കാക്കമാർ, ചന്ത മുസ്ലീം, പച്ച വെളിച്ചം, മിനി താലിബാൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹിന്ദുത്വ വിദ്വേഷ പ്രസ്താവനകൾ കേരളത്തിൽ ഒരു തുടർക്കഥയാവുകയാണ്. മാർച്ച് മാസത്തിൻ്റെ ആദ്യ പകുതി ഹിന്ദുത്വ പ്ലാറ്റ്ഫോമുകളുടെ വിദ്വേഷ പ്രചാരണത്താൽ മുഖരിതമായിരുന്നു. 24 എണ്ണമാണ് ആദ്യത്തെ രണ്ടാഴ്ച മാത്രം ഡോക്യുമെൻ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, യുട്യൂബ്, എക്സ് എന്നിവയിലാണ് വിദ്വേഷ പ്രസ്താവനകൾ വലിയ രീതിയിൽ തിടം വച്ച് വളരുന്നത്. ഒപ്പം രാഷ്ട്രീയ നേതാക്കളും ഇതിൻ്റെ ഭാഗമാകുന്നു. മാർച്ചിൽ പി.സി ജോർജ് ഉയർത്തി വിട്ട ‘ലവ് ജിഹാദ്’ ഗൂഢാലോചന സിദ്ധാന്തം ഉദാഹരണം. ഇത്തരം പ്രസ്താവനകളും മാധ്യമ നിർമ്മിതികളും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ മുസ്ലീങ്ങൾക്കെതിരായ വിശ്വാസക്കുറവും ശത്രുതയും വളർത്തുന്നു. മനഃശാസ്ത്രപരമായി, വിദ്വേഷ പ്രസംഗങ്ങൾ സാമൂഹിക സഹാനുഭൂതി കുറയ്ക്കുന്നു. മുസ്ലീം വിഭാഗങ്ങളിൽ മാനസിക സമ്മർദ്ദം വർധിക്കുന്നതിനാൽ, അന്യവൽക്കരണത്തിനും സാമൂഹിക ഒറ്റപ്പെടലിനും കാരണമാകുന്നു. നിയമപരമായി, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂട നിഷ്ക്രിയതയും നിയമത്തിന്റെ അവ്യക്തതയും തടസ്സമാകുന്നു.

1. ഭീകരതയും സ്ലീപ്പര്‍ സെല്ലുകളും: തെളിവില്ലാത്തതും ഒരു വാർത്ത

2022 സെപ്തംബർ 22-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ നിരോധിച്ചത്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ ബന്ധപ്പെട്ടവര്‍ സംഘടന പിരിച്ചുവിട്ടു. 300 ഓളം നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. സർക്കാർ തീരുമാനം സങ്കീർണമായ നിയമ വ്യവഹാരമായി മാറിയിരിക്കുന്നു. മാര്‍ച്ച് ഒന്നിന് ജന്മഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത വിചിത്രമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസും ഇന്റലിജന്‍സും സംശയിച്ചിരുന്നെങ്കിലും അതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു വാര്‍ത്ത. ലേഖകന്‍ പല സാധ്യതകളും അന്വേഷിക്കുന്നുണ്ട്. പക്ഷേ, ഒരിടത്തും തെളിവുലഭിക്കുന്നില്ല.

ഉദാഹരണത്തിന് കോഴിക്കോട്ട് രൂപീകരിച്ച നാഷണല്‍ കോണ്‍ഫിഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ ഡിഗ്‌നിറ്റി ആന്‍ഡ് റൈറ്റ്‌സ് (എന്‍സിഎച്ച്ആര്‍ഡി) എന്ന സംഘടന പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണെന്ന് പത്രം കരുതുന്നു. പക്ഷേ, തെളിവില്ല. പൗരത്വ സമരം പോലുള്ളവയില്‍ സജീവമല്ല. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ പഴയ പ്രവര്‍ത്തകര്‍ കാര്യമായി പ്രതികരിക്കാറില്ല. ചിലര്‍ എസ്ഡിപിഐയിലേക്ക് പോയി. ചിലര്‍ സിപിഎമ്മിലേക്ക് പോയി. ചിലര്‍ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരായി. സാമൂഹ്യസേവനത്തിലും വ്യാപൃതരാണ്. ചിലര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. ബീച്ചിലും പാര്‍ക്കിലും റസ്റ്ററന്റിലും പോകുന്നു. സംശയിക്കുന്ന ചിലരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി ഒന്നുമില്ല. ചുരുക്കത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല. തെളിവുമില്ല. അതാണ് പത്രത്തിന് സംശയം. അതാണ് വാർത്തയും.

2. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പിന്നില്‍ മതതീവ്ര സംഘടനകള്‍

കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദ സംഘങ്ങളാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. (2 മാര്‍ച്ച് , ന്യൂസ് 18) വിദ്വേഷപരാമര്‍ശം നടത്തി നിയമനടപടി നേരിടുന്ന പി.സി ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. “സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരാറിലാണ്. ഏത് നിമിഷവും ആരും കൊല്ലപ്പെടാം. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ഭീകരമായി കൊലചെയ്യപ്പെടുന്നു. സ്‌കൂളുകളില്‍ ഇത്തരം അക്രമം നടത്താന്‍ പരിശീലനം ലഭിച്ച ആളുകളുണ്ട്. വെഞ്ഞാറമൂടില്‍ ഒരു കുടുംബത്തിലുണ്ടായ കൊലപാതകം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വിദഗ്ധമായ പരിശീലനം കിട്ടിയിരിക്കുന്നുവെന്നുവേണം കണക്കാക്കാന്‍. ഏത് യുപി സ്‌കൂളിനു മുന്നിലും എംഡിഎംഎ പോലുള്ള രാസലഹരിവസ്തുക്കള്‍ കേരളത്തില്‍ കിട്ടും. മയക്കുമരുന്ന് സംഘങ്ങള്‍ യാതൊരു തടസ്സമില്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പിന്നില്‍ വലിയ ശക്തികളുണ്ട്. കേരളത്തില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മതഭീകരവാദ സംഘടനകള്‍ ഉള്‍പ്പെടെയാണ്. ഒരു അന്വേഷണവും പിണറായി വിജയന്‍ നടത്തുന്നില്ല. മയക്കുമരുന്നുസംഘങ്ങളും രാജ്യദ്രോഹസംഘങ്ങളും കേരളത്തില്‍ പത്തിവിടര്‍ത്തിയാടുകയാണ്. നാല് മയക്കുമരുന്ന് കേസ് പിടിച്ചാല്‍ രണ്ടെണ്ണം മത തീവ്ര സംഘടനകളും രണ്ടെണ്ണം ഡിവൈഎഫ്‌ഐയുമാണ്. സിപിഎം ലോക്കല്‍ ബ്രാഞ്ച് നേതാക്കള്‍ പ്രതികള്‍ക്ക് ഒത്താശ ചെയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കെവിൻ പീറ്റർ, കാസ

3. വലതുപക്ഷ ദേശീയ പാര്‍ട്ടിയുമായി കാസ

ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ (02 മാര്‍ച്ച്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്). ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് നീക്കം. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം: ‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന്‍ പീറ്റര്‍ പറഞ്ഞു. കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.

പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന കാസ ഇസ്ലാമോഫോബിക് വംശീയ പ്രചാരകരില്‍ മുന്നിലാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടെന്നാണ് അവരുടെ വിലയിരുത്തല്‍. മുമ്പ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ സഭകള്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വിശ്വാസികളുടെ ചിന്തയില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബിജെപിയെയും ബിജെപിയുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്. സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പറയുന്നു.

4. ആന ഇടയുന്നതില്‍ ദുരൂഹത: കേരളം ഭരിക്കുന്നവരും ചില മതക്കാരും എന്ന സൂചന

കഴിഞ്ഞ ഉത്സവ സീസണില്‍ കേരളത്തില്‍ ധാരാളമായി ആന ഇടഞ്ഞ സംഭവങ്ങള്‍ അരങ്ങേറി. ആനകളെ എഴുന്നള്ളിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധവും നടന്നു. ഇതിനിടയില്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും ആന ഇടഞ്ഞു. ഈ സാഹചര്യത്തില്‍ മാര്‍ച്ച് രണ്ടിന് ജനം ടിവിയിലെ അവതാരകന്‍ അനില്‍ നമ്പ്യാര്‍ തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതി: “പതിവിന് വിപരീതമായി എല്ലാ ക്ഷേത്രങ്ങളിലും ആന ഇടയുകയാണല്ലോ ഇത് ഗൗരവതരമായി പരിശോധിക്കപ്പെടേണ്ടതല്ലേ? തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞു! അത് അന്വേഷണവിധേയമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. (2 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്).

അനിൽ നമ്പ്യാർ

അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തോട് പലരും യോജിച്ചു. ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തോട് യോജിച്ചുകൊണ്ട് ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു: “ഇത് വളരെ സീരിയസ് ആയ ഒരു വിഷയം ആണ്. ഇതിന്റെ പിന്നില്‍ ഒരു വലിയ ഗൂഢാലോചന ഉണ്ട്. ഹിന്ദുക്കളുടെ ആചാര അനുഷ്ഠാനങ്ങള്‍ ഇവിടെ വേണ്ട എന്നാണ് കേരളം ഭരിക്കുന്നവരും ചില മതക്കാരും വിചാരിക്കുന്നത്. ആനയുടെ ചുറ്റും നില്‍ക്കുന്ന ആള്‍ക്കാരെ ശ്രദ്ധിക്കണം.” ഇത്തരം നിരവധി കമന്റുകള്‍ ഈ പോസ്റ്റിലുണ്ട്.

5. യുഡിഎഫ് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നു

യുഡിഎഫ് ന്യൂനപക്ഷവര്‍ഗീയതയെ താലോലിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി സമ്മേളത്തെക്കുറിച്ച ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. യുഡിഎഫ് മൃദു ഹിന്ദുത്വനിലപാടിലാണ്. മറുവശത്ത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ലീഗ് തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നു. ബിജെപിക്ക് ആദ്യമായി സീറ്റുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസ്സാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതിനെ മറികടക്കാന്‍ 50 ശതമാനം കേരളീയരെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തനപദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. (3 മാര്‍ച്ച്, മാധ്യമം)

6. ജിഹാദി തത്വങ്ങളുടെ മേല്‍നോട്ടക്കാര്‍!

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പങ്കുണ്ടെന്നും ആരോപിച്ച് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ ഇഡി മാര്‍ച്ച് മൂന്നിന് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ചുമത്തിയ കള്ളപ്പണക്കേസില്‍ ഉള്‍പ്പെടുത്തിയായിരുന്നു നടപടി. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിഎഫ്‌ഐ നേതൃത്വം നല്‍കിയെന്ന് പറഞ്ഞാണ് കേന്ദ്രം സംഘടനയെ നിരോധിച്ചത്. (മാര്‍ച്ച് 4, ഏഷ്യാനെറ്റ് ന്യൂസ്). ‌

ഏഷ്യാനെറ്റ് വാര്‍ത്തയനുസരിച്ച് അദ്ദേഹത്തെ സ്വവസതിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെങ്കിലും അടുത്ത ദിവസത്തെ ജനം ടിവി വാര്‍ത്ത (5 മാര്‍ച്ച്, ജനം ടിവി) വിദേശത്തേക്ക് കടക്കുന്നതിനിടയില്‍ പിടികൂടിയെന്നാണ്. നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെന്ന മറ്റ് മാധ്യമങ്ങളിലില്ലാത്ത വിവരങ്ങളും ജനം ടിവി ഉള്‍പ്പെടുത്തി. എസ്ഡിപിഐയുടെ നിരോധനമാണ് അടുത്തതെന്നും ചാനല്‍ പ്രവചിച്ചു.

ജിഹാദി തത്വം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയെ (എസ്ഡിപിഐ) സാമ്പത്തികമായി സഹായിക്കുകയും ‘ജിഹാദി തത്വങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ടം വഹിക്കു’കയും ചെയ്തു എന്നാണ് ഇഡിയുടെ ആരോപണം. എസ്ഡിപിഐ, പിഎഫ്‌ഐയുടെ രാഷ്ട്രീയ മുഖമായി പ്രവര്‍ത്തിച്ചുവെന്നും പറയുന്നു: പിഎഫ്‌ഐ ഇന്ത്യയെ ജിഹാദിന്റെ തത്ത്വങ്ങള്‍ അനുസരിച്ച് ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു ഇസ്ലാമിക് പ്രസ്ഥാനമാണെങ്കിലും സാമൂഹ്യപ്രസ്ഥാനമായി നടിച്ചു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും നിയന്ത്രിച്ചതും പിഎഫ്‌ഐയാണ്. രണ്ടിലും ഒരേസമയം പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് എസ്ഡിപിഐക്ക് പണം നല്‍കി. നേതാക്കളുടെ ഡയറികളില്‍ ഇതിന്റെ വിവരങ്ങളുണ്ട്. റമദാന്‍ ഫണ്ടെന്ന പേരില്‍ വിദേശത്ത് നിന്നടക്കം പണം ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. (മാര്‍ച്ച് 6, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).

പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനം!

എസ്ഡിപിഐയിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നതായി ഇഡിയെ ഉദ്ധരിച്ച് മാർച്ച് 14ന് കേരളകൗമുദി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിന്റെ അനുബന്ധമായി ചേര്‍ത്ത വാര്‍ത്തയുടെ ശീര്‍ഷകം ‘പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനം’ എന്നായിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ പ്രകാരം എസ്ഡിപിഐ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്: കോഴിക്കോട്ടെ പിഎഫ്‌ഐ ഓഫിസില്‍നിന്ന് പിടിച്ചെടുത്ത രേഖകളില്‍ എല്ലാ അര്‍ത്ഥത്തിലും ഇസ്ലാമിക പ്രസ്ഥാനമാണ് എസ്ഡിപിഐയെന്ന് വിവരിക്കുന്നുണ്ട്. ശാരീരികവും പ്രക്ഷോഭപരവും നിയമപരവും ആശയപരവുമായി പ്രതിരോധം തീര്‍ക്കുന്ന ജിഹാദാണ് ലക്ഷ്യമെന്നും പറയുന്നു. പാര്‍ട്ടിയും അനുബന്ധ സംഘടനകളും ലക്ഷ്യം കൈവരിക്കാനുള്ള വഴികളാണ്. പുറമേ സാമൂഹിക പ്രസ്ഥാനമെന്ന് പറയുമെങ്കിലും സംഘടന ഇസ്ലാമികമാണെന്നും രേഖയില്‍ പറയുന്നു. (14 മാര്‍ച്ച്, കേരള കൗമുദി)

നിരോധനമില്ലാത്ത സമയത്ത് പ്രവര്‍ത്തന ഫണ്ടിലേക്ക് പണം നല്‍കിയ 13,000 പേരെ പ്രതിചേര്‍ത്തതായി ജനുവരി ഏഴാം തിയ്യതി ജന്മഭൂമി റിപോര്‍ട്ട് ചെയ്തിരുന്നു. സിദ്ദിഖ് കാപ്പന്റെ ഭാര്യക്ക് പണം നല്‍കിയവരെയും പത്രം പ്രതികളുടെ ഭാഗമാക്കി.

എസ്ഡിപിഐയ്ക്ക് ഹവാല പണം

എം.കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ ഇഡി എസ്ഡിപിഐയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് ജിഹാദ് നടപ്പാക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്നൊക്കെയായിരുന്നു ഇതു സംബന്ധിച്ച പത്രക്കുറിപ്പില്‍ ഇഡി ആരോപിച്ചിരുന്നത്. (06 മാര്‍ച്ച്, ഏഷ്യാനെറ്റ്).

ഈ വാര്‍ത്ത നിലനില്‍ക്കെത്തന്നെയാണ് പുതിയൊരു ആരോപണവുമായി ഇഡി രംഗത്തുവന്നത്. എസ്ഡിപിഐയിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനയ്ക്ക് തുല്യമായ തുക അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അത് ഹവാലയാണെന്നുമാണ് ഇഡിയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കലാണ് നടക്കുന്നത് (22 ,ഏഷ്യാനെറ്റ്). കോയമ്പത്തൂരിലെ വഹിദുര്‍ റഹ്‌മാനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ഇ ഡി അവകാശപ്പെട്ടതായും വാര്‍ത്തയിലുണ്ട്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഇതിന് ഉപയോഗിച്ചതായിട്ടാണ് ജനം ടി വിയുടെ വാര്‍ത്തയില്‍ കൂടുതലായുള്ളത (22 മാര്‍ച്ച്, ജനം ടിവി). ജന്മഭൂമി മാര്‍ച്ച് 24ാം തിയ്യതി നല്‍കിയ വാര്‍ത്തയനുസരിച്ച് എസ്ഡിപിഐയുടെ വിശദാംശങ്ങള്‍ തേടി ഇഡി തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്.

‘എസ്ഡിപിഐ നിരോധിക്കുമോ?’

ഈ വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് എസ്ഡിപിഐയെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന ഒരു ചര്‍ച്ച മാധ്യമങ്ങള്‍ ബോധപൂര്‍വമെന്നോണം ഉയര്‍ത്തിവിട്ടു. എസ്ഡിപിഐയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്ത മിക്കവാറും മാധ്യമങ്ങള്‍ എസ്ഡിപിഐക്കെതിരേ നിരോധം വന്നേക്കുമെന്ന് മുന്‍കൂര്‍ വാര്‍ത്ത നല്‍കിയിരുന്നു. പ്രത്യക്ഷത്തില്‍ ഹിന്ദുത്വ സ്വഭാവമില്ലാത്ത മാധ്യമങ്ങളും സമാനമായ വാര്‍ത്തകള്‍ നല്‍കി (5 മാര്‍ച്ച്, സമകാലിക മലയാളം). ദീപിക, ജന്മഭൂമി, മെട്രോവാര്‍ത്ത (06 മാര്‍ച്ച്) തുടങ്ങിയ പത്രങ്ങളും സമാനമായ വാര്‍ത്തകള്‍ നല്‍കി. നിരോധിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയവര്‍ മാപ്പ് പറയണമെന്ന കെ സുരേന്ദ്രന്റെ ആഹ്വാനം ജന്മഭൂമി പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ ജന്മഭൂമി എഡിറ്റോറിയലും എഴുതി.

സിന്ധു സൂര്യകുമാർ

7. കുംഭമേളയും ജിഹാദി വെള്ളിക്കാശും

കുംഭമേളയെ വിമര്‍ശിച്ച ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖര്‍ ശാസിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. ഏതൊരു മതത്തെപ്പോലെ ഹിന്ദുവിന്റെ വികാരവും പ്രധാനമാണെന്നും അത് ബഹുമാനിക്കണമെന്നും അദ്ദേഹം എഴുതി. ‘അശ്രദ്ധവും പരിഹാസം നിറഞ്ഞതു’മായ ചാനല്‍ അവതാരകയുടെ പരാമര്‍ശം രാജീവ് ചന്ദ്രശേഖര്‍ ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു (03 മാര്‍ച്ച്, എക്സ്).

കൂടുതല്‍ പേര്‍ കേരളത്തില്‍നിന്ന് കുംഭമേളയ്ക്ക് പോകുന്നതും മേളയില്‍ പങ്കെടുത്തവരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ പെരുപ്പിച്ചുകാണിക്കുന്നതിനെയുമാണ് സിന്ധു വിമര്‍ശിച്ചത്. സിന്ധു സൂര്യകുമാറിന്റെ പ്രതികരണത്തെ ബിജെപി നേതാവ് കെ സുരേന്ദ്രനും വിമര്‍ശിച്ചു. കുംഭമേളയെ വിമര്‍ശിക്കുന്നവര്‍ ഹജ്ജിന് മെക്കയില്‍ പോകുന്നവരെ വിമര്‍ശിക്കുന്നില്ലെന്നായിരുന്നു പരാതി. അദ്ദേഹം എഴുതി: “ഡോണള്‍ഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങള്‍ക്കെല്ലാം കിട്ടുന്നുണ്ട്. ഹജ്ജിന് മെക്കയില്‍ പോകുന്ന ഹാജിമാരുടെ എണ്ണത്തില്‍ ഒരു കണക്കെടുപ്പുമില്ല. കുംഭമേളയ്ക്ക് സ്‌നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി. ഒന്നാംതരം അര്‍ബന്‍ നക്‌സലുകള്‍. കൂട്ടിന് ജിഹാദി വെള്ളിക്കാശും.” (03 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്)

8. ജമാഅത്ത് ബന്ധം ലീഗിന് ഗുണം ചെയ്യില്ലെന്ന് സിപിഎം രേഖ

മതതീവ്രവാദ സംഘടനകളുമായുള്ള ബന്ധം ലീഗിന് ഗുണം ചെയ്യില്ലെന്ന് സിപിഎം പാര്‍ട്ടി പ്രവര്‍ത്തന രേഖ. ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇല്ലാതാകുമെന്നും രേഖ വിലയിരുത്തുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രേഖയാണ് ഈ വിലയിരുത്തല്‍ നടത്തിയത്.

മതതീവ്രവാദ സംഘടനകൾ എന്ന വാക്കിൻ്റെ അർഥം വാർത്തയിൽ സാർവലൗകികമായല്ല ഉപയോഗിക്കുന്നത്. മുസ്ലിംലീഗിന്റെ നേതൃത്വവും അണികളും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ മുസ്ലിം തീവ്രവാദസംഘടനകളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷരാഷ്ട്രീയം പുതിയൊരു ദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എല്ലാ മതസംഘടനകളെയും ഒരുപോലെ കാണുന്ന രീതിയായിരുന്നു ലീഗിനുണ്ടായിരുന്നത്. ഇന്നത് മാറി. ഇപ്പോള്‍ മതരാഷ്ട്രം സ്ഥാപിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഈ രണ്ട് സംഘടനകളും ആര്‍എസ്എസ്സും ഒരു നാണയത്തിന്റെ രണ്ട് പുറങ്ങളാണ്. മതരാഷ്ട്രവാദികളെ കൂടെനിര്‍ത്തുന്നത് യുഡിഎഫിന്റെ സ്വാധീനം കുറയ്ക്കും. (07 മാര്‍ച്ച്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

9. മോദിക്കെതിരെ ആഗോള മുസ്ലീം സമൂഹം: രാഹുൽ ഗാന്ധിയും പാകിസ്ഥാൻ ജമാഅത്തെ ഇസ്‌ലാമിയും

മോദിയെ പുറത്താക്കാന്‍ ഇസ്ലാമിക ശക്തികള്‍ ശ്രമിക്കുന്നുവെന്ന് ആരോപണവുമായി ജന്മഭൂമിയില്‍ ഗവേഷകനായ വിഷ്ണു അരവിന്ദന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ‘പാശ്ചാത്യ മാധ്യമ വേട്ടയെ അതിജീവിച്ച് മോദി ഭാരതം’ എന്നാണ് ലേഖനത്തിന്റെ ശീര്‍ഷകം (07 മാര്‍ച്ച്, ജന്മഭൂമി). മോദിയെ കുടുക്കാന്‍ ആഗോള സാമ്രാജ്യത്വവുമായി ഇസ്ലാമിസ്റ്റുകള്‍ കൈകോര്‍ത്തിരിക്കുന്നുവെന്നാണ് ആരോപണം. വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക, കോണ്‍സലേറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുക, ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കുക, ഇന്ത്യാ വിരുദ്ധറാലികള്‍ നടത്തുക, ഇന്ത്യയെ അടിച്ചമര്‍ത്തല്‍ രാഷ്ട്രമായി ചിത്രീകരിക്കുകയും അതിനുവേണ്ടി പണം മുടക്കുകയും ചെയ്യുക – തുടങ്ങിയവയാണ് മുസ്ലീങ്ങള്‍ക്കെതിരേ ലേഖകന്‍ മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങള്‍. രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സൗകര്യമൊരുക്കുന്നത് പാക് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളാണെന്ന ആരോപണവും ഉയര്‍ത്തുന്നു.

10. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല: ഭീകരതയും ജിഹാദും

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ ഫെബ്രുവരി 24ന് സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയടക്കം ആറ് പേരെ അഫാന്‍ എന്ന യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്നിടങ്ങളിലായി ആറ് ആളുകളെയാണ് പ്രതി വെട്ടിയത്. പ്രതിയുടെ സഹോദരന്‍ അഫ്‌സാന്‍, സുഹൃത്ത് ഫര്‍സാന, പിതാവിന്റെ ഉമ്മയായ സല്‍മാ ബീവി, പിതാവിന്റെ സഹോദരി ഷാഹിദ ഇവരുടെ ഭര്‍ത്താവ് ലത്തീഫ് എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം പ്രതി പൊലിസില്‍ സ്വയം കീഴടങ്ങുകയായിരുന്നു. വലിയ കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പൊലീസില്‍ നല്‍കിയ മൊഴി. മയക്കുമരുന്നിന്റെ ഉപയോഗവുമായി സംഭവത്തിന് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

ഈ സംഭവത്തെക്കുറിച്ച് ‘മദ്യത്തിനും മയക്കുമരുന്നിനും കീഴടങ്ങുന്ന കേരളം’ എന്ന ശീര്‍ഷകത്തില്‍ കേസരി മാര്‍ച്ച് 7ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ജി.കെ സുരേഷ് ബാബുവായിരുന്നു ലേഖകന്‍. മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയ അദ്ദേഹം താമസിയാതെ അഫാനെ ഭീകരപ്രവര്‍ത്തനവും ജിഹാദുമായി ബന്ധിപ്പിക്കുന്നു:
“അഫാന്റെ പിന്നാമ്പുറം ഇനിയും പുറത്തുവന്നിട്ടില്ല. പക്ഷേ, അഫാന് ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം കിട്ടിയിട്ടുണ്ടോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പ്രകടിപ്പിച്ച് കഴിഞ്ഞു. വെഞ്ഞാറമൂട്ടില്‍ ഇസ്ലാമിക ജിഹാദി ഭീകരര്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുള്ള ആലുവിള ജംഗ്ഷനിലും കലുങ്കിന്‍ മുഖത്തും അഫാന്‍ എത്താറുണ്ട് എന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആയുധപരിശീലനം നടത്തുന്നതായ ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൂട്ടക്കൊല നടത്താനും ഇരകളെ ഒറ്റയടിക്ക് നിശ്ശബ്ദരാക്കാനും വേണ്ടിവന്നാല്‍ ഒറ്റയടിക്കുതന്നെ കൊലപ്പെടുത്താനുമുള്ള പരിശീലനം ഇത്തരം ജിഹാദി സംഘടനകള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ പല ഭാഗങ്ങളിലും ഇവര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളില്‍ നായകളെ ബൈക്കില്‍ ഇരുന്ന് വെട്ടി പരിശീലിക്കുന്നതടക്കമുള്ള അഭ്യാസമുറകള്‍ നടത്തിയിരുന്നു. വാഗമണ്ണിലും കുളത്തൂപ്പുഴയിലും കാട്ടില്‍ പരിശീലനം നടത്തുമ്പോള്‍ വെടിവെപ്പ് പരിശീലനം അടക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് അത് സംബന്ധിച്ച അന്വേഷണം നിലച്ചു.”

അഫാനെ തെളിവെടുപ്പിനായി കൊണ്ടുവരുന്ന പൊലീസ്.

11. മീനച്ചിലിലും ലൗജിഹാദ്: പി.സി ജോര്‍ജ്

വിദ്വേഷപരാമര്‍ശത്തിന്റെ പേരില്‍ കോടതി നടപടി നേരിട്ടുകൊണ്ടിരിക്കുന്ന പി.സി ജോര്‍ജ് ഏറെ താമസിയാതെ മറ്റൊരു വിദ്വേഷപരാമര്‍ശവുമായി രംഗത്തുവന്നു. മാര്‍ച്ച് 9ന് ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം വീണ്ടും വിദ്വേഷപരാമര്‍ശം നടത്തിയത്. “കേരളത്തില്‍ ലവ് ജിഹാദ് വര്‍ധിക്കുകയാണ്. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടു. അതില്‍ 41 പേരെ മാത്രമേ തിരിച്ചുകിട്ടിയിട്ടുള്ളൂ. യാഥാര്‍ത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കള്‍ പെരുമാറണം. 24 വയസ്സിന് മുമ്പ് ക്രൈസ്തവ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കണം.” ഇതായിരുന്നു ജോര്‍ജ് പ്രസംഗിച്ചത്. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം ‘ഗുജറാത്ത് സമാചാര്‍’ അടക്കമുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. പ്രസംഗത്തിന്റെ വിഡിയോ അടക്കം ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. (മാര്‍ച്ച് 11, മാധ്യമം)

ന്യായീകരിച്ച് കാസ

കാസ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ജോര്‍ജിനെ ന്യായീകരിച്ചു: “പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന് സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഒരു സ്വകാര്യ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിച്ച് ഉപദേശം നല്‍കാന്‍ പാടില്ലെന്ന് പറയാന്‍ ഇത് മതമൗലികവാദികള്‍ കീഴ്‌പ്പെടുത്തിയ ബംഗ്ലാദേശോ?” എന്നായിരുന്നു കാസക്കാരുടെ ചോദ്യം. ജോര്‍ജിന് പിന്നില്‍ ക്രൈസ്തവ ഹൈന്ദവ സമുദായങ്ങള്‍ അണിചേരണമെന്നും അവര്‍ ആഹ്വാനം ചെയ്തു (10 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്).

ചന്ത മുസ്ലിം

ജോര്‍ജിന്റെ പ്രസംഗത്തിലെ വാദങ്ങള്‍ക്ക് തെളിവ് ചോദിച്ച ന്യൂസ് 18 അവതാരകക്ക് ജോര്‍ജ് ചിലത് നല്‍കി. തന്റെ നാട്ടില്‍നിന്ന് പ്രണയം മൂലം ഒളിച്ചോടിപ്പോയ ഏതാനും പെണ്‍കുട്ടികളുടെ വിവരങ്ങള്‍. അതിലൊരു പെണ്‍കുട്ടി പോയത് ഒരു ‘ചന്ത മുസ്ലീ’മിനൊപ്പമാണെന്നും ജോര്‍ജ് പറഞ്ഞു. (11 മാര്‍ച്ച്, ന്യൂസ് 18).

മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്ത.

പ്രണയക്കെണി: കഴമ്പുണ്ടെന്ന് കെസിബിസി

മയക്കുമരുന്ന്, പ്രണയക്കെണി എന്നിവയെക്കുറിച്ചുള്ള പി.സി ജോര്‍ജിന്റെ വാദങ്ങളെ സിറോ മലബാര്‍ സഭ പബ്ലിക്ക് അഫയേര്‍സ് കമ്മീഷന്‍ പിന്തുണച്ചു. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ചെയര്‍മാന്‍ ആയിട്ടുള്ള പബ്ലിക്ക് അഫയേഴ്സ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്: “ജോര്‍ജിന്റെ പ്രസ്താവന മതപരമായ പദങ്ങളില്‍ വ്യാഖ്യാനിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ‘അപലപനീയ’മാണ്. ‘മയക്കുമരുന്നുകളെയും പ്രണയക്കെണികള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങളെയും കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി നാം കാണുന്നു. മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് മോചിതനായ ഒരു യുവാവ് അടുത്തിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയക്കെണികള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്തി. കൂടാതെ, സംസ്ഥാനത്ത് വലിയൊരു സ്‌ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും ശേഖരം കണ്ടെത്തിയതും ആശങ്കാജനകമാണ്. ഇവയുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമതഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്.” കുറിപ്പ് പറയുന്നു. (12 മാര്‍ച്ച്, മീഡിയാവണ്‍)

ജോര്‍ജിനെ പീഡിപ്പിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി

സത്യം പറഞ്ഞതിന് പി.സി ജോര്‍ജിനെ പീഡിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു അഭിപ്രായപ്പെട്ടു. “പ്രണയ നാടകത്തില്‍ കുടുക്കിയുള്ള മതംമാറ്റത്തെയും മതഭീകരസംഘടനാ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചും തുറന്നുപറഞ്ഞതിന്റെ പേരില്‍ മതഭീകരശക്തികളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും പി.സി ജോര്‍ജിനെ പീഡിപ്പിക്കുകയാണ്. ലവ് ജിഹാദ് കേരളത്തില്‍ നിരന്തരമായി നടക്കുന്നുണ്ട്. മതഭീകരസംഘടനകള്‍ ആളും അര്‍ത്ഥവും നിയമസഹായവും നല്‍കി ഇതിനെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇരകളാകുന്നവരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണ്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്.” (13 മാര്‍ച്ച്, ജന്മഭൂമി)

ലവ് ജിഹാദിനെതിരേ നിയമം

സത്യം പറഞ്ഞതിനാണ് പി.സി ജോര്‍ജിനെ വേട്ടയാടുന്നതെന്നും ലവ് ജിഹാദ് തടയാന്‍ നിയമനിർമ്മാണം വേണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “ലവ് ജിഹാദിനെതിരെ പറയുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് മതവീവ്രവാദികളെ സന്തോഷിപ്പിക്കാനാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇതിനെതിരേ നിയമം കൊണ്ടുവന്നിട്ടുണ്ട്. മഹാരാഷ്ട്ര നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ്. കേരളവും ഇത് നടപ്പില്‍വരുത്തണം.” അദ്ദേഹം ആവശ്യപ്പെട്ടു(15 മാര്‍ച്ച് ജന്മഭൂമി)

ജോര്‍ജിനുവേണ്ടി വോയ്‌സ് ഓഫ് മാര്‍ത്തോമ നസ്രാണി

ജോര്‍ജ് നല്‍കുന്ന കണക്കുകള്‍ തെറ്റാണെന്ന് അല്‍മായ മുന്നേറ്റം പ്രതിനിധി ഷൈജു ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു (15 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്). ഇതിന്റെ പേരില്‍ ഷൈജു ആന്റണി സൈബര്‍ ഇടങ്ങളില്‍ കടുത്ത രീതിയില്‍ ആക്രമിക്കപ്പെട്ടു. വോയ്‌സ് ഓഫ് മാര്‍ത്തോമ നസ്രാണിയെന്ന ഫേസ്ബുക്ക് പേജായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ നിന്നത്:

സീറോ മലബാര്‍ സഭയുടെ മേജര്‍ അതിരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, പ്രശ്‌നങ്ങള്‍ ഒരിക്കലും കെട്ടടങ്ങാതെ തുടര്‍ന്നുകൊണ്ട് പോകുക എന്നതൊക്കെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകളില്‍ ഒന്നാണ്. അതിന് അവര്‍ രംഗത്തിറക്കിയിരിക്കുന്ന ഒരു ആയുധമാണ് ഷൈജു ആന്റണിയെന്നായിരുന്നു അവരുടെ പ്രധാന വാദം. “അദ്ദേഹം ചാനലുകളില്‍ പോയിരുന്ന് സഭയെ നാണം കെടുത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വക്താവാണ്, സഭയെ പുറത്തുനിന്നും ഒന്നും ചെയുവാന്‍ സാധ്യമല്ല എന്ന് മനസിലാക്കിയ പൊളിറ്റിക്കല്‍ ഇസ്ലാം, അന്തച്ഛിദ്രത്തെ ആണ് ആശ്രയിക്കുന്നത്.” ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. (15 മാര്‍ച്ച്, വോയ്‌സ്ഓഫ് മാര്‍ത്തോമ നസ്രാണി, ഫേസ്ബുക്ക് പേജ്).

ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യം!

മാര്‍ച്ച് 17ന് ദീപികയില്‍ അനന്തപുരി എന്ന കോളത്തില്‍ ദ്വിജന്‍ എന്ന തൂലികാനാമധാരി ‘ലഹരി, പ്രണയ, തീവ്രവാദ കെണികളുണ്ട്, മതം നോക്കാതെ നടപടി ഉണ്ടാവണം’ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ ലൗജിഹാദിനെ സംബന്ധിച്ച പത്രക്കുറിപ്പാണ് ചര്‍ച്ച ചെയ്തത്. ലൗജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഓരോ മതക്കാരുടെയും സ്വത്വം നശിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും അതിനെതിരേ സംസാരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ലേഖനം കുറ്റപ്പെടുത്തി. (17 മാര്‍ച്ച്, ദീപിക)

ബിജെപിയെ സുഖിപ്പിക്കാനെന്ന് വെള്ളാപ്പള്ളി

പി.സി ജോര്‍ജിന്റെ ലവ് ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. ഈഴവര്‍ തെണ്ടികള്‍ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് പി.സി ജോര്‍ജ്. ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപി. മതംമാറ്റ ആരോപണം വെള്ളാപ്പള്ളി ക്രൈസ്തവരിലേക്കും തിരിച്ചുവച്ചു: “ക്രിസ്ത്യാനികളും പെന്തകോസ്തുകാരും ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നു. പെന്തക്കോസ്തുകാര്‍ പണം നല്‍കി ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റുന്നു. അത് പറയാതെ ലവ് ജിഹാദ് ഉണ്ടെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ജോര്‍ജിന്റെ ലവ് ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാനാണ്. ലവ് ജിഹാദില്‍ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങള്‍ പുറത്തു പറയാമോ? എന്നാല്‍ ജോര്‍ജ് പറയുന്നത് ശരിയാണെന്ന് ഞാന്‍ സമ്മതിക്കാം. ഭക്ഷണം കഴിക്കാനും തെറി പറയാനും മാത്രമാണ് ജോര്‍ജ് വാ തുറക്കുന്നത്. ഈഴവര്‍ തെണ്ടികള്‍ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് ജോര്‍ജ്. ജോര്‍ജിനെ ബിജെപി ദേശീയ കമ്മിറ്റിയംഗമാക്കി, മകനെ ഇനി അന്തര്‍ദേശീയ നേതാവാക്കും. രാഷ്ട്രീയ ഉച്ചിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്ന പാര്‍ട്ടിയായി ബിജെപി മാറി.” (27 മാര്‍ച്ച് 2024)

ലവ് ജിഹാദ്: ജിന്റോ ജോണ്‍ നല്‍കുന്ന കണക്കുകള്‍

പി.സി ജോര്‍ജിന്റെ വിദ്വേഷപരാര്‍ശം വന്നശേഷം കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍ ഇതുസംബന്ധിച്ച ഏതാനും കണക്കുകള്‍ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചു (11 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്) അതിന്റെ സംക്ഷ്പ്ത രൂപം താഴെ നല്‍കുന്നു:

2018 ഒക്ടോബറില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സുപ്രീംകോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം ലവ് ജിഹാദ് രാജ്യത്തിലില്ല. 2010 ഫെബ്രുവരി മാസത്തില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ പറഞ്ഞതും സമാനമാണ്. കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് കൊടുത്ത റിപ്പോര്‍ട്ടിലും കേരള നിയസഭയുടെ രേഖകളിലും സമാനമാണ് കാര്യങ്ങള്‍. എന്നാലും 2023 ല്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട 668 വിദ്വേഷ പ്രസംഗങ്ങളില്‍ 420 എണ്ണവും (63 %) ലവ് ജിഹാദിനെ പറ്റിയുള്ളതാണ്! ലോക്‌സഭ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയും സംഘപരിവാറും ഉപയോഗിക്കുന്ന ഒരു പൊളിറ്റിക്കല്‍ ടൂളാണ് ലവ് ജിഹാദ്. ഭരണനേട്ടങ്ങളും വികസന കാഴ്ചപ്പാടുകളുമില്ലാത്തവര്‍ക്ക് ഒരു അപരനെ സൃഷ്ടിച്ചുകൊണ്ട് ആ അപരനെതിരെ യുദ്ധം ചെയ്യാനുള്ള മാര്‍ഗമാണ് ഇസ്ലാമോഫോബിയ, പൊളിറ്റിക്കല്‍ ഇസ്ലാം തുടങ്ങിയവ. ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം രാജ്യത്തെ 54 ശതമാനം ആളുകള്‍ ഈ കള്ളപ്രചരണങ്ങളെ വിശ്വസിക്കുന്നു എന്നുള്ളതാണ്. അവിടെയാണ് പി.സി ജോര്‍ജ്ജിന്റെ 100 ശതമാനം കള്ളമായ വിദ്വേഷ പരാമര്‍ശം ഗൗരവത്തോടെ മനസ്സിലാക്കേണ്ടത്.

ജോര്‍ജിനെതിരേ പ്രതിഷേധം

ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ പ്രസ്താവന ഒരു വിഭാഗത്തെ ലക്ഷ്യംവച്ചുള്ളതെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാത്ത കാര്യമാണ് പി.സി ജോര്‍ജ് പറയുന്നത്. പി.സി ജോര്‍ജിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. വിദ്വേഷക്കേസില്‍ ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. (11 മാര്‍ച്ച്, മാധ്യമം).

ജോര്‍ജിന്റെ ജിഹാദ് ജുഡീഷ്യറിക്കെതിരെയാണോ എന്ന ചോദ്യവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫും രംഗത്തുവന്നു (11 മാര്‍ച്ച്, മാധ്യമം).

ലവ് ജിഹാദ് എന്ന് പറയുന്നത് കേരളത്തില്‍ ഇസ്ലാമോഫോബിയ പരത്താന്‍ പടച്ചുവിട്ട വാക്ക് മാത്രമാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു (11 മാര്‍ച്ച്, പ്രൈംവിറ്റ്‌നെസ് യുട്യൂബ് ചാനല്‍).

ഫാ. പോള്‍ തേലക്കാട്ട്

സഭയുടെ നിലപാടിനെതിരേ പോള്‍ തേലക്കാട്ട്

ലവ് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച സിറോ മലബാര്‍ സഭയുടെ നടപടിയെ സഭയുടെ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തള്ളി. സഭ സ്വീകരിച്ച നിലപാടില്‍ ആശ്ചര്യവും സങ്കടവും തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. (17 മാര്‍ച്ച്, ഡൂള്‍ ന്യൂസ്). ലവ് ജിഹാദിനെക്കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞു. ലവ് ജിഹാദ് ഉണ്ടെങ്കില്‍ പൊലീസിനോടാണ് പറയേണ്ടത്. മുസ്ലീം വൈര്യമുള്ള കാസ പോലുള്ള സംഘടനകള്‍ സമുദായത്തില്‍ വളരുകയാണ്. വെറുപ്പുളവാക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി വിശ്വാസികള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസില്‍ പരാതി

ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും ഫ്രറ്റേണിറ്റിയും പരാതി നല്‍കി. കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റിയും ദിശ പ്രസിഡന്റ് ദിനു വെയിലും ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പരാതി നല്‍കിയത്. (10 മാര്‍ച്ച്, മീഡിയാവണ്‍)

കേരളത്തില്‍ ഒരു കേസു പോലും ലവ് ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പരാമര്‍ശം ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതികളില്‍ പറയുന്നു. കൂടാതെ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശക്കേസിലെ ജാമ്യ വ്യവസ്ഥകള്‍ ജോര്‍ജ് ലംഘിച്ചു. ജാമ്യം റദ്ദാക്കണം എന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ജോര്‍ജിനെതിരേ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. അത്തരത്തില്‍ തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചെന്നാണ് പോലിസ് അറിയിച്ചത്. (15 മാര്‍ച്ച്, മീഡിയാവണ്‍).

12. ക്രിസ്ത്യന്‍ സമുദായത്തെ ഇല്ലാതാക്കന്‍ ശ്രമം

കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നതായി സിബിസിഐ പ്രസിഡന്റ് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കോളേജുകളിലും ആശുപത്രികളിലും നിരന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് അതിന് കാരണമായി പറഞ്ഞത്. സമുദായത്തെ വിഭജിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്നു പറയുന്നു. പലരും നാടുവിടുന്നു. യുവാക്കള്‍ അന്യനാടുകളില്‍ പോയി ലഹരിക്ക് അടിമപ്പെടുന്നു. രാഷ്ട്രീയരംഗത്ത് സമുദായ അംഗങ്ങള്‍ക്ക് എത്താനാവുന്നില്ല. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഭാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ദുരുദ്ദേശ്യത്തോടെ അനാവശ്യസമരങ്ങള്‍ സംഘടിപ്പിക്കുന്നു… ഇങ്ങനെ പോകുന്നു ആവലാതികള്‍. തൃശൂര്‍ മെട്രോ പോളിറ്റന്‍ പ്രൊവിന്‍സ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായത്തെ നശിപ്പിക്കുന്ന ശക്തികളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് വിദ്യാലയങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നവരാണ്. അതെന്താണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞില്ല. മറ്റൊന്ന് ആശുപത്രികളിലെ സമരങ്ങളാണ്. കഴിഞ്ഞ മാസം ചർച്ച ചെയ്ത നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. (9 മാര്‍ച്ച്, മെട്രോവാര്‍ത്ത, വീക്ഷണം).

13. ‘കാക്ക’മാര്‍ക്കെതിരെ ഡോക്ടര്‍

മലപ്പുറം പുത്തനത്താണിയില്‍ ലഹരി ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച മലപ്പുറം ജില്ലയിലെ കോട്ടക്കൽ അൽ- മാസ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാഹുല്‍ രവീന്ദ്രനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. റോഡില്‍ നില്‍ക്കുന്നവരുടെ നേര്‍ക്ക് വണ്ടി പാഞ്ഞുകയറിയതാണ് പ്രകോപനമായത്. നാട്ടുകാര്‍ പോലിസിനെ വിളിച്ചുവരുത്തി. ലഹരിയിലായിരുന്ന ഡോക്ടറെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

സാധാരണ ഈ സംഭവം വാര്‍ത്തയായതിന് പിന്നില്‍ ഡോക്ടറുടെ പെരുമാറ്റമായിരുന്നു കാരണം. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ചുറ്റും കൂടിയവരെ ചീത്തവിളിച്ചു. കൂടാതെ മതപരമായ സൂചനയോടെ സംസാരിക്കുകയും ചെയ്തു. ‘ഇത് ഇന്ത്യയാണെന്നും കാക്കമാര്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും’ പറഞ്ഞു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍നിന്ന് ഒഴിവാക്കിയതായി മനസ്സിലാക്കുന്നു.

‘ഡോക്ടര്‍മാരെ ഇനി എങ്ങനെ വിശ്വസിക്കും’ എന്ന ശീര്‍ഷകത്തില്‍ ട്രന്റ്‌മൊജൊ എന്ന യൂറ്റ്യൂബ് ചാനലാണ് ഇതേ കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിച്ചത്. (10 മാര്‍ച്ച്, ട്രന്റ്‌മൊജൊ).

ട്രന്റ്‌മൊജൊ എന്ന യൂറ്റ്യൂബ് ചാനലിൽ വന്ന ഉള്ളടക്കം

14. മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോവല്‍

1970 കളില്‍ രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച് വകവരുത്താന്‍ തട്ടിക്കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍. ‘മലയാള മനോരമ’ കണ്ണൂര്‍ ബ്യുറോ ചീഫായി മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച പി ഗോപിയുടെ ‘ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍’ (കൈരളി ബുക്സ്, 2025) എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. പ്രഫഷണല്‍ ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് വിശദീകരിക്കുന്നയിടത്താണ് സംഭവം വിശദീകരിക്കുന്നത്.

“1970 കളില്‍ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇക്കാലത്താണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞിക്കണ്ണനും രണ്ട് പേരും കൊല്ലപ്പെടുന്നത്. തുടര്‍ന്ന് രാമന്തളി, പയ്യന്നൂര്‍ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായി. അത് സാമുദായിക കലാപത്തിന് വഴിമരുന്നിടുന്ന അവസ്ഥയിലേക്കെത്തി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായതോടെ പയ്യന്നൂരില്‍ നേരിട്ടുപോയി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. പയ്യന്നൂരിലെത്തിയ ഗോപിയെയും കാമറമാനെയും അക്രമിസംഘം തടഞ്ഞു. ഗോപിയെ ജീപ്പില്‍ വലിച്ച് കയറ്റിക്കൊണ്ടുപോയി. പത്രക്കാരനാണെന്നും അക്രമിയല്ലെന്നും പിടികൂടിയവരോട് പറഞ്ഞെങ്കിലും അവരത് കേട്ടില്ല. ക്രൂരമായി മര്‍ദിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ജീപ്പില്‍. നിരപരാധിത്വത്തിന് തെളിവുകള്‍ പറഞ്ഞെങ്കിലും ‘എല്ലാം അവിടെ എത്തിയിട്ടു കാട്ടിത്തരാം’ എന്ന ഭീഷണിയായിരുന്നു മറുപടി.”

ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍, കവർ

അന്ത്യം അടുത്തെത്തി എന്ന് ഉറപ്പാക്കിയ നിമിഷങ്ങളായിരുന്നു അതെന്നും ഗ്രന്ഥകാരന്‍ ഓര്‍ക്കുന്നു.

“കുതറി ഒച്ചവച്ച് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതല്‍ പീഡനമായിരുന്നു ഫലം. ജീപ്പ് പയ്യന്നൂര്‍ മെയിന്‍ റോഡിലൂടെ ടൗണ്‍ ബസ് സ്റ്റാന്റിലേക്കെത്തുമ്പോള്‍ ആള്‍ക്കൂട്ടത്തെ പൊലീസ് ലാത്തിവീശി ഓടിക്കുന്നത് കണ്ടു. ജീപ്പിന് മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യമായി. അതിനിടയില്‍ തന്റെ ആ‍‍ർത്തുവിളികേട്ട് ഓടിയെത്തിയ പൊലീസാണ് തന്നെ രക്ഷിച്ചതെന്നും നാലഞ്ച് പ്രവര്‍ത്തകരെ ജീപ്പ് സഹിതം കസ്റ്റഡിയിലെടുത്തതെന്നും ഗോപി പറയുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത പയ്യന്നൂര്‍ പൊലീസിനോട് മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച് കണക്ക് തീര്‍ക്കാന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു തങ്ങളെന്നാണ് അവര്‍ മൊഴി നല്‍കിയത്.” സംഭവത്തില്‍ ചില സിപിഎം നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചെന്നും പുസ്തകം വെളിപ്പെടുത്തുന്നു. (10 മാര്‍ച്ച്, മീഡിയാവണ്‍)

15. പാറമടയിലെ ജലാറ്റിന്‍സ്റ്റിക്കും അന്താരാഷ്ട്ര ഭീകരസംഘടനകളും

മാര്‍ച്ച് ആദ്യ വാരത്തില്‍ വണ്ടന്‍മേട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. പിന്നീട് ഈരാറ്റുപേട്ട നടക്കലിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലും സ്റ്റിക്കുകളുമടക്കം വന്‍ശേഖരം പിടികൂടി. ഈ സംഭവത്തില്‍ ആദ്യം രണ്ട് പേരെയും പിന്നീട് നാല് പേരെയുമാണ് പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, മുഹമ്മദ് ഫാസില്‍, ഉപ്പുതറ കല്‍ത്തൊട്ടി സ്വദേശികളായ ജോസഫ് മാത്യു, റോയി എബ്രഹാം, പൂപ്പാറ സ്വദേശി ബിജു മാണി, ഈരാറ്റുപേട്ട നടക്കല്‍ പി.എ ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

68 ജലാറ്റിന്‍ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണ് വാങ്ങിയത്. ബാക്കിയുള്ളവ ഉപയോഗിച്ചു. അറസ്റ്റിലായവര്‍ പാറഖനന, കിണര്‍ നിർമ്മാണ തൊഴിലാളികളാണ്. ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. കുളം നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളായ സജി വര്‍ഗീസ്, പ്രിന്‍സ് എന്നിവര്‍ക്കെതിരേയും കേസുണ്ട്. (11 മാര്‍ച്ച്, മീഡിയാവണ്‍).

തികച്ചും സാധാരണമായ ഈ കുറ്റകൃത്യത്തെ കാസ അവതരിപ്പിച്ചത് അങ്ങനെയായിരുന്നില്ല. പ്രതിപ്പട്ടികയില്‍ വിവിധ മതക്കാരുണ്ടെന്ന കാര്യം കാസ മറച്ചുവച്ചു: ‘ഈരാറ്റുപേട്ടയില്‍നിന്ന് പിടികൂടപ്പെട്ട ജലാറ്റിന്‍ സ്റ്റിക്കുകള്‍ കേരളത്തിന് നല്‍കുന്നത് ഒരു വലിയൊരു മുന്നറിയിപ്പ്’ എന്ന ശീര്‍ഷകത്തില്‍ അവര്‍ ഒരു കുറിപ്പ് എഴുതി. ആഗോളരാഷ്ട്രീയവുമായി നേരിട്ട് ബന്ധപ്പെട്ട വിശദീകരണമാണ് ഈ സംഭവത്തിന് അവര്‍ നല്‍കിയത്: “ഇറാന്റെ ആണവ പദ്ധതിയെ എന്തുകൊണ്ടാണ് അമേരിക്കയും ഇസ്രയേല്‍ പോലെയുള്ള രാജ്യങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നതും അവരുടെ പദ്ധതിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതും എന്ന് ചോദിച്ചാല്‍ ഇറാന്റെ കയ്യില്‍ ആണവായുധം എത്തിയാല്‍ അത് തീവ്രവാദികളുടെ കൈകളില്‍ എത്താന്‍ അധികം താമസമുണ്ടാവില്ല എന്നതാണ്. അത് ലോകത്തിന് ആപത്താണ് ! ആണവായുധം കൈവശമുള്ള പാകിസ്താനിലെ രാഷ്ട്രീയ ഭരണകൂട അസ്ഥിരതയെ ഭാരതം ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഭയത്തോടെ കാണുന്നതും അതുതന്നെയാണ് (…) ഇതുതന്നെയാണ് ഈരാറ്റുപേട്ടയില്‍ നിന്നും പിടികൂടപ്പെട്ട ജലാറ്റിന്‍ സ്റ്റിക്കുകളുടെ കാര്യത്തില്‍ ബോധമുള്ളവര്‍ ഭയത്തോടെ കാണേണ്ടതിന്റെ കാരണം.”

കുറിപ്പ് തുടരുന്നു: “കേരളത്തില്‍ യാതൊരുവിധ തടസ്സവും ഇല്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ മതമൗലികവാദ ഭീകരവാദികളുടെ കൈകളില്‍ എത്താനുള്ള സാധ്യത ഏറെയാണ്. പാറമടയിലേക്ക് മാത്രമായാണ് ഈ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുവന്നതെന്ന് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല, കാരണം പാറമടകള്‍ക്ക് ഇത്തരം സ്‌ഫോടക വസ്തുക്കള്‍ വാങ്ങുവാന്‍ ലൈസന്‍സ് ഉള്ളതാണ്, ലൈസന്‍സ് പ്രകാരമുള്ള അളവിലും കൂടുതല്‍ ഇത്തരം സ്‌ഫോടക വസ്തുക്കള്‍ ആവശ്യമുണ്ടെങ്കില്‍ അനധികൃതമായിട്ടാണെങ്കിലും അവര്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുമെന്നിരിക്കെ ഈരാറ്റുപേട്ടയിലെ ചില ആളുകള്‍ ഇടനിലക്കാരായി ഇതില്‍ വന്നത് ദുരൂഹത തന്നെയാണ്.” പാറമടയില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍, ബംഗാളികളെന്ന വ്യാജേനെയെത്തുന്ന ബംഗ്ലാദേശികള്‍, ബര്‍മക്കാര്‍ തുടങ്ങി വലിയ അന്താരാഷ്ട്ര വ്യാപ്തിയിലേക്കാണ് കാസയുടെ വിശദീകരണം കടക്കുന്നത് (10 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്).

ഈ വിവരങ്ങള്‍ പൊതുജനശ്രദ്ധയില്‍ പെടുത്തിയത് നടി ലാലി പി.എമ്മാണ്: ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്? ഇനിയെങ്കിലും ഇത്തരം വാര്‍ത്തയുടെ തുടക്കത്തില്‍ കൂടെ അതില്‍ അകപ്പെട്ടിരിക്കുന്നവരുടെ പേരുകളും കൂടി കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുമല്ലോ… പക്ഷേ എനിക്ക് തോന്നുന്നത് കാസ മുന്നറിയിപ്പ് തന്നത് കളമശ്ശേരി ബോംബ് സ്‌ഫോടനം കൂടി ആലോചിച്ചായിരിക്കണം എന്നാണ്. Thank you #casa’ (10 മാര്‍ച്ച് ഫേസ്ബുക്ക് പോസ്റ്റ്). ഇതായിരുന്നു അവരുടെ പോസ്റ്റിലെ ചില വാചകങ്ങള്‍.

ലാലി പി.എം

16. റിസര്‍വ് ബാങ്ക്, പച്ചവെളിച്ചം, ജിഹാദി : കെ.കെ ഷാഹിനക്കെതിരെ ഹിന്ദുത്വർ

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ കൊച്ചി ഓഫിസില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടകയായി എത്തിയത് മാധ്യമപ്രവര്‍ത്തകയായ കെ കെ ഷാഹിന. ഇതിനെക്കുറിച്ച് ജന്മഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത ഇങ്ങനെ: ‘റിസര്‍വ് ബാങ്ക് കൊച്ചി റീജണല്‍ ഓഫിസിലെ വനിതാ ദിനാഘോഷം മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍’. മദനി പ്രതിയായ യുഎപിഎ കേസില്‍ കൂട്ടുപ്രതിയായി ബംഗളൂരു എന്‍ഐഎ കോടതിയില്‍ വിചാരണ നേരിടുന്ന ഷാഹിനയെ ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് എങ്ങനെ എന്ന ചോദ്യമാണ് ജന്മഭൂമി ഉന്നയിച്ചത്. റിസര്‍വ് ബാങ്ക് വനിതാ ദിനാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്ന ചിത്രങ്ങള്‍ ഷാഹിന തന്നെയാണു പുറത്തുവിട്ടത്. നിലവിളക്ക് കൊളുത്താന്‍ പറ്റില്ലെന്ന ഷാഹിനയുടെ പ്രശ്‌നം പരിഹരിച്ചാണ് കേക്കു മുറിച്ച് ഉദ്ഘാടനം നടത്തിയത്. ‘റിസര്‍വ് ബാങ്ക് കൊച്ചി ഓഫിസില്‍ പച്ച വെളിച്ചം പിടി മുറുക്കിയോ എന്ന ചോദ്യമാണ് ഉയരുന്നത്. യുഎപിഎ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര ധനമന്ത്രിക്കും പരാതികള്‍ പ്രവഹിക്കുകയാണ്’. (12 മാര്‍ച്ച്, ജന്മഭൂമി).

ആര്‍.വി ബാബു

ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു സംഘാടകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു: റിസര്‍വ് ബാങ്കിലും പച്ചവെളിച്ചമോ? അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ പരിപാടിയില്‍ ഭീകരവാദ കേസിലെ പ്രതി കെ.കെ ഷാഹിനയെ പങ്കെടുപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുക (13 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്)

ഇടത് ജിഹാദി മുഖം

മാർച്ച് 14ന് ജന്മഭൂമി പത്രം മറ്റൊരു വാര്‍ത്തയും ചെയ്തു, ‘ആര്‍ബിഐ കൊച്ചി ഓഫിസ് ജിഹാദികളുടെ പിടിയില്‍’ എന്ന ശീര്‍ഷകത്തില്‍. അതീവ സുരക്ഷാമേഖലയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന, സ്‌ഫോടനക്കേസില്‍ മഅദിനിയുടെ കൂട്ടുപ്രതിയെന്നാണ് ഷാഹിനയെ വിശേഷിപ്പിച്ചത്. ഈ വാര്‍ത്ത ഷാഹിനയെ ഇടത് ജിഹാദി മുഖമെന്നാണ് വിശേഷിപ്പിച്ചത്. ആര്‍ബിഐയുടെ അതിസുരക്ഷാസ്വഭാവം, ആര്‍ബിഐയിലേക്ക് വ്യാപിക്കുന്ന ഇടത് ജിഹാദി പ്രവര്‍ത്തനം, ജിഹാദി ഗൂഢാലോചന തുടങ്ങിയ വാക്കുകളാണ് വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്നത്. (14 മാര്‍ച്ച്, ജന്മഭൂമി)

പ്രത്യക്ഷ സമരവും

മാര്‍ച്ച് 17ന് റിസര്‍വ് ബാങ്ക് പരിപാടിയില്‍ യുഎപിഎ കേസ് പ്രതി പങ്കെടുത്തത് സുരക്ഷാവീഴ്ചയാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി 17ന് പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചു. നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

വനിതാദിനത്തോടനുബന്ധിച്ച് റിസർവ് ബാങ്കിന്റെ പരിപാടിയിൽ കെ.കെ ഷാഹിന

17. ലഹരി സംഘങ്ങള്‍ക്ക് പിന്നില്‍ ലീഗ്

‘കേരളം വലിയ ഭീതിയില്‍. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്റെ ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘സമരങ്ങളില്‍ പൊലീസിനെ കയ്യേറ്റം ചെയ്യുന്നവരുടെ രക്തം പരിശോധനക്ക് അയച്ച് എംഡിഎംഎ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം’ എന്ന തലക്കെട്ട് നല്‍കി ‘പ്രൊഗ്രെസ്സീവ് മൈന്‍ഡ്സ്’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവച്ചത്. (03 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്, ജോസഫ് കുര്യന്‍)

പോസ്റ്റില്‍ പ്രചരിക്കുന്ന കാര്‍ഡ് മനോരമയുടെ വാര്‍ത്താകാര്‍ഡില്‍ മാറ്റം വരുത്തി അവതരിപ്പിച്ചതാണ്. അതായത് കാര്‍ഡ് വ്യാജം. ‘എല്ലായിടത്തും ലഹരി പാര്‍ട്ടി, നടത്തുന്നത് വമ്പന്മാര്‍. ലഹരി മാഫിയയ്ക്ക് സിപിഎമ്മിന്റെ രക്ഷാകര്‍തൃത്വം’ എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. അതാണ് മുസ്ലീംലീഗിനെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തിയെന്ന പേരില്‍ പ്രചരിപ്പിച്ചത്. ഫാക്റ്റ് ക്രസന്‍ഡൊയാണ് ഇത് കണ്ടെത്തിയത് (12 മാര്‍ച്ച്, ഫാക്റ്റ് ക്രസന്‍ഡോ).

ലഹരി മരുന്ന് മാഫിയ തലവനായ യൂത്ത് ലീഗ് നേതാവ്

സമാനമായ മറ്റൊരു വ്യാജവാര്‍ത്തയും മാര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടു. എംഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും കഞ്ചാവ് ലഹരി മരുന്ന് മാഫിയ തലവനായ ഉസ്മാന്‍ തങ്ങള്‍ റിമാന്‍ഡില്‍ എന്നായിരുന്നു ഈ കാര്‍ഡില്‍ എഴുതിയരുന്നത്. എസ്എഫ്‌ഐ കോതമംഗലം എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പ്രചാരണം തുടങ്ങിവച്ചത്. കോതമംഗലം പുതുപ്പാടി എല്‍ദോ ബസീലിയസ് കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് എംഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാന്‍ തങ്ങളെ അറസ്റ്റ് ചെയ്തത്. ഇതണ് വ്യാജവാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്. ഫാക്റ്റ് ക്രസന്‍ഡോയാണ് ഇതും കണ്ടെത്തിയത്. (12 മാര്‍ച്ച്, ഫാക്റ്റ് ക്രസന്‍ഡോ).

18. ഒരു മുസ്ലീം യുവാവിന്റെ അനുഭവം

പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശങ്ങളോട് പൊലീസ് സ്വീകരിക്കുന്ന മൃദുസമീപനത്തിന്റെ സാഹചര്യത്തില്‍, ഒരു ഫേക്ക് ഫേസ്ബുക് അക്കൗണ്ടില്‍ വന്ന പോസ്റ്റിന്റെ പേരില്‍ താന്‍ അനുഭവിക്കേണ്ടിവന്ന ദുരിതം വിവരിക്കുകയാണ് സിനാന്‍ കുമ്പള എന്ന യുവാവ്. ഫെബ്രുവരി 7ന് കാസര്‍ഗോഡ് ടൗണ്‍ പൊലീസില്‍ നിന്നുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. (12 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്).

കാസർഗോഡ് ഡിവൈഎസ്പി ഓഫീസില്‍ നിന്നും ഫെബ്രുവരി 6 ന് വൈകുന്നേരം സിനാന് ഒരു ഫോണ്‍ വന്നു. പിറ്റേ ദിവസം രാവിലെ 10 മണിക്ക് സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാവണമെന്നാണ് ആവശ്യം. രാവിലെ അസൗകര്യമായതിനാല്‍ ഉച്ചക്ക് ഹാജരാവാന്‍ അനുവദിച്ചു. ആദ്യം എസ്‌ഐ മാന്യമായ രീതിയില്‍ പെരുമാറി. പിന്നീട് താനല്ലെ കുമ്പളക്കാരന്‍ ബീരാന്‍ എന്ന ഫേസ്ബുക് പ്രൊഫൈൽ എന്ന് ചോദിച്ചു. സിനാന്‍ നിഷേധിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ‘സിനാന്‍ കുമ്പള’ ആണെന്ന് പറഞ്ഞു. ഇതിന് ഒരു വര്‍ഷം മുമ്പ് എകെഎം അഷ്‌റഫ് എംഎല്‍എ, വിഎച്ച്പി ആസ്ഥാനത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് സിനാനെ പൊലീസ് വിളിപ്പിച്ചിരുന്നു. അന്നും പൊലീസ് ബീരാനെക്കുറിച്ച് ചോദിച്ചിരുന്നു.

പൊലീസിന്റെ ആരോപണം നിഷേധിച്ചതോടെ ബാഡ്ജ് ഇല്ലാത്ത ഒരു പൊലീസുകാരനെ എസ്‌ഐ അകത്തേക്ക് വിളിപ്പിച്ചു. അയാള്‍ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ബീരാനാണെന്ന് സമ്മതിക്കണമെന്നാണ് ആവശ്യം. സമ്മതിച്ചില്ലെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് ഭീഷണി മുഴക്കി. സിനാന്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അതിനിടയില്‍ സിനാന്‍ കുറ്റമേല്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോടോ ഫോണിൽ പറഞ്ഞു. രണ്ട് മണിക്കൂറിനുശേഷം എസ്.ഐ സ്‌നേഹപൂര്‍വം പെരുമാറി വെള്ളംതന്ന് സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് വിട്ടു. ഇനിയും ആ വ്യാജ അക്കൗണ്ട് വെച്ച് വേട്ടയാടില്ലെന്ന് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് തന്റെ അനുഭവ വിവരണം അദ്ദേഹം അവസാനിപ്പിച്ചത്.

സിനാന്‍ കുമ്പള

19. തുഷാര്‍ഗാന്ധിയും ഇസ്‌ലാമിക ഭീകരവാദികളും

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കുന്ന, രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണ് ഹിന്ദുത്വ പാര്‍ട്ടികളെന്ന് അദ്ദേഹം പ്രസംഗമധ്യേ പറഞ്ഞിരുന്നു. ഇതായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഹിന്ദുത്വത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്ന് പ്രതിഷേധത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. (12 മാര്‍ച്ച്, മാതൃഭൂമി) തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നു. തന്റെ അഭിപ്രായങ്ങളെ, തന്നെ എതിര്‍ക്കുന്നവര്‍ മാനിക്കണം. ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ആര്‍എസ്എസിനെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസും കമ്മൂണിസ്റ്റ് പാര്‍ട്ടിയും ജാഗരൂഗരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (13 മാര്‍ച്ച്, മാതൃഭൂമി).

തുഷാര്‍ ഗാന്ധി മാനസിക രോഗിയാണെന്നും തലച്ചോറും നാവും അര്‍ബന്‍ നക്‌സലൈറ്റുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വെച്ചെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആക്ഷേപിച്ചു. ‘മഹാത്മാഗാന്ധിയെയും ഗോപിനാഥന്‍ നായരെയും അപമാനിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കി. തുഷാര്‍ ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. (13 മാര്‍ച്ച്, മാതൃഭൂമി).

ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്ത.

ഭാരതവിരുദ്ധന്റെ വിദ്വേഷപ്രസംഗം

ഒരു ഭാരതവിരുദ്ധന്റെ വിദ്വേഷപ്രസംഗം എന്നായിരുന്നു ഈ സംഭവത്തെക്കുറിച്ചുള്ള ജന്മഭൂമി എഡിറ്റോറിയലിന്റെ തലക്കെട്ട്. (17 മാര്‍ച്ച്, ജന്മഭൂമി): “സംഘപരിവാര്‍ രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നു എന്നാണ് തന്നെ ക്ഷണിച്ചുകൊണ്ടുവന്നവരെ പ്രീതിപ്പെടുത്താന്‍ തുഷാര്‍ ഗാന്ധി പ്രസംഗിച്ചത്. തുഷാര്‍ ഗാന്ധിയുടെ അഭിപ്രായം അടിസ്ഥാന രഹിതമാണ്. തനിക്ക് കയ്യടി കിട്ടുന്നുണ്ടെന്നും, മാധ്യമശ്രദ്ധ നേടുന്നുണ്ടെന്നും മനസ്സിലായതുകൊണ്ടാവാം ആലുവയിലും സമാനമായ അഭിപ്രായങ്ങള്‍ തുഷാര്‍ ഗാന്ധി പ്രകടിപ്പിക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ എന്ന ലേബലാണ് തുഷാര്‍ ഗാന്ധി വിറ്റഴിക്കാന്‍ നോക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഈ അഭിനവഗാന്ധി എന്ന് അറിയുന്നവര്‍ക്ക് തുഷാറിന്റെ അഭിപ്രായ പ്രകടനങ്ങളില്‍ യാതൊരു അത്ഭുതവും തോന്നില്ല. വിഘടന വാദികള്‍, അര്‍ബന്‍ നക്സലുകള്‍, മാവോയിസ്റ്റുകള്‍, ഇസ്ലാമിക ഭീകരവാദികള്‍, ജോര്‍ജ് സോറോസിനെ പോലുള്ളവരെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ശക്തികള്‍ എന്നിവരുമായി കൈകോര്‍ക്കാന്‍ മടിക്കാത്തയാളാണ് തുഷാര്‍ ഗാന്ധി. ഗാന്ധിജിയുടെ ചെറുമകനാണ് എന്നതുകൊണ്ടുമാത്രം ഒരാള്‍ മഹാനാകുന്നില്ല. അപഥസഞ്ചാരിയായ സ്വന്തം മകനെ പോലും തള്ളിപ്പറഞ്ഞയാളാണ് ഗാന്ധിജി. അങ്ങനെയുള്ള ഒരാള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യവിരുദ്ധര്‍ക്കൊപ്പം നിലകൊള്ളുന്നവരെ ഉള്‍ക്കൊള്ളില്ലല്ലോ. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ തുഷാറിനെ തള്ളിപ്പറയുന്ന ആദ്യത്തെ ആളായിരിക്കും.” (17 മാര്‍ച്ച്, ജന്മഭൂമി)

20. ജസ്റ്റിസ് ഫോർ ഷഹബാസ് : ഭീകരര്‍ ഒത്തുകൂടുന്നു

കോഴിക്കോട് താമരശേരിയില്‍ വിദ്യാർത്ഥി സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ഷഹബാസ് എന്ന വിദ്യാര്‍ത്ഥി മരിച്ചത് കേരളത്തില്‍ ചലനമുണ്ടാക്കിയ സംഭവമാണ്. ദാരുണമായ ഈ സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ ധാരാളം പൊതുപ്രതികരണങ്ങളുണ്ടായി. ഇത്തരമൊരു പരിപാടിയെക്കുറിച്ച് ജനം ടിവി, ജന്മഭൂമി എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ഇസ്ലാമോഫോബിക് മുന്‍വിധിയുടെ മാതൃകയായിരുന്നു. വാര്‍ത്ത പറയുന്നതനുസരിച്ച്, പെരുമ്പാവൂരില്‍ ജസ്റ്റിസ് ഫോര്‍ ഷഹബാസ് എന്ന ഒരു വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു കൂട്ടായ്മമാത്രമാണ്. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആ കൂട്ടായ്മയുടെ മറവില്‍ ഒത്തുകൂടിയിരിക്കുകയാണ്.

ജനം ടിവി വാര്‍ത്തയുടെ ഏതാനും ഭാഗങ്ങള്‍ താഴെ നല്‍കുന്നു: “ജസ്റ്റിസ് ഫോര്‍ ഷഹബാസ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഒത്തുകൂടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎഫ്‌ഐ ശക്തികേന്ദ്രമായ പെരുമ്പാവൂരില്‍ നിന്നും പോഞ്ഞിക്കരയിലേക്കാണ് മാര്‍ച്ച്. വാട്‌സ്ആപ്പ് കൂട്ടായ്മയെന്ന് പേരില്‍ സംസ്ഥാനത്തെ വിവിധയിടങ്ങില്‍ നിന്നുള്ള ഭീകരര്‍ ഒത്തുകൂടി മാര്‍ച്ചിന്റെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസും ഇന്റെലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന കാര്യം ഏറ്റെടുത്ത് അതിന്റെ മറവില്‍ വീണ്ടും ശക്തി തെളിയിക്കുകയാണ് പിഎഫ്‌ഐയുടെ ലക്ഷ്യം. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും ബംഗ്ലാദേശീ മുസ്ലീങ്ങളാണ്. തീവ്രമത ചിന്തയുള്ള ഇവര്‍ക്കിടെ എസ്ഡിപിഐക്കും പിഎഫ്‌ഐക്കും കാര്യമായ സ്വാധീനമുണ്ട്.” (13 മാര്‍ച്ച്, ജനം ടിവി)

21. ഈരാറ്റുപേട്ട: മിനി താലിബാന്‍

മാര്‍ച്ച് 13ന് മാത്യു സാമുവല്‍ തൻ്റെ യൂട്യൂബ് ചാനലിൽ ഈരാറ്റപേട്ടയെ ലക്ഷ്യമിട്ട് ഒരു വീഡിയോ ചെയ്തു. ‘ഈരാറ്റുപേട്ട (മിനിതാലിബാന്‍) സൂക്ഷിക്കണം – വലിയ വില കൊടുക്കേണ്ടിവരും’ എന്ന ശീര്‍ഷകത്തില്‍. ഈരാറ്റുപേട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ജോലി ചെയ്യുക ബുദ്ധിമുട്ടാണ്. ഈരാറ്റുപേട്ടയില്‍ മതതീവ്രതയും മതഭ്രാന്തും വര്‍ഗീയതയും ശക്തമാണ്. താലിബാനേക്കാളും കഷ്ടമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണ നിശബ്ദത പാലിക്കുകയാണ്. പിന്തുണയ്ക്കുക പോലും ചെയ്യുന്നുണ്ട്. ആക്ഷേപങ്ങള്‍ ഇങ്ങനെ പോകുന്നു.

ഈരാറ്റുപേട്ടയിലെ മതഭ്രാന്ത് ഇല്ലാതാക്കാന്‍ അദ്ദേഹം ഒരു നിര്‍ദേശംവച്ചു. അടുത്ത തെരഞ്ഞെടുപ്പ് ക്രൈസ്തവരും ഹിന്ദുക്കളും ബഹിഷ്‌കരിക്കണം. അതപ്പോള്‍ ചര്‍ച്ചയാവും. ഈരാറ്റുപേട്ടയിലെ ബിസിനസ്സ് പൂര്‍ണമായും ബഹിഷ്‌കരിക്കണം. ആരും അവിടെനിന്ന് സാധനം വാങ്ങരുത്. അതിനടുത്തുള്ള സിറ്റിയില്‍ നിന്ന് വാങ്ങണം. ഗവണ്‍മെന്റ് ഓഫിസുകള്‍ക്ക് ഈരാറ്റുപേട്ടക്ക് പുറത്ത് ഒരു അനക്‌സ് നിര്‍മിക്കണം. കാരണം ഈരാറ്റുപേട്ടയിലേക്ക് നമുക്ക് പോകാനാവില്ല. ഈരാറ്റുപേട്ട ഇന്ത്യയിലാണെങ്കിലും അവിടെ ജനാധിപത്യത്തിന് മൂല്യമില്ല. ചുരുക്കത്തില്‍ ഈരാറ്റുപേട്ടയെ ബഹിഷ്‌കരിച്ച് ഒറ്റപ്പെടുത്തണം. (13 മാര്‍ച്ച്, മാത്യു സാമുവല്‍ ഒഫീഷ്യല്‍).

ഈരാറ്റുപേട്ട നഗരം. കടപ്പാട്:wikipedia

മാത്യു സാമുവലിനെതിരെ സ്ഥലം എംഎല്‍എ

മാത്യു സാമുവലിനെതിരേ സ്ഥലം എംഎല്‍എ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ ഒരു വീഡിയോയുമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലെത്തി. മാത്യു സാമുവല്‍ പറയുന്നത് തെറ്റാണെന്ന് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമൂഹം യോജിപ്പോടെ കഴിഞ്ഞുകൂടുന്ന അനുഭവങ്ങളും തെളിവായി അദ്ദേഹം ഹാജരാക്കി (18 മാര്‍ച്ച്, അനില്‍ ടോക്‌സ്, യുട്യൂബ്).

മാത്യു സാമുവലിനെതിരേ കേസ്

യുട്യൂബിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ നെതിരേ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, പിഡിപി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ചാനലില്‍ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാര്‍ദം തകരാന്‍ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്നാണ് സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. (17 മാര്‍ച്ച്, മീഡിയാവണ്‍).

22. ദലിത് മുസ്ലീം ഐക്യരാഷ്ട്രീയത്തെ തള്ളിയ കെ.കെ കൊച്ച്!

ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചതിന് തൊട്ടടുത്ത ദിവസം ദീപിക ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. കെ.കെ കൊച്ച് നടത്തിയത് നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള നിരന്തര പോരാട്ടം എന്ന ശീര്‍ഷകത്തില്‍ മാത്യു ആന്റണിയാണ് കുറിപ്പ് തയ്യാറാക്കിയത്. കെ.കെ കൊച്ചിന്റെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തിയ ശേഷം ലേഖകന്‍ ഇസ്ലാമിക സംഘടനാ വിമര്‍ശനത്തിലേക്ക് നീങ്ങുന്നു. പ്രത്യയശാസ്ത്രധാരണയില്ലാത്ത ദലിത് മുസ്ലിം ഐക്യപ്പെടലുകളെ കെ.കെ കൊച്ച് തള്ളപ്പറഞ്ഞുവെന്നാണ് അദ്ദേഹം എഴുതിയത്. പ്രത്യയശാസ്ത്രപരമായ ധാരണയും കൃത്യതയുമില്ലാത്ത ചില രാഷ്ട്രീയ അജണ്ടകളുടെ ദലിത് ഐക്യപ്പെടലുകളെ തള്ളിപ്പറയാനും കെ.കെ കൊച്ച് ധീരതകാട്ടി. അതില്‍ പ്രധാനപ്പെട്ടതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കാര്യനിര്‍വാഹകരായ ജമാഅത്തെ ഇസ്ലാമിയുടെ ദളിത് പക്ഷപാതിത്വത്തോടുള്ള വിമര്‍ശനാത്മക സമീപനം. ദലിത് മുസ്ലിം ഐക്യരാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി സമീപിക്കാതെ സാങ്കേതികമായാണ് ജമാഅത്തെ ഇസ്ലാമി കണ്ടത്. അത്തരം സാങ്കേതിക കാഴ്ചപ്പാടിലൂടെയൊന്നും ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റം സാധ്യമല്ല. അവരൊരു സിദ്ധാന്തവുമായി വന്ന് കുറേ ദലിത് സ്‌നേഹം പറഞ്ഞാലൊന്നും അതിനെ ആരും അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് കൊച്ച് എഴുതി. (14 മാര്‍ച്ച്, ദീപിക).

കെ.കെ കൊച്ചിന്റെ മുസ്ലീം സംഘടനകളോടുള്ള വിയോജിപ്പും യോജിപ്പും ലേഖകന്‍ പറയുന്നതുപോലെ ഇത്ര ലളിതമല്ല. 1980 – കളുടെ അവസാനം മുതൽ കേരളത്തിലെ മുസ്ലീം സംഘടനകളുമായി വിഷയാധിഷ്ഠിതമായി സഹകരിച്ച് പ്രവർത്തിക്കുന്നയാളായിരുന്നു കെ.കെ കൊച്ച്. അദ്ദേഹത്തിൻ്റെ ദലിതൻ എന്ന ആത്മകഥ തന്നെ ഈ വിമർശനാത്മക ബന്ധത്തിൻ്റെ തെളിവാണ്.

കെ.കെ കൊച്ച്

23. ഇസ്ലാമോഫോബിയ: അകാരണ ഭയം, പകർച്ചവ്യാധി, യുക്തിരഹിതം

ഇസ്ലാമോഫോബിയയെക്കുറിച്ച് ഫാദര്‍ വല്‍സന്‍ തമ്പു ഒരു വീഡിയോ ചെയ്തു, ‘ടെമ്പിള്‍ ഓഫ് തോട്ട്‌സ് ബൈ വല്‍സന്‍ തമ്പു’ എന്ന യുട്യൂബ് ചാനല്‍വഴി. ഇസ്ലാമോഫോബിയ എന്ന പകര്‍ച്ചവ്യാധി എന്നായിരുന്നു വീഡിയോയുടെ ശീര്‍ഷകം. ഇസ്ലാമോഫോബിയയെ അദ്ദേഹം ഒരു രോഗാവസ്ഥയായാണ് കാണുന്നത്. അതുകൊണ്ട് ചികിത്സ വേണ്ടത് മുസ്ലീങ്ങള്‍ക്കല്ല, അമുസ്ലീങ്ങള്‍ക്കാണ്. അതേസമയം മുസ്ലീങ്ങൾ പുരോഗതിയുടെ പാതയിലേക്ക് മുന്നേറണമെന്നും അദ്ദേഹം പറയുന്നു: “ഇസ്ലാമോഫോബിയ എന്ന വാക്കില്‍തന്നെ ഒരു അതെന്താണെന്ന സൂചനയുണ്ട്. അത് യുക്തിരഹിതമാണ്. പാറ്റയെയും പല്ലിയെയും പാമ്പിനെയും കണ്ടാല്‍ നമുക്ക് ഭയം തോന്നുന്നതുപോലെ. മതക്കൂട്ടമെന്ന നിലയില്‍ മുസ്ലീങ്ങളെപ്പറ്റി സംഘടിതമായി അപഖ്യാതി പറഞ്ഞുണ്ടാക്കണമെങ്കില്‍ ഇതിനിറങ്ങിത്തിരിക്കുന്നവര്‍ക്ക് മാനസികമായി രോഗമുണ്ടായിരിക്കണം. ഫോബിയ ഇസ്ലാം വിശ്വാസികള്‍ക്കല്ല, മറ്റുള്ളവര്‍ക്കാണ്. അവരുടെ ഉള്ളിലെ രോഗം അവര്‍ മറ്റുള്ളവരിലേക്ക് പകരുന്നു. അതൊരു പകര്‍ച്ചവ്യാധിപോലെയാണ്. രോഗമില്ലാത്തവരെ രോഗമുള്ളവര്‍ രോഗികളാക്കുന്ന പ്രസ്ഥാനമാണ് ഇത്.

ഹിന്ദുമതത്തില്‍ സത്യമാണ് ദൈവം. അതിനര്‍ത്ഥം സത്യത്തെ വളച്ചൊടിക്കുന്നവര്‍ ദൈവത്തെ അറിയുന്നവനല്ലെന്നാണ്. സത്യം ഒരു ലിമിറ്റ് അല്ലെങ്കില്‍ അതിരാണ്. ഒരു ഹിന്ദു താന്‍ അറിയുന്ന സത്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം നിലപാടെടുക്കാന്‍. ഹിന്ദു സഹോദരന്മാരോട് ഒരു ചോദ്യം. നമുക്ക് ഇസ്ലാമിനെപ്പറ്റി എന്തറിയാം? നബിതിരുമേനിയെപ്പറ്റി, അദ്ദേഹത്തിന്റെ ആത്മീയദര്‍ശനത്തെപ്പറ്റി എന്തറിയാം? കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എവിടെയും അത് കണ്ടെത്തും. അങ്ങനെയല്ലാത്തവരോടാണ്. വേദപുസ്തകത്തിലെ പല ഭാഗവും കണ്ടാല്‍ നാണിച്ച് വിറച്ചുപോകും. ചിലപ്പോള്‍ ഞെട്ടിപ്പോകും. അതൊരു സമൂഹം നടന്ന വഴികളെ സൂചിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് എല്ലാം തികഞ്ഞ വ്യവസ്ഥിതിയെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തെറ്റുകളെ മാത്രം എടുത്തുകാണിക്കുന്നവന്‍ രോഗിയാണ്. സത്യത്തിന്റെ ഒരു സ്വഭാവം തിന്മ മാത്രമല്ല, നന്മയും കാണണമെന്നാണ്. ഒരു വാദത്തിന് വേണ്ടി മുസ്ലീങ്ങൾ തിന്മചെയ്യുന്നവര്‍ മാത്രമാണെന്ന് അംഗീകരിച്ചാല്‍ത്തന്നെ നാം ചെയ്യേണ്ടത് അവര്‍ക്ക് വെളിച്ചം പകര്‍ന്നുനല്‍കുകയാണ്. അതുചെയ്യുന്നില്ല. അത്രത്തോളം വിവേകമേ ക്രിസ്ത്യാനിയ്ക്കുള്ളൂ. പരസ്പരം കരുതലിന്റെ സംസ്‌കാരം കൂടുതലുള്ളത് മുസ്ലീങ്ങൾണ്. എന്നാല്‍ അവരുടെ മതനേതൃത്വം കാര്യമായ പക്വത കാണിക്കുന്നില്ല. കേരളത്തില്‍ സ്ഥിതി മെച്ചമാണ്. വടക്കേ ഇന്ത്യയില്‍ പരിതാപകരമാണ്. പുരോഗതിയിലേക്ക് നയിക്കാന്‍ തക്ക നേതൃത്വം ആ മതവിഭാഗത്തിനിന്നില്ല. മുസ്ലീങ്ങളെ അനാരോഗ്യകരമായ സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും വേണം. ഭാരതത്തില്‍ സമാധാനമായി ജീവിക്കണമെങ്കില്‍ അവര്‍ പുരോഗതിയുടെ പാതയിലേക്ക് വരണം. (14 മാര്‍ച്ച്, ടെമ്പിള്‍ ഓഫ് തോട്ട്‌സ് ബൈ വല്‍സന്‍ തമ്പു)

24. പുരോഗമന – ഇടത് റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഇക്കോ സിസ്റ്റം

കേരളം നാര്‍കോ ഭീകരതയുടെ നിഴലില്‍ എന്ന ശീര്‍ഷകത്തില്‍ ഡോ. കെ ജയപ്രസാദ് കേസരിയില്‍ ഒരു ലേഖനം എഴുതി. മദ്യ-ലഹരി മാഫിയയെക്കുറിച്ചാണ് ലേഖനമെങ്കിലും ലഹരിവ്യാപനത്തിന് കുറ്റപ്പെടുത്തിയത് ‘പുരോഗമന-ഇടത് റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഇക്കോ സിസ്റ്റത്തെ’യാണ്. നാര്‍ക്കോട്ടിക് ജിഹാദിനെ പ്രതിരോധിക്കാന്‍ സ്വന്തം സമുദായത്തോട് തയ്യാറാവാന്‍ ആഹാന്വം ചെയ്ത പാലാ ബിഷപ്പിന്റെ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് ലേഖകന്‍ ‘ഇസ്ലാമിക ഭീകരത’യെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. മയക്കുമരുന്ന് വ്യാപനം മൂടിവയ്ക്കാന്‍ കഴിയുന്നത് ഇടതുപുരോഗമന ഇസ്ലാമിസ്റ്റ് ഇക്കോസിസ്റ്റത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് പറയാന്‍ ശ്രമിച്ചത്. ലഹരി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ മട്ടാഞ്ചേരി മാഫിയയാണെന്ന ആരോപണവും ഉയര്‍ത്തുന്നു (കേരളം നാര്‍കോ ഭീകരതയുടെ തണലില്‍, ഡോ. കെ ജയപ്രകാശ്, 14 മാര്‍ച്ച്, കേസരി). നിരന്തരം തുടരുന്ന വംശീയാരോപണങ്ങളുടെ (റേഷ്യൽ സ്ലർ) ഒരു നീണ്ടനിരയാണ് ഈ ലേഖനവും.

തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.

Also Read