“വലിയ വള്ളങ്ങളടക്കം അഞ്ച് ആറ് മാസമായി കെട്ടിയിട്ടിരിക്കയാണ്. എന്തിന് പോണ്? പോയാൽ വല്ലതും കിട്ടണ്ടേ? വള്ളത്തില് മീൻ പിടിക്കാൻ പോവുന്നവർക്ക് എന്തെങ്കിലും മെച്ചമുണ്ട്. അല്ലാത്തവരുടെ കാര്യം പോക്കാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പോയി. വെറുതെ കോട്ടവിട്ടിരിക്കായിപ്പോ…” എറണാകുളം വൈപ്പിൻ സ്വദേശിയായ മത്സ്യത്തൊഴിലാളി ജയൻ കാലാവസ്ഥാ വ്യതിയാനം മാറ്റിമറിച്ച തീരദേശ ജീവിതത്തിന്റെ ചിത്രം വേദനയോടെ വിവരിച്ചു തുടങ്ങി.
“മഴയും കാറ്റും വന്നാൽ തീർന്ന്. തൊഴിൽ നഷ്ടത്തിന്റെ കണക്ക് എണ്ണുന്നതിലും എളുപ്പം ഒരു വർഷം തൊഴിൽ കിട്ടിയ ദിവസം എണ്ണുന്നതാണിപ്പോ. അത്രയും കുറവാണ് ആകെ കിട്ടിയ തൊഴിൽ. മഴയും കാറ്റും മാറിയാൽ ചൂട് കേറീട്ട് കടലീന്ന് ഒന്നും കിട്ടുന്നില്ല. ഇന്ധനവും ചെലവാക്കി പോയിട്ട് അതിന് മുടക്കിയ പൈസ പോലും തിരിച്ച് കിട്ടാത്ത ദിവസങ്ങളാണ് അധികവും. ഒരു ദിവസം 200 രൂപയെങ്കിലും കിട്ടാതെ പണിക്ക് പോണതുകൊണ്ട് എന്തെങ്കിലും കാര്യണ്ടോ? അതുപോലും കിട്ടാത്ത, നഷ്ടം മാത്രം സഹിക്കേണ്ട ദിവസങ്ങളാണ് മിക്കതും. ഈ മേഖല എതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കാ. ഇപ്പഴും തൊഴിലിൽ പിടിച്ച് നിൽക്കുന്ന പരമ്പരാഗത തൊഴിലാളികൾ എങ്ങനെ ജീവിക്കും?” കോഴിക്കോട് ബേപ്പൂർ സ്വദേശി പ്രേമൻ കരിച്ചാലിൽ ചോദിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ പെയ്ത പെരും മഴയിലും കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിലും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതവണ വെള്ളക്കെട്ടിലായപ്പോൾ രക്ഷയ്ക്കെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. വലിയഴീക്കൽ മുതൽ അന്ധകാരനഴി വരെയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് കുട്ടനാട്ടിൽ വള്ളങ്ങളുമായെത്തി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. വെള്ളക്കെട്ടിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിക്കാനും ദിവസങ്ങളോളം അവർ മുൻകൈയെടുത്തു. വെള്ളമിറങ്ങുന്നതുവരെ കാവൽക്കാരായും രക്ഷകരായും അവിടെ തങ്ങി. 2018ലെ പ്രളയകാലത്ത് പുഴ കരകവിഞ്ഞ് ഒഴുകിയ ഇടങ്ങളിലെല്ലാം നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളാണ് കർമ്മനിരതരായി ഉണ്ടായിരുന്നത്. മത്സ്യഫെഡിൽ നിന്നോ ഫിഷറീസ് ഓഫീസിൽ നിന്നോ ഒരു വിളി വന്നാൽ ഉടൻ വള്ളങ്ങൾ ലോറിയിൽ കയറ്റി ദുരിതബാധിത പ്രദേശങ്ങളിലെത്തുന്ന മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ ‘രക്ഷാ സൈന്യം’ എന്ന പേരിൽ വാഴ്ത്തപ്പെട്ടു. ജീവൻ പണയപ്പെടുത്തിയും വള്ളങ്ങൾക്കുണ്ടായ കേടുപാടുകൾ പോലും അവഗണിച്ചും രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കേരളം ഒന്നടങ്കം പ്രശംസിച്ചു. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികൾക്ക് ‘ബിഗ് സല്യൂട്ട്’ നൽകി. പ്രളയകാലം പതിവായതോടെ ഈ സേവനം സ്ഥിരമായി. “ഒരാൾ പോലും അപകടത്തിൽപ്പെടാതെ രക്ഷിക്കാൻ ഞങ്ങളുണ്ട്. ഒന്നും പ്രതീക്ഷിച്ചല്ല ഇറങ്ങുന്നത്. ഞങ്ങൾക്ക് ഇതുകൊണ്ട് ഒരു മെച്ചവുമുണ്ടായിട്ടല്ല. ആപത്തിൽപ്പെടുന്നവരെ രക്ഷിക്കുക എന്നത് മനുഷ്യർ മനുഷ്യരോട് ചെയ്യേണ്ട കടമയാണ്. അതിന് ഞങ്ങൾ എന്തായാലും ഉണ്ടാകും. ഒരു മടിയുമില്ലാതെ മുന്നിത്തന്നെ നിൽക്കും.” ഇതുപറയുമ്പോൾ മത്സ്യത്തൊഴിലാളിയായ ജയന്റെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
അതെ, കാലാവസ്ഥാ മാറ്റവും കോവിഡും സൃഷ്ടിച്ച തൊഴിൽ നഷ്ടങ്ങൾക്കിടയിലും കേരളം മുങ്ങിത്താഴാതിരിക്കാൻ മനസ്സ് കാണിച്ചവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ. എന്നാൽ ആദരവോടെ നൽകിയ ‘ബിഗ് സല്യൂട്ടുകൾ’ക്കപ്പുറം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കേരളം എങ്ങനെയാണ് പരിഗണിച്ചിട്ടുള്ളത്? കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥയും തൊഴിൽ സാഹചര്യവും അവരുടെ ജീവിതത്തെ ഏത് തരത്തിലാണ് മാറ്റിയിരിക്കുന്നത്? “അത് ആർക്കും അറിയണ്ട. ഞങ്ങൾ എല്ലാവർക്കുമായി എത്തും. പക്ഷെ ഞങ്ങൾക്ക് ഒരു ആവശ്യം വന്നാൽ, വിഷമമുണ്ടായാൽ ആരുമുണ്ടാവില്ല. മത്സ്യത്തൊഴിലാളി രക്ഷകനാണെന്ന് അഭിമാനത്തോടെ പറയുന്നവർക്ക് അവന്റെ വീട്ടിൽ അടുപ്പെരിയുന്നുണ്ടോ എന്ന് അറിയണ്ട.” ആലപ്പുഴ തോട്ടപ്പിള്ളിയിലെ മത്സ്യത്തൊഴിലാളിയായ ഷിനോയ് പറയുന്നു.
അന്തമില്ലാത്ത മുന്നറിയിപ്പുകൾ
‘മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ്; കേരള തീരത്ത് നിന്നും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.’ കാലാവസ്ഥാ പ്രവചനത്തിന്റെ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾക്കൊപ്പം പതിവായി കേൾക്കാറുള്ള ഒരു വാചകമാണിത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വരെ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും പതിവായതോടെ ഈ ജാഗ്രതാ നിർദ്ദേശവും ഇന്ന് തുടരെത്തുടരെ കേൾക്കുന്ന ഒന്നായി മാറി. ഇത്തരം ആവർത്തിക്കപ്പെടുന്ന അലർട്ടുകളും കടലിൽ പോവരുതെന്ന പതിവ് മുന്നറിയുപ്പുകളുമാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇന്ന് നിയന്ത്രിക്കുന്നത്. 2017ലെ ഓഖി ചുഴലിക്കാറ്റിന് ശേഷം കടൽക്ഷോഭത്തിന്റെ പേരിൽ ജോലിക്ക് പോകരുതെന്ന മുന്നറിയിപ്പുകൾ തുടർച്ചയായി നേരിടേണ്ടി വന്ന കാലമായിരുന്നു കടലോര ജനതക്ക്. ഓഖി ചുഴലിക്കാറ്റ് പ്രവചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ്(ഐ.എം.ഡി) ന് സംഭവിച്ച വീഴ്ചകൾ വിവാദമായതിനെ തുടർന്ന് മുൻകരുതൽ സംവിധാനങ്ങൾ സർക്കാർ ശക്തമാക്കുകയുണ്ടായി. ഓഖിയിൽ ഇരുന്നൂറിലേറെ മനുഷ്യ ജീവനുകൾ ആഴക്കടലിൽ പൊലിയാനുള്ള കാരണം കാലാവസ്ഥാ പ്രവചനത്തിന്റെ പരാജയവും മുന്നറിയിപ്പുകൾ സമയബന്ധിതമായി മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിനുള്ള ആശവിനിമയ സംവിധാനത്തിന്റെ അപാകതയും ആണെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ പരാതിയെ മറികടക്കുന്നതിനായി, കാലാവസ്ഥാ പ്രവചനത്തിൽ അത്ര കൃത്യതയില്ലെങ്കിൽ പോലും കൊടുങ്കാറ്റുകളെയും ന്യൂനമർദ്ദങ്ങളെയും കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശം സമയോചിതമായി നൽകുന്നത് പതിവായി. 2017ന് ശേഷം അതിന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്നത് കേരള തീരത്ത് അടിയ്ക്കടിയുള്ള സംഭവമായി മാറുകയും ചെയ്തു. ഈ രണ്ട് സാഹചര്യവും മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിച്ചു. കൃത്യതയില്ലാത്ത മുന്നറിയിപ്പുകളും കടലിൽ പോകുന്നതിനുള്ള വിലക്ക് പിൻവലിക്കുന്നതിൽ വരുന്ന കാലതാമസവും തീരദേശഗ്രാമങ്ങളെ വറുതിയിലേക്ക് തള്ളിവിട്ടു.
“ഈ മുന്നറിയിപ്പ് കിട്ടിയാൽ കഞ്ഞിക്കലത്തിൽ രണ്ടിടങ്ങഴി അരി വീഴുന്നതിന് പകരം ഒരിടങ്ങഴിയേ വീഴൂ. പക്ഷേ പോയ വർഷം ഈ മുന്നറിയിപ്പ് കിട്ടാത്ത സമയമേ ഉണ്ടായിട്ടില്ല എന്ന് പറയാം. ഏപ്രിൽ മാസം തുടങ്ങി നവംബർ അവസാനം വരേക്കും അത് തന്നെ. ന്യൂനമർദ്ദമോ, ചുഴലിക്കാറ്റോ ഉണ്ടാവും എന്ന് കേട്ടാൽ പേടിയാണ്. എന്നാൽ അത് ഒഴിഞ്ഞിട്ട് നേരവുമില്ല.” ഷിനോയ് പറയുമ്പോൾ മനസ്സിലുള്ള അസ്വസ്ഥത പ്രകടമായിരുന്നു.
അന്തമില്ലാത്ത കാലാവസ്ഥ
സമുദ്രോപരിതലത്തിലെ താപനില വർദ്ധിക്കാൻ തുടങ്ങിയതോടെ ദക്ഷിണേന്ത്യൻ തീരങ്ങളിലും ചുഴലിക്കാറ്റുകൾ പതിവായിത്തീർന്നിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രത്യേകിച്ച് അറബിക്കടലിൽ ചൂട് അതിവേഗം വർദ്ധിക്കുകയാണെന്നാണ് കാലാവസ്ഥാ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചൂട് കൂടും തോറും ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും കൂടുന്നു. അറബിക്കടൽ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രമായി മാറുന്നത് കേരള തീരത്തെയാണ് ഏറ്റവും തീവ്രമായി ബാധിക്കാൻ പോകുന്നതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രൂപപ്പെട്ട വായു, ഹിക്ക, ക്യാർ, മഹാ, ടൗട്ടെ, നിസർഗ തുടങ്ങിയ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ ഉണ്ടാകുന്ന ചുഴലികളുടെ ആവൃത്തിയും തീവ്രതയും കൂടുന്നതിന്റെ തെളിവാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റുകളെല്ലാം തീവ്ര ചുഴലിക്കാറ്റുകളായിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ. ഈ ചുഴലിക്കാറ്റുകൾ പ്രവചിക്കപ്പെട്ട സമയത്തെല്ലാം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്ന സമയത്തും ഈ വിലക്കുകൾ തുടർന്നു. വടക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന തീവ്രന്യൂനമർദ്ദം തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ തീരത്തേക്കുള്ള പ്രവാഹത്തെ ശക്തിപ്പെടുത്തുന്നതായാണ് അനുഭവപ്പെടാറുള്ളത്. അതിനാൽത്തന്നെ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദങ്ങളും കേരള തീരത്തെ പതിവായി നിശ്ചലമാക്കുന്നു.
“കാറ്റും കോളും നിറഞ്ഞ കാലം. ഇങ്ങനെയൊരു കടലിനെ ഞങ്ങൾ കണ്ടിട്ടേയില്ല. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആകെ നാല് ദിവസമാണ് കടലിൽ പണിക്കിറങ്ങിയത്. ഒരു മാസം വറുതിയിലായാൽ അടുത്ത മാസം അതിനെ അതിജീവിക്കാമെന്ന ധൈര്യം ഇത്രയും കാലം ഉണ്ടായിരുന്നു. ഇപ്പോ അതുമില്ല. കടലിൽ ബോട്ടിറക്കാനേ പറ്റുന്നില്ല. പിന്നെ എങ്ങനെ വറുതിയിൽ നിന്ന് കേറും.” ഷിനോയ് തുടർന്നു.
തുടർച്ചയായ കടൽക്ഷോഭവും കാറ്റും മഴയും കാരണം കേരളത്തിലെ ഒട്ടുമിക്ക തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾക്കും കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ കടലിൽ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മഴ മാറിയതോടെ ചൂട് വല്ലാതെ കൂടുകയും മീനുകൾ അനുയോജ്യമായ താപനിലയുള്ള ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്തതും തൊഴിലാളികളുടെ ദുരിതം വർദ്ധിപ്പിച്ചു. ‘നല്ല കോള്’ കിട്ടേണ്ട മൺസൂൺ കാലത്ത് തീരത്ത് അടുക്കിവച്ചിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും നോക്കിയിരിക്കാൻ മാത്രമേ പോയ വർഷം ഇവർക്ക് കഴിഞ്ഞിട്ടുള്ളൂ. സീസൺ ലക്ഷ്യമിട്ട് വള്ളങ്ങളുടെ അറ്റകുറ്റപണികൾ തീർത്തും വലകളുടെയും എഞ്ചിനുകളുടെയും കേടുപാടുകൾ തീർത്തും തയ്യാറായിരുന്ന തീരനിവാസികൾ മീൻപിടിക്കാൻ കഴിയാതായതോടെ കടക്കെണിയിലായി. ബ്ലേഡുകാരിൽ നിന്നും കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയും സ്വർണ്ണം വിറ്റും പണയപ്പെടുത്തിയുമെല്ലാമാണ് വള്ളവും വലയും ഒരുക്കാനുള്ള ലക്ഷക്കണക്കിന് രൂപ ഇവർ കണ്ടെത്തിയത്. തൊഴിലില്ലാതായതോടെ കടം വീട്ടാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ബുദ്ധിമുട്ടുകയാണ് ഇവരിപ്പോൾ.
അന്തമില്ലാത്ത സംവിധാനങ്ങൾ
“ഈ കാറ്റ്, മഴ എന്നൊക്കെപ്പറഞ്ഞ് വിലക്കുന്നതിന്റെ ദുരിതം മുഴുവൻ അനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികൾ മാത്രമാണ്. ഒരു ദിവസം ഇത്ര കിലോമീറ്ററിൽ കാറ്റ് വീശിയടിക്കും എന്ന കണക്ക് സർക്കാരിന്റെ പല ഏജൻസികളും മുന്നറിയിപ്പായി ഞങ്ങൾക്ക് തരുന്നു. മൂന്നും നാലും ദിവസം കടലീ പോവുന്നവർക്ക് ചിലപ്പോൾ ഇത് ഉപകാരപ്പെട്ടേക്കാം. എന്നാൽ ഏത് സമയത്ത് എത്ര കാറ്റ് അടിക്കും എന്ന കൃത്യമായ കണക്ക് തരുന്നതിൽ ഇവർ പരാജയപ്പെടുന്നു. അങ്ങനെ പറയാൻ കഴിയുന്നെങ്കിൽ മാത്രമേ ദിവസും കടലീ പോണ ഞങ്ങൾക്ക് അതുകൊണ്ട് ഉപകാരമുള്ളൂ. മുന്നറിയിപ്പ് കണ്ട് കടലീ പോവാത്തവർക്ക് പട്ടിണിയും ദാരിദ്ര്യവും തന്നെ. പക്ഷേ ഞങ്ങളെപ്പോലുള്ള ചിലർ ജീവിക്കാൻ വേണ്ടി കാറ്റിന്റെ വേഗത മണിക്കൂറുകളിൽ നൽകുന്ന സ്വകാര്യ ആപ്പുകളെ ആശ്രയിച്ച് കടലീ പോവാറുണ്ട്. പലപ്പോഴും സർക്കാർ നൽകിയ വിവരം തെറ്റായിത്തീരുന്നതാണ് ഞങ്ങളുടെ അനുഭവം. പറയുന്ന കാറ്റോ മഴയോ ഒന്നും കടലിൽ പലപ്പോഴും സംഭവിക്കാറില്ല. ചിലപ്പോൾ ശരിയായെന്നും വരാം. പക്ഷേ സർക്കാരിനെ ധിക്കരിച്ച് പോയി എന്തെങ്കിലും സംഭവിച്ചാൽ അവര് തിരിഞ്ഞ് നോക്കത്തില്ല. ആ പേടി എല്ലാവർക്കും ഉണ്ട്. ഏറ്റവും കൃത്യമായ കണക്കുകൾ നൽകാനുള്ള സംവിധാനം ഉണ്ടായാൽ മാത്രമേ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പിടിച്ചുലച്ചിരിക്കുന്ന ഈ പ്രതിസന്ധി മറികടക്കാൻ പറ്റൂ.” തിരുവനന്തപുരം പുതിയതുറയിലെ മത്സ്യത്തൊഴിലാളി ബിജു ബേബിയുടെ വിമർശനം ഇങ്ങനെയായിരുന്നു. ഇത് ബിജു ബേബിയുടെ മാത്രം വിമർശനമല്ല. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പി(ഐഎംഡി)ന്റെ പ്രവചനത്തെക്കുറിച്ചും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചും കേരളത്തിലെമ്പാടും മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാപക പരാതിയുണ്ട്.
“എത്രയോ ദിവസം തൊഴിലില്ലാണ്ടിരുന്നു. ഓഖി വന്നതിന് ശേഷം കാറ്റെന്ന് കേട്ടാൽ ഇവിടാരും പുറത്തേ ഇറങ്ങത്തില്ല. വീട് നടത്തണ നമ്മുടെ ബുദ്ധിമുട്ട് കാരണം ചിലപ്പോഴെങ്കിലും കടലീ പോവാൻ ഇവരോട് പറയും. കാറ്റിന്റെ കൂടെപ്പോയി മരിക്കാൻ പറ്റുവോ എന്നാണ് അവരുടെ ചോദ്യം. ഒരു തരത്തിലും കരകയറാൻ പറ്റാത്ത ജീവിതമാണിപ്പോൾ. മഴയും കാറ്റും ഉള്ളപ്പോൾ ഉള്ളവരുടെ കയ്യിൽ നിന്നെല്ലാം കടം വാങ്ങിക്കും. പിന്നെ പണിക്ക് പോയി വീട്ടാം എന്ന് കരുതും. ഇപ്പോ പണി തുടങ്ങിയാലും അതിന് ഒക്കുന്നില്ല. കടലിൽ പോയാൽ മീനുണ്ടെങ്കിൽ കയ്യിൽ എന്തെങ്കിലും വരും, ഇല്ലെങ്കിൽ ഇല്ല. മണ്ണെണ്ണ ചെലവിന് പോലും അത് പോര. പിന്നെ ഞങ്ങള് പെണ്ണുങ്ങള് ചന്തയിൽ പണിക്ക് പോയും തൊഴിലുറപ്പിന് പോയും തയ്ച്ച് കൊടുത്ത് പൈസയുണ്ടാക്കിയും ഒരു വിധം വീട് നടത്തിക്കൊണ്ട് പോണ്.” തിരുവനന്തപുരം പുതിയതുറ സ്വദേശി ജൂലിയറ്റിന്റെ പ്രതികരണത്തിലും നിരാശ പ്രകടമായിരുന്നു.
കാറ്റും മഴയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചാൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം ഒഴിവാക്കാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രധാനമായും നൽകുന്നത് കേരള ദുരന്ത നിവാരണ അതോറിറ്റിയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇപ്പോഴുള്ളതിൽ നിന്ന് മെച്ചപ്പെട്ട സേവനം നൽകാൻ സംവിധാനങ്ങൾ പര്യാപ്തമല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ തന്നെ സമ്മതിക്കുന്നു. അതോറിറ്റി ഉദ്യോഗസ്ഥൻ പ്രദീപ് പറയുന്നു, “മത്സ്യത്തൊഴിലാളികളുടെ പരാതി പൂർണ്ണമായും ശരിയാണ്. എന്നാൽ ഇത് ദുരന്ത നിവാരണ അതോറിറ്റിയുടെ കൈയിൽ മാത്രം നിൽക്കുന്ന കാര്യമല്ല. അതോറിറ്റി മുന്നറിയിപ്പുകൾ സ്വന്തമായി ജനറേറ്റ് ചെയ്യുന്നില്ല. രാജ്യത്തുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ അനുസരിച്ച് ഹൈദരബാദിലുള്ള കേന്ദ്ര സമുദ്ര പഠന വിഭാഗം (ഇൻകോയ്‌സ്) ആണ് കടലുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നത്. അനുബന്ധമായി മഴയുടെ അറിയിപ്പ് ഐ.എം.ഡിയും നൽകുന്നു. അവർ നൽകുന്ന മുന്നറിയിപ്പുകൾ താഴേത്തട്ടിലേക്ക് നൽകുക മാത്രമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് രാവിലെ 11 മണിക്കും ഉയർന്ന തിരമാല സംബന്ധിച്ച അറിയിപ്പ് വൈകിട്ട് നാല് മണിയോടെയുമാണ് പുറപ്പെടുവിക്കാറുള്ളത്. വ്യക്തതയുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനോ സസൂക്ഷ്മമായി സാഹചര്യത്തെ വിലയിരുത്തുന്നതിനോ കഴിയുന്ന ടെക്‌നോളജി ഇന്നും ഇല്ല എന്നത് യാഥാർഥ്യമാണ്. ഓഖി കഴിഞ്ഞത് മുതൽ ഡോപ്ലോ റഡാർ ഉപയോഗിച്ച് ഹൈ-എൻഡ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം വേണമെന്ന് അതോറിറ്റി പല തവണയായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളും ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. എം.പി കോൺഫറൻസ് വഴി ഈ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതല്ലാതെ നടപടികൾ ഉണ്ടായിട്ടില്ല. ടെക്‌നോളജി ഇല്ലാത്തതിനാൽ കൃത്യതയിൽ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നുണ്ട്.”
മഴ പോയാലുമില്ല തൊഴിൽ
“കണക്ക് നോക്കിയാൽ വർഷത്തിൽ ശരാശരി 60 ദിവസത്തെ തൊഴിലാണ് പരമാവധി ഒരു തൊഴിലാളിക്ക് ഇപ്പോൾ കിട്ടുന്നത്. പണിക്ക് പോവാഞ്ഞിട്ടല്ല ഇത്. 200 ദിവസമെങ്കിലും തൊഴിലിന് പോവാൻ ശ്രമിക്കും. പക്ഷെ 140 ദിവസവും കടമായിട്ടാണ് തിരിച്ച് വരിക.” തൃശൂർ തൃപ്രയാർ സ്വദേശിയായ മത്സ്യത്തൊഴിലാളി പി.വി ജനാർദ്ദനൻ പറഞ്ഞു. വർദ്ധിച്ച ഡീസൽ, മണ്ണെണ്ണ വിലയാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വലിയ പ്രതിസന്ധി. അതിനൊപ്പം കടലിൽ മീൻ ലഭ്യത കുറഞ്ഞത് കടം ഇരട്ടിപ്പിക്കുന്നു. വലിയ യാനങ്ങളിൽ ശരാശരി 30,000 മുതൽ 35,000 രൂപ വരെ ഡീസലിന് മാത്രം ചെലവ് വരുന്നുണ്ട്. ഏറ്റവും പ്രതിസന്ധിയിലായത് മണ്ണെണ്ണ ഉപയോഗിക്കുന്ന ചെറുകിട വള്ളങ്ങളും ബോട്ടുകളുമാണ്.
“മുമ്പ് ലിറ്ററിന് 30 രൂപയ്ക്ക് കിട്ടിയിരുന്ന മണ്ണെണ്ണയ്ക്ക് ഇന്ന് ലിറ്ററിന് 110 രൂപയാണ്. വള്ളമോ ബോട്ടോ ഒരു ദിവസം പോയിട്ട് വരണേ പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപയുടെ വരെ മണ്ണെണ്ണ വേണം. പക്ഷെ തിരിച്ച് അതിനനുസരിച്ചുള്ള മീൻ കടലീന്ന് കിട്ടുന്നില്ല.” ജൂലിയറ്റ് പറയുന്നു. “മുമ്പ് നാവിഗേറ്ററോ എക്കോ സൗണ്ടറോ ഇല്ലാതിരുന്നപ്പോൾ പോലും മീൻ എവിടെ കിട്ടും എന്ന് ഞങ്ങൾക്ക് അറിയാരുന്നു. പക്ഷേ ഇപ്പോ എവിടെ വലയെറിഞ്ഞാലും കണക്കാണ്. എല്ലാം കഴിഞ്ഞ് 500 രൂപ കയ്യിൽ കിട്ടിയെങ്കിലായി.” തിരുവനന്തപുരം പുതിയതുറയിലെ ബിജു ബേബിയും പങ്കുവയ്ക്കുന്നത് സമാനമായ ആശങ്ക.
കാലാവസ്ഥാ വ്യതിയാനവും കടലിലെ താപനിലയിൽ ഉണ്ടായ മാറ്റങ്ങളുമാണ് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി മിക്ക പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ വിഭവപരിമിതി തിരിച്ചറിഞ്ഞ് അനധികൃത മത്സ്യബന്ധനവും ചൂഷണവും തടയാൻ സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതി പറയുന്നു. പെലാജിക് വലകളുടെ ഉപയോഗമുൾപ്പെടെ നിരോധിക്കണമെന്നും കടലിനെ ചൂഷണം ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. “പകരം പരമാവധി ഉപദ്രവിക്കാനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. 15 വർഷം പഴക്കമുള്ള ഇരുമ്പ് ബോട്ടുകളും 12 വർഷം പഴക്കമുള്ള മരബോട്ടുകളും ഉപയോഗിക്കരുതെന്നാണ് സർക്കാർ തീരുമാനം. തൊഴിലില്ലാതെ, മീനില്ലാതെ പട്ടിണിയിലും കടത്തിലുമായ തൊഴിലാളികളേയും ബോട്ടുടമകളേയും ഈ തീരുമാനം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒരു പത്ത് ശതമാനമെങ്കിലും വായ്പയായിട്ട് പുതിയ ബോട്ടിനുള്ള സഹായം നൽകാൻ സർക്കാരിനാവുന്നുമില്ല. തൊഴിലില്ലെങ്കിലും മത്സ്യഫെഡിലേക്ക് കെട്ടാനുള്ള തുക ബോട്ടുകാരിൽ നിന്ന് മുടങ്ങാതെ വാങ്ങുന്നുണ്ട്. ലൈസൻസിനുള്ള ഫീസ് 9000 ആയിരുന്നത് 2018ൽ 52,000 ആക്കി. അത് കുറക്കണമെന്നാവശ്യപ്പെട്ടിട്ട് അനക്കമില്ല.” ബേപ്പൂരിലെ പ്രേമൻ പ്രതികരിച്ചു.
പെരുകുന്ന മൈക്രോ ഫിനാൻസ്
കോവിഡ് കാലത്ത് മത്സ്യബന്ധനം നിരോധിച്ചപ്പോൾ ജീവിതം വഴിമുട്ടിയെങ്കിലും പിന്നീട് പ്രതീക്ഷയുണർത്തുന്ന വിധം തൊഴിൽ സാഹചര്യം മാറിയിരുന്നു. എന്നാൽ ആ സമയത്താണ് കാലാവസ്ഥാ മുന്നറിയുപ്പുകളുടെ രൂപത്തിൽ അപ്രതീക്ഷിതമായ മറ്റൊരു ദുരന്തം അവരെ തേടിവന്നത്. ഈ സാഹചര്യം മുതലെടുത്ത് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ മത്സ്യമേഖലിൽ പെരുകുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു മേഖലയിൽ തന്നെ അഞ്ചോ ആറോ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ഇവർ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ചൂഷണം തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായ മത്സ്യത്തൊഴിലാളികൾ കൊള്ളപ്പലിശയ്ക്ക് ആ സ്ഥാപനങ്ങളെത്തന്നെ ആശ്രയിക്കുകയാണ്.
“കാലാകാലങ്ങളായി കടം പേറി ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. എന്നാലും പണിക്ക് പോയി കാശ് കിട്ടുമ്പോൾ അത് തിരിച്ചടക്കും. പണയം വച്ചതെല്ലാം തിരിച്ചെടുക്കും. പണിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് കടം വാങ്ങുന്നത്. പക്ഷേ ഇപ്പോൾ തീരനിവാസികൾക്കിടയിൽ വലിയ കൊള്ള നടക്കുകയാണ്. അഞ്ചോ ആറോ മൈക്രോ ഫിനാൻസ് സംവിധാനങ്ങളുണ്ട്. ഒന്നിൽ നിന്ന് കടമെടുത്ത് മറ്റേതിൽ അടക്കും. അങ്ങനെ കടം മേടിച്ച്, കടം തീർത്ത്, പിന്നേയും കടം മേടിച്ച്… അങ്ങനെ പോവുകയാണ് മത്സ്യത്തൊഴിലാളികൾ. പലിശക്കാരുടെ വലിയ ശൃംഖലയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും. ചെറിയ മീനിട്ട് വലിയ മീനുകളെ പിടിക്കാനാണ് പലിശക്കാരും ഉദ്ദേശിച്ചിരിക്കുന്നത്. തിരിച്ചടവിന് വേറെ വഴിയെന്തുണ്ട്? കാറ്റ്, മഴ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കടലിലേക്ക് ഇറക്കില്ല. ഞങ്ങളുടെ സുരക്ഷിതത്വമാണ് അവർ പറയുന്നത്. അത് അംഗീകരിക്കുന്നു. പക്ഷേ അതോടെ മുഴുപ്പട്ടിണിയിലായ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?” എറണാകുളം മുനമ്പം സ്വദേശിയായ സൈജു വിൽസൺ ചോദിക്കുന്നു.
ഇന്ധനവില കുതിച്ചുയർന്നതോടെ ചെറുകിട ബോട്ടുകളും വള്ളങ്ങളുമാണ് ഏറെ പ്രതിസന്ധിയിലായത്. 10-15 പേർ ജോലി ചെയ്തിരുന്ന ബോട്ടുകൾ തീരത്ത് ഒതുക്കി, ഒന്നും രണ്ടും പേർ ജോലി ചെയ്യുന്ന ചെറിയ വള്ളങ്ങളിലേക്ക് മത്സ്യബന്ധനം മാറുന്ന കാഴ്ചയാണ് പല തെക്കൻ ജില്ലകളിലും ഇപ്പോൾ കണ്ടുവരുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം തെർമോക്കോൾ ഉപയോഗിച്ചുള്ള വള്ളങ്ങൾ നാലായിരത്തോളമുണ്ട് എന്ന കണക്ക് ഇതിന് തെളിവാണ്.
പ്രതീക്ഷകളോടെ തീരജനത
“സങ്കീർണ്ണമായ പ്രശ്‌നങ്ങളാണ് കടലുമായി ബന്ധപ്പെട്ട് നമ്മൾ നേരിടുന്നത്. അതിന് പരിഹാരം അത്ര എളുപ്പമല്ല. എന്നാൽ പരിഹാരം കണ്ടെത്താതെ മുന്നോട്ടുപോവാനുമാവില്ല. ചെറുകിട മത്സ്യബന്ധന മേഖലയാണ് വലിയ തോതിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നത്. എഫ്.ഐ.ഒ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് കാര്യങ്ങൾ നീക്കിയാൽ ഒരു പരിധിവരെ പ്രശ്‌നങ്ങൾ പരിഹരിക്കാം. കടൽത്തീരത്തിന്റെ അവകാശം ഉൾപ്പെടെ, സ്വത്തവകാശം സംബന്ധിച്ച നിർദ്ദേശങ്ങളടക്കം ആ ഗൈഡ്‌ലൈനിലുണ്ട്. എന്നാൽ അതൊന്നും നടപ്പാക്കുക അത്ര എളുപ്പമല്ല. ഇന്ത്യ ഗൈഡ്‌ലൈൻ അംഗീകരിച്ച രാജ്യമാണ്. പക്ഷെ അതനുസരിച്ചുള്ള നിയമനിർമ്മാണം ഉണ്ടായിട്ടുമില്ല.” സമുദ്രമേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്ന വിദഗ്ദ്ധനായ എ.ജെ വിജയൻ ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്ടം അനുഭവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ നിലവിലെ മുഖ്യ ആവശ്യം. “പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളായുള്ളത്. ലക്ഷക്കണക്കിനാളുകളുള്ളതിനാൽ വ്യക്തിപരമായി എല്ലാവരുടേയും പട്ടിണി മാറ്റാൻ സർക്കാരിന് കഴിയില്ല. പക്ഷേ മത്സ്യമേഖലയ്ക്ക് ഒരു താങ്ങ് നൽകണമെന്ന് മാത്രമാണ് ഞങ്ങൾക്ക് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. ഇപ്പോൾത്തന്നെ നിരവധി പേർ തൊഴിലുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറി. എന്നാൽ കുലത്തൊഴിൽ ഉപേക്ഷിക്കാനാവാതെ നിരവധി മനുഷ്യർ ഇന്നും പ്രതീക്ഷയോടെ തുടരുകയാണ്. സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ മേഖല തന്നെ വൈകാതെ സമ്പൂർണ്ണമായി തകരും.” തൃപ്രയാറിൽ നിന്നും ജനാർദ്ദനൻ പങ്കുവച്ച ഈ ആശങ്കകൾ അശാന്തമായ കടലുപോലെ തീവ്രമായിരുന്നു.