Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നെല്ലിന്റെ സംഭരണ വിലയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വരുമ്പോഴെല്ലാം എല്ലാകാലത്തും കേരള സർക്കാർ ഉന്നയിച്ചു പോരുന്ന ഒരു കാര്യം കേരളമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭരണ വില നൽകുന്ന സംസ്ഥാനമെന്നതാണ്. മുമ്പൊക്കെ കേന്ദ്ര സർക്കാർ സംഭരണ വിലയ്‌ക്കൊപ്പം കേരളസർക്കാർ 6-8 രൂപ വരെ അധികവില നല്കിയിരുന്നു. മറ്റു ചില സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്. എന്നാലും കേരളമായിരുന്നു എല്ലാ കാലത്തും കൂടുതൽ തുക നൽകിയിരുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷി ചെലവുകൾ ഇവിടെ കൂടുതലാണെന്നതായിരുന്നു പ്രധാന കാരണം. എന്നാൽ താരതമ്യേന കൃഷി ചെലവുകൾ കുറഞ്ഞ സംസ്ഥാനമായ ഛത്തീസ്‌ഗഡ് സർക്കാരാണ് ഇപ്പോൾ ഏറ്റവും വലിയ സംഭരണവില നൽകികൊണ്ടിരിക്കുന്നത്. എന്നാൽ കേരള സർക്കാർ വിലവര്‍ധനയുടെ കാര്യത്തിലും, കൃത്യമായി വില നൽകുന്ന കാര്യത്തിലും അഴകൊഴമ്പൻ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചു പോരുന്നത്.
ഒരു കിലോ നെല്ലിന് 28.20 രൂപയാണ് കേരള സർക്കാർ ഇപ്പോൾ നൽകുന്ന സംഭരണ വില. എന്നാൽ ഛത്തീസ്ഗഡാകട്ടെ 31.00 രൂപ നൽകുന്നു. ഇക്കാര്യം കൊണ്ട് മാത്രം ഛത്തീസ്ഗഡിൽ നെൽകൃഷി കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2018 ൽ 25 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെൽകൃഷി 2024 ആകുമ്പോഴേക്കും 30 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. സർക്കാർ നല്ല വില കൊടുക്കുകയും നല്ലരീതിയിൽ സംഭരിക്കുകയും ചെയ്തതാണ് അവിടെ നെൽകൃഷി കൂടാൻ കാരണം. വെറും രണ്ട് ലക്ഷം ഹെക്ടർ നെൽകൃഷി മാത്രമുള്ള കേരളത്തിന് കൃത്യമായി സംഭരിക്കാനോ കർഷകർക്ക് ന്യായവില നൽകാനോ സംവിധാനമില്ലാത്ത കാരണം വർഷം തോറും നെൽകൃഷി കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു.
കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂണിൽ 2024 -25 കാലത്തേക്കുള്ള നെല്ലിന്റെ സംഭരണ വില എ ഗ്രേഡ് നെല്ലിന് 23.20 രൂപയാക്കി വർദ്ധിച്ചിപ്പിട്ടുണ്ട്. അതിനനുസരിച്ച് മറ്റു സംസ്ഥാനങ്ങളും വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒഡീഷ സർക്കാർ ഈ വർഷം 8 രൂപ അധികം നൽകി സംഭരണ വില 31 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ പ്രോത്സാഹന വിഹിതം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2022 മുതലുള്ള 28.20 രൂപയിൽ തന്നെയാണ് ഇപ്പോഴും കേരളം നിൽക്കുന്നത്. ആ സമയത്ത് 20.40 രൂപയായിരുന്നു കേന്ദ്രസർക്കാർ വില. കഴിഞ്ഞ വർഷം കേന്ദ്രം 1.43 രൂപ കൂട്ടി 21.83 ആക്കിയപ്പോൾ കേരളം ചെയ്തത് 7.80 രൂപയുണ്ടായിരുന്ന സർക്കാർ വിഹിതത്തിൽ നിന്നും 1.43 രൂപ കുറച്ച് 6.37 രൂപയാക്കുകയാണുണ്ടായത്. കേന്ദ്രവില വീണ്ടും വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഇതേ വില തുടരുകയാണെങ്കിൽ അത് സംസ്ഥാന സർക്കാർ വിഹിതം 5 രൂപയിലേക്ക് താഴും. ആനുപാതികമായി കൂട്ടുന്നതിന് പകരം സംഭരണവില കുറയ്ക്കാനാണ് കേരളം ശ്രമിക്കുന്നത്.
പണം എങ്ങനെ നൽകണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മുമ്പ് ബാങ്കുകളിൽ നിന്ന് വായ്പയായി നൽകുന്ന രീതിയിലുള്ള സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇത് വിവാദമായ ശേഷം ആ സംവിധാനം മാറ്റുന്നുവെന്നാണ് സപ്ലൈകോ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും ഈ വിഷയങ്ങളൊന്നും പരിഹരിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ല.
സംഭരണ വിലയും കൃഷിചെലവും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്ക് പ്രകാരം കർഷക തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം ഒന്നാമതാണ്. ശരാശരി 764.3 രൂപയാണ് കേരളത്തിലെ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതിൽ കൂടുതൽ പലയിടത്തും നൽകുന്നുമുണ്ട്. എന്നാൽ ഇത് കേരള സർക്കാരിന്റെ നേട്ടമായിട്ടാണ് മാധ്യമങ്ങൾ ഉയർത്തി കാട്ടിയത്. ഇത് കർഷകർ തൊഴിലാളികൾക്ക് നൽകുന്ന തുകയാണ് അല്ലാതെ സർക്കാരിന്റെ പക്കൽ നിന്നും കൊടുക്കുന്നതല്ല. (അതേ സമയം കർഷകതൊഴിലാളി ക്ഷേമനിധി എന്ന പേരിൽ കർഷകരുടെ പക്കൽ നിന്നും സർക്കാർ പണം പറ്റുന്നുമുണ്ട്. മിക്കയിടങ്ങളിലും ഇപ്പോൾ അയൽ സംസ്ഥാനക്കാരാണ് തൊഴിലാളികൾ. ഈ ക്ഷേമനിധി അവർക്ക് സർക്കാർ ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്)
ദിവസവേതനം കുറവായതു കൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് കൂലിചെലവ് കുറവാണ്. 250 മുതൽ 400 രൂപ വരെയാണ് മിക്ക സംസ്ഥാനങ്ങളിലും ദിവസ വേതനം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമൊക്കെ തൊഴിലാളികളുടെ ദിവസവേതനം 250 – 300 രൂപയാണ്. അവിടെ കൃഷിപണികൾ കർഷകരുടെ കുടുംബാഗങ്ങൾ തന്നെയാണ് ചെയ്യുന്നതും. കേരളത്തിൽ അതല്ല അവസ്ഥ. അവിടങ്ങളിൽ ഒരേക്കർ നെൽകൃഷിക്ക് 15000 – 20000 രൂപയാണ് ചെലവെങ്കിൽ കേരളത്തിൽ അത് 30000 മുതൽ 50000 രൂപ വരെയാണ്. പാലക്കാടിനെ അപേക്ഷിച്ച് കുട്ടനാട്ടിൽ ചെലവ് കൂടുതലാണ്. നെൽകൃഷിയുടെ ഏറ്റവും വലിയ ചെലവ് കൂലിയിനത്തിലാണ് പോകുന്നത്. വിത്ത് വിതയ്ക്കുന്നതും ഞാറു നടുന്നതും വരമ്പ് വെക്കുന്നതും വളം കൊടുക്കുന്നതും കള പറിക്കുന്നതുമെല്ലാം തൊഴിലാളികളാണ്. യന്ത്രവൽക്കരണം കണ്ടം പൂട്ടുന്നതിലും കൊയ്ത്തിലും മാത്രമേയുള്ളൂ. ചിലയിടങ്ങളിൽ കൊയ്യുന്നതും മെതിക്കുന്നതും പാറ്റുന്നതും ഉണക്കുന്നതുമെല്ലാം തൊഴിലാളികളാണ്. നെൽകൃഷിയുടെ 70 ശതമാനത്തോളം വരുന്നത് കൂലിചെലവുകളാണ്. അങ്ങനെ വരുമ്പോൾ കേരളത്തിൽ സംഭരണ വില 35 രൂപയെങ്കിലും ലഭിച്ചാലേ നെൽകൃഷി ലാഭകരമാവൂ.
നെൽകൃഷി കുറയുന്ന കേരളം
നെൽകൃഷിയോടും നെൽവയലുകളോടുമുള്ള നമ്മുടെ സമീപനം ഓരോ വർഷവും നെൽകൃഷി കുറയാനിടയാക്കുന്നു. 1975-76 കാലഘട്ടത്തിൽ ഏകദേശം 9 ലക്ഷം ഹെക്ടറുണ്ടായിയിരുന്ന നെൽകൃഷി ഇപ്പോൾ 2 ലക്ഷം ഹെക്ടറായി കുറഞ്ഞു. നെൽവയലുകൾ വ്യാപകമായി തരം മാറ്റുകയും നികത്തപ്പെടുകയും ചെയ്തു. രാസകീടനാശിനികളും സങ്കരയിനം വിത്തുകളും കൃഷി ചെലവേറിയതും സങ്കീര്‍ണവുമാക്കി. ചെറിയ നെൽകൃഷിയിടങ്ങൾ വരുമാനമുണ്ടാക്കാതെയായി. അവശേഷിക്കുന്ന കൃഷിയിടങ്ങൾ പലവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും കാരണം മിക്കയിടങ്ങളിലും നെൽകൃഷി ഒരു ചൂതാട്ടം പോലെയായിത്തീർന്നിരിക്കുന്നു. അതിന് പുറമെയാണ് സർക്കാർ ചെയ്യുന്ന ഇത്തരം ക്രൂരതകൾ. നെൽകൃഷിയെയോ കർഷകരേയോ സംരക്ഷിക്കുന്ന ഒരു നയമല്ല നമ്മുടെ സർക്കാരുകൾ അവലംബിക്കുന്നത്. 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷവും 60000 ത്തോളം ഹെക്ടർ നെൽകൃഷി കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് സുഭിക്ഷകേരളം പദ്ധതിയിലൂടെ തരിശ് കൃഷിക്ക് ചെറിയ രീതിയിൽ പിന്തുണ കൊടുത്തപ്പോൾ ചെറിയ മാറ്റമുണ്ടായെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ സ്ഥിതി ദയനീയമാണ്.