ശ്വാസകോശത്തിൽ ക്യാൻസറായെത്തുന്ന വികസനം

തൃശൂർ സാഹിത്യ അക്കാദമിയിൽ 2022 മാർച്ച് 14ന് മേധാ പട്കർ നടത്തിയ കെ.പി ശശി അനുസ്മരണ പ്രഭാഷണം.

കെ.പി ശശി ഒരു ചലച്ചിത്രകാരൻ മാത്രമായിരുന്നില്ല, ചലച്ചിത്രത്തിൽ എന്നപോലെ കവിതയിലും കാ‍ർട്ടൂണിലും പണിയെടുത്തു. നമ്മുടെ പ്രിയ സുഹൃത്ത് മേഘ്നാദ് പറഞ്ഞതുപോലെ  ഒരു കാർട്ടൂൺ വരയ്ക്കുവാനായി പ്രതിസന്ധിയിലും ഹാസ്യം കാണാനാവണം.‌ ഒരു പത്രത്തിൽ പ്രകാശിപ്പിച്ചിരുന്ന ആ ഹാസ്യം സ്വതന്ത്ര പ്രസ്സ് മാത്രമായിരുന്നില്ല, സ്വതന്ത്ര മാധ്യമമായിരുന്നു എന്നാണ് അദ്ദേഹം പ്രതീകപ്പെടുത്തിയത്.  

അസമത്വത്തെയും അനീതിയെയും ചോദ്യം ചെയ്യുന്ന എഴുത്തുകാരും കലാകാരന്മാ‍രും ആക്രമിക്കപ്പെടുന്ന സമകാലികാവസ്ഥയിൽ  ഒരു യഥാർത്ഥ പോരാളി തന്നെയായിരുന്നു അദ്ദേഹം. പല വിധത്തിലുമുള്ള മാധ്യമങ്ങളുടെ ശക്തി ഉപയോ​ഗിച്ച് കെ.പി ശശി എല്ലാത്തരം പ്രശ്നങ്ങളും ഏറ്റെടുത്തു. ഈ പോരാട്ടത്തിന് ഉപയോഗിച്ച വിവിധങ്ങളായ മാധ്യമങ്ങളെ, ഭയപ്പെടുത്തുന്നവരും അരക്ഷിതരുമായ അധികാരി വ‍ർഗം ആയുധങ്ങളായി കണ്ടു. അതിനാൽ അവർ യുദ്ധത്തിനൊരുങ്ങുമ്പോൾ നാം മുന്നോട്ടുകൊണ്ടുപോകേണ്ടുന്ന ഇച്ഛാശക്തിയായി കെ.പി ശശി നമുക്കു പിന്നിൽ നിൽക്കുന്നു. നിങ്ങൾ മാധ്യമപ്രവർത്തനം പഠിക്കുന്നവരായാലും സാമൂഹ്യ സേവനം പഠിക്കുന്നവരായാലും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.

വിബ്ജിയോർ ചലച്ചിത്രമേളയിൽ സംസാരിക്കുന്ന കെ.പി ശശി. ഫയൽ ചിത്രം.

ഞാൻ സൂചിപ്പിച്ചതുപോലെ, സമകാലത്തിന്റെ സ്വതന്ത്ര പോരാളിയായിരുന്നു അദ്ദേഹം. അനാവശ്യമായും അകാരണമായും അക്രമിക്കപ്പെടുന്ന, അപകീ‍ർത്തിക്കും കുറ്റപ്പെടുത്തുലുൾക്കും വിധേയരാവുന്ന സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെ പ്രശ്നങ്ങളും ശശി ഉയർത്തിക്കൊണ്ടിരുന്നു. ആദിവാസി മുന്നേറ്റങ്ങളായാലും, ദലിത് മുന്നേറ്റങ്ങളായാലും, ക‍ർഷക മുന്നറ്റമായാലും അദ്ദേഹത്തിന്റെ കാർട്ടൂണുകളും, എഴുത്തുകളും, ചലച്ചിത്രങ്ങളും ഭരണഘടനാ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരും. സാമൂഹിക മുന്നേറ്റങ്ങളുടെ മിടിപ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഹ‍ൃദയത്തിലെപ്പോഴും. അതിനായി വിവിധങ്ങളായ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി അധികാരത്തിന്റെ ഓരോ കേന്ദ്രങ്ങളെയും വെല്ലുവിളിച്ചു. ജനങ്ങളുടെ യുദ്ധത്തെ പിന്തുണക്കുകയും ആഘോഷിക്കുകയും ചെയ്തു.

ഓരോ സാമൂഹിക മുന്നേറ്റത്തിനും ഇത് ആവശ്യമാണ്. നർമ്മദാ താഴ്വരയിൽ ഞങ്ങൾക്കു വേണ്ടിയിരുന്നത് ഇട്ടാവട്ടത്തിലൊതുങ്ങുന്ന ഉപരിപ്ലവമായ ഒരു സമരമായിരുന്നില്ല. മറിച്ച് വികസനത്തെക്കുറിച്ച് വലിയൊരു സമൂഹത്തിന് മുന്നിൽ ചോദ്യങ്ങൾ ഉയ‍ർത്തേണ്ട ജനകീയ മുന്നേറ്റമായിരുന്നു.  വികസന മാതൃക എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നുമുള്ള വിവേകപൂ‍ർവ്വമായ ഉത്തരത്തോടെ മാത്രമെ ഈ ചോദ്യങ്ങൾ ഉയർത്തൂ.

സാഹിത്യ അക്കാദമയിൽ ഒരുക്കിയ കെ.പി ശശിയുടെ കാർട്ടൂൺ പ്രദർശനം കാണുന്ന മേധാ പട്കർ

അദ്ദേഹം വരച്ച ഓരോ കാ‍ർട്ടൂണുകളുടേയും ആഴത്തിലേക്കും അതിന്റെ വേദനയിലേക്കും നിങ്ങൾ നോക്കുകയാണെങ്കിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവ‍ർത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ തിരിച്ചറിവും പ്രതിബദ്ധതയും നിങ്ങൾക്ക് മനസ്സിലാക്കാനാകും. വിക്ടറി സ്റ്റാന്റിൽ നിൽക്കുന്ന നാലു സ്ത്രീകളുടെ ആ കാ‍ർട്ടൂൺ, ഒരു മത്സരത്തിനു ശേഷം സ്വർണ്ണ മെഡലും, വെള്ളി മെഡലും, വെങ്കല മെഡലുമായി വിജയികളെ പോലെ നിൽക്കുന്ന സ്ത്രീകൾ, ദരിദ്രയായ, വീടില്ലാത്ത, അഭയാർത്ഥിയായ, ഭൂമിയില്ലാത്ത, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ നാലു സ്ത്രീകൾ. (പിന്നെ ആളില്ലാത്ത ഒരു പടവും, അത് പിറന്നയുടനെ കൊല്ലപ്പെട്ട പെൺകുട്ടിയുടേതാണ്). അതായിരുന്നു അദ്ദേഹത്തിന്റെ ഉൾക്കാഴ്ച്ച. സ്ത്രീപക്ഷ നിലപാട്. അന്താരാഷ്ട്ര വനിതാദിനം ആചരിച്ച ഈ മാസം ആഘോഷിക്കേണ്ട കാ‍ർട്ടൂണാണത്.

കെ.പി ശശിയുടെ കാർട്ടൂൺ

അദ്ദേഹത്തിന്റെ ഉള്ളിൽ അനുഭവപ്പെട്ട ആ വേദനയിൽ ദലിത് വിഷയങ്ങളും, അന്യസംസ്ഥാന തൊഴിലാളി വിഷയങ്ങളും, വികസനത്താൽ മുറിവേറ്റവരും, കശ്മീരിലെ പ്രശ്നങ്ങളും, അംബാനിക്കും അദാനിക്കും നമ്മുടെ ചേരികളിലെ അംബാരാമിനും അംബയ്ക്കും ഇടയിലെ അസഭ്യമായ അസമത്വവും എല്ലാം തന്നെ അണയാതെ കത്തിക്കൊണ്ടിരുന്നു. അത് വ്യതിരിക്തമായിരുന്നു, അതിനാലാണ് അദ്ദേഹം ഇന്ന് ഓ‍ർമിക്കപ്പെടുന്നത്. ആ തീയാണ് നാം ഇന്ന് നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങേണ്ടത്.

ന‍ർമ്മദാ താഴ്വരയിലെ സമരത്തെ പിന്തുണച്ച് നമ്മളോടൊപ്പം ഇരുപത്തിയൊന്ന് ദിവസം ഉപവസിച്ച മേഘ്നാദ് ഭായിയെ മുൻനിർത്തി അഞ്ചു മിനിറ്റ് മാത്രമുള്ളൊരു ഹൃസ്വചിത്രം അദ്ദേഹം പുറത്തിറക്കി. ഒരു നീണ്ട പ്രസംഗമോ മറ്റോ നടത്താതെ തന്നെ നൃത്തങ്ങളിലൂടെയും പാട്ടുകളിലൂടെയും ഒരു വലിയ സാരം പകർന്നു. പൗരാവകാശത്തിനായും, വനാവകാശത്തിനായും, ഭൂവവകാശത്തിനായും, നിലനിൽപ്പിനായുള്ള ഓരോ അവകാശത്തിനായും പൊരുതേണ്ടി വരുന്ന ആദിവാസികളുടെ ഹോളി ആഘോഷത്തിൽ അതിന്നും പ്രതിഫലിക്കുന്നു. ആ പാട്ടാണ് ആദിവാസികളുടെ ഓരോ സമരത്തിലും ഉയ‍ർന്നു കേൾക്കുന്നത്.

(പാടുന്നു)‌

 ഗാവ് ചോടോബ് നഹി
 ജങ്കൾ ചോടോബ് നഹി
 മായ് മാട്ടി ചോടോബ് നഹി
 ലഡായ് ചോടോബ് നഹി

 ഗാവ് ചോടോബ് നഹി
 ജങ്കൾ ചോടോബ് നഹി
 മായ് മാട്ടി ചോടോബ് നഹി
 ലഡായ് ചോടോബ് നഹി

  (നാടു വിട്ട് പോകില്ല
  കാടു വിട്ട് പോകില്ല
  ഭൂമിമാതാവിനെ വിട്ടുപോകില്ലീ
  പൊരുതലൊടുങ്ങയുമില്ല…

  നാടു വിട്ട് പോകില്ല
  കാടു വിട്ട് പോകില്ല
  ഭൂമിമാതാവിനെ വിട്ടുപോകില്ലീ
  പൊരുതലൊടുങ്ങയുമില്ല… )

 ലഡായ് ചോടോബ് നഹി.. പോരാട്ടം അവസാനിപ്പിക്കാതിരിക്കുക.

ഗാവ് ചോടോബ് നഹി എന്ന ഗാനം

കേന്ദ്രത്തിലെ അധികാരികൾ പറയുന്നത്, പോരാടാൻ നിൽക്കേണ്ടെന്നാണ്, ഇല്ലെങ്കിൽ നിങ്ങൾക്ക് എതിരെ ഞങ്ങൾ പോരാടുക, മാത്രമല്ല ജയിലിലടക്കുകയും ചെയ്യും. എന്നാൽ  ഈ സന്ദേശം (ലഡ‍ായ് ചോടോബ് നഹി)  തദ്ദേശീയ സമൂഹങ്ങളുടെ കുഗ്രാമങ്ങളിലേക്ക് എത്തിക്കണം. തദ്ദേശീയ സമൂഹം എന്ന ഈ വാക്ക് ഉപയോഗിച്ചതിന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ ചോദ്യം ചെയ്യപ്പെട്ടത് ഞാൻ ഓ‍ർക്കുന്നു. തദ്ദേശീയ സമൂഹങ്ങളൊന്നും ഇന്ത്യയിൽ ഇല്ല എന്ന് വാദിക്കുകയായിരുന്നു ഇന്ത്യൻ കോൺസലേറ്റ്. എന്നാൽ ഈ വിഭാഗം മനുഷ്യരാണ് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതെന്ന് ഞാനിന്ന് മനസ്സിലാക്കുന്നുണ്ട്. നാം ഇന്ന് അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ തട‍‌ഞ്ഞിരുന്നതെന്ന് മനസ്സിലാക്കുന്നുണ്ട്. അവരാണ് കയ്യേറ്റക്കാരായി കണക്കാക്കപ്പെടുന്നവ‍ർ. അവരാണ് കാടു മുടിക്കുന്നവ‍രായി കരുതപ്പെടുന്നവ‍ർ. തികച്ചും അസംബന്ധം.

ഇദ്ദേഹം (മേഘ്നാദിനെ ചൂണ്ടി) അന്തമാനിൽ നിന്നും വന്നതേയുള്ളൂ. അവിടെ അവ‍രെ റാഞ്ചീസ് എന്നാണ് വിളിക്കുന്നത്. റാഞ്ചിയിൽ നിന്നാണ് അവ‍ർ അങ്ങോട്ട് കുടിയേറിയത്. ഇന്ന്, നൂറു വ‍ർഷങ്ങൾക്കും അപ്പുറം അവരെ കയ്യേറ്റക്കാരായി കണക്കാക്കുന്നു. സത്പുരാസിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഹിമാലയാസിലും അതുതന്നെയാണ് സംഭവിക്കുന്നത്‌. ജോഷിമഠിന്റെ ഇടിഞ്ഞുതാഴലിലൂടെ ഹിമാലയം നമുക്ക് മുന്നറിയിപ്പ് തരികയാണ്. ഓരോ പർവ്വതനിരകളും ഇടിഞ്ഞുകൊണ്ടിരിക്കയാണ്.

കെ.പി ശശി തന്റെ കാർട്ടൂണിൽ ചിത്രീകരിച്ച പലതും ഇന്നും വളരെ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കുയരുന്നതായും കർഷകരുടെ ജി.ഡി.പി നിരക്ക് കുറയുന്നതായും കാണിക്കുന്നു. ഇപ്പോഴും തുടരുന്ന ആത്മഹത്യകളുടെ എണ്ണം കർഷക സമരങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ മുപ്പത് മാസത്തെ പോരാട്ടത്തിനും 750 രക്തസാക്ഷികൾക്കും ശേഷവും ആത്മഹത്യകൾ ഇനിയും അവസാനിച്ചിട്ടില്ല. കർഷക വിരുദ്ധമായ ആ മൂന്ന് കോർപ്പറേറ്റ് അനുകൂല നിയമങ്ങളിന്മേലുള്ള ‘മഹാനായ’ പ്രധാനമന്ത്രിയുടെ ആ മഹത്തായ വിജയവും പരാജയവും. ബിൽഗേറ്റ്സ് ഫൗണ്ടേഷനും, മൈക്രോസോഫ്റ്റും, മറ്റുള്ളവരും ഇന്ത്യയിലെ ഭൂരേഖകൾ‌ ഡിജിറ്റലൈസ് ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നു. അത് കേവലം രേഖപ്പെടുത്തലല്ല. കോർപ്പറേറ്റുകളുടെ പിടിച്ചടക്കലാണ്. കർഷകരുടേത് മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ കടലും കടൽക്കരയും പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു.


ഇത്തരം നടപടികളെ പ്രതിരോധിക്കുവാനായി പ്രവർത്തിച്ചവരെ ഓരോരുത്തരെയും ഞാൻ ഓർക്കുന്നു. ധർണ്ണകളിലൂടെയും മറ്റ് സമരമാർഗങ്ങളിലൂടെയുമുള്ള പ്രതിഷേധം ജനമുന്നേറ്റങ്ങളുടെ വലിയ ആവശ്യമാണ്. അതോടൊപ്പം തന്നെ കലാകാരുടെയും ബുദ്ധിജീവികളുടെയും പിന്തുണയും ആവശ്യമാണ്. കലാകാരെല്ലാം ജനമുന്നേറ്റത്തിന്റെ കൂടെ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് അവസാനിച്ചു എന്നല്ല, എങ്കിലും അത് കുറഞ്ഞുവരുന്നു. കെ.പി ശശിയിൽ നിന്നുള്ള പ്രചോദനത്തിലൂടെ അത് വീണ്ടെടുക്കേണ്ടതാണ്.

എന്നാൽ എനിക്കറിയാം, ഇവിടെ കേരളത്തിൽ പോലും നിങ്ങൾ റിലയൻസ് മാളിന് മുന്നിൽ സമരം ചെയ്യുകയാണെങ്കിൽ പത്ത് മിനിറ്റിലേറെ തുടരാൻ അനുവദിക്കുകയില്ല. ഹിൻഡൻ ബർഗിനാലും നമ്മൾ ഓരോരുത്തരാലും ചോദ്യം ചെയ്യപ്പെടുമ്പോഴും അദാനി എല്ലാം കൊള്ളയടിക്കുകയാണ്. ആളുകളുടെ വസ്തുവകകൾ മാത്രമല്ല ജീവനോപാധികളും ഇല്ലാതാക്കുകയാണ്. ജീവിക്കാനാള്ള അവകാശത്തിനും ഉപജീവനത്തിനുള്ള അവകാശങ്ങൾക്കും എതിരാണത്. ഓരോ നിമിഷവും, അവസാന ശ്വാസം വരെയും കെ.പി ശശിയെ അത് വേദനിപ്പിച്ചുകൊണ്ടിരുന്നു.

ഇന്നലെത്തെ താമസത്തിനായി എന്നെ കൊച്ചിയിൽ ഇറക്കാതെ തൃശ്ശൂരിലേക്ക് കൊണ്ടുവന്നു. എറണാകുളത്തെ താമസക്കാ‍ർ, ഇതര സംസ്ഥാന തൊഴിലാളികൾ, മറ്റ് തൊഴിലാളികൾ, ബുദ്ധിജീവികൾ, കലാകാർ… നമുക്ക് എങ്ങനെ നമ്മളെല്ലാവരും കൂടി വലിച്ചെറിഞ്ഞ ഈ മാലിന്യം നിയന്ത്രിക്കാനാകും? നിയന്ത്രണത്തിനായുള്ള പദ്ധതി മുമ്പ് വികേന്ദ്രീകൃതമായിരുന്നു. എന്നാൽ ഇന്ന് എല്ലാം തന്നെ കേന്ദ്രീകരിക്കപ്പെടുകയാണ്. അത് അഴിമതിയെ വളർത്തും, സഹകരണ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ വികസന മാതൃകകളെ വളർത്തും. അത് പ്രകൃതിയെ മാത്രമല്ല ആത്യന്തികമായി മനുഷ്യവംശത്തെ തന്നെ ബാധിക്കും. അത് നോം ചോംസ്കി പറഞ്ഞതുപോലെ ലാഭകരമായ പ്രകൃതിയും ലാഭകരമായ ജനതയുമാണ്.

കന്ധമാലിലെ ശശിയുടെ ഇടപെടലുകൾ ഏറെ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഞങ്ങൾ കന്ധമാലിൽ ചെന്നപ്പോൾ അന്നു ഞങ്ങൾ കണ്ട പ്രശ്നങ്ങൾ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. ദലിത് ക്രിസ്ത്യാനികൾ മാത്രമല്ല, ഛത്തീസ്​ഗഢിലായാലും, മധ്യപ്രദേശിലായാലും എല്ലാ കൃസ്ത്യാനികളും അക്രമത്തിനിരയാവുകയാണ്. ജാതീയതയും വിഭാഗീയതയും ദേശീയതയുടെ അഖണ്ഡതയെയും മനുഷ്യത്വത്തെയും ചോദ്യം ചെയ്യുകയാണ്.

നമ്മളാണ് പോരാടേണ്ടവ‍ർ. കെ.പി ശശി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആൾക്കൂട്ടക്കൊല നടന്ന ഓരോ ഇടത്തേക്കും ചെന്നെത്തിയേനെ. കത്തുന്ന പള്ളികളിൽ എത്തിയേനെ, മതസ്വാതന്ത്രത്തിന്റെ പ്രതിഫലനമായ മതംമാറ്റം അക്രമിക്കപ്പെടുന്നിടത്തും എത്തിച്ചേർന്നേണെ. നമ്മൾ എത്തിച്ചേരണം, നമ്മൾ സംസാരിക്കണം, നമ്മൾ തുറന്നു കാട്ടണം. അതെ നമ്മൾ പറയണം… ഹം ലഡേങ്കെ.. ഹം.. ജീത്തേങ്കെ..

ഒരു ജെ.എൻ.യു വിദ്യാർത്ഥിയായി പുറത്തുവന്ന ശശിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇന്ന് ജെ.എൻ.യുവിൽ എന്താണ് സംഭവിക്കുന്നത് ? എങ്കിലും കെ.പി ശശിയും കനയ്യ കുമാറും കെടാതെ നി‍ർത്തുന്ന ആ തീ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ ഫലമായിട്ടുള്ളതാണ്. അതാണ് വേണ്ടത്. കെ.പി ശശി സ്വയം തന്നെ ഒരു മുന്നേറ്റമായിരുന്നു. അനുഭവിച്ചതും പ്രദർശിപ്പിച്ചതുമായ എല്ലാ കലകളിലൂടെയും അദ്ദേഹം മുന്നേറിക്കൊണ്ടിരുന്നു. അത് നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

കെ.പി ശശിയുടെ സിൽവർലൈൻ കാർട്ടൂൺ

കാ‍ർട്ടൂണുകളിലൂടെ സിൽവ‍ർലൈൻ പദ്ധതിയെയും അദ്ദേഹം ചോദ്യം ചെയ്തു. നർമ്മദാ സമരത്തെക്കുറിച്ച് അദ്ദേഹം വരച്ച ആദ്യ ചിത്രങ്ങളിൽ ഒന്ന് ബഹുജനങ്ങളിലൂടെ വികസന മാതൃകകളെ ചോദ്യം ചെയ്യുന്നതായിരുന്നു. എന്നാൽ  മുപ്പതിലേറെ ഡോക്യുമെന്ററികൾ നി‍ർമ്മിച്ചിട്ടും മാധ്യമങ്ങളുടെ ടി.ആർ.പി ആയിരുന്നില്ല അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ടി.ആ‍ർ.പി എന്നാൽ ടാലന്റ് റപ്രസെന്റിങ് പീപ്പിൾ എന്നായിരുന്നു. അതിനാലാണ് അവയിന്നും സുപ്രധാനമായിരിക്കുന്നത്.

നിങ്ങൾ ഓരോരുത്തരോടും ‘കുപ്പിയിലാക്കുന്ന വെള്ളം’ എന്ന അദ്ദേഹത്തിന്റെ കാർട്ടൂൺ കാണുവാനായി ഞാൻ അഭ്യർത്ഥിക്കുന്നു (ബിസ്ലരിയുടെ വെള്ളക്കുപ്പി കൈയ്യിൽ എടുത്തു പിടിച്ചുകൊണ്ട്). വെള്ളം കച്ചവടച്ചരക്കാക്കുന്നത് മിക്ക രചനകളിലും ശശി വിഷയമാക്കിയിരുന്നു. ഇന്ന് 60,000 ലിറ്ററോളം വെള്ളമാണ് ബ്രഹ്മപുരത്തെ തീ അണയ്ക്കുവാനായി ഉപയോ​ഗിക്കുന്നത്. ക്യാൻസറുണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ കെടുത്താനായല്ല. ബ്രഹ്മപുരത്തെ ആ തീ കാരണം എത്ര മില്ല്യൺ വെള്ളമാണ് വിപണിയിലിറക്കുകയും വിൽക്കപ്പെടുകയും ചെയ്തത് ? എതിരൊഴുക്കിനെ ഒരു മാധ്യമമാക്കി മാറ്റിയ ആളാണ് ശശി. ഭൂമിയും ജീവിതവും കവർന്നെടുക്കുന്ന തീ കെടുത്തുന്നതിനായി ചെറുതും വലുതുമായ നമ്മുടെ ഓരോരോ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമ്മളും എതിർശബ്ദങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.

കെ.പി ശശിയുടെ ഒരു കവിത വായിച്ചുകൊണ്ട് ഞാൻ ഈ സംസാരം അവസാനിപ്പിക്കാം.

 പുത്തൻ മരുന്നൊന്നുമില്ല
 വികസന വാദത്തിൻ
 ഹുങ്കൊന്നു മാറ്റാൻ.

 നിങ്ങൾക്കു നിങ്ങൾ പ്രതിരോധം.
 കീശയിൽ തപ്പുന്നു നിങ്ങൾ
 ജീവിതത്തിൻ വിലയ്ക്കായി.

 രക്ഷയുണ്ടോയെന്നു തപ്പൂ
 വിവേകത്തിനായി പരതൂ.

 ഒന്നിൽ നിന്നുരുവായൊരെ-
 ന്നെയും നിന്നെയും കൊണ്ടീ
 പ്രകൃതിയും തഴയ്ക്കട്ടെ. 

വിവർത്തനം – ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 15, 2023 3:10 pm