Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മാർച്ച് മാസത്തിൽ സുപ്രീംകോടതി നടത്തിയ പ്രധാന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പിതൃത്വ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും രാജ്യത്ത് ഉയരുന്നത്. പ്രസവാവധികളുമായി ബന്ധപ്പെട്ട രണ്ട് നിർണായക നിരീക്ഷണങ്ങളാണ് കോടതി രേഖപ്പെടുത്തിയത്. ആദ്യത്തേത്, മൂന്ന് മാസത്തിലധികം പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അമ്മമാർക്കും ശമ്പളത്തോടുകൂടിയ പ്രസവാവധി നൽകണമെന്ന നിർദേശമാണ്. മുമ്പ്, മൂന്ന് മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അമ്മമാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ. ജൈവിക മാതൃത്വവും ദത്തെടുക്കൽ മാതൃത്വവും തമ്മിലുള്ള വ്യത്യാസം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള കാരണമാകരുതെന്ന് കോടതി വ്യക്തമാക്കി.
രണ്ടാമത്തേത്, പുരുഷന്മാർക്ക് പ്രസവാവധി നൽകുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമാക്കി മാറ്റണമെന്നാണ് കോടതിയുടെ നിലപാട്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ത്രീകളിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് ലിംഗപരമായ അനീതിയാണെന്ന് കോടതി കണ്ടെത്തി. ഈ രണ്ട് നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പിതൃത്വ അവധിയെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും ശക്തിപ്പെടുന്നത്.
Maternity leave v/s Paternity leave
രാജ്യത്തെ സർക്കാർ സേവനങ്ങളിൽ പ്രസവാവധിയുമായി ബന്ധപ്പെട്ട് രണ്ട് തരം അവധികളാണ് നിലനിൽക്കുന്നത്. ആദ്യത്തേത് സാധാരണയായി പറയുന്ന പ്രസവാവധിയാണ്—പ്രസവത്തിന് മുൻപ് എട്ട് ആഴ്ചയും പ്രസവത്തിന് ശേഷം 18 ആഴ്ചയും ശമ്പളത്തോടുകൂടിയ അവധി. മറ്റൊന്ന് ചൈൽഡ് കെയർ ലീവാണ്—ചില നിബന്ധനകളോടുകൂടെ കുഞ്ഞിന്റെ പരിപാലനത്തിനായി വേതനത്തോടുകൂടി അനുവദിക്കുന്ന അവധി. നിയമപ്രകാരം, മെറ്റേണിറ്റി ലീവ് 26 ആഴ്ചയും ചൈൽഡ് കെയർ ലീവ് സർവീസ് കാലഘട്ടത്തിൽ മൊത്തം 730 ദിവസവും എടുക്കാം. ഈ രണ്ട് അവധികളും സ്ത്രീകൾക്ക് അനുവദിക്കുന്നത് പ്രസവ-പ്രസവാനുബന്ധ കാലഘട്ടത്തിലെ ശാരീരിക പുനരാവശിഷ്ടത, കുഞ്ഞിന്റെ ആരോഗ്യസുരക്ഷ, മാനസിക-ശാരീരിക വളർച്ച, രക്ഷിതാക്കളുമായുള്ള ബോണ്ടിങ് എന്നിവ മുൻനിർത്തിയാണ്.
എന്നാൽ, ഈ രണ്ട് അവധികളുടെയും സ്വഭാവം പ്രത്യുൽപാദനപരമായ പരിചരണം പൂർണമായും സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന പരമ്പരാഗത ആണാധിപത്യ സമൂഹത്തിന്റെ ആശയങ്ങളെ ഉറപ്പിക്കുന്നതാണ്. സ്റ്റേറ്റ് തന്നെ സമൂഹത്തിൽ ഈ ആശയം നിരന്തരം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനവും നിലനിൽക്കുന്നു. ഈ ചർച്ചകളുടെ മൂർദ്ധന്യാവസ്ഥയിലാണ് പിതൃത്വ അവധി സംബന്ധിച്ച ചർച്ചകൾ പ്രാധാന്യം നേടുന്നത്.
മേൽപ്പറഞ്ഞ ചൈൽഡ് കെയർ ലീവ് സംവിധാനത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പുരുഷനും ഈ അവധി അനുവദിക്കുന്ന ക്രമീകരണങ്ങൾ ഉണ്ട്. പ്രസവത്തിൽ അമ്മ മരണപ്പെടുകയോ, ഡിവോഴ്സ് കേസുകൾ നിലനിൽക്കുന്ന സന്ദർഭങ്ങളിൽ, നിബന്ധനകൾക്ക് വിധേയമായി പുരുഷനും ചൈൽഡ് കെയർ ലീവ് അനുവദിക്കുന്നുണ്ട്. എന്നാൽ, ഈ വിശേഷ സാഹചര്യങ്ങൾ മാറ്റി നിർത്തിയാൽ പരിചരണം (Care) സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നതെങ്ങനെയാണ്? കുഞ്ഞിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം സ്ത്രീക്കും പുരുഷനുമിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ, സ്ത്രീകൾക്ക് നൽകുന്ന അതേ അവധി പുരുഷനും ലഭ്യമാക്കണമെന്ന് നിലവിലെ കോടതി നിർദ്ദേശങ്ങളും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഇപ്പോൾ ഉയർന്നു കേൾക്കുന്ന ഈ ആവശ്യം നിറവേറ്റുന്നതിലൂടെ കുഞ്ഞിന്റെ സംരക്ഷണത്തിലും കെയർ ജോലികളിലും യഥാർത്ഥ തുല്യത ഉറപ്പാക്കുന്ന ഒരു സമൂഹത്തിലാണോ നമ്മൾ ജീവിക്കുന്നത് എന്ന് പരിശോധിക്കേണ്ടിരിക്കുന്നു.


‘സ്വല്പം കെയർ പൊളിറ്റിക്സ്’
സ്ത്രീയെ വേതനരഹിത ഗാർഹിക തൊഴിലുകളിലേക്കും പരിചരണ ഉത്തരവാദിത്വങ്ങളിലേക്കും, പുരുഷനെ വേതനത്തോടുകൂടിയ തൊഴിലുകളിലേക്കും എത്തിക്കുന്ന സാമൂഹിക ഘടനയാണ് നമുക്കുചുറ്റും നിലനിൽക്കുന്നത്. അധികാരം എല്ലായ്പ്പോഴും പണമൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതിനാൽ, പുരുഷനിൽ അധികാരം കേന്ദ്രീകരിക്കപ്പെടുകയും സ്ത്രീ വിധേയയാകേണ്ടി വരുകയും ചെയ്യുന്നു. മാത്രമല്ല, സ്ത്രീയും പുരുഷനും ഒരുപോലെ തൊഴിലെടുക്കുന്ന സാഹചര്യങ്ങളിലും ഗാർഹിക ജോലികളും, സാമൂഹിക പുനരുപാദനവും പൂർണ്ണമായും സ്ത്രീയുടെ പ്രാഥമിക ഉത്തരവാദിത്തമായി തന്നെ നിലനിൽക്കുന്നു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന പരിചരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പരിചരണത്തിനെ പൂർണ്ണമായും സ്ത്രീയുടെ ഒരു സ്വാഭാവിക ഉത്തരവാദിത്വമായി നിർവചിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണവും പരിചരണവും സ്ത്രീയുടെ ശരീരത്തെയും വൈകാരികതയെയും ആശ്രയിക്കുന്ന രീതിയിൽ നിർവഹിക്കപ്പെടുകയും പുരുഷനെ അതിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന സമീപനം സ്റ്റേറ്റ് ഉൾപ്പെടെ സ്വീകരിക്കുന്നുവെന്ന് ഈ നിയമങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാണ്. ഈ സമീപനത്തിന്റെ ഉറവിടം പുരുഷ‑കേന്ദ്രീകൃതമായി രൂപപ്പെട്ട കുടുംബ സങ്കല്പങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്നു. ‘അമ്മ’ എന്നത് കുഞ്ഞിന് ഭക്ഷണം നൽകുക, കുളിപ്പിക്കുക, വൃത്തിയാക്കുക, ഉടുപ്പിടിപ്പിക്കുക എന്നീ ദൈനംദിന പരിചരണ ജോലികൾ ഏറ്റെടുക്കുന്ന ഒരു വ്യക്തിയായും, ‘അച്ഛൻ’ സ്വയം സംരക്ഷിക്കുകയും കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്കുകയും ചെയ്യുന്ന ‘പ്രൊട്ടക്ടർ ആൻഡ് പ്രൊവൈഡർ’ (Protector and Provider) എന്ന പാട്രിയാർക്കൽ ഭാവനയായും സാമൂഹികമായി നിർവചിക്കപ്പെട്ടിരിക്കുന്നു. ഈ പാട്രിയാർക്കിയുടെ ഭൂതം സ്റ്റേറ്റിന്റെ കേവലം ബാഹ്യ സംസ്കാരത്തിൽ മാത്രമല്ല, സ്റ്റേറ്റ് നയങ്ങളും നിയമങ്ങളും എന്ന നിലയിലും ഒളിഞ്ഞുകൂടി നിൽക്കുന്നതായി കാണാം.
സ്ത്രീ എത്രത്തോളം വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചാലും, ഈ പാട്രിയാർക്കിയുടെ ഭൂതങ്ങൾ വീണ്ടും ‘കെയർ’ എന്ന പേരിൽ അടുക്കളയിലേക്കും ബെഡ്‌റൂമിലേക്കും വീടിനകത്തേക്ക് തന്നെ സ്ത്രീയെ തിരിച്ചുക്കൊണ്ടുവരുന്നു. ഒരു കുഞ്ഞുള്ള അമ്മ കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ചുകൊണ്ട് തൊഴിലിടത്തിലേക്ക് പോകുന്നുവെന്ന് കേൾക്കുമ്പോൾ അതിനെ എത്ര അശ്ലീല തീരുമാനമായി നമ്മുടെ സമൂഹം ഇപ്പോഴും കണക്കാക്കുന്നുവെന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ‘കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ചുവിട്ട് അമ്മ തൊഴിലെടുക്കാൻ പോയി’ എന്നൊരു വാക്ക് കേട്ടാൽ പാട്രിയാർക്കിയുടെ നെറ്റി ചുളിഞ്ഞ് മുറുകിപ്പോകുന്നത് നിത്യ കാഴ്ചയാണ്. കുഞ്ഞിനെ ഡേ കെയറിൽ ഏൽപ്പിച്ച് തൊഴിലെടുക്കാൻ പോകുന്നതിനാൽ തന്നെ കുടുംബക്കാർ ‘അഴിഞ്ഞാട്ടക്കാരിയായി’ ചിത്രീകരിച്ച അനുഭവം ഒരു അമ്മയുമായി സംസാരിക്കുന്നതിനിടയിൽ അവർ പങ്കുവെക്കുന്നുണ്ട്. അതുപോലെ, തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്ന ആര്യ രാജേന്ദ്രൻ പൊതുപരിപാടികളിൽ കുഞ്ഞുമായി പ്രത്യക്ഷപ്പെടുമ്പോൾ ഉയർന്നു കേട്ട വാദ‑പ്രതിവാദങ്ങങ്ങളുടെ അടിസ്ഥാനം ‘കെയർ = അമ്മ’ എന്ന പുരുഷകേന്ദ്രീകൃത സമവാക്യത്തിനെ ചുറ്റിപ്പറ്റിയായിരുന്നു.
‘കെയർ = അമ്മ’ എന്ന സമവാക്യത്തിന്റെ അടിയുറച്ച ലിംഗ‑ബന്ധിതത്വം നമുക്ക് വ്യക്തമായി ബോധ്യമാകുന്നു. ഈ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി പോലുള്ള സ്റ്റേറ്റിന്റെ നിർണായക കേന്ദ്രങ്ങളിൽനിന്നും, കുഞ്ഞുങ്ങളുടെ പരിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുല്യതയും പങ്കാളിത്തവും അനിവാര്യതയാണ് എന്ന നിലയിലുള്ള പ്രസ്താവനകളും അഭിപ്രായങ്ങളും ഉയർന്നുവരുന്നത്. പുരുഷാധിപത്യ ആശയഘടനയുടെ അടിത്തറ തളർത്തി, കെയറിനെ കേവലം സ്ത്രീയുടെ ‘സ്വാഭാവിക’ ജോലിയായി കാണുന്ന സാംസ്കാരിക പ്രചാരണത്തിനെതിരെ നിയമിതമായി ശബ്ദിക്കുന്ന ഈ നീക്കങ്ങൾ തീർച്ചയായും ആശയപരമായി ആശാവഹമായ കാര്യങ്ങൾ തന്നെയാണ്.
കാരണം, പ്രസവവും കുഞ്ഞുങ്ങളുടെ പരിരക്ഷയും തൊഴിലെടുക്കുന്ന സ്ത്രീകളെ തൊഴിൽ മാർക്കറ്റിൽ ഒരു രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നുണ്ട്. തൊഴിലാളിയുടെ തൊഴിൽ ശക്തിയെ പൂർണ്ണമായി ഊറ്റിയെടുക്കാൻ നിൽക്കുന്ന തൊഴിൽ ദാതാവ് പ്രസവാവധിയെയോ, ചൈൽഡ് കെയർ ലീവിനെയോ ഗുണപരമായി അല്ല കാണുന്നത്. കാരണം ഇത് രണ്ടും തന്റെ തൊഴിലാളിയെ തൊഴിലിടത്തിൽ നിന്ന് മാറ്റിനിർത്തുന്ന സംഗതികൾ ആയാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കോർപ്പറേറ്റ് കമ്പനികൾ എല്ലാം ഇന്ന് സ്ത്രീ തൊഴിലാളികളോട് തൊഴിൽ കാലഘട്ടങ്ങളിൽ പ്രസവിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും എഗ്ഗ് ഫ്രീസിങ് (Egg Freezing-ഭാവിയിലെ ഗർഭധാരണ ആവശ്യങ്ങൾക്കായി സ്ത്രീകളുടെ അണ്ഡം സുരക്ഷിതമായി പുറത്തെടുത്ത് അതിശൈത്യത്തിൽ മരവിപ്പിച്ച് സൂക്ഷിക്കുന്ന വൈദ്യശാസ്ത്ര സാങ്കേതികവിദ്യയാണ് എഗ്ഗ് ഫ്രീസിങ്) പോലെയുള്ള പ്രത്യുൽപാദന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കാണാം. മാത്രമല്ല, സ്ത്രീകൾക്ക് വലിയ തൊഴിൽനഷ്ട ആശങ്കയും സാമൂഹിക പുനരുത്പാദനത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. 2015-ൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബിബിസിക്ക് വേണ്ടി ഗവേഷക ദിവ്യ ആര്യ നടത്തിയ പഠനത്തിൽ, 1000 ജോലി ചെയ്ത സ്ത്രീകളിൽ 18-34% പേർക്ക് കുഞ്ഞുങ്ങൾ ജനിച്ചതോടെ തൊഴിൽ തുടരാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തി. പ്രസവാവധിക്ക് ജോലിയിൽ നിന്ന് ലീവെടുത്ത് പിന്നീട് തിരിച്ചെത്തുമ്പോൾ ജോലി നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ഇന്നും നമ്മുടെ രാജ്യത്ത് നടക്കുന്നു. ഇത് സ്ത്രീകളിൽ ഉൾപ്പെടെ ഉണ്ടാക്കുന്ന തൊഴിൽ അരക്ഷിതാവസ്ഥയും മാനസിക പ്രയാസവും ചെറുതല്ല. തൊഴിലിൽ എന്നതുപോലെ വിദ്യാഭ്യാസവും പൊതുജീവിതവും കൂടുതൽ സങ്കീർണ്ണമാവുകയും പൊതു അസ്ഥിത്വം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം, അവരുടെ ആഘോഷങ്ങൾ, സ്വസ്ഥമായ സമയങ്ങൾ, സഞ്ചാരങ്ങൾ ഇതിനെയെല്ലാം കെയർ ഉപയോഗിച്ച് പുരുഷാധിപത്യ സാമൂഹിക ബോധം കെട്ടിയിടപ്പെടുന്നു എന്ന് വേണം മനസ്സിലാക്കാൻ. സ്ത്രീകളുടെ പൗരത്വം തന്നെ അവരുടെ ശരീരം നിർവഹിക്കുന്ന ഈ പ്രത്യുൽപാദന ഉത്തരവാദിത്വത്തിലും പരിചരണ റോളുകളിലും ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് അമൃത നൻദി, സ്നേഹ ബാനർജി എന്നീ എഴുത്തുകാർ നിരീക്ഷിക്കുന്നുണ്ട്. ഈ സങ്കീർണമായ പരിചരണ മേഖല സ്ത്രീക്ക് എന്നതുപോലെ പുരുഷനും തുല്യമായ പങ്കുണ്ടായിരിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.


പിതൃത്വ അവധിയും ലിംഗ സമത്വവും
സ്ത്രീകൾക്കായുള്ള പ്രസവാവധി ലോകവ്യാപകമായി പുരോഗമനപരമായ സ്വഭാവത്തോടെ അവതരിപ്പിക്കപ്പെട്ടതാണ്. എന്നിരുന്നാലും, കാലാനുസൃതമായി ഈ അവധി വ്യവസ്ഥയിൽ നിരവധി വിമർശനങ്ങളും ഭേദഗതികളും സംഭവിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും അവധിയുടെ ഘടനാപരവും ലിംഗബന്ധിതവുമായ സവിശേഷതകൾ മാറ്റങ്ങൾക്ക് വിധേയമായി. ഇതിന്റെ പശ്ചാത്തലത്തിൽ, പ്രസവവുമായി ബന്ധപ്പെട്ട അവധിയും കുഞ്ഞിന്റെ പരിരക്ഷണ ഉത്തരവാദിത്തവും പൂർണമായി സ്ത്രീയുടെ മാത്രമായുള്ളതല്ല എന്ന കാഴ്ചപ്പാടിൽ , കുഞ്ഞിന്റെ പിതാവിനും അവധി അനുവദിക്കുകയും പുരുഷന്മാർ കുഞ്ഞിന്റെ സംരക്ഷണത്തിലും ആത്മീയബന്ധ രൂപീകരണത്തിലും തുല്യപങ്ക് വഹിക്കണം എന്ന ആശയത്തിലാണ് പിതൃത്വാവധി (paternity leave) സംബന്ധിച്ച ആശയങ്ങൾ ഉയർന്നുവരുന്നത്.
ജപ്പാൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ തുടങ്ങിയവയിൽ സ്ത്രീകൾക്ക് അനുവദിക്കുന്നതുപോലെ പുരുഷന്മാർക്കും പ്രസവകാലഘട്ടത്തിൽ പിതൃത്വാവധി (paternity leave) അനുവദിക്കുന്ന രീതി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഇടപെടൽ സുപ്രീംകോടതിയുടെ മാർച്ച് മാസത്തിലെ നിർദേശമാണ്. മാത്രമല്ല, പാർലമെന്റ് അംഗമായ ആം ആദ്മി പാർട്ടി എംപി രാഘവ് ചന്ദ് ഇന്ത്യയിൽ പിതൃത്വാവധി നടപ്പാക്കണമെന്ന ആവശ്യം ഉയർത്തി. അദ്ദേഹത്തിന്റെ ഭാര്യയും സിനിമ നടിയുമായ പരിണിതി ചോപ്ര ഇതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ‘Proud of You’ എന്ന് പ്രതികരിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഇത് പിതൃത്വ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേഗം കൂടാൻ കാരണമായി.
ഇന്ത്യയിലെ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിൽ നയപരമായ മുന്നേറ്റമാണ് പിതൃത്വ അവധി എന്നതിൽ സംശയമില്ല. എന്നാൽ സ്ത്രീ മാത്രമായി നിർവഹിക്കുന്ന പരിചരണ ഉത്തരവാദിത്വങ്ങൾ ഈ പുതിയ നയത്തിലൂടെ പങ്കുവെക്കപ്പെടുകയും സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തപ്പെടുമെന്നും പറയാൻ കഴിയില്ല.
2016 സെപ്റ്റംബർ മാസത്തിൽ പാർലമെന്റിൽ, മെറ്റേണിറ്റി ലീവിലെ ഭേദഗതിയെ സംബന്ധിച്ച് നടത്തിയിട്ടുള്ള ചർച്ചയിൽ അന്നത്തെ വുമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പ് മന്ത്രി മേനക ഗാന്ധി ശ്രദ്ധേയമായ ഒരു പരാമർശം നടത്തിയിരുന്നു. പുരുഷന് കൂടെ ലീവ് അനുവദിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്; എന്നാൽ പുരുഷന് ലീവ് അനുവദിക്കുന്നതിലൂടെ അവർക്ക് പുതിയൊരു ഹോളിഡേ ലഭ്യമാകുന്നു എന്നുള്ളതല്ലാതെ അവർ മറ്റൊരു പണിയും എടുക്കാൻ പോകുന്നില്ല എന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. പിതൃത്വാവധി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന ഒരു പ്രധാനപ്പെട്ട വിമർശനവും ഇതുതന്നെയാണ്.
വളരെ പുരോഗമനപരമായി പിതൃത്വാവധി ആവശ്യപ്പെടുമ്പോൾ തന്നെ, പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്ന കുടുംബം എന്ന യൂണിറ്റിന്, ആ വ്യവസ്ഥക്കുള്ളിലെ പുരുഷൻ എത്രത്തോളം ആ ദൗത്യം പങ്കുവെക്കാൻ തയ്യാറാണ് എന്ന് നാം പരിശോധിക്കണം. പിതൃത്വാവധിയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന ശ്രദ്ധേയമായ ഒരു കമന്റ്, “കുഞ്ഞിനെ പരിരക്ഷിക്കുന്ന കാലത്ത് ഭർത്താവിന് കൂടെ ലീവ് അനുവദിച്ചാൽ അയാൾക്ക് സോഫയിലേക്ക് ടിവിയുടെ റിമോട്ടും അടുക്കളയിൽ നിന്ന് കുടിക്കാനുള്ള വെള്ളവും കുഞ്ഞിനെ സംരക്ഷിക്കുന്ന ഞാൻ തന്നെ എടുത്തുകൊടുക്കേണ്ടി വരും” എന്നായിരുന്നു. നാളിതുവരെ വീടിനകത്തുള്ള തൊഴിൽ തുല്യമായി വീതം വെക്കാതെ, വീടിനകത്തെ തൊഴിലെടുത്ത് പരിചയമില്ലാത്ത പുരുഷൻ താൻ ഗർഭിണിയായിരിക്കുന്ന സമയത്തും, കുഞ്ഞിനെ പരിപാലിക്കുന്ന കാലത്തും ഒരു സഹായവും ചെയ്തു തരാൻ പോകുന്നില്ല എന്ന് സ്ത്രീകൾ തന്നെ കരുതുന്നു. മറ്റൊരു ശ്രദ്ധേയമായ കമന്റ് “പെറ്റേണിറ്റി ലീവ് അനുവദിച്ചു കിട്ടുന്ന ഭർത്താക്കന്മാർ ആ അവധിക്കാലത്ത് വിനോദയാത്ര പോകും” എന്നായിരുന്നു. വീടിനകത്തെ തൊഴിൽ പൂർണ്ണമായും സ്ത്രീയുടേത് മാത്രമാണ് എന്ന് പുരുഷാധിപത്യ സമൂഹത്തിൽ വളർന്ന ഒരു വ്യക്തി ചിന്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗർഭകാലത്തിന്റെ ശാരീരികവും മാനസികവുമായ സങ്കീർണതകളിലൂടെ കടന്നുപോകുന്ന സമയത്ത്, വീട്ടുജോലിയും കുഞ്ഞിന്റെ പരിപാലനവും സ്ത്രീയുടെ സ്വാഭാവിക ഉത്തരവാദിത്വമായി സമൂഹം കരുതുകയും, പുരുഷാധിപത്യ സാമൂഹിക ഘടനയിൽ വളർന്ന പുരുഷൻ ഈ ഉത്തരവാദിത്വങ്ങൾ പങ്കുവെക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോൾ, സ്ത്രീ–പുരുഷ തുല്യതയ്ക്ക് അത് വിലങ്ങുതടിയായി മാറുന്നു.
എന്നാൽ കുഞ്ഞിന്റെ പരിരക്ഷ കുടുംബത്തിലെ ഒരാളുടെ മാത്രം ചുമതലയല്ല എന്നും, കുടുംബത്തിന്റെ അകത്ത് നടക്കുന്ന തൊഴിൽ പങ്കുവെക്കാനുള്ളതാണ് എന്നും സമൂഹത്തിന് തിരുത്തി പഠിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ലീവ് അനുവദിച്ചു എന്നതിലൂടെ മാത്രമായി പ്രത്യുൽപാദന പരിരക്ഷയിലെ സ്ത്രീ പുരുഷ തുല്യത കൊണ്ടുവരാൻ കഴിയുകയില്ല. നമ്മുടെ നാട്ടിൻപുറങ്ങളിലെ അങ്കണവാടികകൾ കേന്ദ്രീകരിച്ച്, മറ്റു പൊതു കേന്ദ്രങ്ങൾ വഴിയും, സർക്കാരും സർക്കാരിന്റെ വിവിധ വകുപ്പുകളും ഒരു സ്ത്രീ ഗർഭിണിയായി എന്നറിഞ്ഞത് മുതൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണവും മറ്റും സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഒരു സ്ത്രീ അമ്മയാകുന്നതിനോടൊപ്പം ഒരു പുരുഷൻ അച്ഛൻ കൂടെയാകുന്നുണ്ട് എന്ന യാഥാർത്ഥ്യം സ്റ്റേറ്റ് പലപ്പോഴും മറക്കുന്നു. ഗർഭിണിയായിരിക്കുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് പരിരക്ഷിക്കേണ്ടത് എന്നും, ഗർഭകാലത്തും പ്രസവാനന്തര സമയത്തും കുഞ്ഞിനെയും അമ്മയെയും എങ്ങനെയെല്ലാം പരിഗണിക്കണമെന്നും, പുരുഷനെ കൂടെ പഠിപ്പിക്കേണ്ടതുണ്ട്, സ്റ്റേറ്റ് ബോധവൽക്കരിക്കേണ്ടതുണ്ട്. മാത്രമല്ല, വീടുകളിലെ ഗാർഹിക പ്രവർത്തനങ്ങൾ, പ്രത്യുൽപാദന ഉത്തരവാദിത്വങ്ങൾ എന്നിവ സ്ത്രീയുടേതു മാത്രമല്ല, പുരുഷനും അതിൽ പങ്കാളിത്തം വഹിക്കണമെന്ന അടിസ്ഥാന ബോധ്യം പുരുഷന്മാരിൽ രൂപപ്പെടുത്തുന്ന ലിംഗവിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് സ്റ്റേറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രത്യുൽപാദന പരിരക്ഷയിലും ഗാർഹിക തൊഴിലിലും സ്ത്രീ-പുരുഷ തുല്യത സാധ്യമാകാൻ ലീവ് നയങ്ങൾ മാത്രം പര്യാപ്തമല്ല. രാജ്യത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ പിതൃത്വഅവധിയെ പരിചരണ മേഖലയിലെ ലിംഗനീതിയുടെ പൂർണ്ണപരിഹാരമാക്കി മാറ്റാൻ, പുരുഷന്മാരുടെ പങ്കാളിത്തം സാംസ്കാരികമായി പുനർനിർമ്മിക്കേണ്ടതുണ്ട്. ഈ സമഗ്ര സമീപനം സ്വീകരിക്കുമ്പോഴാണ് സ്ത്രീയുടെ തൊഴിൽ-പരിരക്ഷ ബാധ്യതകൾ പങ്കുവെക്കപ്പെട്ട് യഥാർത്ഥ ലിംഗസമത്വം ഉറപ്പാകുകയെന്ന വിപ്ലവകരമായ മാറ്റം സാധ്യമാവുകയുള്ളു.
(ഗവേഷകൻ, സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. മാതൃത്വം, പ്രത്യുല്പാദന നീതി, സാമൂഹിക പുനരുല്പാദനം എന്നീ മേഖലയിൽ ഗവേഷണം നടത്തുന്നു.)

