Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കർണാടക-2023 ഒരു ചെറിയ തെരഞ്ഞെടുപ്പായിരുന്നില്ല. അടുത്ത വർഷം വരാനിരിക്കുന്ന ദേശീയ പൊതുതെരഞ്ഞെടുപ്പിനോടുള്ള സമയസാമീപ്യം കൊണ്ട് മാത്രമല്ല, രാജ്യമൊന്നാകെ കഴിഞ്ഞ ഒന്നൊന്നര മാസക്കാലം കർണാടകയുടെ ഗതിവിഗതികളെ ശ്രദ്ധാപൂർവം പിന്തുടർന്നത്. പൊതുവേ അപ്രതിരോധ്യം എന്ന് കരുതപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയ മേൽക്കോയ്മയെ അഭിമുഖീകരിക്കാൻ കർണാടകയിൽ വിന്യസിക്കപ്പെട്ടത് പതിവ് പ്രതിപക്ഷ കരുനീക്കങ്ങളോ സാമുദായിക സമവാക്യങ്ങളുടെ തന്ത്രപരമായ പ്രയോഗങ്ങളോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ ഗുണപരമായി സ്വാധീനിക്കാവുന്ന പുതിയൊരു സമീപനത്തിന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് വഴികാണിക്കുമോ എന്ന ജിജ്ഞാസയോടെയാണ് രാജ്യം കർണാടകയിൽ കണ്ണുടക്കി നിന്നത്.
തങ്ങൾ പലയാവർത്തി പരീക്ഷിച്ചു വിജയിച്ച പ്രചാരണതന്ത്രം വർധിത ശക്തിയോടെ രംഗത്തിറക്കിയ ബി.ജെ.പിയെ എങ്ങനെയാണ് ഇത്തവണ കോൺഗ്രസ് സമഗ്രമായി തോൽപ്പിച്ചത്? അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിക്കാൻ ഭയന്നത്ര വലിയൊരു വിജയം എങ്ങനെയാണ് പലവിധ പരിമിതികളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പാർട്ടി നേടിയെടുത്തത്? എന്താണ് ഇത്തവണ കർണാടക വ്യത്യസ്തമായി ചെയ്തത്?
പൊതുസമൂഹം എന്ന വിശാലപ്രതിപക്ഷം
മുഖ്യപ്രതിപക്ഷം എന്ന നിലയിൽ ബി.ജെ.പി യോട് മത്സരിച്ച കോൺഗ്രസ്സിന് ഒപ്പം നിന്ന് പ്രവർത്തിച്ചത് കക്ഷിരാഷ്ട്രീയപരമായ താല്പര്യങ്ങളില്ലാത്ത ബഹുജനസംഘടനകളുടെ പലതരം സഖ്യങ്ങൾ ആയിരുന്നു. മതവിദ്വേഷവും വർഗീയ വിഭജനവും കൊണ്ട് താറുമാറായ സാമൂഹികാന്തരീക്ഷവും വർധിച്ചു വരുന്ന വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവ മൂലം തകരാറായ സമ്പദ്‌വ്യവസ്ഥയും, വിഷലിപ്തമാകുന്ന പാഠ്യ പദ്ധതിയും വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും, വികലമായ വികസന സമീപനവും കൊണ്ട് ഉൽക്കണ്ഠാകുലരായ പൊതുസമൂഹത്തിന്റെ ആശങ്കകളെ സത്യസന്ധമായി പ്രതിനിധാനം ചെയ്ത പലവിധ ബഹുജന സംഘടനകൾ (civil society) ഒറ്റയ്ക്കും കൂട്ടായും പ്രതിരോധത്തിനിറങ്ങിയപ്പോൾ പ്രശ്നാധിഷ്ഠിതമായ രാഷ്ട്രീയചർച്ചകൾ കൊണ്ട് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നടുത്തളം നിറഞ്ഞു. പരസ്പരം പോർവിളിക്കുന്ന മുദ്രാവാക്യങ്ങൾക്കു പകരം വസ്തുതകളെ യുക്തിപരമായി അവതരിപ്പിച്ചുകൊണ്ട് ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയുള്ള പൊതുസമൂഹത്തിന്റെ ഈ ആഹ്വാനം ബി.ജെ.പി യെ തോൽപ്പിക്കുക എന്ന പൊതു അജണ്ട മുന്നോട്ടുവയ്ക്കുകയും ആർക്കു വോട്ട് ചെയ്യണം എന്നത് ജനങ്ങളുടെ മനഃസാക്ഷിക്ക് വിടുകയും ചെയ്തു.
ബഹുജന സംഘടനാ സഖ്യങ്ങൾ കർണാടക പോലുള്ള (civil society) സംസ്ഥാനമുടനീളം എദ്ദേളു കർണ്ണാടക Eddelu Karnataka (wake up karnataka ) ക്യാമ്പയിനും വർക്ഷോപ്പുകളും സമ്മേളനങ്ങളും ഓൺലൈൻ ക്യാമ്പയിനുകളും നടത്തി. വോട്ടെടുപ്പിൽ വിമുഖരായ ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കാനും അവർ മുൻകൈ എടുത്തു. മെജോറിറ്റേറിയൻ രാഷ്ട്രീയത്തിന്റെ നിരാകരണം വരുന്നിടത്ത് ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ഉറപ്പു പകരം വയ്ക്കുകയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഫലത്തിൽ ചെയ്തത്.
മറ്റു പല രാഷ്ട്രീയ പാർട്ടികളും സമാനസാഹചര്യങ്ങളിൽ ചെയ്യുന്നതുപോലെ അത്തരം ബഹുജന മുന്നേറ്റങ്ങളെ ‘ഏറ്റെടുത്തുകളയാൻ’ ശ്രമിക്കാതെ കോൺഗ്രസ് വിവേകപൂർവം പെരുമാറി. പൊതുസമൂഹത്തിന്റ രാഷ്ട്രീയ ഇടപെടലുകളെ ബഹുമാനിച്ച് കൊണ്ടും എന്നാൽ സ്വന്തം രാഷ്ട്രീയ ആഖ്യാനം ശ്രദ്ധാപൂർവം വികസിപ്പിച്ചുമാണ് കോൺഗ്രസ് മുന്നോട്ടു പോയത്. വളരെ യുക്തിഭദ്രവും ആകർഷകവുമായ ഒരു പ്രചാരണ തന്ത്രം നടപ്പിലാക്കാൻ ഇതുവഴി കോൺഗ്രസിന് കഴിഞ്ഞു എന്ന് കരുതാം.
ഏകതാനമായ മേൽക്കോയ്മയെ പരാജയപ്പെടുത്തിയ ഫെഡറലിസം
സംസ്ഥാനത്തെ ജനങ്ങളുടെ മുഖ്യ പ്രശ്നങ്ങളും ഉത്ക്കണ്ഠകളും അവയുടെ വിശാലമായ രാഷ്ട്രീയ പരിസരവും ആണ് കോൺഗ്രസ് പ്രചാരണത്തിന് വിഷയമാക്കിയത്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിൽ ഊന്നി നിന്നുകൊണ്ടും വിശാല കന്നഡിഗ സംസ്കാരത്തിന്റെ ഉത്കൃഷ്ട ഭാവങ്ങളെ ഉയർത്തിക്കാട്ടിയും നടത്തിയ കോൺഗ്രസ് പ്രചാരണത്തെ ബി ജെ പി നേരിട്ടത് അധികാര കേന്ദ്രീകരണത്തിന്റെ പതിവ് രൂപകങ്ങൾ നിരത്തിയാണ്-പ്രധാനമന്ത്രി മോദിയുടെ വ്യക്തിപ്രഭാവം, ഇരട്ട-എൻജിൻ ഗവണ്മെന്റ്. കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ അധികാരപരിധിക്കുള്ളിൽ നിന്ന് കൊണ്ട് പരസ്പരപൂരകങ്ങളായും പരസപരം ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കിയും നിലനിൽക്കുന്ന ഫെഡറൽ ഘടനയെ കുറച്ചുകാണുന്ന ഡബിൾ എൻജിൻ മുദ്രാവാക്യം വിമർശനവിധേയമായി. Double engine is double trouble എന്ന മുറുപടി വഴി ഫെഡറലിസത്തിന്റെ മൂല്യബോധം ജനങ്ങളിലേക്കെത്തിക്കാൻ ഒരു പരിധി വരെ കോൺഗ്രസിന് കഴിഞ്ഞു എന്ന് കരുതണം.
സംസ്ഥാന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പ്രചാരണത്തിന്റെ മുൻനിര നയിച്ചപ്പോൾ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കരുത്തുപകർന്നുകൊണ്ട് ഒപ്പം നിൽക്കുകയാണ് ചെയ്തത്. ദേശീയ നേതൃത്വത്തിന്റെ ഉപഗ്രഹങ്ങളായല്ല, ദേശീയതലത്തിൽ കൂട്ടുത്തരവാദിത്തമുള്ള ആത്മവിശ്വാസമുള്ള സംസ്ഥാന നേതൃത്വമായാണ് കോൺഗ്രസിന്റെ കർണാടക സാരഥികൾ ജനങ്ങളിലേക്കിറങ്ങിയത്. അങ്ങനെ ഫെഡറലിസത്തിന്റെ സംസ്കാരം കോൺഗ്രസ് പ്രയോഗവത്ക്കരിച്ച രാഷ്ട്രീയാന്തരീക്ഷത്തിൽ കർണ്ണാടകയുടെ സ്വന്തം സഹകരണ സ്ഥാപനമായ നന്ദിനിയുടെ മേൽ മേൽക്കോയ്മ നേടാൻ അമുൽ ശ്രമിക്കുന്നു എന്നത് പോലുള്ള പേടികൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്.
അത്തരം ഒരു അന്തരീക്ഷത്തിലേക്കാണ് പ്രചാരണത്തിന്റെ അന്ത്യഘട്ടത്തിൽ കേന്ദ്രീകൃതാധികാരത്തിന്റെ പ്രയോക്താക്കളായ ബി.ജെ.പി പ്രധാനമന്ത്രി മോദിയുടെ വ്യക്തിപ്രഭാവത്തിന്റെ കണ്ണഞ്ചിപിക്കുന്ന റോഡ് ഷോ കൊണ്ടുവരുന്നത്. അതുവരെയുള്ള ഭരണപക്ഷ പ്രചാരണത്തിന്റെ പോരായ്മകളെല്ലാം ഒറ്റയടിക്ക് മാറ്റാൻ കഴിയും എന്ന പ്രതീക്ഷയോടെ. എന്നാൽ ഫെഡറലിസത്തിന്റെ, കൂട്ടുത്തരവാദിത്തത്തിന്റെ, പ്രസക്തി ബോധപൂർവം അല്ലാതെ പോലും ഉയർത്തിപ്പിടിക്കപ്പെട്ട ഒരു അന്തരീക്ഷത്തിൽ, ഏകതാനമായ അധികാരത്തിന്റെ ആഘോഷരൂപങ്ങൾ പതിവുപോലെ ഫലപ്രദമായോ എന്ന് .സംശയിക്കണം.
ഭാരത് ജോഡോ യാത്ര
ജനപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയിൽ റോഡ് ഷോ പോലുള്ള വർണ്ണ, ശബ്ദ മുഖരിതമായ കോലാഹലങ്ങളാണോ ആവശ്യം എന്ന ചോദ്യത്തിനുള്ള ശാന്തമായ മറുപടി ആയിരുന്നു രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. വിധേയത്വത്തിന്റെ മുദ്രാവാക്യങ്ങൾക്കും വാദ്യഘോഷങ്ങൾക്കും പകരം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരസ്പര സംവാദത്തിലൂടെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്താനുള്ള വഴിയാണ്. ഒരു പുതിയ നേതൃ സംസ്കാരത്തിന്റെ മാതൃകയാണ് ഭാരത് ജോഡോ യാത്ര വെളിപ്പെടുത്തിയത്. കോൺഗ്രസിന്റെ കർണാടകയിലെ സംഘടനാ സംവിധാനം ഊർജ്ജസ്വലമാക്കുകയും ജനകീയ സ്വഭാവം ശക്തിപ്പെടുതുകയും വഴി ഭാരത് ജോഡോ യാത്ര ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക സ്വാധീനം ഉണ്ടാക്കിയെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് മറ്റൊരു മാനം കൂടിയുണ്ട്. രാഹുൽ ഗാന്ധി പരീക്ഷിച്ച പുതിയ രാഷ്ട്രീയ സംവേദനത്തിന്റെ മാതൃകയാണ് പലപ്പോഴും മറ്റു കോൺഗ്രസ് നേതാക്കളും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രയോഗിച്ചത്, പ്രജധ്വനി യാത്ര ബസ് ക്യാമ്പയിൻ പോലുള്ള പരിപാടികളുടെ പശ്ചാത്തലത്തിൽ.
സാമൂഹ്യനീതി
സാമൂഹ്യനീതിയുടെ വിശാല പരിപ്രേക്ഷ്യത്തെ അവലംബിച്ചാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും അഞ്ച് ഉറപ്പുകളും (ഗ്യാരണ്ടി) രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് മാസാവരുമാനവും സൗജന്യ ബസ് യാത്രയും , യുവാക്കൾക്ക് തൊഴില്ലായ്മ വേതനം, വീടുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം എന്നീ ഉറപ്പുകൾ ജനങ്ങളുടെ ഏറ്റവും അടിയന്തിരമായ പ്രശ്നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നുണ്ട്. അതോടൊപ്പം സംവരണം സാമൂഹ്യ നീതിക്കുള്ള വഴിയായി അവതരിപ്പിക്കുകയും ചെയ്തു.
സമീപകാലത്ത് കർണാടകയുടെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കിയ ഹിജാബ്, ഹലാൽ, പോലുള്ള വിവാദങ്ങളെ, തിരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കി ചർച്ചയ്‌ക്കെടുക്കുന്നതിന് പകരം വിശാലയാമ സാമൂഹ്യനീതിയുടെ ചട്ടക്കൂടിന് അടിത്തറയിടുന്ന സമീപനമാണ് കോൺഗ്രസ് പൊതുവിൽ കൈക്കൊണ്ടത്. മതത്തിന്റെ പേരിലുള്ള ധ്രുവീകരണം തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിലെ മുഷ്ടിയുദ്ധത്തിൽ കുടുങ്ങിക്കിടന്നു കൊണ്ടല്ല, വിശാല രാഷ്ട്രീയ ബോധ്യത്തിന്റെ ഒരു ആൾട്ടർനേറ്റീവിലൂടെയാണ് ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് എന്ന് വിശാസിക്കുന്നവർക്കു ഇത് പ്രത്യാശ പകരും. ചുരുക്കത്തിൽ, കർണാടക ഈ തെരഞ്ഞെടുപ്പിൽ നൽകുന്ന പാഠങ്ങൾ വ്യത്യസ്തമാണ്. പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകൾ വീതം വച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നവർക്ക് അവ പ്രസക്തവുമാണ്. ജനാധിപത്യ പ്രക്രിയയിൽ ബഹുജനസംഘടനകൾ ഇടപെടുകയും, മജോറിറ്റേറിയൻ, വിഭാഗീയ രാഷ്ട്രീയത്തിന്റെ കേന്ദ്രീകരണത്വരയെ, ഫെഡറലിസത്തിന്റെ പാരസ്പര്യം കൊണ്ട് പകരം വയ്ക്കുകയും സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ അജണ്ടയ്ക്ക് പിന്നിൽ അണിചേരുകയും ചെയ്യുന്ന ഒരു ഭാവി പാരികല്പന ചെയ്യാൻ നമുക്ക് കഴിഞ്ഞേക്കും.