“ഇത് ഞങ്ങളുടെ മാത്രമല്ല, എല്ലാ തലമുറയുടെയും വിജയമാണ്.” വയോജനങ്ങൾക്ക് ആശ്വാസമായിത്തീർന്ന ഒരു കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിലെ മുത്തശ്ശിമാർ പങ്കുവച്ച വാക്കുകളാണിത്. അവകാശങ്ങൾക്കായി ശബ്ദിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ സ്ത്രീകൾ. യൂറോപ്യൻ മനുഷ്യാവകാശ കോടതി സ്വിറ്റ്‌സർലൻഡ് സർക്കാരിനെതിരെ 2024 ഏപ്രിൽ 9ന് പുറപ്പെടുവിച്ച വിധിയാണ് വയോജനങ്ങൾക്ക് ആശ്വാസമായി മാറിയത്. രണ്ടായിരത്തോളം മുത്തശ്ശിമാർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയം. സ്വിസ് സർക്കാരിന്റെ ദുർബലമായ കാലാവസ്ഥാനയം പൗരരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുന്നതായും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ കൈക്കൊള്ളുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അറുപത്തിനാല് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്ഷൻ (ക്ലൈമാസീനിയോറിനെൻ) സമരം ആരംഭിക്കുന്നത്. ഉഷ്ണതരംഗം കാരണം 2022 ൽ യൂറോപ്പിൽ മരിച്ച അറുപതിനായിരത്തിലേറെപ്പേരിൽ ഭൂരിപക്ഷവും 80 വയസിന് മുകളിലുള്ളവരാണ്. ഈ യാഥാർത്ഥ്യം സമൂഹത്തെ അറിയിക്കുകയും അത് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുക എന്നതായിരുന്നു ‘വയോജന സമര’ത്തിന്റെ ലക്ഷ്യം. പൗരാവകാശങ്ങൾ നേടിയെടുക്കാൻ പ്രായമോ ശാരീരിക സ്ഥിതിയോ പ്രശ്നമല്ലെന്ന ബോധ്യത്തിലാണ് മുത്തശ്ശിമാർ ഈ പോരാട്ടത്തിലേക്ക് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം വയോജനങ്ങളെ ഏങ്ങനെയാണ് പ്രത്യേകമായി ബാധിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഇവർ.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറയുന്ന പ്രകാരം ആഗോളതാപനില വർധന 1.5 ഡിഗ്രിയായി നിയന്ത്രിച്ച് നിർത്തുകയെന്ന ലക്ഷ്യത്തെ നിറവേറ്റാൻ ആവശ്യമായ നടപടികളൊന്നും സ്വിറ്റ്‌സർലൻഡ് സർക്കാർ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ആരോഗ്യത്തോടെ ജീവിക്കാനായുള്ള ഒരു പൗരന്റെ അടിസ്ഥാന മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നുമാണ് സംഘടന കോടതിയിൽ ബോധിപ്പിച്ചത്. 2030 ഓടെ കാർബൺ ബഹിർഗമനം 50 ശതമാനമായും 2050 ഓടെ പൂജ്യമായും കുറയ്ക്കാമെന്നായിരുന്നു സ്വിറ്റ്‌സർലൻഡ് 2017 ലെ കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞിരുന്നത്. പക്ഷേ, ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ല എന്നാണ് സംഘടന ആരോപിക്കുന്നത്. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നവരിലേറെയും സ്ത്രീകളും വയോധികരുമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർഗവൺമെന്റൽ പാനലിന്റെ റിപ്പോർട്ടും ഇവർ ഉപോൽബലകമായി കോടതിയിൽ സമർപ്പിച്ചു. ഉഷ്ണവാതത്തിന്റെ സമയങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ക്ലൈമാസീനിയോറിനെൻ കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിച്ച യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇവരുടെ വാദങ്ങൾ ശരിവയ്ക്കുകയായിരുന്നു. ആദ്യമായാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഏതെങ്കിലും രാജ്യത്തിനെതിരേ ഇത്തരമൊരു വിധി പറയുന്നത്.
2016 ആഗസ്റ്റിൽ ആണ് വയോധികരായ സ്ത്രീകൾ ചേർന്ന് ഈ സംഘടന രൂപീകരിക്കുന്നത്. തുടക്കകാലത്ത് 40 പേർ മാത്രമുണ്ടായിരുന്ന സംഘടനയിൽ ഇന്നുള്ളത് 2500ൽ അധികം വയോജനങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിസ് സർക്കാരിന്റെ പരിസ്ഥിതി–ഗതാഗത–ഊർജ വിഭാഗത്തെ ക്ലൈമാസീനിയോറിനെൻ അംഗങ്ങൾ 2016 ൽ തന്നെ സമീപിക്കുന്നുണ്ട്. ആ അപേക്ഷ തള്ളപ്പെട്ടതോടെ അഡ്മിനിസ്ട്രേറ്റീവ് കോടതിക്ക് അപ്പീൽ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു. തുടർന്ന് സുപ്രീംകോടതിയും ഹർജി തള്ളിയതോടെയാണ് 2020ൽ മുത്തശ്ശിമാർ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുന്നത്. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധിയിൽ സ്വിസ് സർക്കാരിന് അപ്പീൽ നൽകാനാവില്ല. കോടതിവിധി അനുസരിക്കുമെന്നാണ് സ്വിസ് നിയമമന്ത്രാലയവും അറിയിച്ചിട്ടുള്ളത്. ആഗോളതാപനം നിയന്ത്രിച്ച് പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ ലോകത്ത് ആദ്യമായി ഒരു രാജ്യം സന്നദ്ധമാകുന്നത് വയോജനങ്ങളുടെ പോരാട്ടത്തിലൂടെയാണ് എന്നത് എല്ലാ തലമുറകൾക്കും ഊർജ്ജം പകരുന്ന ഒന്നായി മാറുന്നു.