കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരിക്കുന്നു. ജാമ്യാപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകൻ കബിൽ സിബൽ ഹർജി പിൻവലിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) ക്ക് വേണ്ടി പ്രചാരണം നടത്താനായി ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചാണ് സോറൻ സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയ കാര്യം സോറൻ ഹർജിയിൽ പരാമർശിച്ചിരുന്നു. അരവിന്ദ് കേജ്രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നായിരുന്നു ഹേമന്ത് സോറൻ വാദിച്ചത്. എന്നാൽ സുപ്രീംകോടതി ആ വാദം പരിഗണിക്കാൻ തയ്യാറായില്ല. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ അറസ്റ്റുചെയ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് മെയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയത്. ജൂൺ ഒന്ന് വരെ ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട്, ജാമ്യം നൽകരുതന്നെ ഇ.ഡിയുടെ വാദം കെജ്രിവാളിന്റെ കേസിൽ സുപ്രീംകോടതി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനും ഫയലുകളിൽ ഒപ്പുവയ്ക്കാനും കെജ്രിവാളിന് അനുവാദമില്ലെങ്കിലും ജാമ്യക്കാലയളവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല എന്നാണ് കോടതി പറഞ്ഞത്. കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കാവുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിന് ലഭിച്ച ആനുകൂല്യം (‘prodigious importance’ എന്നാണ് കോടതി അതിനെ വിശേഷിപ്പിച്ചത്) ഹേമന്ത് സോറന് നൽകാൻ സുപ്രീംകോടതി തയ്യാറാകാതിരുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ദേശീയ മാധ്യമങ്ങളും ഈ ചർച്ച ഏറ്റെടുത്തിരിക്കുന്നു. 2024 ജനുവരി 31ന് അറസ്റ്റിലാകുന്നതിന് തൊട്ട് മുന്നേ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനായി കെജ്രിവാളിന് ജാമ്യം നൽകിയ വ്യവസ്ഥ ആദിവാസി നേതാവായ ഹേമന്ത് സോറന് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന നിർണ്ണായക ചോദ്യവും മാധ്യമങ്ങൾ ഉന്നയിക്കുന്നു.
അറസ്റ്റിലായതിന് പിന്നാലെ, അറസ്റ്റിനെ ചോദ്യം ചെയ്ത് സോറൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അദ്ദേഹത്തിൻ്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ട് ത്സാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ പറയുകയായിരുന്നു. ഫെബ്രുവരി 28 ന് സോറൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചെങ്കിലും രണ്ട് മാസം കഴിഞ്ഞ് മെയ് 3 ന് ആണ് ഹർജി തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഏപ്രിൽ 24 ന് സോറൻ തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പുതിയ ഹർജി സമർപ്പിച്ചിരുന്നു. ആ ഹർജിയാണ് ജാമ്യം അനുവദിക്കാതെ മെയ് 23ന് സുപ്രീംകോടതി തള്ളിയത്. എന്നാൽ, ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മാർച്ച് 28ന് സുപ്രീംകോടതിയെ സമീപിച്ച കെജ്രിവാളിന്റെ ഹർജിയിൽ, മെയ് 10 ന് ജസ്റ്റിസ് ഖന്നയും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ജൂൺ ഒന്ന് വരെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഇത്തരത്തിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ അത്യപൂർവ്വമായ സംഭവമാണ്.
ഇതേ ബെഞ്ചിന് മുന്നിലാണ് സോറൻ്റെ കേസ് മെയ് 13 ന് സുപ്രീംകോടതിയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം നൽകിയ കാര്യം സോറന്റെ അഭിഭാഷകൻ കബിൽ സിബൽ എടുത്ത് പറയുകയും ചെയ്തു. എന്നാൽ, സോറൻ്റെ ഹർജിയിൽ പ്രതികരിക്കാൻ ഇ.ഡിക്ക് അവസരം നൽകിക്കൊണ്ട് കേസ് മെയ് 17 ലേക്ക് മാറ്റി. മെയ് 17 ന് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാൻ ബെഞ്ച് വിസമ്മതിക്കുകയും വിശദമായ വാദം കേൾക്കാനുള്ള സമയക്കുറവ് ചൂണ്ടിക്കാട്ടി, ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന അവധിക്കാല ബെഞ്ചിന് മുമ്പാകെ മെയ് 21 ലേക്ക് വിഷയം ലിസ്റ്റ് ചെയ്തു. (2024 മെയ് 20 മുതൽ ജൂലൈ 8 വരെ സുപ്രീംകോടതിക്ക് വേനൽക്കാല അവധിയാണ്).
മെയ് 21 ന്, ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെക്കുറിച്ചുള്ള വാദങ്ങൾക്ക് പകരം, അദ്ദേഹത്തിൻ്റെ അറസ്റ്റിന് കാരണമായ കേസിന്റെ മെറിറ്റിലേക്കാണ് കോടതി പോയത്. മെയ് 22ന്, ഇ.ഡി സമർപ്പിച്ച കുറ്റപത്രം ഝാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ്, സോറന്റെ ജാമ്യാപേക്ഷയിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീംകോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഝാർഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളിൽ പകുതിയിലും മെയ് 13, മെയ് 20 തീയതികളിൽ വോട്ടെടുപ്പ് നടന്നു. നാല് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 25 നും ബാക്കി മൂന്നെണ്ണം ജൂൺ ഒന്നിനും നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കുചേരാനാകാതെ ഹേമന്ത് സോറൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായിരിക്കുന്നു.
കെജ്രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നതിൽ നിർണായക ഘടകമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇടക്കാല ജാമ്യം പരിഗണിക്കുമ്പോൾ, “ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുമായി ബന്ധപ്പെട്ട പ്രത്യേകതകളും ചുറ്റുപാടുമുള്ള സാഹചര്യങ്ങളും” (peculiarities associated with the person in question and the surrounding circumstances) കോടതികൾ എപ്പോഴും പരിഗണിക്കുമെന്ന് ബെഞ്ച് അതിൻ്റെ ഹ്രസ്വ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചാൽ, രാജ്യത്തെ സാധാരണ പൗരരേക്കാൾ ഉയർന്ന സ്ഥാനത്ത് രാഷ്ട്രീയക്കാരെ പ്രതിഷ്ഠിക്കന്നതുപോലെയാകുമെന്ന ഇ.ഡിയുടെ വാദം ബെഞ്ച് തള്ളി. പക്ഷേ, ഈ പരിഗണനകളൊന്നും ഹേമന്ത് സോറന്റെ കേസിൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദിവാസി നേതാവായ ഹേമന്ത് സോറനോടുള്ള പരിഗണനയിലെ വ്യത്യാസം നിയമവിദഗ്ധർ ചോദ്യം ചെയ്യുന്നു.
“സുപ്രീംകോടതി സ്വന്തം വിധിന്യായങ്ങൾ പിന്തുടരുന്നില്ല. പ്രതികൾ ഒളിച്ചോടാനോ, തെളിവുകൾ നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ, സാധ്യതയുള്ളപ്പോഴോ, ബലാത്സംഗമോ കൊലപാതകമോ പോലുള്ള ഹീനമായ കുറ്റകൃത്യമാകുമ്പോഴോ മാത്രമേ ജാമ്യം നിഷേധിക്കാവൂ” എന്നാണ് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു ദി സ്ക്രോളിനോട് (scroll.in) ഈ വിഷയത്തിൽ പ്രതികരിച്ചത്.
ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാൾ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കുചേരുന്നുണ്ട്. മെയ് 21ന് ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ നടന്ന റാലിയിൽ സോറനെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ആദിവാസി നേതാക്കളിൽ ഒരാളായി കെജ്രിവാൾ വിശേഷിപ്പിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവിനെ അറസ്റ്റ് ചെയ്തതിലൂടെ മോദി ആദിവാസി സമൂഹത്തെയാകെ വെല്ലുവിളിച്ചിരിക്കുകയാണെന്നും മെയ് 25, ജൂൺ ഒന്ന് തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് വോട്ട് ചെയ്തുകൊണ്ട് മോദിയുടെ ‘ആദിവാസി വിരുദ്ധ’ നടപടികളോട് പ്രതികരിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.