കവിത വായിക്കുന്നത് എന്തിന് ?

മാർച്ച് 21, കവിതാദിനം

എന്താണ് കവിത എന്നതുപോലെ തന്നെ ഒരൊറ്റ ഉത്തരം മാത്രമുള്ള ചോദ്യമല്ല എന്തിന് കവിത വായിക്കുന്നു എന്നതും. കവിത എഴുതാനെന്ന പോലെ കവിത വായിക്കുവാനും കാരണങ്ങൾ പലതായിരിക്കാം, എന്നാൽ ഈ വൈവിധ്യത്തെ ഉൾക്കൊള്ളുവാനും പങ്കുവെക്കാനും പരസ്പരം കലരാനും കലഹിക്കാനും കവിതയിലൂടെ വായനക്കാർക്ക് കഴിയുന്നു. ഇങ്ങനെ അപരലോകങ്ങളെ ആഴത്തിൽ അറിയാനും അനുഭവിക്കാനും കവിത വായിക്കുക തന്നെ വേണം. അതിനാൽ ഭാഷാവൈവിധ്യത്തെ പിന്തുണയ്ക്കുന്ന യുനെസ്കോ ഓരോ വർഷവും ലോക കവിതാദിനം ആഘോഷിക്കുന്നു. സമകാലിക മലയാള കവിതയെ വിശാലമാക്കുന്ന പലതലമുറക്കവികളുടെ കവിതാവായനയോടുള്ള സമീപനങ്ങളിലൂടെ ലോകമാകെ ആചരിക്കുന്ന കവിതയുടെ ഈ ഉത്സവത്തിൽ കേരളീയവും പങ്കുചേരുന്നു.

വായന എന്ന പ്രിവിലേജ്
ആശാലത

കവിത വായിക്കുന്നതെന്തുകൊണ്ട് ? ചിലപ്പോൾ വെറും ശീലംകൊണ്ടായിരിക്കും. അല്ലെങ്കിൽ സ്ക്കൂളിലും കോളജിലും കവിത പഠിക്കാനുള്ളതുകൊണ്ട്. ഉപരിപഠനത്തിന് ഇംഗ്ലിഷ് സാഹിത്യം എടുത്തതുകൊണ്ട് – ഇങ്ങനെ പലതുമാവും എൻ്റെ ഉത്തരം. എങ്കിൽ എന്തുകൊണ്ട് അതൊരു ശീലമായി ? എല്ലാവരും വായിക്കുന്നുണ്ടോ ? കവിതയുടെ മാത്രമല്ല, എന്തിൻ്റെയും വായന എന്തുകൊണ്ടായിരിക്കും ? എപ്പോഴാണ് ഞാൻ വായിക്കാറ് ? ഞാൻ സ്വയം ചോദിച്ചു നോക്കി. സമയം കിട്ടുമ്പോൾ വായിക്കും. സമയം – വായിക്കാനുള്ള സമയം – അതെന്താവും ? പെട്ടെന്നാണ് ഒഴിവുവേള – Leisure എന്ന വാക്ക് തലയിലുദിച്ചത്.

ഒഴിവു കിട്ടിയാലേ വായിക്കാൻ പറ്റൂ. അത് കിട്ടുമോ ? ഓരോ ദിവസവും തീർക്കാനുള്ള ഒരുപാടു ജോലികൾക്കിടയിൽ ഒഴിവു സമയം എന്നത് വലിയ ഒരു പ്രിവിലേജാണ്. ചിലപ്പൊഴെങ്കിലും വായിക്കുന്നത് ആ ആനുകൂല്യം കുറച്ചൊക്കെ കിട്ടുന്നതു കൊണ്ടാണ്. പ്രത്യേകിച്ച് കവിത വായിച്ചെടുക്കണമെങ്കിൽ ശീലം, കുറച്ചെങ്കിലും അഭ്യാസബലം, അത്, ഇത് – ഇങ്ങനെയൊക്കെ വേണം. അത് കിട്ടുന്നവർ വലിയ വായനക്കാർ. അത് അഴിച്ചുപിരിച്ച് പരിശോധിക്കാൻ മാത്രം കാവ്യപരിചയവും പിന്നെ നേരത്തേ പറഞ്ഞ പ്രിവിലേജായ ഒഴിവു സമയവും ഉണ്ടെങ്കിൽ… ആഹാ! ഞാൻ ബുദ്ധിജീവി.

അങ്ങനെ വരുമ്പോൾ ആരാണൊഴിവായിപ്പോകുന്നത്? ഒരു കവിത പോലും – സാമ്പ്രദായികമായ അർഥത്തിലാണ് പറയുന്നത് – വായിച്ചിട്ടില്ലാത്ത എത്രയോ വരുന്ന ഈ ആൾക്കാരിൽ നല്ലൊരു പങ്ക് സ്ത്രീകൾ തന്നെയായിരുന്നു, എൻ്റെയൊക്കെ ചെറുപ്പത്തിൽ. എ.കെ രാമാനുജൻ എഡിറ്റ് ചെയ്ത നാടോടിക്കഥകളിലെ പാട്ടിൻ്റെയും കഥയുടെയും പോലെ അതൊക്കെ അവരുടെ ഉള്ളിൽ പുറത്തുവരാതെ കനപ്പിച്ചു കിടന്നു കാണും. പഴയ കാലത്തെ സ്ത്രീകളായാലും പുതിയ കാലത്തെ ഉദ്യോഗസ്ഥരായ സ്ത്രീകളായാലും ഉദിച്ചു വെളുക്കുമ്പോൾ മുതൽ പാതിരാ വരെ എന്തൊക്കെ ജോലികൾ! സാധാരണ തൊഴിലാളികൾ, സമൂഹത്തിലെ ഏറ്റവും പ്രിവിലേജ് കുറഞ്ഞ ആൾക്കാർ, ജാതികൊണ്ടും വർഗ്ഗംകൊണ്ടും യാതൊരനുകൂല പരിതസ്ഥിതിയും ഇല്ലാതെ പോയവർ – ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓട്ടപ്പാച്ചിൽ നടത്തുന്നവർക്ക് എന്ത് ഒഴിവുവേള, എന്ത് കവിത?

പുസ്തകം കിട്ടണമെങ്കിൽ അന്നു കാലത്ത്, ഞാൻ വായിച്ചു തുടങ്ങിയ കാലത്ത്, അതിലും വലിയ പണിയാണ്. പ്രത്യേകിച്ച് ഇപ്പറഞ്ഞ ആനുകൂല്യമില്ലാത്തവർക്ക്. പുസ്തകമുള്ള വീടുകളിൽ നിന്നോ ലൈബ്രറികളിൽ നിന്നോ ഒക്കെ തപ്പിപ്പെറുക്കി എടുക്കേണ്ടിയിരുന്നു. ഒറ്റ ക്ലിക്കിൽ ഒരു പുസ്തകവും ഹാജരാവില്ല. ആൾക്കാരുടെ കയ്യിൽ നിന്ന് തരമാക്കണമെങ്കിൽ അവരുടെ മൂഡ് നോക്കി നയോപായങ്ങൾ പ്രയോഗിക്കണം. അതിനും വേണം ചില സാമൂഹ്യമായ ആനുകൂല്യങ്ങൾ.

അടുക്കള – ശിശുപരിപാലന – ആതിഥ്യത്തിരക്കിനിടയിൽ വായിക്കാൻ പോയിട്ട് തല ചൊറിയാൻ നേരമില്ലാതെ പോയ സ്ത്രീകളെ അറിയാം. കയ്യൊഴിവുള്ള മുതിർന്ന മക്കളെക്കൊണ്ട് വായിപ്പിച്ച് കേട്ടിരുന്നവർ. രമണനൊക്കെ സ്ത്രീകൾ വായിച്ചറിഞ്ഞത് ഇങ്ങനെയൊക്കെയാണെന്ന് കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്ത് വന്ന് ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗകാലമുണ്ടായിരുന്നു കുറേനാൾ മുമ്പെനിക്ക്. പുലർച്ചെ അഞ്ചരക്ക് തുടങ്ങുന്ന ഓട്ടം വേണാട് വൈകിയെത്തി, അതിലും വൈകി പതിനൊന്ന് മണിയോടെ ഞാൻ വീടണയുന്നത് വരെ നീളും.

തീവണ്ടിയിലെ സമയങ്ങൾ ഒഴിവുവേളയാണോ എന്നറിയില്ല. പക്ഷേ അത് മുതലെടുത്ത് വായിച്ചിരുന്നു. കവിത വായിക്കാൻ തീവണ്ടി മുറി പോര എന്നാണ് എൻ്റെയൊരു തോന്നൽ. നല്ല ശ്രദ്ധ വേണം. ഏകാഗ്രത വേണം. കട്ടത്തിയറി വായിക്കാനും തീവണ്ടി മുറി പറ്റില്ല. അതുകൊണ്ട് ഫിക്ഷൻ വായിച്ചു. ഓർഹാൻ പാമുക്ക്, യോസ, മാർകേസ്, അകുതഗാവെ, കസാൻദ്സാക്കിസ് – അങ്ങനെയങ്ങനെ. ദീർഘയാത്രകളിൽ മുഴുവൻ നോവലും കഥയും മാത്രമായിരുന്നു വായന.

വായന മാത്രമല്ല എഴുത്തും വൻ പ്രിവിലേജാണ്. ഏകാന്തത, ഏകാഗ്രത, നിശ്ശബ്ദത, ഒഴിവുവേള പിന്നെ ഒറ്റക്കൊരു മുറി – ഈ ആനുകൂല്യങ്ങൾ ഒന്നും ഇപ്പോഴും ഈ പ്രായത്തിലും ഇല്ല. സ്ത്രീകൾക്ക് വായനയില്ല, കാവ്യാനുശീലനമില്ല, നർമ്മബോധമില്ല, പിന്നെന്തൊക്കെയോ ഇല്ല, ഇല്ലേയില്ല എന്ന കുറ്റം പറച്ചിൽ എപ്പോഴും കേൾക്കുന്നുണ്ട്. നിങ്ങളൊക്കെ മുപ്പതുകൊല്ലം പുറകിലാണ്, മുപ്പതുകൊല്ലം മുമ്പെഴുതിയ അതേ ഇടത്ത് നിൽക്കുകയാണ്, നോക്ക് ഞാനൊക്കെ എത്ര മുന്നോട്ടുപോയി എന്നൊക്കെ. സ്ത്രീകളടക്കം വലിയ ഒരു വിഭാഗത്തിന് കിട്ടാതെ പോയ ഈ ആനുകൂല്യങ്ങൾ കിട്ടുന്ന ഒരു കാലമാണ് എൻ്റെ സ്വപ്നം. സ്റ്റേറ്റും രാഷ്ട്രവും കുടുംബവുമൊക്കെ അധികാര രൂപങ്ങൾ കൈവെടിയുന്ന, എല്ലാവർക്കും ഒഴിവും വിശ്രമവും ലഭിക്കുന്ന, ഒരേപോലെ പ്രിവിലേജ് ലഭ്യമാവുന്ന പക്ഷേ സംഭവിക്കാനിടയില്ലാത്ത ഒരു കാലം. അത് എത്രയും പെട്ടെന്ന് വരട്ടെ.

ജീവിതത്തിന്റെ ആഴം
ബാബു സക്കറിയ

ഭാഷയുടെ, ജീവിതത്തിൻ്റെയും സൂക്ഷ്മ കലയാണ് കവിത. ജീവിതത്തിൻ്റെ വ്യവഹാരാത്മകതയെ സാധിതമാക്കുവാൻ ഭാഷ കൂടിയേ തീരൂ. അതിനാൽ ഭാഷ ജീവിതത്തിൽ നിന്നും അഭിന്നമായ പ്രഭാവമായി നിലനിൽക്കുന്നു. ഭാഷ ജീവിതം തന്നെയാണെന്നു പറയാം.

ജീവിതം, വൈയക്തികവും സാമൂഹികവുമായ തലങ്ങളിലൂടെ മുന്നോട്ടുപോകുന്നത് അനന്തമായ അനുഭവങ്ങളിലൂടെയാണ്. ഈ അനുഭവങ്ങളെല്ലാം വൈകാരികതയുമായി ആഴത്തിൽ ബന്ധിതമായിരിക്കുന്നു. എന്നാൽ അനുഭവങ്ങളുടെ ഈ ബാഹുല്യം അവയുടെ ആഴങ്ങളും വൈകാരികതയും കുറഞ്ഞ അളവിൽ മാത്രം അനുഭവവേദ്യമാകുവാൻ കാരണമാകുന്നുണ്ട്. ജീവിതത്തിൽ അവിശ്വസനീയമായ വിധത്തിൽ പെരുക്കം കൊള്ളുന്ന ഉപകരണാത്മകത ഭാഷയെയും ഉപകരണപരതയിലേക്ക് ചുരുക്കുന്നുണ്ട്.

ജീവിതത്തിനും ഭാഷക്കും സംഭവിക്കുന്ന ആഴക്കുറവിനെയും കനക്കുറവിനെയും വികാരരാഹിത്യത്തെയും പരിഹരിക്കാൻ കവിതയ്ക്കാവും. അനുഭവസാക്ഷ്യം എന്ന നിലയിൽത്തന്നെ സന്ദേഹമില്ലാതെ എനിക്കു പറയാനാവുന്നു, നഷ്ടപ്പെട്ട ആഴങ്ങളെയും സൗന്ദര്യങ്ങളെയും വീണ്ടെടുത്ത് ജീവിതത്തെ മൂല്യപ്പെട്ട ഒന്നാക്കാനും ലോകമെന്ന വ്യവസ്ഥയെ അർത്ഥവിസ്തൃതമാക്കാനും അമൂർത്തമായ ഭാഷയെ സമൂർത്തതയിൽ രുചിക്കാനും കവിതാവായനയിലൂടെ കഴിയും.

ഇന്ന് കവിത തൊടുന്നുണ്ടോ ?
വി.എം ഗിരിജ

കവിത എല്ലാവരുടെയും തണലും വെളിച്ചവും ഇരുട്ടിലെ സാന്ത്വനവുമായിരുന്ന കാലം ഉണ്ടായിരുന്നോ ? അതോ മറ്റ് സ‍‌ർ​ഗാത്മക രൂപങ്ങൾ ഇല്ലാഞ്ഞിട്ടാണോ എന്റെയൊക്കെ കുട്ടിക്കാലത്ത് പല‍ർക്കും കവിത നാവിൽ വന്നിരുന്നത് ? കവിത, വാക്കിന്റെ കെട്ടൽ കൊണ്ടും ജീവിതത്തെ പറ്റിയുള്ള ചില ചിന്തകളും വികാരങ്ങളും കൊണ്ടും മനുഷ്യ‍ർക്ക് മിന്നൽപ്പിണ‍ർ പോലെ എന്തോ ഉണ‌ർവ് നൽകിയിരുന്നു.

“ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണിക്കൃഷ്ണനെന്നിങ്ങനെ”

എന്ന ശബ്ദം കൊണ്ടാകർഷിക്കുന്ന വരികളും

“ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്”

എന്ന് കരകവിഞ്ഞ് ഒഴുകുന്ന ചിലവരികളും പഴയ മുത്തശ്ശിമാരെ തൊട്ടിരുന്നു. ഇന്ന് കവിത തൊടുന്നുണ്ടോ ? എനിക്ക് ഉത്തരം തീർച്ചയില്ല.

ഈ പ്രപഞ്ചത്തിനും എനിക്കും ഇടയിൽ…
സന്ധ്യ എൻ.പി

ഒരു തലോടലിൽ മുറിവുണ്ടാവുകയും മറു തലോടലിൽ മുറിവുണങ്ങുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് കവിത. ഏകാന്തതയിലിരുന്ന് ദുഃഖിക്കുവാനും ആനന്ദിക്കാനും കഴിയുന്ന അത്ഭുത മരുന്നെന്നും പറയാം.

“കൂന്നപ്പോൾ
കയ്യിൽ വന്ന
ചരൽക്കല്ല്
തൊടുവാൻ
ഉരമുണ്ട്.
കണ്ണ് ചിമ്മി
വിരല്
പായിക്കുമ്പോൾ
ആകൃതിയുണ്ടതിന്
വാക്കില്ല “

കെ.എ. ജയശീലൻന്റെ ഈ കവിത പോലെ ആകൃതിയില്ലാത്തതിനെ ആകൃതിയിലാക്കാനും വാക്കില്ലാത്തതിനെ വാക്കിലാക്കാനുമുള്ള ശ്രമമാണ് കവിത. സൂക്ഷ്മമാവാനും സ്ഥൂലമാവാനും ഒരുമിച്ചുകഴിയുന്ന പ്രതിഭാസമാണ് കവിത. പ്രപഞ്ചം ഒരണുമാത്രവും അത്രയും സ്ഥൂലവുമത്രേ !

കെ.എ ജയശീലൻ.

ഹൃദയ ഞെരുക്കത്തിലിരിക്കുന്ന കുത്തുപോൽ കുഞ്ഞായ വേദനയെ, കുത്തുപോൽ കുഞ്ഞായ ആനന്ദത്തെ മറ്റൊരാൾക്ക് കൂടി അനുഭവിച്ചറിയാൻ പറ്റുന്ന തരത്തിൽ ഭാഷയിലേക്ക് പരമാവധി ആവാഹിക്കാനുള്ള ശ്രമം. ഭാഷകൊണ്ട് വിശദമാക്കാൻ കഴിയാത്ത മാനസികാനുഭൂതിയെ ഭാഷയിൽ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണത്. ആനന്ദിപ്പിക്കുന്നത്, സന്ധ്യയുടെ സ്വർണ്ണരേഖ മാഞ്ഞ് ഇരുൾ വരുമ്പോൾ തോന്നുന്ന ദുഃഖം പോലെ എന്തോ ഒന്ന് !

പുതിയ കാലം മനുഷ്യർ ഏറ്റവും ഒറ്റയ്ക്കായ കാലമാണെന്നു തോന്നുന്നുണ്ട്. ശബ്ദ ബഹളങ്ങളുടെ അനന്തമായ കാലം. അതിനൊരു അവസാനമില്ലെന്ന് തോന്നും. വെപ്രാളപ്പെട്ട് കൈരണ്ടുകൊണ്ടും ചെവി കൊട്ടിയടച്ച് കണ്ണടച്ചുനിന്നാൽ ഒരാശ്വാസം തോന്നും. അങ്ങനെ ആശ്വസിക്കാനാണ് കവിത. തലയിലിരുന്ന പേൻ കാലടിച്ചുവട്ടിൽ വീണുപോയാൽ ആ പേനനുഭവിക്കുന്ന ഒരേകാന്തത അതിഭീകരമാണ്. (ഇതെന്തൊരുപമ എന്നു തോന്നും. പക്ഷേ മനുഷ്യർ അത്രയേ ഉള്ളൂ) അതുപോലെ എന്തെന്നു നിർവ്വചിക്കാനാവാത്ത മനോനിലയിൽപ്പെട്ടു നിൽക്കുമ്പോൾ കവിത ഒരു തുരുത്താണ്. ആശ്വസിപ്പിക്കുന്ന മരുന്ന്. ജീവിത ബഹളങ്ങളിൽ നിന്നും അതിന്റെ മാനസിക ഭാരത്തിൽ നിന്നും മനുഷ്യരെ കുറച്ചുനേരത്തേക്കെങ്കിലും മോചിപ്പിക്കുന്ന ഒരു മാന്ത്രികത കവിതയ്ക്കുണ്ട്, അനുനിമിഷം ദുരന്തങ്ങൾ കേട്ടും കണ്ടും ഇരിക്കേണ്ടിവരുന്നൊരു ലോകമാണ് ഇന്നിന്റേത്. അപ്പോഴും ജീവിതത്തിൽ പ്രത്യാശ നിറയ്ക്കുന്നത് കവിത പോലെ ചിലത് മാത്രമാണ്.

കവിത ചിലപ്പോൾ പ്രതിരോധമാവുന്നു, മറ്റു ചിലപ്പോൾ ആശ്വാസിപ്പിക്കുന്ന തലോടലാവുന്നു. അതു ചിലപ്പോൾ ഒരു മുദ്രാവാക്യം കൂടിയാവുന്നു! അതിനാൽ പുതിയ കാലത്തിന്റെ എഴുത്ത് മാധ്യമം കവിത തന്നെ!

ആത്മഹത്യ ചെയ്യാതിരിക്കാൻ
കളത്തറ ​ഗോപൻ

പുതിയൊരു ഭാഷ, അനുഭവം, ആനന്ദം… ഇവയിലേതെങ്കിലും വായിക്കുന്ന ഒരു കവിതക്ക് പകർന്ന് നൽകാനായെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ചിലപ്പോഴെങ്കിലും അത് സാധ്യമാകുന്നു. ഇങ്ങനെ അദ്ഭുതപ്പെടുത്താത്ത ഒരു കവിതയും വായിച്ചിട്ട് കാര്യമില്ല. ഈ സ്ഥൂല പ്രപഞ്ചത്തെ സൂക്ഷ്മ പ്രപഞ്ചത്തിൽ കാണിക്കാൻ കവിതയ്ക്കല്ലാതെ മറ്റേത് സാഹിത്യരൂപത്തിന് കഴിയും ? ഒരാൾ ഒരു കവിത വായിക്കുന്നത് അയാളുടെ അനുഭവം കൂടിവച്ചിട്ടാണ്. നമ്മുടെ അനുഭവവും കവിയുടെ അനുഭവങ്ങളും കൂടിച്ചേരുമ്പോൾ പുതിയൊരു കവിത / സൃഷ്ടി ഉണ്ടാകുന്നു.

എല്ലാ കലകളിലും കവിതയുണ്ട്. ഒരർത്ഥത്തിൽ മരവും വിത്തും തമ്മിലുള്ള സാരൂപ്യമാണ്ത്. ചെറുതിൽ നിന്ന് വലുതിലേക്ക് ! കവിത നമ്മിൽ ഉറങ്ങിക്കിടക്കുന്ന ആന്തരിക ചോദനകളെ ഉണർത്തുമെന്നതിൽ തർക്കമില്ല. ഞാൻ ആത്മഹത്യ ചെയ്യാതിരിക്കാൻ ഒരു കാരണം ഇടശ്ശേരിയുടെ അമ്പാടിയിലേക്ക് വീണ്ടും എന്ന കവിതയിലെ ഈ വരികളാണ്.

എനിക്ക് രസമീ നിമ്നോന്നതമാം
വഴിക്ക് തേരുരുൾ പായിക്കൽ
ഇതേത് ഇരുൾക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ !

ജീവിതത്തിൻ്റെ നിഗൂഢത അറിയുന്നതിന്, അനന്തതയെ അനുഭവിക്കുന്നതിന്, ഭാഷയെ തൊട്ടറിയുന്നതിന്, ജീവിതത്തിൽ ഉറഞ്ഞുകിടക്കുന്ന ആനന്ദത്തിൻ്റെയും ദു:ഖത്തിൻ്റെയും ആഴത്തിൻ്റെ സൗന്ദര്യം അനുഭവിച്ചറിയുന്നതിനൊക്കെ എനിക്ക് കവിത വായിക്കണം.

ഇടശ്ശേരി.

അതോടൊപ്പം ഉള്ളിലെ നൈതികതയെ ഉണർത്താനും മനുഷ്യ പക്ഷത്തുനിന്നു പോരാടാനും കവിത പോലെ മറ്റൊരു സാഹിത്യരൂപവും ഇല്ല തന്നെ. എന്നാൽ വില്ല്യം വേ‍ർ‍ഡ്സ്വ‍ർത്തിന്റെ സോളിറ്ററി റീപ്പ‍ർ പോലെ കവിയ്ക്കും വായനക്കാരനും കവിത ഒറ്റയ്ക്കുള്ള കൊയ്ത്തത്രേ !

ഓരോ കവിയും ഓരോ ലോകമാണ്
ലിജിന കടുമേനി

ഓരോ കവിതയുടെയും ലോകം വ്യത്യസ്തമാണ്. അമ്മയെ കുറിച്ച് പലരും കവിത എഴുതാറുണ്ട്, എന്നാൽ എല്ലാവരും പങ്കുവയ്ക്കുന്നത് ഒരേ കവിതയല്ലല്ലോ ? കവിതാവായനയുടെ പ്രസക്തിയുമതാണ്. ഒരു കവിതയുടെ വായനയിലൂടെ നാം കടന്നുപോകുമ്പോൾ വാക്കുകളാലും വികാരങ്ങളാലും നിർമ്മിച്ച മറ്റൊരു ലോകത്തിലേക്ക് എത്തിച്ചേരാനാവും. അജ്ഞാതമായ വേദനയാവട്ടെ ഇതുവരെ നുണയാത്ത മധുരമാവട്ടെ ഇതുവരെയറിയാത്ത സുഗന്ധമാവട്ടെ, കവിതയിലൂടെ അതിനെ അടുത്തറിയാം… തൊട്ടറിയാം… രുചിക്കാം.

ഒരനുഭവത്തെ സാമാന്യതയിൽ നിന്നും മോചിപ്പിച്ചുകൊണ്ട് ഓരോ അനുഭവങ്ങളെയും തന്റേതായ അനുഭവമാക്കി മാറ്റുകായാണ് ഓരോ കവിയും. കവിതയ്ക്ക് വിശാലമായ ലോകമുണ്ട്. അത്പോലെ വിശാലമായി ചിന്തിക്കുന്നവരാണ് കവികൾ. ആ ചിന്തകളിലൂടെ പലനിലകളിലെ അനുഭവങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നു. അങ്ങനെ ഈ ലോകത്തിന്റെ ബഹുലതകളെ അറിയാനും മനസ്സിലാക്കാനും ഞാൻ കവിത വായിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read