Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും വിജയത്തിന് തൊട്ടുപിന്നാലെയും, കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ആവർത്തിച്ച് അവകാശപ്പെട്ടത്, കമ്യൂണിസ്റ്റ് പാർട്ടികള്‍ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയല്ല , മറിച്ച് തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നും നെഹ്റുവിയൻ സോഷ്യലിസത്തോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്നുമായിരുന്നു. എന്നാൽ, ആ നിലപാട് പിന്നീട് അധികം വൈകാതെ മാറി. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രവും ബജറ്റും അതുമായി ബന്ധപ്പെട്ട സർക്കാർ പ്രസ്താവനകളും (ഇടതുപക്ഷ ‘ക്ലീഷേ’കളെ പരിഹസിക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ) പരിശോധിക്കുമ്പോൾ, വിപണി അധിഷ്ഠിത പരിഹാരങ്ങൾക്ക് നൽകുന്ന വ്യക്തമായ മുൻഗണനയും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്വകാര്യമേഖലയ്ക്ക് നൽകുന്ന പ്രധാനപങ്കും വ്യക്തമാകുന്നു. പുതിയ സർക്കാരിന്റെ പ്രധാന നയമുൻഗണനകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന വാർദ്ധക്യവുമായി ബന്ധപ്പെട്ട സമീപനത്തിലും ഇതിന്റെ പ്രതിഫലനം കാണാം.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി സതീശൻ അഭിപ്രായപ്പെട്ടത് ഒരു സമൂഹത്തെ വിലയിരുത്തേണ്ടത് അത് പ്രായമായ പൗരരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ്. പുരോഗമനപരമായ ഒരു നിലപാടായി അത് തോന്നിയിരുന്നുവെങ്കിലും ആ ദർശനം പ്രായോഗികമായി എങ്ങനെ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വിപണി സംവിധാനങ്ങളെയും വിപണി അധിഷ്ഠിത പരിഹാരങ്ങളെയും ആശ്രയിച്ച് ഒരു ‘സിൽവർ ഇക്കോണമി’യും ‘കെയർ ഇക്കോണമി’യും രൂപപ്പെടുത്തുക എന്നതാണ് പുതിയ സർക്കാരിന്റെ സമീപനം എന്നാണ് വ്യക്തമാകുന്നത്. ഈ ആശയങ്ങൾ, സോഷ്യലിസത്തേക്കാള്‍ നവലിബറലിസത്തിലേക്കുള്ള നയപരമായ മാറ്റങ്ങളോടാണ് കൂടുതൽ യോജിക്കുന്നത്.
വികസിത ജനാധിപത്യ രാജ്യങ്ങളിൽ നവലിബറൽ നയങ്ങൾ നടപ്പാക്കിയതോടെ പൊതുജനക്ഷേമ സംവിധാനങ്ങൾ ദുർബലമാവുകയും പരിചരണ സേവനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും ദുർബലരുമായ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെന്താണെന്ന് വിലയിരുത്തികൊണ്ട് അനേക വർഷങ്ങളായി വിദഗ്ധര്‍ ഉയർത്തുന്ന ആശങ്കകളാണ് ഈ ലേഖനത്തിലും ആവർത്തിക്കുന്നത്. പരിചരണ സേവനങ്ങൾ നൽകുന്നതിനായി ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്തെ വയോജനങ്ങൾക്ക് തുല്യവും നീതിയുക്തവുമായ പരിചരണം ഉറപ്പാക്കുന്നതിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിച്ചേക്കാം.


ചരക്കുവത്കരണം
ഒരു വിപണി എന്നത് ചരക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു സംവിധാനമാണ്. വിപണി അടിസ്ഥാനമാക്കിയുള്ള സമൂഹം (market society), ചരക്കുകൾ വാങ്ങാൻ ആവശ്യമായ വിഭവങ്ങളുള്ള വ്യക്തികളെ മാത്രമാണ് അംഗീകരിക്കുന്നത്. അതില്ലാത്തവർ അദൃശ്യരാകുന്നു. നിലവിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്നു. പരിചരണത്തെ (care) ഒരു ചരക്കാക്കിക്കൊണ്ടുള്ള ഭരണകൂട വീക്ഷണം കേരളത്തിന്റെ വാർദ്ധക്യത്തെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാണ്. പണം നൽകാൻ കഴിയുന്നവർക്ക് മാത്രമേ വിപണിയിൽ നിന്ന് പരിചരണം ലഭിക്കുകയുള്ളു. അതിന് കഴിയാത്ത പ്രായമായവരെ വിപണി അവഗണിക്കുകയും സേവനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. അല്ലെങ്കിൽ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ ലഭ്യമാക്കപ്പെടും. ചുരുക്കത്തിൽ, ഘടനാപരമായ ശ്രേണീകൃത അസമത്വങ്ങൾ (structural-graded inequalities) വാർധക്യത്തിലും പുനരുത്പാദിപ്പിക്കപ്പെടും.
നയങ്ങളിലൂടെ പരിചരണം ഒരു വിൽപ്പന ചരക്കായി മാറുമ്പോൾ, കോർപ്പറേറ്റ് പരിചരണം എന്നത് താങ്ങാനാകാത്തതും പണം നൽകാൻ കഴിവുള്ള വ്യക്തികൾക്ക് മാത്രം മുൻഗണന ലഭിക്കുന്നതും ആകുന്നു. കോർപ്പറേറ്റുകൾ സാമൂഹിക ക്ഷേമ മേഖലയിലേക്ക് പ്രവേശിക്കുന്നത്തിനുള്ള സാഹചര്യം ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന ‘കെയർ ഇക്കണോമി’യുടെയും ‘സിൽവർ ഇക്കണോമി’യുടെയും ഭാഷ, കോർപ്പറേറ്റുകൾക്ക് അനുകൂലമായ രീതിയിൽ പരിചരണത്തെ ചരക്കുവൽക്കരിക്കുകയും പരിചരണ സംവിധാനത്തെ കോർപ്പറേറ്റുകളുടെ കുത്തകയാക്കി മാറ്റുകയും കൂടാതെ, പ്രത്യേക സേവനങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ചെലവ് വർദ്ധിപ്പിക്കാനായി കൃത്രിമമായ ക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നു. വ്യക്തികൾ തമ്മിലുള്ള നിരന്തര മത്സരം, നിർമ്മിത ക്ഷാമം, ഏതാനും കോർപ്പറേറ്റുകളുടെ കുത്തകവൽക്കരണം എന്നിവ, വർദ്ധിച്ച് വരുന്ന മധ്യവർഗം ഉൾപ്പെടെയുള്ള വയോജനങ്ങൾക്ക് പരിചരണ ചെലവ് താങ്ങാനാകാത്തതും, പണം നൽകാൻ കഴിവുള്ള വ്യക്തികൾക്ക് മാത്രം മുൻഗണന ലഭിക്കുന്നതുമായ സാഹചര്യം ഒരുക്കുന്നു.
വ്യക്തിവത്കരണം
വിപണി അധിഷ്ഠിത സംവിധാനത്തിന്റെ അടിസ്ഥന ഘടകം എന്നത് പ്രത്യേക വ്യക്തികളാണ്. ഇവർ വിഭവങ്ങൾക്കായി നിരന്തരം മത്സരിക്കുന്നത് സമൂഹത്തിന് നല്ലതാണ് എന്നതാണ് അടിസ്ഥാന തത്വം. വൃദ്ധജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പരിചരണ ദാതാക്കൾ, പരിചരണ കേന്ദ്രങ്ങളിലെ ഇടങ്ങൾ, വൈദ്യസഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള മത്സരം സമൂഹത്തിനെ സമ്പന്നമാക്കും എന്ന് വിപണിയുടെ വക്താക്കൾ വിശ്വസിക്കുന്നു. വാർധ്യകത്തിലും പരിപാലനത്തിന്റെ ഉത്തരവാദിത്വം അതത് വ്യക്തിയുടേതാക്കിയും, അവരെ ചുറ്റുമുള്ള മറ്റുപ്രായമായവരെ മത്സരമനോഭാവത്തോടെ സമീപിക്കാൻ വിപണി പ്രേരിപ്പിക്കുന്നു. എന്നാൽ വാർദ്ധക്യ പഠനങ്ങൾ അടിവരയിട്ട് പറയുന്നത് മനുഷ്യജീവിതത്തിലെ പരസ്പരാശ്രയത്വത്തെ അംഗീകരിക്കുന്ന ഒരു സാമൂഹിക പ്രക്രിയയായി ‘പരിചരണം’ (care) എന്ന ആശയത്തെ പുനർനിർവചിക്കേണ്ടതുണ്ട് എന്നാണ്. വീടിനുള്ളിലെ ദൈനംദിന പരിചരണത്തിനപ്പുറം വിപുലമായ അർത്ഥതലങ്ങൾ ഈ ആശയത്തിനുണ്ട്. ഇത് കുടുംബ ബന്ധങ്ങളെയും രക്തബന്ധങ്ങളെയും മാത്രമല്ല, വിശാലമായ അയൽക്കൂട്ടങ്ങളെയും സാമൂഹികശൃംഖലകളെയും കൂടി ആശ്രയിച്ചുകൊണ്ടുള്ള ഒരു സംവിധാനമായാണ് അവതരിപ്പിക്കുന്നത്. ഇത്തരം പരസ്പരമാശ്രയത്വത്തെ പരിപോഷിപ്പിക്കാൻ കഴിയുന്ന പൊതുഇടങ്ങൾ ഈ പരിചരണ മാതൃകയ്ക്ക് അനിവാര്യമാണ്.
സമകാലിക കേരളത്തിൽ ‘സമൂഹം’ (community), ‘ബന്ധുത്വം’, ‘അയൽപക്കം’ തുടങ്ങിയ പദങ്ങൾ നിരുപദ്രവകരമല്ല. ഇവയെ മഹത്വവൽക്കരിക്കുന്നതിലൂടെ ജാതി-മത സ്വത്വങ്ങളുടെ മൂർച്ചകൂടാനുള്ള അപകടസാധ്യതകളെ കൂടി മനസ്സിലാക്കണം. പരിചരണം നൽകുന്നതിൽ ജാതി, മതഗ്രൂപ്പുകളുടെ പ്രാധാന്യം മതേതര സാമൂഹിക ഘടനയുടെ ശിഥിലീകരണത്തെ ത്വരിതപ്പെടുത്തും. വിരമിച്ചവർക്കായുള്ള ഗേറ്റഡ് കമ്മ്യൂണിറ്റികളുടെ പ്രവണത ഇതിനകം തന്നെ സമ്പന്നരായ വരേണ്യവർഗത്തെ ലക്ഷ്യമിടുന്നതാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ജാതി-മതബന്ധങ്ങളുടെ സാമൂഹിക പുനരുൽപാദനത്തിനുള്ള വേദികളായാണ് ഈ ഇടങ്ങൾ പ്രവർത്തിക്കുന്നതെന്ന് കാണാം. കേരളത്തിൽ വിഭാഗീയത അതിവേഗം സാമാന്യവല്കരിക്കുന്ന സാഹചര്യത്തിൽ, സമ്പന്നർക്കായുള്ളത് എന്നതിനപ്പുറം വരേണ്യവർഗങ്ങൾക്കുള്ള എക്സ്ക്ലൂസീവ് ഇടങ്ങളായാണ് ഇവ നിലനിൽക്കുന്നത് (ഉദാഹരണത്തിന് സസ്യാഹാരം മാത്രമുള്ള ഇടങ്ങള്‍, സമൂഹത്തിലെ വരേണ്യരുടെ സൗന്ദര്യാത്മക (aesthetic) അഭിരുചികൾക്ക് അനുസൃതമായി പരിപാടികൾ സംഘടിപ്പിക്കപ്പെടുന്ന ഇടങ്ങള്‍ എന്നിങ്ങനെ).


കോർപ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്തം
തീർച്ചയായും സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ (Corporate Social Responsibility) ഭാഗമായി കോർപറേറ്റുകൾ സൗജന്യ സേവനങ്ങൾ നൽകിയേക്കാം. പക്ഷേ, വിമർശനാത്മകമായി സമീപിക്കുന്ന പഠനങ്ങൾ (critical philanthropy studies) കോർപറേറ്റുകളുടെ സാമൂഹിക ഇടപെടലുകളെ ലാഭം കൊയ്യാനുള്ള തന്ത്രങ്ങളിൽ ഒന്ന് മാത്രമായാണ് മനസ്സിലാക്കുന്നത്. ഉപഭോഗ സമൂഹത്തെ തങ്ങളുടെ സാമൂഹിക പരിപാടികളിലൂടെ പ്രീതിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടും നിലവിലുള്ള ഭരണസംവിധാനത്തിന്റെ നയങ്ങൾക്ക് അനുസൃതമായുമാണ് സി.എസ്.ആർ നയങ്ങൾ രൂപപ്പെടുന്നത്. വിപണിയിലെ ലാഭം കാണാതെ സാമൂഹിക ക്ഷേമപരിപാരികളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പണം ചെലവാക്കാൻ സാധ്യത കുറവാണ്. അപ്പോൾ, ലാഭമില്ലാതെ വന്നാൽ കൊട്ടിഘോഷിച്ച് തുടങ്ങിയ വേഗതയിൽ, പരിപാടികൾ നിർത്താനും അവർ മടിക്കില്ല.
മുതിർന്ന പൗരർ അവരുടെ പരിചരണത്തിനായി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അസ്ഥിരമായ ഔദാര്യത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് ഇതിലെ മൂല്യാധിഷ്ടിത്മായ ആശങ്ക. ഇതിന് വിപരീതമായി, സംസ്ഥാനമാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെങ്കില്‍, പരിചരണത്തിന് തുടർച്ച ഉറപ്പാക്കാം. മുഖ്യമായും, പരിചരണം ഒരു അവകാശമായി മാറുന്നു. ഉദാഹരണത്തിന്, വയോജനങ്ങൾക്കായി ആരംഭിക്കുന്ന പകൽവീട് പദ്ധതിയെ പരിഗണിക്കാം. പൊതുമേഖലയുടെ നേതൃത്വത്തിൽ ഇത്തരം ഡേകെയർ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ അവ സൗജന്യമായിരിക്കുകയും കൂടുതൽ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പ്രപ്യമാകുകയും ചെയ്യും. എന്നാൽ സംസ്ഥാനം പിൻവാങ്ങുന്ന സാഹചര്യത്തിൽ ഇതേ കേന്ദ്രങ്ങൾ കോർപ്പറേറ്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്നതാണെന്ന് സങ്കൽപ്പിക്കുക. അത്തരം സാഹചര്യത്തിൽ ഉയർന്ന ഫീസ് ഈടാക്കപ്പെടാൻ സാധ്യതയുണ്ട്.
പരിചരണ സമ്പദ്‌വ്യവസ്ഥയല്ല, പരിചരണ സമൂഹം
ചരക്കുവത്കരണത്തിലും വ്യക്‌തിവത്കരണത്തിലും പുറംതള്ളലിലും ഊന്നിയ കോർപ്പറേറ്റ് പരിചരണ വ്യവസ്ഥക്ക് ഒരു ബദൽ ഒരുക്കാൻ സർക്കാരിന് പ്രധാന പങ്കുണ്ട്. പ്രായമായവർക്ക് മികച്ച നിലവാരമുള്ള ഭവനങ്ങളും സേവനങ്ങളും ഭരണകൂടം തന്നെ ഒരുക്കുന്നതിലൂടെ മാത്രമേ വാർദ്ധക്യത്തെ സാമ്പത്തിക-ജാതി-മത അടിസ്ഥാനത്തിലുള്ള ഒറ്റപ്പെടലുകളുടെ ഇടങ്ങളായി വിഭജിക്കുന്ന മേൽസൂചിപ്പിച്ച പ്രവണതകളെ ഫലപ്രദമായി ചെറുക്കാൻ സമൂഹത്തിന് കഴിയൂ. ഈ വിമർശനങ്ങൾ വിപണികളെ പൂർണ്ണമായും നിരാകരിക്കുവാന്‍ ഉദ്ദേശിക്കുന്നവയല്ല. മനുഷ്യനാഗരികതയുടെ ആദ്യഘട്ടങ്ങൾ മുതൽ വിപണികൾ വഹിച്ചുവരുന്ന പ്രധാനപങ്കിനെ അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ സമകാലിക നവലിബറലിസത്തിന്റെ സവിശേഷത, പ്രാദേശിക സമൂഹങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന മുഖമില്ലാത്ത വലിയ കോർപ്പറേറ്റുകൾ പരിചരണ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, പരിചരണത്തെ ചരക്കുവൽക്കരിക്കുകയും കുത്തകവൽക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. അതിന് വിപരീതമായി, തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവർ ജീവനക്കാരായുള്ള പ്രാദേശിക പരിചരണ ദാതാക്കളുടെ ശൃംഖലകൾ പരിചരണം സ്വീകരിക്കുന്നവർക്ക് കൂടുതൽ ആശ്വാസകരമായിരിക്കും. അവർക്ക് കൂടുതൽ വ്യക്തിഗത പരിചരണം നൽകാനും പ്രാദേശിക വിഭവങ്ങൾ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും. അയൽപക്ക ചായക്കടകൾ, ഹെയർ ഡ്രെസ്സർമാർ, പലചരക്ക്കടകൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, പ്രാദേശിക ഓട്ടോറിക്ഷാ യൂണിയനുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ പ്രാദേശിക സമൂഹത്തിൽ വേരൂന്നിയ ബിസിനസുകളുടെ ശൃംഖല വീടിന് പുറത്തേക്കും വ്യാപിക്കുന്ന ഒരു പരിചരണാന്തരീക്ഷം സൃഷ്ടിക്കുക എന്നത് നിർണായകമാണ്.
പരിചരണ പ്രൊഫഷണലുകളെയും പരിചരണം സ്വീകരിക്കുന്നവരെയും പരമാവധി ലാഭം നേടുന്നതിനുള്ള കേന്ദ്രങ്ങളായി മാത്രം കാണുന്ന കോർപ്പറേറ്റുകൾക്കെതിരായ പ്രധാന പ്രതിരോധ ശക്തികളാണ് ഇത്തരം പ്രാദേശിക വിപണികൾ. കോർപ്പറേറ്റ് സ്ഥാപനങ്ങൾ പരിചരണരംഗം ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ ബദൽ ശബ്ദങ്ങൾ കേരളത്തിൽ ഉയരുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിലെ ഇടതുപക്ഷ ജനധിപത്യ മുന്നണി ഒരു തെരഞ്ഞെടുപ്പിൽ മാത്രമല്ല പരാജയപ്പെട്ടത്; വിപണി ശക്തികളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ വിശ്വസനീയമായ ഒരു ശബ്ദമെന്ന നിലയില്‍ പ്രവർത്തിക്കുന്നതിലും അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ‘ബിസിനസ് എളുപ്പമാക്കൽ’ (Ease of doing Business) സംബന്ധിച്ച പട്ടികകളിൽ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് കൊട്ടിഘോഷിക്കുകയും കോർപ്പറേറ്റ് വിഭാഗങ്ങളുമായി അടുപ്പം പുലർത്തുകയും ചെയ്ത മുൻസർക്കാരിലെ മുതിർന്ന നേതാക്കൾക്ക്, വിപണിയെ അമിതമായി വിശ്വസിക്കുന്നതിന്റെ പേരിൽ ഇപ്പോഴത്തെ സർക്കാരിനെ വിമർശിക്കാൻ കഴിയില്ല.


ഇടതുപക്ഷ ഭരണകാലത്ത് തന്നെയാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ ആശുപത്രികളെ വലിയ തോതിൽ ഏറ്റെടുത്തത് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള അനുഭവങ്ങൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ ലാഭേച്ഛയെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്നും, അവയെ നിയന്ത്രണമില്ലാതെ വിടുന്നത് ആരോഗ്യ പരിചരണത്തിലെ പരിമിതമായ സാമൂഹിക പ്രതിബദ്ധതകളെപ്പോലും ദുർബലപ്പെടുത്തുമെന്നും കാണിക്കുന്നു. കേരളവും ഇതിൽ നിന്ന് വ്യത്യസ്തമാകുമെന്ന് കരുതാൻ അടിസ്ഥാനമില്ല. സാമൂഹിക ക്ഷേമത്തിന്റെ ഒരു നിർണായക മേഖലയെ ഇത്തരമൊരു മുതലാളിത്ത മാതൃകയ്ക്ക് വിട്ടുകൊടുത്ത ഒരു സംവിധാനത്തിന്, പ്രായമായവരുടെ ജീവിതം ഉപഭോഗവസ്തുവായി മാറുന്നത് എങ്ങനെ തടയാൻ കഴിയും?
അതേസമയം, 2026-ലെവയോജനനയവും ബജറ്റും, 2025-ൽ വയോജന കമ്മീഷൻ രൂപീകരിച്ചതും, കൂടാതെ 2025-2026-ൽ കൊച്ചി, കോഴിക്കോട്, ഷൊർണൂർ എന്നീ മൂന്ന് തദ്ദേശഭരണങ്ങൾ ലോകാരോഗ്യ സംഘടനയുടെ (World Health Organization) വയോജനസൗഹൃദ നഗര ശൃംഖലയിൽ അംഗത്വം നേടിയതും, സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ വയോജന സൗഹൃദനയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇടതുപക്ഷ സർക്കാരിന്റെ പ്രധാന ഇടപെടലുകളായി ചൂണ്ടിക്കാണിക്കാം. പക്ഷേ, ഇതിൽ ഒന്നും വിപണി കേന്ദ്രീകൃത സമീപനത്തിന് പകരമായ കാഴ്ചപ്പാട് കാണാൻ സാധിക്കില്ല. പ്രധാനപ്പെട്ട നയപ്രമാണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന ഇമേജുകൾ അബദ്ധങ്ങളല്ല. മറിച്ച്, പ്രകടിപിക്കാത്ത രാഷ്ട്രീയ വിശാസങ്ങളെയാണ് അവ സൂചിപ്പിക്കുന്നതും തുറന്നു കാട്ടുന്നതും. സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിന്റെ കവർ പേജിൽ വയോജനനയം ചിത്രീകരിക്കാൻ തെരഞ്ഞെടുത്തത് പ്രത്യക്ഷത്തിൽ സമ്പന്നരും കോർപ്പറേറ്റ് സേവനദാതാവിന്റെ പരിചരണം വാങ്ങാൻ കഴിവുമുള്ള പ്രായമായ ദമ്പതികളെയാണ്. എന്നാൽ, അങ്ങനെയുള്ള ജീവിത രീതിയില്ല ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടേത്. പകരം, കോർപ്പറേറ്റ് ആഡംബര പരിചരണ കേന്ദ്രങ്ങളോ വെൽനസ് സെന്ററുകളിലെ ചിലവോ താങ്ങാനാകാത്ത തൊഴിലാളി, മധ്യവർഗ വിഭാഗത്തിൽപ്പെട്ടവരാണ് വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഭൂരിഭാഗം ജനങ്ങളും. ഇവരുടെ താൽപ്പര്യങ്ങളെയാണ് പുരോഗമന പ്രസ്ഥാനങ്ങൾ പ്രതിനിധീകരിക്കേണ്ടത്. വിപണിയുടെ നിഷ്ടുരതയെ ചെറുക്കുക എന്നതാണ് ഇടതുപക്ഷ പ്രവർത്തകരുടെയും പ്രസ്ഥാനങ്ങളുടെയും അടിയന്തരമായ ദൗത്യം. എന്നാൽ അതിന്, സ്വകാര്യ മൂലധനത്തിന്റെ സ്വാധീനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വ്യക്തവും ശക്തവുമായ രാഷ്ട്രീയ നിലപാട് കൂടാതെ, വ്യക്തിവൽക്കരണത്തെ നിരസിക്കുകയും മനുഷ്യരുടെ പങ്കിട്ട ദുർബലതകളെ അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളുടെ കൂട്ടായസംഘാടനവും അനിവാര്യമാണ്. ഒരുപക്ഷേ, കേരളത്തിലെ പ്രായമായവരുടെ വർധിക്കുന്ന എണ്ണവും, അവരുടെ പരിചരണത്തിനുള്ള തയ്യാറെടുപ്പും, വെറും ‘ക്ലിഷേ’കളായി പരിണമിച്ച സമത്വം സെക്കുലറിസം എന്ന പുരോമാഗമന മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാനത്തെ അവസരം ആയിരിക്കാം.
(ലേഖകൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ അസോസിയേറ്റ് പ്രൊഫസറും ജേർണൽ ഓഫ് ബിസിനസ് എത്തിക്സ്, സെക്ഷൻ എഡിറ്ററുമാണ്).
(Translation Assistance: Sanoop Suresh M.V, Urban Fellow, Kerala Institute of Local Administration- KILA)

