രണ്ടാം ഭൂപരിഷ്‌കരണം ആര്‍ക്കുവേണ്ടി ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂപരിഷ്‌കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നാണ് പൊതുവില്‍ പ്രചരിച്ചുപോന്ന മുഖ്യധാരാ രാഷ്ടീയ വിശ്വാസം. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ ഒഴിപ്പിക്കലും പാട്ടബാക്കിയും തടഞ്ഞിരുന്നു. ആ സര്‍ക്കാര്‍ തയ്യാറാക്കി നിയമസഭ അംഗീകരിച്ച കാര്‍ഷികബന്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. പിന്നീട് ആര്‍. ശങ്കര്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ ബില്‍ സഭയില്‍ അവതരിപ്പിച്ചു. അത് നിയമമായി. 1969ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ ഈ നിയമം പരിഷ്‌കരിച്ചു. അതാണ് 1970 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കപ്പെട്ട ഐതിഹാസികമായ ഭൂപരിഷ്‌കരണ നിയമം. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുകയും ചെയ്തതോടെ കേരളത്തിലെ ഭൂപ്രശ്‌നം അവസാനിച്ചുവെന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട്. ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ഇക്കാര്യം തുറന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍, മുഖ്യധാര രാഷ്ട്രീയക്കാരും പൊതുസമൂഹവും ഭൂരഹിതരെക്കുറിച്ച് സംസാരിക്കാറില്ല. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് ദലിതരും ആദിവാസികളും അടക്കമുള്ള ഭൂരഹിതര്‍ കുടുങ്ങിക്കിടന്നു. മിച്ചഭൂമി വിതരണത്തിന്റെ ഗുണഫലം ലഭിച്ചതാകട്ടെ ദലിത്-ആദിവാസി സമൂഹത്തിനായിരുന്നില്ല.

വി.ഡി സതീശന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം പൊളിച്ചെഴുതാനുള്ള നീക്കം തുടങ്ങിയെന്നാണ് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ സൂചിപ്പിച്ചത്. അതിന് മുഖ്യമന്ത്രി വി.ഡി സതീശന്‍ രണ്ടാം ഭൂപരിഷ്‌കരണം എന്നാണ് പേരിട്ടത്. ഇത് കേരളം വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത് ആര്‍ക്കുവേണ്ടി എന്നതാണ് ആദ്യ ചോദ്യം. എന്തിനുവേണ്ടി എന്നത് രണ്ടാമത്തെ ചോദ്യമാണ്. വര്‍ത്തമാനകാലത്തെ കേരളത്തിലെ ഭൂവുടമസ്ഥത എന്താണ്? ഈ സര്‍ക്കാരിന് മുന്നില്‍ രണ്ട് റിപ്പോര്‍ട്ടുകളാണ് നിലവിലുള്ളത്. ഒന്ന് 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പാട്ടമായി നല്‍കിയിരുന്ന ഭൂമി സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണം എന്ന റിപ്പോര്‍ട്ട്. റവന്യൂ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍ മുതല്‍ എം.ജി. രാജമാണിക്യം വരെ നടത്തിയ അന്വേഷണങ്ങളുടെ ക്രോഡീകരണമാണ് ആ റിപ്പോര്‍ട്ട്. ഐ.ജി ശ്രീജിത്ത്, മുന്‍ ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സജിത് ബാബു, ജസ്റ്റിസ് എല്‍. മനോഹരന്‍ തുടങ്ങിയവരെല്ലാം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രാജ്യമാണിക്യം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏതാണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ റിപ്പോര്‍ട്ട് റവന്യൂ വകുപ്പില്‍ പൊടിപിടിച്ചിരിക്കുകയാണ്. സര്‍ക്കാരിന് നയപരമായി തീരുമാനം എടക്കാന് കഴിഞ്ഞില്ലെന്നാണ് മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഒടുവില്‍ പറഞ്ഞത്. വിദേശതോട്ടം ഭൂമിയുടെ കാര്യത്തില്‍ ഡോ. തോമസ് ഐസക്കും ഭൂമി കൈവശം വെയ്ക്കുന്നവര്‍ക്കൊപ്പമാണ്. അതേസമയം തോട്ടം മുതലാളിമാരുടെ അസോസിയേഷന്‍ സര്‍ക്കാരന് നല്‍കിയ നിവേദന പ്രകാരം ഭൂപരിഷ്‌കരണ നിയമം പൊളിച്ചെഴുതണം. ഇത് വായിച്ചിട്ടാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഭൂപരിഷ്‌കരണം കാലഹരണപ്പെട്ട നിയമമാണെന്ന് പ്രഖ്യാപിച്ചത്.

ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന തോട്ടം. കടപ്പാട്:mediaone

ഭൂപരിഷ്‌കരണത്തിലൂടെ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭിച്ചില്ലെന്ന് ദലിത് സമൂഹം 1990കളോടെ തിരിച്ചറിഞ്ഞു തുടങ്ങി. ഈക്കാര്യത്തില്‍ പലതരത്തില്‍ പരിശോധനകള്‍ നടന്നു. അതിനെ തുടര്‍ന്നാണ് ആദിവാസകളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ കുടുല്‍കെട്ടി സമരം നടക്കുന്നത്. മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങി സമരങ്ങളെല്ലാം ഈ അന്വേഷണങ്ങളുടെ ഭാഗമായിരുന്നു. സംസ്ഥാനത്തെ ഗ്രാമ-നഗര പ്രദേശങ്ങളിലായി ആവാസകേന്ദ്രങ്ങളും തോട്ടങ്ങളുമടക്കം ആകെ 13.33 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണുള്ളത്. ഇതില്‍ 11.67 ലക്ഷം ഹെക്ടറും ഗ്രാമീണമേഖലയിലാണ്. ഇതിന്റെ അഞ്ച് ശതമാനത്തോളം വരുന്ന 54,000ല്‍ പരം ഹെക്ടര്‍ ഭൂമി മാത്രമാണ് ഇതുവരെ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, അതില്‍ത്തന്നെ 40,000ല്‍ പരം ഹെക്ടര്‍ ഭൂമി മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; 2010 ജൂണ്‍ വരെ വിതരണം ചെയ്യാനായത് 29,443 ഹെക്ടറും.

സംസ്ഥാനത്തെ 37 ശതമാനം കുടുംബങ്ങള്‍ക്കും 10 സെന്റോ അതില്‍ കുറവോ ഭൂമി മാത്രമേ സ്വന്തമായുള്ളൂ. ഭൂവുടമസ്ഥതയിലുള്ള ആകെ ഭൂമിയുടെ വെറും 3.4 ശതമാനം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. എന്നാല്‍, മറുഭാഗത്ത് വെറും 4.7 ശതമാനം വരുന്ന വന്‍കിട ഭൂവുടമകളുടെ കൈവശമാകട്ടെ, വാസസ്ഥലങ്ങള്‍ക്കും കൃഷിക്കുമുള്ള ആകെ ഭൂമിയുടെ 40 ശതമാനത്തോളമുണ്ട്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിന് ശേഷവും ഭൂമിയുടെ ഉടമസ്ഥതയും വിതരണവും ഇപ്പോഴും ചുരുക്കം ചിലരിലേക്ക് മാത്രം ചുരുങ്ങിനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

1970ലെ ഭൂപരിഷ്‌കരണത്തിലൂടെ പാട്ടക്കുടിയാന്മാരും കുടികിടപ്പുകാരുമായ 36 ലക്ഷത്തോളം ആളുകള്‍ക്ക് ഭൂമി സ്വന്തമായി ലഭിച്ചെങ്കിലും, ഭൂരിഭാഗം പേര്‍ക്കും അത് നിലനിര്‍ത്താനായില്ല. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ചെറിയ വിഭാഗം ആളുകള്‍ വന്‍തോതില്‍ ഭൂമി കൈയടക്കുകയാണുണ്ടായത്. ആകെയുള്ള 11.67 ലക്ഷം ഹെക്ടറില്‍ 4.46 ലക്ഷം ഹെക്ടര്‍ ഭൂമി മാത്രമാണ് കുടുംബങ്ങളുടെ കൈവശമുള്ളത്. ബാക്കി വരുന്ന 7.21 ലക്ഷം ഹെക്ടറും വ്യക്തികളുടെയോ കമ്പനികളുടെയോ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ്. പട്ടികജാതി പട്ടികവര്‍​ഗ വിഭാഗങ്ങളുടെ കൈവശമാകട്ടേ, എണ്ണത്തില്‍ വളരെ ചെറിയൊരു വിഹിതം ഭൂമി മാത്രമേ ഇപ്പോഴുമുള്ളൂ.

സെക്രട്ടേറിയറ്റിന് മുന്നിൽ 2001ൽ നടന്ന കുടിൽകെട്ടി സമരത്തിൽ നിന്നും. കടപ്പാട്:c saratchandran

നിയമം മറന്ന റവന്യൂ വകുപ്പ്

ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നമ്മള്‍ ഇന്ന് വായിക്കേണ്ടത് 2018ലെ സി.എ.ജി റിപ്പോര്‍ട്ടാണ്. ഇത് ഭൂപരിഷ്‌കരണ നടപടികളിലെ അട്ടിമറികള്‍ വ്യക്തമാക്കുന്ന വിലപ്പെട്ട രേഖയാണ്. എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിലെ റവന്യൂ വകുപ്പിന്റെ വീഴ്ചകളാണ്. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ റവന്യൂ വകുപ്പ് നിയമം മറന്നുവെന്നാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. പരിധിയില്‍ കവിഞ്ഞുള്ള ഭൂമിയുടെ സ്വകാര്യ കൈവശവും ഉടമസ്ഥതയും നിയന്ത്രിക്കുന്നതിനായാണ് 1963ല്‍ കേരള ഭൂപരിഷ്‌കരണ നിയമം (കെ.എല്‍.ആര്‍) നിയമസഭ പാസാക്കിയത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി, മറ്റ് ഓഫീസുകള്‍ക്ക് പുറമെ സംസ്ഥാനതലത്തില്‍ ഒരു സംസ്ഥാന ലാന്‍ഡ് ബോര്‍ഡും (എസ്.എല്‍.ബി) ഓരോ താലൂക്കിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളും (ടി.എല്‍.ബി) രൂപീകരിച്ചു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂപരിധിയുടെ വിസ്തീര്‍ണ്ണം ഭൂപരിഷ്‌കരണ നിയമത്തില്‍ കൃത്യമായി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി കാലാകാലങ്ങളില്‍ വിവിധ ഭേദഗതികളും കൊണ്ടുവന്നു. ഓരോ വിഭാഗത്തിനും കൈവശം വയ്ക്കാവുന്ന ഭൂപരിധി നിയമത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ അവിവാഹിതനായ വ്യക്തി അല്ലെങ്കില്‍ ഒരു അംഗം മാത്രമുള്ള കുടുംബം പരമാവധി 7.5 ഏക്കര്‍ (3.0331 ഹെക്ടര്‍), രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി 15 ഏക്കര്‍ (4.8562 ഹെക്ടര്‍), അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി 20 ഏക്കര്‍ (8.0917 ഹെക്ടര്‍), കൂട്ടുകുടുംബമല്ലാത്ത മറ്റേതൊരു വ്യക്തിയും പരമാവധി 15 ഏക്കര്‍ എന്നിങ്ങനെയായിരുന്നു വ്യവസ്ഥ.

ഭൂപരിധിയില്‍ അധികമായുള്ള ഭൂമി കൈവശം വയ്ക്കുകയോ അതിന്റെ ഉടമസ്ഥത സ്വന്തമാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരം മിച്ചഭൂമി ഉടമസ്ഥര്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കണം. ഭൂപരിധിയില്‍ കവിഞ്ഞ ഭൂമി ഉടമസ്ഥതയിലോ കൈവശത്തോ ഉള്ള ഏതൊരു വ്യക്തിയും, താന്‍ കൈവശം വച്ചിരിക്കുന്ന എല്ലാ ഭൂമിയുടെയും വിവരം ഉള്‍പ്പെടുത്തിയ പ്രസ്താവന സംസ്ഥാന ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിക്കണം. നിയമപ്രകാരം അനുവദനീയമായ ഇളവുകള്‍ കിഴിച്ച ശേഷവും പരിധിയില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍, അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിടണം. തുടര്‍ന്ന്, ഇളവ് നല്‍കിയ ഭൂമി പിന്നീട് ഏതെങ്കിലും രീതിയില്‍ തരംമാറ്റുകയാണെങ്കില്‍, ആ ഭൂമിയെ പുതിയതായി കൈവശപ്പെടുത്തിയതായി കണക്കാക്കി പുതിയ ഭൂപരിധി കേസ് ആരംഭിക്കണമെന്നാണ് നിയമം.

ചെങ്ങറ സമരഭൂമിയിൽ നിന്നും. കടപ്പാട്:indainexpress

ഒരു വ്യക്തി പ്രസ്താവന ഫയല്‍ ചെയ്യുന്നതിലോ അധികഭൂമി വിട്ടുനല്‍കുന്നതിലോ വീഴ്ച വരുത്തിയാല്‍, നിയമത്തിലെ വകുപ്പ് 85(7) പ്രകാരം സ്വമേധയാ നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. റവന്യൂ മാന്വലിലെ പത്താം അധ്യായം അനുസരിച്ച്, ഭൂപരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടിക വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും അത്തരം വിവരങ്ങള്‍ തഹസില്‍ദാര്‍ക്കോ താലൂക്ക് ലാന്‍ഡ് ബോര്‍ഡിനോ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 105 പ്രകാരം, നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നിയമവ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആവശ്യമായ ഏത് വിവരവും വ്യക്തികളില്‍ നിന്ന് ശേഖരിക്കാന്‍ അധികാരമുണ്ട്. ടിഎല്‍ബിയുടെ (താലൂക്ക് ലാന്‍ഡ് ബോര്‍ഡ്) ഉത്തരവ് പ്രകാരം മിച്ചഭൂമി, റവന്യൂവും ദുരന്തനിവാരണവും (ആര്‍&ഡിഎം) വകുപ്പ് ഏറ്റെടുക്കേണ്ടതാണ്. ഏറ്റെടുത്ത മിച്ചഭൂമി 1957ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംരക്ഷിക്കണം.

ഏറ്റെടുത്ത മിച്ചഭൂമി, കെ.എല്‍.ആര്‍ നിയമത്തിലെയും 1960ലെ കേരള ഭൂസംരക്ഷണ നിയമത്തിലെയും (കെ.എല്‍.എ) വ്യവസ്ഥകള്‍ പ്രകാരം വ്യക്തികള്‍, സ്ഥാപനങ്ങള്‍, അതോറിറ്റികള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്ക് ഉപയോഗപ്പെടുത്താനായി ഭൂവിനിയോഗ അവകാശം നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണ്. ഇത് ഒരു നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നല്‍കുകയോ, അത്തരം വ്യവസ്ഥകളില്ലാതെ ഉടമസ്ഥാവകാശം നല്‍കുകയോ ചെയ്യാം. ചുരുക്കത്തില്‍, മിച്ചഭൂമി ഏറ്റെടുക്കല്‍, സംരക്ഷണം, പാട്ടത്തിന് നല്‍കല്‍ എന്നിവയ്ക്ക് ഉത്തരവാദിയായ റവന്യൂദുരന്തനിവാരണ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ അധിക/മിച്ചഭൂമികള്‍ തിരിച്ചറിയാനുള്ള ചുമതല എസ്.എല്‍ബിയ്ക്കും (സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ്) ടിഎല്‍ബികള്‍ക്കുമാണ്.

കേരള ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതുമുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവിലെ നടപടികള്‍ പരിശോധിച്ചാല്‍ റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥത അടിമുടി വ്യക്തമായി കാണാം. സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്, ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയം, സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്, താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ ഇത് വ്യക്തമാണ്. കോട്ടയം, മലപ്പുറം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളിലെ 75 ടി.ഒകളില്‍ 25 എണ്ണത്തിലാണ് എ.ജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സംസ്ഥാനത്ത് ഫയല്‍ ചെയ്ത 48,474 ഭൂപരിധി കേസുകളില്‍ 81.09 ശതമാനവും ഈ അഞ്ച് ജില്ലകളില്‍ നിന്നുള്ളവയാണ്. ആലത്തൂര്‍, ചങ്ങനാശ്ശേരി, ചിറ്റൂര്‍, ഏറനാട്, ഹോസ്ദുര്‍ഗ്, കാഞ്ഞിരപ്പള്ളി, കാസര്‍ഗോഡ്, കൊണ്ടോട്ടി, കോട്ടയം, മാനന്തവാടി, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, മീനച്ചില്‍, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി, പെരിന്തല്‍മണ്ണ, പൊന്നാനി, സുല്‍ത്താന്‍ ബത്തേരി, തിരൂരങ്ങാടി, തിരൂര്‍, വൈക്കം, വെള്ളരിക്കുണ്ട്, വൈത്തിരി എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഭൂപരിഷ്‌കരണ വ്യവസ്ഥകളുടെ അട്ടിമറിയാണ് ഇവിടെ നടന്നതെന്ന് രേഖകള്‍ തെളിവ് തരുന്നു.

(തുടരും – 02 – മിച്ചഭൂമിയുടെ കണക്കുകള്‍ എവിടെ?)

Also Read

6 minutes read September 20, 2026 11:53 am