പാടങ്കര ഭ​ഗവതിയെ നഷ്ടമാക്കിയ രാമൻ

“Scars have the strange power to remind us that our past is real” – Cormac McCarthy

മറവികൾക്കെതിരെ ഓർമ്മകളുടെ സമരമാണ് രാഷട്രീയമെന്ന് പറഞ്ഞത് മിലൻ കുന്ദേരയാണ്. പ്രവാസിയായി ജീവിക്കുന്ന എന്റെ അസ്തിത്വത്തെ മറക്കാതെ ജീവിപ്പിക്കുന്നതും ഓർമ്മകളാണ്. അതൊരു തരത്തിൽ രാഷ്ടീയവുമാണ്. ഞാനെന്ന വ്യക്തിയെ ഉരുവപ്പെടുത്തിയ ബഹുസ്വര ഘടകങ്ങൾ അടങ്ങിയ രാഷ്ട്രീയം. ആ രാഷ്ട്രീയ ജൈവീകതയുടെയുള്ളിൽ ഉറഞ്ഞുകിടക്കുന്നത് പ്രവാസിയാകുന്ന കാലയളവുവരെയുള്ള എന്റെ നാടൻ ജീവിതമാണ്. ഒരുപക്ഷേ ഇത് വായിക്കുന്നവർക്ക് ഒരു സാധാരണ പ്രവാസിയുടെ ഗതകാലജീവിതത്തിന്റെ അയവിറക്കലുകളായി തോന്നിയേക്കാം. എന്നാൽ ആ നൊസ്റ്റാൾജിയകളാണ് നിന്റെ സ്വത്വം ഇതാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നത്. അതാണ് ഇന്ത്യാക്കാരനെന്ന നിലയ്ക്ക് ഒരു മതേതര പൗരനായി എന്നെ നിലനിർത്തുന്നതും.
‍‍‍
പ്രവാസിയായി പല വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഞാനൊരു ‘തെക്കുനോക്കി യന്ത്ര’മാണ്. ഞാൻ വസിക്കുന്ന ഒമാൻ എന്ന ദേശത്തിന് തെക്കാണ് ഇന്ത്യ എന്ന മഹാരാജ്യം സ്ഥിതി ചെയ്യുന്നത്. എന്റെ ദൈനംദിന ജീവിതത്തിൽ കാണാനിടയാവുന്ന സന്ദർഭങ്ങളില്ലാം ഭൂപടത്തിൽ എന്റെ കണ്ണുകളുടക്കുന്നത് കേരളമെന്ന ദേശത്തുള്ള ഉപ്പള എന്ന സ്ഥലത്താണ്. ജന്മനാ ഞാനൊരു ഉപ്പളക്കാരനെങ്കിലും ജൈവികമായും മാനസികമായും എന്റെ വേരുകൾ പടർന്നുകിടക്കുന്നത് ഉപ്പള പുഴയ്ക്കപ്പുറം സ്ഥിതി ചെയ്യുന്ന രണ്ട് ഇടങ്ങളിലാണ്. പുഴയുടെ കിഴക്കുഭാഗത്തുള്ള എന്റെ ഉപ്പയുടെ ജന്മദേശമായ പട്ടത്തൂരിലും പുഴയുടെ വടക്ക് ഭാഗത്തുള്ള ഉമ്മയുടെ ജന്മദേശമായ മഞ്ചേശ്വരത്തും. ബഹുസ്വര സാംസ്കാരികതയെ എന്റെ രക്തത്തിൽ കുത്തിയിറക്കിയ പ്രദേശങ്ങൾ. ഈ കുറിപ്പ് കുത്തിക്കുറിക്കാൻ അവസ്ഥയുണ്ടാക്കിയ രണ്ട് സംസ്കാരിക ഭൂമികകൾ. കുട്ടിക്കാലത്ത് വർണശബളമായ ആഘോഷപ്പൊലിമകൾകൊണ്ട് മനംകുളിർപ്പിച്ച രണ്ട് സ്ഥലങ്ങൾ.

ചതുർമുഖ ജൈന ബസതി, മഞ്ചേശ്വരം

കേരളത്തിന്റെ പൊതുമണ്ഡലത്തെ സംബന്ധിച്ച് മഞ്ചേശ്വരം എന്ന സ്ഥലം വടക്കേയറ്റത്തുള്ള നിയമസഭ മണ്ഡലവും രാഷ്ട്രീയ പാർട്ടികൾക്ക് ജാഥകൾ തുടങ്ങാനുള്ള ഒരു ‘സ്റ്റാർട്ടിംഗ് പോയിന്റു’ മായിരിക്കാം. എന്നാൽ സാംസ്കാരികമായ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു വിളനിലമാണ് ഈ പ്രദേശം. ഇപ്പോഴും ഒരു അന്യപ്രദേശം (Alienated Land) പോലെയാണ് അതിന്റെ അവസ്ഥ. തെക്കുനിന്ന് പുറപ്പെടുന്ന വികസനങ്ങൾ പാതിവഴിയിൽ തളരുന്നതുകൊണ്ടാണോ അങ്ങനെയെന്ന് നിശ്ചയമില്ല! അതെന്തുതന്നെയായാലും എന്നെ സംബന്ധിച്ച് ആ ദേശം പകരുന്ന ഓർമ്മകൾ കൂടിയാണ് എന്റെ ജീവന്റെ തിരിയെ ഊതിക്കെടുത്താതെ നിലനിർത്തിപ്പോരുന്നത്. കുട്ടിക്കാലം തൊട്ടേ ഞാൻ കണ്ടുവരുന്ന പലതരം മനുഷ്യർ. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ജൈന മതവിഭാഗങ്ങളിലായി വിവിധ സമുദായങ്ങൾ. അവരിൽതന്നെ വത്യസ്ത ഭാഷ സംസാരിക്കുന്നവർ എന്നിങ്ങനെ വൈജാത്യങ്ങൾ നിറഞ്ഞ ഭൂമിയുടെ ഒരു കോണിലായിരുന്നു എന്റെ ഉമ്മാമയുടെ വീട്.

ഗോവയിൽനിന്ന് തെക്കോട്ട് പലായനം ചെയ്ത ​ഗൗഡ സാരസ്വതരുടെ കേരളത്തിലെ ഒരു പ്രാധാനപ്പെട്ട അധിവാസകേന്ദ്രമാണ് മഞ്ചേശ്വരം. പ്രബല വണികരായി മാറിയ ഈ സമുദായത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മദനന്തേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് ഷഷ്ഠി മഹോത്സവം. നവംബർ മാസത്തിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിനും പട്ടത്തൂർ പാടങ്കര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിനും വേണ്ടിയാണ് കുട്ടിക്കാലത്ത് ഞാനും അനിയനും ഒരാണ്ടിലെ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. ഷഷ്ഠി മഹോത്സവത്തിലെ പ്രധാന ചടങ്ങാണ് രഥോത്സവം. ജാതിമത ഭേദമന്യേ രഥത്തിൽകെട്ടിയ വടംവലിക്കുന്ന കാഴ്ച അന്ന് പുതുമയുള്ളതായിരുന്നില്ല. അത് ആ പ്രദേശത്തെ ആളുകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉത്സവം അടുക്കാറാവുമ്പോൾ സ്വരൂപിച്ചുവെച്ച കാശുകളെണ്ണി ഏതൊക്കെ കളിപ്പാട്ടങ്ങൾ വാങ്ങാമെന്ന ചിന്തയിലായിരിക്കും ഞാനും എന്റെ അനിയനും. ഷഷ്ഠി നാളുകളിലെ വെള്ളിയാഴ്ച എത്തുമ്പോൾ ഞാനും അനിയനും ഉമ്മാമയുടെ വീട് ലക്ഷ്യമാക്കി ബസിൽ കയറും. ഉമ്മാമയുടെ കൈയ്യിൽനിന്നും പൈസ ലഭിക്കും. പിന്നീടുള്ള രണ്ട് ദിവസം മൂത്തമ്മയുടെ മക്കളുമൊന്നിച്ച് ക്ഷേത്രപരിസരത്ത് സ്വൈര്യവിഹാരം. ഇതൊക്കെ ചേർന്നതാണ് നിന്റെ സ്വത്വമെന്ന് ഇപ്പോഴുമെന്നെ ഉണർത്തിക്കൊണ്ടിരിക്കുന്നത് ആ ഓർമ്മകളാണ്!

പാണ്ഡ്യ രാജാവിന്റെ മകൻ, നീലകണ്ഠൻ

മാർച്ച് മാസം രണ്ടാം വാരത്തിലാണ് പട്ടത്തൂരിലെ ബല്ലംഗൂഡൽ പാടങ്കര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം. ഒരു ഞായറാഴ്ച കൊടിയേറി അടുത്ത ഞായറാഴ്ച കൊടിയിറങ്ങുന്നതുവരെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. ഓർമ്മവെച്ചതു മുതൽ 1992 വരെയുള്ള കാലയളവിൽ നോമ്പ് നോൽക്കുന്നതുപോലെ ഞാനും എന്റെ അനുജനും അമ്പലമുറ്റത്ത് സ്ഥിരം സാന്നിധ്യമായിരുന്നു. അന്ന് അപരൻ (other) എന്ന ഒരു മാനസികാവസ്ഥ അത് നൽകിയിരുന്നില്ല. ബാബരി മസ്ജിദ് പൊളിച്ച ശേഷം സ്വയം അത്തരമൊരു അവസ്ഥയിലേക്ക് തള്ളപ്പെട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ പിന്നീടുള്ള വർഷങ്ങളിൽ നാലഞ്ച് തവണ മാത്രമാണ് ഉത്സവ പരിസരത്തേക്ക് ചെന്നത്. അതിനകം ആ ചുറ്റുപാട് ‘പുതിയ’ ആളുകളാൽ അപഹരിക്കപ്പെട്ടു (Hijack) കഴിഞ്ഞിരുന്നു. ആ സന്ദർശനങ്ങളിൽ ദൂരെ നിന്നുകൊണ്ട് പാടങ്കര ഭഗവതിയെ കണ്ടു. ഉറഞ്ഞുതുള്ളിയോടി തീകുണ്ഡത്തിൽ ചാടുന്ന വെളിച്ചപ്പാടന്മാരെ കണ്ടു. കൊടിമരത്തിൽ ആടിക്കൊണ്ടിരിക്കുന്ന പാണ്ഡ്യരാജാവിന്റെ മകൻ നീലകണ്ഠനെ കണ്ടു. കൊടിമരത്തിന് താഴെ വെച്ചിരിക്കുന്ന ഭീമൻ കണ്ണാടി കണ്ടു. ആ കണ്ണാടിയിൽ നോക്കുമ്പോഴാണ് അത് എന്നെ നോക്കി തത്വമസി എന്ന് പറഞ്ഞുകൊണ്ടിരുന്നത്. വിഭജനം ഉണ്ടാക്കിയ മുറിവുകൾക്ക് ശേഷം മനസുകളിൽ വീണ്ടും മുറിവുകൾ തീർത്ത ബാബറി മസ്ജിദ് എനിക്ക് നഷ്ടപ്പെടുത്തിയത് പാടങ്കര ഭഗവതിയുമായുള്ള ഭൗതികബന്ധമാണ്. ഗോത്രീയമായി പതിഞ്ഞുകിടക്കുന്ന ആ ബന്ധത്തിന് രാമനാണ് അതിർവരമ്പ് സൃഷ്ടിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞും ആത്മീയബന്ധം ഇന്നും നിലനില്ക്കുന്നു. ഓർമ്മകളാണ് അതിപ്പോഴും നിലനിർത്തുന്നത്.

‘കരക്കര’ എന്ന കാസർകോടൻ (പ്രത്യേകിച്ചും വടക്കൻ പ്രദേശത്ത്) വാക്കിന് സമാനമായ പദം ഒരുപക്ഷേ മാനക മലയാളത്തിൽ കണ്ടെത്താനായേക്കില്ല. ഒരു ഉത്സവത്തിന് ശേഷം, ഒരു ഉറൂസിന് ശേഷം, രണ്ട് മൂന്ന് ദിവസം താമസിച്ച് പിരിയുന്ന വിരുന്നുകാർ പോയശേഷം അല്ലെങ്കിൽ ഒരു ആഘോഷത്തിന് ശേഷം ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ട്. വേണമെങ്കിൽ ‘കരക്കര’ എന്ന വാക്കിനെ ആ ശൂന്യതയോട് ഉപമിക്കാം. പാടങ്കര ക്ഷേത്രത്തിലെ കളിയാട്ടം കഴിഞ്ഞ് പുഴയും കടന്ന് വീട്ടിലെത്തുമ്പോൾ തുടങ്ങുന്ന ഒരു ശൂന്യതയുണ്ട്. അതിന്നും എന്നിൽ നെടുവീർപ്പുകൾ തീർക്കുന്നുണ്ട്. കളിയാട്ടത്തിന്റെ അവസാനത്തെ രണ്ട് ദിവസങ്ങളിലാണ് ജനത്തിരക്കും ആരവവും ബഹളവും കാണുക. വെള്ളിയാഴ്ച വൈകീട്ട് ഞാനും അനിയനും സ്കൂൾ വിട്ട് വീട്ടിലേക്ക് ഓരോട്ടമായിരിക്കും. വീട്ടിൽ ഞങ്ങളെ കൊണ്ടുപോകാനായി മൂത്തപ്പായുടെ മകൻ വന്നിട്ടുണ്ടായിരിക്കും. പാടവരമ്പിലൂടെ നടന്ന് പുഴ കടക്കുമ്പോൾതന്നെ ചെണ്ട കൊട്ട് കേൾക്കും. തെയ്യം കെട്ടിയാടുന്നുണ്ടാവും. മൂത്തമ്മയെ കണ്ട് അവരുണ്ടാക്കി വെച്ച മോരും കഴിച്ച് അമ്പലമുറ്റത്തേക്ക് ചെല്ലും. അവിടെ ‘പുതുനാട്ടി’ തെയ്യം (അതേതു തെയ്യമാണെന്ന് ഇപ്പോഴുമെനിക്കറിയില്ല) കളിക്കുന്നുണ്ടാവും. കൊടിയിറക്കത്തിന് തലേരാത്രിയിലെ പൂമുടിത്തെയ്യവും കണ്ണുകൾ ഒരല്പം ഉറക്കത്തിലേക്ക് വഴുതിയാൽ ചെവിൽ കൂവിയുണർത്തുന്ന പൊട്ടൻ തെയ്യവും തൊട്ടിലാട്ടവും ചന്തയുമെല്ലാം ആസ്വദിച്ച് ഞായാറാഴ്ച വൈകുന്നേരം വീട്ടിലെത്തുമ്പോൾ ഉണ്ടാകുന്ന, ശ്മശാന മൂകത പടർത്തുന്ന ‘കരക്കര’യിൽനിന്ന് വിടുതൽ നേടാൻ പിറ്റേന്ന് വൈകീട്ട് വരെ കാത്തിരിക്കേണ്ടി വരും.

പാടങ്കരയിലെ പഴയ വെളിച്ചപ്പാടന്മാർ

തിങ്കളാഴ്ച സ്കൂൾവിട്ട് വന്ന് വീട്ടിലെത്തി ചായ കഴിച്ച ശേഷം ഞാനും അനിയനും വീടിന്റെ പിൻമുറ്റത്തേക്ക് ചെന്ന് പഴയ മരപ്പലകൾ ചേർത്തുകെട്ടി അമ്പലമുണ്ടാക്കും. പത്ത് പതിനഞ്ചടി ദൂരത്ത് കരിയിലകൾ കൂട്ടിയിടും. മരപ്പലകകൾകൊണ്ട് തീർത്ത ‘അമ്പല’ത്തിന് മുന്നിൽ കളം വരയ്ക്കും. തെങ്ങിൻ മടലുകൾ വെട്ടി ഭഗവതിമാരുടെ പള്ളിവാളുകളുണ്ടാക്കും. കുഴലൂത്തും ചെണ്ടകൊട്ടുമുണ്ടെങ്കിലേ വെളിച്ചപ്പാടന്മാർ ഉറഞ്ഞുതുള്ളുകയുള്ളൂ. എന്റെ വായ ചെണ്ടയാകും. അനിയന്റെ വായ കുഴലും. ഞങ്ങൾ രണ്ടു പേരും ചെണ്ട കൊട്ടി കുഴലൂതി ഉറഞ്ഞുതുള്ളും. ‘അമ്പല’ത്തിൽ ചാരി വെച്ചിരിക്കുന്ന ‘പള്ളിവാളുകൾ’ എടുത്ത് തീകുണ്ഡത്തിന് പകരമായി ഉണ്ടാക്കിയ കരിയിലക്കൂന ലക്ഷ്യമാക്കി കുതിച്ചോടി അതിലേക് ചാടും. നാല് പ്രാവശ്യം അങ്ങനെ ചെയ്യുമ്പോൾ ഞങ്ങളിലെ ‘മന്ദത’ (Hangover)മാറും. കൂടെ ‘കരക്കര’യും പോയിട്ടുണ്ടാവും. ഇതുകഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും പൊട്ടിച്ചിരിക്കും!

പട്ടത്തൂർ ഗ്രാമം

എന്റെ വീടിന് കുറച്ചപ്പുറത്തായിരുന്നു ബാലകൃഷ്ണേട്ടൻ താമസിച്ചിരുന്നത്. ചന്ദ്രഗിരിപ്പുഴക്ക് തെക്കാണ് ബാലകൃഷ്ണേട്ടൻറെ സ്വദേശം. ചെറുപ്പത്തിലേ ജോലി തേടിവന്ന് ഞങ്ങളുടെ നാട്ടുകാരനായി മാറിയ വ്യക്തി. ഓർമ്മവെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ ഒറ്റ മുറി വാടകവീട്ടിൽ ടിവിയുണ്ടായിരുന്നു. ആ വീടായിരിക്കും ഞായാറാഴ്ച രാവിലെ മുതൽ ഉച്ചവരെ ഞങ്ങൾ സമീപപ്രദേശത്തിലെ കുട്ടികളുടെ താവളം. അവിടെവെച്ചാണ് മഹാഭാരതവും രാമായണവും ആദ്യമായി കാണുന്നത്. അവിടെനിന്നാണ് കൃഷ്ണനെയും പാണ്ഡവരെയും കൗരവരെയും രാമ ലക്ഷമണന്മാരെയും പരിചയപ്പെടുന്നത്. സംസ്കാരികാനുരൂപീകരണ (cultural adaptation) ത്തിനുള്ള സാധ്യതയാണ് ആ ഞായറാഴ്ചകൾ തുറന്നിട്ടത്. പിന്നീട് വായനയിലേക്ക് കടന്നുവന്ന കാലത്ത് എം.ടിയുടെ ‘രണ്ടാമൂഴത്തി’ലൂടെയും പി.കെ ബാലകൃഷന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’യിലൂടെയും വി.എസ് ഖാണ്ഡേക്കറുടെ ‘യയാതി’യിലൂടെയും ശിവാജി സാവന്തിന്റെ ‘കർണനി’ലൂടെയും വളരെ ഒഴുക്കോടെ അതേസമയം വളരെ വൈകാരികമായും കടന്നുപോകാനായത് അതുകൊണ്ടാണ്. മഹാഭാരതത്തിലൂടെയുള്ള യാത്രകൾ പിന്നീട് തുടർന്നെങ്കിലും രാമായണത്തിലേക്ക് ശ്രദ്ധ പതിഞ്ഞിട്ടേയില്ല. മഹാഭാരതം പ്രദാനം ചെയ്ത സാംസ്കാരിക പകർച്ച ഒരുപക്ഷേ രാമായണം നൽകിയില്ല എന്നുവേണം പറയാൻ. കാരണം നോവ് പകർന്ന പ്രതീകമായി അപ്പോഴേക്കും രാമൻ മാറിയിരുന്നു. ഇപ്പോൾ ഈ നിമിഷം ഞാൻ എന്നോടുതന്നെ ചോദിക്കുന്നു, എന്നെ സംബന്ധിച്ച് ആരാണ് എനിക്ക് രാമൻ? പാടങ്കര ഭഗവതി എന്ന എന്റെ അമ്മയുമായി എന്നിൽ ഉറഞ്ഞുകിടന്നിരുന്ന വേരറുത്തു മുറിച്ചുമാറ്റിയ കേവലമൊരു ‘അന്യദൈവം’ (Alien God) മാത്രമാണ് രാമൻ!

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read January 22, 2024 11:09 am