കരിക്കോട്ടക്കരിക്കും പുറ്റിനും ശേഷം വിനോയ് തോമസ് എഴുതിയ ഏറ്റവും പുതിയ മലയാള നോവലാണ് മുതൽ. മലയാള നോവൽ ചരിത്രത്തിൽ തന്നെ ഒരു ഒന്നൊന്നര മുതലാണ് ഒറ്റ നോട്ടത്തിൽ മുതലിന്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള ഈ രചന. ധനസമ്പാദനത്തിന്റെ നിഗൂഢതകൾ അന്വേഷിക്കുന്ന ഒരു യഥാതഥ നോവൽ എന്നതിനേക്കാൾ സത്യാനന്തര കാലത്തിൻറെ ഒരു രൂപകം എന്ന നിലയിലാണ് മുതൽ വായിച്ചെടുക്കാവുന്നത്.
എഴുത്തുകാരനും കലാകാരനുമായ സുധീഷ് നിലാവ് എന്ന കഥാനായകൻ കൂടിയായ ആഖ്യാതാവ്, ശ്രീപൂമരം ഗോപാലനാശാൻ എന്ന മരപ്പണിക്കാരന്റെ/ആർട്ടിസ്റ്റിന്റെ ശിഷ്യനാണ്. ഒരു കാലത്ത് ചിട്ടി നടത്തിയിരുന്ന റിട്ടയേർഡ് മലയാളം അധ്യാപകൻ വിജയൻ, പാമ്പുകടിയേറ്റ് മരിച്ച മകൾ ശൈലശിഖ എഴുതിയ കവിത മരത്തിൽ കൊത്തുപണി ചെയ്യിച്ച് നിർമ്മിക്കാൻ സുധീഷിനെ തേടി എത്തുന്നതാണ് നോവലിന്റെ ആരംഭം. ഒരർത്ഥത്തിൽ, വിജയൻ മാഷുടെ മകൾ ശൈലശിഖയുടെ മരണത്തിന്റെ ‘ഷെർലക് ഹോംസ്’ രീതിയിലുള്ള ഒരു അന്വേഷണമായി നോവലിനെ കണക്കാക്കാം. അല്ലെങ്കിൽ, ചിട്ടി മുതൽ ബിറ്റ്കോയിൻ വരെ എത്തിനിൽക്കുന്ന മുതൽ ഇടപാടുകൾ നടത്തുന്ന കഥാപാത്രങ്ങളുടെ പോരാട്ടകഥയായി നോവലിനെ മനസ്സിലാക്കാം. മറ്റൊരു അർത്ഥത്തിൽ, നാഗൻ പയസ് എന്ന വിചിത്ര നാമധാരിയായ ചിട്ടിക്കമ്പനി മുതലാളിയുടെ വളർച്ചയുടെ (മുതലിന്റെ) രഹസ്യം തേടിയുള്ള യാത്രയായി കാണാം. വേറൊരു തലത്തിൽ, അഭിമാൻ സാറിനു വേണ്ടിയുള്ള സിനിമയുടെ കഥ തേടിയുള്ള അന്വേഷണമായും നോവൽ വായിക്കാം. മുതലിന് എന്നതുപോലെ, നോവലിന്റെ ആഖ്യാനത്തിലും ഇങ്ങനെ എത്രയെത്ര രൂപങ്ങൾ.
സത്യത്തിൽ, ആഖ്യാനങ്ങളെക്കുറിച്ചുള്ള ആഖ്യാനമാണ് മുതൽ. അതേസമയം, ഴാൻ ഫ്രാൻഷ്വാ ലെയത്തോർ പറഞ്ഞ ‘ബൃഹദാഖ്യാനങ്ങളിലെ അവിശ്വസനീയത’ കൂടിയാണ് വിനോയ് തോമസിന്റെ മുതൽ. സുധീഷ് നിലാവ്, പലയാളുകളിൽ നിന്നും കേട്ട കഥകൾ – ചിലപ്പോൾ അയാളുടേതും ചിലപ്പോൾ മറ്റുള്ളവരുടേതുമായ – വീക്ഷണത്തിൽ അവതരിപ്പിക്കുന്നതാണ് നോവലിന്റെ ആഖ്യാന സ്വഭാവം. വിനോയ് തോമസിന്റെ മുൻ നോവലുകളിലേതു പോലെ തന്നെ, കേട്ടുകേൾവികളും മിത്തുകളും ഊഹാപോഹങ്ങളും അടുക്കി വെച്ച് പണിതതാണ് ഈ നോവൽ ശരീരവും. അല്ലെങ്കിലും മുതലിനെക്കുറിച്ചുള്ള എല്ലാ കഥകളും മിത്തുകൾ ആണല്ലോ.
മുതലിനെ കുറിച്ചുള്ള പഠനം സ്വാഭാവികമായും ലോകത്തിന്റെ തന്നെ ചരിത്രമാണല്ലോ. മറ്റു വാക്കുകളിൽ, മനുഷ്യൻ മുതൽ സമ്പാദിച്ച കഥകൾക്കാണല്ലോ നമ്മൾ ചരിത്രം എന്ന പേര് നൽകിയിരിക്കുന്നത്. പക്ഷേ, ഈ നോവൽ വ്യവസ്ഥാപിതമായ/അംഗീകൃത ചരിത്രത്തിന്റെ മറുപുറമാണ്. ചരിത്രം എന്നത് ഒരാഖ്യാനമാണെങ്കിൽ മുതൽ മുമ്പോട്ടേക്ക് വയ്ക്കുന്ന ബദൽ ചരിത്രവും മറ്റൊരു ആഖ്യാനം മാത്രം. ഇതിൽ സുധീഷ് നിലാവ് എന്ന കലാകാരൻ ആഖ്യാതാവാണെങ്കിൽ, അംഗീകൃത ചരിത്രത്തിൽ മറ്റൊരാൾ. അത്ര മാത്രം.
അധികാരഘടനകൾക്ക് പുറത്തായതിനാൽ സുധീഷ് നിലാവിന്റെ ആഖ്യാനം അവിശ്വസനീയമായ ഒന്നായി വായനക്കാരന് തോന്നാം. യഥാർത്ഥത്തിൽ, എല്ലാ ആഖ്യാനങ്ങളും അവിശ്വസനീയം തന്നെയല്ലേ? തിരുവിതാംകൂർ രാജവംശവും മുഗളന്മാരും ബ്രിട്ടീഷുകാരും എല്ലാം ഈ ആഖ്യാനത്തിന്റെ ഭാഗമാണ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും മൗണ്ട് ബാറ്റൺ പ്രഭുവും ജഹാംഗീർ ചക്രവർത്തിയും സിറാജുദ്ദീൻ ദൗളയും മാർത്താണ്ഡവർമ്മയും വാറൻ ഹേസ്റ്റിങ്സും ഈ പ്രതിചരിത്രത്തിലെ കഥാപാത്രങ്ങൾ. ചരിത്രത്തെ മിത്തിൽ നിന്ന് വിഭിന്നമായി കാണുന്നതിനേക്കാൾ ചരിത്രം തന്നെ ഒരു മിത്താണ് എന്നാണ് സുധീഷ് നിലാവിലൂടെ നോവലിസ്റ്റ് വായനക്കാരോട് പറയുന്നത്. മിത്തിനെ ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന ഈ കാലത്ത് ചരിത്രത്തിനു പോലും മിത്തിന്റെ സ്വഭാവമുണ്ട് എന്ന ആഖ്യാനത്തിൽ ഒരു പ്രതിരോധത്തിന്റെ ജനകീയ രാഷ്ട്രീയം കൂടിയുണ്ട്. ഇറ്റാലോ കൽവിനോ പറഞ്ഞതു പോലെ, “One writes fables in periods of oppression”.
യഥാർത്ഥത്തിൽ, ലോകചരിത്രം മാത്രമല്ല മുതലിൽ അപനിർമ്മിക്കപ്പെടുന്നത്. പൂന്താനം, രാജരാജവർമ്മ, കുമാരനാശാൻ, ഒ.എൻ.വി എന്നിവരുടെ കവിതകളിലൂടെ മലയാള സാഹിത്യചരിത്രത്തിന്റെ ഒരു മറുവായന കൂടിയാണ് മുതൽ. “മോക്ഷം തേടുന്നതിനേക്കാൾ മുതൽ നേടാനുള്ള വഴിയാണ് സാഹിത്യം” എന്ന് വിജയൻ മാഷ്. കേരളത്തിലെ ആദ്യത്തെ ബാങ്ക് തുടങ്ങിയ അപ്പു നെടുങ്ങാടിയുടെയും, ആദ്യത്തെ ചിട്ടി തുടങ്ങിയ വാഗ്ഭടാനന്ദസ്വാമികളുടെയും ഉദാഹരണം വിജയൻ മാഷ് തന്നെ സുധീഷിന് പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ.
“ശ്രീഭൂവിലസ്ഥിര” എന്നും “അവനി വാഴ്‌വ് കിനാവ് കഷ്ടം” എന്നും എഴുതിയ കുമാരനാശാൻ യഥാർത്ഥത്തിൽ ഒരു ഓട്ടു കമ്പനി നടത്തുന്ന മുതലാളി കൂടിയായിരുന്നു. ശ്രീനാരായണഗുരു കുമാരനാശാനെ അല്ല, ആശാൻ ഗുരുവിനെയാണ് സ്വാധീനിച്ചത് എന്നാണ് സുധീഷ് നിലാവിന്റെ പക്ഷം. മണിമംഗലം മധു എന്ന അഭിമാൻ സാറിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒ എൻ വിയുടെ “അമ്മ” എന്ന കവിതയുടെ ബദൽ വായനയാണ് മറ്റൊന്ന്. കവിതകളുടെ യുക്തി നോക്കിയാൽ, പല കവിതകളുടെയും പരമ്പരാഗത വായനകൾ മാറുകയും തികച്ചും വിപരീതമായ അർത്ഥം രൂപപ്പെടുകയും ചെയ്യുന്നു.
ലോകത്ത് മഹാജ്‌ഞാനികൾ സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞ ശാശ്വതസത്യങ്ങളെയാണല്ലോ തത്വചിന്ത എന്ന് വിളിക്കുന്നത്. മഹാമുനികളുടെ ഗഹനമായ ചിന്തയുടെ ക്രോഡീകരണം. ഭാരതീയ തത്വചിന്തയുടെ കാതൽ തന്നെ ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തമാണല്ലോ. ബ്രഹ്മം സത്യമെന്നും ജഗത് മിഥ്യയെന്നും പറയുന്ന ദർശനം. കയറും പാമ്പും തിരിച്ചറിയാൻ ആവാതെ പോകുന്നത് അധ്വാനിക്കാത്ത അനുഭവജ്ഞാനം ഇല്ലാത്തവർക്കാണെന്ന് പറഞ്ഞ് വാഗ്ഭടാനന്ദന്റെ ഭാര്യ കുഞ്ഞിക്കുട്ടൂലി അദ്വൈതവാദത്തെ ഒറ്റവെട്ടിന് രണ്ടാക്കുന്നു. നഗ്നമായ സ്ത്രീ ശരീരത്തിന്റെ രൂപകത്തിലൂടെ ജഗത് വെറും മിഥ്യയല്ലെന്ന് സ്വാമികൾ തിരിച്ചറിയുന്നു. ഊരാളുങ്കൽ ലൈബർ കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വാഗ്ഭടാനന്ദ സ്വാമികളെ കുഞ്ഞിക്കുട്ടൂലി എന്ന സ്ത്രീ ഇപ്രകാരം പൊളിച്ചടുക്കുന്നതിന്റെ തുടർച്ചയായാണ് തലശേരി കടപ്പുറത്ത് ചിട്ടി (മുതൽ) പിറക്കുന്നത്. സാധാരണക്കാർക്ക് ദുർഗ്രഹമായ തത്വചിന്തയുടെയും ഭാഷയുടെയും നിരന്തരമായ അപനിർമ്മാണമാണ് പുറ്റു പോലെ തന്നെ മുതലും.
ഒരു പക്ഷേ, മലയാള സാഹിത്യത്തിൽ മുതൽ ചർച്ച ചെയ്യപ്പെടുന്നത് അത് എഴുതപ്പെട്ട സത്യസന്ധമായ ഭാഷയുടെ പേരിലായിരിക്കും. മലയാള നോവലിന്റെ നടപ്പ് രീതികളെല്ലാം പൊളിച്ചെഴുതപ്പെടുന്നത് സാധാരണക്കാർ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണ്. സുധീഷെന്ന ആഖ്യാതാവ് അടിമുടി ന്യൂ ജെൻ ആണ്. അതുകൊണ്ട് തന്നെ, തീർത്തും സത്യസന്ധമായ സാധാരണ ജനങ്ങളുടെ സംസാരഭാഷയിലാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. അശ്ലീലം, തെറി എന്നൊക്കെ നോവലിൽ ആരോപിക്കുന്നവരുണ്ടാകാം. നഗ്നമായ സത്യങ്ങൾ ശുദ്ധവും നഗ്നവുമായ ഭാഷയിൽ എഴുതിയതാണ് മുതൽ.
മുതൽ സത്യാനന്തര കാലത്തിൻറെ കഥ കൂടിയാണ്. ഓരോരുത്തർക്കും മുതൽ ഓരോന്നാണ്. വിജയൻ മാഷ് തേടുന്നതെന്തോ അതല്ല സുധീഷ് നിലാവിന് മുതൽ. നാഗൻ പയസ് കണ്ടെത്തിയ മുതലല്ല, അഭിമാൻ സാറെന്ന മണിമംഗലം മധുവിന്റെ മുതൽ. കൃഷ്ണപ്രിയ കണ്ടെത്തിയ മുതൽ മറ്റൊന്നാണ്. രാജേഷ് അണിയറയും അഭിമാൻ സാറും തേടുന്ന മുതൽ മറ്റാർക്കും മുതലല്ലാതായി മാറുന്നു. അല്ലെങ്കിൽ, ശ്രീപൂമരം ഗോപാലനാശാനെ പോലെ സർവതും ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് യാത്ര പോകുന്നതാവാം ചിലർക്ക് മുതൽ. രാജേഷ് ആനയറ തേടുന്ന മറ്റൊന്നാണ്. ശൈലശിഖ എപ്പോഴെങ്കിലും ആഗ്രഹിച്ച മുതൽ നേടിയിരുന്നോ? സത്യാനന്തര കാലത്ത്, സത്യം എന്നത് വ്യക്തിവിശ്വാസങ്ങളുടെ വൈകാരികത മാത്രമാണല്ലോ, മുതൽ പോലെ.
ഘടനാപരമായി, വിനോയ് തോമസിന്റെ മറ്റു നോവലുകളിൽ നിന്നും മുതൽ വ്യത്യസ്തമാണ്. വിദ്യ, ധനം, ധാന്യം, പശു, ആരോഗ്യം, മോക്ഷം, സന്താനം, രാജ്യം എന്നിങ്ങനെ എട്ട് ഭാഗങ്ങൾ ചേർന്നതാണ് നോവൽ. ഓരോ ഭാഗത്തിനും എട്ട് അധ്യായങ്ങൾ. ചതുരംഗകളിയിലെ 64 കളങ്ങൾ പോലുള്ള 64 അധ്യായങ്ങൾ. മുതലിന് വേണ്ടി, പല കാലങ്ങളിലും പല ദേശങ്ങളിലും രാജാവും മന്ത്രിയും കാലാളും കളിച്ചതിന്റെ കഥകൾ. ആ കഥകൾ ഒരിക്കലും തികച്ചും സാങ്കൽപ്പികം അല്ല. പല സമയത്തും പല ദേശത്തും നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന, “അതുതാനല്ലയോ ഇത് എന്നു വർണ്യത്തിലാശങ്ക” തോന്നിക്കുന്ന സ്വത്തിനും അധികാരത്തിനും വേണ്ടിയുള്ള കളികൾ. ചരിത്രത്തിന്റെയും തത്വചിന്തയുടെയും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അപനിർമ്മാണം ഈ കളിയുടെ ഭാഗം. എന്തുകൊണ്ടും വിനോയ് തോമസിന്റെ നോവൽ ഒരു ഒന്നൊന്നര മുതൽ തന്നെ.