കഭൂം: കാലാവസ്ഥാ മാറ്റം കലയിൽ ഇടപെടുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിൽ ജീവിക്കുന്നവർക്ക് കാലാവസ്ഥാ വ്യതിയാനം കാൽച്ചുവട്ടിലെത്തി നിൽക്കുന്ന ഒരു പരുക്കൻ യാഥാ‍ർത്ഥ്യമാണിന്ന്. ഒരു ചുവട് പോലും അതവ​ഗണിച്ച് മുന്നോട്ടുപോകാൻ കഴിയാത്തവിധം അപായ സൂചനകൾ കാലുകളെ വരിഞ്ഞ് മുറുക്കുന്നുണ്ട്. ചിലരുടെ നില അതിലും ആപൽക്കരമായ ആഴത്തിലാണ്. വേലിയേറ്റത്തിൽ മുങ്ങിയ വീടുകളിൽ, മുട്ടോളമെത്തിയ ഉപ്പുവെള്ളത്തിനൊപ്പം നടക്കേണ്ടി വരുന്ന മനുഷ്യരുടെ ഭൂപടം പേടിപ്പെടുത്തും വിധം വലുതാവുകയാണ്. ആഴിയും അഴിയും ഇഴചേ‍രുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരങ്ങൾ മിക്കതും ഓരുവെള്ള ഭീഷണിയുടെ ആ മാപ്പിലേക്ക് വരച്ചുചേർക്കപ്പെട്ടിരിക്കുന്നു.

ഉപ്പുവെള്ളത്താൽ അഴലുന്ന ഈ ജീവിതക്കാഴ്ചകളുടെ ദൃശ്യാവിഷ്കാരമാണ് ‘കഭൂം’. കൊച്ചിയിലെ കേരള മ്യൂസിയത്തിൽ അവതരിപ്പിക്കപ്പെട്ട കഭൂം എന്ന കലാപ്രദർശനം പെയിന്റിങ്ങുകളും ശിൽപങ്ങളും ദൃശ്യാവതരണങ്ങളും ശാസ്ത്രീയ നിഗമനങ്ങളും വഴി സംസാരിക്കുന്നത് ഓരേ കാര്യമാണ്, “സ്ഫോടനാത്മകമാണ് സാഹചര്യം”. കത്തുന്ന ഭൂമിമലയാളമാണ് ‘കഭൂം’ എന്ന വാക്ക്. പൊട്ടിത്തെറിയുടെ ‘ഭൂം’ ഭൂമിയോട്, കലയോട് ചേർത്തുവയ്ക്കപ്പെടുന്നു. സ്ഫോടനങ്ങളുടെ മേൽ ഘടിപ്പിച്ച സൈലൻസറുകളെ കല അടർത്തിമാറ്റുന്നു. ഭൂം എന്ന ആ ഒച്ചയുടെ ഭീതി എക്സിബിഷനിലെ എല്ലാ കാഴ്ചകളിലും പ്രകമ്പനം കൊള്ളുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കഠിനതകൾ കലയിലേക്ക് കടന്നുകയറുകയാണിവിടെ. കലയും ശാസ്ത്രവും സമൂഹവും കാലാവസ്ഥാ മാറ്റത്തെ നേരിടാൻ കൈകോർക്കുന്നു. കലയുടെയും ശാസ്ത്രത്തിന്റെയും പല മേഖലകളിൽ പ്രവർത്തിക്കുന്ന നാൽപ്പത് പേരുടെ ആവിഷ്കാരങ്ങളാണ് രാധാ ഗോമതി ക്യുറേറ്റ് ചെയ്ത ഈ പ്രദർശനത്തിൽ ഉൾച്ചേർക്കപ്പെട്ടത്.

കഭൂം ബ്രോഷർ

ആഗോളതാപനത്തിന്റെ ഫലമായി കടലിലുണ്ടാകുന്ന മാറ്റങ്ങളാണ് വേലിയേറ്റ വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകുന്നതിന്റെ കാരണം. പത്ത് വർഷത്തിലേറെയായി ഇരുപതിനായിരത്തിലധികം കുടുംബങ്ങളാണ് കൊച്ചിയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കം നേരിടുന്നത്. വടക്ക് പുത്തൻവേലിക്കര മുതൽ തെക്ക് കുമ്പളങ്ങി വരെയുള്ള വലിയ പ്രദേശങ്ങളെ ഈ ദുരന്തം സാരമായി ബാധിച്ചിട്ടുണ്ട്. പലവിധത്തിലും ഓരത്താക്കപ്പെട്ടവരാണ് ഓരുവെള്ളത്തിൽ ആയാസപ്പെടുന്നവരിലേറെയും. അതുകൊണ്ടുതന്നെ അവരുടെ ആകുലതകൾ കൊച്ചിയെക്കുറിച്ചുള്ള വാർത്തകളിലും വർത്തമാനങ്ങളിലും മാറ്റിനിർത്തപ്പെട്ടു. ഇവിടെ ഉറക്കമുണരുന്നവരുടെ കാലുകളെ കാത്തിരിക്കുന്നത് കട്ടിലിനെ വലയം ചെയ്ത് പരന്ന ഉപ്പുവെള്ളമാണ്. നനവ് തട്ടാതെ നടക്കാൻ കഴിയുന്ന വഴികൾ എവിടെയും അവശേഷിക്കുന്നില്ല. വികസനക്കുതിപ്പുകൾ കാണാതെ വച്ച ആ കിതപ്പുകളെയാണ് കഭൂം കണ്ടെടുക്കുന്നത്.

ഓരുവെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന ഒരു വീടിന്റെ ഇൻസ്റ്റലേഷനിലൂടെയാണ് കലാപ്രദർശനത്തിലേക്കുള്ള പ്രവേശനം. ഉപ്പ് ഉറഞ്ഞുകൂടി അടർന്ന് തുടങ്ങിയ ചുമരിൽ എഴുതിയിരിക്കുന്നു ഇൻസ്റ്റലേഷന്റെ പേര്, ‘കണ്ണാടി ആകുന്ന ജലം’. വെള്ളക്കെട്ടിൽ സമിന്റ്കട്ട നിരത്തിവച്ച പ്രവേശനവഴി മാത്രമല്ല ആ വാചകവും അകത്തെ കാഴ്ചകളെക്കുറിച്ചുള്ള ഒരു സൂചനയാണ്. എല്ലാ പ്രദർശനങ്ങളിലുമുണ്ട് ജലത്തിന്റെ പ്രതിഫലനം, നനവ് പടർന്ന് പൂതലിച്ച കാഴ്ചകൾ.

കണ്ണാടി ആകുന്ന ജലം, ഇൻസ്റ്റലേഷൻ

കേരളത്തിലെ 23 ഗ്രാമപഞ്ചായത്തുകളെ വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന കണക്ക് പുറത്തുകൊണ്ടുവരുന്നത് ഈ കലാപ്രദർശനത്തിൽ പങ്കാളിയായ ഇക്വിനോക്ട് എന്ന ടെക് സ്റ്റാർട്ടപ്പിന്റെ പഠനങ്ങളാണ്. സർക്കാരിന്റെ പക്കൽ ഈ ദുരന്തത്തെക്കുറിച്ച് കണക്കുകളൊന്നുമേയില്ല. വേലിയേറ്റ വെള്ളപ്പൊക്കം ഒരു ഡിസാസ്റ്ററായി സ്റ്റേറ്റ് അംഗീകരിച്ചിട്ടുമില്ല. സമ്പന്ന കൊച്ചിയുടെ ഭാഗമായ പനമ്പിള്ളി നഗറിലേക്കും കടവന്ത്രയിലേക്കും വേലിയേറ്റ വെള്ളമെത്തിത്തുടങ്ങിയെന്ന് ഇക്വിനോക്ട് പറയുന്നുണ്ട്. സർക്കാരിന് ഉണരാൻ അതൊരു കാരണായിത്തീർന്നേക്കാം.

കമ്മ്യൂണിറ്റി മാപ്പിംഗിലൂടെ ഇക്വിനോക്ട് തയ്യാറാക്കിയ ശാസ്ത്രീയ നിഗമനങ്ങളാണ് അകത്തെ ആദ്യ പ്രദർശന ഹാളിൽ. ഒരു മാസം എത്ര ദിവസം വെള്ളം കയറിയെന്ന് അനുഭവബാധിതർ അടയാളപ്പെടുത്തിയ കലണ്ടർ ഭിത്തിയിലുണ്ട്. 2023 ജനുവരിയിൽ, ഞെട്ടലോടെ കാണാം ആരോ വെള്ളത്തിൽ നിന്നുകൊണ്ട് അടയാളമിട്ട 20 ദിവസങ്ങൾ. (ദിവസങ്ങളുടെ ഈ കണക്കും വെള്ളത്തിന്റെ ഉയരവും പിന്നെയും കൂടിയതായാണ് ഇക്വിനോക്ടിന്റെ തന്നെ രേഖ പറയുന്നത്. 2024ൽ 10 ദിവസമാണ് ഒന്നര മീറ്ററിന് മുകളിൽ വേലിയേറ്റം ഉണ്ടായതെങ്കിൽ 2025 പകുതിയായപ്പോഴേക്കും അത് 15 ദിവസമായി ഉയർന്നു). 2025 ജനുവരി 5ന് വേലിയേറ്റ വെള്ളപ്പൊക്കം അനുഭവപ്പെട്ട കൊച്ചിയുടെ ഒരു മാപ്പ് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ ഇടങ്ങൾ ചുവപ്പിലാണ്. പിടിവിട്ട് പടരുകയാണ് ചുവപ്പെന്ന് ഇമേജിൽ വ്യക്തം, പുഴയൊഴുകും വഴിയല്ല പ്രളയപഥം എന്നും. ഇക്വിനോക്ട് പ്രതിനിധി സി ജയരാമൻ മാപ്പുകൾ കാണികൾക്കായി വിശദീകരിച്ചു.

വേലിയേറ്റ ദിനങ്ങൾ അടയാളപ്പെടുത്തിയ കലണ്ടർ

ഓരുവെള്ളത്തിന്റെ വരവോടെ നഷ്ടമായിപ്പോകുന്ന നിധിയാണ് കുടിവെള്ളം. ഉപ്പും മാലിന്യവും പടരുന്നതോടെ ശുദ്ധജലം നാടിന്റെ ഓർമ്മകളിൽ നിന്ന് പോലും വരണ്ടുപോകുന്നു. എങ്ങനെയാണ് ഇത്തരം പ്രദേശങ്ങളിൽ ജലം സംരക്ഷിക്കാൻ കഴിയുന്നത്? വീടുകളടക്കമുള്ള നിർമ്മിതികളെ എങ്ങനെ പരിപാലിക്കാം? പ്രദർശനത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നത് ആർക്കിടെക്റ്റുമാരാണ്. തീരദേശങ്ങളെ കാലാവസ്ഥാ വ്യതിയാന ഭീഷണികളിൽ നിന്നും രക്ഷപ്പെടുത്താനുള്ള വഴികൾ അവർ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾ തന്നെ, അടിത്തറയ്ക്ക് കേടുവരുത്താതെ തറനിരപ്പിൽ നിന്നും ഉയർത്താൻ കഴിയുന്ന ടെക്നോളജിയെ പരിചയപ്പെട്ടപ്പോൾ അൽപ്പം പ്രതീക്ഷ തോന്നി. ലവണാംശത്തിന്റെ കടന്നുകയറ്റിൽ നിന്നും മണ്ണിനെയും വെള്ളത്തെയും രക്ഷിക്കാനുമുണ്ട് വഴികളെന്ന് പ്രദർശനം വിശദമാക്കുന്നു. ഒപ്പം, ഓരുവെള്ളം കയറി ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ അവശിഷ്ടങ്ങൾ ചേ‍ർത്തുവച്ച ദൃശ്യാവതരണവും ഒരുക്കിയിട്ടുണ്ട് വാസ്തുവിദഗ്ധരായ ഹന്ന പത്രോസ്, സൗമിനി രാജ, എസ്.എസ്. ലബീബ് ജാൻ എന്നിവർ.

ഓരുവെള്ളം കയറി ഉപേക്ഷിക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾ ചേ‍ർത്തുവച്ച ദൃശ്യാവതരണം

കൊച്ചിയിലെ ചേന്നൂർ എന്ന ഐലന്റിലെ ബാല്യകാല ഓർമ്മകളിൽ ഓരുവെള്ള കയറ്റമുണ്ടായിരുന്നെങ്കിലും അതിത്രത്തോളം പേടിപ്പെടുത്തുന്നതായിരുന്നില്ല എന്ന കുറിപ്പുമായാണ് ആർടിസ്റ്റ് എ.പി സുനിൽ തന്റെ കലാസൃഷ്ടി അവതരിപ്പിക്കുന്നത്. ടെറാക്കോട്ടയിലും മരത്തിലും രൂപകൽപന ചെയ്ത ശില്പങ്ങൾ വീടിനെയും വെള്ളത്തെയും കുറിച്ചുള്ള പലതരം ആഖ്യാനങ്ങളാണ്. ദ്രവിപ്പിക്കുന്ന ഉപ്പ് നനവിൽ നിന്നും വിടുതൽ നേടാനുള്ള വീടുകളുടെ പലതരം ശ്രമങ്ങളെ ആ ശില്പങ്ങളിൽ കാണാം. ചിറക് മുളച്ച് പറന്ന് പോകാൻ പോലും ശ്രമിക്കുന്നുണ്ട് ഒരു വീട്. ജയശ്രീ പി.ജിയുടെ ചിത്രങ്ങളിലും ഉപ്പിൽ അടർന്നിളകി ആരുമില്ലാതെയായ വീടുകൾ കടന്നുവരുന്നു.

എ.പി സുനിലിന്റെ വർക്ക്
ജയശ്രീ പി.ജിയുടെ ചിത്രങ്ങൾ

എസ് ഹരിഹരന്റെ പ്രതിഷ്ഠാപനത്തിൽ ഉപ്പുവെള്ളം നേരിട്ട് തന്നെ കടന്നുവരുന്നുണ്ട്. വേലിയേറ്റത്തിന്റെ പലവിധ ഫോട്ടോകൾ വ്യത്യസ്ത അളവിലുള്ള ഉപ്പുവെള്ളത്തിൽ മുക്കിയ നിലയിൽ അതിൽ കാണാം. ദിവസങ്ങൾ കടന്നുപോകുന്നതിനൊപ്പം ഫോട്ടോ​ഗ്രാഫുകളിലെ മഷി ഉപ്പിൽ അലിഞ്ഞുചേരുന്നു, ഫോട്ടോകളിൽ കാണുന്ന ആ ദേശവും മനുഷ്യരും ഭൂമിയിൽ നിന്നും അദൃശ്യമായി പോകുന്നപോലെ. അതിജീവനത്തിന്റെ പുതുനാമ്പുകൾ അപ്പോഴും അടിത്തട്ടിൽ നിന്നും ഉയർന്നുപൊന്തുന്നുണ്ട്.

എസ് ഹരിഹരന്റെ പ്രതിഷ്ഠാപനം

സലിൽ മോഹൻദാസിന്റെ ശില്പങ്ങളിൽ നിറയുന്നതും വെള്ളം കയറിയിറങ്ങിയ വീടുകളുടെ ജീർണ്ണാവശിഷ്ടങ്ങളും കാലങ്ങളോളം അതിനെ ചുമന്ന മനുഷ്യരുടെ മരവിച്ച മുഖങ്ങളും വിണ്ടുപോയ കാലുകളുമാണ്. ജലത്തിന്റെ സൂചന മീനിന്റെ രൂപത്തിൽ കാലിൽ കൊത്തുമ്പോൾ ആ ശില്പങ്ങളെല്ലാം വെള്ളത്തിലാണെന്നപോലെ തോന്നിപ്പോകും. പ്രദർശന ഹാളിലേക്ക് നനവ് പടരുന്ന പോലെ ഒരനുഭവം. അസാന്നിധ്യത്തിലും ജലം എന്ന പ്രമേയത്തിന്റെ ശക്തവും സാങ്കേതിക തികവാർന്നതുമായ ദൃശ്യാനുഭവമായി സലിൽ മോഹൻദാസിന്റെ ശില്പ പ്രദർശനം മാറുന്നു.

സലിൽ മോഹൻദാസിന്റെ ശില്പങ്ങൾ

തറനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുന്ന സുനിൽ വല്ലാർപ്പാടത്തിന്റെ സൈക്കിൾ പ്രതിഷ്ഠാപനം ഓർമ്മിപ്പിച്ചത് പടിഞ്ഞാറൻ കൊച്ചിയിലെ മനുഷ്യരുടെ അതിജീവന ശ്രമത്തെയാണ്. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ചെരുപ്പ് നിലത്തഴിച്ചുവയ്ക്കാൻ കഴിയാതെ കെട്ടിത്തൂക്കുന്നവർ, ചുമരാണിയിൽ കൊളുത്തിയ ഭാണ്ഡക്കെട്ടിലെടുത്തവച്ച പാത്രങ്ങൾ പുറത്തെടുത്ത് വെള്ളത്തിൽ ചവിട്ടി പാചകപ്പണി ചെയ്യുന്നവ‍ർ… അങ്ങനെ ഉപ്പുനീരിൽ നിന്നും രക്ഷതേടി തറനിരപ്പിൽ നിന്നും മുകളിലേക്ക് പുറപ്പെട്ടുപോയതൊക്കെയും സുനിൽ വല്ലാർപ്പാടത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഉൾച്ചേ‍ർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പെയ്ന്റിംഗിലുമുണ്ട് പൂർണ്ണതകളെ തുടച്ചുനീക്കുന്ന വെള്ളത്തിന്റെ പടരൽ. സബിത കടന്നപ്പള്ളിയുടെ ആവിഷ്കാരത്തിലും നിറഞ്ഞു നിൽക്കുന്നത് വേലിയേറ്റ പ്രദേശങ്ങളിലെ വീടുകളിൽ കാണുന്ന പാത്രങ്ങളുടെ വെള്ളത്തിലാണ്ട പല രൂപങ്ങളാണ്.

സുനിൽ വല്ലാർപ്പാടത്തിന്റെ പ്രതിഷ്ഠാപനം
സബിത കടന്നപ്പള്ളിയുടെ വർക്ക്

പ്രകാശൻ കെ.എസിന്റെ പ്രതിഷ്ഠാപനം ഇതെല്ലാം ഒരുകാലത്ത് ഇങ്ങനെയായിരുന്നില്ല എന്നതിന്റെ ദൃശ്യ സൂചനയായി മാറുന്നു. വെള്ളത്തിനൊപ്പം വിത്തെറിഞ്ഞും വിളവെടുത്തും മീൻ പിടിച്ചും കഴിഞ്ഞിരുന്ന ഒരു ജൈവവൈവിധ്യ ശൃംഖല പ്രകാശന്റെ വരകളിൽ കാണാം. മണ്ണും മനുഷ്യനും ജലജീവികളും പങ്കുവച്ച പരസ്പര ധാരണകളുടെ ഇടങ്ങൾ. പ്രകൃതിയുടെ താളക്രമത്തിനൊപ്പം മനുഷ്യർ ജീവിച്ചിരുന്ന ആ പൊതുവിടങ്ങൾ വളരെ മുന്നേ മുങ്ങിപ്പോയിരിക്കുന്നുവെന്ന് പ്രകാശന്റെ വരകൾ ഓ‍ർമ്മപ്പെടുത്തുന്നു.

പ്രകാശൻ കെ.എസിന്റെ ചിത്രങ്ങൾ.
പ്രകാശൻ കെ.എസിന്റെ ചിത്രങ്ങൾ.

ഗവേഷകയും എഴുത്തുകാരിയുമായ ജെ ദേവികയുടെ ‘കടൽക്കുട്ടി’ എന്ന നോവൽ, ചിത്രകാരിയായ ബബിത രാജീവ് വരച്ച ചിത്രങ്ങളിലൂടെ കുട്ടികൾക്കും ആസ്വദിക്കാനാകും വിധം ഒരു അക്കോഡിയന്റെ രൂപത്തിൽ നീണ്ട് നിരന്ന് നിൽക്കുന്നുണ്ട്. കടൽജീവികളും അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകളും കാലാവസ്ഥാ വ്യതിയാനവുമാണ് ‘കടൽക്കുട്ടി’യുടെ പശ്ചാത്തലം.

കടൽക്കുട്ടി, പെയ്ന്റിംഗ്

ബ്ലെയ്സ് ജോസഫിന്റെ ചിത്രങ്ങളാവിഷ്കരിച്ചത് ഓരുവെള്ളത്തുരുത്തുകൾക്ക് മറക്കാൻ കഴിയാത്ത മൂന്ന് മനുഷ്യരെയാണ്. പ്രതിരോധത്തിന്റെ മൂന്ന് പ്രതീകങ്ങൾ, മനോജ് എടവനക്കാട്, മുരുകേശൻ ടി.പി, പി.പി രാജൻ. കണ്ടൽ വേലികളാണ് വേലിയേറ്റത്തെ തടയാനുള്ള ജൈവവഴിയെന്ന് ജീവിതത്തിലൂടെ കാണിച്ച് തരുന്ന മനുഷ്യർ. മനോജും മുരുകേശനും പടിഞ്ഞാറൻ കൊച്ചിയിൽ കണ്ടൽ നടുമ്പോൾ പി.പി രാജൻ കണ്ടൽ ചെടികൾ നട്ട് സംരക്ഷിക്കുന്നത് കണ്ണൂരിലെ കുഞ്ഞിമംഗലത്ത് പെരുമ്പപ്പുഴയുടെ തീരങ്ങളാണ്. കണ്ടൽ വള്ളികളിൽ കോർത്തെടുത്ത ഒരു മനുഷ്യരൂപവും ഈ ചിത്രങ്ങൾക്കടുത്തായി സഹനങ്ങളുടെ ഓർമ്മപോലെ എഴുന്നുനിൽക്കുന്നുണ്ട്.

ബ്ലെയ്സ് ജോസഫിന്റെ ചിത്രങ്ങളും ശില്പവും

നാരായണ ഗുരുവിന്റെ ‘അർത്ഥനാരീശ്വരസ്തവം’ എന്ന കവിതയുടെ സാന്നിധ്യം കഭൂമിലെ കലാവിഷ്കാരങ്ങളെയെല്ലാം ദാർശിനകമായ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു. ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം അവതരിപ്പിച്ച വീഡിയോ ഇൻസ്റ്റലേഷനിലെ ചിത്രങ്ങൾ ഗുരുവിന്റെ വരികളുടെ ആഴങ്ങൾക്ക് ഏറെ അർത്ഥവ്യാപ്തിയുള്ള രൂപങ്ങൾ പകർന്നു. കലാമണ്ഡലം സുധീഷിന്റെ ശബ്ദത്തിലാണ് ഗുരുവിന്റെ ശ്ലോകങ്ങൾ വീഡിയോയ്ക്ക് പിന്നിൽ ആലപിക്കപ്പെട്ടത്. 1894ൽ മഴയില്ലാതെ വിഷമിച്ച ജനതയുടെ ആവലാതി കേട്ട് ഗുരു എഴുതിയ ശ്ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് കേൾക്കുമ്പോൾ പൊരുളേറുകയാണ്.

നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ?

കാലാവസ്ഥാ പ്രതിസന്ധിയേക്കുറിച്ചുള്ള പ്രവചനം പോലെ ഗുരു കുറിച്ചു. അർധനാരീശ്വരസ്തവത്തിന്റെ മറ്റൊരു അവതരണവും അതിനടുത്തായി ഉണ്ടായിരുന്നു. ദീപാ പലനാടിന്റെ മധുരഭരിതമായ ശബ്ദത്തിൽ ആർച്ച ഗൗരി അവതരിപ്പിച്ച നൃത്തം.

ബിജു ഇബ്രാഹിം അവതരിപ്പിച്ച വീഡിയോ ഇൻസ്റ്റലേഷനിൽ നിന്നും

പെ‍ർഫോമിൻസിനെ കൂട്ടുപിടിച്ച മറ്റൊരു അവതരണമാണ് കവിയും നോവലിസ്റ്റും ആ‍‍ർടിസ്റ്റുമായ എം.ആ‍ർ വിഷ്ണുപ്രസാദിന്റെ ‘എവിക്ഷൻ ക്യാമ്പ്’. പ്രദ‍ർശനം കാണാൻ വരുന്നവരും വൈകാതെ കാലാവസ്ഥാ അഭയാർത്ഥികളായി മാറുമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് എം.ആ‍ർ വിഷ്ണുപ്രസാദ് ഒരു ‘എവിക്ഷൻ നോട്ടീസ്’ നൽകുന്നുണ്ട്, ചേറിൽ മുക്കിയ സീൽ പതിപ്പിച്ചുകൊണ്ട്. ഏറെ വൈകാതെ ഇതുപോലെയൊരു നോട്ടീസ് ആരെയും തേടിയെത്താക്കാമെന്ന് കല കണിശമായി പറയുന്നു.

‘എവിക്ഷൻ നോട്ടീസ്’

അകത്ത് ഒരു ഭിത്തിയിൽ ഉപ്പുവെള്ളത്തിലേക്ക് എടുത്തുവച്ച കാലുകളുടെ ഒരു ഫോട്ടോ വലിയ ക്യാൻവാസിൽ കാണാം. ഒരുപാട് കാലം ഉപ്പുനീരിനൊപ്പം നടന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയ, നനവുവറ്റാത്ത ആ കാൽ ആരതി എം.ആ‍ർ സംവിധാനം ചെയ്ത ‘ഉപ്പുവീടുകൾ’ എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ഒരു ദൃശ്യശകലമാണ്. ഉപ്പുവെള്ളത്തിലേക്കാണ് പതിവുപോലെ ചവിട്ടാൻ പോകുന്നതെന്ന് അറിഞ്ഞിട്ടും നഖങ്ങളിൽ നെയ്ൽപോളിഷ് പുരട്ടി ഭംഗിയായി സൂക്ഷിച്ച ആ സ്ത്രീ climate resilience-ന്റെ ശക്തമായ പ്രതീകമാണെന്ന് ആരതിയുടെ ഡോക്യുമെന്ററി പ്രദർശനത്തിനോട് അനുബന്ധിച്ച് ക്യുറേറ്റർ രാധാ ഗോമതി പറയുകയുണ്ടായി.

ആരതി എം.ആർ സംവിധാനം ചെയ്ത, ‘ഉപ്പുവീടുകൾ’ എന്ന ഡോക്യുമെന്ററിയിൽ നിന്നും

കലാപ്രദർശനങ്ങളിൽ നിറഞ്ഞ പ്രതീകങ്ങളിൽ നിന്നും അനുഭവങ്ങളുടെ പച്ച പരമാർത്ഥങ്ങളിലേക്ക് കാണികളെ എത്തിക്കുന്നത് ‘ഉപ്പുവീടുകൾ’ എന്ന ഡോക്യുമെന്ററിയാണ്. പലവിവരണങ്ങളിലൂടെ അറിഞ്ഞിതിലും എത്രയോ കടുപ്പമാണ് വേലിയേറ്റ വെള്ളപ്പൊക്കമെന്ന് ദൃശ്യങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ‘ഉപ്പുവീടുകൾ’ വ്യക്തമാക്കുന്നു. മുട്ടോളമെത്തിയ വെള്ളക്കെട്ടിൽ നിൽക്കുന്ന മനുഷ്യരിലേക്ക് ക്യാമറ ഇറങ്ങിച്ചെല്ലുന്നു. അവരെ കേൾക്കുന്നു, അവരുടെ ജീവിതങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. വെള്ളം കോരിക്കളഞ്ഞും നനവ് തുടച്ചെടുത്തും ഉപ്പിനെ പലരീതിയിലും പ്രതിരോധിച്ചും വീടിനെ ഉയ‍‍ർത്തിനി‍ർത്താൻ ശ്രമിക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളിലൂടെയാണ് ആരതി സഞ്ചരിക്കുന്നത്. വേലിയേറ്റ പ്രദേശങ്ങളിലെ മനുഷ്യർക്ക് സംഭവിക്കുന്ന മറ്റൊരു അത്യാഹിതം കൂടി ആരതി അടയാളപ്പെടുത്തുന്നുണ്ട്. അത് സ്വന്തം ദേശം വിട്ടുപോകലും പോകുന്നവ‍ർക്ക് പിന്നീട് സംഭവിക്കുന്നത് എന്താണെന്ന അന്വേഷണവുമാണ്. വീട് വിട്ടുപോകുന്ന ജോബിഷിന്റെ കുടുംബത്തെ നമുക്ക് ‘ഉപ്പുവീടുകളി’ൽ കാണാം. പക്ഷേ, പിന്നീട് അവ‍ർക്ക് എന്ത് സംഭവിച്ചു എന്ന് ഡോക്യുമെന്ററി പറയുമ്പോൾ ഉണ്ടാകുന്നത് വലിയ ‍ഞെട്ടലാണ്. അത് ഒറ്റപ്പെട്ട സംഭവമല്ലെന്ന തോന്നൽ ‘ഉപ്പുവീടുകൾ’ അവസാനിക്കുമ്പോൾ വേദനയായി നിറയുന്നു.

പ്രദ‍‌ർശനത്തിൽ ഇനിയുമേറെ കാഴ്ചകളുണ്ടെങ്കിലും ശാസ്ത്രത്തിലേക്ക് ഒന്ന് തിരികെയെത്താം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഗവേഷണം നടത്തി റിപ്പോർട്ട് ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഗ്രൂപ്പാണ് ന്യൂജേഴ്സിയിലുള്ള ‘ക്ലൈമറ്റ് സെൻട്രൽ’. 2050 ആകുമ്പോഴേക്കും സമുദ്രനിരപ്പിന്റെ ഉയരൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ മൂന്നിരട്ടി ആളുകളെ ബാധിക്കുമെന്ന ഒരു പഠനം ഇവർ കുറച്ച് വർഷം മുമ്പ് പുറത്ത് വിട്ടിരുന്നു. 1880 മുതലുള്ള കണക്ക് നോക്കിയാൽ ആഗോള ശരാശരി സമുദ്രനിരപ്പ് ഏകദേശം 8–9 ഇഞ്ച് (21–24 സെന്റീമീറ്റർ) ഉയർന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ‘ക്ലൈമറ്റ് സെൻട്രൽ’ നടത്തിയ ഡിജിറ്റൽ എലവേഷൻ മോഡൽ പ്രൊജക്ഷൻ പ്രകാരം എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകൾ 2050 ഓടെ സമുദ്രനിരപ്പിന് താഴെയാകാൻ സാധ്യതയുണ്ട്. ആഗോള താപനില വീണ്ടും വർദ്ധിച്ചുവരുന്നതിനാൽ മുങ്ങിപ്പോകൽ ഉറപ്പാണ്. എത്രത്തോളമെന്നത് ഭാവിയിലെ ഹരിതഗൃഹ വാതക ഉദ്‌വമന നിരക്കിനെ കൂടി ആശ്രയിച്ചിരിക്കും. എന്നാൽ ഭൂമി ചൂടാകുന്നതിനനുസരിച്ച് അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും വലിയ മഞ്ഞുപാളികൾ പ്രവചനാതീതമായ രീതിയിൽ ഉരുകിയാൽ എത്രകാലം നമ്മൾ സുരക്ഷിതരായിരിക്കും എന്ന കണക്കുകൾ വീണ്ടും തെറ്റാം.

കേരളീയം പബ്ലിഷ് ചെയ്ത, ആരതി എം.ആറിന്റെ വേലിയേറ്റ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രദർശിപ്പിക്കുന്നു.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇത്തരം ശാസ്ത്ര നിഗമനങ്ങൾ വായിച്ചറിയുന്നവർ മാത്രമായി നമുക്കിനി തുടരാനാകില്ലെന്നാണ് ‘കഭൂം’ പറയുന്നത്. നമ്മൾ കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളാണ്. ഇരകളുടെ ഐക്യപ്പെടലും ഇടപെടലുകളും കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. അരികുകളിലെ മനുഷ്യർ കൂടുതൽ ഓരപ്പെടാതിരിക്കാനും വേണം കരുതലുകളും ഭരണ നടത്തിപ്പും. കല അത് ആദ്യം കണ്ടറിഞ്ഞു, നമ്മളോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, കഭൂൂൂം…

Also Read

8 minutes read October 20, 2025 1:11 pm