എൺപതുകൾ മുതൽ റഷ്യ-യുക്രൈൻ സംഘർഷങ്ങളെയും യുദ്ധങ്ങളെക്കുറിച്ചും പഠിക്കുന്ന യുക്രൈനിയൻ ചരിത്രകാരിയും ഗവേഷകയുമാണ് ഐറിന മാലിഷ്കോ. അസോവ് കടലിന്റെ വടക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന മരിയുപോൾ എന്ന യുക്രൈൻ നഗരത്തിൽ വേരുകളുള്ള ഐറിന, നാടിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തക രചനയിലായിരുന്നു. ആ സമയത്താണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിക്കുന്നത്. യുക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം മരിയുപോൾ കീഴടക്കി. അധിനിവേശ സൈന്യം ആ നഗരത്തിന്റെ തൊണ്ണൂറ് ശതമാനവും നശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. മരിയുപോളിൽ നടന്ന റഷ്യൻ ആക്രമണത്തിൽ ഇതുവരെ ഇരുപതിനായിരത്തിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല നാടുകളിൽ നിന്നും കുടിയേറിവന്ന സംസ്കാരങ്ങളുടെ സംഗമസ്ഥാനമായ മരിയുപോളിന്റെ സങ്കീർണ്ണമായ ചരിത്രം ഐറിന മാലിഷ്‌കോ എഴുതുന്നു.
ഞാനൊരു എഴുത്തുകാരിയല്ല, ഒരു ചരിത്രകാരിയുമല്ല. ശാസ്ത്രത്തിന്റെ തത്വശാസ്ത്രമാണ് എന്റെ വിഷയം. യുദ്ധമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. 2014 ൽ ഡോണേടിസ്‌കിലാണ് ഞാൻ യുദ്ധത്തെ നേരിട്ടത്. അന്ന് ജന്മനാടിനെ ഉപേക്ഷിച്ചുകൊണ്ട് കുടിയിറക്കപ്പെട്ടവനായുള്ള എന്റെ പുതിയ ജീവിതം ആരംഭിച്ചു; വീടില്ലാതെ, അപ്പാർട്മെന്റുകളും നഗരങ്ങളും പതിയെ രാജ്യങ്ങളും മാറിക്കൊണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഓരോ തലമുറയും ജീവിതം തുടങ്ങുന്നത് ഒരു കസേരയും സ്യൂട്ട് കേസുമായാണെന്ന് എന്റെ അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ജോലി കൂടുതൽ ചിന്ത ആവശ്യമുള്ളതായത് കൊണ്ടും, എന്തുകൊണ്ട് ഞാൻ എന്ന ചോദ്യത്തിന് ഉത്തരം തേടാനും എന്റെ കുടുംബത്തിന്റെയും ജന്മനാടിന്റെയും രാജ്യത്തിന്റെയും ഭൂതകാലത്തിലേക്ക് നോക്കാൻ ഞാൻ തീരുമാനിച്ചു.
മരിയുപോളും അതിന്റെ പരിസര പ്രദേശങ്ങളിൽ നിന്നുമായിരുന്നു എന്റെ വേരുകളെന്നും എന്റെ യുക്രേനിയൻ-ജർമൻ-ഗ്രീക്ക് പൂർവികർ ഇടം നഷ്ടപ്പെട്ടവരായി അസോവ് കടൽത്തീരത്ത് എത്തിച്ചേർന്നവരാണെന്നും എനിക്കറിയാമായിരുന്നു. ചിലർ സ്വമനസ്സാലെ അവിടേക്ക് വന്നവരും മറ്റുള്ളവർ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിർബന്ധപൂർവം കുടിയേറിയവരുമായിരുന്നു. എന്റെ യുക്രേനിയൻ – ജർമൻ പൂർവികർ അസോവ് പുൽപ്രദേശങ്ങളിൽ കാടുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും എന്റെ ഗ്രീക്ക് മുതുമുത്തച്ഛന് മരിയുപോളിന് സമീപം സ്വന്തമായൊരു ചെറിയ മീൻ ഫാക്ടറി ഉണ്ടായിരുന്നുവെന്നും എനിക്ക് അറിയാമായിരുന്നു. വാസ്തവത്തിൽ ഇത് മാത്രമായിരുന്നു കുടുംബത്തെപ്പറ്റിയുള്ള എന്റെ അവസാനത്തെ അറിവും. എന്റെ അറിവില്ലായ്മയുടെ കാരണങ്ങൾക്കും കാരണങ്ങളുണ്ടായിരുന്നു. എന്റെ മൂന്ന് മുതുമുത്തച്ഛന്മാരും സോവിയറ്റ് ഭരണ സമയത്ത് അടിച്ചമർത്തലുകൾ നേരിട്ടവരായിന്നു. എന്നാൽ കുടുംബം ആ ഭൂതകാലത്തെ പറ്റി ഒന്നുംതന്നെ മിണ്ടിയിരുന്നില്ല. എന്നിരുന്നാലും എന്റെ അപ്പൂപ്പന്മാരുടെ ശ്രമങ്ങൾക്ക് നന്ദി, ഏതാണ്ട് 150 വർഷങ്ങളോളം പഴക്കമുള്ള രേഖകളും ചിത്രങ്ങളും അവർ സൂക്ഷിച്ചുവച്ചിരുന്നു. ആ രേഖകളും കത്തുകളുമെല്ലാം പഠിച്ചതിനു ശേഷം എന്റെ കുടുംബത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സ്‌ഥലങ്ങളിലേക്കെല്ലാം ഞാൻ യാത്ര ചെയ്തു. ഒന്നിൽ കൂടുതൽ തവണ ഞാൻ ബഖ്‌മൂത്, മരിയുപോൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും ഗ്രീക്ക് ഗ്രാമങ്ങൾ, അസോവ് കടൽത്തീരത്തുള്ള മീൻപിടുത്ത ഗ്രാമങ്ങൾ, പുൽപ്രദേശങ്ങൾ, കൂടാതെ പഴയ ജർമൻ ഗ്രാമങ്ങൾ എന്നിവയിലൂടെ വണ്ടിയോടിച്ചു പോവുകയും ചെയ്തു. ഇന്നിലൂടെ ഞാൻ ഇന്നലകളെ അറിഞ്ഞു. എന്നാൽ 2022 ഫെബ്രുവരി 24 ന് റഷ്യൻ ഫെഡറേഷൻ യുക്രൈയ്നിന് എതിരായി യുദ്ധം പ്രഖ്യാപിച്ചതോടെ അതെല്ലാം ചരിത്രമായി മാറി.
2022 ഫെബ്രുവരി 24 ന് യുക്രൈനിനെ റഷ്യ ആക്രമിച്ചതോടെ കിഴക്കൻ യുക്രൈനിലെ മിക്ക നഗരങ്ങളും തകർന്നു. ബഖ്‌മൂത്തും മരിയുപോളും നശിപ്പിക്കപ്പെട്ടിരുന്നു. അതിൽ എന്റെ കുടുംബത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഇടങ്ങളെല്ലാം തന്നെ ഉൾപ്പെട്ടിരുന്നു. നഗരങ്ങളെ അവശേഷിപ്പുകളാക്കുന്ന സാംസ്കാരിക വിപത്ത്, അതിന് പിന്നിൽ യുദ്ധത്തിന്റെ ഭീകരതയും ആയിരക്കണക്കിന് ആളുകളുടെ മരണവും, ഇത് ഇതുവരെ മനസിലാക്കപ്പെട്ട ഒന്നല്ല. നമ്മുടെ മേലെ വന്നു പതിച്ച അന്ധകാരത്തിന്റെ ഈ മറ നീക്കാൻ എനിക്ക് കഴിഞ്ഞ കാലത്തിലേക്ക് ചെറിയൊരു യാത്ര നടത്തേണ്ടിയിരിക്കുന്നു.
ഏതൊരു സാമ്രാജ്യത്തിൻ്റെയും മുഖമുദ്രയെന്നത് വികാസമാണ്, എളുപ്പത്തിൽ പറഞ്ഞാൽ പുതിയ പ്രദേശങ്ങളുടെ കീഴടക്കൽ. ഈ അർത്ഥത്തിൽ മറ്റ് സാമ്രാജ്യങ്ങളിൽ നിന്നും വ്യത്യസ്തയിരുന്നില്ല റഷ്യയും. മാത്രമല്ല അവരോട് കിടപിടിക്കാൻ മാത്രം പോന്നതുമായിരുന്നു റഷ്യൻ സാമ്രാജ്യം. 18 ഉം 19 ഉം നൂറ്റാണ്ടിന്റെ അവസാനം പുതിയ പ്രദേശങ്ങൾ ഏകീകരിച്ച് അവയെ ‘റഷ്യൻ’ എന്ന് വിളിക്കാൻ തുടങ്ങിയതോടെ റഷ്യൻ ഗവൺമെന്റ് ഗുരുതരമായ ഒരു പ്രശ്നമാണ് നേരിട്ടത്: പുതിയ റഷ്യൻ പ്രദേശങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത്ര വരുമാനം ലഭിച്ചിരുന്നില്ല. (അല്ലാത്ത പക്ഷം എന്തിനാണ് അവയെ വെട്ടിപ്പിടിച്ചത്). പുതുതായി ചേർക്കപ്പെട്ട റഷ്യൻ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന നികുതിയും പരിമിതമായിരുന്നു. എല്ലാത്തിനും മീതെ ഒരിക്കൽ വൈൽഡ് ഫീൽഡ് എന്ന് വിളിക്കപ്പെട്ടിരുന്ന അസോവിലെയും ബ്ലാക്ക് സീ തീരത്തെയും വിശാലമായ പുൽപ്രദേശങ്ങളിലെ ജനസംഖ്യയിലുള്ള കുറവും ഒരു പ്രശ്നമായിരുന്നു.
1783 ൽ റഷ്യൻ സാമ്രാജ്യം ക്രിമിയൻ ഉപദ്വീപുകൾ പിടിച്ചെടുത്തതിന്റെ ഫലമായി ക്രിമിയൻ ഖാനേറ്റ് (1441 മുതൽ 1783 വരെ നിലനിന്നിരുന്ന ക്രിമിയൻ സംസ്ഥാനം) ഇല്ലാതാവുകയും തുടർന്ന് അവിടങ്ങളിലെ പുൽപ്രദേശങ്ങൾ ജനവാസയോഗ്യമാവുകയും ചെയ്തു. 1775 ൽ കാതറിൻ ദി ഗ്രേറ്റ് സാഫോറിസിയൻ സിക്കിനെ ഇല്ലാതാക്കുകയും, മറ്റ് പുൽപ്രദേശങ്ങളുടെ നേതാവായ സഫോറിയൻ കൊസാക്സിനെ പുറത്താക്കുകയും ചെയ്തു. അതോടെ പുൽപ്രദേശങ്ങളുടെ പൂർണ ഉടമസ്ഥാവകാശം സാർ ഗവൺമെന്റിലേക്ക് വന്നുചേർന്നു. പുതുതായി വന്ന സാർ ഭരണകൂടം സഫോറിയൻ സിക്കുകളെ അടിച്ചമർത്തുകയും സഫോറിയൻ കൊസാക്കുകളുടെ ഖജനാവിലെ പണം ഉപയോഗിച്ച് പിടിച്ചടക്കപ്പെട്ട ഈ നാടുകളുടെ കോളനിവൽക്കരണത്തിനായുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു.
റഷ്യൻ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട പുതിയ പ്രദേശങ്ങൾ നോവോറഷ്യ എന്ന് അറിയപ്പെട്ടു. അതിന്റെ ഗവർണറായി പൊട്ടംകിൻ-താവ്റിച്ചേവ്സ്കി പ്രഭു സ്‌ഥാനമേൽക്കുകയും ചെയ്തു. പൊട്ടംകിൻ നോവോറഷ്യ പ്രദേശത്ത് പല ഭരണപരമായ പരീക്ഷണങ്ങളും നടത്തിനോക്കുകയും അവസാനം നോവോറഷ്യ മൂന്ന് പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു. സിംഫെറോപോൾ കേന്ദ്രമാക്കി ക്രിമിയൻ ഉപദ്വീപുകളും ക്രിമിയൻ ഖാനേറ്റിന്റെ പഴയ പ്രദേശങ്ങളും ചേർന്ന് ടൗറിഡ് പ്രവിശ്യയും, ഖെർസൺ കേന്ദ്രമാക്കി ഡിനൈപ്പർ നദിയുടെ വലത് തീരത്തുള്ള സഫോറീഷ്യൻ സിഖ് ജില്ലകൾ ഉൾപ്പെട്ട ഖെർസൺ പ്രവിശ്യയും. യെകത്രിനോസ്ലാവ്ൽ (ആധുനിക ഡിനൈപ്രോ) കേന്ദ്രസ്‌ഥാനമാക്കി, കൊസാക് ഔട്ട്പോസ്റ്റ് കൽമ്യുസ് (ഡോമാഖ) കേന്ദ്രമാക്കിയുള്ള കൽമ്യുഷ്‌ക്കായ പലൻക ഉൾപ്പെടുന്ന ഇടത് തീര സാഫോറീഷ്യൻ സിക്ക് ജില്ലകൾ ഉൾപ്പെടുന്ന യെകത്രിനോസ്ലാവ്ൽ പ്രവിശ്യയുമായിരുന്നു ആ മൂന്ന് പ്രവിശ്യകൾ. ക്രിമിയയിൽ നിന്ന് വൈൽഡ് ഫീൽഡിൻ്റെ പുൽപ്രദേശങ്ങളിലേക്ക് ഗ്രീക്കുകളെ പുനരധിവസിപ്പിച്ച സ്‌ഥലത്ത് 1780 ൽ കാതറിൻ ദി ഗ്രേറ്റിൻ്റെ ഉത്തരവനുസരിച്ച് മരിയുപോൾ നഗരം സ്‌ഥാപിച്ചു.
യെകത്രിനോസ്ലാവ്ൽ പ്രവിശ്യയിലെ മരിയുപോൾ ജില്ലയുടെ കേന്ദ്രമായി മരിയുപോൾ മാറി. ഇതിൽ ഗ്രീക്ക് ജില്ല, മരിയുപോളിലെ മേനനൈറ്റ് ജില്ല, മരിയുപോളിലെ ജർമൻ കൊളോണിസ്റ്റ് ജില്ല, കൂടാതെ ജ്യൂവിഷ് കൊളോണിസ്റ് ജില്ല എന്നിവയും ഉൾപ്പെട്ടു. ജർമൻകാരും മേനനൈറ്റുകാരും സാംസ്കാരിക ചേർത്തുവെക്കലിന്റെ ഭാഗമായി ജനവാസമില്ലാത്ത പുൽപ്രദേശങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടു. അവരുടെ സഹായത്തോടെ പുതിയ നാടുകളിൽ യൂറോപ്യൻ പുരോഗമന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാമെന്ന് റഷ്യൻ സർക്കാർ പ്രതീക്ഷിച്ചു.
റസെക്‌സ്‌പോസ്‌പൊളിറ്റയുടെ തകർച്ചയ്ക്ക് ശേഷം ജൂതന്മാരെ പോളണ്ടിന്റെ പ്രദേശത്ത് നിന്ന് പുൽപ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. ജൂത ചരിത്രത്തിൽ ആദ്യമായി കൃഷിയിൽ ഏർപ്പെടാൻ അവരെ നിർബന്ധിച്ചു. പോളിഷ് വിമോചന പ്രക്ഷോഭത്തിനുശേഷം പോളിഷ് ജനങ്ങൾ പുനരധിവസിപ്പിക്കപ്പെട്ടു. ഭൂഖണ്ഡപരമായ വരണ്ട കാലാവസ്ഥ, റോഡുകളുടെ അഭാവം, വേനലിൽ വറ്റിവരണ്ടുപോകുന്ന ആഴം കുറഞ്ഞ നദികൾ, ശൈത്യകാലത്തെ മഞ്ഞുവീഴ്ചകൾ, മോശം വെള്ളമുള്ള നീരുറവകൾ എന്നിവയായിരുന്നു വന്നുകയറിയവരെ കാത്തിരുന്നത്. വെട്ടുകിളി കൂട്ടങ്ങളും, പുൽപ്രദേശങ്ങളിലെ തീയും, വരണ്ട കാറ്റും വിളകളെ നശിപ്പിക്കുകയും, പകർച്ചവ്യാധികൾ ജനജീവൻ അപഹരിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ വയലുകൾ വീണ്ടും വീണ്ടും ഉഴുതുമറിച്ചു, തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു, ജലത്തിന്റെ പുതിയ ഉറവകൾ തേടി കിണറുകൾ കുഴിച്ചു, ആദ്യത്തെ മനുഷ്യ നിർമ്മിത വനങ്ങൾ സൃഷ്ടിച്ചു, ഓർത്തഡോക്സ് പള്ളികൾ, ജർമൻ പള്ളികൾ, ജ്യൂവിഷ് സിനഗോഗുകൾ എന്നിവയടങ്ങിയ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെട്ടു.
കഠിനമായ പ്രകൃതി സാഹചര്യങ്ങൾ ഉണ്ടായിട്ടും ഈ പ്രദേശങ്ങൾ പെട്ടെന്ന് തന്നെ വാസയോഗ്യമായി. വളരെ കാലം മുൻപ് തന്നെ മീൻ വിഭവങ്ങൾക്ക് (പ്രധാനമായും നോബിൾ ഫിഷ്- സ്റ്റർജിയോൻസ്, ബെലൂഗ) പ്രസിദ്ധമായിരുന്നു അസോവ് കടൽ. കറുത്ത അസോവിയൻ മണ്ണ് ധാന്യങ്ങളുടെ വിളവ് ഉൽപാദനത്തിന് അനുയോജ്യമായിരുന്നു. ഇത് മരിയുപോൾ തുറമുഖത്തിലൂടെ യൂറോപ്പ് കടന്ന് ബാൾട്ടിക് രാജ്യങ്ങളിലേക്ക് ധാന്യങ്ങൾ വിതരണം ചെയ്യാൻ കാരണമായി. ഉദാഹരണത്തിന്, മരിയുപോൾ ജർമൻ പീറ്റർ റീഗർ ധാന്യങ്ങൾ വിറ്റാണ് തന്റെ മൂലധനം ഉണ്ടാക്കിയത്. ഇതുവഴി അദ്ദേഹം റഷ്യൻ സാമ്രാജ്യത്തിലെ അഞ്ചാമത്തെ വലിയ ഷിപ്പിംഗ് കമ്പനി ഉണ്ടാക്കി. ഡുരും ഗോതമ്പ് കച്ചവടം ജനോവയിൽ നിന്നുള്ള ഇറ്റാലിയൻ വ്യാപാരികളെ ആകർഷിച്ചു. ഇതിന്റെ ഫലമായി, ഇറ്റാലിയൻ പ്രവാസികളുടെ ഒരു കൂട്ടം തന്നെ മരിയുപോളിൽ സ്ഥിരതാമസമാക്കുകയും പിന്നീട് സ്വന്തമായി പാസ്ത ഫാക്ടറി സ്‌ഥാപിക്കുകയും ചെയ്തു. കച്ചവടവും തുറമുഖവും ജ്യൂവിഷ് ജനങ്ങളെയും ഇവിടേക്ക് ആകർഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് തന്നെ 15 ശതമാനം ജൂതന്മാർ ഇവിടെ താമസമാക്കി. നഗരത്തിൽ തന്നെ മൂന്ന് സിനഗോഗുകൾ ഉണ്ടായിരുന്നു.
അസോവ് ഭാഗത്ത് യുക്രേനിയൻ, ഗ്രീക്ക്, ജർമൻ, ജ്യൂവിഷ്, ബൾഗേറിയൻ ഗ്രാമങ്ങൾ തങ്ങളുടെ സാംസ്കാരികമായ സവിശേഷതയും മാതൃഭാഷയും നിലനിർത്തി. 1917 ലെ വിപ്ലവത്തിന് ശേഷം ചിതറിപ്പോവാൻ തുടങ്ങിയ ഈ സാംസ്കാരിക വൈവിധ്യത്തിന്റെ സമ്പന്നത രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കം വരെ നിലനിന്നു.
യുക്രേനിയൻ, ജർമൻ, ഗ്രീക്ക് ഗ്രാമങ്ങളെ കൂട്ടുടമ സംവിധാനം തകർത്തു. 1921-1923, 1930-1933 കളിലെ ക്ഷാമങ്ങൾ ഈ രാഷ്ട്രങ്ങളെയെല്ലാം തന്നെ ഒരേപോലെ ബാധിച്ചു. NKVD (ആഭ്യന്തര കാര്യങ്ങളുടെ പീപ്പിൾസ് കമ്മീഷണേറ്റ്)/യുടെ ജർമൻ, പോളിഷ്, ബൾഗേറിയൻ, ഗ്രീക്ക് ഓപ്പറേഷനുകൾ പൗരത്വത്തിന്റെ പേരിൽ മാത്രം ജർമൻകാരുടെയും, പോളണ്ടുകാരുടെയും, ബൾഗേറിയക്കാരുടെയും ഗ്രീക്കുകാരുടെയും ഉന്മൂലനാശത്തിന് കാരണമായി. 1941 ൽ രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് ആ പ്രദേശങ്ങളിലെ ജർമൻകാരെ നിർബന്ധപൂർവം കസാക്കിസ്‌ഥാനിലേക്ക് നാടുകടത്തപ്പെടുകയും ജൂതന്മാർ കൂട്ടക്കൊലക്കിരയാക്കപ്പെടുകയും ഉണ്ടായി.
പുരാതനമായ ഒറ്റനില ഗ്രീക്ക് കെട്ടിടങ്ങളുള്ള, കഴിഞ്ഞകാലത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളും ചരിത്രപരമായ ഓർമ്മകളെയും പേറി മരിയുപോൾ നിലനിന്നു. ഈ നഗരം ഇന്നില്ല. മരിയുപോൾ മാത്രമല്ല തകർക്കപ്പെട്ടത്, ഒരിക്കൽ ഡോണേടിസ്ക് പ്രവിശ്യയുടെ തലസ്‌ഥാനമായ ബഖ്‌മൂത്, അതിന്റെ ചരിത്രം നിറഞ്ഞ കെട്ടിടങ്ങളും ചെറിയ നഗരങ്ങളും ഗ്രാമങ്ങളും രക്തരൂക്ഷിതമായ യുദ്ധങ്ങളിൽ തകർക്കപ്പെട്ടു. അവയിന്ന് നിലനിൽക്കുന്നില്ല. അവയുടെ സ്ഥാനത്ത് അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. ഉക്രെയ്നിനു മേൽ വന്നുപതിച്ച ദുരന്തത്തിന്റെ ആഴത്തെ മനസിലാക്കാൻ നമുക്കിന്നും സാധിച്ചിട്ടില്ല. പ്രസിദ്ധമായ പ്രസ്താവനയ്ക്ക് വിരുദ്ധമായി, ചരിത്രം സ്വയം ആവർത്തിക്കുകയാണ്. നിർഭാഗ്യവശാൽ ഒരു പരിഹാസനാടകമായല്ല, മറിച്ച് ഒരു വലിയ ദുരന്തമായി.
മരിയുപോളിന് സമീപം മാങ്കുഷ് ഗ്രീക്ക് വാസസ്ഥലത്തിന് അടുത്തായാണ് മിനോറ സ്‌ഥിതി ചെയ്യുന്നത്. 1942 ൽ ഇവിടെ വച്ച് 8,000 മുതൽ 16,000 വരെ ജൂതന്മാരെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. 2022 ൽ മാങ്കുഷിന് സമീപം കൊല്ലപ്പെട്ട മരിയുപോൾ വാസികൾക്കായി റഷ്യൻ ഉദ്യോഗസ്‌ഥർ ഒരു വലിയ ശ്‌മശാനം സ്‌ഥാപിച്ചിരുന്നു. മരിച്ചവരുടെ കൃത്യം കണക്കുകൾ ഇന്നും ലഭ്യമല്ല. 2022 ലെ ആദ്യഘട്ട കണക്കുകൾ പ്രകാരം മരിയുപോളിലുണ്ടായ ഈ റഷ്യൻ ആക്രമണത്തിൽ ഏതാണ്ട് 90,000 ആളുകളോളം കൊല്ലപ്പെട്ടതായി കണക്കാക്കാം.
വിവർത്തനം : അഞ്ജന കെ.എസ്