പാർലമെന്റിൽ മുഴങ്ങും ആസാദിന്റെ ആസാദി

2019 ഡിസംബർ 20, വെള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സമരമുന്നേറ്റങ്ങൾ നടക്കുന്ന സമയം. ഡൽഹി ജുമാ മസ്ജിദിലും അന്ന് വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം ജനങ്ങൾ ഒത്തുകൂടി. ജുമാ മസ്ജിദിൽ നിന്ന് ജന്തർ മന്ദിറിലേക്ക് ജാഥയായി പോകാനായിരുന്നു അവരുടെ തീരുമാനം. ഉച്ചയായപ്പോഴേക്കും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ തന്റെ അനുയായികളെയും കൂട്ടി പള്ളി പരിസരത്തെത്തി, രാജ്യത്തെ ദലിത് മുന്നേറ്റങ്ങളുടെ മുഖമായി മാറിയ ചന്ദ്രശേഖർ ആസാദും ഭീം ആർമി പ്രവർത്തകരും. ഒരു കയ്യിൽ ഭരണഘടനയും മറുകയ്യിൽ ബി.ആർ അംബേദ്കറുടെ ചിത്രവും ഉയർത്തിപ്പിടിച്ചായിരുന്നു ആസാദിന്റെ വരവ്. തുടർന്ന് നാടകീയ രംഗങ്ങൾക്കാണ് അന്ന് ജുമാ മസ്ജിദ് പരിസരം സാക്ഷ്യം വഹിച്ചത്. ഒരുപാട് തവണ പൊലീസ് അറസ്റ്റ് ചെയ്യാൻ തുനിഞ്ഞെങ്കിലും അവിടെ നിന്നെല്ലാം സമർത്ഥമായി അദ്ദേഹം രക്ഷപ്പെടുന്നുണ്ട്. അന്ന് അംബേദ്കറുടെ ചിത്രം ഉയർത്തി, ഒരു കയ്യിൽ ഭരണഘടന മുറുകെപിടിച്ച് അദ്ദേഹം നടത്തിയ പ്രസംഗം രാജ്യത്തെ സി.എ.എ വിരുദ്ധ പോരാട്ട ചരിത്രത്തിൽ മറക്കാനാകാത്ത അധ്യായമാണ്.

രാത്രിയിലുടനീളം ചെറിയ ഇടവേളകളിൽ മൈക്ക് കയ്യിലെടുത്ത് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു –  “ജയ് സംവിധാൻ”, ഭരണഘടന ജയിക്കട്ടെ. പിറ്റേന്ന് പുലർച്ചെയാണ് ആസാദ് പൊലീസിന് കീഴടങ്ങുന്നത്. പുലർച്ചെ 2.30ന് പള്ളിക്ക് പുറത്തുവന്ന ആസാദ് ജുമാ മസ്ജിദിന്റെ പടിക്കെട്ടിലേക്ക് പതിയെ കയറിനിന്നു. സമരമുന്നേറ്റത്തിൽ സജീവമായ, വിദ്യാർഥികളടക്കമുള്ള നൂറ് കണക്കിന് മനുഷ്യർ അപ്പോഴും ഉറക്കമിളച്ച് അവിടെയുണ്ടായിരുന്നു. അവരെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. “രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം വീട്ടിൽ അടഞ്ഞ മുറിയിലിരുന്ന് നടത്തേണ്ട ഒന്നല്ല. സി.എ.എ സമരത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട മുഴുവനാളുകളെയും നിർബന്ധമായും സ്വതന്ത്ര്യരാക്കണം. കൂട്ടുകാരെ, ഞാൻ കീഴടങ്ങുകയാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നിങ്ങളുടെ പോരാട്ടം തുടരുക. ജയ് ഭീം, ജയ് സംവിധാൻ.” 2020 ജനുവരി 17ന് ജാമ്യത്തിലിറങ്ങിയ ആസാദ് വീണ്ടും ജുമാ മസ്ജിദ് പരിസരത്തെത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുക്കരുതെന്ന ഉപാധിലായിരുന്നു ജാമ്യം. ഭരണഘടന കയ്യിലെടുത്ത്, ജുമാ മസ്ജിദിന്റെ തിണ്ണയിലിരുന്ന് അദ്ദേഹം അതുറക്കെ വായിച്ചു. രാജ്യത്തുടനീളം നടന്ന പൗരത്വ പ്രക്ഷോഭത്തിന് ആസാദ് ഊർജ്ജമായി മാറി. ഇനി മുതൽ ആ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങാൻ പോവുകയാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ യു.പിയിലെ നഗീന മണ്ഡലത്തിൽ മത്സരിച്ച ചന്ദ്രശേഖർ ആസാദ് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പാർലമെന്റിലേക്ക് എത്തുന്നത്. ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ചന്ദ്രശേഖർ ആസാദിന്റെ സാന്നിധ്യം തീർച്ചയായും ഇന്ത്യൻ പാർലമെന്റിൽ നിർണ്ണായകമാകും.

സി.എ.എ സമരകാലത്ത് ഡൽഹി ജുമാ മസ്ജിദിൽ വച്ച് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിക്കുന്ന ചന്ദ്രശേഖർ ആസാദ്. കടപ്പാട്:pti

സ്വന്തമായി സ്ഥാപിച്ച ആസാദ് സമാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ആസാദ് നഗീനയിൽ മത്സരിച്ചത്. ബി.ജെ.പിക്കെതിരെ നേർക്കുനേർ നടന്ന പോരാട്ടത്തിൽ ഒന്നര ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. 5,12,552 വോട്ടുകളാണ് ചന്ദ്രശേഖർ ആസാദ് നേടിയത്. ബി.ജെ.പി സ്ഥാനാർഥി ഓം കുമാർ 3,61,072 വോട്ടിലൊതുങ്ങി. എസ്.പി സ്ഥാനാർഥി മനോജ്കുമാർ 1,02,374 വോട്ടിലേക്ക് ചുരുങ്ങിയപ്പോൾ കേവലം 11,272 വോട്ടുകൾ മാത്രം നേടി ബി.എസ്.പി സ്ഥാനാർഥി സുരേന്ദ്രപാൽ സിംഗ് തകർന്നടിഞ്ഞു. 2009ൽ ബി.എസ്.പിയും 2014ൽ ബി.ജെ.പിയും വിജയിച്ച, 2019ൽ ബി.എസ്.പി സ്ഥാനാർഥി ഗിരീഷ് ചന്ദ്ര 1,66,832 വോട്ടുകൾക്ക് ജയിച്ചു കയറിയ മണ്ഡലമാണിത്.

ആസാദിന്റെ പോരാട്ടങ്ങൾ

ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയെ നമ്മളാരും മറക്കാനിടയില്ല. 2020 സെപ്തംബർ 14നാണ് സംഭവം. സമൂഹത്തിൽ ഉയർന്ന ജാതിയിൽ പെട്ട യുവാക്കളായിരുന്നു പ്രതികൾ. സെപ്തംബർ 29ന് ആ പെൺകുട്ടി മരണപ്പെട്ടു. അന്ന് പുലർച്ചെ മാതാപിതാക്കളുടെ സമ്മതം പോലുമില്ലാതെയാണ് കുട്ടിയുടെ മൃതദേഹം പൊലീസ് സാന്നിധ്യത്തിൽ ദഹിപ്പിക്കുന്നത്. വലിയ പ്രതിഷേധമാണ് ഈ സംഭവങ്ങൾ ഇന്ത്യയിലുടനീളം ഉയർത്തിയത്. പ്രതികളെ സംരക്ഷിക്കാൻ അധികാര കേന്ദ്രങ്ങൾ ഒന്നാകെ ശ്രമിക്കുന്നു. ഹത്റാസിലെ പെൺകുട്ടിയുടെ വീട്ടിലെത്താൻ ശ്രമിക്കുന്ന നേതാക്കളെയെല്ലാം യു.പി പൊലീസ് വഴിയിൽ തടയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അങ്ങനെ തടയപ്പട്ട നേതാക്കളാണ്. രണ്ടാം ശ്രമത്തിലാണ് അവർ കുട്ടിയുടെ വീട്ടിലെത്തുന്നത്. ഒക്ടോബർ നാലിന് ആസാദും ഭീം ആർമി പ്രവർത്തകരും ഹത്റാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. രാഹുൽ ഗാന്ധിയെ തടഞ്ഞ മാണ്ഡ് ടോൾ പ്ലാസക്ക് മുന്നേയുള്ള ടോൾ പ്ലാസയിൽ വെച്ച്, പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അപ്പുറം ആസാദിനെയും സംഘത്തെയും പൊലീസ് തടഞ്ഞു. പക്ഷേ, തോറ്റു കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. നേർവഴി മാറ്റിപ്പിടിച്ച് കാടും മലയും പാടങ്ങളും താണ്ടി അതിസാഹസികമായി 20 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് ആ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. സാമൂഹികമായ അധികാരങ്ങൾ കയ്യാളുന്ന ക്രിമിനലുകളെ സംരക്ഷിക്കുകയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന പൊലീസുകാർക്കെതിരെയും അതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത യോഗി ആദിത്യനാഥ് സർക്കാറിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖർ ആസാദ് അന്ന് പ്രതികരിച്ചത്.

ഹത്റാസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം ചന്ദ്രശേഖർ ആസാദ്. കടപ്പാട്:X

ഭീം ആർമി രൂപീകരണവും ദലിത് മുന്നേറ്റവും

2015ൽ ഭീം ആർമി രൂപീകരിക്കുന്നതോടെയാണ് ചന്ദ്രശേഖർ ആസാദ് എന്ന പോരാളിയെ മുഖ്യധാര കൂടുലായി പരിചയപ്പെടുന്നത്. 1986ൽ ജാതവ വിഭാഗത്തിലാണ് ചന്ദ്രശേഖർ ആസാദ് ജനിക്കുന്നത്. ഡെറാഡൂൺ ഡി.എ.വി കോളജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കുന്ന ആസാദ് 29ാം വയസ്സിലാണ് ഭീം ആർമി രൂപീകരിക്കുന്നത്. ദലിത് അവകാശങ്ങൾക്കു വേണ്ടി പോരാടുക എന്നതായിരുന്നു ലക്ഷ്യം. രാജ്യത്ത് നടന്ന നിരവധി ദലിത് പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെ ഭീം ആർമി ഉണ്ടായിരുന്നു. 2015 ആഗസ്റ്റിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഉന്നത ജാതിക്കാരായ താക്കൂറുകൾ നടത്തുന്ന കോളേജിനടുത്തുള്ള കിണറ്റിലെ വെള്ളം കോരി കുടിക്കുന്നതിൽ നിന്നും ദലിത് വിഭാഗത്തെ അവർ തടഞ്ഞു. ഈയൊരു വിവേചനത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ആസാദിന്റെ നേതൃത്വത്തിൽ നടന്നത്. ഒരു വർഷത്തിന് ശേഷം യു.പിയിലെ സഹാറൻപൂർ ജില്ലയിലെ ഗഡ്കോലി ഗ്രാമത്തിൽ ഉയർന്ന ദലിത് വിരുദ്ധ ബോർ‍ഡുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. തന്റെ നിരന്തര പോരാട്ടങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന ‘സാമൂഹിക നീതിയുടെ സംരക്ഷകൻ’ എന്ന പരിവേഷം അദ്ദേഹത്തിന് നേടിക്കൊടുത്തു. 2017ൽ യോഗി ആദിത്യനാഥ് സർക്കാർ ആസാദിനെ അറസ്റ്റ് ചെയ്ത് എൻ.എസ്.എ (നാഷണൽ സെക്യൂരിറ്റി ആക്ട്) അദ്ദേഹത്തിനെതിരെ ചുമത്തുന്നു. 2018ൽ ആ ആക്ട് പിൻവലിച്ചതോടെ ആസാദ് മോചിപ്പിക്കപ്പെടുകയും ചെയ്തു. പൗരത്വ പ്രക്ഷോഭത്തിന് പുറമെ കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ നടന്ന സമരം എന്നിവയിലെല്ലാം ആസാദ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.  

ചന്ദ്രശേഖർ ആസാദ് ന​ഗീനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. കടപ്പാട്:fb

2020 മാർച്ചിലാണ് ആസാദ് സമാജ് പാർട്ടി (എ.എസ്.പി) ചന്ദ്രശേഖർ സ്ഥാപിക്കുന്നത്. എസ്.പി, ബി.എസ്.പി, കോൺഗ്രസ്, ജനതാദൾ എന്നീ രാഷ്ട്രീയ പാർട്ടികളിൽ നിന്നെല്ലാം നിരവധി നേതാക്കൾ ഈ പാർട്ടിയിൽ എത്തിച്ചേർന്നു. ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിന്റെ ജന്മദിനത്തിൽ ആസാദ് സമാജ് പാർട്ടി രൂപീകരിച്ച ചന്ദ്രശേഖർ ആസാദ് യു.പിയിലെ പുതിയ മായാവതിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്. 2008ലെ മണ്ഡല പുനർനിർണയത്തോടെയാണ് നഗീന സീറ്റ് നിലവിൽ വരുന്നത്. എസ്.സി സംവരണ മണ്ഡലമാണിത്. മണ്ഡലത്തിലെ 21ശതമാനവും എസ്.സി വോട്ടർമാരാണ്. 50 ശതമാനത്തിലേറെ മുസ്ലിം വോട്ടർമാരും ഈ മണ്ഡലത്തിലുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. നിലവിൽ മൂന്നിടത്ത് എസ്.പിയും രണ്ടിടത്ത് ബി.ജെ.പിയുമാണ് വിജയിച്ചത്. കാലങ്ങളായി ചന്ദ്രശേഖർ ആസാദ് ഉയർത്തിക്കൊണ്ടിരിക്കുന്ന വിമോചന ശബ്ദം ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം പ്രതിഫലിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നമുക്ക് കാണിച്ചു തരുന്നത്. ദലിത്, മുസ്ലീം വോട്ടർമാർ ഒരേ മനസ്സോടെ ആസാദിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു. തൊപ്പിയും നീളൻ താടിയുമുള്ള മൗലാനമാർ അദ്ദേഹത്തിന് വേണ്ടി വോട്ടു ചോദിക്കുന്ന, അംബേദ്ക്കറിന്റെ ഫോട്ടോ ഉയർത്തി ജയ് ഭീം വിളിച്ച് റാലിയിൽ പങ്കെടുക്കുന്ന നിരവധി ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിനും ചന്ദ്രശേഖർ ആസാദിന്റെ പ്രസ്ഥാനത്തിനും ലഭിക്കുന്ന വിപുലമായ സ്വീകാര്യതയുടെ സൂചനകൂടിയാണ് ആ ചിത്രം. എ.എസ്.പിയുടെ മിന്നും വിജയത്തോട് അഖിലേഷ് യാദവ് പ്രതികരിച്ചത് ശ്രദ്ധേയമാണ്- “A Victory for the pichada (oppressed), dalit, alpasankhyak (minorities).” (ചന്ദ്രശേഖറിന്റെ വിജയം അടിച്ചമർത്തപ്പെട്ടവരുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണ്)

ആസാദിന്റെ വിജയം നൽകുന്ന സൂചന

കാലങ്ങളായി യു.പിയിലെ ദലിത് പ്രാതിനിധ്യത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന ബി.എസ്.പിക്ക് ഏറ്റവും വലിയ അടിയാണ് ചന്ദ്രശേഖർ ആസാദ് തന്റെ വിജയത്തിലൂടെ നൽകിയത്. ആകെ പോൾ ചെയ്തതിന്റെ 51 ശതമാനം വോട്ടാണ് ആസാദ് നേടിയത്. ബി.എസ്.പിയാകട്ടെ 1.33 ശതമാനത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇതിനുപുറമെ യു.പിയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയ ഏക ദലിത് നേതാവും ആസാദ് തന്നെ. മത്സരിച്ച 80 സീറ്റിലും ബി.എസ്.പി തോറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖിലേഷ് യാദവുമായി സംസാരിച്ച് നഗീന സീറ്റ് മാത്രം എ.എസ്.പിക്ക് വിട്ടുനൽകണമെന്ന് ആസാദ് ചർച്ച ചെയ്തിരുന്നു. എന്നാൽ ആ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം ശക്തമായ പ്രചാരണം അഴിച്ചുവിട്ടത്. അതിന്റെ ഭാഗമായി മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തി മുഴുവൻ ദലിത്-മുസ്ലീം വോട്ടുകളും ഉറപ്പുവരുത്താനും അദ്ദേഹം ശ്രമിച്ചു. “ദാസന്മാരായി തുടരാനല്ല, രാജ്യത്തിന്റെ ഭരണം കയ്യാളുന്നവരായി മാറാനാണ് ഞങ്ങളുടെ പോരാട്ടം” എന്ന് ഭീം ആർമി രൂപീകരിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഈ വിജയത്തോടെ കൂടുതൽ അർത്ഥവത്താകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read