

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പരിഭാഷ: ആദി
നമ്മുടെ പൊതുജീവിതത്തിലെ ചില വ്യക്തികൾക്ക് അവരുടെ വാക്കുകളേക്കാൾ വലുപ്പമുണ്ട്. അവർ എഴുത്തുകാരായി തുടങ്ങുന്നു, പക്ഷേ താമസിയാതെ വൻ ബിംബങ്ങളായി മാറുന്നു. അരുന്ധതി റോയ് അത്തരമൊരു ബിംബമാണ്, ചെറുത്തുനിൽപ്പിന്റെ പ്രതീകമാണവർ. അണക്കെട്ടുകൾ, യുദ്ധങ്ങൾ, ഹിന്ദുത്വം, സാമ്രാജ്യത്വം എന്നിവയ്ക്കെതിരെ നിലകൊള്ളാൻ സാഹിത്യ പ്രശസ്തിയുടെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച നോവലിസ്റ്റ്. എഡ്വേർഡ് സെയ്ദിന്റെ വാക്കുകളിൽ, അവർ ‘ലോകത്തിന്റെ ഉൾക്കരുത്തായി (conscience of the world)’ – മറ്റുള്ളവർ നിശബ്ദത പാലിക്കുമ്പോൾ അധികാരത്തോട് സത്യം പറയുന്ന അപൂർവ്വ എഴുത്തുകാരിയായി മാറിയിരിക്കുന്നു.


ഉൾക്കരുത്ത് ഒരു സ്ഥിരമായ സ്വത്തല്ല. പ്രവൃത്തിയിലൂടെയത് നിരന്തരം പുതുക്കപ്പെടണം. പ്രലോഭനങ്ങളെ അത് അതിജീവിക്കണം. ഇവിടെയാണ് അരുന്ധതി റോയി തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പെൻഗ്വിനൊപ്പം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നത്. പെൻഗ്വിൻ ഒരു നിഷ്കളങ്ക പ്രസാധകരല്ല. പലസ്തീനികളുടെ കൂട്ടക്കൊലയിൽ ഉൽപ്പന്നങ്ങൾ വിന്യസിച്ച ഇസ്രായേലി ടെക് സംരംഭങ്ങൾക്ക് പെൻഗ്വിൻ ധനസഹായം നൽകിയിട്ടുണ്ട്. കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയതിനെ മഹത്വവൽക്കരിക്കുന്ന നരേന്ദ്ര മോദിയുടെ ‘370: അൺഡൂയിംഗ് ദി അൺജസ്റ്റ്’, തമിഴ് വംശഹത്യയ്ക്കിടെ പട്ടിണി ഉപരോധങ്ങൾക്കും തിരോധാനങ്ങൾക്കും മേൽനോട്ടം വഹിച്ചതായി ആരോപിക്കപ്പെടുന്ന ശ്രീലങ്കയുടെ നാവിക കമാൻഡർ വസന്ത കരണ്ണഗോഡയുടെ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടെയുള്ള പ്രൊപ്പഗാണ്ട ഗ്രന്ഥങ്ങൾ പെൻഗ്വിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ചോദ്യം ലളിതമാണ്, സയണിസത്തിനെതിരെയും ഹിന്ദുത്വത്തിനെതിരെയും ഭരണകൂട അക്രമത്തിനെതിരെയും ശബ്ദമായ അരുന്ധതി റോയ് ഇതേ ഹിംസകൾക്ക് കൂട്ടുനിൽക്കുന്ന ഒരു കുത്തകയുമായി കരാറിൽ ഏർപ്പെടുന്നതിന്റെ അർത്ഥമെന്താണ്?
പെൻഗ്വിൻ വിമർശനത്തിന് വിധേയമാകുന്നത് ഇതാദ്യമായല്ല. 2014-ൽ, വലതുപക്ഷ സമ്മർദ്ദത്തെത്തുടർന്ന് വെൻഡി ഡോണിഗറിന്റെ ‘ദി ഹിന്ദുസ്: ആൻ ആൾട്ടർനേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിൻവലിച്ചതിന് അരുന്ധതി റോയ് തന്നെ പെൻഗ്വിനെ വിമർശിച്ചിട്ടുണ്ട് . “എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഞങ്ങളോട് പറയണം” അവർ പെൻഗ്വിനോട് അന്ന് ആവശ്യപ്പെട്ടു. “എന്താണ് നിങ്ങളെ ഭയപ്പെടുത്തിയത്?” അന്നേരം, കോർപ്പറേറ്റ് ഭീരുത്വത്തിനെതിരെ അരുന്ധതി റോയ് സ്വയം നിലയുറപ്പിച്ചു.


ഇന്ന്, പലസ്തീൻ കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെടുകയും കശ്മീരികൾ നിശബ്ദതയിൽ കഴിയുകയും ചെയ്യുന്ന ഒരു നിമിഷത്തിൽ, അരുന്ധതി റോയ് പെൻഗ്വിനുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചു. നേരത്തെ അരുന്ധതി റോയ് ഉന്നയിച്ച ചോദ്യം അവരിലേക്ക് തിരിച്ചുവിടാതിരിക്കാൻ കഴിയുന്നില്ല: “എന്താണ് നിങ്ങളെ ഭയപ്പെടുത്തിയത്, അരുന്ധതി റോയ്? വംശഹത്യ ഇപ്പോഴും തുടരുകയാണ്. നിങ്ങൾ ഇതിനകം കീഴടങ്ങിയോ?”
കല അതിന്റെ വിമർശനാത്മക വശം നഷ്ടപ്പെട്ട് ഒരു ചരക്കായി മാറുന്നതിനെ കുറിച്ച് ജർമ്മൻ തത്ത്വചിന്തകനായ തിയോഡോ അഡോർണോ എഴുതിയിട്ടുണ്ട്. ആ പ്രക്രിയ നമ്മുടെ കൺമുന്നിൽ നടക്കുന്നത് നാം കാണുന്നു. ഒരുകാലത്ത് പ്രതിരോധത്തിന്റെ പ്രതീകമായിരുന്ന അരുന്ധതി റോയിയുടെ വാക്കുകൾ ഇപ്പോൾ അടിച്ചമർത്തലിനെ പോഷിപ്പിക്കുന്ന അതേ സംവിധാനങ്ങളാൽ പ്രചരിക്കപ്പെടുന്നു.


അംഗീകാരത്തിനായി കൊതിക്കുന്ന ഒരു അജ്ഞാത എഴുത്താൾ പെൻഗ്വിനുമായി ഒപ്പുവയ്ക്കുന്നത് മനസിലാക്കാം. ഇതിനകം ബുക്കർ സമ്മാനം നേടിയിട്ടുള്ള, എവിടെയും പ്രസിദ്ധീകരിക്കാൻ പോന്ന ശേഷിയുള്ള, ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ് എന്ന കൃതി പോലെ സ്വയം പ്രസിദ്ധീകരിക്കാൻ പോലും ആവതുള്ള അരുന്ധതി റോയിയുടെ കാര്യം തീർത്തും വ്യത്യസ്തമാണ്. അരുന്ധതി റോയ് ശക്തിയില്ലാത്ത, ശബ്ദമില്ലാത്ത സാന്നിധ്യമല്ല. വാസ്തവത്തിൽ, അവർ സ്വയം ഒരു സ്ഥാപനമാണ്. അതുകൊണ്ടാണ് അവരുടെ തീരുമാനം പ്രധാനമാകുന്നത്.
പെൻഗ്വിനൊപ്പം പ്രസിദ്ധീകരിക്കുന്നതിലൂടെ, അരുന്ധതി റോയ് തന്റെ ചെറുത്തുനിൽപ്പിനെയാകെ കൂട്ടക്കുരുതിയുടെ വിപണിയിലേക്ക് സ്വാംശീകരിക്കപ്പെടാൻ വിടുകയാണ്. അരുന്ധതി റോയിയുടെ വാക്കുകൾ ഇപ്പോഴും തീക്ഷ്ണമായി തോന്നാം, പക്ഷേ അവ പ്രചരിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകുന്നത് അവർ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന അതേ അധികാര ശക്തികളാണ്.
തങ്ങളുടെ ജോലികൾ നിർവഹിക്കുന്ന സാധാരണക്കാരും സ്ഥാപനങ്ങളും എങ്ങനെയാണ് വലിയ തോതിലുള്ള അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്നും ഹിംസ എപ്രകാരമാണ് സ്വാഭാവികവത്കരിക്കപ്പെടുന്നതെന്നും (banality of evil) ഐച്ച്മാനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ ഹന്ന ആരെൻഡ്റ്റ് എഴുതുന്നുന്നുണ്ട്. പെൻഗ്വിൻ അത്തരമൊരു സ്ഥാപനമാണ്. അത് മോദിയെ പ്രസിദ്ധീകരിക്കും, അത് കരണഗോഡയെ പ്രസിദ്ധീകരിക്കും, അത് അരുന്ധതി റോയിയെയും പ്രസിദ്ധീകരിക്കും. അവിടെ യാതൊരു വൈരുദ്ധ്യവുമില്ല, കാരണം എല്ലാറ്റിൻ്റെയും ഏകാടിസ്ഥാനം ലാഭം മാത്രമാണ്.
പക്ഷേ, ഇവിടെ അരുന്ധതി റോയിയെ സംബന്ധിച്ചിടത്തോളം പരസ്പര വൈരുധ്യങ്ങളുണ്ട്. പെൻഗ്വിനുമായി സഹകരിക്കുക എന്നത് വംശഹത്യയെ വെള്ളപൂശുന്ന, നിയമവിധേയമാക്കുന്ന ഒരു സ്ഥാപനത്തിന് വിശ്വാസ്യതയും പിന്തുണയും നൽകുന്നു. ഇതുവഴി അച്ചിൽ എംബെംബെ ‘നെക്രോപൊളിറ്റിക്സ്’ എന്ന് വിളിക്കുന്ന – സാമ്പത്തിക, രാഷ്ട്രീയ ശൃംഖലകളിലൂടെ ജീവിതവും മരണവും വിതരണം ചെയ്യുന്ന ഒരു സംവിധാനത്തിൽ പരോക്ഷമായെങ്കിലും പങ്കാളിയാവുകയാണവർ. പ്രസിദ്ധീകരണം നിഷ്പക്ഷമല്ല. പെൻഗ്വിനിലൂടെ ഒരാളുടെ വാക്കുകൾ പുറത്തുവരുന്നതിൻ്റെ അർത്ഥം പലസ്തീനികൾ, കശ്മീരികൾ, തമിഴർ എന്നിവരുടെ മരണത്തിൽ വളർന്ന വിപണിയുടെ ഭാഗമാകുക എന്നതാണ്.
കോർപ്പറേറ്റ് പ്രസാധകരുടെ പിടിയിൽ നിന്ന് ഇന്നത്തെ ഒരു എഴുത്താളിനും രക്ഷപ്പെടാൻ കഴിയില്ലെന്ന് അരുന്ധതി റോയിയുടെ പക്ഷക്കാർ വാദിച്ചേക്കാം. പ്രതിരോധം പോലും കേൾക്കണമെങ്കിൽ നിലവിലുള്ള ഘടനകളിലൂടെ സഞ്ചരിക്കണം. അവർ പറഞ്ഞേക്കാം, പുസ്തകത്തിലെ ലോഗോയല്ല, മറിച്ച് ഉള്ളടക്കമാണ് പ്രധാനം.
സൂക്ഷ്മപരിശോധനയിൽ ഈ വാദങ്ങളെല്ലാം തകരുന്നു. ഒന്നാമതായി, എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, ഒരു ധാർമ്മിക വ്യക്തിത്വമായും അരുന്ധതി റോയ് എപ്പോഴും സ്വയം നിലകൊള്ളുന്നു. അവർ മറ്റുള്ളവരിലെ കാപട്യത്തെ അപലപിക്കുകയും, ലിബറൽ സ്ഥാപനങ്ങളുടെ ച്യുതികളെ തുറന്നുകാട്ടുകയും, നിശബ്ദതയെ നിരന്തരം നിരസിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ ആ നിലവാരത്തിൽ അളക്കാമെങ്കിൽ, എന്തുകൊണ്ട് സ്വയം അങ്ങനെയായിക്കൂടാ?


രണ്ടാമതായി, ആഗോളതലത്തിൽ പ്രശസ്തി നേടിയ അരുന്ധതി റോയിയെപ്പോലുള്ള ഒരാൾക്ക് പെൻഗ്വിനെ ആവശ്യമില്ല. അവർക്ക് ഒരു ചെറിയ റാഡിക്കൽ പ്രസ് തിരഞ്ഞെടുക്കാമായിരുന്നു, സ്വയം പ്രസിദ്ധീകരിക്കാമായിരുന്നു, ധിക്കാരപരമായ പ്രവൃത്തിയായി തന്റെ പുസ്തകം ഓൺലൈനിൽ സൗജന്യമായി ലഭ്യമാക്കാമായിരുന്നു. അവർക്ക് മറ്റ് മാർഗമില്ലെന്ന് പറയുന്നത് അവരുടെ അധികാരത്തെ നിഷേധിക്കുക എന്നതാണ്. അധികാരമുള്ളവർ, ശക്തരായവർ നിസ്സഹായത അവകാശപ്പെടുമ്പോൾ എല്ലായ്പ്പോഴും വില നൽകുന്നത് ശക്തിയില്ലാത്തവരാണ്, അധികാരമില്ലത്തവരാണ്.
ഒരു മുസ്ലീം വായനക്കാരൻ എന്ന നിലയിൽ, എനിക്ക് ഈ മുറിവ് അവഗണിക്കാൻ കഴിയില്ല. ഗാസ ഉപരോധം, കാശ്മീരിന്റെ തകർച്ച, ഇന്ത്യൻ മുസ്ലീങ്ങൾ നേരിടുന്ന അപമാനം എന്നിവയ്ക്കെതിരെ അരുന്ധതി റോയ് വാചാലമായി എഴുതിയിട്ടുണ്ട്. പലർക്കും, നമുക്ക് പറയാൻ കഴിയാത്ത കാര്യങ്ങൾ സംസാരിച്ച ഒരു മതേതര സഖ്യകക്ഷിയായിരുന്നു അവർ. എന്നിരുന്നാലും, ഐക്യദാർഢ്യം പ്രസംഗങ്ങളിൽ ഒതുങ്ങുന്നില്ല. ഇതേ സഖ്യകക്ഷി സയണിസ്റ്റ് സാങ്കേതികവിദ്യയിലും ഹിന്ദുത്വ പ്രചാരണങ്ങളിലും കുടുങ്ങിയ യുദ്ധ കുറ്റവാളികളുമായി പങ്കാളിയാകാൻ തിരഞ്ഞെടുക്കുമ്പോൾ, വഞ്ചന പ്രതീകാത്മകമേയല്ല. അത് ഭൗതികമാണ്.
ഉന്നതമായ ആദർശങ്ങൾക്കും ക്രൂരമായ ആചാരങ്ങൾക്കും ഇടയിൽ ഒരു അകലം സൃഷ്ടിച്ചുകൊണ്ട്, ലിബറലിസം പലപ്പോഴും അതിന്റെ അക്രമത്തെ മറയ്ക്കുന്നുവെന്ന് തലാൽ അസദ് നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അരുന്ധതി റോയിയുടെ തീരുമാനം ആ അകലത്തെ വ്യക്തമാക്കുന്നു. അവരുടെ ആദർശങ്ങൾ സാമ്രാജ്യത്വ വിരുദ്ധമായി തുടരുന്നു, പക്ഷേ അവരുടെ രീതികൾ സാമ്രാജ്യത്വ സംവിധാനങ്ങളെ പോഷിപ്പിക്കുന്നു.
ഇത് കേവലം വ്യക്തിപരമായ കാപട്യം മാത്രമല്ല, നമ്മുടെ കാലഘട്ടത്തിൽ വിയോജിപ്പുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള യാഥാർത്ഥ്യമാണ്. ഈ വ്യവസ്ഥ എല്ലാ വിമർശകരെയും നിശബ്ദരാക്കുന്നില്ല. പകരം, അവരിൽ ചിലരെയത് മെരുക്കുന്നു. സുരക്ഷിതമായ വഴികളിലൂടെ അവരെ ഉറക്കെ സംസാരിക്കാൻ അനുവദിക്കുന്നു. അവരുടെ ശബ്ദം യഥാർത്ഥ ഭീഷണി ഉയർത്താത്ത പ്രതിരോധ പ്രകടനങ്ങളായി മാത്രം മാറുന്നു. “ബുദ്ധിജീവികളുടെ സ്വാംശീകരണത്തെക്കുറിച്ച്” എഡ്വേർഡ് സെയ്ദ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമ്രാജ്യത്തിന്റെ വിരുന്നിൽ പ്രതിരോധം മറ്റൊരു ചരക്കായി മാറുന്നു.
ദാരുണമായി, അരുന്ധതി റോയ് ആ വിരുന്നിന്റെ ഭാഗമായി മാറിയിരിക്കുന്നു. അവരുടെ ശബ്ദം ഇപ്പോഴും വിമതമായി തോന്നുന്നു, പക്ഷേ ഇപ്പോൾ അത് മോദിയുടെയും കരണ്ണഗോഡയുടെയും ശബ്ദങ്ങൾ വഹിക്കുന്ന കുത്തക പ്രസാധകരായ പെൻഗ്വിന്റെ ചുമലിലാണ്. ഈ രീതിയിൽ, വിയോജിപ്പും പ്രൊപ്പഗാണ്ടയും ഒരേ ഷെൽഫിൽ അടുത്തടുത്തായി ഇരിക്കുന്നു. ഉപഭോക്താവിന് രണ്ടും വാങ്ങാം. രണ്ടിൽ ഏതായാലും ഒടുവിൽ വിപണി വിജയിക്കുന്നു.


അരുന്ധതി റോയിയെ മോശമായി ചിത്രീകരിക്കുകയല്ല ഉദ്ദേശം. ഒരു വിമത ശബ്ദവും ഉത്തരവാദിത്തങ്ങൾക്ക് അതീതമല്ലെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം. സെലിബ്രിറ്റി ബുദ്ധിജീവികളുടെ ആരാധന അപകടകരമാണ്. കാരണം അത് അവരുടെ വിട്ടുവീഴ്ചകൾക്ക് മുന്നിൽ നമ്മെ അന്ധരാക്കുന്നു. യഥാർത്ഥ ഐക്യദാർഢ്യങ്ങൾക്ക് പകരമായി പ്രതീകാത്മക പ്രതിരോധം വെച്ചുമാറാൻ നാം അനുവദിക്കരുത്.
പലസ്തീന് വാക്കുകൾ മാത്രം ആവശ്യമില്ല. ഐക്യദാർഢ്യവും തെറ്റുകളിൽ പങ്കാളിയാകാതിരിക്കാനുള്ള വിസമ്മതവുമാണ് പലസ്തീന് വേണ്ടത്. കശ്മീരിന് സഹതാപം ആവശ്യമില്ല, അധിനിവേശത്തെ നിയമവിധേയമാക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള വിടുതിയാണ് വേണ്ടത്. അരുന്ധതി റോയ് ഉൾക്കരുത്തുള്ള ശബ്ദമായി തുടരണമെങ്കിൽ, അവർ തന്റെ തിരഞ്ഞെടുപ്പുകൾക്ക് ഉത്തരം നൽകണം. ചരിത്രത്തോട് മാത്രമല്ല, താൻ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ജനങ്ങളോടും അവർ മറുപടി പറയേണ്ടതുണ്ട്. അതുവരെ, അവരുടെ പുതിയ പുസ്തകം ചെറുത്തുനിൽപ്പിന്റെ സാക്ഷ്യമായിട്ടല്ല, മറിച്ച് കൂട്ടക്കുരുതിയുടെ വിപണിയിലെ ഒരു സ്മാരകമായി നിലനിൽക്കും.
(ഡൽഹിയിലും കൊൽക്കത്തയിലും താമസിക്കുന്ന എഴുത്തുകാരനും ഗവേഷകനുമായ ഇസ്മായിൽ സലാഹുദ്ദീൻ Middle East Monitor-ൽ എഴുതിയ Penguin, Palestine, and the price of Roy’s resistance എന്ന ലേഖനത്തിന്റെ പരിഭാഷ അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിച്ചത്. മുസ്ലീം സ്വത്വം, സാമുദായിക രാഷ്ട്രീയം, ജാതി തുടങ്ങിയ വിഷയങ്ങളിൽ ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ ഇസ്മായിൽ സലാഹുദ്ദീൻ ലേഖനങ്ങൾ എഴുതാറുണ്ട്.)