നിരവധി രാഷ്ട്രീയ നിരീക്ഷകരുടെയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി, ഏകപക്ഷീയമായ ബി.ജെ.പി ആധിപത്യം വിളിച്ചോതുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലങ്ങള്‍. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി, ആം ആദ്മി പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിക്കുന്നതും കോണ്‍ഗ്രസ് പ്രചാരണഘട്ടത്തില്‍തന്നെ പിന്നോട്ടടിക്കുന്നതും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സ്വതവേ അസന്തുഷ്ടരെന്നു വിലയിരുത്തപ്പെട്ട ഗുജറാത്തിലെ വോട്ടര്‍മാരുടെ ശിഥിലീകരണത്തിന് അതിത്രമാത്രം ബി.ജെ.പിയെ സഹായിക്കുമെന്ന് ആരും നിനച്ചുകാണില്ല. അമ്പതു ശതമാനത്തിലേറെ വോട്ടുകള്‍ നേടിക്കൊണ്ടാണ്, തുടര്‍ച്ചയായി ഏഴാം തവണയും ബി.ജെ.പി അധികാരം നിലനിര്‍ത്തുന്നത്. ഹിമാചല്‍പ്രദേശിലെ അപ്രതീക്ഷിത തിരിച്ചടി പോലും ഗുജറാത്തിലെ കാവിയലയൊലികളില്‍ അലിഞ്ഞില്ലാതാവുന്നതാണ് ഇന്നത്തെ കാഴ്ച.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഫലമായിത്തന്നെയാവും ഈ വിജയവും വിലയിരുത്തപ്പെടാന്‍ പോവുന്നത്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തകൃതിയായി ആരംഭിക്കാനിരിക്കെ, പാര്‍ട്ടിക്കുള്ളിലെ ആധിപത്യം അരക്കെട്ടുറപ്പിക്കുവാന്‍ ഈ വിജയം ഇരുവരെയും സഹായിക്കുമെന്നതില്‍ സംശയമില്ല. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ മേധാവിത്വത്തിനെതിരെയുള്ള പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പുകളെയും ആര്‍.എസ്.എസ് അണികള്‍ക്കിടയിലെ അസംതൃപ്തിയെയും വലിയൊരളവോളം അടക്കിനിര്‍ത്തുവാന്‍ ഈ വിജയത്തിനു സാധിക്കും.


ബി.ജെ.പിയുടെ തേരോട്ടത്തിനും കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തിനുമപ്പുറം, 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ശക്തമായ പുനരാലോചനകള്‍ ആവശ്യപ്പെടുന്നതാണ് ഗുജറാത്ത് നിയമസഭാ ഫലം. ബി.ജെ.പിയുടെ ഹിന്ദു ലബോറട്ടറി പൂര്‍വാധികം പ്രവര്‍ത്തന സജ്ജമാണെന്നും രാജ്യത്തെ കീഴാള ജനവിഭാഗങ്ങളെക്കൂടി ചേര്‍ത്തുനിര്‍ത്തുവാന്‍ അവര്‍ക്കു സാധിക്കുന്നുവെന്നതുമാണ് അതില്‍ പ്രധാനപ്പെട്ടത്. ഗുജറാത്തിലെ പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കുകളായി പരിണമിക്കുന്നുവെന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘മണ്ഡല്‍’വത്കരണത്തിലേക്ക് സൂചനകള്‍ നല്‍കുന്നുണ്ട്. 1995-ല്‍ അധികാരം നഷ്ടമായതില്‍ പിന്നെ, കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമറിയിക്കുന്നത്. അധികാരത്തിന്റെ അരികോളമെത്തിയ ആ തിരിച്ചുവരവില്‍ കോണ്‍ഗ്രസിനെ തുണച്ചത് ഗുജറാത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളായിരുന്നു. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ മുന്നോടിയായി, ഇടഞ്ഞുനില്‍ക്കുന്നവരെ കൂടെനിര്‍ത്തുംവിധം പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണികള്‍ നടത്തുന്നതില്‍ ബി.ജെ.പി നേതൃത്വം വിജയിക്കുകയുണ്ടായി. രാഷ്ട്രീയത്തിന്റെ ഹൈന്ദവവത്കരണത്തില്‍ മണ്ഡല്‍ രാഷ്ട്രീയം അലിഞ്ഞില്ലാതാവുകയായിരുന്നില്ലെന്നും, മറിച്ച് അതുകൂടി ആവാഹിക്കും വിധം ഹിന്ദുത്വരാഷ്ട്രീയം വിപുലപ്പെടുകയായിരുന്നുവെന്നും ഈ വിജയം വിളിച്ചോതുന്നുണ്ട്. 2014-ല്‍ മോദിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായ കീഴാള ജനവിഭാഗങ്ങളുടെ ഹിന്ദുത്വവത്കരണം പുതിയ തിരഞ്ഞെടുപ്പു സമവാക്യങ്ങളിലും നിര്‍ണായകമായ ഘടകമായി തുടരുന്നുവെന്ന് പുതിയ ഫലങ്ങള്‍ വിളിച്ചോതുന്നു.
ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി ആം ആദ്മി പാര്‍ട്ടി വളരുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാഴ്ച. പഞ്ചാബില്‍ നിര്‍ണായകമായ വിജയം നേടിയതില്‍ പിന്നെ, ദേശീയരാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളിലായിരുന്നു എ.എ.പി നേതൃത്വം. തുടക്കക്കാര്‍ എന്ന ഘടകം പരിഗണിക്കുമ്പോള്‍, ഗുജറാത്തില്‍ അവര്‍ നേടിയ 12 ശതമാനം വോട്ടുകളെ വിലകുറച്ചുകാണാന്‍ സാധിക്കുന്നതല്ല. ഹിമാചല്‍ പ്രദേശിൽ അനുരണനങ്ങളുണ്ടാക്കുന്നതില്‍ എ.എ.പി പരാജയപ്പെട്ടുവെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് വോട്ടുബാങ്കിനെ ഗണ്യമായി വിഘടിപ്പിക്കുന്നതിലൂടെ ബി.ജെ.പിയുടെ വിജയത്തിന്റെ മാറ്റുകൂട്ടാന്‍ അവര്‍ക്കു സാധിച്ചു. ബി.ജെ.പിക്ക് ബദലായി ഉയര്‍ന്നുവരുന്നതിനുള്ള എ.എ.പിയുടെ ശ്രമം, പലരും പ്രവചിച്ചതുപോലെ, അസന്തുഷ്ട വോട്ടുകളുടെ ശിഥിലീകരണത്തിലാണ് കലാശിച്ചതെന്ന് വ്യക്തം. പുതിയ തിരഞ്ഞെടുപ്പുഫലങ്ങളുടെ പശ്ചാത്തലത്തില്‍ 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് അരവിന്ദ് കേജ്രിവാളിനെ ഉയര്‍ത്തിക്കാട്ടി എ.എ.പി രംഗത്തെത്തുമെന്നുതന്നെ പ്രതീക്ഷിക്കാം.


തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ പ്രാഥമിക ഘട്ടത്തില്‍തന്നെ കോണ്‍ഗ്രസ് പാളയത്തില്‍ വൈമനസ്യവും അലസതയും പ്രകടമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരുകളും പ്രചാരണ പ്രവര്‍ത്തനങ്ങളിലടക്കമുള്ള പ്രമുഖരുടെ അസാന്നിധ്യവുമാണ്, ഒരര്‍ഥത്തില്‍, ബി.ജെ.പിയുടെ വിജയം ഇത്രെയധികം അനായാസകരമാക്കിത്തീര്‍ത്തത്. തിരഞ്ഞെടുപ്പു ഗോഥയില്‍നിന്നും തന്ത്രപൂര്‍വം അപ്രത്യക്ഷനായ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജ്യമൊന്നടങ്കം ചുറ്റിയടിക്കുന്ന തിരക്കിലായിരുന്നു പ്രചാരണ കാലയളവില്‍. ബി.ജെ.പിയുടെ സംഘടനാ സംവിധാനങ്ങള്‍ ഗുജറാത്തില്‍ ഓവര്‍ടൈം പണിയെടുക്കുമ്പോള്‍ ജോഡോ യാത്രയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ കോണ്‍ഗ്രസിന് അനുഗുണമായ ആഭ്യന്തര സാഹചര്യങ്ങളുമായിരുന്നില്ല ഇത്തവണ ഗുജറാത്തില്‍. 2017-ല്‍ പട്ടേല്‍ പ്രക്ഷോഭവും സംവരണത്തെച്ചൊല്ലിയുള്ള ആശങ്കകളും പട്ടികവര്‍ഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കെതിരെയുണ്ടായിരുന്ന വികാരവും ഭരണവിരുദ്ധ തരംഗങ്ങളുമെല്ലാം ചേര്‍ന്നൊരന്തരീക്ഷമാണ് കോണ്‍ഗ്രസിനു തുണയായതെങ്കില്‍, ഇത്തവണ കാര്യമായ തയ്യാറെടുപ്പുകളോ സന്നാഹങ്ങളോ കൂടാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാല്‍, എ.എ.പിയെ ഒരളവിലധികം വളരാന്‍ അനുവദിക്കാതെ ശ്രദ്ധിക്കുന്നതോടൊപ്പം, നിഷ്പക്ഷരുടെയും അസന്തുഷ്ടരുടെയും വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍കൂടി ശ്രദ്ധിച്ചതോടെ തിരഞ്ഞെടുപ്പുഫലം ബി.ജെ.പിക്കൊപ്പം നിന്നു. പക്ഷേ, വരും വര്‍ഷങ്ങളില്‍ ഹിന്ദി ഹൃദയ ഭൂമികയില്‍ എ.എ.പിയുണ്ടാക്കുന്ന വളര്‍ച്ച കോണ്‍ഗ്രസിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുകയും ബി.ജെ.പിക്ക് തിരിച്ചടിയാവുകയും ചെയ്യുമെന്നുറപ്പ്.
ഗുജറാത്തിലെ വിജയവും ഹിമാചലിലെ തിരിച്ചടിയും 2023 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നിര്‍ണായകമാക്കുന്നുണ്ട്. കര്‍ണാടകയും മധ്യപ്രദേഷും രാജസ്ഥാനും ചത്തീസ്ഘഢും അടുത്തവര്‍ഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശക്തമായ സാധ്യതകള്‍ ഈ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതോടൊപ്പം, 2024 ലെ ജനറല്‍ ഇലക്ഷനു മുന്നോടിയായി ഒരു പരാജയം എന്തു വിലകൊടുത്തും ബി.ജെ.പി തടയാന്‍ ശ്രമിക്കുമെന്നുറപ്പ്. ഇതിനിടയിലൂടെ ആം ആദ്മി പാര്‍ട്ടിയുണ്ടാക്കുന്ന വളര്‍ച്ച ഇരുവര്‍ക്കും വലിയ തിരിച്ചടിയാവുമെന്ന് തീര്‍ച്ച.
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് ജേണലിസത്തില്‍ പഠനം പൂര്‍ത്തിയാക്കിയ മുബഷിര്‍ നിലവില്‍ ജാമിഅ മില്ലിയ്യയിലെ ഗവേഷക വിദ്യാര്‍ഥിയാണ്).
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

