വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ചലച്ചിത്ര ലോകം സമഗ്രമായി അടയാളപ്പെടുത്തുകയാണ് ‘പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം’ (പ്രസാധനം: എസ്.പി.സി.എസ്). ചലച്ചിത്ര നിരൂപകനായ സി.എസ് വെങ്കിടേശ്വരന്റെ ഈ പുസ്തകം സത്യജിത് റായ്‌യുടെ സിനിമാ ലോകത്തെ സമ്പൂര്‍ണ്ണമായി സമീപിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളെയും കുറിച്ച് പറയുന്നു എന്നത് ഈ രചനയുടെ പ്രത്യേകതയാണ്. മനുഷ്യ ബന്ധങ്ങളുടെ പൊരുള്‍ അന്വേഷിച്ച റായിയെ പല വിതാനങ്ങളില്‍ സന്ദര്‍ശിക്കുകയും പുനഃസന്ദര്‍ശിക്കുകയുമാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. ഇതിലൂടെ വായനക്കാര്‍ക്ക് ഈ ചലച്ചിത്ര പ്രതിഭയെക്കുറിച്ച് കൃത്യവും ആഴത്തിലുള്ളതുമായ ചിത്രം ലഭിക്കുന്നു. 24 അധ്യായങ്ങളില്‍ എഴുതപ്പെട്ട പുസ്തകം റായിയുടെ സര്‍ഗലോകത്തെ ഇങ്ങിനെ സംക്ഷിപ്തമാക്കുന്നുവെന്ന് പറയാം: “കണ്ടെത്തലുകളുടേയും വേര്‍പാടുകളുടേയും പാതകളിലൂടെയാണ് മിക്കപ്പോഴും സത്യജിത് റായ് സഞ്ചരിക്കുന്നത്.”
ഈ ചലച്ചിത്രകാരന്റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പഥേര്‍ പാഞ്ചാലിയെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട് കണ്ടെത്തലുകളുടെ പാതകള്‍, വേര്‍പാടിന്റേയും എന്നാണ്. ഈ സങ്കല്‍പ്പം തന്നെയാണ് റായിയുടെ ചലച്ചിത്ര ലോകത്തിന്റെ അടിപ്പടവ്. പുസ്തകം വായനക്കാരന് നല്‍കുന്ന കാഴ്ച്ചപ്പാടുകളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെ. ഇന്ത്യന്‍ സിനിമ ഹിന്ദി സിനിമയും റായ് സിനിമയുമായി വിഭജിക്കപ്പെട്ട കാലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റായിയുടെ ഇന്ത്യന്‍ സിനിമയിലെ ഉന്നത സ്ഥാനം വ്യക്തമാക്കാന്‍ സഹായിക്കുന്നു.
ഈ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന യാത്രാസക്തിയെക്കുറിച്ചുള്ള നിരീക്ഷണവും പ്രധാനപ്പെട്ടതാണ്. റേ സിനിമയിലെ കഥാപാത്രങ്ങള്‍ മിക്കപ്പോഴും സഞ്ചാരികളാണ്. അവരില്‍ പലരും ഒറ്റക്കു സഞ്ചരിക്കുന്നവരുമാണ്. എന്താണ് ഇത്തരമൊരു കഥാപാത്ര സൃഷ്ടിയുടെ യുക്തി? ഗ്രന്ഥകാരന്‍ നല്‍കുന്ന ഉത്തരം ഇതാണ്: “ലോകത്തെ അറിയാനുള്ളതാണ് ഈ യാത്രകള്‍. അതു പലപ്പോഴും ദേശങ്ങളിലേക്കും ഒപ്പം തന്നെ മനുഷ്യ മനസ്സുകളിലേക്കും യാത്ര ചെയ്‌തെത്തുന്നു.” കഥാപാത്രങ്ങളുടെ യാത്രാഭ്രമത്തെ ഗ്രന്ഥകര്‍ത്താവ് കൂടുതല്‍ വിശദമാക്കുന്നുണ്ട്: “ലോകത്തെ അറിയാനുള്ള ആഗ്രഹവും സഞ്ചാര ഭ്രമവും ഉള്ളപ്പോഴും റായ് സിനിമകളുടെ മാതൃഭൂമി ബംഗാള്‍ തന്നെയായിരുന്നു. ബംഗാളികളുടെ ലോക യാത്രകളായിരുന്നു അവ. സ്വന്തം മണ്ണില്‍ വേരൂന്നിക്കൊണ്ട് ലോകത്തിന്റെ ആകാശത്തിലേക്കുള്ള പടര്‍ച്ചകളാണ് ഈ യാത്രകള്‍.”
ഇത് കഥാപാത്രങ്ങള്‍ക്കെന്ന പോലെ റായിക്കും ബാധകമാണ്. സ്വന്തം മണ്ണിലും വേരിലും ഉറച്ചു നിന്ന് അവിടെ നിന്നും ഒരിക്കലും പറിഞ്ഞു പോരാതെ ലോക സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കുകയാണ് ഈ ചലച്ചിത്ര പ്രതിഭ ചെയ്തത്. സര്‍ഗ പ്രവര്‍ത്തനങ്ങളുടെ അടിത്തറ സ്വന്തം മണ്ണും ഭാഷയുമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നു. അങ്ങിനെയുള്ള കലാകാരന്മാർക്കാണ് എക്കാലത്തും നിലനില്‍ക്കുന്ന സൃഷ്ടികള്‍ക്ക് രൂപം കൊടുക്കാനുമാകു. സാര്‍വ്വലൗകികനായിരിക്കുക, ഒപ്പം തദ്ദേശീയ വാസിയുമായിരിക്കുക- ഇതായിരുന്നു ഈ ചലച്ചിത്രകാരന്റെ ജീവിത-കലാ സങ്കല്‍പ്പം. എല്ലാ വലിയ സര്‍ഗ മനസ്സുകളിലും ഇതേ ആശയം പ്രവര്‍ത്തിച്ചിരുന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താനും നമുക്ക് കഴിയും.
വാക്ക്, വായന, ഭാഷ, എഴുത്ത് ഇവയെല്ലാം സത്യജിത് റായ് സിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയ അടരുകളാണെന്ന നിരീക്ഷണവും വെങ്കിടേശ്വരന്‍ അവതരിപ്പിക്കുന്നു.പുസ്തകത്തിലെ 19-ാം അധ്യായം ആരംഭിക്കുന്നത് ഈ വാചകവുമായാണ്. എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ ഈ സിനിമാ ലോകത്ത് കാണാം. എഴുത്തുകാരായ ഈ കഥാപാത്രങ്ങള്‍ ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും ആവിഷ്‌ക്കരിക്കുന്നതും വായനയിലൂടെയും എഴുത്തിലൂടെയുമാണ്. വാക്കും എഴുത്തുമാണ് മറ്റുള്ളവരിലേക്കും ലോകത്തിലേക്കും അവരെ നയിക്കുന്നതും അപരരേയും അവരവരേയും അറിയാന്‍ സഹായിക്കുന്നതും. ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ പുസ്തകത്തിന്റെ ഓരോ താളിലും കാണാം. ഈ സിനിമകള്‍ കാണാനും ആസ്വദിക്കാനും അവയെക്കുറിച്ച് പഠിക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള താക്കോല്‍ വാചകങ്ങളുടെ സമ്പന്നതയാണ് ഈ പുസ്തകത്തിന്റെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.
മറ്റൊരു നിരീക്ഷണം നോക്കുക: റായിയുടെ ആഖ്യാനങ്ങളെല്ലാം വളരെ ‘ക്ലാസിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന ആദിമദ്ധ്യാന്ത ഘടന പിന്തുടരുമ്പോഴും അവയുടെ അന്ത്യം ഒരിക്കലും സര്‍വ്വപ്രശ്‌ന പരിഹാരികളോ ആഖ്യാനം ഉയര്‍ത്തിയ എല്ലാ സമസ്യകളുടേയും പരിസമാപ്തിയോ ആകാറില്ല. പുതിയ ആഖ്യാന സന്ധികളിലും നൈതിക പ്രതിസന്ധികളിലും ചെന്നാണ് അവ അവസാനിക്കുക. ആയിത്തീരലോ ആയിക്കഴിയലോ അല്ല, നിരന്തരമായ ആയിക്കൊണ്ടിരിക്കലാണ് റായ് ലോകത്തിന്റെ ജീവതത്വം: ഇത്തരത്തിലുള്ള കാഴ്ച്ചകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ മൗലികത.
ടാഗോറിനേയും സത്യജിത്‌റായിയേയും താരതമ്യപ്പെടുത്തിയുള്ള അവതരണം ഇങ്ങിനെ: ടാഗോറിനെപ്പോലെ റായും ഏതെങ്കിലും ചില ആശയ ഗതികളുടേയോ നിലപാടുകളുടേയോ പക്ഷം പിടിക്കുവാനോ, അവ സ്ഥാപിക്കുവാനോ അല്ല തങ്ങളുടെ കൃതികളിലൂടെ ശ്രമിക്കുന്നത്. മറിച്ച്, അകവും പുറവും വ്യക്തികളും, സമൂഹവും ഗാര്‍ഹികവും പൊതുവും ആയതിന്റെ അതിരുകള്‍ ലംഘിക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോഴുണ്ടാവുന്ന ആത്മസംഘര്‍ഷങ്ങളെ, സാമൂഹ്യ പ്രതിസന്ധികളെ, നൈതികവും മാനുഷികവുമായ അവസ്ഥകളിലൂടെ പിന്തുടരാനും ആവിഷ്‌ക്കരിക്കാനുമാണ്: ഈ വാചകങ്ങള്‍ സത്യജിത് റായുടെ സിനിമാലോകത്തേക്ക്, അതിന്റെ ആശയ പ്രതലങ്ങളിലേക്ക് കൃത്യമായി വെളിച്ചം പായിക്കുന്നു.
റായിയുടെ രാഷ്ട്രീയ നിലപാടുകള്‍, പല കാര്യങ്ങളിലുമുള്ള മൗനം-തുടങ്ങിയ കാര്യങ്ങള്‍ പലപ്പോഴും നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിത കാലത്ത് ചുറ്റുപാടുമുണ്ടായിക്കൊണ്ടിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ട് അദ്ദേഹം പ്രതികരിച്ച സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. അതിനെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: 1943ലെ ഭക്ഷ്യക്ഷാമം, ചൈന-പാക്കിസ്ഥാന്‍ യുദ്ധങ്ങള്‍, ബംഗ്ലാദേശ് വിമോചന യുദ്ധം, അതിനെത്തുടര്‍ന്നുള്ള അഭയാര്‍ഥി പ്രവാഹം, അടിയന്തിരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത, നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പടര്‍ച്ചയും അതിന്റെ ഭാഗമായുള്ള യുവാക്കളുടെ പ്രതിഷേധ പ്രകനടങ്ങള്‍, ഏറ്റുമുട്ടലുകള്‍, പോലീസ് അതിക്രമങ്ങള്‍- എന്നിങ്ങനെ അങ്ങേയറ്റം പ്രക്ഷുബ്ധമായ ദശകങ്ങളായിരുന്നു അവ. തനിക്കു ചുറ്റും അരങ്ങേറുന്ന ഹിംസയേയും ഭീകരതയേയും അഴിമിതിയേയും കുറിച്ച് സത്യജിത് റായ് ആശങ്കപ്പെടുന്നുണ്ടെങ്കിലും പ്രത്യക്ഷമായ പ്രതികരണങ്ങള്‍ അപൂര്‍വ്വമായിരുന്നു: റായിയുടെ സമകാലികനായ ഋത്വിക്ക് ഘട്ടക്കിനെപ്പോലുള്ള ചലച്ചിത്രകാരന്‍മാര്‍ നേരെ തിരിച്ചായിരുന്നു. സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഉടന, നേരിട്ടുള്ള പ്രതികരണം അനിവാര്യമാണെന്ന് കരുതുകയും അങ്ങിനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നു ഘട്ടക്കടക്കമുള്ളവര്‍. റായ് നേരെ തിരിച്ചും. ഇതു പലപ്പോഴും ‘ദന്തഗോപുര വാസി’യായ സത്യജിത് റായ് എന്ന വിമര്‍ശനത്തിലേക്കെത്തുകയും ചെയ്തിരുന്നു.
ഈ കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ പ്രതികരണം ഇങ്ങിനെയാണ്: “തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രമേയങ്ങളും അവയിലെ ആഖ്യാന സംഘര്‍ഷങ്ങളും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആകുലതകളും ധാര്‍മ്മിക സമസ്യകളും എല്ലാം തന്റെ കാലത്തിനോടും ചരിത്രത്തിനോടും ഉള്ള ഗാഡപ്രതികരണങ്ങളായിരുന്നു എന്നു കാണാം. തനിക്കു ചുറ്റുമുള്ള അവസ്ഥകളോടുള്ള പ്രത്യക്ഷ പ്രതികരണങ്ങള്‍ അപൂര്‍വ്വമായിരിക്കാമെങ്കിലും അവ പ്രസരിപ്പിച്ച നൈതിക ഉദ്വേഗങ്ങളും, അധികാരം, ജനാധിപത്യം, മാനുഷികത, സ്വാതന്ത്ര്യം, ശാസ്ത്രബോധം, ജാതീയത, മതാന്ധത, മൗലികവാദം എന്നിവയെക്കുറിച്ചെല്ലാം അവ ഉയര്‍ത്തിയ ആശങ്കകളും ഇന്ന് കൂടുതല്‍ പ്രസക്തി നേടുകയാണ് എന്നു നമുക്കു കാണാം. ഇന്ത്യ എന്ന ആശയത്തേയും ആദര്‍ശത്തേയും യാഥാര്‍ഥ്യത്തേയും അതിന്റെ എല്ലാ വിധ ഹര്‍ഷ സംഘര്‍ഷങ്ങളോടെയും തന്റെ സിനിമകളിലൂടെ പിന്തുടര്‍ന്ന ചലച്ചിത്രകാരനാണ് സത്യജിത് റായ്.”
ഇങ്ങിനെ ചലച്ചിത്രകാരന്റെ നിലപാടിനെ സമീപിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ഇതിനോട് വിയോജിക്കുന്നവരും തീര്‍ച്ചയായും ഉണ്ടാകും. കലാകാരരുടെ രാഷ്ട്രീയം എവിടെയാണ്/എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള സംവാദത്തിലേക്ക് ഈ നിരീക്ഷണവും സമീപനവും വായനക്കാരെ ക്ഷണിക്കുന്നു. അതു കൊണ്ടു തന്നെ സംവാദത്തിന്റെ പുസ്തകം കൂടിയാണിത്. ബംഗാളില്‍, പ്രത്യേകിച്ചും കൊല്‍ക്കത്തയില്‍ കലാകാരന്റെ രാഷ്ട്രീയം എല്ലാ കാലത്തും പ്രധാനപ്പെട്ട ചര്‍ച്ചയാണ്, കേരളത്തിലേതെന്ന പോലെ. റായ് വിക്ടോറിയന്‍ മൂല്യങ്ങളെ കലയിലേക്ക് ഒളിച്ചു കടത്തി എന്ന വിമര്‍ശനം പോലും ഒരു കാലത്ത് ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ പറഞ്ഞ കാര്യം വലിയ ചര്‍ച്ചക്ക് തന്നെ കളമൊരുക്കുന്നു.
നിരവധി അഭിമുഖങ്ങള്‍ സത്യജിത് റായിയുമായി പല കാലങ്ങളില്‍ പലരും നടത്തിയിട്ടുണ്ട്. അഭിമുഖങ്ങളുടെ കലാകാരന്‍ കൂടിയാണ് റായ് എന്ന് അവ വായിച്ചു നോക്കിയാല്‍ മനസ്സിലാകും. നേരിട്ടുള്ള രാഷ്ട്രീയ സമീപനങ്ങളില്ലാതിരുന്ന അദ്ദേഹം തനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ അഭിമുഖങ്ങളിലൂടെയാണ് വെളിപ്പെടുത്തിയിരുന്നത്. അത്തരത്തിലുള്ള ഒന്നാണ് ബ്രിട്ടീഷ് കാലത്തെക്കുറിച്ചുള്ള പരാമര്‍ശം. “ഇന്ത്യയുടെ ബ്രിട്ടീഷ് പൈതൃകം എന്നത് വളരെ സങ്കീര്‍ണ്ണമായ സംഗതിയാണ്. നമ്മില്‍ പലരും അതിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഇരു സംസ്‌ക്കാരങ്ങളുമായി പരിചയമുണ്ടെന്നതില്‍ എനിക്ക് കൃതാര്‍ഥതയുണ്ട്. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയ്ക്ക് അതെനിക്ക് കൂടുതല്‍ ശക്തമായ ഒരു അടിത്തറ നല്‍കുന്നു.അതോടൊപ്പം അതു ചെയ്ത മോശപ്പെട്ട കാര്യങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്. അത് എന്തു വികാരമാണ് എന്നില്‍ അവശേഷിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല.” ഇന്ന് കോളനി കാലത്തെക്കുറിച്ച് പഠിക്കുന്നവര്‍ അംഗീകരിക്കാനിടയില്ലാത്ത അഭിപ്രായമാണിത്. പക്ഷെ തന്റെ ബോധ്യം അദ്ദേഹം തുറന്നു പറയുന്നു. അതില്‍ ഒരു ബ്രിട്ടീഷ് ചായ്‌വ് പ്രകടവുമാണ്. ഇത്തരത്തിലാണ് പലപ്പോഴും ഈ ചലച്ചിത്രകാരന്‍ തന്റെ ധാരണകളും ബോധ്യങ്ങളും പുറം ലോകത്തെ അറിയിച്ചിരുന്നത്. അത്തരം മാതൃകകളും പുസ്തകത്തില്‍ കാണാം. റായ് സിനിമയെക്കുറിച്ച് സ്വന്തം നിലയില്‍ ധാരാളം എഴുതുക കൂടി ചെയ്ത ആളുമായിരുന്നല്ലോ. അതു കൊണ്ട് അദ്ദേഹത്തിന്റെ സമീപനങ്ങള്‍ ഒരാള്‍ക്ക് കണ്ടെത്താന്‍ നിരവധി സ്രോതസ്സുകളുണ്ടെന്ന് സി.എസ്.വെങ്കിടേശ്വരന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. സത്യജിത് റേ ആ നിലയില്‍ സ്വന്തമായി ഒരു ആര്‍ക്കൈവ് തന്നെയായി പരിവര്‍ത്തിപ്പിക്കപ്പെടുന്നതിന്റെ അനുഭവമാണ് പുസ്തകം അനുവാചകന് സമ്മാനിക്കുന്നത്. ഒരു മുഴുനീള സിനിമാ-കലാജീവിതത്തെ പിന്തുടര്‍ന്ന് ചരിത്രാധ്യായം തന്നെ എഴുതുകയാണ് ഗ്രന്ഥകര്‍ത്താവ്.
സത്യജിത്‌റായ് ജന്മശതാബ്ദി വര്‍ഷത്തില്‍ (2021) എഴുതപ്പെട്ട പുസ്തകത്തിന്റെ പിന്നാമ്പുറച്ചട്ടയിലെ ബ്ലര്‍ബ് ഇങ്ങിനെ: വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകനായ സത്യജിത് റായ് യുടെ സിനിമാലോകത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രചന. അദ്ദേഹത്തിന്റെ രചനാ ജീവിതത്തേയും സിനിമകളിലെ സ്ഥല രാശികളെയും രംഗങ്ങളെയും അനന്യമായി അവതരിപ്പിക്കുന്ന ഈ പുസ്തകം ചലച്ചിത്രാസ്വാദകര്‍ക്കും സിനിമാപഠിതാക്കള്‍ക്കും ഒട്ടനവധി അറിവുകളുടെ വാതായനങ്ങളാണ് തുറന്നു നല്‍കുന്നത്. ഇത് അക്ഷരം പ്രതി ശരിയാണെന്ന് പുസ്തകത്തിന്റെ വായനാനുഭവത്തില്‍ നിന്നും ഒരാള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും, തീര്‍ച്ച.