വ്യാവസായികമായി വികസിച്ചതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തതിനെ തുടർന്ന് ഡിസംബർ 13 മുതൽ 16 വരെ മുബൈയിൽ വച്ച് ജി-20 വർക്കിംഗ് കമ്മിറ്റി യോഗം നടക്കുകയായിരുന്നു. ഈ യോഗത്തിന്റെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങൾ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ ജോഗേശ്വരി ചേരി പച്ച നിറത്തിലുള്ള ഷീറ്റുകൾകൊണ്ടും ജി-20 വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ പരസ്യ ബോർഡുകൾ കൊണ്ടും മറച്ചിരിക്കുന്ന ഫോട്ടോ അടക്കം പ്രസിദ്ധീകരിച്ച് പല മാധ്യമങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്യുകയും അത് ചർച്ചയാവുകയും ചെയ്തു. നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായ നടപടിയാണിത് എന്നാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം. ഒറ്റരാത്രി കൊണ്ടാണ് ചേരിപ്രദേശങ്ങൾക്ക് മുന്നിൽ ഈ ഷീറ്റുകൾ ഉയർന്നതെന്ന പ്രദേശവാസികളുടെ പ്രതികരണവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അമിതാഭ് കാന്ത് എന്നിവരും ജി-20 രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കൊപ്പം മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പങ്കുചേരുകയുണ്ടായി. ഗവർണറും മുഖ്യമന്ത്രിയും അടക്കം പങ്കെടുക്കുന്ന പരിപാടിയിൽ എത്തിച്ചേരുന്ന വിദേശ പ്രതിനിധികൾ മുംബൈയിലെ ചേരികളുടെ അവസ്ഥ കാണാതിരിക്കാൻ വേണ്ടിയാണ് ഈ മറച്ചുവയ്ക്കലെന്ന് ചേരിനിവാസികൾ പറയുന്നു.
വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകൻ ഡോ. എസ് മുഹമ്മദ് ഇർഷാദ് ഈ വിഷയത്തെക്കുറിച്ച് കേരളീയത്തോട് ഇങ്ങനെ പ്രതികരിച്ചു.
“വിദേശ രാജ്യത്തെ പ്രതിനിധികൾ അല്ലെങ്കിൽ രാഷ്ട്രത്തലവന്മാർ ഒരു രാജ്യം സന്ദർശിക്കുമ്പോൾ സ്വാഭാവികമായും ആ രാജ്യത്തിന്റെ പ്രൗഢി, വികസനം, ചരിത്രം, സാമൂഹ്യ നേട്ടങ്ങൾ എന്നിവ അവർക്കു മുന്നിൽ പ്രദർശിപ്പിക്കാറുണ്ട്. ആഗോളപരമായി തന്നെ ലോകരാഷ്ട്രങ്ങൾ പുലർത്തി പോകുന്ന ഒരു രീതിയാണിത്. നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയായിരുന്നു ഒരുകാലം വരെ. ഏഷ്യാഡിനു വേണ്ടി കേരളത്തിൽ നിന്നും ആനയെ വരെ കൊണ്ടുപോയിട്ടുണ്ട് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. കാലം മാറിയപ്പോൾ, നമ്മുടെ നഗരങ്ങളിലേക്ക് എത്തുന്ന വിദേശികൾ കാണാൻ പറ്റാത്ത പലതും നമ്മുടെ രാജ്യത്തുണ്ടെന്ന ഒരു തോന്നൽ നമ്മുടെ സർക്കാറിനുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് വരുമ്പോഴും മറ്റ് വിദേശ രാഷ്ട്രതലവന്മാർ വരുമ്പോഴും ചേരികൾ മറച്ചുപിടിക്കുന്നതും മനുഷ്യരെ മറച്ചുപിടിക്കുന്നതും. ഇത് കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്നുണ്ട്. ഇതിൽ ഒരു കാപട്യമുണ്ട്.
നിങ്ങൾ മുബൈ എയർപോർട്ടിൽ ഇറങ്ങുമ്പോൾ പരിസരത്തുള്ള സകല ചേരി പ്രദേശങ്ങളും പഴയ കടകളും ആക്രിക്കടക്കാരുടെ താവളങ്ങളും കാണാം. എന്നാൽ അതൊക്കെ മറച്ചുവെക്കുക എന്നാൽ അതുവരെ ആ തെരുവിൽ ഉപജീവനം നടത്തി ജീവിച്ച തീരെ ചെറിയ അസംഘടിത തൊഴിലാളികളെയും കച്ചവടക്കാരെയും ഒക്കെ മറച്ചു പിടിക്കുക എന്നാണ്. മുംബൈ പോലുള്ള മഹാനഗരത്തിൽ മലയാളികൾക്കു പോലും പരിചിതമാല്ലാത്ത ഒരുപാട് തൊഴിൽ രീതികളുണ്ട്. ഇതൊന്നും തന്നെ ഈ രാജ്യത്തിന്റെ സമ്പത്തോ, ചരിത്രമോ ഒന്നും വെളിപ്പെടുത്തുന്നതല്ല. എന്നാൽ ഇതെല്ലാം തന്നെ നമ്മുടെ രാജ്യത്തിന്റെ സാമൂഹികാവസ്ഥയുടെ പ്രതിഫലനങ്ങളാണ്. ഈ മനുഷ്യർ എന്നു പറയുന്നത് രാജ്യത്തിന്റെ യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ വികസനത്തിന്റെ മറുവശമാണ്. ഇവരെ ഒക്കെ ഒരു തുണികൊണ്ട്, വെളുത്ത സുന്ദരമായ കർട്ടൺ കൊണ്ട് മറച്ചു പിടിച്ചാൽ എന്താണ് നേട്ടമാണുണ്ടാകുന്നതെന്ന് മറച്ചുപിടിച്ചവർ തന്നെ മറുപടി പറയേണ്ടതാണ്.
ഈ സന്ദർശനങ്ങൾ ഒന്നും തന്നെ ഈ മനുഷ്യർക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കുമെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. അതൊക്കെ തന്നെ മറ്റൊരു മേഖലയിൽ നടക്കുന്ന കൈമാറ്റങ്ങളാണ്. വലിയ കോർപ്പറേറ്റുകൾ തമ്മിൽ ചർച്ച നടത്തുന്നു. ജി -20 യിൽ കരാറുകൾ ഒപ്പിടുന്നു. കരാറുകളിൽ കോർപ്പറേറ്റുകളാണ് അതിന്റെ പ്രധാന ഭാഗമായി മാറുന്നത്. സാധാരണക്കാരന്റെ നേട്ടം എന്തെന്ന് ചോദിച്ചാൽ കരാർ ഒപ്പിടുമ്പോൾ ഭരണാധികാരികൾ പറയും റോഡ് വരും, വിമാനത്താവളം വരും, തുറമുഖങ്ങൾ വരും അതുകൊണ്ട് തൊഴിൽ ഉണ്ടാവും എന്നെല്ലാം. ഇങ്ങനെയാണ് പറയുന്നതെങ്കിലും അന്തിമമായി ഇതെല്ലാം സാമ്പത്തിക ശക്തികളെ പിന്തുണക്കുന്ന പദ്ധതികളാണ്. അതുകൊണ്ടുതന്നെ മറച്ചുവെക്കപ്പെടുന്നത് ജീവിതങ്ങൾ മാത്രമല്ല, മറ്റ് ചില വസ്തുതകൾ കൂടിയാണ്.
മറച്ചുവെക്കപ്പെട്ടു കഴിഞ്ഞാൽ ഈ മറ നീക്കുന്നതു വരെ ഇവിടങ്ങളിലേക്ക് സാധാരണ മനുഷ്യർക്ക് പ്രവേശനമില്ല, തൊഴിലാളികൾക്ക് പ്രവേശനമില്ല, ദാരിദ്രമുള്ളവർക്ക് പ്രവേശനമില്ല, ഭിക്ഷക്കാർക്ക് പ്രവേശനമില്ല. ഇങ്ങനെ ഒരു രാജ്യം മറച്ചുപിടിക്കുമ്പോൾ അത് വെളിപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയാണ്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും ചുരുങ്ങിയ രീതിയിൽ താമസിക്കുന്ന പ്രദേശങ്ങളാണ് ചേരികൾ. വളരെ ചെറിയ, 40-50 സ്ക്വയർഫീറ്റിലൊക്കെ മനുഷ്യർ ഞെരുങ്ങി ജീവിക്കുന്ന ഈ ചേരികളെ എത്രകാലം ഇവർ മറച്ചുവെക്കും? മറച്ചുവെക്കുന്നത് രാജ്യത്തിന്റെ പ്രതിസന്ധി മാത്രമല്ല, ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും ചരിത്രവും കൂടിയാണ്. ഇത്തരത്തിൽ ദാരിദ്രവും പട്ടിണിയും ഒക്കെ മറച്ചുപിടിച്ചുകൊണ്ട് രാജ്യത്തെ അവതരിപ്പിക്കുന്നതിൽ മോദി സർക്കാർ വളരെ മുന്നിലാണ്. സർക്കാറിന്റെ ഉത്തരവാദിത്തങ്ങളാണോ മറച്ചുപിടിക്കുന്നത് ? അതോ നമ്മുടെ പരാജയങ്ങളാണോ മറച്ചുപിടിക്കുന്നത് ? അപ്രിയങ്ങളായ ജീവിതങ്ങൾ മറച്ചു പിടിച്ചുകൊണ്ട് നമുക്ക് എത്രകാലം മുന്നോട്ടുപോകാനാവും ?” ഇർഷാദ് വിശദമാക്കി.
2022 ഏപ്രിൽ 21ന് ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചപ്പോഴും അഹമ്മദാബാദിലെ ചേരികൾ മറക്കപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. മറ നീക്കിക്കൊണ്ട് പുറംലോകത്തേക്ക് നോക്കുന്ന ചേരി നിവാസികളുടെ ചിത്രം അന്ന് വിവാദമായിരുന്നു. എന്നാൽ ബോറിസ് ജോൺസന്റെ സന്ദർശന സമയത്ത് എടുത്തതല്ല ആ ചിത്രമെന്ന് മാധ്യമങ്ങൾ പിന്നീട് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ‘ആസാദി കി അമൃത മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബർമതി സന്ദർശനത്തിന് വേണ്ടിയാണ് വെള്ള തുണികളാൽ ചേരികൾ മറയക്കപ്പട്ടത് എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തൽ.
നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുജറാത്തിലെ മോർബിയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ വാർത്ത വന്നത് 2022 നവംബറിൽ ആയിരുന്നു. 134 മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ തൂക്കുപാലം തകർന്ന സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദർശിക്കുന്നതിനാണ് മോദി ആശുപത്രിയിൽ എത്തിയത്. മോദി വന്നെത്തുന്നതിന് മുൻപ് ആശുപത്രിയുടെ ഗേറ്റും പുറം ചുമരുകളും അകച്ചുമരുകളും പെയിന്റ് ചെയ്യുന്ന തൊഴിലാളികളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കപ്പെട്ടു. മോദിയുടെ ഫോട്ടോ ഷൂട്ടിനിടയിൽ ആശുപത്രിയുടെ ശോചനീയാവസ്ഥ വെളിപ്പെടാതിരിക്കാനാണ് ഒറ്റ രാത്രികൊണ്ട് തിരക്കിട്ട് ആശുപത്രി മിനുക്കിയെടുത്തതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
2020 ൽ ഡോണാൾട് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ, അഹമ്മദാബാദിലെ മൊടൊറോള സ്റ്റേഡിയെത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും 22 കിലോമീറ്ററോളം ദൂരത്തിൽ നാലടിയോളം ഉയരത്തിലുള്ള മതിലുകെട്ടി തെരുവുകാഴ്ച്ചകൾ മറച്ചുകൊണ്ടാണ് ‘ദി ബിഗസ്റ്റ് റോഡ് ഷോ എവർ’ എന്ന് പരസ്യം ചെയ്യപ്പെട്ട റാലി നടന്നത്.
ഒരുവശത്ത്, ഇത്തരത്തിൽ മറച്ചുപിടിക്കൽ നടക്കുമ്പോൾ ധാരാവിയിലെ ചേരികൾ തന്നെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ മറ്റൊരുവശത്ത് തയ്യാറാക്കികൊണ്ടിരിക്കയാണ്. ഗൗതം അദാനിയുടെ റിയൽ എസ്റ്റേറ്റ് വിഭാഗമാണ് ഈ വികസന പദ്ധതിക്കുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ നിന്നും ആളുകളെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ ഏതൊക്കെ പുനരധിവാസത്തിന്റെ ഭാഗമാകും, എത്ര മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെടും എന്ന് കണക്കാക്കപ്പെട്ടിട്ടില്ല എന്ന് ക്വിന്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പല കെട്ടിടങ്ങൾക്കും മതിയായ രേഖകൾ ഇല്ലെന്നതും പലതും പുതിക്കപ്പെടാത്ത അവകാശപത്രങ്ങൾ ആണ് എന്നതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും റിപ്പോർട്ട് പറയുന്നു.