പുതിയ ഭാവനകളും ഉദ്യമങ്ങളുമായി കേരളീയം 25-ാം വർഷത്തിലേക്ക്‌

എഡിറ്റർ-ഇൻ-ചീഫ് ആയി വി. മുസഫർ അഹമ്മദ് ചുമതലയേറ്റു

പ്രിയ സുഹൃത്തെ,

കേരളീയം 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. 1998 നവംബറിൽ തുടങ്ങിയ ‘ജാ​ഗ്രതയുടെ കേരളീയം’ എന്ന പ്രസിദ്ധീകരണ സംരംഭവും, അതാവിഷ്‌ക്കരിച്ച നവീനമായ മാധ്യമശൈലിയും, അവതരിപ്പിച്ച സവിശേഷമായ വിഷയങ്ങളുടെ തുടർച്ചകളും കാൽനൂറ്റാണ്ട് കാലം ഒലിച്ചുപോകാതെ ഉറപ്പിച്ചുനിർത്തി എന്നത് ഏറെ സുപ്രധാന കാര്യമാണ്. പരിസ്ഥിതിക്കും നീതിക്കും വേണ്ടി ശബ്​ദിക്കുന്ന, സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി നിലക്കൊള്ളുന്ന മാധ്യമപ്രവർത്തനത്തിന് ഇടമുണ്ടാവുക എന്നത് കേരള സമൂഹത്തെ സംബന്ധിച്ച് അത്രമാത്രം പ്രധാനമായിരുന്ന കാലം കൂടിയായിരുന്നു ഈ 25 വർഷം. അനിയന്ത്രിതമായ വളർച്ചയോടുള്ള ആഭിമുഖ്യവും സ്വകാര്യ മൂലധന താൽപ്പര്യങ്ങളും കേരളത്തിന്റെ സുസ്ഥിരതയേയും സ്വൈര്യജീവിതത്തെയും മാറ്റിമറിച്ച കാലം. ജനവിരുദ്ധതയും ജനായത്ത വിരുദ്ധതയും ഭരണസംവിധാനങ്ങളിൽ കൂടുതൽ പ്രകടമായിത്തുടങ്ങിയ വർഷങ്ങൾ. ആദിവാസി-ദലിത്-പാർശ്വവത്കൃത സമൂഹങ്ങൾ വരേണ്യ വികസനമാതൃകളുടെ പ്രശ്നങ്ങളെ കൂടുതലായി ചോദ്യം ചെയ്യുകയും വിഭവാധികാരത്തിനായി നിരവധി സമരയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത നാളുകൾ. വെറുപ്പ് ഭിന്നതകളെ വല്ലാതെ വേട്ടയാടുന്ന ഇന്ത്യൻ ദേശീയ സാഹചര്യം. ഇതിനിടയിലും സ്വതന്ത്രവും ധീരവുമായ മാധ്യമ ഇടപെടലുകളുമായി കേരളീയം യാത്ര തുടർന്നു.

ഇതേ കാലത്ത് കേരളത്തിൽ രൂപംകൊണ്ട സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ ഉയർത്തിയ പുതിയ രാഷ്ട്രീയത്തെ – പരിസ്ഥിതി, ബദലുകൾ, ലിം​ഗനീതി, മനുഷ്യാവകാശം, ദലിത്-ആദിവാസി രാഷ്ട്രീയം, ജനകീയ സമരരാഷ്ട്രീയം – കേരളീയം ഒരു പ്രസിദ്ധീകരണം എന്ന നിലയിൽ ഏറെ മുന്നോട്ടുകൊണ്ടുപായി. തീർച്ചയായും അത് വല്ലാത്ത വെല്ലുവിളികൾ നിറഞ്ഞ യാത്രയായിരുന്നു. ഒരു പുതിയ നിലമൊരുക്കലായിരുന്നു. അവിടെ കാൽ നൂറ്റാണ്ടിനിടയിൽ ഒരുപാട് ആശയങ്ങളും ആശങ്കകളും വിതയ്ക്കപ്പെട്ടു, വിളവെടുക്കപ്പെട്ടു. ആ വിത്തുകളെല്ലാം ആർക്കൈവ് ചെയ്ത് ആർക്കും പ്രാപ്യമായ വിധം തലമുറകൾക്കായി കരുതിവയ്ക്കുകയും ചെയ്തു. അതും മലയാള മാധ്യമ ചരിത്രത്തിലെ ആദ്യ കോപ്പി ലെഫ്റ്റ് ഡിജിറ്റൽ ആർക്കൈവ്.

കേരളീയത്തിന്റെ ഈ യാത്രയ്ക്കിടയിൽ ആ​ഗോള മാധ്യമ പരിസരം വല്ലാതെ മാറി. അച്ചടി പ്രസിദ്ധീകരണങ്ങൾ സാമ്പത്തികവും വിതരണപരവുമായ പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങി. ഡിജിറ്റൽ സാങ്കേതികവിദ്യ മാധ്യമങ്ങളുടെ സംഘാടന രീതികളെയും ഉള്ള‌ടക്കത്തിന്റെ രൂപപ്പെടുത്തലിനെയും മാറ്റിമറിച്ചു. ഈ മാറ്റങ്ങളോടെല്ലാം കേരളീയത്തിനും മുഖാമുഖം വരേണ്ടതായി വന്നു. അങ്ങനെ പലതും നമ്മൾ ഉൾ​ക്കൊണ്ടു, പുതുക്കിപ്പണിതു.

2021 ആ​​ഗസ്റ്റ് 10ന്, പുതിയതായി രൂപകല്‍പന ചെയ്ത കേരളീയത്തിന്റെ ലോ​ഗോ രജനി പി.വിക്ക് നൽകിക്കൊണ്ട് സി.പി ​ഗം​ഗാധരൻ പ്രകാശനം ചെയ്യുന്നു.

2021ൽ കേരളീയം അച്ചടിയിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത് കേവലം സാങ്കേതികപരമായ മാറ്റം മാത്രമായിരുന്നില്ല. പുതിയ ഭാവുകത്വങ്ങൾക്കൊപ്പം പരിഷ്കരിക്കുക, പുതിയ തലമുറകളിലേക്ക് സംക്രമിക്കുക എന്നതും ഉദ്ദേശിക്കപ്പെട്ടിരുന്നു. ഡിജിറ്റലാവുക എന്നത് പ്രൊഫഷണലിസത്തെ കൂടുതൽ അനിവാര്യമാക്കിത്തീർത്തു. അതിനായി കേരളീയത്തിന്റെ എഡിറ്റോറിയൽ ടീമിനെ വിപുലപ്പെടുത്തി. ഒപ്പം, മാനേജ്മെന്റ്, കോർഡിനേഷൻ, വോളണ്ടിയേഴ്സ്, സപ്പോർട്ടേഴ്സ് സംഘവും ശക്തിപ്പെടുത്തി. വൈവിധ്യമാർന്നതും വിപുലമായതുമായ ഒരു ടീം നമ്മുടെ മാധ്യമപ്രവർത്തനത്തിൽ പേ-റോളിലും അല്ലാതെയും പങ്കാളികളായി. ഒപ്പം പാരമ്പര്യത്തിന്റെ ചില പകർച്ചകളും.

പരമ്പരാ​ഗ മാധ്യമങ്ങളെയെല്ലാം സമ്മർദ്ദങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും ചൊല്‍പ്പടിയില്‍ നിര്‍ത്തിയും സ്വതന്ത്രമാധ്യമങ്ങളെ ശ്വാസംമുട്ടിച്ചുമാണ് ഇന്ത്യയിൽ ഇന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന ഭരണഘടനാ അവകാശം അനുവദിക്കപ്പെടുന്നത്. സ്വതന്ത്രരായി സംസാരിക്കാൻ ആ​ഗ്രഹിക്കുന്ന, വിപണിക്കോ സർക്കാർ സെൻസർഷിപ്പിനോ വഴങ്ങാതെ വസ്തുതകൾ പറയാൻ മടിക്കാത്തവർ നിലനിൽപ്പിനായി പുതിയ മാതൃകകൾ തന്നെ സൃഷ്ടിക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുന്നു. വായനക്കാരാൽ പിന്തുണയ്ക്കപ്പെടുന്ന ക്രൗഡ് ഫണ്ടിം​ഗിന്റെയും സബ്‌സ്‌ക്രിബ്ഷന്റെയും മാതൃക കേരളീയം ആ നിലയിൽ കൂടിയാണ് തിരഞ്ഞെടുത്തത്. ഒരു മാധ്യമത്തിന് സ്വതന്ത്രമായിരിക്കാൻ കഴിയുന്നത് വായനക്കാർ/ഉപയോക്താക്കളാൽ പിന്തുണയ്ക്കപ്പെടുമ്പോഴാണ്. അത്തരത്തിൽ നിലനിൽക്കുന്ന സ്വതന്ത്ര മാധ്യമങ്ങളെ പിന്തുണയ്ക്കാനും വിഭവ സഹായം നൽകാനും സന്നദ്ധരായ കൂട്ടായ്മകളും ദേശീയതലത്തിൽ ഇന്ന് സജീവമാണ്. അത്തരം സഹകരണങ്ങളുടെ പാതകൾ വെട്ടിത്തുറക്കുന്നതിനുള്ള ശ്രമങ്ങളും കേരളീയത്തിന് നേതൃത്വം നൽകുന്ന ‘കേരളീയം ട്രസ്റ്റ്’ എന്ന ലാഭേതര സംഘം സമാന്തരമായി നടത്തുന്നുണ്ട്.

പരിഷ്കരണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്ന ഈ വേളയിൽ ഉള്ളടക്കങ്ങളുടെ കാമ്പും കരുത്തും മെച്ചപ്പെടുത്തുക എന്നതാണ് മുഖ്യ ദൗത്യം. അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ, ഈ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കാന്‍ വേണ്ടി കേരളീയം ഒരു എഡിറ്റർ-ഇൻ-ചീഫിനെ നിയമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ് ആണ് ഈ ദൗത്യത്തിൽ നമ്മോടൊപ്പം ചേരുന്നത്.

മൂന്ന് പതിറ്റാണ്ടായി മാധ്യമരം​ഗത്ത് പ്രവര്‍ത്തിച്ചിരുന്ന വി. മുസഫര്‍ അഹമ്മദ് കോളമിസ്റ്റും ഗ്രന്ഥകാരനും വിവർത്തകനുമാണ്. മാധ്യമം ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിലും അദ്ദേഹം പ്രവർത്തിച്ചു. യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘മരുഭൂമിയുടെ ആത്മകഥ’ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണത്തിന് ലഭിക്കുകയുണ്ടായി. മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചരിവിലൂടെ, ബങ്കറിനരികിലെ ബുദ്ധൻ എന്നീ പുസ്തകങ്ങളുടെ രചയിതാവ്. Camels in the Sky: Travels in Arabia എന്ന യാത്രാവിവരണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ മാധ്യമപ്രവര്‍ത്തന പരിചയം പ്രൊഫഷണലായ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന കേരളീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ വിവരം വളരെ സന്തോഷത്തെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കട്ടെ.

ലോകമെങ്ങും ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസത്തിന് പ്രാധാന്യവും പ്രസക്തിയും വര്‍ധിച്ചുവരുകയാണ്. പക്ഷെ, അത്തരത്തിൽ സാമൂഹ്യമാറ്റങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തനം പലതരത്തിൽ ഭീഷണികൾ നേരിടുന്നുമുണ്ട്. അതുകൊണ്ടുതന്നെ 25-ാം വർഷം ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. സ്വതന്ത്രമായി തുടരാൻ വായനക്കാരുടെ സാമ്പത്തിക പിന്തുണകൾ കൂടുതലായി വേണ്ട കാലവും. ഒപ്പം കേരളീയം ഉള്ളടങ്ങൾ പുതിയ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങളുടെ കൂടുതലായ പിന്തുണ വേണ്ടതുണ്ട്. കുത്തകവത്കരിക്കപ്പെട്ടതും ഉള്ളടക്ക നിബിഡവുമായ ഡിജിറ്റല്‍ ലോകത്തെ അതിസങ്കീര്‍ണ്ണ അല്‍ഗോരിതങ്ങളെ മറികടന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് കേരളീയത്തെ വ്യാപിപ്പിക്കാൻ ഞങ്ങളും ശ്രമിക്കും. എക്കാലവും ഉണ്ടായിരുന്നപോലെ പുതിയ ടീമിനൊപ്പവും എല്ലാ ഉദ്യമങ്ങളിലും പങ്കാളിത്തമുണ്ടാകുമെന്ന പ്രതീക്ഷയിൽ.

സ്നേഹപൂർവ്വം,

കേരളീയം കൂട്ടായ്മക്കും ടീമിനും ട്രസ്റ്റിനും വേണ്ടി,

എസ് ശരത്
(മാനേജിം​ഗ് എഡിറ്റർ/മാനേജിം​ഗ് ട്രസ്റ്റി)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 8, 2022 10:03 am