ഗുജറാത്തും ഹിമാചല്‍ പ്രദേശും നല്കുന്ന രാഷ്ട്രീയ പാഠങ്ങള്‍

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ തീര്ത്തും അപ്രതീക്ഷിതമല്ല. ഹിമാചൽ പ്രദേശിൽ പൊതുവെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതാണ്. കോൺഗ്രസിന്റെ സാധ്യത ആം ആദ്മി പാർട്ടിക്ക് എത്രമാത്രം ഇല്ലാതാക്കാൻ സാധിക്കും എന്നൊരു ചോദ്യം മാത്രമെ അവിടെ അവശേഷിച്ചിരുന്നുള്ളു. രാഹുല്‍ ഗാന്ധിയുടെ ഭരത് ജോഡോ യാത്രയെക്കുറിച്ച് ഞാന്‍ എന്റെ മാധ്യമം പംക്തിയില്‍ (നാലാംകണ്ണ്) എഴുതിയ കുറിപ്പില്‍ ആം ആദ്മി പാര്ട്ടി കൊണ്ഗ്രസ്സിനെ അപ്രസക്തമാക്കാന്‍ ഇടയുള്ള രണ്ടു സംസ്ഥാനങ്ങളായി ഗുജറാത്തിനെയും ഹിമാചല്‍ പ്രദേശിനെയും വിശേഷിപ്പിച്ചിരുന്നു. ഗുജറാത്തില്‍ അത് അക്ഷരാര്ഥത്തില്‍ സംഭവിച്ചുവെങ്കിലും ഹിമാചല്‍ പ്രദേശില്‍ കോണ്ഗ്രസ് ആ തുടച്ചുനീക്കലിനെ ചില ചരിത്രപരമായ കാരണങ്ങളാല്‍ ഫലപ്രദമായി ചെറുത്തുനിന്നിരിക്കുന്നു. ആം ആദ്മി പാർട്ടിക്ക് വലിയൊരു സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല ഹിമാചൽ പ്രദേശിൽ എന്നതിനാലാണ് ബിജെപി വിരുദ്ധ വോട്ടുകള്‍ അധികം ഭിന്നിക്കാതെ ഭരണവിരുദ്ധ വികാരം മുഴുവൻ ഉപയോഗിച്ച് അവിടെ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കിലും അവിടെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. ജനവിധി സ്വാഭാവികമായി അഗീകരിച്ചു കൊടുക്കുന്ന ഒരു പാർട്ടിയല്ലല്ലോ ബി.ജെ.പി. അവര്ക്ക് അനുകൂലമെല്ലെങ്കില്‍ ജനാധിപത്യത്തെ അനുസരിക്കുകയൊ അംഗീകരിക്കുകയോ ചെയ്യുന്ന ഒരു പാർട്ടിയല്ല ബി.ജെ.പി. അണിയറയിൽ കോൺഗ്രസ് എം.എൽ.എ മാരെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റാനുള്ള കുതിരക്കച്ചവടങ്ങൾ നടത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. വലിഅയ് സംസ്ഥാനങ്ങളായ മധ്യ പ്രദേശും മഹാരാഷ്ട്രയും ചെറിയ സംസ്ഥാനമായ ഗോവയുമൊക്കെ ഇപ്പോള്‍ ബിജെപി ഭരിക്കുന്നത്‌ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചട്ടല്ല. എം.എല്‍.എ മാരെ വിലക്കെടുത്തിട്ടാണ്. രാജസ്ഥാനിലും ജര്ഘ്ണ്ടിലും തെലങ്കാനയിലും അത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നേയുള്ളു. അതുകൊണ്ട് വിജയം കോൺഗ്രസ്സിനാണെങ്കിലും, അധികാരത്തിൽ എത്തുന്നതുവരെ, മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ, ഹിമാചൽ പ്രദേശിന്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നുള്ളതും അത് കോൺഗ്രസിന് ഉപയോഗിക്കാൻ കഴിഞ്ഞു എന്നതുമാണ് ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കര്ഷക സമരം പോലുള്ള പ്രശ്നങ്ങളില്‍ കോണ്ഗ്രസ് എടുത്ത സമീപനവും അവിടെ അവരെ തുണച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യമില്ലായ്മ എന്നുള്ളത് ഹിമാചൽ പ്രദേശിലും ഒരു പ്രശ്നമാണ് എങ്കിലും അത് കോൺഗ്രസിനെ വലിയ രീതിയില്‍ മുറിവേൽപ്പിച്ചില്ല എന്നുള്ളത് വ്യക്തമാണ്.

ഹിമാചലിലെ കോണ്‍ഗ്രസ് വിജയാഘോഷം. കടപ്പാട്: outlook

അതേസമയം ഗുജറാത്തിൽ 10 ശതമാനത്തിന് മുകളിലാണ് ആം ആദ്മി പാർട്ടി വോട്ടു നേടിയിരിക്കുന്നത് എന്ന സ്ഥിരീകരിക്കാത്ത കണക്കുകള്‍ ലഭ്യമായിട്ടുണ്ട്. അവരുടെ സാന്നിധ്യം പല മണ്ഢലങ്ങളിലും കോൺഗ്രസിന്റെ സാധ്യതയെ ഇല്ലാതാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലെ വളർച്ച കോൺഗ്രസിനെ സാരമായി ബാധിച്ചിട്ടുണ്ട്. 77 സീറ്റുകളാണ് കഴിഞ്ഞ തവണ കോൺഗ്രസിനു കിട്ടിയിരുന്നത്. യഥാർത്ഥത്തിൽ ആ സീറ്റുകൾ ഉയരേണ്ട സാഹചര്യമാണ് സ്വാഭാവികമായും ഉണ്ടാവേണ്ടിയിരുന്നത്. ബി.ജെ.പി പരാജയപ്പെടുക അല്ലെങ്കിൽ കോൺഗ്രസിന്റെ സീറ്റ് വർദ്ധിക്കുക എന്ന സ്വാഭാവിക സാഹചര്യമാണ് ആം ആദ്മി പാർട്ടി അവിടെ മത്സരരംഗത്ത് ഇല്ലായിരുന്നെങ്കിൽ സംഭവിക്കുക. കോൺഗ്രസിനെതിരെ ശക്തമായ പ്രചാരണങ്ങളാണ് ബി.ജെ.പി അഴിച്ചു വിട്ടിരുന്നത്. ബിജെപി സര്ക്കാബരിന്റെയും മോദിയുടെയും രാഷ്ട്രീയ ശത്ര്യ്തക്ക് ഇരകളായ ബില്കുസ് ബാനു, സഞ്ജീവ് ഭട്ട്, ടീസ്റ്റ സെതല്വാദ് തുടങ്ങി നിരവധി പേരോട് ഐക്യപ്പെട്ടത്തിന്റെ പേരില്‍ കൊണ്ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ബിജെപിയുടെ പ്രചരണം. മോദിയെ വിമര്ശിക്കുന്നത് ഗുജറാത്തിന്റെ പൊന്നോമനയെ വിമര്ശിക്കുന്നു എന്ന രീതിയിലാണ് വൈകാരികത തട്ടി ഉണര്തിയ്ത്. ഗുജറാത്തിന്റെ മകനായ സര്ദാര്‍ പട്ടേലിനെ കോണ്ഗ്രസ് അവഗാണിച്ചു എന്നൊരു വ്യാജ പ്രചാരണവും ഈ വൈകാരിക മുതലെടുപ്പിന്റെ ഭാഗമായിരുന്നു. മേധാപട്കറുമായും രാഹുൽഗാന്ധി ജോഡോ യാത്രയിൽ ഒന്നിച്ചു സഞ്ചരിച്ചതിനെ “ഗുജറാത്തിന്റെ വെള്ളം മുടക്കിയ സ്ത്രീയുമായുള്ള ചങ്ങാത്തം” എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇതെല്ലാം ഗുജറാത്തിന് എതിരായിട്ടുള്ള പ്രവർത്തനങ്ങൾ എന്ന രീതിയിലും, മോദിയെ വിമർശിക്കുന്നത് ഗുജറാത്തിന്റ പുത്രനെ ആക്ഷേപിക്കുന്നു എന്ന രീതിയിലും വ്യാഖ്യാനിച്ചുകൊണ്ടുമുള്ള നിര്‍ ലജ്ജമായ വൈകാരിക രാഷ്ട്രീയമാണ് ബി.ജെ.പി ഗുജറാത്തിൽ പയറ്റിയത്. അതിന് മുകളിലാണ് ആം ആദ്മി പാർട്ടിയുടെ വിമർശനംകൂടി കോൺഗ്രസിന് നേരിടേണ്ടി വന്നത്. ആം ആദ്മി പാർട്ടി ഗ്രാസ് റൂട്ട് ലെവലിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഭരണവിരുദ്ധ വോട്ട് വിഭജിച്ചു പോകൽ ഗുജറാത്തിൽ വലിയ തോതില്‍ സംഭവിച്ചിട്ടുണ്ട്. അതോടുകൂടി ശക്തമായ പ്രതിപക്ഷം എന്ന രീതിയിൽ പ്രവർത്തിക്കാനുള്ള കോൺഗ്രസിന്റെ സാധ്യതകളെ അത് സാരമായി ബാധിച്ചു. അഞ്ചോ ആറോ സീറ്റുകളിൽ മാത്രമാണ് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നത് എങ്കിലും കോൺഗ്രസിന്റെ ലീഡ് വളരെ താഴ്ന്നിരിക്കയാണ്.

പ്രതിപക്ഷ ഐക്യമില്ലായ്മ എന്നത് ബി.ജെ.പി യെ സഹായിക്കുന്ന ഒരു ഘടകമാണ് എന്ന നിഗമനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ തെരഞ്ഞടുപ്പ്. ആം ആദ്മി പാര്ടിയും ബിജെപ്പിക്കൊപ്പം ശക്തമായി കോണ്ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിച്ചിരുന്നു. ആം ആദ്മി പാര്ട്ടി എന്ന, വ്യക്തമായ ഒരു രാഷ്ട്രീയ ചരിത്രം ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത, ഒരു പാര്ടിയെക്കൂടി പ്രതിരോധിച്ചുകൊണ്ട് ബിജെപിയെ എതിര്ക്കേണ്ട സ്ഥിതിവിശേഷമാണ് കോണ്ഗ്രസ് അവിടെ നേരിട്ടത്. ബി.ജെ.പി യുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണം എങ്കിൽ ശക്തമായ ഒരു പ്രതിപക്ഷ ഐക്യമുണ്ടാവണം. ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഐക്യമുണ്ടാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ രണ്ടു സ്ഥലത്തും വലിയ ഭൂരിപക്ഷം കൈവരിക്കുവാൻ ആ സഖ്യത്തിന് സാധിക്കുമായിരുന്നു. കാരണം ഒന്നും ഒന്നും കൂടുമ്പോൾ രണ്ട് എന്നത് ഗണിതശാസ്ത്രത്തിലെ കൃത്യതമാണ്, രാഷ്ട്രീയത്തിൽ രണ്ടു രാഷ്ട്രീയ ശക്തികൾ തമ്മിൽ ചേർന്നാൽ അതുണ്ടാക്കുന്ന രാഷ്ട്രീയോർജം പതിന്മടങ്ങായിരിക്കും. അതാണ് ചില സഖ്യങ്ങൾ വളരെപെട്ടെന്ന് ജനങ്ങളുടെ ഭാവനയെ സ്വാധീനിക്കുന്നത്. ജനങ്ങളുടെ ഭാവനയെ ആകർഷിക്കുന്ന ഒരു സഖ്യമായി മാറാൻ കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും കഴിയുമായിരുന്നു. പക്ഷെ അതിനുള്ള സധ്യതകൾ ഉണ്ടായില്ല.

മേധാപട്കര്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം. കടപ്പാട്: ndtv

ആം ആദ്മി പാർട്ടി ശ്രമിക്കുന്നത് ബി.ജെ.പിക്ക് എതിരെ ഒറ്റയ്ക്ക് ഒരു പ്രതിപക്ഷ പാർട്ടി എന്ന രീതിയിൽ ഉയർന്നുവരാനാണ്. ഒറ്റപ്പെട്ട വിജയങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് അവർ അങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. വളരെ ക്ഷമയോടുകൂടി പോയാൽ പ്രധാനപ്പെട്ട ഒരു ദേശീയരാഷ്ട്രീയ പാർട്ടിയായി മാറാം എന്നുള്ള വിശ്വാസത്തിലാണ് അവർ നീങ്ങുന്നത്. പഞ്ചാബിലെ വിജയം, ഇന്നിപ്പോൾ ഡൽഹി കോർപ്പറേഷനിൽ ഉണ്ടായിട്ടുള്ള വിജയം, ഹിമാചൽ പ്രദേശിലും ഗുജറാത്തിലും അക്കൌണ്ട് തുറക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ള കാര്യം ഇതൊക്കെ ഭാവിരാഷ്ട്രീയത്തിന്റെ മുതൽക്കൂട്ടായാണ് അവര്‍ കാണുന്നത്. അല്ലാതെ ബി.ജെ.പിയെ പരാജയപ്പെടുത്തുന്ന ഒരു ജനാധിപത്യ സംഖ്യനത്തിന്റെ, പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകണം എന്നുള്ള ഒരു വിശാലവീക്ഷണം ആം ആദ്മി പാർട്ടിക്ക് ഇല്ല.

ആം ആദ്മി പാർട്ടി കേവലം ഒരു ബദൽ ഹിന്ദുത്വ പാർട്ടിയാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. മതഭൂരിപക്ഷ സ്വഭാവമുള്ള ഒരു പാർട്ടിയല്ല ആം ആദ്മി പാര്ട്ടി . ചില പ്രസ്താവനകളും ഒറ്റപ്പെട്ട നിരീക്ഷണങ്ങളും ഒക്കെ ഹിന്ദുത്വസമീപനത്തോട് ചേർന്നു നിൽക്കുന്നതായി അവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടുണ്ട്. എങ്കിലും അവര്‍ കേവലം ഒരു ഹിന്ദുത്വ പാർട്ടിയല്ല എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹിന്ദുത്വ ലക്ഷ്യങ്ങളുള്ള ഒരു പാർട്ടിയല്ല ആം ആദ്മി പാർട്ടി. ഡൽഹിയിൽ അവരുടെ ഭരണകാലത്ത് ഹിന്ദുത്വത്തെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള പ്രധാനപ്പെട്ട നിലപാടുകൾ ഒന്നും അവർ എടുത്തിട്ടില്ല. എന്നാൽ ബിജെപിയുടെ ഹിന്ദുത്വത്തെ ശക്തമായി എതിര്ക്കുന്ന നിലപാടുകൾ അവർ കൈക്കൊണ്ടിട്ടില്ല. ഹിന്ദുത്വത്തെ ശക്തമായി ചെറുക്കുന്ന ഒരു പാർട്ടി എന്ന നിലക്കല്ല, ഭരണത്തിന്റെ തലത്തിൽ ബി.ജെ.പിയെക്കാലും കൊണ്ഗ്രസ്സിനെക്കാളും മെച്ചപ്പെട്ട രാഷ്ട്രീയ സംവിധാനം എന്ന മുദ്രാവാക്യത്തില്‍ പോരാടി അവരെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. ആം ആദ്മി പാര്ട്ടി അഭിനയിക്കുന്ന പ്രത്യശാസ്ത്രപരമായ അജ്ഞത നിഷ്കളങ്കമാണ് എന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ അവര്‍ ഇപ്പോഴും ഹിന്ദുത്വ മതഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എന്നാൽ ആം ആദ്മി പാർട്ടി അതിന്റെ സ്വാഭാവികമായ ശക്തിസംഭരിച്ച് ഒരു ബദൽ പാർട്ടിയായി വളർന്നുവന്നാല്‍പോലും അപ്പോഴേക്ക് ഇവിടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹിന്ദുത്വം ഭരണകൂടത്തിനുള്ളിൽ അങ്ങേയറ്റം സ്ഥാപനവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കും. അങ്ങനെ ഹിന്ദുത്വം സ്ഥാപനവത്കരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു ഭരണകൂടത്തെ അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ നിന്നും മോചിപ്പിക്കാനുള്ള രാഷ്ട്രീയം ആം ആദ്മി പാർട്ടിക്കില്ല. അവര് കുറേക്കൂടി മെച്ചപ്പെട്ട ഒരു ഭരണരീതി കൊണ്ടുവരും എന്നല്ലാതെ ,ഹിന്ദുത്വക്ക് എതിരായി ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി ആം ആദ്മി പാർട്ടി ഒറ്റക്ക് ഭാവിയിൽ ഇന്ത്യയിൽ അധികാരം പിടിച്ചെടുത്താൽപോലും നിലനിൽക്കില്ല. അപ്പോഴേക്കും ഇന്ത്യയുടെ സമസ്ത നാഡീവ്യൂഹങ്ങളിലും ഹിന്ദുത്വം പടർന്നു കഴിഞ്ഞിരിക്കും. അതിനെ മാറ്റാനുള്ള പ്രത്യയശാസ്ത്രപരമായ അകക്കാമ്പ് ആം ആദ്മി പാർട്ടിക്ക് ഇല്ല, അതിന്റെ നേതാവായ കെജ്രിവാളിനുമില്ല. ഗാന്ധിയൻ തത്വചിന്തയിൽ ഊന്നിനിൽക്കുന്ന ഹിന്ദു സ്വരാജ് സങ്കല്പത്തില്‍ വിശ്വസിക്കുകയും അഴിമതി വിരുദ്ധവും ജനക്ഷേമപരവുമായിട്ടുള്ള ഒരു സർക്കാർ ഉണ്ടാക്കുകയും ചെയ്യുക എന്ന പദ്ധതി മാത്രമെ അവര്ക്കിപ്പോഴുള്ളു. അതിനുള്ളിലെ സങ്കീർണ്ണമായ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ആം ആദ്മി പാർട്ടി കടന്നിട്ടില്ല. അതിനെ ആ അർത്ഥത്തിൽ ആം ആദ്മി പാർട്ടി അഭിമുഖീകരിക്കുന്നില്ല. അത് തുടർന്നും അങ്ങനെതന്നെയായിരിക്കും. പഞ്ചാബിലാണെങ്കിലും അവർ അതിനെ അഭിമുഖീകരിച്ചിട്ടില്ല. പഞ്ചാബിലെ സാഹചര്യങ്ങൾ ആം ആദ്മി പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകരമായിരുന്നു. കര്ഷകസമരത്തിന്റെകൂടി പശ്ചാത്തലത്തില്‍ മറ്റു രാഷ്ട്രീയ പാര്ട്ടികള്ക്ക് വിശ്വാസ്യത നഷപ്പെട്ടിരുന്ന ഒരു സാഹചര്യത്തില്‍ അവർ വളർന്ന് വലിയ ശക്തിയായി എന്നേയുള്ളു. അവിടെ കോൺഗ്രസിന്റെ ചെലവിലാണ് പ്രധാനമായും അവർ വളർന്നു വലുതായത്.

ജയപ്രകാശ് നാരായണന്‍

യഥാർത്ഥത്തിൽ അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷപ്പാർട്ടികൾ കോൺഗ്രസിന് എതിരെ ഉണ്ടാക്കിയതു പോലെ ഒരു പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിന് മാത്രമേ ഇന്നത്തെ അവസ്ഥയില്‍ ബിജെപിക്ക് ബദല്‍ ആവാന്‍ കഴിയൂ. അന്ന് കോൺഗ്രസ് അത്രയും വലിയ ഒരു ശക്തിയായിരുന്നു. അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്പോിലും വിഘടിച്ചു നില്ക്കുന്ന പ്രതിപക്ഷ പാര്ട്ടികള്ക്കൊന്നിനും കൊണ്ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റയ്ക്ക് ഒരു പാർട്ടിക്കും കോൺഗ്രസിനെ തോല്പ്പിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജയപ്രകാശ് നാരായന്റെ നേതൃതത്വിൽ, ആര്‍ എസ് എസ്സിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തില്‍, എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യയശാസ്ത്രപരമായി യാതൊരു യോജിപ്പും ഇല്ലാതിരുന്ന പാർട്ടികൾ ആയിരുന്നിട്ടുപോലും, ഒന്നിച്ചത്. ഉദാഹരണത്തിന് ജനസംഘവും, സിണ്ടിക്കേറ്റ് കോൺഗ്രസ്സും സോഷ്യലിസ്റ്റുകളും പല സ്ഥലങ്ങളിലും ഇടതുപക്ഷവും, ഇടതുപക്ഷം മുഴുവനുമല്ലെങ്കിലും സി.പി.എമ്മും ഒക്കെ ചേർന്നിട്ടുള്ള ഒരു മുന്നണിയാണ് 70 കളിൽ കോൺഗ്രസിനെതിരെ ഉയർന്നുവന്നത്. അതാണ് അടിയന്തരാവസ്ഥക്കു ശേഷം വിജയിക്കുന്നത്. അടിയന്തരാവസ്ഥക്കു മുമ്പും ആ മുന്നണി വിജയിച്ചിട്ടുണ്ട് ഗുജറാത്തിൽ. അടിയന്തരാവസ്ഥക്ക് മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ഗുജറാത്ത് ഇലക്ഷനിൽ ആ മുന്നണിയാണ് (ജനതാ മോര്ച്ച) വിജയിച്ചത്. അടിയന്തരാവസ്ഥ ഒദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും, അതിനു സമാനമായ ഒരു ആഭ്യന്തര് സാഹചര്യത്തിലേക്ക് ഇന്ത്യയെ തള്ളിയിടുന്ന ആര്‍എസ് എസ്- ബിജെപി രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ അത്തരത്തിലുള്ള വിശാലമായ പ്രതിപക്ഷ ഐക്യത്തിനു മാത്രമേ ബിജെപി ഭരണം ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ എഴുപതുകളിലെ കോണ്ഗ്രസ് വിരുദ്ധ മുന്നണിയുടെ ചരിത്രത്തില്നിന്നു പഠിക്കേണ്ട ഒരു രാഷ്ട്രീയപാഠമുണ്ട്. വിശാലമായ ഒരു രാഷ്ട്രീയ മുന്നണി ഉണ്ടാവുകയും കഴിയുന്നത്ര സംസ്ഥാനങ്ങളിലും അതിന്റെ പൊതു സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുകയും ചെയ്യുക എന്നതാണത്. ജനതാ പാർട്ടി അങ്ങനെയാണ് വിജയിച്ചത്. ജനതാമോർച്ച എന്ന പേരിൽ ആദ്യവും ജനതാപാർട്ടി എന്ന പേരിൽ പിന്നീടും പൊതു സ്ഥാനാർത്ഥികളെ നിർത്തിയാണ് അന്നത്തെ പ്രതിപക്ഷം പലയിടങ്ങളിലും മത്സരിച്ചത്. അതുപോലെ പൊതു സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കാൻ കഴിയുന്നില്ല എങ്കിൽപോലും , അർത്ഥവത്തായ സീറ്റ് വിഭജനത്തിലൂടെ പ്രതിപക്ഷപ്പാർട്ടികൾ ഒന്നിച്ചു നിന്നില്ലെങ്കിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്നത് ഇനിയും ഒരു മരീചികയായി തുടരും എന്നതാണ് ഹിമാചൽപ്രദേശിലേയും ഗുജറാത്തിലെയും മത്സരഫലങ്ങൾ കാണിക്കുന്നത്.

കര്‍ഷക സമരത്തിലെ പ്രതിപക്ഷ ഐക്യനിര. കടപ്പാട്: hindustan times

ഹിമാചൽ പ്രദേശ് ഒരു ചെറിയ സംസ്ഥാനമാണ്. ശക്തമായ ഭരണവിരുദ്ധ തരംഗം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ മുൻകാല ചരിത്രവും അങ്ങനെയാണ്. തുടര്ഭരണം ഒരു മുന്നണിക്കും അവിടെ ലഭിക്കാറില്ല. അതിന് ഇത്തവണയും മാറ്റം വന്നില്ല. സിപിഎമ്മിനും ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും അവര്‍ നാലാം സ്ഥാനത്ത് ആവുകയു ചെയ്തു. ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിലെപ്പോലെ വലിയൊരു പ്രഹരം കൊണ്ഗ്രസ്സിനു ഏൽപ്പിക്കാൻ സാധിച്ചതുമില്ല. ഗുജറാത്തില്‍ അമിത ഷാ അവകാശപ്പെടുന്നത് പോലെ ബി.ജെ.പിക്ക്‌ എതിരെയുള്ള ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുകയല്ല ഉണ്ടായത്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി മതഭൂരിപക്ഷ രാഷ്ട്രീയതിനു സ്ഥിരീകരണം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞ ഏക സംസ്ഥാനം എന്ന നില അവിടെ തുടരുക മാത്രമാണ് ഉണ്ടായതു. ഈ രണ്ടു അനുഭവങ്ങളില്‍ നിന്നും നമ്മൾ പഠിക്കുന്ന പ്രധാനപ്പെട്ട പാഠം കോൺഗ്രസിന് പ്രത്യക്ഷ സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് തന്നെ മുൻകൈ എടുത്ത് മുന്നണികൾ ഉണ്ടാക്കുകയും ആ മുന്നണികളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കുകയും ചെയ്തെങ്കിൽ മാത്രമെ അടുത്ത തെരഞ്ഞെടുപ്പിൽ ശക്തമായ ഒരു പോരാട്ടമെങ്കിലും ബി.ജെ.പിക്ക് എതിരെ കാഴ്ച്ചവെക്കുവാൻ പ്രതിപക്ഷത്തിന് കഴിയുകയുള്ളു എന്നതാണ്. കാലം അത്തരമൊരു രാഷ്ട്രീയ നീക്കം അവരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read