ജനങ്ങളെ കേൾക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

നവ കേരള യാത്ര എന്തിന് വേണ്ടിയാണ് നടത്തിയത്? അതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് എന്ത് ​ഗുണമാണുണ്ടായത്?എന്തായിരുന്നു നവകേരള യാത്ര കൊണ്ട് സർക്കാർ ഉദ്ദേശിച്ചത്? എന്താണ് അവർ നേടിയത്? പൂർണ്ണമായും സർക്കാർ സംവിധാനങ്ങൾ ഉപയോ​ഗിച്ചുകൊണ്ട്, പണപ്പിരിവ് നടത്തിയതിന്റെ രസീപ്റ്റ് പോലും ഇല്ലാതെയാണ് ഈ ഒരു യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായിട്ടും സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ ജാഥയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാർട്ടി അണികളെ സജീവമാക്കാൻ വേണ്ടി സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ യാത്ര മാത്രമായിട്ടാണ് ഞങ്ങളതിനെ കാണുന്നത്. അതിനപ്പുറമുള്ള ഒരു സവിശേഷതയും ഈ ജാഥയ്ക്കില്ല. അതിനായി ഈ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടുത്തിയെന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്റെ മണ്ഡലമായ വടകരയിലും ഞങ്ങൾ നവകേരള യാത്ര ബഹിഷ്കരിച്ചിരുന്നു.

പ്രഭാത യോ​ഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു. കടപ്പാട്:fb

ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നുവെന്നാണ് ആദ്യം പറഞ്ഞത്. ഈ പരാതി സ്വീകരിക്കാൻ വേണ്ടി ഇത്രയും കോടികൾ മുടക്കിയിട്ട് ഒരു യാത്ര നടത്തേണ്ടതുണ്ടായിരുന്നോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. പരാതി സ്വീകരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി നേരിട്ട് എവിടെയും പരാതി സ്വീകരിക്കുന്നില്ല. മന്ത്രിമാരെല്ലാം എത്തുന്നതിന് മുമ്പ് കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് പരാതി കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പരാതി കൊടുക്കുന്നതിന് നമുക്ക് ധാരാളം സംവിധാനങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പോർട്ടലുണ്ട്, അക്ഷയ കേന്ദ്രങ്ങൾ വഴി കൊടുക്കാൻ കഴിയും, നേരിട്ട് പഞ്ചായത്ത്, താലൂക്ക്, കളക്ടർ എന്നിങ്ങനെ എല്ലായിടത്തും പരാതി കൊടുക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ട്. കൂടാതെ നവകേരള യാത്രക്ക് ആറ് മാസം മുന്നേ രണ്ട് അദാലത്തുകൾ നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. കരുതലും ‘കൈത്താങ്ങ്’ എന്ന പേരിൽ എല്ലാ മണ്ഡലങ്ങളിലും അതാത് ജില്ലകളിലെ മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെട്ടുകൊണ്ടുള്ള അദാലത്ത് നടന്നിരുന്നു. അതുവഴി പരാതികൾ സ്വീകരിച്ചിരുന്നു. തീരദേശത്തെ ജനങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന് പറഞ്ഞുകൊണ്ട് തീരദേശ അദാലത്ത് നടത്തിയിരുന്നു. ഈ രണ്ട് അദാലത്തിലും മന്ത്രിമാർ നേരിട്ട് പങ്കെടുത്തിരുന്നു. ഈ അദാലത്തുകളിലൂടെ ആറുമാസം മുന്നേ സ്വീകരിച്ച പരാതികൾ എന്ത് ചെയ്തു? എന്ത് നടപടികൾ എടുത്തു? ഈ പരാതികൾ സർക്കാരിന്റെ ഏത് സംവിധാനത്തിലേക്കെത്തി എന്നുള്ളതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. ആ പരാതികൾ പരിഹരിക്കപ്പെടാതെ നിലനിൽക്കെയാണ് വീണ്ടും പരാതികൾ എടുത്തിരിക്കുന്നത്. ഒരു കാര്യവും വീണ്ടും പരാതികൾ സ്വീകരിച്ചതിന്റെ ഭാ​ഗമായി നടന്നിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് ഒരു മെച്ചവും കിട്ടിയിട്ടില്ല‍ എന്ന് വ്യക്തം.

വടകര മണ്ഡലത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ജനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ വിഷയങ്ങളൊന്നും അഭിസംബോധന ചെയ്യാനോ പരിഹാരങ്ങൾ കാണുന്നതിനോ നവ കേരള യാത്രയ്ക്ക് സാധിച്ചിട്ടില്ല. യാത്രയ്ക്കിടയിൽ എല്ലാ ദിവസവും രാവിലെ ഒരു വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. അതാത് ദിവസം യാത്ര കടന്നുപോകുന്ന മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട ആളുകളാണ് പ്രഭാത യോ​ഗത്തിൽ പങ്കെടുത്തത്. ആരാണ് ക്ഷണിക്കേണ്ടവരുടെ തെരഞ്ഞെടുപ്പ് നടത്തിയത്? സി.പി.എമ്മിന് താൽപ്പര്യമുള്ള, അവരുമായി സഹകരിക്കുന്ന വ്യക്തികളെ വിളിച്ചുവരുത്തി അവർക്ക് വിരുന്ന് നൽകുകയാണ് ചെയ്യുന്നത്, അവരെയാണ് പൗരപ്രമുഖർ എന്ന് പറയുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടാക്കിയ പുതിയ വർ​ഗമാണ് പൗരപ്രമുഖർ എന്ന വർ​ഗം. തൊഴിലാളി വർ​ഗ പ്രസ്ഥാനത്തിന്റെ ആളുകൾ വർ​ഗ രാഷ്ട്രീയത്തെ ഈ രീതിയിലാണ് ഇപ്പോൾ കാണുന്നത്. തൊഴിലാളി വർ​ഗത്തെ കുറിച്ച് സംസാരിക്കുന്നത് അവർ മറന്നു. പകരം പൗരപ്രമുഖർ എന്ന് പറയുന്ന പുതിയ ഒരു ബൂർഷ്വാ വർ​ഗത്തെ അവർ സൃഷ്ടിച്ചിരിക്കുന്നു. പിണറായി വിജയന് ഈ യാത്ര കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞ ഒരേയൊരു കാര്യം അത് മാത്രമാണ്.

ജങ്കാറിൽ വേമ്പനാട് കായൽ കടന്ന് പോകുന്ന നവകേരള ബസ്. കടപ്പാട്:fb

എന്റെ മണ്ഡലത്തിൽ നവ കേരള യാത്രയിൽ പരാതി കൊടുക്കാൻ പോയ ഒരു സ്ത്രീ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. അവർ കൊടുത്ത പരാതിക്ക് കിട്ടിയ മറുപടി അവർ എനിക്ക് അയച്ചു. അതിലിടപെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു. അവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് കൊടുത്ത പരാതിക്ക് മറുപടി കിട്ടിയത് ഈ പരാതി എ.ഡി.എമ്മിന്റെ പോർട്ടലിലേക്ക് അയച്ചിട്ടുണ്ട് എന്നാണ്. ആ മറുപടി അവർ അതേപോലെ എനിക്ക് അയച്ച് ഇടപെടണമെന്ന് പറഞ്ഞു. പരാതി എന്റെയടുത്താണ് വീണ്ടും എത്തിയത്. പരാതി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പോർട്ടലുണ്ട്, സിഎം പോർട്ടൽ. അതിൽ പരാതി കൊടുത്താൽ കിട്ടുന്ന മറുപടിയാണിത്. എം.എൽ.എ ഓഫീസിൽ ഒരു പരാതി കിട്ടിയാലും കൊടുക്കുന്ന മറുപടിയാണിത്. അതിന് നവ കേരള സദസിന്റെ ആവശ്യമുണ്ടോ? അതിന് മുഖ്യമന്ത്രിയുടെ ഈ യാത്രയുടെ ആവശ്യമുണ്ടോ? ഇതുകൊണ്ട് എന്ത് ​ഗുണമാണുള്ളത്? എന്റെ മണ്ഡലത്തിലെ ഒരു പരാതിയും ഇന്ന് വരെ പരിഹരിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇപ്പോഴും വീട് കിട്ടാത്ത നൂറുകണക്കിന് മനുഷ്യർ ലൈഫ് മിഷൻ പദ്ധതിയിൽ പേര് നൽകി കാത്തിരിക്കുന്നുണ്ട്. അതിലുൾപ്പെടാത്ത നിരവധി മനുഷ്യരുണ്ട്. ഇവരൊക്കെ പ്രതീക്ഷയോടുകൂടി കാത്തുനിൽക്കുകയാണ്. ഞങ്ങളുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയായ വടകര ​ഗവൺമെന്റ് ആശുപത്രി സാധാരണക്കാർ ആശ്രയിക്കുന്ന ജില്ലാ ആശുപത്രി ആയി അപ്​ഗ്രേഡ് ചെയ്തു. പക്ഷേ ഇപ്പോഴും അത് ജില്ലാ ആശുപത്രിയല്ല, താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളി‍ലാണ് പ്രവർത്തിക്കുന്നത്. അവിടെ ഡോക്ടർമാരെ പുതിയതായി നിയമിച്ചിട്ടില്ല. അവിടെ സ്റ്റാഫിന്റെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഒരു സംവിധാനവും പുതുതായി ഉണ്ടാക്കിയിട്ടില്ല. ഇതൊന്നും പരി​ഗണിക്കപ്പെട്ടതേയില്ല.

അട്ടപ്പാടിയിലെ ആദിവാസി ഭൂസമരത്തിൽ കെ.കെ രമ പങ്കുചേരുന്നു. കടപ്പാട്:fb

എന്റെ മണ്ഡലത്തിൽ അല്ലാത്ത കാര്യം കൂടി പറയാം. ഞാനിപ്പോൾ അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ട്. അവിടെ ആദിവാസികൾ അനുഭവിക്കുന്ന ഏതെങ്കിലുമൊരു വിഷയത്തെ ഈ യാത്ര അഡ്രസ് ചെയ്തോ? അവരെ പ്രഭാതയോ​ഗത്തിൽ വിളിച്ചുവരുത്തി അവരുടെ വിഷയമെന്താണെന്ന് കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടുണ്ടോ? അതാണല്ലോ വേണ്ടത്. ജനങ്ങളിലേക്ക് ഇറങ്ങുക എന്നാൽ ജനങ്ങളെ കേൾക്കുക എന്നതാണ്. ഈ യാത്രയിൽ മുഖ്യമന്ത്രി എപ്പോഴെങ്കിലും ജനങ്ങളെ കേട്ടോ? കേൾക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് എന്താണ് അവർ പറയുന്നതെന്ന് കേൾക്കാനുള്ള ക്ഷമ കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോ? സമ്പന്നന്മാരുടെ നടുക്ക് വലിയ സൗകര്യങ്ങളോടുകൂടി ഉലാത്തുകയല്ലാതെ മറ്റൊരുകാര്യവും അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. നവകേരളയാത്രക്കായി കോടികളാണ് ധൂർത്തടിച്ചിരിക്കുന്നത്. നവ കേരള യാത്ര എന്ന് പറയുന്നത് ഒറ്റ വാക്കിൽ നമുക്ക് ചുരുക്കാം, കേരളത്തിലെ 21 മന്ത്രിമാരുൾപ്പെട്ട കേരള മന്ത്രിസഭയുടെ ആൾ കേരളാ ടൂർ ആണ് ഇന്നലെ സമാപിച്ചത്.

(തയ്യാറാക്കിയത്: അനിഷ എ മെന്റസ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 24, 2023 7:29 am