ബി.ജെ.പിയെ തോൽപ്പിക്കാൻ ആനുകൂല്യ വിതരണം മാത്രം മതിയാകില്ല

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി-ഫൈനൽ ആയി കണക്കാക്കുന്ന അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിൽ ബി.ജെ.പി ശക്തമായ വിജയം നേടിക്കൊണ്ട് ഹിന്ദി ഹൃദയഭൂമിയിൽ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചിരിക്കുകയാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേടിയ വൻ വിജയം ഏത് വെല്ലുവിളികളെയും നേരിടാൻ ബി.ജെ.പി സജ്‌ജമാണെന്ന് തെളിയിച്ചിരിക്കുന്നു. തെലങ്കാനയിൽ ബി.ആർ.എസിനെ വീഴ്ത്തി ഭരണം പിടിച്ചതാണ് കോൺഗ്രസിന് ഏക ആശ്വാസം. തെക്കേ ഇന്ത്യയിൽ ബി.ജെ.പി വിരുദ്ധ സർക്കാരുകളുടെ എണ്ണം വർധിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചില മാറ്റങ്ങളുടെ സൂചനകൾ മുന്നോട്ടുവയ്ക്കുന്നു. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വടക്കേ ഇന്ത്യയിലെ നില പരുങ്ങലിലാക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ വികാരത്തിന് മുന്നിൽ എന്ത് ചെയ്യണം എന്നതിൽ കോൺഗ്രസിന് ഇപ്പോഴും വ്യക്തതയില്ല എന്നതും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

ബി.ജെ.പിക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് കേന്ദ്ര നേതൃത്വം

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആദ്യമേ തന്നെ മുൻകൈ പ്രവചിക്കപ്പെട്ടിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പല വെല്ലുവിളികളും ഉണ്ടായിരുന്നു. മികച്ച ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ ഛത്തീസ്ഗഡിൽ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരത്തെയും ബി.ജെ.പിക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഏകോപനം ഏറ്റെടുക്കുകയും കൃത്യമായി ഇടപെടുകയും ചെയ്തു. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി ഉയർത്തിക്കാട്ടിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര നേതൃത്വം തന്നെ ശിവരാജ് സിങ് ചൗഹാനിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏല്പിക്കുകയും, അദ്ദേഹത്തിന് ജനങ്ങളുമായി വൈകാരികമായി സംവദിക്കാൻ സാധിക്കുകയും ചെയ്തു. ലോക്സഭാ അംഗങ്ങളെയും, പാർട്ടി കേന്ദ്ര നേതൃത്വത്തിലുള്ള മുതിർന്ന നേതൃത്വത്തെയും ഒരുപോലെ അവതരിപ്പിച്ച് ഭരണവിരുദ്ധ വികാരം എന്ന ആശയത്തെ തന്ത്രപരമായി ബി.ജെ.പി മറികടക്കുകയും ചെയ്തു. വിവിധ ജാതി വിഭാഗങ്ങളുടെ നേതാക്കളെ പ്രതിനിധാനം ചെയ്യാനും ബി.ജെ.പി ക്ക് ഇതിലൂടെ സാധിച്ചു. മോദി, അമിത് ഷാ, ജെ.പി നദ്ദ എന്നിവരടങ്ങിയ ദേശീയ നേതൃത്വത്തിന്റെ ചുമതലയിലാണ് ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മുന്നോട്ടുപോയത്. എല്ലാത്തിനുമുപരിയായി മോദിയാണ് നേതാവെന്ന് ബി.ജെ.പി ഉറപ്പിച്ച് പറയുകയും ചെയ്തു.

നരേന്ദ്രമോദി ജയ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ. കടപ്പാട്:X

ഫ്രീ-ബിയുടെ തെരഞ്ഞെടുപ്പ്

രാജസ്ഥാനിൽ ബി.ജെ.പി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. എന്നാൽ അശോക്  ഗെലോട്ടിന്റെ  നേതൃത്വത്തിലുള്ള കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുന്ന പ്രതീതിയായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കണ്ടത്. ഇവിടെയും ബി.ജെ.പി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് മത്സരിച്ചത്. ജനങ്ങൾക്ക്‌ ഏഴ് സേവനങ്ങൾ ഉറപ്പ് നൽകിക്കൊണ്ടാണ് ഗെലോട്ട് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മുന്നോട്ടുവച്ചത്‌. കർഷകർ, സ്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിധത്തിലായിരുന്നു ഈ വാഗ്ദാനങ്ങൾ. എന്നാൽ കർണാടകയിൽ വിജയിച്ച ഈ ഫ്രീ-ബി (ആനുകൂല്യ വിതരണം) തന്ത്രത്തിന്, ‘മോഡി കാ ഗ്യാരണ്ടി’ എന്ന പേരിൽ ബി.ജെ.പി മറുപടി നലകി. നേരത്തെ തന്നെ ശക്തനായ ഭരണാധികാരി എന്ന ചിത്രം ജങ്ങൾക്ക് നൽകുന്നതിൽ വിജയിച്ച മോദിയുടെ ഉറപ്പിന് ജങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് സംസ്ഥാങ്ങളിലും ഇരുപക്ഷത്തിനും സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളിൽ മുന്നോട്ട് വക്കാനുണ്ടായിരുന്നത് ഈ ഫ്രീ-ബീ വാഗ്ദാനങ്ങൾ തന്നെയാണ്. ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിൽ ഇരുപക്ഷവും പരസ്പരം മത്സരിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും സ്ത്രീകളുടെ വോട്ടുകൾ തിരഞ്ഞെടുപ്പിനെ നിർണയിക്കാൻ തക്കവണ്ണം സ്വാധീനമുള്ളതായിരുന്നു. അതിനാൽ തന്നെ സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടിയായിരുന്നു ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. ചില നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്ക് മാസം 1000 രൂപ ഉറപ്പുനൽകുന്ന പദ്ധതിയാണ് മധ്യപ്രദേശിലെ ലഡ്‌ലി ബെഹ്നാ യോജന. ഈ പദ്ധതി മധ്യപ്രദേശിൽ നിർണായക സ്വാധീനം ചെലുത്തി. ഇവിടെ സ്ത്രീ വോട്ടർമാരുടെ പിന്തുണ കൂടുതലും ലഭിച്ചത് ബി.ജെ.പിക്ക് തന്നെ.

ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഇസ്രായേലും പലസ്തീനും

സാമൂഹ്യ സാമ്പത്തിക പദ്ധതികളിൽ ഇരു മുന്നണിയും ഒരേ തരത്തിൽ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചപ്പോൾ ഇരു മുന്നണികളെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന ഘടകം മറ്റൊന്നായിരുന്നു. അത് ഹിന്ദു ദേശീയത എന്ന ബി.ജെ.പി യുടെ ആശയധാര തന്നെയാണ്. ഈ ആശയധാരയെ കൃത്യമായി ജനങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് അതിനെ പരുവപ്പെടുത്താനും ബി.ജെ.പി-ആർ.എസ്‌.എസ്‌ നേതൃത്വങ്ങൾക്ക് 2014 മുതൽ കൃത്യമായി സാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെയാണ് ഗാസക്ക് മേൽ യുദ്ധം നടക്കുന്നത്. ഈ യുദ്ധത്തെ ദേശസുരക്ഷയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ സംഘടിതമായ ശ്രമങ്ങൾ ബി.ജെ.പി ഐടി സെൽ കൃത്യമായി നടത്തിയിരുന്നു. കോൺഗ്രസിന്റെ പലസ്തീൻ അനുകൂല നിലപാടിനെ മുസ്ലിം പ്രീണനമെന്നാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലികളിൽ വിശേഷിപ്പിച്ചത്. താഴെ തട്ടിലുള്ള നേതാക്കൾ മോദിയെയും, ബി.ജെ.പിയെയും ‘ഭീകരവാദത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന, ഇസ്രായേലിന്’ സമാനമായി അവതരിപ്പിച്ചു. ഭീകരവാദത്തിൽ നിന്നും ഹിന്ദു സംസ്കാരത്തെ സംരക്ഷിക്കാൻ തങ്ങൾക്കേ കഴിയൂവെന്നും കോൺഗ്രസ് ഭീകരവാദത്തെ പിന്തുണക്കുകയാണെന്നുമുള്ള ആഖ്യാനത്തെ ബി.ജെപി അവതരിപ്പിച്ചു. എന്നാൽ ബി.ജെ.പി എല്ലാകാലത്തും മുന്നോട്ടുവയ്ക്കുന്ന ഹിന്ദു ദേശീയതയെ എങ്ങനെ രാഷ്ട്രീയമായി പ്രതിരോധിക്കണം എന്നതിൽ കോൺഗ്രസിനുള്ള വ്യക്തതയില്ലായ്മ ഈ തെരഞ്ഞെടുപ്പിലും നിഴലിച്ചു. ഛത്തീസ്ഗഡിൽ ഭൂപേഷ് സിങ് ബാഗലും, മധ്യപ്രദേശിൽ കമൽ നാഥും തങ്ങളും ഹിന്ദു സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിം​ഗ് ചൗഹാൻ വിജയാഘോഷത്തിൽ.കടപ്പാട്: financialtimes

ഹിന്ദു ദേശീയതയെ പ്രതിനിധീകരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ

കോൺഗ്രസ് ദേശീയ തലത്തിൽ ഉന്നയിച്ച ജാതി സെൻസസ് പോലുള്ള വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ തയ്യാറായില്ല. ജാതി സെൻസസ് ദേശീയതലത്തിൽ ചർച്ചയാവുകയും ആദ്യ ഘട്ടത്തിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും ചെയ്ത കാര്യമാണ്. എന്നാൽ ഈ ആവശ്യത്തിന് വേണ്ട പ്രാമുഖ്യം നല്കാൻ കമൽനാഥിനെപ്പോലെയുള്ള നേതാക്കൾ തയ്യാറായതുമില്ല. മാത്രമല്ല ഈ ആവശ്യം ഉന്നയിച്ച് ജങ്ങൾക്കിടയിൽ സെൻസസിന്റെ പ്രാധാന്യം വിശദീകരിക്കാനും, അതിലൂടെ പിന്നാക്ക-ദലിത് വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താനും ശേഷിയുള്ള നേതാക്കൾ മധ്യപ്രദേശിൽ ഇല്ലാതെ പോയി. ഒ.ബി.സി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകുന്നതിലും കോൺഗ്രസ്സ് പിന്നിലായിരുന്നു. വാസ്തവത്തിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദു ദേശീയതക്ക് ബദലായി ഒന്നും നൽകാൻ കോൺഗ്രസിന് സാധിച്ചില്ല. ബി.ജെപി യുടെ ഹിന്ദു ദേശീയതയുടെ പ്രതിബിംബമാകാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. ജാതി സെൻസസ് പോലെ ബി.ജെ.പി ആശയധാരയെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന കാര്യങ്ങളോട് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വങ്ങൾക്ക് വേണ്ടത്ര താല്പര്യമുണ്ടായില്ല എന്നതാണ് വസ്തുത. കൃത്യമായ ആശയധാരയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയും, അതിന് ബദലായി ഒന്നും നൽകാനില്ലാത്ത കോൺഗ്രസ്സും തമ്മിൽ നേരിട്ട് നടന്ന പോരാട്ടമാണ് ഹിന്ദി ഹൃദയഭൂമിയിൽ കണ്ടത്. ഫ്രീ ബീസിന്റെ കാര്യത്തിൽ ഇരു മുന്നണികളും തുല്യത കാട്ടിയപ്പോൾ, ബി.ജെ.പിയുടെ ഹിന്ദു ദേശീയതക്ക് ബദൽ വെക്കാനാകാതെ അതിന്റെ നിഴലായി മാറുകയായിരുന്നു കോൺഗ്രസ്.

ഭാരത് ജോഡോ യാത്രയിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും രാഹുൽ ഗാന്ധിയും മഹാകാൽ ക്ഷേത്രത്തിൽ. കടപ്പാട്:X

ബി.ജെ.പി യുടെ ഭരണത്തിൽ അൽപമെങ്കിലും അസ്വസ്ഥയുള്ള അതി-പിന്നാക്ക-കർഷക മേഖലകളിലെ വോട്ടുകൾ സ്വരൂപിക്കുന്നതിൽ കോൺഗ്രസിന് സാധിച്ചില്ല. ഛത്തീസ്ഗഡിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തമായി പിന്തുണച്ച ആദിവാസി മേഖലകളിലെ വോട്ട് കോൺഗ്രസിന് നിലനിർത്താനായില്ല. വടക്കൻ സർഗുജ, ദക്ഷിണ ബസ്തർ തുടങ്ങിയ ആദിവാസി മേഖലകളിലെല്ലാം കോൺഗ്രസ്സിന് ഇത്തവണ പിന്തുണ നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലും പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലെ വിജയം വിലയിരുത്തുമ്പോൾ കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ വിഭാഗം വോട്ടുകളും സമാഹരിക്കുന്നതിൽ ബി.ജെ.പി ഏറെ മുന്നോട്ടുപോകുകയും ചെയ്തു.

അശോക് ഗെലോട്ട്. കടപ്പാട്:X

ബി.ജെ.പിയുടേത് സമഗ്ര വിജയം

ബി.ജെ.പിയും കോൺഗ്രസ്സും നേരിട്ട് നടന്ന മത്സരമാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും നടന്നത്. വിജയിച്ച സീറ്റുകളിൽ വലിയ അന്തരമുണ്ടെങ്കിലും രാജസ്ഥാനിൽ തങ്ങളുടെ വോട്ടിംഗ് ശതമാനത്തിന് വലിയ പരിക്കുകൾ ഇല്ലാതെ സംരക്ഷിക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടുണ്ട്. വോട്ട് ഷെയറിൽ +0.1 ശതമാനം ഉയർച്ചയാണ് കോൺഗ്രസിന് ഉണ്ടായിട്ടുള്ളത്. എന്നാൽ മധ്യപ്രദേശിൽ കോൺഗ്രസിന്റെ വോട്ട് ഷെയർ -0.4  ശതമാനവും, ഛത്തീസ്ഗഡിൽ -0.9  ശതമാനവും കുറവ് രേഖപ്പെടുത്തി. ഈ മുന്ന് സംസ്ഥാങ്ങളിലും ബി.ജെ.പി മികച്ച രീതിയിൽ വോട്ട് ഷെയർ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (മധ്യപ്രദേശ്-+7 .6, രാജസ്ഥാൻ +2 .9, ഛത്തീസ്ഗഡ് +13 .3 ). രാജസ്ഥാനിലും, മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമെല്ലാം നഗരമേഖലകൾ മുൻപും ഇപ്പോഴും ബി.ജെ.പിക്കൊപ്പം തന്നെ നിൽക്കുന്നു. അതിനോടൊപ്പം കർഷക, ദലിത്, ആദിവാസി മേഖലകളിൽ കൂടുതൽ നേട്ടം കൈവരിക്കാൻ ബി.ജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ സാധിച്ചു. അത്തരത്തിൽ എല്ലാ വിഭാഗങ്ങളിൽ നിന്നും, ഭൂപ്രദേശങ്ങളിൽ നിന്നും ബി.ജെ.പിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ആശ്വാസം

തെലങ്കാനയിൽ ഭരണത്തിലേറി എന്നത് മാത്രമാണ് കോൺഗ്രസ്സിന് ആശ്വാസ്യമായ കാര്യം. എല്ലാ വിഭാഗം വോട്ടർമാരുടെയും പിന്തുണയോടെയാണ് കോൺഗ്രസ്സ് ഈ വിജയം നേടിയിരിക്കുന്നത്. പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്‌ഡിയുടെ താരതമ്യേന യുവത്വമുള്ള നേതൃത്തിന്റെ പിൻബലത്തിൽ, മൂന്നാം തവണയും ഭരണം പ്രതീക്ഷിച്ചിറങ്ങിയ കെ.സി.ആറിനെ തോൽപ്പിക്കാൻ കോൺഗ്രസിനായി. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് നേതൃത്വം നൽകിയത് സോണിയ ഗാന്ധി ആണെന്ന അവകാശവും കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉയർത്തി. കർണാടക മോഡലിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ കനഗോലുവും, സംസ്ഥാനമൊട്ടാകെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായ മല്ലു  ഭട്ട് വിക്രമാർക നടത്തിയ പദയാത്രയും ജങ്ങളെ സ്വാധീനിച്ചു എന്നാണ് വിലയിരത്തുപ്പെടുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. തെലങ്കാനയിലെപ്പോലെ ഊർജസ്വലമായ ഈ പ്രവർത്തനരീതിയും, ഒരാളിലേക്ക് മാത്രം ചുരുങ്ങാത്തതും, യുവത്വമുള്ളതുമായ നേതൃത്വവും മധ്യപ്രദേശിലും, രാജസ്ഥാനിലും കോൺഗ്രസിന് ഇല്ലാതെ പോയി. പാർട്ടിയും, തെരഞ്ഞെടുപ്പും മുഴുവനായി തന്നിൽ തന്നെ കേന്ദ്രീകരിച്ച കമൽ നാഥിനും, സച്ചിൻ പൈലറ്റിനെ അകറ്റി നിർത്തിയ ഗെലോട്ടിനും, കോൺഗ്രസ് ഹൈക്കമാൻഡിനും തെലങ്കാനയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാവുന്നതാണ്.

രേവന്ത് റെഡ്‌ഡി കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെയ്ക്കൊപ്പം. കടപ്പാട്:X

മിസോറാമിലെ മാറ്റങ്ങൾ

മിസോറാമിൽ പ്രാദേശിക പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റ് ഒറ്റയ്ക്ക് (ZPM) കേവല ഭൂരിപക്ഷം നേടി. 40 അംഗ നിയമസഭയിൽ 27  സീറ്റുകളാണ്  ZPM നു ലഭിച്ചത്. ഭരണത്തിലിരുന്ന മിസോ നാഷണൽ ഫ്രണ്ടിന് (എം.എൻ.എഫ്) 10 സീറ്റ് മാത്രമാണ് നേടാനായത്. വടക്കു-കിഴക്കൻ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർട്ടിയാണ് ഇപ്പോൾ അവിടെ മന്ത്രിസഭാ രൂപീകരിക്കാൻ പോകുന്നത്. 15 വർഷം മുമ്പ് സംസ്ഥാനം ഭരിച്ച കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ആണ് നേടാൻ കഴിഞ്ഞത്. എം.എൻ.ഫിനെപ്പോലെ ZPM ഉം NDA സഖ്യത്തിന്റെ ഭാഗമായി നിൽക്കാനാണ് സാധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. “ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ മിസോറം അതിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതിനാൽ ZPM ബി.ജെ.പി നയിക്കുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലും (NEDA), NDA യിലും ചേരാൻ സാധ്യതയുണ്ട്. സ്വന്തമായി ഒരു സർക്കാർ രൂപീകരിക്കാൻ മാത്രം മികച്ച വിജയം ZPM നേടിയെങ്കിലും, പുതിയ സർക്കാരിലേക്ക് ബി.ജെ.പി യുടെ ഒരു എം‌എൽ‌എയെയെങ്കിലും ഉൾപ്പെടുത്താൻ ZPM ഇതിനകം തന്നെ  വളരെയധികം സമ്മർദ്ദത്തിലാണ്.” മിസോറം യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ സുവ ലാൽ ജങ്കു ദ വയറിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

സെഡ്.പി.എമ്മിന്റെ നേതാവ് ലാല്‍ഡുഹോമ

കോൺഗ്രസിനുള്ള പാഠങ്ങൾ

ഗ്രാമീണ മേഖലകളിലും, ആദിവാസി മേഖലകളിലും, കർഷകരുടെയിടയിലും കോൺഗ്രസിന് ലഭിച്ചിരുന്ന പിന്തുണ തിരിച്ചുപിടിച്ചും, മറ്റ് സഖ്യകഷികളെ ഒപ്പം നിർത്തിയും മാത്രമേ ഉത്തരേന്ത്യയിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ്സിന് സാധിക്കൂ എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഏകശിലാത്മക ഹിന്ദുത്വ രാഷ്ട്രീയത്തെ അടിത്തട്ടിൽ ചോദ്യം ചെയ്യണമെങ്കിൽ ജാതി സെൻസസ് പോലുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടുവയ്ക്കുകയും, പിന്നാക്ക വിഭഗങ്ങളിൽ നിന്നുള്ള നേതാക്കളെ നേതൃത്വത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടി വരും. കർണാടകയിൽ ജാതി സെൻസസ് വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിച്ചതും, സിദ്ധരാമയ്യ മുന്നോട്ടുവച്ച ‘അഹിന്ദ’ (ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സൂചിപ്പിക്കുന്ന പദം) എന്ന ആശയത്തിന് കിട്ടിയ സ്വീകാര്യതയും കോൺഗ്രസിന് മുന്നിൽ പാഠമായുണ്ട്. ഉത്തരേന്ത്യയിൽ മണ്ഡൽ പാർട്ടികളോടൊപ്പം ചേർന്ന് വ്യത്യസ്തതകളെ പ്രതിനിധാനം ചെയ്താൽ മാത്രമേ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് ബദൽ നൽകുവാനും അത് ജനങ്ങളിലെത്തിക്കാനും സാധിക്കുകയുള്ളൂ എന്നും ഈ തെരഞ്ഞെടുപ്പ്  വ്യക്തമാക്കുന്നു. അതോടൊപ്പം ഫ്രീ-ബീസിൽ ഒതുങ്ങാത്ത സാമ്പത്തിക പദ്ധതി മുന്നോട്ടുവയ്ക്കുക എന്നതും പ്രധാനമാണ്. തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ വിജയവും ദക്ഷിണേന്ത്യയിലെ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ സാംഗത്യം വർദ്ധിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ INDIA മുന്നണിയുടെ മുഖമാകാനും കോൺഗ്രസിന് തെലങ്കാന കൂടി വിജയിച്ചതിലൂടെ സാധിക്കും. എന്നാൽ അത്യന്തം ധ്രുവീകരിക്കപ്പെട്ട വടക്കേ ഇന്ത്യയിൽ മറ്റ് പാർട്ടികളോടൊപ്പം നിന്ന് ബദൽ ആശയം മുന്നോട്ടുവയ്ക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാല പദ്ധതികളിലൂടെ മാത്രമേ ബി.ജെ.പി-ആർ.എസ്‌.എസ്‌ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ, INDIA മുന്നണിയുടെ പരീക്ഷണമായി കാണാമായിരുന്ന ഈ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സഹകക്ഷികളെ കൂടെ നിർത്താൻ കഴിയാതിരുന്ന കോൺഗ്രസിന്റെ സമീപനം നിരാശാജനകമെന്നെ പറയാൻ സാധിക്കൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read