തിരുവനന്തപുരത്ത് ആദിവാസി സമരവേദിയിൽ വെച്ചാണ് ബി.ആർ.പി ഭാസ്കർ എന്ന വലിയ മനുഷ്യനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നതെന്നാണ് എന്റെ ഓർമ്മ. ലോകം അറിയുന്ന ഒരു മാധ്യമപ്രവർത്തകൻ എന്നതിലുപരി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരുടെ ആകുലതകളെ തൊട്ടറിഞ്ഞ് പ്രതികരിക്കുന്ന ഉയർന്ന നീതിബോധത്തിന്റെ പ്രതീകം എന്ന് അവരെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. ഞങ്ങളുടെ കൂട്ടത്തിലൊരാൾ എന്ന അർഥത്തിലായിരുന്നു അദ്ദേഹത്തിന്റെ ഞങ്ങളോടുള്ള സമീപനവും പെരുമാറ്റവും. ഒരു സമയത്തും മുതിർന്ന മാധ്യമപ്രവർത്തകൻ എന്ന പ്രിവിലേജ് അദ്ദേഹം ഞങ്ങളുടെ അടുത്ത് പ്രയോഗിച്ചിട്ടില്ല. സമരരംഗത്ത് വന്നപ്പോഴോ മറ്റോ ഞങ്ങളെ ഉപദേശിക്കാനോ വലിയ നിർദേശങ്ങൾ നൽകി നിയന്ത്രിക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. ബി.ആർ.പി ഭാസ്കർ എന്ന മഹാപ്രതിഭയുടെ എഴുത്തുകൾ ഞാൻ ഇടക്ക് ശ്രദ്ധിച്ചിട്ടുണ്ട്. നിലപാടുകളോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത, മുഖം നോക്കാതെ നിലപാടെടുക്കുന്ന മാധ്യമപ്രവർത്തകനെയാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്.
ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിനാണ് നിൽപ്പ് സമരം ആരംഭിച്ചത്. 162 ദിവസം തുടർച്ചയായി നടന്ന നിൽപ്പ് സമരം 2014 ഡിസംബർ 8നാണ് അവസാനിക്കുന്നത്. പ്രായത്തിന്റെ എല്ലാ അവശതകൾക്കിടയിലും, അതിനെയെല്ലാം അതിജീവിച്ച് സമരത്തിന്റെ ഭാഗമാകാൻ ബി.ആർ.പി ഭാസ്കർ എത്തിയിരുന്നു. വിശ്രമജീവിതത്തിലേക്ക് കടന്ന അദ്ദേഹത്തെപ്പോലെ ഒരാൾ സമരത്തിന്റെ ഭാഗമായി എന്നത് ഞങ്ങളെപ്പോലെയുള്ളവർക്ക് നൽകിയ ഊർജം ചെറുതായിരുന്നില്ല. മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് ബി.ആർ.പിയുടെ പരിഗണനാ വിഷയമേ ആയിരുന്നില്ല. മറ്റാരെയും ബോധ്യപ്പെടുത്തിയില്ലെങ്കിലും സ്വന്തം മനസ്സാക്ഷിയെ മാത്രം ബോധ്യപ്പെടുത്തണമെന്നേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
തിരുവനന്തപുരത്ത് ഞങ്ങളുടെ നേതൃത്വത്തിൽ നടന്ന ഒട്ടുമിക്ക സമരങ്ങളിലും എല്ലാക്കാലത്തും ബി.ആർ.പി ഭാസ്കർ പങ്കെടുത്തിരുന്നു. ആരോഗ്യപരമായ അവശതകൾ ഉണ്ടെങ്കിൽ കൂടെ സഹായികൾ ആരെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ ഒറ്റക്കാവും വരിക. ഇനി ഒരുനിലയ്ക്കും സമരത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ എഴുത്തിലൂടെയോ മറ്റോ ഞങ്ങളെ അറിയിക്കാറുമുണ്ടായിരുന്നു. പല സാഹചര്യങ്ങളിലും അദ്ദേഹത്തോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്നൊക്കെ ഞങ്ങൾക്ക് പറയാനുള്ളതെല്ലാം വളരെ അനുഭാവപൂർവം കേൾക്കുന്ന ഒരു മനുഷ്യനെയാണ് ഞാൻ കണ്ടത്. ക്ഷമയോടെ ഞങ്ങളെ കേൾക്കുന്നത് കൊണ്ടും ഞങ്ങളിൽ ഒരാളായി സംസാരിക്കുന്നതുകൊണ്ടും ഒരു കാര്യവും അദ്ദേഹത്തോട് മറച്ചുവെക്കേണ്ടി വന്നിട്ടില്ല. ജീവിതാന്ത്യം വരെ മനുഷ്യപക്ഷത്ത് ചേർന്നു നിന്ന ബി.ആർ.പി എന്ന വലിയ മനുഷ്യന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് ഏറെ വലുതായിരിക്കും. അദ്ദേഹത്തിന് എന്റെ എല്ലാവിധ ആദരാഞ്ജലികളും നേരുന്നു.