എവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ?
പരമ്പര -1
പ്രസവിച്ച കുഞ്ഞിനെ മൂന്നു ദിവസത്തിനകം തന്നിൽ നിന്ന് എടുത്തുമാറ്റാൻ ശിശുക്ഷേമ സമിതി കൂട്ടുനിന്നു എന്ന അനുപമയുടെ പരാതി സാമൂഹ്യനീതി വകുപ്പിന് നേരെ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൊട്ടിയൂർ പീഡന കേസിൽ പ്രശ്നം മൂടി വെക്കാൻ ശിശു ക്ഷേമ സമിതി അംഗങ്ങൾ ശ്രമിച്ചതും വാളയാർ കുട്ടികളുടെ കേസിൽ ശിശുക്ഷേമ സമിതിയുടെ ചെയർമാൻ തന്നെ പ്രതിക്ക് വേണ്ടി ഹാജരായതുമടക്കമുള്ള അനേകം സംഭവങ്ങൾ കേരളം ഞെട്ടലോടെയാണ് കേട്ടതാണ്. പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭ്യമാക്കാൻ ബാധ്യതയുള്ള സാമൂഹ്യ നീതി വകുപ്പ് ഈ സുപ്രധാന കർത്തവ്യത്തിൽ തുടർച്ചയായി പരാജയപ്പെടുന്നു. അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും ഇരയാവുന്നവർക്ക് സംരക്ഷണം നൽകുന്നതിനും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ നിർഭയ പദ്ധതി എങ്ങുമെത്തിയില്ല. പീഡനത്തിനിരയാവുന്ന സ്ത്രീകൾക്കായി തുടങ്ങിയ നിർഭയ ഹോമുകൾ നിർത്തലാക്കാനുള്ള സർക്കാരിന്റെ പുതിയ തീരുമാനം ആശങ്കകളുടെ ആക്കം കൂട്ടുന്നു. സ്ത്രീകളേയും കുട്ടികളേയും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി 2012ൽ സമഗ്രമായ ഒരു നയത്തിന് രൂപം നൽകിയ സംസ്ഥാനത്ത് പിന്നീട് എന്താണ് നടന്നത്, നടക്കുന്നത്? ‘എവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ?’ കേരളീയം അന്വേഷണ പരമ്പര.
സൂര്യനെല്ലി, വിതുര, ഐസ്‌ക്രീംപാർലർ, കവിയൂർ, കിളിരൂർ, കൊട്ടിയം, പന്തളം, പറവൂർ.. കേരളത്തിലെ ലൈംഗിക അതിക്രമ കേസുകളുടെ നിര ഇതിലും വലുതാണ്. സ്ഥലനാമങ്ങളിൽ ഒതുക്കപ്പെടുകയോ, മരിക്കുകയോ/ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികൾ. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നോ നിയമസംവിധാനങ്ങളിൽ നിന്നോ നീതി ലഭിക്കാത്ത ‘പീഡനക്കേസുകൾ’. പരാതിപ്പെടാൻ ഒരു വകുപ്പുകളോ, വ്യക്തമായ നിയമങ്ങളോ ഇല്ലാതെ ഇരുളടഞ്ഞുപോയ നിരവധി പെൺകുട്ടികളുടെ കാലം കഴിഞ്ഞാണ് പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012) എന്ന ഒരു നിയമം ആശ്വാസമായി വരുന്നത്. എന്നാൽ നിയമം നിലവിൽ വന്നിട്ടും ലൈംഗികാതിക്രമം നേരിട്ടവരെ സംരക്ഷിക്കാനോ, അവരെ സമൂത്തിന്റെ മുൻനിരയിലേക്കെത്തിക്കുന്നതിനോ വേണ്ട വ്യക്തമായ പദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് 2012ൽ കേരള സർക്കാർ സ്ത്രീകളേയും കുട്ടികളേയും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു സമഗ്ര നയത്തിന് രൂപംനൽകുന്നത്. കേന്ദ്രസർക്കാർ നിർഭയ പദ്ധതി പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ്, 2012 മാർച്ചിൽ കേരളം’നിർഭയ’ നയം രൂപപ്പെടുത്തി. അന്നത്തെെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീറാണ് പദ്ധതിക്കായി താത്പര്യമെടുത്തത്. ഡോ. സുനിത കൃഷ്ണൻ, മല്ലിക സാരാഭായ്, സുഗതകുമാരി, ലിഡാ ജോക്കബ് എന്നിവർ ചേർന്ന് മാർഗരേഖയും കരടുരൂപവും തയ്യാറാക്കി.
നിർഭയ ഹോമുകൾ ഇല്ലാതാകുന്നു
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് ശാശ്വതമായ സഹായവും കുറ്റവാളികൾക്ക് കർശനമായ ശിക്ഷയും ഉറപ്പുവരുത്തുകയും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കൃത്യമായ ഒരു നയപരിപാടി സർക്കാർ ആവിഷ്കരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെ മറികടക്കുന്നതിനായി സാമ്പത്തിക ശാക്തീകരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, നിയമപരിഷ്‌ക്കാരങ്ങൾ, കരുതൽ/സുരക്ഷാ ശൃംഖല രൂപീകരണം, പ്രതികരണശേഷി വർദ്ധിപ്പിക്കൽ എന്നിങ്ങനെ വിവിധ ഘടകങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള സമഗ്രപദ്ധതിയാണ് ‘നിർഭയ’ നയപരിപാടി മുന്നോട്ടുവച്ചത്. ‘മനഃശാസ്ത്ര പിൻബലവും സാമ്പത്തിക ശാക്തീകരണവും പുനരേകീകരണവും പ്രദാനം ചെയ്യേണ്ടതാണ്. അതിക്രമം നേരിട്ടവർക്ക് മാനസികാരോഗ്യം വീണ്ടെടുക്കുവാനും വിദ്യാഭ്യാസത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സുരക്ഷിത സ്ഥാനം ആവശ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗ്ഗങ്ങളും തുറന്നുനൽകേണ്ടതാണ്’, നയരേഖ വ്യക്തമാക്കുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം ഷെൽട്ടർ ഹോമുകൾ (നിർഭയ ഹോം) തുറക്കുകയും അതിക്രമം തടയൽ മുതൽ അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണവും കേസ് നടത്തിപ്പും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വരെ ഈ സംവിധാനം വഴി നടപ്പാക്കുകയും ചെയ്തു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ. ഇനി മുതൽ 10നും 18വയസിനും ഇടയിൽ പ്രായമുള്ള പോക്സോ കേസ് ഇരകളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം.
നഷ്ടമാകുന്ന പുനഃരധിവാസം
സുരക്ഷിതത്വത്തിന്റെ രണ്ട് ഓപ്ഷനുകൾ; അതിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒന്നുകിൽ തൃശൂരിൽ സർക്കാർ ‘അതീവ സുരക്ഷ’യോടെ ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിലേക്ക് പോവാം. അല്ലെങ്കിൽ വീടിന്റെ ‘പകരം വക്കാനില്ലാത്ത’ സുരക്ഷിതത്വത്തിലേക്ക് മടങ്ങാം. തീരുമാനമെടുക്കേണ്ടത് ലൈംഗിക അതിക്രമം നേരിട്ട 18 വയസ്സ് തികയാത്ത പെൺകുട്ടികൾ. ആരും ആരേയും ഒന്നിനും നിർബന്ധിക്കില്ല. ഏത് ഓപ്ഷൻ സ്വീകരിച്ചാലും അതിനുള്ള നടപടികൾ തുടങ്ങും. എന്നാൽ വീട്ടിലേക്ക് മടങ്ങുകയാണ് കൂടുതൽ നല്ലതെന്ന് അധികൃതർ ഇടക്കിടെ ഓർമ്മിപ്പിക്കുമെന്ന് മാത്രം. ജില്ലകളിലുള്ള നിർഭയ ഹോമുകൾ നിർത്താൻ തീരുമാനിച്ചതോട അധികൃതർ നൽകിയിരിക്കുന്ന ഈ ഓപ്ഷനുകളിൽ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് കുട്ടികൾ. വീട്ടിലെ ‘സുരക്ഷിതത്വത്തിൽ’ വിശ്വാസമില്ലാത്ത പെൺകുട്ടികൾ തൃശൂരിൽ അവർക്കായി തയ്യാറായ പ്രത്യേക കേന്ദ്രത്തിലേക്ക് മാറി. മറ്റു ചിലർ തൃശൂരിലേക്ക് പോവാനിഷ്ടപ്പെടാതെ വീട്ടിലേക്ക് തിരിച്ചുപോവാനും തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കുട്ടികളെയും തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ പ്രതിസന്ധിയിലാകുന്നത് പോക്‌സോ കേസ് ഇരകളുടെ പുനഃരധിവാസമാണ്.
“കുട്ടികളെ ഒന്നിച്ച് തൃശൂരിലേക്ക് മാറ്റുകയാണ്, പോവാൻ താത്പര്യമില്ലെങ്കിൽ വീട്ടിലേക്ക് വിടാം എന്ന് അവര് പറഞ്ഞു. പൊരേക്ക് വരാനാവൂല്ല. ഞാൻ പണിക്ക് പോയാൽ വീട്ടിൽ ആരുംണ്ടാവില്ല. കുട്ടീനെ ഉപദ്രവിച്ചോന്റെ ആള്കള് ഇവ്‌ടെ സമീപത്ത് തന്നേണ്ട്. കേസീന്ന് കയ്ച്ചിലാക്കണന്നും ഒത്തുതീർപ്പാക്കാന്നും ന്റടത്ത് പലതവണ പറഞ്ഞീക്ക്ന്ന്. പക്ഷേ, ഇനീപ്പോ കുട്ടീനെ കാണാൻ പോവുന്നതാണ് ഒരു ബുദ്ധിമുട്ട്. ഇവിടെയായിര്ന്നപ്പോ ഇടക്ക് പോയി കാണാം, ഓൾടെ വിവരം അറിയാം. തൃശൂർവരെ പോയി വരവ് ആണ് ബുദ്ധിമുട്ട്. നമ്മക്ക് കാര്യായ പഠിപ്പും വിവരവും ഒന്നും ഇല്ലാത്തേനെക്കൊണ്ടാണ് ആകെ ഒരു… കൂടെ വരാനും ഒരാളുമില്ല. ആടെ അത്യാവശ്യത്തിന് ഒരു ദിവസം താമസിക്കാന്നൊക്കെ അവര് പറഞ്ഞിട്ട്ണ്ട്. ന്നാലും.. ഇവിട്ന്ന് കുട്ടീനെ കൊണ്ടുപോവുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വെഷമം. മറ്റേത് ഓളിവ്‌ടെത്തന്നെ ണ്ടാവും എന്നൊരു വിചാരംണ്ടായ്. എന്തെയ്യാനാ, നമ്മടെ ഗതികേട്‌കൊണ്ട് തൽക്കാലം അവരെല്ലാം പറയ്ന്നത് കേട്ടാലേള്ളൂ..” തൃശൂരിലെ മോഡൽ വിമൻ ആൻഡ് ചിൽഡൻ ഹോമിലേക്ക് മകളെ മാറ്റുന്നതിനെക്കുറിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മ തന്റെ വിഷമം പങ്കുവച്ചതിങ്ങനെ. സ്വന്തം ജില്ലയിലെ താമസവും രക്ഷിതാക്കളുടെ സാമീപ്യവുമാണ് നിർഭയ ഹോമുകളിൽ തങ്ങാൻ ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടികൾക്ക് സഹായകമായിരുന്നത്. പ്രതികളുടെ ഭീഷണിയിൽ നിന്നും സ്വാധീനിക്കലിൽ നിന്നും ഒരുപരിധി വരെ പെൺകുട്ടികളെ രക്ഷിച്ചിരുന്നതും ഷെൽറ്റർ ഹോമുകളിലെ താമസമായിരുന്നു. ഈ സംവിധാനങ്ങളെയെല്ലാം അപ്പാടെ അട്ടിമറിക്കുന്നതാണ് സർക്കാർ തീരുമാനം.
അപ്രതീക്ഷിത തീരുമാനം
ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടികളെ താമസിപ്പിക്കുന്ന 13 ജില്ലകളിലെ 15 വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം 2020 നവംബർ മാസത്തിലാണ് സർക്കാർ എടുക്കുന്നത്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ തൃശൂർ ഒഴികെയുള്ള മറ്റെല്ലാ ഷെൽറ്റർ ഹോമുകളും എൻട്രി ഹോമുകളാക്കി നിലനിർത്തി കുട്ടികളെ തൃശൂർ രാമവർമ്മപുരത്തെ മോഡൽ ഹോമിലേക്ക് മാറ്റണമെന്ന് ഉത്തരവും ഇറക്കി. മോഡൽ ഹോമിന്റെയും എൻട്രി ഹോമുകളുടേയും പ്രവർത്തനങ്ങൾ സംബന്ധിച്ച പുതിക്കിയ ഉത്തരവ് 2021 ജൂൺ മാസത്തിൽ സർക്കാർ പുറപ്പെടുവിച്ചു. ഇതനുസരിച്ച് കുട്ടികളെ തൃശൂരിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ ഇടുക്കി, മലപ്പുറം ജില്ലകളിൽ നിന്നുള്ള കുട്ടികളെ ഒഴിച്ച് ബാക്കി ജില്ലകളിൽ നിന്നായി 73 പെൺകുട്ടികളെ തൃശൂരിലേക്ക് മാറ്റിയതായി നിർഭയ സെൽ അധികൃതർ പറയുന്നു. കോവിഡ് ബാധയുണ്ടായതിനാൽ ഇടുക്കി, മലപ്പുറം ജില്ലകളിലെ ഹോമുകളിൽ നിന്ന് കുട്ടികളെ തൃശൂരിലേക്ക് മാറ്റാനായില്ല. ഉടൻ തന്നെ ഇതിനുള്ള നടപടികളുമെടുക്കുമെന്നും നിർഭയ കോ-ഓർഡിനേറ്റർ ശ്രീലാ മേനോൻ അറിയിച്ചു. ഹോമുകളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും, മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്നാണ് അധികൃതരുടെ പക്ഷം. മറ്റ് ജില്ലകളിൽ പ്രവർത്തിച്ചിരുന്ന പല ഹോമുകളിലും സുരക്ഷിതമല്ലാത്ത സാഹചര്യം നിലനിന്നുരുന്നതിനാൽ ഒരു കേന്ദ്രത്തിലേക്ക് കുട്ടികളെ ഒന്നാകെ മാറ്റി പൂർണ്ണസുരക്ഷ ഉറപ്പുവരുത്തുന്നതാണ് തീരുമാനം എന്നും അവർ പറയുന്നു.
എന്നാൽ നിർഭയ നയത്തെ വെല്ലുവിളിക്കുന്ന തീരുമാനം നിർഭയ എന്ന അതിശക്തമായ സംവിധാനത്തെ തകർക്കുന്നതിനാണ് എന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കുട്ടികളുടെ സുരക്ഷിതത്വത്തിനും മാനസിക ശാരീരിക മുന്നേറ്റത്തിനും കേസ് നടത്തിപ്പിനും സാമ്പത്തിക ശാക്തീകരണത്തിനും ഊന്നൽ നൽകുന്നതിന് പകരം എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളെ ഒരു കേന്ദ്രത്തിലേക്കെത്തിച്ച്, അവരുടെ അവകാശങ്ങൾ തടയുകയും ജയിൽ സംവിധാനത്തിലേക്ക് പറിച്ച് നടുകയുമാണ് ചെയ്യുന്നതെന്ന് വിമർശകർ പറയുന്നു. തൃശൂരിലേക്ക് പോവാൻ താത്പര്യം പ്രകടിപ്പിക്കാത്ത കുട്ടികളെ വീടുകളിലേക്ക് തിരികെ അയക്കുന്നത് കേസ് നടത്തിപ്പ് മുതൽ കുട്ടികളെ ജീവിതത്തെ വരെ ബാധിക്കുന്ന തീരുമാനമാണ്.
ലാഭ-നഷ്ട കണക്കുകൾക്കിടയിലെ കുട്ടികൾ
നിർഭയ ഹോമുകളുടെ പേര് രണ്ടര വർഷം മുമ്പാണ് വിമൻ ആൻഡ് ചിൽഡ്രൻ ഹോം എന്നാക്കി മാറ്റിയത്. പല ജില്ലകളിലും വാടകക്കെട്ടിടങ്ങളിലാണ് ഹോമുകൾ പ്രവർത്തിക്കുന്നത്. സർക്കാർ ഏജൻസിയായ മഹിളാസമഖ്യ സൊസൈറ്റിക്ക് പുറമെ സന്നദ്ധ സംഘടനകളും അനാഥാലയങ്ങളുടെ നടത്തിപ്പുകാരുമാണ് വിവിധ ജില്ലകളിലെ ഹോമുകളുടെ നോട്ടച്ചുമതല വഹിച്ചിരുന്നത്. കേരളത്തിൽ ആകെ 21 ഹോമുകളാണ് പ്രവർത്തിച്ചിരുന്നത്. ആവശ്യമുള്ള ജീവനക്കാരെ നിയമിച്ചിരുന്നത് മുതൽ ശമ്പളവും കെട്ടിട വാടകയും നൽകുന്നത് സർക്കാർ ഫണ്ടിൽ നിന്നാണ്. വാടകയും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ വർഷത്തിൽ ഒരു കോടിക്ക് മുകളിൽ ചെലവ് വരും. എന്നാൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളെ എൻട്രി ഹോമുകളാക്കുകയും തൃശൂരിലെ കേന്ദ്രത്തിലേക്ക് മുഴുവൻ കുട്ടികളേയും മാറ്റുകയും ചെയ്താൽ വാടകയും ജീവനക്കാരുടെ ശമ്പളവുമുൾപ്പെടെ 74 ലക്ഷം രൂപ വർഷത്തിൽ ലാഭിക്കാനാവും എന്ന് ഇതുസംബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നൽകിയ പദ്ധതി നിർദ്ദേശത്തിൽ വകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം ഉചിതമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ജില്ലകളിൽ പ്രവർത്തിക്കുന്ന ഹോമുകൾ എൻട്രി ഹോമുകളാക്കി മാറ്റാനുള്ള തീരുമാനം ഇക്കാരണംകൊണ്ട് കൂടിയാണെന്ന് വകുപ്പ് അധികൃതർ സമ്മതിക്കുന്നു.
തൃശൂർ ജില്ലാ എൻട്രി ഹോം പുതിയ ഹോമിന്റെ ഭാഗമായി പ്രവർത്തിക്കാൻ അനുവദിക്കും. നിലവിലെ ഹോമുകളെ എൻട്രി ഹോമുകളാക്കുന്നതിലൂടെ വാർഡൻ, സോഷ്യൽ വർക്കർ, സെക്യൂരിറ്റി, അസിസ്റ്റന്റ് കുക്ക്, അസിസ്റ്റന്റ് കെയർടേക്കർ എന്നീ തസ്തികകൾ ഒഴിവാകും. അതുവഴി വർഷം 74,70,000 രൂപയുടെ ലാഭം ഉണ്ടാകുന്നു എന്നാണ് നിർഭയ ഹോമുകൾ നിർത്തുന്നതുമായി ബന്ധപ്പെട്ട് 2020 ൽ തയ്യാറാക്കിയ പദ്ധതി രേഖയിൽ വ്യക്തമാക്കുന്നത്. നിലവിൽ 350-നും 400നും ഇടയ്ക്ക് കുട്ടികൾ എല്ലാ ഹോമുകളിലുമായി താമസിക്കുന്നു എന്നാണ് നിർഭയ സെല്ലിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ നൂറിൽപ്പരം കുട്ടികൾ മാത്രമാണ് തൃശൂരിലേക്ക് മാറാൻ തയ്യാറായിട്ടുള്ളത്. ലാഭ-നഷ്ട കണക്കുകളുടെ പേരിൽ ജില്ലാ ഹോമുകൾ നിർത്താൻ തീരുമാനിക്കുമ്പോൾ നിരാലംബരായിത്തീരുന്നത് നൂറിലധികം കുട്ടികളാണ്.
മാറ്റം നല്ലതിനോ?
‘ഒരു ഹോമിൽ 25 പേരെ താമസിപ്പിക്കാവുന്നതാണ്. പല ഹോമുകളിലും കൂടുതൽ താമസക്കാർ ഉള്ളതിനാൽ ഇവർക്കാവശ്യമായ സേവനങ്ങൾ കൃത്യമായി നൽകുന്നതിന് ബുദ്ധിമുട്ടാകുന്നു. ലൈംഗികാതിക്രമ കേസുകളിലെ സാക്ഷിയും പീഡിതയും ഒരാളായതിനാൽ ഇവരുടെ മാനസികാഘാതം ലഘൂകരിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും കേസ് വിസ്താരത്തിന് ആവശ്യമായ നടപടികൾ സജ്ജമാക്കുന്നതിനും തൊഴിൽപരമായ പരിശീലനം നൽകുന്നതിനും പ്രത്യേക പരിചരണവും കൗൺസലിംഗും നൽകി പുനഃരധിവസിക്കുന്നതിനും ഇങ്ങനെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുമാണ് മോഡൽ ഹോം.’ എന്നാണ് 2020 ലെ പദ്ധതി രേഖയിൽ വ്യക്തമാക്കുന്നത്.
“ആറിടത്ത് മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്. ഒരു ഹോമിലും കളിസ്ഥലമില്ല. സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ട്. അതിനാൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരെ സമൂഹത്തിലെ മറ്റേതൊരാളെയും പോലെ ജീവിക്കാൻ പ്രപ്തരാക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് ചെയ്യുന്നത്. ഇപ്പോൾ 18 വയസ്സ് കഴിഞ്ഞവരും 18 തികയാത്തവരും ഒരു സ്ഥലത്താണ് നിൽക്കുന്നത്. അതിൽ മാറ്റം വരുത്തും. തൃശൂരിലേക്ക് മാറുന്നത് പൂർണമായും കുട്ടികളുടേയും രക്ഷിതാക്കളുടേയും സമ്മതം വാങ്ങിയാണ്. സുരക്ഷയും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് മാറ്റം നടപ്പാക്കുന്നത്.” നിർഭയ സെൽ കോർഡിനേറ്റർ ശ്രീല മേനോൻ പറഞ്ഞു.
200 കുട്ടികളെ താമസിപ്പിക്കാൻ കഴിയുന്ന സൗകര്യമാണ് തൃശൂരിലെ മോഡൽ ഹോമിലുള്ളത്. പ്ലേഗ്രൗണ്ട് ഉൾപ്പെടെ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും നൽകുന്ന നിരവധി സൗകര്യങ്ങൾ മോഡൽ ഹോം വഴി നൽകാനാവും എന്ന് അധികൃതർ പറയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഹോമിലേക്ക് മാറ്റുന്നത്. 12-15, 15-18 എന്നിങ്ങനെ പ്രായമനുസരിച്ച് പ്രത്യേകം തിരിച്ച് താമസിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് 18 വയസ്സ് പൂർത്തിയാകുന്നവരെ ചെയ്യുന്ന കോഴ്‌സ് പൂർത്തിയാവുന്നത് വരെ അവിടെ താമസിപ്പിക്കും. അല്ലാത്തപക്ഷം 18 വയസ്സുകഴിഞ്ഞവരെ മാറ്റി താമസിപ്പിക്കും. വിദ്യാർഥികൾക്ക് പഠനത്തിന് ഹോമിന് സമീപത്തുള്ള വദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ സൗകര്യവും ഒരുക്കും.
വീടുകളിലേക്ക് പുനരധിവാസം സാധ്യമാകുമെങ്കിൽ അത് നടപ്പാക്കാനാണ് നിർഭയ സെൽ ശ്രമിക്കുന്നത്. പരമാവധി കുട്ടികളെ വീടുകളിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് ജുവനൈൽ ജസ്റ്റിൽ ആക്ടിൽ പറയുന്നത്, അതിനാൽ മോഡൽ ഹോമിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിക്കാത്തവരെയും വീട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരേയും വീടുകളിലേക്ക് തിരികെ അയയ്ക്കാനാണ് ശ്രമമെന്നും നിർഭയ സെൽ അധികൃതർ പറയുന്നു. “പുനരധിവാസം വീടുകളിലേക്ക് എന്നതിന് പ്രാധാന്യം നൽകുന്നുണ്ട്. വീടുകളിൽ നിർത്തി, സമൂഹത്തിൽ വളരാൻ കുട്ടികളെ അനുവദിക്കുമ്പോഴാണ് അവർക്ക് കൂടുതൽ മുന്നോട്ട് പോവാനാവുക. ഇപ്പോൾ പല കുട്ടികളും വെക്കേഷനുകളിൽ വീടുകളിലേക്ക് പോവാറുണ്ട്. വീട് സേഫ് ആയതുകൊണ്ടാവുമല്ലോ കുട്ടികൾ അവധിക്കാലത്ത് അവിടേക്ക് പോവുന്നത്? മാതാപിതാക്കളുടെയടുത്ത് സ്വതന്ത്രരായി ജീവിക്കാനാവും അവർ ഇഷ്ടപ്പെടുക. പ്രതിയായ ആൾ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുന്നു. അങ്ങനെയുള്ളപ്പോൾ അതിന് ഇരയായവരെയും കൂടെ നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ വീടുകളിലെ സാഹചര്യവും അന്തരീക്ഷവും വിശദമായി പഠിച്ചതിന് ശേഷം സുരക്ഷിതമെന്ന് കണ്ടെത്തിയാലാണ് വീടുകളിലേക്ക് അയക്കുക. വീടുകളിലേക്ക് പോവുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ‘കാവൽ പ്ലസ്’ എന്ന പദ്ധതിയുമുണ്ട്.” ശ്രീല മേനോൻ വ്യക്തമാക്കുന്നു.
‘ഈ മാറ്റം നല്ലതിനല്ല’
പോക്‌സോ കേസുകളിൽ അതിക്രമങ്ങൾ നേരിട്ടവരും മുഖ്യസാക്ഷികളുമായ പെൺകുട്ടികളെ തൃശൂരിലേക്കോ അല്ലെങ്കിൽ വീട്ടിലേക്കോ മാറ്റാനുള്ള തീരുമാനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല എന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. “ലൈംഗികാതിക്രമം നേരിട്ട കുട്ടികളെ നാടുകടത്തുകയാണ് ചെയ്യുന്നത്. കുട്ടികളെ നോക്കുന്നവരുടെ സൗകര്യത്തിനായാണ് ഈ മാറ്റം, അല്ലാതെ കുട്ടികൾക്ക് ഗുണത്തിനല്ല.” വാളയാർ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജലജ മാധവൻ പ്രതികരിക്കുന്നു. “നോർമൽ ലൈഫിലേക്ക് ആ കുട്ടികളെ എത്തിക്കുന്നതിന് പകരം ഒരു ജയിൽ സംവിധാനത്തിലേക്ക് മാറ്റുന്നത് അവരുടെ മാനസികാവസ്ഥയെത്തന്നെ സാരമായി ബാധിക്കും. വിവിധ ഹോമുകളായിരുന്നപ്പോൾ പൊതുജനങ്ങൾക്കുൾപ്പെടെ അവിടുത്തെ കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു, ഇടപെടാമായിരുന്നു. പ്രവർത്തനം സുതാര്യമാവുകയും ചെയ്യും. എന്നാൽ ഡീസെൻട്രലൈസേഷൻ ഒഴിവാക്കി സെൻട്രലൈസേഷൻ വരുത്തുന്നത് തന്നെ അഴിമതിക്കും ക്രമക്കേടിനും വഴിവക്കും. പോക്‌സോ നിയമത്തിന്റെ പ്രിൻസിപ്പിളിന് എതിരാണ് ഈ തീരുമാനം. അതിക്രമത്തിന് ഇരകളായ കുട്ടികളെ ഒരേ സ്ഥലത്ത് ജയിൽപ്പുള്ളികളെപ്പോലെ മാറ്റുന്നത്, ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റുന്നത് പോലെയേ ഇത് കാണാനാവൂ. ജയിലിൽ വിസിറ്റ് ചെയ്യുന്നത് പോലെ അവരുടെ പാവപ്പെട്ട അമ്മമാർ വന്ന് കണ്ടോളണം എന്നാണ്. ഈ തീരുമാനം നടപ്പിലാക്കുന്നതോടെ കുട്ടികൾ കൊഴിഞ്ഞുപോവും. അങ്ങനെ ഈ സിസ്റ്റത്തെ തന്നെ ഇല്ലാതാക്കാനാണ് ചിലരുടെ നീക്കം.”
തിരുവനന്തപുരത്തെ ഹോമിൽ താമസിക്കുന്ന ഒരു കുട്ടിക്ക് തൃശൂരിലേക്ക് പോവാൻ കഴിയില്ല. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാൽ വീട്ടിലേക്കും പോവാൻ കഴിയില്ല. ഒടുവിൽ യത്തീംഖാനയിലേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മതേതരയായി ജീവിക്കാൻ ആഗ്രഹിക്കുന്ന കുട്ടിക്ക് അറബിയും മതപരമായ കാര്യങ്ങളും പഠിക്കുന്നതിൽ താൽപര്യമില്ല. എന്നാൽ പോവാൻ മറ്റൊരു ഇടം അവളുടെ മുന്നിലില്ല. തിരുവനന്തപുരത്തിന്റെ ഉൾപ്രദേശത്ത് താമസിക്കുന്ന അമ്മ തൊഴിലുറപ്പ് ജോലികളും വീട്ടുപണിയും ചെയ്ത് ജീവിക്കുന്നു. രണ്ടോ മൂന്നോ ദിവസം മാറി നിന്നാൽ ഉള്ള പണിയും പോവും. അക്ഷരാഭ്യാസമില്ല. ആ സാഹചര്യത്തിൽ എല്ലാ മാസവും തൃശൂർ പോയി മകളെ കാണുന്നതെങ്ങനെയെന്നും ജലജ മാധവൻ ചോദിക്കുന്നു.
“സമാനമായ നിരവധി കേസുകളുണ്ട്. അതാത് പ്രദേശത്ത് നിൽക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ് ഇവർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.” സ്ത്രീ പ്രവർത്തകയും കേരള മഹിളാ സമഖ്യ സൊസൈറ്റി മുൻ ഡയറക്ടറുമായ പി.ഇ ഉഷ പറയുന്നു. “ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ കേസിന്റെ വിധി വരുന്നത് വരെയുള്ള കാലം, കുട്ടികളുടെ ശാരീരിക മാനസിക മുന്നേറ്റം, അവരെ സാമ്പത്തികമായി പ്രാപ്തരാക്കൽ തുടങ്ങി നരവധി കാര്യങ്ങളിൽ പലതരത്തിലുള്ള ഇടപെടലുകളും പ്രാദേശിക ഫോളോ അപ്പുകളും ആവശ്യമായിവരും. ഓരോ ഹോമുകളിലും താമസിക്കുമ്പോൾ ഓരോ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് വിദ്യകൾ അഭ്യസിപ്പിക്കാനും എല്ലാം സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഒരു കാര്യവും നടപ്പാവുന്നില്ല. ഉദ്യോഗസ്ഥ മേധാവിത്തമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.”
വീടുകളിലേക്കുള്ള മടക്കം സുരക്ഷിതമോ?
വീടുകളിലേക്ക് കുട്ടികളെ തിരിച്ചയക്കാനുള്ള നടപടി കൂടുതൽ അപകടം വരുത്തിവയ്ക്കുന്നതാണ്. ഹോമുകിൽ കഴിയുന്ന പലരുടേയും കേസുക്ൾ പൂർത്തിയായതല്ല. അതിനാൽ തന്നെ വീടുകളിലേക്ക് കുട്ടികൾ മടങ്ങിച്ചെല്ലുമ്പോൾ പ്രതികളോ പ്രതികളുമായി ബന്ധപ്പെട്ടവരോ കുട്ടിയെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാവുന്ന മാനസിക സമ്മർദ്ദത്താൽ ഒത്തുതീർപ്പുകളിലേക്കെത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. കോടതികളിൽ തീർപ്പാവുന്ന കേസുകളിൽ 80 ശതമാനവും നിർഭയ ഹോമുകളിൽ കഴിയുന്ന കുട്ടികളുടെയാണ് എന്നത് ഇതിന് തെളിവായി അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. അല്ലാത്തത് ഇരുപത് ശതമാനം മാത്രമാണ്. അതിക്രമം അനുഭവിച്ച പെൺകുട്ടികളെ പ്രതികൾ തന്നെ വിവാഹം കഴിക്കുന്ന കേസുകളും, വിവാഹം നടക്കില്ലെന്ന് സമ്മർദ്ദപ്പെടുത്തി ഹോമുകളിൽ നിന്ന് ഇറങ്ങിയയുടൻ ‘എല്ലാം അറിഞ്ഞിട്ടും തയ്യാറാവുന്ന’ പുരുഷൻമാർക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കലും പതിവാണ്. കുട്ടികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നതും, കേസ് പിൻവലിക്കുന്ന സംഭവങ്ങളും ഉണ്ടാവുന്നു. വിചാരണ ഘട്ടങ്ങളിൽ അതിക്രമം നേരിട്ടവരും സാക്ഷികളും കൂറുമാറുന്നത് പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നു.
പോക്‌സോ കേസുകളിൽ 90 ശതമാനം പ്രതികളും ബന്ധുക്കളോ, അടുത്തബന്ധുക്കളോ, സമീപവാസികളോ ആയിരിക്കും. ഹോമുകളിലുള്ള പകുതിയിലധികം കുട്ടികളും എസ്.സി, എസ്.ടി, വിഭാഗങ്ങളോ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരോ ആണ്. “സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ വീടുകളിലേക്ക് മടക്കിയയച്ചാൽ അത് പ്രതികൂലമായി ബാധിക്കും. വരെ മോശമായ സാഹചര്യങ്ങളിൽ നിന്നാണ് പല കുട്ടികളും വരുന്നത്. നിർഭയ ഹോമുകളിൽ താമസിക്കുന്ന കുട്ടികളുടെ കേസ് സെറ്റിൽ ചെയ്യാൻ എന്തുവന്നാലും അവർ സമ്മതിക്കില്ല. പോക്‌സോ കോടതിയിൽ പ്രവർത്തിച്ച അനുഭവത്തിൽ നിന്ന് എനിക്കത് പറയാൻ കഴിയും. ഞാൻ ചാർജ്ജെടുത്ത സമയത്ത് തന്നെ ചില വക്കീലന്മാർ ‘ആ നിർഭയക്കാർ വല്ലാത്ത സാധനങ്ങളാണ്’ എന്ന് എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. അവർ ഒരുതരത്തിലും സെറ്റിൽമെന്റിന് തയ്യാറാവില്ല എന്നതാണ് കാരണം. കുട്ടികളെ വീട്ടിലേക്ക് വിട്ടാൽ, ഇവർ എത്ര സുരക്ഷ ഒരുക്കിയെന്ന് പറഞ്ഞിട്ടും കാര്യമില്ല, ശിക്ഷാനിരക്ക് കുറയുകയും ഒത്തുതീർപ്പ് കൂടുകയും ചെയ്യും.” ജലജ മാധവൻ തുടർന്നു.
നിർഭയയെ ഞെരിച്ചുകൊല്ലുന്നു: ഡോ. എം.കെ മുനീർ
എന്ത് ലക്ഷ്യത്തിനായി നിർഭയ എന്ന വിപ്ലവകരമായ നയം കൊണ്ടുവന്നോ ആ സങ്കൽപ്പം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്. വളരെ സമയമെടുത്ത് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി കൊണ്ടുവന്ന നയമാണ് നിർഭയ. എല്ലാ ജില്ലകളിലും നിർഭയ ഹോമുകൾ തുടങ്ങിയതും നല്ല ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. സുനിത കൃഷ്ണനെപ്പോലുള്ളവരെ വിളിച്ചുവരുത്തിയാണ് രൂപരേഖ തയ്യാറാക്കിയത്. സുഗതകുമാരി ടീച്ചറാണ് നിർഭയ എന്ന പേര് നിർദ്ദേശിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിലാണ് നയം പ്രഖ്യാപിക്കുന്നത്. അന്ന് രാഷ്ട്രീയം നോക്കാതെ ഷെൽറ്റർ ഹോമുകളുടെ നടത്തിപ്പുൾപ്പെടെ പലരേയും ഏൽപ്പിച്ചു. ഇരകൾക്ക് അതത് പ്രദേശത്ത് തന്നെ താമസിക്കാനും സുരക്ഷിതരായി തോന്നാനും ഒരിടം എന്ന ലക്ഷ്യത്തോടെയാണ് പല ജില്ലകളിലും നിർഭയ ഹോമുകൾ തുടങ്ങുന്നത്. എന്നാൽ തൃശൂരിലെ ഒരു കേന്ദ്രത്തിലേക്ക് എല്ലാവരെയും മാറ്റി ബാക്കിയെല്ലാ ഹോമുകളേയും എൻട്രി ഹോമുകളാക്കുന്നത് ഇരകളോടുള്ള സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. പോക്‌സോ കേസുകൾ തീർപ്പാക്കുന്നതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിനുപകരം കുട്ടികളെ പുറത്തേക്ക് വിട്ടാൽ അത് കേസിനെ തന്നെ ബാധിക്കും. പ്രതികൾ ഇരകൾക്ക് ചുറ്റും നടക്കുന്നുണ്ടാവും. അതിക്രമത്തിനിരയായവർക്ക് രക്ഷിതാക്കളെ തന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അവരെ നോർമൽ അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടുവരുന്നതിന് പകരം പ്രതികൾക്ക് സുഖമായി ആക്‌സസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നടപടികളെടുത്താൽ പലതരം പ്രശ്‌നങ്ങൾ ഉണ്ടാവും. ‘നിർഭയ’ ഭയമായി മാറുന്ന ചിലരാണ് ഇപ്പോൾ നിർഭയയെ ഞെക്കിക്കൊല്ലുന്നത്.
കൂടുന്ന പോസ്കോ കേസുകൾ
ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളിൽ 2178 പോക്‌സോ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 3019 ആയിരുന്നു. ഇതിൽ കുറ്റക്കാരായ എഴുപത് ശതമാനത്തിലധികം പേരും ശിക്ഷിക്കപ്പെടുന്നതായാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട്. എന്നാൽ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളിൽ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2015 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2015ൽ 1486, 2016ൽ 1848, 2017ൽ 1169, 2018ൽ 1153, 2019ൽ 1283 കേസുകൾ വീതമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ യഥാക്രമം 100, 53, 33, 84, 42 എന്നിങ്ങനെയാണ് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം. 2019ൽ 167 കേസുകളിൽ പ്രതികളെ വെറുതെ വിടുകയും 146 കേസുകൾ മറ്റുവഴിക്ക് തീർപ്പാവുകയും ചെയ്തതായാണ് ബാലാവകാശ കമ്മീഷന്റെ കണക്ക്.
“കേസ് നടത്തിപ്പിൽ പോലും പല ഇടപെടലുകൾ വരുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്. നിർഭയ രൂപീകരിച്ച ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അതിക്രമം നേരിട്ടവർക്ക് നീതിയും പ്രതികൾക്ക് ശിക്ഷയും. എന്നാൽ അതിലും പിന്നോട്ട് പോവുന്നതാണ് കാണുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളെ വീടുകളിലേക്ക് അയക്കുമ്പോൾ അത് കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. വീട്ടുകാർക്ക് പലപ്പോഴും കേസിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നുവരില്ല. കേസ് എങ്ങനെ ഇല്ലാതാക്കാം എന്ന് അന്വേഷിക്കുന്നവർക്ക് ഇത് സഹായകമാവും. വീടുകളിലാണെങ്കിലും ഈ കുട്ടികൾ പരമാവധി അടിച്ചമർത്തപ്പെടാനും, വീണ്ടും അതിക്രമങ്ങൾക്ക് ഇരയാവാനുമുള്ള സാധ്യതകൾ ഏറെയാണ്.” പി.ഇ ഉഷ പറഞ്ഞു.
എല്ലാവർഷവും ആയിരത്തിലേറെ പോസ്കോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അതിലേറെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്ന കേരളത്തിൽ നിർഭയ ഹോമുകൾ പോലെ ഇരകൾക്ക് വേണ്ടി വികേന്ദ്രീകൃതമായ ഒരു സുരക്ഷാ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഈ അഭയകേന്ദ്രങ്ങൾ എൻട്രി ഹോമുകൾ മാത്രമായി മാറ്റപ്പെടുന്നതോടെ നിരാലംബരായിത്തീരുന്നവരുടെ അനുഭവങ്ങൾ നിർഭയ സംവിധാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നു. അത്തരം അനുഭവങ്ങളാണ് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ.
(തുടരും)