട്. നിയമപരമല്ലാത്ത നിർദ്ദേശങ്ങൾ പാലിക്കാൻ പാടില്ല. നിയമപരമല്ലെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ബാങ്കാണ് അക്കൗണ്ട് ഫ്രീസ് ചെയ്തു കൊടുക്കുന്നത്. ഇതിൽ കാണുന്ന വേറൊരു പ്രവണത ചിലപ്പോൾ എഫ്.ഐ.ആർ ഉണ്ടാകും, പക്ഷെ സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടീസ് ഇഷ്യൂ ചെയ്യുന്നത്. സി.ആർ.പി.സി 91 ഡോക്യുമെന്റുകൾ ഹാജരാക്കാൻ പറയുന്ന വകുപ്പാണ്. അതുപ്രകാരം അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പറയാൻ പറ്റില്ല. എന്നിട്ടും ബാങ്കുകൾ അക്കൗണ്ട് ഫ്രീസ് ചെയ്തു കൊടുക്കുന്നുണ്ട്.” അമീൻ ഹസൻ പറയുന്നു.
ഇത്തരം കേസുകളിൽ ഉപഭോക്തൃ കോടതി വഴി നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കും. എന്നാൽ പെട്ടെന്ന് നീതി ലഭിക്കണമെന്നില്ല എന്നും അഡ്വ. അമീൻ ഹസൻ വ്യക്തമാക്കുന്നു. ബാങ്ക്-ഉപഭോക്താവ് ബന്ധം ഉപഭോക്തൃ കോടതിയുടെ പരിധിയിൽ വരുന്നത് തന്നെയാണ്. പൊലീസ് ആക്ഷൻ തന്നെ നിയമ വിരുദ്ധമായതുകൊണ്ട് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്യാൻ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യാൻ കഴിയും. കൂടാതെ ബാങ്കിങ്ങ് ഓംബുഡ്സ്മാനും പരാതിപ്പെടാം. റിസർവ് ബാങ്കിനെയും സമീപിക്കാം. ബാങ്കിങ്ങ് ഓംബുഡ്സ്മാനും റിസർവ് ബാങ്കും പരാതിയിൽ തീരുമാനമെടുക്കാൻ കാലതാമസമെടുക്കും എന്നതാണ് ഒരു പ്രശ്നം. അതുകൊണ്ടുതന്നെ അത്യാവശ്യ കാര്യം എന്ന നിലയ്ക്ക് ഹൈക്കോടതിയെ സമീപിക്കുകയാണ് ഇത്തരം അനുഭവം ഉണ്ടാകുന്നവർ ചെയ്യേണ്ടതെന്ന് അഡ്വ. അമീൻ ഹസൻ പറയുന്നു.
“കൃത്യമായ എഫ്.ഐ.ആർ ഉള്ളതോ മറ്റ് സംസ്ഥാനത്തെ കേസോ ആണെങ്കിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരില്ല എന്ന പ്രശനം വരും. പക്ഷെ ഇവിടെ വന്ന മിക്ക അക്കൗണ്ട് ഫ്രീസിങ്ങും നിയമപരമല്ലാത്തതുകൊണ്ടാണ് കേരള ഹൈക്കോടതിയിൽ പോയത്. ആറ് പേർ ഒരുമിച്ചൊരു ഹർജി കൊടുത്തതിലാണ് ഇപ്പോൾ കേരള പൊലീസിനോട് റിപ്പോർട്ട് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.” അഡ്വ. അമീൻ ഹസൻ വിശദീകരിച്ചു. അക്കൗണ്ട് ഡീഫ്രീസ് ചെയ്ത് ശേഷം ബാങ്കിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി വഴി മുന്നോട്ടുപോകുമെന്നും ഇത് മൗലിക അവകാശ ലംഘനമാണെന്നും അഡ്വ. അമീൻ ഹസൻ പറയുന്നു. “ആർട്ടിക്കിൾ 14 ന്റെയും 21 ന്റെയും നിഷേധമാണിത്. ബാങ്ക് സ്വകാര്യ സ്ഥാപനം ആണെന്ന് പറഞ്ഞാലും പബ്ലിക് ഫംഗ്ഷനുള്ളതുകൊണ്ട് ഏകപക്ഷീയമായി ഇങ്ങനെ ചെയ്യാൻ പാടില്ല. പൊലീസ് ചെയ്യുന്നത് റീസണബിൾ അല്ലാത്തതുകൊണ്ട് അത് ഏകപക്ഷീയമാണ്. ഒരാളുടെ ഉപജീവനത്തെ ബാധിക്കുന്ന എല്ലാകാര്യവും ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. Procedure established by law ആയിരിക്കണമെന്നാണ് ആർട്ടിക്കിൾ 21 പറയുന്നത് തന്നെ.” നിയമവശങ്ങൾ അമീൻ ഹസൻ വ്യക്തമാക്കി.


അത്ര പ്രധാനമുള്ള അന്വേഷണമാണെങ്കിൽ മാത്രമേ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പാടുള്ളൂ എന്നും കാല താമസം കൂടാതെ ഇത്തരം കേസുകൾ പരിഹരിക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പല തവണ പല കോടതികൾ പറഞ്ഞിട്ടുണ്ട്. ഇതിലെ 90 ശതമാനം കേസിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ വരുന്ന പരാതിയുടെ നമ്പർ മാത്രമാണ് അക്കൗണ്ട് ഉടമയ്ക്ക് ബാങ്കുകൾ നൽകുന്നത്. എങ്ങനെയാണ് പൊലീസിന് കൈക്കൂലി നൽകിയാൽ അക്കൗണ്ട് ഫ്രീസിംഗ് മാറ്റാൻ കഴിയുന്നത് എന്നുള്ളതാണ് മറ്റൊരു പ്രധാന ചോദ്യം. പൊലീസിന് അങ്ങനെ ചെയ്യാൻ പറ്റില്ല. പൊലീസിന് കൈക്കൂലി കൊടുത്തപ്പോൾ അക്കൗണ്ട് ഫ്രീസിംഗ് ഒഴിവാക്കി കൊടുത്ത അനുഭവം നീതിന്യായ സംവിധാനങ്ങൾ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്. നിയമവിരുദ്ധമായ കാര്യമാണ് ഇതിൽ നടക്കുന്നത് എന്നതിന് തെളിവാണിതെന്നും അഡ്വ. അമീൻ ഹസൻ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യമല്ലാതെയാകുന്ന അക്കൗണ്ടുകൾ
മുമ്പ് ബാങ്ക് അക്കൗണ്ട് എന്നത് സ്വകാര്യ വിവരം ആയിരുന്നു. ഇപ്പോൾ യു.പി.ഐ ഐ.ഡി മൊബൈൽ നമ്പരുമായി ബന്ധപ്പെട്ടതാണ്. നമുക്ക് പരിചയമുള്ള ആളുടെ നമ്പർ അറിയാമെങ്കിൽ, അയാളെ ഉപദ്രവിക്കണമെന്നാണ് ഉദ്ദേശമെങ്കിൽ അത് സാധിക്കുന്ന തരത്തിലേക്ക് ഈ സംവിധാനം മാറിയിട്ടുണ്ട്. ബാങ്കിങ്ങ് ഇടപാടുകളിൽ ഉണ്ടായിരുന്ന സുരക്ഷ ഇതിലുണ്ടാകുന്നില്ല എന്ന് സ്വകാര്യത ആക്ടിവിസ്റ്റും സൈബർ എക്സ്പേർട്ടുമായ പി.ബി ജിജീഷ് പറയുന്നു. യു.പി.ഐ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റ്ഫോം അല്ല. എൻ.പി.സി.ഐ (National Payments Corporation of India) എന്ന ബാങ്കുകളുടെ ഓണർഷിപ്പിലുള്ള ഒരു കമ്പനിയുടെ പ്രൈവറ്റ് പ്ലാറ്റ് ഫോം ആണത്. അതിന്റേതായ പ്രശ്നങ്ങൾ തീർച്ചയായും ഇതിൽ ഉണ്ടാകുമെന്നും ജിജീഷ് ചൂണ്ടിക്കാട്ടുന്നു.
“നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ഇടപാട് നടന്നുകഴിഞ്ഞാൽ ഒരുപാട് കഥകൾ അന്വേഷണ ഏജൻസികൾക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇത്തരം ഇടപാടുകളിൽ ഉണ്ട്. കമ്മ്യൂണലായിട്ട് മാത്രമല്ല, ഗവൺമെന്റിന് വിമർശിക്കുന്നവർക്കൊക്കെ എതിരെ ഉപയോഗിക്കാവുന്ന വെപ്പൺ ആയി യു.പി.ഐ മാറാം. ഡിജിറ്റൽ ട്രാൻസാക്ഷൻ എന്ന് പറയുന്നത് നമ്മുടെ പണത്തിന് മേലുള്ള നമ്മുടെ നിയന്ത്രണത്തെ ഇല്ലാതാക്കുന്ന സംഗതിയാണ്. പണമായിട്ട് കൈമാറുന്നതിൽ നിന്നും ഡിജിറ്റലിലേക്ക് വരുമ്പോൾ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക-സർവൈലൻസ്, നിയന്ത്രണം, ചൂഷണം. സാങ്കേതികമായി വികസിച്ച സമൂഹങ്ങളെല്ലാം ക്യാഷ്ലെസ് ആയിട്ടാണ് ജീവിക്കുന്നത് എന്ന തെറ്റിദ്ധാരണ കൂടി ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പിന്നിലുണ്ട്. എന്നാൽ പല വികസിത രാജ്യങ്ങളിലും ക്യാഷ് ട്രാൻസാക്ഷൻസ് വളരെ കൂടുതലാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ സൂചകമാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നാൽ സൗകര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം എന്നു മാത്രം.” ജിജീഷ് പറഞ്ഞു.


ഗെയിമിങ്ങ് ആപ്ലിക്കേഷനുകൾ മാത്രമല്ല, പല ആപ്ലിക്കേഷനുകളും ഡിജിറ്റൽ പണമിടപാടുകൾ വഴി സ്വകാര്യ വിവരങ്ങൾ പല രീതിയിലും ചോർത്തിയെടുക്കുകയും നമ്മുടെ ഫോണിന്റെ നിയന്ത്രണം തന്നെ കൈക്കലാക്കുകയും ചെയ്യുന്ന സാഹചര്യമുള്ളതായി പി.ബി ജിജീഷ് പറയുന്നു. “ഫോണിൽ നമ്മളൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൊടുക്കുന്ന പെർമിഷൻസ് നമ്മൾ ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ പല ആപ്പുകളും നമ്മുടെ ഫോണിന്റെ വൾനറബിലിറ്റി ചൂഷണം ചെയ്യുന്നതുകൊണ്ട് ഫിനാഷ്യൽ ക്രൈം ഉണ്ടാകുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഓൺലൈൻ ഇടപാടുകളിൽ ഇത്തരം ഫ്രോഡുകൾ സംഭവിക്കുമ്പോഴും ഇതിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ സർക്കാർ ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്നം. കഴിഞ്ഞ ബജറ്റിലും ഭീം, യു.പി.ഐ ആപ്പ് വഴിയുള്ള ഇടപാട് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വൻതുക നീക്കി വെച്ചിരുന്നു. ഇത്തരം ഇടപാടുകൾക്ക് ബാങ്കുകൾക്ക് ഇൻസെന്റീവ് കൊടുക്കുന്ന രീതിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെ ചെയ്യുന്നത് സർക്കാർ സംവിധാനത്തിന് വേണ്ടിയല്ല. വളരെ സുരക്ഷിതമായ ആർ.ബി.ഐയുടെ പ്ലാറ്റ്ഫോം ഉള്ളപ്പോൾ എന്തിനാണ് സമാന്തരമായി ഒരു സ്വകാര്യ കമ്പനിക്ക് കുത്തക കൊടുക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കുന്നത്? ജിജീഷ് ചോദിക്കുന്നു.
അന്വേഷണ ഏജൻസിയുടെ അറിയിപ്പ് വരുമ്പോഴേക്കും നിയമപരമായ മാർഗങ്ങളെല്ലാം കൈയൊഴിഞ്ഞ്, ഉപഭോക്താവിനെ അറിയിക്കുകപോലും ചെയ്യാതെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കുകൾക്ക് എങ്ങനെ കഴിയുന്നു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ബാങ്ക് അധികൃതർ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇപ്പോഴും തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ കോടതി ഇടപെടലിലൂടെ വ്യക്തമായ ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് നിയമപോരാട്ടം നടത്തുന്നവർ.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

