കേരളീയം ബിജു എസ് ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ഇന്ന് (2024 ജൂൺ 28) തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ നിതിൻ സേഥി (മാധ്യമപ്രവർത്തകൻ, റിപ്പോർട്ടേഴ്സ് കളക്ടീവ്, ഡൽഹി) ഈ വർഷത്തെ വിജയിയായ ഹമീം മുഹമ്മദിന് ഫെലോഷിപ്പ് തുക കൈമാറി. തുടർന്ന്, ‘പരിസ്ഥിതി അവകാശങ്ങൾ, രാഷ്ട്രീയ അഴിമതി, കാലാവസ്ഥാ അനിവാര്യതകൾ ഇന്ത്യയിൽ’ എന്ന വിഷയത്തിൽ നിതിൻ സേഥി 16-ാമത് ബിജു എസ് ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ സാമൂഹിക അസമത്വം വർദ്ധിപ്പിക്കുന്നുണ്ടോ? കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ഹമീം മുഹമ്മദിന് ഫെലോഷിപ്പ് നൽകിയത്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടിയ കൊല്ലം പുനലൂർ സ്വദേശിയായ ഹമീം മുഹമ്മദ് നിലവിൽ പരിസ്ഥിതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നു.
പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ് ശങ്കര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെലോഷിപ്പ് ജൂറി ചെയർപേഴ്സൺ കെ. രാജഗോപാൽ (മാധ്യമപ്രവർത്തകൻ, കോഴ്സ് ഡയറക്ടർ-കേരള മീഡിയ അക്കാദമി), പ്രൊഫ. കുസുമം ജോസഫ് (തുല്യപ്രാതിനിധ്യ പ്രസ്ഥാനം), കെ.എം ആതിര (മുൻ വർഷത്തെ ഫെലോഷിപ്പ് വിജയി) എന്നിവർ സംസാരിച്ചു.