തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന്‍ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം നാല്.
വര: നാസർ ബഷീർ
ഒക്ടോബർ 26ന് വൈകുന്നേരത്തോടെയാണ് ഞങ്ങൾ ഫൂൽകട്ടോരി സ്കൂളിന്റ തടവറയിൽ നിന്ന് മഥുര ജില്ലാ ജയിലിലേക്ക് എത്തിയത്. ജയിൽ കവാടത്തിൽ ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തുമ്പോൾ വൈകുന്നേരം ആറുമണി കഴിഞ്ഞിരുന്നു. കഴിഞ്ഞ 21 ദിവസമായി ഒരു ജീൻസ് പാന്റും ഹാഫ് കൈയുള്ള വെള്ള ടീ ഷർട്ടുമാണ് എന്റെ വേഷം. ധരിച്ചിരിക്കുന്ന അടിവസത്രങ്ങൾ ഊരി എറിയാനോ ധരിക്കാനോ പറ്റാത്ത രീതിയിൽ മുഷിഞ്ഞിരിക്കുന്നു. തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ സാധിക്കാത്ത കട്ടി കുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഉത്തർപ്രദേശ് പതുക്കെ തണുപ്പ് കാലാവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യ കൊടും തണുപ്പിന്റെ കരിമ്പടം പുതയ്ക്കുന്ന മാസങ്ങളാണ് വരാൻ പോകുന്നത്. എന്നാലും മഥുര ജില്ലാ ജയിലിൽ എത്തിയാൽ ഒന്ന് കുളിക്കാനും മാന്യമായി മല-മൂത്ര വിസർജ്ജനം ചെയ്യാനുമുള്ള സാഹചര്യം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലും ആശ്വാസത്തിലുമാണ് ഞാൻ.
മഥുര ജയിലിന്റെ ഭീമാകാരമായ കവാടത്തിന് നേരെ പൊലീസ് വാഹനത്തിന്റെ പിറക് വാതിൽ തുറക്കുന്ന രീതിയിൽ റിവേഴ്സ് ചെയ്താണ് വണ്ടി നിർത്തിയത്. വലിയ കവാടമാണെങ്കിലും, ജയിലിന്റെ പ്രധാന കവാടത്തിലെ ഒരു ചെറിയ വാതിലാണ് തടവുകാർക്ക് വേണ്ടി തുറക്കപ്പെടുക. അതിലൂടെ തലകുനിച്ച് വേണം തടവുകാർക്ക് അകത്തേക്ക് പ്രവേശിക്കാൻ. അതിന് ശേഷം, മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ച യന്ത്ര കവാടത്തിലൂടെ അകത്ത് പ്രവേശിപ്പിച്ച ഞങ്ങളുടെ ശരീരത്തിലേക്ക്, കൃഷിക്ക് കീടനാശിനി തളിക്കുന്നത് പോലെ എന്തോ സ്പ്രേ ചെയ്തു. കോവിഡ് സാനിറ്റൈസേഷൻ പ്രക്രിയയാണെന്നാണ് പറഞ്ഞത്. പ്രധാന കവാടത്തിന്റെ കിളിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഇടതു വശത്ത് ജയിൽ സൂപ്രണ്ടിന്റെ ഓഫീസും വലതു വശത്ത് ജയിലറുടെ കാര്യാലയും. ഇവിടത്തെ ആദ്യ നടപടി ‘ഗിൻതി’യാണ്, എണ്ണമെടുക്കൽ. അതിനായി തടവുകാർ സൂപ്രണ്ടിന്റെയും ജയിലറുടേയും ഓഫീസുകൾക്ക് നടുവിലായി രണ്ടു മൂന്ന് നിരയായി തവളചാട്ടത്തിന് ഇരിക്കുന്ന പോലെ പൊന്തിച്ചിരിക്കണം. ജയിൽ കവാടത്തിൽ ഡ്യൂട്ടിയിലുള്ള ശിപായിമാരുടെ സാന്നിദ്ധ്യത്തിൽ ജയിൽ നമ്പർദാർമാരാണ് എണ്ണമെടുക്കുക. (ശിക്ഷ വിധിക്കപ്പെട്ടതും അടുത്തൊന്നും ജയിൽ മോചിതരാവാൻ സാധ്യതയില്ലാത്തവരുമായ കൊടും കുറ്റവാളികളെയാണ് നമ്പർദാർമാരായി നിയമിക്കുന്നത്, നിയമ ഭാഷയിൽ പ്രിസൺ ഓഫീസേഴ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്. മഥുര ജയിലിൽ നമ്പർദാർമാരുടെ യൂണിഫോം മഞ്ഞ പാന്റ്സും മഞ്ഞ ഷർട്ടുമാണ്, കൈയ്യിൽ മിക്ക സമയവും ലാത്തിയും ഉണ്ടാവും. സൂപ്രണ്ട് മുതൽ ശിപായിമാർ വരെയുള്ളവർ തടവുകാരെ അടിക്കാൻ ഇവരെയാണ് ഏൽപ്പിക്കുക). ഗിൻതി കഴിഞ്ഞാൽ പിന്നെ, ‘തലാശി’യാണ്. തലാശി എന്നു പറഞ്ഞാൽ പരിശോധന. പുതുതായി വരുന്ന തടവുകാരുടെ ശരീരവും വസ്ത്രവും മറ്റും വിശദമായി പരിശോധിക്കും. തലാശി നടത്തുന്നതും നമ്പർദാർമാർ തന്നെ. നമ്പർദാർമാരുടെ മനോഭാവം പോലെയും വരുന്ന തടവുകാരുടെ കുറ്റകൃത്യത്തിനനുസരിച്ചുമാണ് തലാശിയുടെ കാഠിന്യം. മയക്കുമരുന്ന് കേസിൽ വരുന്നവരെയും ഡ്രഗ്സ് ഉപയോഗിക്കുന്നവരെന്ന് സംശയമുള്ളവരുടെയും ശാരീരിക പരിശോധന കുറച്ച് പ്രാകൃതമായിരിക്കും. അടിവസ്ത്രങ്ങൾ ഊരിച്ചും വായയും മലദ്വാരവും വരെ പരിശോധിച്ചുമാണ് ഇത്തരക്കാരെ തലാശി നടത്താറുള്ളത്. മോഷണം, പിടിച്ചുപറി കേസുകളിലും മയക്കുമരുന്ന് കേസുകളിലും വരുന്ന തടവുകാർ മിക്കവറും ഒന്നൊന്നര മാസത്തിനുള്ളിൽ ജാമ്യത്തിലിറങ്ങും. പലരും ജയിൽ ഒരു ഇടത്താവളമായി കാണുന്നവരുമാണ്. മോഷണവും പിടിച്ചുപറിയും മയക്കുമരുന്ന് വിൽപ്പനയും ജീവിത മാർഗമാക്കിയവർ വർഷത്തിൽ നാലും അഞ്ചും തവണ ജയിലിൽ കയറി ഇറങ്ങുന്നവരാണ്. ഇവർ ജയിൽ ശിപായിമാരുമായും നമ്പർദാർമാരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ്. ഇത്തരം ആളുകൾ ജയിലിലേക്ക് കഞ്ചാവ്, ചരസ് എന്നിവ പല രീതിയിൽ കടത്തികൊണ്ടുവരും. ചിലർ നമ്പർദാർമാരുമായി സെറ്റിങ് നടത്തിയാണ് ചെയ്യുക. സമ്പന്നരും ഉയർന്ന ജാതിക്കാരുമായ തടവുകാർ നേരെ ശിപായിമാരുമായാണ് സെറ്റിങ് നടത്തുക. പണമായോ മയക്കുമരുന്നായോ പാരിതോഷികം നൽകിയാണ് ശിപായിമാരേയും നമ്പർദാർമാരേയും ഇത്തരക്കാർ കൈയ്യിലെടുക്കുക. എന്നാൽ, സാധാരണക്കാരായ തടവുകാർ, നമ്പർദാർമാരുമായും ശിപായിമാരുമായും സെറ്റിങ് നടത്താനുള്ള സ്വാധീനമില്ലാത്തവർ, മലദ്വാരത്തിലും അണ്ണാക്കിലും എല്ലാം ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തുക. ഇവരെ പിടിക്കാനായി വായയിൽ കൈകടത്തി ചർദ്ദിപ്പിച്ചും കുനിച്ച് നിർത്തി മലദ്വാരം പരിശോധിച്ചുമാണ് തലാശി നടത്താറ്. മയക്കുമരുന്നുകൾ ചെറിയ പൊളിത്തീൻ കവറിൽ പൊതിഞ്ഞ് സിഗരറ്റിന്റെ വലുപ്പത്തിലും രൂപത്തിലും ഉരുട്ടി വായയിലൂടെ വിഴുങ്ങി ജയിലിൽ എത്തിയതിന് ശേഷം വിസർജിച്ച് പുറത്തെടുത്ത് അതുപയോഗിക്കുന്ന രീതിയാണ് ജയിലിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ജാതി, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമില്ലാത്ത സാധാരണക്കാരുടെ പതിവ്.
സാനിറ്റൈസേഷന്റെ പേരിലുള്ള കീടനാശിനി മരുന്ന് തളിയും ഗിൻതിയും തലാശിയും പൂർത്തിയാക്കി ഞങ്ങളെ അടുത്ത കവാടത്തിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ചു. രണ്ടാമത്തെ കവാടത്തിന്റെ ചെറുവാതിലിലൂടെ തലകുനിഞ്ഞ് കയറി നാലു പാടും ഒന്നു നോക്കി. ഫൂൽകട്ടോരി സ്കൂളിന്റെ ക്ലാസ്മുറി തടവറയുടെ പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ദീർഘശ്വാസം ശക്തിയോടെ വലിച്ചു കയറ്റി പുറത്തേക്ക് വിട്ടു.
ഇതാണ് മഥുര ജില്ലാ ജയിലിലെ സർക്കിൾ. ഇവിടെയാണ് ഡെപ്യൂട്ടി ജയിലർ, സർക്കിൾ ഹെഡ്, ശിപായിമാർ എന്നിവരുടെ ഓഫീസുകൾ. വലതുവശത്തായി ഒരു സ്റ്റേജ്, അതിനു സമാന്തരമായി ഒരു ചെറിയ പുൽത്തകിടിയും. ഇടതു വശത്തായി രണ്ടു ചെറിയ ഓഫീസുകൾ. ഇടതുവശത്തുള്ള ഏറ്റവും ചെറിയ ഓഫീസിന്റെ ചുമരിൽ ഹിന്ദിയിൽ എഴുതിവെച്ച ഒരു വാക്യം മലയാളത്തിൽ ആക്കിയാൽ ഇങ്ങനെയാവും – ‘കുറ്റവാളികളെയല്ല കുറ്റകൃതൃത്തെയാണ് വെറുക്കേണ്ടത്.’ ഗിൻതിയും തലാശിയും കഴിഞ്ഞ് ഞങ്ങൾ ഇവിടെ വരിയായി നിൽക്കുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുന്നു.
‘ജോഡ ബനാവോ….. ജോഡാ ബനാവോ…’ മഞ്ഞ പാന്റ്സും ഷർട്ടും ധരിച്ച ഒരു നമ്പർദാരുടെ ഉച്ചത്തിലുള്ള നിർദേശം ലഭിച്ചതോടെ എല്ലാവരും ജോഡിയായി നിന്നു. ഞങ്ങൾ നാലു പേരായതിനാൽ രണ്ടു പേർ വീതം ജോഡിയായി വരിയുടെ ഭാഗമായി. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ രീതിയാണത്രെ ഇത്. ജയിലിൽ തടവുകാരുടെ ചനലങ്ങൾ എല്ലാം ജോഡിയായാണ്, ഹിന്ദിയിൽ ജോഡ എന്നാണ് പറയുക. രണ്ടിന്റെ ഗുണിതങ്ങളായാണ് എണ്ണേണ്ടത്. ജയിലിലെ ശിപായിമാർക്കും നമ്പർദാർമാർക്കും രണ്ടിന്റെ ഗുണിതം കാണാപ്പാടമായിരിക്കും. തടവുകാരുടെ ഓരോ ചനലങ്ങളും ഒരു നമ്പർദാരുടെ കീഴിലായിരിക്കും. ചിലപ്പോൾ നമ്പർദാർക്ക് പുറമെ ഒരു ശിപായിയും കൂടിയുണ്ടാവും. എണ്ണം എടുക്കുക, എന്ന അർത്ഥത്തിൽ തന്നെയാണ് നമ്പർ എടുക്കുന്നയാൾ ‘നമ്പർദാർ’ എന്ന് അറിയപ്പെടുന്നത്. രണ്ടുനിരയായി, ജോഡി തെറ്റാതെ, ഒരു നമ്പർദാറുടെ മേൽനോട്ടത്തിൽ, സർക്കിളിൽ നിന്ന് ഞങ്ങൾ മൗനികളായി വരി വരിയായി നടന്നു. ജയിലിന്റെ കൂറ്റൻമതിലുകളിൽ എഴുതിയ മഹദ് വചനങ്ങളും ബാരക്കുകളുടെ നമ്പറുകളും മറ്റു ചുവരെഴുത്തുകളും എല്ലാം മനസ്സിൽ വായിച്ചുകൊണ്ട് ചുറ്റുഭാഗവും നിരീക്ഷിച്ചുകൊണ്ടാണ് ഞാൻ നടക്കുന്നത്. പുസ്തകാലയ് (ലൈബ്രറി) എന്ന് എഴുതിയ ഒരു ചെറിയ റൂമിന്റെ മുന്നിലൂടെ പാക്ശാല(അടുക്കള)യും പിന്നിട്ട് അസ്പതാൽ (ആശുപത്രി) കെട്ടിടത്തിന്റെ ചെരുവിലൂടെ നാലാൾ അടി പൊക്കത്തിൽ കെട്ടി പൊക്കിയ ഒരു മതിലിന്റെ ഇടുങ്ങിയ ഒരു വാതിലിലൂടെ ഒരു കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ഒരു വലിയ ആൽമരവും അതിന് ചുറ്റും തറയും തറയിൽ ഒരു ഹനുമാന്റെ മൂർത്തിയും നിർമ്മിച്ചിട്ടുണ്ട്. ഞങ്ങളേയുമായി വന്ന നമ്പർദാർ ആ ആൽമര ചുവട്ടിൽ ഞങ്ങളെ ജോഡയാക്കി നിർത്തി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ശിപായിയും ഒരു റൈറ്ററും വന്നു. എഴുത്തും വായനയും അറിയുന്ന, നീണ്ടകാലം വിചാരണ കാത്ത് കഴിയുന്ന തടവുകാരെയാണ് റൈറ്റർമാരായി നിയമിക്കുക, ജയിൽ അധികൃതരെ സഹായിക്കുന്നതിനായി ഇവർക്ക് ഓരോ ഉത്തരവാദിത്തങ്ങൾ നൽകുകയാണ് പതിവ്. സൂപ്രണ്ടും ജയിലറും ഡെപ്യൂട്ടി ജയിലറും എല്ലാം ഓരോ റൈറ്റർമാരെ നിയമിച്ചിട്ടുണ്ടാവും. ജയിൽ ആശുപത്രി, മുലാഖാത്ത് (തടവുകാരെ സന്ദർശിക്കൽ), പി.സി.ഒ (തടവുകാർക്ക് ഫോൺ ചെയ്യാനുള്ള ഓഫീസ്), മുലാഖാത്ത് സാമാൻ (തടവുകാർക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ) ഓഫീസ്, മുലായജ (പുതിയ തടവുകാരുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ), ക്യാന്റീൻ എന്നിവിടങ്ങളിൽ എല്ലാം റൈറ്റർമാരെ നിയമിച്ചിട്ടുണ്ടാവും. തംബാക്കുവും ചവച്ച് കൊണ്ട് കൈയ്യിൽ ഒരു പുസ്തകവുമായി ഞങ്ങളുടെ മുന്നിൽ വന്നുനിന്ന, നാൽപ്പതിയഞ്ച് വയസ്സ് തോന്നിപ്പിക്കുന്ന വലിയ പൊക്കമോ വലിയ തടിയോ തോന്നിക്കാത്ത ഒത്ത ശീരരമുള്ള ആളെ കണ്ടപ്പോൾ തടവുകാർ എല്ലാം കൂടുതൽ നിശബ്ദരായി. എന്റെ അടുത്ത് നിന്നിരുന്ന നേരത്തെ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ഒരു തടവുകാരൻ അടക്കം പറയുന്നത് ഞാൻ കേട്ടു, ‘യേ ഹേ കാളീചരൺ, മുലയാജ റൈറ്റർ, ബഹുത് സ്ട്രിക്ട് ഹേ.. ബഹുത് മാറേഗാ…’ (ഇതാണ് കാളീചരൺ, മുലയാജ റൈറ്ററാണ്, ഭയങ്കര സ്ട്രിക്ടാണ്, നല്ല പോലെ അടിക്കും).
ഞങ്ങളുമായി വന്ന നമ്പർദാറുടെ കൈവശമുണ്ടായിരുന്ന ലാത്തി വാങ്ങി ഉയർത്തി കാണിച്ചുകൊണ്ട് കാളീചരൺ ഉച്ചത്തിൽ ആക്രോശിച്ചു..
‘ജോഡ, ജോഡ ബനാവോ…’
എല്ലാവരും തങ്ങളുടെ ജോഡി ശരിയാക്കി നിന്നു. കാളീചരൺ ഉച്ചത്തിൽ ഗിൻതി തുടങ്ങി. ദോ, ചാർ, ഛെ, ആഠ്…. ഗിൻതി പൂർത്തിയാക്കി തന്റെ കൈവശമുള്ള പുസ്തകത്തിൽ രേഖപ്പെടുത്തി. തുടർന്ന്, ഓരോർത്തരുടേയും പേരും സ്ഥലവും ഏതു കേസിലാണ് ജയിലിൽ വന്നിരിക്കുന്നതെന്നും ചോദിച്ചറിഞ്ഞു.
എന്റെ പേര് ചോദിച്ചു, ഞാൻ പേരു പറഞ്ഞു. അസാധാരണമായ ഒരു പേര് കേട്ടപോലെ അദ്ദേഹത്തിന്റെ അടുത്ത ചോദ്യം ‘ക്യാ കേസ് മേം ആയ?’ – ഏതു കേസിലാ വന്നത്?- ഞാൻ പറഞ്ഞു, ‘ദേശ്ദ്രോഹ് കാ ധാര’ – ദേശദ്രോഹ സെക്ഷൻ പ്രകാരം. ആപ് സൗത്ത് കാ ഹേ ക്യാ… (നിങ്ങൾ സൗത്തിൽ നിന്നാണല്ലേ). ജി… ഞാൻ മറുപടി പറഞ്ഞു. അയാൾ അൽപ്പമൊന്ന് മിണ്ടാതിരുന്ന് വീണ്ടും ചോദിച്ചു, ഹാത്രസ് കാണ്ഡ് കേസ് മേം ഹേ ക്യാ…(ഹാത്രസ് സംഭവ കേസിൽ ആണോ). ഞാൻ അതേ എന്ന് മറുപടി പറഞ്ഞു. അതുവരെ ഗൗരവക്കാരനായി കാണപ്പെട്ട അയാൾ ചെറിയ തോതിൽ ഒന്ന് പുഞ്ചിരിച്ചു.
തുടർന്ന്, നേരത്തെ ജയിലിൽ വന്നിട്ടുള്ളവരോട് മറ്റൊരു നിരയായി ജോഡ നിൽക്കാൻ ആവശ്യപ്പെട്ടു. അതിൽ നിന്നൊരാളെ, അദ്ദേഹത്തിന് മുൻപ് പരിചയമുള്ള ഒരുത്തനെ, റൈറ്ററായി നിയമിച്ചു. ജ്വല്ലറി കൊള്ളയും പിടിച്ചുപറിയും തൊഴിലാക്കിയ ഇദ്ദേഹമാണ് ഇനി ഞങ്ങളുടെ ബാരക്കിന്റെ റൈറ്റർ… റൈറ്ററെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ധിക്കാരിച്ചാൽ ലഭിക്കാൻ പോകുന്ന സജയുടെ (ശിക്ഷ) കാഠിന്യവും എല്ലാം കാളീചരൺ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
ഒരു കെട്ടിടത്തിൽ ഒമ്പത്, പത്ത് നമ്പറിലുള്ള രണ്ടു ബാരക്കുകളാണ് ഇവിടെയുള്ളത്. ഈ ജയിലിൽ പുതുതായി വരുന്ന എല്ലാ തടവുകാരേയും ഈ രണ്ടു ബാരക്കിലായാണ് 15 ദിവസം താമസിപ്പിക്കുക. മുലായജ ബാരക്ക് എന്നാണ് ഇതിന് പറയുക. മുലയാജ ബാരക്കിൽ 15 ദിവസം പൂർത്തിയാക്കിയവരെ പക്ക ബാരക്കിലേക്ക് (സ്ഥിരം ബാരക്ക്) മാറ്റും.
ഇവിടെ, സാമാന്യം വലിയ ബാരക്കായ ഒമ്പതാം നമ്പർ ബാരക്കിലാണ് ഞങ്ങളെ അടച്ചത്. ബാരക്കിന്റെ അകത്ത് തന്നെ, ഒരു മൂലയിൽ ഒരു ഇന്ത്യൻ ടോയ്ലറ്റ് ക്ലോസറ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒരാൾ അതിൽ ഇരുന്നാൽ അദ്ദേഹത്തിന്റെ കഴുത്ത് പുറത്തേക്ക് കാണുന്ന തരത്തിൽ ചെറിയ മറയുണ്ടായിരുന്നു. എഴുപതോളം പേരാണ് ഒമ്പതാം നമ്പർ ബാരക്കിൽ തടവിൽ ഉണ്ടായിരുന്നത്. എഴുപതോളം പേർക്ക് ഒരു ടോയ്ലറ്റാണെങ്കിലും എനിക്ക് വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്.
രാവിലേയും വൈകുന്നേരവും ഭക്ഷണ സമയത്ത് ഒരു മണിക്കൂർ നേരം മാത്രമാണ് ബാരക്ക് തുറക്കുക. അന്ന് രാത്രി ഞാൻ നന്നായി ഉറങ്ങി. ഞങ്ങൾ നാലു പേരും ഒരുമിച്ചാണ് അവിടേയും ചാക്ക് വിരിച്ച് കിടന്നത്. തണുപ്പ് കാലം തുടങ്ങിയതിനാൽ ജനലിന്റെ ഭാഗത്ത് നിന്നും മാറിയാണ് എല്ലാവരും സ്ഥലം പിടിക്കുന്നത്. കയ്യൂക്കുള്ള തടവുകാർ എല്ലാം ചുമരിനോട് ചേർന്ന ഭാഗം കൈവശപ്പെടുത്തി. ബാരക്കിന്റെ ഏകദേശം മധ്യത്തിലായി ആർക്കും വേണ്ടാത്ത ഭാഗത്ത്, ഒരു ജനലിനോട് അടുത്താണ് ഞങ്ങൾ സ്ഥലം പിടിച്ചത്. ഒന്ന് നേരം വെളുത്ത് കിട്ടിയാൽ, രാവിലത്തെ ഭക്ഷണ സമയത്ത് ബാരക്ക് തുറക്കുന്ന നേരത്ത് കുളിക്കാനാവുമല്ലോ എന്ന സമാധാനത്തോടെയാണ് ഞാൻ ഉറങ്ങാൻ കിടന്നത്. 21 ദിവസങ്ങൾക്ക് ശേഷം ആദ്യമായി മാന്യമായി മലമൂത്ര വിസർജ്ജനം നടത്തിയത് ഇന്നാണ്. അതിന്റെ എല്ലാം ആശ്വാസത്തിൽ പെട്ടെന്ന് തന്നെ ഞാൻ ഉറങ്ങിപോയി.
രാത്രിയിൽ ബാരക്കിൽ വേറെയും ചില ചിട്ടവട്ടങ്ങൾ ഉണ്ട്. അവ പാലിക്കപ്പെട്ടില്ലെങ്കിൽ കടുത്ത ശിക്ഷ നൽകപ്പെടും. രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെയുള്ള രണ്ടു മണിക്കൂർ വീതമുള്ള അഞ്ചു ഷിഫ്റ്റുകളിലായി രണ്ടു വീതം തടവുകാർ ബാരക്കിന് അകത്ത് ഉറങ്ങാതെ കാവൽ നിൽക്കണം. ഇതിന് ‘പേര’ എന്നാണ് പറയുന്നത്. ഇങ്ങിനെ കാവൽ നിൽക്കുന്നവരെ ‘പേരേദാർ’ എന്നാണ് വിളിക്കുക. ബാരക്കിന്റെ റൈറ്ററാണ് പേരേദാർമാരുടെ പേര് എഴുതുക. റൈറ്ററും റൈറ്ററുമായി അടുത്ത ബന്ധമുള്ളവർക്കും പേര ഡ്യൂട്ടി ഇടില്ല. വൈകുന്നേരം ആറു മണിക്ക് ഗിൻതി കഴിഞ്ഞ് ബാരക്ക് അടച്ച് കഴിഞ്ഞാൽ അന്നത്തെ പേര ഡ്യൂട്ടിയുള്ളവരുടെ പേരുകൾ റൈറ്ററോ അദ്ദേഹത്തിന്റെ ശിങ്കിടികളായിട്ടുള്ള ആളുകളോ ഉറക്കെ വായിച്ച് കേൾപ്പിക്കും. നല്ല ഉച്ചത്തിലും ഈണത്തിലും ഇവ അനൗൺസ് ചെയ്യാൻ ചില തടവുകാർ പ്രത്യേകം താൽപര്യം കാണിക്കുമായിരുന്നു. പിതാവിന്റെ പേര് ചേർത്താണ് ജയിലിൽ തടവുകാരുടെ പേര് വിളിക്കുക. ചില അസാധാരണ പേരുകളും പ്രസിദ്ധരുടെ പേരിനോട് സമാനമായ പേരുകളും കേൾക്കുമ്പോൾ തവുകാർ ഉറക്കെ ചിരിക്കും.
‘അപ്ന അപ്ന പേര ധ്യാൻ സെ സുനോ…’ (അവനവന്റെ പേര ശ്രദ്ധിച്ച് കേട്ടോളൂ) എന്ന മുഖവുരയോടെയാണ് പേരേദാർമാരുടെ പേരുകൾ വിളിക്കുക. ‘ആഠ് സെ ദസ് സോനു സൺ ഓഫ് മോനു…’ ( എട്ടു മുതൽ പത്തു വരെ…) ‘ദസ് സെ ബാരഹ് കല്ലു സൺ ഓഫ് ഇല്ലി….’ (പത്തു മുതൽ 12 വരെ….) ‘ബാരഹ് സെ ദോ ഇല്ലി സൺ ഓഫ് ബുദ്ധു…’ (12 മുതൽ രണ്ടു വരെ…) വി.പി സിങ് സൺ ഓഫ് മുലായം സിങ്… തുടങ്ങിയ പേരൊക്കെ കേൾക്കുമ്പോൾ ബാരക്കിൽ കൂട്ട ചിരി ഉയരും. ഇത്തരം ചിരികളും തമാശകളുമാണ് തടവറയിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഒരു മണിക്കൂറും രണ്ടു മണിക്കൂറും ഇടവിട്ട് ബാരക്കിന്റെ ചാർജുള്ള ശിപായിമാരും ചിലപ്പോൾ ജയിലറും വന്ന് ബാരക്ക് നിരീക്ഷിക്കും. ‘പേരേദാർ….’ എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് ശിപായിമാർ വരിക. ഓരോ ദിവസവും അഞ്ചു ഷിഫ്റ്റിലായി പേരേദാർ ഡ്യൂട്ടി ചെയ്യുന്നവരുടെ പേരു വിവരങ്ങളും ബാരക്കിൽ മൊത്തം എത്ര തടവുകാരുണ്ടെന്നും ബാരക്കിന്റെ വാതിലിൽ ഒരു ഹാർഡ് ബോഡ് പാഡിൽ എഴുതി തൂക്കിയിട്ടിട്ടുണ്ടാവും.
ശിപായിമാർ നിരീക്ഷണത്തിന് വരുന്ന സമയത്ത് നിർദിഷ്ട സമയത്തെ പേരേദാർമാർ ഉറങ്ങുന്നതായി കണ്ടാൽ, അവരുടെ പേര് എഴുതിവെച്ച പാഡിൽ ഉറങ്ങുന്നയാളുടെ പേരിന് ചുറ്റും വട്ടം വരക്കും. ഇതിന് ‘ഗോള ലഗായ’ എന്നാണ് പറയുക. ഇങ്ങനെ ഗോള ലഭിച്ചവരെ അടുത്ത ദിവസം രാവിലെ ബാരക്ക് തുറന്നതിന് ശേഷം സർക്കിളിന്റെ ഭാഗത്തേക്ക് വിളിപ്പിക്കും. സർക്കിൾ ഹെഡ്, ഡെപ്യൂട്ടി ജയിലർ എന്നിവരിൽ ആരെങ്കിലും ആയിരിക്കും കൃത്യവിലോപം നടത്തിയ പേരേദാറെ ചോദ്യം ചെയ്യുക. പേരേദാർ നൽകിയ വിശദീകരണം തൃപ്തികരമായാൽ, ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മനോഭാവം അനുസരിച്ച് അദ്ദേഹത്തെ വെറുതെ വിടകയോ ചെറിയ ശിക്ഷകൾ നൽകുകയോ ചെയ്യും. തവള ചാട്ടം ചാടിക്കുക, രാവിലെ മുതൽ വൈകുന്നേരം വരെ സർക്കിളിൽ നിർത്തുക, സർക്കിളിലെ ചപ്പുചവറുകൾ പൊറുക്കിക്കുക, ബാരക്ക് പരിസരത്തോ, ജയിൽ മൊത്തമായോ തൂപ്പ് ജോലി ചെയ്യിക്കുക, തുടർച്ചയായി ഒരാഴ്ച പേരേദാർ ഡ്യൂട്ടി എടുക്കുക, പാക്ശാലയിൽ – ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം- പറഞ്ഞയച്ച് ചപ്പാത്തിക്ക് മാവ് കുഴപ്പിക്കുക, ലാത്തികൊണ്ടുള്ള അടി… എന്നിങ്ങനെയാണ് ശീക്ഷാരീതികൾ. (തുടരും)