ശത്രുരാജ്യത്തെ പോലെ കർഷകരെ നേരിടുന്ന സർക്കാർ

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേരാനായി രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 46 പേർ കേരളത്തിൽ നിന്നും പോയിരുന്നു. കേരള എക്സ്പ്രസിൽ ഡൽഹിയിലേക്ക് പോയ 13 പേരുടെ സംഘത്തെ ഭോപ്പാലിൽ വച്ച് പൊലീസ് ബലമായി പിടിച്ചിറക്കുകയും രണ്ട് ദിവസം അവിടെ താമസിപ്പിച്ച ശേഷം തിരിച്ചയയ്ക്കുകയും ചെയ്തു. മാത്രമല്ല, രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നിന്നും പോയ 80 ഓളം പേരെയും 34 തമിഴ്നാട് സ്വദേശികളെയും ഇതുപോലെ ബലം പ്രയോ​ഗിച്ച് തിരിച്ചയച്ചു. കേരളത്തിൽ നിന്നും ഞങ്ങൾ 17 പേർ മം​ഗള എക്സ്പ്രസിൽ ഡൽഹിയിലേക്ക് പോവുകയുണ്ടായി. ഞങ്ങൾക്ക് ഡൽഹിയിൽ എത്തിച്ചേരാൻ കഴിഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന കൺവീനറായ കോട്ടയം സ്വദേശി റോജർ സെബാസ്റ്റ്യനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്ന് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. ഇപ്പോൾ സമരം നടക്കുന്ന ശംഭു അതിർത്തിയിലേക്ക് എത്താൻ ഞങ്ങളുടെ സംഘത്തിന് കഴിഞ്ഞില്ല. എന്നാൽ ദേശീയ കോ-ഓർഡിനേറ്റർ ബിജു കെ.വിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സംഘം അവിടെ മുമ്പ് എത്തിയിരുന്നു.

ഡ‍ൽഹിയിലെ രണ്ടാം കർഷക സമരത്തിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവർത്തകർ.

ഒരു വർഷം നീണ്ടുനിന്ന ഡൽഹി പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് മുമ്പ് നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിന് മുന്നിൽ 12 ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഒരു കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ആ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ എല്ലാ കാർഷികോത്പന്നങ്ങൾക്കും മിനിമം താങ്ങുവില അതാത് കാലത്തെ കാർഷിക ചെലവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കും എന്നതായിരുന്നു. സി 2 പ്ലസ് 50 എന്ന എം.എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പറഞ്ഞ ഫോർമുല അതിനായി സ്വീകരിക്കും എന്ന് പറഞ്ഞിരുന്നത്. അത് നിയമപരമാക്കി മാറ്റും എന്നതാണ് സർക്കാർ നൽകിയ ഉറപ്പ്. അതായത് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കും. കൂടാതെ, കേന്ദ്ര സർക്കാർ കഴിഞ്ഞ കാലങ്ങളിൽ ഏർപ്പെട്ട കർഷക വിരുദ്ധമായ 16 കരാറുകളിൽ നിന്നും പിന്മാറുമെന്നും പുതിയ കരാറുകളിൽ ഏർപ്പെടില്ലെന്നും സമ്മതിച്ചിരുന്നു. ആർ.സി.ഇ.പി കരാറിൽ നിന്നും പ്രതിഷേധം കാരണം സർക്കാർ പിൻവാങ്ങിയതാണ്. അതുപോല മറ്റ് കരാറുകളിൽ നിന്നും പിൻവാങ്ങണം. ആർ.സി.ഇ.പി കരാർ ഒപ്പിട്ടിരുന്നെങ്കിൽ പാലിന് വില കുറഞ്ഞ് ക്ഷീരമേഖല തകർന്നുപോകുമായിരുന്നു. അത് ഒഴിവായെങ്കിലും കർഷകർക്ക് ദ്രോഹമായി മാറുന്ന പുതിയ ഏഴ് കരാറുകളിൽ ചർച്ച നടക്കുന്നുണ്ട്. ലംഖിപൂർ ഖേരി കൊലപാതകത്തിൽ ഉൾപ്പെട്ട മന്ത്രി പുത്രനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കരാറിൽ പറഞ്ഞിരുന്നു. കരാറിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്നുപോലും നടപ്പാക്കാത്തതുകൊണ്ടാണ് രണ്ടാം കർഷക സമരം ആരംഭിക്കുന്നത്.

പൊലീസ് ട്രക്ക് തടഞ്ഞതിനെ തുടർന്ന് ശംഭു അതിർത്തിയിൽ കാത്തിരിക്കുന്ന കർഷകർ. ഫോട്ടോ:indiatoday

രണ്ടാം കർഷക സമരം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് എന്നൊരു ആരോപണം ഇപ്പോൾ ഉയരുന്നുണ്ട്. അത് തീർത്തും തെറ്റാണ്. ഇലക്ഷനെ മുന്നിൽ കണ്ടല്ല ‍ഞങ്ങൾ സമരത്തിലേക്ക് നീങ്ങിയത്. സമരം പ്രഖ്യാപിച്ച് ഒരു വർഷം നീണ്ട പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങിയത്. സമരത്തിന് മുന്നോടിയായി 27 കിസാൻ മഹാപഞ്ചായത്തുകൾ ‍ഞങ്ങൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടത്തുകയുണ്ടായി. കേരളത്തിലെ മഹാപഞ്ചായത്ത് പാലക്കാട് വച്ചാണ് നടന്നത്. അത്തരത്തിൽ സമരത്തിന്റെ കാരണങ്ങൾ ജനങ്ങളുമായി സംസാരിച്ച ശേഷമാണ് വലിയ സമരത്തിലേക്ക് തിരിയുന്നത്. മാത്രമല്ല, സർക്കാർ കരാർ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു. 21 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവകാശ പത്രിക സർക്കാരിന് സമർപ്പിച്ച ശേഷമാണ് കഴിഞ്ഞ ഒരു വർഷമായി നീണ്ടുനിന്ന ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ രാജ്യത്തെമ്പാടും നടത്തിയത്. അങ്ങനെ വളരെ മുന്നേ തീരുമാനിച്ച സമരമാണ് ഇപ്പോൾ ഡൽഹിയിലേക്ക് എത്തിയിരിക്കുന്നത്.

അവകാശ പത്രിക സമർപ്പിച്ചപ്പോൾ കർഷകർ ഉന്നയിച്ച ആവശ്യം പരി​ഗണിക്കുന്നതിനല്ല സർക്കാർ ശ്രമിച്ചത്. പകരം സമരം എങ്ങനെയെങ്കിലും തടയുക എന്നതിനാണ് സർക്കാർ കൂടുതൽ സമയവും ശേഷിയും ഉപയോ​ഗിച്ചത്. സമരം ഡൽഹിയിലേക്ക് എത്തുന്നത് തടയാൻ വേണ്ടി ഹൈവേയിൽ ട്രെഞ്ച് കുഴിക്കുകയും ബാരിക്കേഡുകൾ വച്ച് മതിലുകൾ തീർക്കുകയും റോഡുകളിൽ ഇരുമ്പാണികൾ നിരത്തുകയും ഒക്കെയാണ് ചെയ്തത്. ശത്രുരാജ്യത്തോട് സൈന്യം പെരുമാറുന്ന പോലെയാണ് ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകരോട് പൊലീസ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യയുടെ പ്രത്യേകത എന്നത് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും മാന്യമായ പരി​ഗണന നൽകുന്ന ഭരണഘടനയാണ് നമ്മുടേത് എന്നതാണ്. ക്യാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതാവിന് സംസ്ഥാനങ്ങളിലും പാർലമെന്റിലും പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. അതുപോലെ തന്നെ ന്യായമായ എല്ലാവിധ സമരങ്ങൾക്കും നിയമപരമായ പരിരക്ഷയുള്ള രാജ്യമാണിത്. അവിടെയാണ് സമരം നടത്താൻ കർഷകരെ അനുവദിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഈവിധം ശ്രമിക്കുന്നത്. സമരം തുടങ്ങിയ ദിവസം ഡ്രോൺ ഉപയോ​ഗിച്ച് കർഷകർക്ക് മേൽ കണ്ണീർവാതക പ്രയോ​ഗം നടത്താനാണ് സർക്കാർ മുന്നിട്ടറങ്ങിയത്. സമരം ചെയ്യാൻ അവകാശമുള്ള രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണത്. നിയമപ്രകാരം നോട്ടീസ് നൽകിയ ശേഷമാണ് കർഷകർ സമരത്തിലേക്ക് വരുന്നത്. എന്നിട്ടും സമരത്തെ തടയാൻ ഹീനമായ മാർ​ഗങ്ങളാണ് കേന്ദ്ര സർക്കാർ പ്രയോ​ഗിക്കുന്നത്.

ശംഭു അതിർത്തിയിൽ മുദ്രാവാക്യം വിളിക്കുന്ന കർഷകർ. ഫോട്ടോ:ht

ഇതിനെയെല്ലാം നേരിട്ടുകൊണ്ട് എഴുപതിനായിരത്തോളം വരുന്ന കർഷകർ ഡൽഹിയുടെ അതിർത്തിയിൽ മൂന്ന് ഹൈവേകളിലായി തമ്പടിച്ചിട്ടുണ്ട്. അവർ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും അനുകൂലമായ തീരുമാനമുണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെടുകയായിരുന്നു. ഇനിയും കമ്മീഷനുകളെ വയ്ക്കാം, വിഷയം പഠിക്കാം എന്നെല്ലാമാണ് സർക്കാർ പറയുന്നത്. കഴി‍ഞ്ഞ തവണ ഒരു കമ്മീഷനെ വച്ചിരുന്നതാണ്. 25 അം​ഗ കമ്മീഷനിൽ നാലോ അഞ്ചോ കർഷക പ്രതിനിധികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സർക്കാരിന്റെ ആളുകളായിരുന്നു. അതുകൊണ്ട് ഇനിയും കമ്മീഷന്റെയോ മന്ത്രിസഭാ ഉപസമിതിയുടെയോ ആവശ്യം ഞങ്ങൾക്കില്ല. ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളിൽ അടിയന്തിര നടപടിയാണ് വേണ്ടത്. പാർലമെന്റിൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ മിനിമം താങ്ങുവിലയുടെ കാര്യം സർക്കാർ ഒരു ഓർഡിനൻസ് ആയി ഇറക്കണം. ചർച്ചയല്ല, നടപടികളാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

സമരം ചെയ്ത കർഷകർക്കെതിരെ നിരവധി കള്ളക്കേസുകൾ സർക്കാർ എടുത്തിട്ടുണ്ട്. അത് കേരളത്തിലുമുണ്ട്. കേരളത്തിലെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങളായ കിസാൻസഭയും കർഷകസംഘവും ദേശീയ കർഷക സമരത്തിനൊപ്പം നിന്നിട്ടുണ്ട്. പക്ഷേ, ഇവിടെ അവർ ഭരിക്കുന്ന സർക്കാരുണ്ടായിട്ടും സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിച്ചിട്ടില്ല. ദേശീയതലത്തിലും കർഷക സംഘടനകൾ ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണിത്.

ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാൾ. ഫോട്ടോ:ToI

ഇപ്പോൾ ദേശീയതലത്തിൽ സമരം ചെയ്യുന്നത് ജഗ്ജിത് സിങ് ദല്ലേവാൾ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാ​ഗമല്ലാത്ത കർഷക സംഘടനകളുടെ കൂട്ടായ്മയാണിത്. മുമ്പ് സമരരം​ഗത്തുണ്ടായിരുന്ന പലരും പഞ്ചാബിൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. അങ്ങനെ മത്സരിച്ചവരെ എല്ലാം മാറ്റി നിർത്തിയ ശേഷമാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം സമരത്തിലേക്ക് വരുന്നത്. പൂർണ്ണമായും കക്ഷിരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന സംഘടനകളാണ് ഇപ്പോൾ നടക്കുന്ന സമരത്തിലുള്ളത്. രാഷ്ട്രീയേതര വിഭാ​ഗത്തിനാണ് കർഷകർക്കിടയിൽ ഏറ്റവും സ്വാധീനമുള്ളത്.

സമരം നീണ്ടുനിൽക്കുകയാണെങ്കിൽ കേരളത്തിലും ശക്തമായ പ്രതിഷേധമുയർത്താനാണ് തീരുമാനം. അതുപോലെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഡൽഹിയിലേക്ക് പോവുകയും സമരത്തിൽ പങ്കുചേരുകയും ചെയ്യും. ദേശീയ സമരത്തിന് പിന്തുണയുമായി കേരളത്തിൽ ഐക്യദാർഢ്യ സമിതി രൂപീകരിക്കാനുള്ള ആലോചനയിലാണ് ഞങ്ങളുള്ളത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതിനിധികൾക്ക് നൽകിയിരിക്കുന്ന ചുമതല ഡൽഹി ചലോ മാർച്ച് ഡൽഹിയിലേക്ക് എത്തുമ്പോൾ അതിൽ കൂടിച്ചേരാനാണ്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതുകൊണ്ട് ഞങ്ങളോട് അൽപ്പം കാത്തിരിക്കാൻ പറഞ്ഞിരിക്കുകയാണ്. കർഷകരെ വീണ്ടും സർക്കാർ വഞ്ചിക്കുകയാണെങ്കിൽ എല്ലാ പ്രതിബന്ധങ്ങളേയും മറികടന്നുകൊണ്ട് ഡൽഹി ചലോ മാർച്ച് ഡൽഹിയിലേക്ക് എത്തും. അപ്പോൾ കേരളത്തിൽ നിന്നുള്ള പ്രതിനിധികളും ആ മാർച്ചിന്റെ ഭാ​ഗമായി മാറും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read