പത്ത് വർഷമായി കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന മറുവാക്ക് മാസികയുടെ എഡിറ്റർ പി അംബികയ്ക്കെതിരെ ഐ.പി.സി സെക്ഷൻ 153 പ്രകാരം കേസെടുത്തിരിക്കുകയാണ് കോഴിക്കോട് കസബ പൊലീസ്. എറണാകുളം സ്വദേശിയും ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കേരള റീജ്യൺ ജനറൽ സെക്രട്ടറിയുമായ മാർട്ടിൻ മോനച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മറുവാക്ക് സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ മാസികയാണ് എന്നാണ് മാർട്ടിൻ പരാതിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രിയെ നരാധമൻ, നരഭോജി എന്ന് വിശേഷിപ്പിക്കുകയും പിണറായി വിജയൻ വീണ്ടും നരമേധം നടത്തിയിരിക്കുന്നു എന്നും മാവോവാദി പ്രവർത്തകയായ കവിതയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും ആരോപിച്ച് സമൂഹത്തിൽ സ്പർദ്ദ വളർത്താനും കലാപം സൃഷ്ടിക്കാനും ആഹ്വാനം ചെയ്യുന്ന ഫെയ്സ്ബുക് പോസ്റ്റിട്ടു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കേരള പൊലീസ് ആക്റ്റ് 2011ലെ 120 (ഒ) വകുപ്പും എഫ്.ഐ.ആറില് ചേര്ത്തിട്ടുണ്ട്. ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ ക്രമസമാധാന ലംഘനം നടത്തുന്ന രീതിയില് എഴുതുകയോ സന്ദേശങ്ങള് അയക്കുകയോ ചെയ്യുന്നതിനെതിരെ ആണ് ഈ വകുപ്പ്.
2023 ഡിസംബർ 29ന്, ക്രെെം ഓൺലെെൻ എന്ന ‘ഇന്ത്യയിലെ ആദ്യ കുറ്റാന്വേഷണ മാസിക’യും മറുവാക്കിന് മേൽ മാവോയിസ്റ്റ് മുദ്രചാർത്തി ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. അംബികയെ അർബൻ നക്സൽ മുഖം എന്നാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. കേരളത്തിലെ പോപ്പുലർ ഫ്രണ്ട്-മാവോയിസ്റ്റ് അച്ചുതണ്ടിലെ പ്രധാനി എന്നും പോപ്പുലർ ഫ്രണ്ടിന്റെയും മാവോയിസ്റ്റ് പാർട്ടിയുടെയും സഹായത്തോടെയാണ് മറുവാക്ക് മാസിക പുറത്തിറക്കുന്നത് എന്നും തീർത്തും വസ്തുതാ വിരുദ്ധമായ ആരോപണം അംബികയെക്കുറിച്ച് ക്രെെം ഓൺലെെൻ വീഡിയോ പറയുന്നു. മറുവാക്ക് മാസികയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ വീഡിയോയും പിന്നാലെ വന്ന കേസും. ജനവിരുദ്ധമായ സർക്കാർ നയങ്ങളെ വിമർശിക്കുകയും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന സ്വതന്ത്ര പ്രസിദ്ധീകരണങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്നെ മറുവാക്കിനെതിരായ നടപടിയെ വിലയിരുത്താം.
തണ്ടർബോൾട്ട് വെടിവയ്പ്പിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് ഗ്രോ വാസു ജയിൽശിക്ഷ ഏറ്റുവാങ്ങി പ്രതിഷേധിച്ചതിന് പിന്നാലെയാണ് കവിത എന്ന മാവോയിസ്റ്റ് പ്രവർത്തക കൂടി കൊല്ലപ്പെടുന്നത്. എന്നിട്ടും ചുരുക്കം മാധ്യമങ്ങൾ മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്യാൻ തയ്യാറായതെന്ന് അംബിക നിരീക്ഷിക്കുന്നു. കേരളീയത്തിന് നൽകിയ അഭിമുഖത്തിൽ മറുവാക്കിനെതിരെ ഉയരുന്ന ആരോപണങ്ങളോട് പി അംബിക പ്രതികരിക്കുന്നു.
മറുവാക്ക് മാസികയ്ക്കെതിരെ വരുന്ന ആദ്യത്തെ കേസാണോ ഇത്?
അതെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാഗസിനെതിരെ വരുന്ന ആദ്യത്തെ കേസാണിത്. അലൻ താഹ കേസിലൊക്കെ എഫ്.ഐ.ആറിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മറുവാക്കിന് എതിരെ നേരിട്ടുള്ള കേസ് ആദ്യത്തേതാണ്. മാർട്ടിൻ മോനാച്ചേരി എന്ന ഒരാൾ കൊടുത്ത പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയാൾ ഒരു സംഘപരിവാർ ബന്ധമുള്ള സംഘടനയുടെ ജേണലിസ്റ്റ് അസോസിയേഷന്റെ കേരള ചാപ്റ്റർ ഭാരവാഹിയാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കെ.യു.ഡബ്ള്യു.ജെയ്ക്കെതിരെ നിരവധി പരാതികൾ കൊടുത്തിട്ടുള്ള ആളാണ് എന്നാണ് കെ.യു.ഡബ്ള്യു.ജെയുടെ കോഴിക്കോടുള്ള ഒരംഗം എന്നോട് പറഞ്ഞത്.
പൊലീസിന്റെ ഇടപെടലിൽ നിന്ന് പരാതിയെക്കുറിച്ച് എന്താണ് മനസ്സിലാകുന്നത് ?
പരാതിക്കാരൻ സമ്മർദ്ദം ചെലുത്തിയതുകൊണ്ട് പരാതിയെടുത്തു എന്നാണ് പൊലീസ് പറഞ്ഞത്. പൊലീസ് നോട്ടീസ് ഒന്നും തരാത്തതുകൊണ്ട് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. നമ്മൾ ജാമ്യാപേക്ഷ കൊടുത്ത്, അത് കോടതി പൊലീസിന് കെെമാറിയപ്പോഴാണ് അവർ നോട്ടീസ് തരാൻ തന്നെ വരുന്നത്.
‘മറുവാക്ക്’ മാസികയുടെ പ്രസിദ്ധീകരണം തുടങ്ങുന്നത് എങ്ങനെയാണ്? ‘മറുവാക്കി’ന്റെ ചരിത്രം ഒന്ന് വിശദമാക്കാമോ?
നമുക്ക് തന്നെ ചെയ്യാവുന്ന രീതിയിൽ ജേണലിസം ചെയ്യുക എന്നതായിരുന്നു എന്റെ താൽപര്യം. ‘മറുവാക്ക്’ എന്ന ടെെറ്റിൽ എം.എൻ വിജയൻ മാഷ് എടുത്ത്, കുറച്ച് ലക്കങ്ങൾ ഇറങ്ങി പിന്നീട് പ്രസിദ്ധീകരണം നിന്നുപോയൊരു മാഗസിൻ ആണ്. ആ ടെെറ്റിൽ നഷ്ടമാകാതിരിക്കാൻ വേണ്ടി നമ്മളെടുത്തു. ആ സമയത്ത് ഗദ്ദിക എന്ന ഉച്ചപ്പത്രം ഇറക്കിയിരുന്ന കാലമാണ്. ഗൗരവമായ വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന ഒരു മാഗസിൻ വേണം എന്നുള്ള തോന്നൽ അന്ന് ഞങ്ങൾക്കുണ്ടായിരുന്നു. തുടക്കത്തിൽ കെ.എസ് ഹരിഹരൻ ആണ് ഈ ടെെറ്റിൽ നഷ്ടപ്പെടുത്തരുതെന്നും നമുക്കത് എടുക്കണമെന്നും പറയുന്നത്. ഞാനാണതിന്റെ ബാക്കി കാര്യങ്ങൾ നീക്കിയത്. ഹരിയുടെ ഭാഗത്തുനിന്നും പിന്തുണയുണ്ടാകുന്നുണ്ട്. 2014 ഡിസംബറിലാണ് ഞങ്ങൾ ആദ്യ ലക്കം ഇറക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വിഷയങ്ങൾ ഉൾപ്പെടുത്തുക-അതിൽ ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീ, പരിസ്ഥിതി, ലെെംഗിക ന്യൂനപക്ഷങ്ങൾ ഇത്തരം മനുഷ്യരുടെ പ്രശ്നങ്ങൾ, പ്രകൃതിയുടെ അമിത ചൂഷണം ഇതൊക്കെയാണ് നമ്മൾ കഴിഞ്ഞ പത്തുവർഷങ്ങളായി വിഷയങ്ങളായി എടുത്തിട്ടുള്ളത്. ആദ്യത്തെ ലക്കം കെെകാര്യം ചെയ്തത് കേരളത്തിലെ ആദിവാസി ഭൂപ്രശ്നമാണ്. സി.കെ ജാനുവിന്റെ അഭിമുഖമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആറളം ഫാമിൽ വെച്ച് നടന്ന ആദിവാസി പാർലമെന്റിലാണ് അതിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്യുന്നത്.
തുടർന്നും കേരളത്തിലുണ്ടായ അത്തരം പ്രശ്നങ്ങളാണോ മാസിക ചർച്ച ചെയ്തത്?
അതെ, ബ്രഹ്മപുരം കത്തിയ പ്രശ്നം നമ്മൾ റിപോർട്ട് ചെയ്തിരുന്നു. കെ റെയിൽ സമരത്തിൽ സജീവമായി ഇടപെട്ട ഡോ. കെ.ജി താര, സുചിത്ര, സഹദേവൻ എന്നിങ്ങനെ വിഷയം നന്നായി പഠിച്ചിട്ടുള്ളവരുടെ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കെ-റെയിൽ പതിപ്പ് ഇറക്കുന്നത്. അതുപോലെ വിഴിഞ്ഞം പ്രശ്നം, വെെപ്പിൻ അങ്ങനെ എല്ലാം റിപ്പോർട്ട് ചെയ്തു. കാക്കഞ്ചേരിയിൽ മലബാർ ജ്വല്ലറിയുടെ സ്വർണ സംസ്കരണ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചിട്ട് അതിനെതിരെ വളരെ വലിയ സമരം നടക്കുമ്പോൾ മലബാർ ഗോൾഡിന്റെ പരസ്യം ഉള്ളതുകൊണ്ട് ഒരു മാധ്യമവും അത് റിപ്പോർട്ട് ചെയ്തിരുന്നില്ല. പക്ഷേ, നമ്മൾ കവർ സ്റ്റോറി ചെയ്തപ്പോൾ പിന്നീട് പല മാധ്യമങ്ങൾക്കും ഏറ്റെടുക്കേണ്ടിവന്നു. മറ്റൊരു പ്രധാനപ്പെട്ട വിഷയം ഒളവണ്ണ ഭൂസമരമാണ്. ഇൻഡസ്ട്രിയൽ ഏരിയയായി ഒളവണ്ണയിലെ വലിയൊരു ഏരിയ പ്രഖ്യാപിക്കുകയാണ്. അതോടുകൂടി ഒളവണ്ണയിലെ മനുഷ്യർക്ക്, മൂന്നു സെന്റും നാല് സെന്റും ഉള്ള വീട്ടിൽ അവർക്ക് ഒരു ചുവര് ഇടിഞ്ഞാൽ നേരെയാക്കാൻ പോലും അനുവാദം ഇല്ലാതെയായി. സ്ഥലമുണ്ടെങ്കിലും വീടുണ്ടാക്കാൻ കഴിയാത്ത അവസ്ഥ. ആ വിഷയം ഞങ്ങൾ ഏറ്റെടുത്തു. വാസുവേട്ടൻ, കെ.വി ഷാജി എന്നിവർക്കൊപ്പം ഞങ്ങൾ പോവുകയും ഈ വിഷയം കവർ സ്റ്റോറിയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ശേഷം കേരള നിയമസഭയിൽ വരെ ഉന്നയിക്കപ്പെടുകയും ആ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു എന്നുള്ളതാണ്. അത്തരം ഇടപെടലുകൾ ഞങ്ങൾ നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ-പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ അതിനെതിരെ മാഗസിൻ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും അങ്ങനെ ഇടപെടാറുണ്ട്. മാധ്യമപ്രവർത്തകനായ ആർ സുനിലിനെതിരെ കേസെടുത്ത വിഷയമാണ് കഴിഞ്ഞ ഒക്ടോബർ ലക്കം. കേരളത്തിലെ ഭൂമി പ്രശ്നം ഇത്രയധികം പഠിച്ചിട്ടുള്ള സീനിയറായ ഒരു മാധ്യമപ്രവർത്തകനാണ് സുനിൽ. അങ്ങനെയൊരാൾ അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റം പുറത്തുകൊണ്ടുവന്നതിന്റെ കാരണത്താൽ അദ്ദേഹത്തിനെതിരെ കേസ് വന്നു. കേസ് വന്നത് നമ്മൾ കവർ സ്റ്റോറി ചെയ്തു. അതും വലിയ ചർച്ചയായി. നമ്മൾ അല്ലാത്ത രീതിയിലും പരമാവധി ആൾക്കാരെ ഉൾപ്പെടുത്താനും ആൾക്കാരുടെ അഭിപ്രായങ്ങൾ ആരായുകയുമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ എടുത്ത കേസ് പിൻവലിക്കുകയുണ്ടായി, അങ്ങനെയുള്ള ഇടപെടലുകൾ നമ്മൾ നടത്താറുണ്ട്.
പ്രത്യേക ലക്കങ്ങൾ ചെയ്ത വിഷയങ്ങൾ എന്തൊക്കെയായിരുന്നു?
വിദ്യാഭ്യാസം മാത്രം കെെകാര്യം ചെയ്ത് മൂന്ന് പതിപ്പ് ഞങ്ങൾ ഇറക്കിയിട്ടുണ്ട്. ഒന്ന്, ദേവിക എന്ന പെൺകുട്ടി ഓൺലെെൻ വിദ്യാഭ്യാസം ലഭ്യമാകാത്ത പ്രശ്നത്താൽ ആത്മഹത്യ ചെയ്ത സംഭവം. ഹെെസ്കൂൾ വിദ്യാർത്ഥിയായ കുട്ടി, ഞങ്ങൾ ആ പെൺകുട്ടിയുടെ വീട്ടിൽ പോയി അവരുടെ ബന്ധുക്കളും അയൽക്കാരുമായി സംസാരിച്ചു. അതിൽ ഇടപെട്ട അഭിഭാഷകരുമായി സംസാരിച്ചു, ആ വിഷയം ഉയർത്തിക്കൊണ്ടുവന്നു. റെെറ്റ് റ്റു എജ്യുക്കേഷൻ എന്ന സംഘടനയുടെ ലേഖനങ്ങളൊക്കെ ശേഖരിച്ച് അങ്ങനെയൊക്കെ ഇടപെട്ടിട്ടുണ്ട്. ഏറ്റവും പുതിയ ലക്കം ജാതി സെൻസസുമായി ബന്ധപ്പെട്ടുള്ളതാണ്. ഡോ. ജി മോഹൻ ഗോപാൽ ആണ് കേരളത്തിൽ അതിന് നേതൃത്വം നൽകുന്നത്. അതുപോലെ സുദേഷ് എം രഘു, ഒ.പി രവീന്ദ്രൻ അങ്ങനെ പരമാവധി ഒരു വിഷയവുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ അവരെക്കൊണ്ട് എഴുതിക്കുക, അവരെ അഭിമുഖം ചെയ്യുക എന്നിങ്ങനെയാണ് ചെയ്യാറുള്ളത്. സമരങ്ങളുടെ റിപ്പോർട്ടിങ് അങ്ങനെ തന്നെയാണ് ചെയ്യുക. വടയമ്പാടി ജാതി മതിൽ പ്രശ്നം നമ്മൾ കവർ സ്റ്റോറി ചെയ്തിരുന്നു. നേരിട്ട് പോയി അവിടെയുള്ള മനുഷ്യരെ അഭിമുഖം ചെയ്ത് തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. കെ റെയിൽ സമരം കേരളത്തിൽ തുടങ്ങിയ സമയത്ത് തന്നെ, കോഴിക്കോട് വെങ്ങളത്തുള്ള കുറേ സ്ത്രീകളിലാണല്ലോ ഈ സമരത്തിന് തുടക്കം കുറിച്ചിത് അവരുടെ അഭിമുഖമാണ് നമ്മൾ കൊടുത്തത്.
കേരളത്തിൽ ഒരു സ്ത്രീ എഡിറ്ററായുള്ള ഇത്തരം പ്രസിദ്ധീകരണം വളരെ അപൂർവ്വമായിരിക്കും. അങ്ങനെയൊരു പൊസിഷനിൽ ഇരിക്കെ ഇങ്ങനെയൊരു കേസ് വരുമ്പോൾ എന്താണ് തോന്നുന്നത്?
‘സ്ത്രീ’ എന്ന് പറയുമ്പോൾ പ്രശ്നങ്ങളുണ്ടാകും. മാധ്യമപ്രവർത്തനവും ആക്റ്റിവിസവും ഒന്നിച്ചുകൊണ്ടുപോകുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ ഒരു കേസ് വരുമ്പോൾ ഒരുപാട് മനുഷ്യർ നമ്മളെ ചേർത്തുനിർത്തുന്നുണ്ട്, ഒരുപാടാളുകളുടെ പിന്തുണയുണ്ടാകുന്നു, ടീസ്റ്റ, ആർ രാജഗോപാൽ ഇവരൊക്കെ വിളിക്കുന്നു. ഇങ്ങനെ കേസ് വരുന്നു എന്നത്, വളരെ സ്വാഭാവികമായി ഈയൊരു കാലത്തിന്റെ പ്രശ്നമായാണ് ഞാൻ കണക്കാക്കുന്നത്. പക്ഷേ, സമൂഹം കൂടെ നിർത്തുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു സ്ത്രീ എഡിറ്റർ എന്ന നിലയിലല്ല, സാധാരണ മാധ്യമപ്രവർത്തകരൊക്കെ നേരിടുന്ന പ്രശ്നങ്ങൾ തന്നെയായിരിക്കും ഇത് എന്നാണ് ഞാൻ വിചാരിക്കുന്നത്.
ക്രെെം ഓൺലെെനിൽ വന്ന വീഡിയോയിൽ പറയുന്നതുപോലുള്ള ലക്ഷ്യമിടലിനെ കുറിച്ച് എന്താണ് തോന്നുന്നത്? ടാർഗറ്റിങ് നേരത്തെ നടന്നിരുന്നു എന്നതിന് തെളിവാണല്ലോ ആ വീഡിയോ. ഇങ്ങനെ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടായിരിക്കും എന്നാണ് തോന്നുന്നത്?
ഈയൊരു സംഭവത്തെ കുറിച്ചുതന്നെ ഞാൻ പറയാം. കവിത കൊലചെയ്യപ്പെട്ടപ്പോൾ എക്സ്ക്ലൂസീവ് എന്ന നിലയിൽ ചില ചാനലുകളിൽ മാത്രമാണ് ഞാനതിന്റെ വാർത്തകൾ കണ്ടത്. വളരെ അപൂർവ്വമായേ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. അത്തരം വാർത്തകൾ തന്നെ ആളുകൾ ചെയ്യാൻ മടിക്കുന്നു. അത്തരം വാർത്തകൾ നമ്മൾ ചെയ്യേണ്ടതുണ്ട് എന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. വ്യാജ ഏറ്റുമുട്ടലിൽ കേരളത്തിൽ ഒമ്പത് വിപ്ലവകാരികളും ഫോട്ടോഗ്രാഫറായിട്ടുള്ള ഒരാളും അങ്ങനെ പത്തുപേർ കൊല ചെയ്യപ്പെട്ടു. മറുവാക്ക് അത്തരം പ്രശ്നങ്ങൾ ധാരാളം കവർ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ വംശഹത്യകളെക്കുറിച്ചും നമ്മൾ പരമാവധി കവർ ചെയ്യാറുണ്ട്. അങ്ങനെ നിൽക്കുന്നതുകൊണ്ടായിരിക്കാം ടാർഗറ്റ് ചെയ്യപ്പെടുന്നത്. ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതിപ്പോഴൊന്നുമല്ല, അലൻ താഹ കേസ് സമയത്തൊക്കെ സംഭവിക്കുന്നുണ്ട്. ന്യൂസ് സ്റ്റാൻഡിൽ കിട്ടുന്ന ഒരു മാഗസിനാണ് മറുവാക്ക്. എല്ലാ ന്യൂസ് സ്റ്റാൻഡിലും വളരെ ഓപ്പണായി കിട്ടുന്ന ഒരു മാഗസിൻ. അത് എന്തിനാണ് ഒരു രഹസ്യ വസ്തു, അല്ലെങ്കിൽ തൊണ്ടിവസ്തു ഒക്കെയായി ഒരു കേസിൽ വയ്ക്കുന്നത് എന്നുള്ളത് അത്ഭുതമായി തോന്നും. അത് ടാർഗറ്റിങ് തന്നെയാണ്. നമ്മൾ ഇടപെടുന്ന വിഷയങ്ങളിലൊക്കെ കേസുകൾ വരുന്നു. കശ്മീർ ഇഷ്യൂ, അതിൽ പ്രതിഷേധം നടത്തിയാൽ അപ്പോൾ കേസെടുക്കുന്നു, പിടിച്ചുകൊണ്ടുപോകുന്നു. ഞാൻ പറഞ്ഞല്ലോ ഞാനൊരു ആക്റ്റിവിസ്റ്റ് കൂടിയാണ്. എല്ലാ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെയും വളരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. സി.പി ജലീൽ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഉമ്മയുടെ അഭിമുഖം ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. അതൊക്കെ ആളുകളിൽ വെെകാരികത ഉണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിൽ വലിയൊരു ഭൂസമരം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരു ആദിവാസി സ്ത്രീ ഇത്രയും ദിവസമായി സമരം ചെയ്യുകയാണ്. അവരുടെ ആരോഗ്യമൊക്കെ നശിച്ചു, നല്ല ആരോഗ്യമുള്ളൊരു സ്ത്രീയായിരുന്നു. അവർ ഇത്തരമൊരു സമരം നടത്തുമ്പോൾ നമ്മളത് പുറത്തുകൊണ്ടുവരണം. അടുത്തലക്കത്തിൽ നമ്മൾ ഈ വിഷയം കവർ ചെയ്യും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നു എന്നതുകൊണ്ടായിരിക്കാം ടാർഗറ്റ് ചെയ്യപ്പെടുന്നത്.
മറുവാക്കിൽ ആണ് ആദ്യമായി ഇസ്ലാമോഫോബിയ എന്നുള്ള കോളം വരുന്നത്. ഇപ്പോൾ ചില പത്രങ്ങളിലും ഓൺലൈനിലുമൊക്കെ ഉണ്ട്. പക്ഷേ, ഇസ്ലാമോഫോബിയ കേരള സമൂഹത്തിൽ ഒരു വലിയ വിഷയം ആണെന്നും അതൊരു കോളം ആയിത്തന്നെ ചെയ്യേണ്ടതുണ്ട് എന്നതിന്റെയും അടിസ്ഥാനത്തിൽ നമ്മൾ അത് തുടങ്ങി. ഒരു വർഷത്തിന് അടുത്തായി. ജോഹന്നാസ്ബർഹ് സർവകലാശാല അധ്യാപകനായ ഡോ. കെ അഷ്റഫ് ആണ് ആ കോളം ചെയ്യുന്നത്. മറ്റൊരു കാര്യം, എഡിറ്റോറിയൽ ബോർഡ് അംഗമായ ബാബുരാജ് ആണെങ്കിലും ഞാനാണെങ്കിലും മുസ്ലീം ന്യൂനപക്ഷ വിഷയങ്ങളിൽ അവരുടെ വേദികളിൽ സ്ഥിരമായി സംസാരിക്കുകയും മറുവാക്ക് അത്തരം വിഷയങ്ങൾ കവർ ചെയ്യുകയും ചെയ്യുന്നത് ഒരു സംഘി പരാതിക്കാരന് ഇങ്ങനെ പരാതി നൽകാൻ കാരണമായിരിക്കാം എന്ന് ഞങ്ങൾക്ക് തോന്നുന്നു.
ഡിജിറ്റൽ മാധ്യമങ്ങളുടെ അതിപ്രസരമുള്ള കാലത്തും അച്ചടി മാധ്യമമായി തുടരുമ്പോൾ നേരിടുന്ന വലിയ വെല്ലുവിളികൾ എന്തെല്ലാണാണ്?
സാമ്പത്തിക പ്രതിസന്ധി തന്നെയാണ് നമ്മൾ വലിയ രീതിയിൽ നേരിടുന്നത്. നമ്മളുടെ ഡി.ടി.പി, ലേ ഔട്ട് എല്ലാം, അതിന്റെ മനുഷ്യാധ്വാനം മുഴുവൻ ഒന്ന് രണ്ട് ആളുകളാണ് ചെയ്യുന്നത്. കെ.എസ് ഹരിഹരൻ, ബി.എസ് ബാബുരാജ്, ടി.ആർ രമേശ്, മാർട്ടിൻ കെ.ഡി എന്നിവർ ഉൾപ്പെടുന്നതാണ് എഡിറ്റോറിയൽ ടീം. പ്രസ്സിൽ നിന്നും മാഗസിൻ കൊണ്ടുവരുന്നതൊക്കെ മിക്കവാറും ഞാൻ തന്നെയാണ്. എല്ലാ വർക്കുകളും നമ്മൾ തന്നെ ചെയ്യുകയാണ്. പുറത്ത് ആകെ പ്രിന്റിന്റെ പെെസയും അയക്കാനുള്ള പെെസയുമാണ് ചെലവ് എന്ന രീതിയിൽ കൊടുക്കുന്നത്. ബാക്കി മുഴുവൻ വർക്കും നമ്മൾ തന്നെ ചെയ്യുകന്നു. അതുകൊണ്ടാണ് നമുക്കിത് ഇറക്കാൻ കഴിയുന്നത്. ജോലിയും സാലറിയും ഒക്കെ ഇതിനായാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത് രണ്ടുമില്ല. ഓരോ ലക്കം ഇറക്കുമ്പോഴും നമ്മൾ വിചാരിക്കും ഇത് അവസാനത്തേതാണ്. ടെൻഷൻ ഉണ്ടാവാറുണ്ട് പക്ഷേ, എന്തായാലും അത് ഇറങ്ങിക്കൊണ്ടിരിക്കുന്നു, ഇതുവരെ ബ്രേക്ക് വന്നിട്ടില്ല. ഒരു സമാന്തര മാഗസിൻ പത്ത് വർഷങ്ങളായി ഈ രീതിയിൽ ഇറക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ കാര്യമായി കാണുന്നു. പ്രത്യേകിച്ച് നമ്മുടെ പിന്നിലൊരു പ്രസ്ഥാനമില്ല, ഒരു കൂട്ടായ്മയില്ല, ഏതാണ്ട് ഒറ്റയ്ക്ക് എന്നുതന്നെ പറയാം. എഡിറ്റോറിയൽ ബോഡിലുള്ള രണ്ട് മൂന്ന് സുഹൃത്തുക്കളാണ് ആകെയുള്ളത്, വായനക്കാരുടെ പിന്തുണയാണ് കാര്യമായി കൂടെയുള്ളത്.