ചെകുത്താന്മാർക്കും കടലിനുമിടയിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരം

തിരുവനന്തപുരത്തെ വിഴിഞ്ഞത്തിനടുത്തുള്ള മുല്ലൂരിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ പ്രവേശന കവാടത്തിന് മുന്നിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിവന്നിരുന്ന സമരം ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 140 ദിവസമായി നയിച്ചിരുന്ന സമരമാണ് മത്സ്യത്തൊഴിലാളികൾക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ഏഴോളം ആവശ്യങ്ങൾ സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചുകൊണ്ട് ആരംഭിച്ച ആ സമരം ഉദ്ദേശിച്ചിടത്തൊന്നും എത്തിക്കാനാവാതെ, ഉന്നയിച്ച ആവശ്യങ്ങൾ മുഴുവനായി നേടിയെടുക്കാനാവാതെയാണ് അവസാനിച്ചിരിക്കുന്നത്. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾ ഉണ്ടായ ഈ ജനകീയ സമരം പല അടരുകളുള്ള ഒന്നായിരുന്നു. അതിജീവന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ മത്സ്യത്തൊഴിലാളികളും അവരുടെയും സമരത്തിൻറെയാകെയും നേതൃസ്ഥാനത്തിലിരുന്ന് ചർച്ചയ്ക്കും മാധ്യസ്ഥതയ്ക്കും ശ്രമിച്ച ലത്തീൻ മതനേതൃത്വവും തുടക്കം മുതലേ സമരത്തെ അടിച്ചമർത്താൻ മുന്നിട്ടിറങ്ങിയ സർക്കാരും പ്രദേശവാസികളായ പോർട്ട് അനുകൂലികളുടെ രൂപത്തിലെത്തി സമാന്തര സമരം നയിച്ച തീവ്ര വലതുപക്ഷവും എല്ലായ്പ്പോഴുമെന്ന പോലെ ഇത്തവണയും ഭരണകൂടത്തിൻറെ മർദ്ദനോപകരണമായി കൃത്യനിർവ്വഹണം നടത്തിയ പൊലീസും സ്റ്റേറ്റിൻറെ നിലപാടിന് ന്യായീകരണം ചമയ്ക്കാൻ തങ്ങളുടെ പാർട്ടി മെഷീനറികൾ നിരന്തരം ചലിപ്പിച്ചുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും നിശബ്ദത പാലിച്ചിരിക്കാൻ തീരുമാനിച്ച കേരളത്തിൻറെ സാംസ്ക്കാരിക നായകരും ആക്ടിവിസ്റ്റ് സമൂഹവും നാടിന് നേട്ടമാവുന്ന പദ്ധതിക്ക് വേണ്ടി ശക്തിയുക്തം വാദിച്ച കേരളത്തിൻറെ മധ്യവർഗ്ഗവും എല്ലാം വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൻറെ ബഹുമുഖത്വം വ്യക്തമാക്കിത്തരുന്നവരാണ്.

വികസന രാഷ്ട്രീയത്തോടൊപ്പം ഇസ്ലാമോഫോബിയയും ജനകീയ സമരങ്ങളോടുള്ള സ്റ്റേറ്റിൻറെ സമീപനവും അടക്കമുള്ള വിഷയങ്ങൾ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചർച്ചയായി. എന്നാൽ അതേസമയം ഈ പദ്ധതി കടൽ പരിസ്ഥിതിയിൽ ഉണ്ടാക്കാനിടയുള്ള മാരക പ്രത്യാഘാതങ്ങളെക്കുറിച്ചോ വിഴിഞ്ഞത്ത് പോർട്ട് നിമ്മിക്കുന്നതിനായി കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറിലെയും അതിന്മേലുള്ള നടപടികളിലെയും സുതാര്യത ഇല്ലായ്മയിലേക്കോ വിരൽ ചൂണ്ടാൻ മാധ്യമങ്ങൾക്ക് ഉൾപ്പെടെ സാധിക്കാതെ പോയതും ഈ സമരത്തിൻറെ ഭാഗമായി എടുത്തുപറയേണ്ടതുണ്ട്. 2015 ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ പേരിൽ ഇപ്പോൾ ഒരു പ്രതിഷേധം ഉണ്ടാവുന്നതിന് കാരണമായി രാജ്യവിരുദ്ധരുടെ ഗൂഢാലോചനയും തീവ്രവാദ സ്വഭാവമുള്ളവരുടെ ഒത്തുചേരലുമാണെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവർത്തിച്ചത് ഇത്തരം സമരങ്ങളുടെ ആധികാരികത തർക്കാൻ ബി.ജെ.പി സർക്കാർ പൊതുവേ സ്വീകരിക്കാറുള്ള സ്ഥിരം ഫോർമുലയെ ഓർമ്മിപ്പിക്കുന്നതുമായിരുന്നു.

സമരം എന്തിന് വേണ്ടി?

തുറമുഖ നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ തീരശോഷണം രൂക്ഷമായതോടെയാണ് പദ്ധതിയ്ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉണ്ടാവാൻ തുടങ്ങിയത്. വിഴിഞ്ഞത്തെ കടലിന് സ്വാഭാവികമായ ആഴമുണ്ടെന്നും ഡ്രെഡ്ജിങിൻറെ ആവശ്യമില്ലെന്നും തുടക്കത്തിൽ അവകാശവാദം നടത്തിയിരുന്നെങ്കിലും തുറമുഖ നിർമ്മാണത്തിൻറെ ഭാഗമായി കാര്യമായ ഡ്രെഡ്ജിങ് നടത്തിയതായി എ.ജെ വിജയനെപ്പോലെയുള്ള വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, തുറമുഖത്തിനായി കടലിലേക്ക് നാല് കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കാൻ ആരംഭിച്ചതോടെ വിഴിഞ്ഞത്തിന് വടക്ക് ഭാഗത്തുള്ള തീരദേശ ഗ്രാമങ്ങൾ ഒന്നൊന്നായി കടലെടുക്കാൻ തുടങ്ങിയിരുന്നു.

നിർമ്മാണം പുരോ​ഗമിക്കുന്ന വിഴിഞ്ഞം പുലിമുട്ട്. കടപ്പാട്: earthjournalism.net

1970കളില്‍ വിഴിഞ്ഞത്ത് ഫിഷിംഗ് തുറമുഖത്തിന് വേണ്ടി 400 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ച ശേഷം പനത്തുറ, പൂന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങിയ ജനസാന്ദ്രതയേറിയ തീരപ്രദേശത്ത് വന്‍തോതില്‍ കര കടലെടുത്തു പോയത് തീരദേശവാസികളെല്ലാം അനുഭവിച്ചറിഞ്ഞതാണ്. പൂന്തുറയില്‍ മാത്രം നൂറുകണക്കിന് ഭവനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കടലാണ്. കുറഞ്ഞത് അഞ്ച് വരികളിലായി നിരന്നിരുന്ന വീടുകളെങ്കിലും ഇങ്ങനെ കടലെടുത്ത് നശിച്ചു കഴിഞ്ഞു. വീട് പോയവരോട് പരിഹാസത്തോടെ പലരും ചോദിക്കുന്നത് കടല് കയറുന്ന ഇടത്ത് നിങ്ങളെന്തിന് വീട് വച്ചുവെന്നാണ്. എന്നാൽ കടൽ കയറുന്നിടത്ത് അവർ വീട് വച്ചതല്ല, അവർ വീട് വച്ചയിടത്തേക്ക് കടൽ കയറി വന്നുവെന്നതാണ് വാസ്തവം. ഇങ്ങനെ വീട് പോയ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. പൂന്തുറ പോലുള്ള പ്രദേശങ്ങളിൽ പോയാൽ, കടപ്പുറത്ത് നിന്ന് അല്പം മാറി പല പേരുകളിലുള്ള ഫിഷർമെൻ കോളനികൾ ഇന്ന് കാണാനാവും. കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനിടെ കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെട്ടതിനാൽ ഇവിടേക്ക് വന്ന് താമസിച്ച കുടുംബങ്ങൾ ചേർന്നാണ് പിന്നീട് കോളനികളായി മാറിയത്.

400 മീറ്റർ നീളമുള്ള പുലിമുട്ട് നിർമ്മിച്ചപ്പോഴുള്ള അവസ്ഥ ഇതാണെങ്കിൽ 3100 മീറ്റർ നീളമുള്ള പുലിമുട്ട് ഇടുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. 2022 ഓഗസ്റ്റ് വരെ 1350 മീറ്റർ പുലിമുട്ടിൻറെ നിർമ്മാണം പൂർത്തിയാക്കിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പുലിമുട്ട് നിർമ്മാണം ആരംഭിച്ചത് മുതൽ വിഴിഞ്ഞം മുതൽ തെക്ക് ഭാഗത്ത് നിരവധി പ്രദേശങ്ങളിലാണ് കടൽ കയറിയത്. വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, വെട്ടുകാട്, കൊച്ചുവേളി എന്നീ പ്രദേശങ്ങളിലെല്ലാമായി നൂറു കണക്കിന് വീടുകൾ കടൽക്ഷോഭത്തിൽ പൂർണമായോ ഭാഗികമായോ തകർന്നു. പുലിമുട്ട് ഇട്ടതോടെ വിഴിഞ്ഞം ഹാബറിൻറെ ഭാഗത്ത് തിരയടി ശക്തമാവുകയും മത്സ്യത്തൊഴിലാളികൾ പണിക്കായി വള്ളമിറക്കുമ്പോഴോ തിരികെ വള്ളം ഹാർബറിലേക്ക് കയറ്റുമ്പോഴോ തിരയടിയിൽപ്പെട്ട് അപകടങ്ങൾ ആവർത്തിക്കുന്നതും പതിവായി.

പൂന്തുറയിലെ തീരശോഷണം. കടപ്പാട്: www.thenewsminute.com

തീരശോഷണം കാരണം വീടുകൾ നഷ്ടപ്പെട്ട് സ്കൂളുകളിലും ഗോഡൗണുകളിലും കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടക വീടുകളിലേക്ക് മാറാനായി അവരുടെ വാടക അഡ്വാൻസ് മുൻകൂറായി കൊടുക്കണമെന്നും മറ്റൊരു സ്ഥിര സംവിധാനം തയ്യാറാവുന്നത് വരെ അവരുടെ മാസവാടക സർക്കാർ നല്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് വടക്ക് ഭാഗത്തുള്ള വിവിധ ഗ്രാമങ്ങളിൽ നിന്ന് തീരശോഷണത്തിൽ വീട് നഷ്ടപ്പെട്ട നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വലിയതുറയുള്ള പഴയൊരു സിമൻറ് ഗോഡൗണിൽ താമസിക്കുന്നുണ്ട്. 2022 ഓഗസ്റ്റ് 23-ാം തിയതി നിയമസഭയിൽ വിഴിഞ്ഞം ഉൾപ്പെടുന്ന കോവളം മണ്ഡലത്തിൻറെ എം.എൽ.എ ആയ എം വിൻസെൻറ് അറിയിച്ചത് ഏകദേശം 245 പേർ ഈ ഗോഡൗണിലുണ്ടെന്നാണ്. നഗരത്തോട് ചേർന്ന് കിടക്കുന്ന, ആഭ്യന്തര വിമാനത്താവളത്തിൻറെ തൊട്ടയൽപ്പക്കത്തുള്ള കൊച്ചുതോപ്പും വലിയതുറയും പോലുള്ള തീരദേശ ഗ്രാമങ്ങളിൽ താമസിച്ചിരുന്നവരാണ് ഇന്ന് അഭയാർത്ഥികളെപ്പോലെ ഈ ഗോഡൗണിലെ കുടുസ്സ് കാബിനുകളിൽ കഴിയുന്നതെന്ന് ഓർക്കണം. ഈ പ്രദേശത്തെ വീടുകൾക്ക് ശരാശരി മാസ വാടക പതിനായിരം രൂപയെങ്കിലും ആവും. അടുത്ത ഒന്നര വർഷത്തേക്ക് ഈ വാടകത്തുക പ്രസ്തുത കുടുംബങ്ങളുടെ അക്കൗണ്ടിലിടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ 5500 രൂപ വരെയേ തങ്ങൾക്ക് വാടകയിനത്തിൽ പരമാവധി നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് സർക്കാർ നിലപാട്.

വികസന സൂചികയിൽ മറ്റാരെക്കാളും മുൻപിലാണ് തങ്ങളെന്ന് മേനി നടിക്കുന്ന മലയാളികളുടെ സ്വന്തം ഭരണസിരാകേന്ദ്രത്തിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ അകലെയാണ് പൊടി നിറഞ്ഞ നാല് സിമൻറ് ഗോഡൗണുകളിലായി 68 കുടുംബങ്ങളിലെ 250 ഓളം പേർ താമസിക്കുന്നത്. കഷ്ടിച്ച് ഏഴോ എട്ടോ മാസങ്ങൾക്ക് മുൻപ് മാത്രമാണ് നീല പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഓരോ കുടുംബത്തിനും കാബിനുകൾ തിരിച്ച് നൽകാനെങ്കിലുമുള്ള മര്യാദ ഉത്തരവാദിത്തപ്പെട്ടവർ കാണിച്ചത്. അതിന് മുൻപ് വരെ ഇത്രയും പേർ പൊതു ഹാളുകളിലാണ് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വകാര്യത മാനിച്ച് ഈ ഗോഡൗണുകളിൽ കഴിയുന്ന പുരുഷന്മാർ അവരുടെ വാസം അധികവും പുറത്തെ ആകെ അവശേഷിക്കുന്ന ഇത്തിരി കടപ്പുറത്തേക്ക് മാറ്റി. ഇരുന്നൂറ്റി അൻപതിലേറെ പേർക്ക് ഉപയോഗിക്കാനായി ഇവിടെ ആകെയുള്ളത് നാല് ശൗചാലയങ്ങളാണെന്നതും എലിയും പെരുച്ചാഴിയും ഈ കാബിനുകൾക്കുള്ളിലൂടെ ഇഴഞ്ഞു നടക്കുന്നത് പതിവാണെന്നതും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഗോഡൗണിൽ തങ്ങി നിൽക്കുന്ന പൊടി കാരണം ശ്വാസകോശ സംബന്ധ രോഗങ്ങളും ചർമ്മരോഗങ്ങളും ഇവിടുള്ളവർക്ക് പതിവായെന്നും പറയാതെ വയ്യ. ഇതേ ശോചനീയ സാഹചര്യത്തിലേക്കാണ് കുഞ്ഞുങ്ങൾ ജനിച്ച് വീഴുന്നതെന്നും വയോധികർ ജീവിച്ചു തീർക്കേണ്ടതെന്നും കൂടി ഓർക്കണം.

ഇത്രയേറെ മനുഷ്യാവകാശ നിഷേധങ്ങൾ അനുഭവിച്ചുകൊണ്ട് വർഷങ്ങളായി കുറേ പേർ താമസിച്ചിട്ടും അതിനോട് നിസംഗത പുലർത്താനോ അവരെ കണ്ടില്ലെന്ന് നടിക്കാനോ ആണ് സർക്കാർ ശ്രമിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീടിനും വസ്തുവിനും നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക എന്ന സമരക്കാരുടെ ആവശ്യത്തോട്, വസ്തു വാങ്ങാനും വീട് വയ്ക്കാനുമായി 10 ലക്ഷം രൂപ നൽകാമെന്നായിരുന്നു സർക്കാരിൻറെ പ്രതികരണം. എന്നാൽ പട്ടയമുള്ള വസ്തുവിലെ വീടുകളാണ് പലർക്കും നഷ്ടപ്പെട്ടതെന്നും അതാത് വില്ലേജ് ഓഫീസിൽ കരം അടച്ചുകൊണ്ടിരുന്ന വസ്തുക്കളാണ് തീരശോഷണത്തിൽ നഷ്ടമായതെന്നും സമരക്കാർ പറഞ്ഞു. നഷ്ടപ്പെട്ട വസ്തുവിന് തുല്യമായ വിസ്തീർണത്തിലുള്ള വസ്തു പകരം നൽകണമെന്നും നഷ്ടപ്പെട്ട വീടിൻറെ അതേ വലിപ്പത്തിലുള്ള വീട് നിർമ്മിച്ചു നൽകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ലക്ഷം വീട് കോളനികൾക്ക് സമാനമായ സാഹചര്യങ്ങളുള്ള പുനർഗേഹം ഫ്ലാറ്റുകളിൽ തള്ളി മത്സ്യത്തൊഴിലാളികളെ അഗതികളാക്കാൻ തങ്ങൾ സമ്മതിക്കില്ലെന്നായിരുന്നു സമരക്കാരുടെ വാദം. ഈ ആവശ്യത്തോടും പൂർണമായ അനുകൂല നിലപാടല്ല സർക്കാരിനുള്ളത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന സിമൻറ് ഗോഡൗൺ . കടപ്പാട്: thenewsminute.com

തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യത്തിനൊപ്പം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക, മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക; തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക, കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമരത്തിൻറെ ഭാഗമായി മത്സ്യത്തൊഴിലാളികൾ ഉയർത്തിയിരുന്നു.

തുടക്കം മുതലേ കേട്ട എതിർസ്വരങ്ങൾ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ ഒപ്പിടുന്ന സമയത്ത് ഇന്ന് കാണുന്ന വിധത്തിലുള്ള രൂക്ഷമായ പ്രതിഷേധങ്ങളുണ്ടാവത്തതിന് പ്രധാന കാരണം ഈ പദ്ധതി ഉണ്ടാക്കുന്ന പ്രത്യഘാതങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ അവഗാഹം ഉണ്ടായിരുന്നില്ല എന്നതാണ്. എന്നിരുന്നാലും മത്സ്യത്തൊഴിലാളികളുടെ ഇടയിൽ നിന്നു തന്നെയുള്ള പൊതുപ്രവർത്തകരായ എ.ജെ. വിജയൻ, ഡോ.ജോൺസൺ ജമന്റ് എന്നിവർ മുൻകൈ എടുത്തും നിര്യാതനായ മുൻ സ്വതന്ത്ര മത്സ്യത്തൊളി ഫെഡറേഷൻ നേതാവ് ടി പീറ്ററിൻറെ നേതൃത്വത്തിലും ഈ പദ്ധതിയ്ക്കെതിരെ നിരന്തരം വിമർശനങ്ങളുന്നയിച്ചിരുന്നു. മാത്രവുമല്ല ലത്തീൻ കത്തോലിക്ക അതിരൂപതയുടെ അന്നത്തെ ആർച്ച്ബിഷപ്പായിരുന്ന സൂസൈപാക്യവും ആശങ്കകൾ ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഒപ്പിടുന്ന ദിവസത്തെ തിരുവനന്തപുരം ലത്തീൻ രൂപതയുടെ കത്തീഡ്രൽ പള്ളിയായ പാളയം പള്ളിയിൽ കരിദിനമായാണ് ആചരിച്ചത്. പദ്ധതിക്കെതിരെ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ തിരുവനന്തപുരത്ത് വലിയ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാൻ ഇടയുള്ള ഒരു പദ്ധതിക്ക് സഭ തടസ്സം നിൽക്കുന്നു എന്ന പ്രചരണം തങ്ങൾക്കെതിരെ ഉണ്ടായി എന്നാണ് രൂപത വികാരി ജനറലായ ഫാ. യുജീൻ എച്ച് പെരേര അഭിപ്രായപ്പെട്ടത്.

പിന്നീട് 2017 ൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വലിയതുറ എന്ന സ്ഥലത്താണ് വിഴിഞ്ഞം പദ്ധതിക്ക് നേരെ ഒരു പ്രതിഷേധം നടക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും സ്വതന്ത്ര ഗവേഷകനുമായ എ.ജെ വിജയൻ പറയുന്നു. വിഴിഞ്ഞം പദ്ധതിക്ക് പിന്നാലെ തങ്ങളുടെ നാട്ടിൽ തീരശോഷണം അതിരൂക്ഷമായെന്നും കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു അന്ന് അവിടുത്തെ യുവാക്കൾ പ്രതിഷേധിച്ചത്. തീരശോഷണത്തിൽ വീടുകൾ തകർന്നതോടെ വലിയതുറയുടെ സമീപ പ്രദേശവും പ്രശസ്ത ടൂറിസ്റ്റ് ബീച്ചുമായ ശംഖുമുഖത്തും 2021 ൽ ജനകീയ പ്രതിഷേധങ്ങളുണ്ടായി. സർക്കാർ പ്രതിഷേധങ്ങളെ അവഗണിച്ചതിനെത്തുടന്ന് തിരുവനന്തപുരം വിമാനത്താവളത്തിൻറെ ആഭ്യന്തര ടെർമിനലിലേക്കുള്ള റോഡ് പിക്കറ്റ് ചെയ്താണ് അന്ന് പ്രദേശവാസികൾ സമരം കടുപ്പിച്ചത്. ആ പിക്കറ്റിങിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ ഇന്നും പൊലീസ് കേസുകളുണ്ട്. തുറമുഖ പദ്ധതിയുടെ ഗുണവും ദോഷവും ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഴിഞ്ഞം മുതൽ വലിയതുറ വരെയുള്ള പ്രദേശങ്ങളിൽ 2018, 2019 വർഷങ്ങളിലും കോവിഡ് മഹാമാരിയ്ക്കിടയിലുമെല്ലാം ഒറ്റപ്പെട്ട പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ടെന്നതാണ് വാസ്തവം. പക്ഷേ അവയൊന്നും വാർത്തയിലിടം പിടിച്ചില്ല. കാര്യമായ ചലനമുണ്ടാക്കിയതുമില്ല.

വിഴിഞ്ഞം പോർട്ടിൻറെ ബെർത്ത് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൈലിങ് ജോലികൾക്കിടെ 2017 ഒക്ടോബറിൽ പ്രദേശത്തെ പല വീടുകളിലെയും ഭിത്തിയിൽ വിള്ളലുകളുണ്ടായെന്നും വീടുകൾക്ക് കേടുപാട് സംഭവിച്ചെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കൂടാതെ രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടിയും കാണിക്കപ്പെട്ടിയും പൊളിച്ച്‌ മാറ്റണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെ 2021 ആഗസ്റ്റിലും പ്രദേശവാസികൾ ശക്തമായ സമരം നടത്തിയിരുന്നു. ഇതൊക്കെ പല സമയങ്ങളിൽ, പല കാരണങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ പ്രതിഷേധ സ്വരങ്ങളാണ്. പക്ഷേ ദൗർഭാഗ്യവശാൽ ഈ ശബ്ദങ്ങളെ തുറമുഖ പദ്ധതിയ്ക്കെതിരായ കളക്റ്റീവ് പ്രതിഷേധമാക്കി മാറ്റാൻ സ്വതന്ത്ര മത്സ്യത്തൊളി ഫെഡറേഷൻ പോലുള്ള സംഘടനകൾക്കോ സഭയ്ക്ക് തന്നെയോ സാധിക്കാതെ പോയി.

നിലവിലെ സമരങ്ങളുടെ തുടക്കം

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിൻറെ ആഭ്യന്തര ടെർമിനലിന്റെ മുന്നിലാണ് ആദ്യമായി മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മത്സ്യത്തൊഴിലാളി സംഘടനകൾ, കർഷക സംഘടനകൾ, വിവിധ തൊഴിലാളി അവകാശ യൂണിയനുകൾ, പാരിസ്ഥിതിക സംരക്ഷണ സംഘടനകൾ എന്നിവരുടെ പ്രാതിനിധ്യത്തോടെ രൂപീകരിച്ച സംയുക്ത സമര സമിതി ആണ് ഈ നിരാഹാര സമരത്തിന് ചുക്കാൻ പിടിച്ചത്.

വിഴിഞ്ഞം പദ്ധതി പൂർണമായി ഉപേക്ഷിക്കുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഈ സമരത്തിൽ ലത്തീൻ സഭ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവും സമരത്തിൽ വിരളമായിരുന്നു. തന്മൂലം കാര്യമായ മാധ്യമശ്രദ്ധയും ഈ സമരപ്പന്തലിന് ലഭിച്ചില്ല. എന്തിനേറെ സർക്കാരിൻറെ ഭാഗത്ത് നിന്ന് നേരിയൊരു പ്രതികരണം പോലും ഈ സമരത്തിനുണ്ടായില്ല എന്നതായിരുന്നു ദൗർഭാഗ്യകരം. തുടർന്ന് ലത്തീൻ സഭയിലെ പ്രതിനിധികൾ ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എത്തുകയും വിഴിഞ്ഞം പദ്ധതി ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് വിശാലമായൊരു ജനകീയ സമരം പദ്ധതിയ്ക്കെതിരെ ഉയരേണ്ട സമയം അതിക്രമിച്ചതായി മനസിലാക്കുകയും ചെയ്തതോടെയാണ് വിഴിഞ്ഞം പദ്ധതിയ്ക്കെതിരായ സമരം അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

2022 ജൂലൈ 20 ന് ലത്തീൻ വൈദീകർ സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ആരംഭിച്ചത്. പത്ത് ദിവസത്തിലേറെ നീണ്ട ഈ സമരത്തിൽ രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള ജനങ്ങൾ ഊഴമനുസരിച്ച് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. കൂടാതെ മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മിസും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ സമരപ്പന്തലിൽ എത്തിച്ചേർന്നിരുന്നു. പക്ഷെ സർക്കാരിൻരെ ഭാഗത്ത് നിന്ന് സമരം നയിക്കുന്ന വൈദീകരുമായി ചർച്ച നടത്താനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ലെന്ന് സമസമിതി അധ്യക്ഷൻ ഫാ. യൂജിൻ എച്ച് പെരേര ചൂണ്ടിക്കാട്ടി.

തുടർന്നാണ് ആഗസ്റ്റ് 10 ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി തിരുവനന്തപുരം നഗരഹൃദയത്തിലെത്തുകയും സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തത്. ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂർ മുതൽ വടക്കേയറ്റം ആയ അഞ്ചുതെങ്ങ് വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ളവർ ഈ സമരത്തിലെത്തിയിരുന്നു. ജനജീവിതം സ്തംഭിച്ചുകൊണ്ട് നടത്തിയ ആ സമരത്തിനെത്തുടന്നാണ് വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ മത്സ്യത്തൊഴിലാളികൾ ഉയർത്തിവന്ന പ്രതിഷേധ സ്വരങ്ങൾ ഗൗരവമായി മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയും ചർച്ചയുമായത്.

തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രതിഷേധം. കടപ്പാട്: mathrubhumi.com

ഈ സമരവും സർക്കാരിനെ ഇളക്കുന്നില്ലെന്ന് കണ്ടതോടെ സ്വാതന്ത്ര്യ ദിനത്തിൻറെ പിറ്റേന്ന് മുതൽ വിഴിഞ്ഞം തുറമുഖത്തിനറെ കവാടം സ്ഥിതി ചെയ്യുന്ന മുല്ലൂരിലേക്ക് സമരം മാറ്റാൻ അവർ നിർബന്ധിതരായി. ആഗസ്റ്റ് 16 കരിദിനമായി പ്രഖ്യാപിച്ച് കൊണ്ട് കറുത്ത കൊടികളുമായി തുറമുഖ കവാടത്തിൽ ആയിരക്കണക്കിന് പേരെത്തിയാണ് സമരം ആരംഭിച്ചത്. ആ മാസം അവസാനം വരെ സമരം നയിക്കുമെന്നും അതിനുള്ളിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര മുറകളിലേക്ക് പോവുമെന്നുമായിരുന്നു സമരക്കാരുടെ നിലപാട്.

സമരത്തിൻരെ മൂന്നാം ദിവസം തന്നെ തുറമുഖ കവാടത്തിൽ പൊലീസും അദാനി ഗ്രൂപ്പിൻറെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പൊളിച്ച് സമരക്കാർ അകത്തേക്ക് പ്രവേശിച്ചു. ഇതിനിടെ ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി സമര പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതേസമയം തന്നെ വിഴിഞ്ഞം സമരത്തിന് പിന്നിൽ പുറത്തു നിന്നുള്ളവരാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുള്ളതായും അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടതുണ്ടെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ആരോപിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ സമരം ഏതാണ്ട് രണ്ടാഴ്ച്ച പിന്നിട്ടതോടെയാണ് രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻറ് പോർട്ടായ വിഴിഞ്ഞത്തെ തകർക്കാൻ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റിയാണ് വൈദികർ സമരം നടത്തുന്നതെന്നും (യഥാർത്ഥത്തിൽ കൊച്ചിയിലെ വല്ലാർപാടത്താണ് ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖം സ്ഥിതി ചെയ്യുന്നതെന്നതാണ് വാസ്തവം) വൈദികരുടെയും ബിഷപ്പിൻറെയും നേതൃത്വത്തിൽ മുല്ലൂരിലെ നിരവധി വീടുകളിൽ ആക്രമണം അഴിച്ചു വിട്ടുവെന്നും ആരോപിച്ച് ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകൾ രംഗത്തെത്തിയത്. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾ പോർട്ടിനെതിര നടത്തുന്ന സമരപ്പന്തൽ മുല്ലൂരിൽ നിന്ന് മാറ്റണമെന്നും എത്രയും വേഗം പോർട്ട് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് മുല്ലൂർ നിവാസികളും ഒക്ടോബർ ആദ്യവാരം സമരം ആരംഭിച്ചു.

മുല്ലൂർ അദാനി പോർട്ട് കവാടം. കടപ്പാട്: Reuters.com

മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തലിന് നേരെ എതിർവശത്തായി പ്രദേശവാസികൾ ആരംഭിച്ച, പോർട്ട് വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് നിരവധി തീവ്ര വലതുപക്ഷ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. അതിലുമേറെ കൗതുകം എന്തെന്നാൽ മത്സ്യത്തൊഴിലാളികളുടെ സമരത്തെ പൂർണമായി തള്ളിക്കൊണ്ട് ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിൻറെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ലോംഗ് മാര്‍ച്ചിൽ ബിജെപി ജില്ലാ സെക്രട്ടറി വി.വി രാജേഷിനൊപ്പം പങ്കെടുത്തിരുന്നു. തുറമുഖം വരണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്നത് ബി.ജെ.പി അല്ലെന്നും പ്രാദേശിക കൂട്ടായ്‌മ ആണ് ആ സമരം നടത്തുന്നതെന്ന് ന്യായീകരിച്ചുമാണ് അന്ന് അതിൻറെ പേരിൽ ഉയർന്ന വിമർശനങ്ങളെ ആനാവൂർ നാഗപ്പൻ നേരിട്ടത്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുന്നുവെന്നും സമരക്കാർ കലാപത്തിന് ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവർത്തിച്ച് ആരോപിച്ചിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ കൂടംകുളം ന്യൂക്ലിയർ പ്ലാൻറിനെതിരെ പ്രതിഷേധിച്ചവരാണ് വിഴിഞ്ഞത്തെ സമരത്തിനും പിന്നിലുള്ളതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ കണ്ടെത്തൽ. കൂടംകുളത്തും അവിടുത്തെ പ്രാദേശിക ലത്തീൻ സഭയാണ് സമരത്തിന് നേതത്വം നൽകിയതെന്നതാവാം സുരേന്ദ്രൻറെ ഈ ‘കണ്ടെത്തലി’ന് കാരണം. രാജ്യത്തിനാവശ്യമായ തുറമുഖമാണ് വിഴിഞ്ഞത്തേത് എന്നും രാജ്യത്തിനാവശ്യമായതിനെതിരേ ആരു നിന്നാലും, ആരെതിര്‍ത്താലും അവര്‍ രാജ്യത്തിനെയാണ് എതിര്‍ക്കുന്നത് എന്ന തുറമുഖ മന്ത്രി ദേവകോവിലിൻറെ പ്രസ്താവനയാണ് വിഴിഞ്ഞം സമരത്തെ വർഗീയമാക്കാൻ നടത്തിയ ശ്രമങ്ങളിൽ ഒടുവിലത്തേത്.

ഇതിനിടെ വിഴിഞ്ഞത്ത് സമരത്തിൻറെ പേരിൽ ക്യാംപ് ചെയ്ത് തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻറെ പ്രസ്താവനയ്ക്ക് മറുപടിയായി സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ പരാമർശവും പരക്കെ ചർച്ചയായിരുന്നു. അബ്ദുറഹിമാനാണ് രാജ്യദ്രോഹി എന്നും ഫിഷറീസ് മന്ത്രിയുടെ പേരിൽത്തന്നെ തീവ്രവാദി ഉണ്ടെന്നുമുള്ള അപക്വവും, ഇസ്ലാമിക വിദ്വേഷം ഉണ്ടാക്കുന്നതുമായ പരാമർശമാണ് ഈ വൈദികൻ നടത്തിയത്. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നതോടെ ഫാ. തിയോഡേഷ്യസും ലത്തീൻ സഭയും ഖേദം പ്രകടിപ്പിച്ചിരുന്നു. കേരള കാബിനറ്റിലെ മന്ത്രിമാരിൽ പലരും വിഴിഞ്ഞത്ത് സമരം നടത്തിയിരുന്ന മനുഷ്യരെ ‘രാജ്യദ്രോഹി’കളായും ‘പുറമേ നിന്നുള്ളവരുടെ സഹായം സ്വീകരിക്കുന്നവർ’ ആയും ‘കലാപകാരികൾ’ ആയും ചിത്രീകരിച്ചപ്പോഴും മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് രഹസ്യ അജണ്ടയുണ്ടെന്നും അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കണമെന്നുമൊക്കെയുള്ള ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിച്ചപ്പോഴും അതിന് പൊതുസമൂഹത്തിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാവാതിരുന്നത് കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. ഫാദർ തിയോഡേഷ്യസിൻറെ പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവാത്തത് ആണെന്നിരിക്കിലും മത്സ്യത്തൊഴിലാളികളെ ‘രാജ്യദ്രോഹി’കൾ ആക്കാൻ കിണഞ്ഞ് പരിശ്രമിച്ച സർക്കാരിലെ ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആ വൈദീകന് നേരെ ഉയർന്നത് പോലുള്ള യാതൊരു പ്രതികരണവും ഉയരാത്താത് നമ്മുടെ സെലക്ടീവ് മൗനത്തിന് മകുടോദാഹരണമാണ്.

വിഴിഞ്ഞത്ത് കാര്യങ്ങൾ കൈവിട്ട് പോയത് നവംബർ 26 നാണ്. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമത്തെ തീരവാസികൾ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിക്കുകയും അദാനി ഗ്രൂപ്പിന് സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.

നവംബർ 27-ാം തിയതി ഞായറാഴ്ച വിഴിഞ്ഞം മുക്കോല ഭാഗത്തുവച്ച് രണ്ട് വിഴിഞ്ഞം സ്വദേശികളെ ഷാഡോ പോലീസ് എന്ന പേരിൽ രണ്ടു പേര്‍ കൊണ്ടുപോയി. ഒരംഗത്തെ ജനപ്രതിനിധിയാണെന്നറിഞ്ഞ് തിരിച്ചയച്ചു. വിവരമന്വേഷിക്കാൻ ഇടവക കൗണ്‍സിലിലെ നാലുപേർ വിഴിഞ്ഞം പോലീസ് സ്റ്റേഷിനിൽ പോയെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവർ തിരികെയെത്തിയില്ല. അവരെ ഫോണിലും ബന്ധപ്പെടാനായില്ല. വിഴിഞ്ഞത്ത് നിന്ന് സമരത്തിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു തുടങ്ങിയെന്ന തരത്തിൽ പ്രദേശത്താകെ വിവരം പരന്നു. ഇതറിഞ്ഞ് നിരവധി പേർ പള്ളി പരിസരത്ത് തടിച്ചുകൂടി. പിന്നാലെ, ആദ്യം പൊലീസ് കൊണ്ടുപോയ ഷെൽട്ടൻ എന്നയാളുടെ കുടുംബാംഗങ്ങളായ സ്ത്രീകളുമായി ഇടവക വികാരി സ്റ്റേഷനിലെത്തി. പോലീസിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ വൈദികനും സ്ത്രീജനങ്ങളും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിൽ തന്നെ നിന്നു. പോലീസും ജനങ്ങളും തമ്മിൽ വാക്കേറ്റം തുടരുകയായിരുന്നു. നേരം ഇരുട്ടിച്ചുടങ്ങിയ പുറകേ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിന്‍റെ ടെറസിൽ നിന്നും പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി കല്ലേറ് ആരംഭിച്ചു. ഈ സമയത്തിനുള്ളിൽ ധാരാളം പുരുഷന്മാരും പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. കല്ലേറിനെ തുടര്‍ന്ന് നിരായുധരായ സ്ത്രീകളെ ലാത്തി ഉപയോഗിച്ച് പോലീസ് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പുരുഷന്മാരെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമായി മാറുകയും ഇരുവിഭാഗത്തിനും (തദ്ദേശവാസികള്‍ക്കും പോലീസുകാര്‍ക്കും) പരിക്കേൽക്കുകയും ചെയ്തു. ലാത്തി വീശിയതിനു പുറമേ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

കേരളത്തിലും ദേശീയ തലത്തിലും നിന്നുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഈ സംഭവങ്ങളെ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു പോയ കാഴ്ച്ചയാണ് പിറ്റേന്ന് കണ്ടത്. പൊലീസ് ഭാഷ്യം അതേപടി പകർത്തിയ മാധ്യമങ്ങൾ പലതും സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭാഷ്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല.

സമരത്തിന്റെ ദൃശ്യം. കടപ്പാട്: twitter

തുടർന്ന് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി, അദ്ദേഹത്തെ ഒന്നാം പ്രതിയാക്കിക്കൊണ്ട് പിറ്റേന്ന് പൊലീസ് എഫ്ഐആർ സമർപ്പിച്ചു. സമരക്കാർ രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നും പൊലീസ് ആരോപിച്ചു. വിഴിഞ്ഞം നിവാസികളായ കണ്ടാലറിയുന്ന ആയിരത്തോളം പേർക്കെതിരെയാണ് പൊലീസ് കേസ് ഫയൽ ചെയ്തു.

ഈ സംഭവം കൂടിയായതോടെ വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും കനത്ത സംഘർഷാവസ്ഥയുണ്ടായി. ആയിരക്കണക്കിന് പൊലീസുകാരെയാണ് തുറമുഖ കവാടത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ വിന്യസിച്ചത്. സമാന്തരമായി സമരം ഒത്തുതീർപ്പാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉൾപ്പെടെ പല കോണുകളിൽ നിന്നുമുണ്ടായി. സമരം അവസാനിപ്പിക്കുന്നതിനായി പല തരത്തിലുള്ള ധാർമ്മികവും അല്ലാത്തതുമായ സമ്മർദ്ദങ്ങൾ സമര സമിതിക്ക് നേരെയുണ്ടായി. ഒടുവിൽ പോർട്ട് നിർമ്മാണം നിർത്താനാവില്ലെന്നും എക്സ്പേർട്ട് കമ്മിറ്റിയിൽ സമര പ്രതിനിധികളെ ഉൾപ്പെടുത്താനാവില്ലെന്നും കർശനമായി പ്രഖ്യാപിച്ചു കൊണ്ടും സമരക്കാരുടെ മറ്റ് ആവശ്യങ്ങളെ ഭാഗികമായോ പൂർണമായോ പരിഗണിച്ച് കൊണ്ടും സർക്കാർ നിലപാട് എടുത്തതോടെ ഡിസംബർ ആറാം തിയതി സമരം താല്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം സമര സമിതി കൺവീനർ മോൺ. യൂജിൻ എച്ച് പെരേരയിൽ നിന്നുണ്ടായി.

സമരത്തിന് പിന്നിലെ വിശുദ്ധ കൈകൾ

തെക്കൻ കേരളത്തിലെ, പ്രത്യേകിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ പരിവർത്തിത ക്രിസ്ത്യാനികളാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ ‘മുക്കുവർ’ എന്ന് വിളിക്കപ്പെടുന്ന ഇവർ കേരളത്തിലെ തന്നെ ഏറ്റവും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിലൊന്നാണ്. ലത്തീൻ കത്തോലിക്കരായ മതവിശ്വാസികളായതു കൊണ്ടും സഭയെ അവരുടെ പ്രഥമ അധികാര യൂണിറ്റായി സ്വയം കണക്കാക്കുന്നത് കൊണ്ടുമാണ് പലപ്പോഴും സഭയും വൈദിക വിഭാഗവും ഈ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാറുള്ളത്. തിരുവനന്തപുരം ജില്ലയിലെ ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ ഗ്രാമങ്ങളെല്ലാം തന്നെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ഇടവകകളും കൂടിയാണ്. തന്മൂലം വിഴിഞ്ഞം സമരത്തിന് വേണ്ടിയും അതിരൂപതയിലെ 120ഓളം ഇടവകകളിൽ നിന്നുള്ളവരുടെ സഹകരണം ഉണ്ടായിരുന്നു.

തുറമുഖ കവാടത്തെ സമരം. കടപ്പാട്: facebook

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശത്ത് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നതും ഇതേ ലത്തീൻ മത്സ്യത്തൊഴിലാളികളാണ്. വിഴിഞ്ഞം പദ്ധതിയ്ക്കെതിരായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമെല്ലാം പലപ്പോഴും നേതൃത്വം കൊടുക്കാറുള്ളത് ലത്തീൻ കത്തോലിക്ക സഭയിലെ വൈദീകരാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം പദ്ധതിയ്ക്കെതിരായ സമരത്തെ കേവലം സഭയുടെ ഗൂഢാലോചന മാത്രമാക്കി ചിത്രീകരിക്കാനാണ് തുടക്കം മുതലേ സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്ത് സമരം നയിക്കുന്നത് ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമല്ലെന്നും സമരം ചിലയിടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയതാണെന്നും ഒക്കെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഈ പ്രബല ആഖ്യാനങ്ങൾക്ക് ചൂട്ട് പിടിക്കുന്നതാണെന്ന് കാണാനാവും. തീരദേശവാസികൾ രാഷ്ട്രീയ നിർവാഹകത്വം ഇല്ലാത്തവരാണെന്നും അവർക്ക് സ്വന്തമായി ഏജൻസി ഇല്ലെന്നും ലത്തീൻ സഭയിൽ അടിമപ്പെട്ട്, തലച്ചോറ് പണയം വച്ച ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികൾ എന്നുമുള്ള പ്രബല ആഖ്യാനങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള മനപൂർവ്വമായ ശ്രമങ്ങൾ ഈ സമരത്തിലുടനീളം കാണാനാവുമായിരുന്നു.

പോസ്റ്റ്‌-കോളോണിയൽ കേരളത്തിൻറെ ചരിത്രം പരിശോധിച്ചാൽ ലത്തീൻ കത്തോലിക്കാ മത്സ്യത്തൊഴിലാളികൾ നടത്തിയിട്ടുള്ള നിർണായകമായ ചില രാഷ്ട്രീയ ഇടപെടലുകൾ കാണാൻ സാധിക്കും. മത്സ്യബന്ധനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ സാമൂഹികവും-രാഷ്ട്രീയവും-സാമ്പത്തികവുമായ ഉന്നമനം പ്രഖ്യാപിത ലക്ഷ്യമാക്കിയ കെ.എസ്.എം.ടി.എഫിന്‍റെ അഥവാ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനാണ് 1980 കളിൽ മത്സ്യമേഖലയിൽ നടന്ന നിരവധി സമരങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുക, മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ, ഇവരുടെ കുട്ടികള്‍ക്കായി ലംസം ഗ്രാന്‍റ്, സ്ത്രീകള്‍ക്ക് മത്സ്യവിപണനത്തിനായുള്ള യാത്രാ സൗകര്യം, കടലില്‍ വച്ച് ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക്‌ പരിഹാരം നല്‍കുക, കടലോരത്തെ തങ്ങളുടെ കുടിലുകള്‍ക്ക്‌ പട്ടയം നല്‍കുക, വിനാശകരമായ പഴ്സീനിംഗ്, ബോട്ടം ട്രോള്‍ നെറ്റ് മുതലായവയുടെ നിരോധനം ഏർപ്പെടുത്തുക എന്നിങ്ങനെ 17 ആവശ്യങ്ങൾ അടങ്ങിയ ഹർജി സർക്കാരിന് സമർപ്പിച്ചു കൊണ്ടാണ് കെ.എസ്.എം.ടി.എഫിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഒരേസമയത്ത് സമരം നടത്തിയത്. 1981 ല്‍ ആദ്യമായി ട്രോളിംഗ് നിരോധനം ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടി വന്നത് ഈ സമരങ്ങളുടെ ഫലമായി ആയിരുന്നു.

‘കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍’ എന്ന കക്ഷിരഹിത തൊഴിലാളി പ്രസ്ഥാനം മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പുത്തന്‍ സമരപാത തുറന്ന് കൊടുക്കുന്നതിലും കാണിച്ച ഊര്‍ജ്ജസ്വലത ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ജോയിച്ചൻ ആൻണി, ഫാ. തോമസ് കൊച്ചേരി, സിസ്റ്റർ ഫിലമിൻ മേരി എന്നിവരിൽ തുടങ്ങി പിന്നീട് ടി പീറ്റർ വരെ ഉജ്ജ്വലരായ അനേകം നേതാക്കൾ ഈ സമരങ്ങൾ മുന്നിൽ നിന്ന് നയിച്ചു. ഒരു സമരവുമായി ഏതറ്റെ വരെ പോവാമെന്നും അതിനായി എങ്ങനെ കരുനീക്കങ്ങൾ നടത്തണമെന്നും കൃത്യമായ ബോധ്യമുള്ളവരായിരുന്നു ഫെഡറേഷനിലെ നേതാക്കൾ.

പക്ഷേ പില്ക്കാലത്ത് കെ.എസ്.എം.ടി.എഫിൽ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയ കക്ഷികൾ നടത്തിയ ശ്രമം വിജയിച്ചത് ആ പ്രസ്ഥാനത്തിൻറെ പ്രതാപ കാലം അവസാനിക്കാൻ ഇടയാക്കി. ഇന്ന് കേരളത്തിലെ തീരദേശ ജില്ലകളിൽ പൊതുവേ സാന്നിധ്യമുള്ള, തെക്കൻ തീരങ്ങളിൽ പരിമിതമായെങ്കിലും ജനങ്ങളെ സംഘടിപ്പിക്കാൻ സാധിക്കുന്ന ഒരു പ്രസ്ഥാനമായി മാത്രം കെ.എസ്.എം.ടി.എഫ് ഒതുങ്ങിയിരിക്കുകയാണ്. വിഴിഞ്ഞം സമരത്തിൻറെ കാര്യത്തിലും കെ.എസ്.എം.ടി.എഫ് പോലുള്ള ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അഭാവമാണ് ലത്തീൻ സഭയെ സമര നേതൃത്വത്തിലേക്ക് നയിച്ചത്. സിഐടിയുവും എഐടിയുസിയും പോലുള്ള മുഖ്യധാരാ തൊഴിലാളി പാർട്ടികളൊന്നും ഈ സമരത്തെ ഏറ്റെടുക്കാൻ മുന്നോട്ട് വരാതിരുന്നതും മറ്റൊരു കാരണമായി. സത്യത്തിൽ നേരത്തെ വിവരിച്ച മത്സ്യത്തൊഴിലാളി അവകാശ സമരങ്ങളിലൊക്കെയും ഈ പാർട്ടികളുടെ പങ്കാളിത്തമില്ലായ്മ പ്രകടമാണ്. വിഴിഞ്ഞത്തിൻറെ കാര്യത്തിലും അത് ആവർത്തിച്ചുവെന്ന് മാത്രം. സഭയുടെ ഭാഗമായി സമരം നയിച്ച വൈദീകരൊക്കെയും മത്സ്യത്തൊഴിലാളിക കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു എന്ന വസ്തുതയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഈ വൈദികരിൽ പലരുടെയും ബന്ധുക്കളുൾപ്പെടെ ഗോഡൗണിൽ അഭയാർത്ഥികളായി കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ വരേണ്യരായ വൈദികരും ദരിദ്രരായ മത്സ്യത്തൊഴിലാളികളും എന്ന യുക്തിയിൽ വിഴിഞ്ഞം സമരത്തിൻറെ സംഘാടകത്വത്തെ കാണുന്നതിൽ പ്രശ്നമുണ്ട്. എന്നാൽ അതേസമയം സഭയും സർക്കാരും തമ്മിലുള്ള സമരം മാത്രമായി ഈ ജനകീയ പ്രക്ഷോഭം ചുരുങ്ങിപ്പോയതിൻറെ ധാർമ്മിക ഉത്തരവാദിത്വം തീർച്ചയായും സഭാ നേതൃത്വത്തിനുണ്ട്. കർഷക സമരത്തിൻറെ കാര്യത്തിൽ കണ്ടതുപോലെ വളരെ ഓർഗാനിക്കായി മുന്നോട്ടുപോകാനും രാജ്യശ്രദ്ധ ആകർഷിക്കാനുമൊക്കെയുള്ള ശേഷിയുണ്ടായിരുന്ന സമരമായിരുന്നു വിഴിഞ്ഞത്തേത്. അവകാശ നിഷേധങ്ങൾക്കെതിരായ സമരങ്ങളിൽ ഉണ്ടാകേണ്ട വിവിധ ചേരികളിൽ നിന്നുള്ള ഐക്യദാർഢ്യങ്ങൾ വിഴിഞ്ഞം സമരത്തിൽ ഉണ്ടാകാതെ പോയതിന് കാരണം എന്തുകൊണ്ടാണെന്ന് മനസിലാക്കുകയും തുടർന്നുള്ള പോരാട്ടങ്ങളിലെങ്കിലും മാറിച്ചിന്തിക്കുകയും വേണം.

വിഴിഞ്ഞം സമരം അവശേഷിപ്പിക്കുന്നത്

തങ്ങളുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകാതെ വിഴിഞ്ഞം സമരം ഒതുക്കി തീർക്കാനായതിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് അഭിമാനമുണ്ട്. നിർമ്മാണത്തിൻറെ 70 ശതമാനവും പൂർത്തിയാക്കിയ പദ്ധതിയ്ക്കെതിരെ ഈ വൈകിയ വേളയിൽ പ്രതിഷേധിക്കുന്നത് ബാലിശമാണെന്നാണ് സർക്കാർ ആവർത്തിച്ചത്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറിൽ ഒരു വിവരാവകാശ രേഖയ്ക്ക് മറുപടിയായി കിട്ടിയ വിവരമനുസരിച്ച് വെറും 33 ശതമാനം പണി മാത്രമാണ് വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളത്. ഒരു സർക്കാർ തുടങ്ങിവച്ച പദ്ധതി അടുത്ത സർക്കാർ വേണ്ടെന്ന് വച്ചാൽ ഏത് മൂലധന നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാവുകയെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക് അടുത്തിടെ ഒരു ഇൻറവ്യൂവിനിടെ ചോദിച്ചതും സർക്കാരിൻറെ നിലപാടിനെ വ്യക്തമാക്കുന്നുണ്ട്.

അദാനി പോർട്ട് നിർമ്മാണം. കടപ്പാട്: www.newindianexpress.com

സ്വന്തം ഉപജീവനും ഭൂമിയും നഷ്ടപ്പെട്ട സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ സമരത്തിൻറെ നെടുംതൂണായിരുന്നത്. തിരുവനന്തപുരത്തെ അമ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സമരത്തിൻറെ ഭാഗമായിരുന്നു. നവംബർ വരെ സമരക്കാരും സർക്കാരും ഒട്ടും അയയാതെ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്ന കാഴ്ച്ചയാണ് കണ്ടത്. കോടതിയും കേസുമൊക്കെയായി ഒരുവശത്ത് നിയമപരമായി നീങ്ങിയപ്പോഴും മറുവശത്ത് വളരെ സമാധാനപരമായി നടന്ന സമരമായിരുന്നു ഇത്.

സമരങ്ങൾ ജനകീയമാവുമ്പോൾ, സമരം നയിക്കുന്ന കമ്മ്യൂണിറ്റിയുടെ മാത്രം വിഷയം എന്ന തലത്തിൽ നിന്നും അവയ്ക്കൊരു പൊതുജന സ്വീകാര്യത വന്നു തുടങ്ങുമ്പോൾ എന്തു വില കൊടുത്തും സമരത്തെയും സമരക്കാരെയും അടിച്ചൊതുക്കുന്ന രീതിയാണ് ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായിട്ടുള്ളത്. ഭരണഘടനയുടെയും ദേശീയപതാകയുടെയും പശ്ചാത്തലത്തിൽ സമാധാനപരമായി പ്രതിഷേധം നയിക്കുകയായിരുന്ന ഷഹീൻബാഗിലെ മുസ്ലീം സ്ത്രീകൾക്കതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കാൻ ‘രാജ്യദ്രോഹവും’ ‘ഗൂഢാലോചന’യും പോലുള്ള വലതുപക്ഷ വർഗീയതയുടെ സ്ഥിരം ചേരുവകൾ ഇറക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിന് സമാനമായി മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമാണ് പുരോഗമന രാഷ്ട്രീയം പറയുന്നവർ എന്ന് അവകാശപ്പെടുന്ന കേരളത്തിലെ സി.പി.എമ്മും ചെയ്തത് എന്ന് തിരിച്ചറിയുമ്പോഴാണ് ഐഡിയോളജികൾക്കപ്പുറം സ്റ്റേറ്റ് എന്ന സംവിധാനത്തിന് എല്ലായിടത്തും ഒരേ സ്വരമാണെന്ന അസ്വസ്ഥതപ്പെടുത്തുന്ന യാഥാർത്ഥ്യം അനാവൃതമാവുന്നത്.

സഭയും സർക്കാരും തമ്മിലുള്ള സമരം മാത്രമായി വിഴിഞ്ഞം സമരത്തെ ചുരുക്കിക്കളഞ്ഞത് സമരത്തിന് നേതൃത്വം കൊടുത്ത ലത്തീൻസഭയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയായിരുന്നു. ക്രൈസ്തവ മത നേതൃത്വം സമരത്തിൻറെ മുഖമായത് ഈ സമരത്തെ അതിവേഗം കമ്മ്യൂണലൈസ് ചെയ്യാൻ നോക്കി നിന്ന ബിജെപിക്ക് വലിയ അവസരം തുറന്നുകൊടുത്തു. മുൻപെങ്ങും കാണാത്ത വിധം അതിവേഗം വികസന വാദികളായി രൂപാന്തരം പ്രാപിച്ച സി.പി.എമ്മും ആ അവസരം വേണ്ടുവോളം ഉപയോഗിച്ചു. കേരളത്തിൻറെ വികസന ഭൂപടത്തിൻറെ ശില്പികളാവാൻ അരയും തലയും മുറുക്കി ഇറങ്ങിയ സി.പി.എമ്മിൻറെ നിർബന്ധബുദ്ധി കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുജന പ്രക്ഷോഭങ്ങളിലും കണ്ടതാണല്ലോ. പക്ഷേ കെ റെയിൽ വിഷയം മത്സ്യത്തൊഴിലാളികളെപ്പോലെ കേരളത്തിലെ ഏതെങ്കിലുമൊരു പിന്നോക്ക വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലാത്തതിനാലും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലംപോലെ തന്നെ ജനവികാരം വേഗം ലഭിച്ചതുകൊണ്ടും ഇടതുപക്ഷ സർക്കാരിന് വേഗം അതിൽ നിന്ന് പിന്നോക്കം പോകാനായി.

ഭരണകൂടത്തിൻറെയും സി.പി.എം എന്ന പാർട്ടിയുടെ കെണികളിലും വീഴാതിരിക്കാനുള്ള പാടവമോ രാഷ്ട്രീയധാരണയോ വിഴിഞ്ഞം സമരത്തിൻറെ നേതൃത്വത്തിലിരുന്നവർക്ക് ഉണ്ടാകാതെ പോയി. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന് നേരെ സമര സമിതി കൺവീനർ ഫാ. തിയഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ പരാമർശവും അതിനുള്ള ക്ഷമാപണ ശ്രമത്തെ അപ്പാടെ പുച്ഛിച്ചു തള്ളിയ മന്ത്രിയുടെ സമീപനവും ഇത് കൃത്യമായി വെളിവാക്കുന്നുണ്ട്.

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇതിന് മുൻപ് നടത്തിയിട്ടുള്ള സമരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, മുഖ്യധാരാ സമൂഹവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പോലുള്ള സംഘടനകളാണ് ആ സമരങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്ന് മനസിലാക്കാനാവും. പക്ഷേ വിഴിഞ്ഞം സമരത്തിലേക്ക് വരുമ്പോൾ ഫെഡറേഷനിലും ടി പീറ്ററെപ്പോലുള്ള ഒരു നിശ്ചയദാർഢ്യമുള്ള നേതാവിൻരെ അഭാവം നിഴലിക്കുന്നുണ്ട്. അത് വിഴിഞ്ഞം സമരത്തെയും ബാധിച്ചിട്ടുണ്ട്.

ടി പീറ്റർ.

വർഗീയതയിൽ വേരൂന്നിയ ചെറുതും വലുതുമായ അനിഷ്ട സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലമാണ് തെക്കൻ കേരളത്തിലെ തീരദേശ മേഖല. അവിടെ താഴേത്തട്ടിൽ കാര്യമായ ചേരിതിരിവ് ഉണ്ടാക്കാൻ വിഴിഞ്ഞം സമരത്തിലൂടെ തീവ്ര ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്. അത് കമ്മ്യൂണിറ്റികളുടെ പരസ്പര ഐക്യത്തെ എങ്ങനെ ബാധിച്ചേക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഈ ചേരിതിരിവിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്ക് ഒപ്പം കൂടിയ സി.പി.എമ്മിനോ പ്രതിപക്ഷത്തിരുന്ന കോൺഗ്രസിനോ ഒഴിയാനാവില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read