ഭൂമിയുടെ കണ്ണ് (ടെറർ – വാർ – ശാന്തി)

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

The spirit lies dormant in the brute and he knows no law but that of physical might.” – Gandhi

ഷേക്സ്പിയറുടെ ശുഭാന്ത നാടകങ്ങളിലൊന്നായിട്ടാണ് ‘വെനീസിലെ വ്യാപാരി’ അറിയപ്പെടുന്നത്. ഇതിലെ വ്യാപാരിയായ ഷൈലോക്കിനെ പറ്റി നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്തവർ ഉണ്ടാകാനിടയില്ല. വട്ടിപലിശക്ക് കടം കൊടുക്കുന്ന ഇയാൾ ആവശ്യപ്പെട്ടത് കടം മടക്കിക്കൊടുക്കാത്ത പക്ഷം, കടമെടുക്കുന്നവന്റെ ശരീരത്തിലെ ഒരു റാത്തൽ മാംസമാണ്. ഷൈലോക്ക് ഇക്കാര്യം കടം വാങ്ങാൻ വന്ന ബസാനിയോയോട് പറയുന്നു. ബസാനിയോയുടെ സുഹൃത്ത് ആന്റണിയോയുടെ ഒരു റാത്തൽ മാംസം ആണ് ഷൈലോക്ക് ജാമ്യമായി ആവശ്യപ്പെട്ടത്. ഷൈലോക്ക്: ഇന്ന ദിവസം ഇന്ന സ്ഥലത്ത് കരാറിൽ പറഞ്ഞ ഇത്രയും സംഖ്യ (മൂവായിരം പണം) തന്നില്ലെങ്കിൽ, പിഴയായി നിങ്ങളുടെ സുന്ദരമായ ശരീരത്തിൽ എനിക്കിഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് ഒരു റാത്തൽ മാംസം അറുത്തെടുക്കാൻ എനിക്ക് അവകാശമുണ്ടെന്ന് ഒരു രസത്തിന് ഒരു പ്രമാണപത്രം എഴുതിത്തരൂ. ആന്റണിയോയുടെ ഹൃദയത്തിന്റെ തൊട്ടടുത്തു നിന്നുള്ള ഒരു റാത്തൽ മാംസം.

തന്റെ കരാറിനെ പറ്റി ഷൈലോക്ക് ‘മതപരമായി’ വിശദീകരിച്ചത് ഇങ്ങനെയാണ്. “ദയവായി ഇതു പറയൂ, ഇദ്ദേഹത്തിന് പറഞ്ഞ സമയത്ത് കരാർ അനുസരിക്കാൻ പറ്റിയില്ലെങ്കിൽ ഈ പിഴ ഈടാക്കുന്നതിൽ നിന്ന് എനിക്കെന്ത് ലാഭമാണ് കിട്ടുക? ഒരു മനുഷ്യനിൽ നിന്ന് എടുത്ത ഒരു റാത്തൽ മനുഷ്യ മാംസത്തിന് ആടിന്റെയോ പശുവിന്റെയോ മാംസത്തിന്റെ അത്ര വലിയ വിലയോ ലാഭമോ ഒന്നുമില്ല. ഞാൻ ഇദ്ദേഹത്തിന്റെ സ്നേഹം സമ്പാദിച്ച് സുഹൃത്താകാൻ വേണ്ടിയാണ് ഇതു പറഞ്ഞത്.” (പുറം: 413, വെനീസിലെ വ്യാപാരി, വിവ. – സുധ ഗോപാലകൃഷ്ണൻ, ഷേക്സ്പിയർ കൃതികൾ, ഭാഗം – ഒന്ന്, ചീഫ് എഡിറ്റർ : കെ അയ്യപ്പപണിക്കർ, ഡി.സി ബുക്സ്: 2000)

വെനീസിലെ വ്യാപാരിക്ക് പകരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒന്ന് വെച്ചുനോക്കൂ. അതോടൊപ്പം 2025 മെയ് 10 ന് ഉണ്ടായ ഇന്ത്യ പാക് വെടി നിർത്തൽ കരാറിൽ ട്രംപിന്റെയും അമേരിക്കയുടെയും പങ്കിനെ പറ്റിയുള്ള തുടർച്ചയായുള്ള അവകാശവാദങ്ങളും. വെടിനിർത്തൽ ലോകം അറിയുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളിലൂടെയല്ല, അമേരിക്കൻ പ്രസിഡന്റ് ട്രംപിലൂടെയാണ്. ട്രംപ് അവകാശപ്പെട്ടത് : ധാരാളം ആണവ പടകോപ്പുകൾ ഉള്ള ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം താൻ ബ്രോക്കർ ആയി നിന്നുകൊണ്ട് ഒഴിവാക്കിയെന്ന്. പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ്ഹൗസിൽ ആണ് അദ്ദേഹം അത് ലോകത്തോട് വിശദീകരിച്ചത്. അദ്ദേഹത്തിൻറെ വാക്കുകൾ, “Come on, we are going to do a lot of trade with you guys. Let’s stop it. If you are stop it, we are doing trade… If you don’t stop i,t we are not going to do any trade.”

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥനായി എന്ന് കാണിച്ചുകൊണ്ടുള്ള ട്രംപിന്റെ എക്സ് പോസ്റ്റ്

അദ്ദേഹം തുടർന്നു, “ഒരാളും വ്യാപാരം ഞാൻ ഉപയോഗിക്കുന്ന രീതിയിൽ ശരിയായി ചെയ്തിട്ടില്ല. പലകാരണങ്ങളാൽ യുദ്ധം നിർത്തണം. എന്നാൽ വ്യാപാരമാണ് വലുത്. ഞങ്ങൾ പാകിസ്താനുമായി ഇമ്മിണി വ്യാപാരം ഉണ്ടാക്കാൻ പോകുന്നു. ഇന്ത്യയുമായും. ഞങ്ങൾ ഇപ്പോൾ ഇന്ത്യയുമായി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങൾ ഒരു ആണവ സംഘർഷം ഒഴിവാക്കി.” (പുറം: 9, കൊച്ചി എഡിഷൻ, ദി ഹിന്ദു,13/5/2025). ഞായറാഴ്ച വീണ്ടും ഇക്കാര്യങ്ങൾ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആവർത്തിച്ചു. “ഞാൻ കച്ചവടം കാര്യമായി വർദ്ധിപ്പിക്കാൻ പോവുകയാണ്, ഇരു രാജ്യങ്ങളുമായി. കൂടാതെ ഞാൻ രണ്ടുപേരുമായി കാശ്മീരിന് ഒരു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കും.” (ദി ഹിന്ദു, 12/5/2025). 2025 മെയ് 15 ന് ഇക്കാര്യം ട്രംപ് ഇറാനിൽ ആവർത്തിച്ചതായാണ് അറിവ്. ട്രംപിന്റെ ഇടപെടലിനെ പറ്റിയുള്ള അവകാശവാദങ്ങളിൽ ട്രംപിന്റെ സുഹൃത്തായ നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ആഗോള വ്യാപാരിയായ ട്രംപിനെ തള്ളിപ്പറയുമോ സുഹൃത്ത്? എന്തായാലും ട്രംപിന്റെ വ്യാപാരത്തെ പറ്റിയുള്ള തുറന്നുപറച്ചിൽ ആണ് എന്നെ കൂടുതൽ അസ്വസ്ഥനാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ . കടപ്പാട് : msn.com

ഇന്ന് ഭൂമിയിൽ നടക്കുന്നത് കോർപ്പറേറ്റ് മത്സരങ്ങളും യുദ്ധങ്ങളും ആണ്. വ്യാപാരമാണ് സർവ്വപ്രധാനം. ജനാധിപത്യം, ദേശീയത, രാജ്യസ്നേഹം, മതം, ജിങ്കോയിസം എന്നിവയൊക്കെ അതിലേക്കുള്ള വഴികളാണ്. പടക്കോപ്പുകളും ആണവ ധാതുക്കളും മെഷിനറികളും മാത്രമല്ല, വായുപോലും കച്ചവട വസ്തുവാണ്. ആർട്ടിക്കിൽ (Artic) ഭൂമിയിലെ വമ്പന്മാർ എല്ലാം വലിയ തോതിൽ മുടക്കിക്കഴിഞ്ഞു. അമേരിക്കൻ സെനറ്റിൻ്റെ ഭാഗമാണ് ഇലോൺ മസ്ക്. ട്രംപ് ഏറ്റവും വലിയ ഷൈലോക്കാണ്. നമ്മുടെ പാർലമെന്റിലും എത്രയോ കച്ചവടക്കാർ നിയമനിർമ്മാതാക്കളായിട്ടുണ്ട്. നെഹ്റു ക്യാബിനറ്റ് മുതലുണ്ട് ഇതെല്ലാം. അദാനി, അംബാനി തുടങ്ങിയ ആഗോള ഭീമന്മാരെ രാഷ്ട്രതലവന്മാർ തന്നെയാണ് നമ്മുടെ ധാതുക്കളും വെള്ളവും മനുഷ്യ വിഭവവും എല്ലാം കൊള്ളയടിക്കാൻ സജ്ജീകരിക്കുന്നത്. പാവപ്പെട്ട ആദിവാസികളും ദലിതരും കൊല്ലപ്പെടുന്ന ഓരോ സംഭവവും അതിന്റെ അപായമണികളാണ്.

ഷൈലോക്ക് ആവശ്യപ്പെട്ടത് ആന്റണിയോയുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു റാത്തൽ മാംസമാണ്. ലോകത്തിലെ ഇന്ത്യയിലെ അടക്കമുള്ള നേതാക്കൾ ഭൂമിയുടെ ഹൃദയം തന്നെയാണ് പറിച്ചെടുത്ത് തൂക്കി വിൽക്കാൻ ഇട്ടു നിൽക്കുന്നത്. ഭൂമിയിൽ ഇന്ന് എവിടെയും കേൾക്കുന്ന കുഞ്ഞിന്റെയും സ്ത്രീയുടെയും നിലവിളി ഭൂമിയുടെ ഹൃദയം പറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന പിടച്ചിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശീയരെ ആധുനിക നാഗരികത ജ്ഞാനോദയത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും നിയോൺ വെളിച്ചത്തിൽ കൊന്നൊടുക്കിയപ്പോൾ ബലിയർപ്പിക്കപ്പെട്ട കോടി കോടി മനുഷ്യരുടെ ഓർമ്മ പുതുക്കലാണ് സത്യാനന്തര കാലത്തെ ഓരോ യുദ്ധവും സംഘർഷവും. വെനീസിലെ വ്യാപാരിയായ ഷൈലോക്കിന് മാനസാന്തരം സംഭവിക്കുന്നിടത്താണ് ഷേക്സ്പിയർ നാടകം അവസാനിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ഷൈലോക്കിന് ഈ സത്യാനന്തര കാലത്ത് മാനസാന്തരം സംഭവിക്കുമോ എന്ന് സംശയമാണ്.

ഹിന്ദ് സ്വരാജ് കവർ

ഗാന്ധിയുടെ ഹിന്ദ് സ്വരാജിലേക്ക് ഞാൻ വീണ്ടും വരട്ടെ: “അവർ (ബ്രിട്ടീഷുകാർ) കച്ചവടക്കാരാണ്. അവരുടെ കരപ്പടയും കടൽ സേനയും കച്ചവട താൽപര്യങ്ങളുടെ സംരക്ഷണത്തിനായാണ് രൂപം കൊണ്ടത്. ദക്ഷിണാഫ്രിക്കയിലെ പ്രസിഡന്റ് ക്രൂഗറോട് ചന്ദ്രനിൽ സ്വർണ്ണമുണ്ടോ എന്നൊരാൾ ചോദിച്ചത്രേ. ഉണ്ടാകാൻ സാധ്യതയില്ലെന്ന് മറുപടി. ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലീഷുകാരവിടം കയ്യേറുമായിരുന്നു എന്നാണ് അങ്ങേരുടെ യുക്തി. പണമാണ് അവരുടെ ദൈവം. ഇതിൽ നിന്നും വ്യക്തമാകുന്നത് ഇന്ത്യക്കാരാണ് ഇംഗ്ലീഷുകാരെ സ്വാർത്ഥ താൽപര്യത്തിനായി കുടിയിരുത്തിയതെന്നും നമുക്ക് അവരുടെ കച്ചവടം പെരുത്തിഷ്ടമായെന്നും അവരുടെ സൂത്രങ്ങൾ നമ്മെ മോഹിപ്പിച്ച് അടിമപ്പെടുത്തിയെന്നുമാണ്. ലോകം മുഴുവനും സ്വന്തം ചരക്കുവിൽക്കുന്ന വിപണിയാകണം എന്നാണ് ഇംഗ്ലീഷുകാരുടെ മോഹം. ലക്ഷ്യം നേടാൻ അവർക്ക് കഴുതക്കാലും പിടിക്കും.”(പുറം 18-19- ഹിന്ദ് സ്വരാജ്).

പാകിസ്താനിൽ ഭീകര പ്രസ്ഥാനങ്ങളെ വളർത്തുന്ന സമ്പന്നരായ മുസ്ലിം രാഷ്ട്രങ്ങൾക്ക് അതിനുള്ള അധിക പണം ലഭിക്കുന്നത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള കച്ചവടത്തിൽ നിന്നാണ്. ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളെ വിറളി പിടിപ്പിച്ചുനിർത്തേണ്ടത് കോർപ്പറേറ്റ് ആയുധ കച്ചവടക്കാരുടെയും ഭീമൻ കോർപ്പറേറ്റുകളുടെയും ആവശ്യമാണ്. രണ്ട് രാജ്യങ്ങളിലെയും ജിങ്കോയിസ്റ്റുകൾ എവിടെയും പോർവിളി നടത്തുന്നത്, ദേശസ്നേഹം ആണ് എന്ന് തോന്നുമെങ്കിലും അതിന്റെ അടിയിലുള്ളത് കോർപ്പറേറ്റ് താല്പര്യങ്ങളാണ്.

ടെററും വാറുമല്ല (terror, war) വേണ്ടത്, ശാന്തിയും സമാധാനവും ആണ് വേണ്ടതെന്ന് പറയുന്നവരും എഴുതുന്നവരും രാജ്യദ്രോഹികളായി തടവറയിലാകുന്നു. ഛത്തീസ്ഗഡിലും ഒഡീഷയിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ധാതുക്കൾ കവർച്ച ചെയ്യാൻ എത്തുന്ന കോർപ്പറേറ്റുകളെ പ്രതിരോധിക്കുന്ന ആദിവാസി രാജ്യദ്രോഹിയാണ്. അയാളെ/അവളെ മാവോയിസ്റ്റ് ആക്കി വെടിവെച്ചു കൊന്നാൽ സർക്കാർ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ പാരിതോഷികം നൽകുന്നു, കൊന്നവന്. ആദിവാസിക്ക് വേണ്ടി വാദിക്കുന്നവർ രാജ്യദ്രോഹിയായി ജയിലിലാകുന്നു. ഇത് ഭൂമിയിൽ എവിടെയും തുടർന്നുകൊണ്ടിരിക്കുന്ന സത്യാനന്തര സത്യങ്ങളാണ്. ഇതിന്റെ സൂക്ഷ്മ രൂപം നമ്മുടെ തെരുവിലും വീട്ടിലും ക്ലാസ് മുറിയിലും സർവ്വകലാശാലയിലും അരങ്ങേറുന്നുണ്ട്. ഇടതുപക്ഷ സർക്കാരിന്റേതായാലും വലതുപക്ഷ സർക്കാരിന്റേതായാലും ക്വാറി, മണൽ, വയൽ മാഫിയകൾ നിർബാധം അവരുടെ പ്രവർത്തികൾ ചെയ്യുന്നു. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെയും അതിന്റെ ശൃംഖലകളെയും കണ്ടുപിടിച്ച് കേരളത്തെ ലഹരി മുക്തമാക്കാനുള്ള ശ്രമം എന്നും പത്രങ്ങളിൽ കാണാം. പക്ഷേ, നിങ്ങളുടെ മൂക്കിന് കീഴിൽ ഇങ്ങനെയൊരു സംഘത്തെ കണ്ടെത്തി നിങ്ങൾ സദുദ്ദേശത്തോടെ പൊലീസിനെ അറിയിച്ചെന്നിരിക്കട്ടെ. ഒന്നുകിൽ നിങ്ങൾ ലഹരി മാഫിയയുടെ ഇരയാകും. അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്ന ചിലരെ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കും. അവിടെ അവരെ ജാമ്യത്തിൽ ഇറക്കാൻ എത്തുന്നത് ലോക്കൽ കമ്മിറ്റി അംഗങ്ങളാകും. പൊലീസുകാരാൽ പിടിക്കപ്പെടുന്നവർ ഇടത് രാഷ്ട്രീയത്തിന്റെ വിധേയനാകും. ഈ ശൃംഖലകളുടെ തലപ്പത്തേക്ക് പോകാൻ ഒരു പൊലീസും തയ്യാറാകില്ല. അവിടെ നമ്മെ ഞെട്ടിക്കുന്ന വമ്പന്മാർ ഉണ്ടാകും. ട്രംപ് ഉദാഹരിക്കുന്നതുപോലെ മക്കളെ, ഗഡികളെ നമുക്ക് അല്പം കച്ചവടം ചെയ്യാം എന്നാണ് എല്ലാവരുടെയും നിലപാട്.

പാകിസ്താനിൽ നിന്നുള്ള ഷെല്ലാക്രമണത്തിൽ തകർന്ന ഉറിയിലെ അതിർത്തി ഗ്രാമത്തിലുള്ള വീടിന്റെ അവശിഷ്ടങ്ങൾ നോക്കുന്ന പ്രദേശവാസി. കടപ്പാട് : tribe.article-14.com

ഇനി വീട്ടിലേക്ക് വന്നാലോ ചെറുതും വലുതുമായ കോർപ്പറേറ്റുകളുടെ ഉപഭോഗസാധനങ്ങൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെയെല്ലാം വീടുകൾ. നമ്മൾ വാങ്ങുന്ന ഓരോ സാധനത്തിന്റെയും ലാഭത്തിൽ നിന്നും ഒരു വിഹിതം കോർപ്പറേറ്റുകളുടെ പടക്കോപ്പുകൾ നിർമ്മിക്കാൻ തന്നെയാണ് വട്ടം ചുറ്റി പോകുന്നത്. കൃത്രിമ ഭക്ഷണങ്ങൾ, കൃത്രിമപാനീയങ്ങൾ, കൃത്രിമ സുഗന്ധദ്രവ്യങ്ങൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ ചുറ്റി പിടിക്കുന്നത് നാം അറിയുന്നില്ല. വെടിമരുന്നിന്റെയും ചോരയുടെയും മണം അതിനുണ്ടെന്ന് പറഞ്ഞാൽ ഞാൻ ഭ്രാന്തനാകും. സുഹൃത്തെ, യഥാർത്ഥ പെന്റഗൺ നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ്. ഇന്നതിന്റെ ഭീമാകാരവും അസുരവും ചൂഷണ പ്രേരിതവുമായ പെരുക്കം നമ്മുടെ മൊബൈലുകളിലൂടെ രാപ്പകൽ ‘മല’ത്തിന്റെ തുള്ളികളായി ‘ടപ്…ടപ്’ മൂളിക്കൊണ്ട് വീണുകൊണ്ടിരിക്കുകയാണ്. പ്രലോഭനങ്ങളില്ലാത്ത ഒരു വിനാഴിക പോലും നമ്മുടെ ജീവിതത്തിലില്ല. പ്രലോഭിപ്പിക്കുന്ന കെണികൾ… ഇത് അതിർത്തി യുദ്ധത്തെക്കാൾ ഭീകരമാണ്. അതുകൊണ്ടാണ് പറയേണ്ടിവരുന്നത്, നമ്മുടെ തലച്ചോറും ഹൃദയവും ആണ് യുദ്ധപ്പുരകൾ… നമ്മുടെ നേതാക്കന്മാർ പലതരം മെഷീനറികൾ വഴി അതിനുചുറ്റും, ഉള്ളിലും റോന്ത് ചുറ്റുകയാണ്. സ്വകാര്യതയുടെ, സ്വാതന്ത്ര്യത്തിന്റെ ഒരു ചെറിയ സ്പേസ് പോലും ബാക്കിയില്ല. ഭൂമിയുടെ പച്ചപ്പുകൾ നക്കി തുടച്ച് ഇല്ലാതാക്കുന്നത് പോലെ തന്നെ.

“നിർഭയത്വമാണ് ശക്തി, അല്ലാതെ അത് നമ്മുടെ ശരീരത്തിലെ ഇറച്ചി തൂക്കമല്ല. സ്വയംഭരണം വേണമെന്ന് ആഗ്രഹിക്കുന്നവർ അറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഭീലുകളും പിണ്ടാരികളും തഗ്ഗുകളും നമ്മുടെ നാട്ടുകാർ തന്നെ. അവരെ പിടിച്ചടക്കേണ്ടത് നിങ്ങളുടെയും എന്റെയും ജോലിയാണ്. സ്വന്തം സഹോദരങ്ങളെ ഭയപ്പെടുന്ന കാലത്തോളം സ്വയംഭരണം നമുക്ക് നേടാനാവില്ല.”(പുറം : 21, ഹിന്ദ് സ്വരാജ്).

പത്രങ്ങളും മാധ്യമങ്ങളും ഭരണകൂടത്തെ ഭയക്കുന്നു. സാധാരണക്കാരൻ ഭരണകൂടത്തെ ഭയക്കുന്നു. ടെററിന് പകരം യുദ്ധമല്ല; യുദ്ധം താൽക്കാലികമായ ഭയപ്പെടുത്തൽ മാത്രമാണ് (deterrence). പ്രശ്നം പരിഹരിക്കപ്പെടണം. ഇന്ത്യയുടെയും പാക്കിസ്താന്റെയും നേതാക്കളും ഉദ്യോഗസ്ഥരും മാത്രം ചർച്ചചെയ്ത് തീരുമാനിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. കശ്മീരിലെ നിസ്സഹായരായ മനുഷ്യർ; അവർക്ക് കൂടി പങ്കാളിത്തം ഉള്ളതാകണം ചർച്ച. കശ്മീരികളെ ഒറ്റപ്പെടുത്തരുത്, തിരസ്കരിക്കരുത്, അവർ പാകിസ്താൻ ചാരന്മാരല്ല. ഗാന്ധിയുടെ മേൽ വാചങ്ങൾ തുറന്നിടുന്ന സത്യം, ഭീലുക്കളും പിണ്ടാരികളും തഗ്ഗുകളും നമ്മുടെ നാട്ടുകാർ തന്നെയാണ്. നേതാക്കന്മാരുടെ ലക്ഷ്യം ഇന്ന് എവിടെയും കച്ചവടം മാത്രമാകുന്നു. ഷൈലോക്ക് ആവശ്യപ്പെടുന്ന പോലെ, ഭൂമിയുടെ ഹൃദയത്തിന്റെ തൊട്ടടുത്തുനിന്ന് ഒരു റാത്തൽ മാംസം, അതാണ് തഗ്ഗുകളും പിണ്ടാരികളും ഓരോ നിമിഷവും ചോദിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രത്തലവന്മാർ പകയുടെയും വിദ്വേഷത്തിന്റെയും പ്രകോപനങ്ങളുടെയും അട്ടഹാസങ്ങൾ മുഴക്കുമ്പോൾ സാധാരണക്കാരൻ ഉറക്കെ ഉറക്കെ പറയേണ്ടതുണ്ട് : “ശാന്തി ശാന്തി ശാന്തി ശാന്തി.”

ഈ ചെറു ലേഖനത്തിൽ ശാന്തി എന്ന അവസാനവാക്ക് എഴുതി കഴിഞ്ഞപ്പോഴാണ് 2025 മെയ് 17ലെ ഹിന്ദു പത്രം മറിച്ച് നോക്കുന്നത്. അതിലെ ‘ഗ്രൗണ്ട് സീറോ’യിലെ തകർന്ന കാറിന്റെയും രക്തമൊലിച്ച് കിടക്കുന്ന എരുമയുടെയും ദൈന്യതയോടെ കൂട്ടം ചേർന്നിരിക്കുന്ന സ്ത്രീകളുടെയും ചിത്രങ്ങൾ എന്നെ ഏറെ അസ്വസ്ഥനാക്കി, വേദനിപ്പിച്ചു. എരുമയുടെ ദയനീയമായ കണ്ണ് എന്നെത്തന്നെ നോക്കുന്നു, ഭൂമിയുടെ കണ്ണായി. ഇന്ത്യയുടെ അതിർത്തികൾ പങ്കിടുന്ന ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ ഗ്രാമങ്ങളിലെ മനുഷ്യർക്ക് നേരെ പാകിസ്താനൻ പട്ടാള ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയുടെ ജീവനുള്ള അടയാളങ്ങൾ.

മെയ് 13 ന് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഖൈ ഫെമേ കി ഗ്രാമത്തിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പൊള്ളലേറ്റ എരുമയുടെ ചിത്രം. .കടപ്പാട് :thehindu.com

ഫിറോസ് പുരിയിലെ ഭഗത് സിംഗ് കോളനിയിൽ ഹോട്ടൽ നടത്തുന്ന നിശാന്ത് സിങ്: “യുദ്ധം ആർക്കും നല്ലതല്ല. റഷ്യ – യുക്രൈൻ യുദ്ധം നോക്കൂ. അത് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. നമുക്ക് യുദ്ധത്തിന് വേണ്ടി പ്രാർത്ഥിക്കാനാകില്ല; ആർക്കറിയാം അത് അഞ്ചുകൊല്ലം കൊണ്ടോ അഞ്ചുദിവസം കൊണ്ടോ അവസാനിക്കുമെന്ന്.” അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് പാകിസ്താനിലെ പട്ടാള ഭരണകൂടം മിസൈലുകൾ അയക്കുന്നത്. അവരെ നിലയ്ക്ക് നിർത്താൻ ചർച്ചയും ശാന്തി മന്ത്രവും കൊണ്ട് സാധിക്കുമോ? ലേഖനത്തിന്റെ തലവാചകം ആയിട്ടുള്ള ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ദുഷ്ടനിൽ spirit (ജീവചൈതന്യം) നിഷ്ക്രിയമാണ്; അയാൾക്ക് ബലാബലത്തിന്റെ നിയമം മാത്രമേ അറിയൂ.” പാകിസ്താൻ പട്ടാള ഭരണകൂടത്തിലെ ദുഷ്ട ശക്തികൾക്ക് ‘ശാന്തി’ എന്ന വാക്കിന്റെ ഉള്ളറിയുമോ?

Also Read

7 minutes read May 27, 2025 10:09 am