Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ആഗസ്റ്റ് (1-31) റിപ്പോർട്ട്. 77 സംഭവങ്ങളാണ് ആഗസ്റ്റ് മാസം മാത്രം റിപ്പോർട്ട് ചെയ്തത്.
1. ധർമസ്ഥല: പിന്നിൽ എസ്ഡിപിഐ
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽതംഗടിയ്ക്ക് സമീപമുള്ള പ്രശസ്തമായ ഒരു ഹിന്ദു തീർഥാടനകേന്ദ്രമാണ് ധർമസ്ഥല. ധർമസ്ഥല ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ വിവാദം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി (വിസിൽ ബ്ലോവർ) ഒരു ശുചീകരണ തൊഴിലാളി, സി.എൻ ചിന്നയ്യ, ജൂൺ 22ന് രംഗത്തെത്തി. 1995 മുതൽ 2014 വരെ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നും, അവരുടെ മൃതദേഹങ്ങൾ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും അടക്കം ചെയ്യാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് മൃതദേഹങ്ങൾ സ്വന്തം കൈയാൽ കുഴിച്ചിട്ടിട്ടുണ്ടെന്നും, ഇരകളിൽ ചിലർ ആസിഡ് ആക്രമണത്തിനിരയായവരാണെന്നും, ചിലർ ചെറുപ്പക്കാരികളാണെന്നും തൊഴിലാളി വിശദീകരിച്ചു. വർഷങ്ങളോളം മേലധികാരികളുടെ സമ്മർദ്ദം കാരണം മിണ്ടാതെ സഹിച്ചുവെങ്കിലും, ഒടുവിൽ മനസ്സാക്ഷി അനുവദിക്കാതെ വന്നപ്പോൾ സത്യം പുറത്തുവിടേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തികൾ വെളിപ്പെടുത്തലുമായി വന്നു. പരാതികൾ വന്നു. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിച്ചു. കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു പ്രധാന പരാതിക്കാരിയായ സുജാത ഭട്ട് തന്നെ പിൻമാറി. മൊഴികളിലെ പൊരുത്തക്കേടുകളുടെ പേരിൽ ചിന്നയ്യ അറസ്റ്റിലുമായി (ധർമസ്ഥല: പരാതിക്കാരനായ ചിന്നയ്യ ഒന്നാം പ്രതി, ആഗസ്റ്റ് 28, മീഡിയാവൺ).
പിന്നിൽ മുസ്ലീം
തുടക്കത്തിൽ ധർമസ്ഥലയും ഇസ്‌ലാമോഫോബിയയും തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെങ്കിലും ദിവസങ്ങൾ കഴിയുംതോറും അത്തരമൊരു ആഖ്യാനം സൃഷ്ടിക്കപ്പെട്ടു. ജൂലൈ അവസാനവാരത്തിൽ കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക വിചിത്രമായ ഒരു വാദമുയർത്തി. ധർമസ്ഥലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ കേരള സർക്കാരാണെന്നും പരാതിക്കാരൻ മുസ്ലീമാണെന്നും അദ്ദേഹം ആരോപിച്ചു: ധർമസ്ഥലയിൽ പരാതി നൽകിയ ആൾ മുസ്ലീമാണ്. അതിന് പിന്നിൽ കേരള സർക്കാരാണ്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നു.
പരാതിക്കാരൻ മുസ്ലീമാണെന്ന അശോകിന്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹിന്ദുവാണ് പരാതിക്കാരനെന്നും പത്രം കണ്ടെത്തി (‘പരാതിക്കാരൻ മുസ്ലീം, ധർമസ്ഥലയിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ’; വിചിത്ര ആരോപണവുമായി കർണാടക ബിജെപി നേതാവ്, ജൂലൈ 30, മാധ്യമം).


ജൂലൈ 31ന് സംഘപരിവാർ നേതാവ് ലസിത പാലക്കൽ ഈ ആരോപണം ഫേസ്ബുക്കിലൂടെ ആവർത്തിച്ചു: ധർമസ്ഥല മൂന്ന് ദിവസമായി കുഴിക്കുന്നു. ഒന്നും ഇതുവരെ കണ്ടെത്തിയില്ല. ഇതിനു പിന്നിൽ ജിഹാദി കൂട്ടം തന്നെ (ജൂലൈ 31, ഫേസ്ബുക്ക് പോസ്റ്റ്/ ലസിത പാലക്കൽ).
മംഗളൂരുവിൽ ബിജെപി നേതാവും യെലഹങ്ക എംഎൽഎയുമായ എസ്.ആർ വിശ്വനാഥയുടെ നേതൃത്വത്തിൽ ഒരു റാലി നടന്നു. ആരോപണങ്ങൾ കൊണ്ട് ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നുവെന്നായിരുന്നു ആക്ഷേപം. ഇതിൽ എസ്ഡിപിഐയ്ക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില യുട്യൂബർമാർ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പരാതിപ്പെട്ടു (ബിജെപി എംഎൽഎ ടെയ്ക്ക്‌സ് ഔട്ട് മാസ്സീവ് റാലി റ്റു ധർമസ്ഥല ടെമ്പിൾ, ഡിമാൻഡ് ആക്ഷൻ എഗെയ്ൻസ്റ്റ് കോൺസ്പിരേറ്റേഴ്‌സ്, ആഗസ്റ്റ് 16, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്)
പിന്നിൽ മനാഫ്
കേരളത്തിൽനിന്നുള്ള വ്‌ളോഗർ ‘ലോറി ഉടമ മനാഫ്’ ധർമസ്ഥലയെക്കുറിച്ച് ഏതാനും വീഡിയോകൾ ചെയ്തിരുന്നു. കർണാടകയിൽ മണ്ണിടിച്ചിലിൽ മരിച്ച ഡ്രൈവർ അർജുന്റെ വിഷയത്തിൽ ഇടപെട്ട് വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയും മനാഫായിരുന്നു. ഈ വീഡിയോകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു (മനാഫിന് എന്താണ് ഇതിൽ കാര്യമെന്നാണ് പലരും ചോദിക്കുന്നത്. ജൂലൈ 31, ന്യൂസ് 18).
കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ശുചീകരണത്തൊഴിലാളിയെ അറസ്റ്റ് ചെയ്തതോടെ പൊലീസ് മനാഫിനെതിരേയും തിരിഞ്ഞു. ചില കന്നഡ മാധ്യമങ്ങളും മനാഫിനെതിരേ വാർത്തകളെഴുതി. മനാഫിനെ അറസ്റ്റ് ചെയ്യണമെന്ന് സംഘപരിവാർ കേന്ദ്രങ്ങളും ആവശ്യപ്പെട്ടു. ധർമസ്ഥല ആക്ഷൻ കമ്മിറ്റിയുടെ മീഡിയ കൺവീനറായി മനാഫ് പ്രവർത്തിച്ചുവെന്നായിരുന്നു അവരുടെ ആരോപണം (ധർമസ്ഥലയിലെ വെളിപ്പെടുത്തലുകൾക്ക് ആന്റി ക്ലൈമാക്സ്; വ്യാജപരാതിയും തെളിവുകളും സമർപ്പിച്ചതിന് പരാതിക്കാരനെ അറസ്റ്റ് ചെയ്തു, ആഗസ്റ്റ് 21, നേർക്കാഴ്ച).
ധർമസ്ഥല ക്ഷേത്രത്തെ വ്യാജ തെളിവുകളും ആരോപണങ്ങളും ഉന്നയിച്ച് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ യൂട്യൂബറുമായ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തിൽ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു: ധർമസ്ഥലയ്ക്കെതിരെ കള്ള പ്രചാരണത്തിന് പിന്നിൽ ഹൈന്ദവ വിശ്വാസങ്ങളെ തകർത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഈ ഗൂഢാലോചനയിൽ മനാഫ്, സമീർ തുടങ്ങിയവർക്ക് വ്യക്തമായ പങ്കുണ്ട്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് എംപിയുമായ ശശികാന്ത് സൈന്തിൽ മാസ്‌ക് മാൻ എന്നറിയപ്പെടുന്ന സി.എൻ. ചിന്നയ്യ എന്നിവർ ഉണ്ടാക്കിയെടുത്ത അന്തർ സംസ്ഥാന ഗൂഢാലോചനയാണ് ധർമ്മസ്ഥലയിലെ വ്യാജ സ്ത്രീ പീഡനവും കൊലപാതക ആരോപണങ്ങളും (വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധർമ്മസ്ഥലയെ തകർക്കാൻ ശ്രമിച്ച മനാഫിനെ അറസ്റ്റ് ചെയ്യണം, ആഗസ്റ്റ് 24, ജന്മഭൂമി).


പിന്നിൽ മീഡിയവൺ
ആഗസ്റ്റ് 15ന് മീഡിയാവൺ അവരുടെ ഔട്ട് ഓഫ് ഫോക്കസിൽ ഇക്കാര്യം ചർച്ച ചെയ്തു. എബിസി മലയാളത്തിൽ അഡ്വ. ജയശങ്കറുടെ കോളത്തിൽ അദ്ദേഹം ധർമസ്ഥല ചർച്ചയാക്കിയതിന് പിന്നിൽ മീഡിയാവൺ ആണെന്ന് ആരോപിച്ചു: കേരളത്തിൽ ഈ വിഷയം ചർച്ചയാക്കിയത് മീഡിയാ വണും മാധ്യമവും അടുപ്പുകൂട്ടി ചർച്ച (ഔട്ട് ഓഫ് ഫോക്കസ്)യുമാണ്. റാവുത്തറും ദാവൂദ് സാഹിബും അതിനിടയിലിരിക്കുന്ന ഒന്നുമറിയാത്ത പെൺകുട്ടികളുമാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നും ജയശങ്കർ ആരോപിച്ചു (ധർമസ്ഥല, ജയശങ്കർ സംസാരിക്കുന്നു, ആഗസ്റ്റ് 24, എബിസി മലയാളം).
പിന്നിൽ സംഘടിത മതപരിവർത്തന ശക്തികളും അർബൻ നക്‌സലുകളും
ധർമസ്ഥലയെ അപകീർത്തിപ്പെടുത്തൽ ഹൈന്ദവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന തുടർച്ചയായ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേസരി വാരിക എഡിറ്റർ എൻ.ആർ മധു. ശബരിമല യുവതി പ്രവേശന വിവാദവും, പത്മനാഭ – ഗുരുവായൂർ ക്ഷേത്രത്തിലെ കൈകടത്തലും ഇതിന്റെ മുൻ അധ്യായങ്ങളാണ്. ഇതിനെല്ലാം പിന്നിൽ സംഘടിത മതപരിവർത്തന ശക്തികളും അർബൻ നക്‌സലുകളുമാണ്. ഹൈന്ദവ ഐക്യത്തെ തകർക്കാനും ജാതീയമായ ഭിന്നിപ്പുകൾ നിലനിർത്താനും സനാതനത്തിനെ തകർക്കാനുമുള്ള ജിഹാദി ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്യാൻ എംകെ സ്റ്റാലിനെ ക്ഷണിച്ചത് ഈ അന്തർധാരയുടെ ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ധർമസ്ഥല വിവാദം വൻ ഗൂഢാലോചന; പിന്നിൽ സംഘടിത മതപരിവർത്തന ശക്തികളും അർബൻ നക്‌സലുകളും: ഡോ. എൻ ആർ മധു, ആഗസ്റ്റ് 25, ജനം ടിവി).
പിന്നിൽ തീവ്രഹിന്ദു സംഘടന!
അതിനിടയിൽ മറ്റൊരു വാർത്ത വീക്ഷണം പ്രസിദ്ധീകരിച്ചു. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ സഹായിച്ചത് ഹിന്ദു ജാഗരൺ വേദിയാണെന്നായിരുന്നു വീക്ഷണം നൽകിയ വാർത്ത. ധർമസ്ഥല സംഘടനയുടെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമോറിയുടെ വസതിയിൽ എസ്‌ഐടി റെയ്ഡും നടത്തി. ചിന്നയ്യയെ താമസിപ്പിച്ചത് തിമോറിയുടെ വസതിലാണെന്നും എസ്‌ഐടി കണ്ടെത്തി (കുഴിച്ചെടുത്തപ്പോൾ വികൃത മുഖം, ആഗസറ്റ് 27, വീക്ഷണം).
2. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്
ജൂലൈ അവസാന വാരം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസി സമൂഹത്തിലെ അംഗങ്ങളാണിവർ. ഛത്തീസ്ഗഡിലെ ജഗ്ദ്പൂർ രൂപതയിലെ നാരായൺപൂരിൽനിന്നുള്ള മൂന്നു പെൺകുട്ടികളുടെയും ഒരു മുതിർന്ന ആദിവാസി കുട്ടിയുടെയും കൂടെ യുപിയിലെ ആഗ്രയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്നവർ 19 മുതൽ 22 വയസ്സുള്ളവരാണ്. സ്റ്റേഷനിലെത്തിയ ബജ്‌റംഗദൾ സംഘം ഇവർക്കെതിരേ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിലേക്ക് പോകുന്നവരാണെന്നും മൂന്നുപേർക്കും മാതാപിതാക്കളുടെ അനുമതിയുണ്ടെന്ന് അറിയിച്ചിട്ടും ബജ്‌റംഗ് ദൾ പ്രവർത്തകർ പോകാനനുവദിച്ചില്ല. ഒടുവിൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഛത്തീസ്ഗഡിലുണ്ടായ ഈ സംഭവം മലയാളികൾ ഉൾപ്പെട്ടതുകൊണ്ടുതന്നെ ആഗസ്റ്റ് ആദ്യ വാരത്തിൽ കേരളത്തിൽ ചർച്ചയായി. അനുകൂലമായും പ്രതികൂലമായും ഇടപെടലുകളുണ്ടായി. പല രംഗത്തുള്ളവരും ചർച്ച ചെയ്തു. ചില ദിനപത്രങ്ങൾ എഡിറ്റോറിയലുകളും എഴുതി (മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ, ജൂലൈ 27, മീഡിയാവൺ).
കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധം
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല രംഗത്തുവന്നു. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു (കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല; ‘ക്രൈസ്തവർക്കാണ് സംഘപരിവാറിനെ ആവശ്യം, മറിച്ചല്ല’, ജൂലൈ 31, മാധ്യമം).
വെറുക്കാൻ പഠിപ്പിക്കുന്നവർ
ചില ബിഷപ്പുമാരെ ചാക്കിട്ട് ക്രൈസ്തവരിൽ മുസ്ലീം വിരോധം വർധിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും സഭ നേതൃത്വം ഇനിയെങ്കിലും ഇത് തിരിച്ചറിയണമെന്നും സീറോ മലബാർ സഭ മുൻ വക്താവും എറണാംകുളം- അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം’ മുൻ എഡിറ്ററുമായ ഫാ. പോൾ തേലക്കാട് (ആഗസ്റ്റ് 1, മാധ്യമം) അറസ്റ്റിന് തൊട്ടുപിന്നാലെ പ്രതികരിച്ചു: മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാൻ സംഘപരിവാർ ചില ബിഷപ്പുമാരെ ചാക്കിട്ടു പിടിച്ചു. അവരാണ് ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും പ്രസംഗിച്ചു നടക്കുന്നത്. സഭയിലെ ചില പ്രമുഖർ വർഗീയത വളർത്താൻ സംഘ്പരിവാറിന് കൂട്ടുനിൽക്കുകയായിരുന്നു. അവരാണ് കാസ പോലുള്ള സംഘടനകളെ വളർത്തിയത്. ഇവർ പണ്ട് കോൺഗ്രസ്സിനെ ന്യൂനപക്ഷപ്രീണനം എന്ന് കളിയാക്കി. മനുസ്മൃതിയുടെ ആര്യ വർഗാധിപത്യമാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. മുസ്ലിംകളെ വെറുക്കാൻ പഠിപ്പിച്ച് ക്രൈസ്തവരെ ആഢ്യവർഗമാക്കാമെന്ന പ്രതീക്ഷ കൊടുക്കാനാണ് അവർ അരമന കയറിയിറങ്ങുന്നത് (ബിഷപ്പുമാരെ ചാക്കിട്ട് ബിജെപി മുസ്ലീം വിരോധം വർധിപ്പിച്ചു ഫാ. പോൾ തേലക്കാട്, ആഗസ്റ്റ് 1, മാധ്യമം).
ഇസ്‌ലാമോഫോബിയ ശക്തമാക്കാൻ ബോധപൂർവ്വ ശ്രമം
കേരളത്തിന് പുറത്ത് പുരോഹിതർക്ക് സഭാവേഷം ധരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചു: കേരളത്തിന് പുറത്ത് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സഭാവേഷം ധരിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം പലയിടത്തുമുണ്ട്. മലയാളികൾ ആയതിനാലും സുറിയാനി സഭ വിഭാഗത്തിൽപ്പെട്ട കന്യാസ്ത്രീകൾ ആയതിനാലുമാണ് ഇത് കേരളത്തിൽ ഇത്ര ചർച്ചയായത്. എന്നാൽ നിത്യേനെയെന്നോണം വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും വിശ്വാസികളും മിഷണറിമാരും ആക്രമിക്കപ്പെടുന്നുണ്ട്. അവർ ദളിതരായതിനാലും ആദിവാസികളായതിനാലും ഇതൊന്നും വാർത്തയാവുന്നില്ലായെന്നേയുള്ളൂ. കേരളത്തിൽ ഇസ്‌ലാമോഫോബിയ ശക്തമാക്കുവാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അതിൽ അറിഞ്ഞോ അറിയാതെയോ ചില ക്രൈസ്തവ സഭാ വിഭാഗങ്ങളും അതിന് നേതൃത്വം നൽകുന്നവരും പെട്ടുപോയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ട് ശക്തമാവുന്ന രാഷ്ട്രീയ ധ്രുവീകരണം കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കാൻ പോന്നതാണ് (‘കന്യാസ്ത്രീകൾ മലയാളികളും സുറിയാനി വിഭാഗത്തിൽപ്പെട്ടവരുമായതിനാൽ അറസ്റ്റ് കേരളത്തിൽ ചർച്ചയായി’, ആഗസ്റ്റ് 1, റിപ്പോർട്ടർ).
ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുന്നവർ
കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സഭകളിലെ മുസ്ലീം വിദ്വേഷത്തെ വിശകലനം ചെയ്തുകൊണ്ട് ചെറുകര സണ്ണി ലൂക്കോസ് മംഗളം പത്രത്തിൽ ഒരു ലേഖനം എഴുതി. ചില തൽപ്പര കക്ഷികൾ സുറിയാനി കത്തോലിക്കരിൽ മുസ്ലീം വിദ്വേഷം കത്തിക്കുന്നുവെന്നും അത്തരം കെണികളിൽ അവർ വീണുപോവരുതെന്നും ലേഖനം ആവശ്യപ്പെടുന്നു (മതമേലധ്യക്ഷന്മാർക്കറിയാമോ ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുന്നവരെ?, ആഗസ്റ്റ് 2, മംഗളം): കേരളത്തിൽ സിറോമലബാർ, സിറോ മലങ്കരസഭാ വിശ്വാസ സമൂഹത്തിലാണ് ഏറ്റവും അധികം മുസ്ലീം വിദ്വേഷം രൂഡമൂലമായിട്ടുള്ളത്. കേരളത്തിൽ അന്യ മതസ്ഥരോട് സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഈ സമൂഹത്തിൽ രൂപപ്പെട്ട മുസ്ലീം വിദ്വേഷം സ്വാഭാവികമായുണ്ടായതോ യാദൃശ്ചികമായി സംഭവിച്ചതോ അല്ല.
കേരളത്തിൽ യുവതീ-യുവാക്കൾ ഇതര മതസ്ഥരുമായി പ്രണയത്തിലേർപ്പെടുന്നതും വിവാഹിതരാകുന്നതും അതിന്റെ ഭാഗമായി മതം മാറുന്നതും കാലങ്ങളായി നടന്നു വരുന്നതായിരുന്നു. അത്തരത്തിലൊരു സംഭവത്തിന്റെ വാർത്താ റിപ്പോർട്ടിൽ ആദ്യമായി ‘ലൗ ജിഹാദ്’ എന്ന് നാമകരണം ചെയ്ത് ഒരു പുതിയ ആഖ്യാനം സൃഷ്ടിച്ച മാധ്യമപ്രവർത്തകൻ പിന്നീട് മത സംഘടനകളുടെ വേദികളിലെ പ്രധാന പ്രഭാഷകനായി. ‘ലൗ ജിഹാദ്’ എന്നൊരു അജണ്ടയോ ലക്ഷ്യമോ ഇല്ലെന്നു സുപ്രീം കോടതി വരെ പറഞ്ഞിട്ടും സഭയുടെ ഉത്തരവാദപ്പെട്ടവർ തെറ്റായ ബോധ്യങ്ങളിൽ നിന്നും പിന്മാറിയില്ല.
മുസ്ലീങ്ങളും ക്രൈസ്തവരും പീഡനം നേരിടുന്നു
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥയിൽ ക്രൈസ്തവ-മുസ്ലീം സഹോദരങ്ങൾ ഉത്തരേന്ത്യയിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വരാപ്പുഴ ആർച് ബിഷപ്പായ ഫാ. ജോസഫ് കളത്തിപ്പറമ്പിലിൽ മുന്നറിയിപ്പുനൽകി (ഉത്തരേന്ത്യയിൽ മുസ്ലീങ്ങളും ക്രൈസ്തവരും പീഡനം നേരിടുന്നു; വരാപ്പുഴ ആർച്ച് ബിഷപ്പ്, ആഗസ്റ്റ് 3, സുപ്രഭാതം).
എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും നുഴഞ്ഞുകയറി
ക്രൈസ്തവ സഭകൾ നടത്തുന്ന സമരപരിപാടികളിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും പോലുള്ള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും പി.സി ജോർജിന്റെ മകനുമായ ഷോൺ ജോർജ്: ക്രൈസ്തവ സഭകൾ ലോകം മുഴുവൻ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇസ്‌ലാമിക് സ്റ്റേറ്റ്, അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്‌ലാം. പൊളിറ്റിക്കൽ ഇസ്‌ലാം ഛത്തീസ്ഗഢിലെ കന്യാസ്ത്രീ വിഷയത്തിലും സഭ നേതൃത്വമേൽക്കുന്ന പല സമരങ്ങളിലും നുഴഞ്ഞുകയറുന്നു. ഛത്തീസ്ഗഢ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എസ്.ഡി.പി.ഐയുടെയും പോപുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ആളുകൾ നുഴഞ്ഞുകയറി. ഈ വിഷയത്തിൽ അതീവ ജാഗ്രത പൊതുസമൂഹം കാട്ടണം. ലോകത്തും കേരളത്തിലും ക്രൈസ്തവ സഭകൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വലിയ ആക്രമണങ്ങൾ നടത്തിയിട്ടുള്ള എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും പോലുള്ള സംഘടനകൾ സഭ നടത്തുന്ന സമരങ്ങൾക്ക് പിന്നിൽ വന്നിട്ടുണ്ട്. ഇതൊന്നും നല്ല ഉദ്ദേശത്തോടല്ല (കന്യാസ്ത്രീ അറസ്റ്റ്: ക്രൈസ്തവ സമരത്തിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും നുഴഞ്ഞുകയറിയത് ആശങ്കാജനകം -ഷോൺ ജോർജ്, ആഗസ്റ്റ് 4, മാധ്യമം).


നുഴഞ്ഞുകയറ്റം: കേന്ദ്ര അന്വേഷണവും
പ്രതിഷേധങ്ങളിൽ മതതീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ക്രൈസ്തവസഭകൾപ്പോലും അറിയാതെയാണ് നുഴഞ്ഞുകയറ്റമുണ്ടായതെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി ജന്മഭൂമി റിപോർട്ട് ചെയ്തു. സമരത്തെ ആളിക്കത്തിക്കാൻ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകൾ ശ്രമിച്ചുവെന്നാണ് ആരോപണം. എഐ വീഡിയോകൾ പ്രചരിപ്പിച്ചു, അറസ്റ്റുമായി ബന്ധമില്ലാത്ത വീഡിയോകൾ കൂട്ടിച്ചേർത്ത് പ്രദർശിപ്പിച്ചു. വ്യാജപ്രൊഫൈലുകൾ വഴി പ്രചാരണം നടത്തി – എന്നിവയാണ് ആരോപണങ്ങൾ (ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ മതതീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ആഗസ്റ്റ് 5, ജന്മഭൂമി).
മതപരിവർത്തന നിയമം ശക്തമാക്കണം
രാജ്യത്ത് മതപരിവർത്തന നിയമം പഴുതുകളടച്ച് ശക്തമാക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്ന് വിഎച്ച്പി. മതപരിവർത്തനം രാജ്യത്ത് വ്യാപകമാണ്. ഇതിനെ ഘർവാപ്പസിയിലൂടെ പ്രതിരോധിക്കും. സ്വധർമത്തിലൂടെ തിരികെക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ തിരികെക്കൊണ്ടുവരും. കേരളത്തിൽ ക്രിപ്‌റ്റോക്രിസ്ത്യൻസ് വ്യാപകമാണ്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് (മതപരിവർത്തന നിരോധന നിയമം ശക്തമാക്കണം: വിഎച്ച്പി, ആഗസ്റ്റ് 10, ജന്മഭൂമി)
3. ഇസ്‌ലാമോഫോബിയ എന്ന ന്യായീകരണ ക്യാപ്‌സൂൾ
ഇസ്ലാമിക മത മൗലികവാദത്തെ ന്യായീകരിക്കാനുള്ള ക്യാപ്‌സൂളാണ് ഇസ്‌ലാമോഫോബിയയെന്ന് ‘നാമ്പ്’ മാസികയിലെ ലേഖനം. മാധവദാസിന്റെ ‘വികൽപം’ പംക്തിയിലാണ് ‘ഇസ്‌ലാമോഫോബിയ എന്ന ന്യായീകരണ ക്യാപ്‌സൂൾ’ എന്ന പ്രയോഗമുള്ളത് (പേജ് 42). എല്ലാ മാസവും ഇറങ്ങുന്ന ആനുകാലികങ്ങളിലെ മാധ്യമ / സാഹിത്യ വിമർശനമാണ് ഈ പംക്തി. ജൂലൈ മാസത്തിൽ റിപോർട്ട് ചെയ്ത കണ്ണൂർ പിണറായിയിലെ യുവതിയുടെ ആത്മഹത്യയെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് ലേഖകന്റെ പ്രയോഗം:
വിപ്ലവ വീര്യം തുളുമ്പിനിൽക്കുന്ന കണ്ണൂരിലെ പിണറായിയിൽ എസ്ഡിപിഐ നടത്തിയ സദാചാര ആൾക്കൂട്ട വിചാരണയെ തുടർന്ന് ഒരു സ്ത്രീ ആത്മഹത്യ ചെയ്തത് വിപ്ലവ കേരളത്തിലെ പല എഴുത്തുകാരും സ്ത്രീവിമോചനവാദികളും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല എന്ന അവസ്ഥയിലാണ്. ഇസ്ലാമിക മത മൗലികവാദത്തിനെതിരെ ശബ്ദിക്കാൻ പോലും കേരളത്തിലെ ഭൂരിഭാഗം സാംസ്‌കാരിക നായകർക്കും നായികമാർക്കും ഭയമാണ്. ഈ ഭീകരപ്പടിയെ മറച്ചു വെയ്ക്കാൻ വേണ്ടി ‘ഇസ്‌ലാമോഫോബിയ എന്ന ന്യായീകരണ ക്യാപസ്യൂൾ’ ഇറക്കുകയും ചെയ്യും.’കേരള കൗമുദി’ ഇതൊന്നും ഭയക്കുന്ന പത്രമല്ല. ജൂൺ 21ന് എഴുതിയ മുഖപ്രസംഗത്തിൽ സാമൂഹിക വിരുദ്ധന്മാരുടെ സദാചാര സംരക്ഷണം ഒരിക്കലും സമൂഹവും ഭരണകൂടവും അനുവദിക്കാൻ പാടില്ല എന്ന് എഴുതിയതിലൂടെ പത്രധർമ്മം ‘കേരള കൗമുദി’ ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ചു (വികൽപം, മാധവദാസ്, ആഗസ്റ്റ് 1, നാമ്പ് മാസിക).
ഇതേ പംക്തിയിൽ എഴുത്തുകാരൻ സക്കറിയയെക്കുറിച്ചും (പേജ് 41) നിരീക്ഷണമുണ്ട്: സക്കറിയ ആഗോള ഭീകരതയുടെ കേരളീയ പതിപ്പുകളായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരെ വിമർശിക്കുന്നില്ലെന്നാണ് ആക്ഷേപം. പച്ചമലയാളത്തിൽ ജൂൺ മാസം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തെക്കുറിച്ചാണ് പരാമർശം: ഇസ്ലാമിക മതമൗലികവാദത്തോട് അദ്ദേഹമടക്കമുള്ളവർ പുലർത്തുന്ന മൃദു സമീപനം വളരെ അപകടകരമാണ്. ആഗോള ഭീകരതയും അതിന്റെ കേരളീയ പതിപ്പുകളും അനുദിനം വർധിക്കുന്ന സ്ഥിതിയിൽ ഈ നിശ്ശബ്ദത കുറ്റകരമായ അനാസ്ഥയാണ് എന്ന് സക്കറിയ അടക്കമുള്ള എഴുത്തുകാർ തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയോടും എസ്.ഡി.പി.ഐ.യോടും അവരുടെ ആശയങ്ങളോടും എതിർപ്പ് കാണിക്കാത്ത സക്കറിയയുടെ നിലപാടും കാപട്യമാണ്.
4. മീഡിയവണും ന്യൂനപക്ഷ വർഗീയതാമുദ്രയും
കേരളത്തിലെ മാധ്യമങ്ങളിൽ പ്രത്യക്ഷ വലതുവത്കരണവും വടക്കേയിന്ത്യൻ മാതൃകയിലെ സംഘപരിവാർ ചങ്ങാത്തവും എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്ന ട്രൂകോപ്പി തിങ്കിൽ മനില സി മോഹനുമായുളള അഭിമുഖത്തിൽ കേരള മാധ്യമരംഗത്തെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രമോദ് രാമന്റെ പ്രതികരണം:
സിയ ഉസ്സലാം എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ‘ബീയിംഗ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയ മുസ്ലീം വംശഹത്യാ പദ്ധതിയുടെ വിവിധ തലങ്ങൾ മീഡിയവൺ ഒഴികെ ഒരു ചാനലും ചൂണ്ടിക്കാട്ടാത്തത് എന്തുകൊണ്ടാണ്? പ്രത്യക്ഷത്തിൽ ഇവരാരും മുസ്ലീങ്ങൾക്ക് എതിരല്ല. എന്നാൽ മുസ്ലീ വംശഹത്യാ പദ്ധതി എന്നൊക്കെ കേട്ടാൽ, മിണ്ടാതിരിക്കും. ആ നിശ്ശബ്ദത അർണബ് ഗോസ്വാമിയുടെ വിദ്വേഷഘോഷണം പോലെത്തന്നെ അപകടകരമാണ്. അല്ലെങ്കിൽ ഉടൻ ന്യൂനപക്ഷ വർഗീയതയാണെന്ന് മുദ്രകുത്തും (ആഗസ്റ്റ് 1, ട്രൂകോപ്പി തിങ്ക്, നമ്മുടെ മുന്നിലുണ്ട് സദാ കിഞ്ചനവർത്തമാനവുമായി ഒരു ജേണലിസ്റ്റ്/ആങ്കർ).
5. കേരള സ്റ്റോറിയ്ക്ക് പുരസ്‌കാരം
ദേശീയ തലത്തിൽ മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം ഹിന്ദി ചലച്ചിത്രമായ ‘കേരള സ്റ്റോറി’യ്ക്കാണ് ലഭിച്ചത്. ലൗ ജിഹാദിലൂടെ കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോയ 32000 സ്ത്രീകളുടെ കഥയാണെന്ന ടാഗ് ലൈനോടുകൂടി വന്ന സിനിമ വലിയ വിമർശനം നേരിട്ടു. പ്രതിഷേധം കനത്തതോടെ ലൗ ജിഹാദിനിരയായവരുടെ എണ്ണം മൂന്നായി ചുരുക്കി. വിദ്വേഷസിനിമയടെ പ്രദർശനം നിരോധിക്കാൻ കോടതി വഴി ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ മികച്ച സിനിമക്കുള്ള പുരസ്‌കാരങ്ങളും ലഭിച്ചു.
വർഗീയ അജണ്ട നടപ്പാക്കാൻ ചലച്ചിത്രരംഗത്തെ മാറ്റുക എന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണെന്നും ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്വേഷ ക്യാമ്പയിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു (കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തം, ആഗസ്റ്റ് 2, മീഡിയാവൺ).
ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് തന്നെ അപമാനമാണെന്ന് സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് ഖേദകരമാണെന്നും ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറക്കുന്ന ഒന്നാണെന്നും മന്ത്രി ശിവൻകുട്ടി ഓർമപ്പെടുത്തി (കേരള സ്റ്റോറിക്കുള്ള അവാർഡ് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം – മന്ത്രി വി. ശിവൻകുട്ടി, ആഗസ്റ്റ് 2, മാധ്യമം).
‘കേരള സ്റ്റോറി’ സിനിമയ്ക്ക് അവാർഡ് നൽകുന്നതിനെതിരെ പുരസ്‌കാര നിർണയ സമിതിയിൽ ഉയർന്ന വിമർശനം ജൂറി അവഗണിച്ചെന്ന് 11 അംഗ കേന്ദ്ര ജൂറി പാനലിൽ ഫീച്ചർ ഫിലിം വിഭാഗത്തിന്റെ ഭാഗമായിരുന്ന മലയാളി അംഗം പ്രദീപ് നായർ വെളിപ്പെടുത്തി. എന്നാൽ, വിമർശനം ജൂറിയിൽ ബാക്കിയുള്ളവരെല്ലാം എതിർത്തു. ഒടുവിൽ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദ ചിത്രം പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി. വിവാദ സിനിമ ആണെങ്കിലും സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നായിരുന്നു പറഞ്ഞ ന്യായം (കേരളത്തെ അപമാനിക്കുന്ന സിനിമയ്ക്ക് അവാർഡ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു, ജൂറിയിൽ ഒറ്റപ്പെട്ടു, വെളിപ്പെടുത്തലുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അംഗം, ആഗസ്റ്റ് 3, ദർശന ടിവി).
വി എസും കേരള സ്റ്റോറിയും
‘കേരളാ സ്റ്റോറി’ സിനിമക്ക് നാഷണൽ അവാർഡ് കൊടുത്തതിനെതിരെയുള്ള പിണറായി വിജയന്റെ പോസ്റ്റിനോട് സംവിധായകൻ സുദീപ്തോ സെൻ എൻ.ഡി. ടി.വി ഇന്റർവ്യൂവിൽ കൊടുത്ത മറുപടിയോടെ ലൗ ജിഹാദിനെക്കുറിച്ച് വി എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയായി.
പിണറായി വിജയന്റെ പ്രതികരണം:
കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ചലച്ചിത്രവും ദേശീയ പുരസ്‌കാരത്തിന് അർഹമായവയിലുണ്ട്. വർഗീയ വിദ്വേഷം പടർത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വെക്കാൻ കലയെ ഉപയോഗിക്കണമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ദേശീയ അവാർഡിന് അർഹമായ ഈ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്. അങ്ങനെ ഒരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ചു അവതരിപ്പിക്കുകയും പരസ്പര സ്പർദ്ധ വളർത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നത്- കേരള ഫിലിം പോളിസി കോൺക്ലേവിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം (കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കുന്ന രാഷ്ട്രീയത്തിനെതിരേ അണിനിരക്കണം: ദേശീയപുരസ്‌കാരത്തിൽ മുഖ്യമന്ത്രി, ആഗസ്റ്റ് 1, ഡൂൾ ന്യൂസ്).
സുദിപ്‌തോ സെൻ നല്കിയ മറുപടി:
പിണറായി സാർ വർഷങ്ങളുടെ പരിചയമുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, പക്ഷേ, വസ്തുത ഇതാണ്, അദ്ദേഹത്തിന്റെ മുതിർന്ന സഹപ്രവർത്തകനായ, ഈയിടെ അന്തരിച്ച, വി.എസ്. അച്യുതാനന്ദന്റെ ‘കേരളം ഐഎസിസിന്റെ വഴിയിലാണ്’ എന്നും ‘കേരളം ഒരു ഇസ്‌ലാമിക രാജ്യമാക്കി മാറ്റും’ എന്നുമുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ ഒരു ചിത്രം നിർമിച്ചതിൽ, അദ്ദേഹത്തിന്റെ ആത്മാവ് വളരെ സന്തുഷ്ടനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
ആ സമയത്ത് വി.എസിന്റെ ഡെപ്യൂട്ടി ആയിരുന്ന പിണറായി വിജയൻ, അദ്ദേഹം പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്ന സമയത്ത് അദ്ദേഹത്തെ പിന്തുണച്ചിരുന്നു (കേരളം ഐഎസ്ഐഎസിന്റെ വഴിയിലാണെന്നുള്ള വി.എസിന്റെ പരാമർശത്തെ അടിസ്ഥാനമാക്കി സിനിമ നിർമിച്ചതിൽ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും: സുദിപ്‌തോ സെൻ, ആഗസ്റ്റ് 2, ന്യൂസ് 18).
സിനിമ കണ്ടതോടെ വിവാദം കെട്ടടങ്ങിയെന്നും വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്നു കാട്ടിയതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു (‘സിനിമ കണ്ടതോടെ വിവാദം കെട്ടടങ്ങി; ഇസ്ലാമോഫോബിക് സിനിമയല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു’; വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ തുറന്നു കാട്ടിയതെന്ന് സുദീപ്‌തോ സെൻ, ആഗസ്റ്റ് 2, മനോരമ ന്യൂസ്).
6. മലപ്പുറവും ഉറുദുവും
‘ഉർദുവിനെതിരായ പടപ്പുറപ്പാട്’ എന്ന ശീർഷകത്തിൽ എ.ജെ ഫിലിപ്പ് മാധ്യമത്തിലെഴുതിയ ഒരു കുറിപ്പ് മലപ്പുറത്തെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചുമുള്ള ഭാഷാപരമായ മുൻവിധികൾ പുറത്തുകൊണ്ടുവരുന്നതായിരുന്നു:
ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി 1991ലെ പൊതു തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി കേരളത്തിലെത്തിയ വേളയിൽ അന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഉറുദുവിൽ അച്ചടിച്ച പ്രകടന പത്രികയുടെ ബണ്ടിലുകൾ പൊട്ടിക്കാതെ കൂട്ടിയിരിക്കുന്നത് അദേഹം കണ്ടു. ന്യൂ ഡൽഹിയിലെ കോൺഗ്രസ് ഹൈകമാൻഡിലെ ആരോ മലപ്പുറം ജില്ലയുടെ ജനസംഖ്യ കണക്കുകൾ നോക്കി മുസ്ലീം ഭൂരിപക്ഷ ജില്ലയാണെന്ന് കണ്ടതോടെ ഇവിടത്തുകാരുടെ ഭാഷ ഉറുദുവാകും എന്ന് അനുമാനിച്ചു കാണും. ഉറുദു ഒരു ‘മുസ്ലീം’ ഭാഷ ആണെന്നുള്ള പൊതുവായി നിലനിൽക്കുന്ന തെറ്റിദ്ധാരണക്ക് അടിവരയിടുന്നുണ്ട് ഈ സംഭവം. ചരിത്രം ചികഞ്ഞിറങ്ങിയാൽ, പലർക്കും അവകാശപ്പെട്ട, സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ഭാഷയാണത്. ഇക്കാലത്ത് ഉർദു പലർക്കും തൊട്ടുകൂടാത്ത ഭാഷയാണ്. അത് ‘വിദേശിയും’ ‘മുസ്ലീമും’ ‘അഭാരതീയവുമാണ്’. ഇത്തരമൊരവസ്ഥയിൽ മുസ്ലീം കുടുംബങ്ങൾ പോലും മക്കളെ ഉർദു പഠിപ്പിക്കാൻ മടിക്കുന്നുവെന്നും ലേഖകൻ നിരീക്ഷിക്കുന്നു (ആഗസ്റ്റ് 2, ഉർദുവിനെതിരായ പടപ്പുറപ്പാട്, എ ജെ ഫിലിപ്പ്, മാധ്യമം).
7. ഡോ. ഹാരിസ് ചിറക്കലും ഡോ. കഫീൽ ഖാനും
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കലിനെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ പിരിച്ചുവിട്ട ഡോ. കഫീൽ ഖാനോട് ഉപമിച്ച പോസ്റ്റ് ബിജെപി നേതാവ് വി മുരളീധരൻ തിരുത്തി. അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടതിനെത്തുടർന്നാണത്രെ പോസ്റ്റ് പിൻവലിച്ചത്. യു.പി ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ കേരളത്തിലെ ബി.ജെ.പി നേതാവ് ട്രോളുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. മുരളീധരന്റെ പോസ്റ്റിൽനിന്ന്: കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്നായിരുന്നു ആദ്യ പോസ്റ്റ്. പരിഹാസം വന്നതോടെ അദ്ദേഹം പോസ്റ്റ് തിരുത്തി: ‘ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
അബദ്ധത്തിലാണെങ്കിലും ഡോ. കഫീൽ ഖാൻ ഹിന്ദുത്വ ഭരണകൂട വേട്ടയുടെ ഇരയാണെന്നു വി മുരളീധരൻ സമ്മതിക്കുകയായിരുന്നു.
8. വെള്ളാപ്പളളിയുടെ വിദ്വേഷ പ്രസംഗങ്ങൾ
ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളതെന്നും ലീഗ് മുസ്ലിംകൾക്കുവേണ്ടി സംസ്ഥാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ: ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളത്. സാധാരണ മുഖ്യമന്ത്രിമാരാണ് മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലീഗ് മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശ്ശബ്ദരായി. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കുമെന്ന് യൂത്ത്‌ലീഗ് പറഞ്ഞപ്പോൾ മതേതരരും നിശ്ശ്ദരായി. ഈഴവർക്ക് സംസ്ഥാനത്ത് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രയും എണ്ണം മലപ്പുറം ജില്ലയിൽ മാത്രം മുസ്ലിം സമുദായത്തിനുണ്ട്. കേരളം ഭരിക്കേണ്ടത് എങ്ങനെയാണെന്ന് മലപ്പുറത്ത് നിന്ന് പറയേണ്ട. മിക്ക കോൺഗ്രസ്‌കാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്- എസ്. എൻ.ഡി. പി യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി(അവഗണന ചൂണ്ടിക്കാട്ടുമ്പോൾ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു: വെള്ളാപ്പള്ളി, ആഗസ്റ്റ് 3, കേരളാ കൗമുദി).
മുസ്ലിം ലീഗ് എന്ന ഊന്നുവടി
മുസ്ലിംലീഗ് എന്ന ഊന്നുവടി ഇല്ലാതെ കോൺഗ്രസ്സിന് നിലനിൽക്കാൻ കഴിയില്ലെന്നും ഇല്ലായ്മയെ ചൂഷണം ചെയ്താണ് മതപരിവർത്തനമെന്നും ജനിച്ചിട്ട് ഇന്ന് വരെ എസ്എൻഡിപി ഓഫീസിൽ പോകാത്ത വി.എം സുധീരൻ പാണക്കാട് പോയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി- മാവേലിക്കര, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ശാഖാ നേതൃ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗം (മുസ്ലീംലീഗ് ഇല്ലാതെ കോൺഗ്രസ്സിന് നിലനിൽപ്പില്ല, ആഗസ്റ്റ് 3, കേരളാ കൗമുദി).
പിന്നിൽ ജമാഅത്തെ ഇസ്ലാമി
തന്നെ ഹിന്ദുത്വവാദിയായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. ‘എന്റെ ഇന്നലെകൾ’ എന്ന ആത്മകഥയിലാണ് ഈ പരാമർശമുള്ളത്. മാധ്യമത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘ഇടം വലം’ എന്ന കോളത്തിൽ പി.ടി നാസറാണ് ഇക്കാര്യം എടുത്തെഴുതിയത്. താനൊരു കമ്മ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നെന്ന വെളിപ്പെടുത്തലോടുകൂടിയാണ് അദ്ദേഹം ഈ ഭാഗം പറയുന്നത്: ഈ ചരിത്രമൊന്നും അറിയാതെയാണ് വെള്ളാപ്പള്ളി ഹിന്ദുവർഗീയവാദിയാണെന്നും സംഘടനയെ ഹിന്ദുത്വത്തിനു കീഴിൽ കെട്ടാൻ നോക്കുന്ന ചെകുത്താനാണെന്നുമൊക്കെ ചില ഗൂഢബുദ്ധികൾ ആക്രോശിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പാണ് ഇതിന്റെ മുന്നിൽ നിൽക്കുന്നത്. മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമാണ് മാധ്യമം (സഖാവ് വെള്ളാപ്പള്ളി, പി.ടി നാസർ, ആഗസ്റ്റ് 4, ഇടം വലം, മാധ്യമം).
വോട്ടും സമ്പത്തും ന്യൂനപക്ഷങ്ങളും
ഹരിപ്പാട് കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയനിലെ ശാഖാ നേതൃസംഗമ ഉദ്ഘാടനത്തിൽ വീണ്ടും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവന: ചില സമുദായക്കാർ അവരുടെ ആളിനെ നോക്കി വോട്ടുചെയ്യും. എന്നാൽ, ഈഴവർ ആർക്കുവേണമെങ്കിലും വോട്ടുചെയ്യുന്ന അവസ്ഥയാണുള്ളത്. കുട്ടനാട്ടിൽ മുഴുവൻ പേര് പോലും അറിയാത്ത പാർട്ടിയുടെ, ഒരു കെട്ടുവള്ളത്തിൽ കയറാൻ പോലും ആളില്ലാത്ത പാർട്ടിയുടെ, സ്ഥാനാർഥിയെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചത്. അധികാരം ഘടകകക്ഷികൾ പങ്കിട്ടെടുക്കുകയാണ്. സമ്പത്തും വ്യവസായവും ഭൂമിയും വിദ്യാഭ്യാസവുമെല്ലാം ന്യൂനപക്ഷമാണെന്ന് പറയുന്നവർ കൈയ്യാളുകയാണ്. മറ്റുള്ളവർക്ക് ഒന്നും കിട്ടുന്നില്ല. ഈഴവർക്ക് തൊഴിലുറപ്പിൽ മാത്രമാണ് നല്ല പ്രാതിനിധ്യമുള്ളത്. സമുദായാംഗങ്ങൾ തൊഴിലിനുവേണ്ടി യാചിക്കുകയാണ്. നിലയ്ക്കലിൽ പള്ളിക്കായി പ്രമേയം പാസാക്കുകയും ബാബറി മസ്ജിദ് തകർത്തതിനെതിരെ തെരുവിലിറങ്ങുകയും ചെയ്ത സമുദായമാണ് നമ്മളുടേത്. എന്നാൽ, പൊലീസ് ശിവഗിരി തല്ലിത്തകർത്തപ്പോൾ ഒപ്പം നിൽക്കാൻ ആരെയും കണ്ടില്ല (ആഗസ്റ്റ് 6, മെട്രോ വാർത്ത).
മുസ്ലീം രാജ്യം സൃഷ്ടിക്കാൻ ശ്രമം
മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലീം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം:
കേരളത്തിലെ കോൺഗ്രസിന് മുസ്ലീം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല. മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (ലീഗിന്റെ ശ്രമം മുസ്ലിം രാജ്യം സൃഷ്ടിക്കാൻ, കോൺഗ്രസിന് അവരില്ലാതെ മുന്നോട്ടുപോകാനാവില്ല-വെള്ളാപ്പള്ളി, ആഗസ്റ്റ് 9, മാതൃഭൂമി).


ന്യൂനപക്ഷപദവിയുടെ മാനദണ്ഡവും രാത്രിയിലെ മതാധിപത്യവും
ന്യൂനപക്ഷങ്ങളെ ദേശീയ തലത്തിലല്ല, സംസ്ഥാനതലത്തിൽ കണക്കാക്കണമെന്നു വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തെ തകർക്കാൻ ലീഗ് നേതൃത്വം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം: എസ്എൻഡിപി യോഗത്തെ തകർക്കാൻ ലീഗ് നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു. പകൽ മതനിരപേക്ഷതയും രാത്രി മതാധിപത്യവുമാണ് ലീഗ് പറയുന്നത്. മുസ്ലീം സമുദായംഗങ്ങൾക്കെതിരേ ഞാൻ പറഞ്ഞില്ല. സത്യം പറയുന്നതിന് എന്നെ ലക്ഷ്യംവച്ച് ആക്രമിച്ചു-വെള്ളാപ്പള്ളി പറഞ്ഞു (ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിൽ കണക്കാക്കണം: വെള്ളാപ്പള്ളി, ആഗസ്റ്റ് 10, മലയാള മനോരമ).
നോമ്പുകാലത്ത് പെട്ടിക്കട പോലും തുറക്കുന്നില്ല
മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമായി മാറില്ലെന്നും മുസ്ലീം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ. എടത്വാ സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിൽ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂനിയനുകളുടെ സംയുക്ത നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം: മുസ്ലീം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണ്. മലപ്പുറത്ത് മുസ്ലീം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. മുസ്ലീം വോട്ട് ബാങ്ക് കാട്ടി സർക്കാറുകളെ ഭീഷണിപ്പെടുത്തുകയാണ്. കേരളം ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന നിലയിലായി കാര്യങ്ങൾ. മലപ്പുറത്തു നിന്ന് കൽപിക്കുന്നതനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ (മലപ്പുറം സംസ്‌കാരം സ്ഥാപിക്കാനും ശരിഅത്ത് നിയമം നടപ്പാക്കാനും ശ്രമം-വെള്ളാപ്പള്ളി, ആഗസ്റ്റ് 10, മാധ്യമം).
ലീഗിന്റേത് മതേതര പൊയ്മുഖം
ലീഗിനെ പറഞ്ഞാൽ മുസ്ലീം വിരോധമാക്കേണ്ടെന്നും അവരുടേത് മതേര പൊയ്മുഖമാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചങ്ങനാശ്ശേരി യൂണിയൻ ശാഖാ നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം: ലീഗ് എല്ലാം കൈക്കലാക്കി. മുസ്ലീം വിഭാഗത്തിന് ഈഴവരേക്കാൾ കൂടുതൽ സ്ഥാപനങ്ങളുണ്ട്. അധികാരത്തിലെത്തിയാൽ ലീഗ് വിദ്യാഭ്യാസവും വ്യവസായവും കൈകാര്യം ചെയ്യുന്നു. മുസ്ലീം രാഷ്ട്രത്തിനായി വാദിക്കുന്ന തീവ്രവാദികൾ മലപ്പുറത്തുണ്ട്. ലീഗന്റേത് മതേതര പൊയ്മുഖം. മതേതരം പറയുന്ന ലീഗിന് എന്താണ് മറ്റ് സമുദായത്തിൽനിന്ന് ഒരു മന്ത്രിയുണ്ടാകാത്തത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നോക്കിയാൽ മനസ്സിലാവും അവരുടെ വർഗീയത- വെള്ളാപ്പള്ളി പറഞ്ഞു (ലീഗിനെ പറഞ്ഞാൽ മുസ്ലീം വിരോധമാക്കുന്നു: വെള്ളാപ്പള്ളി, ആഗസ്റ്റ് 10, കേരള കൗമുദി).
മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ ശ്രമം
നാടും ക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുളള ശ്രമങ്ങളാണ് നടന്നതെന്നും ഇതിനു പിന്നിൽ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ ശാഖാനേതൃ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം പറയുമ്പോൾ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോൾ വഞ്ചിച്ച ചരിത്രമാണ് മുസ്ലിംലീഗിന്റേത്. സമുദായത്തിനും സാധാരണക്കാർക്കും വേണ്ടി പറയുമ്പോൾ തേജോവധം ചെയ്യാനും നാവറുക്കാനുമുള്ള സംഘടിത നീക്കമാണു നടക്കുന്നത് (കൊളള നടത്തിയ ടിപ്പുവിന്റെ പടയോട്ടവും മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ നീക്കം: വെള്ളാപ്പള്ളി നടേശൻ, ആഗസ്റ്റ് 10, കേരളകൗമുദി).
ഈഴവന് അവസരമില്ല
രാഷ്ട്രീയത്തിൽ ഈഴവന് അവസരമില്ലാതായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കായംകുളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: വോട്ട് ബങ്കായി സംഘടിച്ച് ഒരു സമുദായം രാഷ്ട്രീയാധികാരം ഹൈജാക്ക് ചെയ്യുന്നു. ലീഗ് മതേതര പാർട്ടിയാണെന്നാണ് അവകാശവാദം. മലപ്പുറമെന്ന് മിണ്ടിയാൽ പ്രതിപക്ഷം ചീത്തപറയും. അത് തന്നോടുള്ള വിരോധം കൊണ്ടല്ല, ലീഗിനെ സുഖിപ്പിക്കാനുള്ള തന്ത്രമാണ്. മതശാസനകൾക്കനുസരിച്ച് സർക്കാർ ഭരിക്കണമെന്നും അല്ലാത്ത പക്ഷം ഭരിപ്പിക്കില്ലെന്നുമാണ് ചിലരുടെ ഭീഷണി (രാഷ്ട്രീയത്തിൽ ഈഴവന് അവസരമില്ല; വെള്ളാപ്പളളി, കേരളകൗമുദി ആഗസ്റ്റ് 16).
വീട്ടുകാരും വിരുന്നുകാരും
ഈഴവർ വേലിപൊളിച്ച് ഓടിറക്കിയോ വന്നവരല്ല. ഈ രാജ്യത്ത് ജനിച്ച് വന്നവരാണ്. ഇവരൊക്കെ വിദേശത്തുനിന്നുവന്നവരാണ്. വിരുന്നുകാരായി വന്നവർ ഇന്ന് വീട് ഭരിക്കുന്നു. വീട്ടുകാർ പുറമ്പോക്കിൽ കിടക്കുന്നു… മുസ്ലിമിന്റെയും ക്രിസ്ത്യൻസിന്റെയും വീട്ടിൽ സർക്കാർ ഖജനാവിലുള്ള കോടികളാണ് ശമ്പളമായി എത്തുന്നത്, അപ്പോൾ തടി വരും, കുടവയർ വരും, സുന്ദരിയും സുന്ദരൻമാരുമാകും… അല്ലാതെ നമ്മളെ പോലെ ഇങ്ങനെ ഉണങ്ങിയിരിക്കില്ല. (മുസ്ലീമിന്റെയും ക്രിസ്ത്യൻസിന്റെയും വീട്ടിൽ സർക്കാർ ഖജനാവിലുള്ള കോടികളാണ് ശമ്പളമായി എത്തുന്നത്: എസ്എൻഡിപി യോഗത്തിൽ വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ, ആഗസ്റ്റ് 16, മീഡിയാവൺ).
മതേതരത്വമല്ല, ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യം
കേരളത്തിൽ ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. കോട്ടയം രാമപുരത്ത് മീനച്ചിൽ – കടുത്തുരുത്തി എസ്എൻഡിപി ശാഖ നേതൃസംഗമത്തിലാണ് വിദ്വേഷ പരാമർശം. മലപ്പുറത്ത് കത്തിച്ചത് ഈഴവസമുദായത്തിന്റെ കോലമാണ്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര. അത് മലപ്പുറത്തും നടപ്പാക്കണം. ഈഴവ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് മുസ്ലിങ്ങൾ അല്ലാത്ത എം.എൽ.എമാർ ഇല്ല. മുസ്ലീം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ? മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചു. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തി (‘പാലായിലും ക്രിസ്ത്യൻ ആധിപത്യം, കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനം’; വീണ്ടും വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 16, മാധ്യമം).


ആഗോള മതഭീകരത
ആഗോള മതഭീകരതയുടെ കണ്ണികളെ വിലസുന്ന കാലത്തെ ഓർമിപ്പിച്ച് വെള്ളാപ്പള്ളി നടേശന്റെ യോഗനാദത്തിന്റെ എഡിറ്റോറിയൽ: നവനാത്മസുഖത്തിനാചരിക്കുന്നവപരന്നു സുഖത്തിനായ് വരേണമെന്ന് ഉദ്‌ബോധിപ്പിച്ച ഗുരുവിന്റെ നാട്ടിൽ ആഗോള മതഭീകരതയുടെ കണ്ണികളും വിലസുന്ന കാലമാണ്. അവർക്കും സംരക്ഷണം കൊടുക്കാൻ ഇവിടെ ആളുണ്ടെന്നതാണ് ദു:ഖകരം. വരുന്നതിനെയെല്ലാം ഉൾക്കൊള്ളുവാനും അതിലെ നല്ല അംശങ്ങൾ സ്വാംശീകരിക്കുവാനും ഭാരതീയ സംസ്‌കാരത്തിനുള്ള കഴിവാണ് ഇങ്ങിനെയെങ്കിലും നമ്മുടെ നാടിനെ നിലനിറുത്തുന്നത്. അല്ലെങ്കിൽ മതംമാറ്റത്തിലൂടെ എന്നേ ഈ സംസ്‌കാരം അസ്തമിച്ചേനെ…. മുഗളന്മാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും മതംമാറ്റങ്ങൾ നൂറ്റാണ്ടുകൾ നടത്തിയിട്ടും ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കാനായില്ല. പണ്ട് സംഘടിതവും ക്രൂരവുമായ മതംമാറ്റങ്ങളായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തരം അത് പ്രലോഭനങ്ങളിലൂടെയും വിവാഹങ്ങളിലൂടെയും മറ്റുമുള്ള ആളെക്കൂട്ടലായി. ഇപ്പോഴും ഇത്തരം വാർത്തകളാണ് നിത്യമെന്നോണം നാം കേൾക്കുന്നത് (ആഗസ്റ്റ് 16, ഗുരുവിന്റെ പാദമുദ്രകൾ പിന്തുടരാം, യോഗനാദം).
സർക്കാർ ഭരണം മലപ്പുറം കല്പനയനുസരിച്ച്
സർക്കാർ ഭരണം മലപ്പുറം കല്പനയനുസരിച്ചാണെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഇരിക്കാൻ പറയുമ്പോൾ സർക്കാർ കിടക്കുന്നു. ഈഴവ സമുദയാങ്ങൾക്ക് യാതൊരു വിലയുമില്ല- മീനച്ചിൽ കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം: ജനാധിപത്യം നശിക്കുകയും മതശക്തികളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു (സർക്കാർ ഭരണം മലപ്പുറത്തെ കല്പനയനുസരിച്ച്: വെള്ളാപ്പള്ളി, ആഗസറ്റ് 17, കേരളകൗമുദി).
വെള്ളാപ്പള്ളിയുടേത് തൊഗാഡിയയുടെ ശൈലി
ഗുരുവിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ സംസാരിക്കുന്നത് തൊഗാഡിയയുടെ ശൈലിയിലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളിയെക്കുറിച്ച ചോദ്യത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
വെള്ളാപ്പള്ളി നടേശനടക്കമുള്ളവർ, ലീഗ് വർഗീയപ്പാർട്ടിയാണെന്ന വിമർശനം തുടരുകയാണ്. എങ്ങനെയാണ് പ്രതിരോധിക്കുന്നുവെന്നായിരുന്നു ചോദ്യം: വർഗീയവാദികൾ ലീഗിനെ വർഗീയമായി ചിത്രീകരിച്ച് എതിർവികാരമുണ്ടാക്കാനും മറുവിഭാഗത്തിന് അംഗീകാരമുണ്ടാക്കിക്കൊടുക്കാനും നോക്കുന്നവരാണ്. ശ്രീനാരായണഗുരു അതിനെതിരേയാണ് രംഗത്തുവന്നത്. നിർഭാഗ്യവശാൽ ഇന്ന് ഗുരുവിന്റെ ആശയമല്ല അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ പറയുന്നത്. ഉത്തരേന്ത്യയിൽ തൊഗാഡിയ പറഞ്ഞ ശൈലിയിലാണ് അവർ സംസാരിക്കുന്നത് അദ്ദേഹം വിമർശിച്ചു (ഗുരുവിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ സംസാരിക്കുന്നത് തൊഗാഡിയയുടെ ശൈലിയിൽ-കുഞ്ഞാലിക്കുട്ടി, ആഗസ്റ്റ് 24, മാതൃഭൂമി).
വോട്ട് ബാങ്ക് രാഷ്ട്രീയവും ശരിഅത്ത് നിയമവും
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണമെന്നും സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി. ഇസ്ലാമിക രാഷ്ട്രം വേണമെന്നാണ് മുസ്ലീം ലീഗിന്റെ അജണ്ട, മുസ്ലീം, അതുപോലെതന്നെ ഇന്ത്യൻ നിയമങ്ങളല്ല ശരിഅത്ത് നിയമങ്ങളാണ് അവർക്ക് ബാധകമെന്നും വെള്ളാപ്പള്ളി. വൈക്കം തലയോലപ്പറമ്പ് എസ് എൻ ഡി പി ശാഖകളുടെ യോഗത്തിലായിരുന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പ്രതികരണം: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി. ശ്രീനാരായണീയർ തൊഗാഡിയയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരനാണ് കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സ്വഭാവശുദ്ധിയില്ലാത്തവരാണ് അവർ. വർഗീയത മാത്രം 24 മണിക്കൂറും തിന്നുകയും, ശ്വസിക്കുകയും, ഛർദ്ദിക്കുകയും ചെയ്യുന്ന ആളുകളാണ് ഇങ്ങനെ പറയുന്നത്. മുസ്ലീം രാഷ്ട്രം ഇവിടെ വരണമെന്നാണ് ലീഗിന്റെ അജണ്ട തന്നെ, മതരാഷ്ട്രമാണ് അവരുടെ തത്വം, ഇന്ത്യൻ ഭരണഘടനയോ നിയമങ്ങളോ അല്ല ഇസ്ലാമിക ശരീയത്ത് ആണ് അവർക്ക് ബാധകം (വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണം; വെള്ളാപ്പള്ളി, ആഗസ്റ്റ് 24, മീഡിയവൺ).
ലീഗ് ജനാധിപത്യത്തിന്റെ അന്തകർ
മുസ്ലീം ലീഗ് മതേതരപാർട്ടികളാണെന്ന് ലീഗ് നേതാക്കൾ പറയുന്നുണ്ടെങ്കിലും വർഗീയത പറയുന്നതും പ്രവർത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. ലീഗിനകത്ത് മറ്റൊരു സമുദായത്തിന്റെ എംപിയോ എംഎൽഎയോ കാണിച്ചുതരാൻ കഴിയുമോ? അവരുടെ പേഴ്‌സണൽ സ്റ്റാഫിൽപോലും അങ്ങനെയുള്ളവരില്ല. ഇതാണോ മതേതരത്വം. ലീഗ് ഭരിച്ച വകുപ്പുകൾ അഴിമതിയായിരുന്നു. ലീഗ് ജനാധിപത്യത്തിന്റെ അന്തകനായി മാറി. ജനാധിപത്യത്തെ സ്‌നേഹിക്കാതെ മതത്തെ സ്‌നേഹിക്കുകയാണ് ലീഗ് ചെയ്തത്- വൈക്കം തലയോലപ്പറമ്പ് എസ്എൻഡിപി യോഗം യൂണിയനുകളുടെ കീഴിലുള്ള ശാഖാ നേതൃസംഗമത്തിലായിരുന്നു ഈ പരാമർശം (വർഗീയത പറയുന്നതും പ്രവർത്തിക്കുന്നതും മുസ്ലിംലീഗ്-വെള്ളാപ്പള്ളി, ആഗസ്റ്റ് 25, മാതൃഭൂമി).
മുസ്ലീം വിരുദ്ധ വീഡിയോ ക്യാമ്പയിൻ
വെള്ളാപ്പള്ളി കേരളത്തിലങ്ങോളമിങ്ങോളം ആഗസ്റ്റ് മാസത്തിൽ എസ്എൻഡിപി നേതൃയോഗങ്ങൾ നടത്തി. മിക്കയിടത്തും പ്രസംഗിച്ചു. ലീഗിനെയും മുസ്ലീം സമുദായത്തെയും ഈഴവരുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നവരായാണ് അദ്ദേഹം ചിത്രീകരിച്ചത്. അച്യുതാനന്ദൻ, ആന്റണി, തുടങ്ങിയ ഇടതു-വലതു നേതാക്കളുടെ പ്രസംഗങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിച്ചശേഷമാണ് വെള്ളാപ്പള്ളി പ്രസംഗം തുടങ്ങുന്നത്. മിക്കവാറും എല്ലാ യോഗത്തിലും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു (മുസ്ലീം വിരുദ്ധ ക്യാമ്പയിനുമായി വെള്ളാപ്പള്ളി, ആഗസ്റ്റ് 26, സിറാജ്).
വെള്ളാപ്പള്ളി ബാധ്യത
വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന് ബാധ്യതയായിക്കഴിഞ്ഞതായി അഡ്വ. കെ ഗോപിനാഥൻ. മുൻ എസ്എൻഡിപി ജനറൽ സെക്രട്ടറിയായ അഡ്വ. കെ ഗോപിനാഥന്റെ ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ഞാൻ എന്റെ ജീവിതം’ എന്ന ആത്മകഥയിലേതാണ് ഈ പരാമർശം (വെള്ളാപ്പള്ളി ബാധ്യതയായി, ആഗസ്റ്റ് 25, ദീപിക).
ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളരുന്നു
ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു. ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എറണാകുളത്തെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ‘മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്നും അദ്ദേഹം പറഞ്ഞു (‘മുസ്ലീങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ, ആഗസ്റ്റ് 31, മീഡിയാവൺ).
ഇടതുപക്ഷം വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കുന്നു
കേരളത്തിലെ വിദ്യാഭ്യാസരംഗം മതനേതാക്കൾക്ക് അടിയറ വെച്ച് വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സമസ്തയെ വിദ്യാഭ്യാസ മന്ത്രി ഭയപ്പെടുന്നു. മതേതരവാദിയായ വിദ്യാഭ്യാസ മന്ത്രി സമസ്തയോട് അഭിപ്രായം ചോദിക്കുന്നത് അപഹാസ്യമാണ്. പൊതുവിദ്യാഭ്യാസത്തെ തകർത്ത ഇടതുപക്ഷ സർക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാൻ ശ്രമം: എം. ടി. രമേശ്, ആഗസ്റ്റ് 3, ജന്മഭൂമി).
മുസ്ലീം സംഘടനാ വിമർശനവും ഇസ്ലാം വിമർശനവും
ഒരു സംഘിയെ വിമർശിച്ചാൽ മുഴുവൻ ഹിന്ദുക്കളെയും വിമർശിച്ചതായി ആരും കാണാറില്ലെങ്കിലും എസ്ഡിപിഐക്കാരെ വിമർശിച്ചാൽ ഇസ്ലാമിനെ മൊത്തം വിമർശിച്ച പോലെ ‘ഹാലിളകുന്നു’വെന്ന വിമർശനവുമായി ഇ.എം ഹാഷിം. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ഫിക്ഷനും ചരിത്രവും എന്ന കുറിപ്പിലാണ് ഈ വിമർശനമുള്ളത്. എല്ലാ മതവിശ്വാസികളിലും ഇതുണ്ടെങ്കിലും കൂടുതൽ ഇസ്ലാം മതവിശ്വാസികളിലാണെന്നും അദ്ദേഹം എഴുതുന്നു. അതിനൊരു കാരണവും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്: ‘കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ വിശ്വാസം അടിച്ചേൽപ്പിച്ചതാണ് വിമർശനത്തെ നേരിടാൻ കഴിവില്ലാത്തവരും അസഹിഷ്ണുക്കളുമാകാൻ കാരണം.’ (ഫിക്ഷനും ചരിത്രവും, ഇ.എം ഹാഷിം, ആഗസ്റ്റ് 4, സമകാലിക മലയാളം വാരിക, പേജ്: 56-57).
11. ഇസ്ലാമിക സംഘപരിവാരം
‘പൊതുമണ്ഡലത്തെ വിഴുങ്ങുന്ന വർഗീയത’ എന്ന തലക്കെട്ടിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ആഗസ്റ്റ് 5 ന് മലപ്പുറം വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് എം സ്വരാജ് നടത്തിയ പ്രസംഗം ജമാഅത്തെ ഇസ്ലാമിയെ ആർഎസ്എസ്സിനോട് താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു: സംഘപരിവാർ വർഗീയതയെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തുംവിധം ആവശ്യമായ പിന്തുണയും സഹായവും നൽകുന്ന ശക്തികൾ കേരളത്തിലെ വലതുപക്ഷവും ആ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടകൾ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക സംഘപരിവാരമെന്ന് വിശേഷണത്തിന് സർവഥാ യോഗ്യമായിട്ടുള്ള ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എല്ലാം നിലനിൽക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ആർഎസ്എസ്സിന്റെ ഇസ്ലാമിക പതിപ്പ് എന്നുമാത്രമേ കാണാനാവൂ. ആർഎസ്എസ്സിനെപ്പോലെ മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യവും സ്വപ്‌നവുമാണ്. ആർഎസ്എസ്സിന്റെ മതരാഷ്ട്രവാദത്തിന് ബദലല്ല, ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം. യുഡിഎഫിന്റെ ഘടകകക്ഷി ആകുന്നതിന് വേണ്ടി ഇപ്പോൾ, ഒരു തുള്ളി പോലും വെള്ളം ചേർക്കാത്ത വർഗീയ നിലപാടുകൾ ഉയർത്തി മുസ്ലിം ന്യൂനപക്ഷത്തെ ആകെ യു ഡി എഫിന്റെ കൂടെ അണിനിരത്തി കൊടുത്തുകൊള്ളാം എന്ന കരാർ ഏറ്റെടുത്തിരിക്കുകയാണവർ. അതിന്റെ ഭാഗമായി എസ്ഡിപിഐയെ കൂടെ ചേർത്തു മുസ്ലിം ലീഗിന്റെ തന്നെ രാഷ്ട്രീയ നേതൃത്വം കയ്യാളി നാട്ടിൽ കടുത്ത വർഗീയ ധ്രുവീകരണ പ്രചാരണവുമായാണ് അവർ മുന്നോട്ട് പോകുന്നത് (ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക സംഘപരിവാറെന്ന് എം സ്വരാജ്, ആഗസ്റ്റ് 65, വാർത്ത നെക്‌സസ്).
12. മെസ്സി വരില്ല: പിന്നിൽ ജമാഅത്തെ ഇസ്ലാമി
കേരളത്തിൽ ഉണ്ടാകുന്ന എല്ലാ അനിഷ്ട സംഭവങ്ങൾക്കും പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയുന്ന രീതി കുറച്ചുകാലമായി പലരും ഉപയോഗിക്കുന്നതാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ മുൻഷിയിലെ പരാമർശം ശ്രദ്ധപിടിച്ചുപറ്റി.
ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ദേശീയ ഫുട്‌ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരങ്ങൾക്കായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഈ പര്യടനം റദ്ദാക്കിയതായി കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ 2025 ഓഗസ്റ്റ് 4-ന് പ്രഖ്യാപിച്ചു. ഈ തീരുമാനം കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് വലിയ നിരാശയുണ്ടാക്കി, കാരണം 2022-ലെ ഫിഫ ലോകകപ്പ് ജേതാക്കളായ ടീമിനെ നേരിട്ട് കാണാനുള്ള അവസരമാണ് നഷ്ടമായത്.
‘അർജന്റീന ടീം കേരളത്തിൽ വരില്ല’ എന്ന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസ്താവനക്ക് (ആഗസ്റ്റ് 4) ശേഷം ആഗസ്റ്റ് 5 ന് ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന വാർത്ത അധിഷ്ഠിത പരിപാടിയിൽ മെസ്സിയുടെ വരവ് ഉപേക്ഷിച്ചതിന് ‘പിന്നിലും’ ജമാഅത്തെ ഇസ്‌ലാമിയാണ് എന്നും ഈ പ്രസ്താവന പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെകൊണ്ട് വാർത്ത സമ്മേളത്തിൽ പ്രസ്താവിപ്പിക്കണമെന്നും നിർദേശിക്കുന്നു. അത് പാർട്ടിയെ വിവാദങ്ങളിൽ നിന്നും കരകയറ്റുമെന്നും കഥാപാത്രം പറയുന്നുണ്ട് (മുൻഷി, ആഗസറ്റ് 5, ഏഷ്യാനെറ്റ്).
13. മതരാഷ്ട്രം, രാഷ്ട്രീയ ഇസ്ലാം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഭരണകക്ഷിക്കാർ മുസ്ലീം സമുദായത്തിനും സംഘടനകൾക്കും മാധ്യമങ്ങൾക്കും നേരെ നടത്തുന്ന വംശീയപ്രചാരണങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ഏതാനും വിശകലനങ്ങൾ മാധ്യമം പത്രത്തിലെ ‘അപരപ്രിയം’ എന്ന കോളത്തിൽ കെ കെ ബാബുരാജ് എഴുതി (തലയോടിൽ നിന്നുള്ള ചൂളം വിളികൾ, ആഗസ്റ്റ് 5):
നിലമ്പൂരിൽ മാർക്‌സിസ്റ്റുകൾ ചിരപുരാതനമായി പറഞ്ഞുകൊണ്ടിരിക്കുന്ന ‘വർഗീയ വിരുദ്ധത’യെ ഉപേക്ഷിച്ചുകൊണ്ട് അതിലും മുന്തിയ മറ്റൊന്നാണ് പ്രചാരണ രംഗത്തേക്ക് കൊണ്ടുവന്നത്. കേരളത്തിൽ ഒരു ‘മതരാഷ്ട്രം’രൂപപ്പെടുത്താൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നു എന്ന കൃത്രിമ ഭയപ്പാടാണ് അവർ ഉന്നയിച്ചത്. ഇത്തരം ഭീതി പരത്തലിലൂടെ വിവിധ ജാതികളായി വേറിട്ട് നിൽക്കുന്ന ഹിന്ദുക്കളെ മുസ്ലീംവിരുദ്ധമായി ഏകീകരിക്കാനും, മുസ്ലീംങ്ങൾക്കിടയിൽ ഭിന്നിപ്പുകൾ ഉളവാക്കി അതിൽ നിന്നും ഒരുപക്ഷത്തെ തങ്ങൾക്ക് അനുകൂലമായി മാറ്റാനുമാണ് ഇവർ ലക്ഷ്യം വെക്കുന്നത്. ഇവർ പേടിപ്പിക്കുന്നത് പോലെ ‘മതരാഷ്ട്രം ‘രൂപപ്പെടുത്തുന്നത് ലളിതമായ കാര്യമാണോ? ഇന്ത്യയിലെ സിവിൽ നിയമ സംവിധാനത്തെയും വിവിധ വിഭാഗം ജനങ്ങളിൽ നിലനിൽക്കുന്ന സാമൂഹികമായ സഹവർത്തിത്വത്തെയും ബലപ്രയോഗത്തിലൂടെ അട്ടിമറിച്ചു കൊണ്ടുള്ള സൈനിക കേന്ദ്രീകരണവും ആഭ്യന്തര യുദ്ധവും നടത്താതെ മതരാഷ്ട്രം രൂപീകരിക്കാനാവുമോ? – അദ്ദേഹം ചോദിക്കുന്നു.
രാഷ്ട്രീയ ഇസ്ലാം എന്ന നിർമ്മിതി
കേരളത്തിൽ മാത്രമാണ് അവർക്ക് പ്രാതിനിധ്യ ജനാധിപത്യത്തിൽ എടുത്തു പറയാവുന്ന പങ്കാളിത്തമുള്ളത്. മീഡിയ – ഹിന്ദുത്വ പ്രചരണമല്ലാതെ ഈ ജനതയിൽ നിന്നും ഒരു തീവ്രവാദ പ്രസ്ഥാനമോ സായുധവൽക്കരണമോ ഉണ്ടായിട്ടില്ല. സിവിൽ നിയമങ്ങളോടും ഭരണഘടന മൂല്യങ്ങളോടും അങ്ങേയറ്റം കൂറ് പുലർത്തുന്നവയാണ് മുസ്ലീം സംഘടനകളും സ്ഥാപനങ്ങളുമെന്നു വിദ്വേഷം നിറഞ്ഞ മനസ്സില്ലാത്ത ആർക്കും ബോധ്യമാകുന്ന കാര്യമാണ്. യഥാർത്ഥത്തിൽ ഇന്ത്യയിലേയും കേരളത്തിലേയും മുസ്ലീം ജനത രാഷ്ട്രീയ സമുദായമായി മാറുന്നതിനെയാണ് ഇക്കൂട്ടർ ‘രാഷ്ട്രീയ ഇസ്ലാം ‘എന്ന നിർവചിക്കപ്പെടാത്ത അപരത്വത്തെ മറയാക്കി കുറ്റപ്പെടുത്തുന്നതെന്നു സാരം (തലയോടിൽ നിന്നുള്ള ചൂളം വിളികൾ, ആഗസ്റ്റ് 5 , മാധ്യമം) .
14. അൽമുക്തദിർ ജ്വല്ലറി തട്ടിപ്പ്
തിരുവനന്തപുരം മുതൽ പാലക്കാട് വരെ 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരിൽ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായ ആരോപണം ഈ വർഷം ആദ്യവാരത്തിൽതന്നെ പുറത്തുവന്നിരുന്നു. മെയ് മാസം ഇരകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നൽകി: മതവും ദൈവത്തിന്റെ പേരും മതചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്തു. തട്ടിപ്പിനിരയായവരിൽ 99.9 ശതമാനം പേരും മുസ്‌ലീംകളാണ്. മതപ്രഭാഷകരെ ഉപയോഗിച്ചു. മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കി. ഇരകളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട് (അൽ മുക്തദിർ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ഇരകൾ; പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയെന്ന്, മെയ് 16, മാധ്യമം).
ഇതേ കുറിച്ച് ജനം ടിവി ആഗസ്റ്റ് ആദ്യവാരത്തിൽ ഒര വാർത്ത ചെയ്തു. മതനേതാക്കളാണ് ഇതിനു പിന്നിലെന്നും അവർക്കെതിരേ കേസെടുക്കണമെന്നുമായിരുന്നു റിപോർട്ടറുടെ ആവശ്യം. ഈ തട്ടിപ്പിനു കൂട്ടുനിന്ന പ്രതികൾ എന്നതിനെക്കാൾ പൊതുവെ എല്ലാ മതനേതാക്കളെയും ലക്ഷ്യംവയ്ക്കുന്നതായിരുന്നു വാർത്ത (മതനേതാക്കളെ മറയാക്കി സാമ്പത്തിക തട്ടിപ്പ്; അൽമുക്തദിർ ജ്വല്ലറി ഉടമ ഇരയാക്കിയത് നിരവധിപ്പേരെ, ആഗസ്റ്റ് 6, ജനംവിടി).
അതിനിടയിൽ ആരിഫ് ഹുസൈൻ തെരുവത്തിന്റെ ഒരു പഴയ അഭിമുഖം ഈ സമയത്ത് വൈറലായി. ഇത്തരം തട്ടിപ്പുകളും കള്ളക്കടത്തും ഇസ്‌ലാമികമായി ശരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: ഇസ്‌ലാമിന്റെ കണ്ണിൽ ഈ തട്ടിപ്പിൽ തെറ്റില്ല. കള്ളക്കടത്ത് നികുതിവെട്ടിപ്പ് എന്നിവയിൽ മുസ്ലിംകളിൽ മുന്നിട്ടുനിൽക്കുന്നത് അത് ഇസ്‌ലാമികമായതിനാലാണ്. ഇസ്‌ലാമിന്റെ കണ്ണിൽ കടത്തുന്ന വസ്തു ഹലാലാണെങ്കിൽ അത് കള്ളക്കടത്താണെങ്കിലും തെറ്റില്ല. അതുകൊണ്ടാണ് കെ ടി ജലീൽ കുറച്ചുനാൾ മുമ്പ് സ്വർണക്കള്ളക്കടത്ത് ഇല്ലാതാക്കാൻ മതനേതാക്കൾ ഇടപെടണമെന്ന് പറഞ്ഞത്. അതുകൊണ്ടാണ് കളള് കടത്തുന്ന മുസ്ലീങ്ങളില്ലാത്തതും സ്വർണക്കടത്തുകാരെ കാണുന്നതും. വസ്തു ഹലാലാണെങ്കിൽ എന്തു തട്ടിപ്പുനടത്തിയും അതിൽനിന്ന് പണമുണ്ടാക്കാം. ഇസ്ലാം അത് അനുവദിക്കുന്നുണ്ട്. അത്തരത്തിലുള്ള ഫത്‌വകൾ തന്നെയുണ്ട്. ബീഫ് നിരോധിച്ച സ്ഥലത്ത് ബീഫ് കടത്തിക്കൊണ്ടുവന്ന് കഴിക്കുന്നതിനെ തടയാത്തത് ഇക്കാരണത്താലാണ് (അൽ മുക്താദിർ എന്ന ഹലാൽ സ്വർണ്ണക്കട… ആരിഫ് ഹുസൈൻ സംസാരിക്കുന്നു, ജനുവരി 11, മറുനാടൻ മലയാളി).
15. എംഎസ്എഫ് എന്ന വർഗീയ സംഘടന
ആഗസ്റ്റ് 6ന് ആയിരുന്നു കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനിടയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറി. സംഘർഷവും ഉണ്ടായി. കാസർഗോഡ് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ചായിരുന്നു സംഘർഷം. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ചെടിച്ചട്ടിയും ഹെൽമെറ്റും വടിയും ഉപയോഗിച്ചായിരുന്നു. സംഭവത്തിൽ എംഎസ്എഫ്- കെഎസ്‌യു, നേതാക്കൾക്കെതിരെ പോലിസ് വധശ്രമത്തിന് കേസെടുത്തു (കണ്ണൂർ സർവകലാശാലാ തെരഞ്ഞെടുപ്പ് സംഘർഷം: എംഎസ്എഫ്- കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്, ആഗസ്റ്റ് 8, റിപ്പോർട്ടർ ടിവി).
തിരഞ്ഞെടുപ്പിൽ എംഎസ്എഫ് പല സീറ്റുകളിലും വിജയിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് സർവകലാശാലയിലും വിജയമുണ്ടായി. ഈ രണ്ട് വിജയങ്ങളും എംഎസ്എഫിനെക്കുറിച്ച വലിയൊരു ഇസ്‌ലാമോഫോബിക് ചർച്ചക്ക് കാരണമായി.
എസ്ഡിപിഐയുടെ പിൻബലം
എംഎസ്എഫുകാർ ആയുധവുമായി വന്നത് എസ്ഡിപിഐയുടെ പിൻബലത്തോടെയോഎന്ന് പരിശോധിക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആവശ്യപ്പെട്ടു: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് യുഡിഎഫാണ്. എല്ലാ ജനറൽ സീറ്റുകളിലും വിജയിക്കാനാകുന്ന കൗൺസിലർമാർ എസ്എഫ്‌ഐക്കുണ്ട്. എതിരാളികൾക്കാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ താൽപര്യം. ബോധപൂർവം സംഘർമുണ്ടാക്കി കള്ളവോട്ട് ചെയ്ത് യൂണിയൻ പിടിച്ചെടുക്കാമെന്നാണ് ചിലർ ധരിച്ചത്. സുഗമമായ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐയുടെ ലക്ഷ്യമാണ്. എന്നാൽ ചിലർ മാരകായുധങ്ങളുമായി എത്തി എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. എസ്ഡിപിഐയുടെ പിൻബലത്തോടെയാണോ മുസ്ലീം ലീഗ്, എംഎസ്എഫ് പ്രവർത്തകർ ആയുധങ്ങളുമായി അക്രമം നടത്തിയതെന്ന് പരിശോധിക്കണം (എംഎസ്എഫുകാർ ആയുധവുമായി വന്നത് എസ്ഡിപിഐയുടെ പിൻബലത്തോടെയോ? പരിശോധിക്കണമെന്ന് കെ കെ രാഗേഷ്, ആഗസ്റ്റ് 6, ദേശാഭിമാനി).
അട്ടിമറിക്കാൻ ശ്രമമെന്ന് എംഎസ്എഫ്
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എസ്എഫ്ഐ ശ്രമിച്ചതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടി എന്നും നവാസ് ആരോപിച്ചു(‘ഇങ്ങനെ ജയിക്കുന്നതിലും അന്തസ് തോൽക്കുന്നാണെന്ന് പറയാൻ ഇവരുടെ കൂട്ടത്തിൽ ആരുമില്ലേ?’ (കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമമെന്ന് പി.കെ നവാസ്, ആഗസ്റ്റ് 6, മീഡിയാവൺ).
എംഎസ്എഫുകാർക്കു പിന്നിൽ എസ്ഡിപിഐ
എസ്ഡിപിഐയുടെ പിൻബലത്തോടെയാണ് ലീഗുകാരും എംഎസ്എഫുകാരും ആക്രമണം നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എംഎസ്എഫ് – എസ്എഫ്‌ഐ സംഘർഷത്തിന്റെ സാഹചര്യത്തിലായിരുന്നു ഈ പ്രയോഗം: ”സുഗമമായ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐയുടെ ലക്ഷ്യമാണ്. എന്നാൽ മാരകായുധങ്ങളുമായി എത്തി എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്ഡിപിഐയുടെ പിൻബലത്തോടെയാണോ മുസ്ലീം ലീഗ്, എംഎസ്എഫ് പ്രവർത്തകർ ആയുധങ്ങളുമായി അക്രമം നടത്തിയതെന്ന് പരിശോധിക്കണം. വ്യാജ വോട്ട് ചെയ്യാനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു” (എംഎസ്എഫ്കാർ ആയുധവുമായി വന്നത് എസ്ഡിപിഐയുടെ പിൻബലത്തോടെയോ? പരിശോധിക്കണമെന്ന് കെ കെ രാഗേഷ്, ആഗസ്റ്റ് 6, ദേശാഭിമാനി).


“തൽക്കാലം കുഞ്ഞാപ്പാന്റെ കുട്ട്യോള് പത്തിരി തിന്ന്”
കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വഞ്ചിച്ചെന്നും കാണിച്ച് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു:
മുന്നണിയും, മര്യാദയും എല്ലാം ഞങ്ങളുടെ മാത്രം ബാധ്യത ആണെന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കിൽ ആ ബാധ്യത ഞങ്ങൾ അങ്ങ് സൗകര്യപൂർവ്വം മറക്കാനും, വെറുക്കാനും തയ്യാറാവും എന്ന് ഓർമ്മിപ്പിക്കുകയാണ്. കെഎസ്‌യു എന്ത് ചെയ്യണം, ആരെ സ്ഥാനത്തിരുത്തണമെന്നും ഓക്കേ തീരുമാനിക്കാൻ ഞങ്ങൾക്കറിയാം. തൽക്കാലം കുഞ്ഞാപ്പന്റെ കുട്ട്യോള് പോയി പള്ള നിറച്ച് പത്തിരിയും കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്..! കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ല എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാർത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. എന്നാൽ ഈ വിജയം ഇല്ലാതാക്കാൻ കെഎസ്‌യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നായിരുന്നു എംഎസ്എഫിന്റെ പരാതി (ആഗസ്റ്റ് 10, ഫേസ്ബുക്ക്/ ഗോകുൽ ഗുരുവായൂർ).
ലക്ഷണമൊത്ത വർഗീയവാദ സംഘടന
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയവാദ സംഘടനയാണ് എംഎസ്എഫ് എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പാലക്കാട് നടന്ന മുഹമ്മദ് മുസ്തഫ രക്തസാക്ഷിദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം: കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയ വാദ സംഘടനയാണ് എം എസ് എഫ്. സ്വത്വവാദ സംഘടനയൊന്നുമല്ല. ജമാഅത്തെ ഇസ്ലാമിക്കും, ക്യാമ്പസ് ഫ്രണ്ടിനും എല്ലാ വർഗീയവാദികൾക്കും വേദിയൊരുക്കുന്ന സംഘടനയാണ്. പട്ടിയെ വെട്ടിപഠിച്ചും നാട്ടിൽ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച പിഎഫ്ഐ യുടെ ബാക്കി പത്രമാണ്. കാമ്പസിലെ ഒന്നും അറിയാത്ത കുട്ടികളോട് വർഗീയത പറയുകയാണ്. എസ്ഡിപിഐയും പിഎഫ്‌ഐയും പൂർണമായും എംഎസ്എഫിനെ വിഴുങ്ങി. മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്എഫ്: പി എസ് സഞ്ജീവ്, ആഗസ്റ്റ് 16, കൈരളി ന്യൂസ്).
തട്ടിൻപുറത്തെ അറബിക്കോളേജുകൾ
ഇതേ പ്രസംഗത്തിൽ സഞ്ജീവ് തട്ടിൻപുറത്തെ അറബിക്കോളജുകളെന്ന ഒരു പ്രയോഗവും നടത്തി: തട്ടുമ്പുറത്തുള്ള കുറച്ച് അറബി കോളേജുകൾ കയ്യിലുണ്ടെന്ന് കരുതി, അവിടെ ലീഗിന്റെ മാനേജ്‌മെന്റിനെ ഉപയോഗപ്പെടുത്തി മത്സരം പോലും സംഘടിപ്പിക്കാതെ 100 ,150 താഴെ കുട്ടികളുള്ള കോളേജിൽ നിന്ന് യുയുസിമാരുള്ള കോളജിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ആയിരവും രണ്ടായിരവും കുട്ടികൾ പഠിക്കുന്ന കോളേജിൽ ജനാധിപത്യപരമായി ജയിച്ച് വരുന്ന കുട്ടികളെ തുലനം ചെയ്യരുത്’. ‘ഇന്ന് കെഎസ്യുവിനെ എംഎസ്എഫ് വിഴുങ്ങിയിരിക്കുന്നു. എംഎസ്എഫിനെ എസ്ഡിപിഐ വിഴുങ്ങിയിരിക്കുന്നു (കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്എഫ്: പി എസ് സഞ്ജീവ്, ആഗസ്റ്റ് 16, കൈരളി ന്യൂസ്).
സഞ്ജീവിനെ പിന്തുണച്ച് കെ.പി ശശികല
എംഎസ്എഫിനെക്കുറിച്ചുള്ള പരാമർശങ്ങളെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പിന്തുണച്ചു. “സഞ്ജീവേ എന്തു പറ്റി? സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ? ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്” – എന്നാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് (‘ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്’; എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച പി.എസ് സഞ്ജീവിനെ പിന്തുണച്ച് കെ.പി ശശികല, ആഗസ്റ്റ് 16, മീഡിയാവൺ).


ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് മറുപടി നൽകി: ഹിന്ദുത്വ വർഗീയത തന്നെയാണ് ഒന്നാമത്തെ ശത്രുവെന്നായിരുന്നു സഞ്ജീവിന്റെ അഭിപ്രായം. മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് വർഗീയതക്കെതിരെ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്താൻ പാകത്തിലുള്ള സുവർണാവസര പോസ്റ്റ് ആരെ സഹായിക്കാനാണെന്ന് കൃത്യമായി അറിയാമെന്നും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു (‘ഹിന്ദുത്വ വർഗീയത തന്നെ ഒന്നാമത്തെ ശത്രു’; ശശികലയ്ക്ക് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ആഗസ്റ്റ് 17, മീഡിയാവൺ).
മതത്തെ കൂട്ട് പിടിക്കുന്നവർ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന് പിന്നാലെ എംഎസ്എഫിനെതിരേ മുൻ എസ്എഫ്ഐ സെക്രട്ടറിയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോയും പ്രതികരണവുമായി വന്നു: ”നമ്മൾ ഒരേ സമുദായം അല്ലേ… അതോണ്ട് വോട്ട് നീ എംഎസ്എഫിന് തന്നെ ചെയ്യണം” സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പാവട്ടെ, കോളജ് യൂണിയൻ തെരഞ്ഞെടുപ്പാവട്ടെ എവിടെയും എംഎസ്എഫിന്റെ മുദ്രാവാക്യമാണിത്. സമുദായത്തിന്റെ കുട ചൂടി, മതം പറഞ്ഞ് കരഞ്ഞ്, വിശുദ്ധ ഗ്രന്ഥംതൊട്ട് ആണയിടീച്ചല്ലാതെ എംഎസ്എഫ് തെരഞ്ഞെടുപ്പിനെ നേരിടാറില്ല. ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ തലച്ചോറുകളെ ക്ലാസ്സ് മുറിയിൽ കയറി ഇത്തരത്തിൽ പറയാൻ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇന്നവർ നടത്തുന്ന സംഘടനാ പ്രവർത്തനം. ഈ പ്രവർത്തനത്തിന്റെ ട്രെയിനർമാർ എംഎസ്എഫിന്റെ ചിറകിൻകീഴിൽ അവർ സംരക്ഷിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളാണ്. അവയിൽ നിരോധിക്കപ്പെട്ട പഴയ കാമ്പസ് ഫ്രണ്ടുകാരുണ്ട്, ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്. രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏർപ്പാടിനെ വർഗീയത എന്നല്ലാതെ ‘കഹോ നാ പ്യാർ ഹെ’ എന്ന് വിളിക്കാൻ പറ്റുമോ? ആർഷോ ചോദിച്ചു (‘നമ്മൾ ഒരേ സമുദായമല്ലേ, അതോണ്ട് വോട്ട് ചെയ്യണം’; വിശുദ്ധ ഗ്രന്ഥം തൊട്ട് ആണയിടീച്ചല്ലാതെ എംഎസ്എഫ് തെരഞ്ഞെടുപ്പിനെ നേരിടാറില്ല: പി.എം ആർഷോ, ആഗസ്റ്റ് 16, മീഡിയാവൺ).
ശശികലയെ കോരിത്തരിപ്പിക്കുന്ന ഇടത് നേതാവ്
‘താരതമ്യേന ഭീകരത കുറഞ്ഞ മുസ്ലീം’ എന്നതാണ് ഒരു മുസ്ലീം സംഘടനക്ക് പരമാവധി കിട്ടാവുന്ന മുഖ്യധാര സ്ഥാനമെന്നും കേരളത്തിൽ കാലങ്ങളായി ആ പദവി ആസ്വദിച്ചിരുന്നത് ലീഗ് ആയിരുന്നെന്നും സാമൂഹിക പ്രവർത്തകൻ സുദേഷ് എം. രഘു. ലീഗിന്റെ ഈ പദവി നഷ്ടമായി വരികയാണെന്നും ശശികലയെ കോരിത്തരിപ്പിക്കുന്ന നിലയിൽ ഇടത് നേതാവ് സംസാരിക്കുന്നത് അതിന്റെ തെളിവാണെന്നും സുദേഷ് എം. രഘു ഫേസ്ബുക്ക് പരിഹസിച്ചു (‘താരതമ്യേന ഭീകരത കുറഞ്ഞ മുസ്ലീം’-ലീഗിന്റെ ആ പദവി നഷ്ടമായി, ശശികലയെ കോരിത്തരിപ്പിക്കുന്ന നിലയിൽ ഇടത് നേതാവ് സംസാരിക്കുന്നത് അതിന്റെ തെളിവ്’; സുദേഷ് എം രഘു, ആഗസ്റ്റ് 17, മീഡിയാവൺ).
ശശികല ടീച്ചറിന് പഠിക്കരുത്
എംഎസ്എഫ് വർഗീയ സംഘടനയെന്നും പി.കെ നവാസ് വർഗീയ വാദിയുമാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്നും കേരളത്തിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘപരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവനയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു (‘സഞ്ജീവ് ‘ഞഞ്ഞാ പിഞ്ഞാ’ വർത്തമാനം നിർത്തുക, അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം മുദ്ര കുത്തും’; കെഎസ്‌യു, ആഗസ്റ്റ് 17, മീഡിയാവൺ).
എസ്എഫ്‌ഐ ഇടത് ഹിന്ദുത്വ പ്രചാരകർ
എസ്എഫ്‌ഐ ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി മാറുകയാണെന്നും എസ്എഫ്‌ഐ സെക്രട്ടറി വിളമ്പുന്നത് ശശികല ഇട്ട ഇലയിലേക്കുള്ള സദ്യയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സിപിഎമ്മിന് അകത്ത് രൂപപ്പെട്ട് വരുന്ന ഇടത് ഹിന്ദുത്വ ചിന്തയാണ് എസ്എഫ്‌ഐ നേതാക്കളുടെ വംശീയ പരാമർശത്തിന് പിന്നിൽ. ഈ അടുത്ത കാലത്തായി സിപിഎമ്മിനകത്ത് ഇടത് ഹിന്ദുത്വ ചിന്ത രൂപപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇവരുടെ പരാമർശത്തിന് ശശികലയുടെ മാത്രം പിന്തുണ കിട്ടുന്നതെന്നും നവാസ് പറഞ്ഞു.
സിപിഎം നേതൃത്വത്തിന് ലീഗ് വർഗീയ പാർട്ടി അല്ല എന്നാൽ എസ്എഫ്‌ഐക്ക് വർഗീയ പാർട്ടിയാണ്. ശശികല എന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് മാത്രമാണ് എസ്എഫ്‌ഐയുടെ വംശീയതയെ പിന്തുണച്ചതെന്നും നവാസ് പറഞ്ഞു (‘ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി എസ്എഫ്‌ഐ മാറി’ – പി.കെ നവാസ്, ആഗസ്റ്റ് 17, മീഡിയാവൺ).
വിദ്വേഷത്തിന് കാരണം തോൽവി
കാലിക്കറ്റ് യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയാണ് ഇപ്പോഴത്തെ പ്രതികരണത്തിന് പിന്നിലെന്ന് മാധ്യമപ്രവർത്തകൻ സി ദാവൂദ്: ന്താപ്പം ണ്ടായേ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ തോറ്റു. എംഎസ്എഫ് ജയിച്ചു. തങ്ങളെ തോൽപിക്കുന്നവർ, തോൽപിക്കാൻ ശ്രമിക്കുന്നവർ, തോൽപിക്കാൻ വോട്ടുചെയ്യുന്നവർ വർഗീയ തീവ്രവാദികൾ ആയിരിക്കും. വർഗീയതക്ക് (മുസ്ലിം വർഗീയതക്ക് മാത്രമാണ് കെട്ടോ) ഇത്രയും ലളിത, സുന്ദര, സുദൃഢ, സുമോഹന നിർവചനം മറ്റെവിടെ കിട്ടും? (ആഗസ്റ്റ് 16, ഫേസ്ബുക്ക്/ സി ദാവൂദ് ചാലക്കൽ).
മതംപറഞ്ഞ് ജീവിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടന
കേരളത്തില്‍ പച്ചയ്ക്ക് മതംപറഞ്ഞു ജീവിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയെ ഉള്ളൂ. അത് മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷന്‍ ആണ്. എംഎസ്എഫ് ആണ്.. കാല്‍ചുവട്ടിലെ മണ്ണൊലിച്ചുപോകേണ്ടിവന്നു എസ്എഫ്‌ഐക്ക് തിരിച്ചറിവുണ്ടാകാന്‍- എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് (കേരളത്തില്‍ പച്ചയ്ക്ക് മതംപറഞ്ഞു ജീവിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയെ ഉള്ളൂ… അത് മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷന്‍ ആണ്, ഇ യു ഈശ്വരപ്രസാദ്, ആഗസ്റ്റ് 17, ജനം ടിവി).
ഇസ്‌ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാര്‍
കേരളീയ ഇസ്‌ലാമോഫോബിയയുടെ മൊത്തക്കച്ചവക്കാരാണ് സിപിഐഎമ്മെന്ന് എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ കെ.എസ് ഹരിഹരന്‍: കേരളത്തില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന്റെ മൊത്തക്കച്ചവടം സിപിഐഎമ്മും എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയുമൊക്കെ ഏറ്റെടുത്തത് ജനങ്ങളെ അറിയിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സഹായിച്ചു. നന്ദിയുണ്ട് സഖാക്കളെ നിങ്ങളെന്താണെന്ന് വെളിപ്പെടുത്തിയതിന്. ആര്‍എസ്എസ്സിന്റെ നഴ്‌സറിയാണ് നിങ്ങളെന്ന് തിരിച്ചറിയാന്‍ കെ.പി ശശികല ടീച്ചറിന്റെ അഭിനന്ദനം തന്നെ ധാരാളം (ആഗസ്റ്റ് 17, ഫേസ്ബുക്ക്/ കെ.എസ് ഹരിഹരന്‍).
‘ഇടത് ഹിന്ദുത്വ, സി ദാവൂദ്, എംഎസ്എഫിന് പിന്നിലെ ജമാഅത്തെ ഇസ്‌ലാമി
ജമാഅത്തെ ഇസ്‌ലാമി പിറകില്‍ നിന്ന് നിയന്ത്രിക്കുന്ന സംഘമായി എംഎസ്എഫ് മാറിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളും പദാവലികളുമാണ് അവര്‍ ഉപയോഗിക്കുന്നത്. എംഎസ്എഫ് വര്‍ഗീയ സംഘടനയാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും പി.കെ നവാസ് തികഞ്ഞ വര്‍ഗീയവാദിയാണെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും എംഎസ്എഫ് എല്ലാവിധ ഇടപെടലുകള്‍ക്കുമുള്ള സ്ഥാനം നല്‍കുന്നു. അതിന്റെ നാവായി എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് മാറുകയാണ്. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ‘ഇടത് ഹിന്ദുത്വ’ എന്ന വാക്ക് പി.കെ നവാസ് ഉപയോഗിച്ചു. സി.ദാവൂദ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. സി.ദാവൂദിന്റെ ജിഹ്വയായി മാറിയിരിക്കുകയാണ് പി.കെ നവാസ് (എംഎസ്എഫിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി; ‘ഇടത് ഹിന്ദുത്വ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് സി.ദാവൂദ്’, ആഗസ്റ്റ് 18, മീഡിയ വണ്‍).
ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷ
ഇടതുപക്ഷത്തിന്റെ ഭാഷ ജമാഅത്തെ ഇസ്‌ലാമിയുടേതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്: പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം നമ്മള്‍ കണ്ടിട്ടുണ്ട്, എത്ര ജാഗ്രതയോടെയാണ് സംസാരിക്കാറ്… പക്ഷേ ഇന്നലെ പി.കെ നവാസ് നടത്തിയ വാര്‍ത്താസമ്മേളനം ലീഗ് നേതൃത്വം കാണണം… ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലല്ലേ നവാസ് സംസാരിച്ചത്… പി കെ നവാസ് ഉപയോഗിച്ച ഒരു വാക്കാണ് ഇടത് ഹിന്ദുത്വ. ബ്രാഹ്ണിക്കല്‍ അജണ്ട. കേരളത്തില്‍ ഇടതുപക്ഷത്തെക്കുറിച്ച് അങ്ങനെയൊരു ആരോപണം കേരളത്തിലെ മതനിരപേക്ഷവാദികള്‍ക്കില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വാക്കുകള്‍ ഉപയോഗിച്ചാല്‍ ഇടതുപക്ഷത്തെ പ്രതിരോധിക്കാനാവില്ല.’ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് (‘ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലല്ലേ ഇന്നലെ നവാസ് സംസാരിച്ചത്.’ എം. ശിവപ്രസാദ്, ആഗസ്റ്റ് 18, മീഡിയാവണ്‍)
‘ഇടതുപക്ഷ ഹിന്ദുത്വം’ എന്ന വാക്ക്
യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ ഹിന്ദുത്വം എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിനിയാണ്, അദ്ദേഹത്തിന്റെ ‘ഇടതുപക്ഷ ഹിന്ദുത്വം ഒരു ആമുഖം’ എന്ന പുസ്‌കത്തിന്റെ ശീര്‍ഷകത്തില്‍. 2007ല്‍ പ്രോഗ്രസ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ബ്രാഹ്‌മണ മാര്‍ക്‌സിസം എസ്.കെ ബിശ്വാസിന്റെ പുസ്തകത്തിന്റെ പേരാണ്. മലയാളത്തിലേക്ക് മൊഴിമാറ്റിയത് എം.ആര്‍സുദേഷ്, അദര്‍ ബുക്‌സാണ് പ്രസാധകര്‍.
എംഎസ്എഫിന്റെ പൂര്‍ണരൂപം
‘കമ്മ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ എംഎസ്എഫുകാര്‍ വിറച്ചുപോകുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ പരാമര്‍ശം: ” കമ്മ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ എംഎസ്എഫുകാര്‍ വിറച്ചുപോകും. എം എസ് എഫിനെ നേരിടാന്‍ എസ് എഫ്ഐക്ക് വേറെ ആയുധമെടുക്കേണ്ട,സമരം ചെയ്യേണ്ട. വെറുതെ എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ മതി. എംഎസ്എഫിന്റെ രാഷ്ട്രീയം അപ്രസക്തമാകാന്‍. പട്ടിയെ വെട്ടി ആക്രമണം പരിശീലിക്കുന്ന മുസ്‌ലിം തീവ്രവാദികളുടെ ബാക്കിപത്രമാണ് എംഎസ്എഫ് (എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ മതി, ആഗസ്റ്റ് 19, മീഡിയാവണ്‍).
എന്നാല്‍ താമസിയാതെ ഇത് എസ്എഫ്‌ഐ തന്നെ നിഷേധിച്ചു. ‘എംഎസ്എഫിനെ നേരിടാന്‍ പേരിന്റെ പൂര്‍ണരൂപം മതിയെന്ന് എസ്എഫ്‌ഐ പറഞ്ഞിട്ടില്ലെന്നും അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം. സജി കുറ്റപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി: 2017 മുതല്‍ തുടര്‍ച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ വിജയിക്കുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തിലാണ് വര്‍ഗീയപരമായ ഇടപെടലുകളിലൂടെ കാമ്പസുകളെ മാറ്റുന്ന ശ്രമങ്ങള്‍ എംഎസ്എഫ് നടത്തിയത്. മതത്തെ ഉപയോഗിച്ച് പല കാമ്പയിനുകളും നടത്താനുള്ള ശ്രമങ്ങളും എംഎസ്എഫ് നടത്തി. തെരഞ്ഞെടുപ്പിനെ ഇത്തരത്തിലാണ് അവര്‍ നേരിട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ നാവായി എംഎസ്എഫ് മാറി. എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ മതിയെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞിട്ടില്ല. ഞാനവരുമായി സംസാരിച്ചിരുന്നു. അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കാമ്പസുകള്‍ക്കുള്ളില്‍ മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത് (‘എംഎസ്എഫിനെ നേരിടാന്‍ പേരിന്റെ പൂര്‍ണരൂപം മതിയെന്ന് എസ്എഫ്‌ഐ പറഞ്ഞിട്ടില്ല’; ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം.സജി, സെപ്തംബര്‍ 17, മീഡിയാവണ്‍).
മലപ്പുറത്ത് നായ്ക്കളെ വെട്ടി അക്രമം പരിശീലിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2012ല്‍ മലപ്പുറം എസ്.പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുകയും റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് (‘പട്ടിയെ വെട്ടി അക്രമം പരിശീലിക്കുന്നു’; എസ്എഫ്‌ഐ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതയെന്ത്, പൊലീസ് റിപ്പോര്‍ട്ട് വായിക്കാം, ആഗസ്റ്റ് 19, മീഡിയാവണ്‍).
ലീഗിന് ആശയ ദാരിദ്ര്യം
എസ്എഫ്‌ഐ നേതാവ് പി.എസ് സഞ്ജീവ് സ്വത്വ രാഷ്ട്രീയത്തെയും വര്‍ഗീയ രാഷ്ട്രീയത്തെയും മതരാഷ്ട്രവാദത്തെയും വേര്‍തിരിക്കുന്നു: സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ തള്ളിക്കളയുന്നില്ല. സംസ്ഥാനങ്ങളില്‍ ഇപ്പോഴും സ്വത്വരാഷ്ട്രീയം പറയുന്നവര്‍ അധികാരത്തിലുണ്ട്. സ്വത്വരാഷ്ട്രീയം എപ്പോഴും ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് തരം സംഘടനകളാണ് ഉള്ളത്. ഒന്ന് ജമാഅത്തെ ഇസ്‌ലാമി. മറ്റൊന്ന് ആര്‍എസ്എസ്സും. രണ്ട് കൂട്ടരും മതരാഷ്ട്രവാദികളാണ്. മതരാഷ്ട്രമുയര്‍ത്തുന്നില്ലെങ്കിലും വര്‍ഗീയ നിലപാടുള്ളവരാണ് മുസ്ലിംലീഗ്. സ്വത്വവാദികള്‍ അവരെ ന്യായീകരിക്കാന്‍ അംബേദ്ക്കറെ ഉദ്ധരിക്കാറുണ്ട്. സ്വത്വപ്രശ്‌നങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് അഭിസംബോധന ചെയ്യണം. മുസ്ലിംകള്‍ സംഘടിക്കുന്നതിന് എസ്എഫ്‌ഐ എതിരല്ല. വിമര്‍ശനം ഈ സംഘടന ജമാഅത്തെ ഇസ്ലാമിക്ക് വഴിപ്പെട്ടിരിക്കുന്നു എന്നതിലാണ്. ഇതിലൂടെ സംഘപരിവാറിന് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കുകയാണ്. ഞങ്ങള്‍ സംഘപരിവാറിനൊപ്പമല്ല. കാംപസ്സിന്റെ അനുഭവപശ്ചാത്തലത്തിലാണ് ഞങ്ങള്‍ നിലപാടെടുക്കുന്നത്. എംഎസ്എഫ് മതരാഷ്ട്രവാദ സംഘടനകള്‍ക്ക് സാധ്യതയൊരുക്കാവുന്ന തരത്തില്‍ മതവര്‍ഗീയവാദം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെലവാക്കാന്‍ ശ്രമിക്കുന്നു. അത് അപകടകരമാണ്. എംഎസ്എഫിനെ അതില്‍നിന്ന് പുറത്തെത്തിക്കലാണ് ഞങ്ങളുടെ ശ്രമം. മതരാഷ്ട്രവാദികള്‍ സ്വന്തം മതത്തിലുള്ളവരെ സംഘടിപ്പിക്കുക മാത്രമല്ല, ഇതരമതസ്ഥര്‍ക്കെതിരാക്കുകകൂടിയാണ് (ലീഗിന് ആശയ ദാരിദ്ര്യം; ആശയം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പണിപ്പുരയില്‍’, ആഗസ്റ്റ് 19, റിപ്പോര്‍ട്ടര്‍ ലൈവ്).
വര്‍ഗീയതയ്ക്ക് ഒപ്പം ചേരല്‍
ജമാഅത്തെ ഇസ്ലാമിയെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ചാരിയാല്‍ അത് വര്‍ഗീയതയ്ക്ക് ഒപ്പംചേരല്‍ തന്നെയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എംഎസ്എഫിനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെയാണ് വര്‍ഗീയതയെ കുറിച്ചുള്ള എം ശിവപ്രസാദിന്റെ പോസ്റ്റ്. ബിബിന്‍ ചന്ദ്ര ഉള്‍പ്പെടെയുള്ള അഞ്ച് ചരിത്രകാരന്മാര്‍ തയ്യാറാക്കിയ പുസ്തകത്തെ ഉദ്ധരിച്ചാണ് ശിവപ്രസാദ് വര്‍ഗീയതയെക്കുറിച്ച് പറയുന്നത്. വര്‍ഗീയതയുടെ മൂന്ന് വികാസ ഘട്ടങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നുവെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംഘടനകള്‍ മതത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാവുന്നു എന്ന ഒന്നാം ഘട്ടം മുതല്‍ തീവ്ര വര്‍ഗീയവാദമാകുന്നതുവരെയുള്ള ഘട്ടത്തെ പുസ്തകത്തെ ഉദ്ധരിച്ച് ശിവപ്രസാദ് ചൂണ്ടിക്കാട്ടുന്നു:
ഒരു വര്‍ഗീയവാദത്തെ മറ്റൊരു വര്‍ഗീയവാദം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ല. പ്രതിരോധം സൃഷ്ടിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാണ്. ‘വര്‍ഗീയ – മത രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ചാരിയാല്‍ അത് വര്‍ഗീയതയ്ക്ക് ഒപ്പംചേരല്‍ തന്നെയാണ്. വര്‍ഗീയതയില്‍ ലയിച്ച വര്‍ഗീയവാദി ആയി എന്ന് തന്നെയാണ്. ഇത് രാഷ്ട്രീയമായ വിമര്‍ശനമാണ്. വംശീയമാണ് എന്ന് പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും ഈ രാഷ്ട്രീയ വസ്തുത നിലനില്‍ക്കുക തന്നെ ചെയ്യും’, ശിവപ്രസാദ് പറഞ്ഞു (ജമാഅത്തെ ഇസ്ലാമിയെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ചാരിയാല്‍ അത് വര്‍ഗീയതയ്ക്ക് ഒപ്പംചേരല്‍ തന്നെയാണ്: ശിവപ്രസാദ്, ആഗസ്റ്റ് 19, റിപ്പോര്‍ട്ടര്‍).
റുമൈസ റഫീഖിന്റെ ചോദ്യം
കോഴിക്കോട് സര്‍വകലാശാലയില്‍ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് എംഎസ്എഫ് നേതാവായ പി.കെ ഷിഫാനയായിരുന്നു.
കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിത കോളേജിലെ ഇലക്ഷന്‍ സംബന്ധിച്ചു ഒരു വാര്‍ത്താ സമ്മേളനത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഒരു ശബ്ദസന്ദേശം പുറത്തുവിട്ടു. മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതിരേ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. റുമൈസ് റഫീഖ് കണ്ണൂരിലെ ബാഫഖി തങ്ങള്‍ മന്ദിരത്തില്‍ ഒരു വാര്‍ത്താസമ്മേളം വിളിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍പേഴ്‌സനായി പി കെ ഷിഫാന എന്ന ഒരു തട്ടമിട്ട മുസ്ലിം വനിത വന്നതുമുതല്‍ വലിയ പ്രചാരണം നടക്കുന്നുണ്ടെന്നും കാമ്പസിലെ പുതിയ മാറ്റങ്ങളാണ് എസ്എഫ്ഐയുടെ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അവര്‍ പറഞ്ഞു. താന്‍ അണിയുന്ന ഒന്നര മീറ്റര്‍ നീളമുള്ള തട്ടവും തന്റെ ‘റുമൈസ റഫീഖ്’ എന്ന പേരും തന്നെയാണോ എതിരാളികളെ അലോസരപ്പെടുത്തുന്നതെന്ന് അവര്‍ ചോദിച്ചു (‘ഞാനിട്ടിരിക്കുന്ന ഒന്നര മീറ്റര്‍ തട്ടവും, എന്റെ മുസ്‌ലിം പേരുമാണ് എസ്എഫ്‌ഐയെ അലോസരപ്പെടുത്തുന്നത്’, ആഗസ്റ്റ് 19, മീഡിയാവണ്‍).
ശബ്ദസന്ദേശം എസ്‌ഐഓയുടേതാണെന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ അതിന് തെളിവൊന്നും ഹാജരാക്കിയില്ല. വര്‍ഗീയ സംഘടനകളായ എബിവിപി, പിഎഫ്ഐ എന്നിവര്‍ക്ക് ചരിത്രത്തിലാദ്യമായി സര്‍വകലാശാല കൗണ്‍സിലറെ നല്‍കിയ എസ്എഫ്ഐ, എംഎസ്എഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും റുമൈസ പറഞ്ഞു (ആ ശബ്ദസന്ദേശം എസ്‌ഐഒ വിദ്യാര്‍ത്ഥിയുടെത്: എസ്എഫ്‌ഐയുടെ ആരോപണങ്ങളെ പ്രതിരോധിച്ച് എംഎസ്എഫ്, ആഗസ്റ്റ് 19, കെ വാര്‍ത്ത)
എംഎസ്എഫ് മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേര്‍തിരിക്കുന്നു
എംഎസ്എഫ് മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേര്‍തിരിക്കുന്നുവെന്ന് കെഎസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച്: മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്. എംഎം കോളജില്‍ കെഎസ് യു സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കേണ്ട കുട്ടിയെ പള്ളിക്കമ്മറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളില്‍ വര്‍ഗീയ ചിന്തകളുടെ അപ്പോസ്‌തലന്മാരായി പ്രവര്‍ത്തിക്കുന്നു. മതം പറഞ്ഞ് വിദ്യാര്‍ത്ഥി സമൂഹത്തെ വേര്‍തിരിക്കുന്നവര്‍. കണ്ണൂരിലെ ക്യാമ്പസില്‍ നിന്ന് അകറ്റി നിര്‍ത്താം ഈ കൂട്ടരെ (എംഎസ്എഫ് മതസംഘടന; നാടിന് ആപത്തെന്ന് കെഎസ്‌യു കണ്ണൂര്‍ ജില്ല സെക്രട്ടറി, ആഗസ്റ്റ് 20, ഓപ്പണ്‍ മലയാളം വെബ്‌ഡെസ്‌ക്; ആഗസ്റ്റ് 20, ഫേസ്ബുക്ക് / മുബസ് മുഹമ്മദ്).
സി.എച്ച് മുബാസിന്റെ വിവാദ പ്രസ്താവന പിന്നീട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തിരുത്തി. പരസ്പരം മത്സരിക്കുന്ന കാമ്പസുകളില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വൈകാരിക പ്രതികരണം മാത്രമാണ് മുബാസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് അലോഷ്യസ് പറഞ്ഞു. എം.എസ്.എഫിന് വര്‍ഗ്ഗീയ ചാപ്പ കുത്താനുള്ള എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല. ഇക്കാര്യത്തിലുള്ള കെ.എസ്.യു നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി (എം.എസ്.എഫിനെ കെ.എസ്.യു നേതാവ് വര്‍ഗീയ ചാപ്പ കുത്തിയതില്‍ വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ്; ‘വൈകാരിക പ്രതികരണം, എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല’, ആഗസ്റ്റ് 22, മാധ്യമം).
മലാല യൂസഫ് സായ് എന്ന വാര്‍പ്പുമാതൃക
മലാലയെക്കുറിച്ച് എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്: ഒരു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വമാവാന്‍ എന്നില്‍ ഏറെ ആവേശം സൃഷ്ടിച്ച പോരാളിയാണ് മലാല യൂസഫ് സായ്. സ്വന്തം നാട്ടില്‍ അവള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ 15ാം വയസ്സില്‍ വെടിവെച്ച് വീഴ്ത്തിയിട്ടും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തി വീണ്ടും ആ പോരാട്ടത്തിന്റെ നെറുകയിലേക്ക് നടന്ന് കയറിയ പെണ്‍കുട്ടി. തീവ്രവാദ പ്രസ്ഥാനമായ താലിബാന് അവളുടെ ഒന്നരമീറ്റര്‍ തട്ടം അവളെ വെടിവെച്ചു വീഴ്ത്താന്‍ ഒരു പ്രതിബന്ധമായിരുന്നില്ല (ആഗസ്റ്റ് 20, ഫേസ്ബുക്ക് / എം ശിവപ്രസാദ്).
‘ഇരയായ’ മുസ്ലീം പെണ്‍കുട്ടിയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ‘മലയാളി’കളെന്നും ഇസ്‌ലാമോഫോബിയ വാര്‍പ്പുമാതൃകകള്‍ പുനരുല്‍പാദിപ്പിക്കുക എന്നതൊരു അജണ്ടയായി അറിഞ്ഞോ അറിയാതെയോ ശിവപ്രസാദ് ഏറ്റെടുത്തിരിക്കുന്നുവെന്നുമുള്ള വിമര്‍ശനവുമായി എഴുത്തുകാരനും ഗവേഷകനുമായ വസിം ആര്‍.എസ് (ആഗസ്റ്റ് 20, ഫേസ്ബുക്ക് / വസിം ആര്‍.എസ്).
മതം പറഞ്ഞ് ജീവിക്കുന്നവര്‍
കേരളത്തില്‍ പച്ചയ്ക്ക് മതം പറഞ്ഞ് ജീവിക്കുന്ന ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ് ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടഫി ഇ.യു ഈശ്വരപ്രസാദ്. എംഎസ്എഫും എസ്എഫ്‌ഐയും ഒരു വഞ്ചിയില്‍ സഞ്ചരിക്കുന്നവരാണെന്നും മതവും മതഭീകരവാദവും ഉപയോഗിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു (എംഎസ്എഫും എസ്എഫ്‌ഐയും ഒരേ വഞ്ചിയില്‍ സഞ്ചരിക്കുന്നവരെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, ആഗസ്റ്റ് 21, ജനംടിവി)
16. കെ.ടി കുഞ്ഞിക്കണ്ണന്റെ മതരാഷ്ട്രവാദം
ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ ജാതി, സവര്‍ണ മേധാവിത്വത്തിന്റെ പ്രതിഫലനമെന്നതിനേക്കാള്‍ മതപ്രശ്‌നമായി മനസ്സിലാക്കുകയും അതിനു സമാന്തരമായി മുസ്‌ലീം സംഘടനകളെ മതവാദികളും മതരാഷ്ട്രവാദികളുമായി ചിത്രീകരിക്കുകയും ചെയ്യുക ഇടതുപക്ഷവും ‘മതേതരവാദി’കളുടെയും രീതിയാണ്. ആഗസ്റ്റ് 9ന് കേളു ഏട്ടന്‍ പഠനകേന്ദ്രം നടത്തിയ സെമിനാറിന്റെ വിഷയവും അതായിരുന്നു (മതരാഷ്ട്ര വാദം ഇന്ത്യയിലും സാര്‍വദേശീയതലത്തിലും, ഡോ. കെ എം സീതി, എ.എം ഷിനാസ്, ആഗസ്റ്റ് 9, കോഴിക്കോട്).
ഇതേ കുറിച്ച് കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മതമായിരിക്കണം രാഷ്ട്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നതെന്നത് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന തുല്യതയുടെയും നീതിയുടെയും തത്വങ്ങളെ നിരാകരിക്കുന്ന ആധുനികവിരുദ്ധമായൊരു വംശീയസിദ്ധാന്തമാണ് മതരാഷ്ട്രവാദമെന്നത്. മുസോളിനിയും ഹിറ്റ്‌ലറും ഫ്രാങ്കോവുമെല്ലാം ചരിത്രത്തെ രക്തപങ്കിലമാക്കിയത് തങ്ങളുടേതായ ശ്രേഷ്ടമതവംശീയവാദമുയര്‍ത്തിയാണ്… ആധുനിക ജനാധിപത്യ ദേശീയതക്കെതിരായ സാമ്രാജ്യത്വപദ്ധതിയെന്ന നിലയിലാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ ഇസ്ലാമിസവും സയണിസവും ഇന്ത്യയില്‍ ഹിന്ദുത്വവും ശ്രീലങ്കയിലും മ്യാന്‍മറിലുമെല്ലാം സിംഹളബുദ്ധ മതതീവ്രവാദവുമെല്ലാം വളര്‍ന്നുവന്നതും ചോരപ്പുഴകള്‍ തീര്‍ത്തതും (ആഗസ്റ്റ് 6, ഫേസ്ബുക്ക്/ കെ ടി കുഞ്ഞിക്കണ്ണന്‍).
17. ജിഹാദികളും കാവി ഭീകരതയും
മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളായ പ്രജ്ഞാസിംഗ് ഠാക്കൂറിനെയും ശ്രീകാന്ത് പ്രസാദ് പുരോഹിത്തിനെയും വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുരളി പാറപ്പുറം ജന്മഭൂമിയില്‍ എഴുതിയ ലേഖനം കോണ്‍ഗ്രസിനെ ‘ജിഹാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാര്‍ട്ടി’ എന്നു വിശേഷിപ്പിക്കുന്നു. 2010ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരമാണ് ‘കാവി ഭീകരത’ എന്ന പ്രയോഗം നടത്തിയത്.
ലേഖനത്തില്‍ ചില നിരീക്ഷണങ്ങള്‍:
ഇസ്ലാമിക ഭീകരവാദം ആഗോള പ്രതിഭാസമാണ്. ആര്‍എസ്എസും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഇല്ലാത്ത രാജ്യങ്ങളിലും അക്രമങ്ങളും കൂട്ട കൊലകളും നടത്തുന്നവരാണ് ജിഹാദി ശക്തികള്‍. എന്നാല്‍ ഈ സത്യം മറച്ചു വെച്ചുകൊണ്ട് ഇസ്ലാമിക ഭീകരവാദത്തിന് കാരണം ഹിന്ദുത്വശക്തികളാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
നിലനില്‍ക്കുന്നതിനാല്‍ ഇസ്ലാമിക ഭീകരതയെ വിമര്‍ശിക്കുന്നതും അതിനെതിരെ നടപടിയെടുക്കുന്നതും ശരിയല്ലെന്നാണ് കോണ്‍ഗ്രസിന്റെ നയം. മലേഗാവ് സ്‌ഫോടനത്തെ ഹിന്ദു ഭീകരതയാക്കിയത് ഈ നയത്തിന്റെ ഭാഗമായിരുന്നു.
മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ഹിന്ദുക്കളെയും ഹിന്ദുത്വ ആശയങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഭാരതത്തിന് എതിരായ ഭീകരാക്രമണം സര്‍ക്കാര്‍ നയമായി സ്വീകരിച്ചിട്ടുള്ള പാകിസ്താനെ ഇത് വല്ലാതെ സന്തോഷിപ്പിക്കുകയും ചെയ്തു. ഹിന്ദു ഭീകരത സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ഭരണാധികാരികളുടെയും ശ്രമം ഇസ്ലാമിക ഭീകരവാദികളെയും പാകിസ്താനെയും ഏറെ സന്തോഷിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള ഇസ്‌ലാമിക മതമൗലികവാദ-ഭീകര സംഘടനകള്‍ ഈ പ്രചരണം ഏറ്റെടുത്തു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായതിനെ കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളും ഇടതു നേതാക്കളും മലേഗാവ് എന്ന വാക്ക് പോലും പറഞ്ഞില്ല. ഇസ്‌ലാമിക ഭീകരവാദത്തെ വെള്ളപൂശുന്നതിലും പിന്തുണയ്ക്കുന്നതിലും കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഒരേ മനസ്സാണ് ഉള്ളതെന്ന് ഇതില്‍ വ്യക്തമാകുന്നു (കോണ്‍ഗ്രസിന്റെ കാവി ഭീകരതയും മാധ്യമങ്ങളുടെ മൗനവും, ആഗസ്റ്റ് 6, ജന്മഭൂമി, ലേഖനം: മുരളി പാറപ്പുറം).


18 ‘ആംഗലസാമ്രാജ്യ’വും ഇസ്‌ലാമോഫോബിയയും
ആഗസ്റ്റ് മാസം പച്ചക്കുതിര മാസികയില്‍ ‘സംസ്‌കൃതവും അസംസ്‌കൃതവും’ എന്ന ശീര്‍ഷകത്തില്‍ ഒരു അഭിമുഖമുണ്ട്. ഡോ. ടി.എസ് ശ്യാംകുമാറുമായി രാജേഷ് കെ എരുമേലിയാണ് സംസാരിക്കുന്നത്.
ചോദ്യം: സംസ്‌കൃത വ്യാകരണം എങ്ങനെയാണ് ജാതി വ്യവസ്ഥയെ ഉറപ്പിക്കുന്നത്?
ശ്യാംകുമാറിന്റെ മറുപടി: എ.ആര്‍ രാജരാജ വര്‍മയുടെ ‘കേരളപാണിനീയം’ എങ്ങനെയാണ് ജ്യാതി വ്യവസ്ഥയെ ഉറപ്പിക്കുന്നതെന്നു ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എ.ആറിന്റെ ‘ആംഗലസാമ്രാജ്യം’ എന്ന കൃതിയിലൂടെ കേരളത്തില്‍ ഒരു അപരവല്‍ക്കരണം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതില്‍ പറയുന്നത് കേരളത്തില്‍ മുസ്ലീങ്ങള്‍ കാലുകുത്തിയതോടെ ഇവിടം അശുദ്ധം ആയെന്നാണ്. ടിപ്പുവിനെ രാവണനായും ബ്രിട്ടീഷുകാരെ രാമനായും ഇതില്‍ ചിത്രീകരിക്കുന്നു. തിരുവനന്തപുരത്ത് സംസ്‌കൃത കോളേജ് സ്ഥാപിച്ചപ്പോള്‍ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രം സംസ്‌കൃതത്തില്‍ പഠിക്കുന്നതിന്നാണ് ഈ പുസ്തകം എഴുതിയത്. ഈ പുസ്തകത്തിലെ ചരിത്രധാരണ എത്രമാത്രം അപകടകരമാണെന്ന് പി.കെ ബാലകൃഷ്ണന്‍ പറയുന്നുണ്ട്. ടിപ്പുവിനെ പേടിച്ച് ഇവരെല്ലാം ഓടിപ്പോയി എന്ന് പറയുകയാണെങ്കില്‍ അങ്ങനെ ഓടിപ്പോയവരില്‍ ആരെങ്കിലും തിരിഞ്ഞുനോക്കിയാല്‍ മാത്രമല്ലേ ചരിത്രമുണ്ടാകൂ. ടിപ്പുവിനെക്കുറിച്ച് കള്ളക്കഥകള്‍ മെനയുന്നതില്‍ എ.ആറിനും പങ്കുണ്ട്. ടിപ്പുവിന്റെ കാലൊടിഞ്ഞത് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതുകൊണ്ടാണെന്നുവരെ ആംഗലസാഹിത്യത്തില്‍ എഴുതുന്നുണ്ട്. ഇന്നത്തെ നിലയില്‍ ഇസ്ലാമോഫോബിക് ആയ നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ കണ്ടെത്താനാകും (സംസ്‌കൃതവും അസംസ്‌കൃതവും (അഭിമുഖം) ഡോ. ടി സ് ശ്യാംകുമാര്‍/രാജേഷ് കെ എരുമേലി, പച്ചക്കുതിര മാസിക, ആഗസ്റ്റ്).
19 വെള്ളാപ്പള്ളി ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നു
‘ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വെള്ളാപ്പള്ളിയെ പിണറായി സപ്പോര്‍ട്ട് ചെയ്യുന്നത് എന്തുകൊണ്ട്?’ എന്ന ശീര്‍ഷകത്തില്‍ സി.ആര്‍ നീലകണ്ഠന്‍ ദി പ്രൈം വിറ്റ്‌നെസ് എന്ന യുട്യൂബ് ചാനലില്‍ ഒരു പ്രതികരണം നടത്തി. ഇസ്‌ലാമോഫോബിയ വളര്‍ത്തി കേരളത്തില്‍ ബിജെപിക്കുവേണ്ടി വോട്ടുപിടിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു: കേരളത്തിലെ ഈഴവ സമൂഹത്തില്‍ മലപ്പുറത്തിനെതിരേയും ഇസ്ലാമിനെതിരേയും ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും ആ വോട്ട് പതുക്കെപ്പതുക്കെ സംഘപരിവാറിലേക്കെത്തിക്കുകയുമാണ് വെള്ളാപ്പള്ളി നടേശന്റെ പങ്ക്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും കോട്ടയത്തും ആലപ്പുഴയിലും നാമത് കണ്ടു. സിപിഎമ്മിന്റെ ഉറച്ചവോട്ടുകള്‍ വലിയതോതില്‍ ബിജെപിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അല്ലെങ്കില്‍ ഇത്തരമൊരു ഫലം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല (‘ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വെള്ളാപ്പള്ളിയെ പിണറായി സപ്പോര്‍ട്ട് ചെയ്യുന്നത് എന്തുകൊണ്ട്?’, ആഗസ്റ്റ് 7, ദി പ്രൈം വിറ്റ്‌നെസ്).
20. രാഹുല്‍ ഗാന്ധിയും മൗദൂദിയും
വോട്ടര്‍ പട്ടികയിലെ അട്ടിമറിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ചുകൊണ്ട് ശ്രുതി എസ് പങ്കജ് ഫേസ് ബുക്കില്‍ ഒരു കുറിപ്പെഴുതി (ആഗസ്റ്റ് 7, ഫേസ്ബുക്ക് പോസ്റ്റ്/ ശ്രുതി എസ് പങ്കജ്). രാഹുലിന്റെ വെളിപ്പെടുത്തലിന് ഗൗരവമില്ലെന്നായിരുന്നു ധ്വനി. സ്വാഭാവികമായും വിമര്‍ശനം ഉയര്‍ന്നുവന്നു. പക്ഷെ വിമര്‍ശകരുടെ സ്വഭാവത്തെക്കുറിച്ച് ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജോബിന്‍സ് ഐസക് ഡേവിഡ് നിരീക്ഷിക്കുന്നതു മറ്റൊരു രീതിയിലാണ്: ഇവിടെ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത് യു എസ് സയണിസ്റ്റ് അനുകൂല ലിബറലുകളും സാമ്രാജ്യത്വ പദ്ധതിയായ മൗദൂദിസത്തിന്റെ അനുയായികളുമാണ്. കൈരളിയില്‍ അത് ലൈവുണ്ടോ എന്നതായിരുന്നു അവരുടെ ഗവേഷണ ദൗത്യം… രാഹുല്‍ ഗാന്ധി അവര്‍ക്ക് ഇടതുപക്ഷത്തെ നേരിടാനുള്ള ഒരു ടൂള്‍ മാത്രമാണ് (ആഗസ്റ്റ് 7, ഫേസ്ബുക്ക് പോസ്റ്റ്/ ജോബിന്‍സ് ഐസക് ഡേവിഡ്).
പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന രൂപകത്തിന്റെ ആവര്‍ത്തനം ഒരു സാമൂഹികബോധമായി മാറിയിരിക്കുന്നു.
21. ചര്‍ച്ചയാവാത്ത ‘നാര്‍ക്കോട്ടിക് ജിഹാദ്’
കേരളത്തില്‍ 29 വയസ്സുകാരായ മൂന്ന് മലയാളികള്‍ (എഡിസണ്‍, ഡിയോള്‍, അഞ്ചു) ബ്രിട്ടീഷ് ആസ്ഥാനമായ ലോകത്തിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖലയുമായി ചേര്‍ന്ന് 5 വര്‍ഷത്തിലേറെ 600 ഷിപ്പ്‌മെന്റുകളില്‍ കോടികളുടെ എല്‍എസ്ഡി വില്‍പ്പന നടത്തി. ഇവരുടെ ജാതി, മത സ്ഥാനങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളൊന്നും പൊതുമണ്ഡലത്തില്‍ നടന്നില്ല.
ഇത് കുറിച്ച് മുഹമ്മദ് ഡാനിഷ് തന്റെ ഇന്‍സ്റ്റ ഐഡിയിലൂടെ പ്രതികരിച്ചത് ഇങ്ങനെ: ‘കേരളത്തില്‍ നിന്നുള്ള മൂന്ന് മലയാളി യുവാക്കള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് കോടികളുടെ വ്യാപാരം നടത്തിയിട്ടും, പ്രതികളുടെ മത-സമുദായം ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും നടന്നിട്ടില്ല. ‘നാര്‍ക്കോട്ടിക് ജിഹാദ്’ പോലുള്ള അടിസ്ഥാനരഹിത പ്രചരണങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ട മതസമുദായത്തിനെതിരെ മാത്രം നടക്കുന്നു എന്നതിന്റെ തെളിവാണ് ഇത് (ആഗസ്റ്റ് 8, മുഹമ്മദ് ഡാനിഷ്/ ഇന്‍സ്റ്റഗ്രാം പേജ് ഫോബിയ ഫീഡ്).
22. മുസ്ലീങ്ങൾ അല്ലാത്തവര്‍ക്ക് നഷ്ടം
കേരളത്തിലെ സ്‌കൂള്‍ സമയക്രമത്തെ കുറിച്ചുള്ള സര്‍ക്കാരും മുസ്ലീ മതപണ്ഡിത സംഘടനയായ സമസ്തയും തമ്മിലുണ്ടായ ചര്‍ച്ചയെക്കുറിച്ച് കേസരി നടത്തിയ പ്രതികരണമാണ് ഇത്: സര്‍ക്കാര്‍ സമസ്ത കേരള സുന്നി ജംഇയതുല്‍ ഉലമ പ്രതിനിധികളെ ചര്‍ച്ചക്കു വിളിച്ചതാണ് ലേഖനത്തിന്റെ പ്രകോപനം: ‘നാട്ടുകാരെ പറ്റിക്കുന്ന സമവായ ചര്‍ച്ച എന്ന ഒത്തുകളിയില്‍ ശിവന്‍കുട്ടിയും സമസ്തയും ജയിച്ചു; തോറ്റത് അമുസ്ലിം സമുദായക്കാരായ വിദ്യാര്‍ത്ഥികള്‍ ഇതല്ലേ യാഥാര്‍ത്ഥ്യം?’ ചര്‍ച്ച വിജയിച്ചതായി അവകാശപ്പെട്ടെങ്കിലും, മദ്രസ സമയക്രമത്തില്‍ മാറ്റമില്ലാത്തതിനാല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ വൈകല്‍ തുടരുന്നു.
ലേഖകന്റെ അഭിപ്രായത്തില്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും സമസ്തയും ലാഭം നേടിയെങ്കിലും, അക്കാദമികമായി നഷ്ടം അനുഭവിച്ചത് അമുസ്ലിം വിദ്യാര്‍ത്ഥികളാണ്. ഇത് നാട്ടുകാരെ പറ്റിക്കുന്ന ‘ഒത്തുകളി’യായിരുന്നു. ഈ ചര്‍ച്ച മുസ്ലിംകളല്ലാത്തവര്‍ക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു (ഇതു കേട്ടില്ലേ? ‘സമസ്തയും ശിവന്‍ കുട്ടിയും ജയിച്ചു; തോറ്റത് വിദ്യാര്‍ത്ഥികള്‍, ശാകല്യന്‍, ആഗസ്റ്റ് 8, പേജ്: 66, കേസരി വാരിക).


23. കേരളത്തെ നിയന്ത്രിക്കുന്ന മുസ്ലീങ്ങൾ
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ പിന്‍പറ്റി കേസരിയില്‍ ഒരു ലേഖനമെഴുതി ‘വെള്ളാപ്പള്ളി പറഞ്ഞ അപ്രിയ സത്യങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍. മുസ്ലീം മതവിഭാഗം കേരളത്തിലെ രാഷ്ട്രീയ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാന വാദം.
മുസ്ലീങ്ങൾ ജനസംഖ്യ ‘കൃത്യമായി വര്‍ദ്ധിപ്പിച്ച്’ കേരളത്തിലെ രാഷ്ട്രീയ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നു, കേരളം ഉടന്‍ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകും, സര്‍ക്കാര്‍ മുസ്ലീം മത നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഭരിക്കുന്നു, കേരളത്തില്‍ ഒരു നിയമം പാസാക്കാന്‍ മലപ്പുറത്തിന്റെ അനുമതി വേണം, മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ നിയോജക മണ്ഡലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഹിന്ദുക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ കുറയ്ക്കുകയും ചെയ്തു, മുസ്ലിം ജനസംഖ്യ വര്‍ദ്ധനവ് ‘ആസൂത്രിതമാണ്’, ദേശീയ ജനസംഖ്യാനയം പാലിക്കാതെ മതപരമായ ലക്ഷ്യത്തിനായി ജനസംഖ്യ കൂട്ടുകയാണ്, മുസ്ലിംകള്‍ 16-17 വയസ്സില്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നു, ഇത് ജനസംഖ്യ വര്‍ദ്ധനവിനായി ഉപയോഗിക്കുന്നു, തലമുറകളെ വര്‍ദ്ധിപ്പിച്ച് ജനസംഖ്യ കൂട്ടുന്നു, ഹിന്ദുക്കള്‍ രാഷ്ട്രീയമായി വിഘടിച്ചു, മതബോധം തകര്‍ന്നു, മുസ്ലിംകള്‍ക്ക് പോലെ സംഘടിതമായി ജനസംഖ്യ കൂട്ടാന്‍ കഴിയുന്നില്ല, കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാകുന്നത് അപകടകരമാണ്, ജനസംഖ്യ വര്‍ധനയോടൊപ്പം ശരിയത്ത് പോലുള്ള മതനിയമങ്ങള്‍ നടപ്പാക്കുന്നു, മുസ്ലീം സമൂഹം വര്‍ഗീയമായി കൂടുതല്‍ ധ്രുവീകരിക്കപ്പെടുകയും, തീവ്ര മതബോധത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു, മുസ്ലീങ്ങൾ ഇതരമതക്കാര്‍ക്കെതിരേ ഭീഷണി മുഴക്കുന്നു, തീവ്രവാദത്തെ മനസ്സില്‍ പിന്തുണയ്ക്കുന്നവര്‍ വര്‍ദ്ധിക്കുന്നു, മുസ്ലിം സമൂഹം മതനിയമങ്ങള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു, രണ്ട് മുന്നണികളും മുസ്ലീം പ്രീണനത്തിനായി നീതി ലംഘിച്ചു – ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍ (‘വെള്ളാപ്പള്ളി പറഞ്ഞ അപ്രിയ സത്യങ്ങള്‍’, ആര്‍.വി ബാബു, ആഗസ്റ്റ് 8, കേസരി വാരിക, പേജ്: 8).
24. മന്ത്രി മുഹമ്മദ് റിയാസും ചാരവനിതയും
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന ജ്യോതിയെ ടൂറിസം പ്രചാരണത്തിന് നിയമിക്കുക വഴി ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയതെന്ന് കേസരിയിലെ ലേഖനം. പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളം ടൂറിസത്തിന് വേണ്ടി ചെയ്ത പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. വന്ദേഭാരതിന്റെ കന്നിയാത്രയിലും ഇവര്‍ പങ്കെടുത്തിരുന്നുവെന്നതിനെക്കുറിച്ച് ലേഖനം നിശ്ശബ്ദമായിരുന്നു (മന്ത്രി റിയാസും ജ്യോതിയെന്ന ചാരവനിതയും, ആഗസ്റ്റ് 8, കേസരി, പേജ് 16-17).
25. കേരളത്തെ നിയന്ത്രിക്കുന്ന മുസ്ലീം സംഘടനകള്‍
ജി.കെ സുരേഷ് ബാബുവിന്റെ കേസരി വാരികയിലെ ലേഖനം കേരളത്തിലെ ഭരണകൂടങ്ങള്‍, പ്രത്യേകിച്ച് ഇടതും വലതും ചേര്‍ന്ന രാഷ്ട്രീയ മുന്നണികള്‍, മുസ്ലീം വോട്ട് ബാങ്കിനായി അവര്‍ക്ക് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നുവെന്നും, ഇതിലൂടെ സംസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവം ‘മതാധിഷ്ഠിത ഭരണം’ പോലെയായി മാറുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു:
പ്രധാന ആരോപണങ്ങള്‍: നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ കേരളം ഇസ്ലാമിക് രാഷ്ട്രമാകും, മുസ്ലിം ലീഗിനെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കിയിരിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മുമാണ്, മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയല്ല, കേരളം ജനാധിപത്യത്തില്‍ നിന്ന് ‘മതാധിപത്യ’ത്തിലേക്ക് മാറി, അതുകൊണ്ട് മുസ്ലിം മതപണ്ഡിതന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം കൊടുക്കുന്നു, ഭരണമുന്നണികള്‍ മുസ്ലിം ലീഗിനെയും ഇസ്ലാമിക തീവ്രവാദ സംഘടനകളെയും പ്രസാദിപ്പിക്കുന്നു, സമ്പന്നരും വലിയ ജനസംഖ്യയുമുള്ള മുസ്ലിം സമൂഹം ‘പിന്നാക്ക’ പട്ടികയില്‍ ഇടംപിടിച്ച്ആനുകൂല്യങ്ങള്‍ വാങ്ങുന്നു, കേരളം നേരിടുന്ന ഭീഷണികള്‍ ഇവയാണ്- ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍ സാമ്പത്തിക സംവിധാനം, വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ഇസ്ലാമീകരണം വഴി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പുറത്താക്കല്‍….1921 ലെ മാപ്പിള കലാപം ‘ഹിന്ദു വംശഹത്യ’ ആയിരുന്നു, മുസ്ലീം വോട്ടുബാങ്ക് ശക്തിയെ ചെറുക്കാന്‍ ഹിന്ദു ക്രിസ്ത്യന്‍ ഐക്യം ഉണ്ടാക്കിയില്ലെങ്കില്‍ കേരളം ഭാവിയില്‍ കശ്മീരാകും, മുസ്ലീം ലീഗ് മാറിമാറി കേരളത്തിലെ ഭരണത്തില്‍ പങ്കുചേര്‍ന്ന് വലിയ നേട്ടങ്ങള്‍ കൈവരിച്ചു, മുസ്ലീം വോട്ടുബാങ്കിനെ നേരിടാന്‍ ഹിന്ദു ക്രിസ്ത്യന്‍ വോട്ടുബാങ്ക് സൃഷ്ടിക്കണം, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശക്തിക്കു പിന്നില്‍ പോപുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും, സമാധാനപ്രവര്‍ത്തകരെന്ന് അവകാശപ്പെടുകയും രാഷ്ട്രീയ വ്യവസ്ഥ തന്നെ ഹറാമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ രാഷ്ട്രീയ അനുകൂല്യങ്ങളും സംവരണവും സ്വീകരിക്കുന്നു (‘വെള്ളാപ്പള്ളിയെ വേട്ടയാടുമ്പോള്‍’, ജി.കെ സുരേഷ് ബാബു, കേസരി വാരിക, ആഗസ്റ്റ് 8, പേജ്: 23 -25).
26. ഇസ്‌ലാമോഫോബിയയും വ്യക്തികളും
‘ഇസ്‌ലാമോഫോബിയ ഒരു പരിധി വരെ സാധാരണവത്കരിക്കപ്പെട്ട ഇടമായി കേരളം മാറിയിട്ടുണ്ടെന്ന് ശബാബ് വാരികയില്‍ സി.പി അബ്ദുസ്സമദ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മൂന്ന് തരത്തിലാണ് ഇസ്‌ലാമോഫോബിയ കൊണ്ടുനടക്കുന്ന ആളുകളെ കാണാന്‍ കഴിയുക:
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നവര്‍, ഇത്തരം ആളുകള്‍ ഉണ്ടാക്കുന്ന ഇസ്‌ലാമോഫോബിയ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ചില സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ആളുകള്‍, ബോധപൂര്‍വമല്ലാതെ ഈ രണ്ടു വിഭാഗങ്ങളുടെയും പ്രചാരണങ്ങളില്‍ വിശ്വസിച്ച് ഇസ്‌ലാമോഫോബിയ ഉള്ള ആളുകളായി ജീവിക്കുന്നവര്‍. ലേഖകന്റെ നിരീക്ഷണ പ്രകാരം ഒന്നാമത്തെ വിഭാഗം വ്യക്തികള്‍ ഹിന്ദുത്വ പ്രചാരകരാണ്. രണ്ടാമത്തെ വിഭാഗം ഏതാനും ചില മതേതരവാദികളാണ്. മൂന്നാമത്തെ വിഭാഗം സാധാരണക്കാര്‍ (ഇസ്‌ലാമോഫോബിയ പടരുന്ന കേരളം, സി.പി അബ്ദുസ്സമദ്, ആഗസ്റ്റ് 8, ശബാബ് വാരിക, പേജ്: 22- 28).
27. ജനസംഖ്യഭീതിയും ഹിന്ദുത്വയും
ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഡോ. എം ലീലാവതിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍’ എന്ന കൃതിയില്‍നിന്ന് ഒരു ഭാഗം ‘ശാന്തം’ മാസിക പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മദ്യത്തിന്റെ സ്വാധീനമാണ് ലേഖനത്തിലെ ഒരു ചര്‍ച്ച. പുരുഷന്‍മാര്‍ക്ക് മദ്യത്തില്‍ നിന്ന് മോചനം നേടാന്‍ പ്രയാസമാണെങ്കിലും ‘മദ്യം ഹറാമായ ഇസ്‌ലാമിക രാജ്യങ്ങളിലെ മതവിശ്വാസികളായ പുരുഷന്മാര്‍ മദ്യം തൊടാതെ ജീവിക്കുന്നുണ്ടെന്നും മദ്യം ഹറാമാക്കിയ പ്രവാചകന്റെ ദീര്‍ഘദൃഷ്ടിയെന്ന് നിരീക്ഷിക്കുന്ന ലേഖനം (പേജ് 17) മദ്യനിയന്ത്രണത്തിന് ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഫെമിനിസ്റ്റുകള്‍ തയ്യാറാവണമെന്ന് പറഞ്ഞുകൊണ്ടാണ് ഉപസംഹരിക്കുന്നത് (‘ഫെമിനിസത്തിന്റെ വികാസവും ജീവിത വീക്ഷണ പരിണാമങ്ങളും’, ഡോ. എം ലീലാവതിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളില്‍ നിന്ന്, ആഗസ്റ്റ്, ശാന്തം മാസിക, പേജ് 11-21; ഹരിതം ബുക്സ്).
ഇതേ ലേഖനത്തിലെ മറ്റൊരു ചര്‍ച്ചാ വിഷയം ജനസംഖ്യാവളര്‍ച്ചയാണ്. ഹിന്ദുത്വരുടെ ജനസംഖ്യാഭീഷണിക്ക് കാരണം ന്യൂനപക്ഷങ്ങളാണെന്നാണ് ലീലാവതി വാദിക്കുന്നു: ഇസ്‌ലാം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ജനനനിയന്ത്രണത്തിനും കുടുംബാസൂത്രണത്തിനും പ്രായേണ എതിരാണ്. തന്മൂലം അവരുടെ ജനസംഖ്യ വര്‍ദ്ധിക്കുകയും ഇതരമതസ്ഥരുടെ സംഖ്യ കുറയുകയും ചെയ്യുന്ന പ്രതിഭാസം ഇപ്പോഴുണ്ട്. ഇതുമൂലം മതമൗലികവാദികളായ ഹിന്ദുക്കളും ജനനനിയന്ത്രണത്തില്‍ ഉത്സാഹം ഇല്ലാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. ജനസംഖ്യാ സ്‌ഫോടനം ഇന്ത്യയിലെ എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും പുരോഗതികളെയും അപ്പപ്പോള്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാക്ഷസീയ ശക്തിപ്രവാഹമാണ്. കുടുംബാസൂത്രണത്തിലും ജനനനിയന്ത്രണത്തിലും താത്പര്യമുണ്ടാകേണ്ടത് സ്ത്രീകള്‍ക്കാണല്ലോ. ഇസ്‌ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഫെമിനിസ്റ്റുകള്‍ പ്രായേണ കുറവാണ്. അവര്‍ മതാചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന വഴികളിലൂടെ മാത്രം നീങ്ങാനിച്ഛിക്കുന്ന പുരുഷന്മാരുടെ കാലടികള്‍ പിന്തുടരുന്നവരാണ് (പേജ് 19, അതേ പുസ്തകം).
28. ഹിരണ്യ
‘അങ്ങനെ കാവിക്കൊടിയുണ്ടായി’ എന്ന ശീര്‍ഷകത്തില്‍ ഹിരണ്യ മാസികയിലെ ആത്മജാലകം എന്ന പംക്തിയില്‍ ഒരു കുറിപ്പ് രാമചന്ദ്രന്‍ എഴുതിയിരുന്നു. കാവിക്കൊടിയുടെ ഉത്ഭവം മുസ്ലീം അധിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലേഖകന്റെ വാദം: മുഗള്‍ ഭരണകാലത്ത് ഹിന്ദു ക്ഷേത്ര നിര്‍മാണം അസാധ്യമായിരുന്നു. ഭക്തിപ്രസ്ഥാനത്തിലെ പ്രമുഖനായ രാംദാസ് ഇസ്ലാമിക ഭരണാധികാരികളെ വെല്ലുവിളിച്ച് കീര്‍ത്തനങ്ങള്‍ രചിച്ചു. സമൂഹത്തെ സംരക്ഷിക്കാന്‍ യോദ്ധാക്കള്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം കരുതി. മുസ്ലീം അധിനിവേശം തകര്‍ത്ത ഹിന്ദുമതത്തെ സജീവമാക്കുകയായിരുന്നു ലക്ഷ്യം.
ഒരിക്കല്‍ ശിവാജി കൊട്ടാര മേലാപ്പില്‍ നിന്ന് താഴെ നോക്കുമ്പോള്‍ തന്റെ ഗുരു രാംദാസ് ഭിക്ഷ യാചിക്കുന്നത് കണ്ടു. ശിവാജിയെ അത് വിഷമിപ്പിച്ചു. അദ്ദേഹം തന്റെ ഗുരുവിന് രാജ്യം മുഴുവന്‍ വാഗ്ദാനം ചെയ്തു. തന്റെ ഗുരുവിനെ പരിചരിച്ച് ശിഷ്ടകാലം ജീവിക്കുമെന്നും ഉറപ്പുകൊടുത്തു.
ഇതു കേട്ട രാംദാസ് ഒരു കാവിത്തുണി ശിവാജിക്ക് നല്‍കി. ഇത് കൊടിക്കൂറയായി ഭരിക്കുക. അതായത് മുസ്ലിം അധിനിവേശത്തിനെതിരേ രൂപം കൊണ്ട ആശയമായാണ് ലേഖനം കാവിക്കൊടിയെ കാണുന്നത്(അങ്ങനെ കാവിക്കൊടി ഉണ്ടായി, ആത്മജാലകം, രാമചന്ദ്രന്‍, ഹിരണ്യ, ആഗസ്റ്റ്, പേജ് 22, 23, 24).
ഇതേ മാസികയിലെ മറ്റൊരു ലേഖനം ‘സ്വാമി ശ്രദ്ധാനന്ദന്റെ ശിവഗിരി സന്ദര്‍ശനത്തിന് 100 വയസ്സ്: മഹര്‍ഷിയും മഹാഗുരുവും’ ആണ്. ഗണേഷ് രാധാകൃഷ്ണനാണ് ലേഖനം എഴുതിയിരിക്കുന്നത്. 1921ല്‍ മലബാറില്‍ നടന്നത് ഹിന്ദു വംശഹത്യയാണെന്നും അതിനെ പ്രതിരോധിക്കാനാണ് ആര്യ സമാജത്തിന്റെ പ്രവര്‍ത്തകന്‍ പണ്ഡിറ്റ് ഋഷിറാമിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയതെന്നും ലേഖനം പറയുന്നു: ജിഹാദി ഭീകരതയുടെ ഇരകളായ ഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കുക, ഹിന്ദു വംശഹത്യാകാലത്ത് മതംമാറേണ്ടിവന്നവര്‍ക്ക് തിരികെ സ്വധര്‍മത്തിലേക്കെത്താന്‍ സൗകര്യമൊരുക്കുക എന്നതാണത്രെ സംഘത്തിന്റെ ലക്ഷ്യം. മലബാറിലെ ഹിന്ദു വംശഹത്യയാണ് കുമാരനാശാനെക്കൊണ്ട് ‘ദുരവസ്ഥ’ എഴുതിപ്പിച്ചത്. മതംമാറ്റത്തെ പ്രതിരോധിക്കാനാണ് ശ്രീനാരായണഗുരു സര്‍വമതസമ്മേളനം വിളിച്ചുചേര്‍ത്തതെന്നും ലേഖനം വാദിക്കുന്നു (‘സ്വാമി ശ്രദ്ധാനന്ദന്റെ ശിവഗിരി സന്ദര്‍ശനത്തിന് 100 വയസ്സ്: മഹര്‍ഷിയും മഹാഗുരുവും’, ഗണേഷ് രാധാകൃഷ്ണന്‍, ഹിരണ്യ, ആഗസ്റ്റ്, പേജ്:14-18).
29. ഇസ്‌ലാമോഫോബിയക്കെതിരേ പറയാന്‍ ഭയം
രാജ്യത്ത് പലര്‍ക്കും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഭയമാണെന്ന് ഇസ്‌ലാമോഫോബിയയുടെ സ്വാധീനമാണ് ഇതെന്നും സിപിഎം അഖിലേന്ത്യാസെക്രട്ടറി എം.എ ബേബി. കാസര്‍ഗോഡ് എകെജി മന്ദിരത്തില്‍ ഇഎംഎസ് പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ‘സാമ്രാജ്യത്വവും വര്‍ഗീയതയും’ പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: ഫലസ്തീന് ഒപ്പം എന്നത് ഗാന്ധിജിയുടെ നിലപാടാണ്. ആ നിലപാടാണ് അവരുടെ പിന്മുറക്കാര്‍ കൈയൊഴിയുന്നത്. ഫലസ്തീനൊപ്പമാണ് എന്ന് പറഞ്ഞാല്‍ അപകടമുണ്ടാവുമെന്ന ഇസ്‌ലാമോഫോബിയ പലര്‍ക്കുമുണ്ട്. ഫലസ്തീനുവേണ്ടി സംസാരിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു (സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമുള്ള നിര്‍വചനമായി ട്രംപും മോദിയും മാറി- എം.എ. ബേബി, ആഗസ്റ്റ് 9, മാതൃഭൂമി).
30. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുടെ അടിമത്തത്തില്‍
എസ്ഡിപിഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് കോണ്‍ഗ്രസ്സെന്നും നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിലനില്‍പ്പുളളുവെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷന്‍ എ പി വിഷ്ണുവാണ് തല്‍സ്ഥാനം രാജിവെച്ചത്: എസ് സി വിഭാഗക്കാരനായതിനാല്‍ പാര്‍ട്ടിയില്‍ പരിഗണനയില്ല. നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തി. എസ്ഡിപിഐ പോലുള്ള വര്‍ഗീയശക്തികളുടെ അടിമത്വത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണ് താനെന്നും അദ്ദേഹം ആരോപിക്കുന്നു (എസ് ഡി പി ഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് കോണ്‍ഗ്രസ്; നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിലനില്‍പ്പുളളു; നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാജി വച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷന്‍, ആഗസ്റ്റ് 9, മറുനാടന്‍ മലയാളി)
31. ജനം ടിവിയുടെ താലിബാന്‍
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ഒരു ആത്മീയ സമ്പ്രദായമാണ് കൊരൂര്‍ തരീഖത്ത്. കൊരൂര്‍ തരീഖത്തിനെക്കുറിച്ച വിവാദം ജൂലൈ മാസമാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് ആഗസ്റ്റിലും തുടര്‍ന്നു. സംഘടന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും, അംഗങ്ങളെ കുടുംബങ്ങളിലും സമൂഹത്തിലും നിന്ന് വേര്‍പെടുത്തുന്ന ‘ഊരുവിലക്ക്’ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതായി സംഘടനയില്‍ നിന്ന് പുറത്തുപോയ ചിലര്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതോടെയാണ് ഇത് വാര്‍ത്തയുടെ ഭാഗമായത്.
ഇതേ കുറിച്ച് ജനം ടിവി നല്‍കിയ നല്‍കിയ വാര്‍ത്തയില്‍ കൊരൂര്‍ തരീഖത്തിന്റെ നയപരിപാടികളെ താലിബാന്‍ മോഡലെന്നാണ് വിശേഷിപ്പിച്ചത്. അന്യമതസ്ഥരുമായി ബന്ധംപാടില്ലെന്ന് സംഘടന നിഷ്‌കര്‍ഷിച്ചതായും വാര്‍ത്തയിലുണ്ടായിരുന്നു. (‘അന്യമതസ്ഥരുമായി ബന്ധം പാടില്ല’ കൊരൂല്‍ ത്വരീഖത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആഗസ്റ്റ് 10, ജനം ടിവി).


അതേദിവസം തന്നെ ‘ഷാഹുല്‍ ഹമീദ്’ പ്രവാചകനോ? എന്ന ശീര്‍ഷകത്തില്‍ ജനം ടിവി ചര്‍ച്ച (സണ്‍ഡേ ഡിബേറ്റ്) സംഘടിപ്പിച്ചു. വാര്‍ത്താവതാരകനായ കെ പി സുരേഷ്‌കുമാര്‍ തന്റെ അവതരണത്തിലും ‘താലിബാനിസം’ എന്ന് പ്രയോഗിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ അപരമായാണ് ഈ സംഭവത്തെ അവതരിപ്പിക്കുന്നത് (ഷാഹുല്‍ ഹമീദ്’ പ്രവാചകനോ?, ആഗസ്റ്റ് 10, ജനംടിവി).
32. മുസ്ലീം ഭൂരിപക്ഷപ്രദേശവും വിഎസ്സും
യോഗനാദം മാസികയില്‍ എന്‍.എം പിയേഴ്‌സണ്‍ വി എസ്സിനെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു ‘വിപ്ലവത്തിന്റെ അഗ്നിച്ചിറക്’ എന്ന പേരില്‍. വിഎസ്സ് അച്യുതാനന്ദന്റെ ഡല്‍ഹി പത്രസമ്മേളനത്തെ സംബന്ധിച്ച് ലേഖനത്തില്‍ ഒരു പരാമര്‍ശമുണ്ട്. 2040 ആകുമ്പോഴേക്കും കേരളത്തെ മുസ്ലീം ഭൂരിപക്ഷപ്രദേശമായി മാറ്റാന്‍ പിഎഫ്‌ഐ പദ്ധതിയിടുന്നതായി അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഇതേകുറിച്ചുള്ള പിയേഴ്‌സന്റെ പരാമര്‍ശം ഇങ്ങനെ: പത്രസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ടിനെ അതിനിശിതമായി വിഎസ് വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര ദിനത്തില്‍ അവര്‍ നടത്താന്‍ പോകുന്ന ഫ്രീഡം പരേഡിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു സംസാരം. മറ്റ് മതസ്ഥരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചും മുസ്ലിംകളുടെ എണ്ണം വര്‍ധിപ്പിച്ചും 2040 ആകുമ്പോള്‍ കേരളത്തെ ഒരു മുസ്ലിംഭൂരിപക്ഷ പ്രദേശമാക്കി മാറ്റുമെന്ന പോപുലര്‍ ഫ്രണ്ടിന്റെ പ്രസ്താവനയാണ് പിന്നീട് കേരളം താമസിയാതെ മുസ്ലിംഭൂരിപക്ഷ പ്രദേശമായി മാറുമെന്ന് വിഎസ് പറഞ്ഞെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. പ്രസംഗം മുറിച്ചെടുത്ത് മുസ്ലീം തീവ്രവദാകള്‍ അവര്‍ക്കുവേണ്ടിയും ഹിന്ദുതീവ്രവാദികള്‍ അവര്‍ക്കുവേണ്ടിയും ഉപയോഗിച്ചു (വിപ്ലവത്തിന്റെ അഗ്നിച്ചിറക്, എന്‍ എം പിയേഴ്‌സണ്‍, ആഗസ്റ്റ് 1-5, പേജ് 14-15, യോഗനാദം).
33. ജമാഅത്തെ ഇസ്‌ലായില്‍ അഫിലിയേറ്റ് ചെയ്തവര്‍
യോഗനാദത്തിന്റെ ആഗസ്റ്റ് 1-15 ലക്കത്തില്‍ ‘മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നവര്‍’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച കത്തില്‍നി ന്ന്:
ജമാഅത്തെ ഇസ്ലാമിയും മുസ്ലീം മതമൗലിക വാദികളും ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനത്തെക്കുറിച്ചും വളരെ വിശദമായി അഡ്വ. എ ജയശങ്കര്‍ ‘ഹുക്കു മത്തെ ഇലാഹിക്ക് ചൂട്ടുപിടിക്കുന്നവര്‍’ എന്ന ലേഖനത്തില്‍ പറയുന്നു. മുസ്ലീം സമുദായത്തിനകത്തെ ആര്‍ജ്ജവമുള്ള ആളുകള്‍ മതമൗലിക വാദികളുടെ നിലപാടുകള്‍ മണ്ടത്തരമാണെന്ന് പറയാറില്ല. ഇതാണ് ആ സമുദായത്തിന്റെ ഏറ്റവും വലിയ പരാധീനതയെന്ന് അഡ്വ. ജയ ശങ്കര്‍ പറയുന്നത് എത്ര സത്യമാണ്. മുസ്ലീംലീഗ് ആകട്ടെ ജമാഅത്തെ ഇസ്ലാമിയില്‍ അഫിലിയേറ്റ് ചെയ്ത പോലെയാണ്. ലീഗിന് പ്രത്യയശാസ്ത്രപരമായ അടിത്തറയില്ലാത്തതാണ് കാരണം. ജമാഅത്തെ ഇസ്ലാമിക്ക് അതുണ്ടല്ലോ (എം. കൃഷ്ണമോഹന്‍, വൈപ്പിന്‍, ആഗസ്റ്റ് 1-15, യോഗനാദം).
34. സുന്നികളും താലിബാനും
1986ല്‍ സ്ഥാപിതമായ ദാറുല്‍ ഹുദ, മലപ്പുറം ജില്ലയിലെ ചെമ്മാട്ടാണ് സ്ഥിതി ചെയ്യുന്നത്. മതപഠനവും യൂനിവേഴ്‌സിറ്റി തലത്തിലുള്ള വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്. സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമയുടെ മാനേജ്‌മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 9-ന്, സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി ഈ സ്ഥാപനത്തിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ച് നടത്തി. പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് പോലീസ് ദാറുല്‍ ഹുദ പരിസരത്ത് തടഞ്ഞു.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചവരിലൊരാള്‍ തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗം പി. കാര്‍ത്തികേയനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചില പ്രമേയങ്ങള്‍ വിവാദമായി. ദാറുല്‍ ഹുദയില്‍ താലിബാന്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ഒപ്പം മറ്റൊരു ആരോപണം കൂടി ഉന്നയിച്ചു: ദാറുല്‍ ഹുദയില്‍ താലിബാന്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണുള്ളത്. യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ രക്ഷപ്പെടുത്താന്‍ ഒരു മതപണ്ഡിതന്‍ ശ്രമിച്ചപ്പോള്‍ ദാറുല്‍ ഹുദയില്‍ പഠിച്ച ഒരു വ്യക്തി അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഈ സ്ഥാപനം പ്രകൃതിയെ നശിപ്പിക്കുന്നത് പോലെ തന്നെ കേരളത്തിന്റെ ബഹുസ്വരതക്ക് കേട് വരുത്തുന്നതാണ്.
പ്രതിഷേധം ‘സ്ഥാപനത്തിന്റെ ആദര്‍ശ നയനിലപാടുകളോടുള്ള അസഹിഷ്ണുത’ മൂലമാണെന്നും, സിപിഎംന്റെ ‘ദുരുദ്ദേശ്യപരമായ’ നടപടിയാണെന്നും ദാറുല്‍ ഹുദ മാനേജിംഗ് കമ്മിറ്റി ആരോപിച്ചു (‘താലിബാന്റെ ആശയവും ബഹുസ്വരതക്ക് കേടുവരുത്തുന്ന സിദ്ധാന്തങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ദാറുല്‍ ഹുദ ചെയ്യുന്നത്’; ആരോപണവുമായി സിപിഎം ഏരിയാ കമ്മിറ്റി അംഗം, ആഗസ്റ്റ് 10, മീഡിയാവണ്‍).
ലീഗിന്റെ കാപട്യം
മര്‍ക്കസിനെതിരേ ലീഗ് സമരം നടത്തുമ്പോള്‍ അത് മുസ്ലീം പ്രേമവും ദാറുല്‍ ഹുദക്കെതിരേ സിപിഎം ജാഥ നടത്തിയാല്‍ അത് മുസ്ലീം വിരുദ്ധതയാകുന്നതും കാപട്യമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ പ്രതികരിച്ചു. തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നിലപാട് മാറ്റണം. ഇത്തരം നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (സമരം മര്‍ക്കസിനെതിരാകുമ്പോള്‍ അത് മുസ്ലീം പ്രേമം, ദാറുല്‍ ഹുദക്കെതിരായാല്‍ മുസ്ലീം വിരുദ്ധത; ലീഗ് നിലപാട് കാപട്യം; കെ.ടി ജലീല്‍, ആഗസ്റ്റ് 10, ഡൂള്‍ ന്യൂസ്)
35. ജില്ലാ വിഭജനമെന്ന വര്‍ഗീയവാദം
വികസനമുരടിപ്പ് ചൂണ്ടിക്കാട്ടി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിനെ വര്‍ഗീയവാദമെന്ന് ആക്ഷേപിക്കുകയാണെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍. മലബാര്‍ ജില്ലാ വിഭജന വികസന മുന്നേറ്റ സമിതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: നാം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ വിഘടനവാദമെന്നോ വര്‍ഗീയവാദമെന്നോ പറഞ്ഞ് നമ്മെ തളര്‍ത്തുന്നു. ജനങ്ങള്‍ മനസ്സിലാക്കണം നമുക്ക് അവസാനമായി ജില്ല ഉണ്ടായത് 1984ലാണ്, പതിനാലാമെത്തെ ജില്ലയായി കാസര്‍കോഡ്. 41 വര്‍ഷമായി ഇന്ത്യയില്‍ പുതിയ ജില്ല രൂപീകരിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. കാസര്‍ഗോഡ് ജില്ലയുണ്ടായ ശേഷം തമിഴ്‌നാട്ടില്‍ 24 ജില്ലയുണ്ടായി. കര്‍ണാകടത്തില്‍ 12 ജില്ലയുണ്ടായി. നമ്മുടെ അതേ ജനസംഖ്യയുള്ള അസമില്‍ 1982 ല്‍ 10 ജില്ലയുണ്ടായിരുന്നെങ്കില്‍ ഇന്ന് 35 ജില്ലയാണ്. നാടാകെ ജില്ലകള്‍ വിഭജിക്കപ്പെടുകയാണ് പക്ഷേ, ഇവിടെ വിഭജിക്കുകയില്ല (‘ജില്ലാ വിഭജനം എന്ന് പറയുമ്പോള്‍ നമ്മള്‍ വര്‍ഗീയവാദികള്‍’; മലബാര്‍ ജില്ലാ വിഭജന വികസന മുന്നേറ്റ സമിതി സെമിനാറില്‍ പി.വി അന്‍വര്‍, ആഗസ്റ്റ് 10, മീഡിയാവണ്‍).
36. സാമൂഹ്യവിരുദ്ധരും മുസ്ലീം മതമൗലികവാദികളും
തച്ചമ്പാറ ചൂരിയോട് ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രവേശന കവാടവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചുവെന്ന വാര്‍ത്ത അറിഞ്ഞിടത്തോളം ആദ്യം പുറത്തുവിട്ടത് മണ്ണാര്‍ക്കാട് ന്യൂസ് അപ്‌ഡേറ്റ് എന്ന യുട്യൂബ് ചാലനാണ്. അവരുടെ ശീര്‍ഷകവും അതായിരുന്നു(
തച്ചമ്പാറ ചൂരിയോട് ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രവേശന കവാടവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു (ആഗസ്റ്റ് 9, മണ്ണാര്‍ക്കാട് ന്യൂസ് അപ്‌ഡേറ്റ്).
എന്നാല്‍ ഈ വാര്‍ത്ത അടുത്ത ദിവസം ജനം ടിവി നല്‍കിയത് ‘ആക്രമണത്തിനു പിന്നില്‍ മുസ്ലീം മതമൗലികവാദി’കളാണെന്നാണ്. വിഗ്രഹം ഇളക്കിമാറ്റാന്‍ ശ്രമമുണ്ടായെന്നും പറയുന്നു. എന്നാല്‍ മുന്‍ദിവസത്തെ വാര്‍ത്തയില്‍ ഇത്തരം വിശദാംശങ്ങളൊന്നുമുണ്ടായിരുന്നില്ല. ആക്രമണം നടത്തിയവരെ സാമൂഹ്യവിരുദ്ധരെന്നാണ് വിശേഷിപ്പിച്ചത് (വിഗ്രഹം ഇളക്കി മാറ്റാന്‍ ശ്രമം, പൂജാരിയുടെ വീട്ടിലേക്ക് കല്ലുകളെറിഞ്ഞു; പാലക്കാട് ക്ഷേത്രത്തിന് നേരെ ആക്രമണം, പിന്നില്‍ മുസ്ലീം മതമൗലികവാദികള്‍, ആഗസ്റ്റ് 10, ജനം ടിവി)
37. നിഖാബിട്ട റാങ്ക് ഹോള്‍ഡര്‍
ആഗസ്ത് പത്താം തിയ്യതി പ്രമുഖ വ്യവസായി ഒഎംഎ റഷീദ് തന്റെ മകള്‍ റൂഷൈദയ്ക്ക് മമ്പാട് എംഇഎസ് കോളേജില്‍ നിന്ന് ബി വോക് ന്യൂട്രീഷ്യന്‍ സയന്‍സ് ആന്റ് ഡയട്രിക്‌സ് കോഴ്‌സില്‍ രണ്ടാം റാങ്ക് കിട്ടിയ സന്തോഷ വാര്‍ത്ത സൈബറിടത്ത് പങ്കുവച്ചു. ചിത്രത്തില്‍ മകള്‍ നിഖാബാണ് ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ റഷീദിനെതിരേ വലിയ സൈബര്‍ ആക്രമണമാണ് നടന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു (എന്റെ മകളുടെ ചിത്രമാണ്, ഒളിച്ചോടില്ല, ഇത് ഭാരതമാണ്’; വ്യവസായി ഒഎംഎ റഷീദ്, ആഗസ്ത് 15, മലയാള മനോരമ).
രണ്ട് കമന്റുകള്‍: 1. ‘ആ കുട്ടിയെ എന്തിനാണ് കൂടെ നിര്‍ത്തി ഫോട്ടോ എടുത്തത്, താങ്കള്‍ ആ കുഞ്ഞിന്റെ പേര് എഴുതിയ ഒരു പ്ലക്കാര്‍ഡ് പൊക്കിപ്പിടിച്ച് നിന്നാല്‍ പോരായിരുന്നോ, ഈ നൂറ്റാണ്ടിലും ഇതുപോലെയുള്ള ആളുകളുണ്ടോ? കഷ്ടം.
2. ശരീരം ഇവിടെയും മനസ്സും കൂറും പാകിസ്താനിലും പാകിസ്താന്‍ നിയമവും, മുഖം മറയും തട്ടം ഇടുന്നത് തീവ്രവാദികള്‍, എന്തിനാടാ മുഖമറച്ച് ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കുന്നത്, എന്തിനാടോ താന്‍ പിജി വരെയൊക്കെ പഠിച്ചത്? ആ കുട്ടിക്ക് റാങ്ക് വാങ്ങാനുള്ള കാലിബര്‍ ഉണ്ടായിട്ടും പതിനാറാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നത് എത്രമേല്‍ ദയനീയമാണ്, വിദ്യാഭ്യാസം തോറ്റുപോകുന്ന സാഹചര്യങ്ങളില്‍ ഒന്ന്, ചാക്കില്‍ എന്തോ പൊതിഞ്ഞു വെച്ചിട്ട് ഇന്നതാണ് എന്ന് പറയുന്നു, എന്ത് ഡിഗ്രി എടുത്താലും ഈ കാലത്തിലേക്ക് വണ്ടി കിട്ടിയിട്ടില്ലല്ലോ, നാളെ ഈ കിട്ടിയ ഡിഗ്രിയും ഇത് പോലെ പൊതിഞ്ഞു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു.
വിദ്വേഷപരാമര്‍ശത്തിന് റഷീദ് മറുപടിയും പറഞ്ഞു: ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും മതവും സ്വീകരിക്കാനും അഭിമാനം കൊള്ളാനും അവകാശമുള്ള രാജ്യമാണ് ഇന്ത്യ. നോര്‍ത്ത് ഇന്ത്യയില്‍ പൂര്‍ണ നഗ്‌നരായ ഹിന്ദു സന്യസിമാരുണ്ട്. പഞ്ചാബില്‍ തലപ്പാവും കൃപാണവും ധരിച്ച് സിഖുകാരുണ്ട്. മുഖവും മുന്‍കയ്യും ഒഴികെ മുഴുവനും മൂടുന്ന കന്യസ്ത്രീകളും, പള്ളിയച്ചന്‍മാരുമുണ്ട്. തലപ്പാവും ശുഭവസ്ത്രവും ധരിച്ച മുസ്ലീം പണ്ഡിതരുണ്ട്. നിഖാബും പര്‍ദ്ദയും ധരിച്ച മുസ്ലീം സ്ത്രീകളുമുണ്ട്. മുഴുവസ്ത്രവും, പാതി വസ്ത്രവും, ഷോര്‍ട്ടും ധരിക്കുന്നവരും ഇന്ത്യയിലുണ്ട്. കാവിയും, വെള്ളയും, കറുപ്പും ധരിക്കുന്നവരുമുണ്ട്. ഇവരെല്ലാം ചേര്‍ന്നതാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യയുടെ ആത്മാവിനെ ഉള്‍കൊള്ളാന്‍ കഴിയാത്തവരാണ് ഇന്ന് കലി തുള്ളുന്നത് (ആഗസ്റ്റ് 10, ഫേസ്ബുക്ക്/ ഒഎംഎ റഷീദ്).
വിവാദം നീണ്ടു നിന്നു. മോളിവുഡ് കണക്റ്റ് (15 ആഗസ്റ്റ് ) എന്ന ഫേസ്ബുക് പേജും പിതാവിന് ഉപദേശവുമായി രംഗത്തുവന്നു:
‘ഈ ബാപ്പയെ ഒരു കാര്യം മാത്രം ഞങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. വിജയത്തിളക്കത്തിലും ബന്ധനം ഒരുതടവ് തന്നെ. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ രണ്ടാം റാങ്ക് എന്ന വലിയ നേട്ടം സ്വന്തമാക്കിയപ്പോഴും, സ്വയം ആരുമറിയാതെ മുഖം മറച്ച് നില്‍ക്കേണ്ടി വന്ന നിമിഷം – സ്വര്‍ണ്ണകൂട്ടിലാണെങ്കിലും തടവറ തടവറ തന്നെ’. (ആഗസ്റ്റ് 10, ഫേസ്ബുക്ക് പേജ്/ മോളിവുഡ് കണക്റ്റ്).
38. ശ്രീ നാരായണ ഗുരുധര്‍മ്മം ട്രസ്റ്റ്: ഇസ്‌ലാമോഫോബിയക്കെതിരെ
മാളയിലെ ശ്രീ നാരായണ ഗുരുധര്‍മ്മം ട്രസ്റ്റ് ഡയറക്ടറായ ആദര്‍ശ് കൃഷ്ണന്‍ പുളിക്കല്‍ എഴുതിയ കുറിപ്പ് (ഫേസ്ബുക് ആഗസ്റ്റ് 11):
ഇന്നുവരെ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കിവരുന്ന ‘ഇസ്‌ലാമോഫോബിയ’, ഇന്ന് ഇവിടെ ജീവിക്കുന്ന സ്വയം പ്രഖ്യാപിത സവര്‍ണ്ണ ഈഴവര്‍ അടക്കമുള്ള ദളിതര്‍ക്കും, നാളെ മുതല്‍ ക്രിസ്ത്യാനികള്‍ക്കും മറ്റു മൈനൊരിട്ടികള്‍ക്കുമുള്ള വലിയ മുന്നറിയിപ്പാണ്. ഹിന്ദു രാജ്യം നടപ്പിലാക്കാന്‍, അവരുടെ മറ്റു അജണ്ടകള്‍ നടപ്പിലാക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ഈഴവ സമുദായത്തില്‍ ഉള്ളവരെ രണ്ടായി പിളര്‍ത്താന്‍ അവര്‍ക്ക് വളരെ എളുപ്പത്തില്‍ സാധിച്ചു. അത് എന്താണെന്നും, എങ്ങനെ ആണെന്നും തെളിവ് സഹിതം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പലവട്ടം നമ്മള്‍ ശ്രമിച്ചു. വലിയ തലത്തില്‍ ഉള്ള യോഗങ്ങള്‍ എല്ലാം സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റ നേതൃത്വത്തില്‍ ജ്ഞാനോല്‍സവവും 2024ല്‍ നടത്തി. അതിന്റെ ഉള്ളടക്കം ഒരു ബുക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒരു കാര്യംകൂടി പറയട്ടെ! നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ശ്രദ്ധിക്കുന്നു, നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍… സംവരണം, രാഷ്ട്രീയ അസമത്വം, ഇസ്‌ലാമോഫോബിയ, സവര്‍ണ്ണ മേധാവിത്വം, അമ്പലങ്ങളിലെ ജാതിവിവേചനങ്ങള്‍, ബ്രാഹ്‌മണിക്കല്‍ ഹെജ്മണി, തൊഴിലിടങ്ങളിലെ ജാതി വിവേചനങ്ങള്‍, ട്രഷറി വിഹിതത്തിലെ അപാകതകള്‍ എന്നീ വിഷയങ്ങള്‍ കേരള ജനതക്ക് ശരിക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കാസ്റ്റ് സെന്‍സസ് എടുക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ പല ചാനല്‍ ചര്‍ച്ചകളിലും ഇതെല്ലാം പ്രധാന വിഷയവും ആയിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ പോലും കേള്‍ക്കാതെ അന്ധമായി അഭിപ്രായം പറയുന്നവരെ തിരിച്ചറിയാന്‍ നിങ്ങള്‍ ശ്രമിക്കുക (ആഗസ്റ്റ് 11, ഫേസ്ബുക്ക്/ഡോ. ആദര്‍ശ് കൃഷ്ണന്‍ പുളിക്കല്‍).
39. വളര്‍ത്തു നായയുടെ കൊലപാതകവും തീവ്രവാദവും
കാട്ടായിക്കോണത്ത് വളര്‍ത്തുനായയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കമ്പി കൊണ്ട് അടിച്ചുകൊന്നു. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശികളായ യാസീന്‍, മുഹമ്മദ് ദാരിഫ് എന്നിവരാണ് പ്രതികള്‍. നായയുടെ ഉടമയായ കരുണാകരന്‍ പിള്ള പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മിക്കപ്പോഴും ഈ നായ ഇവരെ കടിക്കാനായി ഓടിച്ചിരുന്നുവെന്നും അതിനാലാണ് അടിച്ചുകൊന്നതെന്നുമാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത് (സ്ഥിരമായി കടിക്കാനായി ഓടിക്കും; വളര്‍ത്തുനായയെ കമ്പി കൊണ്ട് അടിച്ചുകൊന്ന രണ്ട് യുവാക്കള്‍ പിടിയില്‍, ആഗസ്റ്റ് 11, ട്രൂവിഷന്‍).
മതതീവ്രവാദി
ഈ സംഭവത്തെ ജന്മഭൂമി ‘മതതീവ്രവാദ’വുമായി കൂട്ടിക്കെട്ടി: ‘മതതീവ്രവാദികളുടെ രീതിയില്‍ വളര്‍ത്തുനായയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവ’മെന്നാണ് അവരുടെ ഒരു വാര്‍ത്ത തുടങ്ങുന്നത്: നായയെ കൊല്ലുന്ന ദൃശ്യങ്ങള്‍ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവം മനുഷ്യരെ കൊല്ലുന്നതിനുള്ള പരിശീലനമായിരുന്നോ എന്നും സംശയമുണ്ട്. മുമ്പ് സംസ്ഥാനത്ത് നായ്ക്കളെ തലയ്ക്കടിച്ചുകൊല്ലുന്നതും ഇരുചക്രവാഹനം ഓടിച്ചുകൊണ്ടുതന്നെ വെട്ടിക്കൊല്ലുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് ഇതിനു പിന്നില്‍ നിരോധിത തീവ്രവാദ സംഘടനയായ പിഎഫ്ഐ ആയിരുന്നെന്ന് വ്യക്തമായിരുന്നു. കാട്ടായിക്കോണത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിഎഫ്ഐയുടെ രീതിയിലുള്ള പരിശീലനമാണോ നടന്നത് എന്ന് സംശയമുണ്ട് (മതതീവ്രവാദികളുടെ രീതിയില്‍ പരിശീലനം; കാട്ടായിക്കോണത്ത് വളര്‍ത്തുനായയെ തലയ്ക്കടിച്ചുകൊന്നു, ആഗസ്റ്റ് 12, ജന്മഭൂമി).
40. സോന എല്‍ദോസിന്റെ ആത്മഹത്യ
എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഇരുപത്തിമൂന്ന്കാരിയായ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് ആത്മഹത്യ ചെയ്തു. ആലുവ യുസി കോളേജിലെ ഡിഗ്രി പഠനകാലത്താണ് ആലുവ പാനായിക്കുളത്തെ റമീസിനെ സോന പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നു. സോനയുടെ കുടുംബത്തിന് ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. സോനയുടെ പിതാവ് മൂന്ന് മരിച്ച് ഒരു മാസത്തിനുശേഷം റമീസിന്റെ കുടുംബം സോനയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. മതംമാറിയാല്‍ വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്തു. സോന സമ്മതിച്ചു. അതിനിടയില്‍ റമീസിനെ വ്യഭിചാരക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു. ഇതറിഞ്ഞ സോന മതംമാറാമെന്ന വാഗ്ദാനത്തില്‍നിന്ന് പിന്‍മാറി. ഒരു ദിവസം റമീസ് സോനയെ രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന് വിശ്വസിപ്പിച്ച് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ച് സോനയെ റമീസ് മര്‍ദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തു. റമീസിന്റെ കുടുംബവും ഇതില്‍ റമീസിനൊപ്പം നിന്നെന്ന് മാതാവ് ബിന്ദു പറയുന്നു. സഹോദരന്‍ ഇടപെട്ടതോടെ സോനയെ വിട്ടയച്ചു. അടുത്ത ദിവസം ഒരു കുറിപ്പ് എഴുതിവച്ച് സോന ആത്മഹത്യ ചെയ്തു. താന്‍ റമീസിനെ സ്‌നേഹിച്ചിരുന്നെന്നും ഇപ്പോള്‍ അയാള്‍ നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാനാവാത്തതുകൊണ്ടാണ് മരിക്കുന്നതെന്നും കത്തില്‍ പറയുന്നു (‘എന്റെ മോള് അവനെ ജീവന്‍ കൊടുത്ത് സ്‌നേഹിച്ചു, പക്ഷേ അവന് മതമായിരുന്നു പ്രധാനം’; സോനയുടെ അമ്മ, ആഗസ്റ്റ് 11, ഏഷ്യാനെറ്റ്). സംഭവത്തിനു തൊട്ടുപിന്നാലെ കോതമംഗലം പോലീസ് റമീസിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.
ലൗ ജിഹാദ് ആരോപണവുമായി പി.സി ജോര്‍ജും ബിജെപിയും
വാര്‍ത്ത പുറത്തുവന്ന് അധികം കഴിയും മുമ്പ് ബിജെപി നേതാവ് പി.സി ജോര്‍ജ് ലൗ ജിഹാദ് ആരോപണവുമായെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം: സഖാവ് വി എസ് പറഞ്ഞു കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു ഞാന്‍ കുറച്ചധികം നാളുകളായി പറയുന്നു. മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ല. അന്തി ചര്‍ച്ചകള്‍ നടക്കില്ല. ഇന്ന് കോതമംഗലം വരെ പോയാല്‍ ലൗ ജിഹാദിനു ഇരയായ ഒരു പാവം പെണ്‍കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി വീട്ടുകാരില്‍ നിന്നും നടന്ന സംഭവത്തിന്റെ പൊരുള്‍ അറിയാം.
ലൗ ജിഹാദ് ഉള്ളതാണ് കേരള സ്റ്റോറി സത്യവുമാണ്. ജിഹാദികളുടെ വോട്ട് ബാങ്കിനെ ഭയമുള്ളവനും ഫണ്ട് വാങ്ങുന്ന മാധ്യമങ്ങളും വാ തുറക്കില്ല. അത്രയേ ഉള്ളൂ. ഇതിന്റെ വാര്‍ത്തകളും അന്തി ചര്‍ച്ചകളും ഒന്നും വേണ്ട. അങ്ങനെ ചെയ്താല്‍ ബിജെപിക്കു കേരളത്തില്‍ വളമാവും. ഗാസയെക്കുറിച്ചും വടക്കേ ഇന്ത്യയിലെ സംഭവങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം. മതേതര കേരളം (ആഗസ്റ്റ് 11, ഫേസ്ബുക്ക്/ പി.സി ജോര്‍ജ്)
സോന എല്‍ദോസിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ലൗ ജിഹാദ് ആണെന്ന് ബിജെപിയും ആരോപിച്ചു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. (കോതമംഗലത്ത് സോനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ലൗ ജിഹാദെന്ന് ബിജെപി; കേരളത്തിലെ സമാനസംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്; സഖാവ് വി.എസ് പറഞ്ഞു, കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ലൗ ജിഹാദ് ഉള്ളതാണെനനും കേരള സ്റ്റോറി സത്യമാണെന്നും പി.സി ജോര്‍ജ്, ആഗസ്റ്റ് 11, മറുനാടന്‍ മലയാളി)
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്. ഛത്തീസ്ഗഡിലല്ല, കോതമംഗലത്തെന്ന് സിറോ മലബാര്‍സഭ പ്രതികരിച്ചു. പ്രലോഭിപ്പിച്ചോ, നിര്‍ബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാന്‍ ശ്രമിക്കുന്നതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഛത്തീസ്ഗഡില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്തുപോന്ന ക്രൈസ്തവ സന്ന്യാസിനിമാര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു. എന്നാല്‍ ശരിക്കുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കോതമംഗലത്താണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത്-സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു (നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം; നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?(ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ, ആഗസ്റ്റ് 11, മറുനാടന്‍ മലയാളി).
അന്‍സില്‍ വധം ഒരു താരതമ്യം
സോനയുടെ മരണത്തിന് രണ്ട് ദിവസം മുമ്പ് കോതമംഗലത്ത് ഒരു കൊലപാതകം നടന്നു. മാതിരപ്പിള്ളി മേലേത്തുമാലില്‍ അന്‍സില്‍ അലിയാരിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഥീന എന്ന യുവതി വിഷം നല്‍കി കൊലപ്പെടുത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും മറ്റും അഥീനയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ ഒരു സുഹൃത്തുവഴി ബന്ധപ്പെട്ടാണ് അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് (അന്‍സില്‍ വധം ; തെളിവെടുപ്പ് പൂര്‍ത്തിയായി, ആഗസ്റ്റ് 7, ദേശാഭിമാനി). എന്നാല്‍ കൊലപാതകമായിരുന്നിട്ടുകൂടി സോനയുടെ മരണത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളൊന്നും ഈ സംഭവത്തെ ചുറ്റിപ്പറ്റി നടന്നില്ല.
മാധ്യമ അവതരണം
‘മതംമാറാന്‍ നിര്‍ബന്ധിച്ച് പൂട്ടിയിട്ട് റമീസ് സോനയെ മര്‍ദ്ദിച്ചു: സോനയുടെ സുഹൃത്ത്’ എന്ന ആഗസ്റ്റ് 11ലെ ജനം ടിവി വാര്‍ത്തക്ക് ചാനല്‍ നല്‍കിയ ടാഗ് ലൈന്‍ ‘കോതമംഗലത്തെ ലൗ ജിഹാദ്’ എന്നായിരുന്നു. ആ പ്രയോഗം പിന്നീട് അവര്‍ പല വാര്‍ത്തകളിലും ഉപയോഗിച്ചു. ഈ വീഡിയോയില്‍ ഒരിടത്തും സോനയുടെ സുഹൃത്ത് ലൗ ജിഹാദ് എന്ന് പ്രയോഗിക്കുന്നില്ല (‘മതംമാറാന്‍ നിര്‍ബന്ധിച്ച് പൂട്ടിയിട്ട് റമീസ് സോനയെ മര്‍ദ്ദിച്ചു: സോനയുടെ സുഹൃത്ത്’, ആഗസ്റ്റ് 11, ജനം ടിവി).
‘കോതമംഗലത്ത് ലൗ ജിഹാദ്; ക്രിസ്ത്യന്‍ പെണ്‍കുട്ടി ജീവനൊടുക്കി’യെന്നായിരുന്നു ജന്മഭൂമിയുടെ ആഗസ്റ്റ് 11ലെ വാര്‍ത്ത. ‘ഇസ്ലാം മതത്തിലേക്ക് മാറാന്‍ ക്രൂരമര്‍ദ്ദന’മെന്നും ഉപശീര്‍ഷകമായി നല്‍കി (‘കോതമംഗലത്ത് ലൗ ജിഹാദ്; ക്രിസ്ത്യന്‍ പെണ്‍കുട്ടി ജീവനൊടുക്കി’, ആഗസ്റ്റ് 11, ജന്മഭൂമി).


12ലെ ജന്മഭൂമി വാര്‍ത്തയില്‍ ശീര്‍ഷകം ‘സോനയെ പൊന്നാനിയിലേക്ക് കടത്താന്‍ പദ്ധതിയിട്ടു’വെന്നായിരുന്നു. മതംമാറ്റാന്‍ ശ്രമിച്ചത് ലൗജിഹാദിലൂടെയെന്നും വാര്‍ത്തയില്‍ പറയുന്നു.
‘മതം മാറാനായി പ്രണയം നടിച്ചതാണോ?’ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ വാര്‍ത്തയുടെ ശീര്‍ഷകം. സോനയെ മുസ്ലീമാക്കാന്‍ റമീസ് പ്രണയം നടിച്ചതാണോ, വിവാഹത്തിനുമപ്പുറം റമീസിനും കുടുംബത്തിനും ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നോ? ഈ പ്രമേയത്തില്‍ അവര്‍ ചര്‍ച്ചയും നടത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത ബി ഗോപാലകൃഷ്ണന്‍ കേരള സ്റ്റോറിയുടെ പ്രമേയത്തോട് സാമ്യമുള്ള കാര്യമാണ് നടന്നതെന്നാണ് പറയാന്‍ ശ്രമിച്ചത്. കോതമംഗലത്ത് ലൗജിഹാദാണെന്ന് അദ്ദേഹവും പറഞ്ഞു (മതംമാറ്റാനായി പ്രണയം നടിച്ചതാണോ? ആഗസ്റ്റ് 11, ഏഷ്യാനെറ്റ്).
ഭീകരതയും ലൗ ജിഹാദും
ഭീകരതയും ലൗ ജിഹാദുമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. സോനയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതികരണം. സോനയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ല. ലൗജിഹാദിന്റെ പേരില്‍ മതഭീകരവാദികള്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി അവസാനം സമ്മതിക്കുന്നവരെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ്. ഇത് സംസ്ഥാനത്ത് വ്യാപകമാണ്. സര്‍ക്കാരും പ്രതിപക്ഷവും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് (ബിജെപി നേതാക്കള്‍ സോനയുടെ വീട് സന്ദര്‍ശിച്ചു, ജന്മഭൂമി, ആഗസ്റ്റ് 12).
രാഷ്ട്രീയ ഇസ്ലാമിന്റെ ആസ്ഥാനം
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ഈ ആത്മഹത്യയെ ഒരു ‘ലൗ ജിഹാദ്’ കേസാണെന്ന് വിശേഷിപ്പിച്ചു. ‘ഇതൊരു വ്യക്തമായ ‘ലൗ ജിഹാദ്’ കേസ് ആണ്, ഒരാഴ്ചക്കുള്ളില്‍ ഞാന്‍ കണ്ട മൂന്നാമത്തെ കേസാണിത്. കേരളം രാഷ്ട്രീയ ഇസ്ലാമിന്റെ ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിനോട് കണ്ണടയ്ക്കുകയാണ്. ഇത് ഗൗരവമായി കാണണം,’ അദ്ദേഹം പറഞ്ഞു (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2025 ഓഗസ്റ്റ് 12, സോന വാണ്‍ട്ടഡ് റ്റു സെ്പന്‍ഡ് ലൈഫ് വിത്ത് റമീസ്, ബട്ട് ഫെയ്റ്റ് ഹാഡ് അദര്‍ പ്ലാന്‍സ്, ആഗസ്റ്റ് 12, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, ‘കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ലൗ ജിഹാദിനെ ഒരു മിഥ്യാധാരണയായി ചിത്രീകരിക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ ഇരയാണ് ഈ പെണ്‍കുട്ടിയെന്ന് ആരോപിച്ചു (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2025 ഓഗസ്റ്റ് 12, സോന വാണ്‍ട്ടഡ് റ്റു സെപന്‍ഡ് ലൈഫ് വിത്ത് റമീസ്, ബട്ട് ഫെയ്റ്റ് ഹാഡ് അദര്‍ പ്ലാന്‍സ്, ആഗസ്റ്റ് 12, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
മതപുസ്തകവും തീവ്രതയും
ഇതേ കുറിപ്പ് യുക്തിവാദി നേതാവ് സജീവന്‍ അന്തിക്കാടിന്റെ പോസ്റ്റില്‍ ചില ചോദ്യങ്ങളാണ് ഉന്നയിച്ചത്: മുസ്ലീമാക്കുന്നതിന് വേണ്ടി ഒരു പെണ്‍കുട്ടിയെ ലേശം വഞ്ചിച്ചാലും കുഴപ്പമില്ല എന്ന വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങള്‍ ഒക്കെ എവിടെ നിന്നാണ് ഈ കുടുംബത്തിന് കിട്ടിയത്? മദ്രസ്സാ കാലത്തുതന്നെ ഇതൊക്കെ പഠിക്കുന്നുണ്ടോ? അല്ലെങ്കില്‍ സാമുദായികമായ ജീവിതത്തില്‍ നിന്ന് പിന്നീടവര്‍ ആര്‍ജിക്കുന്നതാണോ? പല മുസ്ലീം മതവിശ്വാസികളും സ്വപ്നത്തില്‍ പോലും ഇങ്ങനെ ചിന്തിക്കുന്നില്ല. എന്നാല്‍ ചിലര്‍ മാത്രം ഇങ്ങനെയാകുന്നു. എന്തുകൊണ്ടാവാം അത്? മതപുസ്തകം കൂടുതല്‍ വായിക്കുന്നവരാണ് ഇത്തരം വിശ്വാസങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നാണ് തോന്നുന്നത്. പ്രത്യേകിച്ചും വഹാബിസ്റ്റ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവര്‍. മതപുസ്തകം കൂടുതല്‍ പഠിക്കുന്തോറും ആളുകള്‍ക്ക് തീവ്രത കൂടുന്നു (ആഗസ്റ്റ് 12, ഫേസ്ബുക്ക്/ സജീവന്‍ അന്തിക്കാട്).
എന്‍ഐഎ അന്വേഷണം വേണം
ലൗ ജിഹാദ് ആഖ്യാനം ശക്തമായതോടെ സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്ന് ആരോപിച്ച് കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു. അതുസംബന്ധിച്ച പരാതിയും കുടുംബം നല്‍കി (എന്‍ഐഎ പ്രോബ് സോട്ട് ഇന്‍ടു ലൗ ജിഹാദ് സൂയിസൈഡ്, കിന്‍ സസ്‌പെക്റ്റ് ടെറര്‍ ലിങ്ക്‌സ്, ആഗസ്റ്റ് 13, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്). വിദേശ മതതീവ്രവാദ ഭീകരസംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരളകൗമുദിയുടെ റിപോര്‍ട്ടില്‍ പറയുന്നു (സോനയുടെ ആത്മഹത്യ, മതപരിവര്‍ത്തനത്തിന് കേസെടുക്കാതെ പോലിസ്, ആഗസ്റ്റ് 13, കേരളകൗമുദി).
പാനായിക്കുളം, സിമി ക്യാമ്പ്, ലൗ ജിഹാദ്
സോന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ബിജെപി നേതാവ് പി.സി ജോര്‍ജ് ആരോപിച്ചു. അദ്ദേഹം സംഭവത്തെ പാനായിക്കുളവുമായി ബന്ധിപ്പിച്ചു: ധാരാളം സിമി ക്യാമ്പുകള്‍ നടന്ന സ്ഥലമാണ് പാനായിക്കുളം. അവിടെയാണ് സോനയെ പൂട്ടിയിട്ട് മതംമാറ്റാന്‍ ശ്രമിച്ചത്. ഇത് ലൗ ജിഹാദാണ്. എന്‍ഐഎ അന്വേഷണം വേണം. സോനയെ മതം മാറ്റാന്‍ പ്രേരിപ്പിച്ചവരില്‍ പുറത്തുനിന്നുള്ളവരുണ്ടെന്നത് ഗുരുതരമായ കാര്യമാണ്. അത് പോലിസ് അന്വേഷിക്കാന്‍ തയ്യാറല്ല (സോനയും ലൗ ജിഹാദിന്റെ ഇര, കേസൊതുക്കാന്‍ ശ്രമം: പി.സി ജോര്‍ജ്, ആഗസ്റ്റ് 13, കേരള കൗമുദി).
സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷനും സോനയുടെ മരണത്തെ പാനായിക്കുളവുമായി ബന്ധപ്പെടുത്തി. എൻഐഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു: തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. (23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്‍ഗ്രസും, ആഗസ്റ്റ് 13, മറുനാടന്‍ മലയാളി)
സംഘടിത ലോബി
സോനയുടെ മരണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസും ആവശ്യപ്പെട്ടു: പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തില്‍ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് ആത്മഹത്യാക്കുറിപ്പ്. വിവാഹ വാഗ്ദാനം നല്‍കിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന്റെ പുറകില്‍ സംഘടിതമായ സംവിധാനങ്ങള്‍ ഉണ്ട് എന്ന സൂചനയാണ് നല്‍കുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വോട്ട്ബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അതുകൊണ്ടാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവമായും ചില വ്യക്തികളുടെ മാത്രം കാര്യമായും ഈ വിഷയത്തെ നിസാരവല്‍ക്കരിക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. (23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്‍ഗ്രസും, ആഗസ്റ്റ് 13, മറുനാടന്‍ മലയാളി)
മുഖ്യമന്ത്രി മറുപടി പറയണം
ലൗ ജിഹാദ് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ലൗ ജിഹാദിനെ കഥ മാത്രമെന്ന് ഇനിയും മുഖ്യമന്ത്രിക്ക് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു (ലൗ ജിഹാദ് മുഖ്യമന്ത്രി മറുപടി പറയണം, ആഗസ്റ്റ് 13, ജന്മഭൂമി).
തെളിവില്ലെന്ന് പൊലീസ്
‘തീവ്രവാദ വിരുദ്ധ നിയമം ചുമത്തുന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതു കണ്ടെത്തിയാല്‍ യുഎപിഎ ചുമത്തുമെന്നും പോലിസ് പറഞ്ഞു (മതംമാറ്റ പ്രേരണക്കു പിന്നില്‍ സംഘടിത ഗൂഢാലോചന കണ്ടെത്തിയാല്‍ യുഎപിഎ ചുമത്തുമെന്ന് പോലിസ്, ആഗസ്റ്റ് 14, മംഗളം).
നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമല്ലെന്ന്
കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം കുറ്റകൃത്യമല്ലെന്നും അതുകൊണ്ടാണ് റമീസിനെതിരേ കേസെടുക്കാത്തതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ നിയമം നിർമ്മിക്കേണ്ടത് സംസ്ഥാന നിയമസഭയാണ്. പല സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങളുണ്ട്. പക്ഷേ, കേരളത്തിലില്ല (കോതമംഗലം ലൗജിഹാദ്: നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിന് കേസെടുക്കില്ല, ആഗസ്റ്റ് 15, ജന്മഭൂമി).
ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമാക്കണം
ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. പിണറായി സര്‍ക്കാര്‍ ലൗ ജിഹാദിന് രാഷ്ട്രീയപരിരക്ഷ നല്‍കുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികളുമായി റമീസിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു(ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണം, പിണറായി സര്‍ക്കാര്‍ രാഷ്ട്രീയപരിരക്ഷ നല്‍കുന്നു; ഷോണ്‍ ജോര്‍ജ്, ആഗസ്റ്റ് 16, 24 ന്യൂസ്)
ലൗ ജിഹാദിന് സര്‍ക്കാര്‍ പരിരക്ഷ
സര്‍ക്കാര്‍ ലൗജിഹാദിന് രാഷ്ട്രീയ പരിരക്ഷ നല്‍കുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി മതംമാറ്റുന്നതിനെതിരേ നിയമപരിരക്ഷ കൂടിയേ തീരൂ. കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ മതംമാറ്റുന്നതിനായി പൂട്ടിയിട്ട സ്ഥലം ഭീകരകേന്ദ്രമായ പാനായിക്കുളമാണ്. ഭീകരസംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് ആ സ്ഥലം- ഷോണ്‍ ജോര്‍ജ് ആരോപിച്ചു (ലൗ ജിഹാദിന് സര്‍ക്കാര്‍ രാഷ്ട്രീയപരിരക്ഷ നല്‍കുന്നു: ഷോണ്‍ ജോര്‍ജ്, ആഗസ്റ്റ് 17, ജന്മഭൂമി).
വനിതാ കമ്മീഷന്റെ ഇടപെടല്‍
വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി സോനയുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ നീതിപൂര്‍വവും കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്നും അവര്‍ പറഞ്ഞു (‘നീതിപൂര്‍വമായ അന്വേഷണം ഉറപ്പുവരുത്തും’; ആത്മഹത്യ ചെയ്ത ടിടിസി വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പി സതീദേവി, ആഗസ്റ്റ് 18, ദേശാഭിമാനി).
കൂട്ട ഉപവാസം
സോന എല്‍ദോസിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് നിയമം മൂലം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് കൂട്ട ഉപവാസം നടത്തി (ലൗ ജിഹാദ്, ഹിന്ദു ഐക്യവേദി കൂട്ടഉപവാസം ഇന്ന്, ആഗസ്റ്റ് 21, ജന്മഭൂമി).
41. വിഭജനഭീതി ദിനം
കോളജുകള്‍ ആഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കണമെന്ന് കേരള ഗവണ്‍ണര്‍ രാജേന്ദ്ര ആർലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാക്ക് കത്തയച്ചു. അന്നേ ദിവസം വിവിധ പരിപാടികള്‍ ആചരിക്കാനും ആഹ്വാനം നല്‍കി. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു ആഹ്വാനം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം യുജിസിയും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു (വിഭജനഭീതി ദിനം ആഘോഷിക്കണം; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍, ആഗസ്റ്റ് 11, മാധ്യമം).
പ്രതിഷേധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വിവാദ സര്‍ക്കുലറില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി (വിഭജന ഭീതിദിന സര്‍ക്കുലറിനെതിരെ മുഖ്യമന്ത്രി; ‘ഗവര്‍ണറുടെ ആഹ്വാനം സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറക്കാന്‍’, ആഗസ്റ്റ് 12, മാധ്യമം).
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് ഇങ്ങനെയൊരു നിര്‍ദേശം നല്‍കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു (വിഭജനഭീതി ദിനം: സര്‍ക്കുലര്‍ ഇറക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം?; മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണം -വി.ഡി. സതീശന്‍, ആഗസ്റ്റ് 11, മാധ്യമം).
ഗവര്‍ണറുടെ ഉപദേശം അവഗണിക്കണമെന്ന് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചു (ഗവണ്‍മെന്റ് ആസ്ക്‌സ് കോളജസ് ടു ഇഗ്‌നോര്‍ ഗവര്‍ണേഴ്‌സ് പാര്‍ട്ടീഷ്യന്‍ ഹൊറര്‍ ഡെ ഡയറക്റ്റീവ്, ആഗസ്റ്റ് 14, ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്).
ഇതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ വീണ്ടും കത്തയച്ചു. നേരത്തെ അയച്ച കത്ത് ഓര്‍മ്മപ്പെടുത്തിയായിരുന്നു പുതിയ കത്ത്. പിന്നാലെ കാമ്പസുകളില്‍ ഇത്തരമൊരു ദിനാചരണം നടത്തേണ്ടതില്ലെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍മാര്‍ക്ക് കത്തയച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി (സര്‍വകലാശാലകളില്‍ വിഭജനഭീതി ദിനാചരണം നടത്തണമെന്ന് വീണ്ടും ഗവര്‍ണറുടെ നിര്‍ദേശം; വിലക്കി സര്‍ക്കാര്‍ കത്ത്, ആഗസ്റ്റ് 13, മാധ്യമം).
ഒടുവില്‍ ഗവര്‍ണറുടെ നിര്‍ദേശം ഒരിടത്തും നടപ്പായില്ല. ഒരിടത്തും ഔദ്യോഗികമായി പരിപാടി നടന്നില്ല. എന്നാല്‍ ചിലയിടങ്ങളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ ദിനാചരണം നടന്നു. പലയിടങ്ങളിലും ഇത് സംഘര്‍ഷത്തിന് കാരണമായി. കേരള സര്‍വകലാശാലയില്‍ ഗവര്‍ണറുടെ കോലം കത്തിച്ചു (ഗവര്‍ണറുടെ വിഭജനഭീതി മറികടന്ന് കലാലയങ്ങള്‍, ആഗസ്റ്റ് 15, സുപ്രഭാതം).
പോപ്പുലർ ഫ്രണ്ടും വിഭജനഭീതിയും
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 2009-ൽ ഡൽഹിയിൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലെ പ്രസ്താവനകൾ ഉദ്ധരിച്ച്, കേരളത്തെ ‘മുസ്ലീം രാജ്യമാക്കാനുള്ള’ ശ്രമങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചു. തങ്ങളുടെ സ്വാതന്ത്ര്യ ദിനമായതിനാൽ ആഗസ്ത് 14 വിഭജന ദുരന്ത ഭീതിദിനമായി ആചരിക്കുന്നതിനെ പാകിസ്താൻ എതിർക്കുന്നത് മനസിലാക്കാം. ഭാരതത്തിലുള്ള ‘മതേതരവാദികൾക്ക്’ ഇതിൽ എന്താണ് പ്രശ്‌നമെന്നാണ് എഴുത്തുകാരന്റെ ചോദ്യം. തുടർന്ന് അച്യുതാനന്ദനോട് ചേർന്നുനിന്നുകൊണ്ട് ചില നിരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു:
ഭാരതത്തെ മുസ്ലീം രാജ്യമാക്കി മാറ്റാനുള്ള ആഗ്രഹപ്രകടനങ്ങൾ പലയിടങ്ങളിലും പ്രകടമാണ്, ഇങ്ങനെ പെരുമാറുന്നതിലെ വഞ്ചനയാണ് ഭാരതത്തെ ഇസ്ലാമിക രാജ്യം ആക്കി മാറ്റും എന്ന് പ്രതിജ്ഞ ചെയ്യുന്ന പോപ്പുലർ ഫ്രണ്ടിനെ പോലുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം തെളിയിക്കുന്നത്, 20 കൊല്ലം കഴിയുമ്പോൾ കേരളം മുസ്ലിം രാജ്യമാകും, മുസ്ലിം ഭൂരിപക്ഷമാകും, മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ജനസംഖ്യ വർദ്ധിപ്പിച്ച് ഇതിനാണ് അവർ ശ്രമിക്കുന്നത് (ഇന്ന് വിഭജന ദുരന്ത ഭീതിദിനം: വിഭജന ഭീതികൾ മറക്കുന്ന കേരളം, മുരളി പാറപ്പുറം, ആഗസ്റ്റ് 14, ജന്മഭൂമി).
42. വോട്ട് കവർച്ചയ്ക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി
2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ തോതിൽ വോട്ട് കവർച്ച (വോട്ട് തെഫ്റ്റ്) നടന്നതായി ആഗസ്റ്റ് 1 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടകയിലെ മഹാദേവപുരയിൽ വോട്ടർ ലിസ്റ്റുകളിൽ വ്യാജപ്പേരുകൾ ചേർക്കപ്പെട്ടതിലൂടെ വോട്ട് കവരൽ നടന്നു എന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ‘ജയിച്ചത്’ കേരളത്തിലും ചർച്ചയായി.
ആഗസ്റ്റ് 12ന് മാതൃഭൂമി ചാനലിൽ ‘തൃശൂർ മോഷ്ടിച്ച് എടുത്തോ?’ എന്ന തലക്കെട്ടിൽ ചർച്ച നടന്നു. മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനനായിരുന്നു ചർച്ച നയിച്ചത്. വിവിധ മണ്ഡലങ്ങളിലുള്ള ബിജെപിക്കാർ തൃശൂരിൽ വന്നു വോട്ടേഴ്‌സ് ലിസ്റ്റിൽ അനധികൃതമായി വോട്ടു ചേർത്തുവെന്നായിരുന്നു ഒരു ആക്ഷേപം. ഇതാണ് സാഹചര്യമെങ്കിൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ അവസ്ഥയെന്നും അഭിലാഷ് മോഹനൻ ബിജെപി പ്രതിനിധി പി. ശ്യാംരാജിനോടു ചോദിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പണം വാങ്ങിയിട്ടാണോ അഭിലാഷ് ചർച്ച നടത്തുന്നതെന്നായിരുന്നു ഇതിനോട് ബിജെപി പ്രതിനിധിയുടെ പ്രതികരണം. ഈ ചർച്ചയിൽ ജമാഅത്തെ ഇസ്‌ലാമിക്കെന്തു കാര്യമെന്നു അഭിലാഷ് തിരിച്ചു ചോദിച്ചു. അഭിലാഷ് ഉന്നയിക്കുന്നതു ആരോപണങ്ങളാണെന്നും ഇതൊന്നും മാതൃഭൂമി ചാനലിനു ചേർന്നതല്ലെന്നും ശ്യാംരാജ് പറഞ്ഞു (തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ പുതുതായി ചേർക്കപ്പെട്ട ഒരു ലക്ഷത്തിൽ പരം വോട്ടുകൾ എല്ലാം ഞങ്ങൾക്ക് വന്നതാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത്?-പി ശ്യാംരാജ്, ബിജെപി, ആഗസ്റ്റ് 12, മാതൃഭൂമി).
43. സൗബിൻ ഷാഹിറും മട്ടാഞ്ചേരി മാഫിയയും
ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൂലി എന്ന സിനിമയിലെ സൗബിൻ ഷാഹിർ ചെയ്ത വേഷത്തെക്കുറിച്ച്: സൗബിൻ ചെയ്ത വേഷം അർജുൻ ദാസോ മറ്റോ ചെയ്തിരുന്നുവെങ്കിൽ ഇത്രയും വലിയ കോമഡി പീസ് ആവില്ലായിരുന്നു. ഒട്ടും വിശ്വസനീയമായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സൗബിനു കഴിഞ്ഞില്ല. ഒരു വലിയ മാഫിയയുടെ ലീഡർ ആണ് സൗബിൻ സിനിമയിൽ. പക്ഷേ, പലപ്പോഴും മട്ടാഞ്ചേരി മാഫിയയുടെ ലീഡർ ആണ് എന്ന രീതിയിലാണ് ഉടനീളം ഇദ്ദേഹത്തിന്റെ പെർഫോമൻസ് (ആഗസ്റ്റ് 14, ഫേസ്ബുക്ക്/ ബിയിംഗ് മലയാളി).
44. മുസ്ലീങ്ങളില്ലാത്ത സ്വാതന്ത്ര്യദിന പോസ്റ്റർ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനം ടിവി, “സ്വാതന്ത്ര്യം നൽകപ്പെടുന്നില്ല, അത് എടുക്കപ്പെടുന്നു-ഇന്ന് നാം സ്വതന്ത്രരാണ്. നമ്മൾ സ്വതന്ത്രരായി തന്നെ തുടരും” എന്ന ശീർഷകത്തിൽ ഒരു പോസ്റ്റർ പുറത്തിറക്കി. ഈ പോസ്റ്ററിൽ മഹാത്മാ ഗാന്ധി, സുഭാഷ്ചന്ദ്ര ബോസ്, ഭഗത് സിംഗ്, ബാലഗംഗാധർ തിലക്, രബീന്ദ്രനാഥ ടാഗോർ, സർദാർ വല്ലഭായി പട്ടേൽ, അംബേദ്കർ , ഝാൻസി റാണി ലക്ഷ്മിബായി, ചന്ദ്രശേഖർ ആസാദ്, സ്വാമി വിവേകാനന്ദൻ , സവർകർ , ടാണ്ട്യ ടോപ്പെ , മംഗൽ പാണ്ഡേ, ബിപിൻ ചന്ദ്ര പാൽ , ലാലാ ലജ്പത് റായി, സുഖ്‌ദേവ് താപ്പർ , ചത്രപതി ശിവജി , റാം പ്രസാദ് ബിസ്മിൽ , ഓറോബിന്തോ ഗോഷ് , ഉദ്ധം സിംഗ് , ഖുദിറാം ബോസ് , ഗണേഷ് ദാമോദർ സവർക്കർ , ഹെഡ്ഗേവാർ , വിനായക് ദാമോദർ സവർക്കർ , പഴശ്ശി രാജ, കെ കേളപ്പൻ തുടങ്ങി പല നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പട്ടികയിൽ ഒരു മുസ്ലീം നേതാവ് പോലും ഉണ്ടായിരുന്നില്ല (ആഗസ്റ്റ് 15, ജനം ടിവി).
45.സമ്പദ് വ്യവസ്ഥയും മുസ്ലീങ്ങളും
നിലവിലുള്ള പെൻഷൻ മേൽജാതി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പൊതു വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള ഒരു ഉപാധി ആയി തുടരുന്നുണ്ട്, പെൻഷൻ വ്യവസ്ഥ നീതിയുക്തമാവണം എന്ന് വാദിക്കുന്ന ലേഖനം (ജോസ് സെബാസ്റ്റ്യൻ, ഫേസ്ബുക് പോസ്റ്റ്, പേജ് 16): കേരളത്തിലെ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സംരംഭകർ മുസ്ലീങ്ങളാണ്. അവരാണ് ഒരുപക്ഷേ ഇന്ന് അമുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ കൊടുക്കുന്നത്. പക്ഷേ അവർക്കെതിരെ ക്രിസ്ത്യാനികളെ കൂടെക്കൂട്ടി ഒരു മുന്നണി ഉണ്ടാക്കാൻ സവർണ ഹിന്ദുക്കൾക്ക് കഴിഞ്ഞിരിക്കുന്നു.
46. സവർക്കർ മോശം ആളല്ല
വി.ഡി സവർക്കറെ പുകഴ്ത്തി സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്. വാട്‌സാപ്പ് ഗ്രൂപ്പിലാണ് അദ്ദേഹം ഇത്തരത്തിലൊരു ശബ്ദ സന്ദേശം അയച്ചത്. ഒരു കോൺഗ്രസ് നേതാവുമായുള്ള തർക്കത്തെ തുടർന്നാണ് ഷുഹൈബ് സവർക്കറെ പുകഴ്ത്തി സന്ദേശമിട്ടത്: വലിയ ചരിത്ര വിദ്യാർത്ഥി ആണെന്ന് പറഞ്ഞിട്ട് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. സവർക്കർ ബിജെപി എന്ന ഹിന്ദുത്വ തീവ്ര നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു എന്നതിന് മുൻപ് ഒരു സവർക്കർ ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടിസ്ഥാന ആശയം നിരീശ്വരവാദമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ കൂടുതൽ ത്യാഗം സഹിച്ച വ്യക്തിയാണെന്നും സന്ദേശത്തിൽ പറയുന്നു.
എന്നാൽ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ശുഹൈബ് പറയുന്നത്. ഇക്കാര്യം ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല (സവർക്കർ മോശപ്പെട്ട ആളല്ല , സ്വാതന്ത്ര്യ സമരത്തിനായി കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചു ;പുകഴ്ത്തി സിപിഐ നേതാവ്, ആഗസ്റ്റ് 17, 24ന്യൂസ്).
47. സംഘപരിവാർ ചിന്താഗതിക്കാർ ആത്മപരിശോധന നടത്തണം
മുസ്ലീങ്ങളിലെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെക്കുറിച്ച് സംഘപരിവാർ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർക്ക് ആത്മപരിശോധന നടത്താനുള്ള അവസരമാണ് എംബിബിഎസ് എൻട്രസിന്റെ അലോട്ട്‌മെന്റ് പട്ടികയെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം:
സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാർ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നത്. ആ നിലയിൽ സമീപകാലത്ത് മുസ്ലീം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകൾ ശരിവക്കുന്നുണ്ട്. മുസ്ലീങ്ങളെക്കുറിച്ചും മലപ്പുറമടങ്ങുന്ന മലബാറിനേക്കുറിച്ചുമൊക്കെ സംഘപരിവാർ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർക്ക് സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായും ഇത് മാറേണ്ടതുണ്ട്. ആവശ്യത്തിന് ഹയർ സെക്കണ്ടറി പഠനസൗകര്യമില്ല എന്നതടക്കമുള്ള നിരവധി പ്രതികൂല ഘടകങ്ങളെയും മലബാറുകാർ പ്രത്യേകമായി നേരിടേണ്ടി വരുന്നുണ്ട് (ആഗസ്റ്റ് 19, ഫേസ്ബുക്ക് / വി.ടി ബൽറാം).
48. ഓർക്കാട്ടേരിയിലെ രാഷ്ട്രീയ പ്രസംഗം
മുസ്ലീം ലീഗും സമസ്തയും ഒന്നിച്ചും നിൽക്കണമെന്ന് പള്ളിയിൽ പ്രസംഗിച്ച ഇകെ വിഭാഗം സമസ്ത പണ്ഡിതനെക്കുറിച്ച് ഒരു വാർത്ത ജനയുഗം പ്രസിദ്ധീകരിച്ചു. ബിരിയാണിച്ചെമ്പിൽ വച്ച അടുപ്പിൻ കല്ലുപോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്‌ലീം ലീഗും ഒന്നിച്ചുനിൽക്കണമെന്നും അതാണ് സമുദായത്തിന്റെ ശക്തിയെന്നുമായിരുന്നു ഓർക്കാട്ടേരി പള്ളിയിൽ ആബിദ് ഹുദവി തച്ചണ്ണ പ്രസംഗിച്ചത്. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കുന്നവർക്ക് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതേ കുറിച്ച് ജനയുഗത്തിന്റെ നിരീക്ഷണം പള്ളിയിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് ക്ഷേത്രങ്ങളെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കു തുല്യമാണെന്നാണ്. സംഘപരിവാറിനെയും ലീഗിനെയും സമീകരിക്കുകയായിരുന്നു പത്രം (ലീഗിന് വേണ്ടി രാഷ്ട്രീയപ്രസംഗം, ഇ കെ വിഭാഗം നേതാവിനെതിരേ പ്രതിഷേധം ശക്തമാകുന്നു, ആഗസ്റ്റ് 19, ജനയുഗം).
49. മതപണ്ഡിതർ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറണം
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മൾ മാറണമെന്നും മതപണ്ഡിതന്മാർ വാശിപിടിക്കുന്നതിൽ പുനർവിചിന്തനം നടത്തണമെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ പഞ്ചായത്തിലെ പുല്യോട് സർക്കാർ എൽപി സ്‌കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: മതപഠനത്തിനോ മതപരമായ ആചാരങ്ങൾക്കോ ഞങ്ങൾ എതിരല്ല. എന്നാൽ, കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മൾ മാറണം. പത്ത് മണി മുതൽ നാല് മണി വരെ എന്ന തിയറി മാറ്റണം. പകരം എട്ട് മണിക്ക്, രാവിലെ ഉറങ്ങിയെണീക്കുന്ന കുട്ടി ഫ്രഷ് മൂഡിൽ പഠിക്കാൻ പോകട്ടെ. ഒരു മണിക്ക് മുമ്പായി ക്ലാസ് അവസാനിച്ച് ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ച് കളിക്കാൻ പോകട്ടെ. അന്നേരം മതപഠനം നടത്തട്ടെ. അല്ലാതെ പത്ത് മണിക്ക് മാത്രമേ പറ്റൂ എന്നരീതിയിലേക്ക് വാശിപിടിക്കുന്നതിൽ മതപണ്ഡിതന്മാർ പുനർവിചിന്തനത്തിന് തയ്യാറാകണം. (‘ഉച്ചയ്ക്കുശേഷം മദ്രസയിൽ പോകട്ടെ, മതപണ്ഡിതർ പുനർവിചിന്തനം നടത്തണം’; സ്‌കൂൾ സമയമാറ്റത്തിൽ സ്പീക്കർ, ആഗസ്റ്റ് 19, മാതൃഭൂമി).
50. സ്‌കൂളിലെ സ്‌ഫോടനം
പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്‌കൂളിന് സമീപം ആഗസ്റ്റ് 20ന് സ്‌ഫോടനമുണ്ടായി. ഒരു വിദ്യാർത്ഥിക്ക് പരിക്കുപറ്റി. അടുത്ത ദിവസം സ്‌കൂൾ പരിസരത്ത് സ്‌ഫോടക വസ്തുവും കണ്ടെത്തി. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്നാണ് എഫ്‌ഐആർ. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ സ്‌ഫോടക വസ്തു എത്തിയതിൽ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. മൂത്താംതറ – വടക്കന്തറ മേഖല ആർഎസ്എസ് കേന്ദ്രമാണെന്നും ആർഎസ്എസിന്റെ ശാഖ രാവിലെയും രാത്രിയും സ്‌കൂളിന്റെ പരിസരത്ത് നടക്കുന്നുണ്ടെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. ഡിവൈഎഫ്‌ഐയും അന്വേഷണം ആവശ്യപ്പെട്ടു (പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: കണ്ടെത്തിയത് മാരക സ്‌ഫോടക വസ്തുവെന്ന് എഫ്‌ഐആർ, ആഗസ്റ്റ് 20, മീഡിയാവൺ).
എന്നാൽ പല വാർത്താമാധ്യമങ്ങളും ഈ വാർത്ത അവതരിപ്പിച്ചപ്പോൾ ആർഎസ്എസ് ബന്ധം പരാമർശിച്ചില്ല. ഉദാഹരണം 24 ന്യൂസിന്റെ വാർത്ത സ്‌ഫോടനം പന്നിപ്പടക്കം മൂലമാണെന്നാണ് ആദ്യമേ പറഞ്ഞുവച്ചത്. ആർഎസ്എസ് ബന്ധവും മറച്ചുവച്ചു (പാലക്കാട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസുകാരന് പരുക്ക്, ആഗസ്റ്റ് 20, 24ന്യൂസ്).
ബിജെപിയുടെ പ്രതികരണം
വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി വന്നതോടെ ബിജെപി സംസ്ഥാന നേതാക്കളും പ്രതികരിച്ചു (ഡെയ്ഞ്ചറസ് എക്‌സ്‌പ്ലോസീവ്‌സ് ഫൗണ്ട് ഔട്ട്‌സൈഡ് കേരള സ്‌കൂൾ, ആഗസ്റ്റ് 21, ന്യൂ ഇന്ത്യൻ എക്സ്പ്രസ്).
സ്‌കൂൾ മാനേജ്‌മെന്റിന് ബോംബുമായി ബന്ധമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചെങ്കിലും മറ്റാരോ ബോധപൂർവം സ്‌കൂളിൽ സ്‌ഫോടനകവസ്തു കൊണ്ടുവച്ചതാണെന്നാണ് പൊലീസ് നിലപാടെടുത്തത്, കൂടാതെ നാടൻ ബോംബാണെന്നും സൂചിപ്പിച്ചു (ആർഎസ്എസ് നിയന്ത്രണത്തിനുള്ള സ്‌കൂളിൽ പൊട്ടിയത് നാടൻബോംബ്, ജീവാപായം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചതായി എഫ്‌ഐആർ, ആഗസ്റ്റ് 21, സുപ്രഭാതം).
സ്‌കൂളിനെ കേന്ദ്രീകരിച്ച അന്വേഷണമൊന്നും നടന്നിരുന്നില്ല. സ്‌കൂൾ ഇരയായാണ് കണക്കാക്കിയത്. മിക്കവാറും മാധ്യമങ്ങൾ സ്‌ഫോടകവസ്തു അത്ര ഗുരുതരമല്ലെന്ന നിലപാടും എടുത്തു.
എൻഒസി റദ്ദാക്കുമെന്ന് മന്ത്രി
സ്‌കൂളിലെ സ്‌ഫോടനത്തിൽ ആർഎസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആരോപിച്ചു: വരാൻ പോകുന്ന തെരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. ആർഎസ്എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആർഎസ്എസിന് ബന്ധമുണ്ട്. ഏത് സ്‌കൂൾ ആയിരുന്നാലും അതിനുള്ളിൽ ആയുധ പരിശീലനം നടത്താൻ വിടില്ല. ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളിനുള്ളിൽ ആയുധപരിശീലനം നടത്തിയതിനാൽ എൻ ഒ സി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
പക്ഷേ, ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല (പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കും: മന്ത്രി വി ശിവൻകുട്ടി, ആഗസ്റ്റ് 22, മീഡിയാവൺ).
പിന്നിലാര്?
വിവാദം കത്തിപ്പിടിച്ചിട്ടും പൊലീസിന് ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താനായില്ല (പാലക്കാട് ആർഎസ്എസ് സ്‌കൂളിൽ സ്‌ഫോടനം, പിന്നിലാര്? നീങ്ങാതെ ദുരൂഹത, ആഗസ്റ്റ് 28, സുപ്രഭാതം).
51. ലൗ ജിഹാദിന് പ്രോത്സാഹനം
15 വയസ്സ് പൂർത്തിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന സുപ്രീം കോടതി വിധി ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിൽപ്പെടുത്തി മതം മാറ്റാൻ തക്കം പാർത്തിരിക്കുന്നവർക്ക് അനുകൂലമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ വി ബാബു (സുപ്രീം കോടതിയുടെ പുതിയ വിധി പോക്‌സോ നിയമത്തെ നിർവീര്യമാക്കും: ആർ.വി ബാബു, ആഗസ്റ്റ് 22, ജന്മഭൂമി). കോതമംഗലത്ത് കൂട്ടഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ആർ.വി ബാബു ഇപ്രകാരം പ്രസംഗിച്ചത്.
15 വയസ് കഴിഞ്ഞ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ അപ്പീലും തള്ളി. ഇതേ കുറിച്ചായിരുന്നു ആർ.വി ബാബുവിന്റെ പ്രസംഗം (15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി, ആഗസ്റ്റ് 20, ന്യൂസ് 18 മലയാളം).
52. റംസാൻ ആഘോഷം
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കുമ്പോൾത്തന്നെ വിവിധ മതവിഭാഗങ്ങളുടെ ആഘോഷസമയങ്ങളിൽ യൂണിഫോമുകളിൽ ഇളവനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇതേകുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വി ശിവൻകുട്ടി ഇങ്ങനെ എഴുതി: വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു (ആഗസ്റ്റ് 22, ഫേസ്ബുക്ക്/ വി ശിവൻകുട്ടി). പിന്നീട് റംസാൻ ആഘോഷമെന്ന പ്രയോഗം തിരുത്തി.
53. സമ്പൂർണ ഡിജിറ്റൽ സാക്ഷരത
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ 104 വയസ്സുള്ള എം എ അബ്ദുള്ള മൗലവിയുമായി (അസമന്നൂർ പഞ്ചായത്ത്, എറണാകുളം ജില്ല) വീഡിയോ കോളിലൂടെ സംസാരിച്ചു. ഡിജി കേരള പ്രൊജക്റ്റിന്റെ കീഴിൽ പരിശീലനം നേടിയതിൽ ഏറ്റവും പ്രായമേറിയ ‘വിദ്യാർത്ഥി’യായിരുന്നു അബ്ദുള്ള മൗലവി (കേരള ഡിക്ലയേർഡ് ഫസ്റ്റ് ഫുള്ളി ഡിജിറ്റലി ലിറ്ററേറ്റ് സ്‌റ്റേറ്റ് ഇൻ ദി കൺട്രി, ആഗസ്റ്റ് 21, ദി ഹിന്ദു).
സമ്പൂർണ സാക്ഷരത പരിപാടികളുടെ പ്രതീകമായി മുസ്ലീം പ്രതീകങ്ങൾ ഉപയോഗിക്കുന്നത് കേരളത്തിൽ പൊതുരീതിയാണ്. ഗവേഷകൻ ഡോ. മോയിൻ മലയമ്മയുടെ ഇത് സംബന്ധിച്ച പ്രതികരണം ഇങ്ങനെ:
അന്ന് ചേലക്കോടൻ ആയിഷ. ഇന്ന് 105 വയസ്സുകാരൻ അബ്ദുള്ള. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപിക്കാൻ 1991 ൽ അന്നത്തെ സർക്കാർ ഉയർത്തിക്കാട്ടിയത് ചേലക്കോടൻ ആയിഷ എന്ന മാപ്പിള പെണ്ണ് തുല്യത പരീക്ഷയിൽ വിജയിച്ചതായിരുന്നു. ഇന്ന് സ്റ്റേറ്റിന്റെ ഡിജിറ്റൽ സാക്ഷരതയുടെ പൂർണ്ണത അറിയിക്കാൻ അബ്ദുല്ല എന്ന മാപ്പിള കാക്കയെ കൊണ്ടുവന്നിരിക്കുന്നു. ഇത് കേവലം ഒരു ആകസ്മികതയാണോ? ഈ തെരഞ്ഞെടുപ്പിൽ പല അജണ്ടകളും ഇല്ലാതില്ല എന്നത് തന്നെയല്ലേ സത്യം? കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതക്ക് മുന്നിലെ വിലങ്ങ്തടി ആയിശമാരും അബ്ദുള്ളമാരും ആയിരുന്നോ? തീർത്തും വിരോധാഭാസപരമായ ഒരു നിർമ്മിതിയാണ് ഇതിനു പിന്നിലെ ഇൻക്യുബാറ്ററിൽ പാകമാകുന്നത് (ആഗസ്റ്റ് 22, ഫേസ്ബുക്ക് പോസ്റ്റ്/ ഡോ. മോയിൻ മലയമ്മ).
54. സ്‌കൂൾ സമയ മാറ്റവും അവധി മാറ്റവും
സ്‌കൂൾ സമയമാറ്റവും അവധിമാറ്റവും തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. മർക്കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. താൻ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് എത്തിയ ആളാണ്. മതേതരത്വത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്നു അദ്ദേഹം പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്നതുമാത്രമേ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു (‘ഞാൻ കേരളത്തിലെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്‌തെത്തിയ ആൾ; മതേതരത്വത്തിനൊപ്പം നിൽക്കും’ -വി ശിവൻകുട്ടി, ആഗസ്റ്റ് 22, മാതൃഭൂമി ന്യൂസ്).
55. തീരദേശത്തെ ദേശവിരുദ്ധർ
കേരള തീരദേശം ദേശവിരുദ്ധശക്തികളുടെ പ്രവർത്തനകേന്ദ്രമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ സെല്ലുകൾ പല രൂപത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നു. കേരളതീരം ദേശവിരുദ്ധശക്തികളുടെ പ്രവർത്തനകേന്ദ്രമായി മാറിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കേരള സർക്കാർ അവഗണിക്കുന്നു. ദേശസുരക്ഷക്ക് കേരളം പരിഗണന നൽകുന്നില്ല – ബിജെപി സംസ്ഥാന നേതൃയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം (കേരള തീരദേശം ദേശവിരുദ്ധശക്തികളുടെ പ്രവർത്തനകേന്ദ്രം -അമിത് ഷാ, ആഗസ്റ്റ് 23, മാതൃഭൂമി).


56. ജയിക്കാൻ കശ്മീരിൽ നിന്നായാലും ആളെക്കൊണ്ടുവരും
ജയിക്കാൻ ജമ്മു കശ്മീരിൽ നിന്നായാലും ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ടുചേർക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻഫ് ബി ഗോപാലകൃഷ്ണൻ. ഏത് വിലാസത്തിലും ആളെ താമസിപ്പിച്ച് വോട്ട് ചേർക്കാൻ തങ്ങൾക്ക് കഴിയും. നിയമസഭാതിരഞ്ഞെടുപ്പിൽ അതു വേണമോയെന്ന് അപ്പോൾ ആലോചിക്കും. ഗോപാലകൃഷ്ണന്റെ അഭിപ്രായത്തെ എം.ടി രമേശും ന്യായീകരിച്ചു (ജയിക്കാൻ കശ്മീരിൽ നിന്നായാലും ആളെ കൊണ്ടുവന്ന് വോട്ട് ചേർക്കും – ബി ഗോപാലകൃഷ്ണൻ, ആഗസ്റ്റ് 23, മാതൃഭൂമി)
57. പൊലീസിൽ ബിജെപി കൂട്ടായ്മകൾ കൂടുന്നു
പോലിസിൽ ബിജെപി അനുകൂല കൂട്ടായ്മകൾ കൂടുന്നതായും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്നതായും മാതൃഭൂമി (പൊലീസിൽ ബിജെപി കൂട്ടായ്മ ശക്തിപ്പെടുന്നു, ആഗസ്റ്റ് 23, മാതൃഭൂമി)
58. റീൽസ് ചിത്രീകരണവും ശുദ്ധികർമ്മവും
അഹിന്ദുക്കൾക്ക് വിലക്കുള്ള ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് ശുദ്ധികർമം നടത്താൻ ദേവസ്വം കമ്മറ്റി തീരുമാനിച്ചു. വിലക്ക് മറികടന്ന് റീൽസ് ചിത്രീകരിച്ച ജാസ്മിൻ മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയർത്തുന്ന നടപടിയാണ് അതെന്നും ആരോപിച്ച് ഗുരുവായൂർ ക്ഷേത്രം പരാതിയും നൽകി (റീൽസിട്ട് എട്ടിന്റെ പണി വാങ്ങി ജാസ്മിൻ ജാഫർ, ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാലിട്ട് വീഡിയോ, പരാതി നൽകി ദേവസ്വം, ആഗസ്റ്റ് 23, മലയാളം വൺ ഇന്ത്യ).
ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘപരിവാർ നേതാവ് ലസിത പാലക്കൽ എഴുതി: അന്യമതസ്തർക്ക് കർശനമായി വിലക്കുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ കടന്നുകയറി പവിത്രത നശിപ്പിക്കുന്നത് ഗൂഢാലോചന (ആഗസ്റ്റ് 25, ഫേസ്ബുക്ക്/ ലസിത പാലക്കൽ).
59. എമ്പുരാൻ വർഗവിദ്വേഷമുണ്ടാക്കുന്നു
എമ്പുരാൻ വർഗവിദ്വേഷമുണ്ടാക്കുന്നുവെന്ന് മേജർ രവി. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരനുമായി നടന്ന തർക്കത്തെക്കുറിച്ചയിരുന്നു പ്രതികരണം: എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാൽ ആദ്യം ഫാക്ടുകൾ മനസിലാക്കണം. ചാടിച്ചാടി പാർട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയിൽ ഞാൻ മെമ്പറായിരുന്നു എന്ന് ഇവർ പറയുകയാണെങ്കിൽ അന്ന് ഞാൻ അവർ പറയുന്നത് കേൾക്കും. അത് തെളിയിക്കണം. എന്നെ കോൺഗ്രസുകാർ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. അന്ന് ഞാൻ കോൺഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്. അൽപജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല. എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ. ഇത്രയും വർഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച് ഓരോന്നായി എടുത്ത് പറയാൻ തുടങ്ങിയാൽ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാൻ പറയുന്നു മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച് പറയുകയാണെങ്കിൽ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല – മേജർ രവി പറഞ്ഞു.
(‘എനിക്ക് ഒരു തന്തയാണ്; അൽപജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്; പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാൻ മല്ലിക ചേച്ചി ആയിട്ടില്ല; എന്നെക്കൊണ്ട് പറയിപ്പിക്കരുത്; എമ്പുരാൻ വർഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹൻലാൽ എമ്പുരാൻ കണ്ടിട്ടില്ല’; മല്ലിക സുകുമാരനെതിരെ മേജർ രവി, ആഗസ്റ്റ് 25, മറുനാടൻ മലയാളി).
60. മതേതര പാർട്ടിയേക്കാളും മതേതരം
ഇന്ത്യയിൽ മറ്റേതൊരു മതേതര പാർട്ടിയേക്കാളും മതേതരമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന് ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചെറുപ്പം തൊട്ട് മുസ്ലീം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ജീവിച്ച തനിക്കിത് മറ്റാരെക്കാളും നന്നായി അറിയുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ന്യൂഡൽഹി ദരിയാഗഞ്ചിലെ ഖാഇദേ മില്ലത്ത് സെന്ററിൽ പ്രഥമ ‘ഇ അഹമ്മദ് രാഷ്ട്ര നന്മ’ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വേണുഗോപാൽ (ഇന്ത്യയിൽ മറ്റേതൊരു മതേതര പാർട്ടിയേക്കാളും മതേതരമാണ് മുസ്ലിം ലീഗ് -കെ.സി. വേണുഗോപാൽ, ആഗസ്റ്റ് 25, മാധ്യമം).
61. മൗദൂദിയും കോഴിപ്പങ്കും
മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ ‘ഷാഫി പറമ്പലിന്റെ കോഴിപ്പങ്ക്’ എന്ന ശീർഷകത്തിൽ ഷാഫിയോട് ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തു. ഇതിനെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് മീഡിയാവണിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു വിദ്വേഷപ്രചാരണം നടന്നത് (ഷാഫി പറമ്പലിന്റെ കോഴിപ്പങ്ക്; പ്രമോദ് രാമന്റെ പരിപാടിക്കെതിരേ വ്യാപക തെറിവിളി, ആഗസ്റ്റ് 25, ഡൂൾ ന്യൂസ്). ചില പ്രതികരണങ്ങൾ: തീവ്രവാദി ചാലനിന്റെ തന്തക്കാണ് കോഴിപ്പങ്ക്.
നിങ്ങളെ കമ്മികൾ തീവ്രവാദികൾ എന്ന് വിളിക്കുന്നത് വെറുതേയല്ല, മൗദൂദി
62. ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രവാദവും
പ്രസാധകൻ മാസികയിൽ ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച എഴുത്തുകാരി ഹരിത സാവിത്രിയുമായുള്ള അഭിമുഖത്തിൽ ഇടതുനേതാക്കളെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യമുണ്ടായിരുന്നു. അതിനോടുള്ള എഴുത്തുകാരിയുടെ പ്രതികരണം ഇങ്ങനെ: ജമാഅത്തെ ഇസ്‌ലാമി ആർഎസ് എസ്സിനെപ്പോലെ തന്നെ മതരാഷ്ട്ര രൂപീകരണത്തിനുവേണ്ടി നിലകൊള്ളുന്ന തീവ്ര മതരാഷ്ട്ര വാദികളുടെ വർഗീയപ്രസ്ഥാനമാണ്. പിഎഫ്ഐ ആകട്ടെ, വിദേശ തീവ്രവാദബന്ധം പോലുമുള്ള സംഘടനയാണ്. ഇതര ഇസ്‌ലാമിക സമുദായസംഘടനകളുമായി ചേർത്തുവെച്ച് ഇവയെ കാണാൻ കഴിയില്ല. ആർഎസ് എസ്സും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ശക്തിപ്പെടുത്തി നീങ്ങുന്ന രണ്ട് വർഗീയ പ്രസ്ഥാനങ്ങളാണ്. ഹിന്ദു രാഷ്ട്രവാദം മുൻനിർത്തി ആർഎസ്എസും ഇസ്ലാം രാഷ്ട്രവാദം മുൻനിർത്തി ജമാഅത്തെ ഇസ്‌ലാമിയും ശക്തിപ്പെടുന്നു. ഒന്നിന്റെ വളർച്ചയെ ചൂണ്ടിക്കാണിച്ച് മറ്റൊന്നു വളരുന്നു. ആ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന്റെ അജൻഡ തീരുമാനിക്കുന്ന നിലയാണ് ഇന്നുള്ളത് (ഹരിത സാവിത്രി – പ്രസാധകൻ, ആഗസ്റ്റ് 25).
63. മുസ്ലീങ്ങളും മുസ്ലീം ലീഗും
പാലോളി മുഹമ്മദ്കുട്ടിയുമായി സക്കീർ ഹുസൈൻ നടത്തിയ ഒരു അഭിമുഖം മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. വിഎസ്സിന്റെ ചില ‘ഇസ്ലാം വിരുദ്ധ’ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് പാലൊളി പറഞ്ഞ ഉത്തരം ഇങ്ങനെ: ഞാൻ അറിഞ്ഞിടത്തോളം വി.എസ് ഒരിക്കലും മുസ്ലിം വിരുദ്ധനല്ല. ഓരോന്നും ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചാണ് വരിക. കോപ്പിയടി മലപ്പുറം ജില്ലയിൽ എന്ന് പറഞ്ഞപ്പോൾ മുസ്ലിം വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. ചിലപ്പോൾ മുസ്ലിം ലീഗിനോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് മുസ്ലിം സമുദായത്തോടായി പാളിപ്പോകാറുണ്ട്. എന്നാൽ അത് വല്ലാതെ ഊതിക്കത്തിക്കാറുണ്ട് എതിർപക്ഷം(പേജ് 193) (പാലോളി വിശ്രമിക്കുകയല്ല, പാലോളി മുഹമ്മദ് കുട്ടി/ പി സക്കീർ ഹൂസൈൻ, 2025 ഓഗസ്റ്റ് 31 – സെപ്റ്റംബർ 6, പേജ്: 168 – 193, മാതൃഭൂമി ഓണപ്പതിപ്പ്).
64. ജമാഅത്തെ ഇസ്‌ലാമി, വെള്ളാപ്പള്ളി, പിണറായി വിജയൻ
ഇടത് നേതാക്കളെ മുസ്ലീം വിരുദ്ധരാക്കി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടോ എന്ന മലയാളം വാരികയിലെ അഭിമുഖകാരന്റെ ചോദ്യത്തിന് പിണറായി വിജയൻ നൽകിയ വിശദീകരണത്തിൽ സംഘടനകളെക്കുറിച്ച തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു (ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട് കാര്യങ്ങൾ, പിണറായി വിജയൻ / പി എസ് റംഷാദ്, സമകാലിക മലയാളം: ഓണപ്പതിപ്പ്, ആഗസ്റ്റ് 25, പേജ്: 10-24).
ജമാഅത്തെ ഇസ്‌ലാമി, ആർഎസ്എസ് പോലെ തന്നെ മതരാഷ്ട്ര രൂപീകരണത്തിനുവേണ്ടി നിലകൊള്ളുന്ന തീവ്ര മതരാഷ്ട്രവാദികളുടെ വർഗീയ പ്രസ്ഥാനമാണ്. പിഎഫ്ഐ, വിദേശ തീവ്രവാദബന്ധം പോലുമുള്ള സംഘടനയാണ്. ഇതര ഇസ്ലാമിക സമുദായ സംഘടനകളുമായി ചേർത്തു കാണാൻ ഇവയെ കഴിയില്ല. ആർഎസ്എസ്-ഉം ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ശക്തിപ്പെടുത്തി മുന്നേറുന്ന രണ്ട് വർഗീയ പ്രസ്ഥാനങ്ങളാണ്. ഹിന്ദു രാഷ്ട്രവാദം മുൻനിർത്തി ആർഎസ്എസ് വളരുന്നതുപോലെ, ഇസ്ലാം രാഷ്ട്രവാദം മുൻനിർത്തി ജമാഅത്തെ ഇസ്‌ലാമിയും ശക്തിപ്പെടുന്നു. ഒന്നിന്റെ വളർച്ചയെ ചൂണ്ടിക്കാട്ടി മറ്റൊന്ന് വളരുന്നു. ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയാണ് യുഡിഎഫിന്റെ അജണ്ട തീരുമാനിക്കുന്ന നിലയിൽ എത്തിയത്. പ്രതിപക്ഷ നേതാവ് അവർക്കാണ് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയുമാണല്ലോ. ഇടതു നേതാക്കളെ മുസ്ലീം വിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ഒരു ശ്രമം ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇവിടെയും ഒറ്റ കാര്യമാണ് പറയാനുള്ളത്, ഇക്കൂട്ടരുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്കാവശ്യമില്ല. ചരിത്രബോധമുള്ളവർക്ക് ദഹിക്കാത്ത വർത്തമാനം ആരുപറഞ്ഞാലും അതിനെ കേരളം ചവറ്റുകുട്ടയിലെറിയും. ജമാഅത്തെ ഇസ്ലാമിയുടെ നരേറ്റീവുകൾ ഒന്നുംതന്നെ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. ആർഎസ്എസ്സുമായി 2023-ൽ രഹസ്യചർച്ച നടത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇക്കഴിഞ്ഞ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അവിശുദ്ധ ബന്ധം രാജ്യം കണ്ടതാണ്. കശ്മീർ ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ഒരുമിച്ചാണ് അന്ന് സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ നോക്കിയത്. എന്നാൽ, ജനങ്ങൾ സിപിഐഎം-നൊപ്പം നിലകൊണ്ടു. ആർഎസ്എസ് ബി ജെപി പിന്തുണയിൽ മത്സരിച്ച ജമാഅത്തെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുടെ പൊതുശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് തരിഗാമിക്കെതിരെയുണ്ടായ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് (പേജ് 19- 20).
ഇതേ അഭിമുഖത്തിൽ വെള്ളാപ്പള്ളിയുടെ ‘വർഗീയ’ പരാമർശത്തെക്കുറിച്ച ചോദ്യത്തിന് ഇങ്ങനെയും പ്രതികരിച്ചു: നവോത്ഥാന സമിതി വിവിധ സംഘടനകൾ ഉൾപ്പെട്ടതാണ്. ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. സംഘടനാപരവും വ്യക്തിപരവുമായ അഭിപ്രായങ്ങൾ സമിതിയുടെ പൊതു അഭിപ്രായമായി കരുതേണ്ടതില്ല. സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുള്ളവരാണ് അതിന്റെ നേതാക്കൾ. വെള്ളാപ്പള്ളി നടേശനും വ്യക്തിഗത അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകാം. അതേസമയം വർഗീയതയുടെ രാഷ്ട്രീയം കേരളസമൂഹത്തെ വരിഞ്ഞുമുറുക്കാൻ ശ്രമിച്ച പല സന്ദർഭങ്ങളിലും വിശാല മതനിരപേക്ഷ ചേരിക്കൊപ്പം അദ്ദേഹം ചേർന്നുനിന്നിട്ടുമുണ്ട്. അദ്ദേഹം നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വരുന്നതും അത്തരമൊരു ഘട്ടത്തിലാണ്; വർഗീയതയുടെ ദുഷ്ടശക്തികൾ കേരളത്തിന്റെ നവോത്ഥാനമതേതര മൂല്യങ്ങളെ അപ്പാടെ തകർക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ. അതു കാണാതിരിക്കരുത് (പേജ് 20).
65. ഓണ വിവാദം
തൃശൂർ പെരുമ്പിലാവിലുള്ള സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപകരുടെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം ആഗസ്റ്റ് മാസത്തിൽ വലിയ വിവാദമായി. രണ്ട് അധ്യാപകരാണ് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് ഇത്തരത്തിൽ ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. സ്‌കൂളിൽ ഓണാഘോഷം നടക്കുമ്പോൾ ഇസ്‌ലാം മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾ പങ്കെടുക്കരുത്. മക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന തരത്തിലാണ് മാതാപിതാക്കൾക്ക് ലഭിച്ചിട്ടുള്ള സന്ദേശത്തിൽ പറയുന്നത്. വോയ്‌സ് പുറത്തുവന്നതോടെ അതൊരു വിവാദമായി വികസിച്ചു. ഡിവൈഎഫ്ഐ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഈ ശബ്ദസന്ദേശവുമായി സ്‌കൂൾ അധികൃതർക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല അധ്യാപകർ ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയച്ചതെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു (‘നമ്മുടെ കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുക്കരുത്’, അധ്യാപകരുടെ സന്ദേശം; പരാതി, പൊലീസ് അന്വേഷണം, ആഗസ്റ്റ് 26, മാതൃഭൂമി).
നടപടി സ്വീകരിക്കണം
അധ്യാപകർക്കും സ്‌കൂളിനുമെതിരേ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ. വി ബാബു ഫേസ്ബുക്കിൽ എഴുതി: ഓരോ മുസ്ലീം സ്ഥാപനവും സാധാരണ മുസ്ലീങ്ങളെ അന്യമത വിദ്വേഷികളാക്കി മാറ്റുന്ന പ്രവർത്തനം നടത്തി വരുകയാണ്. ഇസ്ലാം ഇസ്ലാമിലുള്ളവരോട് മാത്രമാണ് സൗഹാർദ്ദം വച്ച് പുലർത്താൻ പറയുന്നത്. മറ്റ് മതവിശ്വാസങ്ങളോട് തികഞ്ഞ അസഹിഷ്ണുതയും വെറുപ്പുമാണ് ഇസ്ലാമിന്റെ പൊതുസ്വഭാവം. ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കണമെന്ന് പറയുന്ന ഈ സ്‌കൂൾ അധികൃതർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം (ആഗസ്റ്റ് 26, ഫേസ്ബുക്ക് പോസ്റ്റ്/ ഫേസ്ബുക്ക്/ ആർ.വി ബാബു)
ജനം ടിവിയുടെ വ്യാജവാർത്ത
ഓണാവധി വെട്ടിക്കുറയ്ക്കാൻ നീക്കമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് സമസ്തയുടെ പിന്തുണയുമുണ്ടെന്നും ജനം ടിവി ഇതു സംബന്ധിച്ച് ഒരു വാർത്ത നൽകി (സ്‌കൂൾ ഓണാവധി വെട്ടിക്കുറയ്ക്കാൻ നീക്കം, വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണയുമായി സമസ്ത, ആഗസ്റ്റ് 26, ജനം ടിവി).
ജനം ടിവിക്കെതിരേ മന്ത്രി ശിവൻകുട്ടിതന്നെ രംഗത്തുവന്നു: ജനം ടിവി വാസ്തവവിരുദ്ധം. ഓണാവധി വെട്ടിക്കുറയ്ക്കാൻ ഒരു നീക്കവുമില്ല. പണിയെടുത്ത് ജീവിച്ചുകൂടെയെന്നായിരുന്നു പരിഹാസം (പണിയെടുത്ത് ജീവിച്ചുകൂടെ… ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന ജനം ടിവി വാർത്തക്കെതിരേ ശിവൻകുട്ടി, ആഗസ്റ്റ് 26, ജനം ടിവി).


ഓണാഘോഷം ഈ വർഷവും നടത്തും
ആഗസ്റ്റ് 26ന് സ്‌കൂൾ മാനേജ്‌മെന്റ് ഇതുസംബന്ധിച്ച വിശദീകരണം നൽകി. പ്രധാന ആശയങ്ങൾ ഇതാണ്: അധ്യാപികമാർ അവരുടെ വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മാനേജ്‌മെന്റിന്റെ അഭിപ്രായമല്ല. ഓണാഘോഷം ഈ വർഷവും നടത്തും. ഓണസദ്യയുമുണ്ട്. അധ്യാപികമാരെയും താക്കീത് ചെയ്തിട്ടുണ്ട്. സസ്‌പെൻഡും ചെയ്തു (ആഗസ്റ്റ് 26).
അധ്യാപികയ്ക്കെതിരേ കേസ്
ഓണാഘോഷം സ്‌കൂളിൽ വേണ്ടെന്നും ആഘോഷത്തിൽ ഇസ്‌ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്‌സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കൾക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപിക പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കടവല്ലൂർ മേഖല സെക്രട്ടറി മുഹമ്മദ് ഹസൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം ടീച്ചർ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്‌കൂളിന്റെ നിലപാടല്ല ഇതെന്നും സ്‌കൂൾ പ്രിൻസിപ്പാൾ വിശദീകരണം നൽകിയിരുന്നു. (ഓണാഘോഷത്തിനെതിരായ അധ്യാപികയുടെ വർഗീയ പരാമർശം; കേസെടുത്ത് കുന്നംകുളം പൊലീസ്, ആഗസ്റ്റ് 27, കൈരളി ന്യൂസ്)
ഡിവൈഎഫ്‌ഐ മാർച്ച്
പൊലീസ് നടപടിക്ക് പിന്നാലെ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടത്തി. (ഓണാഘോഷത്തിനെതിരെ വർഗീയ പരമാർശം; നിയമ നടപടിക്ക് പിന്നാലെ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ, ആഗസ്റ്റ് 27, മാതൃഭൂമി ന്യൂസ്). ഈ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തതായി മാതൃഭൂമി വാർത്തയിൽ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ ശബ്ദം
ഓണത്തെ മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കി പച്ചയായ വർഗീയത പറയുന്ന അധ്യാപികയെ കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കരുതെന്നും പുറത്താക്കണമെന്നും ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി വി.പി ശരത് മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ ശബ്ദമാണ് അധ്യാപികയിലൂടെ പുറത്തുവരുന്നത്. ദേശീയോത്സവത്തെയും മറ്റ് ആഘോഷങ്ങളെയും മതപരമായി ഒതുക്കിക്കാണുകയും വിഭജനചിന്തകൾ കുട്ടികളുടെ തലച്ചോറിനുള്ളിലേക്ക് പകർന്നുനൽകുന്ന ഇടപെടലാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് (‘ഓണത്തെ മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കി, പച്ചയായ വർഗീയത പറയുന്ന അധ്യപികയെ പുറത്താക്കണം’, ആഗസ്റ്റ് 27, 24ന്യൂസ്).
സമരവുമായി കെഎസ്‌യുവും
അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും സമരം നടന്നു. കുന്നംകുളം എംഎൽഎ, എഇഒ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തെന്ന് മനസ്സിലായതുകൊണ്ട് സമരം അവസാനിപ്പിച്ചതായി കെഎസ് തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഫേസ്ബുക്കിൽ എഴുതി (ആഗസ്റ്റ് 27, ഫേസ്ബുക്ക്/ ഗോകുൽ ഗുരുവായൂർ).
അധ്യാപികമാർക്ക് സസ്‌പെൻഷൻ
വിവാദം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് അധ്യാപികമാരെയും സ്‌കൂൾ സസ്‌പെൻഡ് ചെയ്തു. ഇവരെ പിരിച്ചുവിടണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നിർദേശം നൽകി (ഓണാഘോഷം വേണ്ടെന്ന് ശബ്ദസന്ദേശം, അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസ വകുപ്പ്, ആഗസ്റ്റ് 28, മാതൃഭൂമി).
രക്തം നൽകുമ്പോൾ മതം നോക്കാറില്ലെന്ന് വി ശിവൻകുട്ടി
ഓണാഘോഷം കല്ലുംപുറം സ്‌കൂളിൽ ഈ വർഷവും നടക്കുമെന്നും എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ എഴുതി.
കൂട്ടത്തിൽ മറ്റൊന്നു കൂടി എഴുതി. നമ്മൾ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിക്കുമ്പോൾ മതം നോക്കാറില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ മതം എന്താണെന്ന് പരിശോധിക്കാറില്ല. ഭക്ഷണം കഴിക്കുന്നിടത്തെ ഉടമയുടെ ജാതിയും മതവും തിരക്കാറില്ല- (ആഗസ്റ്റ് 28, ഫേസ്ബുക്ക്/ വി ശിവൻകുട്ടി)
ഇസ്‌ലാം മാറണം
ഓണാഘോഷത്തിൽ എന്തുകൊണ്ട് പങ്കെടുക്കണമെന്നതിനെക്കുറിച്ച് ഫേസ്ബുക്ക് ഐഡി നൽകിയ വിശദീകരണം ഇതുസംബന്ധിച്ച് നടന്ന ചർച്ചകളുടെ ഒരു മാതൃകയാണ്.
ഓണാഘോഷത്തിൽ പങ്കെടുക്കരുതെന്നാണ് ഇസ്‌ലാം പറയുന്നതെങ്കിൽ ഇസ്‌ലാം മാറണമെന്ന് ഇടത് പ്രവർത്തകനായ മൃണാൽ ചോവായൂർ ഫേസ്ബുക്കിൽ എഴുതിയത്:
മറ്റു മതസ്ഥരുടെ കല്യാണത്തിൽ, മരണ ചടങ്ങുകളിൽ അവർ അവരുടെ ദൈവങ്ങളെ സ്തുതിക്കും, പ്രാർത്ഥിക്കും, മതപരമായ പാരായണങ്ങൾ നടത്തും ആചാരങ്ങൾ നടത്തും. അവയിലൊന്നും മുസ്ലീങ്ങൾ പങ്കെടുക്കരുത് എന്നു പറയുന്നത് മുസ്ലീങ്ങളെ പരമാവധി വേറിട്ടും ധ്രുവീകരിച്ചും നിർത്തുക എന്ന വിഘടന രാഷ്ട്രീയം ആണിത്. മറ്റുള്ളവരുടെ രീതികളിൽ പങ്കു ചേരുന്നത് മത വിരുദ്ധവും നിഷിദ്ധവും ആണെന്ന് ഇസ്ലാം പറയുന്നു എന്നാണ് മതവാദികളുടെ അവകാശവാദം. അങ്ങനെ നിങ്ങൾ കാണുന്നു എങ്കിൽ അത് ഇസ്ലാമിലെ വർഗീയത ആണ്. ബഹുസ്വരതയോടുള്ള വിമുഖതയിലും അമുസ്ലീങ്ങളോടുള്ള വിവേചനത്തിലും മത കടും പിടുത്തങ്ങളിലും ആണ് നിങ്ങൾ ഇസ്ലാമിനെ കാണുന്നത് എങ്കിൽ അത് സമൂഹത്തിന് ഏറ്റവും അനാരോഗ്യകരമായിരിക്കും.
ഇസ്ലാമിൽ അങ്ങിനെ വിശ്വാസങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് മാറണം. അല്ലാതൊന്നും ഒരു ബഹുസ്വര സമൂഹത്തിൽ സ്വീകാര്യം അല്ല തന്നെ. മതമൗലിക വാദികൾ നടത്തുന്ന ധ്രുവീകരണ പ്രചാരണങ്ങൾ ഏറ്റവും ശക്തമായി എതിർക്കപ്പെടണം. ഓണത്തിന് അമ്പലത്തിൽ പോകാനോ പൂജ ചെയ്യാനോ മന്ത്രം ചൊല്ലാനോ പ്രാർത്ഥന ഉരുവിടാനോ ദൈവ സ്തുതി പറയാനോ ഒന്നുമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കുക എന്നത് മാത്രമാണ്. സദ്യ കഴിക്കുക, ആശംസ അറിയിക്കുക, ആഘോഷ പരിപാടികളിൽ പങ്കെടുക്കുക എന്നത് മാത്രം. അതിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയുന്നത് അങ്ങേയറ്റത്തെ അസഹിഷ്ണുതയും വർഗീയതയും മത തീവ്രവാദവും ആണ് (ആഗസ്റ്റ് 27, ഫേസ്ബുക്ക്/ മൃണാൽ ചോവായൂർ).
മാപ്പ് പറയണം
സ്‌കൂളിലെ ഓണാഘോഷത്തിൽ മുസ്ലീം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് അധ്യാപിക വാട്‌സാപ്പ് സന്ദേശം അയച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. തൃശൂർ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ‘സ്‌കൂൾ മാനേജ്മെന്റും അധ്യാപകരും ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു (ഓണാഘോഷ മെസ്സേജ് വിവാദം: ‘വർഗീയ വിഷം ചീറ്റുന്ന മാനേജ്മെന്റായി ഈ മാനേജ്മെന്റ് മാറുകയാണ്’; തൃശൂർ സിറാജുൽ ഉലൂം സ്‌കൂളിലേക്ക് പ്രതിഷേധവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും, ആഗസ്റ്റ് 29, മീഡിയാവൺ).
സ്യൂഡോ സെക്കുലറിസം
ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിവൈഎഫ്‌ഐ നിലപാടിനെ എസ്എസ്എഫ് വിമർശിച്ചു. സ്യൂഡോ സെക്കുലറിസം അപകടമാണെന്നായിരുന്നു വിമർശനം: ഡിവൈഎഫ്‌ഐ രാഷ്ട്രീയ പഠിക്കണം. സ്യൂഡോ സെക്കുലറിസം വർഗീയതയേക്കാൾ അപകടകരം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് (ആഗസ്റ്റ് 30, ഫേസ്ബുക്ക് പേജ്, എസ്എസ്എഫ് കേരള).
സിപിഎമ്മിന്റെ അതിരുവിട്ട പ്രതികരണം
ഓണാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശരിതെറ്റുകൾ സംബന്ധിച്ച് സംവാദത്തിന് മുതിരാതെ മാനേജ്മെന്റ് നടപടി സ്വീകരിച്ച ശേഷവും മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇടപെടുന്ന സിപിഎമ്മിന്റേയും പോഷക സംഘടനകളുടേയും നിലപാട് സംശയാസ്പദമാണെന്ന് എസ്എസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റി (ഓണാഘോഷം: സാമൂഹിക സ്പർദ്ദ വളർത്താനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണമെന്ന് – എസ്‌വൈഎസ്, ആഗസ്റ്റ് 31, മീഡിയാവൺ)
ഇസ്ലാമോഫോബിക് അന്തരീക്ഷം
ഓണഘോഷത്തെക്കുറിച്ചുള്ള വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് പതറാൻ കാരണം 1954ലെ ഷിരൂർ മഠം കേസ് വായിച്ചുപഠിക്കാത്തതുകൊണ്ടുമാത്രമല്ല, പുതിയ കാലത്തെ ഇസ്‌ലാമോഫോബിക് അന്തരീക്ഷം കൊണ്ടുകൂടിയാണെന്ന് കെ.പി നൗഷാദ് അലി സുപ്രഭാതം ലേഖനത്തിൽ (ഓണത്തിനിടയിലെ പുരോഗമന പുട്ടുകച്ചവടം, കെ.പി നൗഷാദ് അലി, സെപ്തംബർ 1, സുപ്രഭാതം).
66. പന്നിമാംസത്തിന് വിലക്ക്!
ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജപ്രചാരണം. ‘മൂവാറ്റുപുഴയിൽ പന്നിമാംസം വിൽക്കുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി ‘ എന്നാണ് പ്രചാരണം നടത്തിയത്:
“മുവാറ്റുപുഴയിൽ പന്നിയിറച്ചി വിൽപ്പനയ്‌ക്കെതിരേ ജമാഅത്തെ ഇസ്ലാമി. കേരളം ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ കയ്യിൽ. നാളെ മുവാറ്റുപുഴയിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതനികുതി കൊടുക്കേണ്ടിവരും” എന്ന് ജലജ ശ്രീനിവാസ് ആചാര്യ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിൽ പറയുന്നു.
ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് പി.എ മുഹമ്മദ് കാസിം മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി (ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ വ്യാജ പോസ്റ്റർ; സംഘപരിവാർ പ്രവർത്തകക്കെതിരെ പരാതി, ആഗസ്റ്റ് 27, മീഡിയാവൺ)
67. ന്യൂനപക്ഷ പദവി മറികടന്ന് വീണ്ടും മുന്നാക്ക സംവരണം
ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലേക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് മറികടന്ന് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് സംവരണം ഏർപ്പെടുത്തി അലോട്ട്മെന്റ് നടത്തി. എൻജിനീയറിങ് പ്രവേശനത്തിന്റെ നാലാം ഘട്ടമായി നടത്തിയ സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ് റൗണ്ടിലാണ് കോളജിൽ ഇത്തരത്തിൽ ഇഡബ്ല്യുഎസ് അലോട്ട്മെന്റ് നടത്തിയത്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ ഇഡബ്ല്യുഎസ് സംവരണം പാടില്ലെന്ന് ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്താൻ കൊണ്ടുവന്ന 103-ാം ഭേദഗതിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (ടികെഎം എൻജിനീയറിങ് കോളജിൽ ന്യൂനപക്ഷപദവി മറികടന്ന് വീണ്ടും മുന്നാക്ക സംവരണം, ആഗസ്റ്റ് 27, മീഡിയാവൺ).
68. ഗോത്ര താലിബാൻ തീവ്രവാദി
വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മുസ്ലീം ലീഗ് വാർഡ് ജനറൽ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നു. തലയിൽ തൊപ്പിയും നീളൻ വസ്ത്രവുമായിരുന്നിരിക്കും പ്രകോപിപ്പിച്ചത്.
‘ഗോത്ര താലിബാൻ തീവ്രവാദി കോലത്തിൽ നടക്കുന്ന ഭീകരവാദികളെ കൂടെ കൊണ്ടുനടന്ന് ഷാഫി ഹിന്ദുക്കളെ പേടിപ്പിക്കാൻ നോക്കുന്നു’ എന്നാണ് ‘സ്വതന്ത്ര ചിന്തകർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്.
‘ഷാഫി ഇനി തീവ്രവാദി തടിയന്റവിട നസീറിനെയും കൂടെ കൊണ്ടുനടക്കും’ എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത് (‘ഗോത്ര താലിബാൻ തീവ്രവാദി’; ഷാഫി പറമ്പിൽ എംപിക്ക് ഒപ്പമുള്ള ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, ആഗസ്റ്റ് 28, മീഡിയാവൺ).


പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തന്ത്രം
ഈ സംഭവത്തിൽ പൊളിറ്റിക്കൽ ഇസ്‌ലാമിനെ കണ്ണിചേർത്തുകൊണ്ടുള്ള വിശകലനവും സാമൂഹികമാധ്യമങ്ങളിലുണ്ടായി.
“വടകരയിൽ ഷാഫിക്ക് വേണ്ടി നിങ്ങളെ പ്രതിരോധിച്ചത് ഷാഫിയുടെ രാഷ്ട്രീയമാണെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?? ആ പ്രതിരോധം തീർത്തത് ഷാഫിയുടെ മതമാണ്. കോൺഗ്രസിലെ കുറച്ച് ജന്തുക്കൾ ഉണ്ടായിരുന്നു എന്നത് സത്യം, പക്ഷേ, അവിടെ നിങ്ങൾക്കെതിരെ ഉയർന്നത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ ശബ്ദം ആണ്. ഷാഫിയെ വളർത്തി വിഡി സതീശനും മുകളിൽ കാര്യങ്ങൾ തീരുമാനിക്കാൻ മാത്രം കരുത്തനാക്കിയത് അതേ പൊളിറ്റിക്കൽ ഇസ്ലാം ആണ്. ഷാഫിയുടെ രാഷ്ട്രീയപ്രവേശനവും വളർച്ചയും അതിന്റെ സാക്ഷ്യം ആണ്. കേരളത്തിൽ മുസ്ലിം പേരുള്ള ആർക്കെതിരെ എങ്കിലും ഒരു പ്രതിഷേധം, ഒരു ആരോപണം ഉണ്ടായാൽ, അതിലേക്ക് മതം തിരുകി ഇസ്‌ലാമോഫോബിയ ആണെന്ന് പറഞ്ഞു, ഇത്തരം സാഹചര്യം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയതിൽ സഖാക്കളേ, നിങ്ങളുടെ പങ്ക് ചെറുതല്ല” (ആഗസ്റ്റ് 28, ഫേസ്ബുക്ക് / ജിനേഷ് വെള്ളൂർ)
69. കേരളത്തിലെ എൻജിഒകൾ അസമിൽ ഭൂമി വാങ്ങുന്നു
കേരളത്തിൽ നിന്നുള്ള പ്രത്യേക വിഭാഗത്തിൽപ്പെട്ട എൻജിഒകൾ അസമിൽ സ്ഥലം വാങ്ങുന്നു, ഇത് അനുവദിക്കാൻ പറ്റില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതരമതസ്ഥരുടെ ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് കേരളത്തിൽ നിന്നുള്ള പ്രത്യേക മതക്കാർ സ്ഥലം വാങ്ങുന്നത് മൂലമുള്ള ഭീതി കാരണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയന്ത്രണം വരുന്നതോടെ ഇതര മതസ്ഥർക്ക് ഭൂമി കൈമാറുന്നത് ദുഷ്‌കരമാകും. ഇനി അസമിൽ ഭൂമി കൈമാറാൻ സർക്കാർ അനുമതി വേണ്ടിവരും (കേരളത്തിൽ നിന്നുള്ള പ്രത്യേക വിഭാഗത്തിൽപ്പെട്ട എൻജിഒകൾ സ്ഥലം വാങ്ങുന്നു, ഇത് അനുവദിക്കാൻ പറ്റില്ല: അസം മുഖ്യമന്ത്രി, ആഗസ്റ്റ് 28, മീഡിയാവൺ).
70. അക്യുപംക്ചർ ചികിത്സാമരണവും ഇസ്ലാമോഫോബിക് നിലിവിളിയും
കാൻസർ മൂർച്ഛിച്ച് കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ ആഗസ്റ്റ് അവസാന വാരത്തിൽ മരിച്ചു. ശരീരവേദനയെത്തുടർന്ന് ഇവർ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചർ കേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. സ്തനാർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. (പച്ചവെള്ളവും നാല് അത്തിപ്പഴവും’; കാൻസറാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ; മരണത്തിൽ പരാതി, ആഗസ്റ്റ് 28, മാതൃഭൂമി).
ഇതിനെതിരേ ഷാഹിറ എടക്കാട് എന്ന ഐഡിയിൽനിന്നു വന്ന ഒരു പ്രതികരണത്തിന്റെ ഒരു ഭാഗം:
ഒരു മരണം കൂടി ‘അക്യുമാസ്റ്റേഴ്‌സ്’ന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.. ഇവിടെ ബ്രെസ്റ്റ്ക്യാൻസർ ചികിത്സ നടത്തിയാണ് ഹാജിറ എന്ന യുവതിയെ കൊലക്ക് കൊടുത്തത്. ഇവിടെ ചികിത്സിക്കുന്നവരും രോഗികളും ഈ ഒരേഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രമാണ്. വേട്ടക്കാരും ഇരകളും മുസ്ലിങ്ങൾ തന്നെ. ഞങ്ങൾ തലയിൽ ചുറ്റിയ ഒന്നര മീറ്റർ തട്ടവും ഞങ്ങടെ അറബി പേരുകളുമാണോ ഈ ചികിത്സാരീതികൾ കാണുമ്പോൾ നിങ്ങളെ അലോസരപ്പെടുത്തുന്നത്? എന്നൊരു ഇസ്ലാമോഫോബിക് നിലവിളിക്ക് അതുകൊണ്ട് ഇവിടെ സ്‌കോപ്പുണ്ട്. അക്യുപങ്ചർ ചികിത്സ കാരണം സ്ത്രീകളും കുട്ടികളും മരണപെട്ടിട്ടും ഇതിനെതിരെ സർക്കാർ കാര്യമായി ഒന്നും പ്രവർത്തിച്ചില്ല എന്നു വേണം കരുതാൻ. ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ ഇപ്പഴും യഥേഷ്ടം തുറന്നു പ്രവർത്തിക്കാനും അവിടേക്ക് രോഗികൾ വന്നെത്താനും നിലവിൽ തടസ്സം ഒന്നും ഇല്ല (ആഗസ്റ്റ് 28, ഫേസ്ബുക്ക്/ ഷാഹിറ എടക്കാട്).
71. മുസ്ലീങ്ങളുടെ സവിശേഷ ബാധ്യത
അഷ്‌റഫ് അമ്പലത്തിന്റെ ഇസ്‌ലാമോഫോബിയയും ‘ലൗ ജിഹാദ്’ പോലുള്ള സമകാലിക പ്രമേയങ്ങൾ സ്പർശിക്കുന്ന ‘ഇരട്ടക്കല്ലിലെ നിലാവ്’ എന്ന നോവലിന്റെ പ്രകാശനത്തിൽ പങ്കെടുത്ത ശേഷം സാമൂഹ്യപ്രവർത്തകൻ വി.ആർ അനൂപ് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്: ഇസ്ലാം ഒരു മതമെന്ന നിലയിൽ, അന്യമതസ്ഥരെ വിവാഹം കഴിക്കാനോ, പ്രണയിക്കാനോ പറയുന്നില്ല എന്നത് മാത്രമല്ല, മതത്തിനകത്ത് തന്നെ സ്ത്രീ-പുരുഷബന്ധങ്ങൾക്ക് കർശനമായ വിധിവിലക്കുകൾ കൽപ്പിക്കുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണ്. എന്നാൽ ഏതെങ്കിലും ഒരു മുസ്ലീം ചെറുപ്പക്കാരൻ അന്യമതസ്ഥയായ ഒരു പെൺകുട്ടിയെ പ്രണയിച്ചാൽ, പ്രതിസ്ഥാനത്ത് എത്തിപ്പെടുന്നത് ഇസ്ലാം തന്നെയാണ്. ഇതരമതങ്ങൾക്കൊന്നും ഇല്ലാത്ത ഈ സവിശേഷ ബാധ്യതയെയാണ് ഇസ്‌ലാമോഫോബിയ എന്ന് ഗഹനമായ അക്കാദമിക് വ്യവഹാരങ്ങളിൽ നിർവചിക്കുന്നത്. ദിനചര്യയിലെ ഭാഷയിൽ ഇത് ‘മുസ്ലിം വെറുപ്പ്’ ആയി അനുഭവിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു (ആഗസ്റ്റ് 29, ഫേസ്ബുക്ക്/ വി ആർ അനൂപ്).
72. കാനറാ ബാങ്കിലെ ബീഫ് നിരോധനം
കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയിൽ പുതുതായെത്തിയ ബാങ്ക് മാനേജർ കാന്റീനിൽ ബീഫ് നിരോധിച്ചു. പുതിയ മാനേജരുടെ അപമാനകരമായ പെരുമാറ്റത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കാൻ ജീവനക്കാർ തീരുമാനിച്ച സമയത്തായിരുന്നു മാനേജർ ബീഫ് നിരോധിച്ചത്. പിന്നാലെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ‘ഭരണഘടനയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഇവിടുത്തെ കാന്റീനിൽ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. എന്നാൽ, ഇനി ബീഫ് വിളമ്പരുതെന്ന് മാനേജർ കാന്റീൻ ജീവനക്കാരെ അറിയിച്ചു. ആരെയും ബീഫ് കഴിക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നില്ല. എന്നാൽ, ഇത് ഞങ്ങളുടെ പ്രതിഷേധമാണ്’, ബെഫി നേതാവ് എസ്.എസ്. അനിൽ മാധ്യമങ്ങളോട് പറഞ്ഞു (ബീഹാറുകാരനായ മാനേജർ ബീഫ് നിരോധിച്ചു, പിന്നാലെ കൊച്ചിയിലെ ബാങ്കിൽ ‘ബീഫ് ഫെസ്റ്റ്’ നടത്തി ജീവനക്കാർ. ആഗസ്റ്റ് 30, ഏഷ്യാനെറ്റ്)
73. കവിതാവിമർശനവും മൗദൂദിയും
അലി കടുകശ്ശേരിയുടെ കവിത, പൊതിച്ചോർ കെ.പി അരവിന്ദൻ എന്ന ശാസ്ത്ര സാഹിത്യ പരിഷത് നേതാവ് ഷെയർ ചെയ്തു. ഒരു അനാശാസ്യ കവിതയെന്നായിരുന്നു കെ.പി അരവിന്ദന്റെ ശീർഷകം. കവിത എഴുതിയ കവി ബോറനാണെന്ന് ഷരീഫ് എന്നയാൾ കമന്റ് ഇട്ടു. അതേകുറിച്ചുള്ള കെ.പി അരവിന്ദന്റെ പ്രതികരണം: മൗദൂദി/ സുഡാപ്പി ആണല്ലേയെന്നായിരുന്നു. വിമർശനം വന്നതോടെ അരവിന്ദൻ കമന്റ് വെട്ടിക്കളഞ്ഞു (ആഗസ്റ്റ് 30, ഫേസ്ബുക്ക്/ കെ.പി അരവിന്ദൻ)
74. ജമാഅത്തെ ഇസ്‌ലാമിയുടെ ഇടതുവിമർശനം
‘ജമാഅത്തെ ഇസ്ലാമിയുടെ സ്വത്വവാദവും ഇടതുപക്ഷ വിമർശനവും: മുസ്ലീം രാഷ്ട്രീയത്തിന്റെ ഭാവി’ എന്ന ശീർഷകത്തിൽ ഒരു ലേഖനം എം.പി ഫവാസ് ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തെ എതിർക്കുന്നതിലൂടെയാണ് സ്വത്വവാദ സംഘടനകൾക്ക് ഐക്യം സാധ്യമാവുന്നതെന്നായിരുന്നു ലേഖനത്തിന്റെ വാദം. കേരളത്തിലേക്ക് വരുമ്പോൾ ഇടത് സംഘടനകൾക്ക് നേരെ പ്രത്യേകിച്ച് സിപിഐഎമ്മിനും പോഷക സംഘടനകൾക്കും നേരെ വിമർശനം ഉന്നയിക്കാനുളള ഭാഷ നിർമ്മിക്കുന്നത് പോസ്റ്റ് മാക്‌സിയൻ വ്യവഹാരങ്ങളിലൂടെ ഉത്തരാധുനിക ബുദ്ധിജീവികളാണ്. പ്രയോഗിക തലത്തിൽ ജമാഅത്തെ ഇസ്‌ലാമിയാണ് അതിന്റെ ഗുണഭോക്താക്കൾ. അതുകൊണ്ടാണ് ഉത്തരാധുനിക ബുദ്ധിജീവികളിലെ ഭൂരിഭാഗവും ജമാഅത്തെ ഇസ്‌ലാമിയുടെ സഹയാത്രികരായത്. ഇത്തരക്കാർ ഒരു ബദലും മുന്നോട്ടുവയ്ക്കുന്നില്ല. ഇസ്‌ലാമോഫോബിയ ആരോപണങ്ങൾ കേവലമായ കക്ഷി രാഷ്ട്രീയ മുൻതൂക്കം ലഭിക്കുന്നതിന് വേണ്ടി പലർക്കുമെതിരേ ഉപയോഗിക്കുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിക്കാരുടെ തെറ്റായ നിലപാടുകൾ ഇസ്‌ലാമോഫോബിയയുടെ കണ്ണിലൂടെ കാണുന്നില്ല. ഉദാഹരണത്തിന് വി.എസ് അച്യുതാനന്ദൻ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ ഇസ്ലാമോഫോബിക് പരാമർശങ്ങളെക്കുറിച്ച് ധാരാളം ഓർമ്മപ്പെടുത്തലുകളുണ്ടായി. എന്നാൽ ദാവൂദ്, സീതി എന്ന പേരിൽ എഴുതിയ കുറിപ്പുകൾ ഇസ്‌ലാമോഫോബിയ വിമർശനം നേരിടേണ്ടിവന്നില്ല (ജമാഅത്തെ ഇസ്ലാമിയുടെ സ്വത്വവാദവും ഇടതുപക്ഷ വിമർശനവും: മുസ്ലീം രാഷ്ട്രീയത്തിന്റെ ഭാവി, എം പി ഫവാസ്, ആഗസ്റ്റ് 30, ഡൂൾ ന്യൂസ്).
75. ലോക – മുസ്ലീം നിർമ്മാതാവ്, ഹിന്ദുവിരുദ്ധ സിനിമ
ബോക്സ് ഓഫീസ് വിജയിച്ച ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ഹിന്ദു വിരുദ്ധ സിനിമയാണെന്നും അതിന്റെ നിർമാതാവ് മുസ്ലീമാണെന്നും സംഘപരിവാർ പ്രചാരണം. എക്‌സിലാണ് പ്രചാരണം നടന്നത്: ലോകയിൽ ഹിന്ദുവിരുദ്ധതയുണ്ട്. മലയാളം സിനിമ ഇൻഡസ്ട്രിയ്ക്ക് ഹിന്ദു ഫോബിയയുണ്ട്.
റിവഞ്ച് മോഡ് എന്ന അക്കൗണ്ടിൽ നിന്നുള്ള ഒരു പോസ്റ്റ് ഇങ്ങനെ: മോളിവുഡിന് ഹിന്ദുഫോബിയ ഇല്ലാതെ മര്യാദയ്ക്കൊരു സിനിമയുണ്ടാക്കാൻ അറിയില്ല. ഹിന്ദു രാജാവ് ഹിന്ദു അമ്പലത്തിന് തീയിടുന്നു, ക്രിസ്ത്യൻ മിഷണറിമാർ രക്ഷകരാകുന്നു, വിനായക വിഗ്രഹം കണ്ടപ്പോൾ നടിയൊരു അറപ്പ് തോന്നുന്ന മുഖഭാവം കാണിച്ചു, ഹിന്ദു ദൈവങ്ങളുടെ മുന്നിൽ വച്ച് അമ്മയെ കൊല്ലുന്ന ഹിന്ദുവാണ് വില്ലൻ (ലോക ഹിന്ദുവിരുദ്ധ സിനിമ; സംവിധായകൻ ക്രിസ്ത്യൻ, നിർമാതാവ് മുസ്ലീം; മോളിവുഡിന് ഹിന്ദുഫോബിയയെന്ന് ഹിന്ദുത്വവാദികൾ, ആഗസ്റ്റ് 31, സമകാലിക മലയാളം).


76. ലൗ ജിഹാദിൽ പെട്ട പെൺകുട്ടി
ആഗസ്റ്റ് 16-31 2025ലെ കേരളശബ്ദം ഒരു റിട്ടയേർഡ് പൊലീസുകാരന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചു. റിട്ട. ഡിവൈഎസ്പി ആർ.കെ കൃഷ്ണകുമാറിന്റെ അനുഭവം കേട്ടെഴുതിയിരിക്കുന്നത് മൈക്കിൽ വർഗീസ് ചെങ്ങാടക്കരിയാണ്.
കഥയിതാണ് പേരാമ്പ്രയിൽ ജോലി ചെയ്യുമ്പോൾ ഒരു മുസ്ലീം യുവാവും ഒരു പെൺകുട്ടിയും പ്രണയത്തിലായി. ഒരു ദിവസം അവർ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വീടുവിട്ടു. മാതാപിതാക്കൾ പരാതി നൽകി. പോലിസ് അന്വേഷിച്ചു. പൊന്നാനിയിലുണ്ടെന്ന് കണ്ടെത്തി. മതംമാറുകയായിരുന്നു ഉദ്ദേശ്യം. പൊലീസ് അവളോട് സംസാരിച്ചു. പയ്യനെ വിട്ടുപോരാൻ അവൾ വിസമ്മതിച്ചു. ഒടുവിൽ കേസ് കോടതിയിലെത്തി. അവൾ പയ്യന്റെ ഒപ്പം പോകണമെന്ന് കോടതിയെ അറിയിച്ചു. കോടതി അതനുസരിക്കുകയും ചെയ്തു. പെൺകുട്ടി കോടതിയെത്തിയത് ഒരു പർദ്ദയിട്ട സ്ത്രീക്കൊപ്പമാണ്. കഥ ഇത്രയേയുള്ളൂ.
പൊലീസുകാരൻ പറയുന്നത് ഇതൊരു ലൗ ജിഹാദ് കേസാണെന്നാണ്. അവളെ മുസ്ലീം പയ്യൻ കുടുക്കിൽ വീഴ്ത്തിയതാണത്രെ. എല്ലാ മുസ്ലീങ്ങളും ലൗ ജിഹാദ് ചെയ്യുന്നവരല്ല. പക്ഷേ, ഈ പയ്യൻ അങ്ങനെയാണ്. ലൗ ജിഹാദ് എന്ന് എന്തുകൊണ്ട് ഈ ബന്ധത്തെക്കുറിച്ച് പറയുന്നു എന്നതിനെക്കുറിച്ച് വിശദീകരണമൊന്നും നൽകിയില്ല. എങ്കിലും പെൺകുട്ടി കുടുക്കിലാണെന്നാണ് അദ്ദേഹത്തിന്റെ ബോധ്യം (ലൗ ജിഹാദിൽപ്പെട്ട പെൺകുട്ടി, ആഗസ്റ്റ് 15-31, കേരളശബ്ദം).
77. പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതിനെതിരെ കോടതി
പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി എൻഐഎ റദ്ദാക്കി. 2022ലെ ശ്രീനിവാസൻ വധക്കേസിനെത്തുടർന്നാണ് തിരുവനന്തപുരം പൂവൻചിറ ഹരിത ഫൗണ്ടേഷൻ, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, ആലുവ പെരിയാൽ വാലി ചാരിറ്റബിൾ ട്രസ്റ്റ്, എസ്ഡിപിഐ ഡൽഹി ഓഫിസ്, കാസർഗോട്ടെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ കണ്ടുകെട്ടിയത്. ദേശവിരുദ്ധപ്രവർത്തനങ്ങൾക്കായി സ്വത്ത് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. കണ്ടുകെട്ടിയ പലതും സ്വകാര്യവ്യക്തികളുടേതാണെന്ന് വാദം അംഗീകരിച്ചാണ് സ്വത്ത് തിരിച്ചുകൊടുക്കാൻ ഉത്തരവായത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് നിരവധി സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു (വീണ്ടും തിരിച്ചടി; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി റദ്ദാക്കി എൻഐഎ കോടതി, ആഗസ്റ്റ് 31, ഡൂൾ ന്യൂസ്).
തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം, ശബരി.

