യോഗിക്ക് വഴങ്ങാത്ത ഒരു പോരാളി

ലഖ്‌നൗ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ഫിലോസഫി ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായിരുന്നു പ്രൊഫ. രൂപ് രേഖ വർമ്മ. 1964 മുതൽ 2003 വരെ അവർ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റിയിലുള്ള കാലത്തും സാമൂഹ്യപ്രവർത്തനത്തിൽ സജീവം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർഗീയ കലാപങ്ങളും അതിജീവിച്ചവരുടെ നീതിക്കായി 79-ാം വയസിലും വിട്ടുവീഴ്ചയില്ലാതെ പോരാട്ടം തുടരുന്നു. ഇതിനായി ‘Saajhi Duniya’ എന്ന സംഘടനയ്ക്ക് രൂപം നൽകി. 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചവരിൽ ഒരാൾ കൂടിയാണ് പ്രൊഫ. രൂപ് രേഖ വർമ്മ. ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായ പ്രൊഫ. രൂപ് രേഖ വർമ്മയുടെ സന്നദ്ധത ദേശീയ വാർത്തയായി മാറിയിരുന്നു. ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെ നിരന്തരം പോരാടുന്ന അവർ മതമൗലികവാദത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരായ തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ കേസിൽ താങ്കൾ നടത്തിയ ഇടപെടലിൽ നിന്നും നമുക്ക് തുടങ്ങാം. കാപ്പന്റെ അഭിഭാഷകൻ പറഞ്ഞത് കോടതി ആവശ്യപ്പെട്ട പ്രകാരം ജാമ്യം നിൽക്കാൻ യു.പി സ്വദേശികളായ രണ്ട് പേരെ കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടുന്ന സമയത്താണ് താങ്കൾ സ്വയം സന്നദ്ധയായി മുന്നോട്ടുവന്നത് എന്നതാണ്. മറ്റൊരാൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ്. രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇത്തരം കേസുമായി ഇടപെടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. പ്രത്യേകിച്ച് യു.പിയിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ച്. സ്വന്തം സുരക്ഷയെപോലും വകവയ്ക്കാതെ ഇത്ര ധീരമായ ഒരു തീരുമാനം എടുക്കാൻ എന്തായിരുന്നു കാരണം?

ആദ്യമായി എനിക്ക് പറയാനുള്ളത്, ഞാൻ ചെയ്തത് വലിയ ഒരു സഹായമോ ധീരതയോ ആണെന്ന് ഞാൻ കരുതുന്നില്ല എന്നതാണ്. വളരെ സ്വാഭാവികമായി ഞാൻ എടുത്ത തീരുമാനം മാത്രമാണത്. ഞാൻ ജാമ്യം നിന്നതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ജാമ്യം കിട്ടിയാലും അദ്ദേഹത്തിന് നീതി കിട്ടാൻ ആ കേസുമായി ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അത് വളരെ ദുർഘടവുമാണ്. ഞാൻ ചെയ്ത ഒരു ചെറിയ പ്രവൃത്തിക്ക് ലഭിക്കുന്ന പിന്തുണ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. നമ്മൾ ജീവിക്കുന്ന ഈ മോശം കാലത്ത് ഒരാളുടെ ചെറിയ മാനുഷിക പ്രവൃത്തിപോലും വലിയ കാര്യമായി കണക്കാക്കപ്പെടുന്നതാവാം. ജനങ്ങളിൽ നിന്നും എനിക്ക് കിട്ടുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ അവരോട് നന്ദിയുള്ളവളാണ്.

എനിക്ക് സിദ്ദിഖ് കാപ്പനെ നേരിട്ട് അറിയില്ല. ഞാൻ അദ്ദേഹത്തെപ്പോലെ തടവറയിൽ കിടക്കുന്ന ഒട്ടനവധിപേരെക്കുറിച്ച് വായിക്കുകയും അവരുടെ യാഥാർഥ്യങ്ങൾ അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഹത്രാസിൽ നടന്ന കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനിടയിൽ കാപ്പൻ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്ന് കേട്ടപ്പോൾ അദ്ദേഹം തന്റെ മാധ്യമ ധർമ്മം നിർവ്വഹിക്കുകായിരുന്നു എന്നും ഒരു പൗരനെന്ന നിലയിൽ അദ്ദേഹത്തിനുള്ള അവകാശം ഉപയോഗിക്കുകയായിരുന്നു എന്നുമാണ് ഞാൻ മനസിലാക്കിയത്. ഈ അവസരത്തിലാണ് വളരെ ഗൗരവമുള്ള ആരോപണങ്ങൾ അദ്ദേഹത്തിന് നേരെ ഉന്നയിക്കപ്പെട്ടത്. ഞാൻ ആ ആരോപണങ്ങളെക്കുറിച്ച് അപ്പോൾ തന്നെ സംശയാലുവായിരുന്നു. വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവലാഖ തുടങ്ങിയവരുടെ അറസ്റ്റിനെയാണ് ഈ സംഭവം എന്നെ ഓർമ്മിപ്പിച്ചത്. സിദ്ദിഖ് കാപ്പനെതിരായ കേസിൽ നിരപരാധിയാണെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരിക്കുന്നു. ഇനി അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമ സംവിധാനങ്ങൾക്ക് അതുമായി മുന്നോട്ടുപോകാം.

പ്രൊഫ. രൂപ് രേഖ വർമ്മയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ കേൾക്കാം.

സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കുന്നു

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് ഒറ്റപ്പെട്ട സംഭവമല്ല. സമകാലിക ഇന്ത്യയിൽ വിയോജിപ്പുകളെ നിശബ്ദമാക്കുക എന്നത് ബോധപൂർവമായ ഭരണകൂട നടപടിയായി മാറിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവരെയും ജനാധിപത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെയും തുറുങ്കിലടയ്ക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കാണുന്നത് ആരൊക്കെയാണോ അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നത്, പൊതു ജനങ്ങളുടെ നീതിക്കുവേണ്ടി നിലകൊള്ളുന്നത്, പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദം ഉയർത്തുന്നത്, അവർക്കെതിരെ ഗുരുതരമായ നിയമലംഘനങ്ങൾ ആരോപിക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നതായാണ്. സമാധാനം എന്നത് ശബ്ദം ഉയർത്താതിരിക്കുന്നതും ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതും എല്ലാ അനീതികളോടും രാജിയാവുന്നതും ആണെകിൽ ആ സമാധാനം നമുക്ക് വേണ്ട എന്നാണ് ഞാൻ കരുതുന്നത്. ആരെങ്കിലും നീതിക്കു വേണ്ടിയും നമ്മുടെ രാഷ്ട്രത്തിന്റെ ബഹുസ്വരതയ്ക്കുവേണ്ടിയും ശബ്ദം ഉയർത്തുകയാണെങ്കിൽ അവരെ ഞാൻ തീർച്ചയായും പിന്തുണയ്ക്കും. അതുകൊണ്ടാണ് നാം കടന്നുപോകുന്ന ഈ ഇരുണ്ട കാലത്ത് കാപ്പന് ജാമ്യം നിൽക്കാൻ ഞാൻ തയ്യാറായത്. അത് ഞാൻ എന്ന വ്യക്തിയുടെ കൂടി നിലനിൽപ്പിന്റെ പ്രശ്നമാണ്. അങ്ങനെ മാത്രമേ എനിക്ക് എന്റെ ജീവിതത്തെ നീതീകരിക്കാനാവുകയുള്ളൂ. ഇപ്പോൾ ജയിലിലാക്കപ്പെട്ടവരൊന്നും പെട്ടെന്ന് സ്വതന്ത്രരായി പുറത്തേക്കു വരാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം. ആ യാഥാർത്ഥ്യത്തെ ഭയന്ന് പൊതുജനം നിശബ്ദത പാലിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

തെരുവിൽ ലഘുലേഖ വിതരണം ചെയ്യുന്ന രൂപ് രേഖ വർമ്മ

താങ്കൾ ലക്‌നൗ സർവകലാശാലയിൽ 1964 മുതൽ 2003 വരെ ഫിലോസഫി വിഭാഗം മേധാവിയായിരുന്നു. പിന്നീട് അതേ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറുമായി. എന്നാൽ താങ്കളുടെ ജീവിതം അക്കാദമിക രംഗത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായിരുന്നില്ല. ഈ അടുത്തകാലത്ത് താങ്കൾ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇന്ത്യയുടെ മത സൗഹാർദ്ദത്തെക്കുറിച്ചുമുള്ള ലഘുലേഖ ലക്‌നൗ തെരുവുകളിൽ വിതരണം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. എങ്ങനെയാണ് ഇത്തരത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നതരത്തിൽ താങ്കൾ രൂപപ്പെട്ടുവന്നത്?

തെരുവുകളിലും പാവപ്പെട്ട ജനങ്ങൾ ജീവിക്കുന്ന ഇടങ്ങളിലും പോയി മനുഷ്യരുമായി ഇടപഴകി പ്രവർത്തിക്കുന്നത് എനിക്ക് ഒരു പുതിയ കാര്യം ആയിരുന്നില്ല. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഞാൻ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടാറുണ്ടായിരുന്നു. എനിക്ക് ഇരുപതു വയസുള്ളപ്പോൾ മുതൽ തെരുവിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആ സമയത്ത് അതൊക്കെ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നില്ല എന്നു മാത്രം.

ഒരു യൂണിവേഴ്സിറ്റി അധ്യാപികയായ ഞാൻ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എനിക്ക് അറിവിനെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമല്ലാതെ, മാറ്റിനിർത്തി കാണാൻ കഴിയില്ലായിരുന്നു. അറിവ് സിദ്ധാന്തത്തിന്റെ തലത്തിൽ മാത്രം നിൽക്കുകയും മനുഷ്യന്റെ വിമോചനത്തിന് സഹായിക്കാതിരിക്കുകയും നിങ്ങൾക്ക് ജീവിതത്തെ മനസ്സിലാക്കാനും പുരോഗമനാത്മകമാക്കി മാറ്റാനും സഹായകരമാവുന്നില്ലെങ്കിൽ അറിവിന് വലിയ പ്രസക്തിയില്ല. അക്കാദമിക പ്രാധാന്യമുള്ള പുസ്തകങ്ങൾ പ്രസക്തമാവുമ്പോൾ തന്നെ, ആ അറിവ് സാമൂഹ്യ മാറ്റത്തിന് ഉപകരിക്കുമ്പോഴാണ് അത് കൂടുതൽ അർത്ഥവത്താവുന്നത് എന്നാണ് എന്റെ കാഴ്ചപ്പാട്. ചെറുപ്പം മുതൽ സാമൂഹ്യ പ്രവർത്തനത്തിൽ പങ്കാളിയായതുകൊണ്ട് എന്റെ അറിവും ബോധവും കൂടുതൽ ഉയർന്ന നിലയിലേക്ക് എത്തുകയാണ് ചെയ്തത്. പൊതുജനങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. അതാണ് എന്റെ ജീവിതത്തിന്റെ ഐഡന്റിറ്റി. അത് എനിക്ക് ഈ പ്രായത്തിലും ഉപേക്ഷിക്കാൻ കഴിയുന്നതല്ല.

ഇപ്പോൾ ഏതെങ്കിലും രംഗത്ത് ആശാവഹമായ പുരോഗതി ദൃശ്യമാകുന്ന ഒരു രാജ്യമല്ല ഇന്ത്യ. മനുഷ്യാവകാശം, തൊഴിൽ, സാമ്പത്തിക ക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യം കുത്തനെ തകർന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് മതപരമായ വിവേചനവും സ്ത്രീകൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയും മറുവശത്ത് ദാരിദ്ര്യത്തിന്റെ ഗ്രാഫ് ഉയരുകയും ചെയ്യുന്നു. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥക്ക് മുഖ്യ കാരണം തങ്ങളുടെ നയപരമായ വീഴ്ചയും പരാജയവുമാണെന്ന് സർക്കാർ അംഗീകരിക്കുന്നതേയില്ല. കോവിഡ് മഹാമാരിയാണ് ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചതെന്നാണ് സർക്കാരിന്റെ ന്യായം. ഇന്ത്യൻ ഗ്രാമങ്ങളിൽ സാധാരണ മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്ന താങ്കളുടെ അനുഭവം എന്താണ്?

കോവിഡ് ലോകം മുഴുവൻ മോശമായ രീതിയിൽ ബാധിച്ചു എന്നത് ശരിയാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളെ ഇത്രയും വഷളാക്കിയതിനുള്ള ഏക കാരണം അതുമാത്രമാണെന്നു ഞാൻ കരുതുന്നില്ല. കോവിഡിന് മുൻപ് തന്നെ രൂപയുടെ മൂല്യത്തിന് തുടർച്ചയായി ഇടിവ് വന്നതിനും, ദാരിദ്യം വർദ്ധിക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാവുന്നതിനും നാം സാക്ഷിയായതാണ്. അത് തുടരുകയാണുണ്ടായത്. കോവിഡ് സാമ്പത്തിക രംഗത്തെ ബാധിക്കാൻ ഒരു കാരണമായി എന്നത് അംഗീകരിക്കാം. എന്നാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും, സ്ത്രീകളുടെ നേർക്കുള്ള അക്രമങ്ങൾ കൂടിവരുന്നതും, ന്യൂനപക്ഷങ്ങൾക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നതും, പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ സി.ബി.ഐയും ഇ.ഡിയും എൻ.ഐ.എയും ടാർഗറ്റ് ചെയ്യുന്നതും കോവിഡ് കാരണമല്ലല്ലോ.

കോവിഡിന് രണ്ടു വർഷം മുന്നേ നടന്ന ഒരു ആഗോള സർവ്വെ ഇന്ത്യ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ ദേശം ആണെന്ന് രേഖപ്പെടുത്തിയിരുന്നു. അത് നമുക്ക് അഭിമാനിക്കാൻ വകതരുന്ന ഒന്നല്ല. സ്ത്രീകളിൽ തന്നെ ദലിത് സ്ത്രീകളായിരുന്നു കൂടുതൽ ദുരിതാവസ്ഥയിൽ ഉണ്ടായിരുന്നത്. കൂടാതെ ആഗോളതലത്തിൽ പട്ടിണിയെ നേരിടുന്നതിൽ പരാജയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ടായിരുന്നു. പട്ടിണി മാത്രമല്ല, തൊഴിലില്ലായ്മയും കോവിഡിന് മുമ്പ് തന്നെ വർദ്ധിച്ചിരുന്നു. കോവിഡ് ഈ സാഹചര്യങ്ങളെ രൂക്ഷമാക്കി എന്ന് പറഞ്ഞാൽ അംഗീകരിക്കാം. ജാതി വിവേചനം, ലിംഗ വിവേചനം, മതപരമായ വിദ്വേഷം എന്നിവ ഇന്ത്യയിൽ വല്ലാതെ വർദ്ധിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിൽ പുറത്തുവന്ന, സർക്കാരിന്റെ തന്നെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട ഡാറ്റ തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും വിമർശകർ പറയുന്നതല്ല. തൊഴിലില്ലാത്ത ആളുകളുടെ ആത്മഹത്യാ നിരക്ക് വർദ്ധിച്ചതായും ഈ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. ജയിലിൽ അടക്കപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ നമുക്കെല്ലാവർക്കും അവകാശമുണ്ട്.

ലഖ്‌നൗവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കുചേരുന്ന പ്രൊഫ. രൂപ് രേഖ വർമ്മ

2020 സെപ്തംബറിൽ ഒരു ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി, യു.പിയിലെ ഹത്രാസിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു സിദ്ദിഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഹത്രാസും ഒരു ഒറ്റപ്പെട്ട സംഭവമല്ലല്ലോ. ഉത്തർപ്രദേശിലെ സ്ത്രീകളുടെയും ദലിതരുടെയും ഇന്നത്തെ ജീവിതാവസ്ഥയെക്കുറിച്ച് പറയാമോ?

എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾ അവകാശ ലംഘനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരകളാകുന്നുണ്ട്. എന്നാൽ കൂടുതൽ വിശകലനം ചെയ്യുമ്പോൾ ദലിത് വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ് ഏറെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് എന്ന് കാണാം. റേപ്പ് ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന ദലിത് സ്ത്രീകളുടെ നിരക്ക് വളരെ ഉയർന്നിട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രീണനവും മുസ്ലീം വിഭാഗങ്ങളോടുള്ള വെറുപ്പും വ്യാപിപ്പിക്കുന്നത് ഇത്തരം ക്രൂരതകളെ മറച്ചുവയ്ക്കാൻ വേണ്ടിയാണ്. അങ്ങനെ ജനങ്ങളുടെ മനസ്സിൽ ഹിന്ദു-മുസ്ലീം സംഘർഷമാണ് പ്രധാനമെന്ന് വന്നിരിക്കുന്നു. ആദ്യം മുസ്ലീങ്ങൾ ടാർഗറ്റ് ചെയ്യപ്പെടുന്നു, പിന്നീട് ദലിതുകളും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും വിദ്വേഷ പ്രചാരണവും ജനങ്ങൾ തിരിച്ചറിയുകയും ഇന്ത്യയിലെ ഓരോ പൗരനെയും ഇത് ബാധിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. അല്ലാതെ ഇത് മുസ്ലീം വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. അധികാരം നിലനിർത്താൻ അവർ സംഘർഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമെന്നും നമ്മൾ ആരും തന്നെ സുരക്ഷിതരല്ലെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർഗീയ സംഘർഷങ്ങളും അതിജീവിച്ചവരുടെ നീതിക്കായി നിരന്തരം പ്രവർത്തിക്കുന്ന ‘Saajhi Duniya’ എന്ന സംഘടനയുടെ പ്രതിനിധി കൂടിയാണ് താങ്കൾ. ഇത്തരം അക്രമങ്ങളെ അതിജീവിച്ചറുടെ ജീവിതാവസ്ഥ എന്താണ് ?

യാഥാസ്ഥിതികരും വിദ്വേഷം പ്രചരിപ്പിക്കുന്നവരും എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്. എന്നാൽ ഇന്നത് കൂടുതൽ ഭൂരിപക്ഷമായ ഹിന്ദുത്വ ശക്തികളാണ് വൻതോതിൽ നടത്തുന്നത്. ഏതു മത സംഘർഷങ്ങളിലും ആദ്യം ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. ഇതര മതവിഭാഗത്തിലെ സ്ത്രീകളെ ആക്രമിക്കുകയും റേപ്പ് ചെയ്യുകയുമാണ് സംഘർഷങ്ങളുടെ ഭാ​ഗമായി ആദ്യം നടക്കുന്ന കാര്യം. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതര മതവിഭാഗത്തിലെ സ്ത്രീകളെ റേപ്പ് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത് പതിവാണ്. ഹിന്ദു മതഭ്രാന്തന്മാരായ ചില സന്ന്യാസികളും ബാബമാരും ഹിന്ദു സ്ത്രീകളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും മുസ്ലീം സ്ത്രീകളെ റേപ്പ് ചെയ്യാനും ആഹ്വാനം നൽകാറുണ്ട്. സ്ത്രീകൾ കുട്ടികളെ ഉൽപ്പാദിപ്പിക്കാനുള്ള യന്ത്രങ്ങളാണെന്നാണ് ഇത്തരക്കാർ കരുതുന്നത്. അവർ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. പുരുഷനെ പോലെത്തന്നെ അഭിമാനത്തോടെ ജീവിക്കാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് അവർ കരുതുന്നില്ല. ഇത്തരം ആഹ്വാനങ്ങൾ ലജ്ജാകരമാണ്. എന്നാൽ ഇത്തരം ആളുകൾക്കെതിരെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് ? അതുപോലെ ഉന്നത പദവിയിലിരിക്കുന്നവരുടെ മൗനം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. സുപ്രീം കോടതിയും ഹൈക്കോടതിയും അടക്കമുള്ള നിയമ സംവിധാങ്ങൾ നോക്കുകുത്തിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാഷ്ട്രപതിയും മറ്റു മന്ത്രിമാരും ഇത്തരം സംഭവങ്ങളെ അപലപിക്കുന്നില്ല എന്നത് ഏറെ പ്രതിഷേധാർഹമാണ്.

ബിൽക്കിസ് ബാനു

2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷാകാലാവധി കഴിയുന്നതിന് മുന്നേ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവരിൽ ഒരാളാണ് താങ്കൾ. 11 പ്രതികൾക്കും ശിക്ഷാ ഇളവ് നൽകിയ ബി.ജെ.പി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ താങ്കൾ എങ്ങനെ കാണുന്നു?

അത് തീർത്തും നിയമവിരുദ്ധവും അധാർമ്മികവുമായ നടപടിയാണ്. അത് കുറ്റകൃത്യങ്ങൾ ഇനിയും വർധിക്കാൻ കാരണമാകുന്ന ലജ്ജാകരമായ സർക്കാർ തീരുമാനമാണ്. മുറിവിൽ ഉപ്പു തേയ്ക്കുന്നപോലുള്ള ഒരു സംഭവമാണിത്. ഇനി നടക്കാൻ പോകുന്നത് കുറ്റവാളികൾക്ക് ദേശീയ അവാർഡ് നൽകുന്നതായിരിക്കും. അത് നടക്കുന്നത് സങ്കൽപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല. വിട്ടയക്കപ്പെടുക മാത്രമല്ല, പൂമാലയിട്ടും മധുരം വിതരണം ചെയ്തും അതിനെ ആഘോഷമാക്കുക കൂടിയാണ് അവർ ചെയ്‍തത്. അവരുടെ കാലുതൊട്ട് വന്ദിക്കുകയും അവർ ആദരിക്കപ്പെടുകയുമാണുണ്ടായത്. ഗോദ്രയിലെ ബി.ജെ.പിയുടെ എം.എൽ.എ പറഞ്ഞത് അവർ നല്ല സംസ്‌കാരമുള്ള ബ്രാഹ്മണന്മാരാണെന്നാണ്. ഇതിനെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, രാഷ്ട്രപതി തുടങ്ങി എല്ലാവരും മൗനം തുടരുകയാണ്. നിയമ സംവിധാനങ്ങളും അങ്ങനെ തന്നെ. ഞങ്ങൾ കോടതിയെ സമീപിച്ചതിന് കാരണം അതാണ്. പക്ഷെ അത് പരമാവധി വൈകിപ്പിക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്.

മുഖ്യധാരാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ നിശബ്ദരായിരുന്നല്ലോ ?

രാഹുൽ ഗാന്ധി ഇതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ രൂക്ഷമായ പ്രതികരണങ്ങൾ എവിടെ നിന്നും ഉണ്ടായില്ല എന്നത് വളരെ ഖേദകരമാണ്. ഭരണപക്ഷം ഭൂരിപക്ഷ വോട്ടുബാങ്ക്‌ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നത് പോലെ പ്രതിപക്ഷവും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾ എതിർത്താൽ തങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷത്തിന്റെ ഭയം. ജനാധിപത്യ സംവിധാനത്തിൽ ഒരാൾക്ക് ഊഹിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ഏകാധിപത്യത്തെയാണ് ഒരു വലിയ വിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്നത് എന്ന് വന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ തുറസുകളെ അത് ഇല്ലാതാക്കിയിരിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒരുപാട് ജീവനുകൾ നമുക്ക് നഷ്ടമായിരുന്നു. കൊലമരത്തിലേക്ക് നടന്നു നീങ്ങുമ്പോൾ ഭഗത്സിം​ഗിന് വെറും ഇരുപത്തിമൂന്ന് വയസായിരുന്നു പ്രായം. വ്യത്യസ്ത ജാതി മത വിഭാഗങ്ങളിലെ മനുഷ്യർ ഒരുമിച്ചാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എന്നത് നമ്മൾ മറക്കരുത്. നമ്മൾ ജനാധിപത്യ രാജ്യമായത് ദലിതരും മുസ്ലീങ്ങളും ഉയർന്ന ജാതിക്കാരും എല്ലാം ഒന്നിച്ചു പോരാടിയതിന്റെ ഫലമായാണ്. ഈ പാരമ്പര്യമാണ് ഇന്ന് നമുക്ക് നഷ്ടമായത്.

അടുത്തിടെ രേവതി ലോളുമായിമായി നടത്തിയ അഭിമുഖത്തിൽ അവർ 2002 ലെ ഗുജറാത്ത് കലാപത്തെ ആധാരമാക്കി ‘Anatomy of Hate’ എന്ന പുസ്തകം എഴുതുമ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഗുജറാത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒട്ടനവധി മനുഷ്യരെ ഹിന്ദുത്വ സംഘടനകൾ കലാപത്തിനും അക്രമങ്ങൾക്കും ഉപയോഗിക്കുകയായിരുന്നു. മുസ്ലീങ്ങളെ റേപ്പ് ചെയ്യുകയും ആക്രമിക്കുകയും ചെയ്ത പലരും അത് ചെയ്തത് മുസ്ലീങ്ങളോട് നേരത്തെ ഉണ്ടായിരുന്ന പകയുടെയും വിദ്വേഷത്തിന്റെയും ഫലമായിരുന്നില്ല എന്ന് രേവതി ലോൾ പറയുന്നു. എന്താണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്?

അത് വളരെ ശരിയാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രം അങ്ങനെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ജനാധിപത്യം മാത്രമല്ല അപകടത്തിലാവുന്നത്, മതം കൂടിയാണ്. മതം സത്യത്തിൽ മനുഷ്യന്റെ അഹം ബോധത്തെ ശുദ്ധീകരിക്കാനും അപരനെ മനസിലാക്കാനും ബന്ധം സ്ഥാപിക്കാനുമുള്ള ഒരു വഴി കൂടിയാണ്. എന്നാൽ ഇന്നത് നിങ്ങളുടെ ബോധമണ്ഡലത്തെ ഇടുങ്ങിയതും വിഷലിപ്തമാക്കാനും ഉപയോഗിക്കുകയാണ്. ഇത് ജനാധിപത്യത്തിനും മതത്തിനും അപമാനകരമാണ്. രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും വേണ്ടി പാവപ്പെട്ട ജനങ്ങളെ വശീകരിക്കുകയും അവർക്ക് വലിയ പ്രാധാന്യവും പദവിയും ലഭിക്കുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കുകയുമാണ് ഇത്തരം ശക്തികൾ ചെയ്യുന്നത്. പലപ്പോഴും സാധാരണ മനുഷ്യർ ഈ ചതി മനസ്സിലാക്കാതെ പോകുന്നു. സത്യത്തിൽ വിഭാ​ഗീയത സൃഷ്ടിക്കാൻ തങ്ങളെ പല സംഘടനകളും ഉപയോഗിക്കുകയാണെന്ന് അവർ തിരിച്ചറിയപ്പെടാതെ പോവുകയാണ്. ഗുജറാത്തിൽ ദലിതരും ആദിവാസി വിഭാഗങ്ങളും ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നത് വാസ്തവമാണ്. തങ്ങളെ രാഷ്ട്ര നിർമ്മാണത്തിൽ ഉയർന്ന ജാതിക്കാർ ഉപയോഗിക്കുകയാണെന്നാണ് അവർ കരുതുന്നത്. ചില വിഭാഗങ്ങൾ രാഷ്ട്ര താല്പര്യത്തിനെതിരായി പ്രവർത്തിക്കുന്നുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സംഘടനകൾ വിജയിക്കുന്നു.

അനീതിക്കെതിരെ ശബ്ദമുയർത്തുകയും വിയോജിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഏറെ ദുഷ്‌കരമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. മത സൗഹാർദ്ദത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് പറയാമോ? പ്രത്യേകിച്ചും ഉത്തർപ്രദേശിലെ സാഹചര്യത്തിൽ?

മുമ്പും സർക്കാരുകൾ അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നതിനെ എതിർത്തിട്ടുണ്ട്. ഒരു സർക്കാരും അത്ര സംശുദ്ധമൊന്നും ആയിരുന്നില്ല. എന്നാൽ അന്നൊന്നും പ്രതിഷേധിക്കുന്നവരെയും യാഥാർത്ഥ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെയും ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നില്ല. ഇരകൾക്കൊപ്പം നിൽക്കുന്നതിനും വിമർശങ്ങൾ ഉന്നയിക്കുന്നതിനും സംവിധാനത്തിനകത്ത് ഭേദഗതികൾ നിർദ്ദേശിക്കുന്നതിനും അന്നൊന്നും ഇത്രയും ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. ഉത്തർപ്രദേശിലെ മൗ (Mau) എന്ന സ്ഥലത്ത് വർഗീയ ലഹള നടന്നപ്പോൾ ഞങ്ങൾ അന്നത്തെ മുലായം സിംഗ് സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് നൽകിയിരുന്നു. അന്ന് അതിന്റെ പേരിൽ ഞങ്ങൾ ശിക്ഷിക്കപ്പെട്ടില്ല. അനുമതിയിലാതെ പോലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് ഞാൻ പലതവണ പൊലീസ് നടപടി നേരിടുകയും വീട്ടുതടങ്കലിൽ അടയ്ക്കപ്പെടുകയും ചെയ്യുകയുണ്ടായി. സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളുമായി സംവദിക്കാനുള്ള എല്ലാ അവസരങ്ങളും ഇല്ലാതാക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.

യോ​ഗി ആദിത്യനാഥ്

യോഗി ആദിത്യനാഥിന്റെ സർക്കാർ വരുന്നതിനു മുൻപ് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശ് ഭരിച്ചിരുന്നല്ലോ? അവരിൽ നിന്നും ബി.ജെ.പി ഭരണം എങ്ങനെയാണ് വ്യത്യസ്തമാവുന്നത് ?

പഴയ സർക്കാരുകളുടെ കാലത്ത് എല്ലാം നല്ല നിലയിലാണെന്ന്‌ പറയാൻ കഴിയില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. അപ്പോഴും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടായിരുന്നു, പല തെറ്റുകളും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ ജയിലിലടക്കപ്പെടുമെന്ന ഭയമില്ലാതെ നമുക്ക് പ്രതിഷേധിക്കാൻ കഴിയുമായിരുന്നു. സർക്കാരിനെ വിമർശിച്ച് കത്തുകൾ നൽകാൻ കഴിയുമായിരുന്നു. മന്ത്രിമാരോടുപോലും നേരിട്ട് തെറ്റുകൾ സധൈര്യം ചൂണ്ടിക്കാട്ടാൻ കഴിയുമായിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ ശിഷിക്കപ്പെടുമായിരുന്നില്ല. ഇപ്പോൾ അതൊക്കെ വളരെ അപകടം പിടിച്ച പണിയാണ്. യോഗി സർക്കാർ വരുന്നതിന് മുൻപ് ഇത്രയും ഭീകരമായിരുന്നില്ല സ്ഥിതി.

2024 ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പ് വരാൻ പോവുകയാണല്ലോ. ഏതെങ്കിലും തരത്തിൽ സംഘ്പരിവാറിതര സർക്കാർ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയുണ്ടോ?

പ്രതിപക്ഷ കക്ഷികൾ പരസ്പ്പരം ഭിന്നിച്ചുനിൽക്കുന്ന വർത്തമാന കാലത്ത്, ഫലപ്രദവും ശക്തവുമായ പ്രതിപക്ഷം നിലവിലില്ലാത്ത സാഹചര്യത്തിൽ എനിക്ക് പ്രതീക്ഷക്ക് വക നൽകുന്ന ഒന്നും കാണാൻ കഴിയുന്നില്ല. എന്നാൽ നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെ വേണം. ഇപ്പോഴത്തെ ആവശ്യം സാമൂഹ്യ പരിഷ്‌ക്കരണം അല്ല. ഒരു രാഷ്ട്രീയ മാറ്റമാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

സംഘപരിവാർ അധികാരത്തിൽ തുടരുകയാണെങ്കിൽ ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യം ഇല്ലാതാവുമെന്ന് താങ്കൾ ഭയപ്പെടുന്നുണ്ടോ?

അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ഭരണഘടനയും ജനാധിപത്യവും നോക്കുകുത്തികളായി ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു.
ഭൂരിപക്ഷ ദേശീയത എന്നത് സൈദ്ധാന്തികമെന്നതിനേക്കാൾ കൂടുതൽ യാഥാർഥ്യമാവും എന്ന് മാത്രം. ഭരണഘടന തന്നെ റദ്ദാക്കപ്പെട്ടേക്കാം. രാജ്യത്തിന്റെ പേര് തന്നെ വേറെ രീതിയിൽ ആയേക്കാം. സംഘപരിവാർ അധികാരത്തിൽ വീണ്ടും വരികയാണെങ്കിൽ രാജ്യത്തിന്റെ ഗതി വേറൊന്നായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

സോഷ്യൽ ഫിലോസഫി, ഫിലോസഫി ഓഫ് മൈൻഡ്, മെറ്റാഫിസിക്സ് തുടങ്ങിയവ താങ്കൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ആണല്ലോ. വിദ്വേഷം രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്ന ഈ കാലത്ത് ജീവിതത്തിന്റെ എല്ലാ വൈരുധ്യങ്ങളെയും സംയമനത്തോടെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകാൻ താങ്കളെ പ്രേരിപ്പിക്കുന്ന തത്വശാസ്ത്രം എന്താണ്?

ജീവിക്കുന്നു എന്നതിന് തുടർച്ചയായി തെളിവുകൾ ഉണ്ടായിരിക്കുക-ജീവിതം അതാണെനിക്ക്. ജീവിക്കുക എന്നത് വൈദ്യശാസ്‌ത്രപരമായി മാത്രം നടന്നാൽ പോരാ. ഹൃദയമിടിപ്പ് മാത്രം ഉണ്ടായാൽ പോരല്ലോ. അതിനോടൊപ്പം പുരോഗതിക്കുവേണ്ടി, സാമൂഹ്യമാറ്റങ്ങൾക്കു വേണ്ടി നിരന്തരം പരിശ്രമിക്കുകയും വേണം. നമ്മുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളാൻ കഴിയണം. നിശ്ശബ്ദതയെ ഭേദിക്കാനും ഭയത്തെ തോൽപ്പിക്കാനും കഴിയണം. എന്ത് വിലകൊടുക്കേണ്ടി വന്നാലും വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ജാതി-മത-ലിംഗ ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിൽക്കാൻ വേണ്ടി പ്രവർത്തിക്കാനും കഴിയണം. ഇതൊക്കെയാണ് എന്റെ ജീവിതത്തെ നയിക്കുന്ന വഴിവിളക്കുകൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read