തടവറയായി മാറിയ ഫൂല്‍കട്ടോരി സ്കൂൾ

തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന്‍ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം മൂന്ന്.

വര: നാസർ ബഷീർ

ഒക്ടോബര്‍ ആറിന്റെ വൈകുന്നേരവും കടന്നുപോയി. തലേദിവസം പൊലീസ് ചൗക്കിയില്‍ നടന്ന ചോദ്യം ചെയ്യലിലെ ദുരനുഭവങ്ങളും ശരിയായി ഉറങ്ങാന്‍ സാധിക്കാത്തതിലുള്ള ക്ഷീണവും അന്ന് വൈകുന്നേരം മോചിതനാവുമെന്ന പ്രതീക്ഷയും തകര്‍ന്നാണ് ഉറങ്ങാന്‍ കിടന്നത്. കൂടുതല്‍ ഒന്നും പരസ്പരം സംസാരിക്കാതെ നാലുപേരും തങ്ങള്‍ക്ക് അനുവദിച്ച ചാക്കുകള്‍ അടുത്തടുത്ത് ചേര്‍ത്ത് വിരിച്ചാണ് കിടന്നത്. നാല് പേരും തങ്ങള്‍ ധരിച്ചിരുന്ന ഷൂവാണ് തലയണയായി ഉപയോഗിച്ചത്. ഇനി നാളെ രാവിലെയിലാണ് പ്രതീക്ഷ, ഇവിടെ നിന്ന് മോചിതരാവുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമായാണ് ഉറങ്ങാന്‍ കിടന്നത്. സഹതടവുകാരുടെ കൂര്‍ക്കം വലിയും ചാക്കില്‍ കിടക്കുന്നതിന്റെ ചൊറിച്ചിലും കൊതുകിന്റെ കടിയും മൂലം ഒക്ടോബര്‍ ആറിന്റെ രാത്രിയും നിദ്രാവിഹീനമായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നും ചിലപ്പോള്‍ ഒക്കെ ക്ലാസ് മുറിയില്‍ കിടക്കുന്ന മറ്റു തടവുകാര്‍ കൂര്‍ക്കം വലിച്ചിറങ്ങുന്നതിന്റെ താളം ശ്രദ്ധിച്ചും ഞാന്‍ ആ രാത്രി തള്ളിനീക്കി.

ഒക്ടോബര്‍ ഏഴിന് വളരെ നേരത്തെ തന്നെ എണീറ്റ് ഞാന്‍ ജനലഴികളിലൂടെ പുറത്തേക്ക് നോക്കിനിന്നു. ഈ ക്ലാസ് റൂം തടവറയിലെ തടവുകാര്‍ ഏറേ നേരം ചിലവഴിക്കുന്നത് ഇവിടത്തെ രണ്ട് ജനലുകള്‍ക്കടുത്താണ്. തങ്ങളെ കാണാന്‍ വരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രതീക്ഷിച്ചുള്ള നില്‍പ്പാണത്. ചില തടവുകാര്‍ സ്കൂളിന് പുറത്ത് കാവല്‍ നില്‍ക്കുന്ന പോലീസുകാരുമായും അതുവഴി കടന്നുപോകുന്ന വഴിപോക്കരുമായും സംസാരിച്ച് തങ്ങളുടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള സെറ്റിങ്ങുകൾ നടത്തുന്നത് ഈ ജനലുകള്‍ വഴിയാണ്. വീട്ടുകാരുടെയും ബന്ധുക്കളുടേയും മൊബൈല്‍ നമ്പറുകള്‍ പൊലീസുകാര്‍ക്കോ വഴിപോക്കര്‍ക്കോ കൈമാറി തങ്ങളുടെ ജാമ്യത്തിന്റെ കാര്യങ്ങള്‍ എവിടെ വരെ എത്തി എന്ന് മനസ്സിലാക്കും. എനിക്ക് പക്ഷെ, അവിടെ ആരേയും പ്രതീക്ഷിക്കാനില്ലായിരുന്നു. എങ്കിലും ആരേയോ പ്രതീക്ഷിച്ച്, പുറംകാഴ്ചകളും കണ്ട് ഞാനും അവിടെ നിലയുറപ്പിക്കുമായിരുന്നു. പുറത്ത് അലഞ്ഞ് തിരിയുന്ന തെരുവ് നായകളും പ്രാവുകളും അണ്ണാന്‍ കുഞ്ഞുങ്ങളുമായിരുന്നു അവിടെ എനിക്ക് കൂട്ട്. തലേ ദിവസം ലഭിച്ച ചപ്പാത്തിയുടെ വേവാത്തതും കരിഞ്ഞതുമായ ഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി നായകള്‍ക്കും അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കും ഇട്ട് കൊടുക്കും. സ്കൂളില്‍ കിട്ടിയിരുന്ന ചപ്പാത്തിയുടെ മധ്യഭാഗം മാത്രമേ ഭക്ഷ്യയോഗ്യമായിരുന്നുള്ളു. അതിന്റെ സൈഡ് ഭാഗങ്ങള്‍ എല്ലാം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി പ്രാവുകള്‍ക്കും അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കും തീറ്റകൊടുക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തി.

ഏഴാം തിയ്യതി രാവിലെ ഒമ്പത് മണിയോടടുത്ത സമയം, ആറ് സി ക്ലാസ് റൂമിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. ഞങ്ങള്‍ നാല് പേരുടേയും പേരുകള്‍ വിളിക്കപ്പെട്ടു. നാല് പേരും ആശ്വാസത്തോടെ മുഖാമുഖം നോക്കി. ‘ഹമാരാ രിഹായി ആഗയ, സിദ്ദിഖ് ഭായി…’ (നമ്മുടെ മോചനം വന്നെത്തി, സിദ്ദിഖ് ഭായി) ഹിന്ദിക്കാരായ എന്റെ മൂന്ന് സുഹൃത്തുക്കളും ഏക സ്വരത്തില്‍ പറഞ്ഞ് ദീര്‍ഘശ്വാസം വലിച്ചു. ഞങ്ങള്‍ മറ്റു തടവുകാര്‍ക്കെല്ലാം ഓരോ പുഞ്ചിരി സമ്മാനിച്ച് ക്ലാസ് റൂമില്‍ നിന്ന് പുറത്തിറങ്ങി. സ്കൂളിന്റെ കവാടത്തില്‍ രജിസ്റ്ററുമായി ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ പോയി ഒരു രജിസ്റ്ററില്‍ ഒപ്പ് വെച്ച് ഗ്രില്‍സ് തുറന്ന് പുറത്തിറങ്ങി. അവിടെ കുറേ പൊലീസുകാരും ഒരു പൊലീസ് ബസ്സും ഞങ്ങളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരെ വീതം കൈയ്യാമം വെച്ച് പൂട്ടി, അതിന് മീതെ നല്ല വണ്ണമുള്ള കയറുകള്‍ കൊണ്ട് ബന്ധിച്ചു. ഒരു കയറിന്റെ രണ്ടറ്റത്തായി ഈരണ്ടു പേരെ ബന്ധിച്ച് ബസ്സില്‍ കയറ്റി. അപ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. കൈയ്യാമം വെയ്ക്കാതെ കൊണ്ടുപോകണമെന്നും ഞങ്ങള്‍ ക്രിമിനലുകള്‍ അല്ലെന്നും ഓടിരക്ഷപ്പെടില്ലെന്നും അവരോട് പറഞ്ഞുനോക്കി. ഒരു ഫലവുമുണ്ടായില്ല. എന്തായാലും ‘മോചിതരാവാന്‍’ പോവുകയല്ലെ, ഇത്രയും സഹിച്ചില്ലെ, ഇതു കൂടി അങ്ങ് സഹിക്കാമെന്ന് ഞങ്ങളും ‘ഏകകണ്ഠമായി’ ആശ്വസിച്ചു. ആ ആശ്വാസത്തിന് വെറും അര മണിക്കൂറിന്റെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഞങ്ങളെയും വഹിച്ചുള്ള പൊലീസ് ബസ് ചെന്ന് നിന്നത് മഥുരയിലെ ജില്ലാ കോടതിയുടെ വളപ്പില്‍. കോടതി പരിസരം മുഴുവന്‍ മാധ്യമ ക്യാമറകളും മൈക്കുകളും മൊബൈല്‍ ക്യാമറകളും പൊലീസ്, അര്‍ദ്ധ സൈനീക വിഭാഗം, മഫ്തിയിലുള്ള കുറേ മല്ലന്‍മാര്‍, അഭിഭാഷകര്‍ എന്നിവരെ കൊണ്ട് നിറഞ്ഞിരുന്നു. കോടതിയുടെ പരിസരം കണ്ടതോടെ, എന്റെ മോചന സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങളെ കോടതിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കോടതിക്ക് അകവും ജനനിബിഡം. ‍ജഡ്ജിന്റെ കസേരയില്‍ ഇരിക്കുന്നത് ഒരു വനിത. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവര്‍ക്ക് ഒരു ഫയല്‍ കൈമാറുന്നു. അവര്‍ ഫയല്‍ നോക്കി. എന്താ ഈ അവസാനത്തില്‍ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു. അതിന് പോലീസ് ഉദ്യോഗസ്ഥന്‍ വളരെ പതുങ്ങിയ സ്വരത്തില്‍ എന്തോ മറുപടി പറഞ്ഞു. കോടതിക്കുള്ളിലെ ബഹളം കാരണം എനിക്കൊന്നും മനസ്സിലായില്ല. അതിനിടെ, കോടതിമുറിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് സുരക്ഷാ കവചം പോലെ നില്‍ക്കുന്ന മഫ്തിയിലുള്ള മല്ലന്‍മാരെ നോക്കി ജഡ്ജ്, നിങ്ങള്‍ ആരാണെന്ന് ചോദിക്കുന്നുണ്ടായിരുന്നു. ജ‍ഡ്ജിന്റേതായി ഈ രണ്ടു വാക്കുകള്‍ മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ സാധിച്ചത്. ഞങ്ങളില്‍ നിന്ന് എന്തെങ്കിലും ചോദിച്ചറിയാനോ ഞങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പറയുവാനുള്ള ഒരു മര്യാദ പോലും ജഡ്ജ് കാണിച്ചില്ല. (ഈ ദിവസമാണ് ഞങ്ങള്‍ക്കെതിരെ ഐ.പി.സിയിലെ 153എ, 295എ, 124എ, യു.എ.പി.എ നിയമത്തിലെ 17, 18, ഐ.ടി ആക്ടിലെ 65, 72, 76 വകുപ്പുകള്‍ ചുമത്തിയത്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ അറിയുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്).

അതേസമയം, കോടതിക്കുള്ളില്‍ നിന്ന് ഒരു പൊലീസുകാരന്‍ ഞങ്ങള്‍ നില്‍ക്കുന്ന പ്രതിക്കൂട്ടിന് അടുത്തേക്ക് വന്നു, പതുങ്ങിയ സ്വരത്തില്‍ എന്റെ കൂടെയുള്ളവരോട് ആരാണ് സിദ്ദിഖ് കാപ്പന്‍ എന്ന് ചോദിച്ചു. അവര്‍ എന്നെ കാണിച്ച് കൊടുത്തു. അദ്ദേഹത്തിന്റെ വാട്സ്അപ് മെസേജില്‍ വന്ന ഒരു മൊബൈൽ നമ്പറും വില്‍സ് എന്ന പേരും കാണിച്ച് അദ്ദേഹം പറഞ്ഞു, താങ്കള്‍ക്ക് വേണ്ടി വില്‍സ് എന്ന വക്കീല്‍ സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്ന്, ഡല്‍ഹിയില്‍ നിന്ന് ‘എ’ എന്ന ചാനലിലെ താങ്കളുടെ ഒരു മാധ്യമ പ്രവര്‍ത്തകനായ സുഹൃത്ത് അറിയിച്ചിട്ടുണ്ടെന്ന്. അതി കഠിനമായ രണ്ട് രാപ്പകലുകള്‍ക്ക് ശേഷം പുറംലോകത്ത് നിന്ന് ആദ്യമായി ആശ്വാസ വിവരം ലഭിക്കുന്നത് ആ മാന്യനായ പൊലീസുകാരനിലൂടെയാണ്. അദ്ദേഹത്തിന് നന്ദി പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും പ്രതിക്കൂട്ടില്‍ നിന്ന് ഞങ്ങളെ കയറില്‍ വലിച്ച് പുറത്തിറക്കി വാഹനത്തില്‍ കയറ്റി. വാഹനത്തില്‍ കയറ്റുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പൊലീസ് വായ പൊത്തി സംസാരം തടസ്സപ്പെടുത്തി.

വീണ്ടും ബസ്സില്‍ തിരികെ സ്കൂളിലേക്കുള്ള യാത്ര. അര മണിക്കൂര്‍ സമയത്തെ യാത്രക്കൊടുവില്‍ വീണ്ടും ഫൂല്‍കട്ടോരി സ്കൂളിലെ ആറാം ക്ലാസില്‍ ഞങ്ങളെ ബന്ധികളാക്കി. അപ്പോഴും ഏതു സമയത്തും മോചിതരാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. ദിവസവും രാവിലേയും വൈകുന്നേരവുമാണ് തടവുകാരെ മോചിതരാക്കുന്ന സമയം. രാവിലത്തെ മോചന സമയം കഴിഞ്ഞാല്‍ വൈകുന്നേരം വരെ മോചിതരാവുമെന്ന പ്രതീക്ഷയില്‍ ഇരിക്കും. വൈകുന്നേരം കഴിഞ്ഞാല്‍ രാവിലെയെ പ്രതീക്ഷിച്ചിരിക്കും. മിനിറ്റിനും മണിക്കൂറിനും ദിവസത്തിനുമെല്ലാം വന്‍ ദൈര്‍ഘ്യമാണ് എനിക്ക് അനുഭവപ്പെട്ടത്. അതിനോടകം തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൃതം അനുഷ്ടിക്കാന്‍ തുടങ്ങി. ഇതിനിടയിൽ, ഹാത്രസ് പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ചാന്ദ്പാ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം, മഥുര ക്രൈംബ്രാഞ്ച് പൊലീസ്, ‍ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഞങ്ങളെ സ്കൂളില്‍ വന്ന് ചോദ്യം ചെയ്തു. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ഒരു എഴുത്ത് പരീക്ഷ മാതൃകയിലായിരുന്നു. ക്ലാസ് മുറിക്ക് പുറത്തെ ഇടനാഴിയില്‍ ബെഞ്ചും ഡെസ്കും വെച്ച്, ഞങ്ങള്‍ നാലു പേരേയും വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒരു പേനയും ഏതാനും ഷീറ്റ് വെള്ള പേപ്പറും തന്നുള്ള എഴുത്ത് പരീക്ഷയില്‍, ഉദ്യോഗസ്ഥന്‍ ചോദിക്കുന്ന ചോദ്യവും അതിനുള്ള ഉത്തരവും അവര്‍ നല്‍കിയ വെള്ള പേപ്പറില്‍ എഴുതി പേരെഴുതി ഒപ്പ് വെച്ച് ഉദ്യോഗസ്ഥന് തന്നെ തിരിച്ചു നല്‍കുന്ന രീതിയിലാണ് ചോദ്യം ചെയ്യല്‍. പതിനാറോളം ചോദ്യങ്ങളാണ് എന്നോട് ചോദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ ഇ.ഡി എന്നോട് ചോദിച്ചത് മിക്കവാറും പൊളിറ്റിക്കല്‍ ആയിട്ടുള്ള ചോദ്യങ്ങളായിരുന്നു. ‘ജസ്റ്റിസ് ഫോര്‍ ഹാത്രസ് ഗേള്‍’ എന്ന വെബ്സൈറ്റ് ഉണ്ടാക്കിയത് ഞാനാണോ എന്നായിരുന്നു അവരുടെ പ്രധാന ചോദ്യം. അത്തരം വെബ്സൈറ്റിനെ കുറിച്ച് ഞാന്‍ അപ്പോള്‍ മാത്രമാണ് കേള്‍ക്കുന്നത് എന്നാണ് ഞാന്‍ അതിന് മറുപടി നല്‍കിയത്. എന്നാല്‍, ഈ വെബ്സൈറ്റ് ഉണ്ടാക്കിയത് ഞാനാണെന്ന തീര്‍പ്പില്‍ എത്തിയതിന് ശേഷമാണ് അവര്‍ എന്നോട് ആ ചോദ്യം ചോദിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. ‘തും ‍ജൂട്ട് ബോല്‍താ ഹെ…’ നീ കള്ളം പറയുന്നു എന്നായിരുന്നു എന്റെ മറുപടിയോടുള്ള ഇ.ഡി ഉദ്യോഗസ്ഥന്‍ വിനയ കുമാറിന്റെ പ്രതികരണം. എന്നോട് ചോദ്യം ചോദിക്കുന്നതിനിടെ അദ്ദേഹം ആരോടൊക്കെയോ ഫോണില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കണമെന്ന ഒരു ധാരണ അദ്ദേഹത്തിന് ഇല്ലാത്ത പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മുകളില്‍ നിന്ന് ആരോക്കെയൊ കൊടുക്കുന്ന നിര്‍ദേശം അനുസരിച്ചുള്ള ദുര്‍ബലമായ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഒരു ചോദ്യം ചോദിച്ച് കഴിഞ്ഞാല്‍ ഒരു സിഗരറ്റിന് തീ കൊളുത്തി സ്കൂളിന്റെ ഇടനാഴിയിലൂടെ, എന്റെ മുന്നിലൂടെ അലക്ഷ്യമായി ഉലാത്തുന്നു. ഒരു കൈയ്യില്‍ കത്തി എരിയുന്ന സിഗരറ്റും മറു കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ച് പതുക്കെ സംസാരിച്ച് കൊണ്ടാണ് നടക്കുന്നത്. ഇ.ഡി സ്കൂളില്‍ ഞങ്ങളെ ചോദ്യം ചെയ്യാന്‍ വന്ന ദിവസം ഏതാനും ടെലിവിഷന്‍ ചാനലുകള്‍ സ്കൂളിന്റെ പുറത്ത് വന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വാര്‍ത്ത ചെയ്യുന്നതും കാണാമായിരുന്നു.

ചാന്ദ്പാ പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന പൊലീസുകാരും മഥുര ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഓഫീസറും ഒരു ചടങ്ങ് കഴിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലാണ് നടത്തിയത്. ക്രൈംബ്രാഞ്ച് സി.ഒ ചോദ്യം ചെയ്യാന്‍ വന്ന ദിവസമാണ് കുറേ ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു കപ്പ് ചായ കുടിക്കാന്‍ കഴിഞ്ഞത്.

ഇതേസമയം, പുറത്ത് എന്തൊക്കെ നടക്കുന്നു എന്ന വിവരങ്ങള്‍ അറിയാനായി ഞങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ് മുറിയില്‍ നിന്ന് മോചിതരായി പോകുന്ന തടവുകാരുടെ കൈവശം സന്ദേശങ്ങള്‍ കൈമാറുക, വീട്ടുകാരുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് വിവരങ്ങള്‍ കൈമാറാനായി മൊബൈല്‍ നമ്പറുകള്‍ നല്‍കുക, സ്കൂളിലെ കാവല്‍ക്കാരായ ശിപായിമാര്‍ വഴി വിവരങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ. എന്നാല്‍ എന്റെ കാര്യത്തില്‍ ഇവയൊന്നും ഫലവത്തായിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ഒരേ വസത്രം ധരിച്ചാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത്. ഒന്നു കുളിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഞങ്ങളുടെ 14 ദിവസത്തെ ക്വാറന്റൈന്‍ തീരാന്‍ നേരം ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഞങ്ങളുടെ ക്വാറന്റൈന്‍ ദിവസം വീണ്ടും വര്‍ധിപ്പിച്ചു. അതിനിടെ, ഒരു ദിവസം ഞങ്ങളുടെ ക്ലാസ് റൂമിന് പുറത്ത് കാവല്‍ നിന്നിരുന്ന ഒരു പൊലീസുകാരന്‍, അദ്ദേഹം ഒരു എല്‍.എല്‍.ബി ബിരുദധാരി കൂടിയായിരുന്നു, എന്നെ വിളിച്ച് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വന്ന ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലിലെ വീ‍‍ഡിയോ ക്ലിപ്പ് എന്നെ കാണിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തയായിരുന്നു അത്. അതോടെയാണ് ഞങ്ങളുടെ അറസ്റ്റ് ഒരു ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായിട്ടുണ്ടെന്ന കാര്യം ഞങ്ങള്‍ക്ക് മനസ്സിലായത്. അപ്പോഴേക്കും ഞങ്ങളെ സ്കൂളിന്റെ ഒന്നാം നിലയിലെ ആറ് സി ക്ലാസില്‍ നിന്ന് താഴത്തെ നിലയിലെ മറ്റൊരു ക്ലാസ് റൂമിലേക്ക് മാറ്റിയിരുന്നു.

മഥുരയിലെ ഫൂല്‍ കട്ടോരി സ്കൂൾ

സ്കൂളില്‍ തടവില്‍ കഴിയുന്ന സമയത്ത് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിച്ച മറ്റൊരു ചെറിയ അവസരം ലഭിച്ചത് ഞങ്ങളുടെ ക്യാബ് ഡ്രൈവര്‍ ആലമിന്റെ കുടുംബം, ഞങ്ങള്‍ തടവില്‍ കഴിഞ്ഞിരുന്ന ക്ലാസ് റൂമിന്റെ ജനലിന്റെ പുറത്ത് വന്ന ദിവസമായിരുന്നു. അന്നാണ് ഞങ്ങളുടെ കേസിനെ കുറിച്ചുള്ള ഏതാനും വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്. കൂടാതെ, അവര്‍ ഒരു ശിപായി മുഖേന നല്‍കിയ ഒരു കെട്ട് ബീഡിയും ഒന്ന് രണ്ട് സിഗരറ്റും അഞ്ചു രൂപയുടെ ഒരു ബിസ്ക്കറ്റ് പാക്കറ്റും ഒരു രൂപ വിലയുള്ള ഷാംപൂവിന്റെ ഏതാനും പാക്കറ്റുകളും ആലമിനുള്ള ഒരു കൂട്ട് വസ്ത്രവും ഞങ്ങള്‍ക്ക് ലഭിച്ചു. അതോടൊപ്പം നല്‍കിയ ആയിരം രൂപ ശിപായി കൈക്കലാക്കി. ഇത്രയും സാധനങ്ങള്‍ ഞങ്ങള്‍ക്ക് എത്തിക്കാന്‍ ശിപായിക്ക് വേറെ പൈസ നല്‍കിയിരുന്നു എന്നത് വേറെ കാര്യം.

സ്കൂളിന് പുറത്ത് ആരെങ്കിലും വരുമ്പോഴേക്കും താഴത്തെ നിലയിലും മുകളിലെ നിലയിലുമുള്ള ക്ലാസ് റൂമുകളില്‍ തടവില്‍ കഴിയുന്നവര്‍ എല്ലാവരും കൂടി ജനലിന് അടുത്തേക്ക് വന്ന് തിക്കും തിരക്കും കൂട്ടും. പുറത്ത് നില്‍ക്കുന്ന ആളുടെ കൈവശം വീട്ടുകാരുടെ മൊബൈല്‍ നമ്പര്‍ കൊടുത്ത് അവരെ കൊണ്ട് വിളിപ്പിച്ച് ജാമ്യത്തിന്റെ കാര്യം എന്തായി എന്ന് തിരക്കാനാണ് ഈ തിക്കും തിരക്കും. ഭാഗ്യമുള്ള ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമെ അതിനുള്ള അവസരം ലഭിക്കൂ. സ്കൂളിന് പുറത്ത് കാവല്‍ നില്‍ക്കുന്ന സായുധ പൊലീസായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) യുടെ കണ്ണുവെട്ടിച്ചും അവരെ കൈയ്യിലെടുത്തുമാണ് ഈ കലാപരിപാടി.

അഡ്വ. വില്‍സ് മാത്യൂസ്

പുറത്തേക്ക് കണ്ണും നട്ട് ജനല്‍ അരികില്‍ നില്‍കുന്ന ഒരു ദിവസം എന്റെ പേര് ചേര്‍ത്ത് സംസാരിക്കുന്ന പോലെ എനിക്ക് തോന്നി. പുറത്ത് ഒരാള്‍ വന്ന് പൊലീസുകാരുമായി സംസാരിക്കുകയാണ്. കറുത്ത പാന്റ്സും വെള്ള ഷര്‍ട്ടും ധരിച്ച ഒരാള്‍ അദ്ദേഹത്തെ ശരിക്കും കാണാന്‍ സാധിച്ചില്ല. എന്നെ കാണാന്‍ വന്നതാണെന്ന് മനസ്സിലായി. പക്ഷെ, പൊലീസ് എന്നെ കാണാന്‍ അനുമതി നല്‍കിയില്ല. ഈ കേസിന്റെ തുടക്കം മുതല്‍ എന്റെ ഒരു കുടുംബാംഗത്തെ പോലെ ഡല്‍ഹിയിലും മഥുരയിലുമായി ഓടി നടന്ന അഡ്വ. വില്‍സ് മാത്യൂസ് എന്നെ കാണാനുള്ള അനുമതി തേടി വന്നതായിരുന്നു അത്. ആരോഗ്യ പ്രശ്നങ്ങളും വിവിധ തരത്തിലുള്ള ഭീഷണികളും വിമര്‍ശനങ്ങളും വകവെയ്ക്കാതെ കേസിന്റെ തുടക്കം മുതല്‍ എന്റെ കൂടുംബത്തിന് ആശ്വാസമായി നിന്ന വ്യക്തിയാണ് വില്‍സ്. എനിക്ക് അദ്ദേഹത്തെ, ജനലഴികള്‍ക്കുള്ളിലൂടെ ഒരു നോക്ക് കാണാന്‍ സാധിച്ചെങ്കിലും അദ്ദേഹത്തിന് എന്നെ കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. എന്നെ നേരില്‍ കണ്ട് ജാമ്യത്തിനുള്ള വക്കാലത്ത് ഒപ്പിടുവിക്കാനുള്ള വില്‍സ് മാത്യൂസിന്റെ ശ്രമമാണ് തടയപ്പെട്ടത്. എന്നെ കാണുന്നതിന് വേണ്ടി വില്‍സ് മാത്യൂസ് കോടതിയെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. കോടതിയില്‍ ചെല്ലുമ്പോള്‍ ജയില്‍ അധികൃതരെ സമീപിക്കാനും ജയിലില്‍ ചെല്ലുമ്പോള്‍ കോടതിയെ സമീപിക്കാനും പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വട്ടം കറക്കുകയുണ്ടായി. വക്കീലിനും സ്വന്തം കക്ഷിയെ കാണാനുള്ള അനുവാദം നിഷേധിച്ച് കൊണ്ടുള്ള അസാധാരണമായ വിധിയാണ് മഥുര കോടതി പുറപ്പെടുവിച്ചത്. സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി.കെ മണികണ്ഠന്‍ അടക്കം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘ‍ടകത്തിലെ മൂന്നു സഹപ്രവര്‍ത്തകര്‍ എന്നെ കാണാന്‍ അനുമതി തേടി മഥുര ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.

ഒരു സ്കൂള്‍ കെട്ടിടം താല്‍ക്കാലിക ജയിലാക്കി മാറ്റി, അവിടെ ഒരുപാട് പേരെ തിക്കി നിറച്ച് പാര്‍പ്പിച്ചിരിക്കുന്നു. അതിനെ ക്വാറന്റൈന്‍ സെന്റര്‍ എന്ന് വിളിക്കുന്നു. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ ഒന്നും പാലിക്കാതെയാണ് കുറെ മനുഷ്യരെ മൃഗങ്ങളെ പോലെ തടവറയില്‍ തള്ളിയിരിക്കുന്നത്. ഇത് പുറംലോകത്ത് അറിയാതിരിക്കാനായിരിക്കും കോടതിയും ജയില്‍ അധികൃതരും വില്‍സ് മാത്യൂസിന് സന്ദര്‍ശനാനുമതി നിഷേധിച്ചത്. വില്‍സ് മാത്യൂസ് സ്കൂള്‍ തടവറ സന്ദര്‍ശിച്ച ദിവസം, അദ്ദേഹം അഭിഭാഷകനാണെന്ന് കാഴ്ചയില്‍ മനസ്സിലായതോടെ നിരവധി പേരാണ് സഹായാഭ്യര്‍ത്ഥനയുമായി വില്‍സ് മാത്യൂസിനെ സമീപിച്ചത്. സഹായം തേടിയുള്ള ആ നിലവിളികള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണെന്നായിരുന്നു പിന്നീട് വില്‍സ് മാത്യൂസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇവിടത്തെ അനുഭവങ്ങള്‍ പിന്നീട് അദ്ദേഹം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

ആകെ 21 ദിവസമാണ് മഥുരയിലെ ഫൂല്‍ കട്ടോരി സ്കൂളില്‍ ഞാന്‍ തടവില്‍ കഴിഞ്ഞത്. മല-മൂത്ര വിസര്‍ജ്ജനം ആയിരുന്നു അവിടെ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ജീവിതത്തില്‍ ആദ്യമായി 21 ദിവസം കുളിക്കാതെ കഴിച്ചുകൂട്ടിയതും ഈ ദിവസങ്ങളിലാണ്. ഇവിടെ നിന്നുള്ള മോചന പ്രതീക്ഷ ഏകദേശം അസ്തമിച്ചതോടെ, സ്കൂളില്‍ നിന്ന് എങ്ങനെയെങ്കിലും മഥുര ജില്ലാ ജയിലിലേക്ക് മാറ്റിയാല്‍ മതിയായിരുന്നു എന്നതായി എന്റെ പ്രാര്‍ത്ഥന. ജയിലില്‍ എത്തിയാല്‍ മാന്യമായി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും കുളിക്കാനും സാധിക്കും എന്നതായിരുന്നു പ്രധാന കാരണം. നേരത്തെ ജയിലില്‍ കിടന്ന് പരിചയമുള്ള ചില സഹതടവുകാരില്‍ നിന്ന് ജയിലിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും അവിടെ ലഭ്യമാകുന്ന സൗകര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. മഥുര ജില്ലാ ജയിലില്‍ ലൈബ്രറിയും പത്രവും ടെലിവിഷനും ദിവസവും കുളിക്കാനുള്ള സൗകര്യവും തൊട്ടിയില്‍ കാര്യം സാധിക്കുന്നതിന് പകരം ടോയ്ലറ്റില്‍ പോയി കാര്യം സാധിക്കുന്നതിനെ കുറിച്ചുമെല്ലാം മോഹന സ്വപന്ങ്ങളാണ് നെയ്തുകൂട്ടിയിരിക്കുന്നത്. ജയില്‍ മോചനം എന്നതിനേക്കാള്‍ ഉപരി ഇവിടെ നിന്നുള്ള മോചനം എന്ന ചെറുസ്വപ്നം മാത്രമാക്കി ചുരുക്കി. അതിനാല്‍ തന്നെ, എത്രയും പെട്ടൊന്ന് ഇവിടെ നിന്ന് ജയിലിലേക്ക് പോകണമെന്ന ആഗ്രഹമായി. എന്നാണ് ഞങ്ങളെ ജയിലിലേക്ക് മാറ്റുന്നത് എന്നറിയാന്‍, ഞങ്ങളുടെ ക്ലാസ് റൂമിന് കാവല്‍ നില്‍ക്കുന്ന ശിപായിയോട് ദിവസവും ചോദിച്ചുകൊണ്ടിരുന്നു.
അവസാനം ആ ദിവസം വന്നെത്തി, ഞങ്ങളെ മഥുര ജില്ലാ ജയിലിലേക്ക് മാറ്റുകയാണ്. പതിനാലും അതില്‍ അധികവും ദിവസം സ്കൂളില്‍ തടവ് പൂര്‍ത്തിയാക്കിയ തടവുകാരെ സ്ഥായി ജയിലിലേക്ക് മാറ്റുകയാണ്. മഥുര ജില്ലാ ജയിലിനെയാണ് സ്ഥായി ജയില്‍ എന്ന് വിളിക്കുന്നത്. ഞങ്ങള്‍ ഇതുവരെ തടവില്‍ കിടന്ന സ്കൂള്‍ അസ്ഥായി ജയില്‍ (താല്‍ക്കാലിക ജയില്‍).

സ്കൂളില്‍ തടവില്‍ കഴിയുന്നവരെ മഥുര ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനായി സ്കൂളിന് പുറത്ത് പൊലീസ് ലോറി വന്ന് നില്‍ക്കുന്നു, ഓരോര്‍ത്തരേയും പേരു വിളിച്ച് നിരനിരയായി നിര്‍ത്തി വാഹനത്തില്‍ കയറ്റുകയാണ്. ഇതില്‍ സീറ്റുപിടിക്കാനായി തടവുകാര്‍ തിക്കും തിരക്കും കൂട്ടുന്നു. നാസി ജര്‍മ്മനിയുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു തമാശ ചൊല്ലാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. ഗ്യാസ് ചേംബറിലേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ സൈഡ് സീറ്റിന് വേണ്ടി അടിപിടി കൂടുന്നത് പോലെ തന്നെയായിരുന്നു ആ രംഗം. മുകള്‍ ഭാഗവും സൈഡും ബോഡി വര്‍ക്ക് ചെയ്ത് മറച്ച പോലീസ് ലോറിയില്‍ രണ്ട് സൈഡിലായി ഓരോ നിര സീറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു സൈഡില്‍ കഷ്ടിച്ച് 12 പേര്‍ക്ക് ഇരിക്കാനാവും. രണ്ടു സൈഡിലുമായി 24 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ഈ വാഹനത്തില്‍ 50 പേരെ വരെ കുത്തിനിറച്ചാണ് കൊണ്ടുപോവുന്നത്. സീറ്റ് കിട്ടാത്തവര്‍ രണ്ടു സീറ്റുകള്‍ക്കിടയിലെ ഒഴിഞ്ഞ ഭാഗത്ത് നിന്ന് യാത്ര ചെയ്യണം. സീറ്റില്‍ ഇരുന്നാല്‍ പുറത്തെ കാഴ്ചകള്‍ കാണാം, ശരിക്കൊന്ന് ശുദ്ധവായു ശ്വസിക്കാം. കൂടാതെ, രണ്ടാഴ്ചയായി ബെഞ്ചിലോ കസേരയിലൊ ഇരിക്കാത്തവരാണ് എല്ലാവരും..

ക്ലാസ് റൂമില്‍ വിരിച്ച ചാക്കില്‍ കിടക്കുകയോ, ചമ്രം പടിഞ്ഞ് ഇരിക്കുകയോ, അല്ലെങ്കില്‍ ക്ലാസ് റൂമിലെ ഒഴിവുള്ള സ്ഥലത്തിലൂടെ (ആളുകള്‍ കിടക്കാത്ത ഭാഗത്തിലൂടെ) അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയോ ആണ് പതിവ്. ഭക്ഷണം കഴിക്കാന്‍ നേരത്ത് മാത്രം എണീറ്റ് ഭക്ഷണം കഴിച്ച് വീണ്ടും കിടന്ന് സമയം തള്ളി നീക്കുന്നവരും ഉറക്കം കിട്ടാതെ ക്ലാസ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി സമയം കൊല്ലുന്നവരും ഒക്കെ എന്റെ സഹതടവുകാരായി ഉണ്ടായിരുന്നു. മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെട്ട് ജയിലിലായവരും മയക്ക് മരുന്നിന് അടിമകളായവരും ഉറക്ക ഗുളികകളിലാണ് അഭയം കണ്ടെത്തിയിരുന്നത്. ചില ദിവസങ്ങളില്‍ സ്കൂളില്‍ ഒരു ഫാര്‍മസിസ്റ്റ് വന്ന് മരുന്ന് വിതരണം ചെയ്തിരുന്നു. സ്കൂള്‍ തടവറയില്‍ ഏറ്റവും ഡിമാന്റുള്ള മരുന്ന് നീന്ദ് കാ ഗോലി ( ഉറക്ക ഗുളിക), കുജ്ലി കാ ദവാ (ചൊറിക്കുള്ള ലോഷന്‍) എന്നിവയായിരുന്നു. മയക്ക് മരുന്നിന് അടിമപ്പെട്ടവര്‍ ചിലര്‍ അക്രമാസ്ക്തരാവുകയും സഹ തടവുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇവരെ ഉറക്ക ഗുളികകള്‍ കൊടുത്തി മയക്കി കെടുത്തുകയായിരുന്നു പതിവ്. ദിവസങ്ങളായി കുളിക്കാത്തതും തടവറകളായ ക്ലാസ് മുറികള്‍ തന്നെ ശൗച്യാലയമായി മാറ്റിയതും കിടക്കാന്‍ വിരിപ്പായി നല്‍കിയ വൃത്തി ഹീനമായ ചാക്കുകളുമായിരുന്നു തടവുകാര്‍ക്ക് ചൊറി പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍. ചൊറി പിടിപ്പെട്ടവരെ മാത്രം തടവിലാക്കാന്‍ സ്കൂളില്‍ കുജ്ലി കമര (ചൊറി മുറി) ഉണ്ടായിരുന്നു. എല്ലാ ചൊറിയന്മാരേയും കൂടി ഒരു മുറിയിലിട്ട് അടക്കുക.അതായിരുന്നു കുജ്ലി കമര, അവിടെ രോഗികള്‍ക്ക് പ്രത്യേകിച്ച് സൗകര്യങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.
(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read