വിഴിഞ്ഞം സമരനേതൃത്വവും ‘ഒരു സമരകഥ’യും

സമരപ്രവർത്തനങ്ങളുടെ ചരിത്രമെന്നത് സാംസ്കാരികവിനിമയങ്ങളോടൊപ്പം തന്നെ അവയോട് ചേർന്ന മൂല്യവ്യവസ്ഥകളുടെ പരസ്പര സംഘർഷങ്ങളുടേത് കൂടിയാണ്. ഇങ്ങനെയുള്ള ഇടപെടലുകളുടെ സങ്കീർണതയെ പ്രമേയമാക്കികൊണ്ട് തെക്കൻ തീരമേഖലയുടെ സമര ലോകങ്ങൾ, ചരിത്രമെഴുത്തുകൾ എന്നിവ വിഴിഞ്ഞം സമരത്തിന്റെ സൂക്ഷ്മദേശങ്ങളെ എങ്ങനെ വെളിപ്പെടുത്തുന്നു എന്നതിന്റെയൊരു അവലോകനമാണിത്.

1988ൽ തിരുവനന്തപുരത്ത് നിന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പുറത്തിറക്കിയ ചരിത്ര പുസ്തകത്തിന്റെ പേരാണ് ‘ഒരു സമരകഥ’. 1970കൾ തൊട്ടുള്ള ഈ മത്സ്യത്തൊഴിലാളി സമരചരിത്രം തീരദേശ സമരങ്ങളുടെ മുദ്രാവാക്യങ്ങളിലൊന്നായ ‘ഉപജീവന വിഷയം’ അടയാളപ്പെടുത്തിയ ചരിത്രമെന്ന നിലയ്ക്ക് ആഴമേറിയ അന്വേഷണങ്ങൾക്ക് തുടക്കമിടുന്ന ഒന്നാണ്. സമരസമിതി പ്രവർത്തകരായ മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംഘടനാ പ്രവർത്തകൻ ജോസ് പൊള്ളയിൽ, വൈദികർ ഫാ. തോമസ് കോച്ചേരി, ജോസ്.ജെ കളീയ്ക്കൽ എന്നിവരാണ് രചയിതാക്കൾ. സമരത്തിന്റെ ഒന്നിലധികം നറേറ്റീവ് ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിശകലന സ്വഭാവത്തിലുള്ള രചനാ ശൈലിയാണ് പുസ്തകത്തിന്റെ ആകർഷകത്വം. സമരങ്ങളുടെ കൂട്ടായ വിവരണം എന്നുകൂടി പറയാം. തിരുവനന്തപുരം വിഴിഞ്ഞത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് ഈ ചരിത്ര പുസ്തകവുമായി എന്താണ് ബന്ധം? ചരിത്രത്തിന്റെ അവതരണം എന്നത് ഇക്കാലത്തെ അനുഭവസ്ഥലത്തെ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്ന വസ്തുതയാണോ? കഴിഞ്ഞ മൂന്ന് നാല് ദശകങ്ങളിലെ തീരദേശ സമരങ്ങൾ ചെറുത്തുനിന്നത് എന്തിനെപ്പറ്റി ആവർത്തിച്ചു പറഞ്ഞുകൊണ്ടാണെന്നത് ഈ അന്വേഷണങ്ങൾ ഓർമ്മപ്പെടുത്തുന്നു എന്നത് സുപ്രധാനമായ സംഗതിയാണ്. മറ്റൊന്ന് ഇന്നത്തെ സന്ദർഭത്തിൽ സമരത്തിന്റെ സങ്കീർണമായ പാറ്റേണുകളെ ചരിത്രപരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

‘ഒരു സമരകഥ’ കവർ

സാമൂഹികവും സാംസ്കാരികവുമായ പാഠങ്ങളുടെ വിശകലനങ്ങളേക്കാളേറെ സമരത്തെ ചേർത്ത് സഞ്ചരിക്കുന്നത് മറ്റു താത്പര്യങ്ങളാണ്. തിരുവനന്തപുരം ലത്തീൻ കത്തോലിക്ക രൂപതയുടെ നേതൃത്വമാണ് വിഴിഞ്ഞം സമരത്തിന്റെ പ്രസക്തിയെ നിഷേധിക്കുന്നത് എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ വിഷയത്തെ അതിക്രമിച്ച് നീങ്ങുന്നൊരു കാഴ്ച്ച ഇന്ന് കാണാം. ശക്തമായ അധികാരഘടനയുള്ള മതം / നിസ്സഹായരായ മത്സ്യത്തൊഴിലാളികൾ എന്ന വിഭജനത്തെ നിർമ്മിച്ചുകൊണ്ടാണ് സമരത്തെ സംബന്ധിച്ച ഇത്തരം ഊഹാപോഹങ്ങൾ നിലനിൽക്കുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പല മാധ്യമങ്ങളിലെയും എഴുത്തുകൾ രൂപതയുടെ നേതൃത്വത്തെ സമരത്തിലേക്ക് വിന്യസിക്കുന്നതിന്റെ രീതി ഇതാണ്. മത്സ്യതൊഴിലാളികളുടെ നിത്യജീവിതാനുഭവത്തിന്റെ വലിയൊരു മേഖലയിൽ സജീവമാകുന്ന പല ചലനങ്ങളെയും ഇങ്ങനെ വിരുദ്ധ സ്ഥലങ്ങളിൽ നിർത്തി സമർത്ഥിക്കുന്നു. സിവിൽ സമൂഹത്തിന് ഇത് സ്വീകാര്യമാവുന്നത് തന്നെ കേരളീയ സമൂഹത്തിലെ വരേണ്യ ആധുനിക ആശയലോകത്തെ വിശ്വാസത്തിലെടുക്കുന്നതുകൊണ്ടാണ്. സമര മാർഗങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ ലത്തീൻരൂപത മാത്രം സ്ഥിരം വിഷയമാകുന്നത് വിധ്വംസകമായ ഈ സ്വാധീനത്തിന്റെ പ്രാഥമിക പാഠമാണ്.

1984ൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ റിപ്പോർട്ട്

‘ഒരു സമരകഥ’ എന്ന ഗ്രന്ഥം പറയുന്ന ചരിത്രത്തിൽ ഈ രാഷ്ട്രീയ ഉത്കണ്ഠയ്ക്ക് സ്ഥാനമുണ്ടോയെന്ന് പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ചിത്രം മറ്റൊന്നാണ്. ഈ ആലോചനയ്ക്ക് പ്രേരകമായ ഒന്നുരണ്ടു സംഭവങ്ങൾ സമരകഥയിൽ കാണാം. ആദ്യകാല ഫെഡറേഷന്റെ ചരിത്രം വിവരിക്കുന്ന ഭാഗത്ത് 1979 ൽ യന്ത്രവത്കൃത ബോട്ടുകൾക്കെതിരെ നടന്ന സമരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. “തമ്പ്രാൻ- അടിയൻ സമ്പ്രദായത്തിൽ എന്നപോലെ സർക്കാറിന്റെ ഔദാര്യം കൈനീട്ടി വാങ്ങി സംതൃപ്തി അടയുന്ന ധർമ്മസംഘങ്ങളുടെ പ്രവർത്തന ശൈലിയായിരുന്നു ഫെഡറേഷന്റേത്. നേതാക്കൾ ഏതാണ്ട് എല്ലാവരും തന്നെ പുരോഹിതന്മാർ, പുരോഹിത മേൽക്കോയ്മ നിലനിർത്തുന്ന പുരോഹിതന്മാരും; സംഘാടനത്തിന് മതജാതീയ തലങ്ങളും. ജാതിയുടെ ബാനർ ഉയർത്തിപ്പിടിച്ചും എന്നാൽ തൊഴിലാളി താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തും അരങ്ങേറിയ സമരമായിരുന്നു അത്”. എന്നാൽ അതേസമയം ഈ സമരത്തിന്റെ നേട്ടങ്ങളും പുസ്തകം ചൂണ്ടികാട്ടുന്നുണ്ട്. “എങ്കിലും സമരനേട്ടങ്ങൾ പലതുണ്ടായി. യൂണിയൻ നേതൃത്വം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ ശരിയ്ക്ക് പഠിച്ചു. തൊഴിലാളികൾക്കിടയിൽ വർഗബോധത്തിന്റെ തിരികൾ കൊളുത്തപ്പെടുകയും ചെയ്തു. അവരിൽ അവകാശ ബോധം ഉണർന്നെണീറ്റു. അന്നുമുതൽ കടലോരത്താകെ പുത്തൻ പ്രസംഗശൈലികൾ മുഴങ്ങിത്തുടങ്ങി. മതപ്രഭാഷണങ്ങളുടെയും മീൻ വിലപേശലിന്റെയും മാത്രം ശബ്ദമുഖരിതമായിരുന്ന കടപ്പുറത്ത് മത്സ്യബന്ധനം, വിദേശ വ്യാപാരം, വിദേശ പദ്ധതി വിഹിതം തുടങ്ങിയവയുടെ കണക്കുകൾ നിരത്തിയ പ്രസംഗങ്ങൾ അലയടിച്ചു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള സർക്കാർ വകുപ്പുകളെക്കുറിച്ച് തൊഴിലാളികൾ മനസിലാക്കി. അങ്ങനെ കായലോര കടലോര ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സംഘടിത നീക്കം ഒരു പുത്തൻ പുറപ്പാടിന് കാഹളം മുഴക്കുകയായിരുന്നു”.

വിഴിഞ്ഞത്തെ സമരത്തിൽ നിന്നുള്ള ദൃശ്യം. കടപ്പാട്: indianexpress.com

1980കളിൽ ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനായി രൂപീകരിക്കപ്പെടുകയുണ്ടായി. സമരത്തിലെ പുരോഹിതരുടെ ഇടപെടലാണ് അക്കാലത്തും സമരത്തിനെതിരെ ഉയർന്ന വിഷയങ്ങളിലൊന്ന് എന്ന് ചൂണ്ടികാട്ടുന്നുണ്ട്. “നിലവിലുള്ള ഭരണകൂടത്തെ മറിച്ചിടാൻ മതപുരോഹിതന്മാർ നേതൃത്വം കൊടുക്കുന്ന രണ്ടാം വിമോചന സമരമാണ് മത്സ്യത്തൊഴിലാളി സമരം എന്ന് ഭരണകക്ഷികൾ കുപ്രചരണം നടത്തി. എങ്കിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്; പുരോഹിതന്മാർ മുൻനിരയിൽ നിൽക്കുന്നത് ചില പ്രദേശങ്ങളിലെങ്കിലും പ്രശ്നം സൃഷ്ടിക്കും.”

ലത്തീൻ കത്തോലിക്ക സഭയുടെ ഇടപെടലുകളെക്കുറിച്ച് സഭാംഗങ്ങളും ഫെഡറേഷൻ പ്രവർത്തകരുമായ പുരോഹിതർ എഴുതിയ ഈ വിവരണങ്ങൾ പ്രബലമായ മതശക്തിയെ നേരിടുന്നതിന്റെ പ്രതിസന്ധിയെപ്പറ്റിയല്ല. എന്നാൽ സമരമെന്ന രാഷ്ട്രീയ സാമൂഹ്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പലതരം മേൽക്കോയ്മകളെക്കുറിച്ചുള്ള ബോധ്യങ്ങൾ ഈ ആഖ്യാന പ്രകാരം നിഷേധിക്കാനുമാവില്ല. സമരത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ച ആശയ കുഴപ്പങ്ങൾ സ്വാഭാവികമായും ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാകുന്നത്. അത്തരം സന്ദർഭങ്ങളിൽ അധികാരബന്ധത്തിന്റെ സൂക്ഷ്മ സംവിധാനങ്ങളെ ക്രമപ്പെടുത്താനുള്ള സമീപനമെന്നത് നീതിയുടെ പുതിയൊരു തലത്തെക്കുറിച്ചുള്ള അനിവാര്യതയെ കണ്ടെത്തുകയെന്നതാണ്. സഭാ നേതൃത്വത്തിന്റെ ഇടപെടൽ പ്രശ്നവത്കരിക്കുന്ന ഒന്നിലധികം സന്ദർഭങ്ങൾ സമരവുമായി ചേർത്ത് ‘ഒരു സമരകഥ’ പറയുന്ന ഇടങ്ങളിൽ ആ രീതി സമരത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് അടിവരയിടുന്നു. തീർച്ചയായും അത് അധികാരശ്രേണിയുടെ വെർട്ടിക്കൽ തലത്തിലല്ലെന്നത് വ്യക്തമാണ്. ശബ്ദമില്ലാതെ പോയവർക്ക് ശബ്ദമുണ്ടാക്കി നൽകുന്ന ന്യായങ്ങളുമല്ല. സമരം രാഷ്ട്രീയവും മതപരവുമായ ഭാഷയെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിനെ ഒന്നിപ്പിക്കുന്നത് ഈ ആന്തരികമായ ഐക്യം കൂടിയാണ്. സമര വിനിമയങ്ങളിലെ വിയോജിപ്പുകൾ തിരിച്ചറിയുന്നതും സൂക്ഷ്മ രാഷ്ട്രീയമാണ്.

സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന കന്യാസ്ത്രീകളുടെ സമരം

ഇത്തരം വ്യവഹാരങ്ങൾ സാധൂകരിക്കുന്നത് മത്സ്യത്തൊഴിലാളികൾ, എൻ.ജി.ഒ ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ പ്രവർത്തകർ, മതസ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവരുടെ സാമൂഹ്യബന്ധങ്ങളെയും സംഭാഷണങ്ങളെയും ഉൾക്കൊള്ളുന്ന സങ്കീർണമായ ഒരു സമര ശരീരത്തെയാണ്. ഒന്നിലധികം മേഖലകളുടെ സാധ്യതയിലൂടെയാണ് സമരത്തിന് പ്രാപ്തമാകുന്നതെന്ന് ഈ ഘടനകൾ വെളിപ്പെടുത്തുന്നു. അനുകൂല സാഹചര്യങ്ങൾ സ്വാംശീകരിച്ചുകൊണ്ട് പുതിയൊരു കർതൃത്വത്തെ സമർത്ഥമായി ഉപയോഗിച്ച ഒന്നിലധികം സ്വത്വങ്ങൾ ഇതിൽ തെളിയുന്നുണ്ട്. സഭാനേതൃത്വം ഈ സമരങ്ങളോടൊപ്പമുണ്ട് എന്നതൊരു അസാധാരണ പ്രതിഭാസമല്ല. പ്രാദേശിക സ്വഭാവങ്ങളോടു കൂടിയ സഭാരൂപങ്ങളെ നോക്കി കാണാൻ സാധിക്കാത്തതിന്റെ പ്രശ്നമേഖല കൂടിയാണ്. സമരത്തിന്റെ നേതൃത്വം അപരിഷ്കൃതമെന്നോ വിപ്ലവകരമെന്നോ വിലയിരുത്തുമ്പോൾ അത് ഈ പറഞ്ഞ ഗണങ്ങളെയെല്ലാം ചേർത്ത് വെച്ച് വിശദമാക്കേണ്ടതുണ്ട്. മത്സ്യബന്ധന മേഖലയുടെ ആധുനികവത്കരണ ശ്രമങ്ങളിലും വിഭവ പ്രശ്നങ്ങളിലും നേരിട്ടതിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള പാരിസ്ഥിതിക, ഉപജീവന പ്രതിസന്ധികൾക്കനുസൃതമായി മനസിലാക്കേണ്ട മറ്റൊന്നുണ്ട്. തൊഴിൽ പ്രശ്നമെന്നോ പരിസ്ഥിതി പ്രശ്നമെന്നോ വേർതിരിച്ചെടുക്കാനാവാത്ത പാരസ്പര്യത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സെക്ടറാണ് ഇതെന്നത്. ആ സംസ്കാരത്തിൽ ഒരുങ്ങിയ സമൂഹത്തിന്റെ വിവിധ അഭിപ്രായങ്ങളും വിവരണങ്ങളും സംയോജിക്കുന്ന ഒരു സ്ഥലമെന്ന നിലയിൽ പരിസ്ഥിതി/ ഉപജീവന രാഷ്ട്രീയ മാനങ്ങളെ ഘടിപ്പിക്കുന്ന യുക്തികളാണ് സമരത്തെ സംഘടിപ്പിച്ചിട്ടുള്ളത്. 1994 – 95 കാലഘട്ടങ്ങളിൽ കൊല്ലം – തങ്കശ്ശേരി ബ്രേക്ക് വാട്ടർ നിർമ്മാണ പദ്ധതിയെ തുടർന്ന് മൂതാക്കര മുതൽ പള്ളിത്തോട്ടം വരെയുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുത്തിരുന്നു. അന്നും കരയുടെ സംരക്ഷണത്തിന് ഭിത്തികെട്ടണമെന്ന മത്സ്യബന്ധന സംഘടനകളുടെ ആവശ്യത്തെ പദ്ധതിക്കെതിരാണെന്നായിരുന്നു ഔദ്യോഗികഭാഷ്യം (എ ആൻഡ്രൂസ്, ഓറ മാസിക, ഫെബ്രു, 1995). കരയുടെ സംരക്ഷണത്തിന് ചിലയിടങ്ങളിൽ ഭിത്തിയല്ല പരിഹാരമെന്നതിന്റെ ശാസ്ത്രവാദങ്ങളും മുൻകാലത്തും ഇന്നും തൊഴിലാളി സംഘടന പ്രവർത്തകർ സജീവമായി ഉന്നയിക്കാറുമുണ്ട്.

തെക്കൻ തീരമേഖലയെ ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ഒരു അടിയൊഴുക്ക് സർക്കാർ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതല്ലെന്നും ഭരണകൂട, ശാസ്ത്ര, വ്യവസായ സമൂഹങ്ങളോട് സംവദിക്കുന്ന വ്യാപകമായ ഒരു സന്ദർഭത്തെ മുൻനിർത്തിയുള്ളതാണെന്നും ഇവിടെ വ്യക്തമാകുന്നു. വിഷയത്തിന്റെ വൈവിധ്യവും ഹൈബ്രിഡ് സ്വഭാവവും സംബന്ധിച്ച വീക്ഷണങ്ങൾ വികസിക്കപ്പെടുന്നത് ഇങ്ങനെയും കൂടിയാണ്.

വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ ഭാ​ഗമായി തിരുവനന്തപുരത്തെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയർത്തിയ കരിങ്കൊടി. കടപ്പാട്: indianexpress.com

വിഴിഞ്ഞത്തെ സമരം വ്യവസ്ഥാപിത പ്രമാണങ്ങളുടെ നോട്ടപ്പാടുകൾ കവിഞ്ഞ് പുറത്തേക്ക് പോകുന്നത് അത് അവിടെ വേരുറച്ചു നിൽക്കുന്ന സങ്കീർണമായ ഈ ഘടനകൾ ഇടകലരുന്ന അനുഭവമേഖലകൾക്കുള്ളിലാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന ഉപരോധസമരവും വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തനം നിർത്തി വെയ്പ്പിക്കുന്നതും കടലിൽ അദാനിയുടെ കപ്പൽ തടയുന്നതുമായ വിവിധ സമരരീതികൾ മാത്രമല്ല പൊതുജനത്തിലേക്കായി മാധ്യമങ്ങളിലൂടെ സമരത്തെ അഭിസംബോധന ചെയ്യുന്ന പ്രദേശത്തെ ഗവേഷക കൂട്ടായ്മകൾ, കാലാവസ്ഥാ പ്രവർത്തകർ, മറ്റു സന്നദ്ധ കൂട്ടായ്മകളും തീരശോഷണത്തെയും നിർമ്മാണത്തിന്റെ ഭാഗമായ പ്രത്യാഘാതങ്ങളെയും കൈകാര്യം ചെയ്യുന്നതും ഈ പ്രതിസന്ധികളുടെ ഭാഗമാണ്. മത്സ്യബന്ധനമേഖല ആധുനികവും പാരമ്പര്യവുമെന്ന് വഴി പിരിഞ്ഞ 1980കൾ പിന്നിട്ടപ്പോൾ ഇരു വിഭാഗവും ചേർന്ന് നടത്തിയ ആഴക്കടലിലെ വിദേശക്കപ്പലുകൾക്ക് നേരെയുള്ള സമരങ്ങളിൽ ഇക്കാര്യങ്ങൾ പ്രതിഫലിക്കുന്നുണ്ട്. വൈദികരുടേത് യൂണിയൻ പ്രവർത്തനങ്ങളിൽ വാർന്നുവീണ സമരശൈലിയാണെങ്കിൽ സാമൂഹ്യ പ്രവർത്തകർ ജനകീയ സമരശൈലിയിൽ പാട്ടും, തെരുവുനാടകങ്ങളുമായിട്ടുള്ള പലതരം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിയതും സാംസ്കാരിക ഉണർവുകളേകി. തെരുവും, പാർട്ടി ഓഫീസുകളും, ഗവേഷണസ്ഥാപനങ്ങളും, കടലും, പള്ളിയും, സെമിത്തേരിയും, കടപ്പുറവും, വീടുകളും, പോലീസ് സ്റ്റേഷനും, കോടതിയും ഈ സമരങ്ങളെ വിപുലമാക്കിയ സ്ഥലങ്ങളാണ്. ഇങ്ങനെ സമരരൂപങ്ങളെ വേർതിരിച്ചെടുത്ത് വിശദീകരിക്കാൻ പറ്റാത്ത സന്ദർഭങ്ങളും ഉണ്ട്. ഗവേഷണ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് ചെന്ന് എ.ജെ വിജയനുമായി സംസാരിച്ചപ്പോൾ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങളിലൊന്ന് അത്തരത്തിൽ ഉള്ളതായിരുന്നു. ട്രോളിങ് നിരോധനം ആവശ്യപ്പെട്ടുള്ള സമരത്തെ തുടർന്ന് ബാബുപോൾ കമ്മിഷനിൽ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ഭാഗത്ത് നിന്ന് നിയമിതനായ ഗവേഷകനായിരുന്നു അദ്ദേഹം. ഒരു സിറ്റിംഗിലും ശാസ്ത്രഗവേഷകർ പങ്കെടുക്കാതെ ട്രോളിങ് നിരോധനം വേണ്ടെന്ന് എഴുതി വെച്ച നടപടി ക്രമങ്ങളെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതിനെതിരെ നടത്തേണ്ടി വന്ന പ്രതിരോധങ്ങളും. അക്കാലത്ത് ഫെഡറേഷന്റെയും മറ്റു സാമൂഹികസ്ഥാപനങ്ങളുടെയും പഠന കളരികൾ, സെമിനാറുകൾ എന്നിവ നിർമ്മിച്ച പരിസരങ്ങൾ മുൻനിർത്തി നോക്കുമ്പോഴും സമരത്തെ കുറിച്ചുള്ള സാമാന്യ ബോധങ്ങൾ മാറ്റിമറിക്കുന്നതാണ്. സ്വാതന്ത്ര്യാനന്തരം ദേശീയ താത്പര്യത്തെ മുൻനിർത്തി വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമാഹരിക്കപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപജീവനപ്രശ്നങ്ങളെ നേരിടുന്നതിൽ പല വഴികൾ ഉൾക്കൊള്ളാനുള്ള സന്നദ്ധതയാണ് അതിരുകളെ തിരുത്തിക്കുറിക്കുന്നതിന്റെ പ്രേരണ. വികസനത്തെ ശരിവെക്കുന്ന വീക്ഷണങ്ങൾ വിഴിഞ്ഞത്തെ ഒരു സംഘം മത്സ്യത്തൊഴിലാളികൾ അജണ്ടയായി പ്രഖ്യാപിക്കുന്നത് ദുരിത ബാധിതരായ മറ്റൊരു സംഘം സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായിട്ടാണ്. സമരപ്രവർത്തകർ നേരിടുന്ന ജീവിത പരാധീനതകൾക്കും സംഘർഷങ്ങൾക്കും ഇത് ആയുധമാകുന്നത് ഈ രണ്ടു വാദങ്ങളും വിശകലനം ചെയ്യുന്നത് ഒരേ മാനദണ്ഡം വെച്ചാകുന്നതുകൊണ്ടാണ്. രണ്ടിനെയും വ്യത്യസ്തമായിട്ടാണ് നോക്കി കാണേണ്ടത് എന്ന് പറയാൻ കാരണം രണ്ടു താത്പര്യങ്ങളും നിർവഹിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ വികസന സംവാദങ്ങളുടെ പ്രതിഫലന ഘട്ടങ്ങളെയാണ്. അത് ഏകമുഖമായ സ്വഭാവം പുലർത്തുമെന്ന വിശ്വാസമാണ് അതിന്റെ കാല്പനികതലം. അസ്വസ്ഥമാക്കുന്ന സമ്മർദ്ദ ശക്തികളെ തിരിച്ചറിയാൻ പലരും പ്രയാസപ്പെടുന്ന വിഷയങ്ങളിൽ സമര തലത്തിൽ വളരുന്ന ഈ വ്യവഹാരങ്ങൾ സാമൂഹ്യമൂല്യത്തിന്റെ തലങ്ങളിൽ പ്രസക്തമാണെന്നത് അതിന്റെ പ്രയോഗികതയും.

തീരപ്രദേശം നേരിടുന്ന അസമത്വത്തെയും സംഘർഷത്തെയും സൂചകങ്ങളായി കണ്ട് മത്സ്യത്തൊഴിലാളികളുടെ സമരങ്ങൾ ഇന്നും ഒരു ദൗത്യമായ് തുടരുന്നു എന്ന നിലയ്ക്ക് വിശാലമായിത്തന്നെ വിഴിഞ്ഞം സമരവും പ്രസക്തമാണ്. വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെ തൊഴിൽ പാർപ്പിട പ്രശ്നങ്ങൾക്ക് അതായത് തീരശോഷണത്തിനു കാരണമായി കാണുന്നത് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണമാണ്. ഈ നിരീക്ഷണത്തിന് ആധാരമെന്ന് സൂചിപ്പിക്കുന്ന നിത്യജീവിതവ്യവസ്ഥകൾക്ക് പിന്നിൽ നീണ്ടചരിത്രമുണ്ട്. ‘ഒരു സമരകഥ’യും ഇപ്പോൾ വിഴിഞ്ഞം സമരവും സാക്ഷ്യപ്പെടുത്തുന്നത് അതാണ്. ചരിത്രത്തിന്റെയും സാംസ്കാരിക രാഷ്ട്രീയങ്ങളുടെയും ഈ അവകാശവാദങ്ങൾ ഉൾക്കൊണ്ട് രൂപപ്പെടുന്ന വ്യവഹാരം എന്ന നിലയ്ക്ക് കൈവരേണ്ട അർത്ഥാന്തരങ്ങളിൽ കൂടി സമരത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കേരളത്തിലെ സ്വതന്ത്ര്യാനന്തര ദളിത്, ആദിവാസി മത്സ്യത്തൊഴിലാളി സമരങ്ങൾ ചരിത്രപരമായ പ്രതിസന്ധിയായോ ആധുനികാനന്തര അനുഭവതലങ്ങളിലെ വഴിത്തിരിവായോ രേഖപ്പെടുത്തി അധികം കാണാറില്ല. സ്വത്വ നിർമ്മിതിയുടെ സന്ദർഭങ്ങൾ, പൊതുമണ്ഡലത്തിലെ ദൃശ്യതയുടെ വിഷയം എന്ന വായനകൾ തന്നെ ഏറെ പണിപ്പെട്ട് ഉണ്ടായതാണ്. സമരങ്ങളുടെ സംഘാടനം, ലക്ഷ്യം തുടങ്ങിയ പ്രവർത്തനരൂപങ്ങളുടെ സാമൂഹ്യ സ്ഥലങ്ങൾ ഭീഷണിയോ ഭയപ്പാടോ ആയി ചിത്രീകരിക്കപ്പെടുന്ന രീതി വിഭവ സമുദായ രാഷ്ട്രീയത്തെ ചരിത്രബാഹ്യമായി നിലനിർത്താനുള്ള യുക്തികളാണ്. ഇത് ജാതി അധീശത്വത്തിന്റേതാണെന്നതും ഇവിടെ ഓർമ്മിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള അധികാര, പ്രത്യയശാസ്ത്ര ബലതന്ത്രങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന പ്രാദേശികതയുടെ ചരിത്രത്തിൽ തെക്കൻ തീരദേശങ്ങളിൽ അഞ്ച് ദശാബ്ദത്തിലേറെയായി നടന്നുകൊണ്ടിരുന്ന സമരങ്ങൾക്ക് ഒരു പ്രത്യേക അസ്ഥിത്വമുണ്ട്. വിഴിഞ്ഞം പുതിയ ചിന്തകൾക്കുള്ള ഉത്തരവാദിത്വമാണ് മുന്നോട്ടു വെക്കുന്നത്.

സഹായകഗ്രന്ഥങ്ങൾ
1) ഒരു സമരകഥ : കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ഒരു പ്രസിദ്ധീകരണം, തിരുവനന്തപുരം, 1988
[എഴുതി തയ്യാറാക്കിയത് : ജോസ്.ജെ. കളീയ്ക്കൽ, തോമസ് കോച്ചേരി, ജോസ് പൊള്ളയിൽ ]
2) ഓറ മാസിക; ജനജാഗൃതി പ്രസ്, തിരുവല്ല. Vol 7 – 12,
3) കേരളത്തിലെ മത്സ്യത്തൊഴാളി പ്രസ്ഥാനം; സാമൂഹിക ശാസ്ത്രപരമായ വിശകലനം, ഡോ. മാത്യു ഏർത്തയിൽ. ഡി.സി ബുക്സ്, 2002

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read