മുക്താഭായിയെ അന്വേഷിച്ച് വീട്ടിലെത്തുമ്പോൾ വീടിന്റെ വരാന്തയിൽ മുക്താഭായിക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ശ്രീദേവിയും ഗിരിജയും. ചെമ്മീൻ പീലിങ് ഷെഡിൽ ജോലി ചെയ്യുന്നവരാണ് മൂവരും. “ഞങ്ങളൊക്കെ ചത്ത് ജീവിക്കുവാ മോളെ. കലണ്ടറിൽ പോർട്ട് എന്ന് തുറക്കുമെന്ന് നോക്കി ഇരിക്കുകയായിരുന്നു. പോർട്ട് തുറന്നു കഴിഞ്ഞാ ഞങ്ങടെ അവസ്ഥ എന്താവും എന്നറിയില്ല, ഞങ്ങൾ പണി ചെയ്യുന്നവര് അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളിച്ചു ചോദിക്കുമായിരുന്നു. ഇന്നും മൂന്ന് പേര് വിളിച്ച് ഡേയ്, പണി കാണുമോടെ നമുക്ക് എന്ന് ചോദിച്ചു. ആധിയാ മോളെ.” ജൂലായ് 31ന് 52 ദിവസം നീണ്ട് നിന്ന ട്രോളിങ് നിരോധനം അവസാനിച്ച് യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയി തുടങ്ങുകയും ഹാർബറുകൾ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യുമ്പോൾ തങ്ങൾക്ക് ചെമ്മീൻ പീലിങ് കാണുമോയെന്നുള്ള ആശങ്കയായിരുന്നു ആ സ്ത്രീകളുടെ വാക്കുകളിൽ. മുക്തഭായിയേയും ശ്രീദേവിയേയും ഗിരിജയേയും പോലെ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര-നീണ്ടകര തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ പീലിങ് ഷെഡുകളിൽ ജോലി ചെയ്യുന്നത്.
“കൊഞ്ചിന്റെ (ചെമ്മീന് പ്രാദേശികമായി പറയുന്ന പേര്) മീറ്റെടുപ്പ് (പീൽ ചെയ്ത ചെമ്മീന് മീറ്റ് എന്നാണ് ഇവിടെ പറയുക, മീറ്റെടുപ്പ്- എക്സ്പോർട്ടിങ്ങ് കമ്പനികളുടെ യൂണിറ്റുകൾ എടുക്കുന്നത്) എന്ന് നിലച്ചോ അന്ന് ഈ നാട്ടിലെ കൊഞ്ച് ഉരിക്കുന്ന സ്ത്രീകളുടെ (പീലിങിന് ഇവിടങ്ങളിൽ കൊഞ്ച് ഉരിക്കുക എന്നാണ് പറയുക) വരുമാനം മുട്ടി. എന്ത് ചെയ്യുമെന്ന് അറിയില്ല. ഏറ്റവും കൂടുതൽ ഇത് ബാധിക്കുന്നത് ഞങ്ങളെപ്പോലെയുള്ള സ്ത്രീകളെയാണ്”, അവർ തുടർന്നു. കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതി വിലക്കിയതോടെ പ്രതിസന്ധിയിലായ കേരളത്തിലെ മത്സ്യമേഖലയെ കുറിച്ച് വന്ന വാർത്തകളിലും ചർച്ചകളിലും ഇടം പിടിക്കാതെ പോയവരാണ് മുക്താഭായി ഉൾപ്പെടുന്ന ചെമ്മീൻ പീലിങ് മേഖലയിലെ സ്ത്രീ തൊഴിലാളികൾ.
നിരോധനം വന്ന വഴി
2019 മുതലാണ് കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. ചെമ്മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലകളിൽ കടലാമ കുടുങ്ങുന്നു എന്നതാണ് ഉപരോധനത്തിന്റെ കാരണമായി അമേരിക്ക പറയുന്നത്. ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഭൂരിഭാഗവും അമേരിക്കയിലേക്കായിരുന്നു. അമേരിക്കൻ പൊതു നിയമം 101-162 (സെക്ഷൻ 609) പ്രകാരം ഇന്ത്യയിലെ കടലിൽ നിന്ന് ചെമ്മീൻ പിടിക്കുന്നതിനിടയിൽ കടലാമകൾക്ക് യാതൊരു നാശവും സംഭവിച്ചിട്ടില്ലെന്നുറപ്പാക്കേണ്ടതാണ്. കടലാമകൾ ട്രോൾ വലകളിൽ അകപ്പെട്ടാൽ വലയിൽ നിന്ന് പുറത്തേക്ക് പോകാൻ സഹായിക്കുന്നതിനായി അമേരിക്ക അംഗീകരിച്ച ഉപകരണമായ ടെഡ് (Turtle excluder device) ഉപയോഗിക്കണം. ഇത് ഉപയോഗിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി മേൽപ്പറഞ്ഞ നിയമ പ്രകാരം ഉപരോധിക്കാൻ അമേരിക്കക്ക് സാധിക്കും. ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന മെറ്റൽ ഗ്രിഡായ ടെഡ് വഴി വലയിൽ കുരുങ്ങുന്ന ആമകൾക്ക് രക്ഷപ്പെടാൻ സാധിക്കും. വലയുടെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ബാരിയർ ഗ്രിഡാണ് ആമകളെ വലയിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നത്. ഗ്രിഡിന് മുകളിലോ താഴെയോ ഉള്ള രക്ഷപെടൽ ദ്വാരത്തിലേക്കെത്തുന്ന ആമകൾക്ക് പരുക്കേൽക്കാതെ വലക്ക് പുറത്ത് കടക്കാൻ സാധിക്കും. എന്നാൽ വലകളിൽ ടെഡ് ഘടിപ്പിക്കുന്നതിനുള്ള ഭീമമായ ചെലവും, വലയിൽ അകപ്പെടുന്ന മത്സ്യങ്ങൾ കൂടി പുറത്തേക്ക് പോകാനുള്ള സാധ്യതയും മത്സ്യബന്ധന മേഖലയിലുള്ളവരുടെ ആശങ്ക വർധിപ്പിക്കുന്നു.
2019 ലാണ് അമേരിക്ക നിരോധനം ഏർപ്പെടുത്തിയതെങ്കിലും 2020 ലെ കോവിഡ് വ്യാപനവും അതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും സമുദ്രോൽപ്പന്ന കയറ്റുമതിയെ ബാധിച്ചതിനാൽ ചെമ്മീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ തോതിൽ അനുഭവപ്പെട്ടിരുന്നില്ല. ഇന്ത്യ ചെമ്മീൻ കയറ്റുമതി ചെയ്തിരുന്ന സമാന്തര വിപണികളായ മറ്റ് രാജ്യങ്ങളെ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ബാധിച്ചതോടെയാണ് സമീപകാലത്ത് ഈ മേഖല കൂടുതൽ പരുങ്ങലിലായത്.
തൊഴിൽ നഷ്ടമാകുന്ന സ്ത്രീകൾ
മുക്തഭായി തന്റെ എട്ടാം വയസിൽ തുടങ്ങിയതാണ് ചെമ്മീൻ പീലിങ്. “മൂന്ന് മണി-നാല് മണിക്കെഴുന്നേൽക്കും കൊച്ചേ. എഴുന്നേറ്റ് അരിയും വെച്ച് കറിയും വെച്ച് പലഹാരവുമൊക്കെ ഉണ്ടാക്കിവെച്ച് രാവിലെ ആറു മണിക്ക് പോയാൽ വൈകിട്ട് ആറു മണി വരെയും ഇരിക്കും. 20 ബേസിന് (പീലിങ് ഷെഡുകളിൽ ഉപയോഗിക്കുന്ന അളവു പാത്രം) മുകളില് കൊഞ്ച് ഉരിക്കും. ദിവസവും 800 രൂപയോളം കിട്ടും.” സമപ്രായക്കാരിയായ ശ്രീദേവിയും ആ പ്രായത്തിൽ തുടങ്ങിയതായിരുന്നു പീലിങ് തൊഴിൽ. ഗിരിജയാകട്ടെ കഴിഞ്ഞ 15 വർഷമായി ഈ ജോലി ചെയ്യുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് എത്ര ദിവസം പണി കുറഞ്ഞുവെന്ന് ചോദിക്കുമ്പോൾ മൂന്ന് പേരും ഒരുപോലെ പറഞ്ഞ കാര്യം കഴിഞ്ഞ മൂന്ന് വർഷമായി പണി തീരെ ഇല്ല എന്നായിരുന്നു.
“പണി ഇല്ലാതെ ഞങ്ങടെ വിഷമം കണ്ട് ഞങ്ങടെ മുതലാളി പയ്യൻ (ചിരിച്ചുകൊണ്ട്, ഞാൻ എടുത്തുകൊണ്ട് നടന്ന മോനാ ഞങ്ങടെ പീലിങ് ഷെഡ് ഉടമ) കണവ എടുത്തുകൊണ്ട് വന്നിട്ട് ഞങ്ങൾ പണി എടുക്കുന്നവര് അടിയായി അവസാനം, ആറ് മണിക്ക് ചെന്നില്ലേ നേരത്തെ വരുന്നവർക്ക് കൂടുതൽ കിട്ടും. മുൻപ് 42 ആളുകളുണ്ടായിരുന്നു. ഇപ്പോ പണി കുറവാണ്. പിന്നെ ഇച്ചിരി ചരക്ക് (ചെമ്മീൻ/കണവ) വന്നാൽ അടികൂടക്കമാണ്. ഞങ്ങക്കിവിടെ എല്ലാർക്കും പണി കിട്ടണമെങ്കിൽ എങ്ങും പോകാതെയൊരു 15-18 ബോക്സ് ചരക്ക് എങ്കിലും വന്നില്ലെങ്കിൽ പണി നടക്കില്ല. എട്ടോ പത്തോ ബോക്സ് ഒക്കെ വന്നാൽ തമ്മിലടിയാണ്. ഭയങ്കര ആത്മ സുഹൃത്തുക്കൾ വരെ ഒരു ബേയ്സിന് (അളവു പാത്രം) വേണ്ടി അടി കൂടും.” മുക്തഭായി പറയുന്നത് ശരിവെക്കുന്ന രീതിയിൽ ശ്രീദേവിയും ഗിരിജയും ചിരിച്ചുകൊണ്ട് തലയാട്ടി. പീലിങ് നഷ്ടത്തിലായതോടെ കണവ വാങ്ങി വൃത്തിയാക്കി എകസ്പോർട്ടിങ് കമ്പനികൾക്ക് നൽകിയാണ് ഷെഡുടമകൾ വരുമാനം കണ്ടെത്തുന്നത്.
“ആഴ്ചയിൽ പത്തും മൂവായിരം രൂപയോക്കെ കണക്ക് കൂട്ടി ശനിയാഴ്ച കാശ് വേടിക്കുന്ന ഞങ്ങക്കിന്ന് പണി ഇല്ല, ഒരു ദിവസം 200 രൂപ 250 രൂപ 150 രൂപ ഒക്കെയാണ് കിട്ടുക. നാലഞ്ച് കൊല്ലം മുൻപ് ഈ പണി ചെയ്യുന്നതിൽ നിന്ന് കിട്ടുന്ന പൈസ ഇച്ചിരി പിടിച്ചുവെച്ച് ഞങ്ങടെ മുതലാളി ചെറുക്കന്റെ ഭാര്യയെ ഏൽപ്പിക്കുമായിരുന്നു, ഓണം വരുമ്പോൾ ഞങ്ങക്കൊന്നിച്ച് വാങ്ങിക്കാനായിട്ട്. ഓണം ആകുമ്പോൾ പത്തും എണ്ണായിരവും പതിനായിരവും ഒക്കെ ആകും. അപ്പോ കിട്ടുന്ന ബോണസുമായിട്ട് ഒന്നിച്ചു കിട്ടുമല്ലോ, ഇപ്പോ ഈ നാലഞ്ചു വർഷം കൊണ്ട് ഒന്നും ഏൽപ്പിക്കാനില്ല. അവിടെ നിന്ന് കടം കൂടി വാങ്ങിച്ചിട്ട് വരുവാ. അതാ ഇപ്പോ നടക്കുന്നത്. സത്യത്തിൽ ഞങ്ങടെ ഹൃദയം പൊടിയുവാ.” മുക്താഭായിയുടെ വാക്കുകളിൽ നിരാശ നിറഞ്ഞു.
വീട്ടിലെ ജോലികളൊക്കെ തീർത്ത ശേഷമാണ് അടുത്ത് തന്നെയുള്ള പീലിങ് ഷെഡുകളിൽ പോയി ഇവർ ഉപജീവന മാർഗം കണ്ടെത്തുന്നത്. എന്നാൽ കൊല്ലം ജില്ലയുടെ തീരമേഖലയിലുള്ള സ്ത്രീകളെ മാത്രമല്ല, കിഴക്കൻ മേഖലകളിൽ നിന്നും പീലിങ് ജോലിക്കായി ഈ പ്രദേശത്തേക്ക് എത്തുന്ന സ്ത്രീ തൊഴിലാളികളെയും ഉപരോധം ബാധിക്കുന്നതായി മുക്താഭായി പറയുന്നു.
“പണി ഉണ്ടെങ്കിൽ മനസ് നിറയും, തൊഴിലില്ലാതായപ്പോ തലക്കും മനസിനും ശരീരത്തിനും എല്ലാം അസ്വസ്ഥതയാണ്.” എട്ടാം വയസിൽ തുടങ്ങിയ ചെമ്മീൻ പീലിങ് ജോലി അറുപത്തിനാലുകാരിയായ മുക്തഭായിയെ മാനസികമായി എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുന്നു ആ വാക്കുകൾ.
പൂട്ടിപ്പോകുന്ന പീലിങ് ഷെഡുകൾ
അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കടൽചെമ്മീൻ ഇറക്കുമതി വിലക്കിയതോടെ പ്രതിവർഷം 2,500 കോടിയിലധികം രൂപയുടെ നഷ്ടം കേരളത്തിനുണ്ടെന്നാണ് കണക്ക്. 2019 ന് ശേഷമുണ്ടായ നഷ്ടം കാരണം നാല് പീലിങ് ഷെഡ് ഉണ്ടായിരുന്നതിൽ രണ്ടെണ്ണം വിറ്റ കാര്യം പറഞ്ഞുകൊണ്ടാണ് മുക്തഭായി ജോലി ചെയ്യുന്ന ഷെഡിന്റെ ഉടമ ജോയ് വില്യം സംസാരിച്ച് തുടങ്ങിയത്. രാവിലെ നാല് മണിക്ക് എണീറ്റ് ഹാർബറിൽ പോയി ലേലത്തിൽ ചെമ്മീനെടുത്ത് നേരം വെളുക്കുമ്പോഴേക്കും വീടിനോട് ചേർന്നുള്ള പീലിങ് ഷെഡിലെത്തിക്കും ജോയ്. വൈകുന്നേരം അവിടെ പീൽ ചെയ്ത മീറ്റ് എക്സ്പോർട്ടിങ് കമ്പനികളുടെ ഡിപ്പോകളിലെത്തിക്കും. കൂടാതെ, ശക്തികുളങ്ങര ഹാർബറിൽ നിന്ന് ലേലം ചെയ്ത് വാങ്ങുന്ന ചെമ്മീൻ അമ്പലപ്പുഴയിൽ പീലിങ് ഷെഡ് നടത്തുന്നവർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട് ജോയ് വില്യം.
“നേരത്തെ ചരക്കെടുത്താൽ ഒരു പ്രശ്നവും ഇല്ല. പീലിങ് കഴിഞ്ഞ മീറ്റ് നമുക്ക് എവിടെയെങ്കിലും ഒക്കെ കൊടുത്ത് പൈസ വാങ്ങിക്കാം. അമേരിക്കയുടെ ഉപരോധം, ചൈനയും സർക്കാരും തമ്മിലുള്ള പ്രശ്നം കാരണവും, പിന്നെ ജപ്പാൻ കൂടി വേണ്ടാ എന്ന് പറഞ്ഞപ്പോ മിക്ക കമ്പനികളും കൊഞ്ചിന്റെ പരിപാടി ചെയ്യാൻ മടിക്കുകയാണ്. സാധാരണ പത്തോ ഇരുപതോ കമ്പനിക്കാര് ഇവിടെ നിന്ന് മീറ്റ് എടുത്തുകൊണ്ടിരുന്നതാണ്. ഇപ്പോ ഇവിടെ രണ്ടോ മൂന്നോ കമ്പനിക്കാരെ ഉള്ളൂ. സാധാരണക്കാരായ ആൾക്കാരാണ് ഇപ്പോ ഇവിടെ പ്രശ്നത്തിലായിരിക്കുന്നത്. അവർക്ക് തൊഴിലില്ലാതെ പോകുന്നു. എനിക്ക് രണ്ട് പീലിങ് ഷെഡ് ഉണ്ട്. ഇവിടെല്ലാം കൂടി 45 ജോലിക്കാരുണ്ട്. മിക്ക പീലിങ് ഷെഡുകാരും അധഃപതനത്തിലാണ്. അമ്പലപ്പുഴ ഒക്കെ ഇതിനെ ബേസ് ചെയ്ത് കണ്ടമാനം ആൾക്കാരുണ്ടായിരുന്നു. ഞാനും ചരക്കെടുത്ത് കൊടുക്കുന്ന ഒരുപാട് പാർട്ടികളുണ്ടായിരുന്നു. അവർക്കാർക്കും മീറ്റ് കൊടുക്കാനൊരു സാഹചര്യം ഇല്ല. അവരുടെ തൊഴിലാളികളെല്ലാം വലിയ വലിയ കമ്പനികളിലേക്ക് പോയിരിക്കുകയാണ്. താമസിക്കാതെ ഈ ഒരു പ്രസ്ഥാനം ഒന്നോ രണ്ടോ കമ്പനിക്കാരുടെ കയ്യിൽ മാത്രമായി തീരും. അവരുടെ ഡിമാൻഡ്, അവർ വെക്കുന്ന വില അങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല, അവർ വിൽക്കുന്ന യൂണിയനിൽ ആ വില ആയിരിക്കും. കമ്പനിക്കാരും വളരെ പ്രശ്നത്തിലാണ്, കമ്പനിക്കാർക്കും ഓർഡർ ഉണ്ടെങ്കിലെ എടുക്കാൻ പറ്റൂ.” ജോയ് വില്യം കേരളീയത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം 185-190 രൂപക്ക് ലേലത്തിൽ വാങ്ങിയ പൂവാലൻ ചെമ്മീൻ ഈ വർഷം 100 രൂപക്കും 80 രൂപക്ക് വരെ വില്പന നടന്നതിന് കാരണം പീൽ ചെയ്ത മീറ്റ് കമ്പനിക്കാർ എടുക്കാത്തതിനാലാണെന്നും ജോയി ചൂണ്ടിക്കാട്ടി. ചെമ്മീൻ മാത്രമല്ല മറ്റ് സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിയും പ്രതിസന്ധിയിലാണെന്ന് ജോയ് പറയുന്നു. “കണവ കടപ്പുറത്ത് നിന്ന് വാങ്ങിയതിലും 100 രൂപ കുറച്ചാണ് മിക്ക കമ്പനിക്കാരും അവസാനം വിറ്റത്. അങ്ങനൊയൊക്കെ തന്നെ സാമ്പത്തികമായിട്ട് മിക്ക കമ്പനിക്കാരും പരാധീനതിയിലാണ്. അതുപോലെ തന്നെ റിബൺഫിഷ്-വാള 250 രൂപക്ക് എടുത്ത് കൊണ്ടിരുന്നത് ഒരു കിലോ പുറത്ത് 100 രൂപ 50 രൂപ നഷ്ടത്തിലാണ് അവർ വിറ്റത്.”
നഷ്ടത്തിലാ മോളെ, എന്ന് പറഞ്ഞാണ് 37 വർഷമായി പീലിങ് ഷെഡ് നടത്തുന്ന നീണ്ടകര സ്വദേശി നിർമല ദാസനും സംസാരിച്ചു തുടങ്ങിയത്.
“ബോട്ടുകാർ എടുത്ത് കൊണ്ട് വന്നാൽ ആർക്കും വേണ്ടാ. അവർക്കും നഷ്ടം, മീറ്റെടുക്കുന്ന കമ്പനിക്കാരും 100 രൂപ 50 രൂപ ഒക്കെ കുറച്ചാണ് ഈ വർഷം എടുത്തത്. നമുക്കത് മൊതലാവത്തില്ല, കമ്പനിക്കാര് പറയുന്നത് ഒന്നും കേറി പോകുന്നില്ലെന്നാണ്. വില ഒരുപാട് താഴ്ത്തിയാ കൊണ്ട് ഇട്ടേക്കുന്നത്. പീലിങ് ചെയ്താൽ മൊതലാവത്തില്ല. കൊഞ്ച് ഉരിക്കുന്നവർക്ക് കൂലി കൊടുക്കണം. ഐസ്, അതുപോലെ ഷെഡിൽ സഹായത്തിന് നിക്കുന്ന പിള്ളേർക്ക് കൂലി കൊടുക്കണം. ഒരുപാട് പരാജയത്തിലാണ് പണി ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്.” ഇരുപത്തേഴോളം സ്ത്രീകളും മൂന്ന് സഹായികളും ജോലി ചെയ്യുന്നുണ്ട് നിർമല ദാസന്റെ നഥാൻ പീലിങ് ഷെഡിൽ.
കൊല്ലത്ത് ലഭിക്കുന്ന ചെമ്മീൻ കൂടുതലായും അമേരിക്കയിലാണ് കയറ്റുമതി ചെയ്തിരുന്നത്, അതിനാൽ സാമ്പത്തികമായിട്ടും വ്യാവസായികമായിട്ടും ബുദ്ധിമുട്ടുകളുണ്ട് എന്നാണ് ഈ മേഖലയിൽ 50 വർഷമായി പ്രവർത്തിക്കുന്ന ശക്തികുളങ്ങര സ്വദേശി അൽഫോൺസ് ഫിലിപ്പ് പറയുന്നത്. “നല്ല വിലയ്ക്ക് വാങ്ങിയിരുന്നത് അമേരിക്കയാണ്. നാരൻ, പൂവാലൻ, കഴന്തൻ അങ്ങനനെ മൂന്ന് തരം ആയിരുന്നു വാങ്ങിയിരുന്നത്. 2019 തൊട്ട് ഉപരോധമുണ്ടായിരുന്നുവെങ്കിലും കുറച്ച് ഐറ്റംസ് പോകുന്നുണ്ടായിരുന്നു. കടലാമ കൊല്ലത്ത് ഒന്നും പിടിക്കുന്നില്ല. കടലാമ കൂടുതൽ വരുന്നത് മംഗലാപുരം-ഗുജറാത്ത് ഏരിയയിലാണ്. ശരിയായ പഠനം നടത്താത്ത കൊണ്ടാണ് ഇങ്ങനെ പറയുന്നത്.” സ്വന്തമായി പീലിങ് ഷെഡ് നടത്തുകയുമാണ് അൽഫോൺസ് ഫിലിപ്പ്.
“രണ്ട് കാര്യമാണ് ചെമ്മീന് വില കുറയാനുണ്ടായ കാരണം. ഷിപ്പ് ചെയ്യുന്നതിനുളള ചെലവ് ഒരുപാട് വർധിച്ചു. നേരത്തെ രണ്ടര ലക്ഷം രൂപയായിരുന്നു ഒരു കണ്ടെയ്നർ പോകുന്നത് എങ്കിൽ ഇപ്പോൾ ഏഴര ലക്ഷം രൂപയായി. അഞ്ച് ലക്ഷം രൂപ നമുക്ക് അധികമായി. അതുപോലെ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം, ഇസ്രയേൽ യുദ്ധം ഒക്കെ നമ്മളേയും, സാമ്പത്തികമായി ഈ വ്യവസായത്തെയും ഒരുപാട് ബാധിച്ചു.” അൽഫോൺസ് കേരളീയത്തോട് പറഞ്ഞു.
“എല്ലാവർക്കും നഷ്ടമാണ്. മത്സ്യത്തൊഴിലാളികൾ തൊട്ട് പ്രൊസസ് ചെയ്യുന്ന എല്ലാർക്കും നഷ്ടമാണ്. എക്സ്പോർട്ടിങ് കമ്പനികൾ പ്രൊസസ് ചെയ്ത മീറ്റ് എടുക്കുന്നില്ല. എന്നാൽ കണവ എടുക്കുന്നുണ്ട്. യൂറോപ്പിലെ രാജ്യങ്ങളാണ് ഇപ്പോൾ എടുത്തുകൊണ്ടിരുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മീറ്റ് വിറ്റ് മാറുന്നില്ല. എക്സ്പോർട്ടിങ്ങ് കമ്പനികൾ പലതും പ്രവർത്തനം നടക്കാത്ത അവസ്ഥയിലാണ്. ലാഭം ഇല്ലാത്തത് കൊണ്ട് നിർത്തി പോകുന്ന കമ്പനികളാണ്.” അൽഫോൺസ് പറഞ്ഞു. ചെമ്മീൻ പർച്ചേസ് ചെയ്യുന്നവരുടെ സംഘടനയായ സീ ഫുഡ് ഏജന്റസ് അസോസിയേഷൻ സർക്കാരിൽ പരാതി നൽകുകയും കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ടെന്നും കൊല്ലം സീ ഫുഡ് ഏജന്റസ് അസോസിയേഷൻ രക്ഷാധികാരി കൂടിയായ അൽഫോൺസ് ഫിലിപ്പ് പറഞ്ഞു.
“ട്രോളിങ് നിരോധന സമയത്ത് ചെമ്മീനുണ്ടായ വിലക്കുറവിനെക്കുറിച്ചും അൽഫോൺസ് സംസാരിച്ചു. സാധാരണ പൂവാലൻ ചെമ്മീന് 160 ആയിരുന്നത് ട്രോളിങ് നിരോധന സമയത്ത് കിട്ടിയത് 80 രൂപക്കാണ്. നേരെ പകുതി വില വന്നു. ചെമ്മീന്റെ വില കുറയുന്നതനുസരിച്ച് മത്സ്യത്തൊഴിലാളികൾക്ക് കുറയും, ഞങ്ങൾക്കും കുറയും. തൊഴിൽ കുറയുന്നതുകൊണ്ട് സ്ത്രീ തൊഴിലാളികളെ കിട്ടുന്നില്ല. അവർ മറ്റ് മേഖലകളിലേക്ക് പോകുന്നു. ഞങ്ങൾ എല്ലാം ഉത്ക്കണ്ഠയിലാണ്. മാനസികമായി തകർന്ന ആവസ്ഥയിലാണ്.” ട്രോളിങ് അവസാനിച്ച ദിവസമാണ് സംസാരിച്ചതെങ്കിലും അൽഫോൺസിന്റെ വാക്കുകളിൽ നിറഞ്ഞത് ആശങ്ക മാത്രം.
സംരക്ഷിക്കപ്പെടുന്നുണ്ട് കടലാമകൾ
“അമേരിക്ക ചരക്കെടുക്കാത്തത് കൊണ്ടാണ് നമ്മുടെ ചെമ്മീന് വില കുറഞ്ഞതെന്നാണ് ഈ കമ്പനിക്കാര് പറയുന്നത്. ആമ അതിനും വേണ്ടി ഒന്നും നമ്മുടെ കടലില്ല. ആമ പെട്ടെന്ന് ചാവില്ല, വലയിൽ കിട്ടിയാലും ഞങ്ങൾ ഇറക്കി കളയത്തേ ഉള്ളൂ.” വലയിൽ കുടുങ്ങി കടലാമകൾക്ക് വംശനാശം സംഭവിക്കുന്നു എന്ന അമേരിക്കയുടെ വാദത്തെ ശക്തികുളങ്ങര സ്വദേശിയായ ബോട്ടുടമ ജോസഫ് തള്ളിക്കളഞ്ഞു. “പത്തിരുപത്തിയഞ്ച് വർഷം മുൻപുള്ള റേറ്റിലോട്ട് ഇപ്പോഴത്തെ ചെമ്മീന്റെ വില പോയിരിക്കുകയാണ്. ബോട്ട് ഓടുന്നതിനുള്ള ഡീസൽ കാശ് കൂടുതലാണ്, സർക്കാർ സബ്സിഡിയൊന്നും തരുന്നില്ല. ഒരു കിലോക്ക് ഒരു 100 രൂപ കുറഞ്ഞു. ബോട്ട് പണിക്ക് പോയ് എന്തേലും മിച്ചം കിട്ടേണ്ട പൈസയാണ് നമുക്കിങ്ങനെ വിലകുറഞ്ഞത് കാരണം നഷ്ടപ്പെടുന്നത്.” ജോസഫ് കേരളീയത്തോട് നിരാശ പങ്കുവെച്ചു.
ആമ വലയിൽ കയറിയാൽ അതുപോലെ തന്നെ കടലിലേക്ക് തിരികെ വിടുമെന്ന് പറഞ്ഞ മത്സ്യത്തൊഴിലാളിയായ ആന്റോ മെന്റസ് മത്സ്യത്തൊഴിലാളികൾക്കിടയിൽ കടലാമയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിശ്വാസത്തിന്റെ കഥ കൂടി കേരളീയത്തോട് പങ്കുവെച്ചു. “ആമയെ പിടിച്ചുകൂടാ, കൊന്നൂടാന്ന് നിയമമുണ്ടല്ലോ. യാദൃശ്ചികമായി എങ്ങാനം ആണ് വലയിൽ കയറുക. വലയിൽ തന്നെ ഉള്ളിൽപ്പെട്ടിട്ടില്ല എങ്കിൽ വെള്ളത്തിൽ വെച്ച് തന്നെ വല സൈഡ് കൊണ്ട് ഒതുക്കി വലയിന്ന് തട്ടി വെള്ളത്തിൽ ഇടും. അതല്ല വലക്കകത്ത് കയറിയാ ചരക്ക് പൊട്ടിച്ചിടുമ്പോൾ അതിന്റെ കൂടെ വീഴുന്നുണ്ടേൽ പൊക്കി വെള്ളത്തിൽ കളയും. ബോട്ടിനകത്ത് അങ്ങനെയാരും ഇട്ടേക്കത്തില്ല. ഇതിനെ കമത്തിയിട്ടാ ഇഴഞ്ഞു നടക്കും. അതുമല്ല ഇത് മലർത്തിയിട്ടാ നാലു കൈയ്യുമെടുത്ത് പടാ, പടാ എന്ന് നെഞ്ചത്തടിക്കുന്ന പോലെ അടിക്കും. ഇതൊരു ശാപമാ എന്നുള്ള രീതിയിലാണ് പണ്ട് തൊട്ടേ കാണുന്നത്. നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രാകിയാ ബോട്ടുകാർക്ക് കറക്കമാ, പണി പാരജയപ്പെടും, അല്ലേ എന്തേലും വിപത്ത് നമുക്ക് വരും എന്ന് വെച്ച് ആരും എടുക്കത്തില്ല”
കടലാമയുടെ പ്രജനന കാലത്ത് മുട്ടയിടാൻ തീരത്തെത്തുന്ന കടലാമകളെയും മുട്ടകളെയും സംരക്ഷിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ പ്രാദേശിക കൂട്ടായമ്കളും ക്ലബുകളും കേരളത്തിന്റെ തീരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ഇന്ത്യയിൽ ആമയെ പിടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അര നൂറ്റാണ്ടിലേറെയായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ.
അമേരിക്കയുടെ ആമ സ്നേഹം കാപട്യമോ?
അമേരിക്കയുടെ ഉപരോധം ആർട്ടിഫിഷ്യൽ ട്രേഡ് ബാരിയർ (കൃതൃമമായി ഉണ്ടാക്കിയ വ്യാപാര തടസം) ആണെന്ന അഭിപ്രായമാണ് ശക്തികുളങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കപ്പിത്താൻ എക്സ്പോർട്ടിങ് കമ്പനിയുടെ ഡയറക്ടർ പീറ്റർ ഓസ്റ്റിൻ പറയുന്നത്. “സതേൺ ഷ്രിംപ് അലിയൻസ് (Southern Shrimp Alliance) എന്ന ചെമ്മീൻ ഉത്പാദകരുടെ ഒരു സംഘടന ഉണ്ട് അമേരിക്കയിൽ. അവിടെ ഒരു ശ്രിംപ് (ചെമ്മീൻ) ഇൻഡസ്ട്രിയുണ്ട്. അവിടെ ട്രോളറുകളും ചെമ്മീൻ പ്രൊസസ് ചെയ്യുന്നവരുമുണ്ട്. അവികസിത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കാരണം അമേരിക്കയിലെ ഈ ഇൻഡസ്ട്രീസ് ഒക്കെ സമ്മർദ്ദത്തിലാണ്. വർഷങ്ങളായി അവർ ഇറക്കുമതിക്ക് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഉണ്ടായ ആർട്ടിഫിഷ്യൽ ട്രെയ്ഡ് ബാരിയർ ആണിത്. MPEDA പോലെയുള്ള നമ്മുടെ അതോറിറ്റീസിന് ഈ പ്രശ്നം അഡ്രസ് ചെയ്യാൻ പറ്റിയില്ല. എതെന്തുകൊണ്ടെന്നത് വ്യക്തമല്ല. ചിലപ്പോൾ ഇത് ഇത്ര രൂക്ഷമാകുമെന്നൊന്നും ആരും ചിന്തിച്ചിട്ടുണ്ടാവില്ല. 2019 ൽ സംഭവിച്ചതാണ്, ഇതിപ്പോ 2024 ആയി. നമുക്കിപ്പോഴും ബന്ധപ്പെട്ടവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.”
ജപ്പാൻ, ചൈന, യൂറോപ്പ് പോലെയുള്ള ബദൽ വിപണിയും ഇപ്പോൾ തകർന്ന അവസ്ഥയാണെന്ന് പീറ്റർ ഓസ്റ്റിൻ ചൂണ്ടിക്കാട്ടി. “ജപ്പാനിലെ കറൻസിയുടെ മൂല്യം കുറയുന്നത് കാരണം അവർക്ക് ഇറക്കുമതി പറ്റാത്ത അവസ്ഥ വരുന്നു. അവിടുത്തെ ലോക്കൽ ജനങ്ങളുടെ ഉപഭോഗത്തെ ബാധിക്കുന്നു. ജാപ്പനീസ് ബിസിനസ് നിന്നു. കോവിഡിന് ശേഷം ചൈനയുടെ സാമ്പത്തിക അവസ്ഥ പല തരത്തിൽ മാന്ദ്യത്തിലാണ്. അപ്പോ ചൈനയിലോട്ടുള്ള മാർക്കറ്റും അടഞ്ഞു. യൂറോപ്പിൽ യുക്രൈൻ-റഷ്യ യുദ്ധം വന്ന് എനർജി കോസ്റ്റ് ഒക്കെ കൂടി കഴിഞ്ഞപ്പോ അവിടെയും പ്രശ്നമുണ്ട്. അപ്പോ നമുക്ക് വിപണി ഇല്ലാത്ത അവസ്ഥയാണ്.” നിരോധനം വന്നത് 2019 ലാണെങ്കിലും കഴിഞ്ഞ വർഷം ജപ്പാനിലേക്കുള്ള കയറ്റുമതി ബിസിനസിൽ ഗണ്യമായ കുറവ് വന്നതോടെയാണ് ഗുരുതരമായി ബാധിച്ചു തുടങ്ങിയതെന്ന് പീറ്റർ ഓസ്റ്റിൻ വിശദമാക്കി.
“ചെമ്മീന്റെ കയറ്റുമതി മാത്രമല്ല, എല്ലാത്തിനേയും ബാധിക്കുന്നുണ്ട്. എല്ലാ ഐറ്റമ്സും പ്രൊസസ് ചെയ്യുന്ന ആളുകൾ ഇതേ ഇഷ്യൂ ഫേസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലിപ്പോൾ ഈ മേഖലയിലുള്ളവർക്ക് പിടിച്ചുനിൽക്കാൻ പറ്റാത്തത്ര ബുദ്ധിമുട്ടുള്ള രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ച് ആഭ്യന്തരമായി ഉണ്ടാകുന്ന സമ്മർദ്ദമാണ് കാരണം. ചൈനയിലേക്കുള്ള വേറെ പല പ്രോഡക്ടിസിനും അവർ ഇത് പോലെ ആർട്ടിഫിഷ്യൽ ട്രെയ്ഡ് ബാരിയർ ക്രിയേറ്റ് ചെയ്യുന്നുണ്ട്. WTO ന്റെ കുടക്കീഴിലാണല്ലോ ഇതൊക്കെ നടക്കുന്നത്. എല്ലാ രാജ്യങ്ങളും പ്രൊട്ടക്ഷനിസമാണ്. പറയുമ്പോൾ WTO NORMS. നമ്മൾ സ്വതന്ത്രമായ ആഗോള വ്യാപാരം സാധ്യമാക്കുന്നുവെന്ന് പറയും. യാഥാർത്ഥ്യം പക്ഷേ മറ്റൊന്നാണ്.” പീറ്റർ ഓസ്റ്റിൻ പറഞ്ഞു.
സമാന അഭിപ്രായമാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പങ്കുവെച്ചത്. “അമേരിക്കയുടെ തീരുമാനങ്ങൾ എല്ലാ കാര്യത്തിലും വളരെ സങ്കുചിത ദേശീയവാദപരമാണ്. സ്വന്തം സാമ്പത്തിക താത്പര്യത്തിനപ്പുറത്ത് ഒരു കാര്യവും അവർക്കില്ല. അതാണ് യുക്രൈനിൽ നമ്മൾ കാണുന്നത്, അതാണ് ഇസ്രായേലിൽ നമ്മൾ കാണുന്നത്. ലോകം മുഴുവൻ അവർ സ്വതന്ത്ര വ്യാപാരത്തെ കുറിച്ച് പറയും. പക്ഷേ സ്വതന്ത്ര വ്യാപാരത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാടല്ല അവർക്കുള്ളത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ നടന്ന കാര്യങ്ങൾ.”
ഉപരോധത്തിന് പിന്നിൽ സതേൺ ശ്രിംപ് അലയൻസിന്റെ സ്വാധീനമാണെന്നാണ് ചാൾസ് ജോർജിന്റെയും അഭിപ്രായം.”മൂന്ന് വർഷം മുൻപ് വിയറ്റനാമിൽ നിന്നുള്ള കാറ്റ്ഫിഷ് ചൈനയിൽ നിന്നുള്ള മത്സ്യങ്ങൾക്ക് ആന്റി ഡംപിങ്ങ് ഡ്യൂട്ടീസ്, വ്യാപാരം സംബന്ധിച്ച നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് നോൺ ട്രേഡ് ബാരിയറാണ് വന്നിരിക്കുന്നത്. ഇപ്പോൾ പറയുന്ന ടെഡിന്റെ കാര്യം ഇപ്പോൾ തുടങ്ങിയതല്ല. പത്തിരുപത് വർഷമായി അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതാണീ വിഷയം. അതിൽ തന്നെ കാപട്യം ഉണ്ട്. കാരണം അവിടുത്തെ കടലിൽ ഇപ്പോൾ തന്നെ 31,000 ത്തോളം ഇൻഡസ്ട്രിയൽ ഫിഷിംഗ് യൂണിറ്റുകളുണ്ട്. വലിയ കപ്പൽ സമൂഹങ്ങളുണ്ട്. അത് വലിയ രീതിയിൽ ഫിഷിങ്ങ് നടത്തുകയാണ്. അതിൽ കടലാമ വലയിൽപ്പെടുന്നുണ്ട്. അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അമേരിക്കകത്ത് തന്നെ വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റി അയക്കുന്ന ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഇത് നടപ്പിലാക്കാൻ നിർബന്ധിതമായി. ഏറ്റവുമൊടുവിൽ തായ്ലന്റ്, മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മേൽ നിയന്ത്രണം വെച്ചു. 1995 ൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ അമേരിക്കയുടെ ഈ നടപടി വിവേചനപരവും സ്വതന്ത്ര വ്യാപാരത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി ലോക വ്യാപാര സംഘടനയെ സമീപിച്ചു. പക്ഷേ, അമേരിക്ക അത് അംഗീകരിച്ചില്ല. അവർ അപ്പീൽ പോയി. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് അനുകൂലമായി, വിവേചനപരമാണ് അമേരിക്കയുടെ തീരുമാനമെന്ന വിധിയുണ്ടായി.”
വലകളിൽ അമേരിക്ക നിർദേശിച്ച ടെഡ് മെഷീൻ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാലയിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ വിവരവും ചാൾസ് ജോർജ് പറഞ്ഞു. “ജൂലൈ 18 ന് സി.ഐ.എഫ്.ടി (Central Institute of Fisheries Technology) എന്ന സ്ഥാപനത്തിലേക്ക് ടെഡ് ഘടിപ്പിക്കില്ലെന്നാരോപിച്ച് കേരളാ ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ മാർച്ച് നടത്തിയിരുന്നു. മത്സ്യത്തൊഴിലാളി സംഘടനകൾ എല്ലാം പങ്കെടുത്തിരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുത്തു. മന്ത്രി ജൂലൈ 27 ന് തിരുവനന്തപുരത്ത് വെച്ച് ഞങ്ങളുടെ യോഗം വിളിച്ചുചേർത്തിരുന്നു. പക്ഷേ, പിന്നീട് അതിന്റെ പ്രവർത്തനം മുന്നോട്ടുപോയില്ല, രണ്ട് ദിവസം കഴിഞ്ഞ് വയനാട് ദുരന്തം വന്നു, പിന്നെ ഹേമാ കമ്മിറ്റി റിപ്പോർട്ട് ആയി.” അമേരിക്കക്കും മുമ്പ് തന്നെ വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം കടലാമ സംരക്ഷണമുറപ്പാക്കുന്ന രാജ്യമായിട്ടും ഇന്ത്യക്കെതിരെ നിരോധനം കൊണ്ടുവരുന്നതിൽ യാതോരു അർത്ഥവുമില്ലെന്നും സമരം തുടരാനാണ് തീരുമാനമെന്നും ചാൾസ് ജോർജ് പറഞ്ഞു.
മുക്തഭായിയെ വീണ്ടും കാണുമ്പോൾ ട്രോളിങ് നിരോധനം അവസാനിച്ച് ഒരു മാസം പിന്നിട്ടിരുന്നു. മുക്തഭായിയും ശ്രീജയും ഗിരിജയുമൊക്കെ ജോയി വില്യമിന്റെ പീലിങ് ഷെഡിൽ ജോലിയിലായിരുന്നു. എത്ര ദിവസം ചെമ്മീനുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ, “ഒരു മാസത്തിനകത്ത് വെച്ച് എത്ര ദിവസത്തെ പണി ചെയ്തടേ” എന്ന് ഒപ്പം പീൽ ചെയ്യുന്ന സ്ത്രീകളോട് മുക്തഭായി ചോദിച്ചു. ചെമ്മീൻ പൊളിക്കുന്നതിനിടയിൽ തന്നെ പലരും ദിവസങ്ങളോരോന്നായി എണ്ണിക്കൂട്ടി 14 ദിവസത്തെ പണി കിട്ടിയെന്ന് പറയുന്നത് കേട്ട മുക്താഭായി, “തുറന്നതിന് ശേഷം പണി ഇല്ല കൊച്ചേ” എന്ന് പറഞ്ഞ് മുന്നിൽ അളന്നുവെച്ച ചെമ്മീൻ പൊളിക്കുന്നത് തുടർന്നു.