അള്‍ഖഢയിലൂടെ എറിഞ്ഞ് തരുന്ന ഭക്ഷണം

നാല് പേരേയും പ്രത്യേകം കൈയ്യാമം വെച്ചാണ് കൊണ്ടുപോകുന്നത്. എല്ലാവരുടേയും കൈയ്യാമത്തോട് നീണ്ട ഓരോ ഇരുമ്പ് ചങ്ങലയും ഘടിപ്പിച്ചിരുന്നു. പട്ടികളെ ചങ്ങലക്കിട്ട് കൊണ്ടുപോകുന്ന പോലെയാണ് ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആശുപത്രിയില്‍ ചികിത്സ തേടി എത്തിയവര്‍ ഞങ്ങളെ സൂക്ഷിച്ച് നോക്കുകയും ഞങ്ങള്‍ക്കായി വഴിമാറി തരികയും ചെയ്യുന്നു. കറുപ്പും കാക്കിയും യൂണിഫോമിലുള്ളവരും സിവില്‍ ഡ്രസ്സിലുള്ള ഉദ്യോഗസ്ഥരും അടക്കം ഒരു ഡസനിലധികം എസ്.ടി.എഫ് ഉദ്യോഗസ്ഥരാണ് ഞങ്ങളെ അനുഗമിക്കുന്നത്. എന്റെ കൈയ്യാമം പിടിച്ചിരിക്കുന്നത് കറുത്ത യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹം എന്നോട് ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത്. എന്റെ കൈയ്യില്‍ ഘടിപ്പിച്ച ചങ്ങല അദ്ദേഹം വെറുതെ പിടിച്ച് വലിച്ച് വേദനിപ്പിക്കുകയും എന്നെ ശക്തിയോടെ വലിച്ചുകൊണ്ട് ഓടുകയും ചെയ്യുന്നു. ഡ്രൈവര്‍ ആലം അദ്ദേഹത്തോട് പതുക്കെ വലിക്കാന്‍ അപേക്ഷിച്ച് കൊണ്ടിരുന്നു. എന്നാല്‍, ഇവനാണ് മാസ്റ്റര്‍ മൈന്‍ഡ്, ഇവന്‍ ആളൊരു അപകടകാരിയാണ് എന്നാണ് അദ്ദേഹം അതിന് നല്‍കിയ മറുപടി. ഡ്രൈവര്‍ അടക്കം മറ്റ് മൂന്ന് പേരോടും ഉദ്യോഗസ്ഥര്‍ മയത്തിലാണ് പെരുമാറുന്നത്.

ഞങ്ങളെ എത്തിച്ചിരിക്കുന്നത് ഗൗതം ബുദ്ധ നഗര്‍ ജില്ലാ ആശുപത്രിയാണെന്നാണ് തോന്നുന്നത്. ഓരോരുത്തരെയായി ഡോക്ടറുടെ മുന്നില്‍ എത്തിച്ചു. പേരു വിവരങ്ങളും ചോദിച്ചറിഞ്ഞു. ചുമയുണ്ടോ പനിയുണ്ടോ എന്ന് ചോദിച്ച് സ്റ്റെതസ്കോപ്പ് വെച്ച് ഹൃദയസ്പന്ദനം പരിശോധിച്ച് നാലു പേര്‍ക്കും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരികെ വണ്ടിയില്‍ കയറ്റി വീണ്ടും യാത്ര തുടര്‍ന്നു. ഞങ്ങളെ ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്നാണ് കരുതിയത്. എന്നാല്‍, ഞങ്ങളെ കൊണ്ടുപോകുന്നത് ഹാത്രസിലേക്കാണെന്ന് റോഡ് അരികിലെ സൂചനാ ബോര്‍ഡുകളും എസ്.ടി.എഫ് ഉദ്യോഗസ്ഥന്റെ മൊബൈലില്‍ നിന്നുള്ള ഗൂഗിള്‍ മാപ്പിന്റെ ശബ്ദ സന്ദേശവും ഞങ്ങള്‍ക്ക് സൂചന നല്‍കി. ഇതുവരെ ഹാത്രസില്‍ എത്താത്ത ഞങ്ങളെ എന്തിനാണ് ഇനി തെളിവെടുപ്പിനായി ഹാത്രസില്‍ കൊണ്ടുപോകുന്നതെന്ന ആശങ്കയായി ഞങ്ങള്‍ക്ക്. ഈ യാത്രയില്‍ ഇപ്പോള്‍ എന്നെ കയറ്റിയ വണ്ടിയിലാണ് അത്തീക്കുറഹ്മാനെയും കയറ്റിയിരിക്കുന്നത്. മൊബൈലില്‍ ജി.പി.എസ്സും ഗൂഗിള്‍ മാപ്പും പ്രവര്‍ത്തിപ്പിച്ചാണ് ഞങ്ങളേയും കൊണ്ട് എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍ ഹാത്രസിലേക്ക് പോകുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്ററായിരുന്ന അഭിനന്ദന്‍ വര്‍ദ്ധമാനെ ഓര്‍മിപ്പിക്കുന്ന രൂപ സാദൃശ്യമുള്ള എസ്.ടി.എഫിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഞങ്ങളുടെ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിന്നിരുന്നത്. ഞങ്ങളുടെ വാഹനത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്റെ പെരുമാറ്റം എനിക്ക് വലിയ അലോസരമായി തോന്നി. റോഡിലൂടെ കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലും പോകുന്ന സ്ത്രീകളെ മുഴുവന്‍ അശ്ലീല വാക്കുകളും ആംഗ്യങ്ങളും കാണിച്ച് കമന്റടിക്കുകയും അവരുടെ ശരീരഭാഗങ്ങളെ കുറിച്ച് വണ്ടിയിലിരിക്കുന്ന മറ്റു പൊലീസുകാരുമായും പറഞ്ഞ് കളിയാക്കി ചിരിക്കുകയുമായിരുന്നു യാത്രയിലുടനീളം അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഇതിന് സാക്ഷിയായി വണ്ടിയില്‍ ഇരിക്കുക എന്നത് അസഹനീയമായ അവസ്ഥയായിരുന്നു.

ഹാത്രസിലേക്കുള്ള വഴി. കടപ്പാട്:quint

ഹാത്രസ് ജില്ലാ അതിര്‍ത്തി വരെ കൊണ്ടുപോയി ഞങ്ങളെയും കൊണ്ട് വാഹനം തിരിച്ച് പോന്നു. ഇതിനിടയില്‍ ഭക്ഷണം വാങ്ങി തരാനോ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനോ ഒന്നും വാഹനം നിര്‍ത്തിയില്ല. ഞങ്ങളോടൊപ്പമുള്ള ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ടിഫിന്‍ തുറന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ഹാത്രസില്‍ കൊണ്ടുപോയി എന്നതിനുള്ള ഡിജിറ്റല്‍ തെളിവുണ്ടാക്കുന്നതിനായിട്ടാണ് ജി.പി.എസ് പ്രവര്‍ത്തിപ്പിച്ചിരുന്നത് എന്നാണ് തോന്നുന്നത്. വാഹനത്തില്‍ ആണെങ്കില്‍ പൊലീസുകാരുടെ ആധിക്യം കാരണം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ശരിയായ രീതിയില്‍ ഇരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. കോടതിയെ ബോധ്യപ്പെടുത്താനായിരുന്നുവെന്ന് തോന്നുന്നു, പേരിന് ഹാത്രസ് ജില്ലാ അതിര്‍ത്തിയില്‍ കടന്ന് തിരിച്ചുപോവുകയാണ്. എങ്ങോട്ടാണെന്ന് അറിയില്ല, വീണ്ടും എസ്.ടി.എഫ് ആസ്ഥാനത്തേക്കാണോ അതോ ജയിലിലേക്കോ? ജയിലിലേക്ക് ആയാല്‍ മതിയായിരുന്നു എന്നാണ് പ്രാര്‍ത്ഥന.

എന്റെ ഒരു വശത്ത് ഇരിക്കുന്ന എസ്.ടി.എഫ് കോണ്‍സ്റ്റബിള്‍ ഹരിയോമാണ്. അദ്ദേഹത്തിന്റെ സംസാരഭാഷ കേട്ടിട്ട് വെസ്റ്റ് യു.പിയില്‍ നിന്നുള്ളയാളാണെന്നാണ് തോന്നുന്നത്. മുസഫര്‍നഗര്‍, ബാഗ്പത്ത്, മീററ്റ് ജില്ലകളില്‍ ഒന്നില്‍ നിന്നാണെന്നാണ് തോന്നിയത്. സമയം കിട്ടുമ്പോള്‍ എല്ലാം, ചൈനയില്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ നേരിടുന്ന സ്വാതന്ത്ര്യവും താരതമ്യം ചെയ്ത് എനിക്ക് ക്ലാസെടുത്ത് തരാന്‍ അദ്ദേഹം പ്രത്യേകം താത്പര്യം കാണിച്ചു. ഇടക്ക് തോക്കിന്റെ പിടികൊണ്ട് എന്റെ മുതുകത്ത് കുത്തുകയും തോക്കിന്‍ കുഴല്‍ പുറത്ത് കൂടെ ചലിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഞങ്ങളേയും കൊണ്ട് എസ്.ടി.എഫ് സംഘം അതിവേഗതയില്‍ കുതിക്കുകയാണ്. യാത്ര ഗൗതം ബുദ്ധ നഗറിലെ എസ്.ടി.എഫ് ആസ്ഥാനത്തേക്കല്ലെന്ന് വാഹനം നീങ്ങുന്ന റോഡുകളുടെ ദിശാ ബോര്‍ഡുകളില്‍ നിന്ന് ഏകദേശം മനസ്സിലായി തുടങ്ങി. എന്റെ മനസ്സ് ശാന്തമായി. പക്ഷേ, കുറേ നേരമായി പിടിച്ച് നിര്‍ത്തിയിരിക്കുന്ന മൂത്രം നിയന്ത്രണവിട്ട് പുറത്തേക്ക് വരുമോ എന്ന ഭയമായി എനിക്ക്. ഒന്ന് മൂത്രമൊഴിക്കാന്‍ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് അനുവാദം ലഭിച്ചിരുന്നില്ല. ആളൊഴിഞ്ഞ പ്രദേശത്തെത്തുമ്പോള്‍ വാഹനം നിര്‍ത്താമെന്ന് പറയുകയല്ലാതെ വാഹനം നിര്‍ത്തുന്നില്ല. ഒന്ന് മൂത്രമൊഴിക്കാന്‍ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കെഞ്ചേണ്ടി വരുന്ന അവസ്ഥ. സങ്കടവും ദേഷ്യവും ചേര്‍ന്ന വല്ലാത്തെ ഒരു വികാരമായിരുന്നു അപ്പോള്‍.

ഹാത്രസ് ടൗൺ

ഞാന്‍ കൂടുതല്‍ ദൈവീക ചിന്തയില്‍ മുഴുകാന്‍ തുടങ്ങി. ഭക്ഷണമോ വെള്ളമോ കഴിക്കാതെ എത്ര നേരവും പിടിച്ച് നില്‍ക്കാം. മൂത്രമൊഴിക്കാതെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ പാന്റിലൂടെ മൂത്രമൊഴിച്ചാലോ എന്ന് അത്തീക്കിനോട് ചോദിച്ചു. അദ്ദേഹം എനിക്ക് വേണ്ടി വീണ്ടും ഉദ്യോഗസ്ഥനോട് വണ്ടി നിര്‍ത്താന്‍ അപേക്ഷിച്ചു. ചോദിച്ച് പിന്നെയും കിലോ മീറ്ററുകള്‍ പിന്നിട്ട് വാഹനം നിര്‍ത്തിതന്നു. അപ്പോഴേക്കും ഞാന്‍ കുറച്ച് മൂത്രം പാന്റില്‍ ഒഴിച്ചിരുന്നു. എന്റേയും അത്തീക്കുറഹ്മാന്റെയും കൈയ്യുകള്‍ ഒന്നിച്ച് കൈയ്യാമം വെച്ചിരിക്കുകയാണ്. രണ്ടു പേരേയും ഒന്നിച്ച് ഇറക്കി മൂത്രമൊഴിപ്പിച്ചു. ഞങ്ങള്‍ രണ്ടു പേരും റോഡ് സൈഡില്‍ നിന്ന് മൂത്രമൊഴിച്ചു. ഞങ്ങള്‍ക്ക് കാവലായി രണ്ടു കോണ്‍സ്റ്റബിള്‍ ഇടതും വലതും നിന്നു. വൈകുന്നേരം ആറ് മണിയോടെ, ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള എസ്.ടി.എഫ് വാഹനം മഥുര ജില്ലാ ജയിലിന് പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറും ഒന്ന് രണ്ട് ഉദ്യോഗസ്ഥരും ജയിലിനകത്തേക്ക് കയറിപ്പോപോയി. അരമണിക്കൂറോളം ഞങ്ങളെ ജയിലിന് പുറത്ത് വണ്ടിയില്‍ തന്നെ ഇരുത്തി. ഹരിയോം എനിക്ക് ‘സാരോപദേശങ്ങള്‍’ നല്‍കികൊണ്ടേയിരുന്നു. കേരളത്തിലെ മുസ്ലീംങ്ങള്‍ പഴയ കാലത്ത് ദലിതുകളായിരുന്നു, ദലിതുകള്‍ മതം മാറിയതാണ് കേരളത്തിലെ മുസ്ലീംങ്ങള്‍, അതുകൊണ്ടാണ് അവര്‍ ദലിതുകളുടെ വിഷയത്തില്‍ നിരന്തരം ഇടപെടുന്നതെന്നായിരുന്നു ഹരിയോമിന്റെ പക്ഷം. അദ്ദേഹം പറയുന്ന ‘ചരിത്ര വസ്തുതകള്‍’ എല്ലാം കേട്ടുകൊണ്ട് ഇരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അദ്ദേഹത്തെ ഖണ്ഡിക്കാനോ മറിച്ചെന്തെങ്കിലും മറുപടി പറയാനോ ഞാന്‍ മുതിര്‍ന്നില്ല. എന്റെ കൂടെയുള്ള മറ്റു മൂന്ന് പേരേയും ഞാന്‍ കുടുക്കുകയായിരുന്നു, ഞാനാണ് മാസ്റ്റര്‍ മൈന്‍ഡ് എന്നാണ് എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍ ധരിച്ച് വെച്ചിരിക്കുന്നതും മറ്റുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നത്.

അരമണിക്കൂറോളം ജയിലിന് പുറത്ത് നിര്‍ത്തിയ ഞങ്ങളെ ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചു. ദേഹ പരിശോധനയും കൃഷിക്ക് കീടനാശിനി തളിക്കുന്ന യന്ത്രം ഉപയോഗിച്ച് സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി ഞങ്ങളെ നേരെ കൊണ്ടുപോയത് തന്‍ഹായിയിലേക്കാണ്. എസ്.ടി.എഫ് കസ്റ്റഡിയില്‍ നിന്ന് തിരിച്ച് വന്ന സന്തോഷത്തിലും ആശ്വാസത്തിലുമായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ തടവില്‍ കഴിഞ്ഞിരുന്ന ഒമ്പതാം നമ്പര്‍ മുലായജ ബാരക്കിലെ സഹതടവുകാരെ കാണാനും സംസാരിക്കാനും മനഃസ്സമാധാനത്തോടെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും സാധിക്കുമല്ലോ എന്നതായിരുന്നു ആശ്വസം. എന്നാല്‍, കുഷ്ഠം, എയ്ഡ്സ് രോഗ ബാധിതരായ തടവുകാര്‍, മയക്കുമരുന്നിന് അടിമകളായ അക്രമാസക്തരായ തടവുകാര്‍ എന്നിവരെ പാര്‍പ്പിക്കുന്ന ഇടുങ്ങിയ ഏകാന്ത തടവറകളാണ് തന്‍ഹായി. ആറര ഏഴടി വീതിയും പത്തടിയോളം നീളവുമുള്ള നമ്മുടെ വീടുകളിലെ ഒരു ബാത്ത് റൂമിന്റെ വീതി വിസ്താരമുള്ള തടവറകളാണ് തന്‍ഹായികള്‍. ഇതിനുള്ളില്‍ ഒരു അരമതില്‍ കെട്ടി വേര്‍തിരിച്ച ഭാഗത്ത് ഒരു ഇന്ത്യന്‍ ക്ലോസറ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഈ തന്‍ഹായിക്കകത്താണ് ഇനി ഒരാഴ്ച ഞങ്ങള്‍ നാല് പേര്‍ താമസിക്കേണ്ടത്, ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് ഞങ്ങളെ.

ഒറ്റ നിരയിലായി സ്ഥാപിച്ച അഞ്ച് തന്‍ഹായികളില്‍ മൂന്നാമത്തെ തന്‍ഹായി മുറിയിലാണ് ഞങ്ങളെ പൂട്ടിയിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ‘അള്‍ഖഢ’ എന്ന് പറയുന്ന ഒരു കമ്പി വാതില്‍ ഉണ്ട് തന്‍ഹായിക്ക്. ഭക്ഷണ വിതരണത്തിന് പോലും വാതില്‍ തുറക്കില്ല. ഭക്ഷണം വിതരണം ചെയ്യുന്ന പാക്ക്ശാലയിലെ തടവുകാര്‍, കൂട്ടിലടക്കപ്പെട്ട സിംഹങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പോലെ അള്‍ഖഢയുടെ അഴികള്‍ക്കുള്ളിലൂടെ അകത്ത് പാത്രവുമായി നില്‍ക്കുന്ന ഞങ്ങളുടെ പാത്രങ്ങളിലേക്ക് എറിഞ്ഞു തരും. പകുതി ഭക്ഷണം അള്‍ഖഢയ്ക്ക് പുറത്തും പകുതി ഞങ്ങളുടെ പാത്രത്തിലുമുണ്ടാവും. ഭക്ഷണ സമയത്ത് വാതില്‍ തുറന്ന് ഭക്ഷണം വാങ്ങാന്‍ അനുവദിക്കണമെന്ന് തന്‍ഹായിയുടെ മേല്‍നോട്ടക്കാരനായ നമ്പര്‍ദാറോട് ആവശ്യപ്പെട്ടെങ്കിലും അതിന് അനുമതി നിഷേധിക്കപ്പെട്ടു. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാതെ അള്‍ഖഢ തുറക്കാന്‍ അനുവാദമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ, ഞങ്ങള്‍ അള്‍ഖഢയിലൂടെ എറിഞ്ഞു കിട്ടുന്ന ഭക്ഷണം സ്വീകരിക്കേണ്ടെന്നും ‘ഭൂഖ് ഹഡ്ത്താല്‍’ (പട്ടിണി സമരം) നടത്താനും തീരുമാനിച്ചു. ഞങ്ങള്‍ ഭക്ഷണം ഉപേക്ഷിച്ച് സമരം തുടങ്ങി. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചപ്പോള്‍ തന്നെ ഭക്ഷണം കൊണ്ടുവരുന്ന തടവുകാര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി, “റൊട്ടി നഹി കായേഗ തോ, ആപ് ലോഗ് ലാഠി കായേഗ” – റൊട്ടി കയിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ലാത്തി അടി കിട്ടും – എന്ന അര്‍ത്ഥത്തില്‍ ആണ് ‘ലാഠി കായേഗ’ (ലാത്തി കഴിക്കുക) എന്ന് പറയുന്നത്. ഹിന്ദിയിലെ ഒരു നാടന്‍ പ്രയോഗമാണ്.

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read December 25, 2023 12:59 pm