ഭൂട്ടാൻ തെളിയിച്ചു പരിസ്ഥിതിയെ തകർക്കലല്ല വികസനം

ദക്ഷിണേന്ത്യയിലെ കമ്മ്യൂണിറ്റി അധിഷ്ഠിതവും പരിസ്ഥിതി ബോധമുള്ളതുമായ സംരംഭ മാതൃകകളിലും ഉപജീവന പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മേഖലകളിലെ ചെറുകിട ഉൽപ്പാദക ഗ്രൂപ്പുകളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടേയും ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പുതിയ ശ്രമമാണ് ‘നോൺ വയലന്റ് ഇക്കോണമി നെറ്റ്വർക്ക്’. 200 സംരംഭങ്ങളും, ഉൽപ്പാദന സംഘങ്ങളും, സാമൂഹിക പ്രവർത്തകരും, ചിന്തകരും, ഗാന്ധിയന്മാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സാംസ്‌കാരിക സംഘങ്ങളും ഒന്നിച്ച്, നോൺ വയലന്റ് ഇക്കോണമി നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 22 മുതൽ 26 വരെ മധുരയിലെ ഗാന്ധി മ്യൂസിയത്തിൽ ‘അഹിംസ ശാന്തി’ എന്ന പേരിൽ ഒരു മെഗാ ഫെയർ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഭൂട്ടാന്റെ മുൻ പ്രധാനമന്ത്രി ജിഗ്‌മെ തിൻലെ (Jigmi Thinley) നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷയാണിതോടൊപ്പം. ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള ദേശരാഷ്ട്രങ്ങളുടെ വളർച്ച മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തുമെന്നും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് മനുഷ്യരാശിയുടെ സന്തോഷവും സംതൃപ്തിയും കൈവരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ജി.ഡി.പിക്ക് (ആഭ്യന്തര മൊത്ത ഉൽപ്പനം) പകരം ഗ്രോസ് ഹാപ്പിനെസ്സ് ഇൻഡക്‌സ് (ജനങ്ങളുടെ മൊത്തം ജീവിത ആനന്ദ സൂചിക) നടപ്പാക്കിയ തന്റെ രാജ്യത്തിന്റെ അനുഭവങ്ങളും നേട്ടങ്ങളും അദ്ദേഹം ഈ പ്രഭാഷണത്തിൽ പങ്കുവയ്ക്കുന്നു:

മഹാമാന്ദ്യത്തിനു (Great Depression) ശേഷം ആരംഭിക്കുകയും രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്ത ആധുനിക സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് ജി.ഡി.പി (Gross Domestic Product -ആഭ്യന്തര മൊത്ത ഉൽപ്പന്നം) യാണെന്ന് നമുക്കറിയാം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ നേട്ടങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ട വിപണി, മനുഷ്യ സമൂഹം അതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഘടകമായി മാറുകയും ചെയ്തു. അതിനോട് അനുബന്ധിച്ചു മനുഷ്യന്റെ ശരിക്കുമുള്ള ആവശ്യത്തേക്കാൾ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവും ഉപഭോഗവും പലമടങ്ങ് കുതിച്ചുയർന്നുകൊണ്ടിരുന്നു. അങ്ങനെ ഒരുപാട് കോടീശ്വരന്മാരെ മാത്രമല്ല, ശതകോടീശ്വരൻമാരുടെ നീണ്ട പട്ടിക തന്നെ സൃഷ്ടിക്കാൻ നിരന്തരം വളരുന്ന ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞു. കൂടാതെ ദേശരാഷ്ട്രങ്ങളുടെ മാത്രമല്ല, മറ്റു ഭൗതികമായ അതിരുകളും സംസ്‌കാരങ്ങളുടെയും, യുക്തിയുടെയും സാമാന്യബോധത്തിന്റെയും എല്ലാ പ്രതിബന്ധങ്ങളെയും നിഷ്പ്രയാസം ഇല്ലാതാക്കി മുന്നേറാനും വിപണിയുടെ സംഘടിത ശക്തിക്കു കഴിഞ്ഞു. പക്ഷെ ആ വിപണി ഇന്ന് അതിന്റെ തന്നെ വിജയത്തിന്റെ ഇരയായി മാറിയിരിക്കുന്നു. വിപണിക്ക് അതിന്റെ പ്രസക്തി നഷ്ടപ്പെടുകയും, മനുഷ്യരാശിക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് അതിന്റെ വിജയം എന്ന് ലോകത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയും ചെയ്തിരിക്കുന്നു.

നോൺ വയലന്റ് ഇക്കോണമി നെറ്റ്വർക്ക് സംഘടിപ്പിച്ച പരിപാടിയിൽ ജിഗ്‌മെ തിൻലെ സംസാരിക്കുന്നു

ഈ വിപണി സമ്പദ് വ്യവസ്ഥയുടെ ചില പ്രത്യേകതകൾ നമുക്ക് നോക്കാം. ഒന്നാമതായി ഈ സാമ്പത്തിക മാതൃക മനുഷ്യന്റെ ക്ഷേമത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. രണ്ടാമതായി അത് പരിമിതമായ പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം സമ്പദ് വ്യവസ്ഥയുടെ ഉത്തരവാദിത്തമായി പരിഗണിക്കുന്നില്ല. മൂന്നാമതായി അത് ധാർമ്മികതയിലും മൂല്യങ്ങളിലും വിശ്വസിക്കുന്നില്ല. നാലാമതായി അത് സ്വയം സേവിക്കുന്ന (self serving) ഒന്നാണ്. അഞ്ച്, അത് സാമ്പത്തിക നേട്ടങ്ങളും നഷ്ടങ്ങളും പരിഗണിക്കുമ്പോൾ സാമൂഹികവും പാരിസ്ഥിതികവും ആയ പ്രത്യാഘാതങ്ങളെ അവഗണിക്കുന്നു; കൂടാതെ പരിമിതമായ ഒരു ലോകത്തിൽ അനന്തമായ വളർച്ചയ്ക്കായുള്ള അതിന്റെ പരിശ്രമം സുസ്ഥിരമല്ലാത്തതും നമ്മുടെ ഭൂമിയെത്തന്നെ തകർക്കുന്നതുമാണ്. ഇങ്ങനെ ഏഴു പതിറ്റാണ്ടിലേറെയായി ജി.ഡി.പിയുടെ നിയന്ത്രണത്തിൽ കഴിയുന്ന മനുഷ്യസമൂഹം സാമൂഹിക പാരിസ്ഥിതിക സാമ്പത്തികരംഗങ്ങളിൽ മാത്രമല്ല ആരോഗ്യവും രാഷ്ട്രീയവും അടങ്ങുന്ന സമസ്ത മേഖലകളിലും അതീവ സങ്കീർണ്ണമായ പ്രതിസന്ധികളുടെ അഭൂതപൂർവമായ വളർച്ചയിൽ വല്ലാതെ അസ്വസ്ഥമാണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അസമത്വം മനഃസാക്ഷിക്ക് നിരക്കാത്ത തലങ്ങളിലേക്ക് വഷളാകുന്നു, സമൂഹവും കുടുംബ ബന്ധങ്ങളും തകരുകയും ഒറ്റപ്പെടലുകൾ അനുഭവിക്കുകയും മനുഷ്യർ ഏകാന്തതയിൽ അകപ്പെടുകയും ചെയ്യുന്നു. മഹാമാരികൾ ഇന്ന് അപൂർവ സംഭവങ്ങളല്ല, ലോകാരോഗ്യ സംഘടനയുടെ 2017 ലെ കണക്കു പ്രകാരം മാനസികരോഗങ്ങൾ കാരണം ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം ആത്മഹത്യകൾ നടക്കുന്നു. വൻശക്തികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമാധാനവും സുരക്ഷിതത്വവും തകർക്കുന്നു. ജനാധിപത്യം തകരുന്നതും സ്വേച്ഛാധിപത്യം വളർന്നുവരുന്നതും നാം കാണുന്നു.

യുക്തിരഹിതവും വിനാശകരവും ആയി തീർന്ന ഉപഭോഗ തൃഷ്ണകളുടെ അനന്തരഫലമായി മനുഷ്യ ജീവിതത്തെ നിലനിർത്തുന്ന നമ്മുടെ ഗ്രഹത്തിന്റെ തന്നെ അന്തകരായി സ്വയം മാറുകയും അതിനകത്തെ ജൈവ സംവിധാനത്തെ അപ്പാടെ മനുഷ്യൻ ദുർബലപ്പെടുത്തുകയും ചെയ്തു. മനുഷ്യരുടെ ആർത്തി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും നമുക്ക് കാണാൻ കഴിയും. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അവയുടെ ജീവിത സാഹചര്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തിയിലും ആവൃത്തിയിലും തീവ്രതയിലും വർദ്ധനവ് ഉണ്ടായിരിക്കുന്നു. വഷളാകുന്ന ജലപ്രതിസന്ധികൾ രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, നഗരങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും യുദ്ധങ്ങളായി തന്നെ മാറിയേക്കാം; വിളനാശം, ക്ഷാമം, പട്ടിണി എന്നിവയുടെ തോതിലും സംഭവവികാസങ്ങളിലും വലിയ വർദ്ധനവുണ്ടായിരിക്കുന്നു; ഇതുകൂടാതെ പകർച്ചവ്യാധികൾ ഒഴിവാക്കാനാവാതെ വന്നിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന പാവപ്പെട്ടവരും ഗ്രാമീണരുമായവരാണ് ആദ്യം ഈ ദുരന്തങ്ങളുടെ ഇരകളാകുന്നത്. ദുർബലമായ ജീവിവർഗ്ഗങ്ങൾ അതിവേഗം വംശനാശത്തിലേക്ക് നടന്നു നീങ്ങുമ്പോൾ, മനുഷ്യരാശിയുടെ മരണമണി മുഴങ്ങുന്നതിന് അധികം സമയം ബാക്കിയില്ലെന്നു നാം അറിയുന്നതേയില്ല. അതുകൂടാതെ ഒരു ആണവ താപ ഭീഷണിയും നമുക്ക് ചുറ്റും മറ്റൊരു അന്ത്യത്തിനുള്ള വകയൊരുക്കി കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

നോൺ വയലന്റ് ഇക്കോണമി നെറ്റ്വർക്ക് സംഘടിപ്പിച്ച പരിപാടിയിൽ ജിഗ്‌മെ തിൻലെ

വഴിയിലെവിടെയോ വച്ച് മനുഷ്യർ എന്ന നിലയിലുള്ള ആവശ്യങ്ങൾ നമ്മൾ മറന്നു. അങ്ങനെ സന്തോഷത്തിനായുള്ള മനുഷ്യന്റെ സാർവത്രിക ആവശ്യത്തെ നിസ്സാരമായി കാണുകയും ലക്ഷ്യബോധവും ദിശാബോധവും നഷപ്പെട്ട സമൂഹമായി നമ്മൾ മാറുകയും ചെയ്തു. അനിവാര്യമായ ഭൗതിക ആവശ്യങ്ങൾക്കപ്പുറമുള്ള സുഖ സൗകര്യങ്ങളുടെയും മിഥ്യയുടെയും ഒടുങ്ങാത്ത ആർത്തി പൂർത്തീകരിക്കുന്നതിനിടയിൽ നമ്മുടെ അസ്വസ്ഥമായ മനസ്സിന്റെ ആവശ്യങ്ങളും വേദനകളും നമ്മൾ അവഗണിച്ചു. അങ്ങനെ ആധുനിക മനുഷ്യരുടെ ജീവിതം പ്രക്ഷുബ്ധമായ കടലിൽ ചുക്കാൻ ഇല്ലാത്ത കപ്പലിലെ ഒരു യാത്രയായി മാറിയിരിക്കുന്നു. എങ്ങനെയാണ് സമൂഹം ഇത്രയും അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നത്? ഒരു രാജ്യത്തിന്റെ വിപണി സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെത്തുക മാത്രമാണെന്ന് ജി ഡി പി എന്ന് അതിന്റെ സൈദ്ധാന്തികനായ സൈമൺ കുസ്നെറ്റ്സ് (Simon Kuznets) തന്നെ വ്യക്തമാക്കിയിരുന്നു. അപ്പോൾ മാനവ പുരോഗതിയുടെ അളവുകോലായി എന്തുകൊണ്ടാണ് ജി.ഡി.പിയെ നമ്മൾ പരിഗണിച്ചത് ?

നമ്മുടെ ആത്മാവിനെയും ശരീരത്തെയും രക്ഷിക്കാൻ വേണ്ടത് ചെയ്യാൻ നമ്മൾ ഇനിയും അമാന്തിക്കരുത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള സുരക്ഷിതവും സമാധാനപൂർണ്ണവും സുസ്ഥിരവുമായ ഒരു ജീവിതരീതി നാം പിന്തുടരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇതിനായി, നമ്മുടെ ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കുകയും പുതിയ വഴികൾ കണ്ടെത്തുകയും വേണം. അതിവേഗം പായുന്ന തീവണ്ടിയിൽ നിന്ന് നമുക്ക് നമ്മുടെ കർമ്മ പഥത്തിലേക്കു എടുത്തു ചാടുക തന്നെ വേണം. അങ്ങനെ ഒരു പുതിയ ജീവിതം സാധ്യമാവാൻ സമ്പത്തിനെക്കുറിച്ചും സമൃദ്ധിയെക്കുറിച്ചും ഇന്ന് നാം പിന്തുടരുന്ന ധാരണകളെ പുനർനിർവചിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യരായ നമുക്ക് ജീവിതത്തിൽ ആവശ്യമുള്ളതും നമ്മൾ നേടാൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ ശാരീരികവും മാനസികവുമായ നമ്മുടെ ക്ഷേമം കൈവരിക്കുന്നതിന് സഹായമാകുന്നുണ്ടോ എന്ന് മനുഷ്യർ അടിയന്തിരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഓരോ മനുഷ്യന്റെയും പ്രയത്‌നം കൂടുതൽ വ്യക്തിപരമായ വിജയം കൈവരിക്കാനും, കൂടുതൽ ഉപഭോഗം ചെയ്യാനും കൂടുതൽ മറ്റുള്ളവരുടെ അസൂയയ്ക്ക് പാത്രമാകാനുമുള്ളതുമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവർത്തികൾ ക്ഷണികമായ ആനന്ദവും സംതൃപ്തിയും മാത്രമാണോ നൽകുന്നത് അതോ നമുക്ക് ആവശ്യമുള്ള യാഥാർത്ഥ സന്തോഷവും സമാധാനവും അവ പ്രദാനം ചെയ്യുന്നുണ്ടോ എന്നും നാം ആലോചിക്കണം. സുസ്ഥിരമായ ജീവിത സാഹചര്യത്തിൽ സ്വാതന്ത്ര്യം, സുരക്ഷ, അന്തസ്സ് എന്നിവയെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിട്ടാണ് ജീവിത വിജയത്തെ കാണേണ്ടത്. ഓരോ വിജയവും സഹകരിക്കാനും പങ്കിടാനുമുള്ള നമ്മുടെ ഇച്ഛാശക്തിയും കഴിവും വർധിപ്പിക്കുന്നതും, അതുവഴി ബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിലും രാജ്യങ്ങൾക്കിടയിലും ഐക്യം കെട്ടിപ്പടുക്കാൻ ഉതകുന്നതും ഭാവിയെക്കുറിച്ചു പ്രതീക്ഷയും ആത്മവിശ്വാസവും വളർത്തുന്നതുമാവണം.

ഭൂട്ടാനിൽ ഞങ്ങൾ 1972 മുതൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. പ്രബലമായ വികസന മാതൃകകളിൽ അതൃപ്തി തോന്നിയപ്പോൾ, ആദരണീയനായ ഞങ്ങളുടെ നാലാമത്തെ രാജാവ് എന്ത് വിലകൊടുത്തും പരിധിയില്ലാത്ത സാമ്പത്തിക വളർച്ച എന്ന ആശയം നിരസിക്കാൻ തീരുമാനിച്ചു. ഉത്തരവാദിത്തപ്പെട്ട ആളുകളുമായി കൂടിയാലോചിച്ചപ്പോൾ, ഭൗതിക സുഖസൗകര്യങ്ങളിൽ പുരോഗതി ആവശ്യമായിരുന്നെങ്കിലും, തങ്ങൾ ദരിദ്രരാണെന്ന് തോന്നുന്നില്ലെന്ന യാഥാർഥ്യം അദ്ദേഹം കണ്ടെത്തി. ആത്മീയ പാരമ്പര്യം, സാംസ്‌കാരിക ചൈതന്യം, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവയുടെ സമ്പത്തിൽ ജനങ്ങൾ അഭിമാനിച്ചു. സമൃദ്ധവും മനോഹരവുമായ പ്രകൃതിയുമായുള്ള സഹവർത്തിത്വത്തിൽ അവരുടെ സുരക്ഷിതത്വ ബോധം വർധിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ സംതൃപ്തിയുടെ അസാധാരണമായ തലവും സന്തോഷത്തിനായുള്ള അതിയായ ആഗ്രഹവും അദ്ദേഹത്തെ ഏറെ അദ്ഭുദപ്പെടുത്തി.

കടപ്പാട്: tourmyindia.com

ജനങ്ങളുടെ ശാരീരിക ക്ഷേമവും ബൗദ്ധിക വളർച്ചയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ ഭൗതികവും ആത്മീയവുമായ അളവറ്റ സമ്പത്ത് പരിഗണിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരു വികസന പാത കണ്ടെത്താൻ ഞങ്ങളുടെ രാജാവ് തീരുമാനിച്ചു. മറ്റ് പല രാജ്യങ്ങളും സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നീങ്ങുമ്പോൾ പരിസ്ഥിതി നാശം, സാമൂഹിക അനീതി, സാംസ്‌കാരിക അപചയം, ആത്മീയ ദാരിദ്ര്യം എന്നിവ ഉയർന്ന തോതിൽ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ, തന്റെ ജനങ്ങൾക്കുവേണ്ടി കൊണ്ടുവരുന്ന മാറ്റം സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഭൂട്ടാന്റെ വികസന തത്വശാസ്ത്രമായ ഗ്രോസ് നാഷണൽ ഹാപ്പിനസ് (GNH), എന്ന ആശയം ഉടലെടുക്കാനും നടപ്പിലാക്കാനും കാരണമായ ആഴത്തിലുള്ള ഒരു ചിന്താപദ്ധതി അങ്ങനെ ഉദയം കൊണ്ടു .

സാമ്പത്തിക വളർച്ച, സാംസ്‌കാരിക വൈവിധ്യം, പരിസ്ഥിതി സംരക്ഷണം, സദ്ഭരണം എന്നീ നാല് മേഖലകളിൽ ഊന്നിയായിരുന്നു ഭൂട്ടാന്റെ സമഗ്രവും സുസ്ഥിരവുമായ ജിഎൻഎച്ച് മാതൃക രൂപപ്പെടുത്തിയെടുത്തത്. പിന്നീട് ഒമ്പത് വ്യത്യസ്ത മേഖലകൾ കൂട്ടിയിണക്കി രൂപം നൽകിയ പദ്ധതിയിൽ 33 സൂചകങ്ങളുള്ള (index) കൂടുതൽ സമഗ്രമായ ഘടനയിലേക്കു അത് വിപുലീകരിക്കുകയായിരുന്നു. പരസ്പരാശ്രിതത്വത്തിലൂടെയും സഹകരണത്തിലൂടെയും സമ്പന്നമാകുന്ന രീതിയാണ് ഭൂട്ടാന്റെ സന്തോഷത്തിന്റെ വികസനത്തിൽ (development of happiness) പങ്കുചേരാൻ അതിന്റെ പൗരന്മാർക്ക് വഴികാട്ടിയാകുന്നതും അതിനുള്ള സാഹചര്യങ്ങൾ പ്രാപ്തമാക്കുന്നതിലെ പുരോഗതിയുടെ അളവുകോൽ രൂപപ്പെടുത്തുന്നതും. ഈ അളവുകോലാണ് വിഭവങ്ങളുടെ വിതരണത്തിന്റെ അടിസ്ഥാനവും നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനുള്ള മാനദണ്ഡവും. ഈ സൂചിക മനസ്സിലാക്കിയാണ് അതാത് കാലത്തെ സർക്കാർ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കേണ്ടതും അതിനു സർക്കാരിനെ പര്യാപ്തമാക്കേണ്ടതും.

ഞാൻ നേരത്തെ സൂചിപ്പിച്ച ഒൻപതു മേഖലകൾ ഇവയാണ്. ഒന്ന് ജീവിത നിലവാരം (Living Standard). ഇതാണ് ജനസംഖ്യയുടെ അടിസ്ഥാന സാമ്പത്തിക അവസ്ഥയെ സൂചിപ്പിക്കുന്ന ഘടകം. ചിലവു ചെയ്യാവുന്ന വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് വിവിധ ജന വിഭാഗങ്ങൾ അനുഭവിക്കുന്ന ഭൗതിക സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അളവ് നിർണ്ണയിക്കുകയും സാമ്പത്തിക അസമത്വത്തിന്റെ തോത് രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭക്ഷ്യസുരക്ഷ, തൊഴിൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നത്.

രണ്ടാമത്തെ മേഖല ആരോഗ്യ നിലയാണ് (Health Status) ജനങ്ങളുടെ ശാരീരിക ആരോഗ്യ നില അളക്കൽ ആണ് ലക്ഷ്യം. ആയുർദൈർഘ്യം, മരണനിരക്ക്, രോഗാതുരതാ നിരക്ക് എന്നിവയ്ക്ക് പുറമേ, വ്യക്തിഗതമായി റിപ്പോർട്ട് ചെയ്യുന്ന ആരോഗ്യ നിലയും അനാരോഗ്യ ലക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. നല്ല/മികച്ച ആരോഗ്യം റിപ്പോർട്ടുചെയ്യുന്ന സ്റ്റാറ്റസ് ഇൻഡിക്കേറ്റർ വ്യക്തിനിഷ്ഠമാണെങ്കിലും, മൊത്തം സമൂഹത്തിന്റെ രോഗബാധയുടെയും മരണനിരക്കിന്റെയും വിശ്വസനീയമായ തെളിവാണത്. ജി.എൻ.ച്ച് സ്റ്റാറ്റസ് ഇൻഡിക്കേറ്ററുകളുടെ മറ്റ് ഘടകങ്ങളിൽ വ്യകിതികളുടെ ശാരീരിക പ്രവർത്തനത്തിന്റെ ആരോഗ്യകരമായ നിലകൾ, ആരോഗ്യകരമായ ശരീര ഭാരം എന്നിവ ഉൾപ്പെടുന്നു.

മൂന്നാമത്തേത് വിദ്യാഭ്യാസ നിലവാരവും അതിന്റെ പ്രസക്തിയും (Educational standard and relevance) ആണ്. പങ്കാളിത്തം, കഴിവുകൾ, വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പിന്തുണ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗ് ഇതിനായി പരിഗണിക്കുന്നു. ഔപചാരിക വിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം, ആത്മീയ വിദ്യാഭ്യാസം, വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന ദേശീയ, സാമൂഹ്യ, കുടുംബ വിഭവങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളും ഇതിനായി പരിശോധിക്കപ്പെടുന്നു. മറ്റ് പരിഗണനാ വിഷയങ്ങളായി വരുന്നത് കുറഞ്ഞത് അഞ്ച് പ്രധാന മേഖലകളിൽ ഉള്ള കഴിവുകളും അറിവും കൂടാതെ കുടുംബം, നാഗരികത, സംസ്‌ക്കാരം എന്നിവയെക്കുറിച്ചുള്ള അവബോധവുമാണ്.‍

പാരിസ്ഥിതിക വൈവിധ്യവും പ്രതിരോധശേഷിയും (Ecological diversity and resilience) ആണ് നാലാമത്തെ പ്രധാന പരിഗണനാ വിഷയം. പ്രകൃതി വിഭവങ്ങളുടെ അവസ്ഥ, ആവാസ വ്യവസ്ഥകൾ നേരിടുന്ന സമ്മർദ്ദം, വ്യത്യസ്ത മാനേജ്‌മെന്റ് രീതികൾ എന്നിവ ഇതിനായി വിലയിരുത്തുന്നു. ഈ മണ്ഡലം ഭൂട്ടാന്റെ ആഭ്യന്തര വിഭവ വിതരണവും ആവശ്യ നിരക്കും (ഡിമാൻഡ്) ഇവ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തുന്നു. അതിലൂടെ വിഭവ വിതരണത്തെ സംബന്ധിച്ച സർവേകൾ ഭൂമി, ജലം, വനം, വായു, ജൈവവൈവിധ്യം എന്നിവയുടെ വർത്തമാനകാല സ്ഥിതി അവലോകനം ചെയ്യുന്നു. ഉപഭോഗത്തിന്റെ കാര്യങ്ങൾ മാത്രമല്ല ഉൽപ്പാദനം, അതുണ്ടാക്കുന്ന മാലിന്യം, ഗതാഗതം, ഊർജ്ജ വിനിയോഗം, പാരിസ്ഥിതിക പാദമുദ്ര (ഓരോ പ്രദേശത്തിന്റേയും രാജ്യത്തിന്റേയും ലോകത്തിന്റേയും സാമ്പത്തിക പ്രക്രിയക്കും ജീവിതരീതിക്കും ആവശ്യമായ വിഭവങ്ങളും ഊർജവും പ്രദാനം ചെയ്യാൻ വേണ്ടി വരുന്ന മിനിമം ഭൂമിയുടെ ആളോഹരി കണക്കാണ് ‘പാരിസ്ഥിതിക പാദമുദ്ര’, ecological footprint എന്നു വിളിക്കുന്നത്) തുടങ്ങിയ സൂചകങ്ങളും വിശകലനം ചെയ്യുന്നു. ഭൂട്ടാൻ അതിന്റെ പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം ലക്ഷ്യം വെക്കുന്നതുകൊണ്ട്, രാഷ്ട്രത്തിന്റെ പദവി സൂചകങ്ങളിൽ ഭൂട്ടാനിലെ സമുദായങ്ങളിലെ സുസ്ഥിര പ്രകൃതി വിഭവ ഉപയോഗ രീതികൾ സംബന്ധിച്ച റിപ്പോർട്ട് ഗൗരവത്തോടെ പരിഗണിക്കുന്നു. പ്രാദേശിക തലത്തിൽ സുസ്ഥിര വിഭവ ഉപയോഗത്തിന്റെ തോത് കണക്കാക്കുന്നത്, പുനരുപയോഗിക്കാവുന്ന വിഭവ ഉപയോഗത്തെ സംബന്ധിച്ച നയങ്ങളുടെ ഫലപ്രാപ്തി രേഖപ്പെടുത്തുന്നതിന് സഹായിക്കുന്നു. ആഗോളതാപനത്തിന്റെ ആഘാതവും അതിന്റെ ഭീഷണികളും അളക്കുന്നതിനും ഇത് ഞങ്ങളെ സഹായിക്കുന്നു.

സാംസ്‌കാരിക വൈവിധ്യവും പ്രതിരോധശേഷിയുമാണ് (Cultural Diversity and Resilience) അഞ്ചാമത്തെ വിഷയം. ഭൂട്ടാനിലെ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യവും ശക്തിയും പരിഗണിച്ചാണ് ഇത് വിശകലനവിധേയമാക്കുന്നത്. ഇക്കാര്യം വിലയിരുത്താൻ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളുടെ സ്വഭാവവും എണ്ണവും, ഭാഷാ പ്രയോഗ രീതികളും അതിന്റെ വൈവിധ്യവും, അതുപോലെ സമൂഹാധിഷ്ഠിതവും മതപരവുമായ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കണക്കിലെടുക്കുന്നു. അതുപോലെ സമൂഹത്തിലെ അടിസ്ഥാന മൂല്യങ്ങൾ, പ്രാദേശിക ആചാരങ്ങൾ, പാരമ്പര്യങ്ങൾ, മൂല്യങ്ങളിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും സർവേകൾ അവലോകനം ചെയ്യുന്നു. അങ്ങനെ, ഒരു നിശ്ചിത എണ്ണം പരമ്പരാഗത രീതികൾ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യം, അത് എത്രത്തോളം പരിശീലിക്കുന്നു തുടങ്ങിയ സുപ്രധാന വിവരങ്ങളും നമ്മുടെ രാഷ്ട്രത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പിനായി പരിഗണിക്കപ്പെടുന്നു.

ആറാമത്തെ പരിഗണനാ വിഷയം സമുദായ ഓജസ്സാണ് (Community Vitality). മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെയും സമുദായങ്ങൾക്കുള്ളിലെ അംഗങ്ങളുടെ ഇടപെടലുകളുടെയും ശക്തിയിലും ബലഹീനതകളിലും ആണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പദവി സൂചകങ്ങളിൽ, ആളുകളിൽ ഉള്ള പരസ്പര വിശ്വാസം, സമുദായത്തിൽ നിലനിൽക്കുന്ന ഉയർന്ന തലത്തിലുള്ള പരസ്പരാശ്രിതത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ, സന്നദ്ധ പ്രവർത്തനങ്ങൾ, വ്യക്തിക്ക് സ്വന്തം വീടിനകത്തും സമൂഹത്തിലൂം ലഭിക്കുന്ന സുരക്ഷിതത്വം തുടങ്ങിയവ ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി ജീവിതത്തിലെ മാറ്റങ്ങൾ മനസിലാക്കാനും കൂടാതെ സാമൂഹ്യ ജീവിതം ദുർബലമാകുന്നത് തടയാനും സാമൂഹിക മൂലധനം (social capital) ശക്തിപ്പെടുത്താനും അതിനുവേണ്ട ഉചിതവും സമയബന്ധിതവുമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും ഭൂട്ടാനിലെ നയരൂപീകരണ ഏജൻസികളെ ഇത് പ്രാപ്തരാക്കുന്നു. ഇക്കാര്യത്തിൽ, സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ സുരക്ഷാ വലയങ്ങളുടെ ഏറ്റവും സുസ്ഥിരവും ശക്തവുമായ രൂപമെന്ന നിലയിൽ കുടുംബ ബന്ധങ്ങളെ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക മൂലധനമായി ഭൂട്ടാനിൽ കണക്കാക്കപ്പെടുന്നു.

ഏഴാമത്തെ വിഷയം സമയ ഉപയോഗം (Time Use) ആണ്. ഒരു ദിവസത്തെ 24 മണിക്കൂറും അതിനുമപ്പുറമുള്ള ദീർഘകാല സമയവും വ്യക്തികൾ ചെലവഴിക്കുന്ന രീതിയും അതിനോടനുബന്ധിച്ചുള്ള മനുഷ്യ പ്രവർത്തനങ്ങളും ഇതിനായി വിശകലനം ചെയ്യപ്പെടുന്നു. ജനങ്ങൾ അവരുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, മനുഷ്യ മൂലധനം എങ്ങനെ ചെലവഴിക്കുന്നുവെന്ന് നിർണ്ണയിക്കാൻ ഈ കണക്ക് സഹായിക്കുന്നു. അതിൽ നിന്ന് ജോലി, യാത്ര, ഭക്ഷണം തയ്യാറാക്കൽ, വീട്ടുജോലികൾ മുതലായവയ്ക്ക് ചെലവഴിക്കുന്ന സമയം കണക്കാക്കുന്നു. ജീവിതത്തിന്റെ ആരോഗ്യകരമായ വേഗത (satisfactory pace of life), സമുദായ-സാമൂഹിക- കുടുംബ പ്രവർത്തനങ്ങളിൽ ചെലവഴിച്ച സമയം എന്നിവ ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നു. സമയ ഉപയോഗത്തെക്കുറിച്ചു അറിയുന്നത് ഒഴിവുസമയത്തിന്റെ മൂല്യം (value of leisure time) തിരിച്ചറിയുക എന്നതിനുകൂടി വേണ്ടിയാണ്.

മാനസിക ക്ഷേമം (Psychological Well being) ആണ് എട്ടാമത്തെ ഘടകം. ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ സംതൃപ്തി, മനസ്സിന്റെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് ഇത് മനസിലാക്കുന്നത്. ജി.എൻ.എച്ച് സമൂഹത്തിന് മനുഷ്യരുടെ സന്തോഷമാണ് പ്രധാന ലക്ഷ്യം എന്നതിനാൽ, ഉചിതമായ നയങ്ങളും സേവനങ്ങളും നൽകുന്നതിൽ രാഷ്ട്രത്തിന്റെ വിജയം അളക്കുന്നതിന് മാനസിക ക്ഷേമത്തിന് പ്രാഥമിക പരിഗണനയാണുള്ളത്. വ്യക്തികളുടെ മാനസിക ക്ഷേമം സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ജീവിത സാഹചര്യങ്ങളുടെ ഫലമായതിനാൽ, ഇത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ സൂചകം കൂടിയാണ്. വികസനത്തോടുള്ള സമഗ്രമായ സമീപനം മനുഷ്യരുടെ നിത്യ ജീവിതത്തിലെ അനുഭവങ്ങളും മാനസിക ക്ഷേമനിലയും പരിഗണിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര താരതമ്യത്തിനായുള്ള മാനദണ്ഡനങ്ങൾ ഉണ്ടാക്കുന്നതിനായി പത്ത്-പോയിന്റ് സ്‌കെയിൽ അടിസ്ഥാനമാക്കി വ്യക്തികൾ സ്വയം നൽകുന്ന റിപ്പോർട്ട് വിശകലനം ചെയ്തുണ്ടാക്കുന്ന സന്തോഷ സ്‌കോർ (happiness score), പൗരന്മാരുടെ മാനസിക ക്ഷേമം (psychological well being) വിലയിരുത്തുന്നതിനുള്ള പ്രാഥമിക മാർഗങ്ങളിലൊന്നാണ്.

ഒൻപതാമത്തെ ഘടകം ഭരണ നിർവ്വഹണ ഗുണനിലവാരം (Governance Quality) ആണ് . അഞ്ച് പ്രധാന കാര്യങ്ങൾ ഇതിനായി വിലയിരുത്തുന്നു. നയപരമായ തീരുമാനമെടുക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം, സർക്കാരിന്റെ ക്രിയാത്മകത, വിവേചന രഹിതവും തുല്യവുമായ നീതിയും നിയമവും, മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഗുണനിലവാരവും, കൂടാതെ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത അല്ലെങ്കിൽ അഴിമതി എന്നിവ ഇതിൽ പരിഗണിക്കപ്പെടുന്നു. പ്രാദേശിക സർക്കാർ സംവിധാനങ്ങളിൽ ജനകീയ പങ്കാളിത്തം, ഗവൺമെന്റിന്റെ വിവിധ തലങ്ങളിലെ മികച്ച പ്രകടനം, നേതാക്കളിലും മാധ്യമങ്ങളിലും ഉള്ള വിശ്വാസം എന്നിവ ഇവിടെ പരിഗണിക്കുന്ന പ്രസക്തമായ പദവി സൂചകങ്ങളുടെ ഉദാഹരണമാണ്.

ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് വിശാലമായ പ്രസക്തി (broader relevance of GNH) എന്ന വിഷയത്തിൽ, പരസ്പരാശ്രിതത്വത്തിന് ഊന്നൽ നൽകി ക്ഷേമത്തിനും സന്തോഷത്തിനുമായുള്ള ഒരു പുതിയ സാമ്പത്തിക മാതൃക നിർവചിക്കുന്നതിന് ഭൂട്ടാൻ യു എന്നിൽ ഒരു ഉന്നതതല യോഗം വിളിച്ചുകൂട്ടിയതായി നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും. മനുഷ്യന്റെ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ജനറൽ അസംബ്ലിയിൽ സമർപ്പിക്കാൻ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടതിനും സന്തോഷത്തെക്കുറിച്ചുള്ള യുഎൻ പ്രമേയം ഞങ്ങൾ വിജയകരമായി സ്‌പോൺസർ ചെയ്തതിനും തൊട്ടുപിന്നാലെയായിരുന്നു ഇത്. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള വ്യക്തികളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ, ആ വർഷം ഞാൻ സീനിയർ എഡിറ്ററായ വാർഷിക യുഎൻ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കാൻ ഈ മീറ്റിംഗ് പ്രചോദനമായി. തുടർന്ന്, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരും നവലോക ചിന്തകരും അടങ്ങുന്ന അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു വർക്കിംഗ് ഗ്രൂപ്പും ഞാൻ രൂപീകരിച്ചു. റിയോ ഭൗമ ഉച്ചകോടിക്ക് മുന്നോടിയായി ഞങ്ങൾ യുഎൻ സെക്രട്ടറി ജനറലിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. അങ്ങനെ ഞങ്ങളുടെ രാജ്യം രൂപകൽപ്പന നൽകിയ ഒൻപത് മേഖലകളിലായി ഉൾപ്പെടുത്തിയ ജി.എൻ.എച്ചിന്റെ 33 സൂചകങ്ങൾ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG’s) രൂപീകരണത്തിന് ഭൂട്ടാൻ നൽകിയ എളിയ സംഭാവനകളായി മാറുകയായിരുന്നു.

മുൻ യുഎൻ സെക്രട്ടറി ജനറലിനൊപ്പം ബാൻ കി മൂണിനോപ്പം ജിഗ്‌മെ തിൻലെ. കടപ്പാട്: huffpost.com

2009-ലെ കോപ്പൻഹേഗൻ ഉച്ചകോടിയിൽ (COP 15) ഭൂട്ടാൻ എന്നേക്കും കാർബൺ ന്യൂട്രൽ ആയി തുടരുമെന്ന് അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ പ്രഖ്യാപിച്ച കാര്യം നിങ്ങളുമായി പങ്കിടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പരസ്പരാശ്രിതത്വത്തിന്റെ അനിവാര്യത, പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നതു എന്ന യാഥാർഥ്യം, പൊതുവായ ഒരു ജീവിത വ്യവസ്ഥയ്ക്കകത്തു ആഗോള മനുഷ്യ സമൂഹം ഒന്നടങ്കം കണ്ണിചേർക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പ്രചരിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും ഭൂട്ടാൻ എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് ഈ അവസരത്തിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പ്രയത്നം വെറുതെയായില്ലെന്ന് വിശ്വസിക്കുന്നു. യു.എൻ, യൂറോപ്യൻ യൂണിയൻ, മറ്റു പല രാജ്യങ്ങളും ബിസിനസ് സ്ഥാപനങ്ങൾപോലും ഭൂട്ടാന്റെ ജി.എൻ.എച്ച് സൂചികയുടെ വിവിധ ഘടകങ്ങൾ അവരുടെ നയങ്ങളിലും വിലയിരുത്തൽ സംവിധാനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ സന്തോഷം തരുന്നു.

യുഎൻ സെക്രട്ടറി ജനറൽ, തന്റെ 2013-ലെ ‘സന്തോഷം: വികസനത്തിലേക്കുള്ള സമഗ്ര സമീപനത്തിലേക്ക്’ (‘Happiness: towards a holistic approach to development’) എന്ന റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ‘നമ്മുടെ പുതിയ ലക്ഷ്യം മനുഷ്യന്റെ ക്ഷേമത്തിന് ഊന്നൽ നൽകുന്നതും പല രാജ്യങ്ങളും The Organization for Economic Co-operation and Development (OEED)യും അവതരിപ്പിച്ചതുപോലെ, വ്യക്തികളുടെ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും സർവേകൾ നടത്തുകയും സാമ്പത്തിക വരുമാനം എന്ന ഏകലക്ഷ്യത്തിൽ പ്രവർത്തനങ്ങൾ ഒതുങ്ങാത്തതും ആയിരിക്കണം.’ (യുഎൻ ജനറൽ അസംബ്ലി, 2013, പേ. 15.)

ജി.എൻ.എച്ച് സ്വീകരിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ ഭൂട്ടാനികൾ ഇപ്പോൾ സന്തോഷമുള്ളവരാണോ എന്ന് ഉറപ്പില്ല. എന്നിരുന്നാലും, ഭൂട്ടാനീസ് ജനത രാജ്യം പിന്തുടരുന്ന ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള പുരോഗമന പ്രവർത്തനങ്ങളിൽ സന്തുഷ്ടരാണെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് (Helliwell, Layard, & Sachs, 2012). ഭൂട്ടാന്റെ എല്ലാ വികസന പ്രവർത്തനങ്ങളും ജി.എൻ.എച്ചിന്റെ നാല് സുപ്രധാന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ കേന്ദ്രീകരിച്ചാണ്. ആധുനികതയെ പാരമ്പര്യവുമായും ഭൗതികതയെ ആത്മീയതയുമായും കൂട്ടിയിണക്കിക്കൊണ്ടു സുസ്ഥിരതയുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടു ജാഗ്രതയോടെയുള്ള വളർച്ച കൈവരിക്കാനും ഇതുവരെ ഭൂട്ടാന് കഴിഞ്ഞു. ഭൂട്ടാന്റെ വളരെ കരുതലോടെയുള്ള വികസന പ്രക്രിയയിലൂടെ പോലും, 1972-ൽ യുഎന്നിൽ ചേരുമ്പോൾ ഏറ്റവും ദരിദ്രരെന്ന ദുഷ്പേരിൽ നിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമായി ഭൂട്ടാന് ഉയരാൻ കഴിഞ്ഞു. 2017 ൽ ദാരിദ്ര്യം 8.2% ആയും, ബഹുമുഖ ദാരിദ്ര്യം(multidimensional poverty) 5.8% ആയും കുറഞ്ഞു. ഭൂട്ടാന്റെ പാരിസ്ഥിതി ആരോഗ്യകരവും പ്രതിരോധശേഷിയുള്ളതുമാണ്. ഭൂട്ടാന്റെ ഭൂപ്രദേശത്തിന്റെ 51%-ത്തിലധികം സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ, നമ്മുടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനായി വന വിസ്തൃതി 64% ൽ നിന്ന് 72% ആയി വർധിപ്പിക്കാൻ കഴിഞ്ഞു. വികസനം എന്നത് പാരിസ്ഥിതിക തകർച്ചയുടെ കൈവരിക്കേണ്ടതല്ലെന്നു ഞങ്ങളുടെ രാജ്യത്തിന് തെളിയിക്കാൻ കഴിഞ്ഞു.

ക്ഷമയോടെ എന്റെ വാക്കുകൾ കേട്ട നിങ്ങള്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പരിഭാഷ: എ.കെ ഷിബുരാജ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 26, 2022 3:17 pm