ബ്രഹ്മപുരം: തീയില്‍ ഇന്നും പുകയുന്ന ജീവിതങ്ങള്‍

ജീവവായു തേടി. ഭാഗം – 1

12 ദിവസം നീണ്ടുനിന്ന ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് അഗ്നിരക്ഷാസേന ബ്രഹ്മപുരത്തെ മാലിന്യമലയിലുണ്ടായ തീയണച്ചത്. തീയണഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും തദ്ദേശീയ ജനത നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കുറവുണ്ടായിട്ടില്ല. പ്രദേശത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സർക്കാർ നടത്തുന്ന അന്വേഷണങ്ങൾ എവിടെയും എത്തിയിട്ടില്ല. മാലിന്യ പ്ലാന്റിൽ അതിന് ശേഷവും തീപിടിത്തങ്ങൾ ആവർത്തിക്കുകയുണ്ടായി. ആശങ്കയോടെ കഴിയുന്ന നാട്ടുകാർക്ക് എന്ത് ഉറപ്പാണ് സർക്കാരിന് നൽകാൻ കഴിയുന്നത്? കേരളീയം പരമ്പര.

“ഇനിയങ്ങോട്ട് ജീവിക്കാൻ കൂടെ ആൾ ഇല്ല എന്നതുതന്നെയാണ് ഞാൻ നേരിടുന്ന പ്രയാസം.” മേരി സങ്കടം പങ്കുവച്ചു. കരിമുഗളിലെ വീട്ടിൽവെച്ച് കാണുന്ന ദിവസം, മേരിയുടെ ഭർത്താവ് പൗലോസ് മരിച്ചതിന്റെ അൻപതാം ദിവസമായിരുന്നു. ബ്രഹ്മപുരം ‘വേസ്റ്റ് റ്റു എനർജി’ പ്ലാന്റിന്റെ ഭൂമിയിൽ തള്ളിയ മാലിന്യം കത്തിത്തുടങ്ങി ഏകദേശം പതിനൊന്നാം ദിവസമാണ് ശ്വാസ തടസ്സം നേരിട്ട് പൗലോസ് മരിക്കുന്നത്. കൊച്ചി ഫാക്ടിൽ കരാർ തൊഴിലാളിയായിരുന്ന പൗലോസിന് 62 വയസ്സായിരുന്നു. പൗലോസിന്റെ ആഗ്രഹ വിശ്വാസങ്ങൾ പ്രകാരം നേത്രദാനം നടത്തിയിരുന്നു. പേരകുട്ടികൾക്കും അമ്മയ്ക്കുമൊപ്പം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സംസാരിക്കുന്നതിനിടെ മേരി പൗലോസിന്റെ ചികിത്സാ റിപ്പോർട്ടുകൾ തിരഞ്ഞു. വേനലവധി കഴിഞ്ഞ് കുട്ടികൾ തിരിച്ചുപോയാൽ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലിനെ കുറിച്ച് അതിനിടയിൽ ആശങ്കപ്പെട്ടു. ഭർത്താവിന്റെ മരണശേഷമുള്ള മാനസികമായ ബുദ്ധിമുട്ടുകളാണ് ഏറ്റവും പ്രയാസപ്പെടുത്തുന്നതെന്നും മേരി പറയുന്നു.

മേരിയുടെ വീട്ടിലുണ്ടായിരുന്ന പൗലോസിന്റെ ചിത്രം. ഫോട്ടോ: മൃദുല ഭവാനി

മാർച്ച് 11ാം തീയ്യതി രാവിലെ ഏഴ് മണിക്കാണ് പൗലോസിനെ തൃപ്പൂണിത്തുറ താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ, വേദന എന്നിങ്ങനെയാണ് ആശുപത്രി രസീതിൽ രേഖപ്പെടുത്തിയിരുന്നത്. ഇവിടെനിന്നും രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെനിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നുള്ള രോഗവിവരങ്ങൾ ഇങ്ങനെയാണ്.

മരണ കാരണങ്ങൾ: SEPSIS WITH MODS, INTRA ABDOMINAL SEPSIS, ACUTE PANCREATITIS.

അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണം ശരീരത്തിലെ കോശങ്ങളുടെയും ആന്തരികാവയവങ്ങളെയും നശിപ്പിക്കുന്ന അവസ്ഥയാണ് സെപ്സിസ്. സെപ്റ്റിക് ഷോക് ഉണ്ടാകാനും വിവിധ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും ഇത് കാരണമാകും. ശരീരത്തിലുണ്ടാകുന്ന അണുബാധയോട് ശരീരം പ്രതികരിക്കാതാകുന്ന അവസ്ഥയാണിത്. ഇൻട്രാ അബ്ഡൊമിനൽ സെപ്സിസ് എന്നാൽ രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ബാഹ്യഘടകങ്ങൾ വയറിനകത്തെ അവയവങ്ങളുടെ ആവരണമായ പെരിറ്റോണിയത്തിൽ ഉണ്ടാക്കുന്ന അണുബാധയാണ്. ബാക്റ്റീരിയ, വെെറസ്, ടോക്സിനുകൾ, പരാദങ്ങൾ, രാസവസ്തുക്കൾ എന്നിവ കാരണമാകാം അണുബാധ.

പൗലോസിന്റെ മരണകാരണം, ആശുപത്രിയിൽ നിന്നും ലഭിച്ച റിപ്പോർട്ട്

വിഷപ്പുക ശ്വസിച്ചതാണോ പൗലോസിന്റെ മരണത്തിന് കാരണമെന്ന് മേരിക്ക് അറിയണമെന്നുണ്ട്. ഒറ്റക്കായതുകൊണ്ട് ഈ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താനോ, പുക കാരണം തന്നെയാണോ ഭർത്താവ് മരിച്ചതെന്ന് ഉറപ്പിച്ചുപറയാനോ ഇറങ്ങിപ്പുറപ്പെടുന്നില്ല എന്നാണ് മേരി പറയുന്നത്. “ഇവിടെ നിന്ന് തനിയെ ഡ്രസ്സൊക്കെ ചെയ്ത് ഇറങ്ങിയതാണ്. ഓട്ടോ പിടിച്ചാണ് ഹോസ്പിറ്റലിൽ പോയത്. ഒട്ടും വീട്ടിലിരിക്കാത്ത ആളാണ്. പുക വന്നപ്പോൾ ഞങ്ങൾക്കെല്ലാം തൊണ്ടയ്ക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. ചുമ വന്നു കഴിഞ്ഞാൽ നിൽക്കില്ല. തൊണ്ടയിൽ കാറൽ പോലെയായിരുന്നു. ഞങ്ങൾ ചൂടുവെള്ളം കുടിച്ച് ആവിയൊക്കെ പിടിച്ചു. ജലദോഷവും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ഹോസ്പിറ്റലിൽ പോയപ്പോൾ പുക ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടർ ചോദിച്ചിരുന്നു.” മേരി പറയുന്നു.

“ഇൻഫെക്ഷൻ കാരണമാണ് മരിച്ചതെന്നാണ് എറണാകുളത്തെ ഡോക്ടർ പറഞ്ഞത്. എറണാകുളത്ത് വെച്ചും ആൾ ഡോക്ടറോട് വിവരങ്ങളൊക്കെ പറഞ്ഞിരുന്നു. ശ്വാസം എടുക്കാൻ കഴിയുന്നില്ല, തൊണ്ടയ്ക്കാണ് പ്രശ്‌നം, വയറിനാണ് പ്രശ്‌നം എന്നെല്ലാം പറഞ്ഞു. ഛർദ്ദിക്കാൻ വരുന്നുണ്ടായിരുന്നു. പക്ഷേ പോകുന്നില്ല, തൊണ്ടയിൽ ഗ്യാസ് പോലെ തടഞ്ഞ് ഒന്നും പുറത്തേക്ക് പോകുന്നില്ല. എറണാകുളത്ത് വെച്ച് പറഞ്ഞു, എനിക്കൊന്ന് ഉറങ്ങാനെങ്കിലും ഒരു ഗുളിക തന്നാൽ മതി, ഗ്യാസ് പോകുന്നില്ല എന്ന്. തനിയെ ശ്വാസമെടുക്കാൻ ആയില്ല. ബി.പിയൊക്കെ കുറഞ്ഞുകൊണ്ടിരുന്നു. തൃപ്പൂണിത്തുറ ആശുപത്രിയിൽ തന്നെ ഒരുപാട് പേർ വന്ന് ശ്വാസംമുട്ടലിനുള്ള ഇൻജക്ഷനെടുത്ത് പോകുന്നുണ്ടായിരുന്നു. ഇരുമ്പനം ഭാഗത്തുള്ള കുറേപ്പേർ. ഇവിടെ അടുത്ത് ചോതി എന്നൊരാളും ശ്വാസംമുട്ട് കാരണം ഈയിടെ മരിച്ചു.” മേരി ഓർത്തെടുത്തു.

പുക അവശേഷിപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾ

ബ്രഹ്മപുരത്തെ പുകയെ അതിജീവിച്ച ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പലതരത്തിലുള്ളവയാണ്. കുട്ടികളിൽ ചുമയും, വിട്ടുമാറാത്ത പനിയും തുടരുന്നതായാണ് പ്രദേശത്തെ അംഗൻവാടിയിൽനിന്ന് ലഭ്യമായ വിവരം. 50 വയസ്സിന് മുകളിൽ പ്രായമായവർ ശ്വാസ തടസ്സം, ചുമ, തൊലിയിലെ അലർജി എന്നിവ നേരിടുന്നതായി ബ്രഹ്മപുരം, കരിമുഗൾ പ്രദേശങ്ങളിലെ ജനങ്ങൾ പറയുന്നു. മുൻപുണ്ടായിരുന്ന തുമ്മൽ അലർജി കൂടിയതായും ഇവരിലൊരാൾ പറഞ്ഞു. ആസ്ത്മ രോഗികൾ നേരിടുന്ന പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എൺപതിൽ കൂടുതൽ പ്രായമുള്ളവരിൽ മറ്റു ചില അസ്വസ്ഥതകളാണ് നേരിടുന്നത്.

ബ്രഹ്മപുരത്ത് താമസിക്കുന്ന എൺപതുകാരിയായ അന്നമ്മ പറയുന്നു, “മനസ്സിന് ബുദ്ധിമുട്ട് കേറിയതോ, എന്താണ് എന്നറിയില്ല വെശപ്പ് വരെയില്ല. പേടിച്ചുപോയി ഞങ്ങളൊക്കെ. കണ്ണിന് ചൊറിച്ചിലാണ്. ശ്വാസം മുട്ടലുണ്ട്, മേലെല്ലാം ഏതു സമയത്തും മാന്തലാണ്. ഇത് കണ്ടോ. ആ പുകയടിച്ച ശേഷമാണ് ഇതുണ്ടായത്. ഡോക്ടറെയൊന്നും ഞങ്ങൾ കാണാൻ പോയില്ല, ഇപ്പോൾ ഇടയ്ക്ക് തലവേദനയുണ്ട്. കണ്ണിനാണ് കടി (ചൊറിച്ചിൽ). കണ്ണിന്റെ ദേ ഇവിടെ (കോണിൽ) കടി. കണ്ണിൽക്കൂടെ വെള്ളം വരും. ഇപ്പോഴും വെള്ളം വരുന്നുണ്ട്. ചൊറിച്ചിലാണ് സഹിക്കാൻ കഴിയാത്തത്, തലയിലും ചൊറിച്ചിലുണ്ട്, ഇടയ്ക്ക് തലവേദനയുണ്ട്. ശ്വാസംമുട്ടലൊന്നും എനിക്കിതുവരെ ഉണ്ടായിട്ടില്ല, ഇപ്പോൾ വർത്താനം പറയാൻ വരെ ബുദ്ധിമുട്ടാണ്. നല്ല ആരോഗ്യത്തോടെ നടന്ന ആളാണ്, ഇപ്പോ മുറ്റമൊന്ന് തൂക്കാനും പറ്റുന്നില്ല.” അന്നമ്മ പറഞ്ഞു.

പൊന്നാര

കണ്ണിൽ ചൊറിച്ചിലും വെള്ളമൊഴുക്കും അനുഭവിക്കുന്ന പൊന്നാര എന്ന സ്ത്രീയെയും കണ്ടു. അവർക്ക് പ്രായം ഓർത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. “ശ്വാസംമുട്ട്, തലകറക്കം, കാലും കയ്യും തളർച്ച, വെയിൽ കൊള്ളുമ്പോൾ കണ്ണ് മൂടിക്കെട്ടൽ, നീറ്റൽ, ഡോക്ടറെ കണ്ട് മരുന്നു കഴിച്ചെങ്കിലും കുറവൊന്നും ഉണ്ടായില്ല” പൊന്നാര വിവരിച്ചു.

“എല്ലാവർക്കും ശ്വാസംമുട്ടും പനിയുമൊക്കെ വരുന്നുണ്ട്. വയസ്സായ ആളുകൾക്കാണ് കൂടുതൽ പ്രശ്‌നം. പുക വന്ന സമയത്തും കഴിഞ്ഞശേഷവും ചൊറിച്ചിൽ ഉണ്ടായിരുന്നു. കൊച്ചുങ്ങൾക്കും ഇടക്കിടെ പനി വരാറുണ്ട്. മാർച്ചിലെ തീപിടിത്തത്തിന് ശേഷം പിള്ളേർക്ക് ബുദ്ധിമുട്ടുകൾ കൂടിയിട്ടുണ്ട്. എനിക്ക് നല്ല ശ്വാസംമുട്ടലും ചുമയും ഉണ്ട്. പുക വന്നതിൽപ്പിന്നെ ചുമയും ശ്വാസംമുട്ടലും മാറിയിട്ടില്ല. കത്ത് പിടിച്ച (തീ പിടിച്ച) സമയത്തും രാത്രിയിൽ മാലിന്യവുമായി വണ്ടി വന്നിരുന്നു. അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും കത്തി. ഭയങ്കര പേടിയായിരുന്നു. മാലിന്യം കുത്തിയിളക്കുമ്പോൾ അറിയാൻ കഴിയും, കാറ്റത്ത് ഭയങ്കര മണമായിരിക്കും.” വടവുകോട് ചക്കാലക്കുഴി എസ്.സി കോളനിയിൽ താമസിക്കുന്ന അമ്മിണി പറയുന്നു.

ചക്കാലക്കുഴി എസ്.സി കോളനിക്ക് മുന്നിലെ മാലിന്യ ശേഖരണ കേന്ദ്രം. ഫോട്ടോ: മൃദുല ഭവാനി

“കത്ത് പിടിച്ചതിന് (തീ പിടിച്ചതിന്) ശേഷം ഇവിടെ ആൾക്കാർക്കൊക്കെ രോഗമാണ്. കാലുവേദനയും കൈവേദനയും, ശരീരമാകെ വേദനയാണ്. വിഷമമാണ് ആകെ എല്ലാവർക്കും.” കുഞ്ഞമ്മ ആരോഗ്യപ്രശ്നങ്ങൾ വിവരിച്ചു. “ഒരു സുഖവുമില്ല ഇവിടെ. മുമ്പും കത്തിയിട്ടുണ്ട്. പക്ഷേ ഇങ്ങനെ നിന്ന് കത്താറില്ല. ഇടയ്ക്ക് കത്തും, പോകും. ഇത് നിന്ന് രണ്ടാഴ്ച കത്തി. ശ്വാസംമുട്ട് അന്നേരം ഉണ്ടായിരുന്നു. അന്നവർ ക്യാമ്പ് നടത്തി ഗുളികയൊക്കെ തന്ന് അതെല്ലാം മാറി. ഇപ്പോ വലിയ കുഴപ്പമില്ല. എനിക്കിങ്ങനെയൊരു വയ്യായ്ക വന്നിട്ടില്ല, ഞാൻ വീട്ടിലെ പണികളെല്ലാമെടുത്ത് നടക്കുന്ന ആളാണ്. ഇപ്പോ തീരെ വയ്യ. പ്ലാന്റൊന്നും ഇവർ പണിതിട്ടില്ല. കത്തിയതിന്റെ പുറത്ത് തന്നെ പിന്നെയും കൊണ്ടുവന്നിടുന്നു. പുക വന്ന സമയത്ത് ചൊറിച്ചിലുണ്ടായിരുന്നു. കതകൊക്കെ അടച്ചിട്ട് മുറിയിലിരുന്നാലും പുകയല്ലേ, അത് കുമകുമാന്ന് അകത്തുകയറും. ക്യാമ്പ് നടത്തി മരുന്നൊക്കെ തന്നു, രണ്ടു ദിവസത്തേക്കായിരുന്നില്ലേ ക്യാമ്പ്. അതിനുശേഷം ഇതുപോലെ വന്ന് അന്വേഷിക്കും, പഞ്ചായത്തിൽ നിന്ന്. പാണ്ടുണ്ടോ വെളുപ്പുണ്ടോ തടിപ്പുണ്ടോ ചോര തുപ്പുന്നുണ്ടോ എന്നൊക്കെ ചോദിച്ച് ഫോൺ നമ്പറും വാങ്ങി അവർ അവരുടെ പാട്ടിന് പോകും. പിന്നെ അതേപ്പറ്റി ഒന്നുമില്ല. അഞ്ചാറ് മാസം കഴിയുമ്പോൾ വീണ്ടും വരും. എല്ലാ സ്ഥലത്തും ഡോക്ടർമാർ നടന്നുചെന്ന് അന്വേഷിച്ച് മരുന്നു കൊടുക്കുന്നുണ്ടെന്ന് കേൾക്കുന്നു. പക്ഷെ ബ്രഹ്മപുരത്തേക്ക് ഒരു മനുഷ്യനും വരുന്നില്ല. വണ്ടിവരുമ്പോൾ നമ്മൾ തടുക്കും, തടുക്കുമ്പോൾ വണ്ടി മാറ്റി ഇടും, പിന്നെ എവിടെയെങ്കിലും കൊണ്ടുപോയി തട്ടും. അവരുടെ ജോലി അവർ ചെയ്യുന്നുണ്ട്. 2008ലെ സമരത്തിൽ ഞങ്ങളും ഉണ്ടായിരുന്നു. വെറുതെയായി ആ സമരം.” കുഞ്ഞമ്മ ഓർത്തെടുത്തു.

കുഞ്ഞമ്മ

‌ആരോഗ്യവകുപ്പിൽനിന്നുള്ള സർവേകൾ നടന്നിട്ടുണ്ടെങ്കിലും തുടർന്ന് മരുന്ന് ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരും ചെയ്തിട്ടില്ലെന്നും അതിനാൽ ആരോടും വെറുതെ നിന്ന് സംസാരിക്കാൻ താൽപര്യമില്ലെന്ന് ഒറ്റയ്ക്ക് താമസിക്കുന്ന എൺപത്തിരണ്ടുകാരിയായ ഒരു സ്ത്രീ പ്രതികരിച്ചു.

“ഡിജോ കാപ്പന്റെ പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേരള ഹെെക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ബാലിയുടെ ഉത്തരവിന്റെ പുറത്ത് കോർപ്പറേഷൻ ഇവിടെ മാലിന്യം ഇറക്കി തുടങ്ങിയത്. കോർപ്പറേഷന്റെ വാദം 33.37 ഏക്കർ സ്ഥലം ഞങ്ങൾക്ക് ബ്രഹ്മപുരത്തുണ്ട്, അവിടെ മാലിന്യം ഡംപ് ചെയ്യാം. പക്ഷെ അതിന് നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന് കോടതി അനുവാദം തരണം എന്നാണ്. നഗരവാസികൾക്ക് ചിക്കുൻഗുനിയ പ്രശ്നമാണ്, ഗ്രാമവാസികൾക്ക് പ്രശ്നമില്ല എന്ന് പറയുന്നതിൽ വെെരുദ്ധ്യമുണ്ട്. അതിന്റെ പ്രശ്നം, നഗരവാസികൾ സ്വസ്ഥമായി താമസിക്കേണ്ടവരും ഗ്രാമവാസികൾ എന്നാൽ പാവങ്ങൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ആടുമാടുകളെ വളർത്തി ജീവിക്കുന്നവർ, കൃഷിപ്പണി ചെയ്യുന്ന ആളുകൾ ഇവർക്കൊക്കെ ചിക്കുൻഗുനിയ ബാധകമല്ലാത്തവരും എന്നതാണ്. ഹെെക്കോടതി വിധിയുടെ വെെരുധ്യം മനസ്സിലാക്കേണ്ടത് അവിടെയാണ്. ഇവിടെ രണ്ട് തരം പൗരരെ സൃഷ്ടിക്കുക എന്ന ഒരു രീതിയാണ് ഹെെക്കോടതി പോലും അവലംബിച്ചത്. നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രത്യേകത എന്നല്ലാതെ മറ്റെന്താണ് പറയാൻ കഴിയുക?” മുൻ വാർഡ് മെമ്പറും കടമ്പ്രയാർ സംരക്ഷണ സമിതി പ്രസിഡൻറുമായ അബ്ദുൾ ബഷീർ ചോദിക്കുന്നു.

അബ്ദുൾ ബഷീർ

അധികൃതർക്ക് മറുപടിയില്ല

ബ്രഹ്മപുരത്തെ ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ കെെക്കൊണ്ടിട്ടുണ്ട് എന്നറിയാൻ ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ടെങ്കിലും മെഡിക്കൽ ഓഫീസർ ഓൺ ദ റെക്കോഡ് പ്രതികരിക്കാൻ തയ്യാറായില്ല. ചികിത്സാ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാം ചെയ്യുന്നുണ്ട് എന്നു മാത്രം കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ പ്രതികരിച്ചു.

ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിനെ നേരിൽ കണ്ടെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മീറ്റിങ്ങുകളുടെ തിരക്കുള്ളത് കാരണം ചോദ്യങ്ങൾ വാട്സ്അപ് വഴി അയക്കാനും അതിൽ പ്രതികരിക്കാമെന്നുമായിരുന്നു കലക്ടറുടെ പ്രതികരണം.

കലക്ടറോട് ചോദിച്ച ചോദ്യങ്ങൾ ഇവയാണ്‌.

1. മാർച്ച് 2023ൽ ബ്രഹ്മപുരം വേസ്റ്റ് പ്ലാൻറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നടത്തിയ ദുരിത നിവാരണ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? തീപിടിത്തത്തെ ഒരു ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?

2. പുകയെ അതിജീവിച്ചവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി അധികാരികൾ നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ്?

3. തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മുൻജില്ലാ കലക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശമുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെയാണ് വിശദാംശങ്ങൾ?

4. ബ്രഹ്മപുരത്തും പരിസരപ്രദേശങ്ങളിലും നടത്തിയ റിപോർട്ടിങ്ങിനിടെ മനസ്സിലാക്കാൻ കഴിഞ്ഞത് ആരോഗ്യ സർവ്വേകൾ നടന്നിട്ടുണ്ടെങ്കിലും തുടർന്ന് മരുന്നുകളൊന്നും ഇവർക്ക് ലഭ്യമാക്കിയിട്ടില്ല എന്നാണ്. തീപിടിത്തത്തിന്റെ പ്രത്യാഘാതങ്ങൾ ഇവരിലുണ്ടാക്കിയ പ്രശ്നങ്ങൾ പഠിക്കാൻ എന്തൊക്കെ നടപടികളാണ് ഉണ്ടായിട്ടുള്ളത്?

5. മാർച്ച് 23ലെ തീപിടിത്തത്തിന് ശേഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർന്നും തീപിടിത്തങ്ങളുണ്ടാകാതിരിക്കാൻ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ എന്തൊക്കെയാണ്?

ഇവരുടെ ചോദ്യങ്ങൾ ബ്രഹ്മപുരം എന്ന പ്രദേശത്തും അതിന് ചുറ്റിലുമുള്ള വ്യാവസായിക സ്ഥാപനങ്ങളുടെയും മാലിന്യ പ്ലാന്റിന്റെയും മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉൾപ്പെടുന്നതായിരുന്നു. എന്നാൽ കളക്ടറുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഉണ്ടായില്ല.

“പുക ഇല്ലാത്ത സമയത്താണെങ്കിലും ഞങ്ങളുടെ മണ്ണിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ഇഫക്റ്റ് ഉണ്ട്. എല്ലാവരും എന്തായാലും വിഷം തിന്നാണ് ജീവിക്കുന്നത്. ഞങ്ങൾ അതിനോട് അഡ്ജസ്റ്റഡ് ആയി. മാലിന്യം ഇടുന്ന സമയത്തും അവിടെ കുറച്ച് ഏരിയയിൽ ആളുകൾ ഉണ്ടായിരുന്നു. അവിടെ ഞാനൊരു ദിവസം കല്യാണത്തിന് പോയിരുന്നു, ഇവരുടെ വീടിന്റെ മുന്നിലൂടെയുള്ള റോഡിലൂടെയാണ് വേസ്റ്റ്‌ കൊണ്ട് ലോറികൾ പോകുന്നത്. ചേച്ചിയുടെ കല്യാണം ആയിരുന്നു, ചേട്ടന്റെ വീട്ടിൽ നിന്ന് ആൾക്കാർ വന്ന് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഭയങ്കര നാറ്റം, ഈച്ച… ആൾക്കാർ എഴുന്നേറ്റ് പോകുന്നു. അതിന് ശേഷം അവിടെ ഉള്ളവർ പോകാൻ റെഡിയായി, അവരെ മാറ്റിപ്പാർപ്പിച്ചു, കുറെ ആൾക്കാർ അവിടെനിന്ന് പോയി. അപ്പൊ ആ ഭാഗത്ത്‌ ഉള്ളവരൊക്കെ രക്ഷപ്പെട്ടു. ഇനി ഞങ്ങളൊക്കെയാണ് അനുഭവിക്കുന്ന ആൾക്കാർ! കൊണ്ടുവന്ന് ഇട്ട് കുറെ നാളുകളോളം ഞങ്ങൾക്ക് ഭയങ്കര സ്മെൽ, ഇപ്പോഴും മഴയൊക്കെ പെയ്ത് കഴിഞ്ഞാൽ ഈച്ച, കൊതുക് ഇങ്ങനെ മാറി വരുന്ന ശല്യങ്ങൾ ആണ്. ഏകദേശം ഒരു കിലോമീറ്റർ മാത്രമേ ഉണ്ടാകൂ ഞങ്ങളുടെ വീടും പ്ലാന്റും തമ്മിൽ. ആസ്ത്മ രോഗികൾ ഇവിടെ ഉണ്ട്, അവർക്കൊക്കെ ആ സമയത്ത് നല്ല ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ മീഡിയയൊന്നും ഇത് ചർച്ച ചെയ്യുന്നില്ല. അവരുടെ റേറ്റിങ്ങിന് വേണ്ടി മാത്രം, അത് കെട്ടടങ്ങി കഴിഞ്ഞാൽ അത് വിട്ടു. നമുക്ക് വേണ്ടി സംസാരിച്ചിരുന്ന ആൾക്കാർ മീഡിയക്കാർ മാത്രമാണ്. അവരും വിട്ട അവസ്ഥയിലാണ് ഇപ്പോൾ. ശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന് സർക്കാർ പറയുന്നുണ്ട്. പക്ഷെ അതെല്ലാം പറച്ചിൽ മാത്രമേ ഉള്ളൂ എന്നതാണ് എന്റെ അഭിപ്രായം. ഈ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. നമ്മൾ ദിവസം തോറും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. കൊച്ചിയിലെ മാത്രം വേസ്റ്റാണ് ഇവിടെ വരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വേറെ ജില്ലകളിൽ നിന്ന് വരെ കൊണ്ടുവരുന്നുണ്ടാകുമായിരിക്കും. അല്ലെങ്കിൽ ഇത്രമാത്രം ഉണ്ടാകുമോ? ഒത്തിരി സെക്യൂരിറ്റിസിനെ ഒക്കെ നിർത്തിയിട്ടുണ്ട് എന്നു പറയുന്നുണ്ട്. ഒരു ചെറിയ തീ പിടിച്ചാൽ പോലും അവർ കാണാതിരിക്കുകയാണോ? സി.സി.ടി.വി ഉണ്ടെന്ന് പറയുന്നു, തീപിടിക്കുന്ന സമയത്തു മാത്രം സി.സി.ടി.വി വർക്ക് ചെയ്യുന്നില്ല. പൊലീസ് സ്റ്റേഷനിലിട്ട് ആൾക്കാരെ തല്ലിക്കൊല്ലുന്ന സമയത്ത് സി.സി.ടി.വി വർക്കിങ് അല്ല എന്ന് പറയുന്നപോലെയാണത്.”. ബ്രഹ്മപുരത്ത് താമസിക്കുന്ന അധ്യാപികയായ നീതു പറയുന്നു.

ഇൻഫോപാർക്ക് കെട്ടിടങ്ങൾ, ചക്കാലക്കുഴി എസ്.സി കോളനിയിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: മൃ​ദുല ഭവാനി

“ബ്രഹ്മപുരം പരിസരത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ തുടങ്ങിയിട്ടുണ്ട്. ഇനിയിവിടെ ഹോസ്റ്റലുകൾ മാത്രമായിരിക്കും. തീപിടിച്ച സമയത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറൊക്കെ വന്ന് പരിശോധന നടത്തി പോയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.” പേര് വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത ഒരു സ്ത്രീ പറഞ്ഞു.

വേറെയുമുണ്ട് കാരണങ്ങൾ

വേസ്റ്റ് ഡംപിങ് യാഡ് മാത്രമല്ല, ബ്രഹ്മപുരത്തിന്റെ രോഗാതുരതയ്ക്ക് കാരണമായി മറ്റു ചില കമ്പനികൾ കൂടിയുണ്ടെന്നാണ് നിർമ്മാണ തൊഴിലാളിയായ മധുവിന്റെ അഭിപ്രായം. ‌“ബ്രഹ്മപുരത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളത്, കാർബൺ കമ്പനി, എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി, നിറ്റാ ജലാറ്റിൻ, പിന്നെയുള്ളത് കൊച്ചി കോർപ്പറേഷന്റെ വേസ്റ്റ് പ്ലാന്റ്.‌”

1978ലാണ് കരിമുകളില്‍ ആര്‍.പി.ജി ഗ്രൂപ്പിന്റെ ഫിലിപ്പ് കാര്‍ബണ്‍ ബ്ലാക് കമ്പനി സ്ഥാപിതമായത്. എണ്ണ ശുദ്ധീകരണ ശാലകളില്‍ നിന്നുള്ള മാലിന്യത്തില്‍നിന്നും കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്. രാസപ്രവര്‍ത്തനങ്ങളിലൂടെ പൊടി രൂപത്തിലുള്ള കാര്‍ബണ്‍ ബ്ലാക്കും റിയാക്റ്ററില്‍ നിന്നുള്ള വാതകങ്ങളടങ്ങിയ ഫ്‌ളൂ ഗ്യാസും ഉണ്ടാക്കുന്നു. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന കരിപ്പൊടിയും വിഷവാതകങ്ങളും പുറന്തള്ളപ്പെടുന്നതിനെതിരെ കാര്‍ബണ്‍ മലിനീകരണ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരമാരംഭിച്ചു. നീറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്‍റെ ജെലാറ്റിന്‍ ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത് കടമ്പ്രയാറിന്‍റെ പരിസരത്താണ്. ജാപ്പനീസ് കമ്പനിയായ നിറ്റ ജലാറ്റിന്‍ ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത് 1975ൽ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ്.

കരിമു​കൾ പ്ര​ദേശം

“സാധാരണക്കാർക്ക് വീടു പണിയാൻ പോലും പഞ്ചായത്തിന്റെ അനുമതി വേണ്ടിടത്ത് ഒരു നീർത്തട ഭൂമിയിലാണ് ഇവർ പ്ലാന്റ് നിർമ്മിച്ചത്. ഒരു വർഷത്തിലധികം പ്ലാന്റ് പ്രവർത്തിച്ചില്ല. കൊച്ചി കോർപ്പറേഷൻ ചെയ്ത വലിയ മണ്ടത്തരം പൊക്കാളി കൃഷിചെയ്യുന്ന പാടത്ത് മണ്ണ് നിറച്ച ശേഷമാണ് പ്ലാന്റ് പണിതത് എന്നതാണ്. ലാൻഡ് ഫിൽ ചെയ്ത് ഒന്നുരണ്ടു വർഷം കഴിഞ്ഞാലാണ് ആ മണ്ണ് ഉറക്കുക. ഇവർ മണ്ണടിച്ചതിന്റെ പിറ്റേദിവസം തന്നെ പണിയും തുടങ്ങി. രണ്ട് വർഷത്തിനകം പ്ലാന്റ് നിലവിലില്ലാതായി. അവരുടെ അഴിമതിയാണിത് കാണിക്കുന്നത്. ദീർഘവീക്ഷണത്തോടുകൂടി, അമ്പതുവർഷം മുന്നിൽ കണ്ടിട്ടല്ല ഇത് ചെയ്തത്. തീപിടിത്തമുണ്ടായപ്പോൾ തീയണയ്ക്കാനുള്ള വാഹനങ്ങൾ അങ്ങോട്ടെത്താൻ പാടുപെട്ടു. തനിയേ തീ പിടിക്കുകയില്ല, തീപിടിക്കാൻ സാധ്യതയില്ല. പ്ലാന്റിൽ തീപിടിച്ചാൽ അണയ്ക്കാനുള്ള സംവിധാനവും അവർ ചെയ്തിട്ടില്ല. തീയിടാനായി വേസ്റ്റ് ഇളക്കി, ഇളക്കിയശേഷം കുഞ്ഞുകുഞ്ഞു കൊതുകുകൾ ഇവിടെ പടർന്നു. നല്ല ചൊറിച്ചിലുണ്ടായിരുന്നു. അത് നമ്മൾ അന്വേഷിച്ചിരുന്നു. അതിന് മൂന്ന് ദിവസം കഴിഞ്ഞാണ് തീ പിടിച്ചത്. ഈ പ്രദേശത്ത് വൈകുന്നേരം ചിലപ്പോഴെല്ലാം ചെമ്മീൻ ചുട്ട മണവും പ്ലാസ്റ്റിക് മണവും വരും, നമ്മൾ ആദ്യം വിചാരിച്ചത് പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയാണെന്നാണ്. അത് നിറ്റ ജലാറ്റിൻ കമ്പനിയിൽനിന്നാണ്. കമ്പനി വെള്ളമെടുക്കുന്നതും മലിനജലം ഒഴുക്കുന്നതും പുഴയിലാണ്. അത് വലിയ പ്രശ്‌നം തന്നെയാണ്. കൊച്ചി കോർപ്പറേഷനേക്കാൾ വലിയ പ്രശ്‌നമാണ് നിറ്റ ജലാറ്റിൻ കമ്പനി.” മധു പറയുന്നു.

“2001ലാണ് കരിമുകൾ കാർബൺ കമ്പനിക്കെതിരായി ഞങ്ങൾ സമരം തുടങ്ങിയത്. 1978ൽ ഫാക്ടറി തുടങ്ങിയ കാലത്ത് നമ്മൾ മൂന്ന് പേർ സമരം തുടങ്ങിയതാണ്. അന്നൊക്കെ ഇത് ഹെെടെക് കമ്പനിയാണ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്നു പറഞ്ഞ് സമരം ചെയ്തവരെയൊക്കെ പൊലീസ് അടിച്ചൊതുക്കി. കമ്പനി വന്നു, കുറേപേർക്ക് തൊഴിൽ കിട്ടുമെന്നായി, എവിടെയും അതാണല്ലോ. തൊഴിൽ കിട്ടുമെങ്കിൽ അവരവരുടെ ആരോഗ്യം പരിഗണിക്കുകയില്ല. 90 പേർക്കാണ് അവിടെ തൊഴിൽകിട്ടിയത്. അതുവഴി ഇവിടെ നല്ലൊരു ഏരിയയിൽ ആളുകൾ ക്യാൻസർ രോഗികളാണ്. അപ്പോൾ ചോദിക്കുന്ന വേറൊരു ചോദ്യം ഇവിടെ റിഫെെനറിയില്ലേ, എഫ്എസിടി ഇല്ലേ മറ്റുള്ള സ്ഥാപനങ്ങളില്ലേ എന്നാണ്. ആ കമ്പനികൾക്കെല്ലാം ഒരു ബഫർ സോൺ ഉണ്ട്. എഫ്.എ.സി.ടി 2000 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം ഭാഗത്തും മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പക്ഷേ കാർബൺ കമ്പനി കാർബൺ പൊടിയാണ് പമ്പ് ചെയ്തുകൊണ്ടിരുന്നത്. നമ്മൾ പുറത്തേക്ക് തള്ളുന്ന കാർബൺ അകത്തേക്ക് ഞങ്ങൾ വലിച്ചു കയറ്റുന്ന അവസ്ഥയാണ്. 2001ൽ സമരം തുടങ്ങിയ ശേഷമാണ് അതിൽ വ്യത്യാസമുണ്ടായത്.”കാർബൺ കമ്പനിക്കെതിരെ സമരം തുടങ്ങിയവരിൽ ഒരാളും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയും ആയ നാസർ പറയുന്നു.

നാസർ

“ആദ്യമൊക്കെ വരുന്ന വേസ്റ്റ് തൂക്കി അളന്നിട്ടാണ് അകത്തേക്ക് കയറ്റിയത്. എത്ര കിലോ വേസ്റ്റ് വന്നു, എത്ര കിലോ വളം ഉത്പാദിപ്പിച്ചു എന്നതിനെല്ലാം കണക്കുണ്ടായിരുന്നു. ഒരു പൊന്മുട്ടയിടുന്ന താറാവാണ് ഇവരെ സംബന്ധിച്ചിടത്തോളം വേസ്റ്റ്. കത്തിയിട്ട് ഇന്നുവരെ ഇത് കത്തിച്ച കോർപ്പറേഷനെതിരെ കേസ് എടുത്തിട്ടില്ല. പ്ലാസ്റ്റിക് കത്തിച്ചാൽ നമുക്കെതിരെ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെെനിടാൻ നിയമമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഇത്രയും വലിയ പ്ലാസ്റ്റിക് മല കത്തിയിട്ട്, കത്തിയതാണ് എന്ന് ഞങ്ങൾക്കിപ്പോഴും വിശ്വാസമില്ല, കത്തിച്ചതാണ് എന്ന് പൂർണമായി വിശ്വസിക്കുന്ന കൂട്ടത്തിലൊരാളാണ് ഞാൻ. അങ്ങനെ ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ വേസ്റ്റ് വീണ്ടും ഇവിടെത്തന്നെ തള്ളിക്കോളൂ എന്നാണ് കോടതി പറഞ്ഞത്. ഹെെകോടതി നിർദേശം അനുസരിച്ചാണ് കൊണ്ടുവരുന്നതെന്ന്.

വീണ്ടും ഞങ്ങൾ തടഞ്ഞപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഞങ്ങളെ മാറ്റിയിട്ടാണ് മാലിന്യം കൊണ്ടുവന്നത്. നാൽപതോളം വണ്ടികൾ അന്ന് വന്നു. വളരെ ദയനീയമാണ്. ഒരുപാട് ആസ്ത്മ രോഗികൾ, ക്യാൻസർ രോഗികൾ. കരിമുകൾ, ബ്രഹ്മപുരം, പിണർമുണ്ട എന്നീ സ്ഥലങ്ങൾ ക്യാൻസർ രോഗികൾ ഏറ്റവും കൂടിയ സ്ഥലങ്ങളാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഞങ്ങളുടെ സമരം നടന്ന സമയത്ത് ഒരു സർവ്വേ നടത്തിയിരുന്നു, ആ സർവ്വേയിൽ ഇതിന്റെ കണക്കുകളുണ്ട്. 2001 മുതൽ ഒരു പത്തുകൊല്ലത്തോളം ദിവസം തോറും സമരമായിരുന്നു. ഞങ്ങൾക്കെതിരെ ഒരുപാട് കേസുകളും ഉണ്ടായിട്ടുണ്ട്. തീപിടിത്തം ഉണ്ടായതിന് ശേഷം രണ്ടുമൂന്നുപേർ മരിച്ചത് ശ്വാസംമുട്ട് കാരണമാണ്. ഈ സമയത്ത് ഒരുപാട് പേർ ആശുപത്രിയിലായിട്ടുണ്ട്, എൻറെ ഭാര്യ ഉൾപ്പെടെ. അവർ എഴുന്നേറ്റ് നിന്ന് ശ്വാസം വലിക്കുന്നത് കണ്ട് വിഷമിച്ചൊരാളാണ് ഞാൻ. മുമ്പ് ശ്വാസംമുട്ട് ഉള്ളയാളാണ്. ഇവിടെയുള്ള 99 ശതമാനം ആളുകൾക്കും ആ പ്രശ്നമുണ്ട്. ഈ പുക സിറ്റിയിലേക്ക് തിരിഞ്ഞത് ദെെവഹിതമാണ്. ഇങ്ങനെ പല തവണ കത്തിയിട്ടുണ്ട്. ഇപ്പോൾ നിങ്ങൾപോലും വന്നത് ഇതവിടെ ഒരു പ്രശ്നമായതുകൊണ്ടാണ്. അതിന് മുമ്പ് ആരും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോൾ ഇങ്ങോട്ടുകൊണ്ടുവന്ന് മാലിന്യം ഇടുന്നവർക്ക് തന്നെ ഇതിൻറെ ബുദ്ധിമുട്ട് വന്നു. കൊച്ചി മട്ടാഞ്ചേരി വരെ പുക പോയി. ഹെെക്കോടതി ജഡ്ജിമാരും ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലം വരെ എത്തി. അതുണ്ടായിരുന്നില്ലെങ്കിൽ ഇത് ഇപ്പോഴും ഒന്നുമാകില്ല. എന്നിട്ടുമെന്താണ് ചെയ്യുന്നത്. വീണ്ടും കൊണ്ടുവന്ന് ഡംപ് ചെയ്യുകയാണ്. ഇവിടെ കുറേപ്പേരെക്കൊണ്ട് പിഴയടപ്പിച്ചിട്ടുണ്ട്, മാലിന്യം കൊണ്ടുവന്നിട്ടു എന്നു പറഞ്ഞ്. ത്രിതല പഞ്ചായത്തുകൾക്കെല്ലാം ഈ സംവിധാനമൊരുക്കാൻ സാധിക്കും. വരുംതലമുറകളെങ്കിലും ചിന്തിച്ച് പ്രവർത്തിക്കേണ്ടതാണ്. കത്തിയ രണ്ടാഴ്ചക്കാലം എല്ലാ മീഡിയയും വലിയ കവറേജ് കൊടുത്തു, കാര്യങ്ങൾ പറഞ്ഞു, പോയി. പുതിയ വിഷയം വരുമ്പോൾ അതിൻറെ പിറകേയാണ്. ഈ വിഷയത്തിന് ഒരു ഫോളോ അപ്പുമില്ല. എങ്ങനെ കൊണ്ടുപോകണമെന്നോ ഒരു ദിശയും ഇല്ല.

ഈ പ്രദേശത്ത് ഇത്രയധികം കമ്പനികൾ ഉള്ളതുകൊണ്ട് ആരും പട്ടിണി കിടക്കുന്നില്ല, എല്ലാവർക്കും തൊഴിലുണ്ട്, ആരും മലിനീകരണത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ല. സത്യത്തിൽ ഇവിടെയുള്ള ഭൂരിഭാഗം ആളുകളും അസുഖബാധിതരാണ്, ഞാനടക്കം. ആ പ്രശ്നങ്ങളിലൂടെയാണ് നമ്മൾ പോകുന്നത്, സമ്പാദിക്കുന്നതിൽ കൂടുതൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊടുക്കുന്നുണ്ട്. അതാരും ചിന്തിക്കുന്നില്ല. പക്ഷേ നമ്മുടെ നാട്ടിൽ തൊഴിൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഞങ്ങൾ കാർബണിനെതിരെ സമരം ചെയ്തപ്പോൾ കാർബണിൽ ജോലി ചെയ്യുന്നവർ ഞങ്ങളെ പ്രശ്നക്കാരാക്കി ഞങ്ങൾക്കെതിരെ സമരം ചെയ്തു. രാജ്യദ്രോഹികളാക്കി ഞങ്ങളെ മുദ്രകുത്തി.

കടമ്പ്രയാറിന്റെ ഇന്നത്തെ അവസ്ഥ. ഫോട്ടോ: മൃദുല ഭവാനി

ഇവിടെ കൊണ്ടുതള്ളിയ മാലിന്യം ഇവിടെ നിന്ന് മാറ്റുകയാണെങ്കിൽ സന്തോഷം. ഇവിടെ മുടക്കുന്ന കാശുണ്ടെങ്കിൽ ഓരോ വാർഡുകളിലും ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കാൻ കഴിയും. കുറേയാളുകൾക്ക് തൊഴിലും കിട്ടും. ഇനിയിത് കോർപ്പറേഷൻ വാങ്ങിയ ഈ സ്ഥലത്ത് തന്നെ കൃത്യമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാൻറ് ആണെങ്കിൽ നടന്നോട്ടെ. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ശരിക്കും കടമ്പ്രയാറിലേക്കാണ് പോകുന്നത്. കടമ്പ്രയാറിലെ വെള്ളമാണ് മലിനമാകുന്നത്. ആ വെള്ളം കുടിക്കുന്നത് ആരാണ്? ഇൻഫോപാർക്ക് ഫേസ് വണ്ണിലെയും ടൂവിലെയും കുട്ടികളാണ് ഈ വെള്ളം കുടിക്കുന്നത്. ട്രീറ്റ് ചെയ്താലും ഈ മാലിന്യ വെള്ളമാണ് അവരുപയോഗിക്കുന്നത്. ആ വെള്ളത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെന്താണ് എന്ന് ഇവർ പരിശോധിച്ചിട്ടുണ്ടോ? എന്തെങ്കിലുമൊരു റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ? പൊല്യൂഷൻ കൺട്രോൾ ബോഡ് ആദ്യം പറഞ്ഞു അത് മോശമാണെന്ന്. ഞങ്ങളാ വെള്ളം പരിശോധനയ്ക്ക് അയക്കാൻ പോകുകയാണ്, അതിൻറെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന്. വേഗം തന്നെ ഞങ്ങളത് ചെയ്യും. ഞങ്ങൾക്കീ നാടിനോടു പ്രതിബദ്ധതയുണ്ട്, ഗവണ്മെൻറ് ചെയ്തില്ലെങ്കിലും ഞങ്ങൾ ചെയ്യും.” നാസർ അവിടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ വിശദമാക്കി.

2023 മാർച്ച് 15ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ആർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല എന്നാണ്. ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും അറിയിച്ചു. വിജിലൻസ്, ആന്റി കറപ്ഷൻ ബ്യൂറോ എന്നിവയുടെ അന്വേഷണങ്ങൾക്ക് പുറമേയാണിത്. മണ്ണിലും വായുവിലും വെള്ളത്തിലും മനുഷ്യരിലും പുകയുണ്ടാക്കിയ മാറ്റങ്ങൾ എന്താണെന്ന് അന്വേഷിക്കുന്ന സർവ്വേ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ശരിയായ രീതിയിൽ മാലിന്യ നിയന്ത്രണം നടത്താൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമപ്രകാരം നിയോഗിച്ച എംപവേഡ് കമ്മിറ്റി പ്രവർത്തിക്കുമെന്നും ഭാവിയിൽ തീപിടിത്തങ്ങളുണ്ടാകാതിരിക്കാനും ഈ കമ്മിറ്റിയുടെ മോണിറ്ററിങ് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മാർച്ച് ആദ്യവാരത്തിലെ തീപിടിത്തതിന് ശേഷം മാർച്ച് 26ന് വീണ്ടും ബ്രഹ്മപുരത്ത് തീപിടിത്തം റിപോർട്ട് ചെയ്യപ്പെട്ടു. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. ഏപ്രിൽ 23ന് സർക്കാർ മറ്റൊരു മൂന്നംഗ വിദഗ്ധ സമിതിയെക്കൂടി അന്വേഷണത്തിനായി നിയമിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. അതിന് പിന്നാലെ ഏപ്രിൽ 26ന് സെക്ടർ ഒന്നിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു. തീപിടിത്തത്തിന്റെ കാരണങ്ങൾ പഠിക്കാൻ പ്ലാന്റിന്റെ ആകാശദൃശ്യം ലഭ്യമാക്കാൻ കേരള സർക്കാർ നാസയെ സമീപിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് ലഭിച്ച ഇമേജ് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി, ഉണ്ടായത് സ്വാഭാവിക തീപിടിത്തമാണെന്ന് റിപ്പോർട്ട് നൽകുമെന്ന് വിവിധ മാധ്യമങ്ങൾ ഒരേ ഭാഷയിൽ റിപോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. (റിപ്പോർട്ടർ, മീഡിയവൺ, സൗത്ത് ലൈവ്).

ആർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും ബ്രഹ്മപുരത്ത് പിന്നീട് വിശദമായ ഒരു ആരോഗ്യപരിശോധന നടത്താതെ എങ്ങനെയാണ് സർക്കാരിന് അത് ഉറപ്പിക്കാൻ കഴിയുന്നത്? ആവർത്തിക്കുന്ന തീപിടിത്തത്തിനിടയിൽ ആശങ്കയോടെ കഴിയുന്ന നാട്ടുകാർക്ക് എന്താണ് ഇനി നൽകാൻ കഴിയുന്ന ഉറപ്പ്?

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 9, 2023 3:36 pm