Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ഒക്ടോബർ (1-31) റിപ്പോർട്ട്.
97 സംഭവങ്ങളാണ് ഒക്ടോബർ മാസം മാത്രം റിപ്പോർട്ട് ചെയ്തത്. വിദ്വേഷ ഭാഷയും ഇസ്‌ലാമോഫോബിക് രൂപകങ്ങളും ദിനേന ആവർത്തിച്ച് കടന്നുവരുന്നു. വസ്തുതപരമായ വിശകലനങ്ങളും വിലയിരുത്തലുകളും നൽകിയിട്ടില്ല. വിദ്വേഷ പ്രസ്താവനകൾ, സംഭവങ്ങൾ തുടങ്ങിയവയുടെ രേഖാശേഖരം മാത്രമാണിത്.
1. കാസ- ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ കാസ- ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണവും നടപടിയും വേണം. പൊലീസ് ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. റവാഡ ചന്ദ്രശേഖര്‍ ഡിജിപി ആയി ചുമതലയേറ്റ ശേഷം നടന്ന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ (‘കേരളത്തില്‍ കാസ- ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്, കര്‍ശന നിരീക്ഷണവും നടപടി വേണം’; പൊലീസ് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി, ഒക്ടോബര്‍ 1, മീഡിയാവണ്‍).
2. കോർപ്പറേഷന്‍ വാര്‍ഡ് വിഭജനം
തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് വിഭജനം പ്രതിഷേധത്തിന് കാരണമായി. ബീമാപ്പള്ളിയിലെ മൂന്നു വാര്‍ഡുകള്‍ ചേര്‍ത്ത് ഒന്നാക്കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. വാര്‍ഡ് പുനര്‍വിഭജനത്തിനു മുമ്പ് ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, മാണിക്കവിളാകം എന്നിങ്ങനെ മൂന്ന് വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതാണ് വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം ഒരു വാര്‍ഡായി മാറിയത്. കരടുപട്ടികയില്‍ ഈ അപാകം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പുതുക്കിയ പട്ടികയനുസരിച്ച് ബീമാപ്പള്ളി വാര്‍ഡില്‍ 17,223 വോട്ടര്‍മാരാണ് ഉള്ളത്. ഇതര വാര്‍ഡുകളേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാര്‍. കോര്‍പ്പറേഷനിലെ ഏറ്റവും ചെറിയ വാര്‍ഡില്‍ ആകെ 3,153 വോട്ടര്‍മാരാണ് ഉള്ളത്. മുസ്ലീങ്ങളും ലത്തീന്‍ ക്രൈസ്തവരും തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡുകളില്‍ കൂടുതല്‍ വോട്ടര്‍മാരെയും മറ്റു വാര്‍ഡുകളില്‍ കുറവ് വോട്ടര്‍മാരെയും ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാന്‍ തടസ്സമാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത് (തിരുവനന്തപുരം കോർപ്പറേഷനില്‍ അശാസ്ത്രീയ വാര്‍ഡ് നിര്‍ണയം, ഒക്ടോബര്‍ 1, മീഡിയാവണ്‍).
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 101 വാര്‍ഡുകളാണ് ഉള്ളത്. ഓരോ വാര്‍ഡിലും ശരാശരി 8000 വോട്ടുകള്‍. 51 വാര്‍ഡുകളില്‍ വോട്ടര്‍മാര്‍ 3162 മുതല്‍ 8000 വരെയാണെങ്കില്‍ ബാക്കിവരുന്ന 50 വാര്‍ഡുകളില്‍ 8000 മുതല്‍ 17 233 വരെയാണ് അവരുടെ എണ്ണം. ഉദാഹരണത്തിന് പാങ്ങപ്പാറ, കുഴിവിള , വെങ്ങാനൂര്‍, ചെട്ടിവിളാകം എന്നീ വാര്‍ഡുകളില്‍ 3162, 4383, 4481, 4560 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണമെങ്കില്‍ ലത്തീന്‍ കത്തോലിക്കരും മുസ്ലീങ്ങളും ഭൂരിക്ഷമുള്ള വാര്‍ഡുകളിലെ സ്ഥിതി ഇതല്ല. ചില വാര്‍ഡുകളിലെ വോട്ടര്‍മാരുടെ എണ്ണം താഴെ നല്‍കുന്നു.
പൂന്തുറ (മുസ്ലീം ഭൂരിപക്ഷ വാര്‍ഡ്) 14,634, ബീമാപ്പള്ളി (മുസ്ലീം ഭൂരിപക്ഷ വാര്‍ഡ്) 17,233, പോര്‍ട്ട് (ലത്തീന്‍ കത്തോലിക്ക ഭൂരിപക്ഷ വാര്‍ഡ്) 13902, വിഴിഞ്ഞം (മുസ്ലീം-ലത്തീന്‍ കത്തോലിക്ക ഭൂരിപക്ഷ വാര്‍ഡ്) 13305, വള്ളക്കടവ് (മുസ്ലീം ഭൂരിപക്ഷ വാര്‍ഡ്) 12478, വെട്ടുകാട് (ലത്തീന്‍ കത്തോലിക്ക ഭൂരിപക്ഷ വാര്‍ഡ്) 12760, വിലയതുറ (ലത്തീന്‍ കത്തോലിക്ക ഭൂരിപക്ഷ വാര്‍ഡ്) 11518 (തിരുവനന്തപുരം കോര്‍പ്പറേഷന്‍: അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിലൂടെ അട്ടിമറിക്കപ്പെടുന്നത് മുസ്ലീം – ലത്തീന്‍ കത്തോലിക്ക – തീരദേശജനതയുടെ പ്രാതിനിധ്യം, വെല്‍ഫെയര്‍ പാര്‍ട്ടികേരള.ഓര്‍ഗ്, ഒക്ടോബര്‍ 4).
നേട്ടം ബിജെപിക്ക്
വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയെക്കുറിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സജീദ് ഖാലിദ് ജനപക്ഷം ഓണ്‍ലൈനില്‍ എഴുതിയ ലേഖനം വാര്‍ഡ് വിഭജനം എങ്ങനെയാണ് മുസ്ലീം-ലത്തീന്‍ മേഖലയിലെ ജനങ്ങളുടെ പ്രാതിനിധ്യത്തകര്‍ച്ചക്ക് കാരണമാവുന്നതെന്ന് വിശദീകരിച്ചു:
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 101 ഡിവിഷനുകളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 8,21,423 ആണ്. ഇതിലൂടെ ലഭിക്കുന്ന പൊതു ശരാശരി ജനസംഖ്യ 8,133 ആണ്. ഈ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഓരോ വാര്‍ഡിനും ഒരു കൗണ്‍സിലറെ ലഭിക്കേണ്ടത്. എന്നാല്‍, മുസ്ലീം-ലത്തീന്‍ ഭൂരിപക്ഷമുള്ള എട്ട് ഡിവിഷനുകളിലെ (പൂന്തുറ, പോര്‍ട്ട്, വള്ളക്കടവ്, വെട്ടുകാട്, ബീമാപള്ളി, വലിയതുറ, വിഴിഞ്ഞം, ചാല) വോട്ടര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍, പൊതു ശരാശരി തകര്‍ക്കുന്ന അവിശ്വസനീയമായ അന്തരം കാണാം. ബീമാപള്ളി പോലുള്ള ഡിവിഷനുകള്‍ക്ക് ഏകദേശം രണ്ട് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം ലഭിക്കേണ്ട സ്ഥാനത്ത്, ഒരു കൗണ്‍സിലര്‍ മാത്രമാണ് ഉണ്ടാകുന്നത്. മുസ്ലീം-ലത്തീന്‍ ഭൂരിപക്ഷമുള്ള ഈ എട്ട് ഡിവിഷനുകള്‍ക്ക് മൊത്തത്തില്‍ അഞ്ച് കൗണ്‍സിലര്‍മാരുടെ കുറവാണ് ഉണ്ടാകുന്നത്.
ഇതിലൂടെ അഞ്ച് എല്‍ഡിഎഫ്/യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യമാണ് ഇല്ലാതാകുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മുസ്ലീം, ലത്തീന്‍ സമുദായങ്ങള്‍ക്ക് അവരുടെ വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം ഈ വിഭജനത്തിലൂടെ വെട്ടിച്ചുരുക്കപ്പെട്ടു. വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള വാര്‍ഡുകളില്‍ ഒരു കൗണ്‍സിലറെ മാത്രം അനുവദിക്കുമ്പോള്‍, ആ പ്രദേശത്തെ ജനങ്ങള്‍ക്ക് അവരുടെ പ്രാതിനിധ്യം കുറയുകയും കൗണ്‍സിലര്‍ക്ക് അധികഭാരം വരികയും ചെയ്യുന്നു.
വലിയ ജനസംഖ്യയുള്ള ഡിവിഷനുകളില്‍ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, കുറഞ്ഞ വോട്ടര്‍മാരുള്ള ഡിവിഷനുകളില്‍ അനാവശ്യമായി പ്രാതിനിധ്യം വര്‍ധിപ്പിച്ചതും രാഷ്ട്രീയമായി സംശയാസ്പദമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള എട്ട് ഡിവിഷനുകളില്‍ (മുസ്ലീം-ലത്തീന്‍ ഭൂരിപക്ഷമുള്ളവ) ബിജെപിക്ക് നിലവില്‍ ജയസാധ്യത കുറവാണ്. ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫ്/യുഡിഎഫ് സ്ഥാനാര്‍ഥികളാണ് സാധാരണ വിജയിക്കാറ്. ഈ വാര്‍ഡുകളിലെ വോട്ടര്‍മാരെ ഒന്നിച്ചു നിര്‍ത്തി പ്രാതിനിധ്യം കുറയ്ക്കുമ്പോള്‍, സ്വാഭാവികമായും അഞ്ച് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യമാണ് ബിജെപിയുടെ എതിര്‍പക്ഷത്തിന് നഷ്ടമാകുന്നത്. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഇത് നിര്‍ണ്ണായകമായ രാഷ്ട്രീയ നേട്ടമായി മാറുന്നു (മുസ്ലീം-ലത്തീന്‍ പ്രാതിനിധ്യ നിഷേധം; വോട്ട് ചോരിയുടെ കേരള പതിപ്പ്, ഒക്ടോബര്‍ 2, സജീദ് ഖാലിദ്, ജനപക്ഷം ഓണ്‍ലൈന്‍).
3. രണ്ടാം ഖിലാഫത്ത് ഗൂഢാലോചന
ഹിന്ദുത്വയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാര്‍ഗവ റാം ഫലസ്തീന്‍ അനുകൂല പരിപാടികളെ രണ്ടാം ഖിലാഫത്ത് ഗൂഢാലോചനയെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പരിപാടികള്‍ ആസൂത്രതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം: കഴിഞ്ഞ കുറച്ചു കാലമായി കൃത്രിമമായി പരത്തുന്ന ഫലസ്തീന്‍ജ്വരത്തിന് ഒരു കേന്ദ്രീകൃത ആസൂത്രണവും സ്വഭാവവും ഉണ്ട്. ഇത്തരം പരിപാടികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന, സ്വദേശത്തും വിദേശത്തും ഉള്ള വ്യക്തികളെ/ സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഇവിടുത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ പ്രമുഖ വ്യക്തിത്വങ്ങളേയും രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകളേയും അണി ചേര്‍ത്ത്, ഇത്തരത്തില്‍ ക്രമികമായി വ്യാപകമായി നടത്തുന്ന/പടര്‍ത്തുന്ന ഫലസ്തീന്‍ അനുകൂലനീക്കങ്ങള്‍ – ഫലസ്തീന്‍ ജ്വരം – ആസൂത്രിതമാണ്. ഖിലാഫത്ത് പ്രക്ഷോഭ മാതൃകയെ ഓർമ്മിപ്പിക്കുന്നതാണ്. തുര്‍ക്കിയില്‍ ഖലീഫയെ പുറത്താക്കിയതിന്റെ പേരില്‍ ഭാരതത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ പരിണതിയും ദുരന്തവും എന്താണെന്ന് ഓർമ്മ വേണം. ആത്യന്തികമായി അത് ഹിന്ദു ഉന്മൂലന കലാപമായി മാറ്റപ്പെടുകയായിരുന്നു.
ഭാരതത്തിന്റെ ദേശീയസ്വാതന്ത്ര്യസമര താത്പര്യത്തിലേക്ക്, അകലം പാലിച്ച് നില്‍ക്കുന്ന മുസ്ലീം സമൂഹത്തെ അടുപ്പിക്കാന്‍ ഖിലാഫത്തിന് പിന്തുണ നല്‍കുന്നത് കൊണ്ട് കഴിയും എന്ന വികലവും അപ്രായോഗികവും തെറ്റായതുമായ ചിന്തയില്‍ നിന്നും ആണ് അന്ന് ഗാന്ധിജി അടക്കമുള്ളവര്‍ ഖിലാഫത്തിനെ വിജയിപ്പിക്കുവാന്‍ ഓടി നടന്ന് പ്രയത്നിച്ചത്. അത് ഹിന്ദു വംശഹത്യയായി രൂപാന്തരപ്പെട്ടപ്പോള്‍ ഒന്നുകില്‍ അവരുടെ കയ്യില്‍ നിന്നില്ല, അല്ലെങ്കില്‍ അവര്‍ സമര്‍ത്ഥമായ അകലം പാലിച്ചു എന്നതാണ് ചരിത്രത്തിലെ അനുഭവം. ഈ രണ്ടാം ഖിലാഫത്ത് ഗൂഢാലോചന തിരിച്ചറിയുക എന്നത് പ്രധാനമാണ് (ഈ രണ്ടാം ഖിലാഫത്ത് ഗൂഢാലോചന തിരിച്ചറിയുക, ഒക്ടോബര്‍ 1, ഫേസ്ബുക്ക്/ ഭാര്‍ഗവ റാം).
4. മലപ്പുറം വിഭജനം
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത് മുസ്ലീം ലീഗാണ്. താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീനാണ് ഇപ്പോള്‍ രംഗത്തുള്ളത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കില്‍ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്. എന്നാല്‍ ഈ ആവശ്യത്തോട് ലീഗ് യോജിച്ചിട്ടില്ല. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലീം ലീഗ് എംഎല്‍എ കെ.എന്‍.എ ഖാദര്‍ 2019 ല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ല്‍ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.
പുതിയ ജില്ല നിലവില്‍ വന്നപ്പോള്‍ പതിനാല് ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യയെങ്കില്‍ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്. അതായത് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയേറിയ ജില്ല. ഈ സാഹചര്യത്തിലാണ് മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ജില്ല കൂടിയാണ് മലപ്പുറം. തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് അവകാശവാദം. മുസ്ലീം ലീഗിലെ ചില നേതാക്കള്‍ക്കു പുറമേ സമസ്ത, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട് (മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ ജില്ലയാക്കണമെന്ന ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ്, ഒക്ടോബര്‍ 1, മറുനാടന്‍ മലയാളി).
5. ഇസ്‌ലാമോഫോബിയ എന്ന ആയുധം
ആര്‍എസ്എസ്സിന്റെ വളര്‍ച്ച തടയാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ശീര്‍ഷകത്തില്‍ കേരളീയം പോഡ്കാസ്റ്റില്‍ കെ.എസ് ഹരിഹരന്‍ ഫാസിസത്തെയും ഇസ്ലാമോഫോബിയയെയും ബന്ധിപ്പിച്ച് സംസാരിപ്പിച്ചു: ഇന്ത്യയിലെ ഫാഷിസ്റ്റുകളുടെ ഒന്നാം നമ്പര്‍ ശത്രു മുസ്ലീങ്ങളാണ്. ഇസ്‌ലാമോഫോബിയ ആണ് ഫാഷിസ്റ്റുകളുടെ പ്രധാനപ്പെട്ട ആയുധം. ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് കൊണ്ട് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ പറ്റുമോ എന്നാണ് അവര്‍ പരീക്ഷിക്കുന്നത്, ദലിതരെ കൂടെ നിര്‍ത്താന്‍ കഴിയുമോ എന്നാണ് അവര്‍ പരീക്ഷിക്കുന്നത്. അതിനെതിരെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദലിതരും കമ്മ്യൂണിസ്റ്റ്കാരും അംബേദ്കറൈറ്റുകളും സോഷ്യലിസ്റ്റുകളും ഒക്കെ ചേരുന്ന വിശാലമായ സാംസ്‌കാരികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുള്ള ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്താതെ സംഘപരിവാറിനെ തടയാന്‍ കഴിയില്ല (ആര്‍.എസ്.എസിന്റെ വളര്‍ച്ച തടയാന്‍ കഴിയാത്തത് എന്ത് കൊണ്ട്? കെ.എസ് ഹരിഹരന്‍, ഒക്ടോബര്‍ 1, കേരളീയം പോഡ്കാസ്റ്റ്)
6. രവിചന്ദ്രനും നെതന്യാഹുവും
ഗസ വംശഹത്യയുടെ പശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ നെതന്യാഹുവിനെ സദസ്സിലുള്ളവര്‍ കൂകിവിളിച്ചു. ഇതേ കുറിച്ച് യുക്തിവാദി നേതാവ് സി രവിചന്ദ്രന്‍ എഴുതിയത് നെതന്യാഹുവിനെ കൂകി വിളിച്ചത് ശരിയായില്ലെന്നാണ്. കാരണം ഗസയിലെ ഇസ്രയേല്‍ ആക്രമണം മുന്നറിയിപ്പ് നല്‍കിയിട്ടാണെന്നും രോഗബാധിതര്‍ക്ക് മരുന്ന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു (യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെ കൂകി വിളിച്ചത് ശരിയായില്ല: സി രവിചന്ദ്രന്‍, ഒക്ടോബര്‍ 2, നോ കാപ് ).
7. നുഴഞ്ഞുകയറുന്ന ജമാഅത്തെ ഇസ്‌ലാമി
‘സയ്യിദ് മൗദൂദിയും ഷെയ്ഖ് ഖറദാവിയും: ഇസ്ലാമിക രാഷ്ട്രീയ ചിന്തയും വികസനവും’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ മൂന്നിന് സോളിഡാരിറ്റിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഒരു സംവാദം നടത്തി. ഇതേ കുറിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഈ നീക്കം യുഡിഎഫിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളിലേക്ക് നുഴഞ്ഞുകയറുകയാണെന്നും വിവിധ നേതാക്കളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു: ഈ സംവാദം കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കുമാണ് അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂസഫ് അല്‍ ഖറാദിയെയും മൗദൂദിയെയും പറ്റി സെമിനാര്‍ നടത്തിയത്. രാഷ്ട്രീയ ഇസ്ലാമിനെയും മതരാഷ്ട്രവാദത്തെയും അടിസ്ഥാനമാക്കിയാണ് മൗദൂദി തന്റെ സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചത്. യൂസഫ് ഖറദാവിയാകട്ടെ ബ്രദര്‍ഹുഡിന്റെ അടുത്ത ആളും. ജമാഅത്ത്, കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമയത്തുതന്നെയാണ് സെമിനാര്‍ നടക്കുന്നത്. സമീപകാല തിരഞ്ഞെടപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് പിന്തുണയും നല്‍കി. ഈ സാഹചര്യത്തില്‍ ജമാത്തിന്റെ നീക്കം എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. തുടങ്ങിയ ഹിന്ദു സംഘടനകളില്‍ നിന്ന് ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം ഉയരാന്‍ കാരണമാകും. കോണ്‍ഗ്രസിന് ഇത് പ്രതിസന്ധി സൃഷ്ടിക്കും. ജമാഅത്തിന്റെ ഈ നീക്കം ലീഗിന്റെ അറിവോടെയാണെന്ന ഇടതുപ്രചാരണത്തിന്റെ സാഹചര്യത്തില്‍ പ്രത്യേകിച്ചുമെന്ന് ലേഖനം പ്രവചിക്കുന്നു.
ആര്‍എസ്എസ്സിന്റെ അഖണ്ഡഭാരത സങ്കല്‍പ്പവുമായി കെ.ടി ജലീല്‍ ഈ സെമിനാര്‍ വിഷയത്തെ താരതമ്യപ്പെടുത്തി: ജമാഅത്തെ ഇസ്ലാമി ലീഗ് വഴി മുസ്ലീങ്ങളിലേക്ക് നുഴഞ്ഞുകയറുകയാണ്. ഈ നീക്കത്തിന് യുഡിഎഫ് പിന്തുണ നല്‍കുന്നു. ഒരു ഇസ്ലാമിക മതരാഷ്ട്രം സ്ഥാപിക്കാന്‍ മൗദൂദിക്ക് താല്‍പര്യമില്ലായിരുന്നെങ്കില്‍, ഇന്ത്യയില്‍ ജനിച്ചിട്ടും അദ്ദേഹം എന്തിനാണ് പാകിസ്താനിലേക്ക് പോയത്? ജമാഅത്ത് ലീഗിലൂടെ മുസ്ലീം സമൂഹത്തിലേക്ക് വളരെ തന്ത്രപരമായി കടന്നുകയറുകയാണ്, ആത്യന്തികമായി ജമാഅത്ത് ലീഗിനെ വിഴുങ്ങും (ജമാഅത്ത് ഇന്‍ട്രൂഡിംഗ് റ്റു മുസ്ലീം സൊസൈറ്റി വയ ഐയുഎംഎല്‍, കെ. എസ് ശ്രീജിത്, ഒക്ടോബര്‍ 3, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
മൗദൂദിസത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ്
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് പിന്നാലെ അതിന്റെ യുവജന വിഭാഗമായ സോളിഡാരിറ്റി തങ്ങളുടെ സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാന്‍ ഒരുങ്ങുന്നുവെന്ന് സമകാലിക മലയാളം. ഇതേ സംവാദത്തെക്കുറിച്ചായിരുന്നു വാര്‍ത്ത.
പരിപാടിയെ കുറിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും എന്നാല്‍ യുഡിഎഫിലെ പ്രധാനകക്ഷിയായ മുസ്ലീം ലീഗ് ഇതിനെ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും സമകാലിക മലയാളം എഴുതി (സതീശന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’; സംസ്ഥാനത്ത് മൗദൂദിസം പ്രചരിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമി, ഒക്ടോബര്‍ 3, സമകാലിക മലയാളം)
സിഖ് ഹോംലാന്‍ഡ്
ഈ സമയത്തുതന്നെ ഇന്ത്യന്‍ എക്‌സ്പ്രസ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബിനെയും പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും കുറിച്ച്. മൗദൂദി തന്റെ രാഷ്ട്രീയ നിലപാടുകള്‍ എഴുത്തുകളിലൂടെ വികസിപ്പിക്കുന്ന കാലത്തുതന്നെ (1940കളില്‍) സിപിഎം നേതാവായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് സിഖ് രാഷ്ട്രം ആവശ്യപ്പെട്ടു ഒരു ബുക് ലെറ്റ് എഴുതിയിരുന്നുവെന്നും പാകിസ്താന്‍ വാദമായിരുന്നു ഇതിന്റെ പ്രചോദനമെന്നും ലേഖനം വിലയിരുത്തുന്നു: സിപിഐ സ്ഥാപനത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുമ്പോള്‍ അതിന്റെ പഞ്ചാബ് യൂണിറ്റിന്റെ കഥ സിപിഐ സ്ഥാപിക്കപ്പെടുന്നതിന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പും റഷ്യന്‍ വിപ്ലവത്തിന് ഒരു ദശകത്തിന് മുമ്പും ആരംഭിച്ചു. അകാലി, ഗുരുദ്വാരാ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് പുറമേ, കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഒരു വലിയ ഭാഗം ബ്രിട്ടീഷുകാര്‍ക്കെതിരായ ബബ്ബര്‍ അകാലി പ്രസ്ഥാനത്തില്‍ നിന്നുള്ളവരായിരുന്നു. ഇത്തരം സിഖ് പ്രസ്ഥാനങ്ങള്‍ പഞ്ചാബിലെ സിപിഐയുടെ ഉയര്‍ച്ചയെ സ്വാധീനിച്ചു. എന്നാല്‍ 1980-കളിലെ മറ്റൊരു സായുധ സിഖ് പ്രസ്ഥാനമാണ് സംസ്ഥാനത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ പ്രഹരമേല്‍പ്പിച്ചത്. ഇക്കാലത്ത് ധാരാളം നക്‌സലൈറ്റുകളും കമ്യൂണിസ്റ്റുകളും സിഖ് പ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നു (ഹണ്‍ട്രഡ് ഇയേഴ്‌സ് ഓഫ് സിപിഐ: ഹൗ സിഖ് മൂവ് മെന്റ്‌സ് പവേര്‍ഡ് പാര്‍ട്ടീസ് റൈസ് ഇന്‍ പഞ്ചാബ്, ബട്ട് ക്ലാഷ് വിത്ത് ഖാലിസ്ഥാനിസ് ട്രിഗേര്‍ഡ് ഡിക്ലൈന്‍, കമല്‍ദീപ് സിംഗ് ബ്രാര്‍, സെപ്തംബര്‍ 29, ഇന്ത്യന്‍ എക്‌സ്പ്രസ്).
വെട്ടിലായി യുഡിഎഫ്
സോളിഡാരിറ്റിയുടെ സമ്മേളനത്തോടെ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും വെട്ടിലായെന്ന് ദേശാഭിമാനി എഴുതി. ഇതേ ചൊല്ലി യുഡിഎഫില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടുവെന്നും ദേശാഭിമാനി റിപോര്‍ട്ടില്‍ പറയുന്നു: മതരാഷ്ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ യുവജന വിഭാഗമായ സോളിഡാരിറ്റി രംഗത്തെത്തിയതിനെച്ചൊല്ലി യുഡിഎഫില്‍ വിവാദം. സംവാദത്തിന്റെ ചിത്രങ്ങള്‍പോലും പുറത്തുവിട്ടില്ല. ജമാഅത്തെ മുഖപത്രമായ ‘മാധ്യമ’ത്തില്‍ വാര്‍ത്ത നല്‍കാനോ വിവാദത്തോട് നേതാക്കള്‍ പ്രതികരിക്കാനോ തയ്യാറായില്ല. അതിനിടെ, ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ യുഡിഎഫ് ക്യാമ്പില്‍ വിമര്‍ശമുയര്‍ന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകള്‍ യുഡിഎഫിനെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ വിവാദം തിരിച്ചടിയാകുമെന്ന് നേതൃത്വം ഭയക്കുന്നു. വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പല സംഘടനകളും രംഗത്തെത്തിയിരുന്നു എന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ പ്രോത്സാഹിപ്പിക്കുകയാണ് ലീഗ് (മൗദൂദിയന്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കാന്‍ സോളിഡാരിറ്റി, ഒക്ടോബര്‍ 4, ദേശാഭിമാനി; മൗദൂദിയെ വാഴ്ത്തി ജമാഅത്തെ ഇസ്ലാമി; വെട്ടിലായി യുഡിഎഫ്, ദേശാഭിമാനി, ഒക്ടോബര്‍ 5).
ലീഗിനെ ബാധിക്കില്ല
സോളിഡാരിറ്റിയുടെ മൗദൂദി ആശയ പ്രചാരണം മുസ്ലീം ലീഗിനെ ബാധിക്കില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന് ബന്ധമില്ല. തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുന്നത് വെല്‍ഫെയര്‍ പാർട്ടിയുമായാണ്. അവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞിട്ടില്ല. ആ ധാരണ തുടരുമെന്നും അദ്ദേഹം പറഞ്ഞു (മൗദൂദി പ്രചാരണം ലീഗിനെ ബാധിക്കില്ല: പിഎംഎ സലാം, ദേശാഭിമാനി, ഒക്ടോബര്‍ 5).
8. പ്രതികരണത്തില്‍ മതം കാണുന്നുവെന്ന് ഷെയ്ന്‍ നിഗം
ഫലസ്തീനില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും എന്നാല്‍ പലരും തന്റെ മതമാണ് അതില്‍ കണ്ടതെന്നും നടന്‍ ഷെയ്ന്‍ നിഗം ദി ക്യൂ സ്റ്റുഡിയോ അഭിമുഖത്തില്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ സോഷ്യൽ ഡിയയെ പലരും ടൂള്‍ ആയി ഉപയോഗിക്കുകയാണെന്നും മനുഷ്യര്‍ക്ക് മാത്രമാണ് ഇത്തരം തെറ്റായ രീതികളുള്ളതെന്നും അദ്ദേഹം പറഞ്ഞു (കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടാണ് പലസ്തീന്‍ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചത്. ഇന്നും ആ യുദ്ധം അവസാനിച്ചിട്ടില്ല. അവിടെയും എന്റെ മതമാണ് ആളുകള്‍ നോക്കുന്നത്; ഷെയ്ന്‍ നിഗം, ഒക്ടോബര്‍ 3, ദി ക്യൂ സ്റ്റുഡിയോ).


വിദ്വേഷം പോസ്റ്ററുകള്‍ക്കെതിരെ
ഷെയ്ന്‍ നിഗം സിനിമകളുടെ പോസ്റ്ററുകള്‍ കേരളത്തില്‍ വ്യാപകമായി കീറുന്നതായി അദ്ദേഹം അഭിനയിച്ച സിനിമ ബാല്‍ട്ടിയുടെ നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഇതേ ദിവസം ഫേസ്ബുക്കില്‍ കുറിച്ചു. കടുത്ത അസഹിഷ്ണുതയാണ് പ്രശ്‌നം. ഒരു പാര്‍ട്ടിക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡിയില്‍ പലരും പറഞ്ഞത് ഷെയ്ന്‍ നിഗത്തിന്റെ നിലപാടാണ് അദ്ദേഹത്തിന് വിനയായതെന്നാണ് (ഒക്ടോബര്‍ 3, ഫേസ്ബുക്ക്/ സന്തോഷ് ടി കുരുവിള; ‘എന്തിനാണ് ഷെയ്ന്‍ നിഗത്തിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നത്, ഇത് കടുത്ത അസഹിഷ്ണുതയാണ്’; നിര്‍മാതാവ് സന്തോഷ് ടി കുരുവിള, ന്യൂസ് മലയാളം, ഒക്ടോബര്‍ 3).
9. ഡ്രോണ്‍ അയയ്ക്കാന്‍ ഇന്ത്യന്‍ തുറമുഖം
ചെന്നൈയില്‍ നിന്ന് സ്ഫോടക വസ്തുക്കളും റോക്കറ്റുകളും കപ്പലില്‍ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നതായി രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. മഹാത്മാഗാന്ധി രാഷ്ട്രപിതാവായ ഇന്ത്യയില്‍ നിന്ന് നിരപരാധികളായ കുഞ്ഞുങ്ങളെക്കൊല്ലാന്‍ ആയുധം കൊണ്ടുപോകുന്നു എന്നതിനേക്കാള്‍ അപമാനകരമായ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ചെന്നൈയില്‍ നിന്ന് സ്ഫോടക വസ്തുക്കളും റോക്കറ്റുകളും കപ്പലില്‍ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നു, ഒക്ടോബര്‍3. ദി ക്യൂ).
10. സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ വെളിപ്പെടുത്തല്‍
പി.വി അന്‍വര്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഉണ്ടായ മരംമുറി വിവാദത്തില്‍ പരാതി കൊടുത്തിരുന്നത് എന്‍ ശ്രീജിത്ത് എന്ന എസ്‌ഐ ആണ്. അദ്ദേഹത്തെ 2023 ഡിസംബറില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പറഞ്ഞ കാരണം. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഔദ്യോഗിക രേഖകള്‍ നല്‍കിയെന്നും ആരോപിച്ചിരുന്നു. സസ്‌പെന്‍ഷനിലായ എസ്‌ഐയുമായി ഡിഎഎന്‍എ ന്യൂസ് മലയാളം ഒരു അഭിമുഖം പുറത്തുവിട്ടു. പൊലീസ് ഒരു ക്രിമിനല്‍ സംഘമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്: സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഔദ്യോഗിക രേഖകള്‍ നല്‍കിയെന്ന് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡറിലോ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ കുറ്റാരോപണ മെമ്മോയിലോ ഇക്കാര്യമുണ്ടായികരുന്നില്ല. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിര്‍ ജഫ്രി കേസില്‍ വാര്‍ത്തകള്‍ യൂത്ത് ലീഗിന്റെ ഒരു നേതാവിന്റെ ഫോണിലേക്കയച്ചുകൊടുത്തിരുന്നു. എസ്പി സുജിത് ദാസിനെതിരായ ആരോപണമാണ് ഫോണിലേക്ക് അയച്ചത്. ഇതായിരുന്നു സസ്‌പെന്‍ഷന്റെ അടിസ്ഥാന കാരണം. അത് പത്രങ്ങളിലൂടെ പുറത്തെത്തിയാല്‍ പൊലീസിനെതിരാവുമെന്ന് കരുതുന്നതുകൊണ്ടാണത്രെ നേതാവിനെ സ്വര്‍ണക്കടത്തുകാരനായും പൊലീസുകാരനെ സ്വര്‍ണക്കടത്തുകാരനുമായി ബന്ധമുള്ള ഉദ്യോഗസ്ഥനുമായും ചിത്രീകരിച്ചതത്രെ. ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചുകൊല്ലുന്നതിന് പൊലീസിന് അധികാരമില്ലെന്ന് അദ്ദേഹം പറയുന്നു. സസ്‌പെന്‍ഡ് ചെയ്തത് അതിന്റെ പേരിലാണ്. ആ സമയത്ത് പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലാണ് ശ്രീജിത്ത് ജോലി ചെയ്തിരുന്നത്. ഇങ്ങനെ തെറ്റായ മര്‍ഗത്തിലൂടെ കിട്ടുന്ന ശമ്പളം കൊണ്ട് മക്കള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാന്‍ വയ്യെന്നാണ് അദ്ദേഹം പറയുന്നത് (ഈ ശമ്പളം കൊണ്ട് എന്റെ മക്കള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാന്‍ വയ്യ, ഒക്ടോബര്‍ 3, ഡിഎന്‍എ മലയാളം ന്യൂസ്).
11. ഇസ്ലാമിസ്റ്റുകളുടെ കലാപശ്രമം കേരളത്തിലും
ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുടെ പേരില്‍ യുപിയിലും മറ്റിതര വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്ന മുസ്ലീം വിരുദ്ധ ആക്രമണങ്ങളെയും നടപടികളെയും കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തവന്ന സമയത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഇതൊരു ക്യാമ്പയിനായി വികസിപ്പിച്ചു. അതിന്റെ ഭാഗമായി പോസ്റ്ററുകളും ഫ്ലക്സുകളും പ്രദര്‍ശിപ്പിച്ചു. ഇതേ കുറിച്ച് ജനം ടിവി വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരന്നു: ഇസ്ലാമിസ്റ്റുകളുടെ കലാപശ്രമം കേരളത്തിലും: പത്തനംതിട്ട കുലശേഖരപതിയില്‍ ഐ ലവ് മുഹമ്മദ് ഫ്ലക്സുകള്‍.
പത്തനംതിട്ട കുലശേഖരപതിയിലെ ഫ്ലക്സിനെക്കുറിച്ചാണ് വാര്‍ത്ത. യുപിയില്‍ ഉണ്ടായത് കലാപശ്രമമാണെന്നും സമാനമായ ശ്രമമാണ് പത്തനംതിട്ടയിലേതുമെന്നും വാര്‍ത്തയില്‍ പറയുന്നു. അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് (ഇസ്ലാമിസ്റ്റുകളുടെ കലാപശ്രമം കേരളത്തിലും: പത്തനംതിട്ട കുലശേഖരപതിയില്‍ ഐ ലവ് മുഹമ്മദ് ഫ്‌ലക്സുകള്‍, ഒക്ടോബര്‍ 3, ജനം ടിവി).


പ്രവാചക സ്‌നേഹമോ പ്രകോപനമോ
ഐ ലവ് മുഹമ്മദ് പോസ്റ്ററുകളെക്കുറിച്ച് ജന്മഭൂമി എഡിറ്റോറിയല്‍ എഴുതി. സംഭവം ആസൂത്രിതമായിരുന്നെന്നും ഗോദ്രയില്‍ പ്രതിഷേധം നടന്നത് അതിന്റെ സൂചനയാണെന്നും മതമൗലികവാദികള്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയാണെന്നുമായിരുന്നു മറ്റ് ആരോപണങ്ങള്‍: ‘ഐ ലൗ മുഹമ്മദ്’ പോസ്റ്റര്‍ സ്ഥാപിച്ചതിനല്ല, പ്രതികള്‍ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ തങ്ങളുടെ പ്രവാചകനെ അപമാനിച്ചു എന്ന രീതിയിലാണ് രാജ്യത്തുടനീളം പ്രചാരണം നടന്നത്. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ഗുജറാത്തിലെ ഗോദ്രയില്‍ ചിലര്‍ അക്രമങ്ങള്‍ നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഗുജറാത്തിലെ ഗോദ്രയിലേക്ക് ഒരുപാട് ദൂരമുണ്ട്. എന്നിട്ടും അവിടെ അക്രമങ്ങള്‍ നടന്നത് ഇതിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാക്കുന്നുണ്ട്. പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇസ്ലാമിക മതമൗലികവാദികള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. തങ്ങളുടെ മതം ഇതിനൊക്കെ അനുവാദം നല്‍കുന്നുണ്ടെന്ന മട്ടിലായിരുന്നു ഇക്കൂട്ടര്‍ പ്രകോപനപരമായി പെരുമാറിയിരുന്നത്. മുസ്ലീം വോട്ടുബാങ്കിനെ ഭയന്ന് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. ഭീകരവാദികള്‍ പോലും ഇതുവഴി രക്ഷപ്പെട്ടുപോയ സംഭവമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വന്നു (പ്രവാചക സ്‌നേഹമോ പ്രകോപനമോ?, ഒക്ടോബര്‍ 6, ജന്മഭൂമി).
12. അയ്യപ്പസംഗമവും ബാബറും
ജി.കെ സുരേഷ് ബാബു കേസരി വാരികയുടെ ഒക്ടോബര്‍ മൂന്നാം ലക്കത്തില്‍ നേര്‍പക്ഷം എന്ന കോളത്തില്‍ അയ്യപ്പ സംഗമത്തിന്റെ അനന്തരഫലങ്ങള്‍ എന്ന ലേഖനമെഴുതി. അയ്യപ്പ സംഗമത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനമാണെങ്കിലും അതില്‍ ബാബറെക്കുറിച്ച് പരാമര്‍ശമുണ്ട്: ശബരിമലയില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള വാവരുസ്വാമിനട ചരിത്രപരമായി ശരിയല്ല. വാവര്‍ അഥവാ ബാബര്‍ ഇസ്ലാമിക ആക്രമണകാരിയായിരുന്നു. അയാള്‍ക്ക് അയ്യപ്പനുമായി ബന്ധമില്ല. അയ്യപ്പന് ബന്ധമുള്ളത് വാപുരസ്വാമിയാണ്.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന സമാന്തര അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ച ശക്തി ശാന്താനന്ദ മഹര്‍ഷിക്കെതിരേ കേസെടുക്കാന്‍ കാരണമായ പ്രസംഗം ലേഖകനും എടുത്തെഴുതിയിരിക്കുന്നു. ഇസ്ലാമിക പാരമ്പര്യത്തില്‍ ഒരിടത്തും വാവര്‍ സ്വാമിയില്ല. വാവരെ ആരാധിക്കുന്നില്ല. അങ്ങനെ ഒരു ആരാധനാമൂര്‍ത്തിയില്ല. ഉണ്ടാരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നുവെന്നും ലേഖനം അവകാശപ്പെട്ടു (അയ്യപ്പ സംഗമത്തിന്റെ അനന്തരഫലങ്ങള്‍, ജി കെ സുരേഷ് ബാബു, ഒക്ടോബര്‍ 3, കേസരി വാരിക).
13. ലിംഗനീതി നിഷേധിക്കുന്ന ഇസ്ലാം
ഖുര്‍ആനില്‍ ലിംഗ സമത്വത്തിന് സ്ഥാനമില്ലെന്ന വിമര്‍ശനവുമായി കേസരി ആഴ്ചപ്പതിപ്പ്. മുസ്ലീം സ്ത്രീകളും ഭരണഘടനയിലെ ലിംഗസമത്വവും എന്ന തുടര്‍ലേഖനത്തിന്റെ രണ്ടാം ഭാഗത്താണ് ലിംഗ സമത്വം നിഷേധിക്കുന്ന ഇസ്ലാം എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനത്തിലെ പ്രധാന യുക്തികള്‍ താഴെ പറയുന്നു: സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, ബഹുസ്വരത, സ്വതന്ത്രചിന്ത, ലിംഗസമത്വം, ന്യൂനപക്ഷ പരിരക്ഷ, മനുഷ്യാവകാശങ്ങള്‍ എന്നിങ്ങനെ ഇന്ത്യയിലും ഇന്ത്യന്‍ ഭരണഘടനയിലും കൊട്ടിഘോഷിക്കുന്ന ഒരു സംഗതിയ്ക്കും ഖുര്‍ആനില്‍ സ്ഥാനമില്ല. ഉള്ളത് അള്ളാഹുവിന്റെ അടിമയായ മനുഷ്യർ മാത്രം. ലിംഗ സമത്വത്തിന്റെ കാര്യത്തിലൊഴിച്ച് എന്തും പറയുന്നത് ഈ മതവിശ്വാസികളാണ്. ലിംഗ സമത്വത്തിന് ഇസ്ലാം പൂര്‍ണമായും എതിരാണെന്നും ലേഖനം പറയുന്നു (ലിംഗ സമത്വം നിഷേധിക്കുന്ന ഇസ്ലാം, സന്തോഷ് ബോബന്‍, ഒക്ടോബര്‍ 3, കേസരി വാരിക).
14. ആര്‍എസ്എസ്സിനെ പുകഴ്ത്തി കേരളകൗമുദി
നൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ആര്‍എസ്എസ്സിനെക്കുറിച്ച് കേരള കൗമുദിയ ഒരു എഡിറ്റോറിയല്‍ എഴുതി. ആര്‍എസ്എസ്സ് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുത്തുവെന്ന് പുകഴ്ത്തുന്ന എഡിറ്റോറിയല്‍ ആര്‍എസ്എസ്സ് മുന്നോട്ടുവയ്ക്കുന്ന വംശീയ രാഷ്ട്രീയത്തെ പരാമര്‍ശിച്ചില്ല: കാലക്രമത്തില്‍ ക്ഷീണം സംഭവിച്ച ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം വീണ്ടെടുത്ത് രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ദൗത്യത്തിനായി സ്വയം സമര്‍പ്പിച്ച, അധികാരത്തില്‍ നിന്നും ആഢംബരങ്ങളില്‍ നിന്നും അകന്നുനിന്ന ആയിരക്കണക്കിന് അംഗങ്ങളുടെ അച്ചടക്കപൂര്‍ണവും ആദര്‍ശപൂര്‍ണവുമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനമാണ് ഈ സംഘടനയെ നൂറുവര്‍ഷം മുമ്പുള്ള ഒരു വിത്തില്‍ നിന്ന് ഇന്ന് ഭാരതമെമ്പാടും പടര്‍ന്നു നില്‍ക്കുന്ന വലിയ ആല്‍മരമായി വളര്‍ത്തിയത്. സാമൂഹ്യ പരിവര്‍ത്തനത്തിനൊപ്പം ഹിന്ദുക്കളുടെ ഉന്നമനത്തിനാണ് ആര്‍എസ്എസ് പരമമായ പ്രാധാന്യം നല്‍കുന്നത്. ഭാരതത്തിന്റെ ആത്മീയ, ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് ജനാധിപത്യത്തിലെ മറ്റ് രാഷ്ട്രീയ കക്ഷികളെപ്പോലെയുള്ള ഒരു സംഘടനയ്ക്ക് കഴിയില്ലെന്നും, സൈനിക ചിട്ടകളോടെ അച്ചടക്കപൂര്‍ണവും അധികാരത്തില്‍ നിന്ന് അകലം പാലിച്ചും പ്രവര്‍ത്തിക്കുന്ന സ്വയം സേവകര്‍ക്ക് മാത്രമേ നിര്‍ണായക ഘട്ടങ്ങളില്‍ മാതൃരാജ്യത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഴിയൂ എന്നുമുള്ള വിശ്വാസപ്രമാണത്തിന്റെ വെളിച്ചത്തിലാണ് ആര്‍എസ്എസ് ഇത്രകാലവും പ്രവര്‍ത്തിച്ചുവരുന്നത്.


ഏതൊരു സംഘടനയ്ക്കും, പിന്നിട്ട വഴികളില്‍ വീഴ്ചകളും നേട്ടങ്ങളും ഉണ്ടാകാതെ തരമില്ലെന്നു പറഞ്ഞ് ഗാന്ധി വധത്തെയും ബാബരി മസ്ജിദ് ധ്വംസനത്തെയും എഡിറ്റോറിയല്‍ നിസ്സാരവല്‍ക്കരിച്ചു: ഗാന്ധി വധം ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ക്ക് ആര്‍എസ്എസ് പാത്രീഭൂതമായിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു തവണയും സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി വധിക്കപ്പെട്ട അവസരത്തിലും അടിയന്തരാവസ്ഥയിലും ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ആര്‍എസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ട് (ആര്‍എസ്എസ്സിന്റെ നൂറ് വര്‍ഷങ്ങള്‍, ഒക്ടോബര്‍ 4, കേരളകൗമുദി).
15. വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ല
യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞതിന് വെള്ളാപ്പള്ളിയെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപള്ളി. ലീഗാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുറ്റപ്പെടുത്തി. കോവളം, ചെമ്പഴന്തി, യൂണിയനുകള്‍ സംയുക്തമായി നടത്തിയ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: കുഞ്ഞാലികുട്ടി അതിരുവിടരുത്, കുത്തിപൊക്കിയാല്‍ വീണ്ടും ചില സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടേണ്ടി വരും. വെള്ളാപ്പള്ളിയെയൂം സംഘടനയെയും ഒളിഞ്ഞു നിന്ന് ആക്രമിക്കുന്നത് ഭീരുത്വമാണ്. ഒരു മതപാര്‍ട്ടിയുടെ ലീഡര്‍ എന്ന നിലയില്‍ നേരിട്ട് വന്ന് വിമര്‍ശിക്കൂ. അര്‍ഹിക്കുന്ന മറുപടി നാല്‍കാം. ഒരു ജില്ലയിലുള്ള സംഘടനയല്ല എസ്എന്‍ഡിപി. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് കൊട്ടാരം കെട്ടുന്നവരുമല്ല-അദ്ദേഹം പറഞ്ഞു (വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ല: അഡ്വക്കേറ്റ് സിനില്‍ മുണ്ടപ്പളളി, മെട്രോ വാര്‍ത്ത, ഒക്ടോബര്‍ 4).
16. ഇസ്ലാമിക് നാഷണലിസവും പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും
ജമാത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ടിനെ വിമര്‍ശിച്ചപ്പോള്‍, അവര്‍ക്ക് മതരാഷ്ട്ര വാദമൊന്നും ഇപ്പോഴില്ലെന്നായിരുന്നു വി.ഡി സതീശന്‍ പറഞ്ഞതെന്നും എന്നാല്‍ അത് ശരിയല്ലെന്നാണ് സോളിഡാരിറ്റിയുടെ മലപ്പുറം പരിപാടി തെളിയിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍: അവരുടെ വ്യാജപ്രചാരണം തുറന്നുകാട്ടുന്നതാണ് മലപ്പുറത്തെ പരിപാടി. മതരാഷ്ട്രവാദിയായ മൗദൂദിയുടെയും ഖാദറാവിയുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്ലാമിക ദേശീയവാദത്തില്‍ അധിഷ്ഠിതമാണ് ഈ പ്രത്യയശാസ്ത്രം. ആര്‍എസ്എസ്‌സും ജമാത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇവര്‍ക്കെതിരേ പ്രചാരണം നടത്തണം (ജമാഅത്തെ ഡ്രൈവ് ഓണ്‍ മൗദൂദി പ്രൂഫ് സതീശന്‍ വാസ് റോങ്. സിപിഐഎം, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 4).
സംഘപരിവാറിന്റെ മതരാഷ്ട്ര വാദത്തെ പരാജയപ്പെടുത്തണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക രാഷ്ട്രവാദത്തെയും നേരിടണമെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. അധികാര താല്‍പര്യം മാത്രമുള്ള യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ തുറന്ന സഖ്യം മതനിരപേക്ഷതയ്ക്ക് അപകടമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവയ്ക്കെല്ലാം രണ്ടും എതിരാണ്. ഈ സംഘടനകള്‍ ആശയ വിനിമയം നടത്തിയതും ഈ പൊതുസമീപനത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഹിന്ദുത്വ സര്‍ക്കാര്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയാളാണ് മൗദൂദി. ഇത്തരം സംഘടനകളെ പിണ്ടാക്കുന്നതും മതനിരപേക്ഷതയെ തകര്‍ക്കും (യുഡിഎഫ് ജമാത്തെ സഖ്യം അപകടകരം: സിപിഐ എം, ദേശാഭിമാനി: ഒക്ടോബര്‍ 4).
17. ഫലസ്തീന്‍ മൈം
കാസര്‍കോട് കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമായി തയ്യാറാക്കിയ മൈം അവതരണത്തിനിടയില്‍ നിര്‍ത്തിവപ്പിച്ചു. ഒക്ടോബര്‍ മൂന്നാം തിയ്യതി വൈകീട്ടാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മൈം നിര്‍ത്തിവയ്ക്കാന്‍ ചില ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ആവശ്യപ്പെട്ടത്. അവര്‍ നിര്‍ബന്ധപൂര്‍വം കര്‍ട്ടന്‍ താഴ്ത്തുകയും ചെയ്തു. മത്സരാര്‍ത്ഥികള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഗസ പ്രമേയമായ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നും പഹൽഗാം പോലുള്ള ഇന്ത്യന്‍ വിഷയങ്ങള്‍ ആകാമെന്നും ചില അധ്യാപകർ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ.
ഈ വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രശ്‌നത്തില്‍ ഇടപെട്ടു. അധ്യാപകരുടെ നടപടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം (സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടയാന്‍ ആര്‍ക്കാണ് അധികാരം? -വി. ശിവന്‍കുട്ടി, മാധ്യമം ഒക്ടോബര്‍ 4).
മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു. പൂര്‍ണമായും കലോത്സവ നിബന്ധനകള്‍ പാലിച്ചായിരുന്നു മൂകാഭിനയം. വെള്ളിയാഴ്ച മൈം തടസ്സപ്പെടുത്തിയ അധ്യാപകര്‍ ഈ ദിവസം സ്കൂളില്‍ എത്തിയില്ല.
അതേസമയം ഡിഡിഇ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ട് അധ്യാപകര്‍ക്ക് അനുകൂലമായിരുന്നു. വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോര്‍ട്ട്. സംഘപരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവരായിരുന്നു ആരോപണ വിധേയര്‍. മൈംമിനെതിരേ യുവമോര്‍ച്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു (അധ്യാപകന്‍ തടഞ്ഞ അതേ വേദിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍, ഒക്ടോബര്‍ 6, മീഡിയാവണ്‍).
മതരാഷ്രീയമരുതെന്ന് കാസ
പ്രശ്‌നത്തില്‍ കുട്ടികള്‍ക്ക് അനുകൂലമായി ഇടപെട്ട വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കെതിരേ കാസ നേരിട്ട് രംഗത്തിറങ്ങി. സ്‌കൂളുകളില്‍ മതരാഷ്ടരീയം കൊണ്ടുവരരുതെന്നും പിണറായി വിജയന്റേത് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണെന്നും കാസ ആരോപിച്ചു (സ്‌കൂളുകളില്‍ രാഷ്ട്രീയം കൊണ്ടുവരരുത്, ഹമാസ് അനുകൂല മൈംമിനെ പിന്തുണച്ച മന്ത്രിക്ക് രൂക്ഷവിമര്‍ശനവുമായി കാസ, ഒക്ടോബര്‍ 5, ജനംടിവി).
ന്യായീകരിച്ച് അധ്യാപക സംഘടന
കലോത്സവ മാനുവല്‍ ലംഘിച്ചതിനാലാണ് മൂകാഭിനയം തടഞ്ഞതെന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അധ്യാപകരെ ന്യായീകരിച്ചു: പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പെരുമാറ്റം കുട്ടികളില്‍നിന്നുണ്ടായി. അനുമതിയുള്ളതില്‍ കൂടുതല്‍ പേര്‍ വേദിയിലെത്തി. ഉപകരണങ്ങള്‍ ഉപയോഗിച്ചു. സദസില്‍ നിന്ന് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കൂടുതല്‍പ്പേര്‍ സ്റ്റേജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ചേരിതിരിഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങി- ന്യായങ്ങള്‍ ഇങ്ങനെ പോകുന്നു (മൂകാഭിനയം തടഞ്ഞത് മാനുവല്‍ ലംഘിച്ചതിനാല്‍: എച്ച്.എസ്.എസ്.ടി.എ, കേരള കൗമുദി, ഒക്ടോബര്‍ 6)
ഹമാസ് അനുകൂലികള്‍ അധ്യാപകരിലും
കുമ്പള സ്‌കൂള്‍ കലോത്സവ ത്തില്‍ ഹമാസ് അനുകൂല പ്രമേയം കുട്ടികളുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിച്ചത് ആരാണെന്ന് കൂടി വിദ്യാഭ്യാസ മന്ത്രി അന്വേഷി ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ സര്‍ഗവാസന പരിപോഷിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം. തീവ്രവാദ സംഘടനയെന്ന് ലോകം കുറ്റപ്പെടുത്തുന്ന ഭീകര സംഘടനയായ ഹമാസിന് അനുകൂലമായ പ്രമേയം ദേശീയ താല്‍പ്പര്യമല്ല. ഹമാസ് അനുകൂലികള്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. അവരാണ് കുട്ടികള്‍ക്ക് ഹമാസ് അനുകൂല വിഷയം കുത്തിവച്ചത്. അതു കുട്ടികളെ വര്‍ഗീയമായി വേര്‍തിരിക്കാനാണ്. രാജ്യത്തിന്റെ വിദേശനയത്തിനെതിരായ നിലപാടിനെ ചോദ്യം ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ലെന്നും അവര്‍ പറഞ്ഞു (ഹമാസ് അനുകൂലമായ പ്രമേയം : ശക്തമായ നടപടി വേണം: ശോഭ സുരേന്ദ്രന്‍, ജന്മഭൂമി, ഒക്ടോബര്‍ 6).
18. മതംനോക്കി സ്വര്‍ഗത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍
ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിനുവേണ്ടി കാത്തിരിക്കുന്നവരാണ് മുസ്ലീം ലീഗുകാരെന്ന് സിപിഎം നേതാവ് ഡോ. പി സരിന്‍. സിപിഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം:
ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം. കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക് മാത്രം ഫണ്ട് അനുവദിക്കുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി. ഈ നാടിനെ 21 വാര്‍ഡുകളായി മാറ്റിയപ്പോള്‍ അവിടെപ്പോലും മതം കുത്തിക്കയറ്റിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. ഇത് നമ്മള്‍ തിരിച്ചറിയണം. ലീഗിന് വോട്ട് കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ജനങ്ങളുടെ മുന്നില്‍ ഉത്തരമുണ്ടായിരിക്കണം. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്ന വോട്ടിന് തുല്യമായി മാറുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. പത്തിരുപത് കൊല്ലം മുന്‍പ് ബിജെപിക്കാരനെന്ന് പറയാന്‍ മടിയുള്ളവരാണ് ഉണ്ടായിരുന്നത്. ആ മടി മാറിക്കൊണ്ട്, നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്ന് പറഞ്ഞ് മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ടുവന്ന്, മുസ്ലീം ലീഗ് സമം മുസ്ലീമെന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ഹിന്ദു സമം ബിജെപി എന്നാക്കിക്കളയാമെന്ന് പറഞ്ഞ് അവരും അവരുടെ വഴിക്ക് വളരാന്‍ ലീഗ് വളമിട്ടുകൊടുക്കുകയാണ്. വഴിവെട്ടിക്കൊടുക്കുകയാണ്. ആ രാഷ്ട്രീയത്തെയാണ് തോല്‍പ്പിക്കേണ്ടത്. മതം പറഞ്ഞല്ല, ജാതി പറഞ്ഞല്ല നേരും നെറിയും നോക്കി ആളുകളെ തിരഞ്ഞെടുക്കാന്‍, നിലപാട് നോക്കി വോട്ട് ചെയ്യാന്‍ നമുക്ക് കഴിയണം സരിന്‍ പറഞ്ഞു (ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗ്ഗം കാതിരിക്കുന്നവരാണവര്‍: പി.സരിന്‍, ഒക്ടോബര്‍ 5, മീഡിയ വണ്‍).
മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശത്ത് കിടക്കുന്നതുകൊണ്ട് പാലക്കാടിന്റെ സെക്കുലര്‍ മുഖം പോലും തച്ചുടയക്കുകയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തല്‍ പറഞ്ഞു (‘ജനിച്ചമതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാര്‍’; മുസ്ലിം ലീഗിനെ വര്‍ഗീയമായി ചിത്രീകരിച്ച് പി.സരിന്‍, ഒക്ടോബര്‍ 5, മീഡിയ വണ്‍).
ആപല്‍ക്കരമായ അജ്ഞത
സരിന്റേത് ആപല്‍ക്കരമായ അജ്ഞതയാണെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രേംകുമാര്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ആപത്കരമായ അജ്ഞതയാണ് സരിന്റെ പരാമര്‍ശത്തിലുള്ളത്. വിമര്‍ശനമാകാം എന്നാല്‍ അത് സംഘപരിവാറിന്റെ അക്രമോല്‍സുക-സവര്‍ണ-സാംസ്‌കാരിക-ദേശീയതയെ നോര്‍മലൈസ് ചെയ്യുന്നതാവരുതെന്ന് അദ്ദേഹം കുറിച്ചു (ആപല്‍ക്കരമായ അജ്ഞത: സരിന്റെ പരാമര്‍ശത്തില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രേംകുമാര്‍, ഒക്ടോബര്‍ 6, ഡൂള്‍ ന്യൂസ്).
സരിനെ പിന്തുണച്ച് എ.കെ ബാലന്‍
സരിന്റെ പ്രയോഗത്തെ എ.കെ ബാലന്‍ പിന്തുണച്ചു. സമകാലിക രാഷ്ട്രീയസാഹചര്യമാണ് സരിന്‍ പറഞ്ഞത്. മുസ്ലീം ലീഗ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ക്കൊപ്പമാണ്. മലപ്പുറത്തെപ്പറ്റി പറഞ്ഞത് കേട്ടിട്ടില്ല. മുസ്ലീം ലീഗ് നേതാവ് കൊടും വര്‍ഗീയവാദിയാണെന്നും അദ്ദേഹം പറഞ്ഞു (മഹ്ഷറയില്‍ കാണാം. സരിന്റെ വര്‍ഗീയ ആരോപണത്തെ പിന്തുണച്ച് എ.കെ ബാലന്‍, ഒക്ടോബര്‍ 9, സുപ്രഭാതം)
19. ഇസ്ലാമോഫോബിയയ്ക്ക് കാരണം മുസ്ലീങ്ങൾ
‘മോദി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യം ആയിപ്പോയേനെ’ എന്ന ആശയം വരുന്ന ഒരു കുറിപ്പ് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയിരുന്നു (നരേന്ദ്രമോദി സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറിയേനെ – ടി.പി സെന്‍കുമാര്‍, സെപ്തംബര്‍ 25, കര്‍മ ന്യൂസ്)
ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ സുദേഷ് എം രഘു പീപ്പിള്‍സ്‌കോപ് ചാനലില്‍ ഒരു വീഡിയോ ചെയ്തു (മോദി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇസ്ലാമിക രാജ്യമായേനെ, ഒക്ടോബര്‍ 1, പീപ്പില്‍ സ്‌കോപ്പ്).
ഇതേക്കുറിച്ച് വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ എന്ന ശീര്‍ഷകത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായ ജോസ് സെബാസ്റ്റ്യന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഒരു കുറിപ്പ് എഴുതി (വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ: പരിഹാരമെന്ത്?, ജോസ് സെബാസ്റ്റ്യന്‍, ഫേസ്ബുക് പോസ്റ്റ് ഒക്ടോബര് 5).
ഇസ്‌ലാമോഫോബിയക്കെതിരേ സംസാരിക്കുന്ന സുദേഷിന് എന്തുകൊണ്ട് ഇസ്‌ലാമോഫോബിയയ വളരുന്നു? എന്തുകൊണ്ട് ‘ക്രിസ്ത്യാനോഫോബിയ’ വളരുന്നില്ല? എന്ന് മനസ്സിലാക്കാന്‍ കഴിയുഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സെന്‍കുമാറിന്റെ വിഷയത്തില്‍ ബുദ്ധിജീവികള്‍ പ്രതികരിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇസ്‌ലാമോഫോബിയ വളരുന്നതും ക്രിസ്ത്യാനോഫോബിയ വളരാത്തതും ഈ രണ്ട് സമുദായങ്ങളുടെയും കയ്യിലിരിപ്പില്‍ ഉള്ള വ്യത്യാസംകൊണ്ടാണെന്ന് അദ്ദേഹം കരുതുന്നു:
ഇസ്ലാമില്‍നിന്ന് വ്യത്യസ്തമായി ക്രിസ്തുമതത്തിന് ഒരു ആഗോള സ്വീകാര്യതയുണ്ട്. എന്തിനെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനുള്ള കഴിവാണ് സ്വീകാര്യതയ്ക്ക് പിന്നില്‍. സ്ത്രീകളോടുള്ള സമീപനത്തില്‍ ക്രിസ്തു മതവും ഇസ്ലാമും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും സ്ത്രീകള്‍ക്ക് വീടും പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലും തന്നെ ആണ് വിധിച്ചിട്ടുള്ളത്. എങ്കിലും ക്രൈസ്തവത പലതിനും ഇടം നല്‍കുന്നു. എന്നാല്‍ ഇസ്ലാം മതത്തിന് ഈ മെയ് വഴക്കമില്ല. അത് ഇന്നും സ്വവര്‍ഗഭോഗികളെ തൂക്കിക്കൊല്ലുന്നു. സ്ത്രീകള്‍ പര്‍ദ്ദ ഇടണം. താലിബാന്‍ മോഡല്‍ ആയാല്‍ അത്രയും നല്ലത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ മുഖ്യധാരയില്‍ വരാത്തതിന് ഒരു കാരണം പർദ്ദയും ഷാ ബാനു കേസും ബാബരി മസ്ജിദും ഒക്കെയാണ്. സിവില്‍കോമ്മണ്‍ കോഡ് ആധുനികത ആണ്. ഇന്ത്യയിലെ മിഡില്‍ ക്ലാസ്സിന്റെ പിന്തുണ മുസ്ലിങ്ങള്‍ക്കില്ല. ക്രിസ്ത്യാനികള്‍ക്കുണ്ട്.
രാജ്യത്തെ കാലാവസ്ഥ മനസ്സിലാക്കി ക്രിസ്ത്യാനികള്‍ ഇന്ന് പ്രകടനപരത ഒഴിവാക്കിവരുന്നു. കേരളത്തില്‍ ഒരുപാട് ഹിന്ദുക്കള്‍ ഇങ്ങനെ ക്രിസ്ത്യന്‍ ആകുന്നുണ്ട്. മുസ്ലീം ആകുന്നില്ല. കേരളത്തില്‍ ഇസ്‌ലാമോഫോബിയ ശക്തമായത് ബാബരി മസ്ജിദിന് ശേഷമാണ്. ക്രിസ്ത്യാനകളുമായി പ്രശ്‌നം ആയത് കൈവെട്ടിന് ശേഷമാണ്. കേരളത്തില്‍ പര്‍ദ്ദ വേണ്ടെന്നു വെച്ചാല്‍ മാത്രംമതി ഇസ്ലാമോബോബിയ പകുതി കുറയും. ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്ന് കേരളത്തിലെ മുസ്ലീങ്ങള്‍ മനസ്സിലാക്കണം. ഇസ്‌ലാമോഫോബിയ മുസ്ലീങ്ങളുടെ പ്രശ്‌നമാണ്. അത് അവരാണ് പരിഹരിക്കേണ്ടത്.
20. വംശീയ പ്രചാരണവുമായി ബിജെപി നേതാവ്
ബിജെപി വാമനപുരം നിയോജകമണ്ഡലം നേതാവും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ചുമതലയുമുള്ള പനവൂര്‍ അജയപുരം സ്വദേശി ചിത്രരാജ് പ്രവാചകനെയും ഇസ്ലാമിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. ചിലര്‍ നെടുമങ്ങാട് ഡിവൈഎസ്പിക്ക് പരാതിയും നല്‍കി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ നെടുമങ്ങാട് പൊലീസ് തീരുമാനിച്ചു (പ്രവാചകനും ഇസ്ലാം മതവിശ്വാസികള്‍ക്കും എതിരെ അധിക്ഷേപ പോസ്റ്റ്; ബിജെപി പ്രാദേശിക നേതാവിനെതിരെ പരാതി, കൈരളി ന്യൂസ്, ഒക്ടോബര്‍ 5).
കേസെടുത്തതോടെ നേതാവ് ഒളിവില്‍പ്പോയി. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രരാജിന് ബിജെപിയുടെ ഔദ്യോഗിക ഭാരവാഹിത്വ പദവികളൊന്നുമുണ്ടായിരുന്നില്ലെന്ന് ബിജെപി വാമനാപുരം മണ്ഡലം നേതാക്കള്‍ പറയുന്നു (പ്രവാചകനെതിരെ അപവാദ പ്രചാരണം: ബി ജെ പി പ്രാദേശിക നേതാവ് ഒളിവില്‍, സിറാജ്, ഒക്ടോബര്‍ 6).
21. മതരാഷ്ട്രവാദികളുടെ രാഷ്ട്രീയ രൂപകം
വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫ് മുന്നണിയില്‍ എടുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ ആ പാര്‍ട്ടിയെ അവതരിപ്പിക്കുന്നത് മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപകമെന്നാണ്. സമാനമായ രീതിയിലാണ് വാര്‍ത്തയുടെ ഇതര ഭാഗത്തും വെല്‍ഫെയര്‍ പാര്‍ട്ടിയെ കൈകാര്യം ചെയ്യുന്നത്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കാനുള്ള നീക്കം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതുവരെയും നിഷേധിച്ചിട്ടില്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി എല്ലാ പ്രസ്ഥാനങ്ങളുമായും യോജിച്ച് പോകുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി. ജമാഅത്തെ ഉള്‍പ്പെടെ മുസ്ലീം മതമൗലികവാദ സംഘടനകളെ പരസ്യമായി കൂട്ടുപിടിച്ചാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ജമാഅത്തെ ഇസ്ലാമി വിഷയങ്ങള്‍ ഏറ്റുപിടിക്കുന്ന ലീഗ് ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ തീവ്ര മതനിലപാടുകള്‍ വളരാന്‍ അവസരം ഒരുക്കുന്നു. ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ തുറന്ന സഖ്യം മതനിരപേക്ഷതയ്ക്ക് അപകടമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവയ്ക്കെല്ലാം രണ്ടും എതിരാണ്. സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തെ പരാജയപ്പടുത്തണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക രാഷ്ട്രവാദത്തെയും നേരിടണം. ഇക്കാര്യം എം.വി ഗോവിന്ദനും അഭിപ്രായപ്പെട്ടിട്ടുണ്ട്(തെരഞ്ഞെടുപ്പിന് മുന്‍പേ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫിലെടുക്കും? ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്, ഒക്ടോബര്‍ 5, ദേശാഭിമാനി).
22. ഗാസയുടെ പേരുകള്‍
ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ചിന്ത രവി ഫൗണ്ടേഷനും ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമിതിയും ചേര്‍ന്ന് ഗാസയുടെ പേരുകള്‍ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട 18,000 കുട്ടികളുടെ പേരുകള്‍ വായിക്കുകയായിരുന്നു മുഖ്യപരിപാടി. കൊച്ചിയില്‍ 1500 പേരുകള്‍ വായിച്ചു. എന്‍.എസ് മാധവന്‍, ജസ്റ്റിസ് ഷംസുദ്ദീന്‍, നിഖില വിമല്‍, ബോണി തോമസ്, തുടങ്ങി നിരവധി 60ഓളം പേര്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയില്‍ പാലക്കാടും വയനാടും കോഴിക്കോടും പേരുവായന നടന്നു (തീരാനോവായി 1500 പേരുകള്‍, ഒക്ടോബര്‍ 5, മനോരമ).
23. തീവ്രമുസ്ലീം രാഷ്ട്രീയം
കോണ്‍ഗ്രസ് നേതാവായ രാജു പി നായര്‍ തന്റെ ഫേസ്ബുക്് പേജില്‍ ലീഗിനെതിരേയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. അതില്‍ 1990കളിലെ ബാബരി മസ്ജിദ് ധ്വംസനത്തിനെതിരേയുള്ള പ്രതികരങ്ങളെ തീവ്രവാദ ചിന്തയെന്നാണ് വിശേഷിപ്പിച്ചത്: മുസ്ലീം ലീഗിനെ ചാരി കൈവിട്ട് പോവുന്ന ഭൂരിപക്ഷ സമുദായ പിന്തുണ സംരക്ഷിക്കുന്നതിനുള്ള മുസ്ലീം വിരുദ്ധത കുത്തിനിറയ്ക്കുന്നതിനുള്ള പിണറായി വിജയന്റെ അജണ്ഡയുടെ ഭാഗം തന്നെയാണ് സംഘാക്കളുടെ ഓരോ പ്രസ്താവനകളും. മുസ്ലീം ലീഗ് കൃത്യമായ ഭരണഘടനയോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. 1990 കളില്‍ മുസ്ലീം സമൂഹം തീവ്രചിന്തകളിലേക്ക് അടുത്തപ്പോള്‍ കേരളത്തില്‍ ആ സമൂഹത്തെ രാഷ്ട്രീയമായി ധ്രുവീകരിച്ച പ്രസ്ഥാനത്തിന്റെ പേര് കൂടിയാണ് മുസ്ലീം ലീഗ്. ആ കാലഘട്ടത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടുകള്‍ക്ക് തീവ്രത പോരാ എന്ന് കുറ്റപ്പെടുത്തി രൂപീകരിച്ച ഐഎന്‍എല്ലിനെ ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ ഇന്ന് ഇസ്‌ലാമോഫോബിയ കത്തിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയമായി ആ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ പിണറായിക്ക് പൈലറ്റായി പോയ വെള്ളാപ്പള്ളി നടേശനെ ചേര്‍ത്ത് പിടിക്കുന്ന പിണറായിയുടെ ഹിന്ദുത്വ അജണ്ഡ തന്നെയാണ് ഈ പ്രസ്താവനയുടെയും പ്രേരണ. ഈ ആക്രമണം മുസ്ലീം ലീഗിനെതിരെയല്ല, മുസ്ലീമിന് എതിരെ തന്നെയാണ്. ഇസ്‌ലാമോഫോബിയ സംഘപരിവാറിന്റെ മാത്രമല്ല പിണറായിസ്റ്റുകളുടെയും അജണ്ടയാണ്! (ഒക്ടോബര്‍ 5, ഫേസ്ബുക്ക് / രാജു പി നായര്‍).
24. കട്ടക്കിലെ ദുര്‍ഗാപൂജയും ഇസ്ലാമിസ്റ്റുകളും
ഒക്ടോബര്‍ 6ാം തിയ്യതി ജനം ടിവിയുടെ വാര്‍ത്ത ദുര്‍ഗാപൂജ യാത്രക്കെതിരേ ഇസ്ലാമിസ്റ്റുകളുടെ ആക്രമണമെന്നായിരുന്നു: ഭക്തി ഗാനത്തിന്റെ ശബ്ദം ഉയര്‍ന്നെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചു വിട്ടത്. കല്ലേറില്‍ 25 ലധികം ഭക്തര്‍ക്ക് പരിക്കേറ്റു. അക്രമി സംഘം ഹൈന്ദവരുടെ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് അഗ്‌നിക്കിരയാക്കി. കട്ടക്ക് ഡിസിപി ഋഷികേശ് ഖിലാരിക്കും പരിക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ സോഫിയ ഫിര്‍ദൗസിന്റെ ഒത്താശയോടെയാണ് ആക്രമം നടന്നത് ഇതായിരുന്നു വാര്‍ത്ത (ദുര്‍ഗാ പൂജ ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; നിരവധി ഭക്തര്‍ക്ക് പരിക്ക്; ഹൈന്ദവരുടെ സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കി, ഒക്ടോബര്‍ 6, ജനം ഓണ്‍ലൈന്‍).
എന്നാല്‍ ഈ അക്രമം ബിജെപിയും ബജ്രംഗദളും ബോധപൂര്‍വം നിർമ്മിച്ചെടുത്തതാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. താരതമ്യേന ഹിന്ദു മുസ്ലീം സൗഹാര്‍ദം നിലനില്‍ക്കുന്ന ഒഡീഷയിലെ കട്ടക്കില്‍ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം വ്യാജമാണെന്നാണ് അവരുടെ വ്യാഖ്യാനം. സൗഹാര്‍ദം ഇല്ലാതാക്കനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പള്ളികള്‍ക്കു മുന്നിലൂടെ ദുര്‍ഗാപൂജ ഘോഷയാത്ര കടന്നുപോകുമ്പോള്‍ ജയ് ശ്രീറാം വിളിയോടെ ആക്രമണം നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു (മാനുഫേക്‌ചേര്‍ഡ് കമ്മ്യൂണല്‍ ക്ലാഷ് ഡ്യൂറിങ് ദര്‍ഗാ പൂജ ത്രട്ടന്‍സ് ഒഡിഷാസ് സെക്കുലര്‍ ലെഗസി, ഒക്ടോബര്‍ 8, ദി വയര്‍).
25. മന്ത്രിമാര്‍ കെട്ടിപ്പിടിക്കേണ്ട
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ അമൃതാനന്ദമയി മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷ വേളയില്‍ ആദരവുമായി സംസ്ഥാന സര്‍ക്കാരും പങ്കുകൊണ്ടു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാപസില്‍ നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ലോകമാകെ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്‌കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയതെന്ന് സജി ചെറിയാന്‍ പറഞ്ഞു (മാതാ അമൃതാനന്ദമയിക്ക് സര്‍ക്കാരിന്റെ ആദരം; മലയാള ഭാഷയും സംസ്‌കാരവും ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി സജി ചെറിയാന്‍, സെപ്തംബര്‍ 27, ന്യൂസ് 18, മലയാളം).
അതേ വേദിയില്‍ വച്ച് മന്ത്രി അമൃതാനന്ദമയിയുടെ നെറുകയില്‍ ചുംബിച്ചു. മാതാ അമൃതാനന്ദമയിയുടെ നെറുകയില്‍ താന്‍ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണം എന്ന സന്ദേശം നല്‍കാന്‍ ആണെന്നും അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നും മന്ത്രി പറഞ്ഞു. അമൃതാനന്ദമയി ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തതവരുത്തി (‘എന്റെ അമ്മ എനിക്ക് ചുംബനം തരുന്നതുപോലെയാണ് കണ്ടത്’; വിവാദങ്ങളില്‍ മറുപടിയുമായി സജി ചെറിയാന്‍, ഒക്ടോബര്‍ 27, മാതൃഭൂമി).
സുധാമണി
ഇതിനെതിരേ പല തരം പ്രതികരണങ്ങളുണ്ടായി. അതിലൊന്ന് പി ജയരാജന്‍ മകന്‍ ജയ്ന്‍ രാജിന്റെതായിരുന്നു. വല്യ ഡെക്കറേഷനൊന്നും വേണ്ട സുധാമണിയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് (മന്ത്രി സജി ചെറിയാന്‍ ആശ്ലേഷിച്ചതിന് പിന്നാലെ മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് പി ജയരാജന്റെ മകന്‍, സെപ്തംബര്‍ 27, ജനം ടിവി).
ആള്‍ദൈവങ്ങളെ കെട്ടിപ്പിടിക്കേണ്ട
മറ്റൊരാള്‍ ലീഗ് നേതാവ് കെ.എം ഷാജിയാണ്. അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സ്നേഹിച്ചോട്ടെ, കെട്ടിപ്പിടിച്ചോട്ടെ, ഉമ്മ വെച്ചോട്ടെ. പക്ഷേ, അതൊരു മന്ത്രി ചെയ്യുന്നത് തെറ്റാണെന്ന് ലീഗ് നേതാവ് കെ.എം ഷാജി വിമര്‍ശിച്ചു. അതുപോലെ ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും തെറ്റാണെന്ന് ഷാജി കൂട്ടിച്ചേര്‍ത്തു. കെ എംസിസി ദുബായ് കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അമൃതാനന്ദമയിയെ ആദരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു (അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നത് മാത്രമല്ല, ദര്‍ഗയില്‍ തുണിവിരിക്കുന്നതും മന്ത്രി ചെയ്താല്‍ തെറ്റാണ്: കെ എം ഷാജി, ഒക്ടോബര്‍ 6, ഡൂള്‍ ന്യൂസ്).
ഈ വിമര്‍ശനത്തിന്റെ പേരില്‍ വിവിധ മാധ്യമങ്ങളുടെ വാര്‍ത്താ ലിങ്കുകള്‍ക്കുതാഴെ ഷാജിക്കെതിരേ വിദ്വേഷപ്രാചരണം നടന്നു. 24 ന്യൂസിന്റെ വാര്‍ത്താലിങ്കിനു താഴെ നടന്നത് കടുത്ത വംശീയവിദ്വേഷമാണ് (‘ആള്‍ ദൈവങ്ങളെ ആദരിക്കലല്ല മന്ത്രിയുടെ പണി’ സജി ചെറിയാന് എതിരെ കെ.എം ഷാജി, ഒക്ടോബര്‍ 6, 24 ന്യൂസ്).
ഒരെണ്ണം ഉദാഹരണമായി നല്‍കുന്നു: സുഡാപ്പി ഇഞ്ചി, സുഡാപ്പി ഷോഫി (ബാഡ്ബാഡ് കാറ്റ്).
മുജാഹിദ് വിശ്വാസം ഒളിച്ചുകടത്തുന്നു
മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ് ഷാജിയുടെ പ്രസംഗമെന്ന് ഇ.കെ വിഭാഗം നേതാവ് ഹമീദ് ഫൈസി ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താനാണ് ഷാജിയുടെ ശ്രമമെന്നും അമ്പലക്കടവ് പറഞ്ഞു (മുജാഹിദ് വിശ്വാസം ഒളിച്ചുകടത്തുന്നു; കെ.എം ഷാജിക്കെതിരെ ഇ.കെ വിഭാഗം, ഒക്ടോബര്‍ 7, സിറാജ്).
ജമാഅത്തെ ഇ്‌സലാമി പോലും ഇത്ര മോശമല്ല
ജമാഅത്തെ ഇസ് ലാമിക്കാര്‍ പോലും ഇത്ര വര്‍ഗീയത പറയാറില്ലെന്ന് എ.കെ ബാലന്‍ ആരോപിച്ചു. കെ.എം ഷാജി കൊടും കുറ്റവാളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി കൊടും വര്‍ഗീയവാദിയാണെന്നും അദ്ദേഹം പറഞ്ഞു (റിപ്പോർട്ടര്‍ ടി വി, ഒക്ടോബര്‍ 28).
26. ഷാജിയുടെ ‘വര്‍ഗീയ’പരാമര്‍ശം
കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ ലീഗ് നേതാവ് കെ.എം ഷാജിയായിരുന്നു ഒരു പ്രഭാഷകന്‍. മുസ്ലീം സമൂഹത്തിന് നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അദ്ദേഹം ഒരു പ്രസംഗം നടത്തി: ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലീം മാനേജ്മെന്റിന് കിട്ടി? ഭരണം വേണം. പക്ഷേ, ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണം. ചോരചിന്തി നമ്മുടെ പിതാമഹന്‍മാര്‍ നേടിത്തന്ന അവകാശങ്ങള്‍ അതവര്‍ക്ക് ലഭ്യമാക്കാനുള്ള പോരാട്ടമാകമെന്നും കെ.എം. ഷാജി പറഞ്ഞു (‘യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം’; വര്‍ഗീയ പ്രസംഗവുമായി കെ.എം. ഷാജി, ഒക്ടോബര്‍ 7, മാതൃഭൂമി).
എന്നാല്‍ ഈ പ്രസംഗം വിവിധ മാധ്യമങ്ങള്‍ റിപ്പോർ ചെയ്തത് ഇതൊരു ‘വര്‍ഗീയ’പ്രസംഗമാണ് എന്നും മുസ്ലീം സമുദായത്തിനുവേണ്ടിയാവണം ലീഗ് മന്ത്രിമാര്‍ ഭരിക്കേണ്ടതെന്നുമായിരുന്നു.
ഭരണം പിടിക്കേണ്ടത് സമുദായത്തിന് വേണ്ടിയാകണം’; വര്‍ഗീയ പ്രസംഗവുമായി കെ.എം ഷാജി (ഒക്ടോബര്‍ 6, ദേശാഭിമാനി). യുഡിഎഫ്ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം; വിവാദ പ്രസംഗവുമായി കെ.എം ഷാജി (മാതൃഭൂമി ന്യൂസ്), ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫിലെടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ വര്‍ഗീയ പ്രസംഗമെന്നായിരുന്നു മറുനാടന്‍ മലയാളിയുടെ വാര്‍ത്ത (‘യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടി; വര്‍ഗീയ പ്രസംഗവുമായി കെ.എം ഷാജി, ഒക്ടോബര്‍ 7, മറുനാടന്‍ ടിവി)
27. ഹമാസ് ഭീകരത
ഒക്ടോബര്‍ 7 ഹമാസിന്റെ പ്രത്യാക്രമണ വാര്‍ഷികത്തില്‍ ജനം ടിവിയുടെ പോസ്റ്റര്‍ ഇങ്ങനെ: വീണ്ടുമൊരു ഒക്ടോബര് 7; പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളെയുമടക്കം 1200 ല്‍ അധികം പേരെ കൊന്നുതള്ളിയ ഹമാസ് ഭീകരതക്ക് രണ്ടാണ്ട് (ജനം ടിവി പോസ്റ്റര്‍, ഒക്ടോബര്‍ 7).
28. ഭീകരവാദത്തെ വെള്ളപൂശുന്നവര്‍
ഇസ്രായേലിന്റെ വംശഹത്യയില്‍ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരാകുന്ന ഫലസ്തീനിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവരുന്നവരെ അവഹേളിക്കുന്ന പ്രസ്താവനയുമായി – കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.
ഗസയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് അടവുതന്ത്രമാണെന്നും ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജണ്ടകള്‍ അണിയറയിലൊരുങ്ങുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു: ഇസ്രായേലിന്റെയും ഹമാസ് ഭീകരരുടെയും അക്രമങ്ങള്‍ക്ക് വിധേയരാകുന്ന ഫലസ്തീന്‍ ജനതക്ക് മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നേരിടുന്ന ജനസമൂഹത്തിനൊന്നാകെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഭീകരപ്രസ്ഥാനങ്ങളെ പരസ്യമായി തള്ളിപ്പറയാനും സാക്ഷരസമൂഹത്തിനാകണം. ഫലസ്തീനില്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന മതഭീകരവാദ സംഘങ്ങള്‍ക്കെതിരെയാണ് മനസ്സാക്ഷി ഉണരേണ്ടത്. ഭീകരവാദ കൊലപാതകങ്ങള്‍ ലോകത്തുടനീളം ആവര്‍ത്തിക്കുമ്പോഴും കണ്ണടച്ച് അന്ധരായി അഭിനയിക്കുന്നവര്‍ ഗസയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് അടവുതന്ത്രമായി മാത്രമേ വിലയിരുത്താനാകൂ. (ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ അവഹേളിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി; ‘ഗസ്സയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നത് ഭീകരവാദത്തെ വെള്ളപൂശാന്‍’, മാധ്യമം ഓണ്‍ലൈന്‍ ഒക്ടോബര്‍ 7).
29. സൈന്യത്തെ അധിക്ഷേപിക്കുന്ന ജിഹാദികള്‍
മലപ്പുറം വേങ്ങരയില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു റാലി നടന്നു. അതിന്റെ ഭാഗമായി ഒരു ടാബ്ലോ അവതരിപ്പിച്ചിരുന്നു. ഇസ്രയേല്‍ സൈനികന്‍ കുട്ടികള്‍ക്കെതിരേ തോക്ക് ചൂണ്ടിനില്‍ക്കുന്നതാണ് പ്രമേയം. ഈ വാര്‍ത്ത ജനം ടിവി അവതരിപ്പിച്ചത് ഹമാസിനെ അനൂകൂലിക്കുന്നതിന്റെ മറവില്‍ ഹമാസ് അനുകൂലികള്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും അത് രാജ്യദ്രോഹകുറ്റമാണെന്നുമാണ്. കുറ്റങ്ങളെ ഇരകളാക്കിയാണ് കുട്ടികളെ ഇരകളാക്കുന്നതും സൈന്യത്തെ ക്രൂരന്മാരാക്കുന്നതും. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെയായിരുന്നു ചേറൂര്‍ സിഎകെഎം ജി എം യുപി സ്‌കൂളില്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈ ആഘോഷപരിപാടിയെക്കുറിച്ച് ജനം ടിവിയുടെ ആദ്യ വാര്‍ത്തയുടെ ശീര്‍ഷകം ‘മലപ്പുറത്ത് സൈന്യത്തെ അധിക്ഷേപിച്ച് ഹമാസ് അനുകൂല റാലി, ഗാസയില്‍ ഇന്ത്യന്‍ ആര്‍മി കൂട്ടക്കൊല നടത്തുന്ന നിശ്ചല ദൃശ്യവുമായി ജിഹാദികള്‍ (ഒക്ടോബര്‍ 7, ജനം ടിവി) എന്നായിരുന്നു. ഉള്ളടക്കത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെ പുതിയൊരു വാര്‍ത്തകൂടി ജനം ടിവി നല്‍കി: മലപ്പുറത്ത് സൈന്യത്തെ അധിക്ഷേപിച്ച് ഹമാസ് അനുകൂല റാലി; ഇന്ത്യന്‍ ആര്‍മി കൂട്ടകൊല നടത്തുന്ന നിശ്ചല ദൃശ്യം (ഒക്ടോബര്‍ 8, ജനം ടിവി) എന്നായിരുന്നു അതിന്റെ ശീര്‍ഷകം.
30. ശബരിമലയും ടിപ്പുവും
ദേവസ്വം ബോര്‍ഡുകള്‍ ചെയ്യുന്നത് മുഗളരും ടിപ്പുവും നടത്തിയ കൊള്ളക്ക് തുല്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ക്ഷേത്രങ്ങളിലെ സ്വത്തുവിവരം രേഖപ്പെടുത്തിവയ്ക്കണം. മോഷണം ശബരിമലയില്‍ മാത്രമാണോ മറ്റെവിയെടങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ടിപ്പുസുല്‍ത്താനും മുഗളരും നടത്തിയ ക്ഷേത്രക്കൊള്ളയ്ക്ക തുല്യമാണിത്. 25,000 ഏക്കര്‍ ഭൂമി ക്ഷേത്രങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ല. ദേവസ്വം ഭരണം വിശ്വാസികള്‍ക്ക് തിരിച്ചുതരണം- ശബരിമല സ്വര്‍ണമോഷണക്കേസിനെക്കുറിച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം (ദേവസ്വം ബോര്‍ഡുകള്‍ ചെയ്യുന്നത് മുഗളരും ടിപ്പുവും നടത്തിയ കൊള്ളക്ക് തുല്യം: ബിജെപി, ഒക്ടോബര്‍ 7, ജന്മഭൂമി).


31. സനാതന ധര്‍മത്തിനുവേണ്ടി ചെരുപ്പേറ്
സനാതനധര്‍മത്തിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്കെതിരേ രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ചെരുപ്പെറിഞ്ഞു. സനാതനധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്നാണ് പ്രതിയുടെ വാദം. അദ്ദേഹത്തെ ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു.
ഈ സംഭവം മലയാളത്തിലെ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും വിമര്‍ശനാത്മകമായി റിപോര്‍ട്ട് ചെയ്തെങ്കിലും അതിന്റെ കമന്റ് ബോക്‌സില്‍ വിദ്വേഷപ്രയോഗങ്ങള്‍ വ്യാപകമായി നടന്നു. ഇസ്ലാമിക ഭരണകാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന് പല കമന്റുകളിലും പരാമര്‍ശമുണ്ടായി (ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുമായി മോദി സംസാരിച്ചു, ഒക്ടോബര്‍ 7, കർമ്മ ന്യൂസ്).
32. ഹമാസ് ഭീകരത
ഹമാസിന്റെ ഇസ്രയേല്‍ പ്രത്യാക്രമണം ജനം ടിവി അനുസ്മരിച്ചത് ഹമാസിന്റെ ഭീകരതയെന്നാണ്. വാര്‍ത്തയുടെ ശീര്‍ഷം ഇങ്ങനെ: 1200ലധികം ഇസ്രയേല്‍ സ്വദേശികളെ ഭീകരര്‍ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ വന്‍ ഭീകരാക്രമണത്തിന് രണ്ട് വയസ്സ് (ഒക്ടോബര്‍ 7, ജനംടിവി).
33. ഇതെന്താ അഫ്ഗാനോ?
മസ്തിഷ്‌ക ജ്വരം ബാധിച്ച ഒന്‍പത് വയസുള്ള തന്റെ മകള്‍ മരിച്ചത് ഡോക്ടര്‍മാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയില്‍ പിതാവ് ഡോക്ടറെ ആക്രമിച്ചു. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ വീട്ടില്‍ സനൂപാണ് പ്രതി. പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയെപ്പറ്റി യഥാസമയം അറിയിച്ചില്ലെന്നും അവസാന നിമിഷം കൈയൊഴിഞ്ഞെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഇത് ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു.
ഇതിന്റെ പ്രതികാരമായാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ട ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. സൂപ്രണ്ടായിരുന്നു. സൂപ്രണ്ടാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയത്. സനൂപ് കൂലിപ്പണിക്കാരനാണ് (വീണ്ടും ഞെട്ടിക്കും ആക്രമണം,? ആശുപത്രിയില്‍ കയറി ഡോക്ടറെ തലയ്ക്ക് വെട്ടി, ഒക്ടോബര്‍ 9, കേരളകൗമുദി).
ഇതേ കുറിച്ച് ഐഎംഎ ദേശീയ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആണ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ഇതെന്താ അഫ്ഗാനോ? ഇത് അഫ്ഗാനിസ്ഥാനും താലിബാനും സൗദി അറേബ്യയും ഒന്നുമല്ലല്ലോ. രോഗി മരിച്ചാല്‍ ഡോക്ടറെ തല്ലാമത്രേ! 90% അല്ല വെറും 1% മരണനിരക്കുള്ള അസുഖത്തിനാണെങ്കില്‍ പോലും ഡോക്ടറെ തല്ലാന്‍ ഇത് വെള്ളരിക്ക പട്ടണമോന്നുമല്ല. അത് കാടിന്റെ നീതിയാണ്. മൃഗങ്ങളുടെ സ്വഭാവമാണ്. ഡോക്ടറെ തല്ലിയാല്‍ അത് കൂടുതല്‍ മരണങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം എഴുതി (ഒക്ടോബര്‍ 8, ഫേസ്ബുക്ക്/ ഡോ. സുല്‍ഫി നൂഹു).
34. ബീഫ് ബിരിയാണി വെട്ടണം
ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കടുംവെട്ട് ആവശ്യപ്പെട്ടു. ഡയലോഗുകളും സീനുകളും വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്:
‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ്ദ ധരിക്കുന്ന രംഗമുണ്ട്. അത് നീക്കണം. വീരയാണ് സിനിമ സംവിധാനം ചെയ്തത്.
സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ല, എന്നിട്ടും എ സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് സിബിഎഫ്സി അറിയിച്ചിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു: സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല, മട്ടന്‍ ബിരിയാണിയാണ്. ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു (‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം’; ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയ്ക്ക് സിബിഎഫ്സിയുടെ കടുംവെട്ട്, ഒക്ടോബര്‍ 9, മീഡിയാവണ്‍).
താമരശ്ശേരി ബിഷപ്പിനെ അവഹേളിച്ചു
ബീഫിന്റെ പേരിലല്ല ഹാല്‍ സിനിമ സെന്‍സര്‍ ചെയ്തത് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. ലൗ ജിഹാദിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും അണിയറ പ്രവര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (‘കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ല’, കൊച്ചി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് കാരണം മുഖ്യമന്ത്രിയുടെ പത്ത് വോട്ട് നോക്കിയുള്ള നിലപാടെന്നും ഷോണ്‍ ജോര്‍ജ്, ഒക്ടോബര്‍ 13, ഏഷ്യാനെറ്റ്).
മതസൗഹാര്‍ദത്തിന് ഭീഷണി
സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് കെ.വി ചാക്കോ ഹർജി നല്‍കി: സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട്. താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി കാണിക്കുന്നു. ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീര്‍ത്തിയുണ്ടാക്കും. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ടയുണ്ടെന്നും സംഘടന ആരോപിച്ചു (ഹാല്‍ റിലീസിന് അനുവദിക്കരുത്; താമരശ്ശേരി ബിഷപ്പിന്റെ യശസ്സിന് അപകീര്‍ത്തിയുണ്ടാക്കും; കത്തോലിക്ക കോണ്‍ഗ്രസ് ഹര്‍ജി, ഒക്ടോബര്‍ 17, റിപ്പോര്‍ട്ടര്‍).
കോടതിയുടെ ഇടപെടല്‍
ഈ ഹർജി പിന്നീട് കോടതി തള്ളി. രണ്ട് തവണ സിനിമ കണ്ടതിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ഹരജിയില്‍ സിനിമയ്ക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നു. മാത്രമല്ല 16 ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് ഉത്തരവ് പുതുക്കി രണ്ട് ഭാഗത്ത് മാത്രം മ്യൂട്ട് ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. അതുപ്രകാരം സിനിമയിലെ ധ്വജപ്രണാമത്തിലെ ധ്വജവും മതാടിസ്ഥാനത്തിലുള്ള കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ് ഏകപക്ഷീയവും യുക്തിരഹിതവും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അപ്പീല്‍ നല്‍കിയപ്പോള്‍ ഹൈക്കോടതി വീണ്ടും സിനിമ കാണുകയും ഹരജി തള്ളുകയും ചെയ്തു (ഹാല്‍ സിനിമ തടയണമെന്ന കത്തോലിക്കാ കോണ്‍ഗ്രസ്സ് ഹരജി ഹൈക്കോടതി തള്ളി, ഡിസംബര്‍ 12, ന്യൂസ് മലയാളം).
35. നായ്ക്കളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം
കണ്ണൂര്‍ വാഫി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കായിക മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചു. ഈ ഫോട്ടോ പങ്കുവച്ചുകൊണ്ടും ഇതിനെ വിമര്‍ശിച്ചുകൊണ്ടും കേരള പൊലീസ് മുന്‍മേധാവി ടി.പി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: ഇത് പലസ്തീനില്‍ നിന്നോ അറബ് രാഷ്ട്രത്തില്‍ നിന്നോ ഉള്ള ഒരു കാഴ്ചയല്ല, മറിച്ച് കേരളത്തിലെ ”ദൈവങ്ങളുടെ (നായ്ക്കളുടെ) സ്വന്തം നാട്ടില്‍’ നടന്ന ഒരു സ്‌പോര്‍ട്‌സ് ഇവന്റ് അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നുള്ള ഒരു രംഗമാണ്.
ഫോട്ടോയില്‍ ഷാഫി പറമ്പില്‍ എംപിയുമുണ്ടായിരുന്നു (ഒക്ടോബര്‍ 9, ഫേസ്ബുക്ക്/ ടി.പി സെന്‍കുമാര്‍)
37. വര്‍ഗീയത തോറ്റു
കൊടുവള്ളി കെഎംഒ കോളജ് യൂണിയന്‍ ഭരണം ഇത്തവണ കെ എസ് യു വിനായിരുന്നു. പ്രധാന എതിരാളി എംഎസ്എഫായിരുന്നു. ഇതിനു പിന്നാലെ കെ എസ് യു ഒരു പ്രകടനം നടത്തി. പ്രകടനത്തിന് മുന്നിലെ ബാനറില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’ (‘എംഎസ്എ’; എംഎസ്എഫിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെഎസ്യു, ഒക്ടോബര്‍ 9, മീഡിയാവണ്‍). വര്‍ഷങ്ങളായി എം എസ് എഫ് വിജയിച്ചിരുന്ന യൂണിയന്‍ ഇത്തവണ കെ എസ് യു പിടിച്ചെടുക്കുകയായിരുന്നു.
ബാനറില്‍ തെറ്റില്ല
ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി ഫിജാസ് ന്യായീകരിച്ചു: ബനറെഴുതിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും എം.എസ്.എഫ് തോറ്റു എന്നതും മതേതരത്വം ജയിച്ചു എന്നതും രണ്ട് വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ എഴുതിയ ആദ്യവരി എം.എസ്.എഫ് തോറ്റുവെന്നതാണ്. അതില്‍ ഒരു തെറ്റുമില്ല. രണ്ടാമത്തെ വരിയില്‍, ഞങ്ങള്‍ മതേതരത്വം ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ്. അത് കൊണ്ടാണ് മതേതരത്വം ജയിച്ചുവെന്ന് എന്ന് എഴുതിയത്. ഇത് രണ്ടും രണ്ടു വരിയാണ്. (‘ബാനറില്‍ ഒരു തെറ്റുമില്ല, എം.എസ്.എഫ് തോറ്റു എന്നതും മതേതരത്വം ജയിച്ചു എന്നതും രണ്ട് വാക്കുകളാണ്’; യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി, ഒക്ടോബര്‍ 10, മാധ്യമം).
37. മതരാഷ്ട്രവാദികള്‍ക്ക് ലീഗിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
ജമാഅത്തെ ഇ്‌സലാമിയെ ആര്‍എസ്എസ്സിനോടുപമിച്ചിരുന്ന ലീഗ് നേതാവ് ഷാജി മതരാഷ്ട്രവാദികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതായി ദേശാഭിമാനി. കോഴിക്കോട് കെഎംസിസി നടത്തിയ പരിപാടിയില്‍ ഷാജി നടത്തിയെ പ്രസംഗത്തെക്കുറിച്ച റിപ്പോര്‍ട്ടിലാണ് ഈ വിമര്‍ശനം: ജമാഅത്തെ ഇ്‌സലാമി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് ഷാജി പ്രസംഗിച്ചു. ഇത് മതരാഷ്ട്രവാദികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കലാണ്. നേരത്തെ ഷാജി ജമാഅത്തെ ഇസ്ലാമി വിരുദ്ധനാണെന്ന് മേനി നടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ വിഴുങ്ങി. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടന മൗദൂദിയന്‍ ആശയവും തീവ്രനിലപാടും പിന്തുടരുന്നുവെന്ന് പ്രഖ്യാപിച്ച് പരിപാടി നടത്തിയിരുന്നു. അതിനിടയിലാണ് ഈ പരിപാടി (ലീഗിന്റെ വഴിയില്‍ ജമാഅത്തെ: സര്‍ട്ടിഫിക്കറ്റുമായി കെ എം ഷാജിയും, ഒക്ടോബര്‍ 10, ദേശാഭിമാനി).


38. മൗദൂദി എസ്എഫ്ഐ
മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് എസ്എഫ്ഐയെ പിന്തുണച്ചിരുന്നു. ഇതിനെതിരേ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പ്രസിദ്ധപ്പെടുത്തി, മണ്ണാര്‍ക്കാട്ടെ മൗദൂദിയുടെഎസ്എഫ്‌ഐ എന്ന ആമുഖവാചകത്തോടെ: ഇത്രയും പച്ചയായ കപടന്മാരെ കേരളം വേറെ കണ്ടിട്ടുണ്ടോ? തരാതരം വര്‍ഗീയ കാര്‍ഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന പുതിയ എസ്എഫ്ഐയുടെ തരാതര നിലപാടില്‍ മുമ്പ് ക്യാമ്പസ് ഫ്രണ്ടിന് വരെ യുയുസി മാരെ ഉണ്ടാക്കിക്കൊടുത്തവരാണ് എസ്എഫ്ഐ. കപട സദാചാരം പറഞ്ഞ് ഇനിയും കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് വരരുത് കപട സദാചാര വാദികളെ, നിങ്ങളെ ഇവിടുത്തെ ജെന്‍സി പിള്ളേര്‍ വരെ ആട്ടിയിറക്കുകയാണ് – നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു (‘മൗദൂദി എസ്എഫ്ഐ, കപട സദാചാരവാദികള്‍’; മണ്ണാര്‍ക്കാട്ടെ ഫ്രറ്റേണിറ്റിയുടെ എസ്എഫ്ഐ പിന്തുണയില്‍ എംഎസ്എഫ്, ഒക്ടോബര്‍ 10, റിപ്പോര്‍ട്ടര്‍).
39. ഏകീകൃത സിവില്‍ കോഡ് വരണം
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം മുക്കാനാണ് സിനിമാ നടന്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യത വരേണ്ടത് ഏകീകൃത സിവിൽ കോഡിലൂടെയാണ്. മുത്തലാഖ് നിരോധനം വന്നു, സിവില്‍കോഡ് വരുമെന്ന് അമിത് ഷാ പറഞ്ഞ് കഴിഞ്ഞു. ഭാരതീയര്‍ക്ക് വേണ്ടിയാണ് ആ നിയമം. അത് ഇവിടെ നടപ്പാക്കില്ല എന്നത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു (‘സിനിമാനടന്മാരുടെ വീടുകളിലെ റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സംശയം’; സുരേഷ് ഗോപി, ഒക്ടോബര്‍ 10, മീഡിയാ വണ്‍).
40. ഇസ്രായേലിനെ പിന്തുണച്ച് യുക്തിവാദിസംഘം
കേരളത്തിലെ യുക്തിവാദികളിലെ ഒരു വിഭാഗം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്ന വിമര്‍ശനവുമായി ദി ന്യൂസ് മിനിറ്റ്: ഗസയില്‍ നടക്കുന്നത് കൂട്ടക്കൊലയല്ലെന്നാണ് യുക്തിവാദികളിലെ ഒരു വിഭാഗം കരുതുന്നത്. യുഎന്‍ ഒരു മല്ലു കമ്മിറ്റിയായി മാറിക്കഴിഞ്ഞുവെന്ന് എസ്സന്‍സ് ഗ്ലോബല്‍ നേതാവ് സി രവിചന്ദ്രന്‍ പരിഹസിച്ചു. ഫലസ്തീന്‍ അനുകൂല പ്രസ്താവനകളെയും പ്രതിഷേധങ്ങളെയും ഇവര്‍ പരിഹസിച്ചു. കൊച്ചിയില്‍നിന്നുള്ള ശ്രീലക്ഷ്മി ഉദയകുമാര്‍ 250 ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കിയിരുന്നു. ഇത് വലിയ വാര്‍ത്തയുമായി. ഈ സംഭവത്തെയും യുക്തിവാദികളിലെ ഒരു വിഭാഗം അധിക്ഷേപിക്കുന്നുണ്ട്. ആരിഫ് ഹുസൈന്‍ തെരുവത്ത് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സിന്റെ വംശഹത്യാശ്രമങ്ങളെ ന്യായീകരിക്കുന്നയാളാണ് (കേരള റാഷനിലിസ്റ്റ് ഗ്രൂപ്പ ജോയിന്‍സ് റൈറ്റ്-വിങ് ഡിഫെന്‍ഡിങ് ഇസ്രയേല്‍സ് ആക്ഷന്‍, ഒക്ടോബര്‍ 10, ദി ന്യൂസ് മിനിറ്റ്‌സ്).
41. വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍
ലീഗ് ഭരിച്ചാല്‍ പാക് ഭരണം
യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ലീഗ് ഭരിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്‍ ഭരണം വരുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന് പ്രസക്തിയില്ലെന്നും ലീഗ് അവരെ മൂലക്കിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളത് പറഞ്ഞതിന് തന്നെ വര്‍ഗീയവാദിയാക്കിയെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു (ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരും: വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി, ഒക്ടോബര്‍ 10, ഡൂള്‍ ന്യൂസ്).
ലീഗില്‍ പാകിസ്താന്‍ മനോഭാവമുള്ളവരുണ്ടെന്നും കെ.എം ഷാജി അത്തരക്കാരനാണെന്നുംകൂടി വെള്ളാപ്പള്ളി പറഞ്ഞു (സ്വര്‍ണപ്പാളി വിവാദം; പ്രതിപക്ഷം കാണിക്കുന്നത് അസംബന്ധം, അനാവശ്യ ചര്‍ച്ചകളാണെല്ലാം: വെള്ളാപ്പള്ളി, ഒക്ടോബര്‍ 10, മീഡിയാവണ്‍).
ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി
മുസ്ലീം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് മുസ്ലീം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. മലപ്പുറം ജില്ലയെപ്പറ്റി പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലീം വിരോധിയാക്കി. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടി.’ മുസ്ലീം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. മുസ്ലീം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തില്‍ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ്. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുസ്ലിം സംഘടനകള്‍ വളര്‍ന്നു (മുസ്ലീം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി, ഒക്ടോബര്‍ 11, സമകാലിക മലയാളം).
ലക്ഷ്യം മതരാഷ്ട്രം
ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. കഴക്കൂട്ടത്ത് നടന്ന യോഗം ശാഖാ നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ലീഗ് മതപാര്‍ട്ടിയാണ്. മുസ്ലിംസമുദായത്തിനനുകൂലമായ ഭരണമാണ് ലക്ഷ്യം. എന്നിട്ടും മതേതരത്വമാണ് സംസാരിക്കുന്നത്. യുഡിഎഫ് ഭരണമെന്നാല്‍ ലീഗ് ഭരണമെന്നാണ് അര്‍ത്ഥം. ലീഗ് പണം കൊണ്ടുപോകും. ലീഗിന് മസില്‍പവറും മണി പവറുമുണ്ട്. മതതീവ്രവാദികളെ ഒറ്റപ്പെടുത്തി ദേശീവാദികളെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനുള്ള ചിന്തയുണ്ടാകണം (മതരാഷ്ട്രമാണ് ലീഗിന്റെ ലക്ഷ്യം: വെള്ളാപ്പള്ളി, ഒക്ടോബര്‍ 12, കേരളകൗമുദി).
ലീഗിന്റെ യഥാര്‍ത്ഥ മുഖം
ലീഗിന്റെ യഥാര്‍ത്ഥ മുഖം ദുബയിൽ ചെന്നാലറിയാമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ്സിന് ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു (ലീഗുകാരുടെ യഥാര്‍ത്ഥ മുഖം ദുബായില്‍ ചെന്നാലിയാം-വെള്ളാപ്പള്ളി, ഒക്ടോബര്‍ 12, മനോരമ).
പഞ്ചസാരയില്‍ പൊതിഞ്ഞ മതേതരത്വം
ജാതി പറയാതെ നീതി കിട്ടില്ലെന്ന് വെള്ളാപ്പള്ളി. പിന്നാക്കക്കാര്‍ക്ക് ഒന്നും തലില്ല. ഇതു പറയുന്നതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കി. മതേതരത്വം പറഞ്ഞുകൊണ്ട് ലീഗ് മുസ്ലീം കൂട്ടായ്മയുണ്ടാക്കുന്നു. മതേതരത്വം പഞ്ചസാരയില്‍ പൊതുഞ്ഞ് അതിനുള്ളില്‍ പൊട്ടാസ്യം സയനൈഡ് വച്ചാണ് തരുന്നത്. ഒന്നാം ശത്രു ഹിന്ദു. രണ്ടാമത് ക്രൈസ്തവര്‍. ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണഗുരു സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ തലപ്പത്ത് വന്നത് ഈഴവനല്ല, ഗള്‍ഫില്‍ കിടന്നിരുന്ന ഒരാള്‍. ഇതിനെ കുഞ്ഞാലക്കുട്ടിയും പിന്തുണച്ചു. രാജ്യസഭയിലേക്ക് എംപിമാരെ അയച്ചപ്പോള്‍ മുസ്ലിംകള്‍ അഞ്ച് പേര്‍. ഈഴവര്‍ ആരുമില്ല- ശിവഗിരി, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് ശാഖാ നേതൃയോഗത്തിലായിരുന്നു പ്രസംഗം (ജാതി പറയാതെ നീതി കിട്ടില്ല: വെള്ളാപ്പള്ളി, ഒക്ടോബര്‍ 13, കേരളകൗമുദി).
പാകിസ്താന്റെ സ്വരം
കെ.എം. ഷാജി പാകിസ്ഥാന്റെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ പരിപാടികളില്‍ സംസാരിക്കവേയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. മതേതരത്വം എന്ന പഞ്ചസാര പുരട്ടി അതിനകത്ത് പൊട്ടാസ്യം എന്ന മതാധിപത്യം സ്ഥാപിക്കാന്‍ നടക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകും. ലീഗിനെ മറികടക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ തന്നെ ചീത്ത പറയുന്നത്. ലീഗ് എന്ന വര്‍ഗീയ പാര്‍ട്ടിയുടെ വടിയൂന്നിക്കൊണ്ടല്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി പാക്കിസ്താന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്.
ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകും. ലീഗിന്റെ ഭരണം വരാതിരിക്കാനും തടയിടാനും സാധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി അപകടത്തില്‍ ആകും. മുസ്ലിംലീഗ് എന്ന വര്‍ഗീയ പാര്‍ട്ടിയുടെ വടിയൂന്നി കൊണ്ടല്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു (കെഎം ഷാജിക്ക് പാക്കിസ്ഥാന്റെ സ്വരം- വെള്ളാപ്പള്ളി നടേശന്‍, മാതൃഭൂമി ന്യൂസ്, ഒക്ടോബര്‍ 13).
‘മതേതര കോമഡി’
മുസ്ലീം ലീഗിന്റേത് മതേതരപൊയ്മുഖമാണെന്ന് ആരോപിച്ചുകൊണ്ട് വെള്ളപ്പള്ളി യോഗനാദത്തില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ജന്മഭൂമി അത് പുനഃപ്രസിദ്ധീകരിച്ചു. ലീഗിന്റേത് മതേതര കോമഡിയാണെന്നും ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്ലീം ലീഗ്. അവിഭക്ത ഭാരതത്തില്‍ രൂപീകരിക്കപ്പെട്ട സര്‍വ്വേന്ത്യാ മുസ്ലീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്ലീങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കലാണ്. അല്ലാതെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ല. ഒരു ചാറ്റല്‍മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം. സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ മുസ്ലീങ്ങൾക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതര നാടകം ആടുന്നത്. ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി യോഗവും മറ്റു ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോള്‍ സമ്പന്ന മുസ്ലീം പ്രമാണിമാര്‍ക്കും തട്ടിക്കൂട്ട് മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കും സ്‌കൂളുകളും കോളേജുകളും വാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കില്‍ വിലപിക്കുന്നത്.
പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുമാകുന്ന നേതാക്കളും അണികളും; വേഷത്തില്‍ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തില്‍ വേറെയില്ല. (മുസ്ലീം ലീഗിന്റെ മതേതര പൊയ്മുഖം, ഒക്ടോബര്‍ 17, ജന്മഭൂമി; പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുമാകുന്ന നേതാക്കളുളും അണികളും; വേഷത്തില്‍ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തില്‍ വേറെയില്ല: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍, ഒക്ടോബര്‍ 17, ജനം ടിവി)
വോട്ട് ബാങ്ക് രാഷ്ട്രീയം
കുണ്ടറ, ചാത്തന്നൂര്‍, കുന്നത്തൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ കുണ്ടറോയില്‍ സംഘടിപ്പിച്ച എസ്എന്‍ഡിപി ശാഖാ നേതൃസംഗമത്തില്‍ വെള്ളാപ്പള്ളി ചെയ്ത അദ്ധ്യക്ഷപ്രസംഗത്തില്‍ നിന്ന്: ശ്രീനാരായണ ഗുരു നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി കൊല്ലത്ത് ആരംഭിച്ചപ്പോള്‍ ഗുരുവിന്റെ ചിത്രംപോലും കാണാത്ത ഇസ്ലാംമത വിശ്വാസിയെ ദുബായില്‍ നിന്ന് കൊണ്ടുവന്ന് വൈസ്ചാന്‍സലറാക്കി. ഇടതുപക്ഷത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. എന്നാല്‍, ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും മിണ്ടിയില്ല. എനിക്കെതിരെ രംഗത്തുവന്നത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. ഇടതും വലതും കൂടി രാജ്യസഭാംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോള്‍ ഏഴ് പേര്‍ ന്യൂനപക്ഷവും രണ്ടു പേര്‍ നായര്‍ സമുദായക്കാരുമായിരുന്നു. പിന്നാക്കക്കാരെ പരിഗണിച്ചതേയില്ല. അത് ചൂണ്ടി കാട്ടിയപ്പോള്‍ മുസ്ലീം ലീഗ് എനിക്കെതിരെ രംഗത്തെത്തി. അവര്‍ വോട്ട് ബാങ്കാണ്. അവര്‍ക്കെതിരെ മറ്റാരും ഒന്നും പറയാറില്ല (മലപ്പുറത്തെ സാമൂഹിക സത്യം ഇനിയും പറയും: വെള്ളാപ്പള്ളി, ഒക്ടോബര്‍ 21, കേരളകൗമുദി).
42. സ്ത്രീയെ ലൈംഗിക അടിമയാക്കുന്നവര്‍
കേസരിയില്‍ ഒക്ടോബര്‍ 10ന് സന്തേഷ് ബോബന്‍ മുസ്ലീം സ്ത്രീകളും ഭരണഘടനയിലെ ലിംഗസമത്വവും എന്ന ദീര്‍ഘലേഖനത്തിന്റെ മൂന്നാം ഭാഗം പ്രസിദ്ധീകരിച്ചു. സ്ത്രീകളുടെ ലൈംഗിക അടിമയാക്കുന്ന മതം എന്നായിരുന്നു ലേഖനത്തിന്റെ ശീര്‍ഷകം.
സ്ത്രീകളെല്ലാം പുരുഷന് വഴങ്ങിക്കൊടുക്കുന്ന ലൈംഗിക അടിമകളാണെന്നാണ് ഇസ്ലാം കരുതുന്നതെന്നാണ് ലേഖകന്‍ വാദിക്കുന്നത്. സ്ത്രീകളെ എങ്ങനെ ലൈംഗികമായി ഉപയോഗിക്കാമെന്ന കാര്യത്തില്‍ ഇസ്ലാം ഗവേഷണം നടത്തുകയാണ്. പുരുഷന്റെ ലൈംഗിക സംതൃപ്തിക്കുവേണ്ടി സ്ത്രീയെ ഏത് രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു (സ്ത്രീകളുടെ ലൈംഗിക അടിമയാക്കുന്ന മതം, സന്തേഷ് ബോബന്‍, ഒക്ടോബര്‍ 10, കേസരി).
43. ഇസ്ലാമിക ഭീകരത
ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ മൊസാംബിക്കില്‍ ഇസ്ലാമിക ഭീകരര്‍ ക്രൈസ്തവരെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മറുനാടന്‍ മലയാളി. ഫലസ്തീനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി കണ്ണീരഒഴുക്കുന്നത് പോലെ ഇസ്രായേലില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി കൂടി കണ്ണീരൊഴുക്കണമെന്നും വീഡിയോയില്‍ പറയുന്നു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ മുസ്ലീം പോരാട്ടം രൂക്ഷമാണ്. ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളായിരുന്നു. എന്നാല്‍ അവിടേക്ക് ഇസ്ലാം കടന്നുകയറുകയും മുഷ്ടിയുടെ ഭാഷ ഉപയോഗിച്ച് അടിച്ചമര്‍ത്തി വളരുകയും ചെയ്യുന്നു. ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രത്യേകതരം ഇസ്ലാമിക ഭീകരസംഘടനകള്‍ രൂപം കൊണ്ടിരിക്കുന്നു. ഈ ഭീകര സംഘടനകളുടെ വേട്ടയാടലിന് ഇരയാവുകയാണ് ക്രൈസ്തവര്‍. സൗത്ത് ആഫ്രിക്ക ഒഴിച്ചുള്ള ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ മൃഗങ്ങളെ പോലെ വേട്ടയാടപ്പെടുന്നു. മൊസാംബിക്കില്‍ ഗ്രാമത്തില്‍ കയറി ഏതാണ്ട് 30ഓളം ക്രൈസ്തവ വിശ്വാസികളുടെ തല വെട്ടിയെടുത്തിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രൊവിന്‍സ് എന്ന സംഘടനയാണ് ഇതിനു പിന്നില്‍.
നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ഇത്തരം സംഘടനകളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.
ക്രൈസ്തവരെ വേട്ടയാടുമ്പോള്‍ അത് വംശഹത്യ അല്ലാതാകുന്നു. എന്നാല്‍ നിലനില്‍പ്പിനു വേണ്ടി തങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ഇസ്രയേല്‍ ഫലസ്തീനെ ആക്രമിക്കുമ്പോള്‍ അത് വംശീയമാണെന്നു പറയുന്നു (ക്രൈസ്തവരെ കൊന്നൊടുക്കി ഇസ്ലാമിക ഭീകരത, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 11).
44. യഥാര്‍ഥ കേരള സ്റ്റോറി
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പവന്‍ ജിന്‍ഡാല്‍ ആദ്യമായാണ് കേരളത്തില്‍ എത്തിയത്. കുടുംബവുമൊത്ത് കൊച്ചി മുതല്‍ തെക്കന്‍ ജില്ലകളിലൂടെയായിരുന്നു യാത്ര. ഇതേ കുറിച്ച് മുളന്തുരുത്തി സ്വദേശിയായ ടാക്സി ഡ്രൈവര്‍ രഞ്ജു രഘു എഴുതിയിട്ട ചെറുകുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പ്രമുഖ വ്യവസായികൂടിയായ പവന്‍ ജിന്‍ ഡാല്‍, അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ആര്‍എസ്എസിനെ നയിക്കുന്ന നേതാവാണെന്ന് രഞ്ജു രഘു ആമുഖമായി കുറിക്കുന്നു. അമൃതാനന്ദമയി യുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടു ക്കാനാണ് എത്തിയത്. ‘കേരളത്തില്‍ വന്നിട്ടില്ലെങ്കിലും അവര്‍ ‘ദി റിയല്‍ കേരള സ്റ്റോറി’ എന്ന സിനിമ കണ്ടിരുന്നു. അത്തരമൊരു മുന്‍ധാരണയിലാണ് പെരുമാറിയിരുന്നത്.
എന്നാല്‍ വിവിധ പട്ടണങ്ങളിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയുമുള്ള യാത്ര അവരുടെ മുന്‍ധാരണകളെ തിരുത്തി. പൊതുഇടങ്ങളിലെ പുകവലി നിരോധനം, കന്നുകാലികള്‍ അലഞ്ഞുതിരിയാത്ത നിരത്ത്, ഭംഗിയുള്ള വീടുകള്‍ ഇതൊക്കെ അവര്‍ക്ക് പുതുമയായി. മനംനിറഞ്ഞ ജിന്‍ഡാലും കുടുംബവും വീണ്ടും വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്. ആര്‍എസ്എസിന്റെ നൂറാംവര്‍ഷികത്തില്‍, ഇവര്‍ ഒരിക്കല്‍പ്പോലും ഭരിക്കാത്ത ഈ കൊച്ചു കേരളത്തിലാണ് മനുഷ്യര്‍ സമാധനത്തോടെയും സന്തോഷത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്നതെന്ന് അവരെ കാണിച്ചുകൊടുക്കാന്‍ പറ്റിയെന്ന് പറഞ്ഞാണ് രഞ്ജുവിന്റെ കുറിപ്പ് അവസാനിക്കുന്നത് (കാഴ്ചകളിലേക്ക് കാറോടിച്ച രഞ്ജുവിന്റെ കുറിപ്പ് വൈറല്‍. യഥാര്‍ഥ കേരള സ്റ്റോറി കണ്ട് ആര്‍എസ്എസ് നേതാവ്, ദേശാഭിമാനി, ഒക്ടോബര്‍ 11)
45. മുസ്ലീം തീവ്രവാദി
ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ച മലയാള സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ മംഗളൂരു പോലിസ് കേസെടുത്തു. മംഗളൂരുവിലെ ഉര്‍വ പൊലീസാണ് ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഒക്ടോബര്‍ ഒന്‍പതിന് രാത്രിയായിരുന്നു സംഭവം. ഉബര്‍, റാപ്പിഡോ ക്യാപ്റ്റന്‍ ആപ്പുകള്‍ വഴി ഇവര്‍ ടാക്സി ബുക്ക് ചെയ്തു. മംഗളൂരുവിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പിനായി നല്‍കിയത്. ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള സംഭാഷത്തിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദിയില്‍ മുസ്ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തില്‍ വീട്ടുകാര്‍ക്കെതിരെയും തെറിവിളിച്ചുവെന്നും അഹമ്മദ് ഷഫീഖ് പരാതിയില്‍ പറഞ്ഞു (മുസ്ലീം തീവ്രവാദി, ഭീകരവാദി’; ടാക്‌സി ഡ്രൈവറെ അധിക്ഷേപിച്ച നടന്‍ ജയകൃഷ്ണനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. ടാക്‌സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസ്, മീഡിയ വണ്‍, ഒക്ടോബര്‍ 11)
46. പൗരത്വ പരാമര്‍ശം വേണ്ട
ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിയ പ്രൈവറ്റ് എന്ന സിനിമയില്‍ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക. ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ എത്തിയത് ഒമ്പത് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ്.
പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച ആര്‍എന്‍എസ് മാസ്‌ക് ചെയ്യണം. ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണം. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ എന്‍ഡ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കണം- എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധായകന്‍ (‘പൗരത്വ ബില്‍, ബീഹാര്‍, രാമരാജ്യം’ എല്ലാം വെട്ടി; പ്രൈവറ്റ് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വിചിത്രം, ഒക്ടോബര്‍ 11, റിപ്പോര്‍ട്ടര്‍).
47. ഇസ്‌ലാമോഫോബിയക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍
കെ എസ് യു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം ലീഗിനും എംഎസ്എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും ഇസ്ലാമോഫോബിക്കുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. കേരളത്തിലെ ചില കാമ്പസ് തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പൊതു പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരും അധ്യാപകരും ഗവേഷകരുമുള്‍പ്പെടെ പ്രതിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയത്(കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം ലീഗിനും എംഎസ്എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും ഇസ്ലാമോഫോബിക്കുമാണ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മലയാളം ന്യൂസ്, ഒക്ടോബര്‍ 11).
ഇടത് ഐഡിയില്‍നിന്നുള്ള ഇതിനോടുള്ള പ്രതികരണം ഇങ്ങനെ:
എംഎസ്എഫിനെതിരായ കെഎസ്‌യു മുദ്രാവാക്യവും ബാനറും ഇസ്‌ലാമോഫോബിയ – സാംസ്‌കാരിക പ്രവര്‍ത്തകര്‍: ലാലി പി.എം, ദേവിക, ജോളി ചിറയത്ത്
തല്‍കാലം മൗദൂദി വണ്‍ കൊട്ടേഷന്‍ തങ്ങളുടെ പേ റോളിലുള്ള ‘സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്’ കൈമാറി (ഒക്ടോബര്‍ 12, പേസ്ബുക്ക്/ഫയാസ് മൊയ്തു)
48. സിപിഎം ചായത്തില്‍ വീണ സുഡാപ്പി
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ പഞ്ചായത്തില്‍ ‘പാകിസ്താന്‍ മുക്ക്’ എന്ന പേരിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുകയും നിർമ്മാണ പ്രവര്‍ത്തികള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ജന്മഭൂമി വാര്‍ത്തയാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വംശീയസൂചനകളുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയാണ് റിയാസിനെതിരേ വിമര്‍ശനമുന്നയിച്ച പ്രധാന നേതാവ്. ‘സി.പി.എം ചായത്തില്‍ വീണാലും സുഡാപ്പി സുഡാപ്പി തന്നെയല്ലേ’ എന്ന അടിക്കുറിപ്പോടെ മന്ത്രി റിയാസിന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.


പാകിസ്താനെന്നാക്കിയേനെ
പൊതുമരാമത്ത് വകുപ്പിന് പറ്റിയിരുന്നെങ്കില്‍ ‘ഇന്ത്യ ‘ എന്നത് മാറ്റി ‘പാകിസ്താൻ’ എന്നാക്കിയേനെയെന്ന് ടി.പി സെന്‍കുമാര്‍.
നേരത്തെ, ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റോഡിന്റെ പേരുമാറ്റണമെന്ന് ആവശ്യം ചിലര്‍ ഉയര്‍ത്തിയിരുന്നു. പേരു മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം (പാകിസ്താന്‍ മുക്ക് റോഡ്; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വംശീയ അധിക്ഷേപവുമായി കെ.പി ശശികല, ? മാതൃഭൂമി, ഒക്ടോബര്‍ 12).
49. മതപരിവര്‍ത്തന ശ്രമമില്ല
കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് റമീസ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രം. യുവതിയുടെ കാമുകനായിരുന്ന റമീസ് ബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലിസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്: ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു തീരുമാനം. ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസിന്റെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി യുവതിക്ക് കാണാമായിരുന്നു. യുവതിക്ക് താല്‍പര്യമില്ലാത്ത ചില സെര്‍ച്ച് വാക്കുകള്‍ കണ്ടതാണ് തര്‍ക്കത്തിന് കാരണമായത്. അതിന് പിന്നാലെ റമീസ് അനാശാസ്യത്തിന് പോയെന്ന് യുവതി റമീസിന്റെ പിതാവിനോട് പറഞ്ഞു. ഇത് കേട്ട പിതാവ് റമീസിനെ തല്ലി. അതിനെ തുടര്‍ന്ന് വീടുവിട്ടു പോയ റമീസ് പിന്നീട് യുവതിയോട് സംസാരിച്ചില്ല. റമീസിന്റെ അഭാവം യുവതിയെ മാനസിക സംഘര്‍ഷത്തിലാക്കി. ഇതാണ് ആത്മഹത്യയില്‍ എത്തിയത്. പിന്നീട് ചില നിര്‍ബന്ധിത പരിവര്‍ത്തനം ആരോപിച്ചു (കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: റമീസ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രം, പ്രണയം തുടരാനാകില്ലെന്ന മനോവിഷമമാണ് ആത്മഹത്യക്ക് കാരണം, ഒക്ടോബര്‍ 12, തേജസ് ന്യൂസ്).
ആഗസ്റ്റ് മാസത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്. റമീസ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും പീഡിപ്പിച്ചെന്നും മതംമാറ്റത്തിന് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ആരോപണം. അതേ തുടര്‍ന്ന് റമീസിനെ പോലിസ് അറസ്റ്റ് ചെയ്തു (കോതമംഗലത്ത് യുവതിയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റില്‍, ആഗസ്റ്റ് 12, മാതൃഭൂമി).
ലൗജിഹാദ് ആരോപണത്തിന് തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു (എസ്‌ഐടി: നൊ പ്രൂഫ് ഇന്‍ ലൗ ജിഹാദ് അലിഗേഷന്‍സ്, ഒക്ടോബര്‍ 13, ടൈംസ് ഓഫ് ഇന്ത്യ)
50. വലിയ വര്‍ഗീയവാദി
കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയാണ് പിണറായി വിജയനെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ? സാബു എം. ജേക്കബ്. ട്വന്റി 20 വെങ്ങോല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ ന്യൂനപക്ഷ പ്രീണനം നടത്തിയ പിണറായി അതിന്റെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താന്‍ ആഗോള അയ്യപ്പ സംഗമം നടത്തി. സ്വര്‍ണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരില്‍ പിണറായി വിജയനും കുടുംബാംഗങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്. ഇത് ഒതുക്കിത്തീര്‍ക്കാന്‍ ബിജെപി നേതാക്കളുടെ പിറകെ നടക്കുകയാണ് പിണറായിയും മരുമകനും. ഇവരാണ് ട്വന്റി20 പാര്‍ട്ടിയെ വര്‍ണകടലാസില്‍ പൊതിഞ്ഞ വിഷമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി (പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി -സാബു എം. ജേക്കബ്, ഒക്ടോബര്‍ 12, മാധ്യമം).
51. ഇസ്‌ലാമോഫോബിയ ഇല്ലാതെ ഇസ്ലാം വിമര്‍ശനം
ഇസ്‌ലാമോഫോബിയ ഇല്ലാതെ ഇസ്ലാം മതത്തിന് അകത്തെ സ്ത്രിവിരുദ്ധതകളേയും പുരുഷാധിപത്യത്തേയും ഋജുവായും സര്‍ഗാത്മകമായും ആവിഷ്‌ക്കരിച്ച ചലച്ചിത്രമാണ് ഫാസില്‍ മുഹമ്മദ് രചനയും ചിത്രസംയോജനവും സംവിധാനവും നിര്‍വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യെന്ന് എഴുത്തുകാരന്‍ പി ജിംഷാര്‍: പൗരോഹിത്യം വിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തുന്ന തട്ടിപ്പുകളും സ്ത്രീവിരുദ്ധതകളും ബഷീറിയന്‍ നര്‍മത്തോടെ ഒരു ചെറുകഥയെന്നോണം ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. മകന്റെ മൂത്രം വീണ കിടക്ക ഫാത്തിമയുടേയും അവളുടെ ഭര്‍ത്താവും പുരോഹിതനുമായ അഷറഫിന്റെയും ജീവിതത്തില്‍ ഫെമിനിസ്റ്റ് ആശയം നടപ്പാക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമയുടെ ഭാവുകത്വവും രാഷ്ട്രീയവും പേറുന്ന സിനിമകൂടിയാണ് ‘ഫെമിനിച്ചി ഫാത്തിമ’ (ഒക്ടോബര്‍ 12, ഫേസ്ബുക്ക്/ പി ജിംഷാര്‍)
52. പര്‍ദ്ദക്കാരിയുടെ മോഷണം
തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം ഉണ്ടായി. ഈ സമയത്ത് എതിര്‍നിരയിലുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നു. രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയത്. ഒരാള്‍ പര്‍ദ്ദ ധരിച്ചിരുന്നു. രണ്ടാമത്തെ സ്ത്രീ എന്തു വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് വാര്‍ത്തകളിലില്ല. ഇവരെ പിടികൂടുകയും ചെയ്തു.
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമയുടെ തലക്കെട്ട് ഇങ്ങനെ: തളിപ്പറമ്പില്‍ തീപിടിത്തത്തിനിടെ മോഷണം; സ്ത്രീ കവര്‍ന്നത് 10,000 രൂപയുടെ സാധനങ്ങള്‍ (ഒക്ടോബര്‍ 12, മനോരമ). ശീര്‍ഷകത്തില്‍ പര്‍ദ്ദയെന്ന വാക്കില്ലെങ്കിലും രണ്ട് ചിത്രങ്ങളുണ്ട്. രണ്ടും പര്‍ദ്ദയിട്ട സ്ത്രീയുടെ ചിത്രങ്ങളാണ്. പര്‍ദ്ദയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയാണ് വാര്‍ത്ത തയ്യാറാക്കിയത് (തളിപ്പറമ്പിലെ തീപിടുത്തത്തിനിടെ സമീപത്തെ കടയില്‍ മോഷണം നടത്തുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ഒക്ടോബര്‍ 12, ന്യൂസ് മലയാളം). ജനം ടിവിയുടെ വാര്‍ത്ത ഇങ്ങനെയായിരുന്നു: അപ്പുറം തീ ഇപ്പുറം മോഷണം. തളിപ്പറമ്പിലെ തീപിടുത്തത്തിനിടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണം പര്‍ദ്ദയിട്ട് മുഖം മറച്ച സ്ത്രീ മോഷണം നടത്തുന്ന ദൃശ്യം പുറത്ത് (ഒക്ടോബര്‍ 12, ജനം ടിവി).
53. ഹിജാബ് വിവാദം
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ തടഞ്ഞ സംഭവം നാളുകളോളം നീണ്ടുനിന്ന വിവാദമായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഹിജാബ് ധരിച്ചെത്തിയപ്പോള്‍ തടഞ്ഞത്.
സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. ഏതാനും ദിവസം മുമ്പ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തി. സ്‌കൂള്‍ മാനേജ്മെന്റ് കുട്ടിക്ക് സ്‌കൂള്‍ വിലക്കേര്‍പ്പെടുത്തി. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്നാണ് സ്‌കൂളിന്റെ വാദം. ആരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നതെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് ആരോപിക്കുന്നത്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റ് കുട്ടികള്‍ ഭീതിയാണെന്നും മാനേജ്മെന്റ് വാദിക്കുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥിനി അനുവദനീയമല്ലാത്ത വസ്ത്രം ധരിച്ചതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമായി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആന്‍സി മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. സ്‌കൂളിന്റെ അഭ്യുദയകാംക്ഷികള്‍ അല്ലാത്തവരാണ് വിവാദത്തിനു പിന്നിലെന്നും പ്രിന്‍സിപ്പല്‍ വാദിക്കുന്നു. കുട്ടികളും അധ്യാപകരും അനധ്യാപകരും മാനസ്സിക സമ്മര്‍ദ്ദത്തിലായതാണ് സ്‌കൂള്‍ അടച്ചിടാനായി പറഞ്ഞ കാരണം. സ്‌കൂളിന്റെ നടപടി രാജ്യം മാനേജ്‌മെന്റിന് അനുവദിച്ചുനല്‍കിയിട്ടുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അതനുസരിക്കുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പളിന്റെ പറയുന്നു (കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം, ഒക്ടോബര്‍ 13, സമകാലിക മലയാളം).
സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു (കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം, ഒക്ടോബര്‍ 13, സമകാലിക മലയാളം).
സ്‌കൂളിന്റെ ഇടപെടല്‍
ഇതേ കുറിച്ച് പ്രിന്‍സിപ്പള്‍ നല്‍കിയ വിശദീകരണം ഇങ്ങനെ: സ്‌കൂളിന് തിരഞ്ഞെടുത്ത ഒരു യൂണിഫോമുണ്ട്. അത് ധരിക്കാന്‍ കുട്ടികള്‍ ബാധ്യസ്ഥരാണ്. അഡ്മിഷന്‍ എടുക്കുമ്പോള്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. 30 വര്‍ഷമായി കുട്ടികളും രക്ഷിതാക്കളും ഇത് അംഗീകരിക്കുന്നു. ഇപ്പോഴും രക്ഷിതാക്കളില്‍നിന്ന് പരാതിയൊന്നും വന്നിട്ടില്ല. ഈ സംഭവത്തില്‍ ആദ്യത്തെ നാല് മാസം കുട്ടി യൂണിഫോമുമായി വന്നു. പിന്നീട് ഒരു ദിവസം ഹിജാബ് ധരിച്ചെത്തി. പ്രിന്‍സിപ്പള്‍ പിതാവിനോട് സംസാരിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. അടുത്ത ഒരു ദിവസം കുട്ടി ഹിജാബ് ധരിച്ച് വീണ്ടുമെത്തി. പ്രിന്‍സിപ്പള്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിതാവ് പറഞ്ഞു. അതിനുശേഷം രണ്ട് മൂന്ന് പേര്‍ സ്‌കൂളിലേക്ക് വന്നു. സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ക്ലാസ് ടൈമിലാണ് എല്ലാം നടന്നത്. അത് കുട്ടികളുടെ പഠനത്തെ ബാധിച്ചു (സ്‌കൂളില്‍ ഹിജാബിന് വിലക്ക് എന്തിന്? തുറന്ന് പറഞ്ഞ് പ്രിന്‍സിപ്പാള്‍, ഒക്ടോബര്‍ 13, ന്യൂസ് 18).
ഹിജാബ് പിന്നില്‍ നിരോധിത സംഘടന
എസ്ഡിപിഐയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഹിജാബ് വിഷയം വഷളായതെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍. ഈ കുട്ടി പല സ്‌കൂളുകളില്‍ മാറി വന്നിട്ടുണ്ട്. അതിന്റെ കാരണം പറയുന്നില്ല. ക്രൈസ്തസ്ഥാപനങ്ങള്‍ക്ക് നേരെ സംഘടിതമായി നടക്കുന്ന ആക്രമണങ്ങളാണ് ഇതൊക്കെയെന്നാണ് വ്യക്തിപരമായ അഭിപ്രായം. പിന്നില്‍ എസ്ഡിപിഐയുടെ പ്രതിനിധികളാണ്. നിരോധിത സംഘടനകളുണ്ടോയെന്നതും സംശയമുണ്ട്. ബഹളം വച്ചവര്‍ അത്തരം സംഘടനകളിലുള്ളവരാണ് (‘ഹിജാബ് വിവാദത്തിന് പിന്നില്‍ നിരോധിത സംഘടനകള്‍’; സൂചന നല്‍കി പിടിഎ പ്രസിഡന്റ്, ഒക്ടോബര്‍ 14, ന്യൂസ് 18).
പിടിഎ പ്രസിഡന്റായ ജോഷി പിന്നീട് എന്‍ഡിഎ പ്രതിനിധിയായി കൊച്ചി കോര്‍പറേഷനിലെ 63ാം ഡിവിഷനിലേക്ക് മല്‍സരിച്ചു (ഡിസംബര്‍ 9, ഫേസ്ബുക്ക്/ ജോഷി കൈതവളപ്പില്‍). അദ്ദേഹം അംഗമായിരുന്ന എന്‍പിപി എന്‍ഡിഎയുടെ ഭാഗമായതിനെത്തുടര്‍ന്നായിരുന്നു ഇത്.
പൊലീസ് സംരക്ഷണം
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി (ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ അധ്യാപകര്‍ വിലക്കിയ സ്‌കൂളിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി, ഒക്ടോബര്‍ 13, ന്യൂസ് മലയാളം).
സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്: വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15-ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും നല്‍കണം (ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നു, സ്‌കൂള്‍ അധികൃതര്‍, ഒക്ടോബര്‍ 14, ഏഷ്യാനെറ്റ്).
തങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ലെന്നും അവള്‍ ഇപ്പോഴും ഇവിടത്തെ കുട്ടിയാണെന്നും സ്‌കൂള്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന റിപോര്‍ട്ട് സത്യവിരുദ്ധമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. വിഷയം കോടതിയുടെ പരിഗണനയിലായതുകൊണ്ട് അത് അങ്ങനെത്തന്നെ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവില്‍ യൂണിഫോം തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനാണെന്ന് 2018ലെ വിധിയുണ്ട് (‘ഞങ്ങള്‍ ഒരിക്കലും കുട്ടിയെ പുറത്താക്കിയിട്ടില്ല, അവള്‍ ഇപ്പോഴും ഇവിടത്തെ കുട്ടിയാണ്’; ശിരോവസ്ത്ര വിലക്കില്‍ സ്‌കൂള്‍ അധികൃതര്‍ മാധ്യമങ്ങളോട്, ഒക്ടോബര്‍ 15, മീഡിയാവണ്‍).
ഇതിനിടയില്‍ ഹിജാബ് വിഷയം വഷളാക്കിയത് മന്ത്രിയാണെന്ന് മാനേജ്‌മെന്റ് കുറ്റപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് സമവായമുണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് മന്ത്രി ഇടപെട്ടത്. അത് ശരിയായില്ല. മന്ത്രിക്കെതിരായ നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രി സമവായമായെങ്കില്‍ നല്ലതെന്നും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞു: സ്‌കൂള്‍ മാനേജ്‌മെന്റ് താല്‍പര്യങ്ങള്‍ അതേ പടി നടപ്പാക്കുന്ന പിടിഎയാണ് സ്‌കൂളിലുള്ളത്. അത് മാറണം. വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു (ഹിജാബ് വിഷയം വഷളാക്കിയത് മന്ത്രിയെന്ന നിലപാടില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്; മനേജ്‌മെന്റ് ഉറച്ചു നിന്നതോടെ നിലപാട് മാറ്റി വിദ്യാഭ്യാസമന്ത്രി, ഒക്ടോബര്‍ 15, മീഡിയാവണ്‍).
സ്‌കൂളിന്റെ അവകാശം പ്രധാനം
കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശമെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍: . സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ല. സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി ഇവിടെ തന്നെ തുടര്‍ന്ന് പഠിക്കണമെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹം. കുട്ടിയുടെ മാതാപിതാക്കള്‍ ആഹ്രഹിക്കുന്നുണ്ടെങ്കില്‍ കുട്ടി ഈ സ്‌കൂളില്‍ തന്നെ പഠിക്കും. കുട്ടിയുടെ അവകാശ ലംഘനത്തേക്കാള്‍ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് 2018 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത് (കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം, മന്ത്രിക്ക് ഇതിലെന്ത് കാര്യം?; വി ശിവന്‍കുട്ടിയെ തള്ളി സ്‌കൂള്‍ പിടിഎ, ഒക്ടോബര്‍ 15, സമകാലിക മലയാളം).
സ്‌കൂള്‍ യൂണിഫോം; തര്‍ക്കം തീര്‍ന്നുവെന്ന് സ്‌കൂള്‍
ശിരോവസ്ത്ര വിവാദം സമവായത്തിലെത്തിയെന്നും തര്‍ക്കം പരിഹരിച്ചുവെന്നും സ്‌കൂളധികൃതര്‍ അറിയിച്ചു. 15ന് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചു. പൊലീസ് സംരക്ഷണം തുടരുന്നു. ആരോഗ്യപ്രശ്‌നമുള്ളതുകൊണ്ട് കുട്ടി സ്‌കൂളിലെത്തിയില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. ഹൈബി ഈഡനുമായി നടന്ന ചര്‍ച്ചക്കുശേഷമാണ് സമവായധാരണയായത് (സ്‌കൂള്‍ യൂണിഫോം: തര്‍ക്കം തീര്‍ന്നുവെന്ന് സ്‌കൂള്‍, ഒക്ടോബര്‍ 16, മനോരമ).
സഭാപ്രതിനിധികള്‍ സ്‌കൂളില്‍
ഹിജാബ് വിവാദത്തിന്റെ സാഹചര്യത്തില്‍ സ്‌കൂള്‍ നടത്തുന്ന സന്യാസി സമൂഹത്തിന്റെ കോണ്‍വന്റ് സഭാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ തോമസ് തറയില്‍, കെഎല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, കെആര്‍എല്‍ സിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്ന ചിലര്‍ (പള്ളുരുത്തി കോണ്‍വന്റ് സന്ദര്‍ശിച്ച് സഭാ പ്രതിനിധികള്‍, ആഗസ്റ്റ് 16, ദീപിക).
അഭിഭാഷകക്ക് കോടതിയുടെ താക്കീത്
ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ സ്‌കൂളിന്റെ അഭിഭാഷക ബിമല ബേബിക്ക് കോടതിയുടെ താക്കീത്. മുസ്ലീം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന് വേര്‍തിരിച്ചുള്ള പരാമര്‍ശം പാടില്ല. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളേ ഉള്ളൂ. മതം തിരിച്ച് പറയേണ്ടതില്ല. കുട്ടികളെ വേര്‍തിരിച്ച് കാണുകയും വേണ്ട- ഇതായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം (ശിരോവസ്ത്ര വിലക്ക്; മുസ്ലീം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന് വേര്‍തിരിവ് വേണ്ട: അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്, ഒക്ടോബര്‍ 17, മീഡിയാവണ്‍).
സര്‍ക്കാരിന്റെ വിശദീകരണം തേടി
അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ മേല്‍ സംസ്ഥാനത്തെ അധികൃതര്‍ക്ക് അധികാര പരിധിയില്ലെന്ന് പ്രഖ്യാപിക്കുക, സ്ഥാപനത്തിനെതിരെ നിര്‍ബന്ധിത നടപടി തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കുക എന്നി ആവശ്യങ്ങളുമായി സ്‌കൂള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ശിരോവസ്ത്രം ധരിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന എറണാകുളം ഡി.ഡി.ഇയുടെ ഉത്തരവ് സ്റ്റേ ചെയ്തില്ല (പള്ളുരുത്തി സ്‌കൂള്‍ വിഷയം ; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി, ഒക്ടോബര്‍ 17, ദീപിക).
അഭിഭാഷകക്കെതിരെ പരാതി
ശിരോവസ്ത്ര വിലക്കില്‍ പള്ളുരുത്തി സെന്റ റീത്താസ് സ്‌കൂളിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി.
കേസ് കോടതിയില്‍ നില്‍ക്കുന്നതിനിടെ മാധ്യമങ്ങളെ കണ്ടും ചാനല്‍ ചര്‍ച്ചകളില്‍ തത്സമയം പങ്കെടുത്തും പരസ്യപ്രതികരണം നടത്തുന്നുവെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അഡ്വ. ആദര്‍ശാണ് അഡ്വ. വിമല ബിനുവിനെതിരെ പരാതി നല്‍കിയത് (ശിരോവസ്ത്ര വിലക്ക്; സ്‌കൂളിന്റെ അഭിഭാഷകക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി, ഒക്ടോബര്‍ 23, സിറാജ്).
ഹർജിയില്‍ തീര്‍പ്പ്
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവും തുടര്‍നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാറും അറിയിച്ചതോടെ ഹിജാബ് കേസ് ഹൈക്കോടതി തീര്‍പ്പാക്കി. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിലപാട് അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കു ന്നതെന്നും എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ശിരോവസ്ത്രം അനുവദിക്കാത്തതെന്നും സ്‌കൂളിന്റെ അഭിഭാഷക കോടതിയില്‍ വാദിച്ചു. എന്നാല്‍, വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ച കോടതി എല്ലാ കക്ഷികളും തുടര്‍നടപടിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഹരജി തീര്‍പ്പാക്കുന്നതായി അറിയിച്ചു (പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഹർജി തീര്‍പ്പാക്കി ഹൈക്കോടതി, ഒക്ടോബര്‍ 25, സിറാജ്).
മന്ത്രിയുടെ പ്രതികരണങ്ങള്‍
സ്‌കൂളുകളില്‍ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും, ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ലെന്നും, വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു (ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല’; കൊച്ചി സ്‌കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ വി ശിവന്‍കുട്ടി, മറുനാടന്‍ മലയാളി, ഒക്ടോബര്‍ 13).
സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു: വിദ്യാര്‍ഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തില്‍ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല… കുട്ടിയോ രക്ഷിതാവോ വേണ്ടെന്ന് പറയുന്നത് വരെ കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട്ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. വിഷയത്തില്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.
അന്വേഷിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്നും മന്ത്രി ചോദിച്ചു. 14ന് 11 മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു (ശിരോവസ്ത്ര വിവാദം: ‘വിദ്യാര്‍ഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപം, ഒരു കുട്ടിക്കും ഇനി ദുരനുഭവം ഉണ്ടാകരുത്’; മന്ത്രി വി. ശിവന്‍കുട്ടി, ഒകടോബര്‍ 14, മാതൃഭൂമി).
യൂണിഫോം വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കണം
സ്‌കൂള്‍ യൂണിഫോം വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്തു ധരിക്കണമെന്നതില്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടരുത്. സ്‌കൂള്‍ യൂണിഫോം മറയ്ക്കുന്ന രീതിയില്‍ വേഷം പാടില്ല (സ്‌കൂള്‍ യൂണിഫോം വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കണം: മന്ത്രി ശിവന്‍കുട്ടി, ഒക്ടോബര്‍ 14, ദേശാഭിമാനി).
മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നു
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് അറിയിച്ചിരുന്നു. കുട്ടിയെ തുടര്‍ന്നും അതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചതാണ്. പ്രശ്‌നത്തില്‍ പരിഹാരം കണ്ടിട്ടും എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കുട്ടികളില്‍ തുല്യത ഉറപ്പിക്കാനാണ് സ്‌കൂളില്‍ യൂണിഫോം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടല്‍ നടത്തുന്നു എന്ന് സംശയിക്കുന്നു. മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണ്. ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി (ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നു, സ്‌കൂള്‍ അധികൃതര്‍, ഒക്ടോബര്‍ 14, ഏഷ്യാനെറ്റ്).
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് സീറോ മലബാര്‍ സഭയും പ്രതികരിച്ചു (സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘രമ്യതയില്‍ പരിഹരിച്ച വിഷയം ഊതിക്കത്തിച്ചു’; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും സിറോ മലബാര്‍സഭയും, ഒക്ടോബര്‍ 15, മീഡിയാ വണ്‍).
രാഷ്ട്രീയവല്‍ക്കരിക്കുന്നു
പള്ളുരുത്തി സ്്കൂള്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതി ലഭിച്ചപ്പോള്‍ അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. അദ്ദേഹം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി. അത് നിയമപരമായ നടപടിക്രമം മാത്രമാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ചേര്‍ന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്ന കാര്യം അവര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതേക്കാള്‍ താല്‍പര്യം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് (ശിരോവസ്ത്രവിലക്ക്: രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമം: മന്ത്രി വി ശിവന്‍കുട്ടി, ഒക്ടോബര്‍ 17, സിറാജ്).
സ്‌കൂളിന്റെ നിലപാട് വിരോധാഭാസം
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നു പറയുന്നത്. അതു വിരോധാഭാസമായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്‌കൂള്‍ വിട്ട് പോകുന്നതിന് കാരണക്കാരായവര്‍ ആരായാലും സര്‍ക്കാരിനോട് മറുപടി പറയേണ്ടിവരും. മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി സ്‌കൂള്‍ അധികാരികള്‍ ആയിരിക്കും. ധിക്കാരത്തോടെയാണ് പി.ടി.എ പ്രസിഡന്റ് സംസാരിച്ചത് (ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നു പറയുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി, ഒക്ടോബര്‍ 18, ജന്മഭൂമി).
ഹൈബി ഈഡന്റെ ഇടപെടല്‍
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം അവസാനിപ്പിക്കാന്‍ ധാരണയായെന്ന് ഹൈബി ഈഡന്‍ എംപി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവരോടൊപ്പം സ്‌കൂളിലെത്തി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണ ആയതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു: സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും ഈ സ്‌കൂളില്‍തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ആര്‍എസ്എസ്, ബിജെപി ശക്തികളുടെ ശ്രമം അനുവദിക്കില്ല. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. ഈ മണ്ണിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്താന്‍ ഒരു ശക്തികളെയും അനുവദിക്കില്ല. കേരളത്തില്‍ ചിലയാളുകള്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് സമൂഹത്തില്‍ എവിടെയാണ് ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുക എന്ന് അന്വേഷിച്ചാണ്- അദ്ദേഹം പറഞ്ഞു (ഹിജാബ് തര്‍ക്കം; സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി, തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണയായെന്ന് ഹൈബി ഈഡന്‍, ഒക്ടോബര്‍ 14, ഇടിവി ഭാരത്; വിവാദം ഒത്തുതീര്‍പ്പായതായി ഹൈബി ഈഡന്‍, ഒക്ടോബര്‍ 15, സിറാജ്).
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നതായും അതൊന്നും ഇവിടെ വിലപ്പോവില്ലെന്നും ഹൈബി ഈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു (‘അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി, നിങ്ങളുടെ ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല’; കൊച്ചിയിലെ ഹിജാബ് വിവാദത്തില്‍ ബിജെപി,ആര്‍എസ്എസിനെതിരെ ഹൈബി ഈഡന്‍ എംപി, ഒക്ടോബര്‍ 14, മീഡിയാ വണ്‍).
കുടുംബത്തിന്റെ പ്രതികരണങ്ങള്‍
സ്‌കൂള്‍ നിയമാവലി അംഗീകരിക്കുന്നുവെന്ന് പിതാവ്
സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് അനസ്. സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നു. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹം. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല. കുട്ടി നാളെ സ്‌കൂളില്‍ വരും. ഇക്കാര്യം കുട്ടിയുടെ പിതാവ് സ്‌കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു. ഹൈബി ഈഡന്‍ എംപി, മുഹമ്മദ് ഷിയാസ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു (‘വര്‍ഗീയവാദികള്‍ക്ക് ഇടം കൊടുക്കില്ല; സ്‌കൂള്‍ നിയമാവലി അംഗീകരിക്കുന്നു’; ഹിജാബ് ഒഴിവാക്കി വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തുമെന്ന് പിതാവ്; സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാര്‍ഥിനിയുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വി ശിവന്‍കുട്ടി; മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍; കെട്ടടങ്ങാതെ ഹിജാബ് വിവാദം, ഒക്ടോബര്‍ 14, മറുനാടന്‍ മലയാളി).
വിട്ടുവീഴ്ച മാത്രമെന്ന് പിതാവ്
വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ തങ്ങളുടെ മകളെ ഹിജാബില്ലാതെ സ്‌കൂളിലയക്കാന്‍ തയ്യാറായിട്ടും മന്ത്രി സ്‌കൂളിനെ കുറ്റപ്പെടുത്തുകയാണെന്ന പ്രചാരണം വ്യാപകമായതിനിടയില്‍ പിതാവിന്റെ വാട്സ്അപ്പ് സന്ദേശം പുറത്തുവന്നു. തന്റെ നിലപാട് മൂലം മതസൗഹാര്‍ദ്ദം തകരാറിലാവുമെന്ന ഹൈബി ഈഡന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് അങ്ങനെയൊരു നിലപാടെടുത്തതെന്നും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അനുകൂല സമീപനം വന്നിട്ടും ഗുണമുണ്ടായില്ലെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്:
ഹൈബി ഈഡനും ഡിസിസി പ്രസിഡന്റ് ഷിയാസ് വീട്ടില്‍ വന്നിരുന്നു. ഒന്നര മണിക്കൂറോളം സംസാരിച്ചു. അവിടെ വര്‍ഗീയ പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടീനെ തട്ടമിടാണ്ട് വിടണമെന്ന് പറഞ്ഞു. ഡിഡിഇയുടെ അടുത്ത് കേസ് കൊടുത്തത് വിധിയാകൂലാ എന്നും പറഞ്ഞു. രാവിലെ എംഎല്‍എ സാറും വന്നു. അദ്ദേഹവും കുറെ നേരം സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡൊമിനിക് പ്രസന്റേഷനും വന്നു.
അപ്പോ, ഞാനായിട്ട്, ക്രമസമാധാനവും മതസൗഹാര്‍ദ്ദവും തകരേണ്ട എന്ന നിലയില്‍ നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി, നിങ്ങള്‍ പറയുന്ന കണ്ടീഷന്‍ പാലിക്കാമെന്ന് പറഞ്ഞു.
ഇപ്പോള്‍ ഡിഡിഇയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാമെന്നുള്ള ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു. വിജയം കിട്ടി. പക്ഷേ, നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി. (‘ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു; വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി’: ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്സാപ് സന്ദേശം പുറത്ത്; വിവാദത്തില്‍ മന്ത്രി നിലപാട് മയപ്പെടുത്തുമ്പോഴും ആശയക്കുഴപ്പം തുടരുന്നു, ഒക്ടോബര്‍ 15, മറുനാടന്‍).
സെന്റ് റീത്താസിലെ പഠനം അവസാനിപ്പിക്കുന്നു
ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പിതാവ് അനസ് വിഷയത്തില്‍ ഇടപെട്ട സര്‍ക്കാരിന് നന്ദി പറഞ്ഞു: മതസൗഹാര്‍ദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുത്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചു. പക്ഷേ, മാനേജ്‌മെന്റ് അനുമതി നല്‍കിയില്ല. അവിടെ പഠിക്കണോ എന്ന് മകളോട് ചോദിച്ചപ്പോള്‍ അതിന് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്. മകളുടെ തുടര്‍പഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തില്‍ സംഘര്‍ഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടര്‍വിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനം. താന്‍ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്നവും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല (അവള്‍ ഇനി ആ സ്‌കൂളിലേക്കില്ല; ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം നിര്‍ത്തുന്നു, ഒക്ടോബര്‍ 17, മീഡിയാവണ്‍).
ലീഗിന്റെ പിന്തുണയുണ്ടായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നെന്ന് സിപിഎം നേതാവ് ഡോ. പി സരിന്‍ ഇതേകുറിച്ച് ഫേസ്ബുക്കില്‍ എഴുതി: വിദ്യാര്‍ഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പഠിച്ചിരുന്ന സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ഷാജിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. സ്‌കൂളിന്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാന്‍ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീര്‍പ്പ് നാടകം കളിച്ചത്. സ്‌കൂളില്‍ തട്ടമിട്ടുകൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടിയും മാതാപിതാക്കളും പരാതി നല്‍കിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളും ഓടിവന്ന് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്രേ! എന്താണ് ഒത്തുതീര്‍പ്പില്‍ പറഞ്ഞത്? കുട്ടിയോടും കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞു തട്ടമിടാതെ തന്നെ നിങ്ങള്‍ക്ക് സ്‌കൂകൂളില്‍ പഠനം തുടരാം (ശിരോവസ്ത്ര വിലക്ക്; ‘ലീഗിന്റെ പിന്തുണയുണ്ടായിരുന്നെങ്കില്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു’; ഡോ. പി.സരിന്‍, ഒക്ടോബര്‍18, മീഡിയ വണ്‍).
തട്ടം ധരിച്ചത് ആര്‍ട്‌സ് ഡെ ദിനത്തില്‍
കുട്ടികള്‍ക്ക് യൂനിഫോം നിര്‍ബന്ധമില്ലാത്ത് ആര്‍ട്‌സ് ഡേയുടെ അന്നാണ് മകള്‍ സ്‌കൂളില്‍ തട്ടം ഇട്ട് പോയതെന്ന് പിതാവ് അനസ്. എല്ലാ ദിവസവും നിന്നോട് ഇത് പറയണോ എന്നാണ് അധ്യാപിക ചോദിച്ചത്. തന്റെ രണ്ടു മക്കളും കടുത്ത ഹൃദയവേദനയോടെയാണ് സ്‌കൂള്‍ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സ്‌കൂളില്‍ അഞ്ചാം ക്ലാസിലും അനസിന്റെ മകന്‍ പഠിക്കുന്നുണ്ട് (ഹൃദയവേദനയോടെ ആ സ്‌കൂളില്‍ നിന്നും ഇറങ്ങുന്നത് അനസിന്റെ രണ്ട് മക്കള്‍: ഒക്ടോബര്‍ 19, മാധ്യമം).
നിയമനടപടിയുമായി പിതാവ്
ഒക്ടോബര്‍ 17ന് റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍കുമാര്‍ വിദ്യാർത്ഥിയുടെ പിതാവ് മകളെ നാല് തവണ സ്‌കൂള്‍ മാറ്റിയെന്ന് പറഞ്ഞിരുന്നു. പിതാവ് ഇതിനെതിരേ നിയമനടപടി സ്വീകരിച്ചു. അതേക്കുറിച്ച് പിതാവിന്റെ അഭിഭാഷകന്‍ അമീന്‍ ഹസന്‍: ഇന്ന് രാവിലെ റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍കുമാര്‍ മോര്‍ണിംഗ് ഷോയില്‍ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ മകളെ വര്‍ഷത്തില്‍ നാല് തവണ സ്‌കൂള്‍ മാറ്റി, വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നില്ല എന്ന അര്‍ത്ഥത്തില്‍ ഒരു പ്രസ്താവന നടത്തി. വസ്തുതാവിരുദ്ധമായ ഈ പരാമര്‍ശം അദ്ദേഹം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോവും (ഒക്ടോബര്‍ 17, മഖ്തൂബ് മീഡിയ).
പുതിയ സ്‌കൂളിലേക്ക്
വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് പുതിയ സ്‌കൂളിലേക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചു: അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപ്പിടിച്ച് തന്നെ അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്. പ്രതിസന്ധിഘട്ടങ്ങളില്‍ ആള്‍ക്കൂട്ടങ്ങളുടെയോ സംഘടിത ശക്തിയുടെയോ പിന്‍ബലമില്ലാതെ ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന് മുഴുവന്‍ പേര്‍ക്കും പ്രാര്‍ത്ഥന മനസ്സോടെ, നന്ദിയോടെ. വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ (ഒക്ടോബര്‍ 29, ഫേസ്ബുക്ക്/ അനസ് നൈന).
മാധ്യമ പ്രതികരണങ്ങള്‍
മുഖം മറച്ച ചിത്രങ്ങള്‍
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മിക്കവാറും മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ പ്രതീകാത്മക ചിത്രമായി ഉപയോഗപ്പെടുത്തിയത് മുഖം മറച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളായിരുന്നു. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ സമകാലിക മലയാളത്തിന്റെ വാര്‍ത്തയോടൊപ്പമുള്ള ചിത്രങ്ങള്‍ (കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം, ഒക്ടോബര്‍ 13, സമകാലിക മലയാളം).
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇസ്ലാമിസ്റ്റുകള്‍
ഹിജാബ് വിവാദത്തിന്റെ പേരില്‍ ഇ്‌സലാമിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ജനം ടിവി തങ്ങളുടെ വാര്‍ത്തയില്‍ ആരോപിച്ചു. വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ: ഹിജാബ് ധരിക്കണമെന്ന് എട്ടാം ക്ലാസ്സുകാരി, യൂണിഫോം മതിയെന്ന് മാനേജ്‌മെന്റ്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇ്‌സലാമിസ്റ്റുകള്‍. കൊച്ചിയില്‍ സ്‌കൂള്‍ അടച്ചു (ഒക്ടോബര്‍ 13, ജനം ടിവി).


എസ്ഡിപിഐ അടപ്പിച്ച സ്‌കൂള്‍
ന്യൂസ് 18 കേരള, സുരക്ഷ ഒരുക്കാനുള്ള സ്‌കൂളിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിധി റിപോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്:
ഹിജാബ് വിലക്ക്; എസ്ഡിപിഐ അടപ്പിച്ച സ്‌കൂളിന് കാവലൊരുക്കി പൊലീസ്.
ഹിജാബിലെ അജണ്ടയെന്ത്?
ഹിജാബിന്റെ അജണ്ടയെന്ത് എന്ന ശീര്‍ഷകത്തില്‍ ജനം ടിവി ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അതില്‍ പ്രധാനമായും ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇവയാണ്: ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന മന്ത്രി ഭീഷണിപ്പെടുത്തി. മുസ്ലീങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹിജാബ് വിവാദം ഇസ്ലാമിക വല്‍ക്കരണത്തിന്റെ ഭാഗമാണ്. നടക്കുന്നത് സര്‍ക്കാര്‍ ചെലവിലാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് പ്രീണനമാണ്. സര്‍ക്കാര്‍ മതഭ്രാന്തിന് ചൂട്ടുപിടിക്കുകയാണ് (ഹിജാബിലെ അജണ്ടയെന്ത്? ഒക്ടോബര്‍ 14, ജനം ടിവി).
അപക്വവും അജ്ഞതയും
ഹിജാബ് വിഷയത്തില്‍ സാമൂഹിക മാധ്യമത്തില്‍ വന്ന വിദ്യാഭ്യാസ മന്ത്രിയുടെതായ പ്രസ്താവന അപക്വവും അജ്ഞത നിറഞ്ഞതാണെന്നും സമൂഹത്തെ ഒന്നിപ്പിച്ച് നിര്‍ത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവ് ആകരുതെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ അഭിപ്രായപ്പെട്ടു (ഒക്ടോബര്‍ 14, ഫേസ്ബുക്ക്/ ഷാക്കിന ടെലിവിഷന്‍).
നിസ്‌കാരമുറി അടച്ചപ്പോള്‍ ശിരോവസ്ത്രം
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്ര വിവാദത്തില്‍ കത്തോലിക്കസഭ മുഖപത്രം ദീപിക രൂപക്ഷമായി പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടവര്‍ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണെന്നും ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ദീപിക മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു: മറ്റ് വിദ്യാർത്ഥികളെപ്പോലെ പെരുമാറാന്‍ പറ്റില്ലെന്ന വാശിയിലാണെങ്കില്‍ മാതാപിതാക്കള്‍ വിദ്യാർത്ഥിനിയെ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റണം. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. തങ്ങളുടെ സ്‌കൂളിന്റെ നിയമങ്ങള്‍ പാലിച്ച്, സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലീം ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലര്‍ക്കു മാത്രം അസാധ്യമാകുന്നത്? വിദേശരാജ്യങ്ങളില്‍ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങള്‍കൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുള്‍പ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളില്‍ തീവ്ര മതവികാരം കുത്തിനിറക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം (നിസ്‌കാരമുറിയടച്ചപ്പോള്‍ ശിരോവസ്ത്രം, ഒക്ടോബര്‍ 15, ദീപിക).
പോപ്പുലര്‍ ഫ്രണ്ടിന്റെ അതിബുദ്ധി
ഈ ഹിജാബ് വിവാദത്തിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്ന് മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന്‍ സ്‌കറിയ: പഴയ പോപ്പുലര്‍ ഫ്രണ്ടുകാരുടെ അതിബുദ്ധിയാണിത്. ഇടയ്ക്കിടെ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കുക. അത് കൃത്യമായ ഒരു പാറ്റേര്‍ണില്‍ നിർമ്മിക്കുന്നതാണ്. മോഡറേറ്റ് മുസ്ലീം യുവതികള്‍ തട്ടം ഉപേക്ഷിക്കുന്ന പ്രവണത കൂടി വരുമ്പോള്‍ ഇത്തരം വിവാദങ്ങളിലൂടെ അവരെ സ്വാധീനിച്ച് പ്രതിരോധിക്കുന്നതാണ്. നമ്മുടെ വിശ്വാസത്തെ അന്യമതസ്ഥര്‍ എതിര്‍ക്കുമ്പോള്‍ ആ വിശ്വാസം അടയാളപ്പെടുത്താന്‍ ആര്‍ക്കായാലും ഉണ്ടാകുന്ന പ്രവണതയാണ് ലക്ഷ്യം. വിവാദം വളരുന്നതോടെ തട്ടത്തോട് താല്പര്യം ഇല്ലാത്തവരും പ്രതിഷേധം എന്ന നിലയില്‍ അത് ധരിക്കും. അത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഏത് കോടതി പറഞ്ഞാലും കൃത്യതമായ ഇടവേളകളില്‍ ഹിജാബ് വിവാദമാകുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കും (ഒക്ടോബര്‍ 15, ഫേസ്ബുക്ക്/ ഷാജന്‍ സ്‌കറിയ).
കുത്തിത്തിരിപ്പുകാര്‍
ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ലീം പെണ്കുട്ടികള്‍ക്കുണ്ട്. യൂണിഫോമിന്റെ പേര് പറഞ്ഞ് അത് നിഷേധിക്കുന്നത് ഉചിതമല്ല. എന്നാല്‍ അഡ്മിഷന്‍ സമയത്ത് തങ്ങള്‍ ഇത് അനുവദിക്കില്ല എന്ന് മാനേജ്മെന്റ് പറഞ്ഞപ്പോള്‍ സമ്മതിച്ച് സ്‌കൂളില്‍ ചേര്‍ന്ന കുട്ടിയുടെ മാതാപിതാക്കള്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി മൂന്ന് മാസങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കിയത് ഖേദകരമാണ്. ഒടുവില്‍ കാര്യം പിടികിട്ടിയ അവര്‍ പിന്മാറിയപ്പോള്‍ കുത്തിത്തിരുപ്പുമായി രംഗത്തിറങ്ങിയ ശിവന്‍ കുട്ടിയാണ് ഏറ്റവും വലിയ കുഴപ്പക്കാരന്‍ (ഒക്ടോബര്‍ 15, ഫേസ്്ബുക്ക്/ ഷാജന്‍ സ്‌കറിയ).
മാതൃഭൂമി കാര്‍ട്ടൂണ്‍
ഒക്ടോബർ 16ന് മാതൃഭൂമി ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ചേര്‍ത്തിരുന്നു. ശിവന്‍കുട്ടി തീ കത്തുന്നിടത്തേക്ക് ഓടി വരുന്നതും എത്ര നേരമായി സംഘട്ടനം തുടങ്ങിയിട്ട് എന്ന് ചോദിക്കുന്നതുമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്ത് അദ്ദേഹ കത്തുന്ന തീയിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നു. കുറച്ച് താമസിച്ചുപോയെന്ന് അടിക്കുറിപ്പും ചേര്‍ത്തു (ഒക്ടോബര്‍ 16, ഗോപികൃഷ്ണന്റെ കാര്‍ട്ടൂണ്‍, മാതൃഭൂമി).
എസ്ഡിപിഐ നിർദ്ദേശമെന്ന് സൂചന
ഹിജാബ് വിഷയത്തില്‍ എഇഒ നല്‍കിയ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് സ്‌കൂള്‍ പറഞ്ഞതായ ഒരു വാര്‍ത്ത 16ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയിലെ ഒരു ഭാഗം തന്റെ മകളെ സ്‌കൂളിലേക്ക് വിടാന്‍ രക്ഷിതാവ് തയ്യാറാണെന്ന് പറഞ്ഞുവെന്നതാണ്. എന്നാല്‍ അടുത്ത ദിവസം വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ല. അത് എസ്ഡിപിഐ നിര്‍ദേശിച്ചത് പ്രകാരമാണെന്ന് സൂചനയുണ്ടെന്ന് പത്രം എഴുതി (ഹിജാബ്: എഇഒ റിപ്പോര്‍ട്ട് സത്യവിരുദ്ധമെന്ന് സ്‌കൂള്‍ അധികൃതര്‍, കുട്ടി ഇന്നലെ സ്‌കൂളിലെത്തിയില്ല, എസ്ഡിപിഐ നിര്‍ദേശപ്രകാരമെന്ന് സൂചന, ഒക്ടോബര്‍ 16, ജന്മഭൂമി).
മതവിഭാഗീയത അനുവദിച്ചുകൂടാ
ഒക്ടോബർ 16ന് ജന്മഭൂമിയുടെ എഡിറ്റോറിയല്‍ ഈ സംഭവമായിരുന്നു. ഹിജാബ് വിവാദത്തിന് പിന്നില്‍ ഇസ്ലാമിക മതമൗലികവാദികളാണെന്നായിരുന്നു പത്രത്തിന്റെ ആരോപണം: ഒരു വിദ്യാര്‍ഥിനിയെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞു എസ്ഡിപിഐ ഭീകരര്‍ സംഘടിച്ചെത്തി അതിക്രമങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മാനേജ്‌മെന്റിന് രണ്ടു ദിവസം സ്‌കൂള്‍ അടച്ചിടേണ്ടിവന്നു. സ്‌കൂളിന് അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും ഇസ്ലാമിക മതമൗലിക വാദികള്‍ സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനേജ്‌മെന്റിന്റെ പരാതിയില്‍ കേസെടുക്കാതിരുന്നത് മതതീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന് തുല്യമാണ്. മന്ത്രി ഇസ്ലാമിക മതതീവ്രവാദികളെ പിന്തുണച്ചു. മന്ത്രി സംസാരിക്കുന്നത് മതമൗലികവാദികളുടെ ഭാഷ. മതേതര സങ്കല്‍പ്പത്തിന് അനുകൂലമായ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോമാണ് വേണ്ടതെന്ന വികാരം നിലവിലുള്ളപ്പോഴാണ് മന്ത്രി മതവിഭാഗീയത സൃഷ്ടിക്കുന്നത്. തീവ്രവാദികളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ജിഹാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണ് (മതവിഭാഗീയത അനുവദിച്ചുകൂടാ, ഒക്ടോബര്‍ 16, ജന്മഭൂമി).
മന്ത്രിക്ക് മറുപടി പറാനില്ല
ഹിജാബിന് വിലക്കേര്‍പ്പെടുത്തിയാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഈ വിഷയത്തില്‍ മന്ത്രിക്ക് മറുപടി പറയാനില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം (ഹിജാബ്: മന്ത്രിക്ക് മറുപടി നല്‍കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍, ഒക്ടോബര്‍ 17, ജന്മഭൂമി).
ഹിജാബണിയുന്ന വിദ്യാലയങ്ങള്‍
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്‍തുണയോടെ കേരളം അതിവേഗം താലിബാന്‍ വത്ക്കരിക്കപ്പെടുകയാണെന്ന് കേസരി ലേഖനം. മറ്റ് ആരോപണങ്ങള്‍ ഇങ്ങനെ: മുസ്ലീം ജനസംഖ്യ മുപ്പത് ശതമാനത്തോളമായതും ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ വിലപേശല്‍ ശക്തി കുറഞ്ഞതും ഹിന്ദു സമൂഹം ജാതീയമായും രാഷ്ട്രീയമായും ചേരിതിരിഞ്ഞു നില്‍ക്കുന്നതുമാണ് മുസ്ലീം മതമൗലികവാദത്തിന് മേല്‍ക്കൈ ഉണ്ടാക്കിയത്. ഓരോ മതങ്ങളും അനുശാസിക്കുന്ന വേഷവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാല്‍ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വിഭാഗീയ പ്രവണതകള്‍ വളര്‍ന്നു വരാം. മതമൗലികവാദികള്‍ പരിശ്രമിക്കുന്നതും ഇതിനാണ് (ഹിജാബണിയുന്ന വിദ്യാലയങ്ങള്‍!, ഒക്ടോബര്‍ 24, കേസരി).
പൊതു പ്രതികരണങ്ങള്‍
കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ല
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് വിമര്‍ശിച്ചു: മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നില്‍. കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ബീഫിന്റെ പേരിലല്ല ഹാല്‍ സിനിമ സെന്‍സര്‍ ചെയ്തത്. തെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. ലൗ ജിഹാദിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും അണിയറ പ്രവര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു. (‘കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ല’, കൊച്ചി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് കാരണം മുഖ്യമന്ത്രിയുടെ പത്ത് വോട്ട് നോക്കിയുള്ള നിലപാടെന്നും ഷോണ്‍ ജോര്‍ജ്, ഒക്ടോബര്‍ 13, ഏഷ്യാനെറ്റ്)
രണ്ടു ദിവസത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഷോണ്‍ ജോര്‍ജ് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും എസ്ഡിപിഐയെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു പരാതി (എസ്ഡിപിഐയെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണക്കുന്നു: ഷോണ്‍ ജോര്‍ജ്, ഒക്ടോബര്‍ 16, ജന്മഭൂമി).
അധ്യാപികമാര്‍ക്കില്ലാത്ത നിബന്ധന?
അധ്യാപികമാര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്കുള്ളതെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പളും അധ്യാപകരും തല മറച്ചും ളോഹയിട്ടും സ്‌കൂളില്‍ ജോലി ചെയ്യുന്നതെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത് (അധ്യാപികമാര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഒക്ടോബര്‍ 13, മീഡിയാവണ്‍).
ഇതിനെതിരേ മാധ്യമപ്രവര്‍ത്തക ലിബി ഹരി ഇങ്ങനെ എഴുതി: എന്തോന്നാടോ വിഷപ്പെ കാവി നൈറ്റിയിട്ടുമിട്ട് തലയില്‍ കൊടശീലയും ചുറ്റി വിവരദോഷം എഴുന്നൊള്ളിക്കുന്നത്? സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലുമൊക്കെ മത ചിഹ്നങ്ങള്‍ ഒഴിവാക്കേണ്ടത് തന്നയാണ്. എന്നാല്‍ അതിനുള്ള ഗട്ട്‌സ് ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലാത്ത സ്ഥിതിക്ക് അതൊന്നും പറഞ്ഞിട്ടു കാര്യവുമില്ല. മതമില്ലാത്ത ജീവന്‍ എന്നൊരു പാഠഭാഗം ഏഴാം ക്ളാസില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഉണ്ടാക്കിയ പുകിലുകള്‍ക്കിടയില്‍ ഒരു അധ്യാപകനെ ചവിട്ടി കൊന്ന മത മൈരന്മാരാണ് ഇവിടെ ഉള്ളത്. ഇപ്പോള്‍ ഒരു വിഷപ്പന്റെ വിവര ദോഷ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നത് കണ്ടു… (ഒക്ടോബര്‍ 14, ഫേസ്ബുക്ക് /ലിബി ഹരി).
പൊട്ടുമായ്ക്കുന്ന മുസ്ലീം
ഇതേ ദിവസങ്ങളില്‍ മുന്‍ പോലിസ് മേധാവി ടി.പി സെന്‍കുമാര്‍ അവ്യക്തമായ ഒരു ഫോട്ടോ പങ്കുവച്ചു. കേന്ദ്രീയവിദ്യാലയത്തിലെ മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടിയുടെ പൊട്ട് മാച്ച് ഹിജാബ് ധരിക്കുന്നുവെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു വാദം: ഹിന്ദു വിദ്യാര്‍ത്ഥിനികളുടെ പൊട്ട് മായ്ക്കുകയും മുസ്ലീം സുഹൃത്തുക്കള്‍ വളരെ സമര്‍ത്ഥമായി അവരെ ഹിജാബ് ധരിപ്പിക്കുകയും ചെയ്യുന്നു! ഇത് നിഷ്‌കളങ്കതയുടെ പ്രവൃത്തിയല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രചാരണമാണ്. ഈ സംഭവം നടന്നത് ഛത്തീസ്ഗഢില്‍ അല്ല, കാസര്‍ഗോഡിലെ കേന്ദ്രീയ വിദ്യാലയത്തിലാണ്.! അതിനാല്‍ ഞങ്ങള്‍ ഈ സംഭവം അവഗണിക്കും, ഒരു നടപടിയും സ്വീകരിക്കില്ല.! അല്ലേ? (ഒക്ടോബര്‍ 13, ഫേസ്ബുക്ക്/ ടി.പി സെന്‍കുമാര്‍)
മത തീവ്രവാദികളുടെ അജണ്ട
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള മതതീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. യൂണിഫോമിന്റെ പേരില്‍ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ മതേതരത്വ ഭരണ സംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു:
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്‌മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2018 ല്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ വിധി നടത്തി. മാനേജ്‌മെന്റ് നിശ്ചയിക്കുന്ന യൂണിഫോം ധരിക്കുവാന്‍ തയ്യാറല്ലാത്തവര്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. നിയമ നീതി സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കി വെല്ലുവിളിക്കാന്‍ ചില മത തീവ്രവാദ സംഘങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നത് എന്തു വിലകൊടുത്തും എതിര്‍ക്കുവാന്‍ രാഷ്ട്രീയ മത സാമുദായിക നേതൃത്വങ്ങള്‍ മുന്നോട്ടുവരണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബോധപൂര്‍വമായ മൗനം തീവ്രവാദ അടിമത്വവും നിര്‍ഭാഗ്യകരവുമാണ്. ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും (ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ച് കൊടുക്കാനാവില്ല; ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും; എറണാകുളം സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സിബിസിഐ, ഒക്ടോബര്‍ 13, മറുനാടന്‍ മലായളി).
സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി
ആക്രമണ ഭീഷണിയില്‍ അടച്ചുപൂട്ടിയ സ്‌കൂളിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തിയെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി: കേരളത്തില്‍ ആദ്യമായി ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തപ്പോള്‍, വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ആശങ്കപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് അവധി പ്രഖ്യാപിക്കേണ്ടി വന്നത് നമ്മുടെ സംസ്ഥാനത്തിന് നാണക്കേടാണ്. അക്രമം ഭയന്ന് അവധി നല്‍കിയ സ്ഥാപനത്തെ ഭയപ്പെടുത്തി, ഭരണകൂടം നീതിയുടെ പക്ഷത്ത് നില്‍ക്കാതെ ഭയപ്പെടുത്തി, ഡിഇഒയും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി – നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു. ജനറല്‍ സെക്രട്ടറി ജോഷി കൈതവളപ്പിലാണ് പ്രസ്താവന പുറപ്പെടുവിച്ചത്. ഇദ്ദേഹം തന്നെയാണ് പിടിഎ പ്രസിഡന്റും (ഒക്ടോബര്‍ 13, ഫേസ്ബുക്ക്/ ജോഷി കൈതവളപ്പില്‍).
സ്‌കൂള്‍ അടച്ചത് എസ്ഡിപിഐ ഭീഷണിയില്‍
സ്‌കൂള്‍ അടച്ചത് എസ്ഡിപിഐ ഭീഷണിയെത്തുടര്‍ന്നാണെന്ന് ജന്മഭൂമി. ഹിജാബിന് വലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എസ്ഡിപിഐ ഭീകരര്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പത്രം എഴുതുന്നു (ഹിജാബ്: എസ്ഡിപിഐ ഭീഷണിയില്‍ സ്‌കൂള്‍ അടച്ചു, ഒക്ടോബര്‍ 14, ജന്മഭൂമി).
പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടണം
ഹിജാബ് വിവാദത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്ന് എഐവൈഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹിജാബ് വിഷയം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കി. വര്‍ഗീയത കലര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കണം (ഹിജാബ് വിവാദം: പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്ന് എഐവൈഎഫ്, ഒക്ടോബര്‍ 14, മംഗളം).
ഹിജാബ് തൊഴിൽ സാധ്യത കുറയ്ക്കും
ഈ ചര്‍ച്ചയില്‍ പൊതുസമൂഹത്തിലുള്ളവരും പങ്കെടുത്തു. ഹിജാബ് ധരിയ്ക്കുന്ന പുതിയ മുസ്ലിം കുട്ടികളുടെ തൊഴില്‍സാധ്യത കുറയുന്നുണ്ടെന്നാണ് ഈ സന്ദര്‍ഭത്തില്‍ കലാനിരൂപകനായ ജോണി എം.എല്‍ ഉപദേശിച്ചത്: ഇന്ത്യയില്‍ ജെന്‍സീ തലമുറയിലും മതവുമായി ബന്ധപ്പെട്ട കടുംപിടുത്തങ്ങള്‍ പടരുകയാണ്. മെട്രോ യാത്രാ വേളയില്‍ എത്ര ആണ്‍കുട്ടികളുടെ തലയ്ക്കു പിന്നിലാണ് സ്‌റ്റൈലായി വെട്ടിയ മുടിയ്ക്കിടയില്‍ നിന്ന് കുടുമയുടെ ഒരു തുമ്പ് പുറത്തേയ്ക്ക് നീളുന്നത്! കൈകളിലെ ചരടുകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല… പുരുഷാധികാരത്തിന്റെ മുഖംമൂടികളാണ് ഈ കാഴ്ചകള്‍. മതത്തിലേയ്ക്കും ഭക്തിയിലേയ്ക്കും കൂപ്പുകുത്തുന്ന സ്ത്രീകള്‍ പുരുഷാധികാരത്തിന് കൂടിയാണ് വഴങ്ങുന്നത്….ഹിജാബ് ധരിയ്ക്കുന്ന പുതിയ മുസ്ലീം കുട്ടികളോടാണ്. നിങ്ങള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ തൊഴില്‍ സാദ്ധ്യതകള്‍ കുറയുന്നത് നിങ്ങള്‍ കാണണം. ഞാന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ പോലും ഹിജാബോ ബുര്‍ക്കയോ ധരിച്ച കുട്ടികളെ, അവരിനി എത്ര ഇംഗ്ലീഷ് പറയുന്നവരായാലും, ഗ്യാലറികള്‍ ജോലിയ്ക്കായി വേണ്ടെന്നാണ് പറയുന്നത്. മുസ്ലീങ്ങളുടെ ഘെറ്റോയ്സേഷന്‍ (ചേരിവല്‍ക്കരണം) ഹിന്ദുത്വ ഇന്ത്യയ്ക്ക് മുന്‍പേ തുടങ്ങിയതാണ്. ഹിന്ദുത്വ ഇന്ത്യയില്‍ അതിന് ആക്കം കൂടി. മതചിഹ്നങ്ങളുമായി നടക്കുമ്പോള്‍ സ്വയം ചേരിവല്‍ക്കരണത്തിലേയ്ക്ക് കുട്ടികള്‍ നീങ്ങുകയാണോ എന്ന് ഞാന്‍ ഭയക്കുന്നു. എല്ലാ മതങ്ങളും സ്ത്രീയിലൂടെയാണ് പുരുഷാധികാരത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് (ഒക്ടോബര്‍ 14, ഫേസ്ബുക്ക്/ ജോണി എം.എല്‍).
സ്‌കൂള്‍ മാനേജ്‌മെന്റിന്റേത് ബുദ്ധിശൂന്യത
എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളില്‍ അനാവശ്യ ഹിജാബ് വിവാദമുയര്‍ത്തി, വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ ഭിന്നതയുണ്ടാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നത് അപലപനീയം മാത്രമല്ല, ബുദ്ധിശൂന്യതയാണെന്ന് മുന്‍ പുരോഹിതന്‍ ഫെലിക്‌സ് പുല്ലാടാന്‍: യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്‌കൂളിന് ഉള്ളപ്പോള്‍തന്നെ പരമ്പരാഗതമായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഒരു മതവിഭാഗം അനുവര്‍ത്തിച്ചുവരുന്ന ലളിതമായ ചില വസ്ത്രധാരണരീതികള്‍ സ്‌കൂളിന്റെ യൂണിഫോമിന് അലോസരമുണ്ടാക്കാത്തതാണെങ്കില്‍ മാനേജ്‌മെന്റ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. തികഞ്ഞ ബുദ്ധിശൂന്യതയാണ്. അത്തരം നടപടികള്‍ പരസ്യമായ ഉത്തരവുകളിലൂടെ നടപ്പാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയ ചിന്ത വളര്‍ത്തുന്നതിനേ അവസരമാക്കുകയുള്ളു. ആ കുട്ടി കന്യാസ്ത്രീമാർ തലയില്‍ ഇടുന്നതിലും ചെറിയൊരു തട്ടം തലയില്‍ ഇട്ടു എന്ന് മാത്രമേയുള്ളൂ. യൂണിഫോമിന് ലംഘനം ഉണ്ടാവുന്നത് പ്രശ്‌നമായായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്. തലയില്‍ ഒരു കഷണം തുണി ഉണ്ടെങ്കില്‍ യൂണിഫോമിന് എന്താണ് അപാകമുണ്ടാവുക. ഈ കണക്കിന് പോയാല്‍ ഒരു ഒരു തൂവാല നിവര്‍ത്തി കയ്യില്‍ പിടിച്ചാല്‍ പോലും ഭാവിയില്‍ പ്രതിഷേധം പ്രതീക്ഷിക്കണമല്ലോ (ഒക്ടോബര്‍ 14, ഫേസ്ബുക്ക്/ ഫെലിക്‌സ് പുല്ലൂടാന്‍).
വര്‍ഗീയ ധ്രുവീകരണം
ഹിജാബ് നിബന്ധനകള്‍ വര്‍ഗീയ ധ്രുവീകരണത്തിനാണെന്ന് പിഡിപി വിമര്‍ശിച്ചു. തല മറച്ചെത്തുന്ന കന്യാസ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസ് റൂമില്‍ തുല്യനീതി ഉറപ്പുവരുത്തണം (ഹിജാബ് നിബന്ധനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന്-പിഡിപി, ഒക്ടോബര്‍ 15, മാധ്യമം).
പിന്തുണയുമായി എബിവിപി
മതതീവ്രവാദികളുടെ ഭീഷണിയില്‍ സ്‌കൂള്‍ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്നും മാനേജ്‌മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂര്‍ണമായി പിന്തുണക്കുന്നുവെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു. ഈശ്വരപ്രസാദ്: യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റിയാണ്. അവിടെ ഹിജാബ് ഉള്‍പ്പടെയുള്ള മതവസ്ത്രങ്ങള്‍ക്ക് പ്രസക്തിയില്ല. ഇക്കാര്യം 2018 ല്‍ കോടതിയും നിസംശയം ശരിവെച്ചതാണ്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായി മത വസ്ത്രം വേണമെന്ന ആവശ്യം കോടതി ഉത്തരവിന്റെ ലംഘനമാണ്. മതപരമായ വസ്ത്രം ധരിക്കണമെന്ന ചിലരുടെ പിടിവാശിയാണ്. സ്‌കൂള്‍ സമയത്തില്‍ പോലും മതസംഘടനകള്‍ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം മാറിയത് അപകടകരമാണ്. യൂണിഫോം നിബന്ധനകള്‍ തെറ്റിച്ച വിദ്യാര്‍ഥിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും എന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം മത പ്രീണനത്തിന് വേണ്ടയുള്ളതാണ്.(മതതീവ്രവാദികളുടെ ഭീഷണിയില്‍ സ്‌കൂള്‍ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരല്‍ : എബിവിപി, വിശ്വസംവാദകേന്ദ്രം, ഒക്ടോബര്‍ 15).
ഹിജാബും പഠനവും
മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്തു (ഹിജാബും പഠനവും, സൂപ്പര്‍ പ്രൈം ടൈം, ഒക്ടോബര്‍ 15, മാതൃഭൂമി ന്യൂസ്).
ദുരൂഹം: ഹിജാബ് വിവാദം ദുരൂഹമാണെന്നാണ് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണിയുടെ നിലപാട്:
എഞ്ചിനീയറിംഗ് കോളജില്‍ തട്ടമിടാന്‍ അനുവാദം കൊടുത്തപ്പോള്‍ ഫുള്‍ സ്ലീവ് ഇടണമെന്ന് വാശിപിടിച്ചെന്നും ഇനി ഹിജാബിന് പകരം ബുര്‍ഖ ധരിക്കണമെന്ന് പറഞാല്‍ അനുവദിക്കാനാവില്ല. പ്രശ്നമുണ്ടാക്കുന്നത് എസ്ഡിപിഐ ആണ്. തട്ടം അനുവദിക്കുന്ന പല ക്രിസ്ത്യന്‍ സ്ഥാപനങ്ങളും ഉണ്ട്. അവിടെ അറബി പഠിപ്പിക്കുന്നുണ്ട്. തട്ടമിട്ട ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നുണ്ട്. മുസ്ലീം കുട്ടികള്‍ യൂണിഫോം നിര്‍ബന്ധമാക്കിയ പല പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ അടക്കം ധരിച്ച് പരിശീലനം നേടുന്നുണ്ട്. ഈ വിവാദം ദുരൂഹമാണ്. കന്യാസ്ത്രീ നടത്തുന്ന സ്‌കൂളുകളെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തുന്ന നല്ല നിലവാരമുള്ള സ്‌കൂളുകളെ ലക്ഷ്യമിട്ട് നടക്കുന്ന നീക്കമാണിത്. ഒരു സ്ഥാപനത്തിലെ രീതികള്‍ മാറ്റി തങ്ങള്‍ക്ക് ഇഷ്ടമുള്ളപോലെയാക്കണം എന്ന് പറയുന്ന നിലപാട് ശരിയല്ല.
എസ്ഡിപിഐയുടെ നിലപാട്: തട്ടം ധരിക്കണമെന്ന നിലപാട് എസ്ഡിപഐയുടേതാണെന്ന് അവതാരകന്‍ അഭിലാഷ് മോഹന്‍. ഈ നിലാപട് എല്ലാ മറ്റ് മുസ്ലീം സംഘടനകള്‍ക്കുമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് എസ് വൈ എസ് നേതാവ് അലി അക്ബര്‍ മറുപടി പറഞ്ഞു: മാനേജ്‌മെന്റുകള്‍ കൂടുതല്‍ ഉള്‍കൊള്ളലിന് തയ്യാറാവണം. ഞങ്ങള്‍ നടത്തുന്ന സ്‌കൂളിലുകളില്‍ തട്ടം യൂണിഫോമിന്റെ ഭാഗമാണ്. ഏന്നാല്‍ മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അത് നിഷ്‌കര്‍ഷിക്കറില്ല.
മതേതരത്വത്തിന് ഭൂഷണമാണോ: അഭിഭാഷകനായ അമീന്‍ ഹസ്സന്‍ ഹൈക്കോടതി വിധിയുടെ അന്തസ്സത്ത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു: ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ കേരള ഹൈക്കോടതിയിലെ വിധിയെക്കാള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസ്സത്തയാണ് മുറുകെപ്പിടിക്കേണ്ടത്. സഹോദര്യത്തില്‍ ഊന്നിയ സഹവര്‍ത്തിത്തമാണ് (ഫ്രറ്റേണിറ്റി) അത്. കോടതി വിധിയില്‍ ഊന്നി മാത്രം ചെയ്യേണ്ട ഒന്നല്ല. വിശാല താല്‍പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തി സ്വാതന്ത്ര്യം ഹനിക്കാം എന്നത് മേജോറിറ്റേറിയന്‍ വാദമാണ്. വിശ്വാസവും സംസ്‌കാരവും ഉപേക്ഷിച്ചാല്‍ മാത്രമേ മുസ്ലീം കുട്ടികള്‍ക്ക് സ്ഥാപനങ്ങളില്‍ പഠിക്കാനാകൂ എന്നത് ഭരണഘടനാ വിരുദ്ധമാണ്. സമവായത്തിനൊടുവില്‍ മുസ്ലീം സമുദായവും വ്യക്തികളും നിശബ്ദമാവേണ്ടി വന്നത് (ഒരു പ്രശ്‌നം ഒഴിവാക്കാം എന്ന വിചാരത്തില്‍) മതേതരത്വത്തിന് ഭൂഷണമാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
അല്‍ മതേതരത്വം: ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ മതേതരത്വത്തിന്റെ ഇരട്ടത്താപ്പ്, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുമായാണ് ഇതിനെ കൂട്ടിക്കെട്ടിയത്:
എസ്ഡിപിഐ ബാക്കിയുള്ള 116 കുട്ടികളെ കൂടി തട്ടമിടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കേരളത്തിൽ ഇപ്പൊള്‍ നടക്കുന്ന മതേതരത്വം അല്‍ മതേതരത്വമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ പരമാധികാരം നടപ്പാക്കുന്നതിന്റെ തലേ ദിവസം വരെ പറയുന്ന മതേതരത്വമാണെന്നും എംഎല്‍എ ഇല്ലെങ്കിലും എസ്ഡിപിഐ ആണ് ഭരണം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രം
സ്വന്തം മതത്തിലും വിഭാഗത്തിലും ഉള്‍പ്പെട്ടവരെ മാത്രം അധ്യാപകരായി നിയമിക്കുന്നവരുടെ മതേതരത്വ പ്രഭാഷണം കേള്‍ക്കാന്‍ ബഹുരസം !
സ്വന്തം മതാചാരമായ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് തട്ടമിവിടെ അനുവദിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുന്നത് (ഒക്ടോബര്‍ 15, ഫേസ്ബുക്ക്/ ടി.എസ് ശ്യാംകുമാര്‍)
മന്ത്രിയോ മതമേധാവിയോ
ഹിജാബ് വിവാദം ആളിക്കത്തിക്കാനാണ് മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂളിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് ജനം ടിവി. മന്ത്രിയോ മതമേധാവിയോ എന്ന ശീര്‍ഷകത്തില്‍ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഈ പ്രയോഗം. യൂണിഫോം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാമെന്ന് ഉറപ്പുനല്‍കി അഡ്മിഷന്‍ എടുത്തശേഷമാണ് വിവാദമുണ്ടായത്. അത് പിന്നീട് രമ്യമായി പരിഹരിച്ചു. ശിവന്‍കുട്ടി കുത്തിപ്പൊക്കിയത് എന്തിനാണെന്നായിരുന്നു ജനം ടിവി ചര്‍ച്ച ചെയ്തത്. വിദ്വേഷം ആളിക്കത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ചര്‍ച്ചയില്‍ അവതാരകന്‍ പറഞ്ഞുവച്ചത്. ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഒരു പ്രത്യേക മതത്തിന്റെ വക്താവായി അവതരിക്കുകയാണ്. 2018ലെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്‌കൂളിന് ഫത് വ പുറപ്പെടുവിച്ചത് അതുകൊണ്ടാണെന്നാണ് അവതാരകന്‍ ഉയര്‍ത്തുന്ന ചോദ്യം (മന്ത്രിയോ മതമേധാവിയോ? ഒക്ടോബര്‍ 17, ജനം ടിവി).
വണ്‍ സൈഡ് മതേതരത്വം
ഹിജാബ് വിവാദം പൊളിറ്റിക്കല്‍ ഇസ്ലാമിന്റ ശക്തിയാണെന്ന് പി.സി ജോര്‍ജ് കുറ്റപ്പെടുത്തി: എനിക്ക് പറയാനുള്ളത് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ വര്‍ഗീയവാദിയാക്കാന്‍ മത്സരിച്ചു. എതിര്‍ ശബ്ദമുയര്‍ത്തിയ എന്നെ പൂഞ്ഞാറില്‍ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കെണിയില്‍ പലരും വീണു. എന്റെ പരാജയം അവരുടെ വിജയമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാണാത്ത രീതിയിലുള്ള കടന്നുകയറ്റം സമസ്ത മേഖലയിലും നമ്മള്‍ കണ്ടു. ഇപ്പോഴും കാണുന്നു. ഇത്രയേറെ പൊളിറ്റിക്കല്‍ ഇസ്ലാം ശക്തിപ്രാപിച്ചു. കേരളത്തില്‍ ഉള്ളത് വണ്‍ സൈഡ് മതേതരത്വം മാത്രമാണ്.
പിന്നില്‍ എസ്ഡിപിഐ
ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. ബിജെപി സ്‌കൂളിന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു (‘ഹിജാബ് വിവാദത്തിന് പിന്നില്‍ ടഉജക, പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പാക്കാന്‍ ശ്രമം’; സ്‌കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോണ്‍ ജോര്‍ജ്, ഒക്ടോബര്‍ 15, 24 ന്യൂസ്).
എസ്ഡിപിഐ നേതാവ് ഉസ്മാന്‍ ഈ ആരോപണം നിഷേധിക്കുക മാത്രമല്ല ബിജെപി-കാസ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണെന്നും പറഞ്ഞു. ആരോപണം തെളിയിക്കാന്‍ അദ്ദേഹം ഷോണ്‍ ജോര്‍ജിനെയും കാസയെയും വെല്ലുവിളിക്കുകയും ചെയ്തു (പള്ളുരുത്തി ഹിജാബ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെയും കാസയെയും വെല്ലുവിളിച്ച് എസ്ഡിപിഐ നേതാവ് ഉസ്മാന്‍, ഒക്ടോബര്‍ 16, യുടോക്ക്).
ഹിജാബില്‍ കുട്ടിയുടെ താല്‍പര്യത്തിനൊപ്പം
ഹിജാബ് ധരിക്കണമെന്ന് ഒരു കുട്ടി ആവശ്യപ്പെട്ടാല്‍ അതിന് തടസ്സം നില്‍ക്കരുതെന്ന് എസ്ഡിപിഐ. ഇനി ഹിജാബ് വേണ്ട എന്ന് കുട്ടി പറഞ്ഞാല്‍ അതിനെയും എതിര്‍ക്കില്ല പാര്‍ട്ടി നിലപാട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് (‘തല മറച്ച് ഒരു കുട്ടി വരുമ്പോള്‍ എന്തിനാണിത്ര അസഹിഷ്ണുത’: അന്‍സാരി ഏനാത്ത്, ന്യൂസ് 18, ഒക്ടോബര്‍ 15).
നുഴഞ്ഞുകയറുന്ന തീവ്രവാദികള്‍
ശബരിമലയിലെ കൊള്ളയും, സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവും, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പിടിച്ചടക്കി തീവ്രവാദ സംഘടനകളായ എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും ഉയര്‍ച്ചയുമെല്ലാം കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും അവരെ സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തീവ്രവാദ സംഘടനകളായ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മിലൂടെയും കോണ്‍ഗ്രസിലൂടെയും കേരള രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞു കയറിയിരിക്കുകയാണ്. അവരുടെ വളര്‍ച്ചയ്ക്ക് തടയിട്ട് എല്ലാ സമുദായങ്ങളുടെയും മലയാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ധൈര്യവും കഴിവുമുള്ള ഏക പാര്‍ട്ടി ബിജെപി മാത്രമാണ്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട് (ഒക്ടോബര്‍ 16, ഫേസ്ബുക്ക്/ രാജീവ് ചന്ദ്രശേഖര്‍).
ക്രൈസ്തവര്‍ക്ക് മോദിയുടെ സംരക്ഷണം
പള്ളുരുത്തി വിവാദത്തിന് പിന്നില്‍ മതവര്‍ഗീയ ശക്തികളാണെന്നും ഇതൊരു ആസൂത്രിത ശ്രമമാണെന്നും സ്‌കൂളിലെ പെരുമാറ്റച്ചട്ടം പാലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നും കോടതി വിധികള്‍ സ്‌കൂളിന് അനുകൂലമാണെന്നും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. വേഷം നിര്‍ബന്ധമാണെങ്കില്‍ അങ്ങനെയുള്ള സ്‌കൂളിലേക്ക് പോകണം. കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളിനെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യംവയ്ക്കുന്നു. മുവാറ്റുപുഴ സ്‌കൂള്‍ വിവാദത്തിന് പിന്നിലും ഇക്കൂട്ടര്‍ തന്നെയാണ്. സ്‌കൂബാഡാന്‍സിന് എതിരേവന്ന ഇവര്‍ താലിബാനിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി കുടപിടിക്കുന്നു- കേരള സമൂഹത്തിലെ ക്രൈസ്തവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുമെന്ന് തുഷാര്‍ പറഞ്ഞു (ക്രൈസ്തവര്‍ക്ക് മോദി സര്‍ക്കാര്‍ സംരക്ഷണം നല്‍കും:തുഷാര്‍ വെള്ളാപ്പള്ളി, ഒക്ടോബര്‍ 16, മെട്രോ വാര്‍ത്ത).
എസ്പിസിയില്‍ ഇരട്ടത്താപ്പ്
വിവാദം കത്തി നില്‍ക്കെ സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോമില്‍ ശിരോവസ്ത്രം പാടില്ലെന്ന് 2022 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ദീപിക കണ്ടെത്തി. 2021ല്‍ എസ്പിസിയില്‍ ചേര്‍ന്ന കോഴിക്കോട് കുറ്റ്യാടിയിലെ വിദ്യാര്‍ത്ഥിനിയാണ് മതാചാരത്തിന്റെ ഭാഗമായി ഹിജാബും നീളന്‍ കൈ ഷര്‍ട്ടും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് മതപരമായ വസ്ത്രം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത് (ശിരോവസ്ത്രം എസ്പിസി യൂണീഫോമില്‍ വേണ്ട; 2022ലെ സര്‍ക്കാര്‍ നിലപാട് കര്‍ശനം, ഒക്ടോബര്‍ 16, ദീപിക). സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വെളിപ്പെടുത്തല്‍.
ശിവന്‍കുട്ടിയുടെ പ്രസ്താവന മതപ്രീണനം
വിദ്യാഭ്യാസ മന്ത്രിയുടെ ഹിജാബിന് അനുകൂലമായ പ്രസ്താവന മതപ്രീണനത്തിന്റെ പരിധിയില്‍വരുമെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ജൈനവിദ്യര്‍ത്ഥികളെ നഗ്നരായി വരാന്‍ അനുവദിക്കുമോയെന്നും അദ്ദേഹ ചോദിച്ചു: പ്രശ്‌നങ്ങളുണ്ടാക്കിയത് എസ്ഡിപിഐ. ഹൈബി ഈഡന് അവരെ കുറ്റപ്പെടുത്താന്‍ ധൈര്യമില്ല. എസ്ഡിപിഐക്കാരെ കണ്ടാല്‍ കമഴ്ന്നുവീഴുന്നു. കേരളത്തെ ശരിഅത്ത് രാജ്യമാക്കാന്‍ നീക്കം നടക്കുന്നു. സൗദിയിലില്ലാത്ത മതനിയമങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത് (ശിവന്‍കുട്ടിയുടെ പ്രസ്താവന മതപ്രീണനത്തിന്റെ സകല പരിധികളും ലംഘിക്കുന്നത്: സെന്‍കുമാര്‍, ഒക്ടോബ 16, ജന്മഭൂമി).
താലിബാനിസം
ഹിജാബ് വിവാദത്തിന് പിന്നില്‍ മതവര്‍ഗീയവാദികളാണെന്നും ആസൂത്രിതമാണെന്നും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ധാരാളം മുസ്ലീം കുട്ടികള്‍ കന്യാസ്ത്രീകളുടെ സ്‌കൂളില്‍ തട്ടമിടാതെ പോകുന്നു. കന്യാസ്ത്രീകള്‍ നടത്തുന്ന റീത്താസിനെ തീവ്രവാദസംഘടനകള്‍ ലക്ഷ്യം വച്ചത് വെറുതെയല്ല. നിസ്‌കാരവിവാദത്തിന് പിന്നിലും ഇതേ ശക്തികളാണ്. കേരളത്തില്‍ താലിബാനിസം നടപ്പാക്കാനാണ് പദ്ധതി (ഹാജാബ് വിവാദം ആസൂത്രിതം: തുഷാര്‍, ഒക്ടോബര്‍ 16, ജന്മഭൂമി).
എസ്ഡിപിഐക്കാരുടെ കുത്തിക്കഴപ്പ്
സ്‌കൂള്‍ അധികാരികളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക ലിബി ഹരി:
പെണ്ണിന്റ തലമുടികണ്ടാല്‍ ഏതാണ്ടൊക്കെ സംഭവിക്കും എന്നുള്ള അന്ധവിശ്വാസം കുഞ്ഞുങ്ങളെ സ്‌കൂളില്‍ വെച്ചേ അടിച്ചേല്‍പ്പിക്കുകയും മതപരമായ വസ്ത്രം ധരിച്ചേ സ്‌കൂളില്‍ പോകാന്‍ ആകൂ എങ്കില്‍ വേറെ സ്‌കൂളില്‍ ചേര്‍ത്ത് കൂടെ? അവരുടെ സ്‌കൂളിലെ യൂണിഫോമിന്റെ കാര്യം ഞങ്ങള്‍ തീരുമാനിക്കും എന്ന എസ്ഡിപിഐക്കാരുടെ കുത്തിക്കഴപ്പിന് വിദ്യാഭ്യാസമന്ത്രി കൂട്ടുനില്‍ക്കുന്നത് എന്തിനെന്നറിയില്ല. അതൊരു എയ്ഡഡ് സ്‌കൂള്‍ പോലുമല്ല. തങ്ങളുടെ സ്ഥാപനത്തിലെ യൂണിഫോമും ഡിസിപ്ലിനും ഒക്കെ തീരുമാനിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരം ഉണ്ട് (ഒക്ടോബര്‍ 16, ഫേസ്ബുക്ക്/ ലിബി ഹരി).
ബോംബ് ഭീഷണിയെന്ന് പരാതി
ഇതിനിടയില്‍ സ്‌കൂളിനെതിരേ ബോംബുഭീഷണിയുണ്ടായതായി മാര്‍ട്ടിന്‍ മേനാച്ചേരിയെന്നയാള്‍ പരാതി എന്‍ഐഎയ്ക്കും മന്ത്രിക്കും പരാതി നല്‍കി. ഹിജാബിന് അനുമതിയില്ലെങ്കില്‍ സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുകയാണ് നല്ലതെന്ന് ഇജാസ് പറഞ്ഞെന്നായിരുന്നു പരാതി (സ്‌കൂളിന് ബോംബ് ഭീഷണി, കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി, ഒക്ടോബര്‍ 16, ജന്മഭൂമി).
അഭിനവ മുഗളന്മാര്‍
ക്ഷേത്രങ്ങളിലെ പണം കൊള്ളയടിക്കുന്ന അഭിനവ മുഗളന്മാരാണ് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല. ശബരിമല ക്ഷേത്രക്കൊള്ളയെക്കുറിച്ചായിരുന്നു പ്രതികരണം. ഹിന്ദു ഐക്യവേദിയുടെയും അയ്യപ്പസേവാ സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദു സംഘടനാ നേതാക്കളുടെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍: ടിപ്പുവിന്റെ പിന്‍ഗാമികള്‍ ഭരിക്കുന്ന കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല. ദേവസ്വം സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കാത്തവര്‍ വഖഫ് ചൂണ്ടിക്കാട്ടുന്ന ഭൂമി തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. വഖ്ഫ് നിയമഭേദഗതികത്‌കെതിരേ നിയമസഭ പ്രമേയം പാസാക്കുന്നു (ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് അഭിനവ മുഗളന്മാര്‍: കെ.പി ശശികല ടീച്ചര്‍).
വത്തിക്കാന്‍ സ്ഥാനപതിക്ക് കത്ത്
കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളിലെ സാമുദായിക സംഘര്‍ഷങ്ങളിലും സഭാ നേതൃത്വത്തിന്റെ നിസ്സംഗതയിലും ആശങ്കയറിയിച്ച് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും സംയുക്തമായി വത്തിക്കാന്‍ സ്ഥാനപതിക്ക് കത്തയച്ചു. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദമാണ് പ്രധാനമായും കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സന്യാസിനികള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍, മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് സമാനമായ വസ്ത്രധാരണ രീതിക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവാത്തതാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മാനിക്കാന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അത് ചെയ്യുന്നില്ല. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളുകളിലും മുമ്പുണ്ടായ സമാന സംഭവങ്ങളും പരാമര്‍ശിക്കുന്നു (കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളിലെ സാമുദായിക സംഘര്‍ഷങ്ങളിലും സഭാ നേതൃത്വത്തിന്റെ നിസ്സംഗതയിലും ആശങ്കയറിയിച്ച് വത്തിക്കാന്‍ സ്ഥാനപതിക്ക് കത്ത്, ഒക്ടോബര്‍ 16, മീഡിയാവണ്‍). (കത്തോലിക്കാ സന്യാസിനികള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍ മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവില്ല: ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും, ഒക്ടോബര്‍ 16, തേജസ് ന്യൂസ്).
മതാചാരങ്ങളെ ഭീതിജനകമായി അവതരിപ്പിക്കുന്നു
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുസ്ലീം സമുദായത്തിന്റെ വളരെ ലളിതമായ മതാചാരങ്ങളെ പോലും ഭീതിജനകമായി അവതരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ (ഹിജാബ് വിലക്ക്: മുസ്ലിം മതാചാരങ്ങളെ ഭീതിജനകമായി അവതരിപ്പിക്കുന്നത് ബോധപൂര്‍വം- ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ഒക്ടോബര്‍ 16, മീഡിയാ വണ്‍).
സ്‌കൂളിന് വീഴ്ചയില്ല
ഒരു കുട്ടി തട്ടമിടണോ ആ കുട്ടി തട്ടമിടാതിരിക്കണോ എന്നുള്ളത് ആ കുട്ടിയുടെ മാത്രം തീരുമാനം ആകുമ്പോഴാണ് മതേതരത്വത്തിന് ഒരു സൗന്ദര്യം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ അരുണ്‍കുമാര്‍. 2018ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം കുട്ടിയുടെ അവകാശത്തേക്കാള്‍ സ്‌കൂളിന്റെ അവകാശമാണ് പ്രധാനമെന്നാണ് അദ്ദേഹത്തിന്റെ വാദം. മറിച്ച് നിലപാടെടുക്കുന്നത് വര്‍ഗീയതയായും അദ്ദേഹം കണക്കാക്കുന്നു:
പച്ചവെള്ളത്തിന് തീ പിടിക്കുന്ന വര്‍ഗീയതയുള്ള ഒരു നാടായിട്ട് നമ്മുടെ നാട് മാറുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണ് തട്ടവിവാദം. മതം വ്യക്തിയുടെ മൗലികാവകാശത്തില്‍ ഇടപെടുമ്പോഴാണ് സ്‌റ്റേറ്റ് ഇടപെടേണ്ടത്. ഹിജാബ് വിലക്ക് അങ്ങനെയൊന്നല്ല. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വേണ്ടത്ര മനസ്സ് അര്‍പ്പിക്കാതെയാണ് മന്ത്രി ഇടപെട്ടത്. സ്‌കൂളിനെതിരെ ഒരു നടപടിയും എടുക്കരുത്. കാരണം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ഡിഡിഇയുടെ റിപ്പോര്‍ട്ടില്‍ ഇല്ല. ഹിജാബ് ധരിക്കാന്‍ സ്‌കൂളിന്റെ നിയമം അനുവദിക്കുന്നില്ലെന്ന് മനസ്സിലായ ശേഷമാണ് കുട്ടി ഹിജാബ് ധരിച്ചിരിക്കുന്നത്. എന്നിട്ടും രണ്ട് ദിവസം കുട്ടിയെ പുറത്താക്കിയിട്ടില്ല. മൂന്നാമത്തെ ദിവസം കുട്ടി എസ്ഡിപിഐക്കാരുടെ പ്രതിനിധിയുമായി സ്‌കൂളിലെത്തി. അങ്ങനെ രക്ഷിതാവും സ്‌കൂളും തമ്മിലുള്ള വിഷയത്തില്‍ നിന്ന് ഒരു സംഘടനയും സ്‌കൂളും തമ്മിലുള്ള വിഷയമായിട്ട് മാറി. ഇവിടെയാണ് അതിനകത്ത് വര്‍ഗീയമായ ഒരു എലമെന്റ് വരുന്നത്.
2018ല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വിധിയുണ്ട്. അതായത് രണ്ട് മൗലികാവകാശങ്ങള്‍ തമ്മില്‍ കോണ്‍ഫ്ലിക്ടിൽ വരുന്നു. ഒന്ന് കളക്ടീവ് റൈറ്റും മറ്റൊന്ന് ഇന്‍ഡിവിജ്വല്‍ റൈറ്റും. ബാലന്‍സ് ടെസ്റ്റ് അവിടെ അപ്ലൈ ചെയ്യണം എന്നുള്ളതാണ് ഇന്ത്യയിലെ ജുഡീഷ്യറിയുടെ തത്വം. അപ്പോള്‍ ഏതിനാണോ ഡൊമിനന്റ് റൈറ്റ് അതിനാണ് പ്രാമുഖ്യം കിട്ടുക. ഇവിടെ ഡൊമിനന്റ് റൈറ്റിന് പ്രാമുഖ്യം കൊടുത്തിരിക്കുന്നത് മാനേജ്‌മെന്റിനാണ്. ഹൈക്കോടതി 2018ല്‍ പറഞ്ഞിരിക്കുന്നത് ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റണ്‍ ചെയ്യാനുള്ള എഡുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ റൈറ്റ് ആണ് ഡൊമിനന്റ് റൈറ്റ് എന്നാണ്. വിദ്യാര്‍ത്ഥിയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മൗലികാവകാശം മൗലികാവകാശം തന്നെയാണ്. പക്ഷേ, ഒരു ഡൊമിനന്റ് റൈറ്റിന് മുന്നില്‍ അത് നിഷ്പ്രഭമാണ്.
മാനേജ്‌മെന്റുകള്‍ക്ക് അവരുടെ യൂണിഫോം നിശ്ചയിക്കാനുള്ള അവകാശം ഉണ്ടെന്നുള്ളതാണ് ഹൈക്കോടതി ഉത്തരവ് പറയുന്നത്. അതനുസരിച്ചുള്ള കാര്യമാണ് സ്‌കൂളുകാര്‍ ചെയ്തിരിക്കുന്നത്. അവരൊരു യൂണിഫോം നിശ്ചയിച്ചു. അതിനുള്ള അവകാശം ഭരണഘടനാപരമായി അവര്‍ക്കുണ്ടെന്ന് ഹൈക്കോടതി തന്നെ സാക്ഷ്യപ്പെടുത്തുന്നു. യൂണിഫോം മാറ്റാനുള്ള അവകാശം ആ സ്‌കൂള്‍ മാനേജ്‌മെന്റില്‍ മാത്രമേ ഉള്ളൂ. വിയോജിപ്പുള്ളവര്‍ക്ക് ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോകാം. കുട്ടി രണ്ടോ മൂന്നോ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്. അതും ഇതേ കാരണത്താലാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു (സ്‌കൂളിന് വീഴ്ച സംഭവിച്ചിട്ടില്ല, നടപടി എടുക്കരുത്, ഒക്ടോബര്‍ 17, റിപ്പോര്‍ട്ടര്‍) .
വിദ്യാര്‍ത്ഥിയെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിമര്‍ശനം വിളിച്ചുവരുത്തിയതോടെ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് അരുണ്‍കുമാര്‍ അവകാശപ്പെട്ടു: ഈ വിഷയവുമായി ബന്ധപ്പെട്ട വളരെ തീവ്ര നിലപാടുള്ള ചില സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമായി സന്ദേശങ്ങള്‍ വരുന്നു. കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന എന്തോ പറഞ്ഞു എന്ന രീതിയില്‍.
കുട്ടിയുടെ അച്ഛനുമായി രാവിലെ സംസാരിച്ചു. തെറ്റിദ്ധരിപിക്കുന്ന ഒന്നും തന്നെ സംസാരിച്ചില്ല. ഒരുതരത്തിലും കുട്ടിയുടെ വിദ്യാഭ്യാസത്തെയോ കുടുംബത്തെയോ അപമാനിക്കുന്ന ഒരു നിലപാടും റിപ്പോട്ടര്‍ ചാനല്‍ എടുക്കില്ല. അന്നും ഇന്നും ഒരു നിലപാട്. ഇതിലെ ഇര കുട്ടിയാണ്, അവരുടെ സമുദായമാണ്, സംശയമില്ലാതെ പറയുന്നു, കുട്ടിയോട് അനീതി കാണിച്ചിട്ടുണ്ട് (സ്‌കൂള്‍ തെറ്റിച്ചത് പ്രതിജ്ഞ, ഒക്ടോബര്‍ 17, റിപ്പോര്‍ട്ടര്‍ ചാനല്‍, മീറ്റ് ദി എഡിറ്റര്‍ പ്രോഗ്രാം).
എന്നാല്‍ പിതാവിനെ അരുണ്‍ കുമാര്‍ വിളിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് പിതാവിന്റെ അഭിഭാഷകന്‍ അഡ്വ. അമീന്‍ ഹസന്‍ ഫേസ്ബുക്കില്‍ കുറിച്ചു: കുട്ടി പല സ്‌കൂളുകളും ഇതിനു മുമ്പ് മാറിയിട്ടുണ്ടെന്ന അരുണിന്റെ പ്രസ്താവനക്കെതിരേ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പിതാവുമായി സംസാരിക്കണമെന്ന് അരുണ്‍ അഭ്യാര്‍ത്ഥിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. പ്രസ്താവന പിന്‍വലിച്ചശേഷം സംഭാഷണമാവാം (പള്ളുരുത്തി ഹിജാബ് വിവാദം (അരുണ്‍കുമാര്‍ പിതാവിനെ വിളിച്ചുവെന്നതു നുണ – അഡ്വ. അമീന്‍ ഹസ്സന്‍ ഫേസ്ബുക്ക് പോസ്റ്റ് – ഒക്ടോബര്‍ 19).
റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍ കുമാര്‍ ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട കുട്ടി നേരത്തെയും അതെ കാരണത്താല്‍ നിരവധി തവണ സ്‌കൂള്‍ മാറി എന്നും പിതാവ് പഠനത്തിന് പ്രാധാന്യം നല്‍കുന്നില്ല എന്നുമുള്ള തരത്തില്‍ നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നല്ലോ. ആ സമയത്ത് തന്നെ റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ കുട്ടിയുടെ പിതാവിനെയും എന്നെയും ബന്ധപ്പെട്ട് ഡോ. അരുണ്‍ കുമാറിന് പിതാവുമായി സംസാരിക്കാന്‍ താല്‍പര്യം ഉണ്ട് എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അരുണുമായി സംസാരിക്കാന്‍ താല്‍പര്യമില്ല, റിപ്പോര്‍ട്ടര്‍ നിലപാട് തിരുത്തട്ടെ എന്ന സമീപനം ആണ് കുട്ടിയുടെ പിതാവ് സ്വീകരിച്ചത് പി ന്നീട് അരുണ്‍ തെറ്റിദ്ധാരണ ഉണ്ടങ്കില്‍ തിരുത്താം, കേസ് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിക്കേണ്ട എന്ന പ്രതികരണം നടത്തിയതായി അറിഞ്ഞു. നേരത്തെ നടത്തിയ വ്യാജ പ്രചരണം പക്ഷേ റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. വാര്‍ത്ത പിന്‍വലിച്ചു എന്ന് അരുണ്‍ അപ്പോള്‍ സംസാരിച്ച റിപ്പോര്‍ട്ടറുടെ ഫോണില്‍ പറയുകയും നമ്മള്‍ അത് വിടുകയും ചെയ്തു. അരുണുമായി ടിവിയില്‍ സംസാരിക്കില്ല എന്നതാണ് അദ്ദേഹം ഉറച്ചു പറഞ്ഞത്.
പക്ഷേ ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ചർച്ചയിൽ അരുണ്‍ ആരൊക്കെയോ അരുണിനോട് എന്തോ പറഞ്ഞ് മെസ്സേജ് അയക്കുന്നു എന്നും എല്ലാം പിതാവുമായി പറഞ്ഞു തീര്‍ത്തു എന്നും പറയുന്നത് കാണാനിട വന്നു. അത്തരത്തില്‍ ഡോ. അരുണുമായി ഒന്നും പറഞ്ഞു തീര്‍ന്നിട്ടില്ല. അത്തരമൊരു പരിഹാര സംസാരം അരുണുമായി നടന്നിട്ടില്ല. റിപ്പോര്‍ട്ടര്‍ ടിവിയും അരുണ്‍ കുമാറും നടത്തിയ വ്യാജ പ്രചാരണം പിന്‍വലിച്ചു മാപ്പ് പറയണം എന്നതാണ് ആവശ്യം.
കേസ് കാണിച്ചു ഡോ. അരുണിനെ പോലെ അധികാരവും ശക്തിയും ഉള്ള ഒരാളെ പേടിപ്പിക്കാം എന്നൊന്നും ആരും കരുതുന്നില്ല. മറിച്ച് അത് ഒരു പാവം മനുഷ്യന്റെ ദുര്‍ബലമായ പ്രതിരോധം മാത്രമാണ്. റിപ്പോര്‍ട്ടര്‍ വീഡിയോ പിന്‍വലിച്ച സ്ഥിതിക്ക് കേസിന്റെ സാധ്യതയും കുറവാണ്. പക്ഷേ, ധാര്‍മികത ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവി ഡോ. അരുണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയാണ് എന്നോ തെറ്റാണ് എന്നോ തീര്‍ത്ത് പറയണം. അതാണ് മിനിമം നൈതികത. ഡോ അരുണ്‍ ആ മാന്യത കാണിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.
മന്ത്രി മാപ്പ് പറയണം
എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു (പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, ‘സന്യാസിനിമാരെ മന്ത്രി അപമാനിച്ചു’, ഒക്ടോബര്‍ 17, ഏഷ്യാനെറ്റ്ന്യൂസ്).
വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം
സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
വേഷം ധരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, സ്‌കൂളുകളുടെ കാര്യം വരുമ്പോള്‍ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണം. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ല. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ യും കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു (പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, ‘സന്യാസിനിമാരെ മന്ത്രി അപമാനിച്ചു’, ഒക്ടോബര്‍ 17, ഏഷ്യാനെറ്റ്‌ന്യൂസ്).
മന്ത്രിയുടേത് എസ്ഡിപിഐയുടെ സ്വരം
ഹിജാബ് വിഷയത്തില്‍ മന്ത്രി ഭിന്നിപ്പുണ്ടാക്കുകയാണെന്ന് ബിജെപി നേതാവ് എം.ടി രമേശ് കുറ്റപ്പെടുത്തി. എസ്ഡിപിഐയുടെ സ്വരമായി മന്ത്രിമാറി. എസ്ഡിപിഐയുടെ നിലപാടാണ് മന്ത്രിയും പറയുന്നതെന്നും അദ്ദഹം പറഞ്ഞു (വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍: എം.ടി രമേശ്, ഒക്ടോബര്‍ 17, ജന്മഭൂമി).
യുഡിഎഫ് പ്രശ്‌നം വഷളാക്കുന്നു
ഹിജാബ് വിവാദത്തില്‍ യുഡിഎഫിന്റെ ശ്രമം കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണെന്നും അവര്‍ പ്രശ്‌നം വഷളാക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി. മാനേജ്‌മെന്റുമായി സംഘര്‍ഷത്തിനില്ലെന്ന് കുട്ടിയുടെ പിതാവ് നിലപാടെടുത്തിട്ടും പ്രശ്‌നം രമ്യമായി പരിഹക്കാതെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നത്. സ്‌കൂളിന്റെ അഭിഭാഷകയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്സാണ്. അവര്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുകയാണ്- സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു (സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: പ്രശ്‌നം വഷളാക്കാന്‍ യുഡിഎഫ് ശ്രമം; സിപിഎം, ഒക്ടോബര്‍ 17, മംഗളം).
സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ പാവ
വര്‍ഗീയത ആളിക്കത്തിക്കാന്‍ കാത്തിരിക്കുന്നവരുടെ കൈയിലെ പാവയായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ കൈയിലെ പാവയാകരുത്: വി.ഡി സതീശന്‍, ഒക്ടോബര്‍ 17, ദീപിക).
ഒരു മുഴം തുണി കുട്ടികളെ ഭയപ്പെടുത്തുമോ?
പള്ളുരുത്തി സ്‌കൂളിലുണ്ടായത് വളരെയധികം നിര്‍ഭാഗ്യകരമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി: ഹിജാബ് വിവാദം കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ്. നിയമം അനുസരിച്ച് വരികയാണെങ്കില്‍ എന്നാണ് പ്രധാനധ്യാപിക പറഞ്ഞത്. എന്ത് നിയമമാണത്? കുട്ടിയുടെ തലയില്‍ അധ്യാപികയുടേത് പോലെ തന്നെയുള്ള ഒരു മുഴം തുണി മറ്റുകുട്ടികളെ ഭയപ്പെടുത്തും, നിയമവിരുദ്ധമാണെന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിര്‍ഭാഗ്യകമായൊരു സംഭവമാണ് പൊതുസമൂഹം ഇതിനെ നിരുത്സാഹപ്പെടുത്തേണ്ടതാണ് (ഒരു മുഴം നീളമുള്ള തുണി കണ്ടാല്‍ എന്തിനാണ് പേടി? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ സംഭവം നിര്‍ഭാഗ്യകരം: പി.കെ കുഞ്ഞാലിക്കുട്ടി, ഒക്ടോബര്‍ 17, മീഡിയാവണ്‍).
എസ്ഡിപിഐയും കാസയും ആര്‍എസ്എസും പൂരക സംഘടനകള്‍
സെന്റ് റീത്താസില്‍ വര്‍ഷങ്ങളായി ഹിജാബില്ല. നാളെ അനുവദിച്ചാല്‍ പ്രശ്‌നമില്ലെന്ന് ഫാ അജിപുതിയ പറമ്പില്‍. മീഡിയാവണ്‍ ചര്‍ച്ചയിലായിരുന്നു പ്രതികരണം: . സിഖുക്കാര്‍ക് തലപ്പാവ് പോലെ എസ്സെന്‍ഷ്യല്‍ ആണ് ഹിജാബെന്ന് സുപ്രീം കോടതി വിധിച്ചാല്‍ ഒരു ബുദ്ധിമുട്ടുമില്ല- ഇല്ലാത്ത സ്ഥലത്ത് നിര്‍ബന്ധങ്ങള്‍ പിടിച്ചാല്‍ കേരളം ഭ്രാന്താലയം ആകും. എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ഇതുപോലെ ചെയ്താല്‍ വളമാകും. എസ്ഡിപിഐയും കാസയും ആര്‍എസ്എസും വിരുദ്ധ സംഘടനകളല്ല, പൂരക സംഘടനകളാണ്. എസ്ഡിപിഐ ചെയ്യുന്ന കാര്യങ്ങള്‍ രണ്ട് സംഘടനകള്‍ക്കും വളമാണ് (‘എസ്ഡിപിഐയും കാസയും ആര്‍എസ്എസും വിരുദ്ധസംഘടനകളല്ല, പൂരക സംഘടനകളാണ്’; ഫാ. അജി പുതിയപറമ്പില്‍, ഒക്ടോബര്‍ 17, മീഡിയാവണ്‍).
വര്‍ഗീയ വാദികള്‍ തമ്മില്‍ തല്ലുന്നു
വര്‍ഗീയ താല്പര്യമുള്ളവരെ വെച്ച സ്‌കൂള്‍ മുന്നോട്ട് പോണോ എന്ന തീരുമാനിക്കേണ്ടത് മാനേജ്മെന്റ് ആണെന്ന് കോണ്‍ഗ്രസ് പ്രതിനിധി ജിന്റോ ജോണ്‍. അടുത്ത പ്രതി അവിടെ ചെന്ന് ബഹളം വെച്ച് പ്രശ്നം ഉണ്ടാക്കിയ എസ്ഡിപിഐ ആണ്. കാസയും, കൃസംഘിയും, ആര്‍എസ്എസും, ബി.ജെ.പിയും ചെയ്യുന്നതിന്റെ അപ്പുറം ചെയ്യുകയാണ് എസ്ഡിപിഐ. ഇതില്‍ രണ്ട കൂട്ടരെയും പറഞ്ഞ് മനസ്സിലാക്കി, ഈ രാജ്യത്ത് ആരുടെ നിലനില്പിന്റെയാണ് പ്രശ്‌നം എന്ന മനസ്സിലാക്കി കൊടുക്കാനുള്ള ആര്‍ജവം ആണ് വേണ്ടത്. കോണ്‍ഗ്രസ് ഇടപെട്ടത് കുട്ടിക്ക് അവിടെ പഠിക്കാന്‍ ഉള്ള അവസരം ഉണ്ടാകാന്‍ വേണ്ടിയാണ്. ഏതെങ്കിലും വര്‍ഗീയ വാദികള്‍ തമ്മില്‍ തല്ലുമ്പോള്‍ ഒരു കുട്ടിയുടെ ഭാവിയില്‍ ഇരുട്ടടയാന് പാടില്ല (‘വസ്ത്രം ഇന്ത്യയില്‍ നമ്മുടെ സമരമാര്‍ഗമാവുകയാണ്, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വസ്ത്രധാരണ സ്വാതന്ത്യത്തിന് വേണ്ടി ഒരുപോലെ പോരാടുകയാണ്’; ജിന്റോ ജോണ്‍, ഒക്ടോബര്‍ 17, മീഡിയാവണ്‍).
മന്ത്രി മാപ്പ് പറയണം
ശിരോവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളാണ് വിദ്യാർത്ഥി ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തുന്നതിനെ എതിര്‍ക്കുന്നത് എന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം – കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു (ഹിജാബ് വിവാദം, സന്യാസിമാരെ മന്ത്രി അപമാനിച്ചു; മാപ്പു പറയണമെന്ന് ഫാ.ഫിലിപ്പ് കവിയില്‍, ഒക്ടോബര്‍ 17, ഏഷ്യാനെറ്റ്).
ബോംബ് കൊണ്ടുവന്നാലോ?
മീഡിയ വണ്‍, മാധ്യമം പോലുള്ള സ്ഥാപനങ്ങള്‍ കേരളം ഒരു താലിബാന്‍ ആകാന്‍ ശ്രമിക്കുന്നുവെന്ന് നടനും എഴുത്തുകാരനുമായ സി ഷുക്കൂര്‍: താലിബാന്‍ സ്ത്രീകളെ ഒരു ജന്തുവിന്റെ വില പോലും കൊടുക്കുന്നില്ല. താലിബാന്‍ വിസ്മയം ആണെന്ന് അവര്‍ എഴുതി. സ്ത്രീകളുടെ മുഖം മറക്കുന്ന നിക്കാബ് അവരുടെ ഐഡന്റിറ്റി നിഷേധിക്കുന്ന സാധനമാണ്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ അത് അനുവദിക്കരുത്. മുസ്ലീം പുരുഷന്‍ മുന്തിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ പൂര്‍ണമായിമറച്ച രീതിയില്‍ ഇരിക്കുന്നു, അവരെ ആരും കാണില്ല. വസ്ത്രാവകാശം പൂര്‍ണമായി അംഗീകരിക്കുന്നു (ചോയ്‌സ് ) എന്നാല്‍ മുഖം കാണാനുള്ള അവകാശം എല്ലാവര്‍ക്കും വേണം. ‘ഒരു ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് അല്ലെങ്കില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ ആരാണെന്ന് നമ്മള്‍ തിരിച്ചറിയണം. ബോംബ് കൊണ്ട് വന്നാലോ? (മുഖംമൂടി മലബാറിലേക്ക് വന്നത് തെക്കന്‍ കേരളത്തില്‍ നിന്ന്, സി. ഷുക്കൂര്‍, ഒക്ടോബര്‍ 17, സമകാലിക മലയാളം).
ന്യൂനപക്ഷ അവകാശം ഭരണഘടനാപരം
എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനും അവകാശമുണ്ടെന്നും വിരട്ടലുകള്‍ വിലപ്പോവില്ലെന്നും ഹിജാബ് വിഷയത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യവും അവകാശങ്ങളും മനസിലാക്കി പ്രതികരിക്കാനും അവസരോചിത ഇടപെടല്‍ നടത്താനും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കാകണം. ക്രൈസ്തവ മാനേജ്മെന്റുകള്‍ സര്‍ക്കാരിനോട് സഹകരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിന്റെ മറവില്‍ സ്വാതന്ത്രത്തിന്‍മേല്‍ കടന്നുകയറിയാല്‍ ശക്തമായി നേരിടും. ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധാരണ പരത്തിയുമുള്ള വിരട്ടലുകള്‍ വിലപ്പോവില്ല. മുന്‍പ് സര്‍ക്കാരുകള്‍ നടത്തിയ പല കൈകടത്തലുകളും സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. കൈകടത്തിയാല്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കും (ഭരണഘടനാവകാശങ്ങള്‍ ഔദാര്യമല്ല: അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഒക്ടോബര്‍ 18, ജന്മഭൂമി).
മന്ത്രി എസ്ഡിപിഐ ഭീകര്‍ക്ക് അനുകൂലം
ഹിജാബ് സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി, സ്‌കൂളധികൃതരെ ഭീഷണിപ്പെടുത്തുകയും എസ്ഡിപിഐ ഭീകരര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയുമാണ് നല്ല രീതിയില്‍ തീരേണ്ട പ്രശ്‌നങ്ങള്‍ ഇത്രയും വഷളായതെന്ന് ജന്മഭൂമി. എസ്ഡിപിഐ ഭീകരരെ തൃപ്തിപ്പെടുത്താനാണ് മന്ത്രിയുടെ നീക്കം (ഹിജാബ്: വഷളാക്കി മുതലെടുക്കാന്‍ മന്ത്രി ശിവന്‍കുട്ടി, ഒക്ടോബര്‍18, ജന്മഭൂമി).
‘കാശുണ്ടല്ലോ, മൊല്ലാക്കമാര്‍ സ്‌കൂള്‍ തുടങ്ങട്ടെ
‘കാശുണ്ടല്ലോ, മൊല്ലാക്കമാര്‍ നാലോ അഞ്ചോ സ്‌കൂളുകള്‍ തുടങ്ങട്ടെയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു: മതസ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പള്ളിയില്‍ പോകാനും ആരാധന നടത്താനും ഉണ്ട്. അങ്ങനെ അനുവദിക്കുന്ന സ്‌കൂളില്‍ അയക്കുക. നാളെ ശബരിമല സമയത്ത് കുട്ടികള്‍ കറുപ്പ് ധരിച്ച് വരട്ടെ എന്ന് പറഞ്ഞാല്‍ അനുവദിക്കുമോ? സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ അവരുടെ യൂണിഫോം നിര്‍ണായിക്കാന്‍ അവകാശമുണ്ട്, മറ്റു സ്‌കൂളുകളില്‍ ധരിച്ച് പോകാനും അനുവാദമുണ്ട്. അതാണ് ബഹുസ്വര സമൂഹം എന്ന് പറയുന്നത്. എത്ര സ്‌കൂള്‍ ഉണ്ട്, ഒരു പത്തെണ്ണം കൂടെ തുടങ്ങിക്കോ, നിങ്ങള്‍ ചോദിച്ചാല്‍ അപ്പൊ തന്നെ അനുവാദം കിട്ടില്ലേ. എന്‍എസ്എസോ എസ്എൻഡിപിയോ ചോദിച്ചാല്‍ പിടിച്ച് വെക്കുന്ന നിങ്ങള്‍ മുസ്ലീം സംഘടനകള്‍ ചോദിച്ചാല്‍ അപ്പോ കൊടുക്കില്ലേ, അതല്ലേ കേരളത്തിന്റെ മതേതരത്വം. വിവാദത്തിന് പിന്നില്‍ തീവ്രവാദ ചിന്താഗതിക്കാരാണ്. ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ പിന്തുണക്കുന്നു (‘കാശുണ്ടല്ലോ, മൊല്ലാക്കമാര്‍ നാലോ അഞ്ചോ സ്‌കൂള്‍ തുടങ്ങട്ടെ..’ ഹിജാബി’ല്‍ വര്‍ഗീയ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍, ഒക്ടോബര്‍ 18, 24 ന്യൂസ്).
ലീഗിന് പ്രതിരോധിക്കാനാവില്ല
ഹിജാബ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നേര്‍ക്കുന്നേര്‍ നിന്ന് പ്രതിരോധിക്കാന്‍ ലീഗിന്റെ രാഷ്ട്രീയത്തിന് കഴിയില്ലെന്നും അധികാര കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാനല്ലാതെ മുസ്ലീം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (മുസ്ലീം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ല: എം. ശിവപ്രസാദ്, ഒക്ടോബര്‍ 18, ഡൂള്‍ ന്യൂസ്).
ഭീകരവാദത്തെ മതവത്കരിക്കുന്നു
ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച മുസ്ലീം ലീഗ് നേതാക്കള്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. സ്‌കൂള്‍ അധികൃതരുടെ വേഷമല്ല, യൂണിഫോമാണ് വിഷയം. ഈ വിഷയത്തില്‍ ഇടപെട്ടതിലൂടെ കേരളത്തില്‍ ഭീകരവാദത്തെ മതവത്കരിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്. ചന്ദ്രിക പത്രത്തില്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ എഴുതിയ ലേഖനത്തിലൂടെ ഭീകരതയ്ക്ക് മതത്തിന്റെ പരിവേഷം നല്‍കുകയാണ് ലീഗുകാര്‍. ഈ ലേഖനത്തിന് മുമ്പ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ലേഖനത്തിലൂടെ മുസ്ലീം ലീഗുകാര്‍ പ്രശ്നം മതപരമാക്കി മാറ്റി (യൂണിഫോം വിഷയത്തില്‍ മുസ്ലീം ലീഗ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു, ഭീകരവാദത്തെ മതവത്കരിക്കുന്നു’: ജോര്‍ജ് കുര്യന്‍, ഒക്ടോബര്‍ 18, മീഡിയാവണ്‍).
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും ഹിജാബും തുല്യമല്ല
കന്യാസ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മില്‍ താരതമ്യം ചെയ്യുന്നത് ബാലിശമായ ന്യായീകരണമാണെന്ന് ദീപികയിലെ ലേഖനത്തില്‍ ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍:
വിദ്യാര്‍ത്ഥി ധരിക്കുന്നത് അക്കാഡമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോമും കന്യാസ്ത്രീകള്‍ അവരുടെ ഔദ്യോഗിക പദവിയും സ്ഥാപനപരമായ യൂണിഫോം ആണ്. സിഖ് തലപ്പാവ് ‘ അനിവാര്യമായ മതപരമായ ആചാരം’ ആണെന്ന് നിയമം. കര്‍ണാടക ഹൈക്കോടതി വിധിയില്‍ എല്ലാം വ്യക്തമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശിക്കുമ്പോള്‍ യൂണിഫോം നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇളവുകള്‍ നല്‍കിയാല്‍ മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷം തകരും. ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. തികഞ്ഞ ആസൂത്രണം ഉണ്ട്. ഇത്തരം ധ്രുവീകരണം മുളയിലേ നുള്ളണം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന അഭ്യുദയകാംഷികളുടെ ഗണത്തില്‍ ഭരണനിര്‍വഹണ ചുമതല ഉള്ളവരുടെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് (പുകയുന്ന ശിരോവസ്ത്ര വിവാദം, ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍, ഒക്ടോബര്‍ 18, ദീപിക).
വിജയിച്ചത് വര്‍ഗീയത
പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ ആത്യന്തികമായി വിജയിച്ചത് വര്‍ഗീയതയാണെന്നും അത് കേരളത്തിനാകെ അപമാനമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയേക്കാള്‍ മുകളിലല്ലല്ലോ സ്‌കൂള്‍ നിയമമെന്നും അദ്ദേഹം പറഞ്ഞു (ഹിജാബ് വിവാദത്തില്‍ വിജയിച്ചത് വര്‍ഗീയത: കുഞ്ഞാലിക്കുട്ടി, ഒക്ടോബര്‍ 19 മനോരമ).
പിഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ കൈവെട്ടിയെനെ
അഡ്വ. ജയശങ്കറും ഫക്രുദ്ദീന്‍ അലിയും തമ്മില്‍ നടന്ന സംവാദത്തില്‍ ഹിജാബിനെ ഇരുവരും പല തലത്തില്‍ പരിഹസിച്ചു:
അഡ്വ ജയശങ്കര്‍: ഹിജാബ് അനുവദനീയമല്ല എന്നറിഞ്ഞുകൊണ്ടാണ് ഈ കുട്ടിയെ മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നും ഇവിടെ കൊണ്ടുവന്ന് ചേര്‍ത്തത്. ഒരു ദിവസം കുട്ടി ഹിജാബിട്ട് പോയി. കന്യാസ്ത്രീകള്‍ പറ്റില്ലെന്ന് പറഞ്ഞു. എസ്ഡിപിഐയും ലത്തീന്‍ സഭയും തമ്മില്‍ നേരത്തേ ചില ഉരസലുകളുണ്ട്. സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡിന് സെന്റ് അഗസ്റ്റിന്‍ എന്ന് പേരിട്ടതുമായി ബന്ധപ്പെട്ട്. അതിനെതിരെ ജിഹാദികള്‍ ലഹളയുണ്ടാക്കി. സ്‌കൂളില്‍ നിലനില്‍ക്കുന്ന ഡിസിപ്ലിനെ ഡിസ്റ്റേര്‍ബ് ചെയ്യുക എന്നതാണ് ഇപ്പോളത്തെ ഉദ്ദേശം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടാണ് കൈയ്യും കാലുമൊന്നും വെട്ടാത്തത്, അതല്ലായിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് ജീവനോടെ നടക്കാന്‍ പറ്റുമായിരുന്നില്ല.
ഫക്രുദ്ദീന്‍ അലി: മുസ്ലീങ്ങളിൽ പ്രമാണിമാരായിട്ടുള്ളവര്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. അങ്ങനെയാരെങ്കിലും കുട്ടിയുടെ പിതാവിനെ പിരി കേറ്റിയിട്ടുണ്ടാകും. ഹിജാബ് ഇട്ട് വേണം സ്‌കൂളില്‍ പോകാന്‍ എന്ന് നിര്‍ബന്ധിച്ചവരുടെ ലക്ഷ്യം ഒട്ടും ചെറിയ പദ്ധതിയല്ല, അത്ര നിഷ്‌കളങ്കവും അല്ല. സമാധാനമായി ജീവിക്കുന്ന മുസ്ലീം സമൂഹത്തെ അപരവല്‍ക്കരിച്ച് കാണിച്ചിട്ട്, ‘ഇസ്ലാമിക പീഡനം’ എന്ന പ്രതീതി ഉണ്ടാക്കിയിട്ട്, വളര്‍ന്നു വരുന്ന പിള്ളേരെ ഉപയോഗിച്ച് ഹമാസ് ഉണ്ടാക്കി എടുക്കാനുള്ള പദ്ധതി ആണിത് (പള്ളുരുത്തി ഹിജാബ് വിവാദം – അഡ്വ ജയശങ്കര്‍, ഫക്രുദ്ദീന്‍ അലി, ഒക്ടോബര്‍ 19, പൈനാപ്പ്ള്‍ മീഡിയ ഫേസ്ബുക്ക് പേജ്).
സംഘപരിവാര്‍ അജണ്ട
വിദ്യാർത്ഥികള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് ശിരോവസ്ത്രം ധരിച്ച പ്രിന്‍സിപ്പല്‍ പറയുന്നത് വിരോധാഭാസമാണെന്നും ഹിജാബ് വിവാദം ആളിക്കത്തിക്കുന്നതിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയുണ്ടെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ അരുണ്‍. ചില ക്രൈസ്തവ സഭകളെയും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയും മുന്‍നിര്‍ത്തി കേരളത്തില്‍ സംഘ്പരിവാര്‍ നടത്തി വരുന്ന വര്‍?ഗീയ വിഭജനത്തിന്റെ പുതിയ അദ്ധ്യായമാണ് പള്ളുരുത്തി വിവിദമെന്നും അദ്ദേഹം പറഞ്ഞു (ഹിജാബ് വിവാദത്തിനു പിന്നില്‍ സംഘപരിവാര്‍ അജണ്ട: എന്‍ അരുണ്‍, ഒക്ടോബര്‍ 20, ജനയുഗം).
വര്‍ഗീയവാദികളും തീവ്രവാദികളും
വിവാദത്തിന് പിന്നില്‍ വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് യുക്തിവാദി സജീവന്‍ അന്തിക്കാട്: ഇസ്ലാം സമൂഹം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വര്‍ഗീയ വാദികള്‍ വീടുകള്‍ തോറും കയറിയിറങ്ങി “ഹിജാബ് ധരിച്ച് മാത്രമെ കുട്ടികളെ പുറത്തു വിടാവൂ” എന്ന് നിര്‍ബന്ധിച്ചു. അതാണ് കലര്‍പ്പില്ലാത്ത ശുദ്ധ ഇസ്ലാമിന്റെ ലക്ഷണം എന്ന് നിരന്തരം ഓതി വിശ്വാസികളുടെ തലച്ചോറില്‍ ചുണ്ണാമ്പിട്ട് പൊള്ളിച്ചു. അങ്ങനെയാണ് ആ കുട്ടി പൊടുന്നനെ ഒരു ദിവസം ഹിജാബ് ധരിച്ച് സ്‌ക്കൂളില്‍ ചെന്നത്. ടീച്ചര്‍ തലയില്‍ തട്ടമിട്ടാലും ഇല്ലെങ്കിലും യൂണിഫോം നിഷ്‌കര്‍ഷിക്കാന്‍ മാനേജ്‌മെന്റിന് അവകാശമുണ്ട്. ഇങ്ങനെ സംഭവമുണ്ടായാല്‍ നിയമപരമായി നിങ്ങേണ്ട കുടുംബം പക്ഷേ, തീവ്രാവദികളെ വിളിച്ചു. അവര്‍ സ്‌കൂളുകാരെ ഭീഷണിപ്പെടുത്തി (ഒക്ടോബര്‍ 20, ഫേസ്ബുക്ക്/ സജീവന്‍ അന്തിക്കാട്).
മതപൊലീസ്
കേരളത്തില്‍ ഹിജാബ് അനുവദിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് എടുക്കാന്‍ സമസ്ത തീരുമാനിച്ചു. ഇതിനെതിരേ കാസ രംഗത്തുവന്നു: ലിസ്റ്റ് എടുക്കാന്‍ സമസ്തയുടെ നേത്രത്വത്തില്‍ മതപൊലീസോയെന്നായിരുന്നു അവര്‍ ഉയര്‍ത്തിയ ചോദ്യം. കേരളത്തില്‍ ഹൈന്ദവ ,ക്രൈസ്തവ മാനേജമെന്റുകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണോ ഇതെന്നും ചോദിച്ചു. ക്രൈസ്തവ ഹൈന്ദവ പ്രതിനിധികള്‍ ഈ വിഷയത്തില്‍ മൗനം തുടര്‍ന്നാല്‍ നാളെ വലിയ വില കൊടുക്കേണ്ടി വരും. ഇതെല്ലം പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന കൃത്യമായ ഇടപെടല്‍ തന്നെയാണ്. ഇത് ഇ്‌സലാമിക രാജ്യമല്ല (കേരളത്തില്‍ ഹിജാബ് അനുവദിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് എടുക്കാന്‍ സമസ്തയുടെ നേത്രത്വത്തില്‍ മതപോലീസോ?, ഒക്ടോബര്‍ 20, ടീം കാസ കണ്ണൂര്‍, ഫേസ്ബുക്ക് പോസ്റ്റ്).
പിതാവിന്റെ വിശദീകരണം
വിവാദം കത്തുന്നതിനിടയില്‍ വിവിധ വിഷയങ്ങളില്‍ പിതാവിന്റെ വിശദീകരണവുമായി അഫ്‌സല്‍ എം എന്ന ഫേസ്ബുക്ക് ഐഡി രംഗത്തുവന്നു. ഏതാനും ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിതാവായ അനസ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നയാളല്ലെന്നുപോലും പലരും ചര്‍ച്ചകളില്‍ അവകാശപ്പെട്ടിരുന്നു:
അനസ് നല്‍കിയ വിശദീഗരണങ്ങള്‍ ഇങ്ങനെ: ഭാര്യയും അഞ്ച് മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. നാല് പേര്‍ പെണ്‍കുട്ടികളാണ്. അതില്‍ ഒരാള്‍ റഷ്യയില്‍ പഠിക്കുന്നു, മറ്റൊരാള്‍ ലണ്ടനില്‍, ഇളയ കുട്ടികളില്‍ ഒരാളാണ് സെന്റ് റീത്താസില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍. ബോട്ട് ഓടിക്കുന്നു. ചെരുപ്പ് കടയുമുണ്ട്. മകളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുന്‍പ് ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന നിബന്ധന സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നില്ല, ഒപ്പിട്ടുകൊടുത്തിട്ടുമില്ല. സ്‌കൂള്‍ ആരംഭിച്ച അന്ന് മുതല്‍ നാല് മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ ആണ് സ്‌കൂളില്‍ പോയത് എന്ന് പറയുന്നത് ശരിയല്ല. കുട്ടി ഹിജാബ് ധരിച്ചിരുന്നു. എന്നാല്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ അഴിച്ചുവെച്ചാണ് ക്ലാസില്‍ ഇരുന്നിരുന്നത്. അതില്‍ മാനസിക പ്രയാസവും മകള്‍ക്ക് ഉണ്ടായിരുന്നു. സ്‌കൂളില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ക്ലാസ്സ് ടൈം അല്ലല്ലോ എന്ന ധാരണയില്‍ മകള്‍ ഹിജാബ് ധരിച്ചു. ഇതു കണ്ട അധ്യാപകര്‍ മകളെ ശാസിച്ചു. പ്രിന്‍സിപ്പൽ അടക്കമുള്ളവര്‍ മോശമായി പെരുമാറി. പിടിഎ പ്രസിഡന്റ് മോശമായി പെരുമാറി. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സഭയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞു. അദ്ദേഹമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. സ്‌കൂളില്‍ പ്രശ്‌നം നടക്കുമ്പോള്‍ എന്റെ കൂടെ ആരും വന്നിരുന്നില്ല. ബഹളം കേട്ട് തൊട്ടടുത്ത് റോഡ് പണി നടക്കുന്നിടത്തുനിന്ന് വന്ന ആളാണ് അവിടെ എത്തിയത്. വിളിച്ചുവന്നതല്ല. സ്‌കൂള്‍ അടച്ചിടാന്‍ ക്രമസമാധാനം ഉന്നയിക്കുകയായിരുന്നു. അവര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അവര്‍ അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചു. കൂടെ നിന്ന അഭിഭാഷകന്‍ അമീന്‍ ഹസ്സനെ മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലാണ് കണ്ടത്. അങ്ങോട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഞാനും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടവരെപ്പോലെ ആയി. മകള്‍ക്ക് ആ സ്‌കൂളില്‍ നിന്ന് ഏത് വിധേനയും ടി.സി വാങ്ങി പോയാല്‍ മതി എന്നായി. എന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെടുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കാമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല (ഒക്ടോബര്‍ 20, ഫേസ്ബുക്ക്/ അഫ്‌സല്‍ എം).
കാഴ്ചപ്പാടിന്റെ പ്രശ്‌നം
‘തട്ടമിട്ട എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് വല്ല ഭയവും തോന്നുന്നുണ്ടോ..?, ഉണ്ടെങ്കില്‍ നമ്മുടെ കാഴ്ചയുടേയല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്’- പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് നാലാം ക്ലാസുകാരിയായ ആയിഷ ആനടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാര്‍ണിവലില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം വൈറലായി (‘തട്ടമിട്ട എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് വല്ല ഭയവും തോന്നുന്നുണ്ടോ..?, ഉണ്ടെങ്കില്‍ നമ്മുടെ കാഴ്ചയുടേയല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്’; വൈറലായി നാലാം ക്ലാസുകാരിയുടെ പ്രസംഗം, ഒക്ടോബര്‍ 20, മാധ്യമം).
പ്രസംഗത്തിന്റെ പേരില്‍ ആയിഷക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നു.
പ്രശ്‌നം കയ്യിലിരുപ്പ്: കാസ കണ്ണൂര്‍ എഫ്ബി പേജില്‍ വന്ന ഒരു പോസ്റ്റ് ഇങ്ങനെ: കാഴ്ചപ്പാടിന്റെ പ്രശ്നമല്ല മോളെ നിങ്ങളുടെ ആളുകളുടെ കയ്യിലിരിപ്പാണ് പ്രശ്‌നം! തട്ടമിട്ട കുട്ടിയെ കാണുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഭയപ്പാട് ഉണ്ടാകുന്നുവെന്ന് ആ സ്‌കൂളുമായി ബന്ധപ്പെട്ട ഒരാള്‍ പോലും പറഞ്ഞിട്ടില്ല. അത് മോളുടെ ആളുകളുടെ തന്ത്രങ്ങള്‍ ഒന്നും വിലപ്പോകാതെ വന്നപ്പോള്‍ അവസാനം അവര്‍ പടച്ചുവിട്ട ഗിബല്‍സിയന്‍ നുണകളാണ്. കൈവെട്ടിനും തല വെട്ടിനും മടിക്കാത്ത ആളുകള്‍ ആ സ്‌കൂളില്‍ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതുകണ്ട് കുട്ടികള്‍ ഭയന്നു എന്നുള്ളത് സത്യമാണ്. അത് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിട്ടുമുണ്ട്! കുട്ടികളെ നുണകള്‍ പഠിപ്പിച്ച് രാഷ്ട്രീയ മതമൗലികവാദ മുതലെടുപ്പിന് ഉപയോഗിക്കുന്നതും അതിനായി വേദികള്‍ ഒരുക്കുന്നതും തികച്ചും അപഹാസ്യവും തെറ്റും തന്നെയാണ്! (ഒക്ടോബര്‍ 21, ഫൈസ്ബുക്ക് പേജ്/ കാസ കണ്ണൂര്‍).
തനിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരേ ആയിഷ രംഗത്തുവന്നു. ‘കല്ലെറിയുന്നവരെ, നിങ്ങള്‍ എറിയുന്ന കല്ല് ഞാന്‍ പെറുക്കിവെക്കും, ഏറ് തുടരുക’ -എന്ന തലക്കെട്ടില്‍ ‘ആശാനും പിള്ളേരും’ എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആയിഷ തന്റെ മനസ്സ് തുറന്നത്: നെഗറ്റീവ് കമന്റുകള്‍ കുറേ വന്നു. എന്നെ സുഡാപ്പിനി, ജിഹാദി തുടങ്ങിയ വാക്കുകളൊക്കെയാണ് ചിലര്‍ ഉപയോഗിച്ചത്. പലരും പറഞ്ഞു പൊലീസില്‍ കേസ് കൊടുക്കാന്‍.. എന്തിനാ.., അവര്‍ ഇനിയും ഫേക്ക് ഐഡിയുമായി വരും. അവരുടെ മനോഭാവമാണ് മാറേണ്ടത്.
രാജ്യസ്‌നേഹമല്ല, രാജ്യദ്രോഹം
മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്കോ? എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി പ്രസിദ്ധപ്പെടുത്തിയ ലേഖനം ഹിജാബ് ധരിക്കാനുള്ള അവകാശം ഉയര്‍ത്തപ്പിടിക്കുന്നത് രാജ്യദ്രോഹമാണെന്ന് വിമര്‍ശിച്ചു: ഹിജാബ് വിവാദം സാംസ്‌കാരിക ജീര്‍ണ്ണതയില്‍ ജീവിക്കുന്ന മത വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഢാലോചനയില്‍ ഉടലെടുത്തതാണ്. സാഹോദര്യം, മത സൗഹാര്‍ദ്ദം തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. കഴിവും സാമര്‍ഥ്യവുമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ പൊതുധാരയിലേക്ക് കടന്നുവരുന്നതിനെ എതിര്‍ക്കുന്നത് അറിവില്ലായ്മയും അന്ധവിശ്വാസവുമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന പെണ്‍കുട്ടികളും വിദ്യാസമ്പന്നരായ മാതാപിതാക്കളും മത തിട്ടൂരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരല്ല. ലോകമെങ്ങും ധാരാളം മഹാന്മാര്‍ വിദ്യ നേടിയിട്ടുള്ളത് ക്രിസ്ത്യന്‍ മിഷണറിമാര്‍ രൂപം കൊടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണ്. ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഒരു വിശാസ മുന്നേറ്റമായി കൊണ്ടുവരുന്നതില്‍ ദുരുദ്ദേശമുണ്ട്. നിസ്‌ക്കരിക്കാന്‍ മുറി വേണം, സ്വന്തം യൂണിഫോം ധരിച്ചുവരുമെന്നൊക്കെ പറയാന്‍ ഭാരതം ഒരു മത രാഷ്ട്രമല്ല. കേരളത്തിന്റെ പ്രതിച്ഛായ ക്ക് മങ്ങലേല്‍പ്പിക്കുന്ന, സമൂഹത്തില്‍ ഭിന്നത വളര്‍ത്തി ഹിന്ദു-മുസ്ലീം- ക്രിസ്ത്യന്‍ കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യസ്‌നേഹമല്ല, രാജ്യദ്രോഹമാണ് (മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്കോ?, കാരൂര്‍ സോമന്‍, ജന്മഭൂമി, ഒക്ടോബര്‍ 21).
നിയമാവലി വിദ്യാർത്ഥികള്‍ പാലിക്കണം
പൊതുവില്‍ അംഗീകരിക്കുന്നതും ഓരോ സ്ഥാപനത്തിന്റെയും നിയമാവലിക്ക് അനുസൃതവുമായ യൂണിഫോം ഉള്‍പ്പെടെയുള്ള സ്‌കൂളിന്റെ പൊതു ചിട്ടകള്‍ വിദ്യാര്‍ഥികള്‍ പാലിക്കണമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍: വിദ്യാര്‍ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടവരും ബോധപൂര്‍വം വിവാദം സൃഷ്ടിക്കാനോ സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനോ ശ്രമിക്കുന്നതു ചെറുക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്തും നിയമപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണം. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഫെഡറേഷന്‍ നിലപാട് വ്യക്തമാക്കിയത് (സ്‌കൂള്‍ നിയമാവലി വിദ്യാർത്ഥികള്‍ പാലിക്കണമെന്ന് ഫെഡറേഷന്‍, ഒക്ടോബര്‍ 21, മലയാള മനോരമ).
ഇരുകൂട്ടർ എന്ന നിർമ്മിതി
ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിയണമെന്ന് എം.എ ബേബി പറഞ്ഞു. മതനിരപേക്ഷതയ്ക്ക് കീര്‍ത്തിപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേതെന്നും ആശയപിഴവ് ഉണ്ടാകരുതെന്നും എം.എ ബേബി പറഞ്ഞു. ആര് ജയിച്ചു? ആര് തോറ്റു? എന്നതല്ല വിഷയം. മതേതരത്വം കാക്കണം. സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു (‘ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിയണം, സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണം’;ഹിജാബ് വിവാദത്തില്‍ എം.എ ബേബി, ഒക്ടോബര്‍ 22, റിപ്പോര്‍ട്ടര്‍ പോര്‍ട്ടല്‍).
ന്യൂനപക്ഷ വര്‍ഗീയതയുടെ ആക്രമണം
നീതി ഔദാര്യമല്ല, അവകാശമാണ് എന്ന ശീര്‍ഷകത്തില്‍ ദീപികയില്‍ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഒരു ലേഖനം പ്രസിദ്ധീരിച്ചിരുന്നു. അതിലെ ഒരു പ്രയോഗം ഇങ്ങനെ:
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും ക്രൈസ്തതയെ വേട്ടയാടുന്നു. ഇത് പൊതുസമൂഹത്തിന്റെ നിലനില്‍പ്പിന് അപകടമായിത്തീരും. ക്രൈസ്തവരുടെ സ്‌കൂളുകളില്‍ മതമൗലികവാദികള്‍ നടത്തുന്ന കയ്യേറ്റങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നു (നീതി ഔദാര്യമല്ല, അവകാശമാണ്, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ (കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്), ഒക്ടോബര്‍ 24, ദീപിക).
54. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ നിരോധിത ഭീകര സംഘടന
പൗരത്വഭേദഗതി നിയമം, വഖഫ് ബില്‍ തുടങ്ങിയവയുടെ പേരില്‍ നാട്ടില്‍ കലാപത്തിന് ശ്രമിച്ച നിരോധിത മുസ്ലീം മതഭീകരവാദ സംഘടനായ പോപ്പുലർ ഫ്രണ്ട്, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജന്മഭൂമി. അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിലെ നേട്ടത്തിനായി സിപിഎമ്മും, കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ഇതിന് ഒത്താശ ചെയ്യുന്നുവെന്നും പത്രം ആരോപിച്ചു: മുസ്ലീം കോര്‍ഡിനേഷന്‍ കമ്മറ്റി, മഹല്ല കോര്‍ഡിനേഷന്‍ കമ്മറ്റി തുടങ്ങി വ്യത്യസ്ത പേരുകളില്‍ സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിത പിഎഫ്‌ഐ പ്രവര്‍ത്തകരും എസ്ഡിപിഐക്കാരുമാണ്. ജാഥകളില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ ഭാരത വിരുദ്ധവും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവുമാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും, സിപിഎം എംഎല്‍എമാരും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ കുപ്രചാരണം അഴിച്ചുവിട്ട് മുസ്ലീം മതവികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. കൊച്ചുകുട്ടികളെയും സ്ത്രീകളെയും വ്യാപകമായി രംഗത്തിറക്കി അതിവൈകാരികത സൃഷ്ടിച്ച് മതവികാരം ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. പിഎഫ്‌ഐയുടെയും, എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളില്‍ ഫലസ്തീന്‍ പതാകകള്‍ വ്യാപകമായി ഉയര്‍ത്തി പ്രകോപനം സൃഷ്ടിക്കുന്നു. ആലപ്പുഴ നഗരത്തില്‍ എന്‍ഐഎ ഇടപെട്ട് അടച്ചുപൂട്ടിയ പിഎഫ്‌ഐ ജില്ലാ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള കെട്ടിടങ്ങളിലും റോഡികളിലും വ്യാപകമായി ഫലസ്തീന്‍ പതാക ഉയര്‍ന്നിട്ടുണ്ട്. നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും നേതാക്കളും പ്രവര്‍ത്തകരും വിവിധ മഹല്ലുകമ്മറ്റികള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നു (ഫലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും, ഒക്ടോബര്‍ 13, ജന്മഭൂമി).


55. നുഴഞ്ഞുകയറുന്ന മതജനസംഖ്യ
രാജ്യത്ത് അതിക്രമിച്ച് കടന്ന് സ്ഥിരതാമസമാക്കുന്നവരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബാങ്കായി കാണുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനെപ്പറ്റി ജന്മഭൂമി എഡിറ്റോറിയല്‍ എഴുതി. അതൊരു ആരോപണമല്ല വസ്തുതയാണെന്നാണ് പത്രം പറയുന്നത്: വര്‍ഗീയപ്രീണനം നടത്തുന്ന പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്നു. ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപി വിരോധം കൊണ്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത രീതിയിലാണ് പെരുമാറുന്നത്. നുഴഞ്ഞുകയറ്റം രാഷ്ട്രീയ വിഷയമല്ല, അത് ജനാധിപത്യത്തിന് ഭീഷണിയായ ദേശീയ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നഴഞ്ഞു കയറ്റം തടയാന്‍ കഴിയില്ല. ചില സംസ്ഥാന സര്‍ക്കാരുകള്‍ നുഴഞ്ഞുകയറ്റക്കാരില്‍ വോട്ട് ബാങ്ക് കാണുന്നു. അഭയാര്‍ത്ഥിയും അതിക്രമിച്ചു കയറുന്നവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവര്‍ തങ്ങളുടെ ആത്മാവിനെയാണ് വഞ്ചിക്കുന്നു. അസമില്‍ മുസ്ലീം ജനസംഖ്യയുടെ ദശവാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉയര്‍ന്നത് നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണ്. പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളില്‍ ഇതുപോലെ മതപരമായ ജനസംഖ്യ വളര്‍ന്നിട്ടുണ്ട്. പുനഃ പരിശോധനയിലൂടെ അനധികൃത വോട്ടര്‍മാരെ പുറത്താക്കുന്നതിനെ മമതാ ബാനര്‍ജി അനുകൂലിക്കുന്നില്ല. അനുകൂലിച്ചാല്‍ രാഷ്ട്രീയമായി തങ്ങള്‍ക്ക് നഷ്ടം സംഭവിക്കും എന്നാണ് ഇവര്‍ കരുതുന്നത് (നുഴഞ്ഞുകയറുന്ന മത ജനസംഖ്യ, ഒക്ടോബര്‍ 13, ജന്മഭൂമി).
56. ആഗോള ഭീകരതക്കെതിരെ ബിജെപി
ബിജെപി ന്യൂനപക്ഷ മോര്‍ച്ച എറണാകുളം നോര്‍ത്ത ജില്ലാ കമ്മിറ്റി ‘മതതീവ്രവാദികളുടെ ആഗോള ഭീകരത’ക്കെതിരെ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു (ആഗോള ഭീകരതയക്കെതിരേ ജനകീയ കൂട്ടായ്മ, ഒക്ടോബര്‍ 13, ജന്മഭൂമി).
57. ഹിന്ദു ഏകതാബോധവും ബിരിയാണിച്ചെമ്പും
ഹിന്ദു എന്ന ബോധം ആവശ്യമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പാലക്കാട് കോട്ടമൈതാനിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം: ഹിന്ദു ഏകതാബോധം അനിവാര്യമാണ്. ഇവിടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണം നടക്കുന്നത്. അതുകൊണ്ട് ഹിന്ദു വോട്ട് ബാങ്ക് ആവാന്‍ കഴിയണം. ഹിന്ദുവിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായത് നടക്കില്ലെന്ന് പറയാനുള്ള തന്റേടമുണ്ടാവണം. ബിരിയാണി ചെമ്പിനെപ്പറ്റി കേള്‍ക്കാനില്ല. ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നതായി ദേവസ്വം ബോര്‍ഡ് മാറി- ധര്‍മസന്ദേശയാത്രയുടെ ഭാഗമായിരുന്നു പരിപാടി (ഹിന്ദു എന്ന ഏകതാബോധം അനിവാര്യം: സ്വാമി ചിദാനന്ദപുരി, ഒക്ടോബര്‍ 13, ജന്മഭൂമി).
പ്രണയക്കുരുക്ക്
ഇതേ യാത്രയുടെ ഭാഗമായി അദ്ദേഹം കൊച്ചിയിലും പ്രസംഗിച്ചു. ഇത്തവണയും ഹൈന്ദവ ഏകീകരണത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്: വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഭരണകൂടം പ്രീണനപദ്ധതികള്‍ നടപ്പാക്കുന്നു. അത് ജനാധിപത്യത്തിന് അപമാനമാണ്. ഹൈന്ദവസമാജം ഇതിനെ പ്രതിരോധിക്കണം. പ്രേമക്കുരുക്കില്‍പ്പെട്ട് പെണ്‍കുട്ടികളുടെ ജീവിതത്തെ ഹനിക്കുന്ന കുതന്ത്രങ്ങള്‍ക്കെതിരേ ജാഗ്രത വേണം- അദ്ദേഹം അഭിപ്രായപ്പെട്ടു (സാമ്പത്തിക ഭദ്രതയുള്ള കരുത്തുള്ള സമാജത്തെ സൃഷ്ടിക്കണം: സ്വാമി ചിദാനന്ദപുരി, ഒക്ടോബര്‍ 15, ജന്മഭൂമി).
58. സീത വേണ്ട
നായികയെ സീതയെന്ന പേര് വിളിക്കുന്നത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സെന്ന ഹെഗ്‌ഡെയുടെ ചിത്രം അവിഹിതം എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകരോടാണ് സെന്‍സര്‍ബോര്‍ഡ് ഈ നിര്‍ദേശം വച്ചത്. സിനിമയില്‍ ‘നീയും നിന്റെ സീതയും തമ്മിലുള്ള’ എന്ന് തുടങ്ങുന്ന ഡയലോഗാണ് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ഡയലോഗുകള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട് (നായികയെ സീത എന്ന് വിളിക്കുന്നത് ഒഴിവാക്കണം; മലയാള സിനിമയില്‍ വീണ്ടും കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്, ഒക്ടോബര്‍ 13, മീഡിയാവണ്‍).
59. ഹമാസ് എന്നാല്‍ ‘അക്രമം’
ഹമാസ് എന്നാല്‍ ”അക്രമം ‘ എന്നാണ് ഹീബ്രുവില്‍ അര്‍ത്ഥമെന്ന് പൊലീസ് മുന്‍ മേധാവി ടി.പി സെന്‍കുമര്‍. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: ഹമാസ് പിടിച്ചുകൊണ്ടുപോയ സ്ത്രീകള്‍ എവിടെ? ഇതുവരെ റിലീസ് ചെയ്തത് കഴിഞ്ഞുള്ള മറ്റെല്ലാ സ്ത്രീകളെയും ഹമാസ് കൊല പെടുത്തിയിരിക്കുന്നു. കാരണം അവര്‍ ജീവിച്ചിരുന്നാല്‍ ഹാമസിന്റെ ക്രൂരതകള്‍ ലോകം കേള്‍ക്കും. അതൊഴിവാക്കാനാണ് അവരെ കൊന്നുകളഞ്ഞത്.
ഹമാസിന് വേണ്ടി പ്രകടനം നടത്തുന്നവര്‍ ഈ ക്രൂരതക്ക് എതിരെ ശബ്ദിക്കുമോ.? 1921ലും മലബാര്‍ കണ്ടതാണ് ഇതേ ക്രൂരതകള്‍. രാജ്യമേതായാലും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തന രീതി ഒന്ന് തന്നെ. കാരണം, മറ്റുള്ളവര്‍ തിരിച്ചു ഈ ക്രൂരതകള്‍ ചെയ്യുന്നില്ല എന്നത് തന്നെ (ഒക്ടോബര്‍ 13, ഫേസ്ബുക്ക്/ ടി.പി സെന്‍കുമാര്‍)
60. ഫലസ്തീന്‍ പതാക പിടിച്ചെടുത്ത് ഫുഡ്‌ബോള്‍ സംഘാടകര്‍
കൊക്കക്കോളയുടെ പങ്കാളിത്തത്തില്‍ കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുഡ്‌ബോള്‍ മല്‍സരത്തിനിടെ ഫലസ്തീന്‍ പതാകയുമായി പ്രതിഷേധിച്ചവരെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിലക്കി. പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്ന കൊക്കൊക്കോള വിരുദ്ധ ബാനറും ഫലസ്തീന്‍ കൊടിയും പിടിച്ചെടുത്തു. പതാക പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയവരുടെ ഫോണുകള്‍ പിടികൂടി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയുണ്ട്.
കൊക്കക്കോളയുടെ പങ്കാളിത്തത്തില്‍ കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയുമാണ് ഏറ്റുമുട്ടിയത്. കൊക്കക്കോളയുടെ പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തെത്തിയതു മുതല്‍ പ്രതിഷേധമുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു (കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫസ്തീന്‍ പതാകയും കൊക്കക്കോളക്കെതിരായ ബാനറും പിടിച്ചെടുത്ത് സംഘാടകര്‍, ഒക്ടോബര്‍ 13. ഡൂള്‍ ന്യൂസ്).
61. ഭഗത് സിങ് പരാമര്‍ശം: കേസില്ല
ഭഗത് സിങിനെക്കുറിച്ച് മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി തള്ളി കോടതി. സി ദാവൂദ് നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കാവുന്ന ഒന്നുമില്ലെന്ന് ഒറ്റപ്പാലം സിജെഎം കോടതി നിരീക്ഷിച്ചു. പാലക്കാട് നെല്ലായ സ്വദേശി ഗോവിന്ദ് രാജ് നല്‍കിയ ഹർജിയിലാണ് നടപടി.
പരാമര്‍ശത്തിന് അടിസ്ഥാനമായ വീഡിയോ പൂര്‍ണമായ കണ്ട ശേഷമാണ് ഒറ്റപ്പാലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരജി തള്ളിയത്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച മാത്രമാണ് നടന്നത്. അതില്‍ കലാപാഹ്വാനമോ ദേശവിരുദ്ധമായതോ രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതോയ ആയ ഒന്നുമില്ല. ഷഹീദ് ഭഗത് സിങ് എന്നാണ് ഭഗത് സിങിന്റെ പരാര്‍മശിക്കുന്നുത്. അതില്‍ അപമാനകരമായ ഒന്നുമില്ലെന്നും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഒരു പരിപാടിക്കിടെ മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പാലക്കാട് നെല്ലായ സ്വദേശി ഗോവിന്ദ് രാജ് കോടതിയെ സമീപിച്ചത്. ഭഗത് സിങിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നായിരുന്നു ആവശ്യം. ‘ഭഗത് സിങ് കോടതിയില്‍ ബോംബ് വെച്ചയാളാണ്, അതിന്റെ പേരിലാണ് അദ്ദേഹത്തെ തൂക്കികൊന്നത്. അയാള്‍ തീവ്രവാദിയാണെന്ന് പറഞ്ഞാണ് തൂക്കികൊന്നത്. 1947 ആഗസ്റ്റ് 15ന് ശേഷം അദ്ദേഹം ധീര ദേശാഭിമാനിയായി’ എന്നാണ് ദാവൂദ് പറഞ്ഞത്. ഈ പരാമര്‍ശത്തില്‍ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായി ഒന്നുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, അസോസിയേറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍ എന്നിവരെയും ഹർജിയില്‍ എതിര്‍ കക്ഷിയാക്കിയിരുന്നു. ഒറ്റപ്പാലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സജിത എം.എന്നിന്റേതാണ് വിധി. മീഡിയവണിന് വേണ്ടി അഡ്വ. അമീന്‍ ഹസ്സന്‍ കോടതിയില്‍ ഹാജരായി (ഭഗത് സിങ് പരാമര്‍ശം; മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ ഹർജി തള്ളി കോടതി, ഒക്ടോബര്‍ 13, മീഡിയാവണ്‍). ദാവൂദിനെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.
62. ദേശീയ പതാകയും ഫലസ്തീന്‍ പതാകയും
പാലക്കാട് ജില്ലയിലെ കോങ്ങാട് മണലിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ ദേശീയ പതാക ഫലസ്തീന്‍ കൊടിയോടൊപ്പം കൂട്ടിക്കെട്ടിയതിന് പോലിസ് അറസ്റ്റ് ചെയ്തു. ഈ ചിത്രങ്ങള്‍ അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുംചെയ്തു. പൊലീസ് ഈ സംഭവം കാര്യമായി എടുത്തിരുന്നില്ല. പിന്നീട് പ്രാദേശിക ബിജെപി നേതൃത്വം പരാതി നല്‍കിയ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തത് (ദേശീയ പതാക ഫലസ്തീന്‍ കൊടിക്കൊപ്പം മൂന്നുപേര്‍ അറസ്റ്റില്‍, ഒക്ടോബര്‍ 13, ജന്മഭൂമി).
63. ജമാഅത്തെ ഇസ്ലാമിക്ക് എന്തു ജനാധിപത്യം?
വിവാദങ്ങളെത്തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ ഫേസ്ബുക് പോസ്റ്റിലെ ഒരു വാചകം ഇങ്ങനെ: ആര്‍എസ്എസ്സിനും എംഎസ്എഫിനും ജമാഅത്ത് ഇസ്ലാമിക്കും എന്ത് ജനാധിപത്യം!’. ‘കാലിക്കറ്റ് വിസിയെ ഓര്‍മ്മിപ്പിക്കുന്നു: എംഎസ്എഫ് വിഴുങ്ങിയതിന്റെ ബാക്കി ബാലറ്റ് കൊണ്ട് അവര്‍ക്ക് ബിരിയാണി വെച്ച് കൊടുക്കുകയോ, ഒരുമിച്ച് ഇരുന്ന് കഴിക്കുകയോ അതൊക്കെ നിങ്ങളുടെ ഇഷ്ടം (ഒക്ടോബര്‍ 15, ഫേസ്ബുക്ക്/ എം. ശിവപ്രസാദ്).
64. നോട്ടുബുക്കിലെ ഫലസ്തീന്‍ പതാക
മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസ് സ്‌കൂളില്‍ ഫലസ്തീന്‍ പതാക നോട്ടുബുക്കില്‍ വരച്ച രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ എത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിത്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു (നോട്ട്ബുക്കില്‍ ഫലസ്തീന്‍ പതാക വരച്ചു; കാസർഗോഡ് രണ്ട് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, ഒക്ടോബര്‍ 15, മീഡിയാവണ്‍).
65. റിമോട്ട് കണ്‍ട്രോള്‍ രാഷ്ട്രീയം
കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും റിമോട്ട് കണ്‍ട്രോളിലാണെന്നും സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ഇരട്ടകളാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ (ഒക്ടോബര്‍ 16, ഫേസ്ബുക്ക്/ രാജീവ് ചന്ദ്രശേഖര്‍).
66. കേരളത്തിന്റെ അഭിനവ ടിപ്പു!
ശബരിമല സ്വര്‍ണപ്പാളി മോഷണം ചര്‍ച്ചയിലായിരുന്നു സമയത്ത് ബിജെപി നേതാവ് അനൂപ് ആന്റണി ഒരു പോസ്റ്റ് പങ്കുവച്ചു. പിണറായിയുടെ ചിത്രം ടിപ്പുവിനെപ്പോലെ മെയ്ക്ക് ഓവര്‍ ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്: അന്ന് ക്ഷേത്രങ്ങളുടെ സ്വത്ത് കൊള്ളയടിച്ചത് ടിപ്പു. ഇന്ന് ക്ഷേത്രങ്ങളുടെ സ്വത്ത് കൊള്ളയടക്കുന്ന അഭിനവ ടിപ്പു! (ഒക്ടോബര്‍ 16, ഫേസ്ബുക്ക്/ അനൂപ് ആന്റണി)
67 കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, പാലൊളി കമീഷൻ റിപ്പോർട്ട്
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അക്കാര്യത്തില്‍ ഒളിച്ചുകളി പാടില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രക്ക് വയനാട്ടിലെ കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരില്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കാനുള്ള വേഗവും കാര്യക്ഷമതയും ഇക്കാര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി (കോശി കമ്മീഷന്‍: സര്‍ക്കാര്‍ ഒളിച്ചുകളി നിര്‍ത്തണമെന്ന് രാജീവ് കൊച്ചുപറമ്പില്‍, ഒക്ടോബര്‍ 16, ദീപിക).
68. തീവ്രവാദം കെടുത്തുന്ന ഫലസ്തീന്‍ സ്വപ്‌നങ്ങള്‍
തീവ്രവാദം കെടുത്തുന്ന ഫലസ്തീന്‍ സ്വപ്‌നങ്ങളെന്ന പേരില്‍ ദീപിക ഒരു എഡിറ്റോറിയല്‍ എഴുതി. ഭീഷണിയില്ലാത്ത ഒരു രാജ്യം കിട്ടിയാല്‍ ഫലസ്തീനിലെയും ഇസ്രയേലിന്റെയും പ്രശ്‌നം തീരുമെന്നും എന്നാല്‍ ഹമാസിന് വേണ്ടത് ഐഎസ്സിന്റെ വ്യാപമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഒപ്പം ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയവുമായി പത്രം അതിനെ ബന്ധപ്പെടുത്തുകയും ചെയ്തു: തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതെയിരിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ അക്കൗണ്ടിലുമുണ്ട്. ഹമാസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങള്‍ക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ മുളകള്‍ക്ക് വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും. അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവര്‍ഗീയതകളും ശക്തിപ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണന രാഷ്ട്രീയത്തിന്റെ വാര്‍ത്തകളും വീക്ഷണങ്ങളഉം നാളെ ചരിത്രമാകും (തീവ്രവാദം കെടുത്തുന്ന ഫലസ്തീന്‍ സ്വപ്‌നങ്ങള്‍, ഒക്ടോബര്‍ 17, ദീപിക).
69. മലപ്പുറത്തെ ക്രൂരത
കോഴിക്കോട് ചേലേമ്പ്ര എ.എല്‍.പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഫീസ് അടക്കാത്തതിനാല്‍ ബസ് യാത്ര നിഷേധിച്ച സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഈ വാര്‍ത്ത റിപോര്‍ട്ടറും നല്‍കി. മലപ്പുറം-കോഴിക്കോട് അതിര്‍ത്തി പ്രദേശം യഥാര്‍ത്ഥത്തില്‍ കോഴിക്കോട് ജില്ലയിലാണെങ്കിലും റിപ്പോര്‍ട്ടറിലെ തലക്കെട്ട് ഇങ്ങിനെ:
സ്‌കൂള്‍ ബസ് ഫീസ് അടക്കാന്‍ വൈകി, വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റിയില്ല; മലപ്പുറത്ത് പ്രധാനാധ്യാപികയുടെ ക്രൂരത എന്നായിരുന്നു (ഒക്ടോബര്‍ 17, റിപ്പോര്‍ട്ടര്‍)യ
70. ‘മലദ്വാര്‍ ഗോള്‍ഡ്’
യു.കെയിലെ ബെര്‍മിങ്ഹാമില്‍ മലബാര്‍ ഗോള്‍ഡിന്റെ പുതിയ ബ്രാഞ്ച് തുറക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ വംശജയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെ മലബാര്‍ ഗോള്‍ഡ് സമീപിച്ചു. 2025 ഏപ്രില്‍ 22ലെ പഹര്‍ഗാം ആക്രമണത്തിനു മുന്‍പായിരുന്നു അത്. ഇക്കാലയളവില്‍ അലിഷ്ബ ഖാലിദ് ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.
ഇതേ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡിനെതിരെ സൈബര്‍ ലോകത്ത് വിദ്വേഷ പ്രചരണം ആരംഭിച്ചു. സംഭവം കോടതിയുടെ പരിഗണനയിലെത്തിയതോടെ ‘ഇന്ത്യക്കെതിരെ നിലപാടെടുത്തത് മുതല്‍ പാക് ഇൻഫ്ലുവന്‍സറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു’ എന്ന് മലബാര്‍ ഗോള്‍ഡ് കോടതിയില്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡിനെതിരായ സമാന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണം നടത്തി:
‘ദീപാവലിക്ക് സ്വര്‍ണാഭരണം എടുക്കാന്‍ മലദ്വാര്‍ ഗോള്‍ഡില്‍ പോകാതിരിക്കൂ. അവര്‍ പാകിസ്താന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവര്‍ ബന്ധത്തിലാണ്. ഇനി മുതല്‍ അവരെ ഉപേക്ഷിക്കുക. പണത്തിന് പ്രാധാന്യം നല്‍കുന്ന നമ്മുടെ നടീ നടന്മാര്‍ അവരെ ഇപ്പോഴും പിന്തുണച്ചേക്കാം. പക്ഷേ, നമ്മള്‍ അവരെ ഉപേക്ഷിക്കുക. അവരറിയട്ടെ ഇന്ത്യക്കാരന്റെ പ്രതിഷേധം (ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ ‘മലദ്വാര്‍ ഗോള്‍ഡ്’ല്‍ പോകരുത്’; ഹൈക്കോടതി ഉത്തരവ് നില്‍ക്കെ സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം, ഒക്ടോബര്‍ 18, ഡൂള്‍ ന്യൂസ്).


71. ഇസ്‌ലാമോഫോബിയ: യുഎന്‍ നിര്‍വചനത്തിനെതിരേ ആരിഫ് ഹുസൈന്‍
എസ്സന്‍സ് ഗ്ലോബലിന്റെ ഒരു പരിപാടിയില്‍ ആരിഫ് സുഹൈന്‍ തെരുവത്ത് പ്രാസംഗികനായിരുന്നു. പ്രസംഗശേഷം ഒരാള്‍ യുഎന്‍ പോലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് പറയുന്നുണ്ടെന്നല്ലോ എന്ന് ഒരാള്‍ ചോദിച്ചു. യുഎന്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ഇസ്‌ലാമോഫോബിയ ഉണ്ടാകുമോയെന്നായിരുന്നു മറുപടി: ഇസ് ലാമോഫോബിയ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടക്കുന്നുവെന്നാണ് യുഎന്‍ പറഞ്ഞത്. എന്നാല്‍ അതിന് യാതൊരു തെളിവും ഹാജരാക്കിയില്ല. ഐസിസിനെ അമേരിക്ക തീവ്രവാദ സംഘടനയായി ലിസ്റ്റ് ചെയ്തതിനു ശേഷമാണ് യുഎന്‍ ലിസ്റ്റ് ചെയ്തത്. യുഎന്‍ പറഞ്ഞാല്‍ എല്ലാം അംഗീകരിക്കാന്‍ കഴിയില്ല. യുഎന്‍, ഡബ്ല്യൂഎച്ച്ഒ എന്നിവ രാഷ്ട്രീയ വേദികളാണ്. അവര്‍ പറയുന്നതെല്ലാം ശാസ്ത്രീയമാകണമെന്നില്ല. ഭാവിയില്‍ യുഎന്‍ ഇസ്‌ലാമോഫോബിയ എന്ന പദം ഉപേക്ഷിക്കും. കാരണം ഫ്രീസ്പീച്ച് വിലക്കുന്ന ഒന്നാണ് ഇസ്‌ലാമോഫോബിയ (ആരിഫ് ഹുസൈന്‍ തെരുവത്ത്, യു എന്‍ ഉണ്ടെന്നാല്‍ പറഞ്ഞാല്‍ ഇസ്‌ലാമോഫോബിയ ഉണ്ടാകുമോ? ഫേസ്ബുക് പേജ് , ഒക്ടോബര്‍ 19. എസ്സെൻസ് ഗ്ലോബല്‍).
72. പൊറോട്ടയും ബീഫും അയ്യപ്പ സംഗമവും
പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം കൊടുത്തതെന്നും എംപി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.(പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ച സര്‍ക്കാരാണ് അയ്യപ്പസംഗമം നടത്തിയത്: എന്‍.കെ പ്രേമചന്ദ്രന്‍, ഒക്ടോബര്‍ 19, മീഡിയവണ്‍).
73. എസ്സെന്‍സിന് ബോംബ് ഭീഷണി
സ്വതന്ത്ര ചിന്തകരുടെയും നിരീശ്വരവാദികളുടെയും കൂട്ടായ്മയായ എസ്സെന്‍സ് കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബോംബ് ഭീഷണി. ഇസ്ലാം വിമര്‍ശകയായ തസ്ലീമ നസ് റിന്‍ പങ്കെടുക്കുന്ന സമ്മേളനത്തിലായതുകൊണ്ടുതന്നെ ഈ വാര്‍ത്ത വന്‍തോതില്‍ പ്രചരിച്ചു. കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് ഉദയംപേരൂര്‍ സ്വദേശി 45കാരന്‍ തോക്കുമായി പ്രവേശിച്ചത്. അജീഷ് എന്നാണ് പേര്. ജീവന് ഭീഷണിയുണ്ടായിരുന്നതുകൊണ്ട് ഇയാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയുണ്ടെന്ന് പൊലീസ് പറയുന്നു (തസ്ലീമ നസ്‌റിന്‍ പങ്കെടുക്കാനിരിക്കേ തോക്കുമായി യുവാവ് സമ്മേളനത്തില്‍, ഒക്ടോബര്‍ 20, മാതൃഭൂമി).
പാളിപ്പോയ ഭീകരാക്രമണമാണ് എസ്സെന്‍സില്‍ നടന്നതെന്നാണ് തത്വമയി ഓണ്‍ലൈന്‍ ചാനല്‍ ഇതിനെ വ്യാഖ്യാനിച്ചത്. അതിന്റെ കാരണവും ചാനല്‍ പറഞ്ഞു- തസ്ലീമയും ടി.ജെ ജോസഫും പങ്കെടുക്കുന്നുണ്ട്. തസ്ലീമയ്ക്ക് മതതീവ്രവാദികളുടെ വധഭീഷണിയുണ്ട്. ടി.ജെ ജോസഫും മതതീവ്രവാദികളുടെ ഭീഷണി നേരിടുന്നയാളാണ്. അദ്ദേഹത്തെ ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരാണ് ആക്രമിച്ചത്. രണ്ടുപേരും ഇസ്ലാമിക തീവ്രവാദികളുടെ നോട്ടപ്പുള്ളികളാണ്. അതുകൊണ്ട് തോക്കുമായി എത്തിയതില്‍ ദുരൂഹതയുണ്ട്. പരിപാടിക്ക് തന്നെ ബോംബ് ഭീഷണിയുണ്ടായിരന്നുവെന്നും അവതാരകന്‍ അവകാശപ്പെട്ടു. പിഎഫ്‌ഐക്ക് കേരളത്തില്‍ സ്വാധീനമുണ്ട് (കൊച്ചിയില്‍ നിരീശ്വരവാദികളുടെ സമ്മേളനത്തിന് ഭീഷണി, ഒക്ടോബര്‍ 19, തത്വമയി ന്യൂസ്).
74. യുഡിഎഫ് വര്‍ഗീയ മുന്നണിയായി
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെട്ട വര്‍ഗീയ മുന്നണിയായി യുഡിഎഫ് മാറിയ സാഹചര്യത്തില്‍ പേര് മാറ്റുന്നതാണ് അവര്‍ക്ക് നല്ലതെന്ന് സിപിഎം സം സ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടിയേരി പുന്നോലില്‍ സി.എച്ച് കണാരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: ഇസ്ലാമിക രാഷ്ട്രവാദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെട്ട യുഡിഎഫും, ആര്‍എസ്എസും സംഘപരിവാറും ഉള്‍പ്പെട്ട ബിജെപിയും എന്നിങ്ങനെ രണ്ട് വര്‍ഗീയമുന്നണിയാണ് സംസ്ഥാനത്തുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. ശരിയായ ദിശാബോധത്തോടെ ഇരുകൂട്ടരെയും പ്രതിരോധിക്കാനാകണം (യുഡിഎഫ് വര്‍ഗീയ മുന്നണിയായി: എം.വി ഗോവിന്ദന്‍, ഒക്ടോബര്‍ 21 ദേശാഭിമാനി, വാര്‍ത്ത).
75. ഇസ്രായേലി കൃഷി
ഇസ്രായേലിനെ പിന്തുണച്ച് കൊണ്ട് നടന്‍ ശ്രീനിവാസന്റെ പ്രതികരണം: ‘ഇസ്രായേലിനെ ഫലസ്തിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താം. പക്ഷേ, ലോകത്ത് കൃഷിയുടെ കാര്യത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്ന് മനസിലാക്കണം… ഇവിടുന്ന് ആരെങ്കിലും ഇസ്രായേലില്‍ പോകുന്നുണ്ടെങ്കില്‍ കൂടെ ഞാനും ഉണ്ട് (ഒക്ടോബര്‍ 21 മീഡിയാവണ്‍ ഫേസ്ബുക്ക്).
76. ഫ്രഷ്‌കട്ട് സമരങ്ങളിലെ നുഴഞ്ഞുകയറ്റം
കോഴിക്കോട് കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനുനേരേ നടന്ന ജനകീയസമര സമിതിയുടെ റോഡ് ഉപരോധസമരം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
രാവിലെ പത്തുമണിയോടെ സമാധാനപരമായി തുടങ്ങിയ റോഡ് ഉപരോധം വൈകീട്ട് നാലരയോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. മാലിന്യം വഹിച്ച വാഹനം പ്ലാന്റിലേക്ക് കടത്താന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ സമരക്കാര്‍ തടഞ്ഞു. ഇതോടെ കോടതിവിധി നടപ്പാക്കാനായി പൊലീസ് ബലംപ്രയോഗിച്ച് സമരക്കാരെ റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. 300ഓളം പേര്‍ക്കെതിരേ കേസുണ്ട്. (ഫാക്ടറിക്ക് തീയിട്ടു, കത്തിച്ചത് 13 വാഹനങ്ങള്‍; 9 കോടി രൂപയുടെ നഷ്ടം; 22 പോലീസുകാര്‍ക്കും ഒട്ടേറെ നാട്ടുകാര്‍ക്കും പരിക്ക്, ഒക്ടോബര്‍ 22, മാതൃഭൂമി; താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരെ സമരം; മുന്നൂറോളം പേര്‍ക്കെതിരെ കേസ്,പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്എഫ്ആര്‍, ഒക്ടോബര്‍ 22 മീഡിയാവണ്‍).
361 പേര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍ അന്യായമായി സംഘം ചേരല്‍ തുടങ്ങി വകുപ്പുകളാണ് ചേര്‍ത്തത്. വ്യാപകമായ റെയ്ഡുകളും നടന്നു (ഫ്രഷ് കട്ട് സമരം എസ്ഡിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 13 ആയി, സമകാലികമലയാളം, ഒക്ടോബര്‍ 29).
ന്യായം പക്ഷേ, നുഴഞ്ഞുകയറി
സമരം ന്യായമാണെങ്കിലും സംഘര്‍ഷത്തിനു പിന്നില്‍ നുഴഞ്ഞുകയറിയ പരിശീലനം സിദ്ധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സമരത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി സമരത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച എസ്ഡിപിഐക്കാര്‍ കയറിക്കൂടുകയായിരുന്നുവത്രെ (ഫ്രഷ് കട്ടിനെതിരായ സമരം ന്യായം: പരിശീലനം ലഭിച്ച എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകറി:സിപിഐഎം, ഒക്ടോബര്‍ 22, ഡൂൾ ന്യൂസ്)
ആസൂത്രിതം, ഛിദ്രശക്തി
സമരത്തിനിടയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് വിലയിരുത്തി. സമരത്തിന് പിന്നില്‍ ചില ഛിദ്രശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ഫ്രഷ് കട്ട് തൊഴിലാളി യൂണിയന്‍ നേതാക്കളും, കമ്പനി ഉടമകളും പറയുന്നു. പ്രതിഷേധം അറിയിക്കാനാണ് സമരം നടത്തിയതെന്നും അക്രമ സമരം ജനകീയ സമരസമിതിയുടെ അജണ്ടയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നുമാണ് സമരത്തില്‍ പങ്കെടുത്തവര്‍ പറയുന്നത് (താമരശേരി ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ്; പിന്നില്‍ എസ്ഡിപിഐ എന്ന് തൊഴിലാളി യൂണിയനും കമ്പനി ഉടമകളും, ഒക്ടോബര്‍ 22, ന്യൂസ് മലയാളം).
മാവോവാദികളും സുഡാപ്പികളും
സമരത്തിനെതിരേ എഴുതിയ രണ്ട് സാമൂഹ്യമാധ്യമ ഐഡികള്‍ സമരക്കാരെ സുഡാപ്പികളും മൗദൂദികളുമായി ചിത്രീകരിച്ചു.
ബൈജു സ്വാമിയുടെ പോസ്റ്റ്: ഇന്നലെ അമ്പായത്തോട് ഫ്രഷ് കട്ട് ഫാക്ടറിക്ക് എതിരെയുള്ള സമരത്തില്‍ ഉണ്ടായ അക്രമത്തിന്റെ വിഷ്വല്‍സ് കണ്ടപ്പോള്‍ എനിക്ക് തോന്നുന്നത് ആ സമരത്തിലും കേരളത്തിലെ എല്ലാ ജനകീയ പ്രതിഷേധ സമരങ്ങളിലുമെന്നത് പോലെ മാവോയിസ്റ്റുകളും സുഡാപ്പികളും നുഴഞ്ഞു കയറിയെന്നാണ്. കാരണം സമരം ചെയ്തിട്ടുള്ള, സമര പരിചയമുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരാരും പൊലീസിലെ മേലധികാരികളെ അക്രമിക്കാറില്ല (ഒക്ടോബര്‍ 22, ഫേസ്ബുക്ക് / ബൈജുസ്വാമി).
റാം കുമാറിന്റെ പോസ്റ്റ്: സുഡാപ്പികളും മൗദൂദികളും കോണ്‍ഗ്രസുകാരും കൂടെ ചേര്‍ന്ന് ഫ്രഷ് കട്ട് ഫാക്ടറി പൂട്ടിച്ചു. ഇനി ഒരു രണ്ടു കൊല്ലം കഴിയുമ്പോള്‍ കേരളത്തിലെ വ്യവസായങ്ങള്‍ പൂട്ടിക്കുന്നത് സിപിഎം ആണ് എന്നും പറഞ്ഞു ഇതേ ഫ്രഷ് കട്ട് ഫാക്ടറിയുടെ പടവും കൊണ്ട് ഇവന്മാര്‍ തന്നെ വരും. എന്നിട്ട് സിപിഎമ്മിനെ ചീത്തയും വിളിക്കും (ഒക്ടോബര്‍ 22, രാംകുമാര്‍/ബൈജുസ്വാമി).
സമരം ചെയ്തവരില്‍ ഡിവൈഎഫ്‌ഐക്കാരുണ്ടെങ്കില്‍ നടപടി
ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയില്‍ നടന്നത്. അക്രമി സംഘത്തില്‍ ഡിവൈഎഫ്ഐക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം (ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞു കയറ്റക്കാരെന്ന് ഇ.പി ജയരാജന്‍, ഒക്ടോബര്‍ 22, മീഡിയാവണ്‍).


സിപിഎം ആരോപണം തെറ്റ്
ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമരസമിതി നിഷേധിച്ചു: എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദം ശരിയല്ല. സമരസമിതിയംഗങ്ങള്‍ പ്ലാന്റ് അക്രമിച്ചില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കി പറഞ്ഞു. ഫ്രഷ് കട്ടിന്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും സമരസമിതി തള്ളി (എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളി, ഒക്ടോബര്‍ 22, മീഡിയാവണ്‍).
നുഴഞ്ഞുകയറിയത് എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും
താരശ്ശേരിയിലെ മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിയിരെയുണ്ടായ ജനകീയ സമരത്തെ അക്രമാസ്‌കതവും സംഘര്‍ഷഭരിതവുമാക്കിയതിന് പിന്നില്‍ എസ്ഡിപിഐയും ഡിവൈഎഫ്ഐയുമാണെന്ന് ജന്മഭൂമി വാര്‍ത്ത. യഥാര്‍ത്ഥ സമരത്തെ ഈ സംഘടനകള്‍ അട്ടിമറിച്ചുവെന്നാണ് ആരോപണം. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി പോലീസിനെയും ഫയര്‍ഫോഴ്സിനെയും ഈ സംഘടനകള്‍ അക്രമിക്കുകയായിരുന്നുവെന്നും ആരോപിച്ചു (താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും, ഒക്ടോബര്‍ 23, ജന്മഭൂമി).
നുഴഞ്ഞുകയറിയത് ഡിവൈഎഫ്‌ഐ
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും തീവെപ്പിലും എസ്ഡിപിഐയെ വലിച്ചിഴയ്ക്കുന്ന സിപിഎം പ്രസ്താവന ദുരുദ്ദേശപരമാണെന്നും നുഴഞ്ഞുകയറിയത് എസ്ഡിപിഐയല്ല ഡിവൈഎഫ്‌ഐയാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്. നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയത് ഡിവൈഎഫ്‌ഐ ക്രിമിനലുകളാണ്. സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും പ്ലാന്റിന് തീയിട്ടവരെയും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (ഫ്രഷ് കട്ട് സമരത്തില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, അത് എസ്ഡിപിഐ അല്ല ഡിവൈഎഫ്‌ഐ ആണ്: പി. അബ്ദുല്‍ ഹമീദ്, ഒക്ടോബര്‍ 23, മീഡിയാവണ്‍).
സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ
സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്: സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചത്. സംഭവം ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. സിപിഎം അനുഭാവികളായ കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കണമെന്നതാണ് പാര്‍ട്ടിയുടെ സമീപനം. ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് ഈ പ്രവര്‍ത്തി നടത്തിയത്. സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം (താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ, ഡിവൈഎഫ്ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍’; സിപിഎം ജില്ലാ സെക്രട്ടറി. ഒക്ടോബര്‍ 23, റിപ്പോര്‍ട്ടര്‍).
തീവ്രവാദ ആരോപണത്തിനെതിരെ ക്ഷേത്രവും പള്ളിയും
താമരശേരിയിലെ ജനകീയ സമരത്തില്‍, തീവ്രവാദ ആരോപണമുന്നയിക്കുന്നതിനെതിരെ പ്രദേശത്തെ ക്ഷേത്രം, പള്ളിക്കമ്മിറ്റി ഭാരവാഹികള്‍. എല്ലാ മതവിഭാഗങ്ങളും സംഘടനകളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന നാട്ടില്‍ വര്‍ഗീയധ്രു വീകരണമുണ്ടാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം സമരക്കാരെ സംശയനിഴലില്‍ നിര്‍ത്തുന്ന നടപടി അംഗീകരിക്കാനാകില്ല എന്നും മത സാമുദായിക നേതാക്കള്‍ പറഞ്ഞു. സമരത്തിനെതിരായ തീവ്രവാദ ആരോപണം ദൗര്‍ഭാഗ്യകരമാണെന്ന് പ്രദേശത്തെ കരിങ്ങമണ്ണ അയ്യപ്പന്‍കാവ് ഭഗവതി ക്ഷേത്ര ക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു (താമരശ്ശേരി ഫ്രഷ് കട്ട് സമരം; തീവ്രവാദ ആരോപണത്തിനെതിരെ ക്ഷേത്രം , പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, ഒക്ടോബര്‍ 25, മീഡിയ വണ്‍).
77. സിപിഎം നേതാവിന്റെ മകളും ലൗജിഹാദും
ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മകളെ സിപിഎം നേതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി ഒരു വാര്‍ത്ത ഉദുമയില്‍നിന്ന് പുറത്തുവന്നു. ഉദുമ ഏരിയാ കമ്മിറ്റി അംഗം പി.വി ഭാസ്‌കരനെതിരെയാണ് മകള്‍ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്. ഇതര മതസ്ഥനായ യുവാവിനെ വിവാഹം ചെയ്യണമെന്ന് അറിയിച്ചപ്പോള്‍ വീട്ടുതടങ്കലിലാക്കിയെന്നും അപകടത്തില്‍ അരക്ക് താഴെ തളര്‍ന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത് (ഇതര മതസ്ഥനെ വിവാഹം കഴിക്കണമെന്ന് മകള്‍; വീട്ടുതടങ്കലിലാക്കി സിപിഎം നേതാവ്, ഒക്ടോബര്‍ 22, സിറാജ്).
വീണ്ടും ലൗ ജിഹാദ്
ഇതേ കുറിച്ച ജനം ടിവി വാര്‍ത്ത സംസ്ഥാനത്ത് വീണ്ടും ലൗജിഹാദ് എന്നായിരുന്നു. കാരണം പ്രണയത്തിലായ പെണ്‍കുട്ടി വിവാഹം കഴിക്കാനാഗ്രഹിച്ചത് നാഡീ വൈദ്യനായ ഒരു മുസ്ലിംയുവാവിനെയായിരുന്നു. വാര്‍ത്ത ഇങ്ങനെ പറയുന്നു: യുവതിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവാവ് പ്രണയം നടിച്ചു വലയിലാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. ശീര്‍ഷകത്തില്‍ ജനം ടിവി ‘ലൗ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും പരാതിക്കാരായ കുടുംബം ഈ വാക്ക് ഉപയോഗിച്ചിട്ടില്ല (സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്; കാസര്‍കോട് സിപിഎം നേതാവിന്റെ മകളെ പ്രണയം നടിച്ച് വലയിലാക്കിയെന്ന് പരാതി; നാഡീ വൈദ്യന്‍ റാഷിദിനെതിരെ കുടുംബം, ഒക്ടോബര്‍ 22, ജനം ടിവി)
പിന്തുണച്ച് ബിജെപി
ഉദുമയില്‍ മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്ന യുവതിയെ വീട്ടുതടങ്കലിലാക്കായ സംഭവത്തില്‍ അച്ഛന്‍ പി.വി ഭാസ്‌കരനെ ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് അഡ്വ .കെ. ശ്രീകാന്ത് പിന്തുണച്ചു: സംഗീതയുടെ ദൗര്‍ബല്യം മുതലെടുത്ത് ബ്രെയിന്‍ വാഷ് ചെയ്ത് സഹായിക്കുന്നതിന്റെ മറവില്‍ തന്റെ ചില രഹസ്യ അജണ്ട നടപ്പിലാക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. അതില്‍ സംഗീത വീഴുന്നു. ഈ ഗൂഢാലോചന മനസ്സിലാക്കിയ ഭാസ്‌കരേട്ടനും കുടുംബവും മകളെ ഈ ചതിക്കുഴിയില്‍ വീഴുന്നത് തടയാന്‍ ശ്രമിക്കുന്നു. ഈ സംഭവം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവു വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്. സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി തന്റെ സ്വാര്‍ത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിന്‍ന്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക (കാസര്‍കോട് മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡനം; സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്. ഒക്ടോബര്‍ 22, മീഡിയാ വണ്‍).
78. ഭീകരപ്രസ്ഥാനങ്ങളുടെ ഭീഷണി
സെന്റ് റാത്താ സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭീകരപ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഭീഷണിക്കുമുന്നില്‍ ഭരണഘടനാപരമായ അവകാശം അടിയറവ് വയ്ക്കാതെ സ്‌നേഹത്തോടും വിവേകത്തോടും കൂടെ പെരുമാറിയ ഹെഡ്മിസ്ട്രസ്സിനെ അഭിനന്ദിച്ച് ഫാദര്‍. സോഷി മെയ്യാറ്റില്‍. മുനമ്പം വക്കഫ് വിരുദ്ധ സമരത്തിന്റെ നേതാവാണ് അദ്ദേഹം (ഒക്ടോബര്‍ 29, ഫേസ്ബുക്ക്/ ഫാ. ജോഷി മയ്യാറ്റില്‍).
79. ലീഗിന്റെ മതരാഷ്ട്രവാദം
വെള്ളാപ്പള്ളിയുടെ വിമര്‍ശനവും ലീഗിന്റെ ഇടത് ബന്ധവും എന്ന പേരില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെക്കുറിച്ച് മുരളി പാറപ്പുറം ജന്മഭൂമി പത്രത്തില്‍ ലേഖനം എഴുതി. ലീഗിന്റേത് മതരാഷ്ട്രവാദമാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്: മതരാഷ്ട്രത്തില്‍ കുറഞ്ഞ യാതൊന്നുമല്ല മുസ്ലീം ലീഗിന്റെ ആത്യന്തിക ലക്ഷ്യം. ലീഗ് രൂപം കൊണ്ടതുതന്നെ ഇതിനുവേണ്ടിയാണെന്ന് അവര്‍ രാജ്യത്തെ വിഭജിച്ച് പാകിസ്താൻ നേടിയെടുത്തതില്‍ നിന്നുതന്നെ വ്യക്തമാണ്. അധികാരവും സമ്പത്തും കൈക്കലാക്കി ഇനിയും ഒരു രാഷ്ട്ര വിഭജനം ഈ പാര്‍ട്ടി മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മതമൗലിക സംഘടനകളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള ഭീകരസംഘടനകളില്‍ നിന്നും ലീഗ് വ്യത്യസ്തമല്ല. മുസ്ലീം ലീഗിനെ കുറേക്കാലമായി കൊണ്ടുനടക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത് ലീഗാണ്. കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ഐഎന്‍എല്ലുമായാണ് ബന്ധമെങ്കില്‍ തമിഴ്നാട്ടില്‍ മുസ്ലീം ലീഗുമായാണ്. ഇതും ഒരു മതേതര കോമഡിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മതരാഷ്ട്രവാദത്തെ, ഈ ശക്തികള്‍ ഏതു മുന്നണിയുടെ ഭാഗമായിരുന്നാലും സിപിഎമ്മും മുസ്ലീം ലീഗും ഒരേപോലെയാണ് പിന്തുണച്ചിട്ടുള്ളത്. ഫലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനോട് ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഒരേ പോലെയാണ് അകലം പാലിച്ചത് (വെള്ളാപ്പള്ളിയുടെ വിമര്‍ശനവും ലീഗിന്റെ ഇടത് ബന്ധവും, മുരളി പാറപ്പുറം, ഒക്ടോബര്‍ 23, ജന്മഭൂമി).
80. വ്യാജവാര്‍ത്ത
കെഎസ്ഇബിയുടെ ഒരു ഫേസ്ബുക് പോസ്റ്റിനു കീഴില്‍ ബിബിന്‍ നാരായണന്‍ എഴുപൊയ്തില്‍ എന്നയാള്‍ ഒരു കമന്റ് ഇട്ടു. അതനുസരിച്ച് വൈദ്യുതി നിരക്ക് പള്ളികള്‍ക്ക് കുറവും ക്ഷേത്രങ്ങള്‍ക്ക് കൂടുതലുമാണ്:
വിചിത്രമായ പരിഹാസം
വൈദ്യുതി നിരക്ക്:
സാധാരണ പൗരന്മാര്‍ക്ക് യൂണിറ്റിന്: 7.85 രൂപ.
മസ്ജിദ് യൂണിറ്റിന്: 1.85 രൂപ
പള്ളി യൂണിറ്റിന്: 1.85 രൂപ
ക്ഷേത്രം യൂണിറ്റിന്: 7.85 രൂപ.
ഇതാണ് നമ്മുടെ മതേതര ഇന്ത്യ.
ഇതിന് താഴെ കെഎസ്ഇബിയുടെ മറുപടി നല്‍കി: വ്യാജ വാര്‍ത്ത (ഒക്ടോബര്‍ 23, ഫേസ്ബുക്ക് പേജ്/കെഎസ്ഇബി)
81. താലിബാന്‍ പരിഹാസം
പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി എസ്എഫ്ഐ മുന്‍ നേതാക്കളുടെ സംഗമപോസ്റ്റര്‍ പുറത്തിറക്കി. അതില്‍ ഒരു സ്ത്രീപോലുമുണ്ടായിരുന്നില്ല. ഇതേ കുറിച്ച് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയയുടെ പരിഹാസം ഇങ്ങനെയായിരുന്നു: ആറാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും ഒരൊറ്റ സ്ത്രീയെയും ഇതില്‍ കാണുന്നില്ലല്ലോ?(ഇതെന്താ താലിബാന്‍ വിദ്യാര്‍ത്ഥി സമ്മേളനമോ?, ഒക്ടോബര്‍ 23, മീഡിയാ വണ്‍).
82. എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഫാസിസ്റ്റായത്?
എന്ന് മുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിന് ഫാസിസ്റ്റ് പാര്‍ട്ടിയായത് എന്ന ചോദ്യവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനമന്ദിരമായ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ സന്ദര്‍ശനം നടത്തിയിതിന് താന്‍ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്ര തവണ പോയിട്ടുണ്ടെന്ന് കൃത്യമായി തനിക്കറിയാം. ഇടതുമുന്നണിയുടെ ഭാഗമായ ഐഎന്‍എല്ലിന്റെ ഭാഗമായിരുന്ന കാലത്ത് ചില സന്ദര്‍ഭങ്ങളില്‍ ഞാനും ഒപ്പം പോയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു (യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്, ബന്ധം തുടരും: മുസ്ലീം ലീഗ്, ഒക്ടോബര്‍ 23, സമകാലിക മലയാളം) .
83. മുസ്ലീങ്ങൾ മുഴുവന്‍ ജിഹാദികളോ
കേരള യുക്തിവാദി സംഘം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 2025 നവംബര്‍ 16ന് ഒരു സംവാദം നിശ്ചയിച്ചു. അതില്‍ പ്രഭാഷകനായി നിശ്ചയിച്ചിരുന്നത് എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടനയുടെ നേതാവായ ഡോ. ആരിഫ് ഹുസൈനെയാണ്. അദ്ദേഹത്തിന് നല്‍കിയ വിഷയം ‘മുസ്ലീങ്ങൾ മുഴുവന്‍ ജിഹാദികളോ’ എന്നാണ്?(ഒക്ടോബര്‍ 24, ഫേസ്ബുക്ക്/ അരുണ്‍ എന്‍എം – യുക്തിവാദി സംഘം പ്രസിഡന്റ്).
84. താലിബാന്‍ ചാപ്പയും ഇസ്‌ലാമോഫോബിയയും
മീഡിയ വണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചക്കിടെ അനില്‍കുമാര്‍ അവതാരകൻ അജിംസിന്റെ ചോദ്യത്തിന് മറുപടിയായി, ‘താലിബാനികളുടെ സ്ഥിരം തൊഴിലായത്‌കൊണ്ട് എനിക്ക് പരാതിയില്ല , നിങ്ങള്‍ അപമാനിച്ചോളൂ’ എന്നു പറഞ്ഞു.
നിങ്ങളാരെയാണ് താലിബാനികളെന്ന് വിളിക്കുന്നത്, അമ്മാതിരി ചാപ്പയൊക്കെ അങ്ങ് എകെജി സെന്ററില്‍ വെച്ചാമതി. ആ കാലം കഴിഞ്ഞു, ഇസ്‌ലാമോഫോബിയ വിളമ്പി ചാപ്പയടിക്കുന്ന കാലം കഴിഞ്ഞു അനില്‍ കുമാര്‍’ അവതാരകന്‍ തിരിച്ചിടിച്ചു (നിങ്ങളാരെയാണ് താലിബാനികളെന്ന് വിളിക്കുന്നത്? അമ്മാതിരി ചാപ്പയൊക്കെ എകെജി സെന്ററില്‍ വെച്ചാ മതി, ഒക്ടോബര്‍ 24, മീഡിയ വണ്‍).
രണ്ടാം ദിവസം അനില്‍കുമാര്‍ അതിന് മറുപടി പറഞ്ഞു: താലിബാന്‍ ഞങ്ങള്‍ക്ക് വിസ്മയമല്ല. അവര്‍ കമ്മ്യൂണിസ്റ്റ് വേട്ടക്കാരാണ്. താലിബാനെതിരെ പറഞ്ഞാല്‍ ‘ഇസ്‌ലാമോഫോബിയ’ ആവില്ല. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം പി രാജീവിന് പഴനിയില്‍ ഫാം ഹൗസ് ഉണ്ടെന്നും അത് കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയുടെ തെളിവാണെന്നും അജിംസ്-ദാവൂദ് കൂട്ടുകെട്ട് ഇരുട്ടുമുറി ചര്‍ചയില്‍ പറത്തിരുന്നു. ആ സ്ഥലം എഴുതിവാങ്ങാന്‍ എകെജി സെന്ററിലേക്ക് ഇവരെ മന്ത്രി ക്ഷണിച്ചതാണ്. താലിബാന്റെ പണം കിട്ടുന്നതിനാലാണോ രണ്ടാള്‍ക്കും അതിനോട് മോഹം തീരെയില്ലാത്തത്. താലിബാനികളെപ്പറ്റി പറഞ്ഞാല്‍ മീഡിയാവണിന് പൊള്ളും. താലിബാനും ഒരു രാഷ്ട്രീയ പാര്‍ടിയാണ്. ആര്‍എസ്എസും ഒരു രാഷ്ട്രീയ സംവിധാനമാണ്. താലിബാനികളെ എതിര്‍ക്കുന്നത് രാഷ്ട്രീയ ദൗത്യത്തിന്റെ ഭാഗമാണ്. ജമാഅത്തെ ഇസ്ലാമി താലിബാനികളെ തള്ളിയോ? ആഗോള താലിബാനിസത്തിന്റെ ഇന്ത്യയിലെ നടത്തിപ്പുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. അത് കേരളത്തിലേക്ക് ഒളിച്ചുകടത്തേണ്ട എന്നാണ് മീഡിയാവണിനോടും മാധ്യമത്തോടും ജമാഅത്തെ ഇസ്ലാമിയോടും മുസ്ലീം ലീഗിനോടും പറയാനുള്ളത്. അത് മുസ്ലീം വിരോധമോ ഇസ്‌ലാമോഫോബിയയോ അല്ല. ആര്‍എസ്എസ്സ് പിടിമുറുക്കുന്നതിനെതിരായ പ്രതിരോധമാണ് (ഒക്ടോബര്‍ 26, ഫേസ്ബുക്ക്. കെ അനില്‍കുമാര്‍).
85. ‘കേരളത്തിന്റെ മോചനം ഇസ്ലാമിലൂടെ
ഭരണവും മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് കെ.എം ഷാജി നടത്തിയ പ്രസംഗത്തിനെതിരേ കേസരി ലേഖനം: ഷാജി പറഞ്ഞത് കുറഞ്ഞുപോയോ എന്നേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കു സംശയമുള്ളു. കേരളം എന്നല്ല ഇന്ത്യ തന്നെ ഭരിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ. മുഹമ്മദ് ബിന്‍ കാസിം മുതല്‍ അവസാനത്തെ മുഗള രാജാവുവരെ ശ്രമിച്ചിട്ടും ഈ രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കാനായില്ലെങ്കിലും കോണ്‍ഗ്രസ്സിനെ ഇസ്ലാമികവല്‍ക്കരിക്കാനും ലീഗിന്റെ കയ്യിലെ പാവയാക്കാനും അവര്‍ക്കു സാധിച്ചു. രാഹുലിനും പ്രിയങ്കക്കും വരെ പാര്‍ലമെന്റിലെത്തണമെങ്കില്‍ ലിഗിന്റെ കനിവു വേണം. ഷാജിയേക്കാള്‍ വിഷമുള്ള ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ന് യു.ഡി.എഫിന്റെ മാളത്തിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി. എഫിന്റെ പ്രകടനപത്രികയില്‍ ‘കേരളത്തിന്റെ മോചനം ഇസ്ലാമിലൂടെ’ എന്നുകൂടി ചേര്‍ത്താല്‍ സംഗതി കുശാലായി (യുഡിഎഫ് ഭരണം വന്നാല്‍ ‘കേരളത്തിന്റെ മോചനം ഇസ്ലാമിലൂടെ, ശാകല്യന്‍, കേസരി, ഒക്ടോബര്‍ 26).
86. ആര്‍എസ്എസ് വിരോധത്തിന്റെ ശക്തി
ആര്‍എസ്എസ് വിരോധത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെയും പിണറായി വിജയന്റെയും ശിവന്‍കുട്ടിയുടേയും ബിനോയ് വിശ്വത്തിന്റെയും അടുത്തെത്താന്‍ കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും ആയിരം കൊല്ലം തപസ്സിരുന്നാലും കഴിയില്ല. ഓരോ സഖാവും വാര്‍ത്തടുക്കപ്പെട്ടിട്ടുള്ളത് ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ശവക്കല്ലറയുടെ മുകളിലാണ് (പി.എം ശ്രീയും സിബിഎസ്ഇ സ്‌കൂളുകളും ലീഗും!/ ഒക്ടോബര്‍ 26, ഫേസ്ബുക്ക് /കെ.ടി ജലീല്‍).
87. ടിപ്പുവും പിണറായിയും
ശബരിമല സ്വര്‍ണമോഷത്തെക്കുറിച്ച് ജന്മഭൂമി പ്രസിദ്ധപ്പെടുത്തി ഒരു ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ടിപ്പുവുമായി താരതമ്യപ്പെടുത്തി. രണ്ട് പേരും ഹിന്ദു വിരുദ്ധരും ക്ഷേത്രം കൊള്ളയടിക്കുന്നവരുമാണെന്നാണ് ലേഖനം ആരോപിച്ചത്: മൈസൂര്‍ നവാബായിരുന്ന അക്രമകാരി ടിപ്പുവും കേരളത്തിന്റെ വടക്ക് നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് വന്ന പിണറായിക്കാരന്‍ വിജയനും തമ്മില്‍ വിഷയത്തിലും സമാനതകള്‍ ഏറെയാണ്. മൈസൂര്‍ നവാബ് ഭീഷണിയിലൂടെയും കൂട്ടക്കുരുതിയിലൂടെയും ഇസ്ലാമിന്റെ ഭീകര മുഖമാണ് മലയാളിക്ക് നല്‍കിയതെങ്കില്‍ കാലോചിതമായ മാറ്റങ്ങളോടെ വീട്ടിലെ വിവാഹബന്ധം വഴി പിണറായി വേറിട്ടൊരു രീതിയിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയത്. മൈസൂര്‍ നവാബും പിണറായി വിജയനും തികഞ്ഞ ഏകാധിപതികളാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ടിപ്പു പരീക്ഷിച്ച് വിജയിച്ച ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന നയം തന്നെയാണ് വിജയനും നടപ്പാക്കി വരുന്നത്. വിജയന്റെ സഹയാത്രികരായ പോപ്പുലര്‍ ഫ്രണ്ടുകാരും ഈ നയമാണ് നടപ്പാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ പേരില്‍ വംശഹത്യ നടത്തിയ ടിപ്പുവും ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കമ്മ്യൂണിസത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ക്ഷേത്ര മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന പിണറായിയും തമ്മില്‍ സമാനതകളേറെയാണ് (നവാബ് ടിപ്പുവും മുഖ്യമന്ത്രി വിജയനും, ഒക്ടോബര്‍ 27, ജന്മഭൂമി പത്രം).


88. ആന്റിനേഷന്‍, ആന്റി ഹിന്ദു, പ്രൊ ജിഹാദി
സംഘപരിവാര്‍ സ്വഭാവം പുലര്‍ത്തുന്ന എബിസി മലയാളം യുട്യൂബ് ചാനലില്‍നിന്ന് അതിന്റെ ചീഫ് എഡിറ്റര്‍ വടയാര്‍ സുനിലും ടീമും രാജിവച്ചു. മുസ്ലീം ഉടമസ്ഥതയിലുള്ള മൈജി, മലബാര്‍ ഗോള്‍ഡ് എന്നിവരുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് പറഞ്ഞ ആരോപണം. അതിനെത്തുടര്‍ന്ന് ചാനല്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പ്രചാരണം നടന്നു. സുരേഷ് ബാലകൃഷ്ണ എന്നയാള്‍ പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ എഴുതി: എബിസി മലയാളം ചാനല്‍ മുതലാളി ഗോവിന്ദന്‍ മൈജി, മലബാര്‍ ഗോള്‍ഡ് എന്നിവരുമായി കൈക്കൊടുത്തു. ആന്റിനേഷന്‍, ആന്റിഹിന്ദു, പ്രൊ ജിഹാദി വാര്‍ത്തകള്‍ വേണം എന്നാണ് മൂഞ്ചിയുടെ ആവശ്യം. അതിന് തയ്യാറാവാതെ ചീഫ് എഡിറ്ററും ടീും രാജിവച്ചിരിക്കുകയാണ് (ഒക്ടോബര്‍ 27, ഫേസ്ബുക്ക്/ സുരേഷ് ബാലകൃഷ്ണന്‍).
89. മതേതരത്വം പഠിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിന് എതിരെ മുദ്രാവാക്യം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോണ്‍ഗ്രസ് ആണ് മതേതരത്വം പഠിപ്പിക്കാന്‍ വരുന്നതെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ചെങ്ങന്നൂര്‍ അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നവര്‍ മതേതരത്വം പഠിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍, ഒക്ടോബര്‍ 27, ജന്മഭൂമി).
90. സാക്ഷിക്കെതിരെ ഭീഷണി
കനകമല ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫസല്‍ റഹ്‌മാനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കൂളിമാട് സ്വദേശിയും എന്‍ഐഎ കേസിലെ പ്രധാന സാക്ഷിയുമായ ഫയാസിനെ ഫസല്‍ റഹ്‌മാന്‍ ഭീഷണിപ്പെടുത്തിയയെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തുവെന്ന കേസില്‍ മാപ്പുസാക്ഷിയാണ് ഫയാസ്. തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്ന റഹ്‌മാന്‍ ഇപ്പോഴും ഐഎസ് ആശയത്തിന്റെ അനുകൂലി ആണെന്ന് പോലിസ് പറയുന്നത്. മാപ്പുസാക്ഷിയുടെ സാന്നിധ്യം ഐഎസ് കേസുകളില്‍ വ്യാപകമാണ് (ഐ എസ് കേസിലെ സാക്ഷിക്കെതിരെ ഭീഷണി എസ്ഡിപിഐക്കാരനെതിരെ കേസ്, ഒക്ടോബര്‍ 28, ദീപിക).
91. വധശ്രമത്തിന് പിന്നില്‍ എസ്ഡിപിഐ
കൊടുങ്ങല്ലൂരിലെ റോഡരികില്‍ പരുക്കേറ്റ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയത് ഒക്ടോബര്‍ മാസം അവസാനമാണ്. അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയിരുന്നു. കണ്ണ് കുത്തിപ്പൊട്ടിച്ചിരുന്നു. ആലപ്പുഴ അരൂര്‍ സ്വദേശി മഞ്ഞന്ത്ര സുദര്‍ശനനാണ് ആക്രമിക്കപ്പെട്ടത്. സുദര്‍ശന്‍ ഒരു കൊലക്കേസ് പ്രതിയാണ്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സുദര്‍ശനന്റെ സഹോദരന്‍ മുരുകന്‍ ആരോപിച്ചു. അടുത്ത ദിവസം എറണാകുളം കൂനമ്മാവിലെ ഇവാഞ്ചലിക്കല്‍ ആശ്രമം നടത്തിപ്പുകാരനും സഹായികളും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആശ്രമത്തിലെ സഹഅന്തേവാസിയുടെ അതിക്രൂരമായ പീഡനത്തിലാണ് സുദര്‍ശനന് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ നല്‍കാന്‍ പോലും തയ്യാറാകാതെ ആശ്രമം നടത്തിപ്പുകാര്‍ ഇയാളെ റോഡിലുപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു (കൊലക്കേസ് പ്രതിക്കുനേരെ ക്രൂര ആക്രമണം; ജനനേന്ദ്രിയം മുറിച്ചു, കണ്ണ് കുത്തിപ്പൊട്ടിച്ച നിലയില്‍, ഒക്ടോബര്‍ 28, മനോരമ; കൊടുങ്ങല്ലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം മുറിച്ച കേസ്, ഇവാഞ്ചലിക്കല്‍ ആശ്രമം നടത്തിപ്പുകാര്‍ അറസ്റ്റില്‍, ഒക്ടോബര്‍ 28, ദര്‍ശന ടിവി).
92. വര്‍ഗീയ സിലബസ്
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കേന്ദ്രത്തിന്റെ വര്‍ഗീയ സിലബസെന്ന് ദേശാഭിമാനി ദിനപത്രം. എന്‍സിആര്‍ടി സിലബസനുസരിച്ച് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ നടത്തുന്നതാണ് വാര്‍ത്തക്ക് നിദാനം: സ്വന്തം സ്ഥാപനങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍ഇപി) അടിസ്ഥാനമാക്കി എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) പിന്തുടരുന്നവരാണ് കേന്ദ്ര പാഠ്യപദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് പത്രം എഴുതി (ലീഗും ജമാഅത്തെയും പഠിപ്പിക്കുന്നത് കേന്ദ്രത്തിന്റെ വര്‍ഗീയ സിലബസ്, ഒക്ടോബര്‍ 29, ദേശാഭിമാനി).
93. അഭിമന്യു വധം
കലുങ്കു സംവാദത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി വട്ടവട സന്ദര്‍ശിച്ച സമയത്ത് മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീടും സന്ദര്‍ശിച്ചു. ഈ സമയത്ത് കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് അഭിമന്യുവിന്റെ മാതാവ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടുവെന്ന് മനോരമ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് അന്വേഷണത്തില്‍ മുഖ്യകണ്ണികള്‍ പിടിയിലാകാത്തതിനെക്കുറിച്ച് അഭിമന്യുവിന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത് (അഭിമന്യു കൊലപാതകക്കേസില്‍ ആസൂത്രകരായ ഭീകരവാദികള്‍ കാണാമറയത്ത്. പിഎഫ്ഐ ഭീകരവാദികള്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട്, സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ മുഖ്യകണ്ണികള്‍ പിടിയിലാകാത്തതിനെക്കുറിച്ച് അഭിമന്യുവിന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു).
94. അഭിമന്യു കൊലക്കേസും പിഎഫ്‌ഐ ഭീകരരും
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഏഴ് വര്‍ഷമായിട്ടും പ്രധാന പ്രതിയെ പിടികൂടാന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത്. ഈ നീക്കം സിപിഎം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടിയാണെന്ന് പല പത്രങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതേ കുറിച്ച് ജനം ടിവി പുറത്തിറക്കിയ ഒരു പോസ്റ്റര്‍: അഭിമന്യു കൊലക്കേസ് പി.എഫ്.ഐ ഭീകരര്‍ കാണാമറയത്ത്, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുടുംബം സുരേഷ് ഗോപിയോട് (ഒക്ടോബര്‍ 29, ജനം ടിവി)
95. മോദിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു
സമകാലിക മലയാളം വാരികയില്‍ ഫക്രുദ്ദീന്‍ അലിയുമായുള്ള സംഭാഷണം പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറഞ്ഞ കമന്റ് ഇങ്ങനെ: മുസ്ലീങ്ങളുടെ ഇടയില്‍ ഈ പറയുന്ന ജമാഅത്തെ ഇസ്ലാമി ഒക്കെ കേറി കളിച്ചിട്ട് മോദി ഓരോ ദിവസവും ഓരോ മുസ്ലീമിനെ ചുട്ടുതിന്നു കൊണ്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞുണ്ടാക്കി തെറ്റിദ്ധാരണ പരത്തുകയാണ്. അത് മുസ്ലീം സമുദായത്തിന് തന്നെയാണ് ദോഷം ചെയ്യുക. കാരണം അധികാരത്തില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ കിട്ടേണ്ട പ്ലേസ്‌മെന്റ്കളൊക്കെ കിട്ടാതെ പോകും. ഇനി കൊടുത്താലും ഇവര്‍ മേടിക്കില്ല.
96. മുസ്ലീം സംവരണത്തിന് വിലക്ക്
കെഎസ്ആര്‍ടിസിയില്‍ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2 എന്‍സിഎ വിഭാഗത്തില്‍ സംവരണ തസ്തികയില്‍ ഒമ്പത് വര്‍ഷമായിട്ടും നിയമനമില്ല. സാധാരണ രണ്ട് വര്‍ഷം കൊണ്ട് നിയമനം നടക്കാറുള്ളതാണ് (മുസ്ലീം സംവരണത്തില്‍ നിയമനം മുടങ്ങിയിട്ട് ഒമ്പത് വര്‍ഷം, ഒക്ടോബര്‍ 30, സുപ്രഭാതം).
97. ക്രിപ്റ്റോ കറന്‍സിയും തീവ്രവാദബന്ധവും
മറുനാടന്‍ മലയാളി ക്രിപ്റ്റോ കറന്‍സി ഇടപാടുകളെക്കുറിച്ച് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ മലപ്പുറത്തും കോഴിക്കോട്ടും നടത്തിയ ഐടി റെയ്ഡില്‍ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല കടത്ത് നടന്നതായി കണ്ടെത്തിയെന്നതാണ് വാര്‍ത്ത. സാധാരണ വാര്‍ത്തകളിലെന്ന പോലെ ഈ വാര്‍ത്തയും അവസാനിക്കുന്നത് തീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിച്ചിരുന്നുവെന്ന് പറഞ്ഞാണ്: അന്വേഷണത്തില്‍, പതിനഞ്ചൂറോളം അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തി വന്‍തോതില്‍ പണം ക്രിപ്റ്റോ കറന്‍സികളിലേക്ക് മാറ്റുകയും, തുടര്‍ന്ന് അത് ദുബായിലേക്ക് ‘ഹവാല’ ഇടപാടുകള്‍ വഴി കടത്തുകയുമായിരുന്നു. ഇത്തരം ഇടപാടുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍, പ്രത്യേകിച്ച് തീവ്രവാദ സംഘടനകളുമായുള്ള ബന്ധമുള്‍പ്പെടെ അന്വേഷിച്ചിരുന്നു (അറിവോ, സമ്മതമോ ഒരുപ്രശ്നമല്ല! നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരുകുഞ്ഞുപോലും അറിയാതെ ദുരുപയോഗം ചെയ്തു. ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല കടത്ത്; മലപ്പുറത്തും കോഴിക്കോട്ടും നടത്തിയ ഐടി റെയ്ഡില്‍ കണ്ടെത്തിയത് ഇങ്ങനെ; അപകടം വരുന്ന വഴികള്‍, ഒക്ടോബര്‍ 31, മറുനാടന്‍ മലയാളി).

